Thursday, December 20, 2007

എക്സ്റ്റെന്‍ഷന്‍ നമ്പര്‍

അങ്ങനെ ഞാനും ബാംഗ്ലൂരിലെ പല സഹസ്രം വരുന്ന അടിപൊളി യുവത്വത്തിന്‍റെ പ്രതീകമായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എന്ന ഗണത്തില്‍ ഒരുവനായി 2007 ജുലയ്‌ മാസം ജോയിന്‍ ചെയ്തു.

ക്യുബിക്കിള്‍ എന്നറിയപ്പെടുന്ന കുഞ്ഞു ചതുരക്കൂടില്‍ എനിക്കു കിട്ടിയ സുഹൃത്താണു സിബി. മലയാളിയാണെങ്കിലും ജീവിതമൊക്കെ ഭാരതത്തിന്‍റെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ജീവിച്ചതു കൊണ്ടു കേരളവുമായി ആശാനു കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. എന്നിരുന്നാലും "മല്ലൂസ്‌" എന്ന ഗ്യാങ്ങില്‍ പെടുത്താമായിരുന്നതു കൊണ്ടു തുടക്കത്തില്‍ തന്നെ ഞങ്ങള്‍ വെല്യ ദോസ്തുക്കള്‍ ആയി.

അങ്ങനെയിരിക്കെ കമ്പനിയുടെ ട്രെയിനിംഗ്‌ സെന്‍ററില്‍ നിന്നും പുതുതായി ട്രെയിനിംഗ്‌ കഴിഞ്ഞു ഒരു പയലു വന്നു ചാടി, ഞങ്ങളുടെ ഇടയിലേക്ക്‌. കഥാപാത്രത്തിന്‍റെ പേരു തമിഴ്‌ശെല്‍വന്‍.

ആളെ ഇപ്പോള്‍ എങ്ങനെയാ ഒന്നു വര്‍ണ്ണിക്കുക? ആറടിയിലേറെ പൊക്കം. അതിനൊത്ത വണ്ണം. പതിവിനു വിരുദ്ധമായി വെളുത്ത തൊലി. ക്ലീന്‍ ഷേവ്‌ ചെയ്ത മുഖം. കട്ടി ഫ്രെയിം ഉള്ള കണ്ണട. വെയര്‍ (എവിടെ) എന്ന വാക്കിനു വയര്‍ എന്നുള്ള ഉച്ചാരണം. ഒരു പത്തു തൊണ്ണൂറ്റഞ്ചു കിലോ ഭാരം. ഇത്രയൊക്കെയായാല്‍ തമിഴ്‌ശെല്‍വന്‍ ആയി. തമിഴ്‌ശെല്‍വന്‍ വന്ന പാടെ മൂപ്പര്‍ക്ക്‌ ഒരു പേരു വീണു. കോര്‍ ഗൈ. കാരണം മൂപ്പര്‍ ഞങ്ങള്‍ എല്ലാവരും കൂടി നിരന്നിരുന്നു കുളമാക്കുന്ന സോഫ്റ്റ്‌വെയറിന്‍റെ മൂത്ത ട്രെയിനിങ്‌ ആയ കോര്‍ ട്രെയിനിങ്ങും കഴിഞ്ഞു വന്ന കക്ഷിയാണ്‌. ആംഗലേയവല്‍ക്കരിച്ച്‌ ഞങ്ങള്‍ അവനെ തമിള്‍ എന്നും വിളിച്ചു. അങ്ങനെ ഞങ്ങളുടെ ഇടയിലെ ടെക്നിക്കലി സൗണ്ട്‌ ആയ വിദ്വാന്‍ ആയി മാറി ടി അഴകിയ (ഭീമാകാരനായ) തമിഴ്‌ മകന്‍.

അത്തരുണത്തില്‍ തന്നെയാണു സിബി വളരെക്കാലം കൂടി നാട്ടിലേക്ക്‌ (എന്നു വച്ചാല്‍ താമസം അങ്ങു നാസിക്കിലാണേ) ഒരു ആഴ്ച്ചത്തെ ലീവില്‍ പോയത്‌. അപ്പോള്‍ താല്‍ക്കാലികമായി നമ്മുടെ തമിള്‍ സിബിയുടെ സീറ്റില്‍ ഉപവിഷ്ടനായി.

ആദ്യമായി ഒരു പണിസ്ഥലം കിട്ടിയതിന്‍റെ ചൂടിലാവണം പുള്ളി സിബിയുടേതെന്നു പറയാവുന്ന എക്സ്റ്റെന്‍ഷന്‍ നമ്പര്‍ സ്വന്തം സുഹൃത്തുക്കള്‍ക്കൊക്കെ അങ്ങു കൊടുത്തു. സ്വാഭാവികം മാത്രം. അങ്ങനെ സിബിയുടെ സീറ്റില്‍ തമിള്‍ വിളയാട്ടം ഒരാഴ്ച്ച കമ്പ്ലീറ്റ്‌ ചെയ്യുന്ന അവസരത്തിങ്കല്‍ ലീവു കഴിഞ്ഞു ടിയാന്‍ വന്നു ചേരുകയും തമിള്‍ തല്‍സ്ഥാനത്തു നിന്നും ഔട്ട്‌ ആകുകയും ചെയ്തു.

സിബിച്ചേട്ടന്‍ വന്നു, പണി മുറ പോലെ തുടങ്ങി. അങ്ങനെ പോകവേ തമിളിന്‍റെ കൂട്ടുകാരുടെ കാളുകള്‍ ഒന്നൊന്നായി സിബിക്കു കിട്ടിത്തുടങ്ങി.

ടിണിണിണീ.. ടിണിണിണീ.. ടിണിണിണീ.. ടിണിണിണീ..

"ഹലോ, തമിള്‍..?"

"സോറി, ഇറ്റ്സ്‌ സിബി ഹിയര്‍"

...
വീണ്ടും,

ടിണിണിണീ.. ടിണിണിണീ.. ടിണിണിണീ.. ടിണിണിണീ..

"ഹലോ, തമിഴ്സെല്‍വന്‍..?"

"സോറി, ഇറ്റ്സ്‌ സിബി യാര്‍, തമിള്‍ ഇസ്‌ സിറ്റിംഗ്‌ അറ്റ്‌ സം അദര്‍ പ്ലേസ്‌..."

ഒന്നു രണ്ടു ദിവസമായപ്പൊളേക്കും സിബി മടുത്തു തുടങ്ങി.

ദേ, പിന്നേം വരുന്നു...

ടിണിണിണീ.. ടിണിണിണീ.. ടിണിണിണീ.. ടിണിണിണീ..

"ഹലോ, തമിള്‍..?"

"സോറി, തമിള്‍ ഹാസ്‌ ചേഞ്ച്‌ഡ്‌ ഹിസ്‌ ക്യൂബ്‌..."

അപ്പോള്‍ ദേ വീണ്ടും...

ടിണിണിണീ.. ടിണിണിണീ.. ടിണിണിണീ.. ടിണിണിണീ..

"ഹലോ, തമിള്‍..?"

രണ്ടു ദിവസമായി തുടരുന്ന തൊല്ല. സിബിയുടെ എല്ലാ പിടിയും വിട്ടു...!!

എന്നിട്ടു പുള്ളി വളരെ കൂള്‍ ആയി പറഞ്ഞു :

"നോ..! ഐ ആം മലയാളം..!"

ആഫ്റ്റര്‍ ദാറ്റ്‌, നോ പ്രോബ്ലം..!

1 comment:

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'