Thursday, December 08, 2011

വൈകിയെത്തിയ വണ്ടി - 3

ചുമയും പ്രേമവും അധികകാലം അടക്കിവെയ്‌ക്കാന്‍ പറ്റില്ല എന്നൊരു ചൊല്ലുണ്ട്‌. ഞാന്‍ ജിജ്ഞാസയും കൂടി ആ പട്ടികയിലേക്കു ചേര്‍ക്കുന്നു. അതെ, എത്തും പിടീം കിട്ടാത്ത ആ പോക്ക്‌ ശരിയാകില്ല എന്നുകണ്ട്‌ ഞാന്‍ തന്നെ ഒരാളോട്‌ ചോദിച്ചു. പക്ഷേ അല്‍പം തന്ത്രപൂര്‍വ്വമാണെന്നു മാത്രം.

കായംകുളം താണ്ടിയോ ഇല്ലയോ, താണ്ടിയെങ്കില്‍ ഇനി അടുത്ത നടപടിയെന്ത്‌, പറ്റിയ അബദ്ധം വീട്ടില്‍ പറയണോ വേണ്ടയോ, അഥവാ പറഞ്ഞാല്‍ തന്നെ ഈ ചളിപ്പ്‌ മാറിയിട്ട്‌(കുറെ ദിവസം കഴിഞ്ഞിട്ട്‌) പറഞ്ഞാല്‍ പോരേ... എന്നിങ്ങനെ കുഴങ്ങിയ ചിന്തകളുമായി ഞാന്‍ അഞ്ചു മിനിറ്റോളം ഇരുന്നു കാണും. എന്തു നല്ല സ്ഥലം എന്ന ഭാവത്തില്‍ വെളിമ്പ്രദേശങ്ങളൊക്കെ കണ്ട്‌ 'ഏതപ്പാ കോതമംഗലം' എന്ന ഉള്‍ക്കിടിലമൊന്നും പുറത്തു കാട്ടാതെയിരുന്നിട്ട്‌ ഇരിപ്പുറയ്‌ക്കാഞ്ഞ്‌ വാതില്‍ക്കല്‍ ചെന്നു നിന്നു. അപ്പോഴുണ്ട്‌ ഒരു ചേട്ടന്‌ അല്‍പം അനക്കം വെയ്‌ക്കുന്നു. അതെ, ഇറങ്ങാനുള്ള സന്നാഹം തന്നെ. ഏതോ സ്റ്റേഷനാകാറായി എന്നു മനസ്സിലാക്കിയ ഞാന്‍ 'എനിക്കിറങ്ങേണ്ടതു തിരുവന്തോരത്താ' എന്ന ഭാവേന വളരെ നിസ്സാരമയി 'എവെടെറങ്ങാനാ' എന്നു ചോദിച്ചു. കായംകുളം എന്നു പറഞ്ഞ്‌ തന്റെ ഭാരമുള്ള ബാഗെടുത്ത്‌ അയാള്‍ വാതില്‍ക്കലേക്കു നീങ്ങി. എന്റെ ടെന്‍ഷനെല്ലാം ശൂ...ന്നങ്ങലിഞ്ഞു പോയി. സ്റ്റേഷനെത്തുന്നതിനു മുന്‍പായി നേരത്തെ കണ്ടു പരിചയമുള്ള ഒരു സ്കൂള്‍ കണ്ടതോടെ തട്ടിന്‍പുറത്ത്‌ വെച്ചിരുന്ന ബാഗും എടുത്ത്‌ മുന്‍പേ ഇറങ്ങാന്‍ എണീറ്റ ചേട്ടന്റെ പിന്നാലെ ഞാനുമിറങ്ങി. നേരം ഒന്‍പതാകുന്നു. വേഗം സ്‌റ്റേഷനു പുറത്തു കടന്ന്‌ മെയിന്‍ റോഡിലേക്കു നടന്നു. ഓഫീസ്‌ സമയം എന്നു നാട്ടുഭാഷയില്‍ പറയുന്ന നേരത്തിന്റെ തിരക്കാണ്‌ സര്‍വ്വത്ര. റോഡില്‍ അവിടവിടെ ചെളിക്കുഴികള്‍. മഴ ഒഴിഞ്ഞു നിന്നിട്ടും മാനം കറുത്തു തന്നെ കാണപ്പെട്ടു. ഇന്നൊരു മഴദിവസം തന്നെയായിരിക്കുമെന്നു കണക്കുകൂട്ടി.

മെയിന്‍റോഡിലെത്തി ആദ്യം വന്ന ഒരു സ്വകാര്യബസ്സില്‍ കയറി. മുനിസിപ്പല്‍ ജംക്‌ഷനില്‍ നിര്‍ത്തിയപ്പോള്‍ ഇറങ്ങി. ഒരു പത്രം വാങ്ങിക്കണം, അല്‍പം പിന്നോട്ടു നടന്നാല്‍ ഒരു കടയുണ്ട്‌. ഭാര്യയെ പ്രസവത്തിന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നാളുകളില്‍ സ്ഥിരം പത്രം വാങ്ങിക്കൊണ്ടിരുന്ന കട. ആ! അതും ഒരു സ്‌മരണ! മനോരമ കിട്ടാഞ്ഞതു കൊണ്ട്‌ മാതൃഭൂമി വാങ്ങി തിരികെ നടക്കുമ്പോള്‍ തെക്കോട്ടു തിരിയുന്ന വഴിക്ക്‌ ഒരു ട്രാന്‍സ്‌പോര്‍ട്ട്‌ കിടക്കുന്നതു കണ്ടു. ഒന്നോടിയാല്‍ പിടിക്കാം. ഒരു ശങ്കയുമില്ല, ഓടി, എത്ര ബസ്സു നമ്മളോടി പിടിച്ചിരിക്കുന്നു, അതുപോലെതന്നെ ഇതും. ഇങ്ങനെയോരൊന്നു ചെയ്യുമ്പോള്‍, എന്നു വെച്ചാല്‍ ഇങ്ങനെയോരോ കുഞ്ഞു കുഞ്ഞു വിജയങ്ങള്‍ ഉണ്ടാവുമ്പോള്‍ കിട്ടുന്ന ആ പൊടിസുഖം ഒന്നു വേറെയാണ്‌. പറഞ്ഞു വന്നത്‌ അതല്ല, ആളു കയറാനുണ്ടായിരുന്നതുകൊണ്ടും കൂടിയാണ്‌ ബസ്സു നിന്നത്‌. അവസാനത്തെ ആളായി ഞാനതിലേക്കു കയറാന്‍ കാലെടുത്തു വെയ്‌ക്കുമ്പോഴുണ്ട്‌ വേറൊരു ആനവണ്ടി പിന്നില്‍ വന്നു നില്‍ക്കുന്നു. ബോര്‍ഡ്‌ വായിച്ചപ്പോള്‍ വീടിന്റെ തൊട്ടുമുന്നിലൂടെ പോകുന്ന വണ്ടി. ആദ്യം കയറാനൊരുമ്പെട്ട ബസ്സിനെ നിഷ്‌കരുണം അവഗണിച്ച്‌ ഞാന്‍ രണ്ടാമത്തെ ബസ്സില്‍ കയറി. ആ സമയം മനസ്സിന്റെ ഭിത്തിയില്‍ ഒന്നെഴുതിവച്ചു. 'ഈ നേരത്തൊരു ബസ്സുണ്ട്‌.'

ഭാര്യാജിയെ വിളിച്ചു. നേരിട്ടുള്ള ബസ്സിനാണു വരുന്നതെന്നും വഴിക്കു നിന്ന് ഇന്നൊന്നും വാങ്ങാന്‍ നിവൃത്തിയില്ല എന്നും പറഞ്ഞു(പതിവായി ഈ പോക്കിലാണ്‌ മീന്‍ വാങ്ങിക്കുന്നതെന്നറിയുമ്പോഴേ ഇക്കാര്യത്തില്‍ എനിക്കുള്ള നഷ്‌ടം എന്താണെന്നു വായനക്കാര്‍ക്കു പിടികിട്ടൂ!). ലെവല്‍ ക്രോസ്സില്‍ അല്‍പം കാത്തുനില്‍പ്‌. പ്രദേശവാസിയായ ബസ്‌ ഡ്രൈവര്‍ സമീപത്തെ ചായക്കടക്കാരനോട്‌ കുശലം പറയുന്നു. വിഷയം സ്ഥലക്കച്ചവടം. ഏതോ ഒരു വസ്‌തു വിറ്റുപോയോ എന്നന്വേഷണം. ഇല്ലെന്നു കടക്കാരന്‍. ഒന്നു നാല്‍പതിനാണെങ്കില്‍ താന്‍ വാങ്ങിക്കൊള്ളാമെന്നും വാക്കുറപ്പിച്ച്‌ പത്തു 'ദെവസിക്കുള്ളില്‍' എഴുതിക്കാമെന്നും ഉടമയോട്‌ പറഞ്ഞേക്കാന്‍ ഡ്രൈവര്‍ കടക്കാരനെ ചട്ടം കെട്ടി. ഒരു വ്യാപാരാലോചന ഇത്ര ഉച്ചത്തില്‍ നടക്കുന്നത്‌ ഞാനാദ്യം കേള്‍ക്കുകയാണ്‌.

അഞ്ചുരൂപാ ടിക്കറ്റില്‍ സ്റ്റോപ്പിലിറങ്ങി ചാറ്റല്‍ മഴയ്‌ക്കൊരു കുടമറ പിടിച്ചു നടന്നു. ഇന്നല്‍പം താമസിച്ചല്ലോ എന്നൊരു കുഞ്ഞുനിരാശ ഉണ്ടായിരുന്നു. ഒന്‍പതു മണിക്ക്‌ ഓഫീസിലെത്തേണ്ടുന്നതും എന്നാല്‍ പതിവായി ഒന്‍പതേകാലോടെ മാത്രം ചെന്നുചേരുകയും ചെയ്യുന്ന ഭാര്യാജി ഒന്‍പതരയോടടുത്തിട്ടും പുറപ്പെടുന്നതേയുള്ളൂ. ഞാന്‍ ചെന്നുകേറിയ ഉടനെ മഴക്കോട്ടിന്റെ ബലത്തില്‍ അവള്‍ സ്‌കൂട്ടറോടിച്ചു പോയി.

അന്‍വിക്ക്‌ ഇപ്പോള്‍ പഴയ ആ അമ്പരപ്പും കരച്ചിലും ഒന്നുമില്ല. എന്നുംകൊണ്ട്‌ കാണുന്നപാടേ ഓടിവന്ന്‌ കെട്ടിപ്പിടിച്ച്‌ 'ഡാഡ്‌ വേര്‍ വേര്‍ യു ഓള്‍ ദീസ്‌ ഡേയ്‌സ്‌' എന്നൊന്നും ചോദിക്കത്തുമില്ല. ദിവസങ്ങള്‍കൂടി കാണുമ്പോള്‍ എനിക്കുണ്ടാവുന്ന ആ ആവേശവും ആഹ്‌ളാദവും അവളില്‍ നിന്നു ഒട്ടുംകുറയാതെ ഇങ്ങോട്ടും. മഴ കനത്തു വരാന്‍ തുടങ്ങി. മമ്മി പത്തരയോടെ സ്വദേശത്തേക്കു പോയി, ഡാഡി ദിവസങ്ങള്‍ക്കു മുന്‍പേയും; ഉത്സവമാണത്രേ. ചറുപിറെ മഴപെയ്യുന്ന ഈ പകല്‍ എനിക്കും അന്‍വിക്കും മാത്രം സ്വന്തം. അവളുടെ പുത്തന്‍ കൊലുസിലെ അനേകം വെള്ളിമണികള്‍ കുടുകുടെ ചിരിച്ചു!!!

( ഒരു വയസ്സുള്ള കുഞ്ഞിന്റെ ഒപ്പം ഒരു പകല്‍ - റിസ്‌കുകള്‍ എന്തെല്ലാം?
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുക!!!)

2 comments:

  1. ചുമയും പ്രേമവും അധികകാലം അടക്കിവെയ്‌ക്കാന്‍ പറ്റില്ല എന്നൊരു ചൊല്ലുണ്ട്‌. ഞാന്‍ ജിജ്ഞാസയും കൂടി ആ പട്ടികയിലേക്കു ചേര്‍ക്കുന്നു.

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'