Sunday, March 09, 2008

പാത്താമുട്ടത്തെ അളിയന്‍

തങ്കപ്പന്‍ ഒരു പാവമായിരുന്നു, അയാളുടെ ഭാര്യയോ ഒരഹങ്കാരിയും. ഭര്‍ത്താവിനെയടക്കം കുടുംബം ഭരിക്കുന്നത്‌ ഭാര്യയാണ്‌. പാവം തങ്കപ്പന്‍ അധ്വാനിച്ചു സമ്പാദിക്കുന്നതെല്ലാം ഭാര്യയാണു കൈകാര്യം ചെയ്തിരുന്നതും ചെലവഴിച്ചിരുന്നതും. എന്തിന്‌, ഒരു ബീഡി വാങ്ങാന്‍ പോലും ഭാര്യയുടെ മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥയായി കൂലിപ്പണിക്കാരനായ തങ്കപ്പന്‌.

ജീവിതത്തില്‍ എങ്ങും ഒരത്താണി കാണാതെ അലഞ്ഞു മനസ്സു മടുത്ത തങ്കപ്പന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. അയാള്‍ വീടിനടുത്തുള്ള വനത്തിലേക്ക്‌ ഒരു മുഴം കയറുമായി യാത്രയായി. കെട്ടിത്തൂങ്ങാന്‍ പറ്റിയ ഒരു മരം കണ്ടപ്പോള്‍ അതിനു താഴെ ഒരു നിമിഷം നിര്‍ന്നിമേഷനായി നിന്നു. കരള്‍ പറിയുന്ന വേദനയോടെ ദൈവത്തോട്‌ തന്‍റെ ദുര്‍ഗതി പറഞ്ഞു യാചിച്ചു. ഒപ്പം, ജീവനൊടുക്കുന്നതില്‍ ക്ഷമയും ചോദിച്ചു. സാവധാനം മരത്തില്‍ കയറി. കയറിന്‍റെ ഒരറ്റം മരക്കൊമ്പില്‍ കെട്ടി. മറ്റേയറ്റത്ത്‌ കുടുക്കുണ്ടാക്കി. വിറയാര്‍ന്ന കൈ കൊണ്ട്‌ കുടുക്കു കഴുത്തിലേക്കിടാന്‍ തുടങ്ങിയതും 'വല്‍സാ..' എന്നൊരു വിളി കേട്ട്‌ തങ്കപ്പന്‍ ഞെട്ടി.

"ഞാന്‍ വല്‍സനല്ല, തെക്കേടത്തെ തങ്കപ്പനാ..!" എന്നു നാലുപാടും നോക്കിക്കൊണ്ട്‌ വിളിച്ചു പറഞ്ഞു.

"മനസ്സിലായി മകനേ! നാം ബ്രഹ്മാവാണ്‌. നിന്‍റെ കഷ്ടതകളില്‍ ഈ മനസ്സലിഞ്ഞിരിക്കുന്നു. നീ മരിക്കാനുള്ളവനല്ല. ഇക്കാലമത്രയും നീയനുഭവിച്ച ദുരിതങ്ങളില്‍ നിന്ന്‌ നാം നിന്നെ കരകയറ്റാം. ഇതാ, നിനക്കു നാം മൂന്നു വരം നല്‍കുന്നു. ഈ ലോകത്തില്‍ നീയാഗ്രഹിക്കുന്ന ഏതു മൂന്നു കാര്യവും ചോദിച്ചുകൊള്ളൂ. നാം നടത്തിത്തരും."

കടം കേറി മുടിഞ്ഞപ്പോള്‍ ഡി.എസ്‌.എഫിന്‍റെ കുറി അടിച്ചവനെപ്പോലെ തങ്കപ്പന്‍ നിന്നു പുളകിതനായി.

ബ്രഹ്മാവ്‌ തുടര്‍ന്നു- "വരങ്ങള്‍ ചോദിച്ചുകൊള്ളൂ മകനേ.."

ഇതു സത്യം തന്നെയോ?തങ്കപ്പന്‍റെ ബി.പി. കൂടി. നാവു പൊങ്ങുന്നില്ല. ദേഹം വിയര്‍ക്കുന്നു. കണ്ണില്‍ ഇരുട്ടു കയറുന്നു. അയാള്‍ തഴമ്പിച്ച കൈകള്‍ കൊണ്ട്‌ സ്വന്തം മുഖത്ത്‌ ഒന്നടിച്ചു നോക്കി. "ഹൗ, എന്തൊരു വേദന.!"

ബ്രഹ്മദേവന്‍ പറഞ്ഞു:"മകനേ, നിന്‍റെ വീര്‍പ്പുമുട്ടല്‍ നാം മനസ്സിലാക്കുന്നു. അതുകൊണ്ട്‌, ദാ, ഈ മൂന്നു തേങ്ങകള്‍ നാം നിനക്കു സമ്മാനിക്കുന്നു. നീയെന്ത്‌ ഉരുവിട്ട ശേഷം ഈ തേങ്ങ ഉടച്ചാലും അത്‌ ആ നിമിഷം സാധ്യമാകും. നല്ലതു വരട്ടെ മകനേ!" അനുഗ്രഹവും നല്‍കി ബ്രഹ്മാവു അപ്രത്യക്ഷനായി.

തുള്ളിച്ചാടി തങ്കപ്പന്‍ വീട്ടിലെത്തി. ഇതിലൊരെണ്ണം അവളെ മര്യാദ പഠിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കണം എന്ന് തങ്കപ്പന്‍ ഉറപ്പിച്ചു. കയ്യില്‍ മൂന്നു തേങ്ങയും പിടിച്ചു ആനന്ദനൃത്തം ചവിട്ടി വരുന്ന ആമ്പ്രന്നോനോട്‌ ഭാര്യ കാര്യം തിരക്കി. ഒറ്റശ്വാസത്തില്‍ തങ്കപ്പന്‍ കഥ മുഴുവന്‍ വിവരിച്ചു.

അതുകേട്ടപ്പോള്‍ ഭാര്യയ്ക്കൊരാഗ്രഹം- "അതേയ്‌... നമുക്കു മൂന്നു തേങ്ങാ കിട്ടിയില്ലെ? ഒരു തേങ്ങ കൊണ്ടുതന്നെ നമ്മുടെ കഷ്ടപ്പാടെല്ലാം തീരുമല്ലോ. പിന്നേയ്‌.. പാത്താമുട്ടത്തെ എന്‍റെ ഇളയ ആങ്ങളയൊണ്ടല്ലോ, അവരു വെല്യ കഷ്ടപ്പാടിലാ. ഒരു തേങ്ങ ആങ്ങളയ്ക്കു കൊടുക്കുവാണെങ്കി.."

പറഞ്ഞുതീര്‍ന്നില്ല, തങ്കപ്പന്‍ ഇടയ്ക്കു കയറി: "ഇതേ എനിക്കു ബ്രഹ്മാവു തന്ന വരമാ. അതുകൊണ്ട്‌ നിന്‍റെ ആങ്ങളമാര്‍ സുഖിക്കണ്ട."
ഭാര്യയുടെ മുഖം ചുവന്നു.
"എനിക്കെന്‍റെ കുഞ്ഞാങ്ങളയെ മറക്കാന്‍ പറ്റുവോ? ഒരു തേങ്ങ അങ്ങു കൊടുക്കരുതോ..?"തങ്കപ്പന്‍ കലികൊണ്ടലറി: "പാത്താമുട്ടത്തെ അളിയനു ഞാന്‍ കൊറെ കിഡ്നി കൊടുക്കും!"

ഇതുകേട്ട ഭാര്യക്കു ഹാലിളകി. അവര്‍ പാഞ്ഞു വന്ന്‌ ഭര്‍ത്താവിന്‍റെ കയ്യിലിരുന്ന തേങ്ങ പിടിച്ചുവാങ്ങി. ഭാര്യയുടെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ തങ്കപ്പന്‍റെ കയ്യില്‍ നിന്നും ഒരു തേങ്ങ നിലത്തേക്ക്‌ തെറിച്ചുവീണു!

പ്ഠേ...

"കഴുതേ.. നീ കാരണം ഒരു തേങ്ങാ പോയി." എന്നും പറഞ്ഞു അവര്‍ വീണ്ടും വഴക്കായി. ഇനിയും ഒരപകടം ഉണ്ടാവാതിരിക്കാന്‍ തങ്കപ്പന്‍ തേങ്ങകള്‍ രണ്ടും അലമാരയില്‍ വെച്ചു പൂട്ടി.

അനന്തരം രാത്രിയായി. ഇരുവരും അത്താഴം കഴിച്ചു കിടന്നുറങ്ങി.

കൊച്ചുവെളുപ്പാന്‍കാലത്തു വാതിലില്‍ മുട്ടു കേട്ട്‌ തങ്കപ്പന്‍ ഉണര്‍ന്നു. ഉള്ളിലെ ആധികാരണം തേങ്ങകള്‍ രണ്ടും യഥാസ്ഥാനത്തുണ്ടോ എന്നു ഉറപ്പുവരുത്തി. പോയി വാതില്‍ തുറന്നു നോക്കിയപ്പോള്‍ ദേഹമാകെ കരിമ്പടം കൊണ്ടു മൂടി പാത്താമുട്ടത്തെ അളിയന്‍. അതിശയിച്ചു പോയെങ്കിലും തങ്കപ്പന്‍ അളിയനെ ക്ഷണിച്ചു.

" ആ..ഹ്‌.. അളിയനോ? ഇതെന്നാ ഇത്ര രാവിലെ? കേറിവാ.. ഞാനവളെ വിളിക്കാം."

ഉടനെ അളിയന്‍ തിടുക്കത്തില്‍ പറഞ്ഞു: "നില്ലളിയാ, വേണ്ട! ഞാന്‍ കേറുന്നില്ല. വരം കിട്ടീന്നറിഞ്ഞു വന്നതാ. ഞാനിപ്പോ ഒരു വെല്യ പ്രശ്നത്തിലാ. അളിയനു മാത്രമേ എന്നെ രക്ഷിക്കാന്‍ പറ്റൂ. ദേ, ഇതൊന്നു പരിഹരിച്ചു തരണം..." എന്നും പറഞ്ഞു പുതച്ചിരുന്ന കരിമ്പടം നീക്കിക്കാണിച്ചു.

ഭയാനകമായ ആ കാഴ്ച കണ്ട്‌ തങ്കപ്പന്‍റെ തല കറങ്ങി. ദേഹത്തുള്ള സകല രോമകൂപങ്ങളില്‍ നിന്നും കിഡ്നി കിളിര്‍ത്ത നിലയില്‍ പാത്താമുട്ടത്തെ അളിയന്‍..!

ബ്രഹ്മാവിന്‍റെ വരമല്ലേ, അനുഗ്രഹത്തിനൊണ്ടോ വല്ല കൊറവും?വല്ലവിധേനയും തങ്കപ്പന്‍ അളിയനെ സമാധാനിപ്പിച്ചു യാത്രയാക്കി. നേരം വെളുക്കും മുന്‍പെ ഇതിയാനിതെന്നാ പരിപാടി എന്നറിയാന്‍ ഉറക്കച്ചടവോടെ എഴുന്നേറ്റു വന്ന ഭാര്യ സംഗതി കേട്ടപ്പോള്‍ നെഞ്ചത്തടിച്ചു നിലവിളിക്കാന്‍ തുടങ്ങി. ഗത്യന്തരമില്ലാതെ കക്ഷി പറഞ്ഞു: " രാവിലെ കെടന്നു കാറണ്ട. മിച്ചമുള്ള രണ്ടെണ്ണത്തില്‍ നിന്നും ഒരെണ്ണമെടുത്ത്‌ പൊട്ടിച്ചേക്കാം. അളിയന്‍റെ ഒടുക്കത്തെ ഒരു കിഡ്നി!"

രണ്ടാമത്തെ തേങ്ങ എടുത്തുകൊണ്ടുവന്ന് "പാത്താമുട്ടത്തെ അളിയന്‍റെ കിഡ്നിയെല്ലാം പോക്കിത്തരണേ, ബ്രഹ്മാവേ..!" എന്നു പറഞ്ഞ്‌ ഉടച്ചു.

ഭാര്യയുടെ നേരെ നോക്കി "നിനക്കു സമാധാനമായില്യോടീ..?" എന്നു വ്യസനപൂര്‍വ്വം പറഞ്ഞു കൊണ്ട്‌ ഒരു ബീഡിക്കു തീ കൊളുത്തി.

നേരം ഉച്ചയായിക്കാണും, വീട്ടിലേക്കു ദാ ഒരാള്‍ ഓടിക്കിതച്ചു വരുന്നു! കാര്യമന്വേഷിച്ച തങ്കപ്പനോട്‌ ആഗതന്‍റെ മറുപടി. "അതേ, നിങ്ങടെ പാത്താമുട്ടത്തെ അളിയന്‌ മൂത്രം പോണില്ലാന്ന്‌. ആശൂത്രീലോട്ടു കൊണ്ടുപോയേക്കുവാ. സങ്ങതി അല്‍പ്പം പെശകാന്നാ കേട്ടത്‌."തങ്കപ്പന്‍റെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി. അധികം വന്ന കിഡ്നി റിമൂവ്‌ ചെയ്ത കമാന്‍റിലെ പിഴവു കാരണം പ്രകൃത്യാ ഉണ്ടായിരുന്ന കിഡ്നി കൂടി ഇല്ലാതായി!

ദൂതനെ യാത്രയാക്കിയപ്പോഴേക്കും മിസ്സിസ്‌ തങ്കപ്പന്‍ കെട്ടിയോനെ പഴിപറഞ്ഞു ബഹളം തുടങ്ങിയിരുന്നു. ഹതാശനായ തങ്കപ്പന്‍ മൂന്നാമത്തെ തേങ്ങ കൈയ്യിലെടുത്ത്‌ മനമുരുകി പ്രാര്‍ഥിച്ചു:

"പാത്താമുട്ടത്തെ അളിയന്‌ ജന്മനായുണ്ടായിരുന്ന കിഡ്നി രണ്ടും തിരിച്ചു കൊടുത്തേക്കണേ, ദേവാധിദേവാ..!"

പ്ഠേ...!

ഗുണപാഠം: ഭാര്യമാരെ സൂക്ഷിക്കുക. ബ്രഹ്മാവിനു പോലും നിങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞെന്നു വരില്ല.

8 comments:

  1. ഹഹഹ..തകര്‍പ്പന്‍..

    ആദ്യത്തെ തേങ്ങ ഞാന്‍ രാജിനു വേണ്ടി ഉടയ്ക്കുന്നു..ഠേ.. ഇനി ഇതുപോലത്തെ സംഭവങ്ങള്‍ ധാരാളം എഴുതുവാന്‍ ഇടവരുത്തണേ..!

    ReplyDelete
  2. പറഞ്ഞു കേട്ട കഥയില്‍ കിഡ്നിയല്ലല്ലോ രാജേട്ടാ..!!? ഏഹ്‌?

    മൂലകഥയില്‍ മാറ്റം വരുത്തി അല്ലേ? :)

    ReplyDelete
  3. ബോധമില്ലാത്തവന് അബദ്ധം പറ്റാന്‍ ഭാര്യ വേണം എന്നില്ല...:)

    ReplyDelete
  4. കാര്യവിവരമില്ലാത്തവന്റെ കയ്യില്‍ എന്തോ കൊടുത്തപോലെ തന്നെ ഇത്...

    ReplyDelete
  5. ഹ ഹ. കലക്കി മാഷേ..
    :)

    ReplyDelete
  6. കുഞ്ഞന്‍, കമന്‍റിയതിനു നന്ദി. പിന്നെ മിച്ചമുള്ള രണ്ടു തേങ്ങ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക. :)

    അനോണീ, അപ്പോള്‍ താങ്കള്‍ ഇതു നേരത്തെ കേട്ടിട്ടുണ്ട്‌ അല്ലെ? ഉം... :)

    ബിനോജേ, ടാങ്ക്സ്‌..! :-)

    ഷാരു, ശരിയാണ്‌, ബോധമില്ലാത്തവന്‌ ഭാര്യ വേണമെന്നില്ല അബദ്ധം പറ്റാന്‍. പക്ഷേ തങ്കപ്പന്‍ ആളൊരു ഒരു ശുദ്ധനായിപ്പോയി. :)

    പാമരന്‍, നന്ദി.

    പ്രിയ, തേങ്ങ മൂന്നും പോയില്ലേ, ഇനി പറഞ്ഞിട്ടെന്താ കാര്യം? :) കമന്‍റിയതിനു നന്ദി.

    ശ്രീ, താങ്കളുടെ നിരന്തരമായ പ്രോല്‍സാഹനത്തിനു പ്രത്യേക നന്ദി. :)

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'