Sunday, April 19, 2020

പെണ്ണുകാണൽ


രാവിലെ അരമനസ്സോടെയാണു ഒരുങ്ങിയത്; അതിന്റെ എല്ലാ നീരസവും എനിക്കുണ്ടായിരുന്നു താനും. ഞായറാഴ്ചയായിട്ടു സുഖമായിട്ട് ഒരു കറക്കം കിട്ടുന്നതിന്റെ രസം ഒരു വശത്ത്. പെണ്ണുകാണൽ പോലെ ഒരു ബോറു പരിപാടിക്ക് കൂട്ടു പോകുന്നതിന്റെ ചളിപ്പ് മറ്റൊരു വശത്ത്. അതും ഒരനിയന്റെ തുണക്കാരനായിട്ട്. എന്തു ചെയ്യാനാ, വിളിച്ചാൽ ഒഴിവാക്കാൻ വയ്യാത്ത കേസായിപ്പോയി.

“ഒൻപതു മണിയായിട്ടും ആടി തൂങ്ങി നിന്നോ കേട്ടോ... സമയത്തു ചെല്ലണം എന്നൊരു വിചാരമില്ല..” ശ്രീമതി പരാതിപ്രവാഹം തുടരുകയാണ്‌.

“പിന്നെ... പെണ്ണുകാണാനല്ലേ പോകുന്നത്, കല്യാണം കഴിക്കാനൊന്നും അല്ലല്ലോ. കൃത്യം മുഹൂർത്തം പാലിക്കാൻ?” എന്റെ കൗണ്ടർ.

“ദേ.. നമ്മുടെ കുടുംബത്തിൽ തന്നെ വെയ്റ്റിങ്ങിൽ ഒരു പാർട്ടിയെ വഴിയിൽ നിർത്തിയിട്ട് ആദ്യം വന്ന കൂട്ടരെ പെണ്ണു കാണിച്ചിട്ടുണ്ട് കേട്ടോ.. അതു കൊണ്ട് പറഞ്ഞ സമയത്ത് തന്നെ ചെല്ലാൻ നോക്ക്. എങ്ങാനും പത്തു പതിനഞ്ച് മിനിറ്റിൽ കൂടുതൽ താമസിച്ചാൽ നേരത്തെ തന്നെ ഒന്നു വിളിച്ചു പറഞ്ഞേക്കണം.”

എന്തിനും ഏതിനുമുള്ള അവളുടെ ഉപദേശം എനിക്ക് ഈർഷ്യ ഉണ്ടാക്കുമെങ്കിലും ഇതിലും ഒരു പോയിന്റുണ്ടെന്ന് എനിക്കു തോന്നി. സ്വന്തം പെണ്ണുകാണൽ കഥകൾ പോലും ശോകം സീനുകളാണ്‌. അതുകൊണ്ട് ഇത് ഒരു ബോറു പരിപാടിയാണെന്ന ചിന്ത എന്നിൽ പിന്നെയും പിന്നെയും പൊന്തി വന്നു.

രസം അതല്ല, കൂടെ വരുന്ന വിദ്വാനു പെണ്ണുകാണലേ ഇഷ്ടമല്ല. പെണ്ണുകാണൽ പോട്ടെ, സാമ്പ്രദായികമായ കല്യാണമേ ഇഷ്ടമല്ല. 'ഒരു രക്തഹാരമങ്ങോട്ടിടും, ഒരെണ്ണം ഇങ്ങോട്ടിടും, പാർട്ടി സൂക്തങ്ങൾ ഉറക്കെ ചൊല്ലും' ഈ ലൈനാകും അവന്റെ കല്യാണം എന്ന് കുടുംബവൃത്തങ്ങളിൽ ഒരു ശ്രുതി പണ്ടേയുണ്ട്. അതു പക്ഷേ അവന്റെ പാർട്ടിപ്രേമം കൊണ്ടായിരുന്നു. ഇപ്പോ പാർട്ടിയോട് വലിയ പ്രേമമില്ലെങ്കിലും ആദർശവാനായി ജീവിച്ചവൻ അതിൽ നിന്നും ഒട്ടും പിന്നോട്ട് പോയിട്ടില്ല എന്നാണ്‌ എന്റെ ധാരണ. പറ്റുമെങ്കിൽ ഇഷ്ടൻ തന്നെക്കാൾ പ്രായമുള്ള ഒരാളെ തന്നെ കെട്ടിക്കൂടെന്നില്ല. സാമ്പ്രദായികരീതിയെ വെല്ലുവിളിക്കാൻ ഇവൻ എന്ത് കടുംകയ്യും ചെയ്യും എന്നുറപ്പുള്ള അപ്പനും അമ്മയും ഇരുകൂട്ടർക്കും ഒത്തു പോകാവുന്ന മാർഗ്ഗങ്ങൾ തേടുന്നതിന്റെ ഭാഗമാണ്‌ ഈ ആദ്യ പെണ്ണുകാണൽ.

ഒരു ലോഡ് വ്യവസ്ഥകൾ വെച്ചിട്ടാണ്‌ ഇവൻ ഈ ചടങ്ങിനു ഇറങ്ങി പുറപ്പെട്ടതു തന്നെ. തുണ പോകേണ്ടത് ഞാനാണെന്ന് അറിഞ്ഞപ്പോൾ ഒഴിവാകുന്നെങ്കിൽ ഒഴിവാകട്ടെ എന്ന മട്ടിൽ ഞാനും അവന്റെ മുന്നിൽ കുറെ ഉപാധികൾ വെച്ചു. അതിൽ ഒന്നാമത്തേത് അലസമായ താടിയും മുടിയും പാടില്ല എന്നതാണ്‌. രണ്ട്, അലക്കിയ ഡ്രസ്സ് ധരിക്കണം; വൃത്തി വേണം എന്നതാണ്‌. മൂന്ന് തലേദിവസം കള്ളു കുടിക്കരുത്.... അങ്ങനെയങ്ങനെ. മുടിയാനായി അവൻ എല്ലാം സമ്മതിച്ചു. കാരണം മറ്റുള്ള ആരുടെയെങ്കിലും കൂടെ പെണ്ണു കാണാൻ പോകുന്നത് മൃതിയേക്കാൾ ഭയാനകം ആകാമെന്നത് തന്നെ. എന്തായാലും കാണാൻ പോകുന്നവനും കൂട്ടു പോകുന്നവനും ഒരുപോലെ താല്പര്യമില്ലാതെ ഈ പ്രഹസനത്തിനു ഇറങ്ങിത്തിരിച്ചു.

പെണ്ണിനെ ഇവന് ഇഷ്ടപ്പെട്ടാൽ തിരിച്ചു വീട്ടിൽ വരുന്നതിനു മുൻപു ചെലവു ചെയ്തേക്കാമെന്നാണ് എന്റെ ഓഫർ. ‘ഇന്നതു മിക്കവാറും കിട്ടീതു തന്നെ’ (മുതലാളിയുടെ മുഖത്തു പുച്ഛം)എന്നുറപ്പിച്ചാണ്‌ അവനും.

“എടാ, നീയൊക്കെ ഇതേതു കാലത്താ ജീവിക്കുന്നത്? ഇത്ര വയ്യാഴിക ആരുന്നേൽ നിനക്ക് കോഫീ ഷോപ്പിലോ പാർക്കിലോ വല്ലോം വെച്ചു പെണ്ണുകണ്ടാൽ പോരാരുന്നോ? അല്ലെങ്കിൽ ഒരു ദിവസം വല്ല റെസ്റ്റോറന്റിലേക്കും വിളിച്ച് ഒന്നിച്ച് ആഹാരം കഴിച്ചാൽ പോരാരുന്നോ?”

“എന്റെ പൊന്നുചേട്ടായീ.. ഞാൻ വീട്ടിൽ ആവതു പറഞ്ഞതാ അങ്ങനെ വല്ലോം ആണെങ്കിൽ ഞാൻ നല്ല കംഫർട്ടബിൾ ആയേനേന്ന്.. അപ്പോ പറയുവാ, അതവർ ഇങ്ങോട്ട് പറയാതെ നമ്മളെങ്ങനാ അങ്ങോട്ട് ആവശ്യപ്പെടുന്നേന്ന്?”

“ഇതൊക്കെ ഒരു പ്രശ്നമാണോഡേ?”

“ഒന്നെടപെടാൻ പറഞ്ഞാൽ ചേട്ടായിക്ക് വയ്യല്ലോ?”

“പൊന്നനിയാ... പോരുമ്പോൾ ഇഷ്ടപ്പെട്ടാലും ഇല്ലേലും നിനക്കു ചെലവു ചെയ്യാം. മാപ്പ്. മേലിൽ ഇങ്ങനെ ഒരു കോനാകൃതി ഉണ്ടാവാതെ നിന്നെ ഞാൻ കാത്തുകൊള്ളുകയും ആവാം. വാക്ക്.” വണ്ടി പാഞ്ഞു.

ഡിങ്കഭഗവാന്റെ അനുഗ്രഹത്താൽ നേരം വൈകാതെയും കഷ്ടപ്പാടുകൾ കൂടാതെയും ഞങ്ങൾ സ്ഥലത്തെത്തി.ഒരു തുടക്കക്കാരന്റെ എല്ലാ പതർച്ചയോടും കൂടി ആ ചടങ്ങ് നടന്നു. മനുഷ്യരുടെ എല്ലാ സെൻസറുകളും പ്രവർത്തിക്കുന്ന സമയമാണ്‌ ഇത്തരം സമയങ്ങൾ. ഞായറാഴ്ച ആയിക്കൊണ്ട് അയല്പക്കങ്ങളിൽ എവിടെയോ ബീഫ് വേകുന്നുണ്ടെന്ന് അവിടെ ചെന്നിറങ്ങിയതേ മനസ്സിലായി. പോർച്ചിൽ കിടന്ന കാറിന്റെയും സ്കൂട്ടറിന്റെയും നമ്പർ ഹൃദിസ്ഥമാക്കിയത് ഞാനും അവനും ഒരുപോലെ കഴിഞ്ഞു എന്ന് പിന്നീടുള്ള ഞങ്ങളുടെ ചർച്ചയിൽ വെളിവായി. കാർഷികപരമായി ഒന്നും ഇല്ല എന്നു തൊടിയിലെ ശുഷ്കിച്ച വാഴകളും വാടിയ ചേനകളും കാട്ടിത്തന്നു. വീടിന്റെ ഇടതുവശത്തായി കിണർ ഉണ്ട്. വച്ചിരിക്കുന്നത് ശേഷികുറഞ്ഞ പമ്പ്സെറ്റ് ആണെന്നതിനാൽ കിണറിനു വലിയ ആഴമില്ലെന്നും വേനലിലും വെള്ളത്തിനു വലിയ പ്രയാസമില്ലെന്നും കണക്കു കൂട്ടി. ഇടത്തരം വലിപ്പമുള്ള ഒരു കറിവേപ്പ് മുറ്റത്തോട് ചേർന്നു പറമ്പിൽ ഉള്ളതായും അതിൽ നിന്നും പതിവായി ഇല നുള്ളാറുണ്ടെന്നും ലക്ഷണങ്ങൾ കൊണ്ട് വ്യക്തം. വീടിന്റെ ഏകദേശ പഴക്കം, വീട്ടുവളപ്പിന്റെ ഏകദേശ വിസ്തീർണ്ണം (സെന്റിൽ), അവിടെ നില്ക്കുന്ന മൂപ്പെത്താത്ത അഞ്ചോളം തേക്കുമരങ്ങൾ, മൂന്നു ജാതി, ഒരു ആഞ്ഞിലി എന്നിവ എന്റെ ഫസ്റ്റ് ലുക്കിൽ പെട്ടെപ്പോളേക്കും ഞങ്ങൾക്ക് അകത്തു കയറാനുള്ള ക്ഷണം വന്നു.

വീടിന്റെ പരിസരത്തും ഉള്ളിലുമായി പതിവുള്ള ഇറെഗുലാരിറ്റീസ് കാണൻ സാധിച്ചതിൽ ഇവരുടെ ലൈഫ് സ്റ്റൈലിൽ കൃത്രിമമായ ഒരു അഡ്ജസ്റ്റുമെന്റും ഞങ്ങളുടെ വരവ് പ്രമാണിച്ച് നടത്തിയിട്ടില്ല എന്നു വ്യക്തമായി. ഗൃഹനാഥനുമായി പത്തു വീതം ചോദ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നടത്തി. ഇങ്ങോട്ടുള്ള ചോദ്യങ്ങൾ പരമാവധി ഒഴിവാക്കാൻ അവന്റെ കുടുംബത്തെ പറ്റി വിക്കിപ്പീഡിയ പേജ് പോലെ ഞാൻ വിവരണം നല്കി. അതിനിടെ അവൻ ആ മുറി മുഴുവൻ ഒരു ഡിറ്റക്ടീവിനെ പോലെ നോക്കി വിലയിരുത്തുന്നുണ്ടായിരുന്നു. പ്രസന്റേഷൻ ബോധ്യപ്പെട്ടതിനാലാവണം അങ്ങേർ അവരുടെ കുടുംബത്തെപ്പറ്റി ഇങ്ങോട്ടും ഒരു ക്ലാസ് തന്നു. കേട്ടതു പോലെ ആൾ അധ്യാപകൻ തന്നെ. കുറെക്കാലമായി ചൊല്ലുന്ന പാഠം പോലെ ഉണ്ട് ആ വിവരണവും. ഭാര്യയെയും പരിചയപ്പെടുത്തിയ ശേഷം “തണുത്തത് എന്തെങ്കിലും കുടിക്കാൻ ആവാമല്ലേ” എന്ന മുഖവുരയോടെ നായികയെ വിളിച്ചു. ചമ്മലും മടിയുമൊക്കെ പതിറ്റാണ്ടു മുൻപേ പടിയിറങ്ങിപ്പോയവരുടെ കൂട്ടത്തിൽ നിന്നും ഒരു സ്മാർട്ട് പെണ്ണു വന്ന്‌ ട്രേയിൽ നിരത്തിയ ഗ്ലാസുകളിൽ ഓറഞ്ച് നിറമുള്ള ഏതോ ദ്രാവകം ഞങ്ങൾ ഇരുവർക്കും അച്ഛനുമായി നല്കി.

താങ്ക്സ് പറയാഞ്ഞതിനു ഞാൻ അവന്റെ നേരെ ഒന്നു നോക്കി. ടെൻഷനോ ചൂടോ കാരണം അവന്റെ മൂക്കിന്റെ തുമ്പത്ത് ഉരുണ്ടു കൂടിയ നേർത്ത വിയർപ്പു തുള്ളികളെ ഞാൻ മാത്രമേ കണ്ടുള്ളൂ. അവ യഥാസമയം നീക്കം ചെയ്യാൻ ഫാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു. ദ്രാവകം ഒരു സിപ് എടുത്തിട്ട് ഗ്ലാസ് ഞാൻ താഴ്ത്തി പിടിച്ചു. ഒള്ളത് പറയണമല്ലോ നല്ല സൊയമ്പൻ ഓറഞ്ച് ജ്യൂസ് ആ സമയത്ത് എന്തുകൊണ്ടും ഒരു അനിവാര്യത ആയിരുന്നു. പറഞ്ഞു കൊടുത്തത് പോലെ കുട്ടിയുടെ മുഖത്തു നോക്കി ഉടനെ തന്നെ ഗ്ലാസ് എടുത്തു, അടുത്ത സെക്കന്റിൽ ഒന്നുകൂടി നോക്കി, കുട്ടി പോയി അമ്മയുടെ അടുക്കൽ നിന്നു, ഞങ്ങൾ ഇരുവരും ഒരു തവണ ഗ്ലാസ് മൊത്തി.

ക്രിട്ടിക്കൽ മൊമന്റ് ഇതാണ്‌ എന്നു തിരിച്ചറിഞ്ഞ് ഞാൻ അനിയനെ എല്ലാവർക്കുമായി പരിചയപ്പെടുത്തി. അതേ സമയം അച്ഛൻ അമ്മയെ വിളിച്ച് മൂപ്പരുടെ ഒപ്പം ഇരുത്തി. സുഖശീതളമായ ജ്യൂസ് നുകർന്നുകൊണ്ട് ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കുടുംബ വൃത്താന്തങ്ങളും വ്യക്തി വിവരങ്ങളും ചോദിച്ചറിഞ്ഞു. കാര്യം, പേരും പഠിപ്പും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും അറിയാമായിരുന്നതു കൊണ്ട് അതിന്റെ വിശദാംശങ്ങളാണ്‌ കൂടുതലും ചോദിച്ചത്. അവൻ വല്ലാതെ വീർപ്പുമുട്ടുന്നുണ്ടെന്ന് എനിക്ക് സാഹചര്യത്തിന്റെ പിരിമുറുക്കം കാരണം തോന്നി. പെട്ടെന്നുതന്നെ ചെറുക്കനും പെണ്ണിനും സ്വകാര്യമായി സംസാരിക്കാനുള്ള സമയം അനുവദിച്ചു. അതൊരു പത്തിരുപതു മിനിറ്റ് നീണ്ടതിനാൽ എനിക്ക് അവനോട് എന്തെന്നില്ലാത്ത അമർഷം തോന്നി. “എന്താ ചൂട്, അല്ലെ” എന്ന ക്ലീഷെ സംഭാഷണോദ്ഘാടന ഡയലോഗ് മുതൽ തുടങ്ങിയിട്ട് എന്റെ റേഞ്ച് പോകുന്ന ഒരു ഘട്ടമെത്തിയപ്പോളാണ്‌ പന്തികേടില്ലാത്ത ഒരു പുഞ്ചിരിയുമായി നായിക മെയിൻ സ്റ്റേജിലേക്കു തിരികെ വന്നതും പിന്നാലെ അവൻ പ്രവേശിച്ചതും. ഉള്ളിടത്തോളം കാര്യങ്ങൾ ഓകെ ആണെന്നു കണ്ട്, ‘വീട്ടുകാരുമൊക്കെയായി സംസാരിച്ച് ബാക്കി നടപടികൾ ആലോചിക്കാം’ എന്ന് എങ്ങും തൊടാതെ, എന്നാൽ പോസിറ്റീവ് ആയ ഒരു മറുപടിയും കൊടുത്ത് ഞങ്ങൾ ഇറങ്ങി.

തിരിച്ചുള്ള യാത്രയിൽ അവനിൽ സമ്മിശ്ര വികാരങ്ങൾ ആയിരുന്നു. എന്തായാലും ചെലവ് എന്റെ ആയതു കൊണ്ട്, നിനക്കു ആളെ ഇഷ്ടപ്പെട്ടു അല്ലെ എന്ന് ചോദിച്ചു.

“ഇഷ്ടപ്പെട്ടൂ...” എന്നാലും എന്തോ ബാക്കി നില്ക്കുന്നു എന്ന മട്ടിൽ ആയിരുന്നു മറുപടി.

“സംഭവം ഒക്കെ കണ്ടിടത്തോളം കൊള്ളാം. താല്പര്യം ഉള്ള രീതിയിലാ എല്ലാവരും സംസാരിച്ചെ. എന്നാലും എനിക്കൊരു...” അവനു പിന്നെയുമെന്തെല്ലാമോ അങ്കലാപ്പ്.

“അതിപ്പോ നീ തിരക്കിട്ടു ഒന്നും തീരുമാനിക്കണ്ട. വീട്ടുകാരും കൂടി വന്നു കാണണമല്ലോ. അന്നും നിങ്ങൾ തമ്മിൽ സംസാരിക്കൂ. വേണമെങ്കിൽ പിന്നെ എപ്പോളെങ്കിലും പുറത്തെവിടേലും വെച്ചു കാണൂ. നിങ്ങൾ തമ്മിൽ ഒരു സിങ്ക് ആകും എന്നു തോന്നുന്നെങ്കിൽ മാത്രം നമുക്ക് മുന്നോട്ട് പോയാൽ മതി. എന്തു പറയുന്നു.?”

“ഉമ്മ്..” മൂളലിൽ അവന്റെമറുപടി ഒതുങ്ങി.

മുൻ ധാരണ പ്രകാരം ഞാൻ ബാറിന്റെ പാർക്കിങ്ങിലേക്ക് വണ്ടി കയറ്റി.

ഓരോ തണുപ്പൻ ബിയർ ഉള്ളിലേക്കിറങ്ങാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു.

“ചേട്ടായീ, ഈ യാതൊരു പരിചയവും ഇല്ലാത്ത ഒരാളെ പരിചയപ്പെട്ട്, ‘ഇഷ്ഠപ്പെട്ട്’ ഒക്കെയും കെട്ടുക എന്നു പറഞ്ഞാൽ ഒരു സീനാണ്‌ അല്ലെ?”

എന്താണ്‌ അവന്റെ നീക്കമെന്നറിയാതെ ഞാൻ ഉഴറി.

“ആ, ആണ്‌.. എന്നാലും , അങ്ങനെ ഒക്കെ അല്ലെ പൊതുവിൽ കാര്യങ്ങൾ?”

“അപ്പോൾ എന്റെ ചോദ്യം ഇതാണ്‌.. ആ സ്ഥിതിക്ക് നമ്മൾ എന്തിനു ലൈഫിൽ കോമ്പ്രമൈസ് ചെയ്യണം?”

“കവി ഉദ്ദേശിച്ചത്?”

“നമുക്കീ ആലോചന ഡ്രോപ്പ് ചെയ്യാം?”

ഞാൻ ഞെട്ടി. “എന്നിട്ട്.. അല്ലല്ല.. എന്തിന്‌...?”

“ഇവളു വേറെ ആരെയേലും കല്യാണം കഴിക്കട്ടെ..!”

“നീ..??”

“ഞാൻ ഇന്നാളു ഒരു ആൾടെ കാര്യം പറഞ്ഞില്ലേ? ഓർക്കുന്നുണ്ടോ?”

ഉദ്വേഗം കാരണം ഞാൻ ബീയർ മഗ് വേഗം കാലിയാക്കി.

“ആ.. ഒണ്ട്! പണ്ട്. അതിനു്? ആ കേസ് മാര്യേജിലൊന്നും എത്തില്ല; തീർന്നു; തകർന്നു എന്നൊക്കെ നീ തന്നെയല്ലേ പറഞ്ഞത്? എന്നിട്ടിപ്പോ?”

“ഞാൻ അവളെ ഒന്നുകൂടി വിളിച്ചു സംസാരിക്കട്ടെ. അവളാകുമ്പോ, എനിക്ക് അവളെയും അവൾക്ക് എന്നെയും അറിയാം.. അതു തന്നെയല്ലെ അതിന്റെ ഒരു ഇത്..?”

ഞാൻ അല്പ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. സംഭവം അവൻ പറഞ്ഞത് പോയിന്റാണ്‌.

“ഗുഡ് യാ. ആ സ്ഥിതിക്ക്... പിന്നെ.. ഒഴിച്ചുവെച്ച ബീയർ തണുപ്പു മാറും മുൻപേ അടിക്കുന്നതാണ്‌ ഇതിന്റെ ഒരത്!”

“ചേട്ടാ.. രണ്ടു ചിൽഡൂടെ പോന്നോട്ടെ. നാലു പൊറോട്ടയും ഒരു ബീഫ് റോസ്റ്റും ഒരു എഗ് ബുർജിയും കൂടെ!!”

(THE END)

41 comments:

  1. Blog post of the day | Season 3 | Blogsapp Malayalam | 19.04.2020

    ReplyDelete
  2. കൊള്ളാം കേട്ടോ...
    പെണ്ണുകാണാൻ വരുന്നവർ അളന്നറിയുന്നത് ഇങ്ങനെ ആണല്ലേ..
    അറിവുകൾ തന്നെ

    ReplyDelete
    Replies
    1. താങ്ക് യു.
      ആണോന്ന് ചോദിച്ചാൽ ആയിരിക്കാം എന്നേ പറയാനറിയൂ. ഇത്ര ചുഴിഞ്ഞു നോക്കുമോ എന്ന് അറിയില്ല. ☺

      Delete
  3. വേറെ െൈലൻ ഉണ്ടങ്കിൽ തലേ ദിവസമേ പറയാമായിരുന്നു.

    ReplyDelete
    Replies
    1. അത് പൊട്ടിയ ലൈനല്ലേ ഉദയൻ ചേട്ടാ. റീകണക്റ്റ് ചെയ്യാനുള്ള സാധ്യതയിലാ‌ണ് അവസാനിപ്പിച്ചത്. ☺

      Delete
  4. ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങളെല്ലാവരും അങ്ങേയറ്റം സംയമനത്തോടെ കേൾക്കണം.

    മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി, നമ്മൾ വിചാരിച്ച പോലെ, പെണ്ണ് കാണാൻ പോയ പയ്യനല്ല. അത് നമ്മുടെ രാജ് ആണ്! അങ്ങേർക്ക്, മുറ്റത്തു നിന്ന് നോക്കിയാൽ കിണറിന്റെ ആഴം അറിയാം. തേക്കിന്റെ മൂപ്പറിയാം. ഒരു പുരാവസ്തുക്കാരന്റെയും സഹായമില്ലാതെ, വീടിന്റെ പഴക്കം നിർണയിക്കാം. മുറ്റത്തെ വേപ്പ് നോക്കി, ഇന്നെന്താണ് കറി എന്ന് വരെ അദ്ദേഹത്തിന് അറിയാം. ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് ദി പവർ ഓഫ് രാജ്!

    ReplyDelete
    Replies
    1. ഈ പെണ്ണുകാണൽ വിജയകരമായി നടന്നു കിട്ടിയാൽ ഓജസും തേജസുമുള്ള ഒരു അറേഞ്ച്ഡ് മാര്യേജ് നമുക്ക് നടത്താം. അല്ലെങ്കിൽ ഇതു വരെ ആരും നടക്കാത്ത വഴികളിലൂടെ അനിയൻ പോയെന്നിരിക്കും.

      Delete
    2. കലക്കി കൊച്ചുഗോവിന്ദാ കലക്കി... :)

      Delete
  5. പെണ്ണുകാണൽ അവതരണം നന്നായി.
    ഇറങ്ങുമ്പോൾ ശ്രീമതി പറഞ്ഞപ്പോലെ, വെയിറ്റിങ്ങ്ലീസ്റ്റിൽ നിർത്തിയങ്ങു പോന്നു! ചേട്ടൻ്റെ പരിസരനിരീക്ഷണവും സ്വയം വിലയിരത്തലുകളും നന്നായി.
    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി തങ്കപ്പൻ സർ.
      മെയിൻ ലിസ്റ്റിലേക്ക് ഒരു വൈൽഡ് കാർഡ് എൻട്രി വന്ന സ്ഥിതിക്ക് ആ സാധ്യത ഒന്നു പരിശോധിക്കട്ടെന്ന്! ☺

      Delete
  6. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഓറഞ്ച് ജ്യൂസ്‌ ആണ്. പിന്നെ ആ വിപ്ലവ നായകൻ അവസാനം വെറുതെ ആ പെൺകുട്ടിയെ കഷ്ടപ്പെടുത്താൻ പോകാതെ പഴയ നായികയെ തിരഞ്ഞെടുത്തതും. എന്തുകൊണ്ടും നന്നായി. ആശംസകൾ !

    ReplyDelete
    Replies
    1. സാമ്പ്രദായിക ക്ലീഷേകളെ തണുത്ത ഒരു ജ്യൂസ് കൊണ്ട് മരവിപ്പിക്കാൻ അവരും ആഗ്രഹിച്ചു കാണും.

      പ്രായോഗികത എപ്പോളും ബെറ്റർ ആയ ചോയ്സുകളിൽ അധിഷ്ഠിതമാണല്ലോ. കഷ്ടപ്പാടുകൾ പ്രവചനാതീതവും. ☺

      Delete
  7. പക്ഷേ ഇത് ആദ്യമേ ഒഴിവാക്കാമായിരുന്നു.

    കുറെ അധികം ആയത് പോലെ തോന്നി.. സംഭവങ്ങൾ ഇങ്ങനെയും നടക്കമെന്ന് മനസിലായി.

    ReplyDelete
    Replies
    1. നന്ദി ആനന്ദ്. ചിലത് അനുഭവിച്ചാലേ അറിയൂ അനിയാ. കുറെ അധികമാണ് എന്നറിയാം. അതുകൊണ്ട് ഇടയ്ക്കൊന്ന് ഓടിച്ചു വിട്ടു. എന്തായാലും കാര്യങ്ങളൊക്കെ നന്നായി. ☺

      Delete
  8. അത് കലക്കി. ഹാ പഴയ കേസ് എങ്കിൽ അത് എന്തെങ്കിലും ഒന്ന് തീരുമാനമാക്കിയല്ലോ.. ഭാഗ്യം 😁

    ReplyDelete
    Replies
    1. തെറ്റൊന്നും പറയാനില്ലാത്ത സെറ്റപ്പിൽ പെണ്ണു കണ്ടപ്പോളാണ് ഒന്ന് ആടിക്കളിച്ചത്. ☺ നന്ദി മഹേഷ്.

      Delete
  9. ചുറ്റുപാടുകൾ മനസിലാക്കുന്ന അമ്മാവന്മാരുടെ റോൾ നന്നായി.
    തലേ ദിവസം വരെ ഒരു തീരുമാനം എടുക്കാതെ ആൾക്കാരെ മെനക്കെടുത്തിയത് മോശമായിപ്പോയി.

    ReplyDelete
    Replies
    1. അമ്മാവന്മാരുടെ(മുതിർന്ന തലമുറയുടെ) ചുറ്റുപാട് നിരീക്ഷണം അല്പം കൂടെ പ്രാകൃതമാണ് എന്ന് പറയേണ്ടി വരും. പലപ്പോഴും ഇറിറ്റേറ്റിങ് ആയ ചോദ്യങ്ങളൊക്കെ നേരിട്ട് അങ്ങ് ചോദിച്ചു കളയും. അവസാനിച്ചെന്ന് കരുതിയ ഒരു ബന്ധമാണ് പുനരുജ്ജീവിപ്പിച്ചു നോക്കാൻ അവസാനം തീരുമാനം ആകുന്നത്. പെണ്ണുകാണൽ കഴിഞ്ഞപ്പോളാണ് എത്ര ഫേവറിങ് സാഹചര്യമാണ് അപ്പുറത്തുള്ളതെങ്കിലും അതിലെ അവ്യക്തത നായകനു ബോധ്യപ്പെടുന്നത്. അതൊരു ആശയക്കുഴപ്പം ആയെങ്കിൽ സദയംക്ഷമിക്കൂ. കമന്റിനു നന്ദി ☺

      Delete
  10. പെണ്ണ് കാണാൻ പോയപ്പോൾ അനിയന് ഉണ്ടായ ആ വെളിപാട് എനിക്ക് ബോധിച്ചു.!!

    ReplyDelete
    Replies
    1. മോഹൻലാൽ പറയുന്നതു പോലെ..
      നല്ല നല്ല ആലോചനകൾ വരട്ടെ.‌ നല്ല ആൾക്കാർ തമ്മിൽ കണ്ടുമുട്ടട്ടെ. കല്യാണം കഴിക്കട്ടെ. ല്ലെ.. എല്ലാം സംഭവിച്ചു പോകുന്നതാണ്!

      നന്ദി ☺☺

      Delete
  11. പെണ് വീട്ടിലെ കുടിയിരുപ്പ് ചമയങ്ങളുടെ ആസ്തി കണക്ക് കൂട്ടിയതടക്കം എല്ലാം വളരെ നന്നായി..പക്‌ഷേ അവസാനം ആ ആലോചന പാതിവഴിയിൽ ഉപേക്ഷിച്ചത് തീരെ പ്രതീക്ഷിച്ചില്ല.

    ReplyDelete
    Replies
    1. ആസ്തിയളക്കലിനുമപ്പുറമുള്ള ആ വലിയ ഫാക്റ്ററിലേക്ക്, കൂടുതൽ മെച്ചമായ ശരികളിലേക്ക് അവർ പോകട്ടെ. അത് അപ്രതീക്ഷിതമെങ്കിൽ അങ്ങനെ! ശുഭസ്യ ശീഘ്രം എന്നാണല്ലോ. അങ്ങനെയെങ്ങാണ്ടല്ലേ?

      നന്ദിയുണ്ട് ട്ടോ. ☺

      Delete
  12. അതെന്താ പെണ്ണുകാണൽ ഞായറാഴ്ചകളിൽ വയ്ക്കുന്നതിൻ്റെ ഒരു മന: ശാസ്ത്രം . രാജിൻ്റെ കൂടെ പെണ്ണ് കാണാൻ അനിയനെ അയച്ച വീട്ടുകാരെ സമ്മതിക്കണം. പെണ്ണ് കണ്ട കുട്ടി പ്രതീക്ഷയോടെ കാത്തിരിക്കില്ലേ. ഒരു കണക്കിന് ഈ പെണ്ണ് കാണൽ ഭയങ്കര ബോറാല്ലേ. അടിപൊളി എഴുത്ത്

    ReplyDelete
    Replies
    1. ഞായറാഴ്ച പൊതുവേ അവധി ദിവസം. എല്ലാവരും വീട്ടിൽ ഉണ്ടാവുന്ന ദിവസം. ചടങ്ങുമായി ബന്ധപ്പെട്ട ആർക്കും ലീവെടുക്കണ്ട. പണി ഉപേക്ഷിക്കേണ്ട.

      എന്നെ ഉന്തിത്തള്ളി വിട്ടതല്ലേ അനുഭവിക്കട്ടെ. ☺

      ആ പ്രതീക്ഷ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഒരു ഫോൺ കോൾ കൊണ്ട് അവസാനിപ്പിക്കാവുന്നതല്ലേ ഉള്ളൂ. ഫോർമൽ പെണ്ണുകാണലിൽ ഉറച്ച പ്രതീക്ഷ ഉണ്ടാകുന്നത് അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കാണലിനു ശേഷമാണ്. അതു വരെ ഒരു ഫിഫ്റ്റി-ഫിഫ്റ്റി ചാൻസേ ഉള്ളൂ. അതു ഉൾക്കൊണ്ടുകൊണ്ടാവും ഇരുപക്ഷവും നിൽക്കുക. സത്യത്തിൽ ഫോർമൽ പെണ്ണുകാണൽ വല്ലാതെ ശ്വാസം മുട്ടിക്കുന്ന ഒരേർപ്പാടാണ്. ഇരുപക്ഷത്തും ആ ശ്വാസം മുട്ടൽ ഉണ്ടു താനും.

      കമന്റിനു നന്ദി ☺

      Delete
  13. ആ ഓറഞ്ച് ജ്യൂസ് രണ്ടു പേരെയും മയക്കും എന്ന് കരുതി. ഏതായാലും ചെലവ് വെറുതെയായിപ്പോയി അല്ലേ?.

    ReplyDelete
    Replies
    1. ചെലവ് വെറുതെ ആയൊന്നുമില്ല. ബോധോദയങ്ങൾ ആഘോഷിക്കപ്പെടേണ്ടതാകുന്നു! 😘

      Delete
  14. കുറേ സുന്ദരികളെ കണ്ടിട്ട് അതിലൊന്നിനെ സെലക്ട് ചെയ്യുന്ന രീതി അറുബോറൻ. പുറമേ അന്വേഷിച്ച് തങ്ങൾക്ക് ഭേദമെന്ന് തോന്നിയ ഒരു സുന്ദരിയെ നേരിൽ കണ്ട് ഉറപ്പിക്കുകയാണ് നല്ലത്. അതുകൊണ്ട് ഒത്തിരി സുന്ദരികളുടെ 'സുന്ദരീശാപ'ത്തിൽ നിന്ന് സുന്ദരകോമളന്മാർക്ക് ( കോമാളികൾക്ക്) പിന്നീടുള്ള കാലം രക്ഷപ്പെടാം.

    പെണ്ണുകെട്ടിക്കഴിഞ്ഞാൽ ആണൊരുത്തൻ അനുഭവിക്കുന്ന സകലവ്യഥകൾക്കും കാരണം, മുൻപ് കണ്ട പെണ്ണുങ്ങളെ നിഷ്ക്കരുണം വേണ്ടന്ന് പറഞ്ഞതിന്റെ സുന്ദരീശാപം തന്നെ കാരണം.'

    ReplyDelete
    Replies
    1. അത് പൊളിച്ചല്ലോ അശോകേട്ടാ 😀

      Delete
    2. അശോകേട്ടൻ പറഞ്ഞത് കാര്യമാ... ഈ അറേഞ്ച്ഡ് മാര്യേജ് പരിപാടിയൊക്കെ നിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...

      Delete
  15. അനിയന് വേണ്ടിയുള്ള
    ഒരു  പെണ്ണുകാണൽ അനുഭവവും
    ആയതിന്റെ പരിണാമഗുപ്‌തിയും ...

    ReplyDelete
    Replies
    1. ഹഹ...
      നന്ദി മുരളിച്ചേട്ടാ!😁

      Delete
  16. കൊള്ളാം .. പെണ്ണുകാണൽ കേമം ആക്കി . രണ്ടാമതൊന്നു കൂടി ആലോചിച്ചു പഴയ കൂട്ടുകാരിയെ കെട്ടിക്കാണും ന്നു കരുതുന്നു .

    ReplyDelete
    Replies
    1. നന്ദി ഗീത ചേച്ചീ.
      19 ആം തീയതി പോസ്റ്റ് ഇടേണ്ടിയിരുന്നത് കൊണ്ട് അനിയൻ പോലും അറിയാതെ നടത്തിയ പെണ്ണുകാണലാണേയ്!!!

      Delete
  17. 😃😃👌👍ഇതിനും മാത്രം കൂടെപ്പോയിട്ടുണ്ടോ പെണ്ണ് കാണാൻ ? സംഭവകഥ ആണോ ? എന്നിട്ടവസാനം ആശാൻ ആരെയാ കെട്ടിയത്?.

    ReplyDelete
    Replies
    1. ഇന്നു വരെ പെണ്ണുകാണാൻ കൂട്ട് പോയിട്ടില്ല. പെണ്ണുകാണലിനു സാക്ഷ്യം വഹിച്ചിട്ടുമില്ല. സംഭവങ്ങളും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം. ടാഗ് ശ്രദ്ധിച്ചില്ലേ? 😀😁😀😁

      Delete
  18. കുടുംബക്കാരുടെ നിർബ്ബന്ധം കൊണ്ട് പെണ്ണുകാണാൻ പുറപെടുന്നവനും ഒരുങ്ങി നില്ക്കുന്നവളും ഇക്കാലത്തുമുണ്ട്. പക്ഷേ, ഉള്ളിൽ കാര്യമുള്ളയാൾ ഒരു ചാൻസ് നോക്കിയിരിക്കും.

    അനിയൻ കുട്ടൻ ആള് ഡീസന്റാ...

    ReplyDelete
    Replies
    1. നന്ദി സമാന്തരൻ ചേട്ടാ.😁

      അനിയൻ ഡീസന്റാണെ‌‌ന്ന് പറയാറായിട്ടില്ല.😉

      Delete
  19. അവസാനം വരെ ഉദ്വേഗത്തോടെ വായിച്ചൂട്ടോ... അനിയൻ പ്രായോഗിക ചിന്താഗതിക്കാരനാ‌... മിടുക്കൻ...

    ReplyDelete
  20. അങ്ങനെ പെണ്ണുകാണാൻ പോയി , ബാറിൽ ചെന്ന് അവസാനിച്ച , ഒരു പഴയ പ്രണയസാഫല്യത്തിന്റെ കഥ ! എഴുത്തു നന്നായി . എന്റെ ആശംസകൾ.

    ReplyDelete
  21. അവസാനം കലക്കി...
    ഇപ്പോൾ വിദ്വാന്റെ വിവാഹം കഴിഞ്ഞു കാണുമെന്നു പ്രതീക്ഷിക്കുന്നു..
    ആശംസകളോടെ...

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'