Wednesday, February 02, 2011

ഓര്‍മ്മകള്‍ കൊണ്ടൊരു പ്രണാമം

വല്ലാത്ത കട്ടി ആയിരുന്നു ചാച്ചന്റെ കൈവെള്ളയ്ക്ക്‌. ചെറുപ്പത്തില്‍ ഒരുപാടു തവണ ഞാന്‍ ചോദിച്ചിട്ടുണ്ട്‌, എങ്ങനാണിതു വരുന്നതെന്ന്‌. ചാച്ചന്‍ പറയും- തഴമ്പാണു മോനെ! പക്ഷേ ഈ തഴമ്പ്‌ എന്റെ കയ്യിലെന്താ വരാത്തത്‌ എന്നു പലപ്പോഴും ഞാന്‍ അദ്ഭുതം കൂറിയിട്ടുണ്ട്‌. ഇരുണ്ടു കനത്ത്‌ ആ തഴമ്പു കയ്യിലിങ്ങനെ കിടക്കുന്നത്‌ മോശം 'അപ്പിയറന്‍സാ'ണെന്നാണ്‌ ചിലരുടെയെങ്കിലും ധാരണ. എന്നാല്‍ ഹൈറേഞ്ചുകാര്‍ പലരും ഇന്നും അഭിമാനത്തോടെ ഓര്‍മ്മിക്കുന്ന ഒരു കഥയുണ്ട്‌: പണ്ട്‌ നെടുംകണ്ടത്തിനു സമീപം കല്ലാറില്‍ പട്ടം താണുപിള്ളയുടെ പിന്തുണയോടെ കുടിയേറ്റം നടന്ന കാലത്ത്‌ ആള്‍ക്കാര്‍ക്ക്‌ പട്ടയം(ഭൂമി ഒരാളുടെ പേരില്‍ പതിച്ചു കൊടുക്കുന്നതായുള്ള ആധികാരിക രേഖ) കൊടുത്തിരുന്ന സമയത്ത്‌ അദ്ധ്വാനിക്കുന്നവനാണോ എന്നറിയാന്‍ കൈവെള്ളയില്‍ മുറ്റിയ തഴമ്പുണ്ടോ എന്നു നോക്കുമായിരുന്നത്രേ.

ചാച്ചന്‍ എന്നു ഞാന്‍ വിളിച്ചത്‌ എന്റെ അപ്പൂപ്പനെയാണ്‌, ചാച്ചനും വെല്യമ്മച്ചിയും. അവരായിരുന്നു എന്റെ ബാല്യത്തിലെ നിറസാന്നിധ്യം. അന്നൊക്കെ എന്റെ മൗലികാവകാശങ്ങള്‍(മിഠായി, കളിപ്പാട്ടങ്ങള്‍, ചെരിപ്പ്‌, മുടിവെട്ട്‌, വായനയ്ക്കുള്ള വകകള്‍ എന്നിങ്ങനെ) പലതിനും ഫൈനാന്‍സിയര്‍ ആയിരുന്നതു ചാച്ചനാണ്‌.

അസുഖത്തെത്തുടര്‍ന്ന്‌ വെല്യമ്മച്ചിയുടെ നിര്യാണം ചാച്ചനെ ഏകനാക്കിക്കളഞ്ഞെങ്കിലും അപ്പോഴും ഒപ്പമുണ്ടായിരിക്കാന്‍ ഭാഗ്യം ചെയ്ത നാലു പേരക്കിടാങ്ങളിലെ മൂത്തയാളായിരുന്നു ഞാന്‍. തോരാപ്പെരുമഴപെയ്ത ആ കറുത്ത ദിവസം എന്റെ നേരെ ആ കൈകള്‍ നീട്ടി പൊട്ടിക്കരഞ്ഞുകൊണ്ടാണ്‌ ചാച്ചന്‍ വീട്ടിലേക്കു കയറിവന്നത്‌. പിന്നാലെ, ഞാന്‍ ജീവിതത്തില്‍ അന്നുവരെ അനുഭവിക്കാത്ത ഒരു ശൂന്യതയും.

അന്‍പതുകളുടെ തുടക്കത്തിലാവണം, ശാസ്താവിന്റെ മണ്ണായ എരുമേലിയില്‍ നിന്നും ചട്ടി, കലം, കുഞ്ഞുകുട്ടിപരാധീനങ്ങള്‍ സഹിതം കാട്ടാനയും പോത്തുമുള്ള കൊടുംകാടായ കട്ടപ്പനയിലേക്ക്‌ ചാച്ചന്‍ കുടിയേറിയത്‌. ഈ യാത്രയുടെ ഭീകരത അറിയണമെന്നുണ്ടെങ്കില്‍ സമാനഗതി വിവരിക്കുന്ന പൊറ്റെക്കാടിന്റെ 'വിഷകന്യക' വായിക്കണം. ഇന്ന്‌ ഇടുക്കിഡാമിലെ വെള്ളത്തിനടിയിലാണ്ടുകിടക്കുന്ന ഒരു സ്ഥലമുണ്ട്‌. പണ്ടത്തെ അയ്യപ്പന്‍കോവില്‍. കേരളത്തിനു മുസിരിസ്‌ എങ്ങനെയായിരുന്നോ അതുപോലായിരുന്നിരിക്കണം ഹൈറേഞ്ചിനു അയ്യപ്പന്‍കോവില്‍ അന്ന്‌. കോട്ടയത്തു നിന്നും അക്കാലത്ത്‌ ബസ്സുകള്‍ അവിടെ വരെയേ വരൂ. പിന്നെ നടപ്പുവഴി മാത്രമേയുള്ളൂ കട്ടപ്പനയ്ക്കും നെടുംകണ്ടത്തിനുമൊക്കെ. ഒരു താരതമ്യത്തിന്‌ പറയാം, അന്ന്‌ അയ്യപ്പന്‍കോവിലായിരുന്ന സ്ഥലത്തു നിന്നും കട്ടപ്പനയിലേക്ക്‌ ഒരു ബസ്‌ ഇന്നെത്താന്‍ ഏതാണ്ട്‌ ഇരുപതു മിനിറ്റ്‌ വേണം. കട്ടപ്പനയില്‍ നിന്നു എന്റെ ഗ്രാമത്തിലെത്താന്‍ വീണ്ടും ഒരു മുക്കാല്‍ മണിക്കൂര്‍ നടത്തം.

അങ്ങനെയുള്ള ഒരു കാലത്ത്‌ ജീവിതം നിലനില്‍പു യാചിച്ചപ്പോള്‍ ആരൊക്കെയോ കൂടി പുറപ്പെട്ടിങ്ങെത്തി. കൂട്ടമായിറങ്ങി അടിക്കാടുവെട്ടിത്തെളിച്ച്‌ മുന്നേറുമ്പോള്‍ കാടിന്റെ സത്തുകുടിച്ചു വീര്‍ത്ത തോട്ടപ്പുഴുക്കള്‍ അവരുടെ ദേഹത്തു കടിച്ചു തൂങ്ങി ഒരുപാടു ചോര കുടിച്ചിരിക്കണം. അപ്പോഴും അവരുടെ കണ്ണില്‍ തിളങ്ങിയിരുന്നത്‌ ക്ഷാമം മാറി ക്ഷേമം വിളയുന്ന നല്ല നാളെകള്‍ ആയിരിക്കണം. അവരവിടെ മണ്ണിനോടും കൊടുംക്രൂരമായ കാലവസ്ഥയോടും മരണം വിതച്ചു പലപ്പോഴും വന്ന മലമ്പനിയോടും മറ്റുവ്യാധികളോടുമെല്ലാം മല്ലിട്ടു. അന്നൊരളെ നല്ല ചില്‍കില്‍സ കിട്ടണമെങ്കില്‍ മലയിറങ്ങി കാഞ്ഞിരപ്പള്ളീലോ കോട്ടയത്തോ ഒക്കെ കൊണ്ടുവരണം. എത്രയോപേര്‍ നാലഞ്ചുപേര്‍ ചുമക്കുന്ന വരിച്ചില്‍ കട്ടിലില്‍ ചണച്ചാക്കുപുതച്ച്‌ അയ്യപ്പന്‍കോവില്‍ വരെയും തുടര്‍ന്ന് വാഹനത്തിലും യാത്ര ചെയ്തിട്ടുണ്ട്‌. ഒന്നിനും തളര്‍ത്താനാവാത്ത നിശ്ചയദാര്‍ഢ്യവും മെയ്ക്കരുത്തും മുതലാക്കി അവര്‍ മണ്ണില്‍ വിത്തിട്ടു. വളമില്ലാതെ തന്നെ തൈകള്‍ വളര്‍ന്നു, സ്നേഹം മാത്രം നുകര്‍ന്നു മക്കള്‍ വളര്‍ന്നു. ആര്‍ത്തിപൂണ്ട കുരുമുളകു തൈകള്‍ താങ്ങുമരങ്ങളില്‍ ഓടിക്കയറി. ഐ.ആര്‍.8 കണ്ടങ്ങളില്‍ വിളഞ്ഞുമറിഞ്ഞു. ഏലവും ഗ്രാമ്പൂവും കരിമ്പും കുരുമുളകും നാണയങ്ങള്‍ തന്നു. കപ്പയും ചേനയും വാഴയും നെല്ലും ചേനയും കാച്ചിലും അന്നമൂട്ടി. അങ്ങനെ കാടു തെളിഞ്ഞു, കൃഷിയിടങ്ങളായി, റോഡുവന്നു. കരിപ്പുകതുപ്പി മലകേറി കിതച്ചുവന്ന വണ്ടികള്‍ മാറി. ഡീസലിന്റെ ഉശിരില്‍ ഗോമതിയെന്നും ബീനയെന്നും പേരുള്ള ബസുകള്‍ കട്ടപ്പനയില്‍ വന്നു കിതപ്പാറ്റി (ഇന്നും കോട്ടയത്ത്‌ ബീന ട്രാവല്‍സ്‌ ഉണ്ടെന്നാണെന്റെ വിശ്വാസം. എന്റെ അമ്മയുടെ അച്ഛന്‍ കട്ടപ്പനയില്‍ ബീനാ ബസ്‌ ഓടിച്ചെത്തിയ ആദ്യകാല ഡ്രൈവര്‍മാരില്‍ ഒരാളാണ്‌). ഇന്നു ലോറി വാങ്ങാന്‍ പോലും കട്ടപ്പന വിട്ടുപോകേണ്ടതില്ല എന്ന നിലയായി.

ചാച്ചന്റെ മക്കളും പുസ്തകമണത്തെക്കാള്‍ വിയര്‍പ്പിന്റെ മണത്തെ കാമിച്ചു. ഈ യാത്രയ്ക്കിടെ മൂന്ന്‌ ഉണ്ണികളെ ദൈവം തിരികെ വിളിച്ചു. എന്നിട്ടും അവര്‍ ആറുപേര്‍, മൂന്നാണും മൂന്നു പെണ്ണും ശേഷിച്ചു. അവര്‍ വറുതിയിലും സ്നേഹം പങ്കുവെച്ചു ജീവിച്ചു. മണ്ണിന്റെ മണവും മനസ്സുമറിഞ്ഞു ജീവിച്ചു. ആണ്മക്കളുടെ ആണ്മക്കളില്‍ മൂത്തവനായി ഞാന്‍ ആ വീട്ടില്‍ പിറന്നുവീണതെന്റെ ജന്മഭാഗ്യം. ചാച്ചനും വെല്യമ്മച്ചിയും എന്റെ സ്വന്തം, ഞാന്‍ അവരുടെ വാല്‍സല്യപാത്രം. ഒരു ദശമിനാളില്‍ എന്നെ കൈവിരല്‍ പിടിച്ചു ഹരിശ്രീയെഴുതിച്ചതും എന്റെ ചാച്ചന്‍ തന്നെ. വികൃതികള്‍ക്കുള്ള ശിക്ഷയില്‍ നിന്നുള്ള ഏകരക്ഷയും എന്റെ ചാച്ചന്റെ നിഴല്‍ തന്നെ. വെറുതെയാണോ പ്രൈമറിസ്കൂളുകാരനായ ഞാന്‍ പറഞ്ഞത്‌ "അച്ചായി(അച്ഛന്‍) അല്ല എന്റെ രക്ഷകര്‍ത്താവ്‌, ചാച്ചനാണ്‌. അച്ചായി ശിക്ഷകര്‍ത്താവാണെന്ന്‌" (പ്രോഗ്രസ്‌ കാര്‍ഡിലെ രക്ഷകര്‍ത്താവിന്റെ ഒപ്പ്‌ എന്ന കോളം ഓര്‍ക്കുമല്ലോ!). അതു പിന്നെ പലരും ഞാനും ചാച്ചനും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കാന്‍ ഏറ്റുപറഞ്ഞു. പിന്നീടൊരിക്കല്‍ ആ സ്നേഹച്ചൂടില്‍ കിടന്ന്‌ ചാച്ചന്റെ പനിയും ഞാന്‍ ഏറ്റുപിടിച്ചു. പിറ്റേന്നുരാവിലെ അച്ഛന്‍ ഞങ്ങളെ രണ്ടുപേരെയും ഒരു ജീപ്പ്പില്‍ത്തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി!

ഞാന്‍ ഗുണനപ്പട്ടികകള്‍ ചൊല്ലുന്നതു ചാച്ചന്‍ കേട്ടിരിക്കുമായിരുന്നു. ചാച്ചന്‍ വിരുതന്‍, ചാച്ചനറിയുന്ന ഗുണനപ്പട്ടിക എനിക്കറിയില്ല. കാലും അരയും മുക്കാലും പെരുക്കുന്ന പട്ടികകള്‍. ആശുപത്രിയില്‍ കിടന്നകാലത്ത്‌ തന്റെ പൊതുവിജ്ഞാനം വിളമ്പി ശുശ്രൂഷിക്കുന്ന നേഴ്സുമാരെ വരെ അതിശയിപ്പിച്ചിട്ടുണ്ട്‌. പണ്ടുകാലത്ത്‌ ലൈസന്‍സെടുത്ത്‌ റേഡിയോ കേട്ടു ശീലിച്ചയാളുടെ അവസാനകാലത്തും റേഡിയോ തന്നെ ആയിരുന്നു ഫേവറിറ്റ്‌ വാര്‍ത്താമാധ്യമം.

നാലുവര്‍ഷങ്ങള്‍ക്കുമുന്‍പ്‌, ഒരു ജനുവരിമാസം, രാവിലെ ആറരയോടടുത്ത്‌, ഞാന്‍ ചാച്ചന്റെ മുറിയില്‍ ചെന്നു കയറി. നേരത്തെയുണര്‍ന്ന്‌ എന്നെ കാത്ത്‌ ബീഡിപ്പുകയൂതി ഉള്ളുചൂടാക്കി, കരിമ്പടംകൊണ്ട്‌ ദേഹം മൂടി ചാച്ചനിരിക്കുന്നുണ്ടായിരുന്നു. സ്നേഹവാല്‍സല്യങ്ങള്‍ നിറഞ്ഞ ഒരുപിടി ഉപദേശങ്ങള്‍. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ രാത്രിയിലെ ട്യൂഷന്‍ കഴിഞ്ഞ്‌ ഒന്‍പതരയോടെ വീട്ടിലെത്തുന്ന സമയം തറവട്ടിലെ കിടപ്പുമുറിയുടെ ജനല്‍ തുറന്നിട്ട്‌ കാത്തിരിക്കും, എന്റെ ഒരു വിളിക്കായി. അവരുടെ കണ്ണില്‍ ഉറക്കം വരാന്‍ ആ ഒരു വിളികൊണ്ട്‌ ഞാന്‍ ആ കരുതലിനു വിധേയനാവണമായിരുന്നു. അന്ന്‌ ആ മകരക്കുളിരിലും അതേ കരുതല്‍ ഞാനറിഞ്ഞു.

"ചാച്ചന്‍ ഒന്നെഴുന്നേല്‍ക്കണം..."

എന്റെ ഇംഗിതം മനസ്സിലായെങ്കിലും "എന്തിനാടാ" എന്നു നിസ്സാരമട്ടില്‍ ചോദിച്ചിട്ട്‌ എഴുന്നേറ്റു.

ആ കാലുകള്‍ ഞാന്‍ തൊട്ടു കണ്ണില്‍ വെച്ചു. എന്നെ അക്ഷരമൂട്ടിയ കൈകള്‍ എന്റെ തലയില്‍ തൊട്ടു. ആ കണ്ണു നിറഞ്ഞതു ഞാന്‍ കണ്ടു. മനസ്സുനിറഞ്ഞതറിഞ്ഞു. ഏതെല്ലാമോ അറിയാവികാരങ്ങളില്‍ തട്ടി "നന്നായി വാ, മോനെ!" എന്നുപറഞ്ഞ്‌ യാത്രയാക്കി. പിറ്റേന്നു ഞാന്‍ മൈസൂരിലെത്തി.

രണ്ടായിരത്തിഎട്ട്‌ ഫെബ്രുവരി രണ്ട്‌. ഒരു ശനിയാഴ്ചയുടെ ആലസ്യം പുതച്ച ഉറക്കത്തില്‍ നിന്നും പതിവില്ലാതെ വീട്ടില്‍ നിന്നും വന്ന ഒരു കാള്‍ എന്നെയുണര്‍ത്തി.

"ചാച്ചന്‍ പോയി ചേട്ടായീ...!" ഒരനിയത്തിയുടെ വിറയാര്‍ന്ന ശബ്ദം.

ഞങ്ങളെയെല്ലാം ഇത്രയുമെത്തിച്ച, വിദ്യാഭ്യാസത്തെ ലോകപരിചയം കൊണ്ടും ആര്‍ജ്ജിച്ചെടുത്ത അറിവുകൊണ്ടും മറികടന്ന, മഹാനായ ആ മനുഷ്യന്‍ ഇനിയില്ലെന്ന്‌ ഹൃദയത്തില്‍ ഒരു സൂചിക്കുത്തേറ്റുവാങ്ങിക്കൊണ്ട്‌ ഞാന്‍ അറിഞ്ഞു.

അന്നുമുതലിന്നുവരെ ഞാന്‍ എനിക്കന്യമായി എന്ന്‌ അത്യധികം വേദനയോടെ, ഇതു കുറിക്കുമ്പോള്‍ ഒരിറ്റു കണ്ണീരോടെ തിരിച്ചറിയുന്നത്‌, ഒരു വന്മരമായി വളര്‍ന്ന്‌ ഇന്നും ഞങ്ങള്‍ക്കു തണലായി നില്‍ക്കുന്ന ആ സ്നേഹമാണ്‌. കുടുംബമാണ്‌, അതിന്റെ ഭദ്രതയാണ്‌ ജീവിതത്തിന്റെ ആണിക്കല്ലെന്നു പഠിപ്പിച്ച എന്റെ രക്ഷകര്‍ത്താവിന്റെ ഓര്‍മ്മകള്‍ക്ക്‌ ഇന്ന്‌ ഒരു വര്‍ഷം കൂടി തികയുന്നു.


"ചാച്ചാ, അങ്ങേയ്ക്കുതുല്യം അങ്ങുമാത്രം. ഇന്നും ഞാനറിയുന്നു ആ സ്നേഹം. ഇന്നും ഞാന്‍ കേള്‍ക്കുന്നു ആ വിളിയും ആ ദേഹത്തിന്റെ ചൂടും പിന്നെ ആ കയ്യിലെ തഴമ്പിന്റെ കടുപ്പവും."

3 comments:

എം.എസ്. രാജ്‌ said...

ഓലപ്പീപ്പിയില്‍ പുതിയ പോസ്റ്റ്‌:

ചാച്ചന്റെ കൈവെള്ളയ്ക്ക്‌ വല്ലാത്ത കട്ടി ആയിരുന്നു. ചെറുപ്പത്തില്‍ ഒരുപാടു തവണ ഞാന്‍ ചോദിച്ചിട്ടുണ്ട്‌, എങ്ങനാണിതു വരുന്നതെന്ന്‌. ചാച്ചന്‍ പറയും- തഴമ്പാണു മോനെ! പക്ഷേ ഈ തഴമ്പ്‌ എന്റെ കയ്യിലെന്താ വരാത്തത്‌ എന്നു പലപ്പോഴും ഞാന്‍ അദ്ഭുതം കൂറിയിട്ടുണ്ട്‌. ഹൈറേഞ്ചുകാര്‍ പലരും ഇന്നും അഭിമാനത്തോടെ ഓര്‍മ്മിക്കുന്ന ഒരു കഥയുണ്ട്‌....

Nayam said...

valare nannayirikunnu Raj, oru high range vaasikku maathram parayanaavunna kadha...

sojan p r said...

രാജേ,
ശരിക്കും എന്നെ ഇത് പിടിച്ചിരുത്തി,ഇത് വയ്ച്ചപ്പോള്‍ ഓര്‍ ബീഡി പുകയുടെ മണവും, പഴയ കരിമ്പടവും,ചാക്ക് കട്ടിലും ഒക്കെ ഓര്‍മയില്‍ വീണ്ടും വന്നപ്പോലെ,എനിക്കും ഇതുപോലെ അപ്പൂപ്പനുണ്ടായിരുന്നു.ആലുവയില്‍ നിന്നും മുന്നാര്‍ വഴി നടന്നു പശുപ്പാറ യില്‍ വന്നു മലവെട്ടിതെളിച്ചുതേയിലയും കാപ്പിയും ഒക്കെ വെച്ച് പിടിപ്പിച്ചതും,ആനയെയും പുലിയെയുമൊക്കെ പെടിച്ചുള്ള ജീവിതവും ഒക്കെ അപ്പൂപ്പന്റെ കഥകളില്‍ ഞാന്‍ കേട്ടിരുന്നു.അവരുടെ കഷ്ടപ്പാടുകള്‍ക് മുന്നില്‍ ബാഷ്പാഞ്ജലി.