1) ഇന്ദി!
അന്തോണിയും കുറെ കുടുംബ സുഹൃത്തുക്കളും കൂടി ഒരു നോര്‍ത് ഇന്ത്യന്‍ ടൂറിനു പോയി. അവിടാണേല്‍ മുടിഞ്ഞ തണുപ്പ്. ഗഡികളെല്ലാം കൂടി അറ്റകൈക്ക് ഒരു ബാറില്‍ കയറി. കൂട്ടത്തില്‍ രണ്ടുമൂന്നു പേര്‍ ഹിന്ദിയും ഇംഗ്ലീഷും അറിയാവുന്നവരായി ഉണ്ടായിരുന്നതിനാല്‍ കമ്മ്യൂണിക്കേഷന് ഒരു പ്രശ്നവും ഉണ്ടായില്ല. എന്നിരുന്നാലും വാളയാര്‍ കഴിഞ്ഞതോടുകൂടി അന്തോണിക്ക് അല്‍പമൊക്കെ അപകര്‍ഷതാ ബോധം തോന്നിത്തുടങ്ങി. വിദ്യാഭ്യാസം പണ്ടേ കുറവാ. ഇംഗ്ലീഷ് അറിയാമായിരുന്നെകില്‍ അല്‍പം ഭേദമായിരുന്നു. പുറംനാട്ടിലൊന്നും പോയി തങ്ങിയോ ജോലി ചെയ്തോ പരിചയവും ഇല്ല. അല്‍പം തമിഴാണ് മലയാളം കഴിഞ്ഞാല്‍ വഴങ്ങുന ഏക ഭാഷ. അതുകൊണ്ട് വടക്കുചെന്നിട്ട് എന്തു കാര്യം? മൊത്തത്തില്‍, ഒരു ബീഡി വാങ്ങാന്‍ പോലും ദ്വിഭാഷിയെ വെക്കണം എന്ന അവസ്ഥ. എന്തായാലും മച്ചാന്മാര്‍ ബാറില്‍ കയറിയിരുന്ന് അടി തുടങ്ങി. കോച്ചുന്ന തണുപ്പത്ത് നല്ല ലോക്കല്‍ സാധനം ആണ് പൂശുന്നത്. അങ്ങനെ ഒരു ലെവലായപ്പോ അന്തോണിക്കും ഒരു പൂതി. തനിക്കും ഇന്ദി സംസാരിക്കണം. അന്തോണി ഒരു ഇരയെ തപ്പി. നോക്കുമ്പോ ദാ, മേശയാകെ അലങ്കോലമായിക്കഴിഞ്ഞു. തിരിഞ്ഞുനോക്കി അന്തോണി മേശ തുടയ്ക്കുന്ന ചെക്കനെ വിളിച്ചു -
"ഹെയ്, ക്ലീന്‍ ചെയ്യുന്ന ആദ്‌മീ, ഇങ്ങാട്ട് വാ!"
അദ്ഭുതം! പുള്ളി കേട്ടു, വന്നു, നീറ്റായി മേശ തുടച്ചു. അന്തോണിക്ക് അതോടെ ഭാഷ അറിയാത്തതിന്റെ വിഷമം തീര്‍ന്നു.
2) ആട്ടിറച്ചി
അന്തോണിക്ക് ഇംഗ്ലീഷ് തീരെ അറിയില്ല എന്നും ധരിക്കരുതു കേട്ടോ. അതാണ് ഇനി പറയാന്‍ പോകുന്നത്. മകന്‍ ആഭാസ്‌കുമാറിന്റെ ചെറുപ്പകാലത്ത്, ഒരുനാള്‍ അന്തോണിയും ആഭാസും കൂടി ഒരു കല്യാണത്തിനു പോയി. സദ്യ നോണ്‍-വെജ് ആയിരുന്നു. തുടക്കം അപ്പവും മട്ടണ്‍ ചാപ്സും! മട്ടണ്‍ ചാപ്സ് അത്ര പതിവുള്ള ഒരു വിഭവം അല്ലാത്തതിനാല്‍ ആഭാസ് ചോദിച്ചു 'അപ്പാ ഇതെന്നാ ഇറച്ചിയാ' എന്ന്.
"ആട്ടിറച്ചി" അന്തോണിയുടെ മറുപടി.
"ആടിനു ഇംഗ്ലീഷില്‍ 'ഗോട്ട്' എന്നല്ലേ പറയുക പിന്നെ എന്തിനാ 'ഗോട്ട് ചാപ്സ്' എന്നു പറയാതെ 'മട്ടണ്‍ ചാപ്സ്' എന്നു പറയുന്നെ?" തികച്ചും ന്യായമായ ചോദ്യം.
അന്തോണി ദശയുള്ള രണ്ട് പീസ് നോക്കി മകനു വിളമ്പിക്കൊടുത്തിട്ട് ഒന്നാലോചിച്ചു. എന്നിട്ടു പറഞ്ഞു.
"എടാ, സാധാരണ കശാപ്പു ചെയ്യുന്നത് ആണാടിനെ അല്ലേ?"
"അതെന്താ പെണ്ണാടിനെ കശാപ്പു ചെയ്യാത്തെ?" ഇതാണു പിള്ളാരടെ കുഴപ്പം. ഒരു കാര്യം പറഞ്ഞുവരുമ്പോ അതിനെടേക്കൂടെ വേറെന്തെങ്കിലും എടുത്തിടും.
"എടാ, പെണ്ണാട് എപ്പോളും പ്രസവവും കുഞ്ഞുങ്ങളും കറവയുമൊക്കെയായിട്ടു ബിസി ആയിരിക്കും. അതുകൊണ്ടാ മെയിനായിട്ടും ആണാടിനെ എറച്ചിക്ക് തട്ടുന്നത്!"
"ഉം.."
"നമ്മള് ആണാടിനു പറയുന്ന പേരെന്താ?"
"വിക്രു!"
"ഹോ! എടാ അതു നമ്മടെ വീട്ടിലെ ആടിന്റെ പേര് അല്ലേ? ഞാന്‍ ചോദിച്ചത് ആണാടുകള്‍ക്കു പൊതുവേ പറയുന്ന പേരാ!"
"ഓ... മുട്ടനാട്!"
"ആ, ഈ ചാപ്സും റോസ്റ്റും ബിരിയാണീം ഒക്കെ ഉണ്ടാക്കാന്‍ സാധാരണയായി പൂശുന്നതു മുട്ടനാടിനെ ആയിരിക്കും. 'മുട്ടനെ' തട്ടീട്ട് ഉണ്ടാക്കുന്ന ബിരിയാണി 'മുട്ടന്‍ ബിരിയാണി'. അതു ഇംഗ്ലീഷില്‍ ആക്ക്യപ്പോ മട്ടന്‍ ബിരിയാണി. അത്രേള്ളൂ!" പറഞ്ഞു നിര്‍ത്തിയിട്ട് അന്തോണി ചോറിലേക്കു കടന്നു. പക്ഷേ, മകന്‍ വിടാന്‍ ഭാവമില്ലായിരുന്നു.
"അങ്ങനെയാണെങ്കില്‍ എന്താ കോഴി ബിരിയാണിക്കു 'കോക്ക് ബിരിയാണി' എന്നു പറയാതെ ചിക്കന്‍ ബിരിയാണീന്നു പറയുന്നെ?"
"എടാ, നമ്മള്‍ കഴിഞ്ഞ ക്രിസ്‌മസ്സിനു വീട്ടില്‍ കറിവെച്ച പൂവനെ ഓര്‍ക്കുന്നില്ലേ? അവന്‍, ഒരു ഒത്ത പൂവന്‍ അല്ലാരുന്നോ? അവന് എന്തു പ്രായം ഉണ്ടാരുന്നു എന്നറിയാമോ? രണ്ട് വയസ്സ്! എന്നാലോ, ഈ ബ്രോയിലര്‍ കോഴി ഒണ്ടല്ലോ? അതിനെയൊക്കെ നാല്‍പ്പതു നാല്‍പ്പത്തഞ്ചു ദിവസം കൊണ്ട് ഹോര്‍മോണൊക്കെ കുത്തിവെച്ച് നിര്‍ബന്ധിച്ച് ഇറച്ചി വെയ്‌പ്പിക്കുന്നതാ. വലിപ്പത്തില്‍ മുറ്റാണെങ്കിലും മനസ്സുകൊണ്ട് കോഴി ചെറുപ്പമായിരിക്കും. ആണായാലും പെണ്ണായാലും. അവറ്റോളെ പൂവനോ പെടയോ എന്നൊന്നും പറയാനുള്ള പരുവം ആയിട്ടില്ലാരിക്കുമെന്നേ... ഡാ.. ആ മെഴുക്കുപെരട്ടി ഇങ്ങു തന്നേ.. ആ.. അതൊക്കെ കുഞ്ഞു കോഴികള്‍ മാത്രമാ. അപ്പോ പിന്നെ അവറ്റകളെ ചിക്കന്‍ എന്നല്ലേ പറയാമ്പറ്റൂ? കറിവെക്കുമ്പോള്‍ ചിക്കന്‍ കറി എന്നും?"
ആഭാസ് എല്ലാം മനസ്സിലായി എന്നയര്‍ഥത്തില്‍ തലയാട്ടിക്കൊണ്ട് ചിക്കന്‍ റോസ്റ്റ് സ്വന്തം പാത്രത്തിലേക്കു പകര്‍ന്നു. അനന്തരം അച്ചാര്‍ ഒന്നു തൊട്ടുനക്കി, ചോറിനിട്ട് അടുത്ത പിടി പിടിച്ചു.
നന്നായിട്ടുണ്ട്..വ്യത്യസ്ഥമായി തോന്നി..ആസംസകള്‍...!
ReplyDeleteThis comment has been removed by the author.
ReplyDeleteഹ..ഹ....ഹ......കൊള്ളാം.
ReplyDelete