Sunday, March 30, 2008

പ്രണയകാലം

"എന്നോ ഒരു നാള്‍ ഞാന്‍ പോലുമറിയാതെ അവള്‍ എന്‍റെ മുന്നില്‍ വന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പേ കണ്ട ആ മുഖം ഒരു ഗ്രൂപ്പ്‌ ഫോട്ടോയില്‍ നിന്നും കണ്ടെത്താന്‍ എനിക്കെന്തു പ്രയാസം?"

ഈ വാചകങ്ങള്‍ എന്നോട്‌ പറയുമ്പോള്‍ അതും എന്‍റെ കൂട്ടുകാരന്‍റെ മറ്റൊരു വിനോദമായേ എനിക്കു തോന്നിയുള്ളൂ.

എന്‍റെ പ്രിയകൂട്ടുകാരനും അവളും ഒരിക്കലും ക്ലാസ്മേറ്റ്സ്‌ അല്ലായിരുന്നു. പക്ഷേ അവന്‍ ആ സ്കൂളില്‍ എല്ലാവര്‍ക്കും പരിചിതനായിരുന്നു. അവളുടെ ആരാധന നിറഞ്ഞ നോക്കുകള്‍ അവനെ തേടി ഒരിക്കലും എത്തിയിട്ടില്ല. അന്ന് അവര്‍ക്കിടയില്‍ കേവലം ഒരു പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവളണിഞ്ഞ ചിലങ്കയുടെ കിലുക്കങ്ങള്‍ അവന്‍ കേട്ടിട്ടില്ല. വെറും ഒരു പരിചയം മാത്രം.

കാലപ്രവാഹത്തില്‍ വിസ്മരിക്കപ്പെട്ടു പോയ ഒരു പരിചയം പുതുനാമ്പിട്ടപ്പോള്‍ എന്‍റെ പ്രിയസുഹൃത്തിന്‌ എന്തു തോന്നിയെന്ന്‌ എനിക്കറിയില്ല. സൗഹൃദങ്ങളുടെയും സ്നേഹബന്ധങ്ങളുടെയും ഇഴയടുപ്പവും അകലവും അവനോളമറിയുന്ന വേറെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. അതിനാല്‍ മറ്റനേകം സുഹൃദ്‌ബന്ധങ്ങളെപ്പോലെ ഇതും ഹൃദ്യമായ ഒന്നാവും എന്നു ഞാന്‍ കരുതി.

അവന്‌ പേരു മാത്രമറിയാവുന്ന ഒരു പരിചയമായിരുന്നില്ല അവള്‍. പറഞ്ഞുവന്നത്‌ വളരെ മുന്‍പേ അവന്‍ അവളെ കണ്ടിട്ടുണ്ടായിരുന്നു. സംസാരിച്ചിട്ടുണ്ടായിരുന്നു. കളിയാക്കിയിട്ടുണ്ടായിരുന്നു. ആരാധിച്ചിട്ടുണ്ടായിരുന്നു. അവളുടെ പ്രസന്നതയില്‍ അതിശയിച്ചിട്ടുണ്ടായിരുന്നു. നീണ്ട ഏഴു വര്‍ഷത്തെ ഇടവേളയ്ക്കിപ്പുറം അവളുടെ സൗഹൃദം സ്നേഹാന്വേഷണങ്ങളായി അവനെ തേടിയെത്തിയപ്പോള്‍ ഈ ലോകത്തിലെ എറ്റവും സന്തോഷവാനായ വ്യക്തി അവനാണോ എന്നു ഞാന്‍ അതിശയിച്ചു. ശരിയായിരുന്നു. അവളുടെ സൗഹൃദം അവനെ അത്രയ്ക്കു സ്വാധീനിച്ചിട്ടുണ്ടായിരുന്നു.

സൗഹൃദം പങ്കിടലുകളിലേക്ക്‌. അവനറിഞ്ഞു- അവളുടെ കുടുംബത്തെ, അച്ഛന്‍റെ പ്രവാസജീവിതത്തെ, അമ്മയുടെ വാല്‍സല്യത്തടവറയെ, അനുജത്തിയുടെ കുസൃതികളെ. പിന്നെ ഇവരെയെല്ലാം കോര്‍ത്തിട്ടിരിക്കുന്ന സ്നേഹച്ചരടിനെ. ഒപ്പം അവളറിഞ്ഞു- അവന്‍റെ മനസ്സിനെ. ജീവിത ലക്‍ഷ്യങ്ങളെ, ചുരുങ്ങിയ കാലം കൊണ്ടു കയറിയ പടവുകളെ, അവന്‍റെ ഉള്ളിലെ ഉറവ വറ്റാത്ത അക്ഷരങ്ങളെ, വേദികളില്‍ വാഗ്‌ശരങ്ങള്‍ കൊണ്ടവന്‍ നടത്തിയ അശ്വമേധങ്ങളെ, പ്രചോദനമായി സ്നേഹം മാത്രം നല്‍കാന്‍ കെല്‍പുണ്ടായിരുന്ന അവന്‍റെ കുടുംബാംഗങ്ങളെ, അവനില്‍ ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങളെ, ഉള്ളില്‍ നീറുന്ന നോവു നല്‍കിയ ചില സംഭവങ്ങളെ, പണ്ടെന്നോ കണ്ട ചിരിയിലൊളിഞ്ഞ കള്ളക്കൃഷ്ണനെ, അവന്‍റെ മനസ്സിനെ.

കമ്പ്യൂട്ടറിന്‍റെ ചാറ്റ്‌ വിന്‍ഡോയില്‍ തെളിയുന്ന പച്ച ബിന്ദുവിലും ഒതുങ്ങാതെ ഇതിനോടകം അവന്‍റെ സ്വരം അവളെ തേടിയെത്തി. അവളുടെ പഠനവഴികളില്‍ അവന്‍ ചൂണ്ടുപലകയായി. പരീക്ഷാരാത്രികളില്‍ കാതങ്ങളകലെ അവള്‍ക്കവന്‍ ഉറങ്ങാതെ കൂട്ടിരുന്നു. പതിയെ അവന്‍ തിരിച്ചറിഞ്ഞു, ഇതാണു പ്രണയമെന്ന്‌. സെല്‍ഫോണ്‍ ഹൃദയം പിടയ്ക്കുന്ന ഒരു മിസ്സ്‌ കോള്‍ തരുമ്പോള്‍ അതിന്‍റെ അര്‍ഥം വേറെയാണെന്ന്‌. പ്രണയാതുരമായ ഗാനങ്ങള്‍ മനസ്സിലും ചുണ്ടിലുമൂറുമ്പോള്‍ അവളെ മാത്രം ഓര്‍ക്കുന്നതെന്തിനാണെന്ന്‌. അവന്‍ പ്രണയിക്കുകയാണെന്ന്‌.

രാവിന്‍റെ തണുപ്പ്‌ ഭൂമിയെ പുല്‍കാന്‍ വെമ്പിയ ഒരു വേളയില്‍ അവര്‍ പരസ്പരം മനസ്സു തുറന്നു. 'സുഹൃത്തിനും മേലെ' എന്നവള്‍ പറഞ്ഞപ്പോള്‍ സ്വതസിദ്ധമായ കുസൃതിയോടെ അവളോടവന്‍ പറഞ്ഞു: 'തെളിച്ചു പറ!' അവളില്‍ വിടര്‍ന്നതു നാണമോ? അറിയില്ല, എങ്കിലും അവള്‍ പറഞ്ഞു- 'എനിക്കും ഇഷ്ടമാണ്‌'. അപ്പോഴും അവര്‍ വളരെ അകലെയായിരുന്നു.

അറിയാതെ പരസ്പരം ഇഷ്ടപ്പെടുമ്പോഴും അവര്‍ മനസ്സിലാക്കി- ഒരിക്കലും ഒന്നിക്കാന്‍ പറ്റാത്ത ഒന്നാണു തങ്ങളുടെ ബന്ധമെന്ന്‌. ഇരുവരുടെയും കുടുംബവും മറ്റു സാഹചര്യങ്ങളും ഒക്കെ മറിച്ചു ചിന്തിപ്പിച്ചു. എങ്കിലും എല്ലാം മറന്ന്‌ അവന്‍ അവളെ സ്നേഹിച്ചു. നൂറു ശതമാനം ആത്മാര്‍ഥതയോടെ. ആദ്യപ്രണയം. പുലരികളില്‍ ഹൃദയത്തില്‍ പ്രാവിന്‍റെ കുറുകല്‍. കൊടുംവെയിലില്‍ ഇളംമഞ്ഞിന്‍റെ കുളിര്‍. ത്രിസന്ധ്യകളില്‍ ചേക്കേറുന്ന കിളികളുടെ ചിരി. പ്രണയം നിലാവു പോലെ പരന്നൊഴുകി.

അവന്‍റെ പ്രണയത്തിന്‍റെ ആഴമറിഞ്ഞ ഒരു വേളയില്‍, ഗദ്ഗദങ്ങള്‍ കെണിവെച്ച സ്വരത്തില്‍ അവള്‍ ചോദിച്ചു- 'എന്നെ എന്തിനാണിങ്ങനെ സ്നേഹിക്കുന്നത്‌?' അവളുടെ വിടര്‍ന്ന കണ്ണുകളില്‍ നനവൂറിയിരിക്കണം. വിങ്ങുന്ന ഹൃദയത്തോടെ അവന്‍ പറഞ്ഞു- 'എനിക്കു നിന്നെ സ്നേഹിച്ചേ തീരൂ!'

അവന്‍റെ ആത്മവിശ്വാസത്തിന്‍റെ കനലണഞ്ഞ നിമിഷങ്ങളില്‍ ഊതിയുണര്‍ത്തി, അവള്‍. അവളുടെ പ്രസന്നതയുടെ തിരിയണയ്ക്കാന്‍ വന്ന കാറ്റില്‍ അവന്‍റെ കൈകള്‍ രക്ഷയേകി. അവന്‍റെ വിജയങ്ങളില്‍ അവള്‍‍ അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു. സ്വന്തം കാര്യത്തിനു പോലും പ്രാര്‍ഥിക്കാത്ത അവന്‍ അവള്‍ക്കായി ദൈവത്തോടു യാചിച്ചു.

ഒടുവിലൊരുനാള്‍ ഒരു വിഷുക്കൈനീട്ടമായി അവള്‍ പറഞ്ഞു- 'ഞാന്‍ ഹോസ്റ്റല്‍ വിടുന്നു. നാളെ വീട്ടിലേക്ക്‌. ഒരു പക്ഷേ ഇനി ഒരു ഫോണ്‍ കോള്‍ പോലും സാധ്യമാകില്ലെന്നു വരാം.'

ഇതു വരുമെന്നാറിയാമായിരുന്നിട്ടും അവര്‍ പതറി. അവന്‍ ചോദിച്ചു- 'എനിക്കു നിന്നെ സ്നേഹിക്കാതിരിക്കാനാവില്ല. പക്ഷേ ഇനി ?'
-'എനിക്കറിയില്ല. നമുക്ക്‌ ഒന്ന് സംസാരിക്കാന്‍ പോലും ചിലപ്പോ പറ്റില്ല'. അവളുടെ മറുപടി.

'അപ്പോള്‍ ?'

'ഒന്നുകില്‍ നമുക്കു പിരിയാം, എന്നെന്നേക്കുമായി. അല്ലെങ്കില്‍ നല്ല സുഹൃത്തുക്കളാകാം, നമ്മളെ സ്നേഹിക്കുന്ന ആര്‍ക്കും അസ്വസ്ഥതയുണ്ടാക്കാത്ത വിധം.' ഒരു തേങ്ങല്‍ പൊട്ടിയടര്‍ന്നു വീഴുന്നു.

'നല്ല സുഹൃത്തുക്കള്‍! ഇത്രയും നാള്‍ മനസ്സിലെങ്കിലും എന്‍റെ എല്ലാമായിരുന്ന നിന്നെ വെറുമൊരു സുഹൃത്തായി മാത്രം കാണാന്‍ എനിക്കാവില്ല. നിന്നെ നഷ്ടപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഒരിക്കലും. എന്തു വേണമെന്നു നീ തീരുമാനിച്ചുകൊള്ളുക. നീ എന്തു പറയുന്നുവോ അതെനിക്കു സമ്മതം.' അവനറിയാം, അവള്‍ തന്നെ അഗാധമായി സ്നേഹിക്കുന്നുണ്ടെന്ന്‌. അവള്‍ക്കു തന്‍റെ സ്നേഹം നഷ്ടപ്പെടുത്താനാവില്ലെന്ന്‌.

ഇടവേള.

അവള്‍ തീരുമാനമറിയിക്കുന്നു- 'നമുക്കു പിരിയാം...!'

ഫോണില്‍ സ്വരങ്ങള്‍ ഇടമുറിയുന്നു.

വിലാപങ്ങള്‍. സ്വപ്നങ്ങള്‍. സങ്കല്‍പങ്ങള്‍. അഭ്യര്‍ഥനകള്‍. ഉപദേശങ്ങള്‍. പ്രാര്‍ഥനകള്‍. എല്ലാം കണ്ണീരില്‍ കുതിര്‍ന്നു.

വെറും രണ്ടുമാസത്തെ പ്രണയം...!

നന്മ മാത്രം പൊന്‍വെയിലായി തെളിഞ്ഞ ഒരു പ്രണയകാലം. ആ വിഷുപ്പൂക്കള്‍ക്കൊപ്പം ഈ പ്രണയപുഷ്പവും കൊഴിഞ്ഞു വീണു. അവന്‍റെ മനസ്സില്‍ ഇന്നും ആ സ്നേഹം പൂത്തു നില്‍ക്കുന്നു. അവള്‍ സമ്മാനിച്ചു പോയ ആത്മവിശ്വാസം പകര്‍ന്ന ഉയര്‍ച്ചകളില്‍. ഇന്നും മനസ്സില്‍ മായാതെ നില്‍കുന്ന അനേകമനേകം വാക്കുകളില്‍...

ഒരിക്കലും തമ്മില്‍ കാണാതെ ഒരു പ്രണയം.

അവന്‍റെയും അവളുടെയും സന്തോഷം ആര്‍ക്കും സങ്കടമാവാതിരിക്കാന്‍ ഈ പ്രണയം ബലികഴിക്കപ്പെട്ടു. അവനുമറിയില്ല ഏതാണു ശരി എന്ന്‌.

ഇന്ന്‌ അവള്‍ അവന്‍റെ ആരുമല്ലാതായിക്കഴിഞ്ഞു. ഏതോ തോണിയില്‍ ദിശയില്ലാതെ അവനും തുഴയുന്നു.

എങ്കിലും എന്‍റെ പ്രിയ കൂട്ടുകാരാ, ഞാന്‍ നിന്നെ അറിയുന്നു. നിന്‍റെ പ്രണയത്തെ അറിയുന്നു. നിന്‍റെ നന്മയും ഹൃദയവേഗവുമറിയുന്നു.

നല്ലതു വരട്ടെ, എല്ലാവര്‍ക്കും.

5 comments:

രാജ്‌ said...

കഥാപാത്രങ്ങള്‍ പ്രസക്തരല്ലാത്ത ഒരു ചെറു നോവ്‌. സൗഹൃദത്തിന്‍റെ ബ്രോഡ്ബാന്‍ഡ്‌ ലൈനിലൂടെ കിട്ടിയത്‌.

എന്‍റെ നല്ല കൂട്ടുകാരനു വേണ്ടി ഞാന്‍ പങ്കുവെയ്ക്കുന്നു.

-രാജ്‌

akberbooks said...

മതി നിര്‍ത്തിക്കൊ

sv said...

പ്രണയിച്ചവര്‍ക്കു പ്രണയം ഒരു കനലാണു.. മനസ്സില്‍ നീറി നീറി നില്‍ക്കുന്ന ഒരു കനല്...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

നാസ് said...

പ്രണയം മനസ്സിന്റെ കണ്ണാടിയാണ്............ എപ്പോഴും, പ്രണയിക്കുന്നവര്‍ ജീവിതമെന്ന വലിയ ചോദ്യത്തെ നേരിടേണ്ടി വരുന്നു.......... ഇവിടെയും അതുപോലെ....

രാജ്‌ said...

കമന്‍റിയ എല്ലാവര്‍ക്കും നന്ദി.

സസ്നേഹം
രാജ്‌