Wednesday, January 23, 2008

യുണിക്സ്‌ പഠനം

കാര്‍ന്നോന്മാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹവും ദൈവം തമ്പുരാന്‍റെ കൃപാകടാക്ഷവും നാവില്‍ സരസ്വതിയും ഒത്തു വന്ന ഒരു സുദിനത്തില്‍ കൊച്ചിയില്‍ വച്ചു നടത്തപ്പെട്ട ഒരു മല്‍സരപ്പരീക്ഷയുടെ ഫലമായി ഒരു വന്‍കിട ഐറ്റി കമ്പനിയിലേക്കു ഞാനുള്‍പ്പടെ ചില മലയാളി കുബുദ്ധികള്‍ തെരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ന്നു ഓഫര്‍ ലെറ്റര്‍ എന്ന വീസ കിട്ടിയതിനു ശേഷം ആവശ്യമായ സര്‍ട്ടിഫിക്കറ്റ്‌ തരപ്പെടുത്തലുകളും ഒക്കെയായി ഏതാനും ദിവസങ്ങള്‍ കടന്നു പോയി. ദിവസങ്ങള്‍ ആഴ്ചകള്‍ക്കു വഴി മാറിയപ്പോള്‍ ഞങ്ങള്‍ കര്‍ണാടകയിലെ ട്രെയിനിംഗ്‌ സെന്‍ററില്‍ എത്തി ജോയിന്‍ ചെയ്തു.

ആദ്യമായി ഒരു സ്റ്റൈലന്‍ ജോലി കിട്ടിയതിന്‍റെ ഒരു അഭിമാനം എല്ലാ പയലുകളുടെയും മുഖത്തു ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി പോലെ പറ്റിച്ചേര്‍ന്നിരുന്നു. പിന്നെ, ട്രെയിനിംഗ്‌ അല്‍പ്പം ബുദ്ധിമുട്ടായിരിക്കും, പാസ്സായില്ലെങ്കില്‍ പിരിച്ചു വിടും, കഷ്ടപ്പാടാണ്‌ ഫീല്‍ഡ്‌ എന്നിങ്ങനെയെല്ലാമുള്ള കിംവദന്തികളെ ഞങ്ങള്‍ ഓരോരുത്തരും വരാന്‍ പോകുന്ന നല്ല നാളെകളെക്കുറിച്ചുള്ള സുന്ദര സ്വപ്നങ്ങള്‍ കൊണ്ട്‌ വേട്ടയാടിത്തോല്‍പ്പിച്ചു.

ട്രെയിനിംഗ്‌ തുടങ്ങി. സംഗതി പ്രതീക്ഷിച്ചതുപോലെ അത്ര ഈസിയല്ല എന്നു ഓരോരുത്തര്‍ക്കും തോന്നിത്തുടങ്ങി. ഡെയ്‌ലി ആറേഴു മണിക്കൂര്‍ നീളുന്ന കത്തി. തിയറി ക്ലാസ്സേ..! പിന്നെ ഒരു ലോഡ്‌ അസ്സൈന്‍മെന്‍റുകള്‍. അവ നേരാംവണ്ണം ചെയ്തു തീര്‍ക്കണമെങ്കില്‍ പാതിരാവാകും. പോരാത്തതിനു മുട്ടിനു മുട്ടിനു ടെസ്റ്റ്‌. അതിലോ 65 ശതമാനം മാര്‍ക്കുണ്ടെങ്കിലേ ജയിക്കൂ..! പല പല സെമസ്റ്റെറുകളിലും മോഡറേഷന്‍ കാവിലമ്മയുടെ കൃപാകടാക്ഷം കൊണ്ട്‌ മാത്രം കടന്നു കൂടിയ നമ്മള്‍ക്കു അതൊരു എടുത്താല്‍ പൊങ്ങാത്ത ചുമടായിരുന്നു. വേറെന്തു വഴി? കുറുക്കുവഴിതന്നേ.! എന്‍റെ എതിരാളിയെ എനിക്കു തന്നത്താന്‍ തല്ലി വീഴ്ത്താന്‍ പറ്റിയില്ലെങ്കില്‍ ഞാനും എന്‍റെ കൂട്ടുകാരും കൂടി ചേര്‍ന്നു തല്ലി വീഴ്ത്തും. എന്നു വെച്ചാല്‍ നല്ല ആത്മാര്‍ത്ഥമായ കംബൈന്‍ഡ്‌ സ്റ്റഡി. ആരുടെയെങ്കിലും ഹോസ്റ്റല്‍ റൂമില്‍ അതങ്ങനെ വളരെ സുഭിക്ഷമായി നടക്കും. പിറ്റേന്നു ടെസ്റ്റ്‌ ഉണ്ടെങ്കിലാണ്‌ ഈ പഠനരീതിക്കൊരു അടിയന്തിര സ്വഭാവം കൈവരുന്നത്‌. ട്രെയിനിംഗ്‌ സെന്‍ററിന്‍റെ ഏറ്റവും അടുത്തായി ഹോസ്റ്റല്‍ റൂം ഉള്ള ബിച്ചു എന്ന ബിനോജിന്‍റെ താവളത്തിലാണ്‌ മിക്കവാറും ഈ ഓവര്‍നൈറ്റ്‌ സ്റ്റഡിചരിതം കെട്ടിയാടാറ്‌.

പ്രധാനമായി ഈ കഥയിലെ കഥാപാത്രങ്ങള്‍ നാലു പേരാണ്‌. ബിച്ചു ഫ്രം കോയിക്കോട്‌, സുത്യേവ്‌ @ സുത്തി ഫ്രം കൂത്താട്ടുകുളം, ഡേവ്‌ ഫ്രം തിരുവല്ല, പിന്നെ ഞാനും. അങ്ങനെയൊരു നാള്‍ പാതിരാ കഴിഞ്ഞ നേരത്ത്‌ ഞങ്ങളു നാലു പേരും കൂടി ഇന്‍ ഹരിഹര്‍ നഗറിലെ വിറ്റുകളും ബ്ലോഗാന്‍ കൊള്ളാവുന്നതും അല്ലാത്തതുമായ ആഭ്യന്തര പ്രശ്നങ്ങളും പിന്നെ കുറേയേറേ യുണിക്സ്‌ കമാന്‍റുകളും ഖൂട്ടിക്കുഴച്ച്‌.... സോറി, മനസ്സിന്‍റെ താളം ഒന്നു തെറ്റിപ്പോയി.. കൊണ്ടു പിടിച്ച സഹജഡീകരണ പഠനത്തിലാണ്‌. അത്യാവശ്യം കട്ട്‌ ഓഫ്‌ മാര്‍ക്ക്‌ നേടാനുള്ള അറിവ്‌ ആര്‍ജ്ജിച്ചുകഴിയുമ്പോള്‍ പഠനം വിശ്രമത്തിലേക്കും പിന്നീട്‌ ഉറക്കത്തിലേക്കും വഴിമാറുന്നതു സാധാരണ സംഭവം. കംബൈന്‍ഡ്‌ സ്റ്റഡി ഏതാണ്ടു വട്ടമെത്തിയതോടെ സുത്തി തൊട്ടടുത്ത ബ്ലോക്കിലുള്ള സ്വന്തം മാളത്തിലേക്കു വലിഞ്ഞു. ഞാനാണെങ്കില്‍ ഉറക്കത്തിനും പഠനത്തിനും ഇടയ്ക്കുള്ള ഒരു നൂല്‍പ്പാലത്തിലൂടെ കുടിയന്‍ ബൈജുവിനെപ്പോലെ പോകുന്നു. ഉറക്കം ബലികഴിച്ചിട്ട്‌ എനിക്കൊന്നും നേടാനില്ല. ഒന്നുകില്‍ നന്നായി പഠിക്കണം അല്ലെങ്കില്‍ നന്നായി ഉറങ്ങണം (ഈ രണ്ടും കെട്ട പരിപാടി നമുക്കു വേണ്ട.!) എന്ന വിശ്വാസപ്രമാണം നിമിത്തം പണി മതിയാക്കി കാമ്പസിന്‍റെ കിഴക്കേ മൂലയ്ക്കുള്ള ഹോസ്റ്റല്‍ ബ്ലോക്കിലേക്കു ഞാനും സൈക്കിള്‍ ചവിട്ടിപ്പോയി. അനധികൃതമായി ഡേവ്‌ അക്കാലത്തു ബിച്ചുവിന്‍റെ റൂമിലാണു താമസിച്ചു വരുന്നത്‌. ടിയാന്‍ പെന്‍റിംഗ്‌ ആയ പാഠഭാഗങ്ങള്‍ പിറ്റേന്നത്തേക്കു മാറ്റി വെച്ച്‌ റ്റിവിയില്‍ നിന്നും അനുയോജ്യമായ ചാനലുകള്‍ തിരഞ്ഞു സംഗീതവും നൃത്തവും ബയോളജിയും പഠിക്കുന്നു. ബിച്ചു എന്നു പറയുന്ന വിദ്വാന്‍ ഒരു പെര്‍ഫെക്‍ഷനിസ്റ്റും പഠനത്തിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത ആളും ആയിരുന്നതു കൊണ്ട്‌ പുള്ളി മാത്രം ഇരുന്നു പഠിക്കുന്നുണ്ട്‌(ട്രെയിനിംഗ്‌ കഴിഞ്ഞപ്പോഴേക്കും അവനതിന്‍റെ ഗുണമുണ്ടായി എന്നതു വേറേ കാര്യം.!). ഒരു പത്തു തൊണ്ണൂറു ശതമാനം മാര്‍ക്കിനുള്ള വിവരങ്ങള്‍ തലയില്‍ ഫീഡ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ ബിച്ചുവും മുട്ടു മടക്കി. ഉറക്കത്തിലേക്കു വഴുതി വീഴുന്ന നേരം ബിച്ചു ഓര്‍മ്മിപ്പിച്ചു: "ദേ, റ്റിവി നിര്‍ത്തിയേച്ചു കെടക്കണെ..".

"ആന്‍...ങ്‌.." എന്നൊരു വളിച്ച മൂളലായിരുന്നു മറുപടി.

രാവേറെയായി. മുടങ്ങാതെ ജലസേചനം നടക്കുന്നതു കൊണ്ട്‌ ഈറനായ പുല്‍ത്തകിടിയിലിരുന്ന് മണ്ഡൂകരാഗം മീട്ടിയ മാക്രിക്കുഞ്ഞന്‍ പോലും നിദ്രയിലാണ്ടു. മുറിയില്‍ ലൈറ്റുകള്‍ അണഞ്ഞിരുന്നില്ല. റ്റിവി അപ്പോഴും ഡാന്‍സ്‌ പാര്‍ട്ടി തുടര്‍ന്നു. പിറ്റേ ദിവസത്തെ പരീക്ഷയില്‍ നൂറുമേനി കൊയ്യുന്നതു സ്വപ്നം കണ്ടുറങ്ങിയ ബിച്ചു ഏതോ ഒരു ദുര്‍ബ്ബല നിമിഷത്തില്‍ നിദ്രാദേവിയുടെ ഗാഢാലിംഗനത്തില്‍ നിന്നു അല്‍പ്പമൊന്നു സ്വതന്ത്രനായപ്പോള്‍ വലതു കയ്യില്‍ റിമോട്ടും പിടിച്ചു കമിഴ്‌ന്നുകിടന്നുറങ്ങുന്ന ഡേവച്ചായനെയാണ്‌ കണ്ടത്‌. സുഖം പിടിച്ചു പോയ ആ കിടപ്പില്‍ നിന്നെഴുന്നേറ്റ്‌ സ്വയം ആ കൃത്യം ചെയ്യാനുള്ള മടി കാരണം, ബിച്ചു അച്ചായനെക്കൊണ്ടുതന്നെ റ്റിവി ഓഫ്‌ ചെയ്യിക്കാനുള്ള നടപടി ആരംഭിച്ചു.

"ഡാ..?" ബിച്ചുവിന്‍റെ വിളി.

പക്ഷേ, അച്ചായന്‍ നല്ല സുഖസുഷുപ്തിയില്‍ ആണ്ടു കിടക്കുന്നു. അസാധാരണമാം വിധം രോമാവൃതമായ മേല്‍പ്പടിയാന്‍റെ ആ കിടപ്പു കണ്ടാല്‍ വെള്ളത്തൊലിയുള്ള കരടി ബെഡ്ഡില്‍ കിടക്കുകയാണെന്നേ തോന്നൂ. നോ റെസ്പോണ്‍സ്‌. ഞാനൊന്നുമറിയുന്നില്ലത്രേ.

ബിച്ചു വിടാന്‍ ഭാവമില്ല. ഇടവിട്ടുള്ള കൂര്‍ക്കംവലിക്കിടയിലൂടെ വീണ്ടും വിളിച്ചു.

"അച്ചായോ.."

തരളിതമായ ആ വിളി കേട്ടാല്‍ ഹൃദയമുള്ള ഏതൊരച്ചായനും ഏതു പാതിരാത്രിയിലും ഉറക്കമുണര്‍ന്ന് "എന്നതാടിയേ.." എന്നു ചോദിച്ചു പോകും. ഇവനതിന്‍റെ പ്രായമകാത്തതു കൊണ്ടായിരിക്കും - ഒന്നും സംഭവിച്ചില്ല. അല്‍പ്പം കടുപ്പിച്ചൊന്നു വിളിച്ചാലോ?

"എടാ അച്ചായാ..റ്റിവി നിര്‍ത്തിയേച്ചു കെടക്കഡാ" ങേഹ്ഹേ...!

ഒരഞ്ചു സെക്കന്‍റു കഴിഞ്ഞു കാണും. കുലച്ചു നില്‍ക്കുന്ന പാളയംകോടന്‍ വാഴ വെട്ടു കൊണ്ടതിനു ശേഷം വീഴാന്‍ തുടങ്ങുമ്പോള്‍ കേള്‍ക്കുന്ന അതേ ഞരക്കത്തോടെ ഫുള്‍ അബോധാവസ്ഥയില്‍ അച്ചായന്‍ തല പൊക്കി ഉറക്കം ഹെല്‍മെറ്റ്‌ വെച്ച കണ്ണുകള്‍ കൊണ്ടു രംഗനിരീക്ഷണം നടത്തുന്നതു കണ്ടപ്പോള്‍ 'ഇനിയുള്ള കാര്യം അവന്‍ നോക്കിക്കൊള്ളും' എന്ന തനി മലയാളി നിസംഗ്ഗതയോടെ ബിച്ചു കമ്പിളിക്കടിയിലേക്കു വലിഞ്ഞു.

അച്ചായന്‍ എഴുന്നേറ്റ്‌ 'ഡേയ്‌' എന്നൊരു വിളി.

എന്നെ എന്തിനു വിളിക്കണം? ഇവനു റ്റിവി ഓഫാക്കിയേച്ചു കെടന്നാല്‍ പോരേ..?
"ഹാന്‍..ങ്‌..?" ബിച്ചുവിന്‍റെ സ്വരത്തില്‍ ചെറിയൊരു നീരസം.

യുണിക്സ്‌ പഠനത്തിന്‍റെ കെട്ടു വിടാതെ ഉറങ്ങിയുണര്‍ന്ന ഡേവ്‌, ഇടതു കയ്യില്‍ പിടിച്ച റിമോട്ടിലേക്ക്‌ ഉറ്റുനോക്കിക്കൊണ്ട്‌ അവന്‍റെ വണ്‍ മില്യണ്‍ ഡോളര്‍ ചോദ്യം ചോദിച്ചു-

"ഡാ.. റ്റിവി ഓഫ്‌ ചെയ്യാനുള്ള കമാന്‍റ്‌ ഏതാ..?"

3 comments:

  1. റ്റിവി ഓഫ്‌ ചെയ്യാനുള്ള കമാന്‍റ്‌ ഏതാ..?"

    ഹഹഹഹ.....ചിരിപ്പിച്ചു

    ReplyDelete
  2. /usr/bin/poweroff ആയിരിക്കും !

    :-D

    ReplyDelete
  3. ഹ ഹ... അതു കലക്കന്‍‌ ചോദ്യമായല്ലോ.

    shutdown -h TV now ഒന്നു പരീക്ഷിച്ചു നോക്കിയാലോ?
    :)

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'