Wednesday, January 02, 2008

ബെല്ലും ബ്രേക്കും

ഇത്‌ മഹാനായ ബോബിസാറിന്‍റെ കഥയാണ്‌. ഞാന്‍ ഡിഗ്രി പഠനം കഴിഞ്ഞ്‌ കട്ടപ്പനയിലെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കമ്പ്യുട്ടറുകളുമായി അല്‍പ്പസ്വല്‍പ്പം ഗുസ്തിയൊക്കെ പിടിച്ചു കഴിഞ്ഞു കൂടുന്നു. അവിടേക്ക്‌ ഏസി റെഫ്രിജറേഷന്‍ ഇന്‍സ്ട്രക്ടര്‍ ആയി മേല്‍പ്പടി ബോബി എന്ന മെലിഞ്ഞുകുറിയ സത്യക്രിസ്ത്യാനിയും പരമസാധുവുമായ കഥാപാത്രം വന്നു ചേര്‍ന്നു. ബോബിസാര്‍ തൃശ്ശൂര്‍ ജില്ലയിലെ കൊടകര സ്വദേശിയാണ്‌. അദ്ദേഹം എറണാകുളത്തുള്ള ഒരു സ്ഥാപനത്തില്‍ ഏസി മെക്കാനിക്കായി ജോലി നോക്കവേയാണു കട്ടപ്പനയില്‍ എത്തിപ്പെടുന്നത്‌. ഇവിടെ പുതിയ വേഷം പുതിയ ഭാവം. സത്യം പറയാമല്ലോ..ആദ്യമൊക്കെ വെല്യ പാടാരുന്നേയ്‌.. ആ തൃശ്ശൂര്‍ ഭാഷ ഒന്നു മനസ്സിലാക്കിയെടുക്കാന്‍. ഹൈ.. പിന്നെ നമ്മളത്‌ വശത്താക്കീന്ന്..

ക്ലാസ്സൊക്കെ തുടങ്ങി. പത്തും ഗുസ്തിയും കഴിഞ്ഞു വന്ന പിള്ളേരെ കറന്‍റ്‌ എന്നാല്‍ ഹോസിന്‍റെ അകത്തുകൂടെ വെള്ളം ഒഴുകുന്നപോലെ സഞ്ചരിക്കുന്ന ഒരു ഊര്‍ജ്ജരൂപമാണെന്നും വോള്‍ട്ടേജ്‌ എന്നു വെച്ചാല്‍ വീട്ടിലെ ലൈറ്റ്‌ മങ്ങുമ്പോള്‍ ഇല്ലാതാകുന്ന സാധനം എന്താണോ അത്‌ ആണെന്നുമൊക്കെ വളരെ കഷ്ടപ്പെട്ടു പഠിപ്പിച്ചു പോന്നു. സ്വതവേ ടെക്നിക്കല്‍ കോഴ്സുകള്‍ക്ക്‌ വനിതകള്‍ അഡ്മിഷന്‍ വാങ്ങുന്നതു ദുര്‍ലഭമായ ഒരു ഏര്‍പ്പാടാകയാല്‍, ഇന്‍റര്‍വെല്‍ സമയങ്ങളില്‍ മേല്‍പ്പടിയാന്‍റെ ശിഷ്യഗണം ഞങ്ങളുടെ വര്‍ക്‍ഷോപ്പിനു സമീപം നല്ല ഹാജര്‍ നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കോ-ഓപ്പറേറ്റീവ്‌ കോളേജിനു അഭിമുഖമായി നിന്നു കാറ്റു കൊള്ളാന്‍ തുടങ്ങുകയും, 'നമ്മളെല്ലാം ഒരു കുടുംബക്കാരല്ലേ' എന്ന മനോഭാവത്തോടെ വല്ലപ്പോഴും ബോബിസാറും ഈ കലാപരിപാടിയില്‍ അവരെ സഹായിച്ചും പോന്നു.

ഒരിക്കല്‍ ആ വിദ്യാലയത്തിന്‍റെ ഉപസ്ഥാപനമായ മാര്‍ക്കറ്റിംഗ്‌ കമ്പനിയുടെ ഒരു മാനേജര്‍ ബോബിസാറിനോട്‌ 'നീ ഒരു സാര്‍ അല്ലേ? എന്നും ഷര്‍ട്ട്‌ ഇന്‍ ചെയ്തു പോകണം' എന്നു നിര്‍ദ്ദോഷകരമായി ഉപദേശിച്ചു. സ്വന്തം ആയിരുന്നിട്ടും പാന്‍റ്‌സ്‌ തന്‍റെ അര, പൃഷ്ഠം, തുട എന്നീ അവയവങ്ങളുമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു എന്ന സത്യത്തെ തൃണവല്‍ഗണിച്ചുകൊണ്ട്‌ ജീവിതത്തിലാദ്യമായി ബോബിസാര്‍ ഇന്‍സര്‍ട്ട്‌ ചെയ്തതു അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവത്തെ സംബന്ധിച്ചിടത്തോളം കുഞ്ഞുമോന്‍ ചേട്ടന്‍റെ പൊടിമില്ലില്‍ ത്രീ ഫേസ്‌ കണക്ഷന്‍ ലഭിച്ചതു പോലത്തെ ഒരു സംഭവം ആയി.

ഉച്ചകഴിഞ്ഞു മൂന്നു മണിക്കു ക്ലാസ്സ്‌ തീരുന്നതോടെ ബോബിസാറിന്‍റെ ഔദ്യോഗികജീവിതത്തിലെ രണ്ടാം റോള്‍ ആരംഭിക്കുകയായി. വര്‍ക്‍ഷോപ്പില്‍ നിന്നും മെയിന്‍ ഓഫീസ്‌ ബില്‍ഡിങ്ങിലെത്തുന്ന ബോബിസാറിനെ കാത്തു ഒരു പ്യൂണിന്‍റേതുള്‍പ്പടെയുള്ള പണികള്‍ വേറെ കാണും. നിഷ്കളങ്കനും ദയാലുവും 'ഹെല്‍പ്‌ മീ ടു ഹെല്‍പ്‌ യു' എന്ന മനസ്ഥിതിക്കാരനുമായിരുന്ന ടിയാന്‍ അതെല്ലാം സസന്തോഷം ഏറ്റെടുത്തു സാമാന്യം ഭംഗിയായി നിര്‍വ്വഹിച്ചു പോന്നു.

പറഞ്ഞു വന്ന സംഗതി മറ്റൊന്നാണ്‌. ഇദ്ദേഹം ഒരിക്കല്‍ കട്ടപ്പനയില്‍ നിന്നും എറണാകുളത്തിനു പോയ കഥ. പോയ ആവശ്യം നിഗൂഢം. ഒഫീഷ്യല്‍ അല്ല എന്നു വ്യക്തം. സര്‍പ്രൈസിങ്ങ്‌ലി, ബോബിസാറിന്റെ കൂടെ ഒരു വല്‍സല ശിഷ്യനും ഉണ്ടായിരുന്നു. എറണാകുളത്തു രാവിലെ തന്നെ എത്താന്‍ പാകത്തില്‍ കട്ടപ്പനയില്‍ നിന്നും പാതിരാ കഴിഞ്ഞ നേരത്തു പുറപ്പെട്ട എംഎംഎസ്സ്‌ ബസ്സ്‌ ഒരു പത്തുപതിനഞ്ചു കിലോമീറ്റര്‍ പിന്നിട്ട്‌ ഇടുക്കിക്കു മുന്‍പുള്ള പത്താം മൈല്‍-നാരകക്കാനം ഭാഗത്തുകൂടി ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടു പായുകയാണ്‌. യാത്രക്കാര്‍ ഭൂരിഭാഗവും നല്ല ഉറക്കം.

പൊടുന്നനെ ആ സത്യം വണ്ടിക്കുള്ളില്‍ പരന്നു. മറ്റൊന്നുമല്ല- ബസ്സിന്‍റെ ബ്രേക്ക്‌ പോയിരിക്കുന്നു!

ഇടതു വശം പാറയും കുറ്റിച്ചെടികളും നിറഞ്ഞ തിട്ട. വലതു വശം നല്ല ഒന്നാംതരം കൊക്ക. താഴോട്ടെങ്ങാനും പോയാല്‍ 'പൊടി പോലുമില്ല കണ്ടുപിടിക്കാന്‍' എന്നു പറഞ്ഞതു പോലെയാകും.

ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍? ഡ്രൈവര്‍ എങ്ങനെയോ വാഹനത്തിന്‍റെ വേഗം കുറച്ചു. ഇപ്പോള്‍ ബസ്സ്‌ നീങ്ങുന്നതു വളരെ ഇഴഞ്ഞാണ്‌. എതിരെ മറ്റൊരു വാഹനം വരുന്നതിനു മുന്‍പേ സുരക്ഷിതമായ ഒരു ഭാഗത്തു വണ്ടി ഇടിപ്പിച്ചു നിര്‍ത്തുന്നതിനായി അങ്ങനെ പോകുന്നു, പോയിക്കൊണ്ടിരിക്കുന്നു. വേഗം തീരെ കുറവാകയാല്‍, മുങ്ങാന്‍ പോകുന്ന കപ്പലില്‍ നിന്നെന്ന പോലെ ഓരോരുത്തര്‍ അവസരം നോക്കി ചാടിയിറങ്ങുന്നുമുണ്ട്‌.

ബോബിസാര്‍ സംഭവം അറിഞ്ഞിരിക്കുന്നു.! അദ്ദേഹം ഉണര്‍ന്നു. ബസിന്‍റെ പിന്‍ഭാഗത്തെ ഡോറില്‍ കിളി എന്ന സ്റ്റാഫിന്‍റെ അഭാവം നമ്മുടെ മിസ്റ്റര്‍ കൊടകര തിരിച്ചറിഞ്ഞു. സ്വയം ആ സ്ഥാനം ആശാന്‍ ഏറ്റെടുത്തു, കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കി പുറത്തേക്കു തലയിട്ടുകൊണ്ടു രംഗവീക്ഷണം നടത്തുന്നു.

അത്തരുണത്തില്‍, ഒരാള്‍ തന്‍റെ ലഗേജുമായി ഡോറിനു സമീപം എത്തുകയും ഇറങ്ങണമെന്ന്‌ ആംഗ്യം കാണിക്കുകയും ചെയ്തു. ഇല്ല. ബോബിസാര്‍ വഴിമുടക്കിത്തന്നെ നിന്നു.

"ഹൈ, ഇപ്പോള്‍ ഇറങ്ങാന്‍ പറ്റില്ലാന്ന്‌." പോരാഞ്ഞിട്ടു കൈ കൊണ്ടു ചെറിയൊരു ബാരിക്കേഡും നിര്‍മ്മിച്ചു.

"ഞാന്‍ വണ്ടിയേന്ന് ഇറങ്ങുന്നതിനു ഇയാള്‍ക്കിതെന്തോന്നിന്‍റെ കേടാ?" എന്ന് ആ യാത്രക്കാരനു തോന്നിയിരിക്കണം.

അയാള്‍ വീണ്ടും നിര്‍ബന്ധം പിടിച്ചപ്പോള്‍ ബോബിസാര്‍ വേണ്ടതു ചെയ്തു. മുന്നില്‍ ഞാന്നു കിടന്ന ചരടില്‍ പിടിച്ചു മനസ്സില്ലാ മനസ്സോടെ ഒറ്റ വലി..!!

"ടിന്‍...."

തള്ളേ, സിംഗിള്‍ ബെല്‍..!!

എന്നിട്ടൊരു പറച്ചിലും- "ബണ്ടി നിക്കട്ടേന്നു..!!"

കൊച്ചുവെളുപ്പാന്‍ കാലത്തു എവിടെയെങ്കിലും സ്വസ്ഥമായി ഒന്നു ക്രാഷ്‌ ലാന്‍റ്‌ ചെയ്യാന്‍ അതിസാരം പിടിപെട്ടവനെപ്പോലെ ബ്രേക്കില്ലാതെ ഓടുന്ന നേരത്ത്‌ വണ്ടി നിര്‍ത്താന്‍ സിംഗിള്‍ ബെല്‍ അടിച്ച പയല്‌ എവനെടാ എന്നു ബസ്സ്‌ പോലും ഒരു വേള ചിന്തിച്ചുകാണണം.

4 comments:

  1. ഹ ഹ ഹ! ഇതു പോലൊരു ബോബിയെ എനിക്കും അറിയാം... പക്ഷെ സ്വദേശവും തൊഴിലും വേറെയാ... ആ സ്ഥാനത്ത് ആളെ സങ്കല്പിച്ചു നോക്കിയപ്പോള്‍ ചിരി അല്പം കൂടിപ്പോയി. കൊള്ളാം... :-)

    ReplyDelete
  2. ഹ ഹ...ബസ്സ് പോലും ചിന്തിച്ചല്ലേ :)

    ReplyDelete
  3. സാറു കൊള്ളാമല്ലോ.

    :)

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'