ഒരു ഒനിഡ വാഷിംഗ് മെഷീന്‍. കപ്പാസിറ്റി 5 കിലോ ആണെന്നു തോന്നുന്നു. സമാന്യം നല്ല പഴക്കം ഉണ്ടെങ്കിലും കാഴ്ചയില്‍ പ്രായം തോന്നില്ല. ആ സാധനം പക്ഷേ ബോബിസാറിന്‍റെ ശിഷ്യര്‍ക്കൊന്ന് ഉപ്പു നോക്കാന്‍ കൂടി കിട്ടിയില്ല. അതിന്‍റെ റിപ്പയറിങ്ങെന്ന അവകാശം ബോബിസാര്‍ സ്വന്തം കുത്തകയാക്കി സൂക്ഷിച്ചു.
ശനിയാഴ്ചയും ഞായറാഴ്ചയും എന്നുവേണ്ട പറ്റുമെങ്കില്‍ ഇടദിവസങ്ങള്‍ രാത്രിയിലും എല്ലാം ബോബിസാര്‍ ആ അലക്കുയന്ത്രത്തെ മെരുക്കാന്‍ ശ്രമിച്ചുപോന്നു. അതിന്‍റെ മോട്ടോറും മറ്റു മെക്കാനിക്കല്‍ ഘടകങ്ങളുമെല്ലാം അദ്ദേഹത്തിന്‍റെ കരവിരുതില്‍ ഒന്നൊന്നായി ശ്വാസമെടുക്കാന്‍ തുടങ്ങി. വയറിംഗ് ഫുള്ളെ മാറ്റിച്ചെയ്തു. അതിന്‍റെ ബോഡി വര്‍ക്‌ഷോപ്പിലെ സിമന്‍റുതറയിലിട്ട് ഉരുട്ടിയും നിരക്കിയും ചീകിയും ചിരണ്ടിയും നശിപ്പിച്ചു. എന്നിട്ടു സ്പ്രേ പെയിന്‍റുചെയ്ത് കുട്ടപ്പനാക്കിയെടുത്തു.
ഇത്രേം ഒപ്പിച്ചെടുത്തെങ്കിലും പുള്ളിക്കാരന്‍റെ കയ്യില്‍ നില്‍ക്കാത്ത ഒരു സാധനമുണ്ടായിരുന്നു - അതിന്‍റെ കണ്ട്രോള്‍ ബോര്‍ഡ്. മറ്റു യന്ത്രഭാഗങ്ങളില്‍ നിന്നും കണക്ടറുകളെല്ലാം വേര്‍പെടുത്തിയിട്ട് ബോര്‍ഡ് കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കിയപ്പോള്‍ പുള്ളിക്കാരന് ബോര്‍ഡ് യന്ത്രത്തിനൊരു അധികപ്പറ്റായിത്തോന്നിയോ എന്തോ?
എന്തായാലും നന്നാക്കണമല്ലോ? പിന്നെ അതിന്‍റെ ഫേസും ന്യൂട്രലും എര്‍ത്തുമൊക്കെ തപ്പിപ്പിടിച്ച് ഗുസ്തി അതിനുമേലായി. മോട്ടോറിലേക്കുപോകുന്ന ഔട്ട്‌പുട്ടില്‍ 60 വാട്ട്‌സിന്‍റെ ഒരു ബള്‍ബ് പിടിപ്പിച്ച് ആശാന്‍ ഈ ഇ-നിയന്ത്രണപ്പലകയെ അനുസരണ പഠിപ്പിക്കാന്‍ തുടങ്ങി. മള്‍ടിമീറ്റര്‍ വെച്ച് കണ്ടിന്യൂയിറ്റി ടെസ്റ്റ് ചെയ്തും ഓരോ മോഡ് മാറ്റുമ്പോഴും അനുയോജ്യമായ എല്‍.ഇ.ഡി. ഇന്‍ഡിക്കേറ്ററുകള്‍ കത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയും പണി കൊഴുത്തു. വാഷിംഗ് മെഷീന്‍ ഒന്നു രണ്ടു മോഡുകളില്‍ വര്‍ക്കുചെയ്യുന്നില്ല എന്നു കക്ഷി ഇതിനിടെ കണ്ടെത്തി. മറ്റു മോഡുകളില്‍ സംഭവം ജോറാണെന്ന് ബള്‍ബ്ബിന്‍റെ മിന്നിയും കെട്ടുമുള്ള പ്രവര്‍ത്തനത്തിലൂടെയും മറ്റും ഉറപ്പാക്കി. ടി ബോര്‍ഡിന് ബള്‍ബ്ബിനെ മാത്രമല്ല മോട്ടോറിനെയും പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് പകരം മോട്ടോര്‍ തന്നെ വെച്ചു നോക്കി ബോധ്യപ്പെട്ടു. അപ്രകാരമുള്ള ഒരു പരീക്ഷണയോട്ടത്തിനിടയില്‍ ആശാന്‍ സ്വിച്ച് ഓണാക്കിയതും പമ്പരം കറങ്ങുന്നതുപോലെ തറയില്‍ക്കിടന്നു മോട്ടോര്‍ ഒരു കറക്കം. അതു പാഞ്ഞുവന്ന് ആശാന്‍റെ കാലേലെങ്ങും കേറാഞ്ഞതു നന്നായി.
പക്ഷേ, ആ പലകയില്‍ സോള്‍ഡര്‍ ചെയ്തുറപ്പിച്ചിരുന്ന ഒരൊറ്റ റെസിസ്റ്റര്‍ - കപ്പാസിറ്റര്‍ -ട്രാന്‍സിസ്റ്റര്‍ കുണ്ടാമണ്ടികളിലും കൈ വയ്ക്കാന്‍ പുള്ളിക്കൊത്തില്ല. കാരണം ആ ബോര്‍ഡിലെ ഘടകഭാഗങ്ങളെയെല്ലാം സീല്‍ ചെയ്ത മാതിരി എം.ആര്‍.ഫെവിക്കോള്‍ ഉറഞ്ഞുകൂടിയതുപോലത്തെ ഒരു വസ്തു കൊണ്ട് കട്ടിയുള്ള ഒരാവരണം നല്‍കിയിട്ടുണ്ടായിരുന്നു. പിന്നെ കുത്തിയിരുന്ന് അതെല്ലാം കുത്തിയിളക്കി പരിശോധിക്കലായി. നമ്മളെക്കൊണ്ടാവില്ലിപ്പണി എന്നു മനസ്സിലായതോടെ ബോര്‍ഡ് ഒരു ഇലക്ട്രോണിക്സ് സര്‍വ്വീസ് സെന്‍ററില്‍ കൊണ്ടുകൊടുത്തു.
"ഇതെന്നാത്തിന്‍റെ ബോര്‍ഡാ?" മെക്കാനിക്കിന്‍റെ ചോദ്യം.
"ദ്.. ഒരു വാഷിംഗ് മെഷീന്‍റെ ബോര്‍ഡാണ്". ഇതിനെന്താ കുഴപ്പം എന്നയര്‍ത്ഥത്തില്‍ മെക്കാനിക്ക് ബിജു അതു തിരിച്ചും മറിച്ചും നോക്കിയപ്പോള്‍ ബോബിസാര്‍ കാര്യം പറഞ്ഞു.
"ഈ സ്വിച്ച് പവ്വര്‍ ആണ്. ഇതാണ് മോഡ് സ്വിച്ച്. ഇതില്‍ മൂന്നു പ്രാവശ്യം ഞെക്കിക്കഴിയുമ്പോള്‍ ദേ ആ ഔട്ട്‌പുട്ട് ലൈനില്‍ വിട്ട് വിട്ട് പവ്വര്‍ വരണം. ഇപ്പോള്‍ ദ് വര്‍ണില്ല." ഒറ്റ ശ്വാസത്തില്‍ കാര്യം മനസ്സിലാക്കിക്കൊടുത്തു.
"അതിനു മോട്ടറൊന്നുമില്ലാതെയെങ്ങനെയാ.." ബിജുച്ചേട്ടനു സംശയം.
"ഹൈയ്, അതിനൊര് ബള്‍ബിട്ടു നോക്കിയാ മതീന്ന്!" കളി കൊളവിയോടാ എന്നമട്ടില്‍ ബോബിസാറിന്‍റെ ഉത്തരം.
"അപ്പോ, ലോഡ് - ആമ്പിയറേജ് പ്രശ്നമാവത്തില്ലിയോ?" വീണ്ടും ബിജു ചെട്ടന്‍ സംശയാലുവായി.
"ഹൈയ്, അതൊന്നു വര്‍ക്ക് ചെയ്യിച്ചു താന്ന്. ബാക്കി പിന്നെയല്ലേ?"
അങ്ങനെ മുപ്പതു രൂപ മുടക്കില്‍ - ഡയാക്കാണോ അതൊ ട്രയാക്കണോ - ആ സുനാപ്പി മാറ്റിയിട്ടതോടെ ബള്‍ബും ബോബിസാറിന്‍റെ മനസ്സും ഒരുപോലെ തെളിഞ്ഞു. 'മോട്ടര്‍' പ്രവര്‍ത്തിപ്പിച്ച് സംഗതി ഭദ്രമാണെന്നുറപ്പു വരുത്തി. പാച്ച് വര്‍ക്ക് മുഴുവന്‍ തീര്‍ത്തു. പടികയറിവന്നപ്പോള്‍ ഇളംപച്ചനിറമായിരുന്ന വാഷിംഗ് മെഷീനെ ബോഡിയും പ്ലാസ്റ്റിക് ടോപ്പും എല്ലാം ക്രീമിവൈറ്റ് നെരോലാക് പെയിന്‍റടിച്ചു കുട്ടപ്പനാക്കി. അഭിമാനപൂര്‍വ്വം തലയുയര്‍ത്തിനിന്ന് ശിഷ്യരെയും സഹപ്രവര്‍ത്തകരെയും തന്‍റെ പ്രയത്നഫലത്തിന്‍റെ ഡെമോ കാണിച്ചു.
ഈ വാഷിംഗ് മെഷീന്‍ സ്വന്തം ഭാര്യവീട്ടിലേക്ക് എന്നു മുതലാളി തീരുമാനിച്ചു കഴിഞ്ഞിരുന്നു. ദിനവും വര്‍ക്‌ഷോപ്പിലെ ആസ്ബറ്റോസ് മേല്‍ക്കൂരയ്ക്കുകീഴില്‍ വിയര്‍ത്തുമുഷിഞ്ഞു പണിയെടുക്കുന്ന തന്‍റെ ഷര്‍ട്ടും പാന്‍റ്‌സും ഒന്നലക്കാന്‍ ബോബിസാറിന് അവസരം കിട്ടുന്നതിനും മുന്‍പേ മുതലാളി ബോബിസാറിനെ വിളിച്ചു യന്ത്രത്തിന്‍റെ സ്റ്റാറ്റസ് അന്വേഷിച്ചു.
"വാഷിംഗ് മെഷീനല്ലേ, അതോക്കെയാണ്" എന്ന ബോബ്ബിസാറിന്‍റെ മറുപടി കേട്ട സാര്‍ ഉടന്‍ തീരുമാനം പറഞ്ഞു - "എന്നാല്‍ നമുക്ക് അടുത്ത ദിവസം വെള്ളയാംകുടിക്കു കൊണ്ടുപോയേക്കാം, എന്താ?"
"ആയിക്കോട്ടെ സാറേ". സ്വന്തം പ്രൊഡക്റ്റ് ലോഞ്ച് ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത ബോബിസാറിനെ എത്രമാത്രം സന്തോഷിപ്പിച്ചോ ആവോ?
ഒരു ദിവസം വൈകുന്നേരം പണിയൊക്കെ കഴിഞ്ഞു വെറുതെ കത്തിവെച്ചിരിക്കുമ്പോള്‍ ബോബിസാര്‍ കമ്പനി ടൂവീലറിന്‍റെ ചാവിയുമെടുത്ത് പുറത്തേക്കു നടന്നു. കെ ഇ ആര്‍ റെജിസ്ട്രേഷന്‍ സീരീസിലുള്ള ആ ഐ എന്‍ ഡി സുസുകിയ്ക്ക് പഴയ യമഹാ ആര്‍ എക്സ് 100-ന്‍റെ ശബ്ദമാണ്. നല്ല പുള്ളിങ്ങും താഴ്‌ന്ന മൈലേജുമുള്ള ആ ശകടം അഞ്ചു കിക്കുകള്‍ക്കുള്ളില്‍ സ്റ്റാര്‍ട്ടാക്കാന്‍ ബോബിസാറിനു മാത്രമേ അറിയൂ. ബൈക്ക് എരപ്പിച്ചു നിര്‍ത്തി ബോബിസാര്‍ എന്നെ വിളിച്ചു. സംശയത്തോടെ ഞാന്‍ കാര്യമന്വേഷിക്കാന്‍ ചെന്നപ്പോള്‍ 'വാ കയറ്, നമുക്കി ടൗണീ വരെ പോയേച്ചു വരാം' എന്നു പറഞ്ഞു. ഞാന്‍ കയറി.
"ഇവിടെയേ ഈ വാഷിംഗ് മെഷീന്‍ ഒക്കെ വില്‍ക്കുന്ന മെയിന്‍ കട ഏതാ?" പുള്ളീടെ ചോദ്യം.
"എന്നാത്തിനാ?"
"നമുക്കവിടെ വരെയൊന്നു പോണം. ക്ക്‌ര് ആവശ്യ്ണ്ട്."
ഞാന്‍ കട്ടപ്പനയിലെ ഒരു പ്രധാന സ്ഥാപനത്തിന്‍റെ പേരു പറഞ്ഞു.
"അവിടെ ആരേയേലും പരിചയമുണ്ടോ?"
"ഇല്ല..ആട്ടെ, എന്നാ വാങ്ങാനാ?"
"ഒരു സാധനം കിട്ടുമോന്നു നോക്കണം. ആഹ്, മ്‌ക്ക് നോക്കാം" അപ്പോഴും എന്‍റെ ചോദ്യം ഉത്തരമില്ലാതെ നിലകൊണ്ടു.
കടയില്‍ പോയി മൂപ്പര്‍ സംഗതി ഒക്കെ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. അതൊക്കെ കസ്റ്റമേഴ്സ് തന്നെ കൊണ്ടുപോകും എന്ന് അവിടുത്തെ ഒരു സെയില്‍സ്മാന്‍ ബോബിസാറിനോട് പറയുന്നതു ഞാന്‍ കേട്ടു. പിന്നീട് എന്തൊ ഒരു കാറ്റലോഗ് ആണു പുള്ളി അന്വേഷിക്കുന്നതെന്ന് എനിക്കു മനസ്സിലായി.
തുടര്‍ന്നു വന്ന അവധിദിവസം അലക്കുയന്ത്രം സാറിന്‍റെ ഭാര്യവീട്ടിലെത്തി. ബോബി എന്ന മെക്കാനിക്കിന്‍റെ, വയര്‍മാന്‍റെ, പെയിന്‍ററുടെ, അദ്ധ്വാനിയുടെ അഭിമാനസ്തംഭമായി അലക്കുയന്ത്രം ഡെലിവര്‍ ചെയ്തു. അതു കൊണ്ടുപോകുമ്പോള്‍ ഞാന്‍ കൂടെച്ചെല്ലാമോ എന്നു ബോബിസാര്‍ എന്നോടു ചോദിച്ചു. മുതലാളിയുടെ ഒമ്നിയിലാണ് സാധനം കൊണ്ടോണത്. വേണമെങ്കില്‍ ബൈക്കും എടുക്കാം എന്നു പറഞ്ഞ് എന്നെ പ്രലോഭിപ്പിക്കുകയും ചെയ്തു. പക്ഷേ, ആ പണിക്കു പോയാല്‍ വൈകുന്നേരം 6.50-നുള്ള റ്റി എം എസ്സ് ബസ്സ് പോയിട്ട് പാതിരാത്രിയില്‍ പോലും വീട്ടിലെത്തുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ഞാന്‍ തന്ത്രപൂര്‍വ്വം ഒഴിവായി. കൂടാതെ ബോര്‍ഡുനന്നാക്കാന്‍ കൊടുക്കലും വാങ്ങലുമൊക്കെയായി ബോബിസാറിന്‍റെ പിന്‍സീറ്റ് യാത്ര ഞാന്‍ കുറെ നടത്തിക്കഴിഞ്ഞിരുന്നു. അപ്പോഴും ബോബിസാര്‍ കാറ്റലോഗു കിട്ടാത്തതിന്‍റെ വിഷമം 'ശ്ശെ' എന്നും 'എന്തു ഛെയ്യും' എന്നുമുള്ള രണ്ടു പതിവു ശൈലികള്‍ ചേര്‍ത്തു പ്രകടിപ്പിച്ചു.
"ബോബീ, നമുക്കാ വാഷിംഗ് മെഷീനങ്ങു കൊണ്ടുപോയേക്കാം, എന്താ?" വൈകിട്ടത്തെ പതിവുതിരക്കുകള്‍ തീര്‍ന്നപ്പോള്‍ മുതാലാളിയുടെ ചോദ്യം.
"ശരി സാറെ, പോയേക്കാം" അതു പറയുമ്പോള്‍ ബോബിസാറിന്‍റെ സ്വരത്തില്‍ എന്തോ ഒരു വിശ്വാസക്കേട്, ഒരു പന്തികേട്. സാര്‍ ചോദിച്ചു- "എന്താ ബോബീ, അവിടെച്ചെല്ലുമ്പോഴേക്കും മെഷീന്‍ കണ്ണടയ്ക്കുമോ?"
"ഇല്ല സാറെ, ഞാന്‍ വര്‍ക്കു ചെയ്യിച്ചതാ!" ബോബിസാര്‍ മുതലാളിയെ ധൈര്യപ്പെടുത്തി. "...പക്ഷെ സാറെ, അതിന്‍റെ ഒരു കാറ്റലോഗ് കിട്ടിയാല്‍ കൊള്ളാമായിരുന്ന്"
"ങ്‌ഹേ! ഹതിപ്പോ എന്നാത്തിനാ?" സാറിന്‍റെ പുരികമുയര്‍ന്നു.
"അല്ല, ചുമ്മാ ഒരു റഫറന്‍സിന്"
"ഓ... അതിനിപ്പോ എന്നാത്തിനാ കാറ്റലോഗ്. ഓപ്പറേഷനൊക്കെ ബോബി തന്നെയങ്ങു കാണിച്ചു കൊടുത്താ മതി." സീന്‍ കട്ട്.
അടുത്ത സീന്‍ സാറിന്‍റെ ഭാര്യവീട്. അലക്കുയന്ത്രം വര്‍ക്കേറിയായിലെ അനുയോജ്യമായ സ്ഥലത്തു വച്ചിരിക്കുന്നു. അടുത്തുള്ള പവര്‍പ്ലഗ്ഗില്‍ നിന്നും ഊര്‍ജ്ജം മെഷീനിലേക്കു ഒഴുകുന്നുണ്ട്. ബോബിസാര്‍ യന്ത്രം ലോഡൊന്നുമില്ലാതെ ഒന്നു പ്രവര്‍ത്തിപ്പിച്ചു കാണിച്ചു. അപ്പോഴേക്കും കുറേ തുണികളുമായി വീട്ടുകാരി അരങ്ങത്ത്- 'ഇതാദ്യം അലക്കി നോക്കാം!' സാര്‍ ഇടപെട്ടു- 'അതൊന്നും ഇപ്പോ വേണ്ട. അതു കമ്പ്ലീറ്റ് ഒന്നു ക്ലീന്‍ ചെയ്തിട്ടു മതി നല്ല തുണിയൊക്കെ കഴുകുന്നത്. ഇപ്പോ വല്ല പഴന്തുണിയും കൊണ്ടുവാ. നമുക്കൊന്നു ട്രൈ ചെയ്തു നോക്കാം.'
ബോബിസാര്‍ ആണ് ഓപ്പറേറ്റര്‍ എന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? യന്ത്രത്തില്‍ വെള്ളമൊക്കെ നിറച്ചു. സ്വിച്ചുകള്‍ ഒന്നൊന്നായി പ്രസ്സ് ചെയ്ത് അകത്തിട്ട പഴഞ്ചന്‍ തോര്‍ത്തിനെ എല്ലാരും ചേര്‍ന്നു വശംകെടുത്തി. അങ്ങനെ 'അലക്ക്' കഴിഞ്ഞു. ബോബിസാര്‍ 'എന്നാ ശെരി. കഴിഞ്ഞില്ലേ, പോയേക്കാം' എന്ന ഭാവത്തില്‍ നില്‍ക്കുകയാണ്.
"അല്ല ബോബീ, തുണി പിഴിയണ്ടേ? എടുക്കണ്ടേ?" ചോദ്യം കൂടെവന്ന ഹരിച്ചേട്ടന്‍ വക.
'ഞാന്‍ പെട്ടു' എന്ന ഭാവത്തോടെ ബോബിസാര്‍ മെഷീന്‍റെ അടുത്തുചെന്ന് അതിനെ ഒരജ്ഞാതവസ്തുവിനെയെന്നപോലെ നോക്കി. അനന്തരം അതിന്‍റെ പാനലിലുള്ള സ്വിച്ചുകളില്‍ ഞെക്കി ഞെക്കി ഉഴറി. പല പല കോംബിനേഷനുകള്‍ പയറ്റി മടുത്തപ്പോള്‍ തന്‍റെ ചുറ്റിലും കൂടി നില്‍ക്കുന്ന സാര്‍, ഹരിച്ചേട്ടന്‍, സാറിന്‍റെ പേരന്‍റ്‌സ്-ഇന്‍-ലാ എന്നിവരുടെയെല്ലാം മുഖത്തേക്കു ദയനീയമായി നോക്കി. അവസാനം ഹരിച്ചേട്ടന്‍റെ നേരേ തിരിഞ്ഞുകൊണ്ട് പറഞ്ഞു-
"ഹരിച്ചേട്ടാ, ഇതിന്‍റെ ഡ്രെയിന്‍ സ്വിച്ച് എവിടെയെന്നു ഒരു പിടിയും കിട്ടണില്ലന്ന്. ഒരു കാറ്റലോഗ് കിട്ടിയാല്‍....."
"ന്‍റെ പൂര്‍ണ്ണത്രയേശാ..!" എന്നു വ്യാകുലപ്പെടാന്‍ പാകത്തില്‍ ഒരു അര്‍ദ്ധോക്തി!
അപ്പോള്‍ അവിടെ പരന്ന മൗനം ഇരുട്ടിനെക്കാള്‍ കനത്തതായിരുന്നു.
അവസാനം ഹരിച്ചേട്ടന്‍, മുതലാളി, ബോബിസാര്‍ എന്നിവരുടെ സംയുക്തശ്രമഫലമായി ഡ്രെയിന്‍ സ്വിച്ച് കണ്ടു പിടിച്ചുകഴിഞ്ഞപ്പോഴാണ് മൂപ്പിലാന്‍റെ ശ്വാസം നേരേ വീണത്. അതൊരു സ്വിച്ചല്ലായിരുന്നു, മറിച്ച് സ്റ്റാന്‍ഡ് ബൈയും മറ്റൊരു സ്വിച്ചും ചേര്‍ന്ന ഒരു ഡ്രെയിന്‍ ലോജിക്കായിരുന്നു.
പിന്‍കുറിപ്പ്: ഈ ഡ്രെയിന്‍സ്വിച്ച് ഇഷ്യൂ ബോബിസാറിന്‍റെ കരിയറിലെ ഒരു വന്‍ വീഴ്ചയായി പിന്നീടു കരുതപ്പെട്ടു പോന്നു. കാരണം, ഗൗരവതരമായ ജോലികള്‍ ഏല്‍പ്പിക്കുമ്പോള്‍ അലക്കുയന്ത്രം അനങ്ങുന്നില്ല എന്നൊരു കംപ്ലെയിന്‍റ് കേട്ടു. ടെസ്റ്ററും മീറ്ററുമൊക്കെയായി ബോബിസാര്‍ ചെക്കുചെയ്യാന്‍ പോയപ്പോള്‍ അകമ്പടിക്കു ഞാനുമുണ്ടായിരുന്നു. കരണ്ടും വോള്‍ടേജുമൊക്കെ അളവിലും ആയത്തിലും എല്ലായിടത്തും വരുന്നുണ്ട്. പക്ഷേ മെഷീന്‍ കോമയിലാണ്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുതലാളിയുടെ ഭാര്യാപിതാവ് ഫോണ്‍ വിളിച്ചു പറഞ്ഞതിന്‍പ്രകാരം അലക്കുയന്ത്രം തിരികെ ഇന്‍സ്റ്റിട്യൂട്ടിലെത്തി.
വീണ്ടും ഒരു ബോബിസാര്‍ കഥ. ഏകദേശം അഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് കട്ടപ്പനയില്‍ നടന്നത്.
ReplyDeleteസസ്നേഹം,
രാജ്
ബോബിസാറാണ് താരം :)
ReplyDeleteഅടിയന്‍റെ ഈ കുഞ്ഞു ബ്ലോഗില്‍ ഒരു കമന്‍റിടാന്‍ സന്മനസ്സും ഹൃദയവിശാലതയും കാട്ടിയ കുറുമാന്‍ അവര്‍കളുടെ തൃപ്പാദങ്ങളില്‍ ഈ എളിയവന്‍റെ പ്രണാമം.!
ReplyDeleteനന്ദി, കുറുമാന്‍ജീ.