അങ്ങനെ ഞാനും കമ്പം കണ്ടു.
'കമ്പം' തീര്‍ന്നോ എന്നറിയില്ല,
കമ്പം കണ്ടു തീര്‍ന്നുമില്ല.
ഇടുങ്ങിയ വഴികളും
അടുങ്ങിയ വീടുകളും
അഴുക്കുചാലുകളും മറ്റനേകം അഴുക്കുകളും
വിയര്‍പ്പില്‍ വിളയുന്ന തോട്ടങ്ങളും.
കണ്ടതെത്ര നിസ്സാരം, കാണാത്തവയെത്ര കേമം.
തെരുക്കാഴ്ച
ഏറെയാണു പീടികകള്‍, ഏതു തരത്തിലും.
തിരക്കേറിയ തെരുവില്‍ കുതിരക്കുളമ്പടിയും
കുടമണിയൊച്ചയും മോട്ടോര്‍ വാഹനങ്ങളും.
റോഡ് തമിഴനു കൈവശസ്വത്ത്
ഡ്രൈവര്‍മാര്‍ക്കും ജനത്തിനും.
പാതയോരത്ത് തളിരിട്ട പുളിമരങ്ങള്‍
ഒരു മോപ്പഡില്‍ നാലു യാത്രികര്‍
ഭൂമിയുരുകുന്ന വെയിലിലും അധ്വാനിക്കുന്ന ജനങ്ങളുടെ സ്നിഗ്ധജീവിതം.
ചുരുളി
ചുരുളിപ്പെട്ടി തീര്‍ത്ഥസ്നാനത്തിലേക്ക്
കുരങ്ങന്മാരുടെ ഹൃദ്യമായ സ്വാഗതം.
വന്മരങ്ങള്‍ വിരിക്കുന്ന തണലില്‍ ഷാമ്പൂവും തോര്‍ത്തും സോപ്പും
ഈച്ചയാര്‍ക്കുന്ന ചക്കപ്പഴവും വില്‍പ്പനയ്ക്ക്.
സന്താനലബ്ധിക്കായി മരങ്ങളില്‍
ബന്ധനസ്ഥരാക്കപ്പെട്ട തുണിത്തൊട്ടിലുകള്‍.
കീഴ്ക്കാംതൂക്കായ പാറയില്‍ നിന്നും അരുവി
കുളിര്‍ വീശി ഒലിച്ചിറങ്ങുന്നു.
അവിടെ തമിഴന്‍റെ സന്തതസഹചാരി - അച്ചടക്കരാഹിത്യം.
വിലക്ക്: "ഫോട്ടോ എടുക്കക്കൂടാത്!"
വനം
കുരങ്ങന്മാരെ അവിടെയെങ്ങും കണ്ടില്ല
ഏതാനും കിളികളെപ്പോലും.
പച്ചപ്പിന്‍റെ വിടര്‍ന്ന ശാന്തതയില്‍
ഭക്ഷണം, കുളി, വിശ്രമം.
തെളിനീരില്‍ തുടിക്കുന്ന പരല്‍മീനുകള്‍.
നിര്‍ഭയരായ ശലഭറാണിമാര്‍
ഫോട്ടോയ്ക്കു പോസുചെയ്തു.
ബര്‍മുഡാ ധരിച്ചുകൊണ്ട് കാര്‍ന്നോന്മാര്‍
അരുവിയില്‍ നീരാടി.
നടക്കട്ടെ, നടക്കട്ടെ!
മടങ്ങാറായി
വിശാലമായ തെങ്ങിന്‍തോപ്പുകളും
മുന്തിരിത്തോട്ടങ്ങളും.
ചോളം, പയര്‍, നിലക്കടല, നെല്ല്, വാഴ
കരിമ്പ് - വിളയാത്തതൊന്നുമില്ലിവിടെ.
എല്ലാം മുല്ലപ്പെരിയാര്‍ വെള്ളം കൊണ്ട്.
കറുത്ത പഴക്കുല തിന്നു മടുത്തു,
വയറിനെ വിശ്വാസമില്ല.
ഓടകള്‍ക്കു പിടിപ്പതു പണിയാണ്.
യഥേഷ്ടം മേയുന്ന പന്നികള്‍.
ചീഞ്ഞ മലത്തിന്‍റെ ദുര്‍ഗന്ധം.
അഴുക്കുചാലുകളിലെ കറുത്ത ദ്രാവകം
ജലം തന്നെയോ? ആയിരിക്കാം.
അറിയാതെ ഞാനും മൂക്കു പൊത്തി.
സ്റ്റേഷനേതും വിനാ പബ്ലിക്കായി
രണ്ടുകുട്ടികള്‍ ഞങ്ങളുടെ മുന്നില്‍
കംഫര്‍ട്ടായി, ഓടിപ്പോയി.
ഒരു സംശയം ചോദിച്ചോട്ടേ?
അവര്‍ക്കു വെള്ളം വേണ്ടേ പോലും?
കണ്ണുകളെ പതിയെ പിന്‍തിരിപ്പിക്കാം.
(മുന്തിരിയില്‍ പുളിപ്പു പോലെ)
യാത്ര
മുന്തിരിയും നാറ്റം വമിക്കുന്ന മീനും
പഴയൊരു തയ്യല്‍ മെഷീനും സഹയാത്രികര്‍.
ജീപ്പ് കൊടും വളവുകള്‍ താണ്ടി
മലകയറാന്‍ തുടങ്ങി.
ഒത്തിരിനോക്കി താഴ്‌വാരത്തെ.
പരന്നു വിശാലമായ കൃഷിയിടങ്ങള്‍
നോക്കെത്താദൂരത്തോളം.
കമ്പംമെട്ടിലെ അതിര്‍ത്തിക്കാടുകളും കടന്ന്
മലയാളമണ്ണിലേക്ക്.
വെയിലാറാന്‍ നേരമിനിയുമേറെ!
പിന്‍കുറിപ്പ്
കൊള്ളാം സ്ഥലം, കമ്പ-
മേറേക്കൗതുകം രസാവഹമന്യദേശം!
കണ്ടതെല്ലാമപാരം
കാണാത്തവയേറേ ഹൃദ്യം
എങ്കിലും ഇടയ്ക്കിടെ ആരോ കാര്‍ക്കിച്ചുതുപ്പുന്നു!
'ഭൂകമ്പം' പോലെ.
ആദ്യമായി തമിഴ്‌നാട്ടിലെ അതിര്‍ത്തിപട്ടണമായ കമ്പത്തേക്കു നടത്തിയ യാത്രയുടെ സ്മരണ. പഴയ ചില താളുകള്‍ മറിച്ചപ്പോള്‍ കണ്ടെടുത്തത്. ഇപ്പോഴിതാ ബ്ലോഗുന്നു.
ReplyDeleteഞാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ കമ്പത്തിന്റെ സമീപ പ്രദേശത്ത് വന്ന് കൂടീട്ട്.......
ReplyDeleteമൂന്നാലു തവണ ചുരുളീലും പോയി....
എന്നിട്ടും ഞാനെന്തേ ഇങ്ങനെയൊരു കവിത എഴുതീലാ......
ഉത്തരം സിമ്പിള്‍
ഞാനിതെഴുതിയാല്‍ രാജ് എന്തെഴുതും?
നല്ല വരികള്‍...
ReplyDeleteതോന്ന്യാസീ, ശിവാ അഭിനന്ദനതിനും കമന്‍റിനും നന്ദി.
ReplyDelete