Friday, June 13, 2008

വീണ്ടുമൊരു മഴക്കാലം

മഴ ഇനിയും ശക്തി പ്രാപിച്ചിട്ടില്ല. എന്നും ഓഫീസിലേക്കിറങ്ങുമ്പോള്‍ ആകാശത്തേക്കു നോക്കും. ഇന്നു പെയ്യുമെന്നു തോന്നുന്നില്ല. ഇനി വൈകുന്നേരമെങ്ങാനും ..? ആ, അതന്നേരമല്ലേ. പോരാഞ്ഞിട്ടു ബാംഗ്ലൂരിന്‍‌റെ മണ്‍സൂണിനെപ്പറ്റി വ്യക്തമായ ബോദ്ധ്യമൊട്ടില്ല താനും. നാട്ടിലും ശക്തമായ മഴ തുടങ്ങിയില്ലെന്നു കേട്ടു. ഒരു തണുത്ത കാറ്റു വീശി. എന്നെ കുളിരാത്തതെന്തേ? ഞാന്‍ അതിശയിച്ചു.

ജൂണ്‍ ആദ്യവാരം തന്നെ തുടങ്ങും ചറുപിറാന്നു മഴ. മെയ് യാത്ര പറഞ്ഞു പോകുന്നതിനു പിന്നാലെ വേനലും പോകുകയായി. ഒന്നു കരുതിയിരുന്നോളൂ എന്നയര്‍ഥത്തില്‍ ഏതാനും വേനല്‍ മഴയും തന്നിട്ടാവും മെയ് മാ‍യുക. ഇടവപ്പാതിയുടെ വരവറിയിച്ചുകൊണ്ട് വെള്ളിവെയില്‍ നിറഞ്ഞ മാനത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടും. ചെമന്ന പന്തു വിരിഞ്ഞതു പോലെ പൂവുള്ള മെയ്‌മാസറാണിയുടെ നിറം പയ്യെപ്പെയ്യെ മങ്ങിവരും. വേനലിന്‍‌റെ കരിവില്‍ ഉണങ്ങിനിന്ന പുല്ലുകള്‍ക്കിടയില്‍ വിത്തുകള്‍ ഊര്‍ജ്ജം കൊള്ളും.

പള്ളിക്കൂടം തുറക്കുന്നതു ജൂണ്‍ ഒന്നിനു തന്നെ ആവണമെന്നില്ല. എന്നായാലും സ്കൂള്‍ തുറന്നിട്ടേ മഴ എത്തുകയുള്ളൂ. പുതുമകളുടെ ഒരു കാലമാണു സ്കൂള്‍ തുറക്കല്‍. പുതിയ ക്ലാസ്സ്, പുതിയ ചില കൂട്ടുകാര്‍, പുതിയ പുസ്തകം, ബാഗ്, കുട, ചെരിപ്പ്, യൂണിഫോം, പേന, പെന്‍സില്‍ അങ്ങനെയങ്ങനെ. കുടയും ബാഗും എല്ലാ വര്‍ഷവും പുതിയതു കിട്ടില്ല. കിട്ടുന്ന സമയത്ത് അഭിമാനവും പഴയതു തന്നെ തുടരേണ്ട സമയത്തു പുത്തനുള്ളവരോട് അസൂയയും! പക്ഷേ ചെരിപ്പ് ഒഴിവാക്കാനാവാത്തതാണ്. ചെളി കുഴഞ്ഞ് തെന്നിത്തെറിക്കുന്ന കയറ്റിറക്കങ്ങളില്‍ കാല്‍ വഴുതാതെ നടക്കാന്‍ നല്ല കട്ടയുള്ള ചെരിപ്പു തന്നെ വേണം. ഉപ്പൂറ്റിക്കുമുകളിലൂടെ വരിഞ്ഞു് വശത്തുകൊളുത്തിട്ടു കെട്ടുന്ന ചെരിപ്പുകള്‍ക്കാണു പ്രിയം. പൂട്ടീസ് എന്നാണതിന്റെ ഓമനപ്പേര്. ആദ്യത്തെ ഏതാനും ദിവസം അല്‍പ്പം ബുദ്ധിമുട്ടുണ്ടാവും. കാലില്‍ അവിടവിടെ ഉരഞ്ഞു തോല്‍ പൊളിയും. മഴവെള്ളം വീഴുമ്പോള്‍ നീറ്റല്‍ അസഹ്യമാകും.

എങ്കിലും അതൊന്നും വകവെയ്ക്കാതെ റോഡില്‍ കെട്ടിക്കിടക്കുന്ന മഞ്ഞനിറമുള്ള ചെളിവെള്ളത്തില്‍ കാലിട്ടടിക്കും. കൂടെയുള്ളവന്റെ പുത്തനുടുപ്പിലും നിക്കറിലും എല്ലാം വെള്ളം. ചിലപ്പോള്‍ അവന്‍ കുട കൊണ്ടു മറയ്ക്കും. അല്ലെങ്കില്‍ വാശിയോടെ പകരം വീട്ടും. അതുമല്ലെങ്കില്‍ കുടകൊണ്ടു നല്ല അടി. വലിയ അനിഷ്ടസംഭവങ്ങളൊന്നും കൂടാതെതന്നെ പ്രശ്നം പരിഹരിക്കപ്പെടും. കുട കറക്കിക്കൊണ്ട് ചുറ്റും നില്‍ക്കുന്നവരുടെമേല്‍ വെള്ളം തെറിപ്പിക്കുന്നതും ഒരു കലയാണ്. പല നിറത്തിലും വലിപ്പത്തിലുമുള്ള കുടകള്‍ നിരന്നു നീങ്ങുന്ന കാഴ്ചയാണു നാലുമണിക്കു സ്കൂള്‍ വിടുമ്പോള്‍. രാവിലെയാണെങ്കിലോ, ക്ലാസ്സിന്റെ ഒഴിഞ്ഞ കോണുകളില്‍ വെള്ളം തോരാനായി നിവര്‍ത്തിവെച്ച അനേകം കുടകള്‍. കുടയില്ലാത്തവരും കുടയെടുക്കാന്‍ മടിയുള്ളവരും ഇന്റര്‍വെല്‍ സമയത്തു മൂത്രമൊഴിക്കാന്‍ പോകുന്നതിനായി ഒരു ലിഫ്റ്റുകിട്ടാന്‍ കാത്തുനില്‍ക്കും. കൂ‍ട്ടുകാരന്റെ തോളില്‍ കയ്യിട്ട് ചുറ്റും വീണിക്കിളിയാക്കുന്ന മഴനൂലുകള്‍ക്കിടയിലൂടെ നടന്ന്.....

രാവിലെയും ഉച്ചകഴിഞ്ഞും പതിവായി അസംബ്ലിയുള്ള സ്കൂളായിരുന്നു കൊച്ചുതോവാള സെന്റ് ജോസഫ്‌സ്. മഴക്കാലങ്ങളില്‍ രാവിലത്തെ അസംബ്ലി ഇല്ല. ഉച്ചകഴിഞ്ഞത്തെ അസംബ്ലി എപ്പോഴും വരാന്തയില്‍ത്തന്നെ ആയതിനാല്‍ അതിനു മുടക്കമില്ല. അതെ, വരാന്തയില്‍ കൊള്ളാനുള്ളത്ര കുട്ടികളേ യു പി സ്കൂളില്‍ ഉണ്ടായിരുന്നുള്ളൂ. മൂന്നു ക്ലാസ്സുകളിലായി പരമാവധി ആറു ഡിവിഷനുകള്‍ - മുന്നൂറില്‍ത്താഴെമാത്രം വിദ്യാര്‍ഥികള്‍. എല്‍ പി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് സമീപം വേറെ കെട്ടിടത്തില്‍. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നകാലത്ത് ശൌര്യാര്‍ സാര്‍ എന്നൊരധ്യാപകന്‍ ഹെഡ്‌മാസ്റ്ററായുണ്ടായിരുന്നു. കാലവര്‍ഷക്കെടുതി പ്രമാണിച്ചു ജില്ലാകളക്ടര്‍ കനിഞ്ഞുനല്‍കുന്ന ചില അവധികള്‍ക്കുപുറമേ സ്വന്തം അധികാരപരിധിക്കുള്ളില്‍ നിന്നുകൊണ്ട് ഇദ്ദേഹവും ഏതാനും അപ്രതീക്ഷിത അവധികള്‍ നല്‍കിയിട്ടുണ്ട്. അതിശക്തമായ മഴ ഉച്ചകഴിഞ്ഞും തുടരുകയാണെങ്കില്‍ അസംബ്ലിയില്‍ പറഞ്ഞുവരുമ്പോഴേ അറിയാം- “പ്രതികൂലകാലാവസ്ഥ കണക്കിലെടുത്ത് ഇന്നുച്ചയ്ക്കുശേഷം ക്ലാസ്സുകള്‍...” അസംബ്ലിയില്‍ നിന്നും ചില നെടുവീര്‍പ്പുകള്‍, അടക്കിയ ചിരികള്‍, കുശുകുശുക്കലുകള്‍ - കറുത്ത ആകാശത്തിനു കീഴെ ചില തെളിഞ്ഞ മുഖങ്ങള്‍. ഹോംവര്‍ക്കുചെയ്യാത്തവര്‍ ഒരിക്കല്‍ക്കൂടി രക്ഷപ്പെടുന്നു.

ഇങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍..! അടുത്തയാഴ്‌‌ച ഞാന്‍ പോകുന്നു, നാട്ടിലേക്ക്. ഈ മഴ കൊള്ളാന്‍. ചെളി പുരണ്ട കാല്‍പാദം മഴവെള്ളം കൊണ്ടു കഴുകാന്‍. വീണുതീരാത്ത മാമ്പഴത്തിനും വരിക്കച്ചുളയ്ക്കും ഇനിയും മധുരം വാര്‍ന്നിട്ടില്ലെന്നറിയാന്‍. എങ്കിലും ഇന്ന്‌ അപ്രതീക്ഷിതമായി ഒരവധി കിട്ടാന്‍ ഇപ്പോള്‍ ഞാനൊരു വിദ്യാര്‍ഥിയല്ലല്ലോ!

6 comments:

  1. ഓര്‍മ്മകളുടെ നനവുള്ള ഒരു ജൂണ്‍‌മാസ പോസ്റ്റ്.

    സസ്നേഹം,
    രാജ്

    ReplyDelete
  2. മഴയും ജൂണും ബാല്യവും ഇഴപിരിച്ചെടുക്കാനാവാതെ....

    ReplyDelete
  3. ഓര്‍മ്മകളുടെ ഈ അയവിറക്കല്‍ നന്നായിരിക്കുന്നു മാഷെ....

    നാട്ടില്‍ നിന്നും തിരിച്ചെത്തിയിട്ട് ബാക്കി കൂടെ പോരട്ടെ.

    ReplyDelete
  4. ഓര്‍മ്മകളില്‍ പെയ്തിറങ്ങിയ മഴയ്ക്ക് കുളിരേറെ

    ReplyDelete
  5. Good pen..!
    Rain of memories pouring over me.

    ...and CONGRATS FOR YOUR 25th POST!
    [I think you also didnt notce it :) ]

    ReplyDelete
  6. ഫസല്‍, ആദ്യ കമന്റിനു പ്രത്യേക നന്ദി..!

    കുറുമാന്‍ അവര്കളെ, അപ്പോള്‍ നാട്ടില്‍ പോയി വന്നേച്ചുകാണാം. ഇതി‌ലെയൊക്കെ വരാറുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം.

    പ്രിയചേച്ചി, കമന്റിനു നന്ദി. :)

    കുട്ടന്‍സ്, താന്കള്‍ക്ക് എണ്ണം എടുക്കുന്ന പരിപാടി ഇപ്പോളും ഉണ്ടല്ലേ? സത്യത്തില്‍ ഞാനും ആദ്യം അത് ശ്രദ്ധിച്ചില്ലായിരുന്നു. Thanks for notifying abt this milestone.

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'