Wednesday, October 05, 2011

സഫലയാത്രകള്‍

'ഈ യാത്ര സഫലമാവട്ടെ'

ബസ്സില്‍ ഡ്രൈവറുടെ സീറ്റിനു പിന്നില്‍ മറയിടുന്ന ചില്ലില്‍ കണ്ട ഒരു സ്‌റ്റിക്കറിലെ വാചകം. അനിശ്ചിതത്വം നിറഞ്ഞ ഒരു ചിരികൊണ്ട്‌ ഞാന്‍ ആ ഭാവുകം സ്വീകരിച്ചു. മഴ മാറിയ മാനം തെളിയാന്‍ കൂട്ടാക്കാതെ മങ്ങി നിന്നു. ഇടയ്‌ക്കെല്ലാം ഓരോ ഗട്ടറിന്റെ കുലുക്കത്തില്‍ ഉലഞ്ഞ്‌ എറണാകുളത്തേക്ക്‌ ആ ബസ്സും ബസ്സിനെക്കാള്‍ വേഗത്തില്‍ ഞാനും പൊയ്‌ക്കൊണ്ടിരുന്നു.

രണ്ടുമൂന്നു ദിവസമായി ഒരു ഓട്ടത്തിലായിരുന്നു. എല്ലാം ഒരുവിധം ശരിപ്പെടുത്തിയിട്ടാണ്‌ ഇപ്പോള്‍ ഈ യാത്ര. രാവിലെ ആശുപത്രിയില്‍ നിന്നും ഫോണ്‍ വന്നിരുന്നു. രാമിന്റെ സ്ഥിതി വീണ്ടും വഷളാവുന്നു. എന്തോ പ്രധാനപ്പെട്ട ഇന്‌ജക്ഷന്‍ ഇന്നലെ മൂന്നു തവണ എടുത്തത്രേ. ഒരാഴ്ച കൂടി അതു തുടരേണ്ടിവരുമെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്‌.

പതിയെപ്പതിയെ നഗരത്തിന്റെ ലക്ഷണങ്ങള്‍ നിറഞ്ഞ കാഴ്‌ചകള്‍ കണ്ണുകളിലേക്കിരച്ചുകയറി. അര മണിക്കൂര്‍ കൂടിയുണ്ട്‌, ഒന്നു കൂടി മയങ്ങാം. മടിയിലെ ബാഗില്‍ രണ്ടുകൈകളും ചേര്‍ത്തുപിടിച്ചു. കയ്യില്‍ പണമാണ്‌. ഈ പണത്തിനു ചിലപ്പോള്‍ രാമിന്റെ ജീവന്റെ വിലയായിരിക്കും. ബാഗില്‍ ഞാന്‍ മുറുകെപ്പിടിച്ചു.

**********

"ഇനിയിപ്പോ എന്നാ ഇങ്ങോട്ടു വരിക? വിഷൂനോ?"

കഴിഞ്ഞവര്‍ഷം രാമിനെ ഒരു അവധിക്കാലം കഴിഞ്ഞു യാത്രയാക്കാന്‍ നിന്നപ്പോഴാണ്‌ ഒരു നാട്ടുകാരന്‍ ആ ചോദ്യം ചോദിച്ചത്‌.

"ഇടയ്‌ക്ക്‌ സമയം കിട്ടിയാല്‍ വരും. ഇനീപ്പൊ പരീക്ഷയൊക്കെ ഒരുപാടുണ്ടേ..!"

"ഒക്കെ കഴിഞ്ഞിങ്ങോട്ട്‌ വന്നാ മതി. എന്നിട്ടിവിടെ ഒരു ആശൂത്രി തുടങ്ങണം. എന്നിട്ടു ഞങ്ങളെയെല്ലാം ചികില്‍സിക്കണം. ഈ നാടിന്റെ സ്വന്തം ഡോക്‌ടര്‍ ആയിട്ട്‌. ഞാനൊരു സ്ഥിരം രോഗി ആയിരിക്കും കെട്ടോ... വയസായില്ലേ, അസുഖത്തിനുണ്ടോ വല്ല പഞ്ഞോം?"

"ഓ അതിനെന്താ, നമ്മുടെ നാട്ടുകാരെ ചികില്‍സിച്ചില്ലേല്‍ പിന്നെ ഞാനെന്തിനാ മെഡിസിന്‍ പഠിക്കുന്നേ?"

"ആ, അതു നല്ല കാര്യം. ഇനി ഈ പഠിത്തം കഴിഞ്ഞ്‌ നല്ല ശമ്പളം കിട്ടുമെന്നു പറഞ്ഞ്‌ വേറെ എവിടെങ്കിലും പോവ്വോ അതോ പിന്നേം പഠിക്കാന്‍ പോവ്വോ വല്ലോം ചെയ്‌തുകളഞ്ഞേക്കല്ലേ! ഹ ഹ..!"

"ഞാനിങ്ങോട്ടു തന്നെ വരും, വരാതെ ഞാന്‍ എങ്ങോട്ടു പോകാനാ ചേട്ടാ?"

"ആ, ആയിക്കോട്ടെ, ബസ്സു വരുന്നുണ്ടെന്നാ തോന്നണെ. ഒച്ച കേക്കുന്നില്ലേ?"

ഞങ്ങള്‍ തലകുലുക്കി.

*************

ഏറെ വൈകിയാണ്‌ അവന്റെ രക്തത്തിലെ അണുക്കള്‍ അവനോടു കുസൃതികാട്ടുകയാണെന്നു ഞങ്ങളെല്ലാവരും അറിഞ്ഞത്‌. അവന്‍ അതിനല്‍പം മുന്‍പും. ആദ്യമെല്ലാം ആരെയും അറിയിക്കാതെ, ഡോക്ടറുടെ വെള്ളക്കുപ്പായമിട്ടുവരുന്ന രാമിനെ സ്വീകരിക്കാന്‍ കാത്തുനിന്ന നാടിനെയും നാട്ടുകാരെയും വന്‍ പ്രതീക്ഷയില്‍ അവനെ മെഡിസിനു പഠിക്കാനയച്ച സാധാരണക്കാരായ അവന്റെ വീട്ടുകാരെയും ഒന്നും അറിയിക്കാതെ അവന്‍ സ്വയം ചികില്‍സ തേടി. നാട്ടിലേക്കുള്ള വരവു തീരെ ഇല്ലാതായി. എത്ര നാള്‍ ഒളിച്ചു കളിക്കാം എന്നു അറിയാമല്ലോ. ഒടുവില്‍ എല്ലാവരും അറിഞ്ഞു. വൈകിയാണു ചികില്‍സ തുടങ്ങിയതെങ്കിലും ആദ്യമൊക്കെ രോഗത്തെ വരുതിക്കു നിര്‍ത്താന്‍ അതുമതിയായിരുന്നു. പഠനം തുടരാന്‍ വിഷമമുണ്ടായില്ല. ഹൗസ്‌ സര്‍ജന്‍സി ചെയ്‌തുകൊണ്ടിരിക്കവേയാണ്‌ പെട്ടെന്നു നില തീരെ വഷളായത്‌. പഠനമൊക്കെ എങ്ങനെയെങ്കിലും മുന്നോട്ടു കൊണ്ടുപോകാമെന്ന കണക്കുകൂട്ടലിലായിരുന്നു അവന്റെ അച്ഛന്‍. പുറമേ ഇപ്പോള്‍ ചികില്‍സയും. കഷ്‌ടപ്പെട്ടു, ഉള്ളതെല്ലാം വിറ്റുപെറുക്കി. ഒക്കെ അവന്റെ നന്മയ്‌ക്ക്‌. കുറെ നാട്ടുകാരും സഹായിച്ചു, പിന്നെ സുഹൃത്തുക്കള്‍ ഞങ്ങളും അവന്റെ സഹപാഠികളും. പണത്തിന്റെ ഇല്ലായ്‌മ കൊണ്ട്‌ ഒന്നിനും ഒരു കുറവുണ്ടാകരുതെന്ന്‌ ഞങ്ങള്‍ക്കെല്ലാവര്‍ക്കും നിര്‍ബന്ധമായിരുന്നു. അല്ലെങ്കില്‍ അവനില്‍ പ്രതീക്ഷവെച്ച ഒരു നാടിന്റെ സ്വപ്‌നമാണ്‌ വായനശാലയില്‍ ചില്ലിട്ടു വെച്ചിരിക്കുന്ന ആ പത്രവാര്‍ത്തയില്‍ ഇന്നും പുതുമയോടിരിക്കുന്നത്‌: "ചെത്തിമറ്റം ഗ്രാമത്തില്‍ നിന്നൊരു എന്‍ട്രന്‍സ്‌ വിജയഗാഥ".

*************

മുന്‍പ്‌ കണ്ടപ്പോള്‍ കറുപ്പു കോട്ടകെട്ടിയ അവന്റെ കണ്‍തടങ്ങള്‍ക്കു നടുവില്‍ അന്നുവരെ കാണാത്ത ഏതോ വേലിയേറ്റങ്ങള്‍ ഞാന്‍ കണ്ടു.

"നിനക്കു ഭയമുണ്ടോ?" അവന്റെ കരം കവര്‍ന്നുകൊണ്ട്‌ ഞാന്‍ ചോദിച്ചു.

"എന്തിന്‌..? മരിക്കാനോ?" അവന്റെ മറുചോദ്യത്തിന്‌ ഞാന്‍ മൗനം കൊണ്ട്‌ ഉത്തരം നല്‍കി.

".... മരണത്തെ എന്തിനാടാ ഭയപ്പെടുന്നത്‌? ജീവിതത്തെയല്ലേ നാം എപ്പോഴും പേടിക്കേണ്ടത്‌? മരണത്തിന്‌ ഒരു ഗ്യാരന്റി ഉണ്ടെടാ, മോചനം! എല്ലാറ്റില്‍ നിന്നും, വേദനകളില്‍ നിന്നും സന്തോഷങ്ങള്‍ തീര്‍ക്കുന്ന വേലിക്കെട്ടുകളില്‍ നിന്നും സ്‌നേഹച്ചങ്ങലകളില്‍ നിന്നുമെല്ലാം... പക്ഷേ ജീവിച്ചുപോകാനല്ലേ പ്രയാസം? ചുള്ളിക്കാട്‌ പറഞ്ഞതുപോലെ, ജീവിതം എപ്പോഴും നമുക്കായി അപ്രതീക്ഷിതമായ എന്തോ ഒന്ന്‌ കാത്തുവെയ്‌ക്കുന്നു.."

ഞങ്ങള്‍ ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി.

***************

"കലൂര്‌.. കലൂര്‌... കലൂരെറങ്ങാനുള്ളവര്‌ വന്നേ!"
അനേകം ബഹളങ്ങള്‍ ഈ വാചകത്തിനു പിന്നാലെ എന്റെ കാതുകളിലേക്കിരച്ചുകയറി. തിടുക്കത്തില്‍ സീറ്റില്‍ നിന്നെഴുന്നേറ്റ്‌ ബസ്സിറങ്ങി. വെയില്‍ ചാഞ്ഞു തുടങ്ങി. ആശുപത്രിയിലേക്ക്‌ അടുത്ത ബസ്സുകയറി, ഒരു ചായ പോലും കുടിക്കാന്‍ നില്‍ക്കാതെ.

ഓങ്കോളജി വിഭാഗം എന്ന ബോര്‍ഡിനു താഴെ പരിക്ഷീണരായ ഏതാനും മുഖങ്ങള്‍. എന്റെ വരവു കണ്ടിട്ട്‌ അവര്‍ എഴുന്നേറ്റു.

"രാമിന്‌ എങ്ങനെയുണ്ടിപ്പോ? എന്താ നിങ്ങളെല്ലാരും ഇവിടെ നിക്കുന്നേ?" എന്റെ ചോദ്യത്തില്‍ അസാധാരണമായ ഒരു തിടുക്കമുണ്ടായിരുന്നെന്ന്‌ എനിക്കുപോലും തോന്നി.

"അസുഖം രാവിലെ വല്ലാതെ കൂടി. പെട്ടെന്നു തന്നെ ഐ.സി.യു.വിലാക്കി. ഇതുവരെ ഡോക്‌ടര്‍മാര്‍ ഒന്നും വിട്ടുപറയുന്നില്ല." അയല്‍ക്കാരന്‍ മാധവന്‍കുട്ടിച്ചേട്ടന്‍ ആണിത്രയും പറഞ്ഞത്‌.

ദേഹം തളരുന്നതുപോലെയും കയ്യിലെ ബാഗിനു ഭാരം വല്ലാതെ കൂടിയിരിക്കുന്നതായും എനിക്കു തോന്നി. ഹതാശനായി ഞാനും അവിടെക്കണ്ട ഒരു കസേരയിലിരുന്നു.

************

"ഇതാണു ശരി. ഇതാണു നേരായ വഴി. ഇനി നമ്മളൊക്കെ സന്തോഷിക്കുകയാണു വേണ്ടത്‌..!" ഇതു പറഞ്ഞതും മാധവന്‍കുട്ടിച്ചേട്ടനായിരുന്നു. യോഗം പിരിഞ്ഞു. ലൈബ്രറി ഹാളില്‍ നിന്നും ഓരോരുത്തരായി പുറത്തേക്കിറങ്ങി. ഞാനും.

"എടാ, പോകല്ലേ, നീയൊന്നു വന്നേ.. ഇതൊന്നു നോക്കിയേച്ച്‌....."

സെക്രട്ടറിയുടെ മേശയ്‌ക്കരികിലെത്തി. ലെറ്റര്‍ പാഡില്‍ ഒരു പാരഗ്രാഫ്‌ എഴുതി വെച്ചിരിക്കുന്നു.

"ചുമട്ടുതൊഴിലാളിയുടെ മകള്‍ക്ക്‌ പഠനസഹായമൊരുക്കി വായനശാല. ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ ഉന്നതവിജയം കൊയ്‌ത്‌ നാടിന്റെ അഭിമാനമായ ചെത്തിമറ്റം സ്വദേശിനി ആര്യയ്‌ക്ക്‌ ദേശസേവിനി വായനശാല പഠനസഹായം നല്‍കി. വായനശാലയില്‍ ചേര്‍ന്ന അനുമോദനയോഗത്തില്‍ വെച്ച്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഹായധനത്തിന്റെ ആദ്യഗഡു ആര്യയ്‌ക്കു കൈമാറി. ആര്യയുടെ അച്ഛന്‍ ശ്രീ. ഗോപാലന്‍ ചെത്തിമറ്റത്തെ ചുമട്ടുതൊഴിലാളിയാണ്‌. കഴിഞ്ഞ വര്‍ഷം അന്തരിച്ച വായനശാല മുന്‍ സെക്രട്ടറിയും മെഡിക്കല്‍ വിദ്യാര്‍ഥിയും ആയിരുന്ന രാംകുമാറിന്റെ ചികില്‍സാസഹായത്തിനായി രൂപീകരിച്ച ഫണ്ടാണ്‌ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം നിര്‍ദ്ധനവിദ്യാര്‍ഥികളെ സഹായിക്കാനുള്ള പദ്ധതിയായി മാറ്റിയത്‌. അടുത്ത വര്‍ഷം മുതല്‍ അഞ്ചു വിദ്യാര്‍ഥികളുടെ ഉന്നതപഠനം ഏറ്റെടുക്കാന്‍ തക്കവിധം സഹായനിധി വിപുലീകരിക്കുമെന്ന്‌ വായനശാലാ ഭാരവാഹികള്‍ അറിയിച്ചു....

4 comments:

എം.എസ്. രാജ്‌ said...

"എടാ, പോകല്ലേ, നീയൊന്നു വന്നേ.. ഇതൊന്നു നോക്കിയേച്ച്‌....."

:P :P

Prins//കൊച്ചനിയൻ said...

“മരണത്തിന് ഒരു ഗ്യാരന്റി ഉണ്ട്, വേദനകളിൽ നിന്നും...” പക്ഷേ മരണം നഷ്ടം മാത്രമേ ഉണ്ടാക്കുകയുള്ളൂ. കഥയിലെ രാംകുമാറിന്റെ മരണം ഒരു നല്ലതിന്റെ തുടക്കമായി മാറുമ്പോൾ അയാളുടെ ഓർമ്മ എന്നും നിലനിൽക്കുന്നു.
നല്ല കഥ. ആശംസകൾ..

Nayam said...

climax aanu kalakkiyathu.....

എം.എസ്. രാജ്‌ said...

Prins//കൊച്ചനിയൻ,
Nayam,

കമന്റിനു നന്ദി :)