ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്ത് ഒരു ഗ്രാമത്തില്‍ നടന്ന ഒരു സംഭവമാണ് ഇത്. വായനാസുഖത്തിന് അല്‍പം മസാലചേര്‍ത്തിട്ടുണ്ടെങ്കിലും പ്രധാനസംഭവം അതിന്റെ തനതുരൂപത്തില്‍ത്തന്നെ വിവരിച്ചിട്ടുണ്ട്.
ഒരു ചായക്കട. ഒരു ചേട്ടനും ചേച്ചിയും ചേര്‍ന്നാണ് കട നടത്തുന്നത്.
പതിവുപോലെ അന്നും ആളുകള്‍ കടയില്‍ വന്നു ചായയും പലഹാരവും കഴിച്ചു ചിലരൊക്കെ പറ്റിലെഴുതി പറ്റിച്ചും ബാക്കിയുള്ളവര്‍ കാശുകൊടുത്തും മടങ്ങി. ഏതു നാട്ടിലും കാണുമല്ലോ ഒരു യുവസംഘം. നാടിന്റെ സ്പന്ദനങ്ങള്‍ അപ്പപ്പോഴറിയുന്ന, ഉത്സവം, പെരുന്നാള്‍ തുടങ്ങി ഹര്‍ത്താല്‍ വരെ ഒന്നിച്ചുനിന്ന് ഒരാഘോഷമാക്കിമാറ്റുന്ന പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത ഒരു കുഞ്ഞുസംഘം ആ നാട്ടിലും ഉണ്ടായിരുന്നു. എന്നാല്‍ ഈ സംഭവം നടക്കുന്ന ദിവസം കളകളമോടെ ഒഴുകുന്ന തോടിനു കുറുകെയുള്ള കലുങ്കിലിരുന്ന് പതിവുപോലെ നാട്ടിലെ ശാലീന സുന്ദരികളായ കുമാരിമാരുടെ അന്നത്തെ സഞ്ചാരവും പഞ്ചാരയും റിവ്യൂ ചെയ്യാതെ അവര്‍ മേപ്പടി ചായക്കടയില്‍ കേറി. എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ. നാടിനും വീടിനും അണയഞ്ചിന്റെ ഉപകാരമില്ലാതെ വൈകുന്നേരം കറങ്ങിനടക്കുന്ന ഇവന്മാരെന്താ ഇന്നു പതിവില്ലാതെ കടയില്‍ എന്നു ചേട്ടന്‍ ഒന്നു ശങ്കിച്ചെങ്കിലും യെവന്മാരുടെ തീറ്റയും ആര്‍ത്തിയും അറിയാവുന്നതിനാല്‍ ഉള്ളില്‍ ഒന്നു ചിരിച്ചു. "അഞ്ചു സ്‌ട്രോങ്ങു ചായേ...യ്" എന്നുറക്കെ ഉള്ളിലേക്കു നോക്കി വിളിച്ചു പറഞ്ഞു.
നമ്മുടെ മിന്നാമിന്നിക്കൂട്ടം ചായ കാത്തിരിക്കുന്ന നേരത്ത് അവിടെ കിടന്ന മനോരമപ്പത്രത്തിന്റെ അങ്ങിങ്ങ് എണ്ണവിരലുകള്‍ പതിഞ്ഞ താളുകള്‍ മറിച്ച് ഇന്നാരാ പീഡിപ്പിക്കപ്പെട്ടത് എന്നറിയാന്‍ പരതി. ഒപ്പം ഇളം ബ്രൗണ്‍ നിറത്തില്‍ മൊരിഞ്ഞു കൊതിപ്പിച്ച് ചെറുചൂടു പരത്തി ചില്ലിട്ട അലമാരയില്‍ അടുങ്ങിയിരിക്കുന്ന ബോണ്ട കടിയായി ഓര്‍ഡര്‍ ചെയ്തു.
ചൂടന്‍ ബോണ്ട ‘കടി ഒന്ന്, ചവ നാല്’ എന്ന ക്രമത്തില്‍ രണ്ട് റൗണ്ട് കഴിഞ്ഞപ്പോഴാണ്, നമ്മടെ ചേച്ചി, രണ്ട് ഗ്ലാസ് ചായ ഇടത്തേക്കയ്യിലും മൂന്നുഗ്ലാസ് ചായ വലത്തേക്കയ്യിലും തികഞ്ഞ പ്രഫഷനലിസത്തോടെ എടുത്തുകൊണ്ടുവന്ന് മേശപ്പുരത്തു നിരത്തിയത്. തല്‍സമയം നടുക്കിരുന്ന വിദ്വാന്‍, എന്തോ രഹസ്യം പറയുന്നപോലേ ഇങ്ങനെ ഉര ചെയ്തു:
"ഹെയ്... ഏക്കടി മോളെ..ഡീ, ഒന്നേ..ക്കടി മോളേ...."
അതുകേട്ടയുടനെ മറ്റൊരു വിദ്വാന്‍ കുറെയേറെ നാടകീയത കലര്‍ത്തി ഇങ്ങനെ ചോദിച്ചു:
"അത്തച്ചീയത്തച്ചീ, അത്തച്ചിയെന്നതാ ഈപ്പറേണേ...??"
ചായഗ്ലാസ് കൊണ്ടെവെച്ച് അടുത്ത മേശയില്‍ നിന്നു രണ്ട് കാലിഗ്ലാസുമെടുത്തിട്ട് യു-ടേണെടുത്ത് നിന്ന ചേച്ചി തിരിഞ്ഞ തിരിവില്‍ ഞെട്ടി ഈ ഗഡികളുടെ നേരെ നിന്നു. കളം മാറി എന്നു കണ്ട് ഒരുത്തന്‍ ബോണ്ടയില്‍ ഒന്നൂടെ കടിമുറുക്കി. പത്രം വായിച്ചവന്‍ അതില്‍ത്തന്നെ തലപൂഴ്‌ത്തി. മറ്റവന്‍ ചിരിയിപ്പോ പൊട്ടുമെന്ന അവസ്ഥയില്‍ ഒരു ചേയ്ഞ്ചിന് അലമാരയിലേക്ക് അലക്ഷ്യമായി നോക്കി. നാലാമത്തവന്‍ പൊട്ടിവന്ന ചിരിയില്‍ ബോണ്ട ചവയ്ക്കാനും വിഴുങ്ങാനും പറ്റാതെ തല്‍സ്ഥിതി തുടര്‍ന്നു. പിന്നെയുള്ളവന്‍, പാവം, കണ്ട്രോള്‍ ഇല്ലാഞ്ഞതുകൊണ്ട് തലതല്ലിച്ചിരി തുടങ്ങി.
ചേച്ചീടെ കാര്യം പറഞ്ഞില്ലല്ലോ. ‘ദാരകാസുരനെ വധിക്കാന്‍ പൊസിഷനെടുത്തു നിന്ന ദേവിയുടെ’ എക്‍സ്‌പ്രഷന്‍ന്നു പറഞ്ഞാല്‍ എത്തില്ല. കണ്ണില്‍ നിന്നു അമ്മാതിരി തീനാമ്പുകളുയരുന്ന നോട്ടം നോക്കി ചേച്ചി രണ്ട് ഡീപ് ബ്രെത്തെടുത്തു.
ചിരിച്ചു മറിഞ്ഞവന്‍ തലപൊക്കി ചേച്ചിയെ ഒന്നൂടെ നോക്കി! പൊട്ടാറായിരുന്നവന്റെ പൊട്ടി!! മറ്റവന്റെ സ്റ്റക്കായ ബോണ്ടക്കഷണം തികട്ടിവന്ന ചിരിയുടെ പ്രഷറില്‍ "പ്‌ഫ..ഫ്" എന്നൊരു ശബ്ദത്തോടെ ബഹിര്‍ഗ്ഗമിച്ചു.
ചേച്ചീടെ സകല പിടീം വിട്ടെന്നുപറയണ്ടല്ലോ! പിന്നെ കേട്ടത് കടയില്‍ നിന്നു ഭയങ്കര ബഹളം. യുവാക്കളുടെ നേരെ കടക്കാരി ചേച്ചി കലിച്ചുതുള്ളുകയാണ്.
"പ്‌ഫ! എരണം കെട്ടവന്മാരേ...! നിന്റെയൊക്കെ അമ്മയോടു ചെന്നു ചോദിക്കെടാ, തെണ്ടികളേ! ...... *some text missing* "
കാരണം.......?
ട്രേയ്.......ന്‍! ഫ്‌ളാഷ്‌ബാക്ക്.
കടയുടെ പിറകിലായാണ് ചേച്ചിയും ചേട്ടനും താമസം. സ്വന്തമായി പശു ഉള്ളതിനാല്‍ ചായക്കടയിലെ ആവശ്യത്തിനുള്ള പാലിന് പുറത്തെങ്ങും പോകണ്ട. കടയിലെ ഭക്ഷണാവശിഷ്‌ടങ്ങള്‍ ന്ന്വച്ചാ കാടിയും മറ്റും പശുവിനു തിരിച്ചും കിട്ടും.
അപ്പൊ ഈ തൊഴുത്ത്-ചായക്കട-വീട് ത്രയം ഈ ദമ്പതിമാരാല്‍ ഒരു വിധം നന്നായി നടത്തപ്പെട്ടു വരവേയാണ് ഇനിപ്പറയുന്ന സംഭവം നടക്കുന്നത്.
അത്തച്ചി എന്നു നാട്ടുകാര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന, ഏകദേശം 45-50 വയസ്സുള്ള ഒരു പാവം മനുഷ്യന്‍ ഉണ്ട് ആ നാട്ടില്‍. ഇദ്ദേഹത്തിന്റെ തൊഴില്‍ പശുക്കറവയാണ്. നമ്മുടെ ചായക്കടയിലും ഇങ്ങേര്‍ തന്നെയാണ് കറവക്കാരന്‍. എന്നും അതിരാവിലെ(കടയില്‍ പാല്‍ കാലേകൂട്ടിവേണമല്ലോ) ഇദ്ദേഹം വരും. പാല്‍ കറന്നൊഴിക്കാനുള്ള പാത്രമൊക്കെ വീടിനു പുറത്തു തന്നെ ഇദ്ദേഹത്തിന്റെ സൗകര്യാര്‍ഥം വെച്ചിട്ടുണ്ടാവും. അങ്ങനെ ഇയാള്‍ നേരെ വന്നു പശുവിനെ കറന്ന് പാല്‍ പാത്രത്തില്‍ ഒഴിച്ചു വെച്ചിട്ട് അടുത്ത കറവത്തൊഴുത്ത് ലക്ഷ്യമാക്കി പോകും. അതാണു പതിവ്.
ഒരു ദിവസം, നമ്മടെ ഈ അത്തച്ചി പിഴിച്ചില്‍ദൗത്യത്തിനായി തൊഴുത്തില്‍ എത്തിയത് പതിവിലും അല്‍പം നേരത്തെ ആയിരുന്നു. പശുവിന്റെ അകിടു കഴുകാനുള്ള വെള്ളം നിറച്ച ഒരു ബക്കറ്റും പാല്‍ കറന്നൊഴിക്കാനുള്ള പാത്രവും എടുത്ത് അത്തച്ചി വരുമ്പോഴേക്കും പശുവും എണീറ്റ് തയ്യാറായി നില്‍ക്കുന്നതാണു ശീലം. എന്തരോ എന്തോ, അന്ന് അത്തച്ചി കൂട്ടില്‍ കയറിയിട്ടും പശു എഴുന്നേറ്റില്ല.
അത്തച്ചി പശുവിനെ ഒന്നു തൊട്ടും പിടിച്ചും ഒക്കെ നോക്കി. അവള്‍ ഉടനെ ഒന്നും എണീക്കാന്‍ കൂട്ടാക്കുന്നില്ല. അത്തച്ചിയുടെ ക്ഷമ കെട്ടു.
പശുക്കളോട് ഇടപെടുന്നവര്‍ക്കറിയാം അതുങ്ങളോട് അവര്‍ എപ്പോഴും വാല്‍സല്യപൂര്‍വ്വമേ പെരുമാറൂ. അത് അടി കൊടുക്കുവാണെങ്കില്‍ കൂടിയും. പശൂനെ വിളിക്കുമ്പോഴും ഒരു ഇണക്കത്തോടെ ഒക്കെയേ വിളിക്കൂ. അങ്ങനെ അത്തച്ചിയും വിളിച്ചു:
"ഡി, ഏക്കെഡി.. ഹും.. ഏറ്റേ..." പശു പക്ഷേ ഗൗനിച്ചില്ല.
അത്തച്ചി പശുവിന്റെ തുടയില്‍ വലതു കൈത്തലം കൊണ്ട് നോവിക്കാതെ രണ്ടുമൂന്നടി. മടിച്ചു നിക്കുന്ന പശുവിനെ സ്വയം ഫസ്റ്റ് ഗിയറിടാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ അടി എന്നു ലേഖകനും അനുഭവം ഉള്ളതാകുന്നു. അടിയോടൊപ്പം സ്വരം അല്‍പംകൂടി ഉയര്‍ത്തി:
"ഏക്കടി മോളേ... ഉം...ഏറ്റേ... എടി നിന്നോടല്ലെ പറഞ്ഞേ ഏക്കാന്‍?? ഹിങ്ങെണീക്കെഡീ!!"
"അത്തച്ചീ അത്തച്ചീ, എന്നാ അത്തച്ചീ ഈ പറേണേ..??" പൊടുന്നനെ ഒരു സ്ത്രീസ്വരം!!
അസമയത്ത് കളമൊഴി കേട്ടു ഞെട്ടിയ അത്തച്ചി ശബ്ദം കേട്ടിടത്തേക്ക് നോക്കുമ്പോ... ന്റെ റബ്ബേ! എന്നതാ?
അത്തച്ചി കൂട്ടിലുണ്ടെന്ന വിവരം അറിയാതെ ഉറക്കച്ചടവോടെ വന്ന് തൊഴുത്തിന്റെ ഒരു വശത്ത് പെടുക്കാനിരുന്ന ചേച്ചി, തെറുത്തുകയറ്റിയ നൈറ്റിയുമായി അത്തച്ചിയുടെ നേരെ നിന്നു പകച്ചു നോക്കുന്നു!!!!
_______________________________________________________
വാല്‍ക്കഷണങ്ങള്‍:
1. എങ്ങനീയിക്കഥ നാട്ടില്‍പ്പാട്ടായി എന്നതിന് എന്റെ ഒരൂഹം: രസതന്ത്രം സിനിമയിലെ ഇന്നസെന്റിന്റേതു പോലെ രഹസ്യം സൂക്ഷിക്കാന്‍ പറ്റാത്തത്ര ഇന്നസെന്റായ ഒരു മനസ്സാവും അത്തച്ചിക്കുണ്ടായിരുന്നത്.
2. അത്തച്ചീടെ കറവയുടെ ഗതിയെന്തായി എന്ന് പറയേണ്ട കാര്യമില്ലല്ലോ.
3. പയ്യന്മാര്‍ കുളിക്കാന്‍ ആളാംവീതം ഡെറ്റോളും സോപ്പും വാങ്ങിക്കൊണ്ടാണ് വീട്ടിലേക്കുമടങ്ങിയത്.
No comments:
Post a Comment
'അതേയ്... ഒരു വാക്കു പറഞ്ഞേച്ച്...'