Showing posts with label അന്തോണി. Show all posts
Showing posts with label അന്തോണി. Show all posts

Sunday, December 13, 2015

സത്യവാൻ കള്ളൻ

പണ്ടുപണ്ടൊരിടത്ത് നല്ലവനായ ഒരു രാജാവുണ്ടായിരുന്നു. പാവങ്ങൾക്ക് രാജാവ് ഒരുപാടു നന്മകൾ ചെയ്തു പോന്നിരുന്നു. പണക്കാർക്കും രാജാവ് ഒത്തിരി സഹായങ്ങൾ ചെയ്തുപോന്നു. എന്നാൽ രാജാവിന്‌ നിരവധി ശത്രുക്കൾ ഉണ്ടായിരുന്നു. ഇവരെല്ലാം തരം കിട്ടുമ്പോൾ രാജാവിനെ സിംഹാസനത്തിൽ നിന്നും ചാടിക്കാൻ ആവതെല്ലാം പയറ്റിക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കേ അന്നാട്ടിൽ ഒരു പെരുങ്കള്ളൻ പിടിയിലായി. പണ്ടൊക്കെ ഒരുപാടുപേരെ പറ്റിച്ചും വെട്ടിച്ചും അവരുടെ പണമെല്ലാം കട്ടെടുത്ത ഒരുത്തനായിരുന്നു അവൻ. അതു മാത്രമോ, സ്വന്തം ഭാര്യയെവരെ കുരുതി കൊടുത്ത മഹാദുഷ്ടനായിരുന്നു കള്ളൻ.

പിടിക്കപ്പെട്ടു കഴിഞ്ഞപ്പോൾ ശിക്ഷയിൽ നിന്നും രക്ഷപ്പെടാനായി കള്ളൻ ഒരു സൂത്രം പ്രയോഗിച്ചു. തന്റെ മോഷണത്തിനെല്ലാം രാജാവിന്റെ ഒത്താശയുണ്ടെന്നും രാജാവിന്റെ അറിവോടെയാണ്‌ ഈ മോഷണമെല്ലാം നടത്തുന്നതെന്നും എന്തിനേറെ കളവുമുതലിന്റെ നല്ലൊരു പങ്കും രാജാവിനു കൊടുത്തിട്ടുണ്ടെന്നുമൊക്കെ പറഞ്ഞതാണ്‌ കള്ളന്റെ തന്ത്രം.

അതു കൂടാതെ, കള്ളന്റെ കൂട്ടാളിയായി ഒരു പെരുങ്കള്ളി കൂടി ഉണ്ടായിരുന്നു. നുണ പറച്ചിലാണ്‌ അവളുടെ പ്രധാന വിനോദം. കണ്ണിൽ കാണുന്നവരെപ്പറ്റിയെല്ലാം നുണക്കഥകളുണ്ടാക്കി പറഞ്ഞിട്ട് അവരെ നാണം കെടുത്തുമെന്നു പറഞ്ഞിട്ട് അങ്ങനെ ചെയ്യാതിരിക്കാൻ അവൾ അവരുടെയടുത്തു നിന്നും കാശു തട്ടിച്ചെടുക്കുകയും ചെയ്തു പോന്നു. എന്നാൽ കള്ളനും കള്ളിയും പിടിയിലായതോടെ ഇവരുടെ വേലത്തരങ്ങൾക്കെല്ലാം അറുതിവന്നു.

അങ്ങനെ ശിക്ഷിക്കപ്പെടുമെന്നു വന്നപ്പോഴാണ്‌ കള്ളൻ മുന്നേ പറഞ്ഞ ആരോപണങ്ങളുമായി രംഗത്തു വന്നത്. അപ്പോൾ രാജാവിനെ ഇഷ്ടമല്ലാതിരുന്ന സഭാംഗങ്ങൾ എല്ലാവരും കൂടി രാജാവിനെ കുറ്റപ്പെടുത്താൻ തുടങ്ങി. ഇതുകേട്ട രാജാവ് പ്രശ്നത്തിൽ വിധി കല്പ്പിക്കാൻ ഒരു ന്യായാധിപനെ ചുമതലപ്പെടുത്തി.

ന്യാധിപൻ ചോദിച്ചപ്പോഴും കള്ളൻ മുൻപു പറഞ്ഞതെല്ലാം ആവർത്തിച്ചു. കൂടാതെ, കള്ളിയുമായി രാജാവ് സംസാരിച്ചിട്ടുണ്ടെന്നും കള്ളിയും രാജാവും തമ്മിൽ വല്യ കൂട്ടാണെന്നും രാജാവിനൊപ്പം കള്ളി നാടകം കളിച്ചിട്ടുണ്ടെന്നും കള്ളൻ പറഞ്ഞു. അങ്ങനെ ഒരു നാടകമുണ്ടെങ്കിൽ സിംഹാസനം ഉപേക്ഷിച്ച് കാട്ടിലേക്കു പൊയ്ക്കൊള്ളാം എന്ന് രാജാവ് കള്ളനെ വെല്ല്ലുവിളിച്ചു. അപ്പോൾ ആ നാടകം എവിടെയെന്ന്‌ ന്യായാധിപൻ കള്ളനോട് അന്വേഷിച്ചു. നാടകമെഴുതിയ താളിയോലക്കെട്ട് ഭദ്രമായി ഒരിടത്തു വെച്ചിട്ടുണ്ടെന്നു കള്ളൻ പറഞ്ഞു.

എങ്കിൽ അതെടുത്തോണ്ട് വരീന്നായി ന്യായാധിപൻ. ഈ നേരമെല്ലാം രാജാവ് “ഞാൻ കള്ളമൊന്നും ചെയ്തില്ല, എന്തു വന്നാലും കാണാം” എന്നൊക്കെ പറഞ്ഞ് ഒരേയിരിപ്പ്. ന്യായാധിപൻ കള്ളനെ കുറേ ഭടന്മാരെയും കൂട്ടി താളിയോല കണ്ടെടുക്കാൻ അയച്ചു. ഇതറിഞ്ഞ പ്രജകളും ദൂതന്മാരും കവികളുമെല്ലാം കള്ളന്റെയും ഭടന്മാരുടെയും പിന്നാലെ വച്ചലക്കി. നദികളും മലകളും ദേശങ്ങളും താണ്ടി അവർ യാത്ര തുടർന്നു. ഒടുക്കം കള്ളൻ പറഞ്ഞ സ്ഥലത്ത് അവരെത്തി. കള്ളൻ താളിയോല എടുക്കാൻ വരുന്നതറിഞ്ഞ് നൂറുകണക്കിന്‌ ആൾക്കാർ കള്ളൻ ചെന്നിടത്തു തടിച്ചുകൂടി. കള്ളനും ഭടന്മാരും കൂടിച്ചേർന്ന്‌ താളിയോല വച്ചിരുന്നിടം അരിച്ചു പെറുക്കി. തേടിത്തേടി എല്ലാവരും മടുത്തപ്പോൾ കള്ളന്റെ ഒരു കൂട്ടാളി ഒരു ഭാണ്ഡവുമായി രംഗത്തു വന്നു. അതിലാകട്ടെ താളിയോല പോയിട്ട് ഒരു താളു പോലും ഇല്ലായിരുന്നു.

കള്ളന്റെ കഴുത്തിനു പിടിച്ച് ഭടന്മാർ താളിയോലയെവിടെ എന്നു തിരക്കി. അപ്പോൾ കള്ളൻ പറഞ്ഞു താളിയോല മറ്റേതെങ്കിലും കള്ളൻ കൊണ്ടുപോയിക്കാണുമെന്ന്‌. അതു കേട്ട് രാജാവു പൊട്ടിച്ചിരിച്ചു. പ്രജകളും ദൂതന്മാരും രാജാവിന്റെ ശത്രുക്കളും ഇളിഭ്യരായി. ഒടുക്കം ഭടന്മാർ കള്ളനെ ന്യായാധിപന്റെ അടുക്കലേക്ക് തിരികെച്ചെന്നു. നാട്ടുകാർ അവരുടെ ‘ചുവരു’കളിലെല്ലാം “താളിയോല കള്ളൻ, കള്ളൻ താളിയോല” എന്നെല്ലാം എന്തൊക്കെയോ അക്ഷരത്തെറ്റോടെ എഴുതി വെച്ചു.

കഥ ഇത്രയും പറഞ്ഞപ്പോൾ അന്തോണിയുടെ മടിയിലിരുന്ന കൊച്ചുറാണിക്കൊച്ച് ചാടിയെഴുന്നേറ്റു.

“ഞാനീ സിലുമാ ഈയിടെ ടീവിയിൽ കണ്ടതാണല്ലോ” എന്നും പറഞ്ഞ് അപ്പനെ കൊഞ്ഞനം കാണിച്ചിട്ട് അവൾ അടുക്കളയിലേക്കോടിക്കളഞ്ഞു.

Wednesday, October 12, 2011

അന്തോണിയുടെ തോല്‌വിയും അച്ചാമ്മയുടെ അനിശ്ചിതത്വവും

ഏതാണ്ട്‌ മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ അച്ചാമ്മയ്‌ക്ക്‌ അന്തോണിയെ കല്യാണം ആലോചിക്കുന്ന കാലം. സോഷ്യലൈസിങ്ങും നെറ്റ്‌വര്‍ക്കിലൂടെയുള്ള സോഷ്യലൈസിങ്ങും ഒന്നും മാമുനിമാര്‍ പോലും പ്രവചിച്ചിട്ടില്ലാത്ത കാലമായിരുന്നല്ലോ അത്‌. ഇന്നു ചാവറ മാട്രിമോണി ഡോട്ട്‌ കോം ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യം അന്നു അന്തോണി-അച്ചാമ്മമാര്‍ക്കായി പ്രാവര്‍ത്തികമാക്കിയത്‌ ബ്രോക്കര്‍ ശ്രീമാന്‍ ഉണ്ണിവറീതുചേട്ടനായിരുന്നു. ആ, അതുതന്നെ, രണ്ടുകൂട്ടരുടെയും ഇടയ്ക്കു നിന്ന്‌ ഇടപാടാക്കി(ഡീല്‍ ഓര്‍ നോ ഡീല്‍) കൊടുക്കുന്നതുകൊണ്ടുതന്നെയാണ്‌ ആ പേര്‌. നമ്മള്‍ സിനിമായില്‍ കാണുന്നമാതിരി നീളന്‍ ജുബ്ബയും വര്‍ഷത്തില്‍ 365 ദിവസവും കക്ഷത്തില്‍ ഊറുന്ന വിയര്‍പ്പു കുടിക്കുന്ന ഡയറിയും കാലന്‍ കുടയും ഉള്ള ദല്ലാള്‍ അല്ല കെട്ടോ ഈ ഉണ്ണിവറീത്‌. സാധാരണ വേഷം, കണക്കും ഡേറ്റാബേസുമെല്ലാം തലയ്ക്കുള്ളില്‍. മരുന്നിനു പോലും ഫോട്ടോ കാണിക്കല്‍ ഇല്ല. ബ്രോക്കര്‍ എന്ന സ്ഥാനപ്പേരുപോലും ഇല്ലാതിരുന്ന അക്കാലത്ത്‌ 'എടക്കാരന്‍' എന്നാണു വിവാഹദല്ലാളുമാര്‍ അറിയപ്പെട്ടിരുന്നത്‌. ഇപ്പോ കല്യാണബ്രോക്കര്‍മാരെ തീരെ കാണാനില്ല. സ്ഥലമിടപാടു ബ്രോക്കര്‍മാരെ ബ്രോക്കര്‍ എന്നു വിളിച്ചാല്‍ നമ്മള്‍ അവരുടെ തന്തയ്‌ക്കു വിളിച്ചമാതിരി ഒരു നോട്ടമാണ്‌, എന്താ കാര്യം? 'റിയല്‍ എസ്റ്റേറ്റ്‌ ഏജന്റ്‌' എന്നേ അവരെ വിളിക്കാവൂ.

പറഞ്ഞു വന്നത്‌, നമ്മടെ അന്തോണീടെ ആലോചന വന്നതിനെക്കുറിച്ചാണല്ലോ. പെണ്ണിന്റെ വീട്ടുകാരും ചെറുക്കന്റെ വീട്ടുകാരും പരസ്‌പരം ചില അന്വേഷണങ്ങളൊക്കെ നടത്തണം, അതാണല്ലോ ഒരു നാട്ടുനടപ്പ്‌. ഇരുപത്തഞ്ചായതിനെ 'അടുത്ത കുംഭത്തില്‍ പതിനേഴ്‌ തെകയും' എന്നു പറഞ്ഞു കെട്ടിക്കുന്ന കാലമാ. ആണുങ്ങളുടെ കാര്യമാണെങ്കില്‍, 'തങ്കപ്പെട്ട സ്വഭാവമാ' എന്നു പറയും ദല്ലാള്‍. ആളെ നേരിട്ടറിയാവുന്നവര്‍ക്കറിയാം ഈ പറഞ്ഞ തങ്കപ്പെട്ട സ്വഭാവം എന്നതു ശരിക്കും തള്ളയെ തല്ലുന്ന തങ്കപ്പേട്ടന്റെ പോലത്തെ സ്വഭാവമായിരിക്കും എന്ന്. അല്ല, എന്തിനേറേ പറയുന്നു ആയിരം കള്ളം പറഞ്ഞാണ്‌ ഒരു കല്യാണം നടത്തുന്നതെന്നാണല്ലോ പഴമൊഴി. നമ്മടെ നായകനെക്കുറിച്ച്‌ എടക്കാരന്‍ പറഞ്ഞതും ഏതാണ്ടിതുപോലൊക്കെത്തന്നെ ആയിരുന്നു.

"യ്യോ! അന്തോണീന്നു പറഞ്ഞാ അവിടങ്ങളിലൊക്കെ നല്ല മതിപ്പാ." ഉവ്വ, ഏതു കാര്യത്തിലാന്നും കൂടെ പറയണം. ഇനി വരുന്ന ഡയലോഗ്‌ ശ്രദ്ധിച്ചാല്‍ മതി. എന്തുമാത്രം മധുരം ചാലിച്ച കസര്‍ത്താണെന്നു നോക്കിക്കോണം.

"ഈ അന്തോണീടപ്പന്‍, വര്‍ക്കിച്ചന്‍, അവിടങ്ങളിലൊക്കെ നല്ല പേരൊള്ള മനുഷ്യനാ. കാശും പത്രാസും ഒന്നും അധികം പറയാനില്ലെങ്കിലും... ഇന്നു വരെ ഒരു മുട്ടും വന്നിട്ടില്ല. നന്നായി പറമ്പീ പണിയും. കൃഷീം കന്നുകാലീം എല്ലാ വകേം ഉണ്ട്‌. വെളുക്കുമ്പോ എറങ്ങിയാ പിന്നെ ഇരുട്ടീട്ടേ പണി നിര്‍ത്തിക്കേറൂ. അല്ല, അതിന്റെ ഗുണവും ഉണ്ട്‌ കേട്ടോ. എന്നതാ? ഇന്നു വരെ, മൂപ്പിലാനൊരു കാര്യത്തിനും മുടക്കം വന്നിട്ടില്ല. പിന്നെയെന്നാ, പള്ളിക്കും കൂട്ടര്‍ക്കും തന്നാലാവുന്നതൊക്കെ ചെയ്യുന്നുമുണ്ട്‌. അല്ല, അങ്ങനെയുള്ളോര്‍ക്കു പണോം പത്രാസും എന്തിനാന്നേ? മൂപ്പരാണെങ്കില്‍ ഒന്നാംതരം വിശ്വാസി. പെണ്ണുമ്പിള്ളയാണെങ്കി അതുപോലെ തന്നെ. ആ വീട്ടിലെ സകല കാര്യങ്ങളും വേണേല്‍ ഒറ്റയ്‌ക്കവരു നോക്കിക്കോളും...."

അന്തോണിയില്‍ നിന്നു ടപ്പേന്നു വര്‍ത്താനം അന്തോണീടപ്പനിലെത്തീതു കണ്ടില്ലേ? ഇത്രേം കേക്കുമ്പോ പെണ്ണിന്‌, 'എന്നാപ്പിന്നെ ഞാന്‍ ചെറുക്കന്റെ അപ്പന്‍ വര്‍ക്കിച്ചനെ കെട്ടിക്കോളാം' എന്നു വരെ തോന്നിപ്പോകും. ഭാവി-അമ്മായിയമ്മേടേ മിടുക്കിനെ കുറിച്ചുള്ള വര്‍ണ്ണനയില്‍ വേണമെങ്കില്‍ ആ വീട്ടിലെ സകല കാര്യങ്ങളും - കെട്ട്യോനെ ഉള്‍പ്പടെ - തന്റെ വരുതിക്കു നിര്‍ത്താന്‍ പാങ്ങുള്ള ഒരു രാക്ഷസിയാണ്‌ അവര്‍ എന്നും അര്‍ഥം കാണാം. സൂക്ഷിച്ചു നോക്കണം, ഇതു വരെ അന്തോണീടെ പുരാണം ഒന്നും പറഞ്ഞിട്ടില്ല!

ഇത്രേം പറഞ്ഞു, കേട്ടതെല്ലാം തൊണ്ടതൊടാതെ ഇറക്കിയാല്‍ പയ്യന്റെ കുടുംബത്തെപ്പറ്റി ഇപ്പോ പെണ്ണിന്റെ വീട്ടുകാര്‍ക്ക്‌ നല്ല മതിപ്പായി. വേറൊരു കാര്യം മാതാപിതാക്കള്‍ എപ്പോളും മാതാപിതാക്കളുടെ ലെവലിലേ ചിന്തിക്കൂ. മത്ത കുത്തിയാല്‍ കുമ്പളം മുളയ്‌ക്കില്ല എന്ന വിശ്വാസം. (പേട്ടുമത്തനായിക്കൂടേ എന്നു ചോദിക്കരുത്‌, അല്ല, ആരും ചോദിക്കാറില്ല!) മാതാപിതാക്കളുടെ ഭാഗം ക്ലീന്‍ ആയാല്‍ ബാക്കി താനെ ശരിപ്പെട്ടോളും എന്നൊരു വെപ്പ്‌. വിശ്വാസം, അതാണല്ലോ എല്ലാം! ഇത്രേം പറഞ്ഞാലുള്ള മെച്ചം എന്തെന്നാല്‍... മന:ശാസ്ത്രപരമായി, ഇത്രേം കാഴ്ചപ്പൊലിമയുള്ള വിഭവങ്ങള്‍ വിളമ്പി വെച്ചിട്ട്‌ 'അവിയലിന്‌ ഇച്ചിരെ ഉപ്പു കുറവാട്ടോ, സാമ്പാറിന്‌ സൊല്‍പം എരിവു കൂടുതലും' എന്നു പറഞ്ഞാല്‍, ഈ വായിക്കുന്ന നിങ്ങളാണെങ്കിലും പെണ്ണിന്റെ അപ്പന്റെ സ്ഥാനത്താണെങ്കില്‍ "ഓ.. അതു സാരമില്ലന്നേ" എന്നേ പറയൂ. ഇനി മറിച്ചൊരഭിപ്രായമുണ്ടെങ്കിലും "ഇതൊക്കെ അത്ര കാര്യമാക്കാനുണ്ടോ ചങ്ങാതീ?" എന്നു ദല്ലാളും "നിങ്ങളങ്ങു സമ്മതിക്കു മനുഷ്യാ!" എന്നു പെണ്ണുമ്പിള്ളയും പറയുമ്പോള്‍ അയാളങ്ങു താഴ്‌ന്നു കൊടുക്കും. അമ്മയുടെ മനസ്സില്‍ 'എന്നതായാലും എന്നെ കെട്ടിയെഴുന്നള്ളിച്ചോണ്ടുവന്ന നരകത്തേക്കാള്‍ നൂറുമടങ്ങു ഭേദമാണല്ലോ' എന്നാവും.

"ചെറുക്കന്‍ മിടുക്കനാ. കാണാന്‍ യോഗ്യന്‍. ഏഴാം ക്ലാസ്സുവരെയേ പോയിട്ടുള്ളൂ. എന്നാലെന്നാ, അപ്പനെപ്പോലെ തന്നെയാ, അദ്ധ്വാനി. നന്നായി പറമ്പില്‍ പണിയും. അപ്പനെ പറിച്ചു വെച്ചപോലെയാ! ആ! ദു:സ്വഭാവം എന്നു പറയാന്‍ അങ്ങനെ ഒന്നും തന്നെയില്ല. എന്നാലും, ഇന്നത്തെ പിള്ളാരല്ലേ, അതിപ്പോ കമ്പനി കൂടുമ്പോ ഒരമ്പതോ നൂറോ അടിക്കുമെന്നോ ഒരു ബീഡിയെങ്ങാനും പൊകയ്‌ക്കുമെന്നോ കൂട്ടിക്കോ. വേറേ അലമ്പു കമ്പനിയോ കൂട്ടുകെട്ടോ ഏ...ഹേ! വീടും വീട്ടുകാര്യങ്ങളും ആയിട്ട്‌ ഒതുങ്ങിക്കഴിയുന്നവന്‍. ഇവിടത്തെ ഒരു രീതീം കാര്യങ്ങളും ഒക്കെ വെച്ചു നോക്കിയപ്പോ എനിക്കു തോന്നി അച്ചായന്റെ കുടുംബത്തീ കേറ്റാന്‍ കൊള്ളാവുന്ന ഒരുത്തനാണെന്ന്‌. അല്ലങ്കില്‍ പിന്നെ ഞാന്‍ ഇതിവിടെ അവതരിപ്പിക്കില്ലല്ലോ, യേത്‌?"

മേല്‍പ്പറഞ്ഞതിന്റെ ഏതാണ്ടു നടുക്കു ഭാഗത്ത്‌ പ്രതിശ്രുതവധു അച്ചാമ്മയുടെ ജീവിതത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കാവുന്ന ചില സംഗതികള്‍ നിരന്നു കിടക്കുന്നുണ്ടെങ്കിലും അവസാനം അച്ചാമ്മയുടെ കുടുംബമഹിമ കൊണ്ട്‌ ഒരു ചൂണ്ടക്കൊളുത്തുണ്ടാക്കി എറിഞ്ഞപ്പോ അച്ചാമ്മേടപ്പന്‍ ഇടം വലം നോക്കാതെ കൊത്തി.

ഭക്ഷണപ്രിയനായ അന്തോണിയെ പാട്ടിലാക്കാന്‍ എടക്കാരന്‍ കണ്ട വഴി അച്ചാമ്മ ഒരു പാചകറാണിയാണെന്നു പറഞ്ഞു പിടിപ്പിക്കുകയായിരുന്നു. അവസാനം പുകിലാകാണ്ടിരിക്കാന്‍ ചെറുക്കന്‍ നന്നായി ശാപ്പാടടിക്കുന്ന കൂട്ടത്തിലാ എന്നു പെണ്ണിന്റെ അമ്മയോട്‌ ഡാവിലൊന്നു സൂചിപ്പിക്കാനും മറന്നില്ല. എന്നിട്ടോ, കല്യാണമുറച്ച അന്നു മുതല്‍ കെട്ടിന്റെ തലേന്നു വരെ അച്ചാമ്മയ്‌ക്കു പാചകത്തിന്റെ ക്രാഷ്‌ കോഴ്‌സായിരുന്നു. ഇന്നും ഇതൊക്കെ നടപ്പുള്ളതാണേ! കെട്ടു കഴിഞ്ഞ്‌ "താനല്ലേടോ അവളൊരു പാചകറാണിയാണെന്നു പറഞ്ഞത്‌? പാചകം എന്നാണോ വാചകം എന്നാണോ താന്‍ അന്നു ശെരിക്കും പറഞ്ഞെ?" എന്നു ഉണ്ണിവറീതിനോട്‌ അന്തോണി ചോദിക്കാഞ്ഞതു നമ്മടെ അച്ചാമ്മേടെ മിടുക്ക്‌.

പക്ഷേ അച്ചാമ്മയുടെ സ്ഥിതി മറിച്ചായിരുന്നു. ബീഡിപ്പുക എന്നതു അന്തോണിക്ക്‌ ജീവശ്വാസമാണെന്ന തിരിച്ചറിവ്‌. അതിന്‌ ഒരുപാടുനാളൊന്നും കാത്തിരിക്കേണ്ടിയും വന്നില്ല. പിന്നെ ആദ്യമൊക്കെ അത്ര ഇല്ലായിരുന്നെങ്കിലും അന്തിയാവുമ്പോ പണി കഴിഞ്ഞിട്ട്‌ അന്തോണി ഒന്നു മുങ്ങുന്നതു പതിവായി. ഇരുട്ടിക്കഴിയുമ്പോള്‍ പൊങ്ങും. മുങ്ങലും പൊങ്ങലും ഒക്കെ വെള്ളത്തിലേ നടക്കൂ എന്നു കൂട്ടിവായിക്കാനുള്ള ജി.കെ. ഒക്കെ വായനക്കാര്‍ക്കുണ്ടല്ലോ. പോരാഞ്ഞ്‌ സമാധാനപൂര്‍ണ്ണമായ അക്ഷമയോടെ ക്യൂ നില്‍ക്കാന്‍ അന്നു ബീവറേജൊന്നുമില്ല. സൊയമ്പന്‍ ചാരായം ഉള്ള കാലമാണ്‌. പുഴുങ്ങിയ മുട്ട കൂട്ടി ഒരു നൂറടിച്ചാല്‍ കല്ലു ചുമക്കുന്നവന്റെ വരെ മേലുവേദനയും കരളും അലിഞ്ഞു പോകും. നാട്ടിലാണെങ്കില്‍ ഇഷ്‌ടം പോലെ തെങ്ങും പനയും - 'എന്നെ ചെത്തി കള്ളെടുക്കാവോ?' എന്നും ചോദിച്ച്‌ നില്‍ക്കുന്നു. (ഇപ്പോ നമ്മുടെ നാട്ടില്‍ തേങ്ങായിടാന്‍ ആളെ കിട്ടില്ല, പക്ഷേ ചെത്തുകാര്‍ ഇഷ്‌ടം പോലെ ഉണ്ട്‌. 'ഡിമാന്‍ഡ്‌ മേക്‌സ്‌ പ്രൊഡക്റ്റ്‌സ്‌ ആന്‍ഡ്‌ പ്രൊഫഷണല്‍സ്‌' എന്നാണല്ലോ!) അപ്പോ മേനി പറഞ്ഞ ദു:ശ്ശീലരാഹിത്യം എന്ന ഗുണം പള്ളീച്ചെന്നു പറഞ്ഞാമതി എന്ന ഗതിയായി. ഇതൊരിക്കല്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ 'ഇതു ഞാന്‍ എപ്പളേ പ്രതീക്ഷിച്ചു' എന്ന മട്ടില്‍ അന്തോണി തിരിച്ചടിച്ചു:

"ഞാന്‍ കള്ളുകണ്ടാല്‍ കാര്‍ക്കിച്ചു തുപ്പുന്നവനാണെന്നും ബീഡിപ്പുക കൊണ്ടാല്‍ ആസ്‌മാ വരുന്നോനാണെന്നും ഒന്നും പറഞ്ഞിട്ടില്ല. നിന്റേം നിന്റെ വീട്ടുകാരടേം വെളിവുകേടിന്‌ അങ്ങനെ കരുതിപ്പോയതിന്‌ ഞാനെന്നാ പെഴച്ചു? പകരം ഇങ്ങോട്ടു പറഞ്ഞതെന്നാ? നിന്റത്രേം വെച്ചു വെളമ്പാന്‍ കഴിവുള്ളവള്‍ ആ കരേല്‍ വേറേയില്ലന്നല്ലേ? ശരി, ഞാന്‍ വലിക്കുമെന്നും അല്‍പസൊല്‍പം കുടിക്കുമെന്നും അറിഞ്ഞപ്പോ നിന്റെ തെറ്റിദ്ധാരണയങ്ങു മാറി. ഇനി നിന്റെ വീട്ടുകാര്‍ എന്നെ എന്തെല്ലാം കള്ളം പറഞ്ഞാ തെറ്റിദ്ധരിപ്പിച്ചേക്കുന്നേന്നാര്‍ക്കറിയാം?"

അച്ചാമ്മയുടെ ഉള്ളു നൊന്തു. പേടിക്കേണ്ട, പാചകറാണിപ്പട്ടം പോയാല്‍ തന്റെ കുടുംബക്കാര്‍ ആകമാനം നുണയന്മാരാണെന്ന്‌ അതിയാന്‍ പറഞ്ഞു കളയുമെന്ന പേടിയായിരുന്നു പുള്ളിക്കാരിക്ക്‌. കെട്ടിക്കേറിച്ചെല്ലുന്ന പെണ്ണിന്റെ കുടുംബം തരംതാണുപോയാല്‍ പിന്നെ അവള്‍ക്കവിടെ എന്താ വില? ഒരു കാര്യം നല്ലതാണെന്നു സ്ഥാപിക്കാനാണല്ലോ പ്രയാസം, നല്ലതല്ലെന്നു വരുത്താനാണെകില്‍ ഒരൊറ്റ മോശം കാര്യം ഉണ്ടായാല്‍ മതിയല്ലോ. ഒറ്റ ബഗ്ഗുണ്ടെങ്കില്‍ ആപ്‌ളിക്കേഷന്‍ ബഗ്‌-ഫ്രീ ആണെന്നു നമുക്കും പറയാന്‍ പറ്റില്ലല്ലോ.

ആ ഒരൊറ്റ കാരണം കൊണ്ട്‌ അതീവ ശ്രദ്ധയോടെ അച്ചാമ്മ വെച്ചു വെളമ്പുന്നു, അന്തോണി ഇന്നും വായ്‌ക്കു രുചിയുള്ള ആഹാരം കഴിക്കുന്നു. (ഉപ്പല്‍പം കൂടിപ്പോയ കറി അച്ചാമ്മ തന്നെ തിന്നുന്നു.)

ഗുണപാഠം: ഒരുപാടുണ്ട്‌, വാട്ടെവര്‍ യു ഫീല്‍, ടേക്കിറ്റ്‌ മാന്‍!

Friday, January 21, 2011

അന്തോണിയുടെ ന്യായങ്ങള്‍

1) ഇന്ദി!

അന്തോണിയും കുറെ കുടുംബ സുഹൃത്തുക്കളും കൂടി ഒരു നോര്‍ത്‌ ഇന്ത്യന്‍ ടൂറിനു പോയി. അവിടാണേല്‍ മുടിഞ്ഞ തണുപ്പ്‌. ഗഡികളെല്ലാം കൂടി അറ്റകൈക്ക്‌ ഒരു ബാറില്‍ കയറി. കൂട്ടത്തില്‍ രണ്ടുമൂന്നു പേര്‍ ഹിന്ദിയും ഇംഗ്ലീഷും അറിയാവുന്നവരായി ഉണ്ടായിരുന്നതിനാല്‍ കമ്മ്യൂണിക്കേഷന്‌ ഒരു പ്രശ്നവും ഉണ്ടായില്ല. എന്നിരുന്നാലും വാളയാര്‍ കഴിഞ്ഞതോടുകൂടി അന്തോണിക്ക്‌ അല്‍പമൊക്കെ അപകര്‍ഷതാ ബോധം തോന്നിത്തുടങ്ങി. വിദ്യാഭ്യാസം പണ്ടേ കുറവാ. ഇംഗ്ലീഷ്‌ അറിയാമായിരുന്നെകില്‍ അല്‍പം ഭേദമായിരുന്നു. പുറംനാട്ടിലൊന്നും പോയി തങ്ങിയോ ജോലി ചെയ്തോ പരിചയവും ഇല്ല. അല്‍പം തമിഴാണ്‌ മലയാളം കഴിഞ്ഞാല്‍ വഴങ്ങുന ഏക ഭാഷ. അതുകൊണ്ട്‌ വടക്കുചെന്നിട്ട്‌ എന്തു കാര്യം? മൊത്തത്തില്‍, ഒരു ബീഡി വാങ്ങാന്‍ പോലും ദ്വിഭാഷിയെ വെക്കണം എന്ന അവസ്ഥ. എന്തായാലും മച്ചാന്മാര്‍ ബാറില്‍ കയറിയിരുന്ന്‌ അടി തുടങ്ങി. കോച്ചുന്ന തണുപ്പത്ത്‌ നല്ല ലോക്കല്‍ സാധനം ആണ്‌ പൂശുന്നത്‌. അങ്ങനെ ഒരു ലെവലായപ്പോ അന്തോണിക്കും ഒരു പൂതി. തനിക്കും ഇന്ദി സംസാരിക്കണം. അന്തോണി ഒരു ഇരയെ തപ്പി. നോക്കുമ്പോ ദാ, മേശയാകെ അലങ്കോലമായിക്കഴിഞ്ഞു. തിരിഞ്ഞുനോക്കി അന്തോണി മേശ തുടയ്ക്കുന്ന ചെക്കനെ വിളിച്ചു -

"ഹെയ്‌, ക്ലീന്‍ ചെയ്യുന്ന ആദ്‌മീ, ഇങ്ങാട്ട്‌ വാ!"

അദ്ഭുതം! പുള്ളി കേട്ടു, വന്നു, നീറ്റായി മേശ തുടച്ചു. അന്തോണിക്ക്‌ അതോടെ ഭാഷ അറിയാത്തതിന്റെ വിഷമം തീര്‍ന്നു.


2) ആട്ടിറച്ചി

അന്തോണിക്ക്‌ ഇംഗ്ലീഷ്‌ തീരെ അറിയില്ല എന്നും ധരിക്കരുതു കേട്ടോ. അതാണ്‌ ഇനി പറയാന്‍ പോകുന്നത്‌. മകന്‍ ആഭാസ്‌കുമാറിന്റെ ചെറുപ്പകാലത്ത്‌, ഒരുനാള്‍ അന്തോണിയും ആഭാസും കൂടി ഒരു കല്യാണത്തിനു പോയി. സദ്യ നോണ്‍-വെജ്‌ ആയിരുന്നു. തുടക്കം അപ്പവും മട്ടണ്‍ ചാപ്സും! മട്ടണ്‍ ചാപ്സ്‌ അത്ര പതിവുള്ള ഒരു വിഭവം അല്ലാത്തതിനാല്‍ ആഭാസ്‌ ചോദിച്ചു 'അപ്പാ ഇതെന്നാ ഇറച്ചിയാ' എന്ന്‌.

"ആട്ടിറച്ചി" അന്തോണിയുടെ മറുപടി.

"ആടിനു ഇംഗ്ലീഷില്‍ 'ഗോട്ട്‌' എന്നല്ലേ പറയുക പിന്നെ എന്തിനാ 'ഗോട്ട്‌ ചാപ്സ്‌' എന്നു പറയാതെ 'മട്ടണ്‍ ചാപ്സ്‌' എന്നു പറയുന്നെ?" തികച്ചും ന്യായമായ ചോദ്യം.

അന്തോണി ദശയുള്ള രണ്ട്‌ പീസ്‌ നോക്കി മകനു വിളമ്പിക്കൊടുത്തിട്ട്‌ ഒന്നാലോചിച്ചു. എന്നിട്ടു പറഞ്ഞു.

"എടാ, സാധാരണ കശാപ്പു ചെയ്യുന്നത്‌ ആണാടിനെ അല്ലേ?"

"അതെന്താ പെണ്ണാടിനെ കശാപ്പു ചെയ്യാത്തെ?" ഇതാണു പിള്ളാരടെ കുഴപ്പം. ഒരു കാര്യം പറഞ്ഞുവരുമ്പോ അതിനെടേക്കൂടെ വേറെന്തെങ്കിലും എടുത്തിടും.

"എടാ, പെണ്ണാട്‌ എപ്പോളും പ്രസവവും കുഞ്ഞുങ്ങളും കറവയുമൊക്കെയായിട്ടു ബിസി ആയിരിക്കും. അതുകൊണ്ടാ മെയിനായിട്ടും ആണാടിനെ എറച്ചിക്ക്‌ തട്ടുന്നത്‌!"

"ഉം.."

"നമ്മള്‌ ആണാടിനു പറയുന്ന പേരെന്താ?"

"വിക്രു!"

"ഹോ! എടാ അതു നമ്മടെ വീട്ടിലെ ആടിന്റെ പേര്‌ അല്ലേ? ഞാന്‍ ചോദിച്ചത്‌ ആണാടുകള്‍ക്കു പൊതുവേ പറയുന്ന പേരാ!"

"ഓ... മുട്ടനാട്‌!"

"ആ, ഈ ചാപ്സും റോസ്റ്റും ബിരിയാണീം ഒക്കെ ഉണ്ടാക്കാന്‍ സാധാരണയായി പൂശുന്നതു മുട്ടനാടിനെ ആയിരിക്കും. 'മുട്ടനെ' തട്ടീട്ട്‌ ഉണ്ടാക്കുന്ന ബിരിയാണി 'മുട്ടന്‍ ബിരിയാണി'. അതു ഇംഗ്ലീഷില്‍ ആക്ക്യപ്പോ മട്ടന്‍ ബിരിയാണി. അത്രേള്ളൂ!" പറഞ്ഞു നിര്‍ത്തിയിട്ട്‌ അന്തോണി ചോറിലേക്കു കടന്നു. പക്ഷേ, മകന്‍ വിടാന്‍ ഭാവമില്ലായിരുന്നു.

"അങ്ങനെയാണെങ്കില്‍ എന്താ കോഴി ബിരിയാണിക്കു 'കോക്ക്‌ ബിരിയാണി' എന്നു പറയാതെ ചിക്കന്‍ ബിരിയാണീന്നു പറയുന്നെ?"

"എടാ, നമ്മള്‍ കഴിഞ്ഞ ക്രിസ്‌മസ്സിനു വീട്ടില്‍ കറിവെച്ച പൂവനെ ഓര്‍ക്കുന്നില്ലേ? അവന്‍, ഒരു ഒത്ത പൂവന്‍ അല്ലാരുന്നോ? അവന്‌ എന്തു പ്രായം ഉണ്ടാരുന്നു എന്നറിയാമോ? രണ്ട്‌ വയസ്സ്‌! എന്നാലോ, ഈ ബ്രോയിലര്‍ കോഴി ഒണ്ടല്ലോ? അതിനെയൊക്കെ നാല്‍പ്പതു നാല്‍പ്പത്തഞ്ചു ദിവസം കൊണ്ട്‌ ഹോര്‍മോണൊക്കെ കുത്തിവെച്ച്‌ നിര്‍ബന്ധിച്ച്‌ ഇറച്ചി വെയ്‌പ്പിക്കുന്നതാ. വലിപ്പത്തില്‍ മുറ്റാണെങ്കിലും മനസ്സുകൊണ്ട്‌ കോഴി ചെറുപ്പമായിരിക്കും. ആണായാലും പെണ്ണായാലും. അവറ്റോളെ പൂവനോ പെടയോ എന്നൊന്നും പറയാനുള്ള പരുവം ആയിട്ടില്ലാരിക്കുമെന്നേ... ഡാ.. ആ മെഴുക്കുപെരട്ടി ഇങ്ങു തന്നേ.. ആ.. അതൊക്കെ കുഞ്ഞു കോഴികള്‍ മാത്രമാ. അപ്പോ പിന്നെ അവറ്റകളെ ചിക്കന്‍ എന്നല്ലേ പറയാമ്പറ്റൂ? കറിവെക്കുമ്പോള്‍ ചിക്കന്‍ കറി എന്നും?"

ആഭാസ്‌ എല്ലാം മനസ്സിലായി എന്നയര്‍ഥത്തില്‍ തലയാട്ടിക്കൊണ്ട്‌ ചിക്കന്‍ റോസ്റ്റ്‌ സ്വന്തം പാത്രത്തിലേക്കു പകര്‍ന്നു. അനന്തരം അച്ചാര്‍ ഒന്നു തൊട്ടുനക്കി, ചോറിനിട്ട്‌ അടുത്ത പിടി പിടിച്ചു.

Thursday, October 28, 2010

ബള്‍ബ്‌ ഫ്യൂസായി!

അന്തോണിയുടെ വീട്ടില്‍ അയാളും മൗനവും തമ്മില്‍ത്തല്ലി. അയല്‍കൂട്ടം അച്ചാമ്മ വിവരമറിഞ്ഞതിനു ശേഷമുള്ള നാല്‍പ്പത്തഞ്ചാമത്തെ നെടുവീര്‍പ്പ്‌ ഫിനിഷ്‌ ചെയ്തു. തൊഴുത്തിലെ കന്നുകാലികള്‍ അമറാതെ തലതാഴ്ത്തി നിന്നു. ഇളയമക്കള്‍ ആഭാസ്‌ കുമാറും കൊച്ചുറാണിയും ടിവി ഓഫ്‌ ചെയ്ത്‌ സ്വന്തം മുറിയില്‍ ചടഞ്ഞുകൂടി. ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ കൂട്ടില്‍ കിടന്നു രണ്ട്‌ അങ്കവാലന്‍ പൂങ്കോഴികള്‍ മാത്രം ആര്‍ത്തു കൂവി. മൂത്തവന്‍ ജോണിക്കുട്ടിയുടെ പൊടി പോലും കാണാനില്ല.

താടിക്കു കയ്യും കൊടുത്തിരുന്നാണെങ്കിലും അന്തോണി ഇടതടവില്ലാതെ മകന്‍ ജോണിക്കുട്ടിയെ പുലഭ്യം പറഞ്ഞു.

"വെളിവു കെട്ടവന്‍, അങ്ങനെ വേണം ... ഹല്ല പിന്നെ... പാലു കൊടുത്ത കൈക്കു തന്നെ തിരിഞ്ഞു കൊത്തീതല്ലേ... ആര്‍ക്കു പോയി? അന്തോണിക്കൊരു ചുക്കും ഇല്ല.... അവനിങ്ങു വരട്ടെ. കുറെ നാളായി അവന്‍ നേരാം വണ്ണം വീട്ടില്‍ ഒന്നുറങ്ങിയിട്ട്‌. കള്ളനെപ്പോലെ പാത്തും പതുങ്ങീമാ വരവ്‌..? എന്നതാ കാര്യം? കൊള്ളരുതാഴികയല്ലോ ചെയ്യുന്നെ. കാര്‍ന്നോന്മാരടെ മുന്നില്‍ പിന്നെ വരാമ്പറ്റുവോ? നന്ദി കെട്ടവന്‍.. ഫൂ!!"

അന്തോണി മടിയില്‍ നിന്നും ഒരു ജ്യോതിമാന്‍ ബീഡി കൂടി എടുത്ത്‌ തീ പിടിപ്പിച്ചു. ഒരു പുക ആഞ്ഞു വലിച്ചൂതി.

"എടിയെ.. എടീ.." അകത്തേക്കു നോക്കി ഭാര്യയെ വിളിച്ചു. അനക്കമൊന്നുമില്ല.

"എടിയേ നിനക്കെന്നാ വിളികേട്ടാല്‌?? ഏ? നീയെന്നാ പുഴുങ്ങിക്കോണ്ടിരിക്കുവാ അകത്ത്‌?"

എന്നിട്ടും അച്ചാമ്മ ഒരക്ഷരം മിണ്ടിയില്ല. കുടുംബശ്രീ യോഗങ്ങളില്‍ ഘോരഘോരം അലയ്ക്കുന്ന ആളാണ്‌ മൗനവ്രതത്തിലിരിക്കുന്നതെന്നു വായനക്കാരോര്‍ക്കണം.

"എടീ എവിടെപ്പോയെടീ നിന്റെ പുന്നാരമകന്‍? കോനിക്കുട്ടി..! മുടിയാനുണ്ടായവന്‍ എവിടെപ്പോയെന്നാ ചോദിച്ചത്‌..?"

കൂട്ടില്‍ കിടന്ന കൈസര്‍ 'ഒന്നു മിണ്ടാതിരിക്കാവോ' എന്നയര്‍ത്ഥത്തില്‍ അന്തോണിയുടെ നേരേ തലപൊക്കി ഒന്നു നോക്കി, വീണ്ടും കണ്ണടച്ചു കിടന്നു.

"എടീ അച്ചാമ്മേ, ആ നശിച്ചവനെന്തിയേന്ന്‌?"

"എനിക്കറിയത്തില്ലെന്ന്‌ ഞാനാദ്യമേ പറഞ്ഞു കെട്ടോ മനുഷ്യാ!!" അച്ചാമ്മയുടെ ശബ്ദം അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്കു വന്നു. ഉണ്ടായ ഞെട്ടല്‍ മറയ്ക്കാന്‍ അന്തോണി ബീഡി ഒന്നുകൂടി ആഞ്ഞുവലിച്ചിട്ട്‌ ആരോടോ അരിശം തീര്‍ക്കാനെന്നപോലെ വലിച്ചെറിഞ്ഞു.

"അവനിങ്ങു വരട്ടെ. ഇനിയിപ്പോ എങ്ങോട്ടാ എറങ്ങിപ്പുറപ്പെടുന്നേന്നു കാണണമല്ലോ. അവനു കുടുംബത്തിന്റെ പാരമ്പര്യം ധിക്കരിക്കാം. എരണം കെട്ടവന്‍. നന്നാവില്ല എന്ന് എനിക്കന്നേ അറിയാമാരുന്നു. കണ്ടില്ലെ. ഗൊണം പിടിക്കില്ലാന്ന്‌ നൂറുതരം പറഞ്ഞതാ.. എവടെ കേക്കാന്‍. അനുഭവിക്കണം അവന്‍!" അന്തോണിക്കരിശം തീരുന്നില്ല.

"ഇങ്ങനെ പ്‌രാകാതെ മനുഷ്യാ, ഒന്നുമല്ലേലും അതും നിങ്ങടെ മോന്‍ തന്നെയല്ലേ!"

"ഡീ, ഡീ, നീ കൂടുതലു വക്കാലത്തും കൊണ്ടു വരല്ലേ..! നീയൊറ്റ ഒരുത്തിയാ അവനെ ഇങ്ങനെ അഴിഞ്ഞാടാന്‍ വിട്ടത്‌. പെരയ്ക്കാത്തിരുന്ന റബര്‍ ഷീറ്റെടുത്ത്‌ വിക്കാന്‍ നീയല്ലേടീ ഒത്താശ ചെയ്തത്‌? ഇപ്പോ എന്നായെടീ.? മിണ്ടിപ്പോകരുത്‌ നീ.. അവനു വേണ്ടീട്ട്‌ ഒരുത്തീം ഇവിടെ വാദിക്കണ്ടാ.. ഹാ!"

അച്ചാമ്മ സ്വരമടക്കി. മകനൊരു ആവശ്യം പറഞ്ഞപ്പോള്‍ വീട്ടിലിരുന്ന ഷീറ്റെടുത്ത്‌ വിറ്റോളാന്‍ അനുമതി കൊടുക്കുകയും അപ്പനെക്കൊണ്ട്‌ സമ്മതിപ്പിച്ചോളാമെന്നു ഏല്‍ക്കുകയും ചെയ്തതാണ്‌ അച്ചാമ്മ. ഷീറ്റ്‌ മകന്‍ എടുത്തു വില്‍ക്കുകയും കാര്യമറിഞ്ഞപ്പോള്‍ അന്തോണി മറുകുറ്റി തിരിയുകയും ചെയ്തതോടെ അച്ചാമ്മ പ്രതിരോധത്തിലായി. മകനാകട്ടെ അപ്പന്റെ മുഖത്തു നോക്കാന്‍ കെല്‍പ്പില്ലാതാകുകയും ചെയ്തു.

"അവനും അവന്റെയൊരു ബള്‍ബും... മുടിക്കാനൊണ്ടായ സന്തതി!!" അന്തോണി ചീത്ത പറച്ചില്‍ തുടര്‍ന്നു.

"കള്ളുഷാപ്പ്‌ അവധിയല്ലാരുന്നേല്‍ ഇങ്ങേരു നാലെണ്ണം പൂശി എവിടെയെങ്കിലും ചാഞ്ഞേനെ. ഇതിപ്പോ അതിനും യോഗമില്ലല്ലോ ഈശോയേ..!" അച്ചാമ്മ പരിതപിച്ചു.

വേലിക്കപ്പുറത്തെ ഇടവഴിയിലൂടെ ഒരു സംഘമാളുകള്‍ ആര്‍ത്തിരമ്പി നീങ്ങി. അവര്‍ അലറി വിളിച്ചു.

"ആരാ ആരാ കരയുന്നെ?
ഞാനാ ഞാനാ റിബലാണേ
അയ്യോ റിബലേ പേരെന്താ?
എന്നുടെ പേര്‌ ജോണിച്ചന്‍!
എന്നാ ജോണീ കരയുന്നേ?
ബെന്നിച്ചനെന്നെ തോല്‍പ്പിച്ചേ!!"

"പെട്ടീ പെട്ടീ ശിങ്കാരപ്പെട്ടീ
പെട്ടി തുറന്നപ്പോ ജോണിച്ചന്‍ പൊട്ടി
ഫ്യൂസായേ ബള്‍ബ്‌ ഫ്യൂസായേ
ജോണിച്ചന്റെ ബള്‍ബ്ബ്‌ ഫ്യൂസായെ
പൊട്ടിച്ചേ ബള്‍ബ്‌ പൊട്ടിച്ചേ
കൈപ്പത്തി ബള്‍ബിനെ പൊട്ടിച്ചേ"

അങ്ങനെ സിറ്റിങ്ങ്‌ മെംബര്‍ ജോണിച്ചന്‍ വേലിക്കല്ലില്‍ ഹൈക്കമാന്‍ഡിനോട്‌ ഇടഞ്ഞ്‌ റിബലായി വള്ളിക്കെട്ടുപാറ പഞ്ചായത്ത്‌ ആറാം വാര്‍ഡില്‍ ബള്‍ബ്‌ ചിഹ്നത്തില്‍ മല്‍സരിച്ച്‌ വെടിപ്പായി തോറ്റ് 'മുന്‍ മെംബര്‍' എന്ന സ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. കൈലീം മടക്കിക്കുത്തി അന്തോണി ജാഥയ്ക്കൊപ്പം ചേര്‍ന്നു, കലിപ്പു തീരുമാറ്‌ മുദ്രാവാക്യം ഏറ്റുവിളിച്ചു -

"ആരാ ആരാ കരയുന്നെ?
ഞാനാ ഞാനാ ജോണിച്ചന്‍
എന്നാ എന്നാ കരയുന്നേ?
ബെന്നിയെന്നെ തോല്‍പ്പിച്ചേ!!"

Thursday, August 19, 2010

അന്തോണിയുടെ സ്വാഗതപ്രസംഗം

"നീയാ നോട്ടീസൊന്നൂടെ വായിച്ചേ" അന്തോണി ഇളയപുത്രന്‍ ആഭാസ്‌കുമാറിനോട്‌ പറഞ്ഞു.

അടുക്കളയില്‍ തേങ്ങാച്ചമ്മന്തിക്ക്‌ മുളക്‌ ചുട്ടുകൊണ്ടിരുന്ന അച്ചാമ്മ പിറുപിറുത്തു. "ഇങ്ങേര്‍ക്കിത്‌ എന്തിന്റെ കേടാ? ഇതിപ്പോ മൂന്നാമത്തെ തവണയാ ആ ചെക്കനെക്കൊണ്ട്‌ നോട്ടീസ്‌ വായിപ്പിക്കുന്നെ. ഇങ്ങനെയുണ്ടോ ഒരു.."

"നീ മിണ്ടാതിരിയെഡീ..!" അതൊരു ആജ്ഞയായിരുന്നു. ആഭാസ്‌കുമാര്‍ നോട്ടീസ്‌ വായിച്ചു.

"വള്ളിക്കെട്ടുപാറ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ യു. പി. സ്കൂള്‍ രജതജൂബിലി ആഘോഷവും ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനവും

ബഹുമാന്യരെ, വള്ളിക്കെട്ടുപാറയുടെ തിലകക്കുറിയായ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ സ്കൂള്‍ രൂപീകൃതമായിട്ട്‌ മഹത്തായ ഇരുപത്തഞ്ച്‌ വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വിവരം അറിവുള്ളതാണല്ലോ. നമ്മുടെ നാടിന്റെ അക്ഷരദീപമായ വിദ്യാലയം രജതജൂബിലി എന്ന നാഴികക്കല്ലു പിന്നിടുന്ന ഈ അവസരം സമുന്നതമായി കൊണ്ടാടാന്‍ മാനേജ്‌മെന്റും അദ്ധ്യാപക രക്ഷകര്‍തൃസമിതിയും സംയുക്തമായി തീരുമാനിച്ചിരിക്കുന്നു. രണ്ടായിരത്തൊമ്പത് ജനുവരി മാസം മുപ്പതാം തീയതി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്‌ ഒന്നു മുപ്പതിന് സ്കൂള്‍ ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ രജതജൂബിലി ആഘോഷങ്ങളും സ്മാരകമന്ദിര ഉദ്ഘാടനവും നടത്തപ്പെടുന്നതാണ്‌. നമ്മുടെ രൂപതയുടെ അഭിവന്ദ്യ മെത്രാന്‍ റവ..... “

"ആ... മതി, മതി." അന്തോണി ഇടയ്ക്കു കയറി. "ഇനി നീയാ 'കാര്യപരിപാടി' എന്ന ഭാഗം വായിച്ചേ..!"

"കാര്യപരിപാടി.. ഒന്നു മുപ്പത്‌ പി.എം. ഈശ്വരപ്രാര്‍ഥന... സ്വാഗത പ്രസംഗം... ശ്രീ ആന്റണി വേലിക്കല്ലില്‍ ബ്രായ്ക്കറ്റില്‍ പി.റ്റി.എ. പ്രസിഡന്റ്‌..."

കേട്ട പാടെ അന്തോണി കസേരയില്‍ ഒന്നു ഞെളിഞ്ഞിരുന്നു. ആഭാസ്‌ വായന തുടര്‍ന്നു...

"അദ്ധ്യക്ഷ പ്രസംഗം ശ്രീ. കെ. വി. ഇട്ടിയവിരാ, സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍.. ജൂബിലി ദിന സന്ദേശം - റവ. ഫാ..."

"ആ... മതി മതി!" അന്തോണി വീണ്ടും ഇടയ്ക്കു കയറി. "നിനക്കു പഠിക്കാനൊന്നുമില്ലേ? പോയിരുന്നു വല്ലോം പഠിക്കെടാ.. അവന്റെ ഒരു നോട്ടീസു വായന!"

അനന്തരം അന്തോണി ഒരു ബീഡിക്കു തീ കൊളുത്തി അത്താഴത്തിനുള്ള വിളിക്ക്‌ കാതോര്‍ത്ത്‌ ചാരുകസേരയില്‍ മലര്‍ന്നു കിടന്നു.

**** **** ****

"എന്നാ മനുഷേനെ, ഇതു വരെ ഉറങ്ങിയില്ലേ? നിങ്ങക്കിതെന്നാ പറ്റി? "

പാതിരാ കഴിഞ്ഞിട്ടും കിടക്കയില്‍ ഉരുണ്ടുകളിക്കുന്ന കാന്തനെ നോക്കി അച്ചാമ്മ പ്രണയപൂര്‍വ്വം ചോദിച്ചു.

"അല്ലെടീ, ഞാനോര്‍ക്കുവാരുന്നു..."

"എന്നതാ ഇച്ചായാ..? നന്ദിനിപ്പശൂന്റെ പേറിന്റെ കാര്യമാണോ? അതിനിനി ഒരാഴ്ചകൂടി എടുക്കും!"

"ശ്ശെ, അതല്ലെടീ മൂശേട്ടേ.. എന്നാലും ആ ഒരു പറച്ചിലു വേണ്ടാരുന്നു."

"എന്നതാ മനുഷേനേ..? ഒന്നു തെളിച്ചുപറ."

"ആ തിലകന്‍ പ്രയോഗമേ, നോട്ടീസിലെ! അതൊരു സുമാറില്ലാത്ത വാക്കായിപ്പോയി. ആ സിലുമാ ഭ്രാന്തന്‍ എബി സാറാ നോട്ടീസടിക്കാന്‍ കൊടുത്തത്‌. അപ്പൊഴേ തോന്നിയതാ അവനെന്തേലും എടങ്ങേറൊപ്പിക്കുമെന്ന്‌. അവന്റെ ഒരു തിലകനും സംയുക്തേം!"

"ദേ.. എന്റെ വായീന്നു നല്ലതു കേക്കണ്ടങ്കി വേഗം കെടന്നൊറങ്ങിക്കോ!! ഇതിയാന്റെ ഒരു തിലകന്‍!"

**** **** ****

മൈക്കിലൂടെ അനൗണ്‍സ്‌മന്റ്‌ മുഴങ്ങി: "യോഗനടപടികളില്‍ ഇനി സ്വാഗത പ്രസംഗം. അതിനായി പൗരപ്രമുഖനും സര്‍വ്വോപരി അധ്യാപക രക്ഷാകര്‍തൃസമിതി പ്രസിഡന്റുമായ ശ്രീ. ആന്റണി വേലിക്കല്ലില്‍-നെ വേദിയിലേക്ക്‌ ക്ഷണിച്ചുകൊള്ളുന്നു..."

സൈഡ്‌ കര്‍ട്ടനു പിന്നില്‍ നിന്ന അന്തോണി പോലും അപ്പോഴാണറിഞ്ഞത്‌, താന്‍ പൗരപ്രമുഖനാണെന്ന്. അച്ചാമ്മ തേച്ചു മിനുക്കിയ ക്രീം കളര്‍ ടെര്‍ലിന്‍ ഷര്‍ട്ടും പോളിസ്റ്റര്‍ ഡബിള്‍ മുണ്ടും ഉടുത്ത ശ്രീമാന്‍ അന്തോണി വിറതാങ്ങിയുടെ(പ്രസംഗപീഠം) അടുത്തെത്തി. മൈക്കിന്റെ കഴുത്തിനു പിടിച്ചൊന്നു പൊക്കി.

"കൂ......................ഉം...."

ആള്‍ക്കാരല്ല, മൈക്കാണു കൂവിയത്‌. ഒന്നു ശങ്കിച്ചെങ്കിലും വേദിയിലുള്ള വി.ഐ.പികളെയും സദസ്സിന്റെ ഇടയില്‍ ഓറഞ്ചു നിറത്തിലുള്ള സാരി ധരിച്ച്‌ കാതു കൂര്‍പ്പിച്ചിരിക്കുന്ന പ്രിയതമയെയും കണ്ടതോടെ അന്തോണിയുടെ ടെന്‍ഷന്‍ മാറി. ഒന്നു മുരടനക്കി ആശാന്‍ നല്ല ബാസില്‍ തന്നെ ആരംഭിച്ചു...

"വേദിയിലിരിക്കുന്ന വിശിഷ്ടാതിഥികളേ, സദസ്സിലുള്ള നാട്ടുകാരേ, പ്രിയപ്പെട്ട വിദ്യാര്‍ഥീ വിദ്യാര്‍ഥിനികളേ...

വള്ളിക്കെട്ടുപാറ സ്കൂളിന്റെ രശത ജൂബിലി ആഗോഷങ്ങള്‍ക്കുവേണ്ടിയാണ്‌ നാം ഇവിടെ കൂടിയിരിക്കുന്നത്‌. നമ്മുടെ നാട്ടിലെ അനേകമനേകം കുട്ടിഗള്‍ഖ്‌ അറിവിന്റെ അക്ഷരാമൃതം പകര്‍ന്നു കൊഡുത്തിട്ടുള്ള ഒരു ഒരു അക്ഷയ ഖനിയാണീ വിധ്യാലയം. ആകയാല്‍ ഈ സമ്മേളനത്തില്‍ സ്വാഗതം പറയാന്‍ എനിക്കു കിട്ടിയ ഈ അവസരം വളരെ വിലപ്പെട്ടതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. "

എന്നിട്ട്‌ അന്തോണി സ്റ്റേജിലിരിക്കുന്ന സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ഇട്ടിയവിര സാറിന്റെ മുഖത്തേക്കൊന്നു നോക്കി. 'കൊള്ളാം, നല്ല തുടക്കം' എന്ന് അദ്ദേഹം തലയാട്ടി.

'ദേ, രജത ജൂബിലി സ്മാരക മന്ദിരം എന്നു മാത്രമേ പ്രസംഗത്തില്‍ പറയാവൂ. 'കഞ്ഞിപ്പെര' എന്നു മിണ്ടിപ്പോയേക്കരുത്‌. പിന്നെ അരമനേന്നു പൈസ കുമുകുമാന്നു തന്നതുകൊണ്ടാ ഇതൊക്കെ ഒപ്പിക്കാനായത്‌. മെത്രാനെ നല്ലോണം ഒന്നു പുകഴ്ത്തിയേക്കണം. അല്ലെങ്കി പിതാവ്‌ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ്‌ ഉടനെ സ്ഥലം വിടും. മെത്രാന്‍ വന്നതു കൊണ്ടാ ഇത്രേം അമ്മച്ചിമാരും പെണ്ണുങ്ങളും വന്നേക്കുന്നത്‌. അതോര്‍ത്തോണം!' ഹെഡ്‌മാസ്റ്ററുടെ വാക്യങ്ങള്‍ അന്തോണിയുടെ തലയില്‍ അലയടിച്ചു.

"...ആദ്യമായി സ്വാഗതം ആശംസിക്കുന്നത്‌ യോഗാധ്യക്ഷന്‍ ബഹുമാന്യനായ നമ്മുടെയെല്ലാം എഡ്‌മാഷ്‌ ശ്രീ ഇട്ടിയവിരാ സാറിനാണ്‌..."

"... ഇട്ടിയവിരാ സാറിനെക്കുറിച്ചു പറയുകയാണെങ്കില്‍, ഈ വിധ്യാലയത്തിനെ നന്മയ്ക്കും ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന ഒരാള്‍. അച്ചടക്കവും ചിട്ടയായ പഠനവുമാണ്‌ നല്ല വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്നത്‌ എന്നദ്ദേഹം എപ്പോഴും പറയാറുണ്ട്‌. അച്ചടക്കത്തിന്റെ കാര്യത്തിലാണെങ്കില്‍ അദ്ദേഹത്തിനുള്ള നിഷ്കര്‍ഷ എനിക്ക്‌ എന്റെ മകന്‍ മുഖേന അറിവുള്ളതാണ്‌. ബഹുമാന്യനായ ഇട്ടിയവിര സാറിനെ ഞാന്‍ ഈ വേദിയിലേക്ക്‌ സ്വാഗതം ചെയ്തു കൊള്ളുന്നു."

ബലേ ഭേഷ്‌. നിലയ്ക്കാത്ത കയ്യടി. അന്തോണി സാറിനെ ഒന്നു പാളി നോക്കി, സാര്‍ സദസ്സിനു നേരേ കൈ കൂപ്പി. സ്കൂള്‍ ലീഡര്‍ നീന പൗലോസ്‌ സാറിനു പൂച്ചെണ്ട്‌ നല്‍കി. മുന്‍നിരയില്‍ ഇരുന്ന് അക്കുത്തിക്കു കളിക്കുന്ന പയ്യന്മാരുടെ നേരെ സാര്‍ കയ്യോങ്ങി.

"... അടുത്തതായി സ്വാഗതം ആശംസിക്കേണ്ടുന്നത്‌ നമ്മുടെയിടയിലേക്ക്‌ ഇന്നു കടന്നു വന്ന് ഈ വേദിയെ അനുഗ്രഹീതമാക്കിയ ആരാധ്യനായ രൂപതാ മെത്രാനാണ്‌. "

അന്തോണിയുടെ പാളി നോട്ടം. പിതാവ്‌ ഞാനിതെത്ര കേട്ടിരിക്കുന്നു എന്ന ഭാവത്തില്‍ ഇരിക്കുന്നു.

"നമുക്കെല്ലാവര്‍ക്കും അറിയാം, നമ്മുടെ ഇടവകയുടെയും സ്കൂളിന്റെയുമൊക്കെ കാര്യത്തില്‍ തിരുമേനിക്കുള്ള താല്‍പര്യം."

അരമനയില്‍ നാലുതവണ പോയിട്ടാണ്‌ പുള്ളിയെ ഒന്നുകാണാന്‍ കൂടി ഒത്തത്‌ എന്ന വിവരം പ്രാസംഗികന്‍ വിഴുങ്ങി.

"വന്ദ്യ പിതാവ്‌ ആദ്യം തന്നെ പറഞ്ഞു, ഈ ഇടവകയിലെ കുഞ്ഞാടുകളുടെ കാര്യത്തില്‍ തനിക്ക്‌ അങ്ങേയറ്റം താല്‍പര്യമുണ്ട്‌. ആയതു കൊണ്ട്‌, എത്രയും വേഗം ജൂബിലി സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കണം. പിന്നീടും പല അവസരങ്ങളില്‍ അതിനായിട്ട്‌ ഞങ്ങള്‍ സമീപിച്ചപ്പോഴെല്ലാം നിറഞ്ഞ സ്നേഹത്തോടെയേ വന്ദ്യപിതാവ്‌ ഞങ്ങളെ സ്വീകരിച്ചിട്ടുള്ളൂ..."

ആദ്യമുണ്ടായിരുന്ന ബാസൊക്കെ പോയെങ്കിലും അന്തോണി കത്തിക്കയറി.

"വന്ദ്യപിതാവിനെക്കുറിച്ച്‌ കൂടുതലായിട്ടു പറയുവാണെങ്കില്‌, അദ്ദേഹത്തിനു നമ്മുടെ രൂപതയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള താല്‍പര്യം പ്രസിദ്ധമാണ്‌. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, തൊള്ളായിരത്തി എണ്‍പത്തി ഒന്‍പതില്‍, അദ്ദേഹം പിതാവാകുന്നേനൊക്കെ വളരെ മുന്നേ, അദ്ദേഹം നമ്മുടെ കൊച്ചുഗ്രാമത്തില്‍ വരികയും അന്നു ശൈശവ ദശയിലായിരുന്ന ഈ സ്കൂളിന്റെ പ്രവര്‍ത്തനം കണ്ട്‌ തൃപ്തനായി മടങ്ങുകയും ചെയ്തിട്ടുള്ളതാണ്‌. അന്നു മുതല്‍ ഇവിടുത്തെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വന്ദ്യപിതാവിനുള്ള സത്വരശ്രദ്ധ ഞാന്‍ ഓര്‍മ്മിച്ചുപോവുകയാണ്‌."

സദസ്സില്‍ അങ്ങിങ്ങു അടക്കിയ ചിരികള്‍ പൊട്ടുന്നതു അന്തോണി അറിഞ്ഞു. 'ഹെയ്‌, ഞാന്‍ കാരണം ആയിരിക്കില്ല' എന്നു കരുതി പ്രസംഗം വര്‍ദ്ധിതവീര്യത്തോടെ തുടര്‍ന്നു.

"വന്ദ്യപിതാവിന്റെ ഈ ഇടവകയിലെ കുഞ്ഞുങ്ങളോടുള്ള നിസ്വാര്‍ഥ സ്നേഹത്തിന്റെ പ്രതീകമായി ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന കെട്ടിടം മാറും എന്നതില്‍ തര്‍ക്കമില്ല. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം കാണിച്ച ശുഷ്‌കാന്തി പ്രത്യേകം പ്രസ്താവ്യമാണ്‌."

അന്തോണി പിതാവിന്റെ ഐശ്വര്യം തുളുമ്പുന്ന മുഖമൊന്നു കാണാനായി തല തിരിച്ചു. മെത്രാന്‍ ദാണ്ടെ പാവയ്ക്കാനീരു കുടിച്ചപോലത്തെ മുഖഭാവത്തോടെ ഇരിക്കുന്നു!

"അഭിവന്ദ്യപിതാവ്‌ രൂപതയിലുടനീളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഈ നാടിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമായി മാറുമെന്ന് എനിക്കു സംശയമില്ല..."

സദസ്സിലെ ചിരി ഒന്നു കൂടി പരന്നു. ഏതാണ്ടെല്ലാവരുടെയും മുഖത്ത്‌ ഒരു ആക്കിയ ചിരി കാണാം. കണ്‍ഫ്യൂഷിതനായ അന്തോണി ഇട്ടിയവിരാ സാറിനെ ഒന്നു ചാഞ്ഞു നോക്കി.

തല ചെരിച്ച്‌ താടി തന്റെ നേരേ നീട്ടിയെറിഞ്ഞ്‌ സാര്‍ തുടര്‍ന്നോളാന്‍ ആംഗ്യം കാട്ടി. എന്നാല്‍ 'വേഗം തീര്‍ത്തിട്ടു പോടോ' എന്നാണ്‌ സാര്‍ ഉദ്ദേശിച്ചതെന്നു പാവം അന്തോണിക്കു മനസ്സിലായില്ല.

"...ആകയാല്‍ ഇനി മേലിലും ഇന്നാട്ടിലെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭാസ മേഖലകളില്‍ വന്ദ്യപിതാവിന്റെ... "

പിന്നില്‍ നിന്ന് ആരോ തോണ്ടിയതിനാല്‍ അന്തോണിയുടെ കോണ്‍സണ്ട്രേഷന്‍ തെറ്റി. നോക്കുമ്പോ ഇട്ടിയവിരാ സാര്‍. സാറിന്റെ മുഖം ആപ്പിള്‍ പോലെ തുടുത്തിരിക്കുന്നു. "എന്നാ സാറേ??"

"എടോ കാലമാടാ, ഇനിയെങ്കിലും മെത്രാനെ 'വന്ധ്യപിതാവ്‌' എന്നു വിളിക്കുന്നതൊന്നു നിര്‍ത്തെടോ!!!"

"കൂ...................ഉം.." മൈക്കും നാട്ടുകാരും ഒന്നിച്ചു കൂവി.

Wednesday, July 16, 2008

കഷ്ടം, കര്‍ക്കിടകം!

അന്തോണിക്ക് എന്നും കഷ്ടകാലമാണ്. എന്നും എന്നു പറഞ്ഞാല്‍ പോരാ എപ്പോഴും. കയ്യബദ്ധങ്ങളും മണ്ടത്തരങ്ങളും വന്നു കൂടുന്ന ദുരിതങ്ങളും പാരകളുമെല്ലാമായി അന്തോണി സ്വസ്ഥതയെന്തെന്നറിയാതെ കഴിഞ്ഞുകൂടി.

കൂനിന്മേല്‍ കുരുവെന്ന പോലെ കര്‍ക്കിടകം വറുതി ചൊരിഞ്ഞെത്തി. നല്ലൊന്നാന്തരം വരിക്കച്ചക്കപ്പഴം കണ്ടപ്പോള്‍ തിന്നാതെ വിടുന്നതെങ്ങനെ? ഇത്ര തേനൂറുന്ന സ്വാദുള്ളപ്പോള്‍ അല്‍പം മാത്രം കഴിച്ചു നിര്‍ത്തുന്നതെങ്ങനെ? അരമുറിച്ചക്ക ഇഷ്ടന്‍ ഒറ്റയിരിപ്പിനു തിന്നു തീര്‍ത്തുകളഞ്ഞു. പിറ്റേന്നു വെളുപ്പിനെ വയറ്റിലെന്തെല്ലാമോ അസ്വസ്ഥതകള്‍. ന്യൂനമര്‍ദ്ദവും ഉഷ്ണജലപ്രവാഹവും തിരയിളക്കവും. കോഴികൂവും‌മുന്‍പേ ഉറക്കം നഷ്ടപ്പെട്ട അന്തോണി തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കാന്‍ നോക്കിയിട്ടും രക്ഷയില്ല.

ഒന്നിരിക്കേണ്ട നേരമടുത്തെന്ന് ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ അടിവയറ്റില്‍ നിന്നും ഒരു പുളകം സുഷുമ്നാ നാഡി വഴി അന്തോണിയുടെ തലച്ചോറിലെത്തി സഡന്‍ ബ്രേക്കിട്ടുനിന്നു. പുതച്ചിരുന്ന കമ്പിളി വലിച്ചെറിഞ്ഞ് കര്‍ക്കിടകപ്പെയ്ത്തില്‍ കുഴഞ്ഞ വഴിയിലൂടെ ഇരുട്ടില്‍ വീഴാതെയും എന്നാല്‍ പരമാവധി വേഗത്തിലും അഭയസ്ഥാനം ലക്ഷ്യമാക്കി പാഞ്ഞു. ഓട്ടത്തിനിടയില്‍ ഗോഡ്‌ഫാദര്‍ സിനിമയില്‍ ഇന്നസെന്റ് പറയുന്ന “ആഞ്ജനേയാ, കണ്ട്രോളു തരണേ” എന്ന വാക്യം അറിയാതെ ഓര്‍ത്തു.

പ്രിന്‍സ് മൈദയുടെ ചാക്കുകൊണ്ടു മറച്ച ആ ദുരിതാശ്വാസകേന്ദ്രത്തിന്റെ ഉള്ളില്‍ കടന്ന് തുണിബന്ധങ്ങളഴിക്കാന്‍ തനിക്കു കിട്ടിയ മൂന്നാലു സെക്കന്റുകള്‍ പാഴാക്കാതെ അണ്ടര്‍വെയറിന്റെ വള്ളിയില്‍ പിടിച്ച് ആഞ്ഞുവലിച്ചതും......കടുംകെട്ടു വീണു!!!!! ഒരു നിമിഷത്തെ മൌനത്തിനുശേഷം ആകാശത്തേക്കുറ്റുനോക്കി അന്തോണി ഭക്തിപൂര്‍വ്വം ചോദിച്ചു:

“കര്‍ത്താവേ, അവിടുന്നെന്നെ കക്കൂസിലും പരീക്ഷിക്കുവാന്നോ?”