Source: link
കട്ടപ്പന: കട്ടപ്പന ടൗണിലെ ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ച് കഴിഞ്ഞദിവസം എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിപ്പിച്ചു.
6 രൂപയായിരുന്ന ചായയ്ക്ക് 9 രൂപയായും 7 രൂപയായിരുന്ന കാപ്പിക്ക് 10 രൂപയായും വര്‍ധിപ്പിച്ചു. ബീഫ്‌ഫ്രൈ 50 രൂപയില്‍ നിന്ന് 75 രൂപയായും, ഊണിന് 35 രൂപയില്‍നിന്ന് 50 രൂപയായും വര്‍ധിപ്പിച്ചു. 6 രൂപയായിരുന്ന പൊറോട്ടയ്ക്ക് ഇപ്പോള്‍ വില 10 രൂപയാണ്. നാരങ്ങാവെള്ളത്തിന് 10 രൂപയായി വര്‍ധിപ്പിച്ചു. വില വര്‍ധിപ്പിച്ചെങ്കിലും വിലവിവരപ്പട്ടികയില്‍ പുതുക്കിയ നിരക്ക് രേഖപ്പെടുത്തിയിട്ടില്ല.
അരി, പയര്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില കുറയുകയാണ് ചെയ്തത്. പാലിനുമാത്രമാണ് വില വര്‍ധിച്ചത്. ഹോട്ടലുകളില്‍ തോന്നിയപോലെയാണ് വില ഈടാക്കുന്നത്.
എന്നാല്‍ വില നിയന്ത്രിക്കുന്നതിനുള്ള താലൂക്ക്-ജില്ലാ ഭക്ഷ്യ ഉപദേശകസമിതി ഇതുസംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല........
--------------
പണ്ട് , ഒരു പരിചയക്കാരന്‍ പത്രപ്രവര്‍ത്തകന്‍ (2003 ലാണ്) പറഞ്ഞിട്ടുണ്ട് , ഈ കേരളത്തില്‍ ഭക്ഷണസാധനങ്ങള്‍ക്ക് ഏറ്റവും വിലയുള്ളത് ഹൈറേഞ്ചിലാണെന്ന്. കുറെ യാത്ര ചെയ്തപ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട് ഇതേകാര്യം. മറ്റുള്ളിടത്ത് എല്ലാ സ്ഥാപനങ്ങളിലും വില കുറവുണ്ടെന്നല്ല, മറിച്ച് തിരുവനന്തപുരത്തോ എറണാകുളത്തോ ആലപ്പുഴയിലോ ചെന്നാല്‍ വളരെക്കുറഞ്ഞ നിരക്കില്‍ നല്ല ഭക്ഷണം കിട്ടുന്ന ചെറുകിട സ്ഥാപനങ്ങള്‍ കാണാം. ഹൈറേഞ്ചില്‍ റെസ്റ്റോറന്റിലും നാടന്‍ ചായക്കടയിലും തട്ടുകടയിലും ഒരേ നിരക്കുതന്നെ.
ഒരു ചേട്ടന്‍ നടത്തുന്ന ഒരു ചായക്കട ഉണ്ട്. പുള്ളി തന്നെയാണു ചായ അടിക്കുന്നതും കാശ് വാങ്ങുന്നതും... ചെറിയ കടയാണ്. പുള്ളീടെ വീട്ടില്‍ നിന്നാണു പലഹാരം ഉണ്ടാക്കി കൊണ്ടുവരുന്നത്. ഈ വിലവര്‍ധനവു പുള്ളിയും പ്രാവര്‍ത്തികമാക്കും. 1000 രൂപയുടെ കച്ചവടം പുള്ളിക്കുണ്ടാരുന്നു ഇതു വരെ എന്നു കരുതുക, ഇനിമേല്‍ അതു വലിയ മുതല്‍ മുടക്കില്ലാതെ തന്നെ 1300 ആകുന്നു. അതാണു വ്യത്യാസം
ബീഫിനു വില ഒരു കിലോയ്ക്ക് രൂപ 20 കൂടിയിരിക്കാം, എന്നും കൊണ്ട് ഒരു പ്ലേറ്റ് ബീഫിനു ഒരു കിലോയ്ക്കുള്ളതിനെക്കാള്‍ വര്‍ധന ന്യായമാണോ?
അസോസിയേഷന്‍കാര്‍ പറയുന്നു , ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയില്‍ ആണെന്ന് - കസ്റ്റമറെ (രുചി കൊണ്ടും, വൃത്തി , ഗുണം, വില എന്നിവ കൊണ്ടും) ആകര്‍ഷിക്കാന്‍ കഴിവില്ലാത്ത എതു ബിസിനെസ്സും കൂപ്പുകുത്തും... ഇല്ലെങ്കില്‍ കുത്തിക്കണം. അതിനു ജനം വിചാരിക്കണം.
ഒരു ചെറിയ കണക്കു പറയാം.
350 രൂപ ശമ്പളമുള്ള ഹോട്ടല്‍ തൊഴിലാളിയുടെ കൂലി 50 രൂപ കൂടി എന്നു കരുതുക. അങ്ങനെ പത്തു തൊഴിലാളികള്‍ ഉള്ള ഒരു സ്ഥാപനം. മുതലാളിക്കു ശമ്പളയിനത്തില്‍ വരുന്ന അധികച്ചെലവ് ദിവസം 500 രൂപ.
40 പേര്‍ 3 പൊറൊട്ട വീതം തിന്നുന്നു ഒരു ദിവസം രാവിലെ. 120 പൊറൊട്ടയ്ക്ക് നാലു രൂപ വര്‍ദ്ധിത നിരക്കില്‍ അധികവരുമാനം 480 രൂപ.
ഇതേ നാല്‍പതു പേര്‍ ചായയും കുടിക്കുന്നു. 40 * 3(അധിക നിരക്ക്) = 120.
ഇപ്പൊത്തന്നെ മുതലാളിയുടെ അധികച്ചെലവു മറികടന്നു.
ഈ നാല്‍പതു പേരില്‍ പത്തു പേര്‍ ബീഫു കഴിച്ചെന്നു കരുതുക. ഒരുകിലോ ബീഫു പോലും ചെല്വാകുന്നില്ല, എങ്കിലും അസംസ്കൃത വസ്തുക്കളിന്മേല്‍ അന്‍പതു രൂപ അധികച്ചെലവു മുതലാളിക്കുണ്ടെന്നു കരുതിയാലും, 25 രൂപ വീതം അധികം 10 പെരില്‍ നിന്നു- അതായതു 50 രൂ. മുടക്കില്‍ മുതലാളി നേടുന്ന വരുമാനം 250 രൂപ. ഇതു നാല്‍പതു പേരുടെ സാമ്പിള്‍ കണക്കുമാത്രം. മറുവശത്ത് വാടക, ഇന്ധനം, വൈദ്യുതി, പലചരക്കു-പച്ചക്കറി സാധനങ്ങള്‍, പണിക്കൂലി എന്നിവയുടെയെല്ലാം വര്‍ദ്ധന കണക്കിലെടുത്താലും ഒരു ദിവസത്തെ മുഴുവന്‍ കച്ചവടത്തില്‍ നിന്നുള്ള അധികലാഭം എത്രത്തോളം വരും?
ഏതാനും നാളുകള്‍ക്കു മുന്‍പ് മില്‍മ പാല്‍വില ലിറ്ററൊന്നിനു മൂന്നു രൂപ കൂട്ടിയപ്പോള്‍, നമ്മുടെ ഹോട്ടലുകാര്‍ ചായയൊന്നിനു ഒരു രൂപ കൂട്ടി. ഈ വാര്‍ത്ത വരുന്നതിനു മുന്‍പുതന്നെ(ഓണക്കാലത്ത്) കട്ടപ്പനയില്‍ ചായവില 6 രൂപ ആയിട്ടുണ്ടായിരുന്നു. എന്തോരു യുക്തി ആണെന്നു നോക്കണേ. മൂന്നു ചായ വില്‍ക്കുമ്പോഴേക്കും മുതലിങ്ങുപോരും. ബാക്കിയോ?
ഈ മൈയ്‌യ്‌ദാന്നു പറയുന്ന സാമാനത്തിനു എത്രമാത്രം വിലകൂടിയിട്ടാ പൊറൊട്ടയൊന്നിന് നാലു രൂപ വെച്ചു കൂട്ടിയത്? ഒരു കിലോ മൈദയില്‍ നിന്നും 15 പൊറോട്ട ഉണ്ടാക്കാമെങ്കില്‍ ഈ കിട്ടുന്ന 60 രൂപയുടെ അധികലാഭം കൊണ്ട് ഹോട്ടലുടമ തിന്നു കൊഴുക്കത്തേയുള്ളൂ. അസംസ്കൃതവസ്തുക്കളുടെ വിലവര്‍ദ്ധനവിനു ആനുപാതികമായി ഉല്പന്നങ്ങളുടെ വിലകൂട്ടിയാല്‍ നാമമാത്രമായ വര്‍ദ്ധനവേ ഉണ്ടാകൂ എന്നു നിസ്സംശയം പറയാം. പൊറോട്ടമേക്കറുടെ കൂലി, ഇന്ധനം, എണ്ണ എല്ലാത്തിന്റെയും കൂടി ഉയര്‍ച്ച പരിഗണിച്ചാലും ആറ്-ഏഴ് രൂപയുടെ സാധനത്തിനു പൊടുന്നനെ 10 രൂപ വിലയിട്ടതിനെ എങ്ങനെ ന്യായീകരിക്കാനാവും? അതുപോലെതന്നെയാണു ബസ് ചാര്‍ജ്ജ് വര്‍ദ്ധനയും. ഇന്നത്തെ(30 സെപ്റ്റം.) മാധ്യമം പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് - ഗതാഗതമന്ത്രിക്ക് അബദ്ധം പറ്റിയതുകൊണ്ട് പുതുക്കിയ ബസ് കൂലിനിരക്കുകളില്‍ പരക്കെ അപാകതകള്‍! ഇനി അതു പരിഹരിച്ചെന്നു തന്നെ ഇരിക്കട്ടെ, ഇത്രയും നാള്‍ പൊതുജനത്തിന്റെ കയ്യില്‍ നിന്നും KSRTCയും സ്വകാര്യബസ്സുകളും പിടുങ്ങിയ കോടിക്കണക്കിനു രൂപയ്ക്കു ആരു സമാധാനം പറയും? പ്രതിപക്ഷം പോലും ഇതു കണ്ടില്ലെന്നുണ്ടോ? സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളനിര്‍ണ്ണയത്തിലായിരുന്നു ഇത്തരം ഒരു പിഴവുവന്നതെങ്കില്‍(അനോമലി എന്നാണതിനെ പറയുക) ഇവിടെ എത്ര ദിവസം ഓഫീസുകള്‍ പ്രവര്‍ത്തിക്കാതിരുന്നേനെ? എത്ര രാഷ്ട്രീയക്കാര്‍ യുദ്ധകാഹളം മുഴക്കിയേനെ? ആനുപാതികമല്ലാത്തതും അശാസ്ത്രീയവും ഭീമവുമായ ഒരു വിലവര്‍ദ്ധനവ് അടിച്ചേല്‍പ്പിക്കുന്ന ഈ പകല്‍ക്കൊള്ള തടയാന്‍ ഇവിടെ ആരുണ്ട്?
വന്നുവന്ന് ഒരു കൂട്ടുകാരനെ വഴിയില്‍ വെച്ചുകണ്ടാല്‍ “വാടാവ്വേ, ഒരു ചായ കുടിക്കാം..” എന്നു പോലും പറയാന്‍ പറ്റില്ലല്ലോ!
പൊതുജനം കഴുത! ആദ്യത്തെ രണ്ടുമൂന്നു ദിവസം പഴിയും പരാതിയുമായി ഇങ്ങനെ നടക്കും. പിന്നെ ഇതൊക്കെ ജീവിതത്തിന്റെ ഭാഗമായി കണ്ട് അങ്ങു സ്വീകരിക്കും. അതിപ്പോ പാലിനു വിലകൂടിയാലും ഇന്ധനത്തിനു വിലകൂടിയാലും ഭീകരാക്രമണം/ബോംബ് സ്ഫോടനം എന്നിവ ഉണ്ടായാലും.
പണ്ടുമുതലേ ഒരു റെസ്റ്റോറന്റ് നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്. ഒരു കൈ നോക്കിയാലോ?
ReplyDeletetry dat. better than a softwre job (After reading this :P )
ReplyDeleteoru karyam manasilayi ..... kanakku mash akunnatharunnu better......oro sathyangal engane kanumpo viswasak akunnullo
ReplyDeleteഇതു എന്നെ നേരിട്ടറിയാവുന്ന ആരോ മന:പൂര്വ്വം അനോണി ചമഞ്ഞുവന്നതാ. കണക്കുമാഷ് നമുക്കു പറ്റിയ പണി അല്ല. വേണെങ്കി ഒരു തട്ടുകട തുടങ്ങുന്ന കാര്യം ആലോചിക്കാം.
ReplyDeleteരണ്ടു മുട്ട - എട്ടു രൂപ
സവാള, പച്ചമുളക് - ഒരു രൂപ.
എണ്ണ, ഉപ്പ്, ഗ്യാസ് - രണ്ടുരൂപയ്ക്കുള്ളതെന്നു കൂട്ടാം.
പതിനൊന്നു രൂപ മുടക്കി ഒരു ഓംലറ്റ് അടിച്ചു കൊടുത്താല്‍ ഇരുപതു രൂപ വാങ്ങിക്കാം. ലാഭമുണ്ടോ?
പറ!