Showing posts with label kavitha. Show all posts
Showing posts with label kavitha. Show all posts

Sunday, March 15, 2020

ഇരുൾമാരി

ചുറ്റും ഇരുട്ടാണ്.
ആകാശത്തെ ഇരുട്ട് ഘനീഭവിച്ച്
മണ്ണിലേക്ക് ഇറ്റിറ്റു വീഴുന്നുണ്ട്.
കണ്മഷിയേക്കാൾ കറുപ്പും കൊഴുപ്പുമുള്ള
മണവും തണുപ്പുമില്ലാത്ത കരിച്ചാർ.
മണ്ണിന്റെ സൂക്ഷ്മസുഷിരങ്ങളിലേക്ക്
ഇറങ്ങാൻ സമ്മതിക്കാത്ത കട്ടിയുണ്ടതിന്.
നടക്കുമ്പോൾ ചെരിപ്പും കടന്ന് അത്
എന്റെ പാദങ്ങളിൽ പടരുന്നുണ്ട്.
മാനത്തു നിന്നു പൊഴിഞ്ഞ തുള്ളികൾ
കറുത്ത ആലിപ്പഴം പോലെ കിടക്കുന്നു.
അതിൽ വഴുതി കറുപ്പിന്റെ കയങ്ങളിലേവിടേക്കോ
വീണുപോകുമെന്ന് ഭയന്ന്
നടക്കാൻ തന്നെ എനിക്ക് മടിയാണ്.
മണ്ണും പയ്യെ ഇരുട്ടിന്റെ നിറത്തെ പുണരുന്നുണ്ട്.
അതങ്ങനെ പയ്യെ കറുപ്പാകുന്നത്
ഞാൻ കണ്ടിരുന്നു.
പച്ചിലകളിൽ കറുപ്പ് കളിതുടങ്ങുന്നതും
പ്രകാശവീചികളുടെ തുകയിൽ
കാളിമകലരുന്നതും ഞാൻ അറിഞ്ഞിരുന്നു.
എന്റെ ദേഹം കറുപ്പായിരുന്നെങ്കിലും
വെറുപ്പ് തോന്നുന്ന കറുപ്പതെല്ലെന്ന്
നിറം മാറവേ ഞാനുമറിഞ്ഞു.
അറിവ് നിറവാകും മുൻപ്
പല്ലും കണ്ണിന്റെ വെള്ളയും വരെ കറുത്തു.
അതുകണ്ട് ഒരുനുള്ളുമിക്കരി
ഊറിച്ചിരിച്ചു; ഒപ്പം കണ്മഷിയും.
സന്ധ്യകടന്നു രാത്രി വന്നതറിയാതെ
ഉറക്കം കൺകൂടണഞ്ഞ നേരമറിയാതെ
ഞാൻ ഉറങ്ങാൻ കിടന്നു.
പിന്നെയൊരിക്കലും നേരം പുലർന്നില്ല.
കറുപ്പിൽ ഞാനലിഞ്ഞത്
ഇരുട്ടിൽ ആരും കണ്ടില്ല.
ലോകത്തിന്റെ സകല ഇന്ദ്രിയങ്ങളും
കരിക്കറകൊണ്ട് മൂടിപ്പോയിരുന്നു.

Thursday, March 05, 2020

കനവിന്റെ അവസാനത്തെ എപ്പിസോഡ്

എന്റെ മഞ്ചം.
അതെന്റെ ഒരു സ്വപ്നമാണ്.
എന്റെ അവസാനത്തെ സ്വപ്നം.

ഓറഞ്ച് നിറമുള്ള പൂക്കൾ
ആ പരിസരത്ത് ഉണ്ടാവരുത്.
കണ്ണുകളെ കുത്തിനോവിക്കാൻ കെൽപ്പുള്ള
കനത്ത നിറമാണത്.

വെള്ളയിൽ നീലപൂക്കളുള്ള
ചേല വേണമെനിക്ക്.
അതിലൊതുങ്ങി വെൺകച്ചയ്ക്കു കീഴെ
ഒരു രഹസ്യം പോലെ ഞാൻ കിടക്കണം.

നിനക്കു മാത്രമറിയാവുന്ന ഒരു
പുഞ്ചിരിയുമണിയണം അന്ന്.
വരണ്ട ചുണ്ടുകൾക്കുമീതെ
നിനക്കു മാത്രം വായിക്കാവുന്നൊരു
പ്രണയമുദ്രയായ് അതു നിൽക്കണം.

അടയാൻ മടിച്ച, തലോടിയണച്ച കൺകളിൽ
നിന്നോടുള്ള കുസൃതിയുടെ നിഴലുണ്ടാവണം.

പെരുവിരൽ കെട്ടിയ
മരച്ചു വിളർത്ത കാൽത്തുമ്പിൽ
നിന്നെയാദ്യം‌ കണ്ടയന്നത്തെ
നാണത്തിന്റെ ഒരു സ്നേഹത്തന്മാത്ര
ബാക്കി വെയ്ക്കണം.

എങ്കിലുമന്ന്..
അന്നു നീ എന്നോടു മിണ്ടുകയേ അരുത്.
കാരണം,
നിന്റെ വാക്കിന് എന്നെ ഉയിർപ്പിക്കാനുള്ള ശക്തിയുണ്ട്.



Monday, February 10, 2020

കനിവുറവകൾ

പുറത്ത് അന്ധകാരമാണ്.
അജ്ഞതയുടെ ഒറ്റക്കരിമ്പടം കൊണ്ടു
സകലതും മൂടുന്ന അന്ധകാരക്കടൽ.
അതിൽനിന്ന് എന്റെ ഹൃദയത്തിലെ
നിനവിന്റെ നിലവറകളിലേക്ക്
വീതിയിലൊരു ചാലുകീറണം.
നിന്നെക്കുറിച്ചുള്ള ഓർമ്മകളെ, സങ്കല്പങ്ങളെ, സ്വപ്നങ്ങളെ
ഒഴുകിവരുന്ന ഇരുട്ടുകൊണ്ട് മുക്കിക്കളയണം.
കണ്ണീരിന്റെയത്ര കയ്പ്പില്ലെങ്കിലും
മടുപ്പിക്കുന്ന കടലുപ്പു കുടിപ്പിക്കണം.
അന്തമില്ലാത്ത തിരക്കുളിരിൽ
തളച്ച് ഇഞ്ചിഞ്ചായി കൊല്ലണം.
ശ്വാസത്തിനു പിടയുന്ന നിനവുകളുടെ പ്രാണൻ
കുമിളകളായി പൊങ്ങിപ്പൊട്ടുന്നത്
പുറത്താരും കേൾക്കാതിരിക്കാൻ
ഇടനെഞ്ചിലൊരു കൈ അമർത്തിപ്പിടിക്കണം.
ഒരു മൃദുസ്പർശനത്തിന്റെയോ സ്നിഗ്ധചുംബനത്തിന്റെയോ
ചൂടും ചൂരും ഓർമ്മയില്ലാത്ത
കൈത്തലം കൊണ്ടുവേണം നെഞ്ചമർത്താൻ.
ഇല്ലായ്കിൽ ആ ഓർമ്മക്കണികകൊണ്ട്
ഉള്ളിൽ നിനക്കുയിരുകിട്ടും.
ഹൃദയത്തിൽ നീ വെളിച്ചമായി നിറയും.

അത് വേദനയാണ്.
നിത്യനരകമാണ്.
പൊള്ളുന്ന ഓർമ്മകൾ നൽകുന്നത്
ഉണങ്ങാത്ത മുറിവുകളാണ്.
കാലാന്തരത്തിൽ പുഴുക്കൾ
മദിച്ചേക്കാവുന്ന മാരകവ്രണങ്ങൾ.

അതുകൊണ്ടു ഞാനെന്റെ പ്രാർഥന തിരുത്തട്ടെ:
ഉറവകളുടെ സത്യം വെളിവാകും മുൻപേ
എന്റെ സ്വന്തം ദാഹാഗ്നിയിൽ
ഞാൻ തന്നെ ദഹിച്ചമർന്നെങ്കിൽ!
പിന്നെയുമനങ്ങുന്ന പാതിവെന്ത മനഃശേഷിപ്പുകളിൽ
ഇരുൾനഞ്ചിറ്റിച്ചു ശാന്തിപകർന്നെങ്കിൽ!
സ്വച്ഛന്ദമൃത്യു.
Image courtesy : nowescape.com


Sunday, February 02, 2020

അതിവായന

എഴുതപ്പെടാത്ത വരികൾ വായിക്കാനുള്ള തിരക്കിൽ
നീ കാണാതെപോയ സ്നേഹാക്ഷരങ്ങളുണ്ട്.
ഒരു മാത്രയിൽ ഉയിരറ്റുപോയ സ്വരങ്ങളും
ഖരാദികളുടെ കടുപ്പംപേറിയ വ്യഞ്ജനങ്ങളും
അകമ്പടിക്കൊരുപിടി കൂട്ടക്ഷരങ്ങളും, പിന്നെ
വാശി മൂത്തു നീയെറിഞ്ഞുടച്ച ചില്ലുകളും.
നമ്മൾ-ലെ ചില്ലാണ് ആദ്യമുടഞ്ഞത്.
അവസാനത്തെ ഉമ്മയിൽ മ്മയും നിന്റെ സ്വന്തം.
ശേഷിച്ചതു നായാണ്.
നിന്റെ ശരികളുടെ പൂർണ്ണചന്ദ്രൻ ഉദിച്ചു നിൽക്കേ
ലോകം ആ കുളിരിൽ മയങ്ങി നിൽക്കേ
പെയ്യുന്ന നിലാവിൽ പൊള്ളലേറ്റ്
വേദനകൊണ്ട് കുരയ്ക്കുന്ന നായ.

എന്ന്,
വരികൾക്കിടയിൽ വായിക്കാതിരിക്കാൻ
ഒറ്റവരിയിൽ സ്വയം തളച്ച ഞാൻ.




picture courtesy : askideas.com

Sunday, September 15, 2013

ഓണം - 2013

വണ്ടർലായിക്കു പോകണം, കുള-
ത്തിരയിൽ നീന്തിത്തിമിർക്കണം, ചെറു-
ടൂറുമൊന്നു നടത്തണം, ഫിലിം
ഫാമിലിയൊത്തു കാണണം.

ലുലുവിലും ഒന്നു കേറണം, പല
നിലയിലൂടെയും നീങ്ങണം, വൃഥാ
വില തിരക്കിയും നോക്കണം, കരം
തലയിൽ വെച്ചിങ്ങു പോരണം.

ടി.വി‘പ്പെട്ടി’ ‘പലക’യാക്കണം, പഴേ
ഫ്രിഡ്ജു മാറ്റിയെടുക്കണം, രഥം
പുതിയതൊന്നിനെ നോക്കണം, പണം
അലകളായിട്ടൊഴുക്കണം.

ജൗളിയാണെന്റെ സോദരാ, ധനം
തിന്നിടും കൊടും രാക്ഷസൻ, തുണി
വാങ്ങുകില്ലെന്നു വെയ്ക്കിലോ, പറ
ഓണമെന്തോന്നൊരോണമാ?

ബീവറേജു കടയിലെ പെരും
നീളമുള്ളോരു ക്യൂവിലും, ക്ഷമാ-
ശീലമോടങ്ങു നില്ക്കണം, മധു
ഗാന്ധിയെ വിറ്റുവാങ്ങണം.

“കനവുകണ്ടങ്ങിരിക്കയോ? ദ്രുതം
സഞ്ചി പേറുകെൻ കശ്മലാ! അരി-
സ്സാധനങ്ങളും കനികളും കട
പൂട്ടിടും മുൻപു വാങ്ങി വാ!”

കയ്യിലെണ്ണിത്തരികിലും, പണം
ഏറ്റിയെമ്മിൽ വരുകിലും, വില-
യേറ്റമേറുന്ന നാളിതിൽ, പെരു-
ത്തോണമുണ്ണുവാൻ വയ്യ സാർ!

Friday, March 30, 2012

ആരീരാരം പാടാം...

'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലെ 'മഴനീര്‍ത്തുള്ളികള്‍' എന്ന ഗാനത്തിന്‌ ഞാന്‍ മറ്റൊരു ഭാഷ്യം നല്‍കിയതിനെത്തുടര്‍ന്ന് ആ ആവേശത്തില്‍ നിന്നുകൊണ്ട്‌ 'സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറി'ലെ 'പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂക്കള്‍' എന്ന ഗാനത്തെ ഒരു താരാട്ടുപാട്ട്‌ ആയി മാറ്റിയെഴുതി. അത്‌ താഴെ ചേര്‍ക്കുന്നു. ഇഷ്‌ടമാകുമോന്നു നോക്കൂ!


ചാഞ്ചക്കം നീ ചായുറങ്ങാന്‍
ആരീരാരം പാടാം...
കണ്ണുറങ്ങ് മെയ്യുറങ്ങ്
കനവുകളില്‍ നിനവുകളില്‍ മധുരവുമായി..
കിളിമകളായി..!!

മൃദുലമായ് നീ വിരലിനാലെ, പുണരുവതെന്തിനോ?
അലസമായീ മിഴികള്‍ പൂട്ടി, ചെറുചിരിചൂടി
കവിളിലെ മറുകോ കണ്മഷിവരയോ മുടിയിഴയലയോ
രാവിന്നേകീ വര്‍ണ്ണം?!

ചാഞ്ചക്കം നീ ചായുറങ്ങാന്‍
ആരീരാരം പാടാം...

ഹൃദയതാളം പകരുമീണം, തളിരുടല്‍ തഴുകേ
കുളിരുമായി ഇരവിലെന്നും, വരുമിളം തെന്നല്‍..
ആലിംഗനമായ് ആന്ദോളനമായ് ആരോമലിനെ
മാറില്‍ ചേര്‍ത്തുറക്കാം...

ചാഞ്ചക്കം നീ ചായുറങ്ങാന്‍
ആരീരാരം പാടാം...
കണ്ണുറങ്ങ് മെയ്യുറങ്ങ്
കനവുകളില്‍ നിനവുകളില്‍ ആരിരിരാ‍രോ
ഉം ഉം ഉം ഉം....!

Thursday, March 29, 2012

മഴനീര്‍ത്തുള്ളികള്‍ പൊഴിയുന്നിനിയും

'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലെ 'മഴനീര്‍ത്തുള്ളികള്‍' എന്ന ഗാനത്തിന്റെ ഈണത്തില്‍ എന്റെ അക്ഷരസാഹസം.


പ്രണയം പൂവിടും നറു പനിനീര്‍ മണ്ഡപം
പുളകം ചൂടിയോ മലരടികള്‍ പുല്‍കവേ
സാഫല്യമായ്‌ നവ ചൈതന്യമായ്‌
നീയെന്‍ മലര്‍വ്വാടിയില്‍
പരിണയരാവിന്റെ യാമങ്ങളില്‍
മിഴികളില്‍ നീട്ടുന്നു പ്രേമാമൃതം
(പ്രണയം പൂവിടും)

പൂപ്പാല മേല്‍ രാപ്പാടിക്കും
മൗനത്തിന്‍ പരിരംഭണം
പാറിവന്ന തെന്നലും
പാരിജാത ഗന്ധവും
ഹിമകണമാര്‍ന്നു നിന്ന ജാലക-
പ്പാളിയോടിണങ്ങിയോ?
(പ്രണയം പൂവിടും)

നിറദീപങ്ങള്‍ കനകാംബരം
വിരിയിച്ച ശ്രീകോവിലില്‍
കൂപ്പുകൈദളങ്ങളാല്‍
കൂമ്പും പീലിക്കണ്‍കളാല്‍
കളഭച്ചേലില്‍ നിന്ന ദേവി നിന്‍
ഒരു ജന്മം വരമായി നേടി ഞാന്‍
(പ്രണയം പൂവിടും)

© http://www.olapeeppi.blogspot.in/ - M.S. Raj

Saturday, November 05, 2011

വിധിയെഴുതുന്നതാര്‌?

മഷിപുരളാത്തെ നിയതിയുടെ താളുകള്‍
ലഭിക്കുന്ന സ്ഥലം തേടി ഞാന്‍ അലഞ്ഞു.
അങ്ങനെയൊന്നു കിട്ടില്ലെന്നു പലരും പറഞ്ഞു.
എന്തുകൊണ്ടെന്ന ചോദ്യത്തിന്‌ അത്‌
അച്ചടിച്ചു മാത്രം വില്‍ക്കുന്നതാണെന്നു മറുപടി.
മറ്റുചിലര്‍ പറഞ്ഞു - അതിലെഴുതാന്‍
ദൈവത്തിനു മാത്രമേ കഴിയൂ!
ഇവ ഞാന്‍ വിശ്വസിച്ചില്ല.
കാവിധരിച്ചവനെ കാട്ടിത്തന്നിട്ട്‌ ഒരുവന്‍ പറഞ്ഞു
ഇയാളുടെ പക്കല്‍ ഒരുപക്ഷേ ആ വെള്ളക്കടലാസ്‌ കണ്ടേക്കാം.
ചിലര്‍ നീളന്‍ വെള്ളക്കുപ്പായക്കാരെയും താടിവളര്‍ത്തി
തൊപ്പി ധരിച്ചവരെയും കാട്ടിത്തന്നു.
ഞാന്‍ ചോദിച്ചു, എന്റെ നിയതി സ്വയമെഴുതാന്‍
നിങ്ങളുടെ പക്കല്‍ കടലാസുണ്ടോ?
അച്ചടിച്ച താളുകളില്‍ നിന്നാണത്രേ
അവരും വായിക്കുന്നത്‌.
ഇതുപറഞ്ഞിട്ടവര്‍ അധികാരത്തിലേക്കുള്ള വഴി തേടി;
അധികാരികളെ വിരല്‍ത്തുമ്പുകൊണ്ട്‌ പന്താടിക്കൊണ്ട്‌.
എങ്കിലധികാരികളെക്കാണാമെന്നു ഞാന്‍ കരുതി.
"അധികാരീ, നിനക്കു ശക്തിയുണ്ടല്ലോ അല്ലേ?"
സാഭിമാനം അയാള്‍ പറഞ്ഞു - "ഉണ്ട്‌."
"ഈശ്വരന്റെ സ്വത്ത്‌ ആരെടുക്കും എന്നു
തീരുമാനിക്കുന്നത്‌ നീയല്ലേ?
ആ നീ ഈശ്വരനേക്കാള്‍ വലിയവനാണോ?"
"അതു തീരുമാനിക്കുന്നതു ഞാനല്ല, നിയമമാണ്‌."
"നിയമമുണ്ടാക്കുന്നത്‌ ആരാണ്‌?"
"അതു ഞാന്‍ തന്നെയാണ്‌."
"അതിനു നിനക്കവകാശവും ചുമതലയും
തന്നയൊരാളില്ലേ? അയാളാവില്ലേ പരമാധികാരി?
അയാളാരെന്നു പറയൂ?"
അധികാരി എന്റെ നേരെ വിരല്‍ ചൂണ്ടി.
"അത്‌ നീയാകുന്നു."
തത്ത്വമസി.

Tuesday, October 11, 2011

നേരിന്റെ നിറം - ഒരന്വേഷണം

നേരിന്റെ നിറമന്വേഷിച്ച്‌ ദൂരേയ്ക്ക്‌
ഞാനും ഒരു യാത്ര പോയി.
വളരെയാളുകള്‍ പറഞ്ഞു
ചോരച്ചെമപ്പുതന്നെ നേരിന്റെ നിറം.
ജനകന്‍ ചാരിത്ര്യം കവര്‍ന്ന
ഒരു പെണ്‍കുരുന്ന് അതു തെറ്റെന്നു സ്ഥാപിച്ചു.
കെട്ടുതാലിയുടെ സ്വര്‍ണ്ണവര്‍ണ്ണമെന്നു ഒരുവള്‍.
ഇണ വഞ്ചിച്ചവര്‍ അതു മായ്ച്ചുകളഞ്ഞു.
സൗഹൃദമാണെന്നു മറ്റു ചിലര്‍.
സൗഹൃദത്തിനു പലനിറമാണെന്നും
ഒരു പാസ്‌വേഡിനപ്പുറം അതിനേറെ
രഹസ്യങ്ങളുണ്ടെന്നും വാദിച്ചവര്‍
നീലയാണ്‌ അതിന്റെ കാണാനിറമെന്ന് പറഞ്ഞു.
അനന്തമായ ആകാശത്തിന്റെ നിറം നീല.
ജീവന്‍ കുരുക്കുന്ന ഭൂമിയുടെ നിറവും
ആഴക്കടലിന്റെയും സ്നേഹക്കണ്ണിന്റെയും
നിറവും നീലയല്ലേ? ചിലര്‍ തിരിച്ചടിച്ചു.
അവര്‍ തമ്മില്‍ യുദ്ധമായി.
സംസ്‌കാരങ്ങള്‍ കലരുന്നതാണ്‌, പോരല്ല
എന്നു ബുദ്ധിജീവികള്‍ അടക്കം പറഞ്ഞു.
മരിച്ചവരെ കോടി പുതപ്പിച്ചു കിടത്തി.
കവലകളില്‍ കരിങ്കൊടി നാട്ടി.
അപ്പോള്‍ തിരിഞ്ഞു- സമാധാനത്തിന്റെ വെള്ളയും
മരണത്തിന്റെ കറുപ്പുമാണ്‌ നേരിന്റെ നിറങ്ങള്‍.
സമാധാനം കിട്ടാക്കനിയാകയാല്‍
മരണക്കറുപ്പുമാത്രമാണ്‌ സത്യമുള്ള നിറം.
തെളിവ്‌ - സത്യങ്ങള്‍ ഇരപിടിക്കാനിറങ്ങുന്ന
കറുത്ത രാത്രികള്‍ കള്ളം പറയാറില്ല.

Monday, September 26, 2011

എന്റെ മകളോട്‌...

ചിരിക്കാതിടംകൈയ്യാല്‍ വിടനല്‍കി നീയെന്നെ
ഇന്നലെപ്പിന്നെയും യാത്രയാക്കി.
ചുമരിലെച്ചിരിയോലും ചിത്രവും സമ്മാന-
പ്പൊതികളും ചൊല്ലി നിന്‍ പ്രായമൊന്ന്‌.
കനമുള്ള മാറാപ്പു തോളേറ്റി വഴിവക്കില്‍
ഒരു മാത്ര നിന്നു തിരിഞ്ഞു നോക്കി.
ചിരിയില്ലയപ്പൊഴും, നനവില്ല കണ്‍കളില്‍
സുഖശാന്തമായ നിസ്സംഗഭാവം.
കരയില്ല നീ! യാത്ര വേര്‍പാടെന്നറിയാത്ത
തളിരാണു കുഞ്ഞേ, കുറച്ചു നാള്‍ നീ.
പിരിയുന്ന വേളതന്‍ നോവറിയാത്തയീ
വയസ്സാണു ജീവനില്‍ നല്ല കാലം.

പലനാള്‍ കഴിഞ്ഞൊരു പുലര്‍കാലനേരത്തു
കൊതിയോടെയോടിയണഞ്ഞീടവേ
പിറവിയില്‍ത്തൊട്ടേ കരയാന്‍ പഠിച്ചതി-
ങ്ങുറവയായ്‌ വന്നെന്‍ മുഖം കാണവേ!
'അച്ഛനാ,ണാങ്ങൂന്നു വരികയാണെ'ന്നുള്ള
വാക്കിനും നല്‍കി നീ പുല്ലുവില!
എന്‍.എച്ചിലെപ്പൊടിയേറ്റയെന്‍ ദേഹവും
മുള്ളുപോല്‍ നോവിക്കുമെന്‍ മീശയും
ഏറുമാവേശത്തിലറിയാതുയര്‍ന്നൊരെന്‍
'മോളൂ' വിളി കേട്ടു നീ ഭയന്നോ?
നീറ്റല്‍ പരത്തി മുഖം മാറ്റി നീ, തുടര്‍-
ന്നമ്മ തന്‍ മാര്‍ച്ചൂടിലാഴ്‌ന്നമര്‍ന്നൂ.

പിന്നെയും തെല്ലിട നേരം കഴിയെ നീ
പുഞ്ചിരിതൂകിയെന്‍ ചാരെവന്നു!
കൈകള്‍ നിന്‍ നേര്‍ക്കൊന്നു നീട്ടേണ്ട താമസം
പൂവുടല്‍ എന്‍ നേര്‍ക്കു ചാഞ്ഞുവന്നു.
'വേഗത്തിലച്ഛനോടൊത്തു ചേര്‍ന്നോ'യെന്ന
ചോദ്യത്തെ നോക്കി നീ കണ്ണിറുക്കി!

പിന്നെപ്പതുക്കെയീ താമസം മാറി നീ
കാണുന്ന മാത്ര തിരിച്ചറിഞ്ഞു.
അച്ഛന്‍ വരുന്ന നിമിഷം മനസ്സിലി-
ട്ടെത്രയോ മുത്തങ്ങള്‍ നീ കൊതിപ്പൂ.

എങ്കിലുമിപ്പോഴും പോരുന്ന നേരമ-
തെന്തെന്നറിയാതെ കൈ വീശവേ,
ചിന്തിച്ചു പോകുന്നു നീയിറ്റു സങ്കടം
കണ്ടാലറിയാത്ത ഭാഗ്യവതി!

അച്ഛന്‍ വരുന്നുവെന്നിന്നറിയുന്നപോല്‍
പോവതും പോകെത്തിരിച്ചറിയും.
കാണുന്ന നേരത്തെപ്പുഞ്ചിരിമുത്തിനെ
അശ്രുരത്നങ്ങള്‍ കടത്തിവെട്ടും.
അന്നും വഴിക്കല്‍ നിന്നൊന്നൂടി നോക്കുമ്പോള്‍
നിന്റെയും കരളില്‍ ഞാന്‍ നോവു കാണും.
അതുവരെ സങ്കടമറിയാതെ വാഴുന്ന
തളിരാണു കുഞ്ഞേ, കുറച്ചു നാള്‍ നീ.

Thursday, August 25, 2011

പ്രണയം ഭ്രമമാണെന്നു പറഞ്ഞവരോട്‌

അവന്‍ പറഞ്ഞത്‌:

കടല്‍ക്കരയിലെ കാറ്റില്‍ അവളുടെ ചുരുള്‍മുടി പാറുമ്പോള്‍
മഷിയെഴുതിയ അവളുടെ കണ്ണില്‍ പൂക്കുന്ന നാണവും
കുറുകിമിടിക്കുന്ന നെഞ്ചിന്റെ താളവും
നിങ്ങള്‍ അറിഞ്ഞുകാണില്ല.
അല്ലെങ്കില്‍, പെണ്ണെന്ന സുഗന്ധം നിങ്ങളുടെ നാസികയില്‍
പടര്‍ന്നുകയറി ഉണര്‍ത്തിവിട്ടത്‌
വിയര്‍പ്പില്‍ അലിഞ്ഞു പോകുന്ന ഏതെങ്കിലും ഹ്രസ്വവികാരമാവും.

അവള്‍ പറഞ്ഞത്‌:

പൂക്കള്‍ കൊഴിഞ്ഞു വീണതും അല്ലാത്തതുമായ
ഒറ്റയടിപ്പാതകളിലൂടെ നടക്കുമ്പോള്‍
അവന്‍ നിന്റെ കുസൃതിക്കൊഞ്ചലിനു കാതോര്‍ത്തിട്ടുണ്ടാവില്ല.
അമ്പലപ്പറമ്പിലെ കുപ്പിവളകളിലേക്കു നോക്കിയിട്ട്‌
'ഇതു വേണോ' എന്നു കണ്ണു കൊണ്ടു ചോദിച്ചിട്ടുണ്ടാവില്ല.
അല്ലെങ്കില്‍, വിരലുകള്‍ കോര്‍ത്തു നടന്നപ്പോഴും
നിന്നിലുണര്‍ന്നതു ഇനിയവന്റെ വിരലുകള്‍
എങ്ങോട്ടെന്ന വിചാരമാവും.

അവര്‍ പറഞ്ഞത്‌:

പ്രണയം സത്യമാണ്‌.
സത്യമില്ലാത പ്രണയം തകരുമ്പോള്‍
നിനക്കു നിന്റെ വിധിയോട്‌ പൊരുതാന്‍
പ്രണയത്തിന്റെ മെയ്ച്ചൂടു തരുന്ന
ഉച്ഛിഷ്ടമാണ്‌ ഭ്രമം എന്ന പദം.
നിന്റെയുള്ളില്‍ ഉള്ളത്‌ പരിഭ്രമം ആണ്‌.

ഞാന്‍ പറയുന്നത്‌:

ഭ്രമവും മതിഭ്രമവും പരിഭ്രമവും ഇല്ലാത്ത
മനസ്സില്‍ സ്നേഹം നിറയുന്നതാണ്‌ പ്രണയം.
പ്രണയത്തിന്റെ വിയര്‍പ്പാറുമ്പോള്‍
സ്നേഹത്തിന്റെ ഉപ്പുപരലുകള്‍ കാണണം.

Thursday, November 04, 2010

എനിക്കു കിട്ടിയ പിച്ച

എനിക്കും നിനക്കുമന്നൊരു ദശമിനാളില്‍ക്കിട്ടിയത്
തേനില്‍ക്കുറുക്കിയൊരന്‍പത്തൊന്നക്ഷരപ്പിച്ച‍ !
എഴുതാനെന്‍ നാരായത്തിനു മുനയില്ലെങ്കിലെന്ത്?
കണ്ണിന്റെ വാതാ‍യനങ്ങള്‍ തുറന്നല്ലോ കിടപ്പൂ!
വെള്ളം പോലെ തന്നെയാണക്ഷരം
കഴുകാനും തരമാകും, കലര്‍ത്താനും അതു തന്നെ.
എഴുതുവാന്‍ നീയും അതില്‍ മിഴിനട്ടു ഞാനും.
പഴിക്കുവാന്‍, പുകഴ്ത്തുവാന്‍
കളിക്കുവാന്‍, കളിയാക്കാ‍ന്‍, ഭര്‍ത്സിച്ചു
നാണം കെടുത്തിനിന്‍ നാവൊന്നടക്കുവാന്‍
ഞാനും തരം പോലെയോലയെടുക്കുന്നു
നാനാതരത്തിലീ ഭ്രാന്തുകുറിക്കുന്നു.
പൊലിക്കാതെയിപ്പൊഴും തോളിലെഭാണ്ഡത്തില്‍
ക്ലാവുപുരണ്ടു കിടക്കുന്നു, എന്റെയന്‍പത്തൊന്നക്ഷരപ്പിച്ച‍!