Showing posts with label blogs. Show all posts
Showing posts with label blogs. Show all posts

Monday, January 30, 2017

എന്റെ വാട്സാപ് രഹസ്യങ്ങൾ ഫേസ്ബുക്കിലൂടെ പരസ്യമാകുമോ?

സൈബർ ലോകത്ത്‌ ഈയിടെയായി പടരുന്ന ഈ ആശങ്ക ഫേസ്ബുക്കും വാട്സാപ്പും ഒരു കുടക്കീഴിൽ ആയതിന്റെ അനന്തര ഫലമാണ്‌‌. നമ്മളയക്കുന്ന മെസേജുകൾ പച്ചയ്ക്ക് ഇന്റർനെറ്റിൽ വരുമെന്നോ അവയെല്ലാം മറ്റുള്ളവർക്ക് കാണാൻ പറ്റുമെന്നോ അതിനർഥമില്ല. നമ്മുടെ വ്യക്തിവിവരങ്ങൾ വാട്സാപ് , ഫേസ്ബുക്കുമായി പങ്കിടും എന്ന് ലളിതമായി പറയാം.

ഉദാഹരണത്തിന്, എന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ എന്റെ മൊബൈൽ നമ്പർ ചേർത്തിട്ടില്ല, ഇമെയിൽ ഉണ്ട് താനും. വാട്സാപ്പിലാകട്ടെ മൊബൈൽ നമ്പരിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തനം, എന്നാൽ അതിനു ഇമെയിലുമായി യാതൊരു ബന്ധവും ഇല്ല. ഇവ രണ്ടും ഒന്നാകുമ്പോൾ മൊബൈൽ നമ്പർ, ഇ മെയിൽ, ഫേസ്ബുക്ക്, വാട്സാപ് എന്നിങ്ങനെ സോഷ്യൽ മീഡിയായിലെ വിവിധ പ്ലാറ്റ്ഫോമുകളിലെ വിവരങ്ങൾ ഒരേ സ്രോതസ്സിൽ നിന്നും ശേഖരിക്കുന്നതിനും അനലൈസ് ചെയ്യുന്നതിനും ഫേസ്ബുക്ക്-വാട്സാപ് അധികൃതർക്ക് സാധിക്കുന്നു. നിലവിൽ വാട്സാപ്പും ഫേസ്ബുക്കും ഫ്രീയാണെങ്കിലും പരസ്യങ്ങളിലൂടെയുള്ള വരുമാനം ഫേസ്ബുക്കിനു ചില്ലറയല്ല. ആ സ്ഥിതിക്ക് വാട്സാപ്പിൽ നിന്നു കൂടിയുള്ള വിവരങ്ങൾ ഫേസ്ബുക്കിനു ലഭിക്കുമ്പോൾ ഇടപാടുകാരെ വ്യക്തിപരമായി അടുത്തറിയാനും അങ്ങനെ കൂടുതൽ ഫലപ്രദമായ വാണിജ്യ പ്രവർത്തനങ്ങൾക്ക് അവ ഉപയോഗിക്കാനും അവർക്ക് സാധിക്കും.

ഇവ ചോർന്നാൽ, നാം ഭയക്കുന്നതുപോലെ നമ്മുടെ ഓൺലൈൻ ഇടപാടുകളും സമ്പർക്കങ്ങളും പരസ്യമാകാനും അതുമുഖേന നാം വഞ്ചിതരാകാനും മതി.

പ്രൈവസി സെറ്റിങ്സ് ഒന്നുകൂടി പരിശോധിക്കുക.
ഫേസ്ബുക്കിൽ പബ്ലിക് ആയി നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ഏതു വിവരവും(ചിത്രവും വീഡിയോയും കുടുംബാംഗങ്ങളുടെ വിവരങ്ങളും ഫോൺ നമ്പരും ജീവിത ദുഃഖങ്ങളും നിങ്ങൾ ഇപ്പോൾ ആയിരിക്കുന്ന സ്ഥലവും യാത്രകൾ സംബന്ധിച്ച വിവരവും അങ്ങനെ എന്തും...) അതിൽ അക്കൗണ്ട് ഉള്ള(എന്നും നിര്‍ബ്ബന്ധമില്ല) ലോകത്തെവിടെയുമുള്ള ആൾക്കാർക്കു കാണാമെന്നോർക്കുക.

നമ്മുടെ ഒരു ഫോട്ടോ എടുക്കാൻ അപരിചിതരെ നാം അനുവദിക്കാറില്ല. അതേ സമയം‌ നമ്മുടെ ഒന്നാന്തരം ഫോട്ടോകൾ പബ്ലിക് ആക്കി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാ‌ൻ നാം മടിക്കാറില്ല. രണ്ടും തമ്മിൽ എന്താണു വ്യത്യാസം.. രണ്ടാമത്തേത് ആണു കൂടുതൽ അപകടകരം. അതറിയാൻ ചില സൈറ്റുകളിൽ വരുന്ന നമ്മുടെ നടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ നോക്കിയാൽ മതി!


സോഷ്യൽ മീഡിയായിൽ അച്ചടക്കം പാലിക്കുക. അത്രമാത്രമേ ചെയ്യാനുള്ളൂ.

Friday, December 19, 2008

ഓലപ്പീപ്പി ബ്ലോഗിന്റെ ഒരുവര്‍ഷം

അടുത്തതായി രണ്ടുവാക്കു സംസാരിക്കുന്നതിനായി ഓലപ്പീപ്പി ഡോട് ബ്ലോഗ്‌സ്പോട്ട് ഡോട് കോമിനെ ക്ഷണിച്ചുകൊള്ളുന്നു

....

എന്റെ എല്ലാമെല്ലാമായ ശ്രീമാന്‍ എം.എസ്‌. രാജേ, പ്രിയപ്പെട്ട ബ്ലോഗു സഹോദരീ-സഹോദരന്മാരേ, അവരുടെ ഉടയോന്മാരായ ബ്ലോഗന്മാരെ, ബ്ലോഗനകളെ, ബഹുമാനപ്പെട്ട അഗ്രഗേറ്റര്‍മാരെ, ബൂലോകം, മലയാളം ബ്ലോഗേഴ്സ്‌, മറുമൊഴികള്‍ ഇത്യാദി ഓണ്‍ലൈന്‍ കൂട്ടായ്മകളേ, സ്നേഹം നിറഞ്ഞ ആസ്വാദകരേ,

മലയാളബ്ലോഗിംഗ്‌ രംഗത്തേക്ക്‌ വളരെ എളിയ രീതിയില്‍ കടന്നു വന്ന ഓലപ്പീപ്പി എന്നയെന്നെ വരവേറ്റ നിങ്ങളോടെല്ലാവരോടും ഹൃദ്യമായ നന്ദി ആദ്യം തന്നെ അറിയിച്ചുകൊള്ളട്ടെ. നിങ്ങള്‍ എനിക്കു നല്‍കിയ സ്നേഹവും പിന്തുണയും എക്കാലവും നന്ദിപൂര്‍വ്വം ഞാനോര്‍ക്കും. അതോടൊപ്പം, ഇക്കണ്ട ഒരു വര്‍ഷക്കാലം നിങ്ങളോടൊത്തു കഴിഞ്ഞതിന്റെ ചില ഓര്‍മ്മകള്‍ കൂടി പങ്കു വെയ്ക്കുവാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്‌.

ഇവിടെ ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ ചരിത്രപരമായ ചില കാര്യങ്ങള്‍ ഞാന്‍ ഓര്‍ത്തു പോവുകയാണ്‌. ഓഫീസിലെ വിരസമായ സായന്തനങ്ങളില്‍ ഒരിക്കല്‍ ഷബീര്‍ എന്ന ഒരു സഹപ്രവര്‍ത്തകന്‍ തന്ന ലിങ്കിലൂടെയാണ്‌ എന്റെ സ്രഷ്ടാവ്‌ ശ്രീമാന്‍ എം.എസ്‌. രാജ്‌ ആദ്യമായി ഒരു മലയാളബ്ലോഗിന്റെ തിരുനടയ്ക്കല്‍ എത്തുന്നത്‌. വിശാലമനസ്കന്റെ ഭാവനാവിശാലതയിലും നര്‍മ്മബോധത്തിലും ആണ്ടുപോയ രാജിന്റെ പിന്നീടുള്ള ഇന്റര്‍നെറ്റ്‌ ഉപയോഗവേളകള്‍ കൊടകരപുരാണം എന്ന അസാധ്യ ബ്ലോഗുവായിക്കുന്നതിനായി ഉഴിഞ്ഞുവെയ്ക്കപ്പെട്ടു. തുടര്‍ന്ന്‌ സുഹൃദ്‌സദസ്സുകളില്‍ ബ്ലോഗിലെ തമാശകള്‍ ഒരു ചര്‍ച്ചാവിഷയമായപ്പോള്‍ ഏതാനും സുഹൃത്തുക്കള്‍ക്കു കൂടി ആ ലിങ്ക്‌ അദ്ദേഹം അയച്ചുകൊടുക്കുകയുണ്ടായി. അങ്ങനെയിരിക്കേയാണ്‌, മൂപ്പരുടെ സുഹൃത്തും നല്ല ഒരു കലാസ്വാദകനുമായ ശ്രീമാന്‍ സുത്തി മറ്റൊരു ലിങ്ക്‌ അയച്ചു കൊടുക്കുന്നത്‌. ആ കിട്ടിയതു മറ്റൊന്നുമായിരുന്നില്ല, ബ്ലോഗ്‌ ഉലകത്തെ മറ്റൊരു കൊടിപാറിച്ച ചക്രവര്‍ത്തി ശ്രീമാന്‍ അരവിന്ദിന്റെ 'മൊത്തം ചില്ലറ'! ആ ലിങ്ക്‌ കൈമാറുന്ന നേരം ശ്രീമാന്‍ സുത്തി പറയുകയുണ്ടായി, 'എടാ, നീയിതു വായിച്ചാല്‍, ഉറപ്പാണു മോനേ, നീയും തുടങ്ങും ഒരു ബ്ലോഗ്‌!'

സുഹൃത്തുക്കളേ, ഞാന്‍ ഒന്നു പറഞ്ഞുകൊള്ളട്ടേ, അന്നു ശ്രീമാന്‍ സുത്തി പറഞ്ഞ ആ വാക്കില്‍ ഇന്നു നിങ്ങളുടെ ഓരോരുത്തരുടെയും മുന്നില്‍ നിന്നു സംവദിക്കുന്ന എന്റെ ഭ്രൂണം ഉണ്ടായിരുന്നു, ഈ ഓലപ്പീപ്പി ബ്ലോഗിന്റെ വിത്തുണ്ടായിരുന്നു. ഒരാഴ്ച പോലും കഴിഞ്ഞില്ല, 2007 ഡിസംബര്‍ മാസം 18-ആം തീയതി ഇന്ത്യന്‍ സമയം രാത്രി 7:57 ന്‌ ആണ്‌ എം.എസ്‌. രാജിന്റെ ആദ്യ ബ്ലോഗ്‌ ആയി ഞാന്‍ രൂപമെടുക്കുന്നത്‌. "Namaskaar.." എന്ന തലക്കെട്ടോടെ "Welcome to my world of olapeeppi..." എന്ന ഒറ്റവരി പോസ്റ്റോടെയാണ്‌ ഞാന്‍ നിങ്ങളുടെ മുന്നിലെത്തിയത്‌. അതൊരു തുടക്കം മാത്രമായിരുന്നു. പാല്‍പ്പല്ലു പോലെ ആ പോസ്റ്റ്‌ പിന്നീട്‌ കൊഴിഞ്ഞുപോയി. എന്നാല്‍, പിറ്റേന്നു പോസ്റ്റിയ "Munnar yatra" ഇപ്പോഴും ആദ്യ പോസ്റ്റ്‌ ആയി നിലകൊള്ളുന്നു.

അതിനു ശേഷം എം.എസ്‌. രാജ്‌ എന്ന ബ്ലോഗറുടെ സ്വകാര്യജീവിതത്തിലും ഔദ്യോഗികജീവിതത്തിലും ഉണ്ടായിട്ടുള്ള നിറം പിടിപ്പിക്കാത്ത ഏതാനും കഥകളാണ്‌ ഞാന്‍ പറഞ്ഞത്‌. സാവധാനം ഭാവനയില്‍ വിരിഞ്ഞ കുട്ടിക്കവിതകള്‍ പോലെ ചില നുറുങ്ങുകളും കഥകളും വരികയായി. പിന്നീടു വന്ന പോസ്റ്റുകളെപ്പറ്റി ഞാന്‍ തന്നെ പറയുന്നത്‌ ആത്മപ്രശംസയാകും എന്നതിനാല്‍ അതിലേക്കു ഞാന്‍ കടക്കുന്നില്ല.

എന്നിരുന്നാലും, നിങ്ങളോരോരുത്തരും എന്റെ പേജുകളിലുനീളം സ്ക്രോള്‍ ചെയ്ത്‌ എന്നെ ഇക്കിളിയാക്കുമ്പോള്‍, ശ്രീമാന്‍ എം.എസ്‌. രാജിന്റെ മനോവികാരങ്ങളെ മനസ്സിലാക്കുന്ന, അവയുടെ പങ്കുപറ്റുന്ന ഒരു ബ്ലോഗ്‌ എന്ന നിലയില്‍ ചില കാര്യങ്ങള്‍ പങ്കുവെയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചുപോകുകയാണ്‌. ആദ്യമായി ഒരു നേര്‍ത്ത ചിരിയുടെ സ്പന്ദനമുണര്‍ത്തിയ ‍'എക്സ്റ്റന്‍ഷന്‍ നമ്പര്‍' എന്ന പോസ്റ്റു മുതല്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള ഏകദേശം നാല്‍പതു പോസ്റ്റുകളില്‍ ശ്രീമാന്‍ എം.എസ്‌. രാജിന്റെ ജീവിതവും, സ്മരണകളും, യാത്രകളും, നുറുങ്ങുതമാശകളും, ഭാവനയുമൊക്കെ നമുക്കു വായിച്ചെടുക്കാമെന്നതില്‍ സംശയമില്ല. ഒപ്പം, പലപ്പോഴായി നമ്മുടെ മനസ്സിലേക്കുകടന്നു വന്ന ചില കഥാപാത്രങ്ങളില്‍ അദ്ദേഹത്തിന്റെ തന്നെ മാനറിസങ്ങളും കടന്നുകൂടിയിട്ടുണ്ട്‌ എന്ന സത്യം, സുഹൃത്തുക്കളേ, നിങ്ങള്‍ക്കു പുതിയ ഒരറിവായിരിക്കും.

ഓര്‍മ്മയുറച്ച കാലത്തുകേട്ട ഗാനശകലങ്ങളില്‍ തുടങ്ങി, കുഞ്ഞുക്ലാസിലേക്കു പൂക്കുട ചൂടി പിച്ചവെച്ചു നടന്നതും, പിതാവിന്റെയും ഗുരുവിന്റെയും പക്കല്‍ നിന്നു ലഭിച്ച ശിക്ഷയും, ബാല്യത്തില്‍ വല്യച്ഛന്റെയും വല്യമ്മച്ചിയുടെയും ലാളനകളേറ്റു വളര്‍ന്നതുമെല്ലാം ഓലപ്പീപ്പിയിലൂടെ നാം കേട്ടു. സഹപ്രവര്‍ത്തകര്‍ക്കു പിണഞ്ഞ അബദ്ധങ്ങളിലൂടെ രാജിന്റെ സുഹൃത്തുക്കളായ ഡേവച്ചായനെയും സുത്തിയെയും ബിച്ചുവിനെയുമൊക്കെ നിങ്ങള്‍ അടുത്തറിഞ്ഞു. കട്ടപ്പനയെന്ന ഹൈറേഞ്ചു പട്ടണത്തെയും അതിനോടുചേര്‍ന്നു കിടക്കുന്ന കൊച്ചുതോവാള എന്ന ഗ്രാമത്തെയും അല്‍പമൊന്നറിയാനും എന്നിലൂടെ നിങ്ങള്‍ക്കു സാധിച്ചു എന്നതില്‍ എനിക്കു ചാരിതാര്‍ഥ്യമുണ്ട്‌.

എം.എസ്‌ രാജ്‌ എന്ന ബ്ലോഗറെക്കുറിച്ചു പറയുമ്പോള്‍, ഏതാനും ടെക്നിക്കല്‍ ബ്ലോഗുകളില്‍ അവിചാരിതമായി വന്നുപെട്ടിട്ടുണ്ട്‌ എന്നതല്ലാതെ ബ്ലോഗ്‌ എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ ഒന്നും തന്നെ അറിയുന്ന ഒരാളായിരുന്നില്ല അദ്ദേഹം. മുന്‍പു ഞാന്‍ പറഞ്ഞപോലെ മലയാളം ബ്ലോഗിങ്ങിന്റെ ആദ്യാക്ഷരം വളരെപ്പെട്ടെന്നു തന്നെ സ്വായത്തമാക്കി പലരെയും പോലെ ബ്ലോഗിലെ മഹാരഥന്മാരില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ്‌ അദ്ദേഹവും കടന്നു വന്നത്‌.

ഓലപ്പീപ്പിയെന്ന എനിക്ക്‌ സന്ദര്‍ശകര്‍ കുറവാണ്‌ എന്നത്‌ തര്‍ക്കമില്ലാത്ത കാര്യമാണ്‌. എന്നാല്‍ നന്ദകുമാര്‍, ശ്രീ, സ്മിത ആദര്‍ശ്‌ എന്നിങ്ങനെ തുടങ്ങുന്ന വളരെ ചെറിയ ഒരു സന്ദര്‍ശക വൃന്ദം ഈ യാത്രയില്‍ എന്നെ തനിച്ചല്ലാതാക്കുന്നു. ഇവരില്‍ ശ്രീയും നന്ദകുമാറും ദീപക് രാജും രാജിന്റെ അടുത്ത സുഹൃത്തുക്കളാണ്‌ എന്നതും ഓലപ്പീപ്പിയുടെ ഭാഗ്യമായി ഞാന്‍ കരുതുകയാണ്‌. ഇവരെക്കൂടാതെ കമന്റുകളിലൂടെയല്ലാതെ നിരന്തരം പ്രോല്‍സാഹിപ്പിക്കുന്ന ഒരു പിടി വായനക്കാരെയും ഈയവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.

ഇതിനിടയില്‍ വേരുറപ്പിക്കാന്‍ ശ്രമിച്ചുപോന്ന എന്നെ എന്റെ ഒടേക്കാരനില്‍ നിന്നും പിരിക്കാനും ചില തല്‍പര കക്ഷികള്‍ ശ്രമിക്കുകയുണ്ടായി. കമ്പനിയിലെ ഫയര്‍വാള്‍ ആണ്‌ ഇതിലെ പ്രധാന വില്ലന്‍. എങ്കിലും, ഇന്റര്‍നെറ്റ്‌ കഫേകളിലെ പോപ്‌-അപ്‌ മെസേജുകള്‍ നിറഞ്ഞ ബ്രൗസര്‍ വിന്‍ഡോയിലൂടെ എന്നെ പരിപാലിക്കാന്‍ രാജ്‌ എന്നും ശ്രദ്ധ കാണിച്ചിരുന്നു എന്നത്‌ സന്തോഷം നല്‍കുന്ന കാര്യമാണ്‌. തുടര്‍ന്ന് എല്ലാ പ്രതിബന്ധങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ട്‌ ഈയടുത്തകാലത്താണ്‌ ഞങ്ങള്‍ക്കിടയില്‍ തീമതിലുകളുടെ വിലക്കില്ലാത്ത ഒരു ബ്രോഡ്‌ബാന്‍ഡ്‌ ബന്ധം സ്ഥാപിതമായത്‌.

സുഹൃത്തുക്കളേ, ഞാന്‍ അധികം ദീര്‍ഘിപ്പിക്കുന്നില്ല. ഒരിക്കല്‍ക്കൂടി നിങ്ങള്‍ എന്നോടു കാട്ടിയ സ്നേഹത്തിന്‌ ആത്മാര്‍ഥമായ നന്ദി എന്റെ പേരിലും ശ്രീമാന്‍ രാജിന്റെ പേരിലും രേഖപ്പെടുത്തിക്കൊണ്ട്‌, എന്നിലര്‍പ്പിച്ച പ്രതീക്ഷകള്‍ ഞാന്‍ പാലിക്കുമെന്നു വാഗ്ദാനം ചെയ്തുകൊണ്ട്‌, നിങ്ങളുടെ ഏവരുടെയും സഹകരണം തുടര്‍ന്നും കാംക്ഷിച്ചുകൊണ്ട്‌ അടുത്ത പോസ്റ്റ്‌ അഥവാ കമന്റ്‌ വരെ ഓലപ്പീപ്പി ലോഗ്‌ ഓഫ്‌ ചെയ്തുകൊള്ളുന്നു.

നന്ദി, നമസ്കാരം, ജയ്‌ ബൂലോകം!