Thursday, January 27, 2011

ജനുവരിക്കാറ്റ്‌

രാത്രി മുഴുവന്‍ നീണ്ട യാത്രയ്ക്കൊടുവിലാണ്‌ ഞാന്‍ വീട്ടില്‍ കയറിച്ചെന്നത്‌. പതിനാലു മണിക്കൂര്‍. ദൂരം ഇന്നു സമയം കൊണ്ട്‌ അളക്കുകയണ്‌ എളുപ്പം. വീട്ടിലേക്ക്‌ കയറ്റം നടന്നു കയറുമ്പോള്‍ ആര്‍ത്തിയോടെ ശ്വാസനാളം കൂര്‍ത്ത മകരത്തണുപ്പുള്ള കാറ്റ്‌ ഉള്ളിലേക്കു വലിച്ചെടുത്തു. ഏലച്ചെടികള്‍ ഇലകളാട്ടി പരിചയമറിയിച്ചു. കുരുമുളകു വള്ളികളില്‍ അങ്ങിങ്ങ്‌ പരിഭവച്ചെമപ്പു കലര്‍ന്ന മണികള്‍. 'ഈ വഴിയൊക്കെ മറന്നോ'യെന്ന് ഒരു മരംകൊത്തിക്കിളി കുശലം ചോദിച്ചു.

നന്നേ ക്ഷീണിതനായിരുന്നെങ്കിലും എന്റെ സ്വന്തം മണ്ണിന്റെ മണം എന്റെ മനസ്സുണര്‍ത്തി. ഞാന്‍ വന്നൂ എന്നുറക്കെ വിളിച്ചു കൂവാന്‍ തോന്നി. വീട്‌. അച്ഛന്‍, അമ്മ, പത്നി, മകള്‍. കുറെ വളര്‍ത്തുമൃഗങ്ങള്‍. എന്റെ മുറിയില്‍ കയറാനൊരുമ്പെടും മുന്‍പ്‌ രണ്ടുവട്ടം ആലോചിക്കുന്ന ചക്കിപ്പൂച്ച ഗൗരവത്തില്‍ വന്ന്‌ മുഖത്തുനോക്കാതെ കടന്നു പോയി. തെറിച്ച മൂന്നു കുഞ്ഞുങ്ങളുണ്ടവള്‍ക്ക്‌. തൊഴുത്തിലെ പുല്‍ക്കൂടാണ്‌ അവരുടെ ഈറ്റില്ലവും താവളവും. ഒന്നിനെ പെറ്റിട്ട്‌ അതിന്റെ രണ്ട്‌ ഫോട്ടോസ്റ്റാറ്റ്‌ കോപ്പി കൂടി എടുത്തു വെച്ചപോലുണ്ട്‌ മൂന്നിനെയും കണ്ടാല്‍. ഒന്നുണ്ടെങ്കില്‍ ഉപകാരവും അധികമായാല്‍ ശല്യവുമാണ്‌ ഈ ജന്തു.

പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞപ്പോള്‍ തെല്ലൊരുന്മേഷം തോന്നി. പതിനൊന്നു മണി. മോള്‍ നല്ല മൂഡിലല്ലെന്നു തോന്നുന്നു. കുളിക്കാനുള്ള ഒരുക്കത്തിലാണ്‌. എണ്ണയൊക്കെ തേച്ചു കിടക്കുന്നു. ഒരു വ്യായാമമെന്നപോലെ കയ്യും കാലുമൊക്കെ എടുത്തു കുടയുന്നുണ്ട്‌. എന്നിട്ട്‌ ഇടത്തോട്ടും വലത്തോട്ടും നോക്കുന്നു. അസ്പഷ്ടമായി എന്തൊക്കെയോ പറയുന്നു.

കപ്പ പുഴുങ്ങിയതും മുളകു ചമ്മന്തിയും. മേലെ ചൂടന്‍ ചായ കൂടി ആയപ്പോള്‍ ഓപ്പണിങ്ങ്‌ ഷോട്ട്‌ മനസ്സിനു നന്നേ പിടിച്ചു. ഈയിടെയായി പശുവിനെ രാവിലെ മാത്രമേ കറക്കാറുള്ളൂ. സ്വന്തം വീട്ടിലെ പശുവിന്‍ പാല്‍ മോള്‍ക്കും ക്ഷ പിടിച്ച മട്ടാണ്‌.

നല്ല കാറ്റുണ്ട്‌. ഹൈറേഞ്ചുകാര്‍ ജനുവരിക്കാറ്റെന്നാണു പറയുക. പൊങ്ങി നില്‍ക്കുന്ന കവുങ്ങിന്‍ തലപ്പുകള്‍ ആഞ്ഞ്‌ ആടുന്നതുകാണാം. ദേഹം മുഴുവന്‍ കുളിര്‍കോരിയിടും. യാത്ര ചെയ്ത വഴിക്കും തണുപ്പ്‌ നന്നായുണ്ടായിരുന്നു. കോട്ട്‌ നല്ല രക്ഷ തന്നു.

നിശ്ശബ്ദം കുളി കഴിഞ്ഞ്‌ പിയേഴ്‌ സോപ്പിന്റെ വാസന ചൂടി മോളെത്തി. ഒന്നു കൊഞ്ചിച്ചു വിളിച്ചാല്‍ ആ മുഖം വിടരും. ശബ്ദമില്ലാതെ, പാല്‍ച്ചുണ്ടുകള്‍ വിരിയിച്ചു ചിരിക്കും. ഇമവെട്ടാതെ മുഖത്തുനോക്കും. 'ശീലിച്ചോണം നീയീ കാറ്റും തണുപ്പുമെല്ലാം!' എന്തു മനസ്സിലായിട്ടോ എന്തോ അവള്‍ വീണ്ടും ചിരിച്ചു. നല്ലയുടുപ്പിട്ട്‌ കണ്ണെഴുതി പൗഡറിട്ടു മിടുക്കിയായി. അവള്‍ അമ്മയോടെന്തോ രഹസ്യം പറഞ്ഞു. വിശക്കുന്നെന്നാവണം. അവര്‍ സ്വകാര്യമായി അകത്തു പോയി.

ഞാന്‍ മുറ്റത്തിറങ്ങി നടന്നു. കരിംപച്ചനിറമുള്ള പ്ലാവിലകള്‍ക്കിടയിലൂടെ സംക്രമസൂര്യന്‍ ഏലച്ചെടികളെ നോക്കുന്നു. ശാന്തമായ പ്രകൃതി. മകരവിളക്കു തൊഴുതുമടങ്ങിയ അയ്യപ്പഭക്തരുടെ നിര്യാണത്തില്‍ പ്രകൃതിയും അനുശോചിക്കുന്നതുപോലെ. സംസ്ഥാനം കണ്ടതില്‍ വെച്ച്‌ ഏറ്റവും വലിയ ഒരു കൂട്ടക്കുരുതിയില്‍ നടുങ്ങിനിന്നുപോയ നാട്‌.

ലുങ്കിയുടെ തലപ്പ്‌ കാറ്റില്‍ പറന്നുലഞ്ഞു. ടി-ഷര്‍ട്ടിനെ മറികടന്ന് നേര്‍ത്ത തണുപ്പ്‌ നെഞ്ചിലെ ചൂടുതേടി വന്നു. പാല്‍മണമൂറുന്ന ചുണ്ടില്‍ കള്ളച്ചിരിയുമായി അന്‍വി വീണ്ടും മുന്നിലെ മുറിയിലേക്കു വന്നു. ചെവി മൂടുന്ന കമ്പിളിത്തൊപ്പി അണിയിച്ചു. കണ്ണുകളില്‍ എന്തോ ഒരസ്വസ്ഥത പിടഞ്ഞുണര്‍ന്നു. ഇടത്തെ ചെവിക്കുട തിങ്ങി മടങ്ങിയിരിക്കുന്നു. ശരിപ്പെടുത്തിയപ്പോള്‍ ആള്‍ സമാധാനിച്ചു.

'വല്ലാത്ത കാറ്റ്‌. ആ കതക്‌ അടച്ചേരെ.'
'ഇല്ല, ഞങ്ങള്‍ പുറത്തിറങ്ങുന്നു.'

അവളെ കയ്യിലെടുത്തു ഞാന്‍ മുറ്റത്തിറങ്ങി. ഒരു തുളസിക്കതിരെടുത്ത്‌ ഞെരടി മണപ്പിച്ചു; കുറെ നേരം. മനസ്സില്‍ തോന്നിയ കുറെ കുഞ്ഞുപാഠങ്ങള്‍ കാഴ്ചകളായി പഠിപ്പിച്ചു. വലംകൈ എന്റെ തോളില്‍ ചേര്‍ന്നിരുന്നു. കുഞ്ഞിവിരലുകള്‍കൊണ്ട്‌ എന്റെ കുപ്പായം അല്‍പം വലിച്ച്‌ കയ്യിലിറുക്കിപ്പിടിച്ചു.

വെറുതെ മുറ്റത്തിന്റെ താഴേക്കു വളഞ്ഞുനീങ്ങുന്ന വഴിയിലേക്കിറങ്ങി. ഗ്രാമത്തിന്റെ താഴ്‌വരയില്‍ നിന്നും ഞങ്ങളെക്കാണാന്‍ വീണ്ടും ഒരു കാറ്റ്‌ ഓടിവന്നു. പച്ചപ്പ്‌ കണ്ണിലും കുളിരേകി നിറഞ്ഞു.

അവളുടെ ഇഷ്‌ടപ്പെട്ട വായ്‌ത്താരികള്‍ ഞാന്‍ പാടിനോക്കി. അവള്‍ ഗൗനിച്ചില്ല. എനിക്കറിയാത്ത ഏതോ സുഖാലസ്യം അവളില്‍ പ്രകടമാവുന്നു. ഞാന്‍ തിരികെ നടന്നു.

ചെമന്ന ഷാള്‍ പുതച്ച്‌, തന്റെ കുഞ്ഞിത്തലയിണയില്‍ ചാഞ്ഞ്‌ അവള്‍ തൊട്ടിലില്‍ കിടന്നു. ലോലമായ അന്ദോളനങ്ങളില്‍ അലിഞ്ഞ്‌ ആ നീലമിഴിയിണകള്‍ ക്രമമായി കൂമ്പിയടഞ്ഞു. കട്ടിലിലെ വിരിപ്പൊന്നു പയ്യെ കുടഞ്ഞശേഷം ഞാന്‍ അവളെ നോക്കി. കണ്ണുപൂട്ടി മയങ്ങുന്നു. നേര്‍ത്ത മന്ദഹാസം മഞ്ഞുപോലെ മറയിട്ട ഭാവം. കിഞ്ഞേ, നീയെത്ര ഭാഗ്യവതി! നീയാണീലോകത്തില്‍ ഏറ്റവും സന്തോഷവതി. നിനക്കുറങ്ങാന്‍ സൗമ്യമായ താരാട്ടുപോലും ഒരാര്‍ഭാടമാണല്ലോ! നിനക്കുണ്ണാന്‍ സ്നേഹത്തിന്റെ മധുരം ചാലിച്ച അമൃതുണ്ടല്ലോ. നിനക്കീ ലോകത്തിന്റെ വേഗവും ഭാവവും ഭാഷയും അന്യമാണല്ലോ. ഉറങ്ങിക്കോളൂ. നന്നായുറങ്ങിക്കോളൂ. നാളെകള്‍ ഒരിക്കലും ഈ ശാന്തി നിനക്കു തരില്ല. തൊട്ടില്‍ ആട്ടം നിര്‍ത്തിയതറിയാതെ മോളുറങ്ങി. മൂഢം, ആ ശാന്തിയെ സ്നേഹിച്ചു ഞാനും.

കണ്ണുതുറക്കുമ്പോള്‍ അന്‍വി എനിക്കരികില്‍ കിടക്കുന്നുണ്ട്‌. 'അന്‍വിവാവേ..!' ഞാന്‍ വിളിച്ചു. സശ്രദ്ധം എന്നെനോക്കി അവളാ പതിവുചിരി തന്നു. വലതുവശം ചെരിഞ്ഞുകിടന്നു; കൈകാലിട്ടടിച്ചു. അവളുടെ നേരെ കൈ നീട്ടി. ആ കുഞ്ഞുവിരലുകള്‍ കൊണ്ട്‌ എന്റെ ചൂണ്ടുവിരലില്‍ മുറുകെപ്പിടിച്ച്‌ അവള്‍ സ്വന്തം മുഖത്തേക്കടുപ്പിച്ചു. എന്റെ പുതപ്പിന്റെ ഒരരികുകൊണ്ട്‌ അവളെ ഞാന്‍ മൂടി, ആ മൃദുമേനിയോടു ചേര്‍ന്നു കിടന്നു. ഏതോ അസുലഭഗന്ധമുള്ള ആ നെറ്റിയില്‍ ഒരുമ്മ. എന്റെ ചൂടുതേടി, എന്നെ മാത്രം നോക്കി, അനങ്ങാതെ അവള്‍ കിടന്നു. നിര്‍മ്മലമായ ആ ശാന്തിയുടെ നിഴല്‍ പറ്റി ഞാനും.

8 comments:

  1. അവൾ സമാധാനമായുറങ്ങട്ടെ.

    വളരെ ശരി, നാളെകളിൽ ഈ സമാധാനം കിട്ടണമെന്നില്ല.

    ReplyDelete
  2. അവളുറങ്ങാട്ടെ ആവലാതികൾ തീണ്ടാത്ത, സ്വപ്നത്തിൽ ദൈവത്തിനൊപ്പം കളിക്കുന്ന കുഞ്ഞുങ്ങൾ

    ReplyDelete
    Replies
    1. അതെ.. എത്ര കിനാക്കൾ കാണും, നിലാവുപോലെ! എത്ര നിറങ്ങൾ കാണും, പൂക്കളെ പോലെ.

      Delete
  3. എത്ര മനോഹരം. വായിച്ച് മനസ്സ് നിറഞ്ഞു.

    അന്വിത. നല്ല പേരാണ്.

    ReplyDelete
  4. വാത്സല്യം മുഴുവനുമുണ്ടല്ലോ എഴുത്തിൽ..ഹൃദയഹാരിയായ കുറിപ്പ്.

    ReplyDelete
    Replies
    1. നന്ദി അൽമിത്ര.
      അല്പമല്ലേ മഷിയുള്ളൂ,
      സ്നേഹത്തെയെഴുതുവാനാശിക്കുകിൽ.

      Delete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'