Thursday, October 28, 2010

സെപ്റ്റംബറിലെത്തുന്ന വട്ടം

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം എട്ട്‌

കാര്യം പറഞ്ഞാല്‍ സെപ്റ്റംബര്‍ പതിനെട്ട്‌ എന്റെ ജന്മദിനമാണ്. എനിക്കതു വെല്യ ആഘോഷവേളയൊന്നുമല്ല. എന്നാന്നുവെച്ചാ, കാര്യം പലതാ.

ഒന്നാമതായി അല്പം ചരിത്രം, വയസ്സു മൂന്നായപ്പോഴേക്കും ഞാന്‍ അക്ഷരം പഠിച്ചു. പിന്നെ അമ്മയ്ക്കൊരു 'ശല്യം' ആയതിനാലും 'എന്നാപ്പിന്നെ ഇവനെ നേഴ്സറീല്‍ വിടരുതോ' എന്നു പലരും ചോദിച്ചതിനാലും വീട്ടുകാര്‍ അവിടെ ചേര്‍ത്തു. വീട്ടില്‍ നിന്നും മാറിനില്‍ക്കാനുള്ള കലശലായ വിമുഖതയും അത്യാവശ്യം കുസൃതികളും ഒക്കെ ഉണ്ടായിരുന്നെങ്കിലും അവിടെ ഞാന്‍ തിളങ്ങിയെന്നതാണു നേര്‌. വീട്ടില്‍ നിന്നും ആരെയെങ്കിലും കണ്ടാല്‍ ഞാന്‍ വിഷയം ഉണ്ടാക്കുമെന്ന്‌ അറിയാവുന്നതു കൊണ്ട്‌ ഉച്ചയ്ക്കു ചോറ്റുപാത്രം നേഴ്സറി ക്ലാസിന്റെ ജനല്‍പ്പടിയില്‍ അമ്മ ഞാന്‍ കാണാതെ കൊണ്ടു വെച്ചിട്ട്‌ പോകും. ചില സഹപാഠികളുടെ അമ്മമാരും നേഴ്സറിയിലെ കന്യാസ്ത്രീ ടീച്ചര്‍മാരും ഇതിനു ക്രൂരമായ ഒത്താശ ചെയ്തുകൊടുത്തിരുന്നു എന്നു വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണു ഞാന്‍ അറിഞ്ഞത്‌. എന്നിരുന്നാലും ഉച്ചയ്ക്ക്‌ എനിക്കു ചൂടുള്ള ചോറുണ്ണാന്‍ അതിനാല്‍ സാധിച്ചിരുന്നു എന്നു പ്രസ്താവിക്കാതെ വയ്യ. ഇതിനിടയില്‍ ഞങ്ങളിരിക്കുന്ന ചൂരല്‍ക്കസേരയുടെ വട്ടത്തിലുള്ള ഫ്രെയിം (ആ വട്ടം ഇടതും വലതും ആവുമ്പോള്‍ ആം റെസ്റ്റായി) ഒടിച്ചതു ഞാനാണെന്ന ആരോപണം എന്റെ മേല്‍ കെട്ടിച്ചമച്ചു. ചെയ്യാത്ത കുറ്റത്തിനു ഞാന്‍ അന്നാദ്യമായി ശിക്ഷ ഏറ്റുവാങ്ങി. അടി കിട്ടിയതു പോട്ടെ, ബക്കിയുള്ളവരെല്ലാം കൂടി ചുറ്റും നിന്നു സന്തോഷിച്ചതു കണ്ടപ്പഴാ, എന്റെ ഉള്ളു കാളിപ്പോയത്‌. ഓ, എന്നാ ചെയ്യാനാ, അവിടെ ടീച്ചറല്ലേ പുലി, നമ്മളു പറയുന്നതിനൊക്കെ എന്തു വില!

പിന്നെ പച്ച നിറമുള്ള ഫ്ലാസ്കില്‍ നിന്നും പാലു കുടിച്ച ഒരോര്‍മ്മ. ഹൊ! മധുരമിട്ട പാല്‍, അതും തണുത്തുപോയത്‌. എന്നെ അതു കുടിപ്പിക്കണമെന്നു ടീച്ചറിനു വെല്യ നിര്‍ബന്ധം. പറഞ്ഞാല്‍ കുടിക്കാതിരിക്കാനാവുമോ? ടീച്ചറിന്റെ കയ്യിലെ വടി എന്നു വെച്ചാല്‍ ലോകം നിയന്ത്രിക്കാനുള്ള ഉപകരണമാണെന്ന മട്ടില്‍ പേടിയാ അന്നെന്നോര്‍ക്കണം. ഞാന്‍ കുടിച്ചു - ഒന്നു രണ്ടിറക്ക്‌. വയ്യ. പിന്നേം ടീച്ചറിനു നിര്‍ബന്ധം. കുടിച്ചിറക്കവേ ഇങ്ങോട്ടെടുത്തു പാല്‍. 'ഗ്വാ..' ഞാന്‍ ഒരോക്കാനം. സംഭവം പുറത്തു വന്നില്ല കേട്ടോ. ടീച്ചറൊരു കമന്റ്‌. 'പാലു കുടിക്കുമ്പം... ബ്വാ..!!' ക്ലാസ്‌ മുഴുവന്‍ കൂട്ടച്ചിരി. ഇളം മനമുരുകിപ്പോയെന്നു പറയണ്ടല്ലോ. ആ ഫ്ലാസ്ക്‌ ഈ അടുത്ത കാലം വരെ ഒരു വശം അല്‍പം ഉരുകി തറവാട്ടിലെ അടുക്കളയിലെ അലമാരയില്‍ ആ പാല്‍കുടി സംഭവം എന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഇരിക്കുന്നുണ്ടായിരുന്നു. അങ്ങനെ നേഴ്സറിയില്‍ ഒരു വര്‍ഷം അര്‍മ്മാദിച്ചു.

അതേ, ദേ, പിന്നേം വിഷയം മാറി. ഇങ്ങനെ പോയാല്‍ ഈ പരമ്പര എന്നു തീരാനാ? ഏ? അപ്പോ അങ്ങനെയിങ്ങനെ ഒരു വര്‍ഷം കഴിഞ്ഞു നാലാം വയസ്സില്‍ എന്നെക്കൊണ്ടെ സ്കൂളില്‍ ചേര്‍ത്തു. അന്നു കാര്യഗൗരവം ഉണ്ടായിരുന്നെങ്കില്‍ 'എനിക്കിതിനുള്ള പ്രായമൊന്നുമായില്ലെന്നേ' എന്നു വിളിച്ചു കാറാമായിരുന്നു. അങ്ങനെ ഞാന്‍ രേഖകള്‍ പ്രകാരം അഞ്ചു മാസം അനധികൃതമായി മുതിര്‍ന്ന്‌ ഒന്നാം ക്ലാസുകാരനായി. ന്ന്വച്ചാ, ജനനത്തീയതിയില്‍ ഇച്ചിരെ അഡ്‌ജസ്റ്റ്‌മന്റ്‌ കാണിച്ചു എന്നര്‍ഥം. എനിക്കിട്ട്‌ എന്റെ അധ്യാപകര്‍ തന്ന ആദ്യത്തെ പണി. പാവം എന്റെ അച്ഛനമ്മമാരാകട്ടെ, അതിനു കൂട്ടും നിന്നു. പിന്നേ, എന്റെ സ്കൂള്‍ കഥകള്‍ പറയാനല്ല ഇത്‌ എഴുതിയത്‌ എന്നതിനാല്‍ ഞാന്‍ കൂടുതല്‍ സംഭവങ്ങളിലേക്കു കടക്കുന്നില്ല.

ചുരുക്കത്തില്‍ ഒരു ബെര്‍ത്‌ഡേ(ഒഫീഷ്യല്‍)യും ഒരു ജന്മദിനവും(ആക്‌ച്വല്‍) ഒരു പിറന്നാളും(മലയാളമാസം അനുസരിച്ച്‌) ഉള്ള ഒരു വ്യക്തിയായി ഞാന്‍ പിന്നീടു ജീവിച്ചു. സ്കൂ‍ളില്‍ പഠിക്കുമ്പോള്‍ പോലും പിറന്നാളിനു മിഠായി വാങ്ങി നല്‍കുക, അന്നു കളര്‍ ഡ്രെസ്സ് ധരിക്കുക തുടങ്ങിയ സംഗതികളൊക്കെ അപൂര്‍വ്വമായിരുന്നു. ഞാനും മിഠായി വിതരണം നടത്തിയിട്ടുണ്ട് - ഒന്നോ രണ്ടോ തവണ. പിന്നെ വീട്ടിലെ ആഘോഷം- കേക്കുമുറിക്കുക, പുത്തനുടുപ്പ്, ബലൂണ്‍,പാര്‍ട്ടി ഏഹേ! നാളുനോ‍ക്കി സൌകര്യമൊത്താല്‍(അതായത് അവധിദിവസമോ മറ്റോ ആണെങ്കില്‍)ഒരൂ പായസം വെയ്ക്കും. അപ്രകാരം എനിക്കീ ബെര്‍ത്‌ഡേ എന്ന പ്രതിഭാസം, ഡോ. കലാം പറഞ്ഞതുപോലെ 'ഒരു ഓര്‍ബിറ്റ്‌' കൂടി പൂര്‍ത്തിയാക്കി എന്നതിന്റെ അളവുകോല്‍ മാത്രമായി. പിന്നെ എന്റെ ഒഫീഷ്യലും ആക്ച്വലും ഒന്നായതിനു ശേഷം ആ ദിവസം കുടുംബത്തോടൊപ്പം മാത്രമേ ചെലവിട്ടിട്ടുള്ളൂ ഞാന്‍. ചെറുപ്പത്തില്‍ നാളൊത്തു വരുന്ന ദിവസം വെല്യമ്മച്ചി അമ്പലത്തില്‍ കൊണ്ടുപോകുമായിരുന്നു. ആ പതിവൊക്കെ എപ്പഴേ നിന്നു. ലളിതമോ‍ നാമമാത്രമോ ആയ ആ പിറന്നാളുകള്‍ എന്നെ ബെര്‍ത്ഡേ ‘അടിച്ചുപൊളിക്കാത്ത’ ഒരാളാക്കി മാറ്റി. ചുരുക്കത്തില്‍ ആക്‌ച്വലോ ഒഫീഷ്യലോ എന്നെ കണ്‍ഫ്യൂഷനും ഞാന്‍ പഠിച്ചിടത്തൊന്നും ജന്മദിനാഘോഷങ്ങളും ബമ്പ്‌സ്‌,മുഖത്തു കേക്കു പൂശല്‍ തുടങ്ങിയ വിനോദങ്ങള്‍ ഇല്ലാതിരുന്നതുമൊക്കെ തകര്‍ത്താഘോഷിക്കാനുള്ളതാണു ജന്മദിനം എന്ന വിചാരത്തില്‍ നിന്നും എന്നെ അകറ്റി. അങ്ങനെ യാതൊരു ബഹളങ്ങളുമില്ലാതെ ഈ സെപ്‌. 18 ഉം കടന്നു പോയി. അടുത്തകാലത്ത് ബഹു. സെക്രട്ടറി ടു ദ കമ്മീഷണര്‍ ഫോര്‍ ഗവ. എക്സാമിനേഷന്‍സിന്റെ ഉത്തരവ്‌ നമ്പര്‍... പ്രകാരം ഞാന്‍ എന്റെ ഒഫീഷ്യല്‍ ബെര്‍ത്ഡേയും ജന്മദിനവും ഒന്നാക്കി.

നാളുനോക്കിയാല്‍ കന്നിത്തിരുവോണം സെപ്‌. 19നാണല്ലോ. ആ ധാരണയില്‍ അന്നു രാവിലെ കുളിച്ചൊരുങ്ങി കാവിമുണ്ടൊക്കെയുടുത്ത്‌ കുറക്കാവ്‌ അമ്പലത്തില്‍ തൊഴാന്‍ പോയി. തിരിച്ചുപോരുന്ന വഴിക്ക്‌ വീട്ടിലേക്ക്‌ ഇറച്ചിയും വാങ്ങിക്കൊണ്ടാണ്‌ പോന്നത്‌. പിന്നീടാരോ പറഞ്ഞു ഒരു മാസം രണ്ട്‌ തവണ നാള്‍ വന്നാല്‍ രണ്ടാമത്തെ നാളാണു പിറന്നാളിനു കണക്കാക്കുക എന്ന്‌. എന്തു ചെയ്യാന്‍, മനസ്സുകൊണ്ട്‌ പത്തൊമ്പതിനു ഞാന്‍ പിറന്നാള്‍ ആസ്വദിച്ചു പോയി. പിന്നീടു തിരുവോണം വരുന്നതെന്നാണെന്നു നോക്കിയുമില്ല. ഇപ്പോ ഇതെഴുതുന്നതിനിടയിലാണതു നോക്കിയതും ഒക്ടോ. 16,17 എന്നീ തീയതികളിലായി തിരുവോണം പരന്നു കിടക്കുകയാണെന്നു കണ്ടതും.

സെപ്റ്റംബര്‍ 19 കൊഴിഞ്ഞു വീണു. അന്നായിരുന്നു ഓച്ചിറയിലെ കാളകെട്ടുത്സവം. കാണാന്‍ പോയില്ല, പോകാനൊത്തില്ല. ഒരു ടെന്‍ഷന്‍ വീഴാറായ തെങ്ങിന്‍ മടലുപോലെ തലയ്ക്കു മുകളില്‍ നില്‍ക്കുന്നു... അപ്പോള്‍ ഞാനെങ്ങനെ ഉത്സവപ്പറമ്പില്‍ പോയി അലയും?

No comments:

Post a Comment

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'