Saturday, October 04, 2008

എ ക്വസ്റ്റിന്‍ ടു ദ്‌ ഗോഡ്‌ - ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-3

കഴിഞ്ഞ കഥ
"ഹ്ം.. അതേടാ, ആക്കാലത്ത്‌ അങ്ങനെയൊക്കെ തോന്നും. ഇന്നു നിനക്കു തോന്നുന്നുണ്ടോ? ഇല്ലല്ലോ? ഇസ്‌ യുവര്‍ ലൈഫ്‌ എ ബിഗ്ഗ്ഗ്ഗ്‌ ക്വസ്റ്റിന്‍ മാര്‍ക്‌ നൗ?"

അവന്‍ ഉത്തരമൊന്നും പറഞ്ഞില്ല. ഓര്‍മ്മകളില്‍ കലണ്ടര്‍ താളുകള്‍ മറിഞ്ഞു. മേലെ മേഘം മറയ്ക്കാനൊരുങ്ങുന്ന നിലാവേറ്റ്‌ അവന്‍ ടെറസ്സില്‍ മലര്‍ന്നു കിടന്നു.

"അല്ലെടാ. അല്ല. എല്ലാം തീരുമെന്നും അഴുക്കുചാലിലെ പെരുച്ചാഴിയെപ്പോലെ നരകിച്ചു ജീവിക്കേണ്ടി വരുമെന്നും കരുതിയിരുന്നിടത്തു നിന്നു നീ പിടിച്ചു കേറിയില്ലേ? അന്നു നീയില്ലെന്നു പറഞ്ഞതെല്ലാം പടവെട്ടി നേടിയില്ലേ?"

"നേടി. അന്നില്ലാതിരുന്നതൊക്കെ നേടി. ജീവിതസൗകര്യങ്ങള്‍, നല്ല വീട്‌, സുഹൃത്തുക്കള്‍, നല്ല ജോലി, സാമ്പത്തികം, വണ്ടി -എല്ലാം. പക്ഷേ ഇതിനെല്ലാമിടയില്‍ വെച്ചു നഷ്ടപ്പെട്ടുപോയ ഒന്നുണ്ട്‌ - ഇന്നു നേടിയതെന്ന് പറഞ്ഞതെല്ലാം കൊടുത്താലും തിരിച്ചു കിട്ടാത്ത ഒന്ന്. അവള്‍..! അതൊരു തീരാത്ത നഷ്ടമാടാ!" ഒന്നു നിര്‍ത്തി അവന്‍ പാടി:

"അമ്മാടിയോ നീതാന്‍..
ഇന്നും സിറുപിള്ളൈ...
താങ്കാതമ്മാ നെഞ്ചം...
നീയും സൊന്ന സൊല്ലൈ..
പൂന്തേനേ നീ താനേ
സൊല്ലില്‍ വെയ്ത്തായ്‌ മുള്ളൈയ്‌..."


എന്റെ കണ്ണു മിഴിഞ്ഞു. "വൗ.. എത്ര നാളു കൂടിയാടാ നീ പാടുന്നതു കേള്‍ക്കുന്നെ? ഹും... പക്ഷേ, കിട്ടാന്‍ പോകുന്നത്‌ അതിലും നല്ല ബന്ധമല്ലേ?"

പ്രദീപ്‌ കുറച്ചു കൂടി വെള്ളം കുടിച്ചു. മുഖത്തിന്റെ ഇടതുവശം കൊണ്ടൊന്നു ചിരിച്ചു. "നീ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുണ്ടെന്നു ഞാന്‍ വിശ്വസിക്കണോ? കൗമാരം മുതല്‍ കാത്തുവെച്ച സ്വപ്നം. മുതിര്‍ന്നപ്പോള്‍, ജീവിതത്തോടു പടവെട്ടാന്‍ തുടങ്ങിയപ്പോള്‍ പരസ്പരം കൈമാറിയ സ്വപ്നം. കുടുംബം നല്‍കിയ ഉത്തരവാദിത്വത്തിനു മേല്‍ പ്രചോദനമായി നിന്ന സ്വപ്നം. ഐ ലോസ്റ്റ്‌ ദാറ്റ്‌ ഡ്രീം ഫോര്‍ എവര്‍! അതു ഞാന്‍ തിരിച്ചറിഞ്ഞ നിമിഷം നിനക്കൊന്നു സങ്കല്‍പ്പിക്കാമോ? ഒണ്‍ലി ഇഫ്‌ യു ഹവ്‌ എവര്‍ - ഐ മീന്‍ എവര്‍- ബീന്‍ ഇന്‍ ദ ഫീലിങ്ങ്‌ കാള്‍ഡ്‌ ലവ്‌!"

"ഞാന്‍ തകര്‍ന്നോ? നീ പറഞ്ഞപോലെ നിരാശാകാമുകനായി നടന്നോ? ഇല്ല. എന്നാലും എന്റെ ജീവിതം എന്താണെന്നും എന്തിനാണെന്നും ഈ ലോകത്ത്‌ ഏറ്റവും നന്നായി അറിയുന്നവളായിരുന്നു അവള്‍. ആ അവള്‍ എന്നോട്‌ ഉറപ്പു ചോദിച്ചു - എന്നവള്‍ക്കൊരു ജീവിതം കൊടുക്കാനൊക്കുമെന്ന്. ബോംബെയില്‍ ഒരു നിഷ്ഠൂരമാര്‍വാഡീടെ എക്സ്‌പോര്‍ട്ടിങ്ങിന്റെ കണക്കെഴുത്താ അന്ന്. രാത്രി പത്തും പന്ത്രണ്ടും വരെ ജോലി ചെയ്യുന്ന കാലം. ഇരുപത്തഞ്ചു പൈസാ പോലും അനാവശ്യമായി ചെലവാക്കാതെ കടിച്ചു പിടിച്ചു ജീവിക്കുകാ. വീട്ടിലൊരാള്‍ക്കു പനി വന്നാല്‍ മതി, എല്ലാം കൊഴയാന്‍. ഇതീന്നൊക്കെ കരകേറുന്ന കാലത്ത്‌ അവളും എന്റെ കൂടെക്കാണുമെന്ന് ഞാന്‍ സ്വപ്നം കണ്ടു. അവള്‍ക്കറിയാമായിരുന്നു ഇതെല്ലാം. എന്നിട്ടും അവളെന്നോടു ചോദിച്ചു- എന്നു ജീവിതം കൊടുക്കാന്‍ പറ്റുമെന്ന്... എന്തു ജീവിതം? സ്വന്തമായി പ്രതീക്ഷ പോലുമില്ലാത്തവന്‍ എങ്ങനെയാടോ ഒരു പെണ്ണിനു ജീവിതം കൊടുക്കുക? സ്നേഹം കഴുകി അടുപ്പത്തിട്ടാ ചോറാകുവോ? അന്നാടാ ഞാന്‍ തിരിച്ചറിഞ്ഞത്‌, പ്രണയിക്കാന്‍ നടക്കുന്നവന്‍ ഒന്നുകില്‍ ഫുള്‍ സെറ്റപ്പിലായിരിക്കണം അല്ലെങ്കില്‍ ഗട്‌സ്സ്‌ വേണം, എന്നാത്തിനാ? വിശ്വസിച്ച പെണ്ണിനേം കൊണ്ട്‌ പൊട്ടക്കുളത്തിലേക്കു ചാടാന്‍. ഇതൊന്നുമില്ലാത്തവന്‍ പഴത്തൊലിയെറിയുന്ന പോലെ എറിഞ്ഞോണം - അവന്റെ ഉള്ളിന്റെയുള്ളില്‍ കാത്തുവെച്ച മോഹമെല്ലാം..."

പ്രദീപ്‌ ഒരു ഞൊടി നിര്‍ത്തി. "... പെണ്ണുങ്ങള്‍ എപ്പളും സേഫര്‍ സൈഡേ നോക്കത്തൊള്ളടാ. അതവളും ചെയ്തു- ഞാന്‍ പ്രതീക്ഷിച്ചതല്ലേലും. നമ്മളോ അതെല്ലാം മറന്ന് സ്വന്തം വിധിയോടു പടവെട്ടണം. എന്നിട്ട്‌ എന്നെങ്കിലും രക്ഷപ്പെടുന്ന നാള്‍ ഇങ്ങനെ സ്വന്തം കൂട്ടുകാരന്റെ ടെറസ്സില്‍ വന്നിരുന്ന് അന്നിതെല്ലാം ഉണ്ടായിരുന്നെങ്കില്‍ എന്നു വെറുതെ ആശിക്കണം. ഹാ..ഹ്ഹാ...!! ഒരു തരത്തില്‍ പറഞ്ഞാല്‍ ജീവിതം നമ്മളെ എന്നതെല്ലാം കോലം കെട്ടിക്കുന്നു. ഒരു വേള എല്ലാം പിടിച്ചു വെയ്ക്കുന്നു, പിന്നെ ഇന്നാടാ ഉവ്വേന്നും പറഞ്ഞ്‌ എല്ലാം വെച്ചുനീട്ടുന്നു. എന്തിനോ എന്തോ!"

എനിക്കു പറയാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല. ശാന്തമായി അവന്‍ എന്റെ നേരെ നോക്കിയിരുന്നു.

"ഇനിയെന്ത്‌? വരുന്നതിന്റെ ബാക്കി നോക്കുക. നല്ല കുടുംബ ജീവിതം നയിക്കുക. അല്ലാതെ പിന്നെ? വാ, നേരം ഒരുപാടായി, പതുക്കെ താഴേക്കു നീങ്ങാം?"

"അല്ലാതെന്ത്‌? നാലു നാളികേരം പോയാ നാരായണനു തേങ്ങയാ എന്ന്" പ്രദീപ്‌ വീണ്ടും ഉഷാറായി. "എന്നാലും ഈ സ്നേഹവും ബന്ധവുമൊക്കെ പിരിഞ്ഞുപോകുക എന്നു പറയുന്നത്‌ അല്‍പം ദെണ്ണമൊള്ള കാര്യമാടാ. പ്രത്യേകിച്ചും, നമുക്ക്‌ ഒത്തിരിയിഷ്ടപ്പെട്ട ചിലതൊക്കെ ചങ്കീന്നു പറിഞ്ഞു പോകുമ്പോ... " അവന്റെ വാക്കുകള്‍ മുറിഞ്ഞു.

"... എടാ, ഈ ലോകത്ത്‌ ആത്മാര്‍ഥമായി പ്രണയിക്കാന്‍ പറ്റുന്നവന്‍ ഭാഗ്യവാനാടാ. അത്‌ ലൈഫുമൊത്തം കാക്കാന്‍ പറ്റുന്നവനോ അതിലും ഭാഗ്യവാന്‍." അവന്റെ സ്വരത്തില്‍ ഒരു യാത്രാമൊഴിയുടെ ഈര്‍പ്പം.

എന്റെ കൈ അവന്റെ തോളില്‍ അമര്‍ന്നു. "യേയ്‌... ഫീലാകാതെടാ.. ഞാനില്ലേ? ഏഹ്‌? എനിക്കറിയില്ലേ എല്ലാം? ഒരു തരത്തില്‍ പറഞ്ഞാല്‍ അവള്‍ പോയതിന്റെ ദു:ഖത്തില്‍ കയറിനിന്നല്ലേ നീയിത്ര വളര്‍ന്നത്‌? ഒന്നു ചീഞ്ഞു, വേറൊന്നിനു വളമായി എന്നു കരുതിയാ മതി. ആഹ്‌.. തിരിഞ്ഞു നോക്കുമ്പോ ജീവിതത്തില്‍ കല്ലും മുള്ളുമൊന്നുമില്ലെങ്കില്‍ ഒരു പക്ഷേ ദൈവത്തിനു പോലും ഈ പ്രദീപിനോടസൂയ തോന്നിയാലോ..! അല്ലേടാ ഉവ്വേ?" ഞാന്‍ ഒരു മറുപടിക്കു വേണ്ടി അവനെ ഒന്നുലച്ചു.

അവനൊന്നു ചിരിച്ചെന്നു തോന്നി.

"പിന്നെ, ഭാഗ്യവാന്മാരും ഭാഗ്യവതികളും പ്രണയിക്കട്ടെ. നമുക്കത്താഴം മുടക്കാന്‍ പറ്റുവോ?"

ഞാന്‍ അനുസാരികളുടെ അവശിഷ്ടങ്ങളൊക്കെ പെറുക്കിക്കൂട്ടവേ പ്രദീപ്‌ പതുക്കെ എഴുന്നേറ്റ്‌ ചെറുതായൊന്നു വേച്ച്‌, രണ്ടു കൈകളും ആകാശത്തേക്കുയര്‍ത്തി, ഉറക്കെ വിളിച്ചു ചോദിച്ചു: "വെല്‍, ആര്‍ യു ജെലസ്‌ ഒഫ്‌ ദിസ്‌ പുവര്‍ ചാപ്‌, ഡിയര്‍ ഗോഡ്‌ ആള്‍മൈറ്റി??"

കഥ തീരുന്നില്ല!

7 comments:

  1. കടപ്പാട്‌:
    (1)അപാരമായ ഇച്ഛാശക്തികൊണ്ട്‌ ഉയരത്തിലെത്തിയ ഒരു ആത്മാര്‍ഥസുഹൃത്തിനോട്‌, അവന്റെ ഇനിയും പൂവണിയാത്ത പ്രണയത്തോട്‌.

    (2)ബാംഗ്ലൂര്‍ നഗരത്തോട്‌.

    (3)ഒരുപാടു നല്ല പാഠങ്ങള്‍ പഠിപ്പിച്ച, ഇന്നിന്റെയും കോളേജു ജീവിതത്തിന്റെയും ഇടയ്ക്കുള്ള കാലഘട്ടത്തോട്‌.

    (4)ഒരു ശരാശരി യുവാവിന്റെ സ്വപ്നങ്ങളോട്‌, സങ്കടങ്ങളോട്‌, സന്തോഷങ്ങളോട്‌.

    ReplyDelete
  2. നല്ല ഭാഷയും ശൈലിയും....
    നന്നായിരിക്കുന്നു..

    ReplyDelete
  3. പോസ്റ്റില്‍ ഉടനീളം ഉപയോഗിച്ച സംസാരശൈലി ബോധിച്ചു. 'കലക്കനായിട്ടൊണ്ട്‌, കെട്ടോടാ ഉവ്വേ!' പിന്നെ, സംഗതി മുഴുവന്‍ Fantasy ആവില്ലെന്നറിയാം. അത്‌ അവസാനം കടപ്പാട്‌ ലിസ്റ്റില്‍ നിന്നും മനസ്സിലായി.

    ചില ഭാഗങ്ങളില്‍ ചില അവ്യക്തതകളോ ഒഴുക്കുകുറവോ ഉള്ളപോലെ തോന്നുന്നു.

    അവസാനമെത്തിയപ്പോള്‍ സൗഹൃദം ആകര്‍ഷകമായി ഫീല്‍ ചെയ്യിപ്പിച്ചു. അതു വളരെക്കുറച്ചു വാചകങ്ങളില്‍! കൊള്ളാം, വീണ്ടും എഴുതുക. :)

    ReplyDelete
  4. മൂന്നു പോസ്റ്റും ഒന്നിച്ചു വായിച്ചു...
    അപ്പൊ,സംഭവം നന്നായി കേട്ടോ.

    ReplyDelete
  5. "പ്രണയിക്കാന്‍ നടക്കുന്നവന്‍ ഒന്നുകില്‍ ഫുള്‍ സെറ്റപ്പിലായിരിക്കണം അല്ലെങ്കില്‍ ഗട്‌സ്സ്‌ വേണം, എന്നാത്തിനാ? വിശ്വസിച്ച പെണ്ണിനേം കൊണ്ട്‌ പൊട്ടക്കുളത്തിലേക്കു ചാടാന്‍. ഇതൊന്നുമില്ലാത്തവന്‍ പഴത്തൊലിയെറിയുന്ന പോലെ എറിഞ്ഞോണം - അവന്റെ ഉള്ളിന്റെയുള്ളില്‍ കാത്തുവെച്ച മോഹമെല്ലാം..."

    ഇത് വളരെ ശരിയാണ് എന്നാണ് എന്റെയും അഭിപ്രായം.

    രാജ്... അവസാനമായപ്പോഴേയ്ക്കും നന്നായി സ്പര്‍ശിച്ചു. ആ സുഹൃത്തിന് എന്റെയും ആശംസകള്‍ അറിയിയ്ക്കൂ...

    ReplyDelete
  6. എടേയ് നീ കൊള്ളാമല്ലോ?!! ഞാനൊക്കെ ബ്ലോഗും നിര്‍ത്തി പോട്ടെടാ!?

    “ഒരു തരത്തില്‍ പറഞ്ഞാല്‍ ജീവിതം നമ്മളെ എന്നതെല്ലാം കോലം കെട്ടിക്കുന്നു. ഒരു വേള എല്ലാം പിടിച്ചു വെയ്ക്കുന്നു, പിന്നെ ഇന്നാടാ ഉവ്വേന്നും പറഞ്ഞ്‌ എല്ലാം വെച്ചുനീട്ടുന്നു. എന്തിനോ എന്തോ!"
    ലതു കറക്റ്റ്!!

    ആകാശത്തേക്ക് നോക്കി ആള്‍മൈറ്റിയോടുള്ള ചോദ്യവും ഇഷ്ടപ്പെട്ടു.

    (ഞാനെന്റെ കടന്നുപോന്ന ജീവിതത്തെ ഓര്‍ത്തു)

    നന്ദന്‍- നന്ദപര്‍വ്വം

    ReplyDelete
  7. സാംഷ്യ റോഷ്‌, നന്ദി! :)

    കുട്ടന്‍സ്‌, മുഴുവന്‍ ഫാന്റസി അല്ല. എന്നാല്‍ കൂടുതലും അതുതന്നെയാണ്‌. :)
    അഭിപ്രായം തുറന്നെഴുതിയതു നന്നായി. ശ്രദ്ധിക്കാം. വളരെ നന്ദി.

    സ്മിത ആദര്‍ശ്‌, സന്തോഷം. നന്ദി. :)

    ശ്രീ, അപ്പോള്‍ പറഞ്ഞപോലെ ചെയ്തിട്ടുണ്ട്‌. കമന്റിനു നന്ദി! :)

    നന്ദേട്ടാ, ഞാന്‍ അത്രയ്ക്കു വളര്‍ന്നിട്ടില്ലാട്ടോ! കമന്റിനു നന്ദി! :)

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'