Friday, December 19, 2008

ഓലപ്പീപ്പി ബ്ലോഗിന്റെ ഒരുവര്‍ഷം

അടുത്തതായി രണ്ടുവാക്കു സംസാരിക്കുന്നതിനായി ഓലപ്പീപ്പി ഡോട് ബ്ലോഗ്‌സ്പോട്ട് ഡോട് കോമിനെ ക്ഷണിച്ചുകൊള്ളുന്നു

....

എന്റെ എല്ലാമെല്ലാമായ ശ്രീമാന്‍ എം.എസ്‌. രാജേ, പ്രിയപ്പെട്ട ബ്ലോഗു സഹോദരീ-സഹോദരന്മാരേ, അവരുടെ ഉടയോന്മാരായ ബ്ലോഗന്മാരെ, ബ്ലോഗനകളെ, ബഹുമാനപ്പെട്ട അഗ്രഗേറ്റര്‍മാരെ, ബൂലോകം, മലയാളം ബ്ലോഗേഴ്സ്‌, മറുമൊഴികള്‍ ഇത്യാദി ഓണ്‍ലൈന്‍ കൂട്ടായ്മകളേ, സ്നേഹം നിറഞ്ഞ ആസ്വാദകരേ,

മലയാളബ്ലോഗിംഗ്‌ രംഗത്തേക്ക്‌ വളരെ എളിയ രീതിയില്‍ കടന്നു വന്ന ഓലപ്പീപ്പി എന്നയെന്നെ വരവേറ്റ നിങ്ങളോടെല്ലാവരോടും ഹൃദ്യമായ നന്ദി ആദ്യം തന്നെ അറിയിച്ചുകൊള്ളട്ടെ. നിങ്ങള്‍ എനിക്കു നല്‍കിയ സ്നേഹവും പിന്തുണയും എക്കാലവും നന്ദിപൂര്‍വ്വം ഞാനോര്‍ക്കും. അതോടൊപ്പം, ഇക്കണ്ട ഒരു വര്‍ഷക്കാലം നിങ്ങളോടൊത്തു കഴിഞ്ഞതിന്റെ ചില ഓര്‍മ്മകള്‍ കൂടി പങ്കു വെയ്ക്കുവാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്‌.

ഇവിടെ ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ ചരിത്രപരമായ ചില കാര്യങ്ങള്‍ ഞാന്‍ ഓര്‍ത്തു പോവുകയാണ്‌. ഓഫീസിലെ വിരസമായ സായന്തനങ്ങളില്‍ ഒരിക്കല്‍ ഷബീര്‍ എന്ന ഒരു സഹപ്രവര്‍ത്തകന്‍ തന്ന ലിങ്കിലൂടെയാണ്‌ എന്റെ സ്രഷ്ടാവ്‌ ശ്രീമാന്‍ എം.എസ്‌. രാജ്‌ ആദ്യമായി ഒരു മലയാളബ്ലോഗിന്റെ തിരുനടയ്ക്കല്‍ എത്തുന്നത്‌. വിശാലമനസ്കന്റെ ഭാവനാവിശാലതയിലും നര്‍മ്മബോധത്തിലും ആണ്ടുപോയ രാജിന്റെ പിന്നീടുള്ള ഇന്റര്‍നെറ്റ്‌ ഉപയോഗവേളകള്‍ കൊടകരപുരാണം എന്ന അസാധ്യ ബ്ലോഗുവായിക്കുന്നതിനായി ഉഴിഞ്ഞുവെയ്ക്കപ്പെട്ടു. തുടര്‍ന്ന്‌ സുഹൃദ്‌സദസ്സുകളില്‍ ബ്ലോഗിലെ തമാശകള്‍ ഒരു ചര്‍ച്ചാവിഷയമായപ്പോള്‍ ഏതാനും സുഹൃത്തുക്കള്‍ക്കു കൂടി ആ ലിങ്ക്‌ അദ്ദേഹം അയച്ചുകൊടുക്കുകയുണ്ടായി. അങ്ങനെയിരിക്കേയാണ്‌, മൂപ്പരുടെ സുഹൃത്തും നല്ല ഒരു കലാസ്വാദകനുമായ ശ്രീമാന്‍ സുത്തി മറ്റൊരു ലിങ്ക്‌ അയച്ചു കൊടുക്കുന്നത്‌. ആ കിട്ടിയതു മറ്റൊന്നുമായിരുന്നില്ല, ബ്ലോഗ്‌ ഉലകത്തെ മറ്റൊരു കൊടിപാറിച്ച ചക്രവര്‍ത്തി ശ്രീമാന്‍ അരവിന്ദിന്റെ 'മൊത്തം ചില്ലറ'! ആ ലിങ്ക്‌ കൈമാറുന്ന നേരം ശ്രീമാന്‍ സുത്തി പറയുകയുണ്ടായി, 'എടാ, നീയിതു വായിച്ചാല്‍, ഉറപ്പാണു മോനേ, നീയും തുടങ്ങും ഒരു ബ്ലോഗ്‌!'

സുഹൃത്തുക്കളേ, ഞാന്‍ ഒന്നു പറഞ്ഞുകൊള്ളട്ടേ, അന്നു ശ്രീമാന്‍ സുത്തി പറഞ്ഞ ആ വാക്കില്‍ ഇന്നു നിങ്ങളുടെ ഓരോരുത്തരുടെയും മുന്നില്‍ നിന്നു സംവദിക്കുന്ന എന്റെ ഭ്രൂണം ഉണ്ടായിരുന്നു, ഈ ഓലപ്പീപ്പി ബ്ലോഗിന്റെ വിത്തുണ്ടായിരുന്നു. ഒരാഴ്ച പോലും കഴിഞ്ഞില്ല, 2007 ഡിസംബര്‍ മാസം 18-ആം തീയതി ഇന്ത്യന്‍ സമയം രാത്രി 7:57 ന്‌ ആണ്‌ എം.എസ്‌. രാജിന്റെ ആദ്യ ബ്ലോഗ്‌ ആയി ഞാന്‍ രൂപമെടുക്കുന്നത്‌. "Namaskaar.." എന്ന തലക്കെട്ടോടെ "Welcome to my world of olapeeppi..." എന്ന ഒറ്റവരി പോസ്റ്റോടെയാണ്‌ ഞാന്‍ നിങ്ങളുടെ മുന്നിലെത്തിയത്‌. അതൊരു തുടക്കം മാത്രമായിരുന്നു. പാല്‍പ്പല്ലു പോലെ ആ പോസ്റ്റ്‌ പിന്നീട്‌ കൊഴിഞ്ഞുപോയി. എന്നാല്‍, പിറ്റേന്നു പോസ്റ്റിയ "Munnar yatra" ഇപ്പോഴും ആദ്യ പോസ്റ്റ്‌ ആയി നിലകൊള്ളുന്നു.

അതിനു ശേഷം എം.എസ്‌. രാജ്‌ എന്ന ബ്ലോഗറുടെ സ്വകാര്യജീവിതത്തിലും ഔദ്യോഗികജീവിതത്തിലും ഉണ്ടായിട്ടുള്ള നിറം പിടിപ്പിക്കാത്ത ഏതാനും കഥകളാണ്‌ ഞാന്‍ പറഞ്ഞത്‌. സാവധാനം ഭാവനയില്‍ വിരിഞ്ഞ കുട്ടിക്കവിതകള്‍ പോലെ ചില നുറുങ്ങുകളും കഥകളും വരികയായി. പിന്നീടു വന്ന പോസ്റ്റുകളെപ്പറ്റി ഞാന്‍ തന്നെ പറയുന്നത്‌ ആത്മപ്രശംസയാകും എന്നതിനാല്‍ അതിലേക്കു ഞാന്‍ കടക്കുന്നില്ല.

എന്നിരുന്നാലും, നിങ്ങളോരോരുത്തരും എന്റെ പേജുകളിലുനീളം സ്ക്രോള്‍ ചെയ്ത്‌ എന്നെ ഇക്കിളിയാക്കുമ്പോള്‍, ശ്രീമാന്‍ എം.എസ്‌. രാജിന്റെ മനോവികാരങ്ങളെ മനസ്സിലാക്കുന്ന, അവയുടെ പങ്കുപറ്റുന്ന ഒരു ബ്ലോഗ്‌ എന്ന നിലയില്‍ ചില കാര്യങ്ങള്‍ പങ്കുവെയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചുപോകുകയാണ്‌. ആദ്യമായി ഒരു നേര്‍ത്ത ചിരിയുടെ സ്പന്ദനമുണര്‍ത്തിയ ‍'എക്സ്റ്റന്‍ഷന്‍ നമ്പര്‍' എന്ന പോസ്റ്റു മുതല്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള ഏകദേശം നാല്‍പതു പോസ്റ്റുകളില്‍ ശ്രീമാന്‍ എം.എസ്‌. രാജിന്റെ ജീവിതവും, സ്മരണകളും, യാത്രകളും, നുറുങ്ങുതമാശകളും, ഭാവനയുമൊക്കെ നമുക്കു വായിച്ചെടുക്കാമെന്നതില്‍ സംശയമില്ല. ഒപ്പം, പലപ്പോഴായി നമ്മുടെ മനസ്സിലേക്കുകടന്നു വന്ന ചില കഥാപാത്രങ്ങളില്‍ അദ്ദേഹത്തിന്റെ തന്നെ മാനറിസങ്ങളും കടന്നുകൂടിയിട്ടുണ്ട്‌ എന്ന സത്യം, സുഹൃത്തുക്കളേ, നിങ്ങള്‍ക്കു പുതിയ ഒരറിവായിരിക്കും.

ഓര്‍മ്മയുറച്ച കാലത്തുകേട്ട ഗാനശകലങ്ങളില്‍ തുടങ്ങി, കുഞ്ഞുക്ലാസിലേക്കു പൂക്കുട ചൂടി പിച്ചവെച്ചു നടന്നതും, പിതാവിന്റെയും ഗുരുവിന്റെയും പക്കല്‍ നിന്നു ലഭിച്ച ശിക്ഷയും, ബാല്യത്തില്‍ വല്യച്ഛന്റെയും വല്യമ്മച്ചിയുടെയും ലാളനകളേറ്റു വളര്‍ന്നതുമെല്ലാം ഓലപ്പീപ്പിയിലൂടെ നാം കേട്ടു. സഹപ്രവര്‍ത്തകര്‍ക്കു പിണഞ്ഞ അബദ്ധങ്ങളിലൂടെ രാജിന്റെ സുഹൃത്തുക്കളായ ഡേവച്ചായനെയും സുത്തിയെയും ബിച്ചുവിനെയുമൊക്കെ നിങ്ങള്‍ അടുത്തറിഞ്ഞു. കട്ടപ്പനയെന്ന ഹൈറേഞ്ചു പട്ടണത്തെയും അതിനോടുചേര്‍ന്നു കിടക്കുന്ന കൊച്ചുതോവാള എന്ന ഗ്രാമത്തെയും അല്‍പമൊന്നറിയാനും എന്നിലൂടെ നിങ്ങള്‍ക്കു സാധിച്ചു എന്നതില്‍ എനിക്കു ചാരിതാര്‍ഥ്യമുണ്ട്‌.

എം.എസ്‌ രാജ്‌ എന്ന ബ്ലോഗറെക്കുറിച്ചു പറയുമ്പോള്‍, ഏതാനും ടെക്നിക്കല്‍ ബ്ലോഗുകളില്‍ അവിചാരിതമായി വന്നുപെട്ടിട്ടുണ്ട്‌ എന്നതല്ലാതെ ബ്ലോഗ്‌ എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ ഒന്നും തന്നെ അറിയുന്ന ഒരാളായിരുന്നില്ല അദ്ദേഹം. മുന്‍പു ഞാന്‍ പറഞ്ഞപോലെ മലയാളം ബ്ലോഗിങ്ങിന്റെ ആദ്യാക്ഷരം വളരെപ്പെട്ടെന്നു തന്നെ സ്വായത്തമാക്കി പലരെയും പോലെ ബ്ലോഗിലെ മഹാരഥന്മാരില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ്‌ അദ്ദേഹവും കടന്നു വന്നത്‌.

ഓലപ്പീപ്പിയെന്ന എനിക്ക്‌ സന്ദര്‍ശകര്‍ കുറവാണ്‌ എന്നത്‌ തര്‍ക്കമില്ലാത്ത കാര്യമാണ്‌. എന്നാല്‍ നന്ദകുമാര്‍, ശ്രീ, സ്മിത ആദര്‍ശ്‌ എന്നിങ്ങനെ തുടങ്ങുന്ന വളരെ ചെറിയ ഒരു സന്ദര്‍ശക വൃന്ദം ഈ യാത്രയില്‍ എന്നെ തനിച്ചല്ലാതാക്കുന്നു. ഇവരില്‍ ശ്രീയും നന്ദകുമാറും ദീപക് രാജും രാജിന്റെ അടുത്ത സുഹൃത്തുക്കളാണ്‌ എന്നതും ഓലപ്പീപ്പിയുടെ ഭാഗ്യമായി ഞാന്‍ കരുതുകയാണ്‌. ഇവരെക്കൂടാതെ കമന്റുകളിലൂടെയല്ലാതെ നിരന്തരം പ്രോല്‍സാഹിപ്പിക്കുന്ന ഒരു പിടി വായനക്കാരെയും ഈയവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.

ഇതിനിടയില്‍ വേരുറപ്പിക്കാന്‍ ശ്രമിച്ചുപോന്ന എന്നെ എന്റെ ഒടേക്കാരനില്‍ നിന്നും പിരിക്കാനും ചില തല്‍പര കക്ഷികള്‍ ശ്രമിക്കുകയുണ്ടായി. കമ്പനിയിലെ ഫയര്‍വാള്‍ ആണ്‌ ഇതിലെ പ്രധാന വില്ലന്‍. എങ്കിലും, ഇന്റര്‍നെറ്റ്‌ കഫേകളിലെ പോപ്‌-അപ്‌ മെസേജുകള്‍ നിറഞ്ഞ ബ്രൗസര്‍ വിന്‍ഡോയിലൂടെ എന്നെ പരിപാലിക്കാന്‍ രാജ്‌ എന്നും ശ്രദ്ധ കാണിച്ചിരുന്നു എന്നത്‌ സന്തോഷം നല്‍കുന്ന കാര്യമാണ്‌. തുടര്‍ന്ന് എല്ലാ പ്രതിബന്ധങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ട്‌ ഈയടുത്തകാലത്താണ്‌ ഞങ്ങള്‍ക്കിടയില്‍ തീമതിലുകളുടെ വിലക്കില്ലാത്ത ഒരു ബ്രോഡ്‌ബാന്‍ഡ്‌ ബന്ധം സ്ഥാപിതമായത്‌.

സുഹൃത്തുക്കളേ, ഞാന്‍ അധികം ദീര്‍ഘിപ്പിക്കുന്നില്ല. ഒരിക്കല്‍ക്കൂടി നിങ്ങള്‍ എന്നോടു കാട്ടിയ സ്നേഹത്തിന്‌ ആത്മാര്‍ഥമായ നന്ദി എന്റെ പേരിലും ശ്രീമാന്‍ രാജിന്റെ പേരിലും രേഖപ്പെടുത്തിക്കൊണ്ട്‌, എന്നിലര്‍പ്പിച്ച പ്രതീക്ഷകള്‍ ഞാന്‍ പാലിക്കുമെന്നു വാഗ്ദാനം ചെയ്തുകൊണ്ട്‌, നിങ്ങളുടെ ഏവരുടെയും സഹകരണം തുടര്‍ന്നും കാംക്ഷിച്ചുകൊണ്ട്‌ അടുത്ത പോസ്റ്റ്‌ അഥവാ കമന്റ്‌ വരെ ഓലപ്പീപ്പി ലോഗ്‌ ഓഫ്‌ ചെയ്തുകൊള്ളുന്നു.

നന്ദി, നമസ്കാരം, ജയ്‌ ബൂലോകം!

23 comments:

എം. എസ്. രാജ്‌ said...

ഓലപ്പീപ്പി ബ്ലോഗിന്റെ ഒരുവര്‍ഷം

അടുത്തതായി രണ്ടുവാക്കു സംസാരിക്കുന്നതിനായി ഓലപ്പീപ്പി ഡോട് ബ്ലോഗ്‌സ്പോട്ട് ഡോട് കോമിനെ ക്ഷണിച്ചുകൊള്ളുന്നു...

ദീപക് രാജ്|Deepak Raj said...

ഓലപീപ്പി എന്ന ബ്ലോഗില്‍ എന്താണ് എന്നെ ആകര്‍ഷിച്ചത് എന്നാല്‍ ആ പേരിലുള്ള നിഷ്കളങ്കത.. കാരണം കേരളത്തിനു പുറത്തു ജനിച്ചു വളര്‍ന്നു ജീവിക്കുന്ന ഞാന്‍ ഗ്രാമത്തില്‍ ചെല്ലുമ്പോള്‍ ഓലപ്പന്ത്‌, ഓലപമ്പരം, ഓലപീപ്പി എന്നിവ എന്നും കൌതുകം തരുന്നവയായിരുന്നു.. സത്യത്തില്‍ എം.എസ്.രാജിനെ അറിഞ്ഞപ്പോള്‍ സുഹൃത്തായി കിട്ടിയപ്പോള്‍ ഒരു നഗരത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിയെന്നതില്‍ ഉപരി ഗ്രാമത്തിന്‍റെ നൈര്‍മല്യം കാത്തുസൂക്ഷിക്കുന്ന ഒരു ചെറുപ്പക്കാരന്‍ എന്നതാണ് എനിക്കേറ്റവും സന്തോഷം തന്നത്..

തീര്‍ത്തും സത്യസന്ധമായ പെരുമാറ്റം.. തികച്ചും മേന്മയേറിയ കഥകള്‍ ഒട്ടും വളച്ച് കേട്ടലില്ലാതെ എഴുതുന്ന രീതി എല്ലാം നന്ന്..
കാരണം വളരെ അധികം ഒഴിവ് വേളകിട്ടുന്ന (പാര്‍ട്ട് ടൈം ജോലിയെ ചെയ്യുന്നുള്ളൂ.) ധാരാളം ബ്ലോഗുകള്‍ വായിക്കാറുണ്ട്..

പക്ഷെ ഒരിക്കല്‍ മരണത്തെകുറിച്ചു രാജ് എഴുതിയ ഒരു കഥ ഇന്നും മനസ്സില്‍ നില്ക്കുന്നു.. അതിന് ദീര്‍ഘമായ ഒരു കമന്റ് എഴുതിയില്ല.. എഴുതാനുവാവില്ല.. കാരണം ഒരു നല്ല വായന സുഖം എന്നതെന്ന് വായിച്ചു അറിഞ്ഞാലേ പറ്റൂ.. അത് വിശദീകരിക്കാന്‍ ആവില്ല...

ഇനിയും വരുന്ന വര്‍ഷങ്ങളില്‍ നല്ല കുറെ കഥകളുമായി വരട്ടെ . എന്ന് ആശംസിക്കുന്നു..
രാജെ.. ഫോട്ടോയെടുക്കാന്‍ ഒരു കഴിവ് തനിക്കുണ്ട്. ബാഗ്ലൂര്‍ ജീവിതത്തില്‍ കിട്ടുന്ന ചില അപ്രതീക്ഷിതവും രസകരമായ കാഴ്ചകളും ഫോട്ടോകളില്‍ സന്നിവേശിപ്പിക്കുക..

നന്നായി വരട്ടെ..

സ്നേഹത്തോടെ
(ദീപക് രാജ്)

വേണാടന്‍ said...

മറ്റൊരു കട്ടപ്പനക്കാരന്റെ അഭിനന്ദനങ്ങള്‍.....

ശ്രീ said...

ഒന്നാം വാര്‍ഷികത്തിന് ഹൃദയം നിറഞ്ഞ ‍അഭിനന്ദനങ്ങള്‍ രാജേ... :)

വ്യത്യസ്ഥമായ ഒരു വാര്‍ഷിക പോസ്റ്റ് തന്നെ. ഇനിയും ഇനിയും മുന്നോട്ട് പോകുവാന്‍ ഓലപ്പീപ്പിയ്ക്കും രാജിനും ആശംസകള്‍ നേരുന്നു.

Cartoonist said...

രാജെ,
ഏകവര്‍ഷകുതൂഹലേ
മമ അഭിനന്ദന പ്രവാഹേ
(സംസ്ക്കൃതം ഇനീം വെയ്റ്റ് കൂട്ടും എന്ന് ബ്ലോശ്രുതി)

നന്ദരായര്‍ പറഞ്ഞാണ് ഈ എത്തിനോട്ടം.
മുയ്മന്‍ വായിച്ചോളാം, പയ്യെ.

എന്റെ ഊണേശ്വരത്തിന്റെ ഒന്നാം വര്‍ഷം ഇതുപോലെ ആഘോഷിക്കാന്‍ പറ്റീല്യ. സകുടുംബം ഭാവനാദാരിദ്ര്യം അനുഭവിക്കയായിരുന്നു.

എഴുതിത്തകര്‍ക്കൂന്ന് :)

ഏകാന്ത പഥികന്‍ said...

ഒന്നാം പിറന്നാളുകാരന്‌ ഒരു നവജാത ശിശുവിന്റെ ആശംശകൾ. ഇനിയും നല്ല പോസ്റ്റുകൾ എഴുതാൻ ദൈവം സഹായിക്കട്ടെ...

എന്ന് സ്നേഹപൂർവ്വം
ഏകാന്തപധികൻ

കാന്താരിക്കുട്ടി said...

ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന ഓലപ്പീപ്പി ബ്ലോഗ്ഗിനു ഏതാനും കടല മുട്ടായിയും നാരങ്ങാ മുട്ടായിയും ഞാനിവിടെ വെച്ചേച്ചു പോകുന്നു..ഷഷ്ഠി പൂർത്തി ആഘോഷിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...

ആദര്‍ശ് said...

ഓലപ്പീപ്പിക്ക് എല്ലാവിധ ആശംസകളും ........!
ഒപ്പം സ്രഷ്ടാവ്‌ രാജിന് അഭിനന്ദനങ്ങളും ,ക്രിസ്തുമസ് -പുതുവത്സര ആശംസകളും നേരുന്നു..

അപ്പു said...

Great Presentation!!

All the best on your first anniversary!

G.manu said...

ഒന്നാം വാര്‍ഷികത്തിനു ഒരുപാട് ആശംസകള്‍

അടുത്ത വര്‍ഷം ഇതിലും തിളങ്ങട്ടെ..

തോന്ന്യാസി said...

രാജ്...

വ്യത്യസ്തമാമൊരു ഓലപ്പീപ്പി ബ്ലോഗിനെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല....

ഒന്നാം വാര്‍ഷികാശംസകള്‍

പോങ്ങുമ്മൂടന്‍ said...

ഓലപ്പീപ്പിയ്ക്കും പീപ്പിയുടെ അച്ഛനും പിറന്നാളാശംസകൾ :)

തുടരുക. ഉയരുക.

Rare Rose said...

ഒന്നാം പിറന്നാളുകാരനായ ഈ ഓലപ്പീപ്പിയെ ഞാനിപ്പോഴാണല്ലോ കണ്ടത്...അപ്പോളിനീം പുത്യ പുത്യ പോസ്റ്റുകളൊക്കെയായി മിടുക്കന്‍ പീപ്പിയായി വരട്ടെ...:)

Sarija N S said...

പ്രീയപ്പെട്ട ഓലപീപ്പിക്ക്,
കഴിഞ്ഞ പോസ്റ്റ് വായിച്ചപ്പോള്‍ കമന്‍റിടാന്‍ പോലും പറ്റാത്ത മാനസികാവസ്ഥയിലേക്കു വീണു പോയി. വൈകിയെങ്കിലും പിറന്നാളാശംസകളോടൊപ്പം നല്ല എഴുത്തിനുള്ള അഭിനന്ദനങ്ങളും അറിയിക്കുന്നു.

“പൂക്കുടയില്‍ വീണ ഇല എടുത്തുകളയാന്‍ തുനിയവേ, കാറ്റിലുലഞ്ഞുപെയ്ത മരം എന്നെ നനയിച്ചു.“

ഓലപീപ്പിയുടെ താളുകള്‍ ഇനിയും മനോഹരമായ വരികളെക്കൊണ്ട് നിറയട്ടെ

സ്മിത said...

ഒന്നാം പിറന്നാള്‍ ആശംസകള്‍

ഉപാസന || Upasana said...

പ്രിയ രാജ്,

തുറന്നു പറയട്ടെ. ഞാന്‍ വായിക്കുന്ന താങ്കളുടെ ആദ്യപോസ്റ്റാണ് ഇത്. അവിടവിടെ ചില കമന്റുകള്‍ “എമെസ്.രാജ്” എന്ന പേരില്‍ കണ്ടിട്ടുണ്ടെന്നല്ലാതെ താങ്കള്‍ ഒരു ആക്ടീവ് ബ്ലോഗ്ഗര്‍ ആണെന്ന് (അതും ബാംഗ്ലൂരില്‍ തന്നെയുള്ള) എനിയ്ക്കറിയില്ലായിരുന്നു.

എന്റെ റീസന്റ് പോസ്റ്റ് “സനീഷ് ഡ്രൈവിങ്ങ് സ്കൂള്‍” ന് താങ്കള്‍ കംന്റ് ഇട്ടപ്പോഴാണ് ഇതാര് എന്ന് നോക്കി കയറിയത്. അപ്പോ കണ്ടത് “കസ്റ്റമറുടെ സന്തോഷം” എന്ന ടൈറ്റിലിന് താഴെ ഒരു “സ്ക്രീന്‍ ഷോട്ട്”. അത് ശ്രദ്ധിച്ചില്ല.
പക്ഷേ... താങ്കളുടെ ബ്ലോഗിന്റെ പേരും അതിന് താഴെയുള്ള ഒറ്റ വരി വാചകവും എന്റെ മനസ്സില്‍ കിടന്നു.

“ഓലപീപ്പി“ “ആരോ വിദൂരത്തിരുന്നു പീപ്പിയൂതുന്നു”

ഹെഡിങ്ങിന് നല്ല ക്രിയേറ്റിവിറ്റിയുണ്ട്..!

ഇന്നിപ്പോഒരു ബ്ലോഗ്ഗര്‍ അയച്ച അഡ്രസ്സ് കണ്ടപ്പോ ഞാന്‍ തിരിച്ചറീഞ്നു ഓലപീപ്പിയെ. കയറി വന്നു വായിച്ചു.
വാര്‍ഷികത്തിന് ആശംസകളര്‍പ്പിക്കാന്‍ ഉപാസനയും.
:-)
സുനില്‍ || ഉപാസന

അനില്‍@ബ്ലോഗ് said...

ആശംസകള്‍.

smitha adharsh said...

ഓലപീപ്പി...ഞാന്‍ വൈകി..സോറി..കണ്ണിന്റെ ഫ്യൂസ് അടിച്ച് പോയിരിക്കുകയായിരുന്നു.അതാണ്‌ വരാന്‍ വൈകിയത്..അപ്പൊ,ബിലേറ്റഡ് ഹാപ്പി ബര്ത്ഡേ...
ദീപക് രാജ് പറഞ്ഞതു പോലെ,ഈ "ഓലപീപ്പി" എന്ന പേര് തന്നെയാണ്,ഈ ബ്ലോഗിലേയ്ക്ക്‌ എന്നെയും ആകര്‍ഷിച്ചത്. ഇനിയും വരാം..ഓലപീപ്പിയുടെ ജൈത്രയാത്ര തുടരട്ടെ..ആശംസകള്‍..

Nichu said...

Hi...
Have gone through all your posts... This is the first time i'm posting a comment... Belated happy Birthday... Iniyum nalla postukal ezhutan kazhiyathe ennu praarthikkunnu... :)

മോഹനം said...

ഞാന്‍ വൈകിയോ... ഹേയ്

എന്നാലും ?

ഓകെ

പിറന്നാള്‍ ആശമ്സകള്‍ 

എം. എസ്. രാജ്‌ said...

ദീപക് രാജ്,
തുടര്‍ന്നും താങ്കളുടെ പ്രോത്സാഹനവും സൌഹൃദവും സഹായങ്ങളും പ്രതീക്ഷിക്കുന്നു. :)

വേണാടന്‍, നന്ദി :)

ശ്രീ, ഈ ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ അര്‍മ്മാദിച്ചയാള്‍ താങ്കള്‍ ആണെന്നതിനാല്‍ അതിന്റെ പേരില്‍ പ്രത്യേക പുരസ്കാരം ഉണ്ട്. :)

കാര്‍ട്ടൂണിസ്റ്റ് മാഷേ, സമ്പ്രതി ബ്ലോഗാഹ ശുയന്താം.. :)

ഏകാന്തപഥികന്‍, നമുക്കൊന്നിച്ചു നീങ്ങാം :)

കാന്താരിക്കുട്ടി, ആശംസകള്‍ക്കു നന്ദി. മുട്ടായി ദേ ശ്രീ തട്ടിപ്പറിച്ചോണ്ടു പോയി.. ങീ ങീ... :)

ആദര്‍ശ്, ആശംസകള്‍ക്കു നന്ദി :)

അപ്പു, thank you :)

G.manu മാഷെ, ദേ, ഇങ്ങോട്ടിരുന്നാട്ടെ, നന്ദപര്‍വ്വന്‍ ഇപ്പൊ കുപ്പിയുമായി വരും. അതു കഴിഞ്ഞേച്ച് പോയാ മതി. :)

തോന്ന്യാസീ, :)

പോങ്ങുമ്മൂടന്‍ മാഷേ, ഹൃദ്യമായ നന്ദി. :)

Rare Rose, thank you :)

Sarija NS, ഭാവുകങ്ങള്‍ക്കു നന്ദി :)

സ്മിത, നന്ദി! :)

ഉപാസന, നന്ദി, വീണ്ടും വരണം!!! :)

അനില്‍@ബ്ലോഗ്, നന്ദി :)

സ്മിത ടീച്ചറെ, കണ്ണു നന്നായല്ലോ അല്ലേ? മംഗളങ്ങള്‍ക്കു നന്ദി :)

Nichu, വീണ്ടും വരണം, വായിക്കണം, അഭിപ്രായങ്ങള്‍ അറിയിക്കണം. നന്ദി :)

മോഹനം, ഒട്ടും വൈകിയിട്ടില്ല. ആശംസകള്‍ക്കു നന്ദി. :)

മാണിക്യം said...

ഒന്നാം പിറന്നാള്‍ ആശംസകള്‍
Its better to be late than never
എന്നാ സായിപ്പ് പറഞ്ഞിരിക്കുന്നത് ...
ഈ ഓലപ്പീപ്പി ഞാന്‍ ഇടയ്ക്കിടക്ക് ഊതുന്നതല്ലെ??
നന്മകള്‍ നേര്‍ന്നു കൊണ്ട് പ്രാര്‍ത്ഥനയൊടെ മാണിക്യം...

എം.എസ്. രാജ്‌ said...

താങ്ക്യു മാണിക്യം....! :)