Sunday, August 10, 2008

പുതുവത്സരസമ്മാനം

തൊണ്ണൂറുകളിലെ ഒരു പുതുവര്‍ഷദിനം. ഇരട്ടയാര്‍ സെന്റ് തോമസ് ഹൈസ്കൂള്‍. ഗ്രൌണ്ട് ഫ്ലോ‍ര്‍. അങ്ങേയറ്റത്തെ മുറി. പത്ത് എ മറ്റൊരു അധ്യയനദിവസത്തിലേക്ക് ഉണരുകയാണ്.

ഞാന്‍ അന്നു വാങ്ങിയ പുതിയ നോട്ട്ബുക്കിന്റെ രണ്ടാം താളില്‍ പേര്, ക്ലാസ്, റോള്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ എഴുതിച്ചേര്‍ത്തുകൊണ്ടിരിക്കുന്നു. പേജിന്റെ ഒത്ത നടുക്ക് വിലങ്ങനെ വിഷയത്തിന്റെ പേരുകൂടി എഴുതി അടിയില്‍ നെടുനീളത്തില്‍ ഒരു വര കൂടി ഇട്ടു. ന്യൂ ഇയറല്ലേ, ഇതു കൂടി ഇരിക്കട്ടെ എന്നു വിചാരിച്ച് ആ പേജിന്റെ നെറ്റിയില്‍ "ഹാപ്പി ന്യൂ ഇയര്‍" എന്നു ഭംഗിയായി എഴുതി അതിനു ചുറ്റും കലാവാസന കൊണ്ട് ഒരു വേലിയും തീര്‍ത്തു. ബുക്ക് അല്പം അകറ്റിപ്പിടിച്ച് അതിന്റെ ഭംഗി ഒന്നുകൂടി ആസ്വദിച്ചു.

ആഴ്ചയിലെ എല്ലാ ദിവസവും ആദ്യപീരീഡ് ക്ലാസ്സ് ടീച്ചര്‍ കൂടിയായ പോള്‍ ജോസഫ് സാറിന്റെ മലയാളം ക്ലാസ്സ് ആണ്. ക്ലാസില്‍ എത്ര നേരത്തെ വന്നാലും എല്ലാവരും മിണ്ടാതിരുന്നു പഠിച്ചുകൊള്ളണമെന്നാണ് ഉത്തരവ്. ആയത് അതീവശ്രദ്ധയോടെ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എസ്.എസ്.എല്‍.സി. പരീക്ഷ അടുത്തതോടെ നിയമങ്ങള്‍ വളരെ കര്‍ക്കശമാ‍ണ്. അതു പത്ത് എ-യിലാവുമ്പോള്‍ അതീവഗൌരവമാകും. അന്ന് എന്റെ അടുത്തിരുന്നു ഡോണി ഏതോ പാഠപുസ്തകത്തിന്റെ താളുകള്‍ ധൃതിയില്‍ മറിക്കുന്നു. അവനു പഠിക്കാന്‍ അങ്ങനെ താള്‍ മറിച്ചാല്‍ മതി.
അജയ്‌മോന്‍ എതോ ബുക്കിലേക്കു തല കുമ്പിട്ടിരിക്കുന്നു. പഠിക്കുവൊന്നുമല്ല, എങ്കിലും സാര്‍ വരുമ്പോള്‍ തെറ്റിദ്ധരിക്കണമല്ലോ! ഞാന്‍ പിന്നിലേക്കു നോക്കി ക്ലാസ്സ് ലീഡര്‍ ജോബിയുടെ മുന്നില്‍ നിയമം ലംഘിക്കുന്നവരുടെ പേരെഴുതുന്ന കടലാസ് ഉണ്ടോയെന്നും നോക്കി. ഇല്ലല്ലോ! അതെന്തു പറ്റി? അവനെ എന്നെ നോക്കി ഒന്നു ചിരിച്ചെന്നു വരുത്തി. ഇന്നെന്നാ അവനൊരു ജാഡ? ഓ... ആരന്വേഷിക്കുന്നു? മൂപ്പരു ചിലപ്പോള്‍ നല്ല ഒന്നാംതരം പിന്‍ബെഞ്ചുകാരനാവും, മറ്റു ചിലപ്പോള്‍ മര്യാദക്കാരനും നീതിമാനും നിയമപാലകനുമായ ലീഡറായി മാറും. ഇന്നു ലീഡറാണെന്നു തോന്നുന്നു.

പെട്ടെന്ന്‍ പോള്‍ സാര്‍ ക്ലാസ്സിലേക്ക് കടന്നുവന്നു. ഇടതുകയ്യില്‍ മലയാളപാഠാവലിയും ഹാജര്‍ബുക്കും കണ്ണട സൂക്ഷിക്കുന്ന പെട്ടിയും പിടിച്ച്, തേച്ചു മടക്കിയ ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ച് ഗംഭീരമായ ഒരു വരവ്. ആര്‍ക്കും ആദരം തോന്നിപ്പോവുന്ന അദ്ധ്യാപകന്‍. കൃഷ്ണഗാഥയും ‘ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി‘യുമൊക്കെ നല്ല ഈണത്തില്‍ ചൊല്ലിയാണു പോള്‍ സാര്‍ പഠിപ്പിക്കുക. ഒപ്പം സാറിന്‍‌റെ കാര്‍ക്കശ്യം, ചിട്ട, ശിക്ഷ എന്നിവയും പേരുകേട്ടതാണ്.

സാര്‍ വന്നപാടെ എല്ലാവരുംകൂടി ആഞ്ഞൊരു ഗുഡ്മോര്‍ണിങ് വീശി. തിരിച്ചും കിട്ടി ഒരെണ്ണം. ഒപ്പം നവവത്സരാശംസകളും. എനിക്കുള്ള ഗിഫ്റ്റ് വരാനിരിക്കുന്നതേയുള്ളൂ എന്ന് അപ്പോളൊന്നും ഞാനറിഞ്ഞിരുന്നില്ല.

എന്നിട്ടു പതിവുപോലെ ഹാജരെടുത്തു. അതും കഴിഞ്ഞ് പതുക്കെ കസേരയില്‍ നിന്നെണീറ്റു. ക്ലാസിലെ പ്രധാന അനൌണ്‍സ്മെന്‍‌റുകള്‍ അപ്പോഴാണുണ്ടാവുക. പരീക്ഷകള്‍, അച്ചടക്കം, പിരിവുകള്‍ എന്നീ ഔദ്യോഗിക വിഷയങ്ങളും ക്രമസമാധാനപ്രശ്നങ്ങള്‍, കൌമാരചാപല്യങ്ങള്‍ ഇത്യാദി അസുഖങ്ങള്‍ക്കൊക്കെയുള്ള ചികിത്സാവിധികളും ഈയവസരത്തിലാണു നടക്കുക.

എന്തായാലും അന്നെണീറ്റപാടെ സാര്‍ വടിയാണന്വേഷിച്ചത്. ഉത്സാഹവാനായി ജോബി മുന്നിലേക്കു ചെന്ന്‍ ബ്ലാക്ക്ബോര്‍ഡിനു പിന്നില്‍ വച്ചിരുന്ന വടി എടുത്ത് സാറിനു നല്‍കി. കയ്യിലിട്ടൊന്നു പുളച്ച് സാര്‍ വടിയെ ഉറക്കത്തില്‍ നിന്നുണര്‍ത്തി. എന്നിട്ടു ജോബിയെ നോക്കി ചോദിച്ചു: "ഇന്നലെ ഇംഗ്ലീഷിന്റെ പീരിഡില്‍ ക്ലാസ്സില്‍ ബഹളം വെച്ചതാരൊക്കെയാടാ?"

ഒരു നിമിഷം ഞാന്‍ ഭൂമിയിലുമല്ല ആകാശത്തിലുമല്ല എന്നു തോന്നിപ്പോയി. ‘പെട്ടു മോനേ, പെട്ടു‘ - അകത്തിരുന്നു എ‌ന്‍‌റെ സ്വരത്തില്‍ ആരോ എന്നോടു പറഞ്ഞു.

അഞ്ചിന്ദ്രിയങ്ങളും മിന്നല്‍പ്പണിമുടക്കു നടത്തിയ ആ വേളയിലും ജോബിയുടെ കണ്ഠനാളത്തില്‍ നിന്നും പോള്‍ സാറിന്‌റെ ചെവി ലക്ഷ്യമാക്കിപ്പാഞ്ഞ സന്ദേശത്തിന്‍‌റെ ഒരു കോപ്പി എന്‍‌റെ ഇന്‍ബോക്സിലും കിട്ടി. ദ് മെസേജ് റീഡ്‌സ്- "രാജ്, ഡോണി, അജയ് !!"

കര്‍ത്താവേ..! ഞാന്‍ വീണ്ടും ഞെട്ടി! ഞങ്ങള്‍ മൂന്നുപേര്‍ മാത്രം! ഇന്നലെയും അതിനു മുന്‍പും ഇംഗ്ലീഷ് ക്ലാസ്സില്‍ ഞങ്ങള്‍ കാണിച്ച കോപ്രായങ്ങള്‍ക്കെല്ലാം വലിയൊരളവു വരെ ഓശാന പാടിയവനാണു ഞങ്ങള്‍ക്കെതിരേ ഇന്നു സാക്ഷി പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ഇന്നലെ ഈ ക്ലാസ്സില്‍ അലമ്പുകാട്ടിയ മറ്റുള്ളവര്‍ (ഞങ്ങള്‍ ചെയ്തയത്ര വരില്ലെങ്കിലും) എല്ലാവരും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ മൂന്നുപേര്‍ക്കുമിടയിലുള്ള മുടിഞ്ഞ സൌഹൃദം ഇവനു സുഖിക്കാത്തതാന്നോ ഈ ഒറ്റിനു കാരണം? ഇന്നലെ വൈകുന്നേരം ഇവന് ഇംഗ്ലീഷ് ടീച്ചറിനോട് അന്നുവരെയില്ലാ‍ത്ത ഒരു സഹതാപം തോന്നാന്‍ മാത്രം എന്നാ സംഭവിച്ചെ?

തനി അച്ചായന്‍ സ്റ്റൈലിലാണു പോള്‍ സാര്‍ സംസാരിക്കുക. "ഇങ്ങെറങ്ങി വരിനെടാ!!!"

ഒരുപാടു ചിന്തിക്കാന്‍ സമയമില്ലായിരുന്നു. കമാന്‍ഡ് കിട്ടിക്കഴിഞ്ഞു.അവിടെത്തന്നെ നിന്നുകളഞ്ഞാലെങ്ങനെയാ, സാറു വിളിച്ചിട്ടു ചെന്നില്ലെങ്കില്‍ മോശമല്ലേ?

ബെഞ്ചിന്റെ വശത്തിരുന്നവര്‍ ഞങ്ങള്‍ക്കു കടന്നുപോകാന്‍ ഭവ്യതയോടെ വഴിയൊരുക്കിത്തന്നു. നമ്രശിരസ്കരായി ഞങ്ങള്‍ മുന്നിലേക്കു ചെന്നു. ക്ലാസ്സില്‍ പിന്‍ഡ്രോപ്പ് സൈലന്‍സ്.

"ഹിങ്ങു മാറി നില്ലെഡാ.!"

‘സ്ഥലം എസ്.ഐ. തേങ്ങാക്കള്ളനോട് കാട്ടുന്ന മാതിരി ഒരു ട്രീറ്റ്മെന്റാണല്ലോ ഈശ്വരാ, രാവിലെ!'
ഈശ്വരന്‍: ‘അല്ലെഡാ, നിന്നെയൊക്കെ മാലയിട്ടു സ്വീകരിക്കാം, ദേ, എന്നെക്കൊണ്ടൊന്നും പറയിക്കണ്ട!’

തൊട്ടുമുന്‍പു കിട്ടിയ ആജ്ഞയുടെ ആഘാതത്തില്‍ അജയ് അല്പം പിന്നോട്ടു മാറിയതിനാലും, ആള്‍‌റെഡി ഡോണിയുടെ നില്‍പ്പ് അല്പം പമ്മി പിന്നിലായിരുന്നതിനാലും ആദ്യ ഇര ഞാനായി. ആല്ഫബെറ്റിക് ഓര്‍ഡറില്‍ അടി വീഴുമെന്ന എന്റെ പ്രതീക്ഷയുടെ ശവപ്പെട്ടിയിലെ അവസാനത്തെ സ്‌ക്രൂ!

"നിനക്കൊക്കെ ക്ലാസ്സില്‍ മര്യാദയ്ക്കിരുന്നാ എന്നതാടാ?" എന്നൊരു ചോദ്യത്തോടെ ദേഷ്യം കൊണ്ട് വിറയ്ക്കുന്ന മുഖത്തോടെ സാര്‍ എന്നെ സമീപിച്ചു. മുഖഭാവം പരമാവധി നിര്‍വ്വികാരമാക്കാന്‍ ശ്രമിച്ച് ഞാന്‍ നിശ്ചലനായി നിന്നു. എപ്പോള്‍ വേണമെങ്കിലും വീഴാവുന്ന അടി സ്വീകരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തി. ശരീരത്തിലെ രക്തം മുഴുവന്‍ ചന്തി മുതല്‍ തുട ഉടനീളം കുതിച്ചൊഴുകി. മനസ്സില്‍ ആംബുലന്‍സുകള്‍ അലമുറയിട്ടു. "പരേ...ഡ്, സാവ്‌ധാന്‍!" എന്നു കേട്ടതുപോലാണു ക്ലാസ്സിന്‍‌റെ ആകെ അവസ്ഥ.

അലക്കിത്തേച്ച വെളുത്ത ഷര്‍ട്ടും കറുത്ത പാ‌ന്‍‌റ്സുമിട്ട് അള്‍ത്താരബാലനെപ്പോലെ ഞാന്‍ നില്ക്കവേ, സാര്‍ എന്റെ ഷര്‍ട്ടിന്റെ തുമ്പിലും പാന്റ്സിന്റെ പ്ലീറ്റിലും ചേര്‍ത്തുവലിച്ചു പിടിച്ചു - പ്രസരണനഷ്ടം കൂടാതെ അടി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള വിദ്യ.

റ്റൈമര്‍ സീറോയിലേക്കടുക്കുന്നു. സാറിന്റെ വലതു കൈ വായുവിലുയര്‍ന്നു. "റെഡ് അലര്‍ട്ട്!!!" അകത്തെ രാജ് അലറി. ഞാന്‍ ശ്വാസം പിടിച്ചു നിര്‍ത്തി. ഇട്ടിരിക്കുന്ന ജെട്ടിയുടെ കനത്തില്‍ വെല്യ വിശ്വാസം തോന്നിയില്ല.

"വ്യൂശ്..പ്റ്റഖ്..!!!"

സൂപ്പര്‍! അന്നുവരെ പോള്‍ സാര്‍ കാഴ്ചവച്ചിട്ടില്ലാത്ത പ്രകടനം!

"ഹ്ശ്ശ്ശ്..!" ശബ്ദമുയര്‍ന്നതു എന്റെ വായില്‍ നിന്നല്ല, ക്ലാസില്‍ നിന്ന്.
പെണ്ണുങ്ങളൊക്കെയായിരിക്കണം. സത്യം പറയാല്ലോ, അപ്പോള്‍ അല്പം തിരക്കായിരുന്നതു കൊണ്ട് ആരൊക്കെയായിരുന്നു എന്നു ശ്രദ്ധിക്കാന്‍ പറ്റിയില്ല.

ജെട്ടിക്കൊന്നും രക്ഷിക്കാന്‍ പറ്റുമായിരുന്നില്ല. ചന്തിയിലല്ല, എന്നാലങ്ങൊത്തിരി താഴെയുമല്ല. കമ്പി പഴുപ്പിച്ചു വെച്ച പോലെ ഒരു ഫീലിങ്, അനുഭൂതി, നിര്‍വൃതി... മാങ്ങാത്തൊലി!

സെക്കന്റു വൈകിയില്ല, അടുത്തതും വീണുകഴിഞ്ഞു- "വ്യൂശ്..പ്റ്റഖ്..!!!"

മുന്‍പ് ആക്രമണമേറ്റതിന്റെ സമീപപ്രദേശത്തു തന്നെ. എഫക്റ്റ് സെയിം ആസ് എബോവ്.

കഴിഞ്ഞു!! ഞാന്‍ ശ്വാസകോശത്തിനേര്‍പ്പെടുത്തിയ ഉപരോധം പിന്‍‌വലിച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിലേറെ ഞെട്ടിച്ചു കൊണ്ട് സെല്ലോഫേന്‍ ടേപ്പു ചുറ്റിയ ചൂരല്‍ ഒരിക്കല്‍ക്കൂടി എന്റെ തുടയില്‍‌ ആഞ്ഞുപതിച്ചു. പ്രത്യേകിച്ചു തയ്യാറെടുപ്പൊന്നുമില്ലായിരുന്നതുകൊണ്ട് മുന്‍പത്തെ രണ്ടെണ്ണത്തെക്കാള്‍ മികച്ചതായി ഇത്തവണത്തേത്. ത്രീ ഇന്‍ എ റോ!! തേര്‍ഡ് ഹിറ്റ്
എങ്ങനെ വിശദീകരിക്കണം എന്നെനിക്കറിഞ്ഞുകൂടാ.

ഞാന്‍ നടന്നുനീങ്ങുന്ന വഴി ‘വണ്‍, ടൂ, ത്രീ........... വണ്‍, ടൂ, ത്രീ’ എന്നു മനസ്സില്‍ എണ്ണി. നമ്മുടെ കൂട്ടുകാരുടെ ഷെയറേ! പുതുവര്‍ഷദിനത്തില്‍ ഞങ്ങള്‍ക്കു ഹാട്രിക്ക്, സാറിനു ട്രിപ്പിള്‍ ഹാട്രിക്ക്. ഒരു പക്ഷേ ആ സ്കൂളിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായിരിക്കും.

"യേയ്... വേദനയോ? എനിക്കോ?" എന്ന മുഖഭാവത്തോടെ ബെഞ്ചില്‍ വന്നിരുന്നു. ബുക്കിലെ ‘ഹാപ്പി ന്യൂ ഇയര്‍’ എന്ന വാചകം എന്നെ നോക്കി കൊഞ്ഞനം കുത്തി. ബെഞ്ചില്‍ ഇരുന്നപ്പോഴാണ് അടിയുടെ ചൂട് എന്ന വാക്കിന്റെ അര്‍ഥം മനസ്സിലായത്. അല്‍പ്പനേരം ഭാവനാക്കസേരയിലിരുന്നു. പാന്റ്സിനു പുറമേകൂടി പതിയെ തുടയില്‍ വിരലോടിച്ചു, അടിയുടെ തടിപ്പ് അറിയാം. സാവധാനം അമര്‍ന്നിരുന്നു. എന്നിട്ടും ഇരിപ്പുറച്ചില്ല. ഞങ്ങള്‍ മൂന്നു പേരെയും മൂന്നു ബെഞ്ചുകളിലാക്കി അന്നു തന്നെ പിരിച്ചു. ഞാനും ‘സഹവഷളന്മാരും‘ പര‍സ്പരം മുഖത്തു നോക്കിയില്ല. ഇതിനു പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ആരാണെന്നു ഞങ്ങള്‍ക്കു പക്ഷേ മനസ്സിലായിക്കഴിഞ്ഞിരുന്നു.

എങ്കിലും, ഞങ്ങള്‍ എപ്പോഴും അലമ്പന്മാരല്ലായിരുന്നു. ക്രിസ്റ്റീന റ്റീച്ചറിന്റെ കണക്കുപീരീഡില്‍ ഞങ്ങള്‍ മൂന്നു പേരും വാശിയോടെ മത്സരിച്ചു കണക്കു ചെയ്തിരുന്നു. ട്രിഗ്ണോമെട്രിയിലെ ചില കണക്കുകള്‍ ചെയ്യാന്‍ കണ്ടെത്തിയ കുറുക്കുവഴിക്ക് ‘റാഡ് (രാജ്-അജയ്-ഡോണി)തിയറി’ എന്നു പേരുനല്‍കി സ്വയം കുഞ്ഞു ശാസ്ത്രജ്ഞന്മാരെന്നു ഭാവിച്ചിരുന്നു. ഒരുവന്‍ തെറ്റിയാല്‍ മറ്റു രണ്ടുപേരും സഹായിച്ചിരുന്നു. ഡിക്ഷ്ണറി തപ്പിത്തിരഞ്ഞ് രസകരമായ വാക്കുകള്‍ കണ്ടെത്തി പരസ്പരം കൈമാറിയിരുന്നു. ഉദാ:‘ബൂസ്സ്‘ എന്ന വാക്ക് എന്നെ പഠിപ്പിച്ചത് അജയ് ആണ്. അതേസമയം, പത്ത് ബിയിലെയും സിയിലെയും സുന്ദരികളെ ഒരുമിച്ചു വായില്‍ നോക്കിയിരുന്നു. പരസ്പരം ഇരട്ടപ്പേരുകള്‍ വിളിച്ചും പെണ്‍കുട്ടികളുടെ പേരു ചേര്‍ത്തു കളിയാക്കിയും പോരടിച്ചിരുന്നു. എല്ലാം ഒരുദിവസം കൊണ്ട് പെട്ടെന്ന് ഇല്ലാതായ പോലെ.

സാറിന്റെ പീരീഡു കഴിഞ്ഞപ്പോള്‍ പലരും വന്നു ഞങ്ങളെ ആശ്വസിപ്പിച്ചു. കിട്ടേണ്ടതു ഞങ്ങള്‍ക്കു കിട്ടി. സഹതപിക്കുന്നവരോടും മാറിനില്‍ക്കുന്നവരോടും പ്രത്യേകിച്ചു ഞങ്ങള്‍ക്കു ഭേദമില്ല. പക്ഷേ, ലീഡറേ, ഇതു വെല്യ ചതിയായിപ്പോയി. ഇന്നലെ ഞങ്ങള്‍ ക്ലാസ്സില്‍ കാട്ടിയ തമാശകള്‍ - നര്‍മ്മം നിറച്ച കുറിപ്പുകള്‍ കൈമാറുന്നതും ഗോഷ്ടി കാണിക്കുന്നതും അടുത്തിരിക്കുന്നവനെ ചിരിപ്പിക്കാന്‍ നടത്തുന്ന ഏതു ശ്രമവും നീയും ആസ്വദിച്ചിരുന്നു. ഒരു മുന്നറിയിപ്പു പോലും തരാതെ നീയിന്നലെപ്പോയി പോള്‍ സാറിനോടു റിപ്പോര്‍ട്ടുചെയ്തു. രാവിലെ ക്ലാസില്‍ വന്നു നീ പൂച്ചക്കുട്ടിയെപ്പോലെ ഇരുന്നു. ക്ലാസ്സ് ലീഡറെ തെരഞ്ഞെടുക്കുന്ന കാലത്ത് നിനക്കെതിരേ ഈ ഞാന്‍ നിന്നിരുന്നെങ്കില്‍ ഈ ജാഡ കാണിക്കാന്‍ നീ ലീഡര്‍ സ്ഥാനത്തുണ്ടാവുമായിരുന്നില്ല. വെറുതേ ഓരോരോ വള്ളിക്കെട്ടു പിടിക്കണ്ട എന്നും കരുതി അന്ന്‍ ഉപേക്ഷ വിചാരിച്ചു. ആഹ്, ഇപ്പോള്‍ ഞാന്‍ എന്തിനതു ചിന്തിക്കണം? പോട്ടെ! അന്ന് ക്ലാസ്സ് ലീഡറുടെ പ്രവൃത്തിയെ അപലപിക്കുകയും എന്റെ വ്യക്തിപരമായ ദുഃഖത്തില്‍ എന്നോട് അനുതപിക്കുകയും ചെയ്ത സുമോദ്. എന്‍, സന്തോഷ് പി. കെ, രതീഷ് എം. എസ്. എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു. ബഹുമാനപ്പെട്ട ലീഡറിന്റെ പക്ഷപാതപരവും ദുരുദ്ദേശപരവുമായ പ്രവൃത്തി മൂലം താരതമ്യേന പഠിക്കാന്‍ മിടുക്കരും പൊതുവേ അത്ര ശല്യക്കാരല്ലാത്തവരുമായ മൂ‍ന്നു വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായി ശിക്ഷിക്കപ്പെട്ടുവെന്ന സത്യം എല്ലാവരും മനസ്സിലാക്കി.

പതിനൊന്നരയ്ക്കുള്ള ഇന്‍‌റര്‍വെല്ലില്‍ ഞങ്ങള്‍ മൂവരും മീറ്റു ചെയ്തു. ഞങ്ങളുടേതായ എല്ലാ വിനോദങ്ങളിലും ഏര്‍പ്പെട്ടു. എങ്കിലും ക്ലാസ്സിനകത്തെ ഞങ്ങളുടെ ഐക്യം നഷ്ടപ്പെട്ടിരുന്നു. ഞങ്ങളെ ശിക്ഷിച്ചതില്‍ പോള്‍ സാറിനോട് വിദ്വേഷമോ അന്നത്തെ കുസൃതിത്തരങ്ങളുടെ കൂട്ടുകാരായിരുന്നിട്ടും ശിക്ഷിക്കപ്പെടാതെ പോയ സഹപാഠികളോട് കെറുവോ എനിക്കില്ല. പക്ഷേ, ഇതിനു ശേഷം ജോബിക്ക് ഞങ്ങളോട് പൊതുവേ ഒരകല്‍ച്ച ഉണ്ടായതായി ഞങ്ങള്‍ മനസ്സിലാക്കി. ഞങ്ങളൊന്നും ചെയ്തിട്ടല്ലല്ലോ! ആ അകല്‍ച്ചയുടെ ലാഞ്ഛന പോലുമില്ലാതെയാണു ഞങ്ങള്‍ അവനോട് പെരുമാറിയത്.

ഈ സംഭവം കൊണ്ടുണ്ടായ ഗുണങ്ങള്‍: എനിക്കു കുറച്ചു കൂടി ഉത്തര‍വാദിത്വബോധം വന്നു. അദ്ധ്യപനപരിചയം കുറവായ ആ പാവം ഇംഗ്ലീഷ് ടീച്ചറുടെ ക്ലാസ്സില്‍ ആരും തന്നെ വേലത്തരങ്ങള്‍ കാണിക്കാതായി. ഞങ്ങള്‍ മൂന്നു പേരും പ്രത്യേകിച്ചും. റിവിഷനും മറ്റും മുറയ്ക്കു നടന്നു. പയ്യെപ്പയ്യെ പോള്‍ സാര്‍ എന്റെ ഏറ്റവും ബഹുമാനപ്പെട്ട അദ്ധ്യാപകരില്‍ ഒരാളായി. ധര്‍മ്മരാജാ‍ എന്ന ഉപപാഠപുസ്തകത്തില്‍ നിന്നും ഏതാനും ഉപന്യാസങ്ങള്‍ അദ്ദേഹത്തിന്‍‌റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിക്കൊടുത്തപ്പോള്‍ കിട്ടിയ അഭിനന്ദനം എസ്.എസ്.എല്‍.സിക്കു കിട്ടിയ മാര്‍ക്കിനെക്കാള്‍ വിലപ്പെട്ടതാണ്. എന്തോ, അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ വേണ്ടപ്പെട്ട ആരോടോ സംസാരിക്കുന്നതു പോലെ ഒരു ബോധം മനസ്സില്‍ വന്നുതുടങ്ങി. ഞങ്ങള്‍ എല്ലാവരും സാമാന്യം നല്ല മാര്‍ക്കോടെ പരീക്ഷ പാസ്സായി (എനിക്കു നാല്പതില്‍ കൂടുതല്‍ മാര്‍ക്കു ലഭിച്ച പേപ്പറുകള്‍ മലയാളം മാത്രമാണ്). പിന്നീടു കാണുമ്പോഴെല്ലാം അദ്ദേഹത്തിന്റെ കരുതലും സ്നേഹവും ഒരു അനുഗ്രഹം പോലെ ലഭിച്ചു. ജന്മത്തിലെ ഏറ്റവും ഭാഗ്യമായ ജോലിയില്‍ ജോയിന്‍ ചെയ്യാന്‍ പോയ വഴിക്കും അദ്ദേഹത്തെ കാണാനും ആ ശുഭദര്‍ശനത്തിന്റെ ധന്യതയില്‍ എന്റെ ആദ്യ ഔദ്യോഗിക ഒപ്പുചാര്‍ത്താനും ഗുരുത്വമുണ്ടായി.

എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയതിന് തുട പൊള്ളിച്ച ചൂരല്‍ക്കഷായത്തിനോടും അതിലുപരി ആ നല്ല മനസ്സിനോടും ഈ ജന്മം കടപ്പെട്ടിരിക്കുന്നു, പ്രിയപ്പെട്ട പോള്‍ ‍സര്‍!

12 comments:

  1. പിള്ളേരാണെങ്കില്‍ നല്ല തല്ലുകൊണ്ടു വളരണം. ഇടയ്ക്കും മുട്ടിനുമൊക്കെ ഇമ്മാതിരി ഓരോന്നു കിട്ടുന്നതു പലതുകൊണ്ടും നല്ലതാണ്. സ്നേഹമായി മാറിയ ശിക്ഷയുടെ മറ്റൊരധ്യായം.

    സസ്നേഹം,
    രാജ്

    ReplyDelete
  2. കമ്പി പഴുപ്പിച്ചു വെച്ച പോലെ ഒരു ഫീലിങ്, അനുഭൂതി, നിര്‍വൃതി... മാങ്ങാത്തൊലി!
    അപ്പൊ,ആദ്യത്തെ തേങ്ങ എന്‍റെ വക...(((((((((((0))))))))))))))))
    പുതുവല്‍സര സമ്മാനം കലക്കി.....നന്നായി ചിരിപ്പിച്ചു..എന്നാലും,ആ സമ്മാനം കൊണ്ടു നന്നായല്ലോ..നല്ല കുട്ടി.

    ReplyDelete
  3. എഴുത്ത് വളരെ നന്നായിട്ടുണ്ട്, മാഷേ...

    അദ്ധ്യാപകരില്‍ നിന്നും ചില സമയങ്ങളില്‍ കിട്ടുന്ന ഉപദേശവും ശിക്ഷയും എല്ലാം നമ്മെ എത്രത്തോളം നന്നാക്കുന്നുണ്ട് എന്നതിനൊരു തെളിവു കൂടി ആയി, ഈ കുറിപ്പ്. ഒപ്പം പോള്‍ സാറിനൊരു ഗുരു ദക്ഷിണയും... അല്ലേ?

    :)

    ReplyDelete
  4. രസായിട്ടെഴുതീട്ടുണ്ട്....നല്ലത്....

    ReplyDelete
  5. സ്മിത ആദര്‍ശ്, തേങ്ങയ്ക്കും കമന്റിനും പ്രത്യേക നന്ദി അറിയിക്കുന്നു. :)

    ശ്രീയേട്ടാ, കമന്റിനു നന്ദീണ്ട്. പിന്നെ, ആ അടി കൂടി കിട്ടിയില്ലാ‍യിരുന്നെങ്കിലത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കിക്കേ! :)

    സഹൃദയന്‍ മാഷേ, അഭിനന്ദനത്തിനു നന്ദി.!

    ReplyDelete
  6. Kuttikale shikshikkunna samayathu avarkku manassilaavilla avarude nanmakkaanu teachers vazhakku parayunnathum punishment kodukkunnathum ennokke.But kaalam kure kazhiyumbol avarkku athu theerchayaayum bodhyapedum.Avar ettavum kooduthal verukkapettirunnavar pinneedu priyapettavaraakum.
    It was a wonderful one Raj...
    Thanx for creating a nostalgic feeling in our minds..

    ReplyDelete
  7. സ്കൈ,
    മൂത്തോരടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും, പിന്നെ മധുരിക്കും എന്നല്ലേ! എനിക്കതു പണ്ടേ മധുരിച്ചു. ഇപ്പോള്‍ ബ്ലോഗിലൂടെ പങ്കു വെച്ചു.

    കമന്റില്‍ ഒരു ടീച്ചറെ ഫീല്‍ ചെയ്തു കെട്ടോ!! :)

    ReplyDelete
  8. Sky എഴുതിയതുതന്നെയാണ് എനിക്കും പറയാനുള്ളത്. പഠിക്കുന്നകാലത്ത് പിള്ളേര്‍ക്ക് മനസ്സിലാവില്ല എന്തിനാണ് സാറ് തല്ലിയതെന്ന്, അതുപോലെ മക്കള്‍ക്ക് അപ്പനെന്തിനാണ് തല്ലിയതെന്ന്.വലുതായി ഒരു നിലയിലാവുമ്പോള്‍ അതൊക്കെയും ഓര്‍ക്കുന്നവരാണ് ശരിക്കും മിടുക്കന്മാര്‍. നല്ലൊരു പോസ്റ്റ് രാജ്. അഭിനന്ദനങ്ങള്‍

    ഓ.ടോ. ഈ എരട്ടയാര്‍ സെന്റ്റ് തോമസ് സ്കൂളിന്റെ മുറ്റംവരെ ഞാന്‍ ഒരുപാടു വന്നിട്ടുണ്ട് കേട്ടോ.. ഞാന്‍ ആ നാട്ടുകാരനല്ല പക്ഷേ.

    ReplyDelete
  9. ഇപ്പോ എത്ര ബ്ലോഗിലാ
    വദ്യാരന്മാരുടെ അടിസ്മരണ.
    രാജ് എഴുതിയത് കൊള്ളാം.
    നന്നായി അവതരണം....
    സെനു പഴമ്പുരാണത്തില്‍ കുരുവിളസാറിനെ
    പറ്റി പറഞ്ഞതിനു രാജ് ഇട്ട് കമന്റ്
    ആണ് എന്നെ ഇവിടെ എത്തിച്ചത്.
    പക്ഷേ ഒരിക്കലും വിദ്യാര്‍ത്ഥിയെ അടിച്ചല്ല ബോധവല്‍ക്കരണം നടത്തണ്ടത്, പ്രത്യേകിച്ച് ഇന്നത്തെ തലമുറ അവര്‍ വളരെ സെന്‍സിറ്റീവ് ആണ്, കാര്യങ്ങള്‍ മനസ്സില്ലാക്കാന്‍ ബോധമുള്ളവരും വലിയ അഭിമാനികളുമാണ്..
    മറ്റുള്ളവരുടെ മുന്നില്‍ വച്ചു ശാസിക്കുക, താഴ്തി സംസാരിക്കുക,ഇരട്ടപേര്‍ വിളിക്കുക മുറിപ്പെടുത്തുന്ന കമന്റുകള്‍ - ഇതൊക്കെ ഒഴിവാക്കി ചെറിയ ശബ്ദത്തില്‍ നീ എന്തു കൊണ്ട് ആ വിധത്തില്‍ പെരുമാറി ?എന്ന് ചോദിക്കുക. സംയമനത്തോടെ അവരുടെ ഭാഗം കേള്‍ക്കുക .
    അല്ലതെ ആണ്ട് പിറപ്പ് ഒന്നാം തീയതി വന്ന് യാതോരു വിശദീകരണവും ചോദിക്കാതെ , കുട്ടികള്‍ക്ക് ഭാഗം കേള്‍ക്കാതെ ഇത്ര മൃഗീയമായി അടിച്ചത് എനിക്ക് നീതീകരിക്കാന്‍ പറ്റുന്നില്ല. പോള്‍ ജോസഫ് സാറിന്റെ ചിത്രം എത്ര നിറക്കൂട്ട് ഇട്ട് വരച്ചാലും പുണ്യാളന്‍ ആണെന്ന് പറഞ്ഞാലും,
    ഒരു അദ്ധ്യാപകന്‍,ഒരിക്കലും കുട്ടികളെ അടിക്കുന്നതും അവരുടെ മനസ്സ്
    നോവിക്കുന്നതും ന്യായീകിക്കാന്‍ പറ്റുന്നില്ല...

    ReplyDelete
  10. മാതാപിതാക്കള്‍, ഗുരുക്കന്മാര്‍ എന്നിവരൊക്കെ എന്തു ചെയ്താലും അതിനെ ന്യായീകരിച്ചേ പറയാവൂ എന്നാ‍ണ് നാട്ടുനടപ്പ്. പക്ഷെ വര്‍ഷങള്‍ എത്ര കഴിഞ്ഞിട്ടും, പലപ്പോഴും അന്യായമായി ലഭിച്ച ആ ചൂരല്‍ പ്രയോഗങള്‍ ഇതു വരെ മറക്കാനോ, പൊറുക്കാനോ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

    ReplyDelete
  11. ഞാന്‍ ഇവിടെ വന്നതേ ഇല്ല...!!

    ReplyDelete
  12. പേരെന്താ ???? thoompa
    നീ എന്താണ് കൊണ്ടുവന്നത് ???? Roy

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'