Showing posts with label College Life. Show all posts
Showing posts with label College Life. Show all posts

Sunday, March 06, 2011

അവള്‍ പറയാന്‍ കൊതിച്ച കാര്യം

ബീയെസ്സിക്കു പഠിക്കുന്ന കാലമാണ്‌. ആര്‌. ഞാന്‍ തന്നെ, ല്ല്ലാണ്ടാരാ? വീട്ടില്‍ നിന്നു മാറി കൂട്ടുകാര്‍ക്കൊപ്പം താമസിച്ചു പഠിക്കുന്നു. അന്നും ഞങ്ങള്‍ ക്ലാസ്സുകഴിഞ്ഞ്‌ രാജകുമാരി എന്‍.എസ്‌.എസ്‌ കോളേജിനെ നെഞ്ചേറ്റി ലാളിക്കുന്ന കുഞ്ഞുകുന്നിറങ്ങി നടന്നു. സഹമുറിയന്മാരായ അനിലിനെയും എല്‍ബിയെയും കൂടാതെ പരിസരവാസികളായ റൂബിയും സാജിതയും എന്റെ ഒപ്പമുണ്ട്‌. മൂന്നരയുടെ വെയില്‍ കൊണ്ട്‌ നടക്കുന്നതൊരു സുഖമാണ്‌. തമാശകള്‍ പറഞ്ഞും എല്‍ബിയെ പതിവുപോലെ ഒരുപാടു കളിയാക്കിയും ഏതാണ്ട്‌ രണ്ട്‌ രണ്ടര കിലോമീറ്റര്‍ അകലെയുള്ള വാസസ്ഥലത്തേക്കു ഞങ്ങള്‍ നടന്നു.

റൂബി പഠിക്കാന്‍ മിടുക്കിയാണ്‌. അതിനാല്‍ തന്നെ എല്ലാവര്‍ക്കും അവളെ മതിപ്പാണ്‌. സാജിത ഒരു പഞ്ചപാവം, പഠിപ്പില്‍ സാധാരണക്കാരി. ഉച്ചയ്ക്കുള്ള അന്താക്ഷരി സദസ്സിലെ നിശ്ശബ്ദ സാന്നിധ്യം. ആറെയും നോവിക്കരുതെന്ന വിചാരം. പക്ഷേ റൂബി അത്യാവശ്യം കൊട്ടൊക്കെ ആര്‍ക്കിട്ടും കൊടുക്കുന്ന ടൈപ്പാണ്‌. ഏതു പോസ്റ്റുകണ്ടാലും ഗോളടിക്കുന്ന സ്വഭാമാണെനിക്ക്‌. ഇതിനെല്ലാം പിന്നില്‍ നിന്നും ഐലസാ വിളിക്കുകയും അവസരം കിട്ടുമ്പോഴെല്ലാം തിരിഞ്ഞു കുത്തുകയും ചെയ്യും അനില്‍. എല്‍ബി ആണെങ്കില്‍ ഒരു സ്ഥിരം വിക്റ്റിം. ഇപ്പോ ചുറ്റുവട്ടം ഏകദേശം പിടികിട്ടിക്കാണുമല്ലോ!

ദൂരെ നിന്നും ഒക്കെ ധാരളം ആളുകള്‍ വന്നു പോയി പഠിക്കുന്ന ഒരു സ്ഥാപനമാണത്‌. നാല്‍പതു കിലോമീറ്റര്‍ എന്നു പറഞ്ഞാല്‍ തന്നെ ഹൈറേഞ്ചില്‍ വന്‍ ദൂരമാണ്‌ എന്നോര്‍ക്കണം. രാവിലെ എത്തുന്ന എയ്ഞ്ചല്‍ ബസ്സില്‍ തൂങ്ങിനിന്നു പരിക്ഷീണ മുഖത്തോടെ വരുന്ന സോ-കോള്‍ഡ്‌-പെങ്ങന്മാരെ ഞങ്ങള്‍ കോളേജങ്കണത്തിന്റെ തിട്ടപ്പുറത്തു നിന്ന്‌ എന്നും മുടങ്ങാതെ ഹാജരെടുത്തു പോന്നു.

പറഞ്ഞു വന്നത്‌, അന്നങ്ങനെ നടന്നവഴിക്കാണ്‌ റൂബി തെല്ലൊരു സങ്കോചത്തോടെ എന്നോട്‌ ആ കാര്യം പറയുന്നത്‌. കേട്ടു കഴിഞ്ഞപ്പോള്‍ അനിലും എല്‍ബിയും സാജിതയും ഒപ്പമുണ്ടായിരുന്ന ഈ നേരത്തു തന്നെ വേണായിരുന്നോ എന്റെ റൂബീ ഇതു പറയാനെന്ന്‌ ചോദിക്കാനാണ്‌ തോന്നിയത്‌. വെച്ചുനീട്ടിയ വിവരത്തിന്റെ മധുരം ആ തോന്നല്‍ തടയാന്‍ പോന്നതായിരുന്നു. പറഞ്ഞ കാര്യം ഇതാണ്‌ : "രാജിനോട്‌ നമ്മുടെ കോളേജിലുള്ള എതോപെണ്ണിന്‌... എന്തോ...!" പറയാനും വയ്യ, പറയാതിരിക്കാനും വയ്യ എന്ന ലെവലില്‍ ഉള്ളിലെന്തോ തിളച്ചു മറിയുന്നു, തണുത്തുറയുന്നു, നുരഞ്ഞു പൊന്തുന്നു. വഴിക്കിരുവശവും നിന്ന തൊട്ടവാടിപ്പൂക്കള്‍ കുസൃതിക്കണ്ണിറുക്കി. കയ്‌പന്‍പൂക്കള്‍ നടക്കട്ടെ നടക്കട്ടെ എന്ന്‌ എന്നെനോക്കി തലയാട്ടി.

ഞങ്ങള്‍ നടന്നു തുടങ്ങി അഞ്ചു മിനിറ്റുപോലും ആയിട്ടില്ല, അപ്പോഴാണ്‌ എന്റെ ജീവിതത്തില്‍ ഇന്നു വരെ ഞാന്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത ഈ സന്ദര്‍ഭം വന്നത്‌. റൂബി ഒരു ഹംസദൂതികയെപ്പോലെ, ഒരു മേഘദൂതായി ഒന്നും വേണ്ട ഒരു പോസ്റ്റ്‌ വുമണായി എന്റെ മുന്നില്‍ അവതരിച്ചു. ഞങ്ങള്‍ക്കിടയിലുള്ള ആ ഒരു അണ്ടര്‍സ്റ്റാന്റിങ്ങ്‌ അങ്ങനെ ആയിരുന്നതുകൊണ്ടാവാം റൂബി ഈ ദൗത്യത്തിനു നിയോഗിക്കപ്പെട്ടതെന്നു ഞാന്‍ കണക്കു കൂട്ടി. റൂബിയെപ്പോലെ ഒരാളെ ചീഞ്ഞ കേസിനൊന്നും കിട്ടുകേലാത്തതിനാല്‍ ഒരു കാര്യം ഉറപ്പ്‌- വന്ന ദൂതിന്റെ ഫ്രം അഡ്രസ്സും അതിന്റെ പിന്നിലെ ചേതോവികാരവും അത്ര നിസ്സാരമാവാന്‍ വഴിയില്ല.

"ബൈ ദ വേ, ആരാ റൂബീ കക്ഷി?"

അവിടെ റൂബി പിടിമുറുക്കി.

"അതിപ്പോ എനിക്കു പറയാന്‍ മേല. പക്ഷേ, ചോദിച്ച പാര്‍ട്ടി എന്നോട്‌ നിന്നെക്കുറിച്ച്‌ വളരെ വിശദമായി തന്നെ തിരക്കിയിട്ടുണ്ട്‌. ആദ്യം ആശേടെ അടുത്താ തിരക്കിയെ. അപ്പോ ആശ പറഞ്ഞു അവള്‍ക്ക്‌ നിന്നെക്കുറിച്ച്‌ അധികമൊന്നും അറിയില്ല എന്നൊക്കെ. അങ്ങനെയാണ്‌ സംഗതി എന്റെ കയ്യില്‍ വന്നു പെടുന്നത്‌."

"എന്നാലും... ആരാ റൂബീ..?" ആകാംക്ഷ കൊണ്ട്‌ ഞാന്‍ പൊട്ടിപ്പോകുമെന്നു തോന്നി. വല്ല കൂതറകേസുമാണെങ്കില്‍ റൂമില്‍ ചെല്ലുന്നിടം വരെപോലും അനിലും എല്‍ബിയും എന്നെ വാഴിക്കില്ല. ചീറിപ്പാഞ്ഞുപോകുന്ന ഏതെങ്കിലും ട്രിപ്‌ ജീപ്പ്പിന്റെ മുന്നിലോട്ടു ചാടിക്കോണ്ടാ മതി! സെക്കന്റ്‌ ബി.എസ്സീലെ ഒന്നു രണ്ടു മുഖങ്ങള്‍ ഓര്‍ത്തപ്പോള്‍ എന്റെ ഉള്ളില്‍ രണ്ട്‌ വെള്ളിടി വെട്ടി. ഇനി ആശ തന്നെ ആയിരിക്കുമോ? ഏയ്‌, അങ്ങനെ വരാന്‍ വഴിയില്ല. അനില്‍ പറഞ്ഞിട്ടില്ലെങ്കിലും അവള്‍ അനിലിന്റെ 'ആള്‍' ആണെന്നാണ്‌ അനിലിന്റെ ഒരു വിശ്വാസവും ഞങ്ങളുടെ ഒരു സങ്കല്‍പവും. അങ്ങനെയാണെങ്കില്‍ ഒരു കാര്യം ഉറപ്പ്‌- ആശയ്ക്കും റൂബിക്കും നന്നായി അറിയാവുന്ന ആരെങ്കിലുമാവണം. ആശ സ്ഥിരം ബസ്സിനു വരുന്ന ആളാണല്ലോ. അപ്പോ ലോങ്ങ്‌ ട്രിപ്പടിക്കുന്ന പാര്‍ട്ടികള്‍ ആരെങ്കിലും...? പോസിബിള്‍ അളിയാ.. ക്വയറ്റ്‌ പോസിബിള്‍! അങ്ങനെയെങ്കില്‍ ഏതു ഡിപ്പാര്‍ട്ട്‌മന്റ്‌? പൊതുവേ അല്‍പം പച്ചപ്പുള്ളത്‌ ബി.സി.ഏയിലാണ്‌. ഉം...! എന്റെ മുഖത്ത്‌ അറിയാതെ ഒരു മന്ദഹാസം വിടര്‍ന്നത്‌ അവരും അറിഞ്ഞു.

എത്ര നിര്‍ബന്ധിച്ചിട്ടും കക്ഷി ആരാണെന്നു റൂബി പറയുന്നില്ല. എന്നിലെ ഹോംസ്‌ ഉണര്‍ന്നു. വേണ്ട. അവള്‍ പറയണ്ട, ഹല്ല പിന്നെ. അവള്‍ പറയുന്നതില്‍ നിന്നും വല്ല ക്ലൂവും കിട്ടാതിരിക്കില്ല. ഒരു പക്ഷേ പ്രതിയുടെ സ്ഥലമോ, റൂട്ടോ, ക്ലാസ്സോ അങ്ങനെ എന്തെങ്കിലും. അത്രേം കിട്ടിയാല്‍ ബാക്കി ഒപ്പിക്കാനാണോ പാട്‌! പക്ഷേ രോഗിയെ അറിഞ്ഞില്ലെങ്കിലും രോഗത്തിന്റെ വിവരണം കേള്‍ക്കാന്‍ എല്ലവര്‍ക്കും, അതിലേറേ എനിക്കും താല്‍പര്യം ഉണ്ടായിരുന്നു.

റൂബിയുടെ ഓരോ വാക്കുകളിലും ആളാരെന്നറിയാനുള്ള സൂക്ഷ്‌മപരിശോധന ഞാന്‍ നടത്തി. അവള്‍ തുടര്‍ന്നു. ആ അജ്ഞാതയ്‌ക്ക്‌ അറിയേണ്ടത്‌ രാജിന്റെ സ്വഭാവം - നേച്ചര്‍ - ഒക്കെയാണ്‌.

"എന്റമ്മേ! എന്നിട്ടു നീയൊക്കെ എന്തു പറഞ്ഞു? ഞാന്‍ ഒരു മഹാ വാചകക്കാരനാണെന്നു വല്ലോം വിളമ്പിയോ? വെള്ളമടിക്കുമെന്ന് പറഞ്ഞോ? മുട്ടിനു മുട്ടിനു ക്ലാസ്സിലുള്ള എല്ലാവരേയും കളിയാക്കുകയും ബോറന്‍ അവറുകളില്‍ പാസ്‌ ചെയ്യുന്ന തുണ്ടുകടലാസുകളില്‍കൂടി തേജോവധം ചെയ്യുന്നവനുമാണെന്നു നീയോതിയോ?"

ഒരുപെണ്ണിന്റെ മുന്നില്‍ ബാഡ്‌ ഇമേജ്‌ ക്രിയേറ്റ്‌ ചെയ്യപ്പെട്ടാലുണ്ടാകുന്ന ലോങ്ങ്‌ ടേം ഡീഗ്രഡേഷന്‍ ഒഫ്‌ അക്‌സപ്റ്റന്‍സ്‌ ഇന്‍ ദ്‌ ക്യാമ്പസ്‌ എന്നെ ആകുലനാക്കി.

"നോ, രാജ്‌. ഞാന്‍ നിന്നെക്കുറിച്ച്‌ അങ്ങനെ പറയുമോ?"

സേനാപതി പഞ്ചായത്തില്‍ നിന്നും വീശിയടിച്ച തെരുവപ്പുല്ലിന്റെ സുഗന്ധമുള്ള ഒരു കാറ്റ്‌ എന്നെ മാത്രം ഒന്നു കുളിരാക്കിയിട്ട്‌ കുളപ്പാറച്ചാലിലെ മോഹനന്‍ ചേട്ടന്റെ ചായക്കടയുടെ മുകളിലൂടെ പറന്നു.

എന്തായാലും, ഇമേജ്‌ സേഫാണ്‌. sigh!! എന്നാലും ആരായിരിക്കും അത്‌! എന്റെ കലാലയജീവിതത്തിലെ പബ്ലിക്‌ അപ്പിയറന്‍സുകള്‍ ആദ്യമായി ഞാന്‍ ഒന്നു റിവ്യു ചെയ്തു. സമരപ്രകടനങ്ങള്‍ക്കു മുന്നിലെ സ്ലോഗന്‍ ലീഡ്‌. വാഹ്‌! അതാണ്‌ നമ്മടെ ബെസ്റ്റ്‌ പബ്ലിസിറ്റി. പിന്നെ കലാപ്രവര്‍ത്തനങ്ങള്‍. റിയാലിറ്റി ഷോകള്‍ ഇല്ലാതിരുന്നതിനാല്‍ സംഗതികള്‍ അത്ര വ്യാപകമായിട്ടില്ലായിരുന്ന അക്കാലത്ത്‌ ചെറിയ ഒരു ആസ്വാദകസദസ്സിനെ ഒക്കെ പിടിച്ചിരുത്താന്‍ ഒക്കെ എനിക്കു പറ്റുമായിരുന്നു. ആ എളിയ കലാവാസന ആരിലെങ്കിലും ഒരു സ്പാര്‍ക്‌ കൊടുത്തിട്ടുണ്ടാവാം.. ഉം..! കോളേജിലെ ഒരു പ്രോഗ്രാമിന്‌ നിന്റെ കണ്ണില്‍ വിരുന്നു വന്നു നീലസാഗര വീചികള്‍ എന്ന പാട്ട്‌ പാടിയിട്ട്‌ ചരണത്തില്‍ ടൈമിങ്ങ്‌ തെറ്റിയതും വീണിടത്ത്‌ കിടന്നുരുളാതെ ഉടന്‍ തന്നെ ട്രാക്കിലെത്തിയതും ആണ്‌ ആകപ്പാടെ ഉള്ള ഒരു സോളോ പെര്‍ഫോമന്‍സ്‌. അതോ കൗണ്‍സിലര്‍ ആയി മല്‍സരിച്ച്‌ പ്രയാസപ്പെട്ട്‌ തോറ്റിട്ടും നിങ്ങളൊക്കെ അന്നുമിന്നും എന്റെ ഫ്രണ്ട്‌സ്‌ തന്നെ എന്ന ഭാവത്തില്‍ ബി.ബി.ഏയിലെയും ബി.സി.ഏയിലെയും സഹോദരിമാരോട്‌ പരിചയം പുലര്‍ത്തിപ്പോന്നതിന്റെ എഫക്റ്റോ? കോളേജ്‌ മാഗസിനിലെ ലേഖനങ്ങള്‍... യേയ്‌!

എന്തു കുന്തമേലുമാകട്ടെ.. പക്ഷേ ആരായിരിക്കും...?

ലവളായിരിക്കുമോ? എപ്പോള്‍ കണ്ടാലും സുന്ദരമായ മുഖത്ത്‌ ഒരു പൗര്‍ണ്ണമിനിലാവിന്റെ ചന്തം വിരിയിക്കുന്ന പാല്‍പ്പുഞ്ചിരി പൊഴിക്കുന്ന ആ പെണ്ണ്‌... അവള്‍ കോളേജില്‍ ചേര്‍ന്ന കാലത്ത്‌, ജോണ്‍സ്‌ കുടയിലെ ISO 9002 എന്നതിലെ ISOയുടെ പൂര്‍ണ്ണരൂപം ചോദിച്ചതും അറിയില്ലെന്നു പറഞ്ഞപ്പോള്‍ എങ്കില്‍ ഉത്തരം കണ്ടെത്തി പത്തു പ്രാവശ്യം എഴുതിക്കൊണ്ടുവന്നിട്ട്‌ എന്നെ കാണിച്ചിട്ട്‌ പിറ്റേന്ന്‌ ക്ലാസ്സില്‍ കയറിയാല്‍ മതി എന്നു പറഞ്ഞതും.. പിറ്റേന്ന് അവള്‍ അത്‌ അക്ഷരം പ്രതി പാലിച്ചതും.. അവളുടെ മുഖം പോലെ തന്നെയാണാ കയ്യക്ഷരമെന്ന്‌ കണ്ട്‌ മനസ്സു നിറഞ്ഞതും... ഇനി അവളെങ്ങാനുമാവുമോ? ഏയ്‌.. അല്ല, ഇനി ആകാന്‍ പാടില്ലെന്നില്ലല്ലോ! അതോ കാണുമ്പോഴെല്ലാം 'രാജ്‌മോന്‍ ചേട്ടാ' എന്നു സാഹോദരീസഹജമായ സ്നേഹത്തോടെ വിളിക്കുന്ന അസംഖ്യം പെണ്ണുങ്ങളില്‍ ആരെങ്കിലും ആ വിളിയില്‍ മറ്റൊരു ഉള്‍വിളി ഒളിപ്പിക്കുന്നുണ്ടാവുമോ? റൂബിക്കുമാത്രം ഉത്തരം നല്‍കാന്‍ പറ്റുന്ന ചോദ്യങ്ങള്‍!

"എന്താടാ ഇത്ര ആലോചന!?"

"എന്നാലുമെന്റെ പൊന്നു റൂബീ, ഒന്നു പറയാമോ ആരാന്ന്‌?" എന്റെ ആദ്യത്തെ എക്‌സൈറ്റ്‌മന്റ്‌ ഒക്കെ മാറി ഒരല്‍പം ടെന്‍ഷന്‍ ഒക്കെ ആയിത്തുടങ്ങിയിരുന്നു. റൂബി അപ്പോഴും സീരിയസ്‌.

"നീയെന്തു പറയും അതറിയുമ്പോള്‍ എന്നതാണ്‌ ആ പെണ്ണിന്റെ സംശയം."

"എന്തോന്ന് പറയാന്‍! ആളാരാ, കാര്യമെന്നതാ എന്നൊക്കെ അറിയാതെ എന്നാ പറയാനാ? അല്ലെങ്കി തന്നെ എനിക്കെന്തോന്നു ടെന്‍ഷന്‍..?" അനായാസഭാവത്തില്‍ ഒന്നു തോളുകുലുക്കിയെങ്കിലും എന്റെ വിടര്‍ന്ന ചെവിക്കുടകള്‍ രണ്ടും ചോര ഇരച്ചുകയറി ചെമന്നിരുന്നതുകണ്ട്‌ അവരെല്ലാം നിശ്ശബ്ദമായി ചിരിച്ചു.

ഞങ്ങളുടെ നടപ്പ്‌ ഏതാണ്ട്‌ മുക്കാലും തീര്‍ന്നുകഴിഞ്ഞിരുന്നു. എന്നെ തറയ്‌ക്കാന്‍ ഒരു ആണി കിട്ടുന്നതും നോക്കി അനിലും എല്‍ബിയും ഒപ്പം വെറുതേ നടക്കുകയാണ്‌. സാജിതയും അങ്ങനെതന്നെ.

"അനിലേ, രാജിനു ടെന്‍ഷന്‍ ആയെന്നു തോന്നുന്നു. ആരാന്നു ഞാന്‍ പറയില്ല. എന്നോട്‌ പറഞ്ഞേല്‍പ്പിച്ച കാര്യം ഞാന്‍ പറഞ്ഞേക്കാം.. എന്താ?"

"വേണ്ട. അങ്ങനെ ഇപ്പോ, അറ്റോം മുറീമായിട്ട്‌ പറയേണ്ട. സംഭവത്തിന്റെ ഫുള്‍ ഡീറ്റെയില്‍സ്‌ പറയാമെങ്കില്‍ പറഞ്ഞാല്‍ മതി. അല്ലെങ്കില്‍ നമുക്കിതിവിടെ നിര്‍ത്താം." കുറേ നേരമായി ക്രൂശിക്കപ്പെടുന്നതിന്റെ കുണ്‌ഠിതം എന്റെ വാക്കുകളില്‍ നിറഞ്ഞു. അനിലിനും എല്‍ബിക്കും എന്റെയത്ര ഇല്ലെങ്കിലും 'കക്ഷി' ആരെന്നറിയാനുള്ള ആകാംക്ഷ ഉണ്ടെന്നു വ്യക്തം. സുമനസ്സ്‌ സാജിത മാത്രം എന്റെ ഉള്ളുകണ്ടു.

"റൂബീ, എന്തിനാ രാജിനെ ഇട്ടിങ്ങനെ വട്ടം കറക്കുന്നേ? അതങ്ങു പറഞ്ഞേരേ, മൊത്തമായി. ഒന്നുമല്ലേലും അവന്‍ നമ്മുടെ കൂട്ടത്തില്‍ ഒരാളല്ലേ. എന്തായാലും കാര്യമറിഞ്ഞിട്ട്‌ അവന്‍ റെസ്പോണ്ട്‌ ചെയ്യട്ടെ!" മനസ്സുകൊണ്ട്‌ ഞാന്‍ സാജിതയുടെ കാല്‍ക്കല്‍ വീണു തൊഴുതു.

ഇപ്പോ റൂബിക്കു വാക്കുകള്‍ കിട്ടുന്നില്ല. നടന്നെത്താന്‍ പരമാവധി ഇരുപതു മിനിറ്റ്‌ മാത്രമെടുക്കുന്ന ദൂരം ഞങ്ങളന്ന്‌ അരമണിക്കൂര്‍ നടന്നിട്ടും തീര്‍ന്നില്ല. മൃഗാശുപത്രിക്കു സമീപമുള്ള വളവും കഴിഞ്ഞാല്‍ പിന്നെ ഒരു മൂന്നു മിനിറ്റ്‌ നേരത്തെ നടപ്പുദൂരം കൂടിയേ ഞങ്ങള്‍ ഒരുമിച്ചുണ്ടാവൂ. കാര്യങ്ങള്‍ ക്ലൈമാക്‌സിനോട്‌ അടുത്തു എന്ന് മനസ്സിലാക്കിയ എന്റെ ഞരമ്പുകളാകട്ടെ വീണക്കമ്പികള്‍ പോലെ മുറുകി നിന്നു.

റൂബി തുടര്‍ന്നു- "ഞാന്‍ ഒരു കാര്യം ചെയ്യാം, ആളെ പറയില്ല, എന്നെ പറഞ്ഞേല്‍പ്പിച്ച കാര്യം മാത്രം പറയാം. ഓകെ ആണോ?"

സമ്മതിക്കാതെ തരമില്ല. "ഓകെ"

റൂബി ഒരു അങ്കലാപ്പോടെ പറഞ്ഞു. "ആ ആള്‍ക്ക്‌ രാജിനോട്‌ പറയാനുണ്ടായിരുന്നത്‌.. എന്താന്നു വെച്ചാ.. അവള്‍ക്ക്‌ അതു രാജിനോടേ പറയാന്‍ പറ്റൂ... അവള്‍ക്കത്‌ നേരിട്ട്‌ പറയാനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടാ... അതായത്‌.. ടൈറ്റാനിക്‌ മുക്കിയത്‌ അവളാണത്രേ...!!!"

കൂടം കൊണ്ട്‌ തലയ്‌ക്കടി കിട്ടിയപോലെ ഞാന്‍ നിന്നുപോയി. പിന്നെ അവര്‍ ചിരിച്ച ചിരീന്നു പറഞ്ഞാല്‍.... എന്നെ പ്രതി അതിനുമുന്നും പിന്നും ആരും... ഏഹേ!

Saturday, October 09, 2010

ആ കോമാളി വന്നു, വീണ്ടും

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം ആറ്

വടക്കന്‍ കേരളത്തില്‍ ഒരു രാഷ്ട്രീയകൊലപാതകം നടന്നു. ഏഴെട്ടുവര്‍ഷം മുന്‍പാണ്‌. അന്നത്തെ ഒരു പ്രവണത വെച്ച്‌ പിറ്റേന്നു ന്യായമായും കേരള ബന്ദ്‌ നടക്കേണ്ടതാണ്‌. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ എല്ലാവരും ഉദ്വേഗപൂര്‍വ്വം സിജോമോന്റെ റൂമില്‍ കൂടിയിരിക്കുന്നു. പിറ്റേന്നേതോ ലാബ്‌ എക്സാം ആണെന്നാണെന്റെ ഓര്‍മ്മ. എല്ലാ മുഖത്തും ഒരേയൊരാശങ്ക മാത്രം - നാളെ ഹര്‍ത്താലായിരിക്കുമോ?

ഓരോരുത്തരും അവരവരുടെ വാദഗതികള്‍ മുന്നോട്ടുവെച്ചു. ഏതാണ്ട്‌ ഉറപ്പാണ്‌ ഹര്‍ത്താലിന്റെ കാര്യം. എല്ലാവരേക്കാളും ഉറപ്പ്‌ രൂപേഷിനാണ്‌. വലതു കൈത്തലം മുഖത്തിനു മുന്നിലൂടെ നീട്ടിപ്പിടിച്ച്‌ സ്വതസിദ്ധമായ ഈണത്തില്‍ അവന്‍ പറഞ്ഞു :

"നീയിരി രാജ്‌മോനേ, നമുക്കൊരു കൈ നെരത്തീട്ടുമതി ഇനി.." അവന്‍ ചീട്ടുകശക്കി. ".. എന്നതായാലും നാളെ ഭാരത ബന്ദാ!"

ഞങ്ങളെതിര്‍ത്തു : "ഓ പിന്നെ, കേരളത്തില്‍ അടി ഒണ്ടായേന്‌ എന്നാത്തിനാ ഭാരതബന്ദ്‌?"

രൂപേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു - "എടാ, കേരളത്തിന്റെ ഒരു പ്രശ്നമെന്നു പറഞ്ഞാല്‍ അതിന്ത്യേടെ പ്രശ്നമാടാ..!!"

അവന്റെ തോലുരിക്കാന്‍ അതു ധാരാളം മതിയായിരുന്നു. അതെ, കേരളത്തിന്റെ ഒരു പ്രശ്നം എന്നത്‌ ഒരു ദേശീയപ്രശ്നമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച ധീരനായിരുന്നു രൂപേഷ്‌.

*** *** ***

ബാംഗ്ലൂരു നിന്നും കാഞ്ഞിരപ്പള്ളിക്കു യാത്ര നടത്തിയപ്പോഴെല്ലാം കോട്ടയത്തെത്തുമ്പോള്‍ രൂപേഷിനെ വിളിക്കാതിരുന്നിട്ടില്ല ഞാന്‍.

"ഡാ, നീയെവിടാ? ഞാന്‍ കോട്ടയത്തേക്കു വരുന്നുണ്ട്‌."

"അ! എവിടെത്തീടാ?"

"ഏറ്റുമാനൂര്‍, നീ ടൗണിലെങ്ങാനുമുണ്ടോ?"

"എടാ, ഞാന്‍ വൈക്കത്തിനു പൊക്കോണ്ടിരിക്കുവാ, നീയെന്നാ തിരിച്ചു പോകുന്നേ?"

"ഞാന്‍ നാളെത്തന്നെ പോകും."

"ആ ശെരി. എങ്കില്‍ നീ നാളെ ഇതുവഴി വരുമ്പം ഒന്നു വിളിക്ക്‌."

"പോ കോപ്പേ, നാളെ ഞാന്‍ വന്നിട്ട്‌ നേരെ ബസില്‍കയറി അങ്ങു പോകത്തേയുള്ളൂ. തങ്ങത്തില്ല."

"ഓ... എങ്കില്‍ ഓക്കെ. നമുക്ക്‌ വേറൊരു ദിവസം കാണാം. നീയിനി എന്നാ വരുന്നെ..?"

...
.........
..............

എന്തായാലും ഒരു ദിവസം ഞാന്‍ നാഗമ്പടത്തിറങ്ങി. രൂപേഷിനെ വിളിച്ചു. ഒരു ചേട്ടന്റെ ബൈക്കിനു പിന്നിലിരുന്ന്‌ അവന്‍ വരുന്നതു കണ്ട്‌ ഞാന്‍ വെയിറ്റിംഗ്‌ ഷെഡില്‍ നിന്നിറങ്ങി.

ആളല്‍പം തടിച്ചിരിക്കുന്നു. മീശ അല്പം കനത്തു. ബാക്കിയെല്ലാം അതുപോലെ തന്നെ. നെറ്റിയിലെ ആ സിന്ദൂരക്കുറിയും സംസാരരീതിയും.

"നീയെന്നാടാ കണ്ണാടി വെച്ചെ? ഓ! ഇതെന്നതാ ഇത്‌? ടച്ച്‌ സ്ക്രീന്‍ മൊബൈലോ!!" അദ്ഭുതത്തോടെ ഞാന്‍ ചോദിച്ചു.

"അതൊക്കെ നമ്മള്‍ എമ്പണ്ടേ...!"

അവനെന്റെ കരം കവര്‍ന്നു. വര്‍ഷങ്ങള്‍ കൂടി കണ്ടിട്ടും അവന്റെ കൈത്തലത്തിന്റെ തണുപ്പ്‌ വീണ്ടും ഞാനോര്‍മ്മിച്ചു.

ഓട്ടോയില്‍ കയറി, ബിവറേജസ്‌ കോര്‍പ്പറേഷന്റെ വെയര്‍ഹൗസിലെത്തി. അവിടെ അവന്റെ സഹപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. എല്ലവരെയും പരിചയപ്പെട്ടു. അവരുടെ ഒപ്പമിരുന്ന് സിന്‍സി വൈനും കിങ്ങ്‌ഫിഷര്‍ ബിയറും കഴിച്ചു. പിന്നെ, ഊണിനു നില്‍ക്കാതെ പിരിഞ്ഞു. പോകാന്‍ നേരം അവന്റെ ഓഫീസിലെ എല്ലാവരും തിങ്ങിക്കയറിയ ആള്‍ട്ടോയില്‍ അവന്‍ എന്റെ മടിയിലിരുന്നു യാത്ര ചെയ്തു. ഒരു മിനിറ്റ്‌. മെയിന്‍ റോഡിലെത്തി.

"ഇനീം കോട്ടയം വഴി വരുമ്പോഴൊക്കെ വിളിക്ക്‌, നമുക്കിതുപോലെ കാണാം."

"ഓക്കെഡാ.." സന്തോഷത്തോടെ ഞാന്‍ യാത്ര ചൊല്ലിപ്പിരിഞ്ഞു.

*** *** ***

മുന്‍പോസ്റ്റുകളില്‍ ഞാന്‍ വിവരിച്ച യാത്ര എന്റെ ഭാര്യാസവിധത്തില്‍ പര്യവസാനിച്ച വിവരം ഓര്‍ക്കുമല്ലോ.

വൈകിയുള്ള ഊണും ഇറ്റ്‌ ഉറക്കവും കഴിഞ്ഞ്‌ ബോറടിച്ചിരുന്ന ഒരു ദിനം. നേരം നാലുമണിയാകുന്നു. അനിലിന്റെ കാള്‍. ഫോണെടുത്തു.

മറുതലയ്ക്കല്‍ അവന്റെ ഇടറുന്ന ശബ്ദം. "എടാ നീയറിഞ്ഞോടാ?"

അനില്‍ കരയുകയാണെന്നെനിക്കു തോന്നി. "എന്നതാടാ..? എന്നാ പറ്റി?"

"ഡാ.. നമ്മുടെ രൂപേഷു പോയെടാ..." ഞാന്‍ ഞെട്ടിത്തരിച്ചു. അനില്‍ മറുതലയ്ക്കല്‍ വിതുമ്പുന്നതുപോലെ.

മനസ്സിലാവാത്ത ഏതോ ഭാഷ പോലെ അനിലിന്റെ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങി. നെഞ്ചിലൊരു കനം തൂങ്ങി. എന്തു ചോദിക്കണം ഞാന്‍...?

അല്‍പമൊരിടവേളയ്ക്കു ശേഷം ഞാന്‍ ചോദിച്ചു - "എപ്പോ? എങ്ങനെയായിരുന്നു?"

"ആക്സിഡന്റാരുന്നെന്നാ കേട്ടത്‌. ഒന്നും കൃത്യമായിട്ട്‌ അറിയില്ലെടാ. ഇന്നു രാവിലെയോ മറ്റോ ആണ്‌. ബൈക്ക്‌ ഓടിച്ച്‌ പോയപ്പോ വേറെ ഏതോ വണ്ടിയില്‍ തട്ടി ലോറിക്കടിയില്‍ ഇവന്‍ വീണെന്നാ കേട്ടത്‌. അവന്റെ തലയിലൂടെ..."

ക്ഷമിക്കണം, എഴുതാനാവുന്നില്ല.

അല്‍പം കഴിഞ്ഞു ഞാന്‍ സിജോയെ വിളിച്ചു. അവന്‍ രൂപേഷിന്റെ തന്നെ ഫോണില്‍ വിളിച്ചത്രേ. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ എ.എസ്‌.ഐ ആണ്‌ അറ്റന്‍ഡ്‌ ചെയ്തത്‌. അദ്ദേഹം കാര്യം സ്ഥിരീകരിച്ചു
. ബോഡി പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള ഒരുക്കമാണ്‌.

പിന്നെ പല കാളുകള്‍. മെസ്സേജുകള്‍. എല്ലാം ആ ദുരന്തവാര്‍ത്ത ശരിവെച്ചു. ഇന്നു തന്നെ അടക്കുമെന്നു കേട്ടു. എവിടെവെച്ചാണ്‌ ചടങ്ങുകള്‍ ആര്‍ക്കും ഒന്നിനെപ്പറ്റിയും വ്യക്തമായ വിവരമില്ല. നേരമേറെ വൈകി. ഇനി പുറപ്പെട്ടാലും, സമയത്തിനു മുന്‍പേ അവിടെത്തുവാന്‍.. അനിലും അതു തന്നെ സംശയിച്ചു.

ഒരുപാട്‌ ഓര്‍മ്മകള്‍ അലതല്ലി വരുന്നു. ഡിഗ്രി പഠനകാലത്തെ സംഭവങ്ങള്‍. നെടുംകണ്ടത്തു നിന്നുള്ള യാത്രകള്‍. ചീട്ടുകളി. ക്ലാസ്സില്‍ ഒരിക്കല്‍ ഞാനും അവനും ഒരുമിച്ചു 'മൂവന്തിത്താഴ്‌വരയില്‍' എന്ന ഗാനം പാടിയത്‌. തൂക്കുപാലത്ത്‌ അവന്റെ കുഞ്ഞുവീട്ടിലെ കേറിത്താമസം. അവന്റെ അമ്മയുടെ മരണം. ഹൈറേഞ്ചില്‍ നിന്നും കോട്ടയത്തേക്കുള്ള പറിച്ചു നടല്‍.

പിന്നെ, സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചു. അവനും ഒരു നല്ല ജോലിയില്‍ ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങിയപ്പോള്‍....



ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഒരു തമാശ എസ്‌.എം.എസ്‌ ഫോര്‍വേഡ്‌ ചെയ്യുമ്പോള്‍ പോലും അവന്റെ നമ്പര്‍ കണ്ണിലുടക്കും. ദൈവം മണ്ണില്‍ നിന്നു മായ്ച്ചെങ്കിലും, സുഹൃത്തേ നിന്നെ....

"രാജുമോനേ..." നെറ്റിയിലെ സിന്ദൂരക്കുറിയും വലതു കൈയ്യുയര്‍ത്തിയുള്ള ശ്രദ്ധക്ഷണിക്കലും... നീ മരിക്കണ്ട രൂപേഷ്‌; കുറഞ്ഞപക്ഷം എന്റെ ഉള്ളിലെങ്കിലും....

Friday, December 28, 2007

സ്റ്റാര്‍ട്ടിംഗ്‌ ട്രബിള്‍

2002 ലെ തെളിഞ്ഞ ഒരു വെള്ളിയാഴ്ച ദിവസം. ഞാന്‍ ബീയെസ്സീക്കു പഠിക്കുന്ന സുവര്‍ണ്ണകാലം. സ്ഥലം ഇടുക്കി ജില്ലയിലെ രാജകുമാരി എന്‍.എസ്‌.എസ്‌ കോളേജിനു മുന്നിലെ ബസ്സ്‌ സ്റ്റോപ്പ്‌. ആ ആഴ്ചയിലെ വായില്‍ നോട്ടവും തെറിവിളിയും ചീട്ടുകളിയും മറ്റു തരികിടകളുമൊക്കെ കഴിഞ്ഞു യൂണിഫോം ധാരികളായ ആണുങ്ങളും അവരുടെയെല്ലാം മനസ്സുകളില്‍ കുടുംബപരമായ പല റോളുകള്‍ വഹിക്കുന്ന പെണ്ണുങ്ങളും അടങ്ങുന്ന 17-21 പ്രായപരിധിയില്‍പ്പെടുന്ന വിദ്യാര്‍ത്ഥിസംഘം അവിടെ അക്ഷമരായി ബസ്സ്‌ കാത്തു നില്‍ക്കുന്നു. നെടുംകണ്ടം-കട്ടപ്പന ഭാഗങ്ങളിലേക്കു പോകേണ്ടവര്‍ക്കു 2.45 pm നുള്ള സി.കെ.എസ്‌. ബസ്സ്‌ (KL 7 U 837) ആണു നോട്ടം. നെടുംകണ്ടം വരെ എസ്‌.റ്റി കിട്ടും, ഫ്രണ്ട്‌ലി സ്റ്റാഫ്‌, നല്ല കുഷ്യന്‍ സീറ്റ്‌, ബസില്‍ പാട്ടുപെട്ടിയും ഉണ്ട്‌. ആനന്ദലബ്ധിക്കിനിയെന്തു വേണം?

ഒരൊറ്റ പ്രശ്നം മാത്രം. രാജകുമാരിയില്‍ നിന്നു ബസ്സ്‌ പുറപ്പെട്ടാല്‍, പൂപ്പാറ എന്ന സ്ഥലത്തു ചെന്നു ഒരു 25 മിനിറ്റോളം വെയിറ്റിംഗ്‌ ഉണ്ട്‌. ഒരു കാലിച്ചായ കുടിക്കേണ്ടവര്‍ക്കു അതൊരു അനുഗ്രഹമാണെങ്കിലും, പൂപ്പാറ തമിഴ്‌നാടിന്‍റെ ഒരു ചെറിയ പതിപ്പ്‌ ആയിരുന്നതിനാലും ഞങ്ങളുടെ പതിവു വിനോദമായ കാനേഷുമാരി കണക്കെടുപ്പിന്‌ അവിടെ സ്കോപ്പ്‌ നന്നേ കുറവായിരുന്നതിനാലും പൊതുവെ ഈ വെയിറ്റിംഗ്‌ ആണുങ്ങള്‍ക്കു ഒരു ബോര്‍ ടൈം തന്നെ ആയിരുന്നു. ആകയാല്‍, 1 രൂപ മുടക്കി അല്ലെങ്കില്‍ ഓസി ഒരു ബൂമര്‍ ച്യുയിംഗ്‌ ഗം കൈക്കലാക്കി അതങ്ങനെ ചവച്ചോണ്ടു കത്തി വെക്കുകയാണു ഏക പോംവഴി.

അങ്ങനെ പതിവു പോലെ ഞങ്ങള്‍ പൂപ്പാറയിലെത്തി. കീപ്പിംഗ്‌ വെയിറ്റിംഗ്‌. സ്റ്റില്‍ ഇന്‍സൈഡ്‌ ദ്‌ ബസ്സ്‌.!

ഇനി ഞാന്‍ നമ്മുടെ ഗ്യാങ്ങിനെ ഒന്നു പരിചയപ്പെടുത്താം. ബ്രാക്കറ്റില്‍ ഇറങ്ങുന്ന സ്ഥലം. ഗ്യാങ്ങ്‌ ലീഡര്‍ സിജോ (നെടുംകണ്ടം), അനില്‍(നെടുംകണ്ടം), രൂപേഷ്‌(നെടുംകണ്ടം), ജോജി(നെടുംകണ്ടം), രാജേഷ്‌(നെടുംകണ്ടം), അരുണ്‍ അഥവാ കുട്ടന്‍ (നെടുംകണ്ടം), രതീഷ്‌ അഥവാ കുറുപ്പ്‌(നെടുംകണ്ടം) എന്നിങ്ങനെ പോകുന്നു ആ പട്ടിക.

കൂട്ടത്തില്‍ എല്ലാവരും തമാശുകളുടെ കാര്യത്തില്‍ ഒന്നിനൊന്നു മെച്ചം.! അങ്ങനെ നെടുംകണ്ടം സംഘം ബസ്സിന്‍റെ പിന്‍ഭാഗത്തെ രണ്ടു നിര സീറ്റുകള്‍ കയ്യടക്കി ഭരിക്കുന്നു. സമയം 3.20 കഴിഞ്ഞപ്പോള്‍ തന്നെ കൂട്ടത്തിലെ പരമനിഷ്ക്കളങ്കനായ രൂപേഷിനു പോലും ക്ഷമ കെട്ടു.

രൂപേഷ്‌ (ആത്മഗതം-ഉച്ചത്തില്‍) : "ഈ ഡാഷ്‌ വണ്ടി എപ്പോളാടാവ്വേ ഒന്നു പോകുന്നത്‌..?"

എല്ലാവരുടെയും ഉള്ളില്‍ ബസ്സ്‌ പോകാത്തതിന്‍റെ കെറുവ്‌ ഉണ്ടായിരുന്നതിനാല്‍ ആരും ഒന്നും മിണ്ടിയില്ല. പിന്നെ രൂപേഷിന്‍റെ സ്വതസിദ്ധമായ സ്റ്റാന്‍ഡേര്‍ഡ്‌ ഞങ്ങള്‍ക്കു അറിവുള്ളതാണല്ലോ. ഉദാ: ആയിടെ നമ്മുടെ കൊച്ചുകേരളത്തില്‍ എന്തോ ഒരു രാഷ്ട്രീയ കൊലപാതകം നടന്നപ്പോള്‍ മൂപ്പിലാന്‍ പിറ്റേന്നു ഭാരത ബന്ദ്‌ ആണെന്നു പ്രത്യാശിക്കുകയും അതിന്‍റെ ന്യായീകരണമായി കേരളത്തിന്‍റെ ഒരു പ്രശ്നമെന്നു പറഞ്ഞാല്‍ അതു ഇന്ത്യയുടെ പ്രശ്നമാണെന്നു ധീരോദാരം പ്രഖ്യാപിക്കുകയും ചെയ്തയാളാണ്‌. ആ പാവത്തിനോട്‌ ഞങ്ങള്‍ എന്തു പറയാന്‍? ബസ്സില്‍ മറ്റ്‌ ആള്‍ക്കാരും ഉണ്ടല്ലോ.

പക്ഷെ നമ്മുടെ ജോജി(ബീബിയേയ്ക്കു പഠിക്കുന്നു, ഒരു പാവം ദന്തിസ്റ്റിന്‍റെ മകന്‍, വെളിവു തീരെ കുറവ്‌, പോരാത്തതിനു നാക്കു ശരിക്കു വളച്ചും തിരിച്ചും ഉച്ചരിക്കേണ്ടതായിട്ടുള്ള ചില മലയാള അക്ഷരങ്ങളുമായി ഒരല്‍പ്പം ശത്രുതയും) , ടിയാനു ജാതക ദോഷം കൊണ്ട്‌ അപ്പോള്‍ പ്രതികരിക്കാതെയിരിക്കാന്‍ ആവുമായിരുന്നില്ല.

രൂപേഷിന്‍റെ ചോദ്യം വന്നു, ഒരു സെക്കന്‍റു കഴിഞ്ഞില്ല, വന്നൂ ജോജിയുടെ ആശ്വാസവചനം: "അതേയ്‌.. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്താലേ പോകത്തുള്ളൂടാ.."

ജോജി പൊതുവെ അല്‍പ്പം ഒച്ച കൂടുതലുള്ള ഇനമായിരുന്നിട്ടും ഈ വാചകം ഉറക്കെ പറഞ്ഞതിനു കാരണം പലതാണ്‌. ഒന്ന്‌- മുന്‍ഭാഗത്തിരിക്കുന്ന പെണ്ണുങ്ങള്‍ കേള്‍ക്കണം, രണ്ട്‌- രൂപേഷ്‌ ചമ്മണം, മൂന്ന്‌-തന്‍റെ അവസരോചിതമായ തമാശ കേട്ട്‌ ബസ്സിലുള്ള എല്ലാവരും ചിരിക്കണം... പതിനെട്ടു വയസ്സുള്ള ഏതൊരു ആണിനും തോന്നാവുന്ന സ്വാര്‍ഥത നിറഞ്ഞ ഒരു കുരുതിബലി..!

മനസ്സിലുദ്ദേശിച്ച വാചകം ജോജി വെച്ചങ്ങു കീറി. 'ദൈവത്തിന്‍ മനമാരു കണ്ടു' എന്നു ചോദിച്ചതുപോലെ ചമ്മിയതു ജോജി തന്നെയാണെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം പ്രതീക്ഷിച്ചതിലും ജോറായി. ചിരിക്കാന്‍ പെണ്ണുങ്ങള്‍ മാത്രമല്ല, എല്ലാ യാത്രക്കാരും ആത്മാര്‍ഥമായിത്തന്നെ സഹകരിച്ചു.


കാരണം വായില്‍ നിന്നു വീണ വാക്യം ഇങ്ങനെയായിരുന്നു: "അതേയ്‌.. വണ്ടി ഷാട്ട്‌ ചെയ്താലേ പോകത്തുള്ളൂടാ..!!!!"

പിന്‍കുറിപ്പ്‌: ജോജിയുടെ വായില്‍ ച്യൂയിംഗ്‌ ഗം ഇല്ലായിരുന്നു.