Monday, December 08, 2008

ഒരു വിരല്‍ സ്പര്‍ശം

നേര്‍ത്ത നീലനിറം പൂശിയ ആ മുറിയുടെ ചുവരുകളെക്കാള്‍ പരിചിതം തവിട്ടുനിറമുള്ള ഓറിയന്റ്‌ ഫാന്‍ തൂക്കിയ സീലിങ്ങാണ്‌. ഇരുമ്പിന്റെ അഴികളുള്ള ജനലിലൂടെ നോക്കിയാല്‍ താഴെ ആശുപത്രിയുടെ പാര്‍ക്കിംഗ്‌ ഏരിയയിലേക്കു നീളുന്ന വഴിക്കരികെ വാകമരങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്നതു കാണാം. ആരൊക്കെയോ ആ മരങ്ങളുടെ ചുവട്ടില്‍ നിന്നു ഫോണില്‍ സംസാരിക്കാറുണ്ട്‌.

"ഈ വഴിയിലൂടെ അധികം വണ്ടിയൊന്നും വരാത്തതെന്താ? ഇത്ര തിരക്കുള്ള ആശുപത്രിയായിട്ടും?" ഫിനൈലിന്റെ മണമുള്ള മുറിയില്‍ തളംകെട്ടിനിന്ന നിശ്ശബ്ദതയിലേക്ക്‌ എന്റെ വാക്കുകള്‍ ഉതിര്‍ന്നു വീണു.

"ആ, ആര്‍ക്കറിയാം.." കട്ടിലിന്നരികെ ഇരിക്കുകയായിരുന്ന അമ്മയുടെ മറുപടിയില്‍ നിസ്സംഗത. ഓരോ സെക്കന്റിലും വാഹനം ആ വഴി കടന്നുപോയാലല്ലേ അല്‍പം തിരക്കുള്ളതായി തോന്നുകയുള്ളൂ എന്ന് അമ്മ വിചാരിച്ചു കാണണം.

വാതിലില്‍ ഒരു ചെറിയ മുട്ടുകേട്ടു. ഡോ. ജോണ്‍സണും നേഴ്സുമാരായ നീതയും ചെറിയും.

"ഗുഡ്‌ മോണിങ്ങ്‌, രജിത്‌..!" ഡോക്ടറുടെ വിഷിനു ചാരെ രണ്ടുമന്ദസ്മിതങ്ങള്‍.

"ഗുഡ്‌ മോണിങ്ങ്‌, ഡോക്ടര്‍" സിസ്റ്റര്‍മാര്‍ക്കു ചിരികൊണ്ടു മറുപടി.

"ഇന്നലെ എങ്ങനെ, നന്നായുറങ്ങിയോ?" ഡോ. ജോണ്‍സന്റെ ചിരി എന്നെ പലപ്പോഴും അരവിന്ദ്‌ സ്വാമിയെ ഓര്‍മ്മിപ്പിച്ചു.

"ഉറങ്ങാന്‍ വൈകി, എന്നാലും നന്നായുറങ്ങി, രാവിലെ വരെ." മറുപടി പറഞ്ഞത്‌ അമ്മയായിരുന്നു.

ഡോക്ടര്‍ സ്റ്റെത്‌ മൃദുവായി നെഞ്ചില്‍ അമര്‍ത്തി. കഴിഞ്ഞരാത്രിയും അമ്മ ഇമചിമ്മാതെ കൂട്ടിരുന്നിട്ടുണ്ടാവണം. പാവം അമ്മ. ഒരു ജലദോഷം വന്നാല്‍ നീ കൊച്ചുപിള്ളേരെക്കാളും കഷ്ടമാ എന്നു പറയും. ആവിപിടിക്കാന്‍ തുളസിയിട്ട വെള്ളം തിളപ്പിച്ചുതന്നും നെഞ്ചിലും കഴുത്തിലും വിക്സ്‌ തടവിയും മുതിര്‍ന്നശേഷവും അമ്മ രാ‍വെളുക്കോളം ഒപ്പമിരുന്നിട്ടുണ്ട്‌.

സിസ്റ്റര്‍മാര്‍ പനിയും പ്രഷറും അളന്നു. നേരിയ പനിയുണ്ടത്രെ. നീത ഡ്രിപ്പു നല്‍കാനുള്ള സെറ്റ്‌ തയ്യാറാക്കവേ ചെറി ഇന്‍ജെക്‍ഷന്‍ തന്നു. ഗ്ലൂക്കോസ്‌ ശരീരത്തിലേക്കു തണുപ്പായി അരിച്ചരിച്ചു കയറി. ഡോക്ടര്‍ അമ്മയോടെന്തോ സംസാരിക്കുന്നു.

"പരമാവധി റസ്റ്റ്‌ എടുക്കുക. ആരേലുവൊക്കെ വന്നു കാണുന്നേ കണ്ടോട്ടെ. പക്ഷേ അധികം സംസാരിപ്പിക്കണ്ട. തല എളകുന്നതു വല്യ അസ്വസ്ഥതയുണ്ടാക്കുവേ. ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടേല്‍ പറയണം. പക്ഷേ, സ്കാന്‍ റിപ്പോര്‍ട്ടില്‍ പുരോഗതിയൊന്നുമില്ല. എടയ്ക്കിടെ ഓര്‍മ്മകള്‍ മങ്ങുന്നത്‌ നല്ല ഒരു ലക്ഷണമല്ല. ഇന്‍ഫെക്‍ഷന്‍ സാരമായിട്ടുണ്ട്‌. മെനിന്‍ജറ്റിസ്‌ നില്‍ക്കുന്നതുകൊണ്ട്‌ അതിനെ ബേസ്‌ ചെയ്തുമാത്രമേ ചികില്‍സ തുടരാനാവത്തൊള്ളൂ. മാത്രോവല്ല, പനി ഇങ്ങനെ വന്നും പോയുമിരിക്കുന്നതും അത്ര....." സ്വരം പതുക്കെ നേര്‍ത്തു വരുന്നതുപോലെ തോന്നി, വലതുകയ്യിലെ ഗ്ലൂക്കോസിന്റെ തണുപ്പ്‌ അലോസരപ്പെടുത്തുന്നു. അമ്മ വന്ന് കൈത്തണ്ടയില്‍ തിരുമ്മിത്തന്നെങ്കില്‍... സാവധാനം കറങ്ങുന്ന ഫാനിന്റെ ചിത്രം ക്രമേണ അവ്യക്തമായി വന്നു. വിളിച്ചുവരുത്തിയ ഉറക്കം ഞരമ്പുകളെ പിടിച്ചുകെട്ടി.

പുതുമഴയില്‍ കുതിര്‍ന്ന മണ്ണിന്റെ മണം! ശ്വാസം ആ മണം എന്റേതുമാത്രമെന്ന മട്ടില്‍ ഉള്ളിലാക്കി. പറമ്പിലും വരണ്ടുണങ്ങിയ പാതയോരത്തെ മണ്ണിലും പുല്‍നാമ്പുകള്‍ ജീവന്റെ നിറവുമായി തല നീട്ടി. ആ വഴികളിലൂടെ തോളില്‍ സ്കൂള്‍ബാഗും തൂക്കി ഞാന്‍ പതിയെ നടന്നു. പൂക്കുടയില്‍ വീണ ഇല എടുത്തുകളയാന്‍ തുനിയവേ, കാറ്റിലുലഞ്ഞുപെയ്ത മരം എന്നെ നനയിച്ചു.

'ഹാ! മഴകൊള്ളാതെ! ജലദോഷം വരും..!' ആരുടെയോ ശാസന.

ഓര്‍മ്മകളുടെ കലണ്ടര്‍ത്താളുകളിലെ അക്കങ്ങള്‍ മാറിമാറിവന്നു. ഞാന്‍ ഒരു ബെഞ്ചില്‍ കിടക്കുന്നു.

'ഇതെന്താ ഈ കുട്ടിക്കു പറ്റിയെ?' ടീച്ചര്‍മാരാരോ ആണ്‌.

'തലവേദന കാരണം ഇവിടെ കിടത്തിയിരിക്കുന്നതാ' ആരുടെയോ മറുപടി.

'ആരാത്‌? രജിത്‌ ആണോ?'... 'മോനേ, രജിത്‌? എന്തു പറ്റി? ... രാവിലെ എന്നാ കഴിച്ചെ?' വീതിയില്‍ തിളങ്ങുന്ന ബോര്‍ഡറുള്ള സാരിയുടുത്ത ഒരു ടീച്ചറിന്റെ സ്നേഹം വാക്കുകളായി, നെറ്റിയില്‍ ഒരു തഴുകലായി...

'ഇടയ്ക്കൊക്കെ വരാറുള്ളതാ, കുറെ നേരം റസ്റ്റ്‌ എടുത്താല്‍ മാറും' ... 'കൊടിഞ്ഞി പോലെ എന്തെങ്കിലുമായിരിക്കും..' 'ഇതൊന്നും അത്ര കാര്യമാക്കാനില്ലെന്നേ..' 'ഓടീം ചാടീം നടക്കുന്ന ആമ്പിള്ളാരല്ലേ, വെയിലത്തൂടെ നടന്ന് ഒത്തിരി കുട്ടകളിച്ചേന്റെയാരിക്കും..' 'പത്താം ക്ലാസ്സില്‍ പഠിക്കുന്ന ചെറുക്കനാ, ഇങ്ങനെ ക്രിക്കറ്റേന്നും പറഞ്ഞ്‌ നടന്നാലെങ്ങനെയാ?' ... ആരൊക്കെയോ സ്‌മൃതികളില്‍ കടന്നുകയറി ബഹളം വെയ്ക്കുന്നതു പോലെ. വെയില്‍.. ചൂട്‌... പ്രകാശം..! ആ‍കെ അലോസരപ്പെടുത്തുന്നു.

ഒരു തണുത്ത കാറ്റു മുഖത്തു വീശിയപോലെ. പതിയെ കണ്ണുതുറന്നു നോക്കി. വാകമരങ്ങള്‍ക്കുമേലെ ആകാശം ഇരുണ്ടിരിക്കുന്നു. പതിയെ തല തിരിച്ചുനോക്കിയപ്പോള്‍ വെട്ടിപ്പിളര്‍ക്കുന്ന വേദന. കണ്ണിനു ചുറ്റും ചൂട്‌. കണ്ണു നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കട്ടിലിനരികെ അമ്മയുണ്ട്‌.

'മഴ..? മഴ പെയ്തോ?'

'ഉം..' അമ്മ മൂളി.

'സമയം..?' എന്റെ സ്വരം വല്ലാതെ ഇടറിയും നേര്‍ത്തുമിരുന്നു.

'മൂന്നര കഴിഞ്ഞു.'

'ഞാന്‍ ഒത്തിരി ഉറങ്ങിപ്പോയി. ആ..! ഞാന്‍ ഉറക്കത്തില്‍ മഴ സ്വപ്നം കണ്ടു! അപ്പോഴായിരിക്കും പുറത്തും മഴ പെയ്തത്‌.' അമ്മ ചിരിക്കുന്നു. ഞാന്‍ കുഞ്ഞുകുട്ടിയെപ്പോലെ സംസാരിക്കുന്നുണ്ടായിരിക്കണം.

'മതി, ഒത്തിരി സംസാരിക്കണ്ട.' അമ്മ വിലക്കിയെങ്കിലും ഞാന്‍ എപ്പോഴും എന്തെങ്കിലും പറഞ്ഞുകൊണ്ടിരുന്നെങ്കില്‍ എന്ന് അമ്മ ആശിക്കുന്നുണ്ടാവണം. അമ്മ കവിളില്‍ പതിയെ തലോടി. എന്റെ ചുട്ടുപൊള്ളുന്ന നെറ്റിയില്‍ ഒരുമ്മയും.

'നീ മറന്നുപോകിലും, ഏറെ ദൂരെയാകിലും
എന്റെയുള്ളിന്നുള്ളില്‍ നീ
പിഞ്ചുപൈതലാവണം
ആയിരം തിങ്കളെ കണ്ടു ചിരിച്ചു നീ
നീണാള്‍ വാഴേണം....'


അമ്മയാണോ പാടിയത്‌? അതോ ഞാനോര്‍ത്തതാണോ? വാല്‍സല്യം-ചിത്ര-കൈതപ്രം-എസ്‌ പി വെങ്കിടേഷ്‌ - ഏട്ടന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ പറഞ്ഞു വിസ്മയിപ്പിക്കാമായിരുന്നു. ഞാന്‍ പാട്ടിന്റെ ഡീറ്റെയില്‍സ്‌ ഓര്‍ത്തുവെയ്ക്കുന്നത്‌ ഏട്ടനെന്നും കൗതുകമാണല്ലോ. വീണ്ടും ഉറക്കം വരുന്നു.

തലയ്ക്കു കയ്യും കൊടുത്ത്‌ ഓഫീസ്‌ ടേബിളിലേക്കു കണ്ണും നട്ടിരിക്കുകയാണ്‌. രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ ഒരസ്വസ്ഥത. തിരക്കിന്റെയും ടെന്‍ഷന്റെയുമൊക്കെയാവാം. പൊടിയും പുകയുമേറ്റുള്ള ബൈക്ക്‌ യാത്രയുടെയും. രാവിലെ കഴിച്ച ദോശയും അത്ര പിടിച്ചില്ല. ഒരു ലോഡ്‌ പണി തീരാന്‍ കിടക്കുന്നു, അതിനിടെയാ തലയ്ക്ക്‌ ഈയൊരു പെരുപ്പ്‌. രാവിലെ തന്നെ ഇത്ര സ്ട്രെസ്സ്‌ വരണ്ട കാര്യമെന്താ? ഒഫീഷ്യല്‍ ഇ-മെയിലുകള്‍ നാലെണ്ണം വന്നുകിടപ്പുണ്ട്‌. ഒന്നും തുറന്നുപോലും നോക്കാന്‍ തോന്നുന്നില്ല. മോണിട്ടറിലേക്കു നോക്കുമ്പോള്‍ കാഴ്ച മങ്ങുന്നതുപോലെ. തലകുമ്പിട്ട്‌ കണ്ണടച്ച്‌ കുറേനേരം അങ്ങനെയിരുന്നപ്പോള്‍ ഫോണ്‍ അടിക്കുന്നു. ആരാണോ? പഴയ ഒരു സഹപ്രവര്‍ത്തകന്റെ വിളി. ഏതോ ഒരു ഡോക്യുമന്റ്‌ വേണമത്രേ. തപ്പിയെടുത്ത്‌ അപ്പോള്‍ത്തന്നെ അയച്ചുകൊടുത്തു. ഒപ്പം ഞാന്‍ ആ ടീമില്‍ നിന്നു മാറിയെന്ന വിവരവും പറഞ്ഞു. കസേരയിലേക്കു ചാഞ്ഞിരുന്നു. ദീര്‍ഘനിശ്വാസത്തിനു ചുടുചോരയുടെ മണം!!! നാസാദ്വാരങ്ങളില്‍ നനവ്‌! തിടുക്കത്തില്‍ പോക്കറ്റില്‍ നിന്നു തൂവാലയെടുത്ത്‌ മൂക്കൊപ്പി. പിങ്ക്‌ നിറമുള്ള തൂവാലയില്‍ പടരുന്ന കടുംചെമപ്പ്‌..!!! സാവധാനം എഴുന്നേറ്റ്‌ റെസ്റ്റ്‌റൂമില്‍ പോയി. ഭാഗ്യം, മറ്റാരുമില്ല. മൂക്കും മുഖവും നന്നായി കഴുകി. തൂവെള്ള വാഷ്ബേസിനിലെ വെള്ളത്തിലേക്ക്‌ അലിഞ്ഞൊഴുകുന്ന ചെമപ്പ്‌...

സ്കാനര്‍മെഷീനിലേക്കു നിരങ്ങിനീങ്ങുന്ന ഞാന്‍. പിന്നെ ഡോക്ടറുടെ മുറി. ഇടത് അണ്ഡാകൃതിയിലുള്ള അനേകം ചിത്രങ്ങള്‍ തെളിയുന്ന ഒരു ഫിലിം. ടി.വി. കാണുന്ന കൗതുകം എന്റെ കണ്ണുകളില്‍ ഉണ്ടായിരുന്നിരിക്കണം. ആരാണു സംസാരിക്കുന്നത്‌?

എന്താണവര്‍ പറയുന്നത്‌? ഞാന്‍ ചെവിയോര്‍ത്തു: "... തലയ്ക്കുള്ളിലെ പ്രഷറിന്‌ ചിലപ്രത്യേക സാഹചര്യങ്ങളില്‍ വ്യതിയാനം വരുന്നു.. ഞരമ്പുകളില്‍ തന്നെ ആവണമെന്നില്ല.. തലവേദനയും മന്ദതയും മറ്റും അതുകൊണ്ടാണ്‌... എന്തെങ്കിലും അപകടം മൂലമുള്ള ആഘാതം കൊണ്ട്‌ ഒരുപക്ഷേ .. അത്തരം ഹിസ്റ്ററി ഒന്നുമില്ലാത്ത സ്ഥിതിക്ക്‌... കൂടുതലും ഇതുമാനസികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കാം... പക്ഷേ, ഇയാളുടെ കാര്യത്തില്‍ എന്താണതിന്റെ കാരണമെന്നു വ്യക്തമാകുന്നില്ല... പണ്ട്‌ ഇടയ്ക്കിടെ ഉണ്ടാവാറുണ്ടായിരുന്ന തലവേദനയും മറ്റും ഈ അസുഖത്തിന്റെ തുടക്കമായിരുന്നിരിക്കാം.. ഓര്‍മ്മശക്തിയെയും മറ്റും ഇതു കാര്യമായിത്തന്നെ ബാധിച്ചേക്കാം.. ബ്രെയിനിലെ ചില ഭാഗങ്ങള്‍ക്ക്‌ വീക്കം ഉള്ളതായി കാണുന്നു, മാത്രമല്ല അതു പല സമയത്തും പലയിടത്തായിട്ടാണു കാണുന്നതും...."

നിദ്രയുടെയും സ്മരണകളുടെയും വരമ്പില്‍ക്കൂടി എന്നെ കുത്തിനോവിച്ചുകൊണ്ട്‌ ഒരു വേദന കൂടി! ഞാന്‍ സ്വപ്നം വിളയുന്ന കരിമണ്ണുഴുത വയലിലേക്ക്‌ കാലിടറി വീണു. ഇപ്പോള്‍ കാണുന്ന സ്വപ്നങ്ങളില്‍ കനത്ത ഇരുട്ടാണ്‌. നിശ്ശബ്ദമായ രാത്രിയില്‍ പരിചിതമല്ലാത്ത ഏതോ സ്ഥലത്തെ വിശാലമായ ഒരു മൈതാനത്തു നില്‍ക്കുന്നതായാണ്‌ തൊട്ടുമുന്‍പു കണ്ട സ്വപ്നം. എന്റെ മുന്നില്‍, അങ്ങകലെ, ചക്രവാളത്തില്‍ ഒരു പുലരി വിടര്‍ന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു. പകല്‍ പരന്നെങ്കില്‍ വേഗം വഴികണ്ടെത്തി വീട്ടിലെത്താമായിരുന്നു എന്നും. ഉള്ളിലിരുന്ന്‌ ആരോ പറയുന്നു: "ഇല്ല, ഇനി നിനക്കു വീട്ടിലെത്താന്‍ പറ്റുമെന്നു തോന്നുന്നില്ല". സ്വപ്നം ആണെന്നറിഞ്ഞും ഞാനൊന്നു ഞെട്ടി.

"എന്താ മോനേ..? എന്തു പറ്റി?" അമ്മയുടെ ഉദ്വേഗം കലര്‍ന്ന സ്വരം.

"എയ്‌, ഒന്നുമില്ല."

ഞാന്‍ ഇന്നേറെ ക്ഷീണിതനാണെന്ന് സ്വയം തിരിച്ചറിഞ്ഞു. തല അനക്കാന്‍ പറ്റുന്നില്ല. കണ്ണിന്റെ ചുറ്റും തീക്കനലുകള്‍ പെറുക്കി വെച്ചിരിക്കുന്നതു പോലെ. തൊണ്ടയില്‍ എന്തോ തടയുന്നതായും ഓക്കാനം വരുന്നതായും തോന്നി. ശ്വാസം കഴിക്കാന്‍ വിഷമം. നെഞ്ചിലാരോ തടവുന്നു. അമ്മയായിരിക്കണം. അല്ലാതാര്‌? പനി സജലമാക്കിയ എന്റെ മിഴികള്‍ക്കപ്പുറത്ത്‌ അമ്മ! ഇടം കൈ കൊണ്ട്‌ കണ്ണുതുടച്ചും വലംകൈ കൊണ്ട്‌ എന്നെ തലോടിയും..! ഞാന്‍ ജലദോഷമുള്ള ആ ബാലന്‍ തന്നെയോ?

നേരെ മുന്നില്‍ നില്‍ക്കുന്നുണ്ട്‌ അച്ഛന്‍. അച്ഛന്റെ പ്രസരിപ്പെല്ലാം ഇല്ലാതായിരിക്കുന്നു. എനിക്കിഷ്ടമുള്ള നീലഷര്‍ട്ടാണ്‌ ഇട്ടിരിക്കുന്നത്‌. പോക്കറ്റില്‍ കിടന്ന ഫോണ്‍ ബെല്ലടിച്ചു. ആരുടെയോ മിസ്സ്ഡ്‌ കാള്‍. ഞാന്‍ അച്ഛനെ നോക്കി ചിരിച്ചു. അച്ഛനെന്താ ചിരിക്കാത്തത്‌?

"വന്നോ?" സ്വരം കിട്ടാന്‍ ഞാന്‍ പാടുപെട്ടു. നാവിളകുമ്പോള്‍ പോലും തലപിളരുന്ന വേദന.

"വരും, വരും."

ഞാന്‍ അവ്യക്തമായി എന്തെല്ലാമോ പറഞ്ഞിരിക്കണം. മുറിയില്‍ എന്റെ മുന്നിലും വശങ്ങളിലും ആളനക്കം. പ്രാണവായു ശ്വാസനാളത്തിലേക്ക്‌ മടുപ്പിക്കുന്ന ഗന്ധമായി ഇരച്ചുകയറി. ശരീരഭാരം കുറയുന്നു. മനസ്സില്‍ ഇരുട്ട്‌. വെളിയില്‍ നല്ല പ്രകാശം.

"ഇന്നലത്തേതുപോലെ മഴമൂടലില്ല അല്ലേ?" ഇന്ന് എന്റെ സ്വരത്തിനു അല്‍പം തെളിച്ചമുണ്ട്‌.

"അതിന്നലെയല്ലായിരുന്നു, മിനിയാന്നായിരുന്നു."

അപ്പോള്‍ ഒരു ദിവസം ഞാനെന്തു ചെയ്യുകയായിരുന്നു? അറിയില്ല. ഓര്‍മ്മയില്ല.

"വേണ്ടടാ, ബലമായിട്ടൊന്നും ഓര്‍ക്കാന്‍ ശ്രമിക്കണ്ട. ഞങ്ങളുണ്ടായിരുന്നു നിന്റെ കൂടെ എപ്പോഴും" അതു പറയുമ്പോള്‍ അച്ഛന്റെ കണ്ണുകളില്‍ നീര്‍ പൊടിഞ്ഞോ?

ഞാന്‍ തലയുയര്‍ത്തി താഴെയുള്ള റോഡിലേക്കു നോക്കാന്‍ ശ്രമിച്ചു. അച്ഛനും മുറിയിലുണ്ടായിരുന്ന രണ്ടുപേരും ചേര്‍ന്ന് എനിക്കു വഴി കാണാന്‍ പാകത്തില്‍ കട്ടിലിന്റെ തലയ്ക്കം ഉയര്‍ത്തിവെച്ചു. ആട്ടെ, ആരാണവര്‍? ഞാന്‍ മറന്നുപോയി.!!!

തലവേദന തീരെ ഇല്ല. അതോ ഞാന്‍ അറിയാത്തതാണോ? കട്ടിലിനരികെ മേശപ്പുറത്ത്‌ മൊബൈല്‍ ഫോണ്‍ ഇല്ല. എനിക്കിനിയും പാട്ടുകേള്‍ക്കാന്‍ തോന്നിയാല്‍..? മൊബൈല്‍ ആരുടെ കൈയ്യിലാണ്‌? മഴയില്‍ അടര്‍ന്നുവീണ ഇലകളും ചുള്ളിക്കമ്പുകളും മാറ്റി വൃത്തിയാക്കിയ വഴിയിലൂടെ അപരിചിതനെപ്പോലെ ഒരു കറുത്ത ഫോര്‍ഡ്‌ ഐക്കണ്‍ വരുന്നു. കാഴ്ചയില്‍ന്നിന്നൊളിച്ച്‌ പാര്‍ക്കിംഗ്‌ ഏരിയയിലെ ഏതെങ്കിലും ഒരു കോണിലേക്ക്‌ അതു പോയിട്ടുണ്ടാവണം.

എന്റെ ദേഹത്തിപ്പോള്‍ സൂചികളില്ല, തണുപ്പായി പടര്‍ന്നു കയറുന്ന ഡ്രിപ്പില്ല. രണ്ടുമൂകസാക്ഷികളെപ്പോലെ ഡ്രിപ്‌ സ്റ്റാന്‍ഡും ഓക്സിജന്‍ സിലിണ്ടറും കട്ടിലിന്റെ തലയ്ക്കല്‍ നിന്നു.

വീണ്ടുമൊരുമയക്കത്തില്‍ നിന്നുണരുമ്പോള്‍ വാതില്‍ക്കല്‍ അനക്കം. ആരോ കടന്നുവരുന്നത്‌ മഞ്ഞേറ്റുനിന്ന ചില്ലിലൂടെയെന്ന പോലെ കണ്ടു. അടുത്തു വന്നു നിന്നിരിക്കണം. കൊതിച്ച ഒരു സാമീപ്യം അറിയുന്നു. അജ്ഞതയുടെയും വിസ്‌മൃതിയുടെയും ഇരുട്ടില്‍ ഒരു വളകിലുക്കം!

"രജിത്‌.."

വിളി കേള്‍ക്കണമെന്നുണ്ട്‌. ഒച്ച പൊങ്ങുന്നില്ല. ഉള്ളില്‍ ആയിരം തവണ വിളി കേട്ടു. കണ്ണുകളില്‍ നിന്നു ലാവാപ്രവാഹം. നിര്‍ജ്ജീവമെന്നു തോന്നിപ്പിച്ച വലതുകൈയ്യിലൂടെ ഒരു തരംഗം പ്രസരിച്ചു. ഉടലു മുഴുക്കെ ഉണര്‍വ്വായി പടര്‍ന്നു. നിനവുകള്‍ ഉള്ളില്‍ ഇതള്‍ വിരിഞ്ഞു. മനസ്സിലെ ഇരുള്‍ നിറഞ്ഞ മൈതാനത്തിനപ്പുറം ചക്രവാളത്തില്‍ വെളിച്ചം പതിയെ പരന്നുതുടങ്ങി. അകലെ നിന്നെന്ന പോലെ വീണ്ടും കേട്ടു:

"രജിത്‌..."

ഇല്ല. വിളി കേള്‍ക്കാന്‍ നാവനങ്ങുന്നില്ല. കണ്ണീര്‍ ചെന്നി നനയിച്ചു പെയ്തിറങ്ങി. എന്റെ കൈത്തണ്ടയിലുണര്‍ന്ന പ്രണയത്തിന്റെ ചൂടിലേക്ക്‌ തേങ്ങലില്‍ കുതിര്‍ന്ന ഒരു ബാഷ്പബിന്ദു വീണുചിതറി. വളകിലുക്കങ്ങള്‍ക്കു പോലും തേങ്ങലിന്റെ ഈണം. എന്താണു ഞാന്‍ ഈ നിമിഷത്തേക്കു പറയാന്‍ കരുതി വെച്ചത്‌? തിരികെ വരുമെന്ന്.. അതെ! ഞാന്‍ തിരികെ വരുമെന്ന്!! എനിക്കു നിന്റെ പ്രണയം വേണമെന്ന്!!

"ഒന്നു പറയൂ, രജിത്‌..."

അതു ഞാന്‍ കേട്ട വാചകമാണോ അതോ വിചാരിച്ചതാണോ എന്നറിയില്ല. പക്ഷേ, പറയാനാവുന്നില്ല! കാല്‍വിരലുകളില്‍ ആരോ ഇക്കിളിയാക്കുന്നതു പോലെ. ഒരു മരവിപ്പ്‌. വിരലുകളല്ല, കാല്‍പാദം പോലും ഇല്ലാതാവുന്നോ? അരയ്ക്കുതാഴെ ശൂന്യതയാണോ? എന്റെ ഇടത്തു കൈ എവിടെ? നെഞ്ചിലെ താളം നിലയ്ക്കാന്‍ പോകുന്ന പിടച്ചില്‍. ശ്വാസനാളം വിശ്രമിക്കാനെന്നപോലെ ഒന്നുലഞ്ഞുയര്‍ന്നു. വലതുകൈ ഒഴികെ ശരീരം മുഴുവന്‍ തണുപ്പ്‌. ചിന്തയ്ക്കും ശരീരത്തിനുമിടയിലെ നൂലുകള്‍ വലിഞ്ഞു മുറുകുന്നു. അവളുടെ നേര്‍ത്ത വിരലുകള്‍ എന്റെ കൈത്തലത്തിലര്‍ന്നു. പ്രജ്ഞ യാത്ര ചോദിക്കവേ വിരലുകള്‍ തമ്മില്‍ ഗാഢം പുണര്‍ന്നു. കൈത്തലത്തില്‍ പതിഞ്ഞ ചുടുചുംബനങ്ങള്‍ ഏറ്റുവാങ്ങിയ നാഡികള്‍ പാതിവഴിയില്‍ പിടഞ്ഞുവീണു. 'ഇപ്പോള്‍ വരില്ല ഞാന്‍, ഞാന്‍ ഈ സ്നേഹസ്പര്‍ശത്തിലൊരുനിമിഷം കൂടി...'
നിനവിനും നിലതെറ്റി.

ഇരുട്ടുവീണ മൈതാനത്തു പൊടുന്നനെ വെളിച്ചമായി. തിരിഞ്ഞു നോക്കിയെങ്കിലും ഒന്നും വ്യക്തമായിക്കണ്ടില്ല്ല. നീലനിറമുള്ള മുറിയില്‍ നിന്നും ഉയര്‍ന്നുകേട്ട ശബ്ദങ്ങള്‍ പെട്ടെന്നു നേര്‍ത്തുവന്നു. മുന്നില്‍ നെടുനീളത്തില്‍ ഒരു വഴി. അതിലേ ശാന്തമായി നീങ്ങി. വശങ്ങളില്‍ മഞ്ഞു വീണു പഞ്ഞിത്തുണ്ടുകള്‍ പോലെ കാണപ്പെട്ടു. തണുപ്പില്ലാത്ത മഞ്ഞ്‌!

22 comments:

എം. എസ്. രാജ്‌ said...

എന്റെ വഴികളില്‍ മൂകസാന്ത്വനമായ പൂവുകളേ
എന്റെ മിഴികളില്‍ വീണുടഞ്ഞ കിനാക്കളേ നന്ദി
മധുരമാം പാഥേയമായ്‌ തേന്‍ കനികള്‍ തന്ന തരുക്കളേ
തളരുമീയുടല്‍ താങ്ങി നിര്‍ത്തിയ പരമമാം കാരുണ്യമേ..

ദീപക് രാജ്|Deepak Raj said...

രാജെ ... എന്ത് പറയണം എന്ത് കമന്റണം എന്നറിയില്ല..പക്ഷെ വായനയുടെ സുഖം എന്തെന്ന് അറിയാന്‍ ഇതൊന്നു വായിച്ചാല്‍ മതിയെന്ന് ഞാന്‍ ഉറപ്പിച്ചു പറയാം..

സ്മിത said...

സാദാരണ എല്ലാവരും പറയുന്നപോലെ തേങാ ഒന്നും ഉടക്കാന്‍ തോന്നുന്നില്ല.
മനോഹരമായി മരണതെ വരചു വച്ഛിരിക്കുന്നു.
ശരിക്കും അനുഭവിച പോലെ.

smitha adharsh said...

എനിക്കും എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥ..ഈ നനുത്ത സ്പര്‍ശം എനിക്കും അനുഭവപ്പെട്ടു..
നന്നായിരിക്കുന്നു..ഇനിയും എഴുതൂ..
മുകളില്‍ ഏതാണ് വേറൊരു സ്മിത?

മാണിക്യം said...

ഒരു തണുത്ത കൈ
വന്നു തൊട്ട പോലെ.....
ഇങ്ങനായാവുമോ മരണം വരിക?...
ഇങ്ങനെയാവുമോ കൊണ്ടുപോവുക?...
ശരിക്കും അനുഭവിക്കുന്ന പോലെ....
എന്താ എഴുത്തിന്റെ ഒരു ശക്തി!
അപാരം...
ആശംസകള്‍!!

ദീപ ബിജോ അലക്സാണ്ടർ said...

ഇഷ്ടപ്പെട്ടു...

ശ്രീ said...

വളരെ നന്നായിരിയ്ക്കുന്നു രാജ്...

നമ്മെ തേടിയെത്തുന്ന മരണത്തെ മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു. ഞാനും പണ്ട് എഴുതിയിട്ടുള്ള ചില കഥകളെ ഓര്‍മ്മിച്ചു, കുറേ നാളുകള്‍ക്കു ശേഷം...

:)

തോന്ന്യാസി said...

രാജ്...


പതിയെ മരണത്തിലേയ്ക്ക് നടന്നു പോകുന്ന മനോഹരമായ കഥ

ആദര്‍ശ് said...

ശരിക്കും...ഒരു തണുത്ത വിരല്‍ സ്പര്‍ശം... ഇത് വായിക്കുമ്പോള്‍ ഫിനൈലിന്റെ മണമുള്ള ആ മുറിയില്‍ തന്നെ ആയിരുന്നു..പതിയെ ആ ഗന്ധം മാറി മരണത്തിന്റെ ഗന്ധം വന്നതും അറിഞ്ഞു...
വളരെ നല്ല എഴുത്ത് ...ആശംസകള്‍...!

nvkapildev said...

വളരെ നന്നായിരിയ്ക്കുന്നു ...........

നന്ദകുമാര്‍ said...

രാജ് മോന്‍
കഥ നന്നായിരിക്കുന്നു എന്ന് എടുത്തുപറയേണ്ടതില്ല. ബ്ലോഗില്‍ ഈയിടെ വായിച്ച മികച്ച ചെറുകഥകളിലൊന്ന്. മരണം ഒരു നനുത്ത വിരലാല്‍ വന്നു തൊട്ടതൊക്കെ അനുഭവവേദ്യമായി. ശ്രമിച്ചാല്‍ മലയാളം ബ്ലോഗിലെ മികച്ച ഒരു കഥകൃത്താകാനുള്ള സകല ലക്ഷണവും നിനക്കുണ്ട്. എല്ലാ അലസതകളേയും വെടിഞ്ഞ് നന്നായെഴുതാന്‍ ശ്രമിക്കുക. നിന്റെയീ കഥ ബൂലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടട്ടേയെന്ന് ആശംസിക്കുന്നു.

നന്ദന്‍/നന്ദപര്‍വ്വം

ചേട്ടായി said...

വളരെ ഹൃദയസ്പര്‍ശിയായ കഥ. വളരെ നന്നായിരിക്കുന്നു മാഷേ.

johndaughter said...

kollam raj..

thudakkam kurachonnu boradichu. Pakshe avasanam valare nannayi ezhuthiyirikkunnu... :)

Sasi said...

The story is found enlarged and have a real touch. However, good keep it up.

Areekkodan | അരീക്കോടന്‍ said...

മനോഹരമായ കഥ

Prasanth. R Krishna said...

വായിച്ചു.വളരെ നന്നായിരിക്കുന്നു. മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണ്. എപ്പോള്‍ വരും എങ്ങനെ വരും എന്നൊന്നും പറയാന്‍ കഴിയില്ല. എനിക്കും പലപ്പോഴും തോന്നുക ഒരു പഞ്ഞികെട്ടിന്റെ മ്യദുത്വത്തോടെ ഒരു നനുത്ത തലോടയായ് നമ്മെ വന്നു കൂട്ടികൊണ്ടുപോകുമന്നാണ്. നന്നായി എഴുതിയിരിക്കുന്നു.

Basil said...

പ്രണയത്തിന്റെ വഴികളില്‍ നിന്നും ഏപ്പോഴൊ തിരിഞ്ഞു നടക്കേണ്ടി വന്ന ഒരാളുടെ വേദന, ‍എനിക്കു നിന്നെ മനസ്സിലാവും, ഇനിയും ഏറെ പ്രതീക്ഷിക്കുന്നു............

എം. എസ്. രാജ്‌ said...

ദീപക് രാജ്,
ഞാനും എന്തു പറയും? കഥ ഇഷ്ടമായല്ലോ. സന്തോഷമായി. :)

സ്മിത,
തേങ്ങ പോട്ടെ, സ്നേഹം ഉണ്ടായാല്‍ മതി. :)

സ്മിത ടീച്ചറെ,
നന്ദി.. :)
മുകളിലെ ആളെ എനിക്കും പരിചയമില്ല.

മാണിക്യം,
ഇങ്ങനെയും ആകാം. ആര്‍ക്കറിയാം. ആശംസകള്‍ക്കും അഭിനന്ദനത്തിനും പ്രത്യേക നന്ദി. :)

ദീപ ബിജോ അലക്സാണ്ടർ ,
വളരെ നന്ദി. :)
ഓഫ്: പൊലീസ് ഇന്‍സ്പെക്റ്റര്‍ ബിജോ അലക്സാണ്ടറുടെ ആരേലുമാണോ,താങ്കള്‍?

ശ്രീ,
അഭിനന്ദനത്തിനും നിരന്തരമായ പ്രോത്സാഹനത്തിനും പ്രത്യേക നന്ദി. :)

തോന്ന്യാസി,
പതിയെ... എല്ലാവരും അങ്ങോട്ടുതന്നെ. നന്ദി കേട്ടൊ! :)

ആ‍ദര്‍ശ്,
ഫിനൈലിന്റെ മണം മടുപ്പിക്കുന്നതാണ്. ഒരു പക്ഷേ മരണം കാത്തു കിടക്കുന്നതു അങ്ങനെയാകാം, നന്ദി... :)

nvkapildev,
നന്ദി...:)

നന്ദേട്ടാ, ഈ അഭിപ്രായപ്രകടനത്തിനും പ്രചോദനത്തിനും പ്രത്യേക കടപ്പാട്. ഓഫ്ലൈന്‍ നിര്‍ദ്ദേശങ്ങള്‍ക്കു പ്രത്യേക നന്ദി :)

ചേട്ടായി,
നന്ദി, വീണ്ടും വരിക :)

johndaughter,
അതെ തുടക്കത്തില്‍ അല്പം സ്ലോ ആണ്. വെട്ടിയൊതുക്കാന്‍ മനസ്സു വന്നില്ല. ഇനി ശ്രദ്ധിച്ചുകൊള്ളാം. തുറന്ന അഭിപ്രായത്തിനു നന്ദി :)

Sasi,
അഭിപ്രായം സ്വീകരിച്ചിരിക്കുന്നു, വളരെ നന്ദി :)

അരീക്കോടന്‍,
നന്ദി..! :)

Prasanth,
വളരെ നന്ദി :)

Basil,
നിനക്കെന്നെ മനസ്സിലാവും എന്നു പറഞ്ഞത് ഓകെ. അതും ഈ കഥയുമായുള്ള ബന്ധം? എന്നാലും നല്ല അഭിപ്രായത്തിനു വളരെ നന്ദി. :)

പൊതുവേ, നീളം അല്പം കൂടി എന്നൊരു ദുഷ്പേരു കേള്‍പ്പിച്ചു. വെട്ടിച്ചുരുക്കുന്നില്ല എന്നു മനപൂര്‍വ്വം വിചാരിച്ചതു തന്നെയാണ്. ക്ഷമിക്കുക.

സസ്നേഹം,
എം.എസ്. രാജ്

സുല്‍ |Sul said...

രാജ്
എന്തുപറയണമെന്നറിയാത്ത ഒരു തുരുത്തില്‍ നീയെന്നെ എത്തിച്ചു. നിന്റെ എഴുത്തിന്റെ ശക്തി. മരണത്തിന്റെ തണുപ്പ് എന്റെ പാദങ്ങളിലറിഞ്ഞതുപോലെ...

ഭാവുകങ്ങള്‍.
-സുല്‍

kuttans said...

മഴയില്‍ അടര്‍ന്നുവീണ ഇലകളും ചുള്ളിക്കമ്പുകളും മാറ്റി വൃത്തിയാക്കിയ വഴിയിലൂടെ അപരിചിതനെപ്പോലെ ഒരു കറുത്ത ഫോര്‍ഡ്‌ ഐക്കണ്‍ വരുന്നു...

സമീപിക്കുന്ന മരണത്തെ പതിവില്ലാത്ത ഒരു ബിംബം കൊണ്ട് പ്രതിനിധീകരിച്ചിരിക്കുന്നു.
ലളിതമായ വാക്കുകളില്‍ ആത്മാവിലേക്കിറങ്ങിച്ചെല്ലുന്ന കഥ. അഭിനന്ദനങ്ങള്‍!

hitha mohan m said...

hitha.............

congrajulatn
kurach timil oralude kuttikalam thottu maranam vare ........athum
e fast worldil
vayichukazhinjapol yethandu pakuthiyolam yente story ano yenu gan smshayichirikunu..........

enium yezhuthanam. athum ethupole
velichathileku konduvaranam.....

എം. എസ്. രാജ്‌ said...

സുല്‍,
കുട്ടന്‍സ്,
ഹിത,

ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊണ്ട്, തുടര്‍ന്നും പ്രോത്സാഹനം പ്രതീക്ഷിച്ചുകൊണ്ട്,

സസ്നേഹം,
എം.എസ്. രാജ്