ഈ ചൊവ്വാഴ്ചക്കായി കാത്തിരിക്കുകയായിരുന്നു. നേരത്തെ ഓഫീസില്‍ വന്നു. നേരത്തെ വന്നാലല്ലേ നേരത്തെ പോകാന്‍ പറ്റൂ? അതാണു കാരണം.എന്തായാലും നാലരയോടെ ഓഫീസ് വിട്ടു. താമസസ്ഥലത്തു വന്നു ഒരു കുളിയും പാസ്സാക്കി തയ്യാറാക്കി വച്ചിരുന്ന ബാഗില്‍ ഒരുവട്ടം കൂടി പരിശോധന നടത്തി പതുക്കെ വേഷം മാറി ഇറങ്ങി. അടുത്തുള്ള മലയാളിബേക്കറിയില്‍ നിന്നും വാങ്ങിയ ഒരു ചിക്കന്‍ പഫ്സ് ബാഗിലുണ്ട്- അതാണിന്നത്തെ അത്താഴം. മിക്കവാറും സേലത്തു ചെല്ലുമ്പോള്‍.
എന്‍റെ യാത്രയെപറ്റി- ലക്ഷ്യം വീട്. കയ്യില്‍ മുന്‍കൂട്ടി ബുക്കു ചെയ്ത ലക്ഷ്വറി ബസ്സിലെ ടിക്കറ്റൊന്നുമില്ല. കിട്ടുന്ന വണ്ടിക്കു പോകുകയെന്നതാണ് ശീലം. പല വണ്ടി മാറിക്കേറേണ്ടി വരുമെങ്കിലും ലക്ഷ്വറിബസിനു ചെലവാക്കുന്നതിന്‌റെ പകുതിക്കാശിനു വീട്ടിലെത്താം. റൂട്ട് ഇങ്ങനെ- ബാംഗ്ലൂരില്‍ നിന്ന് ഹൊസൂര്‍ വഴി സേലം. അവിടുന്നു ദിണ്ടിഗല്‍, തേനി വഴി കമ്പം. കമ്പത്തു നിന്നും കുമളി വഴി കട്ടപ്പന.
കൃത്യം അഞ്ചരയ്ക്കു തന്നെ ഇലക്ട്രോണിക്സ് സിറ്റിയില്‍ നിന്നും ഹൊസൂരിലേക്ക് ഒരു വണ്ടി കിട്ടി. ഇടദിവസമായതു കൊണ്ട് സീറ്റ് കിട്ടുമെന്ന പ്രതീക്ഷ തെറ്റി. വണ്ടിയില്‍ നിന്നു യാത്ര ചെയ്യാന്‍ ഏറെപ്പേര്‍. ഓഹ്ഹ്.. ഒരു മണിക്കൂറിന്‍റെ കേസല്ലേയുള്ളൂ, ഇന്നാണെങ്കില്‍ ഏതാണ്ട് ഒരു മണിക്കൂര്‍ നേരത്തെയാണു ട്രിപ്പ് തുടങ്ങിയിരിക്കുന്നത്. സാധാരണ ഹൊസൂരില്‍ നിന്നു സേലത്തേക്കു യാത്ര തിരിക്കുമ്പോള്‍ എട്ടുമണിയാകാറുണ്ട്. പന്ത്രണ്ടുമണി കഴിഞ്ഞ് കമ്പത്തേക്കു നേരിട്ട് ഒരു വണ്ടിയുണ്ട്.അതാണു ലക്ഷ്യം. ഇന്നേതായാലും അതിനുമുന്‍പേ സേലത്തെത്തുമെന്നുറപ്പാണ്.
ഹൊസൂര്‍ റോഡില്‍ ചന്ദാപ്പുര കഴിഞ്ഞപ്പോള്‍ മുതല്‍ ഭയങ്കര ബ്ലോക്ക്. നോക്കെത്താദൂരത്തോളം നിരന്നു കിടക്കുന്ന വാഹനങ്ങള്‍. ഇഴഞ്ഞിഴഞ്ഞുള്ള യാത്ര. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ തൂങ്ങിപ്പിടിച്ചുള്ള നില്‍പ്പ് ബോറായിത്തുടങ്ങി. നില്‍ക്കാതെ വയ്യല്ലോ! നിന്നു. പ്രതീക്ഷിച്ചതിലും അര മണിക്കൂര്‍ താമസിച്ച് ഹൊസൂരിലെത്തി. നേരത്തെയിറങ്ങിയതിന്‍റെ പേരില്‍ കിട്ടിയ ഒരു മണിക്കൂറില്‍ പാതി നഷ്ടം. റോഡുപണിയായതു കൊണ്ടാണ്. പിന്നീടൊരുകാലത്തു സൌകര്യമാകുമല്ലോ എന്നോര്‍ത്തപ്പോള്‍ വല്യ വിഷമം തോന്നിയില്ല. സ്റ്റാന്‍റില്‍ നോക്കി, സേലം വണ്ടി വല്ലോം ഉണ്ടോന്ന്. ഒന്നും കണ്ടില്ല. അപ്പോഴതാ ഒരു മധുര വണ്ടി കിടക്കുന്നു. സേലം ദിണ്ടിഗല്‍ വഴി മധുര. എനിക്കതില്‍ ദിണ്ടിഗല്‍ വരെ പോകാം. ഒറ്റയിരിപ്പില്‍ ഏകദേശം എട്ടുമണിക്കൂര്‍. സണ്‍ ടിവി കണ്ട് അല്പസ്വല്‍പ്പം തമിഴ് വായിക്കാന്‍ പഠിച്ചത് ഉപകാരമാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.
കയറിനോക്കി. ആകപ്പാടെ ഒരു പത്തു പതിനഞ്ചുപേര്‍ കാണും വണ്ടിയില്‍. ഇതിപ്പോഴൊന്നും പോകുന്നതല്ലേ എന്നു സംശയിച്ചെങ്കിലും സൌകര്യമായ ഒരു സീറ്റ് നോക്കി ഇരിപ്പുറപ്പിച്ചു. തുണിയും മറ്റവശ്യസാധനങ്ങളുമടങ്ങിയ ബാഗ് തട്ടില്‍ കാണാവുന്നിടത്തു വച്ചു. എന്‍റെ പുതിയ കളിപ്പാട്ടം - ലാപ്ടോപ് - മടിയില്‍ തന്നെ സൂക്ഷിച്ചു. അതകറ്റി വെയ്ക്കാന്‍ മനസുവന്നില്ല.
ബസ്സിലെ ടിവിയില്‍ തമിഴ് പടം ഇട്ടിട്ടുണ്ട്. ഓരോ പ്രാവശ്യവും തമിഴ്നാടു ട്രാന്‍സ്പോര്‍ട്ടിന്‌റെ ബസ്സില്‍ കയറുമ്പോള്‍ പ്രാര്‍ഥിക്കും- ദൈവമേ പടം ഇടുവാണേല്‍ അതു ഫ്രണ്ട്സോ കാക്ക കാക്കയോ ആകല്ലേയെന്ന്. ഈ രണ്ടു പടങ്ങളും നാലു തവണ വീതമെങ്കിലും ബസ്സില്‍ നിന്നു മാത്രം കണ്ടിട്ടുണ്ട് ഞാന്‍. അവസാനത്തെ തവണ ഫ്രണ്ട്സ് പ്രദര്‍ശിപ്പിച്ചതു സഹിക്കാന്‍ പറ്റാണ്ട് സെല്‍ഫോണില്‍ നല്ല വോളിയത്തില്‍ പാട്ടിട്ട് ഇയര്‍ഫോണ്‍ ചെവിയില്‍തിരുകി ഉറക്കം നടിച്ചാണു സമയം പോക്കിയത്. ഇന്നൊരു പഴയ വിജയകാന്ത് പടമാണ്. അങ്ങേരുടെ പുതിയ പടമായിരുന്നെങ്കില്‍ പഴയ രക്ഷപെടല്‍ മാര്‍ഗ്ഗം തന്നെ അവലംബിക്കേണ്ടിവന്നേനേ. ഹൊസൂരില്‍ നിന്നു സേലത്തെത്താന്‍ നാലു മണിക്കൂറെടുക്കും. പന്ത്രണ്ടെങ്കിലുമാകാതെ ഉറക്കം വരില്ലെന്നതിനാല്‍ ആ ഷോ ആസ്വദിക്കാറാണു പതിവ്. നായകകഥാപാത്രത്തിന്‍റെ പേര് ചിന്നമണി. പടത്തിന്‍റെ പേരും അതുതന്നെ. പാട്ടു കേട്ടപ്പോഴേ തോന്നി ഇളയരാജയുടെ ഈണമാണെന്ന്. ആ പഴയ ഫോര്‍മുല തന്നെ. പണക്കാരി നായിക, പാവപ്പെട്ട നായകന്‍-പാട്ടുകാരന്‍ യുവാവ്. നായകനെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന നായിക. നായികയുടെ അഹങ്കാരം തീര്‍ക്കാന്‍ നായകന്‍. ഒരു പ്രത്യേക നിമിഷത്തില്‍ പ്രണയം വരുന്നു...
ഒരു ബഹളം കേട്ടാണ് എന്‍റെ ശ്രദ്ധ ബസ്സിന്‍റെ പിന്‍ഭാഗത്തേക്കു തിരിഞ്ഞത്. ഒരു ചേച്ചി ഒരു അണ്ണന്‍റെ നേരെ തട്ടിക്കയറുന്നു. ചേച്ചി ബസ്സിനുള്ളില്‍ എണീറ്റ് പിന്നോട്ടു തിരിഞ്ഞുനിന്ന് ചൂടാവുകയാണ്. അണ്ണനിരിക്കുന്നത് ചേച്ചിയുടെ സീറ്റിനു തൊട്ടുപിന്നിലായതിനാല്‍ പ്രശ്നമെന്താണെന്ന് പെട്ടെന്നു തന്നെ മനസ്സിലായി. അയാളെ ആ സ്ത്രീ ശുദ്ധമായതെറി ഒഴികെ എല്ലാ രീതിയിലും ചീത്ത പറഞ്ഞു. ഒരു കൂസലുമില്ലാതെ ആ പുള്ളിക്കാരന്‍ അവിടെ നിന്നെഴുന്നേറ്റ് പിന്നിലുള്ള മറ്റൊരു സീറ്റില്‍ പോയിരുന്നു. ഇത്രേം ബഹളം നടന്നിട്ടും കണ്ടക്ടര്‍ ഇടപെടുകയോ കുറഞ്ഞത് ബസ്സിലെ ലൈറ്റ് തെളിച്ച് ഒന്നന്വേഷിക്കുകയോ പോലും ചെയ്യാഞ്ഞത് എന്നെ അദ്ഭുതപ്പെടുത്തി. ‘അപ്പോള്‍ ഇതെല്ലായിടത്തും ഉള്ളതാ, ല്ലേ‘ എന്നൊരു കൌതുകത്തോടെ ഞാന്‍ വീണ്ടും വിജയകാന്തിനെ അലട്ടുന്ന പ്രണയത്തിനു കാതോര്‍ത്തു. ഇടയ്ക്കു വണ്ടി നിര്‍ത്തിയപ്പോള്‍ ഇറങ്ങി ഒരു ‘ഓപ്പണ്‍ എയര്‍ മൂത്രമൊഴിക്കല്‍‘ നടത്തി കംഫര്‍ട്ടായി.
ചിന്നമണി തീര്‍ന്നതോടെ അടുത്ത ഡിവിഡി ലോഡുചെയ്യപ്പെട്ടു. പുതുപുത്തന്‍ പടം - സന്തോഷ് സുബ്രഹ്മണ്യം. സര്‍ക്കാരു വണ്ടിയില്‍ വ്യാജ സിഡി പ്രദര്‍ശനം. (ഞാന്‍ വണ്ടറടിക്കാന്‍ യോഗ്യനല്ല. കാരണം ഞാനും ഈ പടം ആള്‍റെഡി കണ്ടുകഴിഞ്ഞു!) ഭാഗ്യമോ നിര്‍ഭാഗ്യമോ ആ സിഡി ഇടുമ്പോള്‍ മാത്രം സൌണ്ട് കേള്‍ക്കാനില്ല. പിന്നെ കണ്ടക്ടറണ്ണന്‍ വേറൊരു ഡിവിഡിയിട്ടു. ഇത്തവണയും വിജയകാന്ത് തന്നെ. നായികാറോളില്‍ സുകന്യ. പടം ‘ചിന്നഗൌണ്ടര്‍‘. സംഗീതം ഇളയരാജ. ഈ സിനിമ ഞാന്‍ ശരിക്കും ആസ്വദിച്ചു. പ്രത്യേകിച്ചും ‘മുത്തുമണിമാല എന്നൈ തൊട്ടു തൊട്ടു താലാട്ട്’ എന്ന പാട്ട്. അതിന്‍റെ താളം എനിക്കു ഭയങ്കര ഇഷ്ടമാണ്.
പതിനൊന്നരയോടെ സേലത്തെത്തി. ഞാന്‍ എന്‍റെ അത്താഴം കഴിച്ചു. കയ്യില്‍ വെള്ളം ഇത്തവണ കരുതിയിരുന്നില്ല. കുടിവെള്ളം എടുക്കുന്നതിനുള്ള ടാപ്പില്‍ നിന്നു വെള്ളമെടുത്ത് മുഖമൊന്നു കഴുകി. ഒരിറക്കു വെള്ളം കുടിച്ചു. എന്തോ ഒരു വല്ലായ്മ. വേണ്ട, ഇതു കുടിക്കാന്‍ മനസ്സു വരുന്നില്ല. അടുത്തുള്ള ഒരു കടയില്‍ നിന്നും ഒരു കുപ്പി കോള വാങ്ങി. ആവശ്യത്തിന് കുടിച്ചു, കുപ്പി ശരിക്കും അടച്ചു സീറ്റിനിടയില്‍ തിരുകി.
ഏകദേശം പന്ത്രണ്ടുമണിയോടെ സേലത്തുനിന്നും ബസ്സ് പുറപ്പെട്ടു. ഇനി ദിണ്ടിഗലെത്താന്‍ നാലു മണിക്കൂറെങ്കിലും എടുക്കും. ഇതു പി.പി.(പോയിന്‍റ് ടു പോയിന്‍റ്) ബസ്സാണ്. നമ്മുടെ നാട്ടിലെ ടൌണ്‍ ടു ടൌണ്‍ പോലെ. നല്ല വേഗവുമുണ്ട്. അതിനാല്‍ ഒരു പക്ഷേ അല്പം നേരത്തെയെത്താനും മതി. ഞാന്‍ വീണ്ടും ചിന്നഗൌണ്ടറില്‍ മുഴുകിയിരുന്നു.
അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ ബസ്സിനുള്ളില്‍ അതിരൂക്ഷമായ ദുര്‍ഗ്ഗന്ധം നിറഞ്ഞു. ശ്വാസം പിടിച്ചുനിര്‍ത്തി അതിനെ നേരിടാന്‍ ഒരു ശ്രമം ഞാന്‍ നടത്തിയെങ്കിലും ഫലവത്തായില്ല. കാരണം അപ്പോഴും നാറ്റം വമിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ ആരെങ്കിലും ഒരു തീപ്പെട്ടിയുരച്ചാല്‍ ആകമാനം തീപ്പിടീത്തമുണ്ടാകുമെന്നെനിക്ക് തോന്നി. കര്‍ച്ചീഫെടുത്ത് മൂക്കുപൊത്തി. എല്ലാ യാത്രികരും അതേ പോസില്‍ ചുളിഞ്ഞ മുഖത്തോടെ മൂക്കു പൊത്തിയിരിക്കുന്ന കാഴ്ച ഞാന്‍ കണ്ടു.
ഗൌണ്ടറുടെ പടം തനി ഗ്രാമീണപശ്ചാത്തലത്തിലുള്ള ഒന്നായിരുന്നു. ഇമ്മാതിരി പടങ്ങള്‍ ഇനി ഒരു കാലത്തും ഉണ്ടാവില്ലായിരിക്കും. അതുപോലെ നിര്‍മ്മലമായ ഒരു ചിത്രവും ഇമ്പമാര്‍ന്ന ഗാനങ്ങളും. ഗൌണ്ടറെ ശുഭപര്യവസായിയാക്കി ഞാന്‍ ഉറങ്ങാനാരംഭിച്ചു.
കരൂര്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ ഒന്നുണര്‍ന്നു. പിന്നെ വീണ്ടും നിദ്രയിലേക്കു തെന്നിവീണു. പിന്നെ ഉണരുന്നത് ഏകദേശം മൂന്നു മണിയായപ്പോഴാണ്. അരികിലുള്ള ജനാലയിലൂടെ പുറത്തേക്കുറ്റു നോക്കി. അതിശീഘ്രം പാഞ്ഞുപോകുന്ന ട്രക്കുകള്‍. സ്ഥലം ഏതാണെന്ന് ഒരു പിടിയുമില്ല. റഫറന്‍സിനു പോലും ഒരു പരസ്യബോര്‍ഡു കാണാനില്ല. വിജനപ്രദേശം. ദിണ്ടിഗല്‍ കഴിഞ്ഞോ അതോ എത്തുന്നതേയുള്ളോ? ആ, ആര്‍ക്കറിയാം? ആരോടാ ഒന്നു ചോദിക്കുക? എന്‍റെ അടുത്തിരിക്കുന്നവന്‍-ഒരു ഇരുപത്തിരണ്ടു വയസുകാണും, തമിഴനാണ്- ഇടയ്ക്കിടെ ഉറക്കത്തില്‍ എന്‍റെ തോളിലേക്കു ചായുന്നുണ്ട്. രണ്ടു മൂന്നു തവണയായപ്പോള്‍ എനിക്കരിശം വരാന്‍ തുടങ്ങി. ‘എടാ, എപ്പോഴുമിങ്ങോട്ട് തല ചായ്ക്കാന്‍ ഇതു നിന്‍റെ അണ്ണന്‍റെ തോളൊന്നുമല്ലല്ലോ‘ എന്നു ചോദിക്കണമെന്നു തോന്നിയെങ്കിലും അടക്കി. ഇവിടെ മനുഷ്യന്‍ ഇറങ്ങേണ്ട സ്റ്റോപ്പായോ എന്ന കണ്‍ഫ്യൂഷനില്‍ ഇരിക്കുമ്പോഴാ അവന്‍റെയൊരു തോളില്‍ക്കയറ്റം. രണ്ടുമൂന്നു തവണ അവന്‍റെ തല എന്‍റെ നേരേ നീണ്ടുവന്നപ്പോള്‍ ഞാന്‍ വളരെ സമര്‍ഥമായി ഒഴിഞ്ഞുമാറി. തലയുടെ ബാലന്‍സുതെറ്റി അവന്‍റെ ഉറക്കം മുറിയുന്നത് ക്രൂരമായ ഒരാനന്ദത്തോടെ ഞാന്‍ ആസ്വദിച്ചു. പണ്ടു ഞാനും ഇമ്മാതിരി ഉറങ്ങാറുണ്ടായിരുന്നു. തൊടുപുഴയില്‍ നിന്നും കട്ടപ്പനയ്ക്കു വന്ന ഒരു യാത്രയില്‍ സഹയാത്രികന്‍ എന്നെ വിളിച്ചുണര്‍ത്തി "നേരേയിരുന്നൊറങ്ങ്" എന്ന് ഈര്‍ഷ്യയോടെ പറഞ്ഞതില്‍പ്പിന്നെ ആ രോഗം നിശ്ശേഷം മാറി. അറിയാത്ത ഭാവത്തില്‍ തിക്കിയും ഞെരുക്കിയും ഞാന്‍ സഹയാത്രികനെ എന്‍റെ നേരെയുള്ള കടന്നുകയറ്റത്തില്‍ നിന്നു പിന്തിരിപ്പിച്ചു. വിജയിച്ചെന്നായപ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയതിതാണ് - ‘മോനേ, ഞാനൊരു മലയാളിയാ, ട്ടോടാ. ഞങ്ങളെക്കഴിഞ്ഞേ പാര വയ്ക്കാന്‍ ആളുള്ളൂ.’
ഛെ, സ്ഥലമൊട്ടു മനസിലാകുന്നുമില്ല. ഒന്നു ചോദിക്കാനാണെങ്കില്‍ ഉണര്‍ന്നിരിക്കുന്ന ഒറ്റ യാത്രക്കാരനും അടുത്തില്ല. ഇന്നു മധുരയില്‍ ചെന്നേ ഇറക്കമുണ്ടാകുവൊള്ളോ എന്തോ? ദൈവമേ, ലാഭിച്ച സമയമൊക്കെ കൊളമാകും. അടുത്ത സ്റ്റോപ്പു വരട്ടെ. ആരോടെങ്കിലും ചോദിക്കാം. ഇപ്പോള്‍ ടിവിയൊക്കെ ഓഫാണ്. അറുപഴഞ്ചന്‍ തമിഴ് പാട്ട് ഡ്രൈവറുടെ കാബിനില്‍ നിന്നു കേള്‍ക്കാം. പതിയെപ്പതിയെ ഓരോ തുണിമില്ലുകളൊക്കെ കണ്ടുതുടങ്ങി. ബോര്‍ഡിലെ സ്ഥലപ്പേരു വായിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. അല്‍പ്പം കഴിഞ്ഞപ്പോള്‍ ബസ്സിലാകെ ഒരിളക്കം. ആരൊക്കെയോ ഇറങ്ങാനുള്ള പുറപ്പാടിലാണെന്നു തോന്നുന്നു. എതിര്‍വശത്തെ സീറ്റിലിരുന്ന ഒരാള്‍ എഴുന്നേല്‍ക്കുന്നതുകണ്ട് അങ്ങേര്‍ എവിടാ ഇറങ്ങുന്നതെന്നു ചോദിച്ചു. അയാളിറങ്ങുന്നതു ദിണ്ടിഗല്‍ ആണത്രേ. ഓ.. അപ്പോള്‍ സ്ഥലം ആകുന്നതേയുള്ളൂ. ‘പേടിക്കേണ്ട രാജേ‘. ആരോ അകത്തിരുന്നു സമാധാനിപ്പിച്ചു. കൊച്ചുവെളുപ്പാന്‍കാലത്ത് സ്റ്റോപ്പെത്താന്‍ ഏതാണ്ട് ഒരു മണിക്കൂറ് കാത്തിരുന്ന്‍ ടെന്‍ഷനടിച്ച ശേഷം നാലുമണിക്ക് ഞാന്‍ ദിണ്ടിഗല്‍ സ്റ്റാന്‍ഡിലിറങ്ങി. ഒരുമിനിറ്റു പോലും കാത്തുനില്‍ക്കേണ്ടിവന്നില്ല. നേരെ കുമളിക്കുള്ള വണ്ടി മുന്നില്‍ വന്നു. അല്‍പ്പം കോള കൂടി വിഴുങ്ങി. വണ്ടിയില്‍ കയറി, ഇരുന്നു, ടിക്കറ്റെടുത്തു, ഉറക്കവും തുടങ്ങി.
ഏതാണ്ട് ഏഴുമണിയോടെ കമ്പത്തെത്തി. വണ്ടിക്കുള്ളില്‍ തന്നെ ചടഞ്ഞിരുന്നു. അവിടെ നിന്നും പുറപ്പെടാന്‍ താമസമൊന്നുമുണ്ടായില്ല. കുമളിയിലേക്കുള്ള ഹെയര്‍പിന്‍ വളവുകള്‍ സമര്‍ഥമായി വണ്ടി താണ്ടുമ്പോള്‍ ഞാന്‍ അടുത്ത മയക്കത്തില്‍ നിന്നും ഉണരുകയായിരുന്നു. തമിഴ്നാട് അതിര്‍ത്തിക്കുള്ളില്‍ നിര്‍ത്തിയ ബസ്സില്‍നിന്ന് ഇറങ്ങി വില്‍പ്പനനികുതി ചെക്ക്പോസ്റ്റും കടന്നു മലയാളമണ്ണില്‍ കാലുവച്ചപ്പോള്‍ മറ്റൊരു ടെന്‍ഷനും കൂടി പൂര്‍ണ്ണമായും മാറി. കയ്യില്‍ തൂക്കിപ്പിടിച്ചിരിക്കുന്ന ബാഗില്‍ സുഖമായി മയങ്ങുന്ന ഒരു കുപ്പി വിസ്കിയെപ്പറ്റിയുള്ള ആശങ്ക(പിതാജി കേ ലിയേ).
കുമളി സ്റ്റാന്‍ഡില്‍ നിന്ന് കട്ടപ്പനയ്ക്കുള്ള അല്‍ഫോന്‍സ ബസ്സില്‍ കയറി. കേരളത്തില്‍ കാലുകുത്തിയപ്പോള്‍ അതിശക്തമായ മഴ പ്രതീക്ഷിച്ചെങ്കിലും നല്ല തെളിഞ്ഞ കാലവസ്ഥയായിരുന്നു. ഇടയ്ക്ക് ചെറിയ മഴ പെയ്തു. ബസില്‍ നിറയെ സ്കൂള്‍ കുട്ടികള്‍ ഉണ്ടായിരുന്നു. ബാഗും കുടയും തിക്കും തിരക്കും ബഹളവും. മഴ മാറിയപ്പോള്‍ ഒരു ഷട്ടര്‍ ഉയര്‍ത്താന്‍ നീണ്ടുചെന്നത് എട്ടോളം കൈകള്‍! എല്ലാവരും വണ്ടന്‍മേട് സ്കൂളിലെ വിദ്യാര്‍ഥികളാണ്. ജലസംരക്ഷണത്തിനുള്ള മനോരമയുടെ പലതുള്ളി പുരസ്കാരം ഈ സ്കൂളിനു ലഭിച്ച കാര്യം ഞാനോര്‍ത്തു. ഒപ്പം വര്‍ഷങ്ങള്‍ക്കുമുന്‍പ് അവിടെ കമ്പ്യൂട്ടര്‍ സര്‍വ്വീസിങ്ങിനു പോയതും.
ബസ്സിലെ ചെമ്പൂവേ പൂവേ എന്ന പാട്ട് എപ്പോഴോ നിന്നിരുന്നു. വണ്ടന്മേടും ആമയാറും പുളിയന്മലയും താണ്ടി കൃത്യം ഒന്‍പതു പത്തിന് കട്ടപ്പന സ്റ്റാന്‍ഡില്‍ ബസ്സെത്തി. ഇടയ്ക്കു വീട്ടിലേക്കുവിളിച്ച് ഉടനെ നമ്മുടെ റൂട്ടില്‍ ബസ്സുവല്ലതുമുണ്ടോന്നു തിരക്കി. ഒന്‍പതരയ്ക്ക് ഒരു സെന്‍റ് മാത്യൂസ് ഉണ്ടത്രേ. റോമിങ്ങില്‍ ലോക്കല്‍ ഔട്ട്ഗോയിങ്ങ് ഒരു രൂപ എന്നത് എന്നെ സന്തോഷിപ്പിച്ചു. നേരത്തെ ഒന്നുനാല്‍പ്പത് ആയിരുന്നു. ഇന്‍കമിങ്ങും ഒരു രൂപ തന്നെ. അതു നേരത്തെ ഒന്ന് എഴുപത്തഞ്ചായിരുന്നു. ബേക്കറിയില്‍ നിന്നും കുറച്ചുപലഹാരവും വാങ്ങി. കാത്തുനിന്നു ബസ്സില്‍ കയറി. വളരെവളരെക്കാലം കൂടിയാണു കട്ടപ്പനയില്‍നിന്നു വീട്ടിലേക്കു ബസ്സില്‍ പോകുന്നത്. അല്ലെങ്കില്‍ ട്രിപ്പടിക്കുന്ന ഓട്ടോകളാണ് ആശ്രയം. മൂന്നരരൂപ ടിക്കറ്റില്‍ കൊച്ചുതോവാളയില്‍ ഇറങ്ങി നേരെ വീട്ടിലേക്കു വെച്ചുപിടിച്ചു. സ്വന്തം പറമ്പിലേക്കു കാലെടുത്തുവെച്ചതും മാതൃവിദ്യാലയത്തിലെ ഒന്നാം മണി മുഴങ്ങി. സമയം ഒന്‍പതുനാല്‍പ്പത്. ബാംഗ്ലൂരില്‍ നിന്നും വീട്ടില്‍ വരെയെത്താന്‍ യാത്രാചെലവ് രൂപ 191.50 മാത്രം.
വീട്ടില്‍ വന്നപ്പോള്‍ മഴയില്ല. വളരെ പ്രശാന്തസുന്ദരമായ കാലാവസ്ഥ. ഞാന്‍ വീണ്ടും പഴയ കൊച്ചുതോവാളക്കാരനായി. ദിനചര്യകള്‍ കഴിഞ്ഞുവരുമ്പോള്‍ ചൂടുകപ്പപ്പുഴുക്കും മീന്‍കറിയും തയാറായിരുന്നു.
കൂട്ടുകാരെ, ഞാനിങ്ങു പോന്നു. ഇനി ബാംഗ്ലൂരിലേക്ക് നാലഞ്ചുദിവസം കഴിഞ്ഞിട്ടേയുള്ളൂ.
ReplyDeleteസസ്നേഹം
രാജ്
നല്ല യാത്ര രാജ്.. അപ്പോ അവിടെ കട്ടപ്പനയില്‍ അടിച്ച് പൊളിയ്ക്കൂ.. (കപ്പയും മീന്‍കറിയും, ലത് ഒരു പ്ലേറ്റ് ഇവിടേം വേണാരുന്നു :( )
ReplyDeleteകട്ടപ്പന മൊത്തം നമ്മടെ അന്വേഷണങ്ങള്‍ അറിയിച്ചേക്കൂ...
ReplyDeleteഒരു ഡയറി വായന..
ReplyDeleteഅടിച്ചുപൊളിക്കിഷ്ടാ..!
നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.
ReplyDeleteനല്ലൊരു അവധിക്കാലം ആശംസിക്കുന്നു
ReplyDeleteനല്ലൊരു അവധിക്കാലം ആശംസിക്കുന്നു
ReplyDeleteഅങ്ങനെയൊരു അവധിക്കാലത്ത് അടിച്ചുപൊളിക്കാന്‍ എല്ലാ ഭാവുകങ്ങളും എന്നും..
ReplyDeleteരാജ് മാഷേ...
ReplyDeleteകൂടെ യാത്ര ചെയ്തതു പോലെ...
:)
നാട് ശരിയ്ക്കും ആസ്വദിച്ചതിനു ശേഷം തിരിച്ചു വന്നാല്‍ മതിയെന്നേ...
ഹപ്പോള്‍ ബുധനാഴ്ച ചെന്നു. ഞായറാഴ്ച തരിച്ചു. ഇന്നു രാവിലെ (തിന്കള്‍) ഞാനിങ്ങെത്തി.
ReplyDeleteചുരുക്കത്തില്‍ ഇങ്ങനെയായിരുന്നു അവധിക്കാലം:
മഴ തീരെയില്ല. തിരിച്ച് തമിഴ് നാടിന്റെ എയര്‍ ബസ്സിനു ഡീസന്റായി പോന്നു. ഇന്നു നല്ല മഴയാ എന്ന് കേട്ടു
ബുധന്‍: കപ്പ, മീന്‍, ചക്കപഴം, മാങ്ങ
വ്യാഴം: വീണ്ടും കപ്പ, ബീഫ് കറി, വൈകുന്നേരം ബീഫ് ഫ്രൈ, കട്ടപ്പന കറക്കം, നൈറ്റ് കടയില്‍ നിന്നും കപ്പ ബിരിയാണി, പോട്ടി, ഒരു ലാര്‍ജ്.
വെള്ളി: കൊഴുക്കട്ട, കപ്പ, പോര്‍ക്ക്, വൈകുന്നേരം ഫസ്റ്റ് ഷോ അനിയന്റെ കൂടെ - ദശാവതാരം.
ശനി: കപ്പ , കറി, വൈകിട്ട് ചക്കപ്പുഴുക്ക്,
ഞായര്‍ രാവിലെ അപ്പം, കടലക്കറി, ഊണിനു മീന്‍ വച്ചതും വറുത്തതും, മൂന്നു മണിയോടെ പായസം, മൂന്നേ കാലായപ്പോള്‍ ഞാന്‍ വീട്ടീന്ന് ഇറങ്ങി.
കുഞ്ഞന്‍സ്, നേരെ കട്ടപ്പനയ്ക്ക് പോന്നോളാന്‍ മേലാരുന്നോ? കപ്പയും കറിയും ഒക്കെയായി നമുക്കങ്ങു കൂടാമായിരുന്നു. യേത്? ;)
സാല്‍ജോ , അപ്പോള്‍ പറഞ്ഞ പോലെ ചെയ്തിട്ടുണ്ട്. :) അന്വേഷണങ്ങള്‍ തിരിച്ചും.!
കുഞ്ഞന്‍, വായിച്ചതിനും കമന്റിയതിനും നന്ദി. :)
ശിവ, നല്ല അവധിക്കാലമൊക്കെ ആയിരുന്നെന്കിലും പോരാരുന്നു എന്നൊരു തോന്നല്‍. ആശംസയ്ക്ക് നന്ദി. :)
ബാജി മാഷേ, ഡബിള്‍ ആശംസയ്ക്ക് ഡബിള്‍ നന്ദി. :)
ഏറനാടന്‍, കമന്റിനും ആശംസയ്ക്കും നന്ദി. :)
ശ്രീയേട്ടാ, ഞാനിങ്ങെത്തി. കമന്റിനു നന്ദി. :)
ഹലോ രാജേ..
ReplyDeleteകൊള്ളാം നല്ല രസമുള്ള ആഖ്യാനരീതി.വായിച്ചു കഴിഞ്ഞപ്പോള്‍ കപ്പയും മീനും കഴിക്കാന്‍ കലശലായ മോഹം.ടോക്കിയോയില്‍ ഒരിക്കലും തോന്നാന്‍ പാടില്ലാത്ത മോഹം..പിന്നെ അവസാനം തപ്പിനടന്നു കുറച്ചു ചേമ്പ് (പോലത്തെ കിഴങ്ങ്) സംഘടിപ്പിച്ചു.അതും മുളകുപോട്ടിചതുംക്കൂട്ടി നിര്‍വൃതി അടഞ്ഞു .പിന്നീടാണ് അറിഞ്ഞത് ഈ കിഴങ്ങ് ജപ്പാന്‍കാര്‍ പച്ചക്കാണ് കഴിക്കാറുള്ളത് എന്ന് :)
ഡാലൂ,
ReplyDeleteഈ കപ്പയും മീനും മലയാളിയുടെ ആമാശയത്തില്‍ ഒരു നൊസ്റ്റാള്‍ജിക് നൊമ്പരമായി കെട്ടിക്കിടക്കുന്നുവെന്ന കാര്യം ഓര്‍ക്കാതെയാണു പോസ്റ്റിലും കമന്റുകളിലും കപ്പയെ ഒരു പ്രധാന കഥാപത്രമാക്കിയത്. ഇതിപ്പോ അങ്ങു ടോക്കിയോയില്‍ ഒരു പാവം മലയാളി കപ്പയും തേടി മാര്‍ക്കറ്റില്‍ക്കൂടി പായേണ്ടി വരുന്നതു ,സ്വപ്നത്തില്‍ പോലും, ഞാന്‍ പ്രതീക്ഷിച്ചില്ല.
അകലെയാണെങ്കിലും കപ്പയുടെയും കാച്ചിലിന്റെയും ചേനയുടെയും ചേമ്പിന്റെയും കഞിയുടെയും ഉപ്പുമാങ്ങയുടെയും സ്വാദ് മനസ്സിലും നാവിലും അടരാതിരിക്കുമ്പോഴും, അറിയാതെ ഇടയ്ക്കെല്ലാം ഉണര്‍ന്ന് അവ നമ്മെ പലതും ഓര്‍മ്മിപ്പിക്കുമ്പോഴുമാണ് മലയാളത്തിന്റെ പൊക്കിള്‍ക്കൊടി ബന്ധം നാമറിയുന്നത്...
ഹാപ്പി നൊസ്റ്റാള്‍ജിയ.
hai adipoli ezhuthu...i enjoyed it..
ReplyDeleteഅല്‍പം പഴയ പോസ്റ്റ് ആണെങ്കിലും പരതുന്നതിനിടയില്‍ വായിച്ചപ്പോള്‍ അറിയാതെ ഒരു വേള നാട്ടിലെത്തിയതുപോലെ..
ReplyDeleteഏതായാലും.. യാത്രയുടെ വിരസത കുറെനേരത്തെങ്കിലും വീട്ടില്‍ കഴിയാനും അതാസ്വദിക്കനുമുള്ള അവസരം അനിര്‍വചനീയം തന്നെ..
അടിച്ച് പൊളിക്കൂ.
ഇതു വായിക്കുമ്പോള്‍ ഒരു പക്ഷെ വീണ്ടും നഗരത്തില്‍ ആവാം അല്ലെ.. പക്ഷെ തിരികെ വീണ്ടും ചെല്ലുമ്പോള്‍.........