Wednesday, October 12, 2011

അന്തോണിയുടെ തോല്‌വിയും അച്ചാമ്മയുടെ അനിശ്ചിതത്വവും

ഏതാണ്ട്‌ മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ അച്ചാമ്മയ്‌ക്ക്‌ അന്തോണിയെ കല്യാണം ആലോചിക്കുന്ന കാലം. സോഷ്യലൈസിങ്ങും നെറ്റ്‌വര്‍ക്കിലൂടെയുള്ള സോഷ്യലൈസിങ്ങും ഒന്നും മാമുനിമാര്‍ പോലും പ്രവചിച്ചിട്ടില്ലാത്ത കാലമായിരുന്നല്ലോ അത്‌. ഇന്നു ചാവറ മാട്രിമോണി ഡോട്ട്‌ കോം ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യം അന്നു അന്തോണി-അച്ചാമ്മമാര്‍ക്കായി പ്രാവര്‍ത്തികമാക്കിയത്‌ ബ്രോക്കര്‍ ശ്രീമാന്‍ ഉണ്ണിവറീതുചേട്ടനായിരുന്നു. ആ, അതുതന്നെ, രണ്ടുകൂട്ടരുടെയും ഇടയ്ക്കു നിന്ന്‌ ഇടപാടാക്കി(ഡീല്‍ ഓര്‍ നോ ഡീല്‍) കൊടുക്കുന്നതുകൊണ്ടുതന്നെയാണ്‌ ആ പേര്‌. നമ്മള്‍ സിനിമായില്‍ കാണുന്നമാതിരി നീളന്‍ ജുബ്ബയും വര്‍ഷത്തില്‍ 365 ദിവസവും കക്ഷത്തില്‍ ഊറുന്ന വിയര്‍പ്പു കുടിക്കുന്ന ഡയറിയും കാലന്‍ കുടയും ഉള്ള ദല്ലാള്‍ അല്ല കെട്ടോ ഈ ഉണ്ണിവറീത്‌. സാധാരണ വേഷം, കണക്കും ഡേറ്റാബേസുമെല്ലാം തലയ്ക്കുള്ളില്‍. മരുന്നിനു പോലും ഫോട്ടോ കാണിക്കല്‍ ഇല്ല. ബ്രോക്കര്‍ എന്ന സ്ഥാനപ്പേരുപോലും ഇല്ലാതിരുന്ന അക്കാലത്ത്‌ 'എടക്കാരന്‍' എന്നാണു വിവാഹദല്ലാളുമാര്‍ അറിയപ്പെട്ടിരുന്നത്‌. ഇപ്പോ കല്യാണബ്രോക്കര്‍മാരെ തീരെ കാണാനില്ല. സ്ഥലമിടപാടു ബ്രോക്കര്‍മാരെ ബ്രോക്കര്‍ എന്നു വിളിച്ചാല്‍ നമ്മള്‍ അവരുടെ തന്തയ്‌ക്കു വിളിച്ചമാതിരി ഒരു നോട്ടമാണ്‌, എന്താ കാര്യം? 'റിയല്‍ എസ്റ്റേറ്റ്‌ ഏജന്റ്‌' എന്നേ അവരെ വിളിക്കാവൂ.

പറഞ്ഞു വന്നത്‌, നമ്മടെ അന്തോണീടെ ആലോചന വന്നതിനെക്കുറിച്ചാണല്ലോ. പെണ്ണിന്റെ വീട്ടുകാരും ചെറുക്കന്റെ വീട്ടുകാരും പരസ്‌പരം ചില അന്വേഷണങ്ങളൊക്കെ നടത്തണം, അതാണല്ലോ ഒരു നാട്ടുനടപ്പ്‌. ഇരുപത്തഞ്ചായതിനെ 'അടുത്ത കുംഭത്തില്‍ പതിനേഴ്‌ തെകയും' എന്നു പറഞ്ഞു കെട്ടിക്കുന്ന കാലമാ. ആണുങ്ങളുടെ കാര്യമാണെങ്കില്‍, 'തങ്കപ്പെട്ട സ്വഭാവമാ' എന്നു പറയും ദല്ലാള്‍. ആളെ നേരിട്ടറിയാവുന്നവര്‍ക്കറിയാം ഈ പറഞ്ഞ തങ്കപ്പെട്ട സ്വഭാവം എന്നതു ശരിക്കും തള്ളയെ തല്ലുന്ന തങ്കപ്പേട്ടന്റെ പോലത്തെ സ്വഭാവമായിരിക്കും എന്ന്. അല്ല, എന്തിനേറേ പറയുന്നു ആയിരം കള്ളം പറഞ്ഞാണ്‌ ഒരു കല്യാണം നടത്തുന്നതെന്നാണല്ലോ പഴമൊഴി. നമ്മടെ നായകനെക്കുറിച്ച്‌ എടക്കാരന്‍ പറഞ്ഞതും ഏതാണ്ടിതുപോലൊക്കെത്തന്നെ ആയിരുന്നു.

"യ്യോ! അന്തോണീന്നു പറഞ്ഞാ അവിടങ്ങളിലൊക്കെ നല്ല മതിപ്പാ." ഉവ്വ, ഏതു കാര്യത്തിലാന്നും കൂടെ പറയണം. ഇനി വരുന്ന ഡയലോഗ്‌ ശ്രദ്ധിച്ചാല്‍ മതി. എന്തുമാത്രം മധുരം ചാലിച്ച കസര്‍ത്താണെന്നു നോക്കിക്കോണം.

"ഈ അന്തോണീടപ്പന്‍, വര്‍ക്കിച്ചന്‍, അവിടങ്ങളിലൊക്കെ നല്ല പേരൊള്ള മനുഷ്യനാ. കാശും പത്രാസും ഒന്നും അധികം പറയാനില്ലെങ്കിലും... ഇന്നു വരെ ഒരു മുട്ടും വന്നിട്ടില്ല. നന്നായി പറമ്പീ പണിയും. കൃഷീം കന്നുകാലീം എല്ലാ വകേം ഉണ്ട്‌. വെളുക്കുമ്പോ എറങ്ങിയാ പിന്നെ ഇരുട്ടീട്ടേ പണി നിര്‍ത്തിക്കേറൂ. അല്ല, അതിന്റെ ഗുണവും ഉണ്ട്‌ കേട്ടോ. എന്നതാ? ഇന്നു വരെ, മൂപ്പിലാനൊരു കാര്യത്തിനും മുടക്കം വന്നിട്ടില്ല. പിന്നെയെന്നാ, പള്ളിക്കും കൂട്ടര്‍ക്കും തന്നാലാവുന്നതൊക്കെ ചെയ്യുന്നുമുണ്ട്‌. അല്ല, അങ്ങനെയുള്ളോര്‍ക്കു പണോം പത്രാസും എന്തിനാന്നേ? മൂപ്പരാണെങ്കില്‍ ഒന്നാംതരം വിശ്വാസി. പെണ്ണുമ്പിള്ളയാണെങ്കി അതുപോലെ തന്നെ. ആ വീട്ടിലെ സകല കാര്യങ്ങളും വേണേല്‍ ഒറ്റയ്‌ക്കവരു നോക്കിക്കോളും...."

അന്തോണിയില്‍ നിന്നു ടപ്പേന്നു വര്‍ത്താനം അന്തോണീടപ്പനിലെത്തീതു കണ്ടില്ലേ? ഇത്രേം കേക്കുമ്പോ പെണ്ണിന്‌, 'എന്നാപ്പിന്നെ ഞാന്‍ ചെറുക്കന്റെ അപ്പന്‍ വര്‍ക്കിച്ചനെ കെട്ടിക്കോളാം' എന്നു വരെ തോന്നിപ്പോകും. ഭാവി-അമ്മായിയമ്മേടേ മിടുക്കിനെ കുറിച്ചുള്ള വര്‍ണ്ണനയില്‍ വേണമെങ്കില്‍ ആ വീട്ടിലെ സകല കാര്യങ്ങളും - കെട്ട്യോനെ ഉള്‍പ്പടെ - തന്റെ വരുതിക്കു നിര്‍ത്താന്‍ പാങ്ങുള്ള ഒരു രാക്ഷസിയാണ്‌ അവര്‍ എന്നും അര്‍ഥം കാണാം. സൂക്ഷിച്ചു നോക്കണം, ഇതു വരെ അന്തോണീടെ പുരാണം ഒന്നും പറഞ്ഞിട്ടില്ല!

ഇത്രേം പറഞ്ഞു, കേട്ടതെല്ലാം തൊണ്ടതൊടാതെ ഇറക്കിയാല്‍ പയ്യന്റെ കുടുംബത്തെപ്പറ്റി ഇപ്പോ പെണ്ണിന്റെ വീട്ടുകാര്‍ക്ക്‌ നല്ല മതിപ്പായി. വേറൊരു കാര്യം മാതാപിതാക്കള്‍ എപ്പോളും മാതാപിതാക്കളുടെ ലെവലിലേ ചിന്തിക്കൂ. മത്ത കുത്തിയാല്‍ കുമ്പളം മുളയ്‌ക്കില്ല എന്ന വിശ്വാസം. (പേട്ടുമത്തനായിക്കൂടേ എന്നു ചോദിക്കരുത്‌, അല്ല, ആരും ചോദിക്കാറില്ല!) മാതാപിതാക്കളുടെ ഭാഗം ക്ലീന്‍ ആയാല്‍ ബാക്കി താനെ ശരിപ്പെട്ടോളും എന്നൊരു വെപ്പ്‌. വിശ്വാസം, അതാണല്ലോ എല്ലാം! ഇത്രേം പറഞ്ഞാലുള്ള മെച്ചം എന്തെന്നാല്‍... മന:ശാസ്ത്രപരമായി, ഇത്രേം കാഴ്ചപ്പൊലിമയുള്ള വിഭവങ്ങള്‍ വിളമ്പി വെച്ചിട്ട്‌ 'അവിയലിന്‌ ഇച്ചിരെ ഉപ്പു കുറവാട്ടോ, സാമ്പാറിന്‌ സൊല്‍പം എരിവു കൂടുതലും' എന്നു പറഞ്ഞാല്‍, ഈ വായിക്കുന്ന നിങ്ങളാണെങ്കിലും പെണ്ണിന്റെ അപ്പന്റെ സ്ഥാനത്താണെങ്കില്‍ "ഓ.. അതു സാരമില്ലന്നേ" എന്നേ പറയൂ. ഇനി മറിച്ചൊരഭിപ്രായമുണ്ടെങ്കിലും "ഇതൊക്കെ അത്ര കാര്യമാക്കാനുണ്ടോ ചങ്ങാതീ?" എന്നു ദല്ലാളും "നിങ്ങളങ്ങു സമ്മതിക്കു മനുഷ്യാ!" എന്നു പെണ്ണുമ്പിള്ളയും പറയുമ്പോള്‍ അയാളങ്ങു താഴ്‌ന്നു കൊടുക്കും. അമ്മയുടെ മനസ്സില്‍ 'എന്നതായാലും എന്നെ കെട്ടിയെഴുന്നള്ളിച്ചോണ്ടുവന്ന നരകത്തേക്കാള്‍ നൂറുമടങ്ങു ഭേദമാണല്ലോ' എന്നാവും.

"ചെറുക്കന്‍ മിടുക്കനാ. കാണാന്‍ യോഗ്യന്‍. ഏഴാം ക്ലാസ്സുവരെയേ പോയിട്ടുള്ളൂ. എന്നാലെന്നാ, അപ്പനെപ്പോലെ തന്നെയാ, അദ്ധ്വാനി. നന്നായി പറമ്പില്‍ പണിയും. അപ്പനെ പറിച്ചു വെച്ചപോലെയാ! ആ! ദു:സ്വഭാവം എന്നു പറയാന്‍ അങ്ങനെ ഒന്നും തന്നെയില്ല. എന്നാലും, ഇന്നത്തെ പിള്ളാരല്ലേ, അതിപ്പോ കമ്പനി കൂടുമ്പോ ഒരമ്പതോ നൂറോ അടിക്കുമെന്നോ ഒരു ബീഡിയെങ്ങാനും പൊകയ്‌ക്കുമെന്നോ കൂട്ടിക്കോ. വേറേ അലമ്പു കമ്പനിയോ കൂട്ടുകെട്ടോ ഏ...ഹേ! വീടും വീട്ടുകാര്യങ്ങളും ആയിട്ട്‌ ഒതുങ്ങിക്കഴിയുന്നവന്‍. ഇവിടത്തെ ഒരു രീതീം കാര്യങ്ങളും ഒക്കെ വെച്ചു നോക്കിയപ്പോ എനിക്കു തോന്നി അച്ചായന്റെ കുടുംബത്തീ കേറ്റാന്‍ കൊള്ളാവുന്ന ഒരുത്തനാണെന്ന്‌. അല്ലങ്കില്‍ പിന്നെ ഞാന്‍ ഇതിവിടെ അവതരിപ്പിക്കില്ലല്ലോ, യേത്‌?"

മേല്‍പ്പറഞ്ഞതിന്റെ ഏതാണ്ടു നടുക്കു ഭാഗത്ത്‌ പ്രതിശ്രുതവധു അച്ചാമ്മയുടെ ജീവിതത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കാവുന്ന ചില സംഗതികള്‍ നിരന്നു കിടക്കുന്നുണ്ടെങ്കിലും അവസാനം അച്ചാമ്മയുടെ കുടുംബമഹിമ കൊണ്ട്‌ ഒരു ചൂണ്ടക്കൊളുത്തുണ്ടാക്കി എറിഞ്ഞപ്പോ അച്ചാമ്മേടപ്പന്‍ ഇടം വലം നോക്കാതെ കൊത്തി.

ഭക്ഷണപ്രിയനായ അന്തോണിയെ പാട്ടിലാക്കാന്‍ എടക്കാരന്‍ കണ്ട വഴി അച്ചാമ്മ ഒരു പാചകറാണിയാണെന്നു പറഞ്ഞു പിടിപ്പിക്കുകയായിരുന്നു. അവസാനം പുകിലാകാണ്ടിരിക്കാന്‍ ചെറുക്കന്‍ നന്നായി ശാപ്പാടടിക്കുന്ന കൂട്ടത്തിലാ എന്നു പെണ്ണിന്റെ അമ്മയോട്‌ ഡാവിലൊന്നു സൂചിപ്പിക്കാനും മറന്നില്ല. എന്നിട്ടോ, കല്യാണമുറച്ച അന്നു മുതല്‍ കെട്ടിന്റെ തലേന്നു വരെ അച്ചാമ്മയ്‌ക്കു പാചകത്തിന്റെ ക്രാഷ്‌ കോഴ്‌സായിരുന്നു. ഇന്നും ഇതൊക്കെ നടപ്പുള്ളതാണേ! കെട്ടു കഴിഞ്ഞ്‌ "താനല്ലേടോ അവളൊരു പാചകറാണിയാണെന്നു പറഞ്ഞത്‌? പാചകം എന്നാണോ വാചകം എന്നാണോ താന്‍ അന്നു ശെരിക്കും പറഞ്ഞെ?" എന്നു ഉണ്ണിവറീതിനോട്‌ അന്തോണി ചോദിക്കാഞ്ഞതു നമ്മടെ അച്ചാമ്മേടെ മിടുക്ക്‌.

പക്ഷേ അച്ചാമ്മയുടെ സ്ഥിതി മറിച്ചായിരുന്നു. ബീഡിപ്പുക എന്നതു അന്തോണിക്ക്‌ ജീവശ്വാസമാണെന്ന തിരിച്ചറിവ്‌. അതിന്‌ ഒരുപാടുനാളൊന്നും കാത്തിരിക്കേണ്ടിയും വന്നില്ല. പിന്നെ ആദ്യമൊക്കെ അത്ര ഇല്ലായിരുന്നെങ്കിലും അന്തിയാവുമ്പോ പണി കഴിഞ്ഞിട്ട്‌ അന്തോണി ഒന്നു മുങ്ങുന്നതു പതിവായി. ഇരുട്ടിക്കഴിയുമ്പോള്‍ പൊങ്ങും. മുങ്ങലും പൊങ്ങലും ഒക്കെ വെള്ളത്തിലേ നടക്കൂ എന്നു കൂട്ടിവായിക്കാനുള്ള ജി.കെ. ഒക്കെ വായനക്കാര്‍ക്കുണ്ടല്ലോ. പോരാഞ്ഞ്‌ സമാധാനപൂര്‍ണ്ണമായ അക്ഷമയോടെ ക്യൂ നില്‍ക്കാന്‍ അന്നു ബീവറേജൊന്നുമില്ല. സൊയമ്പന്‍ ചാരായം ഉള്ള കാലമാണ്‌. പുഴുങ്ങിയ മുട്ട കൂട്ടി ഒരു നൂറടിച്ചാല്‍ കല്ലു ചുമക്കുന്നവന്റെ വരെ മേലുവേദനയും കരളും അലിഞ്ഞു പോകും. നാട്ടിലാണെങ്കില്‍ ഇഷ്‌ടം പോലെ തെങ്ങും പനയും - 'എന്നെ ചെത്തി കള്ളെടുക്കാവോ?' എന്നും ചോദിച്ച്‌ നില്‍ക്കുന്നു. (ഇപ്പോ നമ്മുടെ നാട്ടില്‍ തേങ്ങായിടാന്‍ ആളെ കിട്ടില്ല, പക്ഷേ ചെത്തുകാര്‍ ഇഷ്‌ടം പോലെ ഉണ്ട്‌. 'ഡിമാന്‍ഡ്‌ മേക്‌സ്‌ പ്രൊഡക്റ്റ്‌സ്‌ ആന്‍ഡ്‌ പ്രൊഫഷണല്‍സ്‌' എന്നാണല്ലോ!) അപ്പോ മേനി പറഞ്ഞ ദു:ശ്ശീലരാഹിത്യം എന്ന ഗുണം പള്ളീച്ചെന്നു പറഞ്ഞാമതി എന്ന ഗതിയായി. ഇതൊരിക്കല്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ 'ഇതു ഞാന്‍ എപ്പളേ പ്രതീക്ഷിച്ചു' എന്ന മട്ടില്‍ അന്തോണി തിരിച്ചടിച്ചു:

"ഞാന്‍ കള്ളുകണ്ടാല്‍ കാര്‍ക്കിച്ചു തുപ്പുന്നവനാണെന്നും ബീഡിപ്പുക കൊണ്ടാല്‍ ആസ്‌മാ വരുന്നോനാണെന്നും ഒന്നും പറഞ്ഞിട്ടില്ല. നിന്റേം നിന്റെ വീട്ടുകാരടേം വെളിവുകേടിന്‌ അങ്ങനെ കരുതിപ്പോയതിന്‌ ഞാനെന്നാ പെഴച്ചു? പകരം ഇങ്ങോട്ടു പറഞ്ഞതെന്നാ? നിന്റത്രേം വെച്ചു വെളമ്പാന്‍ കഴിവുള്ളവള്‍ ആ കരേല്‍ വേറേയില്ലന്നല്ലേ? ശരി, ഞാന്‍ വലിക്കുമെന്നും അല്‍പസൊല്‍പം കുടിക്കുമെന്നും അറിഞ്ഞപ്പോ നിന്റെ തെറ്റിദ്ധാരണയങ്ങു മാറി. ഇനി നിന്റെ വീട്ടുകാര്‍ എന്നെ എന്തെല്ലാം കള്ളം പറഞ്ഞാ തെറ്റിദ്ധരിപ്പിച്ചേക്കുന്നേന്നാര്‍ക്കറിയാം?"

അച്ചാമ്മയുടെ ഉള്ളു നൊന്തു. പേടിക്കേണ്ട, പാചകറാണിപ്പട്ടം പോയാല്‍ തന്റെ കുടുംബക്കാര്‍ ആകമാനം നുണയന്മാരാണെന്ന്‌ അതിയാന്‍ പറഞ്ഞു കളയുമെന്ന പേടിയായിരുന്നു പുള്ളിക്കാരിക്ക്‌. കെട്ടിക്കേറിച്ചെല്ലുന്ന പെണ്ണിന്റെ കുടുംബം തരംതാണുപോയാല്‍ പിന്നെ അവള്‍ക്കവിടെ എന്താ വില? ഒരു കാര്യം നല്ലതാണെന്നു സ്ഥാപിക്കാനാണല്ലോ പ്രയാസം, നല്ലതല്ലെന്നു വരുത്താനാണെകില്‍ ഒരൊറ്റ മോശം കാര്യം ഉണ്ടായാല്‍ മതിയല്ലോ. ഒറ്റ ബഗ്ഗുണ്ടെങ്കില്‍ ആപ്‌ളിക്കേഷന്‍ ബഗ്‌-ഫ്രീ ആണെന്നു നമുക്കും പറയാന്‍ പറ്റില്ലല്ലോ.

ആ ഒരൊറ്റ കാരണം കൊണ്ട്‌ അതീവ ശ്രദ്ധയോടെ അച്ചാമ്മ വെച്ചു വെളമ്പുന്നു, അന്തോണി ഇന്നും വായ്‌ക്കു രുചിയുള്ള ആഹാരം കഴിക്കുന്നു. (ഉപ്പല്‍പം കൂടിപ്പോയ കറി അച്ചാമ്മ തന്നെ തിന്നുന്നു.)

ഗുണപാഠം: ഒരുപാടുണ്ട്‌, വാട്ടെവര്‍ യു ഫീല്‍, ടേക്കിറ്റ്‌ മാന്‍!

3 comments:

  1. അന്തിയാവുമ്പോ പണി കഴിഞ്ഞിട്ട്‌ അന്തോണി ഒന്നു മുങ്ങുന്നതു പതിവായി. ഇരുട്ടിക്കഴിയുമ്പോള്‍ പൊങ്ങും. മുങ്ങലും പൊങ്ങലും ഒക്കെ വെള്ളത്തിലേ നടക്കൂ എന്നു കൂട്ടിവായിക്കാനുള്ള ജി.കെ. ഒക്കെ വായനക്കാര്‍ക്കുണ്ടല്ലോ. പോരാഞ്ഞ്‌ സമാധാനപൂര്‍ണ്ണമായ അക്ഷമയോടെ ക്യൂ നില്‍ക്കാന്‍ അന്നു ബീവറേജൊന്നുമില്ല. സൊയമ്പന്‍ ചാരായം ഉള്ള കാലമാണ്‌. പുഴുങ്ങിയ മുട്ട കൂട്ടി ഒരു നൂറടിച്ചാല്‍ കല്ലു ചുമക്കുന്നവന്റെ വരെ മേലുവേദനയും കരളും അലിഞ്ഞു പോകും....

    ReplyDelete
  2. Oru poraaya und.... Ennalum kollaam

    ReplyDelete
  3. Nayam, കഥ വായിച്ച താങ്കള്‍ക്ക് ഇത്രയും പോരാഴിക തോന്നിയെങ്കില്‍ ആ അന്തോണിയെ ഓര്‍ത്തുനോക്കിയേ! എന്തെല്ലാം ഉടായിപ്പുകള്‍ക്കിടയിലാ ഇഷ്ടന്‍ ജീവിക്കുന്നത്!

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'