നേരിന്റെ നിറമന്വേഷിച്ച് ദൂരേയ്ക്ക്
ഞാനും ഒരു യാത്ര പോയി.
വളരെയാളുകള്‍ പറഞ്ഞു
ചോരച്ചെമപ്പുതന്നെ നേരിന്റെ നിറം.
ജനകന് ചാരിത്ര്യം കവര്‍ന്ന
ഒരു പെണ്‍കുരുന്ന് അതു തെറ്റെന്നു സ്ഥാപിച്ചു.
കെട്ടുതാലിയുടെ സ്വര്‍ണ്ണവര്‍ണ്ണമെന്നു ഒരുവള്‍.
ഇണ വഞ്ചിച്ചവര്‍ അതു മായ്ച്ചുകളഞ്ഞു.
സൗഹൃദമാണെന്നു മറ്റു ചിലര്‍.
സൗഹൃദത്തിനു പലനിറമാണെന്നും
ഒരു പാസ്വേഡിനപ്പുറം അതിനേറെ
രഹസ്യങ്ങളുണ്ടെന്നും വാദിച്ചവര്‍
നീലയാണ് അതിന്റെ കാണാനിറമെന്ന് പറഞ്ഞു.
അനന്തമായ ആകാശത്തിന്റെ നിറം നീല.
ജീവന് കുരുക്കുന്ന ഭൂമിയുടെ നിറവും
ആഴക്കടലിന്റെയും സ്നേഹക്കണ്ണിന്റെയും
നിറവും നീലയല്ലേ? ചിലര്‍ തിരിച്ചടിച്ചു.
അവര്‍ തമ്മില്‍ യുദ്ധമായി.
സംസ്കാരങ്ങള്‍ കലരുന്നതാണ്, പോരല്ല
എന്നു ബുദ്ധിജീവികള്‍ അടക്കം പറഞ്ഞു.
മരിച്ചവരെ കോടി പുതപ്പിച്ചു കിടത്തി.
കവലകളില്‍ കരിങ്കൊടി നാട്ടി.
അപ്പോള്‍ തിരിഞ്ഞു- സമാധാനത്തിന്റെ വെള്ളയും
മരണത്തിന്റെ കറുപ്പുമാണ് നേരിന്റെ നിറങ്ങള്‍.
സമാധാനം കിട്ടാക്കനിയാകയാല്‍
മരണക്കറുപ്പുമാത്രമാണ് സത്യമുള്ള നിറം.
തെളിവ് - സത്യങ്ങള്‍ ഇരപിടിക്കാനിറങ്ങുന്ന
കറുത്ത രാത്രികള്‍ കള്ളം പറയാറില്ല.
കൊള്ളാം.
ReplyDelete