Saturday, May 03, 2008

ശീതയുദ്ധം

ബോബിസാര്‍ ശനിയാഴ്ചയും, പള്ളീല്‍ പോക്കു കഴിഞ്ഞാല്‍ ഞായറാഴ്ചയും തിരക്കിലാണ്‌. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വര്‍ക്‍ഷോപ്പില്‍ എറണാകുളത്തെ ഏതോ ഡമ്പിംഗ്‌ യാര്‍ഡില്‍ നിന്നും കൊണ്ടു വന്ന എട്ടുപത്തു ഫ്രിഡ്ജുകളുടെ പ്രേതങ്ങള്‍ ഉണ്ട്‌. ഒപ്പം രണ്ട്‌ വാഷിംഗ്‌ മെഷീനുകളും ഒരു ഏസിയും. അതൊക്കെ പരിശോധിക്കലും നന്നാക്കലും അഴിക്കലും പിടിപ്പിക്കലുമൊക്കെയാണു പണി. ഇവയെല്ലാം ഒരു മിനിലോറിയില്‍ ഇന്‍സ്റ്റിറ്റ്‌യൂട്ടിന്‍റെ മുന്നില്‍ കൊണ്ടുവന്നിറക്കിയ ദിവസം ആ ലോറിയുടെ മുന്നില്‍ 'ഞാനാണിതിന്‍റെയെല്ലാം നാഥന്‍' എന്ന മട്ടില്‍ ബോബിസാര്‍ നിന്നു. കമ്പ്യൂട്ടര്‍ ലാബിലേക്ക്‌ ഇന്‍റെല്‍ സെലിറോണ്‍ 1.4 GHz പ്രോസസ്സറും 128MB മെമ്മറിയും 17 ഇഞ്ച്‌ മോണിട്ടറുമുള്ള സൊയമ്പന്‍ സെക്കന്‍റാന്‍റ്‌ സിസ്റ്റം (അപ്പോള്‍ നിലവിലുള്ളതിന്‍റെ സ്റ്റാന്‍ഡേര്‍ഡ്‌ ഊഹിച്ചോണം!)കൊണ്ടിറക്കിയപ്പോള്‍ മനോജ്‌ സാറിന്‍റെ പോലും മുഖത്തു വിരിയാതിരുന്ന അഭിമാനം അന്നു ബോബിസാറില്‍ കണ്ടു!

ക്ലാസ്സുള്ള ദിവസങ്ങളില്‍ വെളുത്ത നിറമുള്ള 210 ലിറ്റര്‍ കെല്‍വിനേറ്റര്‍ ഫ്രിഡ്ജിനു നേരെയാണ്‌ ബോബിസാറിന്‍റെയും ശിഷ്യന്മാരുടെയും ആക്രമണം. സ്പാനറുകളും സ്ക്രൂഡ്രൈവറുകളും ബ്ലോലാമ്പുമെല്ലാം ഇവരുടെ കൈകളിലൂടെ പാറിപ്പറന്നു നടന്നു ജോലി ചെയ്തു. വന്‍ പ്രയത്നത്തിനൊടുവില്‍ ഫ്രിഡ്ജിന്‍റെ ശരീരം തുരുമ്പുചീകി പുട്ടിയടിച്ചു മിനുക്കി വെച്ചു. രണ്ടു പ്രാവശ്യം ഗ്യാസ്‌ ചാര്‍ജു ചെയ്തിട്ടും തൃപ്തി വരാഞ്ഞിട്ടാണോ എന്തോ ആശാന്‍ ഒരിക്കല്‍ക്കൂടി ഫ്രിഡ്ജ്‌ ഗ്യാസ്‌ ചാര്‍ജ്‌ ചെയ്തിട്ടുണ്ടായിരുന്നു. അതോടെ അയ്യപ്പസ്വാമിയുടെ തിരുവാഭരണം പോലെ പരിപാവനമായി കൊണ്ടുവന്ന അഞ്ചു കിലോയുടെ കൂളന്‍റ്‌ സിലിണ്ടര്‍ കാലിയായി.

ഈ വാര്‍ത്തയറിഞ്ഞ മുതലാളി നെഞ്ചില്‍ കൈവെച്ചു ചോദിച്ചു - "ഇതു പുകിലാകുമോ?"

പിന്നെ സ്വയം ആശ്വസിച്ചു - എറണാകുളത്തു ഫ്രിഡ്ജിന്‍റെയും ഏസീയുടേം എടേക്കെടന്നു വിലസിയവനല്ലേ, സംശയിക്കേണ്ട കാര്യമൊന്നുമില്ല. ആറുമാസത്തെ കോഴ്സിനു വന്ന പിള്ളേരെയെല്ലാം റെഫ്രിജറേഷന്‍റെ മറുകര കാണിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ്‌ ബോബി ഏറ്റിരിക്കുന്നത്‌. വെറുതേ ഒരുത്തനും ഈ വെല്ലുവിളി ഏറ്റെടുക്കില്ലല്ലോ!

രാവിലെ മുതല്‍ തുടങ്ങുന്ന ഭഗീരഥപ്രയത്നത്താല്‍ ക്ഷീണിതനായി എന്നും മൂന്നരയാകുമ്പോള്‍ ഓഫീസിലെത്തുന്ന ബോബിയോട്‌ സാര്‍ തല്‍സ്ഥിതി അന്വേഷിക്കും. എന്നുമെന്നും ഓരോരോ വിവരണങ്ങള്‍ ബോബി നല്‍കും. അതു കത്തിപ്പോയി, ഇത്‌ ഒടിഞ്ഞുപോയി, അതിനു പകരം മറ്റേ ഫ്രിഡ്ജിന്‍റെ എടുത്തുവെച്ചു, കമ്പ്രസ്സര്‍ സ്റ്റാര്‍ട്ട്‌ ആയി, ജെയിംസ്‌ ഇന്നു ഉച്ചകഴിഞ്ഞു പറയാതെ മുങ്ങി, വേസ്റ്റ്‌ തീര്‍ന്നു, ഷൈജുമോന്‍ ഇപ്പോള്‍ കുറെ നാളായി വരുന്നില്ല, ഇലക്ട്രോണിക്സിലെ പിള്ളേര്‍ റെഫ്രിജറേഷന്‍റെ റൂമില്‍ക്കയറി സ്ക്രൂഡ്രൈവര്‍ എടുത്തു എന്നിങ്ങനെ നീളും പട്ടിക. എന്തായാലും ഇവന്‍ കാര്യങ്ങളെല്ലാം നോക്കുന്നുണ്ടല്ലോ, എല്ലാം മുറയ്ക്കെന്നെ അറിയിക്കുന്നുണ്ടല്ലോ എന്നു വിചാരിച്ച്‌ സാര്‍ സമാധാനിക്കും.

ആഴ്ചകള്‍ മൂന്നാലു കടന്നു പോയി. ഫ്രിഡ്ജ്‌ ശരിയായി എന്ന വാര്‍ത്ത ബോബീടെ വായില്‍ നിന്നും കുട്ടികളെല്ലാവരും ഫീസടച്ചു എന്നൊരു വാര്‍ത്ത അക്കൗണ്ടന്‍റിന്‍റെ വായില്‍ നിന്നും കേള്‍ക്കാന്‍ കൊതിച്ച്‌ പഞ്ചേന്ദ്രിയങ്ങള്‍ അലര്‍ട്ടാക്കി സാറിരുന്നു.

ശ്ശെടാ പുകിലേ, ഇവന്‍ വെല്യ മെക്കാനിക്കാണെങ്കില്‍ ഇവനും പിന്നെ ശിഷ്യരായ അഞ്ചെട്ടെണ്ണത്തിനും കൂടിച്ചേര്‍ന്നു വെറും 210 ലി കപ്പാസിറ്റിയുള്ള ഒരു ഫ്രിഡ്ജ്‌ നന്നാക്കാന്‍ ഒരു മാസത്തിലേറെ സമയം വേണോ? സാര്‍ വീണ്ടും ശങ്കകളുടെ കയങ്ങളില്‍ മുങ്ങിത്താണു. വിദേശത്തുള്ള ക്ലയന്‍റിനോട്‌ 'ദിപ്പോ ശരിയാക്കിത്തരാം' എന്നു ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ കമ്പനിക്കാര്‍ ഇടയ്ക്കിടയ്ക്കു പറയുന്നതുപോലെ ബോബിയുടെ കളിപ്പീരുകുറെയായപ്പോള്‍ സാര്‍ പറഞ്ഞു-

"അതേ ബോബീ, ആ ഫ്രിഡ്ജ്‌ എത്രേം വേഗം നന്നാക്കണം കെട്ടോ. അടുത്തയാഴ്ച്ച നമുക്കതു വില്‍ക്കണം. എത്ര പേരാന്നോ സാധനം അന്വേഷിച്ചു വരുന്നത്‌. അതുകൊണ്ട്‌ മാക്സിമം വേഗം ഒള്ള ഫ്രിഡ്ജെല്ലാം റെഡിയാക്കി വെച്ചോ. എത്ര ഫ്രിഡ്ജ്‌ വില്‍ക്കുന്നോ അത്രേം നമുക്കു ബെനഫിറ്റ്‌ ആണേ..! അല്ല, ബോബിക്കറിയാമല്ലോ?"

പിന്നേ, പറയാനൊണ്ടോ? ബോബിക്കറിയില്ലേ സാറിന്‍റെ പ്ലാനുകളൊക്കെ! കാരണം വില്‍ക്കുന്ന ഫ്രിഡ്ജിനു കിട്ടുന്ന വിലയുടെ ഒരു വീതം ബോബിക്ക്‌ അര്‍ഹതപ്പെട്ടതാണ്‌!

കോഴ്സ്‌ നടത്തി പിള്ളേരെ പഠിപ്പിക്കുകേം ചെയ്യാം, അങ്ങനെ നന്നാക്കിയെടുക്കുന്ന ഫ്രിഡ്ജുകള്‍ സെക്കന്‍റ്‌ഹാന്‍റ്‌ കമ്പോളത്തില്‍ വില്‍ക്കുകയും ആവാമെന്ന തന്ത്രം മുറ്റാണല്ലോ? എന്തായാലും ഇതു തനിക്കുകിട്ടുന്ന അവസാനത്തെ ഡെഡ്‌ലൈനാണെന്ന് ആരും വിശദീകരിക്കാതെതന്നെ കൊടകരക്കാരന്‍ ബോബിക്കു പിടികിട്ടി. പിന്നെ രാപകലില്ലാതെ ഒരു അലച്ചിലും അധ്വാനവുമായിരുന്നു. വല്‍സലശിഷ്യന്മാരില്‍ ന്നിന്നും ഒരാളെ വശത്താക്കി കയ്യാളാക്കി നിര്‍ത്തി ബോബി ടാര്‍ഗറ്റ്‌ എത്തിക്കാന്‍ ഓവര്‍ടൈം കഠിനപ്രയത്നം ചെയ്തുപോന്നു. ബോബിയുടെ സഹായത്താല്‍ നടന്നുപൊയ്ക്കൊണ്ടിരുന്ന അല്ലറചില്ലറ ശിപായിവേലകളെല്ലാം ഇതോടെ മുടങ്ങിയതോടെ ഓഫീസ്‌സ്റ്റാഫുകള്‍ക്ക്‌ മൂപ്പിലാന്‍റെ വില മനസ്സിലായി.

ഇതിനിടയില്‍ ബ്ലോലാമ്പിലെ മണ്ണെണ്ണ തീരുക, ശരീരത്തിലെ രോമവും മുടിയും കരിയുക, നട്ടില്‍ നിന്നും സ്പാനര്‍ തെന്നി കൈ വേദനിക്കുക, അല്ലറചില്ലറ മുറിവുകള്‍ പറ്റുക, വെദ്യുതാഘാതമേല്‍ക്കുക എന്നിങ്ങനെ പല പ്രതിസന്ധികള്‍ ബോബിസാറും ശിഷ്യനും അനുഭവിച്ചു. ഈ സര്‍ക്കസ്സുകള്‍ക്കെല്ലാമൊടുവില്‍ ഒരു ശനിയാഴ്ചദിവസം വൈകുന്നേരം താമസസ്ഥലത്തു വന്ന്‌ ഒരു നെടുവീര്‍പ്പോടെയും അതിലേറേ അഭിമാനത്തോടെയും ബോബിസാര്‍ പറഞ്ഞു:

"ഹരിച്ചേട്ടാ, ഹൈയ്‌ ഹരിച്ചേട്ടാ, ആ ഫ്രിഡ്ജ്‌ ഇപ്പ വര്‍ക്ക്‌ ചെയ്യണിണ്ട്‌!!"

ഹരിച്ചേട്ടന്‍ മാര്‍ക്കറ്റിംഗ്‌ ഡിവിഷനിലെ കോഓര്‍ഡിനേറ്ററാണ്‌. ബോബിസാറിന്‍റെയൊക്കെ സഹവാസി.

ഹരിച്ചേട്ടന്‍റെ അദ്ഭുതം ബോബിസാര്‍ ഒരു അവാര്‍ഡ്‌ പോലെ നെഞ്ചേറ്റുവാങ്ങി. ഇത്രനാളും ഇതു ശരിയാകാഞ്ഞതിന്‍റെ ആകുലത ഒളിപ്പിച്ച 'അവനു പണി അറിയാവുന്നതു തന്നെയാണോ' എന്ന സംശയം അന്നോടെ മുതലാളിക്കു മാറിക്കിട്ടി. തെളിവായി ആ ഫ്രിഡ്ജിലുണ്ടാക്കിയ ഐസ്‌, കേക്കാണെന്നപോല്‍ ബോബി ഓഫീസ്‌ സ്റ്റാഫുകള്‍ക്കു നല്‍കി ആഘോഷിച്ചു.

'ആദ്യം നമ്മള്‍ റിപ്പയര്‍ ചെയ്ത ഫ്രിഡ്ജ്‌! ഇനി ഇതുപോലെ എത്രയെത്ര ഫ്രിഡ്ജ്‌ നമ്മള്‍ നന്നാക്കി വില്‍ക്കും..!' ദാസനും വിജയനും പശുവിനെ വാങ്ങിയ രാത്രിയില്‍ കണ്ട മാതിരി സ്വപ്നങ്ങള്‍ സാറും ബോബിയും കണ്ടുകാണണം. സാറിന്‍റെ മുഖത്തു നിന്നും 'ഇതേ, നമുക്കുടനേതന്നെ വില്‍ക്കണം' എന്ന വാക്കു കേട്ടപ്പോളാണ്‌ അപ്പോ തനിക്ക്‌ കിട്ടിയ സമയപരിധി ഒരു ആപ്പ്‌ ആയിരുന്നുവെന്ന്‌ ബോബിസാറിന്‌ പിടികിട്ടിയത്‌.

ഹരിച്ചേട്ടന്‍റെ പ്രത്യേകതാല്‍പര്യപ്രകാരം ആദ്യമായി ഇന്‍സ്റ്റിറ്റ്‌യൂട്ടില്‍ നന്നാക്കിയ ഫ്രിഡ്ജ്‌ കമ്പനി മെസ്സിലേക്ക്‌ മുതല്‍ക്കൂട്ടാമെന്ന ആശയത്തിന്‌ പെട്ടെന്നുതന്നെ മേലാവില്‍ നിന്നും അനുമതി കിട്ടി. ഉടന്‍ തന്നെ ടി ഉപകരണം മുതലാളിയുടെ സ്വന്തം സ്വത്തും കമ്പനിയുടെ വിവിധോദ്ദേശവാഹനവുമായ ഒമ്‌നിയില്‍ ജീവനക്കാരുടെ മെസ്സ്‌-കം-ഡൈനിംഗ്‌ ഹാള്‍-കം-ഡ്രസ്സിംഗ്‌ റൂം ആയ മുറിയിലെത്തി. 'വിശേഷിച്ച്‌' എന്തെങ്കിലുമൊരു സാധനം ഇതിനുള്ളില്‍ വച്ചൊന്നു തണുപ്പിക്കണം എന്ന ബോബിസാറിന്‍റെ ആഗ്രഹത്തിന്‍റെ ഗ്യാസ്‌ അതോടെ ലീക്കായി.

പുതുപ്പെണ്ണിനെ സന്ദര്‍ശിക്കാന്‍ അയലത്തെ പെണ്ണുങ്ങള്‍ വരുന്നപോലെ പുതിയ വീട്ടിലെത്തിയ ഫ്രിഡ്ജ്‌ ഒന്നു കാണാന്‍ ഓഫീസിലെ സ്ത്രീജീവനക്കാര്‍ ഒന്നും രണ്ടുമായി മെസ്സിലേക്കെത്തി. വീണ്ടും അമ്മാതിരി സന്ദര്‍ശനങ്ങള്‍ ഉണ്ടാകുമെന്നു ഭയന്ന മനോജ്‌ സാര്‍ തന്‍റെ അടിവസ്ത്രങ്ങള്‍ അയകളില്‍ തോരണം ചാര്‍ത്താതെ ഉണങ്ങിക്കിട്ടിയാലുടന്‍ ഗോഡൗണിലെക്കു മാറ്റാന്‍ ശ്രദ്ധിച്ചു. ആദ്യ ദിവസങ്ങളില്‍ത്തന്നെ നമ്മുടെ പുത്തനച്ചി തണുപ്പിക്കലു പോരാ എന്നൊക്കെ പരാതി കേള്‍പ്പിച്ചു.

"യേയ്‌, അങ്ങനെ വരാന്‍ വഴിയില്ലല്ലോ" എന്നു ബോബിസാര്‍.

എന്തായാലും ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും സാധനം പോയപോലെതന്നെ തിരിച്ചു വര്‍ക്‍ഷോപ്പിലെത്തി. കാരണം, ഫ്രിഡ്ജ്‌ ഓണാക്കുമ്പോഴേക്കും ഇലക്ട്രിസിറ്റി മീറ്റര്‍ ഒളിമ്പിക്സിലെ 100 മീറ്റര്‍ മല്‍സരാര്‍ഥിയെപ്പോലെ ഓടെടാ ഓട്ടം. ഫാന്‍ വച്ചു കാറ്റടിപ്പിച്ചു കൊടുത്താല്‍ ഫ്രിഡ്ജിലെക്കാള്‍ നന്നായി തണുപ്പുകിട്ടും എന്നു മറ്റൊരു നിരീക്ഷണം. ഒരുപാടു ദുഷ്പ്പേരു കേള്‍പ്പിക്കാനൊന്നും നില്‍ക്കാതെ ഫ്രിഡ്ജ്‌ പതുക്കെ പണിയുമങ്ങു നിര്‍ത്തി. പക്ഷേ, ദോഷം പറയരുതല്ലോ, ഫ്രിഡ്ജിന്‍റെ വാതില്‍ തുറക്കുമ്പോള്‍ അകത്തെ ലൈറ്റ്‌ കത്തുമായിരുന്നു.

5 comments:

  1. 2003 -ല്‍ നടന്ന ഒരു സംഭവം. ബോബിസാറിന്‍റെ കയ്യൊപ്പു പതിഞ്ഞ മറ്റൊരു ട്രാജഡി.

    ReplyDelete
  2. കൊള്ളാം. രസകരമായ വിവരണം

    ReplyDelete
  3. അനൂപ്‌ തിരുവല്ല, ശിവ, ലക്ഷ്മി, കമന്‍റുകള്‍ക്കു നന്ദി.

    ഇത്തരത്തില്‍ ബോധപൂര്‍വ്വമല്ലാതെയും അറിഞ്ഞും സൃഷ്ടിച്ച പല പൊല്ലാപ്പുകള്‍ക്കും ബോബി ഉത്തരവാദിയായി. ഈ ബോബിസാറിന്‍റെ കരിയര്‍ ഇതോടെ ഒരു പരുവമായി. കുറെ നാള്‍ കഴിഞ്ഞ്‌ ഇദ്ദേഹം കട്ടപ്പന വിട്ടു. അതു പക്ഷേ വളരെ ശോചനീയമായ ഒരു കഥയാണ്‌. പിന്നെ ആര്‍ക്കും ടിയാനെപ്പറ്റി യാതൊരു വിവരവും ഇല്ല.

    അബദ്ധങ്ങള്‍ തുടര്‍ക്കഥയാക്കി ഇപ്പോഴും എറണാകുളത്തോ കൊടകരയിലോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമോ ഒരു ഫ്രിഡ്ജ്‌ നന്നാക്കുന്ന തിരക്കിലാവാം ബോബി ഇപ്പോള്‍. ദൈവം നല്ലതു വരുത്തട്ടെ.

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'