ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം നാല്
വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോവൈ മണ്ണില്‍ ഞാന്‍ കാലുകുത്തുന്നത്.
ഏതോ ഒരു സ്റ്റാന്‍ഡില്‍ എല്ലാ യാത്രക്കാര്‍ക്കുമൊപ്പം ഞാനും ഇറങ്ങി. ഇറങ്ങിയവരെല്ലാം ഒരേ ദിശയിലേക്കു നടക്കുന്നതു കണ്ടു. അടുത്ത ബസ്‌സ്റ്റാന്‍ഡിലേക്കാവണം. ഞാനും അവരുടെ ഒപ്പം നടന്നു. ലോക്കല്‍ ബസ്സുകള്‍ പുറപ്പെടുന്ന ഒരു സ്റ്റാന്‍ഡിലെത്തി. അവിടെ ബീഡിയും വലിച്ചുകൊണ്ടുനിന്ന ഒരു കണ്ടക്ടറോട് പാലക്കാട്ടേക്കു ബസ്സ് എവിടെ നിന്നു കിട്ടുമെന്നു തിരക്കി. തൊട്ടപ്പുറത്തൊരു ബസ്സ്റ്റാന്‍ഡുണ്ട് അല്ലെങ്കില്‍ ഉക്കടം സ്റ്റാന്‍ഡില്‍ പോകണം എന്നയാള്‍ പറഞ്ഞു. എന്തൊരു സ്ഥലപ്പേരപ്പാ!
കൂടുതല്‍ ആലോചിക്കാന്‍ നിക്കാതെ ആദ്യം കണ്ട ഉക്കടത്തിനുള്ള ബസ്സില്‍ കയറി. അഞ്ചു രൂപ! അവിടെ ചെന്നപ്പോള്‍ സ്റ്റാന്‍ഡ് ഏതാണ്ട് ശൂന്യം. അങ്ങേമൂലയ്ക്ക് ഒരു ബസ് കിടക്കുന്നു. തൃശൂര്‍ ബോര്‍ഡും വെച്ചിട്ടുണ്ട്. ആഹഹ!! കയറിയപ്പോള്‍ സീറ്റുമുണ്ട്. ഇരുന്നു കഴിഞ്ഞപ്പോഴാണ് ഇങ്ങനെ ഒരാശയം തോന്നിയത്. നേരം ആറുമണിയോടടുക്കുന്നു. ഇപ്പോ നടന്നാല്‍ നടന്നു, താമസിച്ചാല്‍ ചിലപ്പോ കുഴപ്പമാകും. പറഞ്ഞുവന്നത് മൂത്രശങ്കയെപ്പറ്റി. അടുത്തിരുന്ന ആളോട് ചോദിച്ചു ടോയ്‌ലറ്റ് എവിടാന്ന്. പുള്ളി സ്റ്റാന്‍ഡിനു പുറത്തേക്കു വിരല്‍ ചൂണ്ടി. ഞാന്‍ ബാഗ് സീറ്റില്‍ വെച്ച് പുറത്തിറങ്ങി. ചുറ്റും നോക്കിയിട്ട് 'കട്ടണ കഴിപ്പിടം' എന്നൊരു ബോര്‍ഡ് കാണാനില്ല. നോക്കുമ്പോഴുണ്ട് റോഡിനരികില്‍ ടെലിഫോണ്‍ ബൂത്ത് പോലെ ഒരു സംവിധാനം. മനുഷ്യന്റെ അരഭാഗം മറയാന്‍ വിധത്തില്‍ നിന്നുകൊണ്ട് മൂത്രസഞ്ചിയിലെ പ്രെഷര്‍ തീര്‍ക്കാനുള്ള എക്സ്‌ക്ലൂസീവ് പ്ലേസ്! പരിപാടി നടത്തി സ്റ്റാന്‍ഡില്‍ തിരികെ കയറുമ്പോള്‍ ബസ് നീങ്ങിത്തുടങ്ങിയിരുന്നു. അനായാസം ഓടിക്കയറി സീറ്റിലിരുന്നപ്പോള്‍ ഉദ്വേഗമടക്കാനാവാതെ അടുത്തിരുന്നയാള്‍ ചോദിച്ചു: 'ടോയ്‌ലെറ്റില്‍ പോയോ?'
'പോയി' ആശ്വാസത്തോടെ ഞാന്‍ മറുപടി പറഞ്ഞു.
തൃശൂര്‍ ബോര്‍ഡുണ്ടായിരുന്നെങ്കിലും പാലക്കാട്ടേക്കേ ടിക്കറ്റ് തന്നുള്ളൂ. എന്നിട്ട് ഒറ്റയുറക്കം, ഒന്നരമണിക്കൂര്‍. പാലക്കാട്. വാളയാറില്‍ ബ്ലോക്കുണ്ടായിരുന്നെന്ന് സഹയാത്രികന്‍ പറഞ്ഞു.
അവിടിറങ്ങി തൃശൂരിനുള്ള ഒരു ടൗണ്‍-ടു-ടൗണ്‍ ബസ്സില്‍ കയറി ഇരുന്നു. അതു പോകാന്‍ തുടങ്ങിയപ്പോള്‍ കോട്ടയംവഴി തിരുവനന്തപുരത്തിനുള്ള ഒരു സൂപ്പര്‍ എക്സ്പ്രസ്സ് വന്നു. കേറിയിരുന്ന വണ്ടിയില്‍ നിന്നിറങ്ങി ഞാന്‍ ആ ബസ്സില്‍ കയറി. ഏഴരയ്ക്ക് ബസ് പുറപ്പെട്ടു.
വടക്കാഞ്ചേരി സബ് ഡിപ്പോയില്‍ ബസ്സിന്റെ 'പിന്‍കാഴ്ച്ചക്കണ്ണാടിയുടെ' നട്ടു മുറുക്കാന്‍ കയറി ഒരു പതിനഞ്ചു മിനിട്ട് താമസിച്ചു. എങ്കിലും മറ്റേ ബസിനു മുന്‍പുതന്നെ ഇവന്‍ തൃശൂരെത്തി. സീറ്റില്‍ എന്റൊപ്പമുള്ളതൊരു സീനിയര്‍ സിറ്റിസണ്‍. ഇടയ്ക്ക് അദ്ദേഹത്തിനൊരു കാള്‍ വന്നു. "പപ്പാ ഒരു പത്തരയാവുമ്പോ അങ്ങെത്തും കേട്ടോ!" എന്നു സ്നേഹം നിറഞ്ഞ അറിയിപ്പ്.
ഇദ്ദേഹവുമായി ഞാന്‍ മുട്ടി. കക്ഷീടെ പേരു വര്‍ക്കി. കോട്ടയത്തിനടുത്ത് പള്ളത്താണു വീട്. പറഞ്ഞുപിടിച്ചു വന്നപ്പോ മൂപ്പീന്നും എന്നെപ്പോലെ പല വണ്ടി മാറിക്കേറി ബാംഗ്ലൂരു നിന്നും വരുവാണ്. അദ്ദേഹത്തിന്റെ തൊണ്ടയ്ക്കു സുഖമില്ലത്രേ. ബാംഗ്ലൂരില്‍ ആശുപത്രിയില്‍ ചെക്കപ്പ് കഴിഞ്ഞു വരുന്നതാണ്. എന്നിട്ടാണ് ഈ കാറ്റും പൊടീമടിച്ച്... എനിക്കു കഷ്ടം തോന്നി. എങ്കിലും അദ്ദേഹവുമായി സംസാരിച്ചിരിക്കാന്‍ നല്ല രസമായിരുന്നു. എന്നോടു ചോദിച്ചു- സര്‍വ്വീസിലാണോ? ഞാന്‍ ഒന്നു അന്തിച്ചു. ഒരുപക്ഷേ, പറ്റെ വെട്ടിയ എന്റെ മുടി കണ്ടിട്ടാവണം. അല്ല, ഞാന്‍ ഐ.ടി.യിലാ. അദ്ദേഹം ചിരിച്ചു. പുള്ളി സര്‍വ്വീസിലായിരുന്നു! വീണ്ടും കേരളത്തിന്റെ ആനുകാലികപ്രശ്നങ്ങളിലേക്ക് ഞങ്ങള്‍ കടന്നു. നാട്ടിലെയും അന്യസംസ്ഥാനങ്ങളിലെയും റോഡുകള്‍, കൃഷിത്തകര്‍ച്ച, വിദ്യാഭ്യാസരംഗം അങ്ങനെയങ്ങനെ. പ്രായത്തിന്റെ അന്തരമില്ലാതെ ഒരു നാട്ടുവര്‍ത്തമാനം. തൃശൂരെത്തിയപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞിറങ്ങി, അദ്ദേഹം കോട്ടയത്തിനുള്ള പ്രയാണം തുടര്‍ന്നു.
കംഫര്‍ട്ട് സ്റ്റേഷനില്‍ പോയി കൈകാല്‍മുഖമൊക്കെ കഴുകി ഉന്മേഷവാനായി വന്നു. തിരുവനന്തപുരത്തിനു രണ്ട് ബസുകള്‍ കിടക്കുന്നു - ഒരു ഏ.സി. ബസും ഒരു സൂപ്പര്‍ ഫാസ്റ്റും. ഏതാണാദ്യം പോകുന്നതെന്നു കൗണ്ടറില്‍ തിരക്കി. ഏസി ആദ്യം പോകുമെന്നു കേട്ട് അതില്‍ കയറാമെന്നു തീരുമാനിച്ചു. അടുത്തുള്ള കടയില്‍ നിന്നും ഒരു ഏത്തപ്പഴം റോസ്റ്റ് പൊതിഞ്ഞു വാങ്ങി. പന്ത്രണ്ടര രൂപ! എന്തുമാകട്ടെ, പക്ഷേ, ചില്ലറ തപ്പിയപ്പോള്‍ പന്ത്രണ്ടേയുള്ളൂ. 'പന്ത്രണ്ട് മതിയാവുമോ ചേട്ടാ' എന്നു ചോദിച്ചപ്പോള്‍ എന്തരോ എന്തോ കടക്കാരന്‍ അംഗീകരിച്ചു. ബ്രേക്ക്ഫാസ്റ്റ് ഓവര്‍.
കാര്യം ഏസിയുള്ള ആനവണ്ടികളെ ഫ്രീസറെന്നും പിന്നെ വണ്ടിയെ വിളിക്കാന്‍ കൊള്ളാത്ത അശുഭകരമായ പേരൊക്കെയാണു വിളിക്കുന്നത്. ഇനി വെന്റില്‍ നിന്നും അകന്നിരുന്നതുകൊണ്ടാണോ എന്തോ, എനിക്കന്ന് ആ തണുപ്പങ്ങു സുഖിച്ചു. അല്‍പം മയങ്ങി. പിന്നെ റേഡിയോ ‘മാങ്ങാ’യും കേട്ടിരുന്നു.
ഏസി ക്ഷീണമൊക്കെ പമ്പകടത്തിയിരുന്നു. രണ്ടരയ്ക്കു മുന്നേ വണ്ടി കായംകുളത്തെത്തി. മൂന്നുമണിക്ക് വീട്ടിലും. പ്രതീക്ഷിച്ചതിലും ഒരു മണിക്കൂര്‍ നേരത്തെ.
അടുത്ത ഭാഗം വരുന്നു..
No comments:
Post a Comment
'അതേയ്... ഒരു വാക്കു പറഞ്ഞേച്ച്...'