ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം ആറ്
വടക്കന്‍ കേരളത്തില്‍ ഒരു രാഷ്ട്രീയകൊലപാതകം നടന്നു. ഏഴെട്ടുവര്‍ഷം മുന്‍പാണ്. അന്നത്തെ ഒരു പ്രവണത വെച്ച് പിറ്റേന്നു ന്യായമായും കേരള ബന്ദ് നടക്കേണ്ടതാണ്. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ എല്ലാവരും ഉദ്വേഗപൂര്‍വ്വം സിജോമോന്റെ റൂമില്‍ കൂടിയിരിക്കുന്നു. പിറ്റേന്നേതോ ലാബ് എക്സാം ആണെന്നാണെന്റെ ഓര്‍മ്മ. എല്ലാ മുഖത്തും ഒരേയൊരാശങ്ക മാത്രം - നാളെ ഹര്‍ത്താലായിരിക്കുമോ?
ഓരോരുത്തരും അവരവരുടെ വാദഗതികള്‍ മുന്നോട്ടുവെച്ചു. ഏതാണ്ട് ഉറപ്പാണ് ഹര്‍ത്താലിന്റെ കാര്യം. എല്ലാവരേക്കാളും ഉറപ്പ് രൂപേഷിനാണ്. വലതു കൈത്തലം മുഖത്തിനു മുന്നിലൂടെ നീട്ടിപ്പിടിച്ച് സ്വതസിദ്ധമായ ഈണത്തില്‍ അവന്‍ പറഞ്ഞു :
"നീയിരി രാജ്‌മോനേ, നമുക്കൊരു കൈ നെരത്തീട്ടുമതി ഇനി.." അവന്‍ ചീട്ടുകശക്കി. ".. എന്നതായാലും നാളെ ഭാരത ബന്ദാ!"
ഞങ്ങളെതിര്‍ത്തു : "ഓ പിന്നെ, കേരളത്തില്‍ അടി ഒണ്ടായേന് എന്നാത്തിനാ ഭാരതബന്ദ്?"
രൂപേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു - "എടാ, കേരളത്തിന്റെ ഒരു പ്രശ്നമെന്നു പറഞ്ഞാല്‍ അതിന്ത്യേടെ പ്രശ്നമാടാ..!!"
അവന്റെ തോലുരിക്കാന്‍ അതു ധാരാളം മതിയായിരുന്നു. അതെ, കേരളത്തിന്റെ ഒരു പ്രശ്നം എന്നത് ഒരു ദേശീയപ്രശ്നമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച ധീരനായിരുന്നു രൂപേഷ്.
*** *** ***
ബാംഗ്ലൂരു നിന്നും കാഞ്ഞിരപ്പള്ളിക്കു യാത്ര നടത്തിയപ്പോഴെല്ലാം കോട്ടയത്തെത്തുമ്പോള്‍ രൂപേഷിനെ വിളിക്കാതിരുന്നിട്ടില്ല ഞാന്‍.
"ഡാ, നീയെവിടാ? ഞാന്‍ കോട്ടയത്തേക്കു വരുന്നുണ്ട്."
"അ! എവിടെത്തീടാ?"
"ഏറ്റുമാനൂര്‍, നീ ടൗണിലെങ്ങാനുമുണ്ടോ?"
"എടാ, ഞാന്‍ വൈക്കത്തിനു പൊക്കോണ്ടിരിക്കുവാ, നീയെന്നാ തിരിച്ചു പോകുന്നേ?"
"ഞാന്‍ നാളെത്തന്നെ പോകും."
"ആ ശെരി. എങ്കില്‍ നീ നാളെ ഇതുവഴി വരുമ്പം ഒന്നു വിളിക്ക്."
"പോ കോപ്പേ, നാളെ ഞാന്‍ വന്നിട്ട് നേരെ ബസില്‍കയറി അങ്ങു പോകത്തേയുള്ളൂ. തങ്ങത്തില്ല."
"ഓ... എങ്കില്‍ ഓക്കെ. നമുക്ക് വേറൊരു ദിവസം കാണാം. നീയിനി എന്നാ വരുന്നെ..?"
...
.........
..............
എന്തായാലും ഒരു ദിവസം ഞാന്‍ നാഗമ്പടത്തിറങ്ങി. രൂപേഷിനെ വിളിച്ചു. ഒരു ചേട്ടന്റെ ബൈക്കിനു പിന്നിലിരുന്ന് അവന്‍ വരുന്നതു കണ്ട് ഞാന്‍ വെയിറ്റിംഗ് ഷെഡില്‍ നിന്നിറങ്ങി.
ആളല്‍പം തടിച്ചിരിക്കുന്നു. മീശ അല്പം കനത്തു. ബാക്കിയെല്ലാം അതുപോലെ തന്നെ. നെറ്റിയിലെ ആ സിന്ദൂരക്കുറിയും സംസാരരീതിയും.
"നീയെന്നാടാ കണ്ണാടി വെച്ചെ? ഓ! ഇതെന്നതാ ഇത്? ടച്ച് സ്ക്രീന്‍ മൊബൈലോ!!" അദ്ഭുതത്തോടെ ഞാന്‍ ചോദിച്ചു.
"അതൊക്കെ നമ്മള്‍ എമ്പണ്ടേ...!"
അവനെന്റെ കരം കവര്‍ന്നു. വര്‍ഷങ്ങള്‍ കൂടി കണ്ടിട്ടും അവന്റെ കൈത്തലത്തിന്റെ തണുപ്പ് വീണ്ടും ഞാനോര്‍മ്മിച്ചു.
ഓട്ടോയില്‍ കയറി, ബിവറേജസ് കോര്‍പ്പറേഷന്റെ വെയര്‍ഹൗസിലെത്തി. അവിടെ അവന്റെ സഹപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. എല്ലവരെയും പരിചയപ്പെട്ടു. അവരുടെ ഒപ്പമിരുന്ന് സിന്‍സി വൈനും കിങ്ങ്‌ഫിഷര്‍ ബിയറും കഴിച്ചു. പിന്നെ, ഊണിനു നില്‍ക്കാതെ പിരിഞ്ഞു. പോകാന്‍ നേരം അവന്റെ ഓഫീസിലെ എല്ലാവരും തിങ്ങിക്കയറിയ ആള്‍ട്ടോയില്‍ അവന്‍ എന്റെ മടിയിലിരുന്നു യാത്ര ചെയ്തു. ഒരു മിനിറ്റ്. മെയിന്‍ റോഡിലെത്തി.
"ഇനീം കോട്ടയം വഴി വരുമ്പോഴൊക്കെ വിളിക്ക്, നമുക്കിതുപോലെ കാണാം."
"ഓക്കെഡാ.." സന്തോഷത്തോടെ ഞാന്‍ യാത്ര ചൊല്ലിപ്പിരിഞ്ഞു.
*** *** ***
മുന്‍പോസ്റ്റുകളില്‍ ഞാന്‍ വിവരിച്ച യാത്ര എന്റെ ഭാര്യാസവിധത്തില്‍ പര്യവസാനിച്ച വിവരം ഓര്‍ക്കുമല്ലോ.
വൈകിയുള്ള ഊണും ഇറ്റ് ഉറക്കവും കഴിഞ്ഞ് ബോറടിച്ചിരുന്ന ഒരു ദിനം. നേരം നാലുമണിയാകുന്നു. അനിലിന്റെ കാള്‍. ഫോണെടുത്തു.
മറുതലയ്ക്കല്‍ അവന്റെ ഇടറുന്ന ശബ്ദം. "എടാ നീയറിഞ്ഞോടാ?"
അനില്‍ കരയുകയാണെന്നെനിക്കു തോന്നി. "എന്നതാടാ..? എന്നാ പറ്റി?"
"ഡാ.. നമ്മുടെ രൂപേഷു പോയെടാ..." ഞാന്‍ ഞെട്ടിത്തരിച്ചു. അനില്‍ മറുതലയ്ക്കല്‍ വിതുമ്പുന്നതുപോലെ.
മനസ്സിലാവാത്ത ഏതോ ഭാഷ പോലെ അനിലിന്റെ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങി. നെഞ്ചിലൊരു കനം തൂങ്ങി. എന്തു ചോദിക്കണം ഞാന്‍...?
അല്‍പമൊരിടവേളയ്ക്കു ശേഷം ഞാന്‍ ചോദിച്ചു - "എപ്പോ? എങ്ങനെയായിരുന്നു?"
"ആക്സിഡന്റാരുന്നെന്നാ കേട്ടത്. ഒന്നും കൃത്യമായിട്ട് അറിയില്ലെടാ. ഇന്നു രാവിലെയോ മറ്റോ ആണ്. ബൈക്ക് ഓടിച്ച് പോയപ്പോ വേറെ ഏതോ വണ്ടിയില്‍ തട്ടി ലോറിക്കടിയില്‍ ഇവന്‍ വീണെന്നാ കേട്ടത്. അവന്റെ തലയിലൂടെ..."
ക്ഷമിക്കണം, എഴുതാനാവുന്നില്ല.
അല്‍പം കഴിഞ്ഞു ഞാന്‍ സിജോയെ വിളിച്ചു. അവന്‍ രൂപേഷിന്റെ തന്നെ ഫോണില്‍ വിളിച്ചത്രേ. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ ആണ് അറ്റന്‍ഡ് ചെയ്തത്. അദ്ദേഹം കാര്യം സ്ഥിരീകരിച്ചു
. ബോഡി പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള ഒരുക്കമാണ്.
പിന്നെ പല കാളുകള്‍. മെസ്സേജുകള്‍. എല്ലാം ആ ദുരന്തവാര്‍ത്ത ശരിവെച്ചു. ഇന്നു തന്നെ അടക്കുമെന്നു കേട്ടു. എവിടെവെച്ചാണ് ചടങ്ങുകള്‍ ആര്‍ക്കും ഒന്നിനെപ്പറ്റിയും വ്യക്തമായ വിവരമില്ല. നേരമേറെ വൈകി. ഇനി പുറപ്പെട്ടാലും, സമയത്തിനു മുന്‍പേ അവിടെത്തുവാന്‍.. അനിലും അതു തന്നെ സംശയിച്ചു.
ഒരുപാട് ഓര്‍മ്മകള്‍ അലതല്ലി വരുന്നു. ഡിഗ്രി പഠനകാലത്തെ സംഭവങ്ങള്‍. നെടുംകണ്ടത്തു നിന്നുള്ള യാത്രകള്‍. ചീട്ടുകളി. ക്ലാസ്സില്‍ ഒരിക്കല്‍ ഞാനും അവനും ഒരുമിച്ചു 'മൂവന്തിത്താഴ്‌വരയില്‍' എന്ന ഗാനം പാടിയത്. തൂക്കുപാലത്ത് അവന്റെ കുഞ്ഞുവീട്ടിലെ കേറിത്താമസം. അവന്റെ അമ്മയുടെ മരണം. ഹൈറേഞ്ചില്‍ നിന്നും കോട്ടയത്തേക്കുള്ള പറിച്ചു നടല്‍.
പിന്നെ, സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചു. അവനും ഒരു നല്ല ജോലിയില്‍ ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങിയപ്പോള്‍....
ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഒരു തമാശ എസ്.എം.എസ് ഫോര്‍വേഡ് ചെയ്യുമ്പോള്‍ പോലും അവന്റെ നമ്പര്‍ കണ്ണിലുടക്കും. ദൈവം മണ്ണില്‍ നിന്നു മായ്ച്ചെങ്കിലും, സുഹൃത്തേ നിന്നെ....
"രാജുമോനേ..." നെറ്റിയിലെ സിന്ദൂരക്കുറിയും വലതു കൈയ്യുയര്‍ത്തിയുള്ള ശ്രദ്ധക്ഷണിക്കലും... നീ മരിക്കണ്ട രൂപേഷ്; കുറഞ്ഞപക്ഷം എന്റെ ഉള്ളിലെങ്കിലും....
dear Rupesh, may ur soul rest in peace...
ReplyDeleteathe avan oru komalyanu rangabothamillatha komaly.
ReplyDelete