Friday, April 04, 2008

മൈലേജ്‌

അങ്ങനെ സുത്തി തന്‍റെ ഒരു വലിയ ആഗ്രഹം സാക്ഷാല്‍ക്കരിക്കാന്‍ തയ്യാറെടുത്തു. ആ, ഒരു ബൈക്ക്‌ വാങ്ങുന്നതേ! സ്വന്തം ശരീരപ്രകൃതി കൂടി കണ്ടിട്ടാവും 150 സിസി ബൈക്കേ എടുക്കൂ എന്നാണു തീരുമാനം. ടിവിഎസ്‌ അപ്പാച്ചെയോടുള്ള താല്‍പര്യക്കുറവും റോഡിലേക്കു നോക്കിയാല്‍ ബജാജ്‌ പള്‍സറേ കാണാനുള്ളൂ എന്ന യാഥാര്‍ഥ്യവും ചേര്‍ത്ത്‌ അവ രണ്ടിനേം ആദ്യം തന്നേ ലിസ്റ്റില്‍ നിന്നും വെട്ടി. മിച്ചം വന്നത്‌ ഹോണ്ട യൂണികോണും ഹീറോ ഹോണ്ട സി.ബി.ഇസഡും ഹങ്കും. കൂട്ടിക്കിഴിച്ചു വന്നപ്പോള്‍ ഹങ്കിനാണു നറുക്കു വീണത്‌. പുള്ളി ഇച്ചിരെ വെറൈറ്റി വേണമെന്നുള്ള കൂട്ടത്തിലാന്നേ. അഞ്ഞൂറു രൂപാ മുടക്കി വണ്ടീം ബുക്കു ചെയ്ത്‌ ആദ്യരാത്രി സമാഗതമാവാന്‍ കാത്തിരിക്കുന്ന മണവാളനെപ്പോലെ സുത്തി സ്വപ്നം കണ്ടു നടന്നു.

ഇതിനിടെ വാങ്ങാന്‍ പോകുന്ന വണ്ടിയെപ്പറ്റി പല കമന്‍റുകളും കേട്ടു തുടങ്ങി. ഹീറോ ഹോണ്ട ഹങ്കിന്‍റെ മുന്‍വശവും പിന്‍വശവും രണ്ടു ടീമുകളാണ്‌ ഡിസൈന്‍ ചെയ്തത്‌ എന്നും അതിനാല്‍ ഇരുഭാഗങ്ങളും തമ്മില്‍ ഒരു സ്വരച്ചേര്‍ച്ചയില്ലെന്നും വരെ ആള്‍ക്കാര്‍ സുത്തിയോട്‌ കുശുമ്പു പറഞ്ഞു. പിന്‍സീറ്റ്‌ മഹാ പോക്കാ, അവിടെയുമിവിടെയുമെല്ലാം കൂര്‍ത്തും മുഴച്ചും നില്‍ക്കുന്ന മാതിരിയാ അതിന്‍റെ വെച്ചുകെട്ടലുകള്‍ എന്നൊക്കെ കേട്ടു. എന്നാലും, 'എന്തൊക്കെ സംഭവിച്ചാലും സീമേ, നിന്നെ ഞാന്‍ കെട്ടും.....' എന്ന മാതിരി നിലപാടില്‍ നിന്നുകൊണ്ടാണു സുത്തി വണ്ടി ബുക്ക്‌ ചെയ്തത്‌.

അങ്ങനൊരുനാള്‍ ഡേവും സുത്തിയും മറ്റു സഹപ്രവര്‍ത്തകരും തമ്മില്‍ വാഹനവിശേഷങ്ങളൊക്കെ പറഞ്ഞിരിക്കുമ്പോള്‍ ഡേവച്ചായന്‍ ഒരു ചോദ്യം:

"എടാ സുത്തീ, നീയേതു കളറാടാ ബുക്കു ചെയ്തേ? ചൊമലയാണോടാ..?"

സുത്തി ചോദ്യം കേട്ട പാടെ ഒന്നു പകച്ചെങ്കിലും ഉടന്‍ കാര്യം മന്‍സ്സിലാക്കി. ബുക്കു ചെയ്ത വണ്ടിയുടെ കളറൊന്നുമല്ല ഇവിടെ വിഷയം.

ട്രേന്‍....ങ്‌...ന്‍ (ഒരു ഫ്ലാഷ്ബായ്ക്ക്‌).

ഇന്നാളൊരു ദിവസം - ഒരു വ്യാഴാഴ്ച്ചയാണതു സംഭവിച്ചത്‌. മനസ്സുകൊണ്ട്‌ ഒരു കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടൊന്നുമല്ല, അവന്‌ ആ ചൊമന്ന ഷര്‍ട്ട്‌ ഭയങ്കര ഇഷ്ടമാ. അതും നല്ല തീക്കളറ്‌. വെയിലത്താണേല്‍ കാഴ്ച്ചക്കാരനെ കണ്ണുപൊത്തിക്കുന്ന ഇനം. അതിന്‍റെ കൂടെ ആ വെള്ള പാന്‍ട്സിടുന്നതാ അവനിഷ്ടം. അതാവുമ്പോ നല്ല സുഖമാ. ചന്തീം തുടയുമൊക്കെ നല്ല ടൈറ്റ്‌ ഫിറ്റ്‌. പിന്നില്‍ രണ്ടു പോക്കറ്റ്‌. താഴേക്കു പോകുംതോറും ലൂസ്‌ അങ്ങനെ കൂടിക്കൂടിവരും. സുത്തിക്കാണെങ്കില്‍ ഈ വേഷം വ്യാഴാഴ്ച്ച ധരിക്കാനാണ്‌ താല്‍പര്യം. അതിന്‍റെ പിന്നില്‍ എന്തെങ്കിലും ഹിഡന്‍ അജന്‍ഡ ഉണ്ടോ എന്നറിയില്ല. ആ ദിവസം, അന്ന്‌ അന്ന്‌ സുത്തി - ഉണ്ണിക്കുടവയറനും തടിയനും ശരാശരി പൊക്കക്കാരനുമായ നമ്മുടെ സ്വന്തം സുത്തി - ഓഫീസിനു മുന്നില്‍ നിര്‍ത്തിയ ഓട്ടോയില്‍ നിന്നും തന്‍റെ വാഴപ്പിണ്ടിക്കാലുകള്‍ മുറ്റത്തേക്കിറക്കി വച്ചപ്പോള്‍ ... "ബെന്‍സ്‌ വാസ്സൂ...." എന്നൊരു വിളി.

ആരാ? ആ, ആരാണേലെന്നാ? അതു കൊള്ളേണ്ടടത്തു കൊണ്ടു.

അതാണു 'ചൊമലയാണോടാ' എന്നു അച്ചായന്‍ ചോദിച്ചപ്പോള്‍ സുത്തി ഓര്‍മ്മകളെ ഒന്നു റീവൈന്‍റ്‌ അടിച്ചത്‌.

ചിറി കോട്ടി, സ്വരത്തില്‍ ആവതു പുച്ഛം കലര്‍ത്തി സുത്തി മൊഴിഞ്ഞു: "അല്ല, ചൊമലയല്ല, കറപ്പാ!, എന്നാ? ഏഹ്‌?"

ഡേവ്‌ മേടിച്ചേ അടങ്ങൂ. ദേ വന്നു അടുത്ത ചോദ്യം: "ഹതെന്നാടാ ചൊമല എടുക്കാഞ്ഞേ?"

ഡേവച്ചായന്‍റെ മുഖത്തു വീണ്ടും ജഗദീഷ്‌ സ്റ്റൈല്‍ ചിരി. കണ്ണില്‍ ഇരയെക്കിട്ടിയ പൂച്ചയുടെ ത്രില്‍.

ഉടന്‍ വന്നു സുത്തിയുടെ മറുപടി, അതേ നാണയത്തില്‍-

"അതേ, ചൊമല വണ്ടിക്കേ മൈലേജ്‌ കൊറവാ, അതുകൊണ്ടാ കറപ്പുവണ്ടി ബുക്കു ചെയ്തെ."

ദേ, ആരും നിനച്ചിരിക്കാതെ അച്ചായന്‍ സീരിയസ്‌ ആകുന്നു. ആ മുഖത്തു സംശയത്തിന്‍റെ അലയൊലികള്‍ നിറഞ്ഞു. പിന്നെ വന്ന ചോദ്യം കേട്ട്‌ എല്ലാവരും പകച്ചു നിന്നു-

"അതെന്നാഡാ, കറത്ത വണ്ടിക്കല്ലേ മൈലേജു കൊറവ്‌?"

ഇനി നിങ്ങളു പറ, ആരാ ഹീറോ?

1 comment:

Neethu said...

സുത്തിയെ വിവരിച്ചു കൊന്നു.
അച്ചായനെ ക്ലൈമാക്സില്‍ കൊന്നു!

ഹീറോ?
ഒന്നും പറയാനില്ല മാഷെ!
ചിലരങ്ങനെയാ.. സമാധാനിക്ക്‌!