Sunday, May 11, 2008

നാമവിശേഷം - ഭാഗം 1

"ഡാ.. ഡേവച്ചായന്‍ പിന്നേം തൊടങ്ങീട്ടോ..." ഉച്ചകഴിഞ്ഞു മൂന്നേകാലിനു ശേഷം എന്‍റെ പതിവുള്ള കോട്ടുവായുത്സവത്തിനിടയില്‍ സുത്തീടെ വിളി.

"എന്നതാടാ? പൊടിയാടീല്‍ അവനു വേണ്ടീട്ടു മാത്രം എല്‍. ഐ.സിയുടെ പുതിയ ബ്രാഞ്ചു തുടങ്ങിയോ? അതോ ഇത്തവണയെങ്കിലും വായില്‍നോക്കി നടന്നു വല്ല പെണ്‍പിള്ളേരുടെയും കയ്യീന്നു തല്ലു വാങ്ങിയോ?"

കുറേക്കൂടി സംശയങ്ങളും ആശങ്കകളും മനസ്സില്‍ ഓടിയെത്തിയതാണ്‌. അതും പറഞ്ഞോണ്ടിരുന്നാല്‍ സുത്തി പറയാന്‍ വന്നതിന്‍റെ രസം പോകും.

"ബ്ലണ്ടറുകള്‍ വിളമ്പുവാനായി ഡേവച്ചായന്റെ ജന്മം ഇനിയും ബാക്കി..." സുത്തി വീണ്ടും പഴയ എല്‍.പി. സ്കൂള്‍ മോണോ ആക്റ്റ്‌ കാലഘട്ടത്തിലേക്കു തിരിച്ചു പോകുമോ എന്നു ഞാന്‍ ഒരുവേള ചിന്തിച്ചു പോയി. "എന്നതാന്നോ? എടാ ഇവിടെയെ പ്രതീക്‌ എന്നു പേരുള്ള ഒരു പാര്‍ട്ടി ഉണ്ടേയ്‌. ഒരു ദിവസം പുള്ളി ഡേവനോട്‌ ചോദിച്ചു, പുള്ളീടെ പേരു ഡേവിനറിയാമോന്ന്‌. അപ്പോ ഡേവ്‌ പറഞ്ഞു 'ആഹ്‌, പിന്നേ, എനിക്കറിയാം.... പ്രാകൃത്‌ അല്ലേ?'

അങ്ങനെയൊരു മോഡിഫിക്കേഷന്‍ ഒരുകാലത്തും പ്രതീക്‌ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കക്ഷി ഒന്നു ഡിമ്മായെങ്കിലും ഡേവിനെ തിരുത്തി.

'ആ കോപ്പ്‌, 'ബാബൂ'ന്നു വിളിക്കും, വേണേ വിളി കേട്ടോണം' എന്നു പണ്ടാരാണ്ടു പറഞ്ഞ പോലെ കാര്യമൊക്കെ മനസ്സിലായെങ്കിലും ഡേവ്‌ പിന്നെ പ്രാകൃത്‌ എന്നു തന്നെയാണു വിളി. അതുപോലെ മറ്റൊരു പരിചയക്കാരന്‍ താഹയെ ഡേവ്‌ 'തായ' എന്നാണു വിളിക്കുന്നതു പോലും.

ഇത്തരത്തില്‍ ഡേവ്‌ പേരു നല്‍കിയ അനേകര്‍ എന്‍റെ ചുറ്റുമുണ്ട്‌. സുത്തിയുടെ സുത്യേവ്‌ എന്ന പേര്‌ ഡേവ്‌ ആദ്യകാലത്ത്‌ പറഞ്ഞിരുന്നത്‌ സുഖ്ദേവ്‌ എന്നായിരുന്നു. അതു പിന്നെ ഒരു സാമ്യം ഉണ്ടെന്നു വെയ്ക്കാം. കോഴിക്കോടുകാരന്‍ ബിനോജിന്‍റെ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന പേര്‌ ബിച്ചു എന്നാണെങ്കിലും പണ്ടു കളരി പഠിച്ചിരുന്നതിന്‍റെ ഓര്‍മ്മയ്ക്കായി 'ഗുരുക്കള്‍', 'മര്‍മ്മാണി' എന്നീ നാമധേയങ്ങളും ഡേവ്‌ അവര്‍കള്‍ ചാര്‍ത്തിക്കൊടുത്തതായിട്ട്‌ 'ഗുണ്ടുമോന്‍' എന്നൊരു വിസ്ഫോടനാത്മകനാമവും കൂടി ഉണ്ട്‌. മറ്റൊരു സഹപ്രവര്‍ത്തകനെ (അവന്‍റെ സ്വഭാവം കൊണ്ടാണെന്നു പറയപ്പെടുന്നു) പുളൂസ്‌ എന്നാണത്രേ വിളിക്കുക, അദ്ദേഹത്തിനത്‌ അത്ര ഇഷ്ടമല്ലെങ്കില്‍ക്കൂടിയും. ചിലപ്പോള്‍ അവിചാരിതമായിട്ടാണ്‌ പലര്‍ക്കും ഇരട്ടപ്പേരു വീഴുക. ഒരിക്കല്‍ ഒരു സഹവര്‍ക്കര്‍ നല്ല ടൈറ്റ്ഫിറ്റ്‌ ടീഷര്‍ട്ടും ജീന്‍സും ഇട്ട്‌ കറുത്തുകുറുകിയ ശരീരത്തിലെ മസ്സിലും പെരുപ്പിച്ച്‌ ഓഫീസിലോട്ടു കയറി വരുന്നതു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞുപോയി - "ആസ്സനേയ്‌..." അതീപ്പിന്നെ ഡേവ്‌ ആ പാവത്തിനെ കൊച്ചിന്‍ ഹനീഫാന്നേ പറയൂ. ഡേവിന്‍റെ പേര്‌ എന്താണെന്നോ? അപ്പുക്കുട്ടന്‍! കാരണം അറിയണമെങ്കില്‍ 'ഇന്‍ ഹരിഹര്‍നഗര്‍' എന്ന സിനിമ കാണുക. ഏതാണ്ടാ ഒരു പ്രസരിപ്പും ഉത്സാഹവും മനോനിലവാരവുമൊക്കെയാണു കക്ഷിക്ക്‌!

ആരു ടോസ്സ്‌ നേടി എന്നു നേരിട്ടു ചോദിച്ച്‌ ഗൂഗിളിനെപ്പോലും വിറപ്പിച്ച താര അവള്‍ ഒരു തിര്‌വന്തോരംകാരിയാണെന്ന ഒറ്റക്കുറ്റത്തിന്‍റെ പേരില്‍ 'പയലേ' എന്നു വിളിക്കപ്പെട്ടു പോരുന്നു. പടര്‍ത്തിയിട്ട മുടിയുമായി സ്ഥിരം ഓഫീസില്‍ വരുന്ന മറ്റൊരു സ്ത്രീരത്നത്തെ വിശേഷിപ്പിക്കുന്നത്‌ വെളിച്ചപ്പാട്‌ ഉറഞ്ഞുതുള്ളുന്നതുപോലെ തലകുലുക്കിക്കൊണ്ട്‌ "ദേവീ..." എന്നാണ്‌. അങ്ങനെയാണു തന്‍റെ ഇരട്ടപേരെന്ന്‌ ഇന്നും ആ പെണ്‍കൊച്ചിനറിയില്ല.

ശരീരപ്രകൃതിയും ഇരട്ടപ്പേരുനിര്‍ന്നയത്തില്‍ ഒരു സുപ്രധാന ഘടകമാവാറുണ്ട്‌. പ്ലസ്‌ ടുവില്‍ എന്‍റെ ക്ലാസ്സ്‌മേറ്റായിരുന്ന അനീഷിനെ സ്നേഹംകൂടുമ്പോള്‍ 'റോളറേ' എന്നും 'അമ്മാവന്‍കല്ല്‌' എന്നുമൊക്കെയായിരുന്നു വിളിച്ചോണ്ടിരുന്നത്‌. ഞാനുള്‍പ്പെടുന്ന ഒരു ചെറുസംഘത്തിനുള്ളില്‍ മാത്രം 'ഇറച്ചിക്കോഴി' എന്ന്‌ ഒരു പെണ്‍കിടാവ്‌ അറിയപ്പെട്ടിരുന്നു. ഒരിക്കല്‍ ക്ലീന്‍ ഷേവ്‌ ചെയ്തു വന്നു കണ്ണാടിക്കാരനായ ദീപുവിനെ ഒരു കത്തനാരുടെ ഛായ ഉണ്ടായിരുന്നതുകൊണ്ട്‌ അച്ചന്‍ എന്നു വിളിച്ചു. ആ ക്ലാസ്സില്‍ രണ്ടു ദീപുമാരുണ്ടായിരുന്നതുകൊണ്ട്‌ ഇന്നും 'അച്ചന്‍ ദീപു' എന്നു പറഞ്ഞാല്‍ ആളെ പെട്ടെന്നു പിടികിട്ടും. പുള്ളി ഇപ്പോള്‍ കല്ലട ബസ്സിലെ സാരഥിയാണ്‌. ഏ.കെ. ജി പടി എന്ന സ്ഥലത്തു നിന്നും വന്നിരുന്ന എന്‍റെ കൂട്ടുകാരന്‍ ഏ.കേ.ജി. എന്നു തന്നെ അറിയപ്പെട്ടു. തിരിച്ചും സംഭവിക്കാറുമുണ്ട്‌ - ചില ഏരിയാകള്‍ ആളിന്‍റെ പേരിലാവും അറിയപ്പെടുക. അക്കാലത്ത്‌ ഇരട്ടയാര്‍-കട്ടപ്പന റൂട്ടിലെ ഒരു വളവ്‌ അറിയപ്പെട്ടിരുന്നത്‌ 'അമ്പിളി വളവ്‌' എന്നായിരുന്നു. എങ്കിലും, അമ്പിളിയുടെ വീട്‌ അവിടെയെങ്ങാനുമാണോ എന്ന്‌ ഇന്നും എനിക്കു നിശ്ചയം പോരാ.

യാതൊരു ലോജിക്കും ഇല്ലാതെയാണു ചില പേരുകള്‍ നല്‍കപ്പെട്ടിരിക്കുന്നത്‌ എന്നും കാണാം. ഒരുദാഹരണത്തിന്‌ എന്നെ ഡേവ്‌ ഫോണ്‍ ചെയ്യുമ്പോഴും മറ്റും വിളിക്കുന്നത്‌ 'അന്തോണീ'ന്നാണ്‌. എന്തിനാ? ആ!

അല്ല, ഇമ്മാതിരി പേരുകള്‍ ചിലപ്പോള്‍ യഥാര്‍ഥ പേരിനെക്കാള്‍ ഹിറ്റാവാറുണ്ട്‌. എന്‍റെ ആത്മാര്‍ത്ഥസുഹൃത്ത്‌ ജോബി വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കട്ടപ്പനയില്‍ നിന്നും കോട്ടയം സി.എം.എസ്സ്‌ കോളേജില്‍ പഠിക്കാന്‍ ചെന്നപ്പോള്‍ വീണ പേര്‌ - മൗഗ്ലി -ഇന്നും വാലിഡ്‌ ആണ്‌. അന്നും ഇന്നും ഹൈറേഞ്ചില്‍ നിന്നും നാട്ടുമ്പുറത്തു പഠിക്കാന്‍ ചെല്ലുന്നവന്‌ ഇതാണു സ്ഥിതി. ഈ മൗഗ്ലിവഴി പരിചയപ്പെട്ട ഒരു അരുണ്‍ പരക്കെ അറിയപ്പെട്ടിരുന്നത്‌ ലൂണാര്‍ എന്ന പേരിലാണ്‌. കുറേക്കാലം അവന്‍റെ യഥാര്‍ത്ഥ പേര്‌ അതു തന്നെയാണെന്നാണു ഞാന്‍ കരുതിയിരുന്നത്‌. മൂപ്പരിപ്പോള്‍ വക്കീലാണ്‌. ഇനി ചീഫ്‌ ജസ്റ്റീസായാലും ആ പേരുമാറുമെന്നും തോന്നുന്നില്ല! അതുപോലെ തന്നെ ഒരു ലാദന്‍ - അവന്‍റെ വീട്ടുകാര്‍ വരെ ഇപ്പോള്‍ പയ്യന്‍റെ ചെല്ലപ്പേരിനോട്‌ ഇണങ്ങിക്കഴിഞ്ഞു. ഫോണ്‍ ചെയ്യുമ്പോഴൊക്കെ 'ലാദനുണ്ടോ?' 'ലാദനൊന്നു കൊടുക്കാമോ?' എന്നൊക്കെയാണ്‌ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ചോദിക്കുക! ഈ പേരു വീണത്‌ സെപ്റ്റംബര്‍ 11-നു ശേഷമാണോ എന്നെനിക്കറിഞ്ഞുകൂടാ.

നേഴ്സറിയില്‍ പഠിച്ചിരുന്ന കാലത്ത്‌ സന്തോഷ്‌ എന്നു പേരുള്ള ഒരു പാവം പയ്യനുണ്ടായിരുന്നു എന്‍റെ ക്ലാസ്സില്‍. അവന്‌ ആ നാലുവയസ്സുതലയില്‍ ഏതോ ഒരുവന്‍ ചാര്‍ത്തിയ പേരാണ്‌ 'ഓച്ചിക്കുട്ടന്‍' അഥവാ 'ഓച്ചി'. പിന്നീടു ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തൊരിക്കല്‍ വൈകുന്നേരം ഞാന്‍ പലചരക്കുകടയില്‍ സാധനം വാങ്ങാന്‍ പോയപ്പോള്‍ ഈ സന്തോഷ്‌ അവിടെ വരുകയും സാധനങ്ങള്‍ വാങ്ങുന്നതിനിടയില്‍ തലകറങ്ങി വീഴുകയും ചെയ്തു. അവിടെ കൂടി നിന്നവരെല്ലാം ചേര്‍ന്ന് ഈ കൊച്ചനെ എടുത്ത്‌ തിണ്ണയിലെ ബെഞ്ചില്‍ കിടത്തുകയും വീശിക്കൊടുക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. വിചിത്രമായ സംഭവമെന്തെന്നാല്‍ ഓച്ചി എന്ന ഇരട്ടപ്പേരല്ലാതെ അവിടെയുണ്ടായിരുന്ന ആര്‍ക്കും ഇവന്‍റെ യഥാര്‍ത്ഥ പേരറിഞ്ഞുകൂടായിരുന്നു എന്നതാണ്‌.

ചിലപേരുകള്‍ കാലവും ചില സംഭവങ്ങളും ചേര്‍ന്നു മായ്ച്ചുകളയാറുണ്ട്‌. ഉയരംകൂടിയ ഒരു കക്ഷിയുണ്ടായിരുന്നു ഞങ്ങളുടെ ഗ്രാമത്തില്‍. മൂപ്പിലാന്‍റെ ചെല്ലപ്പേരായിരുന്നു മോഴ. കാരണം അജ്ഞാതമാണു കേട്ടോ. അങ്ങേരുകല്യാണമൊക്കെ കഴിച്ചു ഒരു ചെറിയ ജോലിയൊക്കെയായി ഒതുങ്ങിയതോടെ ആ പേരൊക്കെയങ്ങു മാഞ്ഞുപോയി. പക്ഷെ ചിലപേരുകള്‍ ഏഷ്യന്‍ പെയിന്‍റ്‌സുപോലെ കാലങ്ങളോടു പൊരുതി നില്‍ക്കും. അത്തരം പേരുകാര്‍ ഒരുപാടുണ്ട്‌ നാട്ടില്‍.

9 comments:

  1. എന്നും അലോസരവും വിനോദവും കൗതുകവുമാകുന്ന എന്‍റെ ചുറ്റുമുള്ള ഇരട്ടപ്പേരുകളുടെ കഥ.

    സസ്നേഹം,
    രാജ്‌

    ReplyDelete
  2. Hi,

    Such kind of stories will never get old, especially if it's bound with our college life or youth. Together we make fun of them - our colleagues- and sometimes we also get thrashed!! at that time it may be a pain, but after a long period of time, they would turn some nostalgic memories.

    great episode.. !

    ReplyDelete
  3. Funny names indeed..!
    pls include the wits behind the origination of the names too..!
    i think all ppl can say at least 1 story like this....!

    ReplyDelete
  4. ഇങ്ങനെ ഇരട്ടപ്പേരുകള്‍ കുറേ കാലത്തിനു ശേഷം ഓര്‍ക്കുന്നതു തന്നെ ഒരു രസമുള്ള കാര്യമാണ്‌.

    നീറ്റ്‌ പോസ്റ്റ്‌.

    ReplyDelete
  5. എന്റെ പൊന്നു ഗഡീ, പ്രീ ഡിഗ്രിക്കു പഠിക്കുന്ന കാലത്ത്‌ എനിക്കുമുണ്ടായിരുന്നു കിടിലനൊരു ഇരട്ടപ്പേര്‌.

    എന്താണെന്നോ? "ലോലന്‍"

    ഇനി ഞാനാരാണെന്നു പറയുന്നില്ല. കാരണം ആ പേരുകൊണ്ട്‌ ഞാന്‍ അനുഭവിക്കനുള്ളതെല്ലാം അന്നേ അനുഭവിച്ചു. ഇനി വയ്യ!

    ഒക്കെ ഒരു കാലം..!

    ReplyDelete
  6. ഹഹ നമ്മള്‍ രണ്ടാളും ഒരേ സമയം ഈ റിസേര്‍ച്ചെങ്ങനെ നടത്തി മാഷേ..
    തകര്‍ത്തു.... :)

    ഞങ്ങളുടെ നാട്ടില്‍ വി.എസ് സ്റ്റൈലില്‍ ചതുരവടിവോടെ സംസാരിക്കുന്ന ഒരാള്‍ ഉണ്ടാരുന്നു.
    കിട്ടിയ പേര് “ഇസ്തിരി” വാക്കുകള്‍ ഇസ്തിരിയിട്ട് പറയുന്നത്രെ.....
    എന്തൊരു ക്രിയേഷന്‍ അല്ലേ

    ReplyDelete
  7. നീതു,
    വാസ്തവം. ഇരട്ടപ്പേരുകള്‍ക്കെന്നും വസന്തമാണ്‌. കമന്‍റിനു നന്ദി.

    ജീവ,
    thanks for the comment. :-)

    ഗെറ്റ്കുട്ടന്‍സ്‌,
    എന്നും ഇരട്ടപ്പേരുകള്‍ കൗതുകം തന്നെയല്ലേ?
    അഭിനന്ദനത്തിനു നന്ദി.

    അനോണീ,
    ഇനിയിപ്പോ ആരേ പേടിക്കാന? അങ്ങു വെളിച്ചത്തു വന്നൂടായിരുന്നോ?

    ജി. മനുച്ചേട്ടാ,
    കമന്‍റിയതില്‍ വളരെ സന്തോഷം.
    റിസേര്‍ച്ച്‌...? അതങ്ങനെ സംഭവിച്ചു പോയി!
    ഒരു വല്ലാത്ത യാദൃശ്ചികത തന്നെ!

    ReplyDelete
  8. പഴയ കലാലയ ജീവിതം ഓര്‍മ്മിപ്പിയ്ക്കുന്ന പോസ്റ്റ്.

    രസകരം.
    :)

    ReplyDelete
  9. വായനയ്ക്കും കമന്‍റിനും വളരെ നന്ദി, ശ്രീ!

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'