Showing posts with label പ്രണയം. Show all posts
Showing posts with label പ്രണയം. Show all posts

Sunday, April 19, 2020

പെണ്ണുകാണൽ


രാവിലെ അരമനസ്സോടെയാണു ഒരുങ്ങിയത്; അതിന്റെ എല്ലാ നീരസവും എനിക്കുണ്ടായിരുന്നു താനും. ഞായറാഴ്ചയായിട്ടു സുഖമായിട്ട് ഒരു കറക്കം കിട്ടുന്നതിന്റെ രസം ഒരു വശത്ത്. പെണ്ണുകാണൽ പോലെ ഒരു ബോറു പരിപാടിക്ക് കൂട്ടു പോകുന്നതിന്റെ ചളിപ്പ് മറ്റൊരു വശത്ത്. അതും ഒരനിയന്റെ തുണക്കാരനായിട്ട്. എന്തു ചെയ്യാനാ, വിളിച്ചാൽ ഒഴിവാക്കാൻ വയ്യാത്ത കേസായിപ്പോയി.

“ഒൻപതു മണിയായിട്ടും ആടി തൂങ്ങി നിന്നോ കേട്ടോ... സമയത്തു ചെല്ലണം എന്നൊരു വിചാരമില്ല..” ശ്രീമതി പരാതിപ്രവാഹം തുടരുകയാണ്‌.

“പിന്നെ... പെണ്ണുകാണാനല്ലേ പോകുന്നത്, കല്യാണം കഴിക്കാനൊന്നും അല്ലല്ലോ. കൃത്യം മുഹൂർത്തം പാലിക്കാൻ?” എന്റെ കൗണ്ടർ.

“ദേ.. നമ്മുടെ കുടുംബത്തിൽ തന്നെ വെയ്റ്റിങ്ങിൽ ഒരു പാർട്ടിയെ വഴിയിൽ നിർത്തിയിട്ട് ആദ്യം വന്ന കൂട്ടരെ പെണ്ണു കാണിച്ചിട്ടുണ്ട് കേട്ടോ.. അതു കൊണ്ട് പറഞ്ഞ സമയത്ത് തന്നെ ചെല്ലാൻ നോക്ക്. എങ്ങാനും പത്തു പതിനഞ്ച് മിനിറ്റിൽ കൂടുതൽ താമസിച്ചാൽ നേരത്തെ തന്നെ ഒന്നു വിളിച്ചു പറഞ്ഞേക്കണം.”

എന്തിനും ഏതിനുമുള്ള അവളുടെ ഉപദേശം എനിക്ക് ഈർഷ്യ ഉണ്ടാക്കുമെങ്കിലും ഇതിലും ഒരു പോയിന്റുണ്ടെന്ന് എനിക്കു തോന്നി. സ്വന്തം പെണ്ണുകാണൽ കഥകൾ പോലും ശോകം സീനുകളാണ്‌. അതുകൊണ്ട് ഇത് ഒരു ബോറു പരിപാടിയാണെന്ന ചിന്ത എന്നിൽ പിന്നെയും പിന്നെയും പൊന്തി വന്നു.

രസം അതല്ല, കൂടെ വരുന്ന വിദ്വാനു പെണ്ണുകാണലേ ഇഷ്ടമല്ല. പെണ്ണുകാണൽ പോട്ടെ, സാമ്പ്രദായികമായ കല്യാണമേ ഇഷ്ടമല്ല. 'ഒരു രക്തഹാരമങ്ങോട്ടിടും, ഒരെണ്ണം ഇങ്ങോട്ടിടും, പാർട്ടി സൂക്തങ്ങൾ ഉറക്കെ ചൊല്ലും' ഈ ലൈനാകും അവന്റെ കല്യാണം എന്ന് കുടുംബവൃത്തങ്ങളിൽ ഒരു ശ്രുതി പണ്ടേയുണ്ട്. അതു പക്ഷേ അവന്റെ പാർട്ടിപ്രേമം കൊണ്ടായിരുന്നു. ഇപ്പോ പാർട്ടിയോട് വലിയ പ്രേമമില്ലെങ്കിലും ആദർശവാനായി ജീവിച്ചവൻ അതിൽ നിന്നും ഒട്ടും പിന്നോട്ട് പോയിട്ടില്ല എന്നാണ്‌ എന്റെ ധാരണ. പറ്റുമെങ്കിൽ ഇഷ്ടൻ തന്നെക്കാൾ പ്രായമുള്ള ഒരാളെ തന്നെ കെട്ടിക്കൂടെന്നില്ല. സാമ്പ്രദായികരീതിയെ വെല്ലുവിളിക്കാൻ ഇവൻ എന്ത് കടുംകയ്യും ചെയ്യും എന്നുറപ്പുള്ള അപ്പനും അമ്മയും ഇരുകൂട്ടർക്കും ഒത്തു പോകാവുന്ന മാർഗ്ഗങ്ങൾ തേടുന്നതിന്റെ ഭാഗമാണ്‌ ഈ ആദ്യ പെണ്ണുകാണൽ.

ഒരു ലോഡ് വ്യവസ്ഥകൾ വെച്ചിട്ടാണ്‌ ഇവൻ ഈ ചടങ്ങിനു ഇറങ്ങി പുറപ്പെട്ടതു തന്നെ. തുണ പോകേണ്ടത് ഞാനാണെന്ന് അറിഞ്ഞപ്പോൾ ഒഴിവാകുന്നെങ്കിൽ ഒഴിവാകട്ടെ എന്ന മട്ടിൽ ഞാനും അവന്റെ മുന്നിൽ കുറെ ഉപാധികൾ വെച്ചു. അതിൽ ഒന്നാമത്തേത് അലസമായ താടിയും മുടിയും പാടില്ല എന്നതാണ്‌. രണ്ട്, അലക്കിയ ഡ്രസ്സ് ധരിക്കണം; വൃത്തി വേണം എന്നതാണ്‌. മൂന്ന് തലേദിവസം കള്ളു കുടിക്കരുത്.... അങ്ങനെയങ്ങനെ. മുടിയാനായി അവൻ എല്ലാം സമ്മതിച്ചു. കാരണം മറ്റുള്ള ആരുടെയെങ്കിലും കൂടെ പെണ്ണു കാണാൻ പോകുന്നത് മൃതിയേക്കാൾ ഭയാനകം ആകാമെന്നത് തന്നെ. എന്തായാലും കാണാൻ പോകുന്നവനും കൂട്ടു പോകുന്നവനും ഒരുപോലെ താല്പര്യമില്ലാതെ ഈ പ്രഹസനത്തിനു ഇറങ്ങിത്തിരിച്ചു.

പെണ്ണിനെ ഇവന് ഇഷ്ടപ്പെട്ടാൽ തിരിച്ചു വീട്ടിൽ വരുന്നതിനു മുൻപു ചെലവു ചെയ്തേക്കാമെന്നാണ് എന്റെ ഓഫർ. ‘ഇന്നതു മിക്കവാറും കിട്ടീതു തന്നെ’ (മുതലാളിയുടെ മുഖത്തു പുച്ഛം)എന്നുറപ്പിച്ചാണ്‌ അവനും.

“എടാ, നീയൊക്കെ ഇതേതു കാലത്താ ജീവിക്കുന്നത്? ഇത്ര വയ്യാഴിക ആരുന്നേൽ നിനക്ക് കോഫീ ഷോപ്പിലോ പാർക്കിലോ വല്ലോം വെച്ചു പെണ്ണുകണ്ടാൽ പോരാരുന്നോ? അല്ലെങ്കിൽ ഒരു ദിവസം വല്ല റെസ്റ്റോറന്റിലേക്കും വിളിച്ച് ഒന്നിച്ച് ആഹാരം കഴിച്ചാൽ പോരാരുന്നോ?”

“എന്റെ പൊന്നുചേട്ടായീ.. ഞാൻ വീട്ടിൽ ആവതു പറഞ്ഞതാ അങ്ങനെ വല്ലോം ആണെങ്കിൽ ഞാൻ നല്ല കംഫർട്ടബിൾ ആയേനേന്ന്.. അപ്പോ പറയുവാ, അതവർ ഇങ്ങോട്ട് പറയാതെ നമ്മളെങ്ങനാ അങ്ങോട്ട് ആവശ്യപ്പെടുന്നേന്ന്?”

“ഇതൊക്കെ ഒരു പ്രശ്നമാണോഡേ?”

“ഒന്നെടപെടാൻ പറഞ്ഞാൽ ചേട്ടായിക്ക് വയ്യല്ലോ?”

“പൊന്നനിയാ... പോരുമ്പോൾ ഇഷ്ടപ്പെട്ടാലും ഇല്ലേലും നിനക്കു ചെലവു ചെയ്യാം. മാപ്പ്. മേലിൽ ഇങ്ങനെ ഒരു കോനാകൃതി ഉണ്ടാവാതെ നിന്നെ ഞാൻ കാത്തുകൊള്ളുകയും ആവാം. വാക്ക്.” വണ്ടി പാഞ്ഞു.

ഡിങ്കഭഗവാന്റെ അനുഗ്രഹത്താൽ നേരം വൈകാതെയും കഷ്ടപ്പാടുകൾ കൂടാതെയും ഞങ്ങൾ സ്ഥലത്തെത്തി.ഒരു തുടക്കക്കാരന്റെ എല്ലാ പതർച്ചയോടും കൂടി ആ ചടങ്ങ് നടന്നു. മനുഷ്യരുടെ എല്ലാ സെൻസറുകളും പ്രവർത്തിക്കുന്ന സമയമാണ്‌ ഇത്തരം സമയങ്ങൾ. ഞായറാഴ്ച ആയിക്കൊണ്ട് അയല്പക്കങ്ങളിൽ എവിടെയോ ബീഫ് വേകുന്നുണ്ടെന്ന് അവിടെ ചെന്നിറങ്ങിയതേ മനസ്സിലായി. പോർച്ചിൽ കിടന്ന കാറിന്റെയും സ്കൂട്ടറിന്റെയും നമ്പർ ഹൃദിസ്ഥമാക്കിയത് ഞാനും അവനും ഒരുപോലെ കഴിഞ്ഞു എന്ന് പിന്നീടുള്ള ഞങ്ങളുടെ ചർച്ചയിൽ വെളിവായി. കാർഷികപരമായി ഒന്നും ഇല്ല എന്നു തൊടിയിലെ ശുഷ്കിച്ച വാഴകളും വാടിയ ചേനകളും കാട്ടിത്തന്നു. വീടിന്റെ ഇടതുവശത്തായി കിണർ ഉണ്ട്. വച്ചിരിക്കുന്നത് ശേഷികുറഞ്ഞ പമ്പ്സെറ്റ് ആണെന്നതിനാൽ കിണറിനു വലിയ ആഴമില്ലെന്നും വേനലിലും വെള്ളത്തിനു വലിയ പ്രയാസമില്ലെന്നും കണക്കു കൂട്ടി. ഇടത്തരം വലിപ്പമുള്ള ഒരു കറിവേപ്പ് മുറ്റത്തോട് ചേർന്നു പറമ്പിൽ ഉള്ളതായും അതിൽ നിന്നും പതിവായി ഇല നുള്ളാറുണ്ടെന്നും ലക്ഷണങ്ങൾ കൊണ്ട് വ്യക്തം. വീടിന്റെ ഏകദേശ പഴക്കം, വീട്ടുവളപ്പിന്റെ ഏകദേശ വിസ്തീർണ്ണം (സെന്റിൽ), അവിടെ നില്ക്കുന്ന മൂപ്പെത്താത്ത അഞ്ചോളം തേക്കുമരങ്ങൾ, മൂന്നു ജാതി, ഒരു ആഞ്ഞിലി എന്നിവ എന്റെ ഫസ്റ്റ് ലുക്കിൽ പെട്ടെപ്പോളേക്കും ഞങ്ങൾക്ക് അകത്തു കയറാനുള്ള ക്ഷണം വന്നു.

വീടിന്റെ പരിസരത്തും ഉള്ളിലുമായി പതിവുള്ള ഇറെഗുലാരിറ്റീസ് കാണൻ സാധിച്ചതിൽ ഇവരുടെ ലൈഫ് സ്റ്റൈലിൽ കൃത്രിമമായ ഒരു അഡ്ജസ്റ്റുമെന്റും ഞങ്ങളുടെ വരവ് പ്രമാണിച്ച് നടത്തിയിട്ടില്ല എന്നു വ്യക്തമായി. ഗൃഹനാഥനുമായി പത്തു വീതം ചോദ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നടത്തി. ഇങ്ങോട്ടുള്ള ചോദ്യങ്ങൾ പരമാവധി ഒഴിവാക്കാൻ അവന്റെ കുടുംബത്തെ പറ്റി വിക്കിപ്പീഡിയ പേജ് പോലെ ഞാൻ വിവരണം നല്കി. അതിനിടെ അവൻ ആ മുറി മുഴുവൻ ഒരു ഡിറ്റക്ടീവിനെ പോലെ നോക്കി വിലയിരുത്തുന്നുണ്ടായിരുന്നു. പ്രസന്റേഷൻ ബോധ്യപ്പെട്ടതിനാലാവണം അങ്ങേർ അവരുടെ കുടുംബത്തെപ്പറ്റി ഇങ്ങോട്ടും ഒരു ക്ലാസ് തന്നു. കേട്ടതു പോലെ ആൾ അധ്യാപകൻ തന്നെ. കുറെക്കാലമായി ചൊല്ലുന്ന പാഠം പോലെ ഉണ്ട് ആ വിവരണവും. ഭാര്യയെയും പരിചയപ്പെടുത്തിയ ശേഷം “തണുത്തത് എന്തെങ്കിലും കുടിക്കാൻ ആവാമല്ലേ” എന്ന മുഖവുരയോടെ നായികയെ വിളിച്ചു. ചമ്മലും മടിയുമൊക്കെ പതിറ്റാണ്ടു മുൻപേ പടിയിറങ്ങിപ്പോയവരുടെ കൂട്ടത്തിൽ നിന്നും ഒരു സ്മാർട്ട് പെണ്ണു വന്ന്‌ ട്രേയിൽ നിരത്തിയ ഗ്ലാസുകളിൽ ഓറഞ്ച് നിറമുള്ള ഏതോ ദ്രാവകം ഞങ്ങൾ ഇരുവർക്കും അച്ഛനുമായി നല്കി.

താങ്ക്സ് പറയാഞ്ഞതിനു ഞാൻ അവന്റെ നേരെ ഒന്നു നോക്കി. ടെൻഷനോ ചൂടോ കാരണം അവന്റെ മൂക്കിന്റെ തുമ്പത്ത് ഉരുണ്ടു കൂടിയ നേർത്ത വിയർപ്പു തുള്ളികളെ ഞാൻ മാത്രമേ കണ്ടുള്ളൂ. അവ യഥാസമയം നീക്കം ചെയ്യാൻ ഫാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു. ദ്രാവകം ഒരു സിപ് എടുത്തിട്ട് ഗ്ലാസ് ഞാൻ താഴ്ത്തി പിടിച്ചു. ഒള്ളത് പറയണമല്ലോ നല്ല സൊയമ്പൻ ഓറഞ്ച് ജ്യൂസ് ആ സമയത്ത് എന്തുകൊണ്ടും ഒരു അനിവാര്യത ആയിരുന്നു. പറഞ്ഞു കൊടുത്തത് പോലെ കുട്ടിയുടെ മുഖത്തു നോക്കി ഉടനെ തന്നെ ഗ്ലാസ് എടുത്തു, അടുത്ത സെക്കന്റിൽ ഒന്നുകൂടി നോക്കി, കുട്ടി പോയി അമ്മയുടെ അടുക്കൽ നിന്നു, ഞങ്ങൾ ഇരുവരും ഒരു തവണ ഗ്ലാസ് മൊത്തി.

ക്രിട്ടിക്കൽ മൊമന്റ് ഇതാണ്‌ എന്നു തിരിച്ചറിഞ്ഞ് ഞാൻ അനിയനെ എല്ലാവർക്കുമായി പരിചയപ്പെടുത്തി. അതേ സമയം അച്ഛൻ അമ്മയെ വിളിച്ച് മൂപ്പരുടെ ഒപ്പം ഇരുത്തി. സുഖശീതളമായ ജ്യൂസ് നുകർന്നുകൊണ്ട് ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കുടുംബ വൃത്താന്തങ്ങളും വ്യക്തി വിവരങ്ങളും ചോദിച്ചറിഞ്ഞു. കാര്യം, പേരും പഠിപ്പും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും അറിയാമായിരുന്നതു കൊണ്ട് അതിന്റെ വിശദാംശങ്ങളാണ്‌ കൂടുതലും ചോദിച്ചത്. അവൻ വല്ലാതെ വീർപ്പുമുട്ടുന്നുണ്ടെന്ന് എനിക്ക് സാഹചര്യത്തിന്റെ പിരിമുറുക്കം കാരണം തോന്നി. പെട്ടെന്നുതന്നെ ചെറുക്കനും പെണ്ണിനും സ്വകാര്യമായി സംസാരിക്കാനുള്ള സമയം അനുവദിച്ചു. അതൊരു പത്തിരുപതു മിനിറ്റ് നീണ്ടതിനാൽ എനിക്ക് അവനോട് എന്തെന്നില്ലാത്ത അമർഷം തോന്നി. “എന്താ ചൂട്, അല്ലെ” എന്ന ക്ലീഷെ സംഭാഷണോദ്ഘാടന ഡയലോഗ് മുതൽ തുടങ്ങിയിട്ട് എന്റെ റേഞ്ച് പോകുന്ന ഒരു ഘട്ടമെത്തിയപ്പോളാണ്‌ പന്തികേടില്ലാത്ത ഒരു പുഞ്ചിരിയുമായി നായിക മെയിൻ സ്റ്റേജിലേക്കു തിരികെ വന്നതും പിന്നാലെ അവൻ പ്രവേശിച്ചതും. ഉള്ളിടത്തോളം കാര്യങ്ങൾ ഓകെ ആണെന്നു കണ്ട്, ‘വീട്ടുകാരുമൊക്കെയായി സംസാരിച്ച് ബാക്കി നടപടികൾ ആലോചിക്കാം’ എന്ന് എങ്ങും തൊടാതെ, എന്നാൽ പോസിറ്റീവ് ആയ ഒരു മറുപടിയും കൊടുത്ത് ഞങ്ങൾ ഇറങ്ങി.

തിരിച്ചുള്ള യാത്രയിൽ അവനിൽ സമ്മിശ്ര വികാരങ്ങൾ ആയിരുന്നു. എന്തായാലും ചെലവ് എന്റെ ആയതു കൊണ്ട്, നിനക്കു ആളെ ഇഷ്ടപ്പെട്ടു അല്ലെ എന്ന് ചോദിച്ചു.

“ഇഷ്ടപ്പെട്ടൂ...” എന്നാലും എന്തോ ബാക്കി നില്ക്കുന്നു എന്ന മട്ടിൽ ആയിരുന്നു മറുപടി.

“സംഭവം ഒക്കെ കണ്ടിടത്തോളം കൊള്ളാം. താല്പര്യം ഉള്ള രീതിയിലാ എല്ലാവരും സംസാരിച്ചെ. എന്നാലും എനിക്കൊരു...” അവനു പിന്നെയുമെന്തെല്ലാമോ അങ്കലാപ്പ്.

“അതിപ്പോ നീ തിരക്കിട്ടു ഒന്നും തീരുമാനിക്കണ്ട. വീട്ടുകാരും കൂടി വന്നു കാണണമല്ലോ. അന്നും നിങ്ങൾ തമ്മിൽ സംസാരിക്കൂ. വേണമെങ്കിൽ പിന്നെ എപ്പോളെങ്കിലും പുറത്തെവിടേലും വെച്ചു കാണൂ. നിങ്ങൾ തമ്മിൽ ഒരു സിങ്ക് ആകും എന്നു തോന്നുന്നെങ്കിൽ മാത്രം നമുക്ക് മുന്നോട്ട് പോയാൽ മതി. എന്തു പറയുന്നു.?”

“ഉമ്മ്..” മൂളലിൽ അവന്റെമറുപടി ഒതുങ്ങി.

മുൻ ധാരണ പ്രകാരം ഞാൻ ബാറിന്റെ പാർക്കിങ്ങിലേക്ക് വണ്ടി കയറ്റി.

ഓരോ തണുപ്പൻ ബിയർ ഉള്ളിലേക്കിറങ്ങാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു.

“ചേട്ടായീ, ഈ യാതൊരു പരിചയവും ഇല്ലാത്ത ഒരാളെ പരിചയപ്പെട്ട്, ‘ഇഷ്ഠപ്പെട്ട്’ ഒക്കെയും കെട്ടുക എന്നു പറഞ്ഞാൽ ഒരു സീനാണ്‌ അല്ലെ?”

എന്താണ്‌ അവന്റെ നീക്കമെന്നറിയാതെ ഞാൻ ഉഴറി.

“ആ, ആണ്‌.. എന്നാലും , അങ്ങനെ ഒക്കെ അല്ലെ പൊതുവിൽ കാര്യങ്ങൾ?”

“അപ്പോൾ എന്റെ ചോദ്യം ഇതാണ്‌.. ആ സ്ഥിതിക്ക് നമ്മൾ എന്തിനു ലൈഫിൽ കോമ്പ്രമൈസ് ചെയ്യണം?”

“കവി ഉദ്ദേശിച്ചത്?”

“നമുക്കീ ആലോചന ഡ്രോപ്പ് ചെയ്യാം?”

ഞാൻ ഞെട്ടി. “എന്നിട്ട്.. അല്ലല്ല.. എന്തിന്‌...?”

“ഇവളു വേറെ ആരെയേലും കല്യാണം കഴിക്കട്ടെ..!”

“നീ..??”

“ഞാൻ ഇന്നാളു ഒരു ആൾടെ കാര്യം പറഞ്ഞില്ലേ? ഓർക്കുന്നുണ്ടോ?”

ഉദ്വേഗം കാരണം ഞാൻ ബീയർ മഗ് വേഗം കാലിയാക്കി.

“ആ.. ഒണ്ട്! പണ്ട്. അതിനു്? ആ കേസ് മാര്യേജിലൊന്നും എത്തില്ല; തീർന്നു; തകർന്നു എന്നൊക്കെ നീ തന്നെയല്ലേ പറഞ്ഞത്? എന്നിട്ടിപ്പോ?”

“ഞാൻ അവളെ ഒന്നുകൂടി വിളിച്ചു സംസാരിക്കട്ടെ. അവളാകുമ്പോ, എനിക്ക് അവളെയും അവൾക്ക് എന്നെയും അറിയാം.. അതു തന്നെയല്ലെ അതിന്റെ ഒരു ഇത്..?”

ഞാൻ അല്പ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. സംഭവം അവൻ പറഞ്ഞത് പോയിന്റാണ്‌.

“ഗുഡ് യാ. ആ സ്ഥിതിക്ക്... പിന്നെ.. ഒഴിച്ചുവെച്ച ബീയർ തണുപ്പു മാറും മുൻപേ അടിക്കുന്നതാണ്‌ ഇതിന്റെ ഒരത്!”

“ചേട്ടാ.. രണ്ടു ചിൽഡൂടെ പോന്നോട്ടെ. നാലു പൊറോട്ടയും ഒരു ബീഫ് റോസ്റ്റും ഒരു എഗ് ബുർജിയും കൂടെ!!”

(THE END)

Monday, February 10, 2020

കനിവുറവകൾ

പുറത്ത് അന്ധകാരമാണ്.
അജ്ഞതയുടെ ഒറ്റക്കരിമ്പടം കൊണ്ടു
സകലതും മൂടുന്ന അന്ധകാരക്കടൽ.
അതിൽനിന്ന് എന്റെ ഹൃദയത്തിലെ
നിനവിന്റെ നിലവറകളിലേക്ക്
വീതിയിലൊരു ചാലുകീറണം.
നിന്നെക്കുറിച്ചുള്ള ഓർമ്മകളെ, സങ്കല്പങ്ങളെ, സ്വപ്നങ്ങളെ
ഒഴുകിവരുന്ന ഇരുട്ടുകൊണ്ട് മുക്കിക്കളയണം.
കണ്ണീരിന്റെയത്ര കയ്പ്പില്ലെങ്കിലും
മടുപ്പിക്കുന്ന കടലുപ്പു കുടിപ്പിക്കണം.
അന്തമില്ലാത്ത തിരക്കുളിരിൽ
തളച്ച് ഇഞ്ചിഞ്ചായി കൊല്ലണം.
ശ്വാസത്തിനു പിടയുന്ന നിനവുകളുടെ പ്രാണൻ
കുമിളകളായി പൊങ്ങിപ്പൊട്ടുന്നത്
പുറത്താരും കേൾക്കാതിരിക്കാൻ
ഇടനെഞ്ചിലൊരു കൈ അമർത്തിപ്പിടിക്കണം.
ഒരു മൃദുസ്പർശനത്തിന്റെയോ സ്നിഗ്ധചുംബനത്തിന്റെയോ
ചൂടും ചൂരും ഓർമ്മയില്ലാത്ത
കൈത്തലം കൊണ്ടുവേണം നെഞ്ചമർത്താൻ.
ഇല്ലായ്കിൽ ആ ഓർമ്മക്കണികകൊണ്ട്
ഉള്ളിൽ നിനക്കുയിരുകിട്ടും.
ഹൃദയത്തിൽ നീ വെളിച്ചമായി നിറയും.

അത് വേദനയാണ്.
നിത്യനരകമാണ്.
പൊള്ളുന്ന ഓർമ്മകൾ നൽകുന്നത്
ഉണങ്ങാത്ത മുറിവുകളാണ്.
കാലാന്തരത്തിൽ പുഴുക്കൾ
മദിച്ചേക്കാവുന്ന മാരകവ്രണങ്ങൾ.

അതുകൊണ്ടു ഞാനെന്റെ പ്രാർഥന തിരുത്തട്ടെ:
ഉറവകളുടെ സത്യം വെളിവാകും മുൻപേ
എന്റെ സ്വന്തം ദാഹാഗ്നിയിൽ
ഞാൻ തന്നെ ദഹിച്ചമർന്നെങ്കിൽ!
പിന്നെയുമനങ്ങുന്ന പാതിവെന്ത മനഃശേഷിപ്പുകളിൽ
ഇരുൾനഞ്ചിറ്റിച്ചു ശാന്തിപകർന്നെങ്കിൽ!
സ്വച്ഛന്ദമൃത്യു.
Image courtesy : nowescape.com


Sunday, February 02, 2020

അതിവായന

എഴുതപ്പെടാത്ത വരികൾ വായിക്കാനുള്ള തിരക്കിൽ
നീ കാണാതെപോയ സ്നേഹാക്ഷരങ്ങളുണ്ട്.
ഒരു മാത്രയിൽ ഉയിരറ്റുപോയ സ്വരങ്ങളും
ഖരാദികളുടെ കടുപ്പംപേറിയ വ്യഞ്ജനങ്ങളും
അകമ്പടിക്കൊരുപിടി കൂട്ടക്ഷരങ്ങളും, പിന്നെ
വാശി മൂത്തു നീയെറിഞ്ഞുടച്ച ചില്ലുകളും.
നമ്മൾ-ലെ ചില്ലാണ് ആദ്യമുടഞ്ഞത്.
അവസാനത്തെ ഉമ്മയിൽ മ്മയും നിന്റെ സ്വന്തം.
ശേഷിച്ചതു നായാണ്.
നിന്റെ ശരികളുടെ പൂർണ്ണചന്ദ്രൻ ഉദിച്ചു നിൽക്കേ
ലോകം ആ കുളിരിൽ മയങ്ങി നിൽക്കേ
പെയ്യുന്ന നിലാവിൽ പൊള്ളലേറ്റ്
വേദനകൊണ്ട് കുരയ്ക്കുന്ന നായ.

എന്ന്,
വരികൾക്കിടയിൽ വായിക്കാതിരിക്കാൻ
ഒറ്റവരിയിൽ സ്വയം തളച്ച ഞാൻ.




picture courtesy : askideas.com

Friday, January 31, 2020

വൈകിയിറങ്ങുന്ന ചിലർ

പതിവുപോലെ ധൃതിയൊന്നുമില്ലാതെ ബാഗ് എടുത്ത് ഓഫീസിനു പുറത്തിറങ്ങി പഞ്ച് ചെയ്തതിനു ശേഷം ലിഫ്റ്റിനു നേരെ നടന്നു. നാലുനിലകളുടെ പടികൾ കയറി ഇറങ്ങുന്നത് ഈയിടെയായി കാൽമുട്ടുകളെ പിണക്കുന്നതുകൊണ്ടാണ്‌ ലിഫ്റ്റ് ഉപയോഗിക്കുന്നത്. മുകളിലെ നിലയിൽ നിന്നും ഊർന്നു വന്ന ലിഫ്റ്റിനു നിൽക്കാനും എന്നെ കയറ്റാനും മടിയുണ്ടോയെന്നു ഞാൻ സംശയിച്ചു. എന്നെക്കണ്ടപ്പോൾ ഉള്ളിൽ നിന്ന രണ്ടു യുവാക്കളുടെ സംസാരം ഒതുങ്ങി. അവരെ ഞാൻ ഓഫീസ് പരിസരങ്ങളിൽ പതിവായി കാണാറുള്ളതാണ്‌. ഞങ്ങൾ മൂന്നുപേർ മാത്രമാണ്‌ അതിനുള്ളിലുള്ളത് എങ്കിലും അവിടം ജനനിബിഡമാണെന്നും എന്നിട്ടും ഞങ്ങളെയാകെ ചൂഴ്ന്ന് ഒരു നിശബ്ദത തങ്ങി നിൽക്കുന്നുണ്ടെന്നും എനിക്കു തോന്നി.

താഴെ ലിഫ്റ്റ് വാതിൽ തുറന്നപ്പോൾ തെരുവിന്റെ ശബ്ദം നരിച്ചീറുകളെപ്പോലെ അതിനുള്ളിലേക്ക് ഇരച്ചുകയറി. എനിക്കു പിന്നാലെ പുറത്തു കടക്കവേ എന്നെക്കുറിച്ച് അവരെന്തെങ്കിലും അടക്കിപ്പിടിച്ചു സംസാരിക്കുണ്ടാകും. ഒരു പക്ഷേ അതിന്റെ സൗകര്യത്തിനു വേണ്ടിയാകണം പുറത്തിറങ്ങാൻ തിരക്കുകൂട്ടാതെ അവർ എനിക്കായി ക്ഷമിച്ചുനിന്നത്. അതിൽക്കവിഞ്ഞ് അവരെക്കുറിച്ചു യാതൊന്നും വിചാരിക്കാൻ മനസ്സിനെ അനുവദിക്കാതെ ഞാൻ ഇറങ്ങി നടന്നു.

നേരത്തെ അന്തിവെയിലിന്റെ ചൂട് അനുഭവിക്കേണ്ടി വരാറില്ലായിരുന്നു. ഈ പഞ്ചിങ്ങ് ഒരുതരം തളച്ചിടലാണ്‌. രണ്ട് വരകൾ അപ്പുറവും ഇപ്പുറവും വരച്ചിട്ട് ഓടിക്കളിക്കാൻ പരിധിവെയ്ക്കുന്ന ഒരു കളി പോലെ.. കാൽ നനച്ചു കുറുകെ നടന്നു പോകാവുന്ന ഒരു പുഴയ്ക്കുമീതെ മൂന്നടി വീതിയിലൊരു നടപ്പാലം പണിതപോലെ. ജോലിയുടെ ഒഴുക്കിനെ, സ്വാതന്ത്ര്യങ്ങളെ ഈ വരകൾക്കിടയിലേക്ക് പഞ്ചിങ്ങ് പരിമിതപ്പെടുത്തിക്കളഞ്ഞിട്ടുണ്ട്. ഞാനും അതിനോട് എങ്ങനെ പൊരുത്തപ്പെട്ടെന്ന് മനസ്സിലാകുന്നില്ല.

ഒന്നുമല്ലെങ്കിലും ഞാൻ കയറിച്ചെല്ലുന്ന നേരം അല്പം നേരത്തെയായല്ലോ എന്ന് ശ്രീമതി പറയാതെപറയുന്നുണ്ട്. അടുത്ത ക്വാർട്ടേഴ്സിലെ കുട്ടികൾ വന്നു തീർത്തില്ലായെങ്കിൽ ചില ദിവസങ്ങളിൽ കൗതുകത്തിനു അവളുണ്ടാക്കുന്ന നാലുമണിപ്പലഹാരങ്ങൾ രുചിക്കാൻ കിട്ടാറുണ്ട്. അടുത്തുള്ള രണ്ടു വീടുകളിലെയും കുട്ടികൾ കുടുംബമായി സിനിമ കാണാൻ പോയ ഒരു വൈകുന്നേരമാണ്‌ തണുത്തുപോയതെങ്കിലും അത്യന്തം രുചികരമായ പഴംപൊരി ആസ്വദിക്കാൻ സാധിച്ചത്. കാന്റീനിൽ നിന്നു കിട്ടുന്നതിനെക്കാൾ എന്തു ചേരുവ കൂടിയിട്ടാണ്‌ അതിത്ര രസികനാവുന്നത് എന്ന് അന്ന്‌ ഏറെ ഓർത്തിരുന്നു. വെളിച്ചെണ്ണയുടെയാകും.

ഇങ്ങനെ എന്തെല്ലാം കാര്യങ്ങളാവും ദൈനംദിന ജീവിതത്തിന്റെ രസമുകുളങ്ങളിൽ നിന്നും ഇക്കാലത്തിനിടെ അറ്റുപോയിട്ടുണ്ടാവുക. മുൻകാലങ്ങളിൽ ക്രമമായി സ്ഥാനക്കയറ്റങ്ങളും അതോടനുബന്ധിച്ചുള്ള യാത്രകളും പതിവായിരുന്നപ്പോൾ ഇങ്ങനെ നാനാവിധ രുചികൾ അറിയുവാൻ കഴിഞ്ഞിരുന്നു. ദേശങ്ങളുടെ, സംസ്കാരത്തിന്റെ, ഭാഷയുടെ, പെരുമാറ്റത്തിന്റെ, ഭക്ഷണത്തിന്റെ ഒക്കെ... ആ സമയമെല്ലാം ഇവളിതെവിടെ ആയിരുന്നു? ഇവൾക്കന്നു ശബ്ദമില്ലായിരുന്നോ? കുട്ടികളുടെ കലപിലകൾ ഞങ്ങൾക്കു ചുറ്റും ഇല്ലായിരുന്നപ്പോഴും? മൗനം ജനിപ്പിച്ച നിശബ്ദതയിൽ അവളുടെ നിശ്വാസം പോലും അലിഞ്ഞിരുന്നുവോ, മറഞ്ഞിരുന്നുവോ?


Picture Courtesy - https://enhues.bandcamp.com/

നഗരമാകട്ടെ വീടണയുന്ന ബഹളം നിറഞ്ഞ തിരക്കിലാണ്‌. തെരുവുകളിൽ ഇരുട്ടു പരക്കാൻ അനുവദിക്കാതെ കടകൾ പലനിറങ്ങളിൽ വെളിച്ചം നീട്ടിത്തുപ്പുന്നു. അവയെ ചവിട്ടിയരച്ചുകൊണ്ട് പായുന്ന മനുഷ്യരും വാഹനങ്ങളും. കൈകോർത്ത് പതിയെ നടക്കാമായിരുന്ന പാതയോരങ്ങൾക്കുപോലും ഇന്നെന്തൊരു വേഗമാണ്‌?! അതോ മുട്ടുവേദന എന്നെ പതുക്കെമാത്രം നടത്തുന്നതാണോ? കയ്യിൽ കോർത്തുപിടിക്കാൻ ഇപ്പോൾ ബാഗിന്റെ വള്ളി മാത്രമേയുള്ളെന്ന തിരിച്ചറിവാണോ? എന്തുതന്നെയായാലും എനിക്കു സാവധാനമേ നടക്കാനാവൂ.

മുപ്പതുകൊല്ലം മുൻപ്, ഡീസൽപ്പുകയുടെ മുഷിപ്പിക്കുന്ന മണം വഴിയിൽ നിറയുന്നതിനു മുൻപ് ഈ വഴികളിൽ ഉടനീളം നിരവധി മണങ്ങൾ ഉണ്ടായിരുന്നു. മണമില്ലാത്ത ഒരേയൊരു സ്ഥലം ലൈബ്രറിയുടെ പരിസരമായിരുന്നു. നല്ല ഗന്ധങ്ങളിൽ കേമം സ്വാമീസ് ഹോട്ടലിന്റെ സമീപത്തുകൂടി പോകുമ്പോൾ വന്നിരുന്ന നെയ്റോസ്റ്റിന്റെയും ഉഴുന്നുവടയുടെയും മണമാണ്‌. തെരുവോരങ്ങളിലെ ഉന്തുവണ്ടികളിൽ ആവികൊണ്ട് നിലക്കടല വേകുന്ന മണം. പാരാമൗണ്ടിൽ കോഴി മൊരിയുന്ന മണം. അമ്മൻകോവിലിലെ മഞ്ഞൾമണം. പിന്നെയും മണങ്ങൾ... മുല്ലപ്പൂവിന്റെയും അത്തറിന്റെയും അരിക്കടയുടെയും അനുസരണകെട്ട ഓടകളുടെയും വിയർത്തു തോർന്ന മനുഷ്യരുടെയും.

എനിക്കേതു മണമായിരുന്നിരിക്കണം? ദേഹമനങ്ങി ചന്തയിൽ പണിയുന്നവന്റെ വിയർപ്പു കുമിയുന്ന മണം ആവില്ലതന്നെ. അവൾ പറഞ്ഞതുവെച്ചു നോക്കുമ്പോൾ മുൻപെല്ലാം സിഗരറ്റിന്റെ മണമായിരുന്നു. എങ്കിലും അതിനിടയിൽ നിന്നും എന്റെ മീശയിലെ മണം അവൾ വേർതിരിച്ചെടുത്തിട്ടുണ്ട്. അപൂർവങ്ങളിൽ അപൂർവ്വമായി ആ ഗന്ധസ്മരണ അവൾ റീചാർജ്ജു ചെയ്യാറുണ്ടായിരുന്നു. അതോർത്തപ്പോൾ എനിക്ക് അറിയാതെ ചിരിവന്നു.

ഇരുപത്തഞ്ച് മിനിറ്റ് മാത്രം നടപ്പുദൂരമുള്ള ക്വാർട്ടേഴ്സിനെ ഇത്രയും കാലം മണിക്കൂറുകൾ അകലത്തേക്കു മാറ്റിനിർത്തിയത് എന്തായിരുന്നു? ഒന്നാം പ്രതി ലൈബ്രറി തന്നെ. ഭ്രമിപ്പിക്കുന്ന ഒരു ലോകം ഉള്ളിലൊളിപ്പിച്ച് തുറന്നിട്ട വാതിലുകളും ജാലകങ്ങളുമായി അത് വഴിയരികിൽ ഒരു ചെറിയ പുൽത്തകിടിക്കപ്പുറം നിന്നിരുന്നു. പിന്നെ മാർക്കറ്റും. പ്രത്യേകിച്ച് ആരോടും ബാധ്യത ഇല്ലാത്ത എന്നാൽ എല്ലാവരോടും സംവദിക്കുന്ന എല്ലാവരുടേതുമായ മാർക്കറ്റ് ഒരദ്ഭുതലോകമാണെന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. സസ്യാഹാരിയുടെയും മാംസാഹാരിയുടെയും ധനികന്റെയും പട്ടിണിക്കാരന്റെയും എല്ലാമാണ്‌ മാർക്കറ്റ്. ഇന്ന് പച്ചക്കറികളോ മറ്റു സാമഗ്രികളോ വാങ്ങാനില്ലാത്തതിനാൽ ഗൂഢമായ സന്തോഷമുണ്ടായി എനിക്ക്.

കാക്കത്തൊള്ളായിരം ദൈവങ്ങളിൽ നിന്നും ഏറ്റവും ഇഷ്ടപ്പെട്ട നാലു പേരെ സ്വാർഥമായി തിരഞ്ഞുപിടിച്ച് ശ്രീമതി ചില്ലിട്ടു വെച്ചിരിക്കുന്ന പ്രേയർ ഏരിയായിൽ വിളക്കു തെളിയുന്നതിനു മുൻപേ ഞാൻ വീടെത്തി. ഇന്നും നേരത്തെ വന്നോയെന്ന് വാക്കുകളില്ലാത്ത ഒരന്വേഷണം വാതിൽക്കൽ വെച്ചു തന്നെ അവളുടെ മുഖത്തു നിന്നും വായിക്കാനൊത്തു. നിർഭാഗ്യവശാൽ ഇന്നത്തെ സായാഹ്നത്തിന്‌ പഴംപൊരിയുടെ മണം ഉണ്ടായിരുന്നില്ല. പകരം, പീറ്ററിന്റെ വീട്ടിൽ നിന്നു കൊടുത്തയച്ച കുമ്പിളപ്പം ഉണ്ടായിരുന്നു. ചൂടു ചായയും കൂട്ടി അതു കഴിക്കുമ്പോൾ മറന്നുപോയിരുന്ന ചില ബാല്യകാലഗന്ധങ്ങൾ പിന്നെയും മനസ്സിൽ മുളച്ചുപൊന്തി. രാത്രികളിൽ ഉച്ചത്തിൽ പ്രാർഥിക്കുന്ന പീറ്ററിനോടും കുടുംബത്തോടും ആദ്യമായി എനിക്കു സ്നേഹം തോന്നി. ഒപ്പം പഴംപൊരി ഉണ്ടാക്കുന്നതിനു പറ്റിയ ഏത്തപ്പഴം നാളെ ഉറപ്പായും വാങ്ങണമെന്ന് നിശ്ചയിക്കുകയും ചെയ്തു.

നുറുക്കുഗോതമ്പിന്റെ കഞ്ഞിയും കുടിച്ച് എന്നുമുള്ള ചാനൽ വാഗ്വാദങ്ങൾക്ക് അധികം ചെവി കൊടുക്കാതെ ഞാൻ കിടന്നു. മക്കൾ വിളിച്ചോ എന്നു മാത്രമാണ്‌ ഊണുമേശയിൽ വെച്ച് അവളോട് ഞാൻ അന്വേഷിച്ചത്. മകൻ വിളിച്ചിട്ടു രണ്ടും മകളോട് സംസാരിച്ചിട്ടു നാലും ദിവസമായെന്ന് അവൾ പറഞ്ഞപ്പോൾ മാത്രമേ ഞാനും അക്കാര്യം ശ്രദ്ധിച്ചുള്ളൂ. പക്ഷേ പേരക്കുട്ടികളുടെ നേഴ്സറി വിശേഷങ്ങളും കുട്ടിക്കളികളും അവൾക്കെന്നും പറയാനുണ്ട്.

കുറെ നാൾക്കകം എന്റെ ദിനചര്യകൾ ഇതിനെക്കാൾ ഒതുങ്ങിപ്പോകുമെന്ന ഓർമ്മയിൽ ഞാൻ ചെറുതായി നടുങ്ങി. നഗരത്തിരക്ക് വിട്ട് ഒരു വീട് വാടകയ്ക്ക് അന്വേഷിക്കുന്നുണ്ട്. അതിനേക്കാൾ എനിക്കിഷ്ടം വിശ്രമജീവിതത്തിനായി ദൂരെ എവിടെയെങ്കിലും ചെറിയ ഒരു വീടു വാങ്ങിക്കുകയാണ്‌. അവൾക്കും അതാവും ഇഷ്ടം.

ഇന്നെന്താ നേരത്തെ കിടന്നതെന്ന് ചോദിച്ചുകൊണ്ടാണ്‌ അവൾ കിടക്കയുടെ അരികിലേക്കു വന്നതും ഇരുന്നതും. ഞാൻ നേരത്തെ ഉറങ്ങിക്കളഞ്ഞെങ്കിലോ എന്നു ഭയന്നാവണം ഒരു കയ്യിൽ എന്നും കഴിക്കേണ്ട ഗുളികയും മറുകയ്യിൽ വെള്ളവുമായി അവൾ വന്നത്. വെള്ളം കുടിച്ച് ഗ്ലാസ് തിരികെ നൽകുമ്പോൾ എങ്ങുനിന്നോ ഉയർന്ന നറുനീണ്ടിയുടെ മണം അവളുടെ മുടിയുടെ മണത്തിനു വഴിമാറിക്കൊടുത്തു. പതിവുകൾ തെറ്റുന്നതിനു അടിവരയിട്ട് അവൾ എന്നോട് ഒന്നുകൂടി ചേർന്നിരുന്നു.

“നിന്റെ മാറിനു നിലാവിന്റെ കുളിരാണെന്ന് മകൾ പണ്ടു പറഞ്ഞിട്ടുണ്ട്.”

ഞാൻ അന്ന്‌ അതുവരെ.. അല്ലല്ല, ഏറെ നാളായിട്ട്‌.. അവൾക്കു മാത്രമായി എന്തെങ്കിലും പറഞ്ഞത്‌ ഇത്‌ മാത്രമായിരുന്നു. ഒരു വിസ്മയച്ചിരിയാണ്‌ ആ മുഖത്തു കണ്ടത്‌. പിന്നെയവൾ കിലുകിലെ ചിരിച്ചു. മകൾ പണ്ടെങ്ങോ പറഞ്ഞതിൽക്കവിഞ്ഞ്‌ ശ്രീമതിക്ക്‌ രാമച്ചത്തിന്റെ മണംകൂടി ഉണ്ടെന്ന്‌ ഞാനറിഞ്ഞു.

Friday, January 17, 2020

മഴത്തുള്ളി

ചില സങ്കടങ്ങൾ മായ്ച്ചു കളയാൻ ചില സൗഹൃദങ്ങൾക്ക് ആകും.
മായ്ക്കാനാകാത്ത ചില സങ്കടങ്ങൾ തിളയ്ക്കുമ്പോൾ നിസ്സഹായതയോടെ നോക്കി നിൽക്കാനേ ചിലപ്പോൾ കഴിഞ്ഞെന്നും വരൂ. കനിവിറ്റുന്ന ഒരു വാക്കു തിരിച്ചു പറയാനാവാതെ, ഒരു നിമിഷത്തേക്കെങ്കിലും നിന്നെ പുണരാനാവാതെ, ശ്വാസം വിലങ്ങി ഞാൻ നിന്നിട്ടുണ്ട്. ചൂഴ്ന്നു നിന്ന നോവിൽ നിന്നും നിന്നെ പുറത്തെത്തിക്കാൻ എനിക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. എനിക്ക് ആകെ ഉള്ളത് നിന്നോടുള്ള സ്നേഹമാണ്. പ്രണയമാണ്. അഭിനിവേശമാണ്. അടങ്ങാത്ത കൊതിയും ദാഹവുമാണ്. എനിക്കു പെയ്തിറങ്ങാനും ആയിരം പച്ചനാമ്പുകളായി തളിർത്തുയരാനുമുള്ള ഭൂമീ, ഞാൻ ഉതിരുന്നത് നിനക്കായി മാത്രമാണ്. നിന്നിൽ പെയ്തു കുതിർന്നു പടരുന്നതാണെന്റെ ജന്മസാഫല്യം.

Thursday, October 18, 2018

കടലിന്റെ ആഴങ്ങളിൽ..

നേരം വെളുക്കുന്നതിന്റെ കലപില ശബ്ദങ്ങൾ ഉയർന്നു തുടങ്ങിയിരുന്നു. ബേസ്മെന്റിൽ വണ്ടി പാർക്ക് ചെയ്ത് ലിഫ്റ്റ് കയറി. മനസ്സ് വല്ലാതെ കലങ്ങിയിരുന്നു. നെഞ്ചിൽ ഒരു കനം തൂങ്ങിയിരിക്കുന്നു. അതേ സമയം എന്തെല്ലാമോ ഭാരങ്ങൾ ഒഴിഞ്ഞും പോയിരിക്കുന്നു.

ഉറക്കക്ഷീണം ഉണ്ട്.. എന്നാലും ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. എന്തൊരു രാത്രിയായിരുന്നു കഴിഞ്ഞു പോയത്.

ലിഫ്റ്റ് ഫ്ലോറിലെത്തി. വിജനമായ ഇടനാഴി കടന്നുചെന്ന് വാതിൽ തുറക്കാൻ എനിക്ക് തോന്നിയതേ ഇല്ല. ഉള്ളിൽ ഭയപ്പെടുത്തുന്ന ഒരു ശൂന്യതയുണ്ട്. ഇന്നു വരെ ഒട്ടും ശല്യപ്പെടുത്താതിരുന്ന, ഞാനാസ്വദിച്ചുകൊണ്ടേ ഇരുന്ന ആ ശൂന്യതയെ ഇനി മുതൽ വേദനയോടെ.. ഹോ!

വാതിൽ തുറന്നു. ആ മുറിയിൽ, അല്ല, അപ്പാർട്ട്മെന്റ് നിറയെ, ഓർമ്മകളിൽ മാത്രമുണ്ടായിരുന്ന ഒരു വാസന നിറഞ്ഞിരുന്നു. അതു ചോരാതിരിക്കാൻ പെട്ടെന്നുതന്നെ വാതിൽ ചാരി.

കാലുകൾക്ക് ചലനമറ്റപോലെ. ഒറ്റരാത്രി കൊണ്ട് സ്വർഗ്ഗം വരെ പോയി, ഉടനെ ഭൂമിയിൽ മടങ്ങി വന്നപോലെ. കുറെ നേരം കണ്ണടച്ച് അതേ നില്പു നിന്നു.

മനസ്സൊന്നു തണുത്തപ്പോൾ ആദ്യം കണ്ടത് മേശപ്പുറത്ത് കിടന്നിരുന്ന ഒരു കൊറിയർ ആണ്. ഇന്നലെ കിട്ടിയപ്പോൾ തുറന്നു നോക്കാൻ സാധിച്ചില്ല. ഫ്രം അഡ്രസ്സ് കണ്ടതേ ആകാംക്ഷാപൂർവ്വം തുറന്നു... ഇതെന്താ ലൈറ്റോ? ഓ!
അണ്ടർവാട്ടർ ഡൈവിങ് ഹെഡ്ലൈറ്റ് ആണ്.. ജർമ്മൻ മേഡ്.. ഒപ്പം ഒരു കുറിപ്പും..

Ram ,
Hope is everything. Talk freely. Tell her everything you wanted to say.
Best wishes for the reunion.
And do come soon, before the north east monsoon ruins the mood.

-Shantanu
Lakshadweep Diving Academy.

Thursday, August 16, 2012

nenchodu cherthu => എന്നെന്നുമെന്നിൽ

‘യുവ്’ എന്ന ആല്ബത്തിലെ പ്രശസ്തമായ ‘നെഞ്ചോടുചേർത്തു പാട്ടൊന്നുപാടാൻ’ എന്ന ഗാനത്തിന്റെ ഈണത്തിന്‌ ഞാൻ നല്കിയ അക്ഷരച്ചാർത്ത്...
_____________________________________

എന്നെന്നുമെന്നിൽ പൂക്കുന്നു രാഗം
രാവിന്റെ മാറിൽ നിൻ ഗന്ധം
പാടാതെ പാടും നോവിന്റെ ഗീതം
കേൾക്കാതെ പോയോ നീയിന്നും?
ദേവതേ... ഈ കാറ്റിൻ ഈണവും
തേടിയോ... നിൻ നെഞ്ചിൻ നിസ്വനം
പദതാളത്തെക്കവരും ചിരിയോടെ കൊലുസിണകൾ
വിടരും മിഴിയിൽ അലിയും മൂകസാന്ദ്രം മേഘജാലം

നീലാമ്പൽ പൂ ചൂടും പൊയ്ക തന്നോരം
കണ്ണാലേ നീയേതോ കാവ്യം ചമച്ചൂ
കവിളിലെ നാണമോ സിന്ദൂരമായ്പ്പടർന്നൂ
കരളിലെ മോദമോ സുസ്മേരമായി
നീ നിന്നു അഴകായ്.. വിരിയും മലരായ്...

തേരേറിപ്പായുന്ന കാലത്തിനുണ്ടോ
സ്നേഹത്തിൻ നോവുള്ള ഓർമ്മയൊന്നെണ്ണാൻ
വർഷവും ഗ്രീഷ്മവും എത്രയോ മിന്നിമാഞ്ഞു
സ്മൃതികളായ് ഉതിരുമീ ശോകനിശ്വാസം
പൊഴിയുന്നൂ മഴയായ്.. നിനവായ്.. കനവായ്...

Thursday, July 26, 2012

അന്നും മഴയുണ്ടായിരുന്നു

അതെ. അന്നും മഴയുണ്ടായിരുന്നു. ഇന്നിനി പെയ്യണോ എന്ന ശങ്കയോടെ അറച്ചു പെയ്യുന്ന 2012 ലെ കാലവർഷത്തിന്റെ ചള്ളു സ്വഭാവമുള്ള മഴ. അതിന്നലെയായിരുന്നു. ജോലിസ്ഥ്ലത്തേക്കുള്ള പതിവു യാത്ര. തൊടുപുഴയ്ക്കു പോകുന്ന ടി.പി. 214ആം നമ്പർ കെ.എസ്.ആർ.ടി.സി. ബസിൽ ജനൽ ഷട്ടറുകൾ പുറത്തെ ചാഞ്ഞു വീഴുന്ന മഴത്തുള്ളികൾക്കും ആനുവാദം ചോദിക്കാതെ ഉടൽ തഴുകാൻ വരുന്ന നേർത്ത മഞ്ഞിനും മറയിട്ടു. ഇരമ്പുന്ന ലെയ്ലാൻഡ് എഞ്ചിൻ ഇടുക്കിയിലേക്കുള്ള കയറ്റിറക്കങ്ങളിലൂടെയും വളവുകളിലൂടെയും ഞങ്ങളെ തള്ളിക്കൊണ്ടുപോയി.

മുന്നിലെ വഴിയിൽ കാണുന്ന വളവിനപ്പുറം എപ്പോൾ വേണമെങ്കിലും പാഞ്ഞെത്താവുന്ന ഒരു ബസ്സിനോ ലോറിക്കോ ആപേയ്ക്കൊ കണ്ണുകൂർപ്പിച്ചു ഞാനിരുന്നു. ബസിന്റെ ചില്ലിൽ വീഴുന്ന ജലകണങ്ങൾ ഒരല്പനേരം അവിടിരുന്ന് കാറ്റിനെ പ്രണയിച്ച്, അവളാൽത്തന്നെ താഴെയേതോ അറിയാക്കയങ്ങളിലേക്കു വീണുമരിച്ചുകൊണ്ടിരിക്കുന്നു.

ബസ് പത്താം മൈൽ താണ്ടിക്കഴിഞ്ഞു. ഇറക്കമാണിനി ഇടുക്കി വരെ. ചെവിയിലൂടെ ഒഴുകിയിറങ്ങിയ സംഗീതം അപ്പോഴാണ്‌ സ്പിരിറ്റിലെ ‘മരണമെത്തുന്ന നേരത്തു’ എന്ന ഗാനത്തിലേക്ക് ചുവടുമാറിയത്...

... യാത്ര. ജീവിതവും യാത്ര തന്നെ. ഇപ്പോൾ ഞാൻ ചെയ്യുന്നതും യാത്ര തന്നെ. ചെറുതോണിയിൽ ഞാൻ ബസ്സിറങ്ങുമ്പോൾ എന്റെ യാത്രയുടെ ഈ പാദം മരിക്കുകയാണ്‌. മരണം. അകത്ത് ഷഹബാസ് അമന്റെ ഈണം പുതച്ച റഫീഖ് അഹമ്മദിന്റെ കവിത ഉണ്ണി മേനോന്റെ ശബ്ദത്തിലും പുറത്തു മടിച്ചു പെയ്യുന്ന ചാറ്റൽ മഴയും.

സിനിമയ്ക്കു പുറത്ത് ആദ്യമായാണു ഞാൻ ആ ഗാനം, അല്ല, കവിത കേൾക്കുന്നത്. ദാരുണമായ ഒരു മരണത്തിനു മറയിടാനാണ്‌ സിനിമയിൽ ഈ കവിത വിരിയുന്നതെങ്കിലും, നോക്കൂ, എത്ര ലോലമായ, സ്വച്ഛ സുന്ദരവും പ്രണയതരളവുമായ ഒരു മരണത്തെയാണ്‌ അതിൽ ആശിക്കുന്നതെന്ന്‌?

പൂർണ്ണമായും പ്രണയം കൊണ്ടല്ലെങ്കിലും ആ പാട്ടു കേൾക്കുമ്പോൾ തന്നെ ഞാൻ അതിലെ ഓരോ വരിയിലും കൊതിക്കുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുകയായിരുന്നു. മഴ കൊണ്ടു നനഞ്ഞ് റോഡിലേക്ക് തലനീട്ടി ഉള്ളു നിറയെ കയ്പുമായി കയ്പ്പൻ ചെടിയുടെ ഇലകൾ ബസിന്റെ പാർശ്വങ്ങളിൽ തഴുകുന്നുണ്ടായിരുന്നിരിക്കണം. ഞരമ്പുകളിൽ തിളയ്ക്കുന്ന ഡീസലിന്റെ ക്രൗര്യം ആറിച്ച് തെല്ലലസം ബസ് ഇറക്കമിറങ്ങിക്കൊണ്ടിരുന്നു. യൗവ്വനത്തിന്റെ ഉത്തുംഗത്തിൽ നിന്നും വാർധക്യത്തിന്റെ പടവുകളിറങ്ങുന്ന ഏതെങ്കിലും ഒരു ജീവിതം പോലെ.

പിന്നെയും ആ മോഹമരണസങ്കല്പങ്ങൾ, കനലുകൾ കോരിയ വിരലുകളിൽ ഒരു തലോടലാകുവാനും അന്ത്യശ്വാസത്തിലെ ഗന്ധമായി നിറയാനും ആരെങ്കിലുമൊക്കെ എല്ലാവർക്കും ഉണ്ടാവില്ലേ? ഓരോരുത്തരുടെയും പ്രിയപ്പെട്ടവരെയല്ലേ ലോകത്തോടു പിരിയുന്ന നേരങ്ങളിൽ ഓരോ മനസ്സും മരവിക്കുന്ന ഇന്ദ്രിയങ്ങൾ കൊണ്ട് അകലുന്ന ജീവനെ അളവില്ലാത്ത തൃഷ്ണയാൽ ഒരുവട്ടം കൂടി അറിയാൻ ശ്രമിക്കുക? നീ ഏതു മണം കൊതിക്കും? ഏതു തലോടലിനായി തുടിക്കും? ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ ഒടുക്കം ഏതു ചിത്രം പതിപ്പിക്കും? ഏതുമധുരസ്വരം കൊണ്ട് നിന്റെ കാതുകൾ മുദ്ര വെയ്ക്കും? ഏതു ദീപ്തസ്മരണ നിന്റെ സ്മൃതിയിൽ ഒരു മഴയായ് പൊഴിഞ്ഞു വീഴും? ഏതു പുണ്യം ചൂടിയ നാമം ചൊല്ലി നിന്റെ ചുണ്ടുകൾ പൂട്ടും? നടന്നയേതു വഴിയോർത്തു നിന്റെ പാദം തണുക്കും? ആ നിനവുകൾ, നിർവൃതികൾ - മതിയാവുമോ ഒന്നുകൂടി ഉയിർത്തെഴുന്നേല്ക്കാൻ?

ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി - എന്ന് ആരാണു പ്രാർത്ഥിച്ചു പോകാത്തത്?

ആഗ്രഹങ്ങൾക്ക് അവാസാനമില്ലാത്ത ഈ ലോകത്ത്, അടച്ചുമൂടിയ ആ ബസിനുള്ളിലിരുന്ന്, പുറത്തെ ചിണുങ്ങിപ്പെയ്യുന്ന മഴയെയും ഇളം മഞ്ഞിനെയും സാക്ഷിയാക്കി ഈ ചോദ്യങ്ങൾക്കെല്ലാം ഞാൻ ഉത്തരം മനസ്സിൽ കുറിച്ചിട്ടു. അതിനാൽ, കവി റഫീഖ് അഹമ്മദ്, നിങ്ങൾ ഒരു ദിവ്യനാണ്‌!

Thursday, March 29, 2012

മഴനീര്‍ത്തുള്ളികള്‍ പൊഴിയുന്നിനിയും

'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലെ 'മഴനീര്‍ത്തുള്ളികള്‍' എന്ന ഗാനത്തിന്റെ ഈണത്തില്‍ എന്റെ അക്ഷരസാഹസം.


പ്രണയം പൂവിടും നറു പനിനീര്‍ മണ്ഡപം
പുളകം ചൂടിയോ മലരടികള്‍ പുല്‍കവേ
സാഫല്യമായ്‌ നവ ചൈതന്യമായ്‌
നീയെന്‍ മലര്‍വ്വാടിയില്‍
പരിണയരാവിന്റെ യാമങ്ങളില്‍
മിഴികളില്‍ നീട്ടുന്നു പ്രേമാമൃതം
(പ്രണയം പൂവിടും)

പൂപ്പാല മേല്‍ രാപ്പാടിക്കും
മൗനത്തിന്‍ പരിരംഭണം
പാറിവന്ന തെന്നലും
പാരിജാത ഗന്ധവും
ഹിമകണമാര്‍ന്നു നിന്ന ജാലക-
പ്പാളിയോടിണങ്ങിയോ?
(പ്രണയം പൂവിടും)

നിറദീപങ്ങള്‍ കനകാംബരം
വിരിയിച്ച ശ്രീകോവിലില്‍
കൂപ്പുകൈദളങ്ങളാല്‍
കൂമ്പും പീലിക്കണ്‍കളാല്‍
കളഭച്ചേലില്‍ നിന്ന ദേവി നിന്‍
ഒരു ജന്മം വരമായി നേടി ഞാന്‍
(പ്രണയം പൂവിടും)

© http://www.olapeeppi.blogspot.in/ - M.S. Raj

Thursday, August 25, 2011

പ്രണയം ഭ്രമമാണെന്നു പറഞ്ഞവരോട്‌

അവന്‍ പറഞ്ഞത്‌:

കടല്‍ക്കരയിലെ കാറ്റില്‍ അവളുടെ ചുരുള്‍മുടി പാറുമ്പോള്‍
മഷിയെഴുതിയ അവളുടെ കണ്ണില്‍ പൂക്കുന്ന നാണവും
കുറുകിമിടിക്കുന്ന നെഞ്ചിന്റെ താളവും
നിങ്ങള്‍ അറിഞ്ഞുകാണില്ല.
അല്ലെങ്കില്‍, പെണ്ണെന്ന സുഗന്ധം നിങ്ങളുടെ നാസികയില്‍
പടര്‍ന്നുകയറി ഉണര്‍ത്തിവിട്ടത്‌
വിയര്‍പ്പില്‍ അലിഞ്ഞു പോകുന്ന ഏതെങ്കിലും ഹ്രസ്വവികാരമാവും.

അവള്‍ പറഞ്ഞത്‌:

പൂക്കള്‍ കൊഴിഞ്ഞു വീണതും അല്ലാത്തതുമായ
ഒറ്റയടിപ്പാതകളിലൂടെ നടക്കുമ്പോള്‍
അവന്‍ നിന്റെ കുസൃതിക്കൊഞ്ചലിനു കാതോര്‍ത്തിട്ടുണ്ടാവില്ല.
അമ്പലപ്പറമ്പിലെ കുപ്പിവളകളിലേക്കു നോക്കിയിട്ട്‌
'ഇതു വേണോ' എന്നു കണ്ണു കൊണ്ടു ചോദിച്ചിട്ടുണ്ടാവില്ല.
അല്ലെങ്കില്‍, വിരലുകള്‍ കോര്‍ത്തു നടന്നപ്പോഴും
നിന്നിലുണര്‍ന്നതു ഇനിയവന്റെ വിരലുകള്‍
എങ്ങോട്ടെന്ന വിചാരമാവും.

അവര്‍ പറഞ്ഞത്‌:

പ്രണയം സത്യമാണ്‌.
സത്യമില്ലാത പ്രണയം തകരുമ്പോള്‍
നിനക്കു നിന്റെ വിധിയോട്‌ പൊരുതാന്‍
പ്രണയത്തിന്റെ മെയ്ച്ചൂടു തരുന്ന
ഉച്ഛിഷ്ടമാണ്‌ ഭ്രമം എന്ന പദം.
നിന്റെയുള്ളില്‍ ഉള്ളത്‌ പരിഭ്രമം ആണ്‌.

ഞാന്‍ പറയുന്നത്‌:

ഭ്രമവും മതിഭ്രമവും പരിഭ്രമവും ഇല്ലാത്ത
മനസ്സില്‍ സ്നേഹം നിറയുന്നതാണ്‌ പ്രണയം.
പ്രണയത്തിന്റെ വിയര്‍പ്പാറുമ്പോള്‍
സ്നേഹത്തിന്റെ ഉപ്പുപരലുകള്‍ കാണണം.

Thursday, July 14, 2011

സ്വരമണ്ഡപത്തിലെ സോപാനഗായകന്‍

"ഏയ്‌ഞ്ചല്‍ വന്നില്ലല്ലോ?"

"ഇനി ഇന്ന്‌ ഇല്ലായിരിക്കുമോ?"

"അപ്പോപ്പിന്നെ പിള്ളാരെങ്ങനെ കോളേജില്‍ വരും?"

"പിന്നെ, എന്നു വെച്ചാ ബസുകാരടെ ആവശ്യമല്ലേ പിള്ളാരു കോളേജീ പോണംന്നുള്ളത്‌!"

"ഇന്നു ലേറ്റായിരിക്കുമെടേ!"

"പത്തുപത്തിനു വരുന്നതാണല്ലോ. പത്ത്‌ പതിനഞ്ചായി."

"ഇനിയിപ്പോ എപ്പഴേലും വരട്ടെ, നീയാ ചീപ്പൊന്നു തന്നേ.. ഞാന്‍ ഞാന്‍ ക്ലാസ്സില്‍ കേറാന്‍ പോവാ."

"എന്നാടാ ഇന്നിവനു പഠിക്കാനൊരു ശുഷ്കാന്തി?"

"ദേ, വിനോദേ നീ ചുമ്മാ ചൊറിയല്ലേ! എനിക്കു വയ്യ ഈ കോപ്പന്റെ ഓരോ തോന്ന്യാസത്തിനു ഇങ്ങനെ കൂട്ടിരിക്കാന്‍. അവന്‍ അശ്വതീനെ കാണാനാ ഇരിക്കുന്നെ. നീയൊക്കെ ആരെ കാണാനിരിക്കുവാ?"

"ഓ.. അങ്ങനെ ഒന്നുമില്ല. അരു വന്നാലും ഒന്നു കണ്ടേക്കാം. അല്ലിയോടാ?"

"പിന്നല്ലാതെ. നീ കേട്ടിട്ടില്ലേ, നാരീദര്‍ശനം പുണ്യം എന്നാ."

"നിന്റെയൊക്കെ നോട്ടോം കമന്റടീം യെവള്‍മാരടെ വീട്ടിലെ ആണുങ്ങള്‍ കാണ്ടാല്‍ പിന്നെ ആ പുണ്യം കൊണ്ട്‌ സന്യസിക്കാന്‍ പോയാമതി."

"ബസ്സു വരുന്നുണ്ടെടാ..!!"

"ഡാ.. നീ പൊക്കൊ.. ക്ലാസ്സില്‍ പൊക്കോ.. ഇവടെ നിക്കണ്ട..!"

"അതെ, ഡാ പടിപ്പിസ്റ്റേ.. പോടാ."

"അതെ... പോയി നാലക്ഷരം പഠിച്ചു നന്നാവെടാ."

"എന്തായാലും താമസിച്ചില്ലേടാ.. ഇനിയിപ്പോ ഈ അവറു കഴിയട്ടെ ഒരുമിച്ചു കേറാം. ഇപ്പളേ ആ പൂതനയാ."

"യ്യോടാ.. ഇച്ചിരെ നേരം മുന്നേ ഈ പൂതനേടേ ക്ലാസ്സിലേക്കു പോകാനാരുന്നല്ലോടാ തിടുക്കം?"

"ശ്ശെ.. മിണ്ടാതിരിയെടാ.. "

"അച്ചുക്കുട്ടി എവിടെ.. ഇന്നില്ലേടാ ഉവ്വേ?"

"ഒന്ന്‌.. രണ്ട്‌... മൂന്ന്... നാല്‌... അഞ്ച്‌.... ആറ്‌... ഏഴ്‌.. ദെ.. ദെ.. വരുന്നു... ലതാ വരുന്നു അച്ചുക്കുട്ടി!"

"ഇന്നു കിടിലാന്‍ ആയിട്ടുണ്ടല്ലോ.. തുമ്പു കെട്ടിയിട്ട ചുരുള്‍ മുടിയില്‍.... നനനീ നനനന നാനീ..."

"മിണ്ടാതിരിയെടാ എരപ്പേ... മൂപ്പനെ ഡിസ്റ്റര്‍ബ്‌ ചെയ്യല്ലേ..."

"ഇന്നേലും അവളടെ ഒരു കടാക്ഷം കിട്ടിയില്ലേല്‍ മൂപ്പന്‍ ക്ലാസ്സില്‍ കയറുന്നപോയിട്ട്‌ രാത്രി ഉറങ്ങി വെളുപ്പിക്കത്തില്ല."

"എല്‍സാന്റിയേ... ഞങ്ങളൊക്കെ ഇവിടെയുണ്ട്‌ കേട്ടോ!"

"ഉവ്വാടാ. ഇങ്ങനെയാണെങ്കില്‍ അധികം നാള്‍ ഉണ്ടാവില്ല."

"ഞങ്ങക്കും അതാ ഇഷ്ടം!"

"പോടാ വായിനോക്കീ."

"താങ്ക്‌ യു ചക്കരേ!"

"ഡാ.. അളിയാ... അശ്വതി... അശ്വതി..!"

"പാട്ടുകാരിപ്പെണ്ണ്‌, ഒപ്പം ഈ ശാലീന സൗന്ദര്യവും. ഇതിലും വെല്യ ഒരു പണി നമ്മക്കിട്ടൊക്കെ ദൈവം തരുമോടാ?"

"അളിയാ മൂപ്പാ.. ഇന്നേതു പാട്ടാ...?"

"കൈകളില്‍ മൃഗമദതളികയുമേന്തി നീ
ഏകയായരികില്‍ വരുമ്പോള്‍...
ദേവീ വരുമ്പോള്‍...."

"മൂപ്പാ, സക്‌സസ്സ്‌!!! ദേ അവളു ചിരിക്കുന്നു! ഇന്നാദ്യമായി നീ പാടിയ ഒരു പാട്ടു കേട്ട്‌ അവളു ചിരിച്ചു. വഴി തെളിഞ്ഞു മോനേ..!"

"അല്ല മൂപ്പാ, എന്താ അതിന്റെ ഗുട്ടന്‍സ്‌?"

"ഹ ഹാ! അതിന്റെ ബാക്കി ദേ ഇങ്ങനെ പോകും.." എന്നിട്ടു മൂപ്പന്‍ ഈണത്തില്‍ പാടി.

"നിന്നേ കരവലയത്തിലൊതുക്കുവാന്‍
ഒന്നു ചുംബിക്കുവാനഭിനിവേശം..
അഭിനിവേശം.. അഭി-നിവേശം!!"

Thursday, January 20, 2011

അവസ്‌ഥാന്തരം

ക്ലാസ്സിലെല്ലാം ആ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു.

"ഉണ്ണിക്കുട്ടന്‍ പിങ്കിമോളെ കിസ്സടിച്ചു!"

"പിങ്കിമോള്‍ കരഞ്ഞു കൊണ്ടാണ്‌ ഇന്നലെ വീട്ടില്‍ പോയത്‌..!"

"ഇന്നലെ ക്ലാസ്സ്‌ കഴിഞ്ഞ നേരത്താണു സംഭവം..!"

"പിങ്കിമോള്‍ പഠിത്തം നിര്‍ത്തുമോ?"

"ഉണ്ണിക്കുട്ടന്റെ ധൈര്യം സമ്മതിക്കണം...!"

എല്ലാവരും തമ്മില്‍ തമ്മില്‍ കുശുകുശുത്തു. ചിലര്‍ ഇതേച്ചൊല്ലി തമാശ പറഞ്ഞു. ചിഞ്ചുവിനെ പണ്ടേ ഒരു നോട്ടമുണ്ടായിരുന്ന മനോജിന്‌ ഇത്‌ ഒരു പ്രചോദനം പോലെ ആണു തോന്നിയത്‌. പക്ഷേ വീട്ടിലറിഞ്ഞാല്‍...? പപ്പയുടെ മുഖം ഓര്‍ത്തപ്പോളേ അവന്‍ ആ ചിന്ത വിഴുങ്ങി!

ക്ലാസ്‌ തുടങ്ങാറായി. സുമേഷ് ഡസ്കിനടിയില്‍ തന്റെ സ്കെച്ച് പേന തിരഞ്ഞുവലഞ്ഞു. ഉണ്ണിക്കുട്ടന്‍ ഇതു വരെ ക്ലാസ്സില്‍ എത്തിയിട്ടില്ല. പിങ്കിമോളെയും കാണാനില്ല. പിന്നിലത്തെ നിരയിലിരിക്കുന്ന സന്ദീപ്‌ അന്നും പതിവു പോലെ അനുമോളുടെ വാട്ടര്‍ ബോട്ടിലില്‍ നിന്നും വെള്ളം കട്ടു കുടിച്ചു. പാവം, അവളെന്നും ഊണിന്റെ സമയമാവുമ്പോഴേ വെള്ളം പകുതിയായ വിവരം അറിയൂ!

ബെല്ലടിച്ചതും സുധാകരന്‍ സാര്‍ ക്ലാസ്സിലേക്കു കടന്നു വന്നു. സുധാകരന്‍ സാര്‍ പഠിപ്പിക്കുന്നതു കണക്കാണ്‌. അല്ല, സുധാകരന്‍ സാര്‍ കണക്കാണു പഠിപ്പിക്കുന്നത്‌. ഉടന്‍ വാതില്‍ക്കല്‍ ഒരു തല പ്രത്യക്ഷപ്പെട്ടു.

ഉണ്ണിക്കുട്ടന്‍!

"മേ ഐ കം ഇന്‍, സര്‍?"

സാര്‍ തന്റെ നേര്‍ത്ത കണ്ണടയ്‌ക്കിടയിലൂടെ വാതില്‍ക്കലേക്കു നോക്കി. എല്ലാ മുഖങ്ങളിലും ഇനിയെന്തു സംഭവിക്കും എന്നൊരു ആകാംക്ഷ പടര്‍ന്നു. പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്നും ഒന്നോ രണ്ടോ അടക്കിയ ചിരികള്‍ തെളിഞ്ഞു കേട്ടു.

"യെസ്‌!" സാറിന്റെ ഘനീഭവിച്ച ശബ്ദം.

ഉണ്ണിക്കുട്ടന്‍ രണ്ടാമത്തെ നിരയിലെ തന്റെ സീറ്റിലേക്കു നടന്നു. അവന്റെ മുഖം വിവര്‍ണ്ണമായിരുന്നു. ആസന്നമായ ഒരു ദുരന്തം അവന്‍ പ്രതീക്ഷിച്ചിരിക്കണം. പെണ്‍കുട്ടികള്‍ ഇരിക്കുന്ന ഭാഗത്തേക്കു നോക്കാന്‍ അവനു ധൈര്യമില്ലായിരുന്നു.

തല്‍സമയം അറ്റന്‍ഡര്‍ ക്ലാസിലേക്കു കടന്നു വന്നു. മൂപ്പര്‍ കൊണ്ടുവന്ന കുറിപ്പ്‌ സുധാകരന്‍ സാര്‍ വായിച്ചു. എന്നിട്ടു പറഞ്ഞു :

"ഉണ്ണിക്കുട്ടന്‍ ഇസ്‌ റിക്വസ്‌റ്റഡ്‌ ടു മീറ്റ്‌ ദ പ്രിന്‍സിപ്പല്‍."

ഉണ്ണിക്കുട്ടന്റെ മനസ്സില്‍ ഒരു മണ്ണട്ടി ഇടിഞ്ഞു വീണു. ബാഗ്‌ സീറ്റില്‍ വെച്ചിട്ട്‌ തല താഴ്‌ത്തി ക്ലാസ്സിനു പുറത്തേക്കു നടന്നു.

പ്രിന്‍സിപ്പലിന്റെ മുറിയില്‍ കടന്ന ഉണ്ണിക്കുട്ടന്‍ കുടഞ്ഞു ഞെട്ടി. പിങ്കിമോളും അവളുടെ അടുത്ത്‌ അവടച്‌ഛനും!

അവനെ കണ്ടപാടെ പ്രിന്‍സിപ്പലിന്റെ ചോദ്യം: “നീയിന്നലെ ഇവളോട് തോന്ന്യാസം കാണിച്ചെന്നു കേട്ടതു നേരാണോടാ?”

അതെയെന്നര്‍ഥമുള്ള ഒരു മൌനം മറുപടിയായി വന്നു.

പ്രിന്‍സി. അലറി: “നീയാരാടാ പഠിക്കാന്‍ വരുന്ന പെമ്പിള്ളാരെ കേറിയങ്ങു കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും? എന്തോ പുഴുങ്ങാനാ സ്ഥിരം ഇങ്ങു കെട്ടിയെടുക്കുന്നത്‌? ഏഹ്‌? നിനക്കൊക്കെ അത്ര മൂത്തു നിക്കുവാണെങ്കില്‌..... ഓഹ്‌! ഞാനൊന്നും പറയുന്നില്ല. എടാ, ഒരെന്‍ജിനീയറിംഗ്‌ സ്റ്റുഡന്റിനു ചേര്‍ന്ന പണിയാണോടാ നീയിന്നലെ കാണിച്ചേ? ആണോ..? എടാ ആണോന്ന്‌? കോളേജിന്റെ മാനം കളയാനായിട്ട് ഓരോ കഴു...”

ഉണ്ണിക്കുട്ടന്‍ അവിടെ നിന്ന്‌ ഒരു സ്വപ്‌നം കണ്ടു. ഭൂമി പിളര്‍ന്ന്‌ താനങ്ങു താണു പോകുന്നു. അല്ല, താനും പിങ്കിമോളും...!

Tuesday, January 11, 2011

കണ്ണീര്‍ക്കണം

നേരായിരുന്നോ? അവളെ ഞാന്‍ സ്നേഹിച്ചിരുന്നോ?
ചോദ്യം കനലില്‍ ചുട്ടെറിഞ്ഞുതന്നത്‌ കാലം.
പൊള്ളലിന്റെ നീറ്റലിനെക്കാള്‍ മുന്‍പേ
ആ സംശയത്തിന്റെ മുനയെന്നെ നോവിച്ചു.
മുറിവുകളില്‍ നീതന്നെ പച്ചിലച്ചാറിറ്റിച്ചു തന്നിട്ട്‌
കാലമേ, നീയെന്നെ എന്തിനിന്നവിശ്വസിച്ചു?
ഓ! നീയില്ലെങ്കില്‍ എനിക്ക്‌ 'ഇന്ന്‌' എന്നൊന്ന്‌
അവകാശപ്പെടാനില്ലല്ലോ!
നിന്റെയൗദാര്യമായി അതും ഞാന്‍ സ്വീകരിക്കുന്നു.
പിന്നെ, ചോദ്യത്തിനുത്തരമായി ഒരു കണ്ണീര്‍ക്കണം ഇതാ!
ഫേസ്ബുക്ക് താളുകള്‍ക്കിടയിലെ
മയില്‍പ്പീലി ഇതറിയരുതേ!
ഇതു നിനക്കു മാത്രം രുചിക്കാനുള്ള എന്റെ ജീവന്റെ ഉപ്പാണ്‌.

Wednesday, May 26, 2010

വിശ്വാസത്തിന്റെ മറുവശം

വിശ്വാസം...അതാണോ എല്ലാം ?? (http://nayathil.blogspot.com/2010/05/blog-post_25.html) എന്ന കവിതയ്ക്കുള്ള മറുപടി .

ഞാനിപ്പോള്‍ വീട്ടിലാണ്‌. ആകെ ഡെസ്പ്‌. ഓഫീസില്‍ പോകാന്‍ തോന്നുന്നില്ല. ഇതിനെ പ്രേമനൈരാശ്യം എന്നു വിളിക്കാന്‍ വയ്യ. ജീവിത നൈരാശ്യം എന്നു വിളിക്കണം. അല്ലേ, നിങ്ങളു പറ, കൊലച്ചതിയല്ലേ അവളു ചെയ്തത്‌?

കാര്യത്തോടടുത്തപ്പോ അവള്‍ക്ക്‌ അപ്പനോട്‌ മാത്രം വിശ്വാസം. അതവള്‍ കാത്തപ്പോ അവടപ്പന്‌ ആശ്വാസം. അമ്മയ്ക്കു നിശ്വാസം. എനിക്കു മാത്രം പ്രയാസം!

"നാളെ രാവിലെ പോകണം. റെയില്‍വേ സ്റ്റേഷനിലേക്ക്‌ കുട്ടപ്പന്‍ ചേട്ടന്റെ കാര്‍ ഏര്‍പ്പാടാക്കീട്ടൊണ്ട്‌. ഞാന്‍ ഒറ്റയ്ക്ക്‌ പൊക്കോളാം" എന്നു വീട്ടുകാരോട്‌ തലേദിവസം പറഞ്ഞു. അച്ചന്‍ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. സൂക്ഷിക്കണേ മോനേ എന്നു മാത്രം അമ്മ പറഞ്ഞു.

കൊച്ചുവെളുപ്പാങ്കാലത്തു പുറപ്പെടുന്ന ട്രെയിനിനു ടിക്കറ്റും ബുക്ക്‌ ചെയ്ത്‌ തലേദിവസം എല്ലാം പ്ലാന്‍ ചെയ്തു ധാരണയാക്കി വെച്ചിരുന്നതാ. രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പ്‌ ലാന്‍ഡ്‌ ഫോണില്‍ നിന്നു വിളിച്ച്‌ അവളൊരു പറച്ചില്‍: "ഞാന്‍ എന്റെ ജീവിതം നിനക്കായിട്ടു മാത്രം തരുവാ" എന്ന്. വിശ്വസിച്ചു പോയി അളിയാ...!

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട്‌ ഉറക്കം വരുന്നുണ്ടോ? വിധീന്നല്ലാതെ എന്തു പറയാന്‍? അല്ലെങ്കില്‍ എന്തിനു വിധിയെ പഴിക്കണം? അവളുടെ വീട്ടില്‍ ചെന്നു മാനംമര്യാദയ്ക്കു പെണ്ണു ചോദിച്ചതല്ലേ? കുടുംബ മഹിമ, ജീവിക്കാന്‍ ചുറ്റുപാട്‌, സാമാന്യം നല്ലൊരു ജോലി... അല്ല എനിക്കെന്തായിരുന്നു ഒരു കുറവ്‌? എന്നിട്ടും ആ മൊശടന്‍ കാര്‍ന്നോര്‌, അയാള്‍ തടസ്സം പറഞ്ഞു. എന്തിനാന്നു അയാള്‍ക്കു പോലും അറിഞ്ഞൂടാ. വെറുതെ എന്റെ വീട്ടുകാരുടെ സമയം മെനക്കെടുത്താന്‍..!

അല്ല, അവള്‍ക്കെന്നാ ഇപ്പോ പെട്ടെന്ന്‌ വീട്ടുകാരോട്‌ സ്നേഹം? ഒരെത്തും പിടിയും കിട്ടുന്നില്ല. പണ്ടിതൊന്നും ഇല്ലാരുന്നല്ലോ? അവളുടെ അപ്പന്‍ ജോലി ചെയ്യുന്ന ഓഫീസിന്റെ താഴത്തെ നിലയില്‍ ഇരുന്നാ അവള്‍ ഒരിക്കല്‍ ഐസ്ക്രീം നൊട്ടി നുണഞ്ഞത്‌. മൂപ്പരെങ്ങാനും വരുമോ എന്ന എന്റെ സംശയത്തിന്‌ 'അതിയാനു ഷുഗറാ, ഐസ്ക്രീം പാര്‍ലറിന്റെ അടുത്തൂടെ പോലും പോവില്ല.' എന്നായിരുന്നു മറുപടി.

പാര്‍ക്കില്‍ ചുറ്റാന്‍, ബീച്ചില്‍ തിരകള്‍ എണ്ണാന്‍, പൃഥ്വിരാജിന്റെ റിലീസ്‌ പടത്തിനു ഇടികൊണ്ട്‌ ടിക്കറ്റെടുക്കാന്‍, അവളുടെ എക്സാം ഫീസ്‌ അടയ്ക്കാന്‍ ബാങ്കില്‍ ക്യൂ നിക്കാന്‍, പിസ്സ ഓര്‍ഡര്‍ ചെയ്യാന്‍ ... എല്ലാത്തിനും ഞാന്‍. ഈ പാവം ഞാന്‍. മാത്രമോ? അവള്‍ക്കു കാലാകാലം മൊബൈല്‍ റീചാര്‍ജ്‌ ചെയ്തു കൊടുക്കണം, ഓരോ വാരാന്ത്യത്തിലും അവളുടെ കൂടെ കറങ്ങാന്‍ ബൈക്കില്‍ പെട്രോളും നിറച്ച്‌ ഡ്രൈവറെപ്പോലെ ഞാന്‍ കാത്തു നിക്കണം. അവളുടെ കൂട്ടുകാരികള്‍ എന്നു പറഞ്ഞു നടക്കുന്ന കരിങ്കാലികളുടെ ബര്‍ത്ത്ഡേയ്ക്ക്‌ ഗിഫ്റ്റ്‌ സെലെക്റ്റ്‌ ചെയ്യാന്‍ ഞാന്‍ അവള്‍ക്ക്‌ അകമ്പടി പോണം.. അപ്പോഴൊന്നും ഇവള്‍ ഓര്‍ത്തില്ലേ അവളുടെ ഒടുക്കത്തെ വിശ്വാസത്തിന്റെ കാര്യം? അതോ എനിക്കു കിട്ടാന്‍പോണ സാലറി ഹൈക്ക് അവള്‍ മുന്‍‌കൂട്ടി അറിഞ്ഞോ? പരദൈവങ്ങളേ!

എന്തിനേറെ പറയുന്നു.. അവസാനം ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത വകയില്‍ ക്രെഡിറ്റ്‌ കാര്‍ഡില്‍ വീണ്ടും അക്കങ്ങള്‍ പെരുത്തു. വെളുപ്പാങ്കാലത്ത്‌ ഇല്ലാത്ത ഓട്ടത്തിനു വിളിച്ചുവരുത്തിയതിന്‌ കുട്ടപ്പന്‍ ചേട്ടന്‍ വക പുളിച്ച തെറി. ബാംഗ്ലൂരില്‍ ചെന്നിട്ട്‌ റജിസ്റ്റര്‍ കല്യാണം നടത്തുമ്പോള്‍ 'ഞാനൊപ്പിടാം ഞാനൊപ്പിടാം' എന്നു ഉത്സാഹിച്ച സുഹൃത്തുക്കള്‍ 'നീയൊരു കോന്തനായതുകൊണ്ടാ' എന്നു പറഞ്ഞപ്പോളുണ്ടായ ഉള്‍പ്പുളകം. അതിനാണു എറ്റവും കൂടുതല്‍ മാര്‍ക്ക്‌. കോപ്പ്‌. ഇപ്പോ അവരില്‍ ഒരുത്തനും കൂട്ടിയിടിച്ചാല്‍ മിണ്ടില്ലെന്നായി.

എല്ലാം അവളുടെ വിശ്വാസത്തിന്റെ പേരില്‍.

വിശ്വാസം അതല്ലേ എല്ലാം? അതെ...

ഒരിക്കല്‍ ക്രെഡിറ്റ്‌ കാര്‍ഡിലെ കടങ്ങള്‍ ഞാന്‍ കൊടുത്തു തീര്‍ക്കുമെന്ന വിശ്വാസം.

പിണങ്ങിപ്പോയ കൂട്ടുകാര്‍ തിരികെ വരുമെന്ന വിശ്വാസം.

നാട്ടുകാര്‍ എന്നെ പെണ്ണുപിടിയന്‍ എന്നു വിളിക്കുന്നത്‌ ഒരിക്കല്‍ നിര്‍ത്തുമെന്ന വിശ്വാസം.

അവള്‍ക്കു വേണ്ടി ചെലവാക്കിയ കാശുണ്ടായിരുന്നെങ്കില്‍ ഒരു ആള്‍ട്ടോ വാങ്ങാമായിരുന്നെന്ന വിശ്വാസം.

ഡ്രൈവര്‍ കുട്ടപ്പന്‍ ചേട്ടന്‍ എന്നെ കാണുമ്പോഴുള്ള പല്ലിറുമ്മല്‍ ഒരുനാള്‍ നിര്‍ത്തുമെന്ന വിശ്വാസം.

എന്നെങ്കിലും ഒരുനാള്‍ അവടപ്പനെ രണ്ടെണ്ണം പറയാം എന്നുള്ള വിശ്വാസം.

ഒരുനാള്‍ നല്ല ഒരു ഹൈക്ക് വരുമെന്നുള്ള വിശ്വാസം.

വിശ്വാസം - അതു തന്നെ എല്ലാം!

Sunday, March 30, 2008

പ്രണയകാലം

"എന്നോ ഒരു നാള്‍ ഞാന്‍ പോലുമറിയാതെ അവള്‍ എന്‍റെ മുന്നില്‍ വന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പേ കണ്ട ആ മുഖം ഒരു ഗ്രൂപ്പ്‌ ഫോട്ടോയില്‍ നിന്നും കണ്ടെത്താന്‍ എനിക്കെന്തു പ്രയാസം?"

ഈ വാചകങ്ങള്‍ എന്നോട്‌ പറയുമ്പോള്‍ അതും എന്‍റെ കൂട്ടുകാരന്‍റെ മറ്റൊരു വിനോദമായേ എനിക്കു തോന്നിയുള്ളൂ.

എന്‍റെ പ്രിയകൂട്ടുകാരനും അവളും ഒരിക്കലും ക്ലാസ്മേറ്റ്സ്‌ അല്ലായിരുന്നു. പക്ഷേ അവന്‍ ആ സ്കൂളില്‍ എല്ലാവര്‍ക്കും പരിചിതനായിരുന്നു. അവളുടെ ആരാധന നിറഞ്ഞ നോക്കുകള്‍ അവനെ തേടി ഒരിക്കലും എത്തിയിട്ടില്ല. അന്ന് അവര്‍ക്കിടയില്‍ കേവലം ഒരു പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവളണിഞ്ഞ ചിലങ്കയുടെ കിലുക്കങ്ങള്‍ അവന്‍ കേട്ടിട്ടില്ല. വെറും ഒരു പരിചയം മാത്രം.

കാലപ്രവാഹത്തില്‍ വിസ്മരിക്കപ്പെട്ടു പോയ ഒരു പരിചയം പുതുനാമ്പിട്ടപ്പോള്‍ എന്‍റെ പ്രിയസുഹൃത്തിന്‌ എന്തു തോന്നിയെന്ന്‌ എനിക്കറിയില്ല. സൗഹൃദങ്ങളുടെയും സ്നേഹബന്ധങ്ങളുടെയും ഇഴയടുപ്പവും അകലവും അവനോളമറിയുന്ന വേറെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. അതിനാല്‍ മറ്റനേകം സുഹൃദ്‌ബന്ധങ്ങളെപ്പോലെ ഇതും ഹൃദ്യമായ ഒന്നാവും എന്നു ഞാന്‍ കരുതി.

അവന്‌ പേരു മാത്രമറിയാവുന്ന ഒരു പരിചയമായിരുന്നില്ല അവള്‍. പറഞ്ഞുവന്നത്‌ വളരെ മുന്‍പേ അവന്‍ അവളെ കണ്ടിട്ടുണ്ടായിരുന്നു. സംസാരിച്ചിട്ടുണ്ടായിരുന്നു. കളിയാക്കിയിട്ടുണ്ടായിരുന്നു. ആരാധിച്ചിട്ടുണ്ടായിരുന്നു. അവളുടെ പ്രസന്നതയില്‍ അതിശയിച്ചിട്ടുണ്ടായിരുന്നു. നീണ്ട ഏഴു വര്‍ഷത്തെ ഇടവേളയ്ക്കിപ്പുറം അവളുടെ സൗഹൃദം സ്നേഹാന്വേഷണങ്ങളായി അവനെ തേടിയെത്തിയപ്പോള്‍ ഈ ലോകത്തിലെ എറ്റവും സന്തോഷവാനായ വ്യക്തി അവനാണോ എന്നു ഞാന്‍ അതിശയിച്ചു. ശരിയായിരുന്നു. അവളുടെ സൗഹൃദം അവനെ അത്രയ്ക്കു സ്വാധീനിച്ചിട്ടുണ്ടായിരുന്നു.

സൗഹൃദം പങ്കിടലുകളിലേക്ക്‌. അവനറിഞ്ഞു- അവളുടെ കുടുംബത്തെ, അച്ഛന്‍റെ പ്രവാസജീവിതത്തെ, അമ്മയുടെ വാല്‍സല്യത്തടവറയെ, അനുജത്തിയുടെ കുസൃതികളെ. പിന്നെ ഇവരെയെല്ലാം കോര്‍ത്തിട്ടിരിക്കുന്ന സ്നേഹച്ചരടിനെ. ഒപ്പം അവളറിഞ്ഞു- അവന്‍റെ മനസ്സിനെ. ജീവിത ലക്‍ഷ്യങ്ങളെ, ചുരുങ്ങിയ കാലം കൊണ്ടു കയറിയ പടവുകളെ, അവന്‍റെ ഉള്ളിലെ ഉറവ വറ്റാത്ത അക്ഷരങ്ങളെ, വേദികളില്‍ വാഗ്‌ശരങ്ങള്‍ കൊണ്ടവന്‍ നടത്തിയ അശ്വമേധങ്ങളെ, പ്രചോദനമായി സ്നേഹം മാത്രം നല്‍കാന്‍ കെല്‍പുണ്ടായിരുന്ന അവന്‍റെ കുടുംബാംഗങ്ങളെ, അവനില്‍ ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങളെ, ഉള്ളില്‍ നീറുന്ന നോവു നല്‍കിയ ചില സംഭവങ്ങളെ, പണ്ടെന്നോ കണ്ട ചിരിയിലൊളിഞ്ഞ കള്ളക്കൃഷ്ണനെ, അവന്‍റെ മനസ്സിനെ.

കമ്പ്യൂട്ടറിന്‍റെ ചാറ്റ്‌ വിന്‍ഡോയില്‍ തെളിയുന്ന പച്ച ബിന്ദുവിലും ഒതുങ്ങാതെ ഇതിനോടകം അവന്‍റെ സ്വരം അവളെ തേടിയെത്തി. അവളുടെ പഠനവഴികളില്‍ അവന്‍ ചൂണ്ടുപലകയായി. പരീക്ഷാരാത്രികളില്‍ കാതങ്ങളകലെ അവള്‍ക്കവന്‍ ഉറങ്ങാതെ കൂട്ടിരുന്നു. പതിയെ അവന്‍ തിരിച്ചറിഞ്ഞു, ഇതാണു പ്രണയമെന്ന്‌. സെല്‍ഫോണ്‍ ഹൃദയം പിടയ്ക്കുന്ന ഒരു മിസ്സ്‌ കോള്‍ തരുമ്പോള്‍ അതിന്‍റെ അര്‍ഥം വേറെയാണെന്ന്‌. പ്രണയാതുരമായ ഗാനങ്ങള്‍ മനസ്സിലും ചുണ്ടിലുമൂറുമ്പോള്‍ അവളെ മാത്രം ഓര്‍ക്കുന്നതെന്തിനാണെന്ന്‌. അവന്‍ പ്രണയിക്കുകയാണെന്ന്‌.

രാവിന്‍റെ തണുപ്പ്‌ ഭൂമിയെ പുല്‍കാന്‍ വെമ്പിയ ഒരു വേളയില്‍ അവര്‍ പരസ്പരം മനസ്സു തുറന്നു. 'സുഹൃത്തിനും മേലെ' എന്നവള്‍ പറഞ്ഞപ്പോള്‍ സ്വതസിദ്ധമായ കുസൃതിയോടെ അവളോടവന്‍ പറഞ്ഞു: 'തെളിച്ചു പറ!' അവളില്‍ വിടര്‍ന്നതു നാണമോ? അറിയില്ല, എങ്കിലും അവള്‍ പറഞ്ഞു- 'എനിക്കും ഇഷ്ടമാണ്‌'. അപ്പോഴും അവര്‍ വളരെ അകലെയായിരുന്നു.

അറിയാതെ പരസ്പരം ഇഷ്ടപ്പെടുമ്പോഴും അവര്‍ മനസ്സിലാക്കി- ഒരിക്കലും ഒന്നിക്കാന്‍ പറ്റാത്ത ഒന്നാണു തങ്ങളുടെ ബന്ധമെന്ന്‌. ഇരുവരുടെയും കുടുംബവും മറ്റു സാഹചര്യങ്ങളും ഒക്കെ മറിച്ചു ചിന്തിപ്പിച്ചു. എങ്കിലും എല്ലാം മറന്ന്‌ അവന്‍ അവളെ സ്നേഹിച്ചു. നൂറു ശതമാനം ആത്മാര്‍ഥതയോടെ. ആദ്യപ്രണയം. പുലരികളില്‍ ഹൃദയത്തില്‍ പ്രാവിന്‍റെ കുറുകല്‍. കൊടുംവെയിലില്‍ ഇളംമഞ്ഞിന്‍റെ കുളിര്‍. ത്രിസന്ധ്യകളില്‍ ചേക്കേറുന്ന കിളികളുടെ ചിരി. പ്രണയം നിലാവു പോലെ പരന്നൊഴുകി.

അവന്‍റെ പ്രണയത്തിന്‍റെ ആഴമറിഞ്ഞ ഒരു വേളയില്‍, ഗദ്ഗദങ്ങള്‍ കെണിവെച്ച സ്വരത്തില്‍ അവള്‍ ചോദിച്ചു- 'എന്നെ എന്തിനാണിങ്ങനെ സ്നേഹിക്കുന്നത്‌?' അവളുടെ വിടര്‍ന്ന കണ്ണുകളില്‍ നനവൂറിയിരിക്കണം. വിങ്ങുന്ന ഹൃദയത്തോടെ അവന്‍ പറഞ്ഞു- 'എനിക്കു നിന്നെ സ്നേഹിച്ചേ തീരൂ!'

അവന്‍റെ ആത്മവിശ്വാസത്തിന്‍റെ കനലണഞ്ഞ നിമിഷങ്ങളില്‍ ഊതിയുണര്‍ത്തി, അവള്‍. അവളുടെ പ്രസന്നതയുടെ തിരിയണയ്ക്കാന്‍ വന്ന കാറ്റില്‍ അവന്‍റെ കൈകള്‍ രക്ഷയേകി. അവന്‍റെ വിജയങ്ങളില്‍ അവള്‍‍ അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു. സ്വന്തം കാര്യത്തിനു പോലും പ്രാര്‍ഥിക്കാത്ത അവന്‍ അവള്‍ക്കായി ദൈവത്തോടു യാചിച്ചു.

ഒടുവിലൊരുനാള്‍ ഒരു വിഷുക്കൈനീട്ടമായി അവള്‍ പറഞ്ഞു- 'ഞാന്‍ ഹോസ്റ്റല്‍ വിടുന്നു. നാളെ വീട്ടിലേക്ക്‌. ഒരു പക്ഷേ ഇനി ഒരു ഫോണ്‍ കോള്‍ പോലും സാധ്യമാകില്ലെന്നു വരാം.'

ഇതു വരുമെന്നാറിയാമായിരുന്നിട്ടും അവര്‍ പതറി. അവന്‍ ചോദിച്ചു- 'എനിക്കു നിന്നെ സ്നേഹിക്കാതിരിക്കാനാവില്ല. പക്ഷേ ഇനി ?'
-'എനിക്കറിയില്ല. നമുക്ക്‌ ഒന്ന് സംസാരിക്കാന്‍ പോലും ചിലപ്പോ പറ്റില്ല'. അവളുടെ മറുപടി.

'അപ്പോള്‍ ?'

'ഒന്നുകില്‍ നമുക്കു പിരിയാം, എന്നെന്നേക്കുമായി. അല്ലെങ്കില്‍ നല്ല സുഹൃത്തുക്കളാകാം, നമ്മളെ സ്നേഹിക്കുന്ന ആര്‍ക്കും അസ്വസ്ഥതയുണ്ടാക്കാത്ത വിധം.' ഒരു തേങ്ങല്‍ പൊട്ടിയടര്‍ന്നു വീഴുന്നു.

'നല്ല സുഹൃത്തുക്കള്‍! ഇത്രയും നാള്‍ മനസ്സിലെങ്കിലും എന്‍റെ എല്ലാമായിരുന്ന നിന്നെ വെറുമൊരു സുഹൃത്തായി മാത്രം കാണാന്‍ എനിക്കാവില്ല. നിന്നെ നഷ്ടപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഒരിക്കലും. എന്തു വേണമെന്നു നീ തീരുമാനിച്ചുകൊള്ളുക. നീ എന്തു പറയുന്നുവോ അതെനിക്കു സമ്മതം.' അവനറിയാം, അവള്‍ തന്നെ അഗാധമായി സ്നേഹിക്കുന്നുണ്ടെന്ന്‌. അവള്‍ക്കു തന്‍റെ സ്നേഹം നഷ്ടപ്പെടുത്താനാവില്ലെന്ന്‌.

ഇടവേള.

അവള്‍ തീരുമാനമറിയിക്കുന്നു- 'നമുക്കു പിരിയാം...!'

ഫോണില്‍ സ്വരങ്ങള്‍ ഇടമുറിയുന്നു.

വിലാപങ്ങള്‍. സ്വപ്നങ്ങള്‍. സങ്കല്‍പങ്ങള്‍. അഭ്യര്‍ഥനകള്‍. ഉപദേശങ്ങള്‍. പ്രാര്‍ഥനകള്‍. എല്ലാം കണ്ണീരില്‍ കുതിര്‍ന്നു.

വെറും രണ്ടുമാസത്തെ പ്രണയം...!

നന്മ മാത്രം പൊന്‍വെയിലായി തെളിഞ്ഞ ഒരു പ്രണയകാലം. ആ വിഷുപ്പൂക്കള്‍ക്കൊപ്പം ഈ പ്രണയപുഷ്പവും കൊഴിഞ്ഞു വീണു. അവന്‍റെ മനസ്സില്‍ ഇന്നും ആ സ്നേഹം പൂത്തു നില്‍ക്കുന്നു. അവള്‍ സമ്മാനിച്ചു പോയ ആത്മവിശ്വാസം പകര്‍ന്ന ഉയര്‍ച്ചകളില്‍. ഇന്നും മനസ്സില്‍ മായാതെ നില്‍കുന്ന അനേകമനേകം വാക്കുകളില്‍...

ഒരിക്കലും തമ്മില്‍ കാണാതെ ഒരു പ്രണയം.

അവന്‍റെയും അവളുടെയും സന്തോഷം ആര്‍ക്കും സങ്കടമാവാതിരിക്കാന്‍ ഈ പ്രണയം ബലികഴിക്കപ്പെട്ടു. അവനുമറിയില്ല ഏതാണു ശരി എന്ന്‌.

ഇന്ന്‌ അവള്‍ അവന്‍റെ ആരുമല്ലാതായിക്കഴിഞ്ഞു. ഏതോ തോണിയില്‍ ദിശയില്ലാതെ അവനും തുഴയുന്നു.

എങ്കിലും എന്‍റെ പ്രിയ കൂട്ടുകാരാ, ഞാന്‍ നിന്നെ അറിയുന്നു. നിന്‍റെ പ്രണയത്തെ അറിയുന്നു. നിന്‍റെ നന്മയും ഹൃദയവേഗവുമറിയുന്നു.

നല്ലതു വരട്ടെ, എല്ലാവര്‍ക്കും.