അന്തോണിയുടെ വീട്ടില്‍ അയാളും മൗനവും തമ്മില്‍ത്തല്ലി. അയല്‍കൂട്ടം അച്ചാമ്മ വിവരമറിഞ്ഞതിനു ശേഷമുള്ള നാല്‍പ്പത്തഞ്ചാമത്തെ നെടുവീര്‍പ്പ് ഫിനിഷ് ചെയ്തു. തൊഴുത്തിലെ കന്നുകാലികള്‍ അമറാതെ തലതാഴ്ത്തി നിന്നു. ഇളയമക്കള്‍ ആഭാസ് കുമാറും കൊച്ചുറാണിയും ടിവി ഓഫ് ചെയ്ത് സ്വന്തം മുറിയില്‍ ചടഞ്ഞുകൂടി. ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ കൂട്ടില്‍ കിടന്നു രണ്ട് അങ്കവാലന്‍ പൂങ്കോഴികള്‍ മാത്രം ആര്‍ത്തു കൂവി. മൂത്തവന്‍ ജോണിക്കുട്ടിയുടെ പൊടി പോലും കാണാനില്ല.
താടിക്കു കയ്യും കൊടുത്തിരുന്നാണെങ്കിലും അന്തോണി ഇടതടവില്ലാതെ മകന്‍ ജോണിക്കുട്ടിയെ പുലഭ്യം പറഞ്ഞു.
"വെളിവു കെട്ടവന്‍, അങ്ങനെ വേണം ... ഹല്ല പിന്നെ... പാലു കൊടുത്ത കൈക്കു തന്നെ തിരിഞ്ഞു കൊത്തീതല്ലേ... ആര്‍ക്കു പോയി? അന്തോണിക്കൊരു ചുക്കും ഇല്ല.... അവനിങ്ങു വരട്ടെ. കുറെ നാളായി അവന്‍ നേരാം വണ്ണം വീട്ടില്‍ ഒന്നുറങ്ങിയിട്ട്. കള്ളനെപ്പോലെ പാത്തും പതുങ്ങീമാ വരവ്..? എന്നതാ കാര്യം? കൊള്ളരുതാഴികയല്ലോ ചെയ്യുന്നെ. കാര്‍ന്നോന്മാരടെ മുന്നില്‍ പിന്നെ വരാമ്പറ്റുവോ? നന്ദി കെട്ടവന്‍.. ഫൂ!!"
അന്തോണി മടിയില്‍ നിന്നും ഒരു ജ്യോതിമാന്‍ ബീഡി കൂടി എടുത്ത് തീ പിടിപ്പിച്ചു. ഒരു പുക ആഞ്ഞു വലിച്ചൂതി.
"എടിയെ.. എടീ.." അകത്തേക്കു നോക്കി ഭാര്യയെ വിളിച്ചു. അനക്കമൊന്നുമില്ല.
"എടിയേ നിനക്കെന്നാ വിളികേട്ടാല്?? ഏ? നീയെന്നാ പുഴുങ്ങിക്കോണ്ടിരിക്കുവാ അകത്ത്?"
എന്നിട്ടും അച്ചാമ്മ ഒരക്ഷരം മിണ്ടിയില്ല. കുടുംബശ്രീ യോഗങ്ങളില്‍ ഘോരഘോരം അലയ്ക്കുന്ന ആളാണ് മൗനവ്രതത്തിലിരിക്കുന്നതെന്നു വായനക്കാരോര്‍ക്കണം.
"എടീ എവിടെപ്പോയെടീ നിന്റെ പുന്നാരമകന്‍? കോനിക്കുട്ടി..! മുടിയാനുണ്ടായവന്‍ എവിടെപ്പോയെന്നാ ചോദിച്ചത്..?"
കൂട്ടില്‍ കിടന്ന കൈസര്‍ 'ഒന്നു മിണ്ടാതിരിക്കാവോ' എന്നയര്‍ത്ഥത്തില്‍ അന്തോണിയുടെ നേരേ തലപൊക്കി ഒന്നു നോക്കി, വീണ്ടും കണ്ണടച്ചു കിടന്നു.
"എടീ അച്ചാമ്മേ, ആ നശിച്ചവനെന്തിയേന്ന്?"
"എനിക്കറിയത്തില്ലെന്ന് ഞാനാദ്യമേ പറഞ്ഞു കെട്ടോ മനുഷ്യാ!!" അച്ചാമ്മയുടെ ശബ്ദം അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കു വന്നു. ഉണ്ടായ ഞെട്ടല്‍ മറയ്ക്കാന്‍ അന്തോണി ബീഡി ഒന്നുകൂടി ആഞ്ഞുവലിച്ചിട്ട് ആരോടോ അരിശം തീര്‍ക്കാനെന്നപോലെ വലിച്ചെറിഞ്ഞു.
"അവനിങ്ങു വരട്ടെ. ഇനിയിപ്പോ എങ്ങോട്ടാ എറങ്ങിപ്പുറപ്പെടുന്നേന്നു കാണണമല്ലോ. അവനു കുടുംബത്തിന്റെ പാരമ്പര്യം ധിക്കരിക്കാം. എരണം കെട്ടവന്‍. നന്നാവില്ല എന്ന് എനിക്കന്നേ അറിയാമാരുന്നു. കണ്ടില്ലെ. ഗൊണം പിടിക്കില്ലാന്ന് നൂറുതരം പറഞ്ഞതാ.. എവടെ കേക്കാന്‍. അനുഭവിക്കണം അവന്‍!" അന്തോണിക്കരിശം തീരുന്നില്ല.
"ഇങ്ങനെ പ്‌രാകാതെ മനുഷ്യാ, ഒന്നുമല്ലേലും അതും നിങ്ങടെ മോന്‍ തന്നെയല്ലേ!"
"ഡീ, ഡീ, നീ കൂടുതലു വക്കാലത്തും കൊണ്ടു വരല്ലേ..! നീയൊറ്റ ഒരുത്തിയാ അവനെ ഇങ്ങനെ അഴിഞ്ഞാടാന്‍ വിട്ടത്. പെരയ്ക്കാത്തിരുന്ന റബര്‍ ഷീറ്റെടുത്ത് വിക്കാന്‍ നീയല്ലേടീ ഒത്താശ ചെയ്തത്? ഇപ്പോ എന്നായെടീ.? മിണ്ടിപ്പോകരുത് നീ.. അവനു വേണ്ടീട്ട് ഒരുത്തീം ഇവിടെ വാദിക്കണ്ടാ.. ഹാ!"
അച്ചാമ്മ സ്വരമടക്കി. മകനൊരു ആവശ്യം പറഞ്ഞപ്പോള്‍ വീട്ടിലിരുന്ന ഷീറ്റെടുത്ത് വിറ്റോളാന്‍ അനുമതി കൊടുക്കുകയും അപ്പനെക്കൊണ്ട് സമ്മതിപ്പിച്ചോളാമെന്നു ഏല്‍ക്കുകയും ചെയ്തതാണ് അച്ചാമ്മ. ഷീറ്റ് മകന്‍ എടുത്തു വില്‍ക്കുകയും കാര്യമറിഞ്ഞപ്പോള്‍ അന്തോണി മറുകുറ്റി തിരിയുകയും ചെയ്തതോടെ അച്ചാമ്മ പ്രതിരോധത്തിലായി. മകനാകട്ടെ അപ്പന്റെ മുഖത്തു നോക്കാന്‍ കെല്‍പ്പില്ലാതാകുകയും ചെയ്തു.
"അവനും അവന്റെയൊരു ബള്‍ബും... മുടിക്കാനൊണ്ടായ സന്തതി!!" അന്തോണി ചീത്ത പറച്ചില്‍ തുടര്‍ന്നു.
"കള്ളുഷാപ്പ് അവധിയല്ലാരുന്നേല്‍ ഇങ്ങേരു നാലെണ്ണം പൂശി എവിടെയെങ്കിലും ചാഞ്ഞേനെ. ഇതിപ്പോ അതിനും യോഗമില്ലല്ലോ ഈശോയേ..!" അച്ചാമ്മ പരിതപിച്ചു.
വേലിക്കപ്പുറത്തെ ഇടവഴിയിലൂടെ ഒരു സംഘമാളുകള്‍ ആര്‍ത്തിരമ്പി നീങ്ങി. അവര്‍ അലറി വിളിച്ചു.
"ആരാ ആരാ കരയുന്നെ?
ഞാനാ ഞാനാ റിബലാണേ
അയ്യോ റിബലേ പേരെന്താ?
എന്നുടെ പേര് ജോണിച്ചന്‍!
എന്നാ ജോണീ കരയുന്നേ?
ബെന്നിച്ചനെന്നെ തോല്‍പ്പിച്ചേ!!"
"പെട്ടീ പെട്ടീ ശിങ്കാരപ്പെട്ടീ
പെട്ടി തുറന്നപ്പോ ജോണിച്ചന്‍ പൊട്ടി
ഫ്യൂസായേ ബള്‍ബ് ഫ്യൂസായേ
ജോണിച്ചന്റെ ബള്‍ബ്ബ് ഫ്യൂസായെ
പൊട്ടിച്ചേ ബള്‍ബ് പൊട്ടിച്ചേ
കൈപ്പത്തി ബള്‍ബിനെ പൊട്ടിച്ചേ"
അങ്ങനെ സിറ്റിങ്ങ് മെംബര്‍ ജോണിച്ചന്‍ വേലിക്കല്ലില്‍ ഹൈക്കമാന്‍ഡിനോട് ഇടഞ്ഞ് റിബലായി വള്ളിക്കെട്ടുപാറ പഞ്ചായത്ത് ആറാം വാര്‍ഡില്‍ ബള്‍ബ് ചിഹ്നത്തില്‍ മല്‍സരിച്ച് വെടിപ്പായി തോറ്റ് 'മുന്‍ മെംബര്‍' എന്ന സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കൈലീം മടക്കിക്കുത്തി അന്തോണി ജാഥയ്ക്കൊപ്പം ചേര്‍ന്നു, കലിപ്പു തീരുമാറ് മുദ്രാവാക്യം ഏറ്റുവിളിച്ചു -
"ആരാ ആരാ കരയുന്നെ?
ഞാനാ ഞാനാ ജോണിച്ചന്‍
എന്നാ എന്നാ കരയുന്നേ?
ബെന്നിയെന്നെ തോല്‍പ്പിച്ചേ!!"
No comments:
Post a Comment
'അതേയ്... ഒരു വാക്കു പറഞ്ഞേച്ച്...'