Friday, December 12, 2014

സ്വർഗ്ഗത്തിലെ ജനാലയ്ക്കൽ നിന്ന്‌...

ഞാൻ സ്വർഗ്ഗത്തിലിരുന്നാണ്‌ ഇതെഴുതുന്നത്. സ്വർഗ്ഗമെന്നു കരുതിയിരുന്ന മറ്റൊരിടത്തായിരുന്നു ഇന്നലെ വരെ ഞാൻ. കഥ പറയുന്നതിനു മുൻപേ ഞാൻ ആരെന്നു പറയാം. എന്റെ പേര്‌ ലക്ഷ്മി. ഒന്നര വർഷം മുൻപാണ്‌ ഊരും പേരുമറിയാത്ത ആ നാട്ടിലേക്കു ഞാൻ വന്നത്. എനിക്കു ഒത്തിരി സ്നേഹവും കരുതലും ഞാൻ കൊതിച്ച സ്വാതന്ത്ര്യവും എല്ലാം എനിക്കാവോളം കിട്ടിയ ആ വീട്ടിൽ ഞാൻ വന്നത്...

എന്നെ കല്യാണം കഴിച്ചു കൊണ്ടുവന്നതൊന്നുമല്ല കേട്ടോ..!! വിലയ്ക്കു വാങ്ങിക്കൊണ്ടു വന്നതാണ്‌.. എന്താ ഞെട്ടിയോ ?? ഞാൻ നിങ്ങൾ വിചാരിക്കുന്നതു പോലെ മനുഷ്യസ്ത്രീയല്ല. ലക്ഷ്മി എന്നു സുന്ദരമായ പേരൊക്കെ ഉണ്ടെങ്കിലും(ഉണ്ടായിരുന്നെങ്കിലും) ഞാൻ ഒരു കുതിരയാണ്‌ - ആ! കുതിര!!

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കാണ്‌ എന്നെ ഓമനിച്ചു കൊണ്ടുവന്നത്. കുളനട പുതുവാതുക്കൽ തടത്തിൽ വീട്ടിലേക്ക്. പൂനെയിലെ, അനേകം കുതിരകളെ പൂട്ടിയ, യാന്ത്രികതയും വിരസതയും നിറഞ്ഞ ഒരു ജയിലിൽ നിന്നുമുള്ള നിത്യമായ മോചനമായിരുന്നു എനിക്കു ദൈവത്തിന്റെ നട്ടിലേക്കുള്ള വരവ്. പലതിലൊന്നായി എവിടെയോ ഒതുങ്ങിപ്പോകുമായിരുന്ന ഞാൻ ഒരു കൂട്ടം സുമനസ്സുകളുടെ നടുവിലേക്ക് ഒരു താരത്തെപ്പോലെ, ഒരു രാജകുമാരിയെപ്പോലെ, ഒരു ഭൂലോകസുന്ദരിയെപ്പോലെ വന്നെത്തുകയായിരുന്നു. എല്ലാം ഒരു സ്വപ്നം പോലെയായിരുന്നു എനിക്ക്. പൂനെയുടെ ഊഷരതയിൽ നിന്നും പൊടിനിറമുള്ള പ്രകൃതിയിൽ നിന്നും ഉഷ്ണത്തിൽ നിന്നുമെല്ലാം മഴയും തണുപ്പും തണലും പച്ചപ്പും സ്നേഹിക്കാൻ ആളുമുള്ള നാട്ടിൽ 2014 ഡിസംബർ രണ്ടാം തീയതി വരെ ഞാൻ സ്വർഗ്ഗം എന്തെന്നറിയുകയായിരുന്നു.

അന്നാണ്‌ എന്റെ വിധി മാറിമറിഞ്ഞത്. ഒരു പക്ഷേ എനിക്കത്രയൊന്നും ആശിക്കാനോ അഹങ്കരിക്കാനോ എനിക്ക് അർഹതയില്ലാഞ്ഞിട്ടാവാം. അതങ്ങനെയവാൻ എന്തു തെറ്റ് ഞാൻ ചെയ്തെന്നും എനിക്കറിഞ്ഞുകൂടാ. ഞാൻ ഇവിടെയിരുന്നു കൊണ്ട്, വെണ്മേഘങ്ങൾ അതിരിടുന്ന ഈ ജാലകത്തിലൂടെ എനിക്ക് ഞാൻ കഴിഞ്ഞിരുന്നയിടം കാണാം. എന്നെ സ്നേഹിച്ചവരൊഴികെ ബാക്കിയെല്ലാം അവിടെ പതിവുപോലെ നീങ്ങുന്നു. എന്റെ അസാന്നിദ്ധ്യം ഏറ്റം നിർവ്വികാരമായി ഞാൻ കാണുന്നു. എന്റെ അഭാവം പൊഴിക്കുന്ന ശോകം നിസ്സഹായയായി ഞാനറിയുന്നു.

അന്നു രാത്രിയിൽ, ഇരുളിന്റെ മറപറ്റി എന്റെ വീട്ടിൽ ആരെല്ലാമോ കടന്നു വന്നു. നേർത്ത മഞ്ഞിന്റെ സുഖദമായ തണുപ്പിൽ ഞാൻ മയങ്ങി നില്ക്കുകയായിരുന്നു. പെട്ടെന്ന്, തലയിൽ ഒരു മിന്നല്പ്പിണർ വീണതുപോലെ, ശക്തമായ ഒരു താഡനത്തിൽ, അസഹ്യമായ അതിന്റെ വേദനയിൽ ഒരു നിമിഷം എന്റെ പ്രജ്ഞ മരവിച്ചു. ഒന്നു കരയാൻ പോലും ഞാൻ മറന്നു. ഉടലാകെ വേദനയുടെ പൂത്തിരികൾ പൊട്ടിച്ചിതറുന്നതു ഞാനറിഞ്ഞു. എന്റെ പിൻകാലിന്റെ അസ്ഥികൾ നുറുങ്ങിയമരുകയും അടിതെറ്റി നിന്നിടത്തു ഞാൻ വീഴുകയും ചെയ്തു. മഴത്തുള്ളികൾ പെയ്തുപതിക്കുന്നതു പോലെ മർദ്ദനങ്ങളും മുറിവുകളും എന്റെമേൽ വീണുകൊണ്ടിരുന്നു. വേദനയറിയാത്ത ഒരണുപോലും എന്റെ ദേഹത്തില്ലായിരുന്നു. എന്റെ ശരീരം എനിക്കു താങ്ങാനാവാത്ത ഭാരമാണെന്നും ഞരമ്പുകളിലൂടെ അഗ്നിയാണു പ്രസരിക്കുന്നതെന്നും വീണുള്ള കിടപ്പില്പ്പോലും എനിക്കു തോന്നി. എന്റെ കണ്മുന്നിൽ മനുഷ്യരൂപം പൂണ്ട നിഴലുകൾ സംഹാരനൃത്തം ചെയ്തു. അവരുടെ പാദപതനം പോലും എനിക്കു മുറിവുകളും നോവുകളും മാത്രം സമ്മാനിച്ചു. ഒന്നു കരയാൻ പോലുമാവാതെ ഞാൻ അവിടെ വീണുകിടന്നതും അബോധത്തിന്റെ ഏതോ ആഴങ്ങളിലേക്ക് പറന്നിറങ്ങിയതും ഇപ്പോൾ ഓർമ്മയുണ്ട്.

പിറ്റേന്നു മുതൽ വിവിധ ആശുപത്രികളിലായി ഞാൻ ചികിൽസിക്കപ്പെട്ടു. ബോധാബോധങ്ങളുടെ ഏതോ അതിർവരമ്പുകളിൽ വെച്ച് ഒരു യന്ത്രം കൊണ്ട് എന്നെയെടുത്തുയർത്തുന്നതും നഗരങ്ങളുടെ തിരക്കുകളിലൂടെയും രാജവീഥികളിലൂടെയും സൗഖ്യം തേടിച്ചെയ്ത യാത്രകളും ഞാനറിഞ്ഞു. പിന്നെയെപ്പോഴെല്ലാമോ, എന്നെ സ്നേഹിക്കാൻ മാത്രമറിയാവുന്ന കരങ്ങളുടെ സാന്ത്വനമേകുന്ന, ഇടർച്ചകലർന്ന തലോടലുകളും. അപ്പോഴെല്ലാം എനിക്കു പറയണമെന്നുണ്ടായിരുന്നു, എനിക്കിനി തിരികെ വരാനാവില്ല എന്ന്, എന്നോടിത്ര നാൾ കാട്ടിയ സ്നേഹത്തിനു ഇനിയൊരുപാടു ജന്മം കൂടെ നിന്നാലും കടം തീരില്ലയെന്ന്, എനിക്കു തിരികെ വരാനാവില്ലയെന്ന്‌. ഞാൻ വെറുമൊരു ‘മിണ്ടാപ്രാണി’യാണല്ലോ! അപ്പോഴും കനമില്ലാത്ത ഏതോ പ്രതീക്ഷകളിൽ മനസ്സർപ്പിച്ച് എന്റെ ജീവനെ തകർന്ന ശരീരത്തിൽ പിടിച്ചു നിർത്താൻ അവർ ശ്രമിച്ചുകൊണ്ടേയിരുന്നു.

ഒടുക്കം, അറിയാത്ത ഏതോ കാരണങ്ങളാൽ ആക്രമണത്തിനിരയായ ഞാൻ മരണത്തിനു കീഴടങ്ങി. ഞാൻ ഒരു കുതിരയായിരുന്നു. പേപ്പട്ടിക്കുപോലും വിധിക്കപ്പെടാത്ത ദാരുണമായ അന്ത്യമാണ്‌ എന്റെ വീട്ടിന്റെ വേലിക്കെട്ടിനുള്ളിലേക്ക് എന്നെ തേടിവന്നത്. ഞാൻ ഒരു ദ്രോഹവും ആർക്കും ചെയ്തിട്ടില്ല. എനിക്കൊരേയൊരു സങ്കടമേയുള്ളൂ, എന്റെ യജമാനനോട് എന്റെയുള്ളിൽത്തോന്നിയ സ്നേഹത്തെ ഒരിക്കല്ക്കൂടി അറിയിച്ചുവിടവാങ്ങാൻ എനിക്കു വിധിയുണ്ടായില്ല.

സ്വർഗ്ഗത്തിന്റെ ജനാലയ്ക്കൽ ഇരുന്നു നോക്കുമ്പോൾ എനിക്കെല്ലാം കാണാം, കേൾക്കാം, അറിയാം. എന്നെ പരിക്കേല്പ്പിച്ചവർക്ക് അതിലൂടെ എന്തെങ്കിലും സന്തോഷമോ, നേട്ടമോ ലഭിച്ചതായി കാണാനേ പറ്റുന്നില്ല. പകരം, മനസ്സിന്റെ അടിത്തട്ടിൽ ഉയർന്നു വരുന്ന ഏതോ കുറ്റബോധം മറയ്ക്കാനും ഒന്നുമില്ല ഒന്നുമില്ല എന്നു നടിക്കാനും അവർ ശ്രമിക്കുന്നതു നന്നായി കാണാം. ദൈവം അല്പം കഴിയുമ്പോൾ ഈ വഴി വരുന്നുണ്ട്. എനിക്കുള്ള ഉത്തരങ്ങൾ അപ്പോൾ ലഭിക്കുമായിരിക്കും. താഴെ ഭൂമിയിൽ എന്നെ ഉപദ്രവിച്ചവർക്ക് സമാധാനവും എന്നെ സ്നേഹിച്ചവർക്ക് സന്തോഷവും നല്കണമെന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നുണ്ട്. പിന്നെ ഇതു വായിക്കുന്ന നിങ്ങൾ അവരോടെല്ലാം പറയണം, ഒരു മിണ്ടാപ്രാണി അവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന്‌. നിർത്തട്ടെ.

3 comments:

എം.എസ്. രാജ്‌ | M S Raj said...

സ്വർഗ്ഗത്തിന്റെ ജനാലയ്ക്കൽ ഇരുന്നു നോക്കുമ്പോൾ എനിക്കെല്ലാം കാണാം, കേൾക്കാം, അറിയാം.

Vimal Narendran said...

ആർക്കോ വേണ്ടി തിളയ്കുന്ന കുറേ കു.....അത് വേണ്ട..കുതിര വിരോധികൾ..

mithun krishnan said...

ingane oru news ippolanu kandathu.. Kashtam.. :(