Wednesday, July 16, 2008

കഷ്ടം, കര്‍ക്കിടകം!

അന്തോണിക്ക് എന്നും കഷ്ടകാലമാണ്. എന്നും എന്നു പറഞ്ഞാല്‍ പോരാ എപ്പോഴും. കയ്യബദ്ധങ്ങളും മണ്ടത്തരങ്ങളും വന്നു കൂടുന്ന ദുരിതങ്ങളും പാരകളുമെല്ലാമായി അന്തോണി സ്വസ്ഥതയെന്തെന്നറിയാതെ കഴിഞ്ഞുകൂടി.

കൂനിന്മേല്‍ കുരുവെന്ന പോലെ കര്‍ക്കിടകം വറുതി ചൊരിഞ്ഞെത്തി. നല്ലൊന്നാന്തരം വരിക്കച്ചക്കപ്പഴം കണ്ടപ്പോള്‍ തിന്നാതെ വിടുന്നതെങ്ങനെ? ഇത്ര തേനൂറുന്ന സ്വാദുള്ളപ്പോള്‍ അല്‍പം മാത്രം കഴിച്ചു നിര്‍ത്തുന്നതെങ്ങനെ? അരമുറിച്ചക്ക ഇഷ്ടന്‍ ഒറ്റയിരിപ്പിനു തിന്നു തീര്‍ത്തുകളഞ്ഞു. പിറ്റേന്നു വെളുപ്പിനെ വയറ്റിലെന്തെല്ലാമോ അസ്വസ്ഥതകള്‍. ന്യൂനമര്‍ദ്ദവും ഉഷ്ണജലപ്രവാഹവും തിരയിളക്കവും. കോഴികൂവും‌മുന്‍പേ ഉറക്കം നഷ്ടപ്പെട്ട അന്തോണി തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കാന്‍ നോക്കിയിട്ടും രക്ഷയില്ല.

ഒന്നിരിക്കേണ്ട നേരമടുത്തെന്ന് ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ അടിവയറ്റില്‍ നിന്നും ഒരു പുളകം സുഷുമ്നാ നാഡി വഴി അന്തോണിയുടെ തലച്ചോറിലെത്തി സഡന്‍ ബ്രേക്കിട്ടുനിന്നു. പുതച്ചിരുന്ന കമ്പിളി വലിച്ചെറിഞ്ഞ് കര്‍ക്കിടകപ്പെയ്ത്തില്‍ കുഴഞ്ഞ വഴിയിലൂടെ ഇരുട്ടില്‍ വീഴാതെയും എന്നാല്‍ പരമാവധി വേഗത്തിലും അഭയസ്ഥാനം ലക്ഷ്യമാക്കി പാഞ്ഞു. ഓട്ടത്തിനിടയില്‍ ഗോഡ്‌ഫാദര്‍ സിനിമയില്‍ ഇന്നസെന്റ് പറയുന്ന “ആഞ്ജനേയാ, കണ്ട്രോളു തരണേ” എന്ന വാക്യം അറിയാതെ ഓര്‍ത്തു.

പ്രിന്‍സ് മൈദയുടെ ചാക്കുകൊണ്ടു മറച്ച ആ ദുരിതാശ്വാസകേന്ദ്രത്തിന്റെ ഉള്ളില്‍ കടന്ന് തുണിബന്ധങ്ങളഴിക്കാന്‍ തനിക്കു കിട്ടിയ മൂന്നാലു സെക്കന്റുകള്‍ പാഴാക്കാതെ അണ്ടര്‍വെയറിന്റെ വള്ളിയില്‍ പിടിച്ച് ആഞ്ഞുവലിച്ചതും......കടുംകെട്ടു വീണു!!!!! ഒരു നിമിഷത്തെ മൌനത്തിനുശേഷം ആകാശത്തേക്കുറ്റുനോക്കി അന്തോണി ഭക്തിപൂര്‍വ്വം ചോദിച്ചു:

“കര്‍ത്താവേ, അവിടുന്നെന്നെ കക്കൂസിലും പരീക്ഷിക്കുവാന്നോ?”

6 comments:

  1. ദുരിതങ്ങളും അല്ലലുകളുമായി പഞ്ഞക്കര്‍ക്കിടകം വരവായി. വറുതി പെയ്യുന്ന കരിങ്കര്‍ക്കിടകത്തെ വരവേല്‍ക്കാം! ശരീരം കാത്തോണേ കൂട്ടുകാരേ..! :)

    സസ്നേഹം,
    രാജ്

    ReplyDelete
  2. ഹ ഹ. പാവം അന്തോണി!

    കഷ്ടകാലത്തിനു പോലും കര്‍ക്കിടകത്തില്‍ കുഷ്ടം വരുമെന്നു പറഞ്ഞതു പോലെ ആയി അല്ലേ?

    പാവത്തിന്റെ ആ ഒരു അവസ്ഥ!!!

    ReplyDelete
  3. അരമുറിച്ചക്ക ഒറ്റയിരിപ്പിന് തിന്നാല്‍ ഇതും ഇതിലപ്പുറവും വരും :) :)

    ReplyDelete
  4. പാവം...കഷ്ടകാലത്തു ഇതിനപ്പുറവും സംഭവിയ്ക്കാം....

    ReplyDelete
  5. കഷ്ടകാലം വരുമ്പോള്‍ പലതും സംഭവിക്കും. ദാ ഇതു ഒന്നു നോക്ക്‌ http://pazhamburanams.blogspot.com/2008/05/blog-post.html
    പഴമ്പുരാണംസ്‌

    ReplyDelete
  6. ശ്രീയേട്ടന്, നിരക്ഷരന്, ജ്യോതിര്മയി, സെനു ഈപ്പന് … കമന്‌റുകള്‍ക്കു നന്ദി.! :)

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'