Showing posts with label ചിത്രങ്ങള്‍. Show all posts
Showing posts with label ചിത്രങ്ങള്‍. Show all posts

Monday, October 03, 2016

കൊച്ചുതോവാള കുരിശുമല

ഞായറാഴ്ച(ഇന്നലെ) വെറുതേ വീട്ടിലിരുന്നു ബോറടിച്ചപ്പോഴാണ്‌ അങ്ങനൊരു പൂതി തോന്നിയത്. എങ്ങോട്ടെങ്കിലും കറങ്ങാൻ പോകാൻ പറ്റിയ ദിവസങ്ങളായിരുന്നു ശനിയും ഞായറും - നല്ല തെളിവായിരുന്നു. ശനിയാഴ്ച വൈകിട്ട് അങ്ങനെ ഒരാലോചന നടത്തിയതുമാണ്‌. പിന്നെ തമിഴ്‌നാട്ടിൽ ഏതു സമയവും ഒരു ദുരന്തവാർത്ത വെളിപ്പെട്ടേക്കാം എന്നൊരു ഭീതി ഉണ്ടായിരുന്നതിനാൽ മധുര മീനാക്ഷി ക്ഷേത്രത്തിലേക്കുള്ള ട്രിപ്പെന്ന മോഹം മുളയിലെ കരിഞ്ഞുപോയി.

രണ്ടാഴ്ചയായി ക്യാമറ കയ്യിലെടുത്തിട്ട്. ഓണാവധിക്കു ശേഷം ഒരു ക്ലിക്ക് പോലും ചെയ്തിട്ടില്ല. മഴയും കാലാവസ്ഥയും തന്നെ കാരണം. മാത്രവുമല്ല എടുക്കാൻ പറ്റിയ ഒന്നും തടഞ്ഞുമില്ല. എന്നാലിന്നു കുരിശുമലയിലേക്കു വിട്ടാലോ എന്നു രാവിലെ മുതല്ക്കേ ആലോചിക്കുന്നതാണ്‌. ആടിത്തൂങ്ങി വന്നപ്പോഴേക്കും നേരമൊത്തിരിയായി. രാവിലെയാണു ബെസ്റ്റ്. കാരണം കുരിശുമല കിഴക്കായതിനാൽ വെയിൽ അനുകൂലമായ ദിശയിലാകും.

തലേന്നിട്ട ഷർട്ടും ജീൻസും തന്നെ വാരിവലിച്ചു കേറ്റി ബാഗുമെടുത്ത് ഒറ്റപ്പോക്ക്. നേരമപ്പോ 12 കഴിഞ്ഞു. ബൈക്കുമെടുത്ത് നിരപ്പേൽകട ആനകുത്തി വഴി നേരെ കുരിശുമലയിലേക്കു വെച്ചു പിടിച്ചു.

റോഡരികിൽ ബൈക്ക് പാർക്ക് ചെയ്ത് ഒരു ഏലത്തോട്ടത്തിലൂടെയുള്ള നടപ്പുവഴിയിലൂടെ ഞാൻ നടന്നു. മുൻപു ഞാൻ വന്നപ്പോൾ (2012-ൽ) അയൽവാസിയും സുഹൃത്തുമായ ആദർശ് കൂട്ടിനുണ്ടായിരുന്നു. അവനാണ്‌ ഈ വഴി എന്നെ പഠിപ്പിച്ചത്. ആ വരവ് മൂന്നു വർഷം മുൻപായിരുന്നു. ഇപ്പോ മൂപ്പരു വൈദിക പഠനത്തിനു പോയിരിക്കുന്നതിനാൽ സ്ഥലത്തില്ല. വേറെ ആരെക്കൂട്ടാൻ? തനിയെ പോന്നു.

ഏലത്തോട്ടത്തിലേക്കിറങ്ങി അല്പം നടന്നപ്പോൾ ഒരു ഭയം എന്നെ ഗ്രസിക്കാൻ തുടങ്ങി. ഒരു വനത്തിൽക്കൂടി പോകുന്ന ഫീൽ. മരങ്ങൾ കൊണ്ടല്ല, ഒരു ഇലയനക്കം പോലുമില്ലാത്ത ശാന്തത. കന്നുകാലികൾ നടക്കുന്നതിന്റെ കുളമ്പടയാളങ്ങൾ ആ വഴിയിലെല്ലാം കാണാമായിരുന്നു. കാട്ടുപന്നിയുടെയും മറ്റും കാൽപ്പാടുകൾ കാണേണ്ടതാണ്‌, ഒന്നും കണ്ടില്ല, സൂക്ഷിച്ചു നോക്കാനും മെനക്കെട്ടില്ല. കൂടിയാൽ ഒരു പത്തു മിനിറ്റു നടക്കാനുള്ള വഴിയേയുള്ളൂ. പാതി ദൂരം ചെന്നപ്പോൾ വഴി അല്പം കൂടി കുഴഞ്ഞു - ഇരുവശവും അപ്പൂപ്പൻ താടിയും ചൊറിയണവും വളർന്നു നിൽക്കുകയാണ്‌. വഴി മറച്ച് അവ ഇലയും തലയും നീട്ടി നിൽക്കുന്നു. വഴിയരികിലെ ചെടികൾക്കിടയിൽ നിന്നും ഏതു സമയവും ഒരു പാമ്പ് മുന്നിൽ വന്നു പെടാം എന്നു ഞാൻ ഭയന്നു. ഏലക്കാടിന്റെ തണുപ്പോ, ദിവസങ്ങൾ കൂടി തെളിഞ്ഞ വെയിലിന്റെ ചൂടോ എന്താണവയെ ആകർഷിച്ചു കൂടാത്തത്. മുൻപ് ആദർശിന്റെ കൂടെ വന്നപ്പോൾ ആ എസ്റ്റേറ്റിലെ ഒരു ചെക്ക് ഡാമിന്റെ പരിസരത്തു നിന്നും ഞാൻ ജീവിതതിൽ അന്നു വരെ കണ്ടിട്ടില്ലാത്ത വലുപ്പമുള്ള ഒരു പാമ്പിൻപടം കണ്ടതും എന്റെ പേടിക്ക് ആക്കം കൂട്ടി. പക്ഷേ അതൊന്നും എന്റെ ഉദ്യമത്തെ തളർത്തിയില്ല. തറയിൽ ശക്തമായി പാദങ്ങൾ പതിപ്പിച്ച് ഞാൻ ഓടുകയുമല്ല , നടക്കുകയുമല്ല എന്ന വേഗത്തിൽ ലക്ഷ്യത്തിലേക്കു നീങ്ങി.

ധരിച്ചിരിക്കുന്നതു ഷൂസും അല്ല. ഈ തോട്ടത്തിൽ അട്ടയുള്ളതാണോ എന്നും അറിയില്ല. മഴയുള്ള സമയമായതിനാൽ കാണാൻ സാധ്യതയുണ്ട്. കാല്പാദത്തിൽ ചൊറിയണം ഇല താട്ടതിരിക്കാനും കൂടി ശ്രദ്ധിച്ചാണ്‌ ഞാൻ നടന്നത്. ഒടുക്കം തോട്ടത്തിന്റെ അവസാന ഭാഗത്ത് മലയിലേക്കുള്ള കവാടം പോലെ തോന്നിക്കുന്ന ഭാഗത്തെത്തിയപ്പോഴേക്കും ആവേശം, ഭയം എന്നിവ കാരണം ഞാൻ ഓടുകതന്നെയായിരുന്നു.

വൗ......!!
താഴ്വര





കുരിശുമല

മലയിലെ പുൽപ്പടർപ്പിലേക്കു വന്നപ്പോൾ താഴെ നിന്നും സുഖദമയ കാറ്റ് വീശിയാർത്തു വന്നു. പച്ചപ്പുതപ്പിട്ടു മൂടിക്കിടക്കുകയാണെന്റെ ഗ്രാമം - കൊച്ചുതോവാള. ഒരു 270 ഡിഗ്രീ വട്ടത്തിൽ കാഴ്ചയുണ്ടവിടെ. ഞാൻ കുറെ നേരം അതെല്ലാം നോക്കി വെറുതേ നിന്നു. നേരെ താഴെ കവല കാണാം. പള്ളി, സ്കൂൾ, പാരിഷ് ഹാൾ, കുരിശിൻതൊട്ടി, പോളി ഹൗസ്, വീടുകൾ, കട്ടപ്പനയിലേക്കു നീണ്ടു കിടക്കുന്ന റോഡിന്റെ നല്ലൊരു ഭാഗം, വലിയപാറ മലയുടെ അപ്പുറം വെള്ളയാംകുടി പള്ളിയും സ്കൂളും പാരിഷ് ഹാളും, വലതു വശത്ത് പൂവെഴ്സ് മൗണ്ട്, വീടുകൾ, മൊബൈൽ ടവർ, അതിനുമപ്പുറം എഴുകുംവയൽ കുരിശുമല, ഉദയഗിരി ടവർ മേട്, ഇരട്ടയാർ പള്ളി, പള്ളിക്കാനം പള്ളി..



വെള്ളയാംകുടിയും പരിസരവും

നാം സ്ഥിരം നടക്കുന്ന വഴികളും കാണുന്ന ഇടങ്ങളും മറ്റൊരു വ്യൂ പോയിന്റിൽ കാണുമ്പോൾ ഒരുപാട് സംശയങ്ങൾ വരും. സത്യത്തിൽ അവിടെ നിന്നുകൊണ്ട് സ്വന്തം വെഎടിരിക്കുന്ന സ്ഥലം കണ്ടു പിടിക്കാൻ അല്പം പ്രയാസപ്പെട്ടു. മരങ്ങളും മലഞ്ചെരിവും കാരണം വീടു കാണത്തില്ല. കൺ നിറയെ കാഴ്ചകൾ കണ്ട ശേഷമാണ്‌ ഞാൻ ക്യാമറ എടുത്തതു തന്നെ. കട്ടപ്പനയിൽ നിന്നുള്ള റോഡിൽ ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ നോക്കിയിരുന്നു. ക്യാമറ സൂം ചെയ്തു നോക്കുമ്പോൾ ആ റോഡിലൂടെ വെയിലത്തു കുടചൂടി നീങ്ങുന്ന രൂപങ്ങൾ അവ്യക്തമായി കാണാമായിരുന്നു. താഴ്വരയിൽ നിന്നും പല പല ശബ്ദങ്ങൾ തേടി വന്നു. വല്ലപ്പോഴും മാത്രം പോകുന്ന വാഹനങ്ങളുടെ ഹോൺ. ഇലച്ചാർത്തുകൾക്കിടയിൽ മറഞ്ഞിരിക്കുന്ന ഏതെല്ലാമോ ഊടുവഴികളിലൂടെ പോകുന്ന ഡീസൽ ഓട്ടോകളുടെ ഘഡ് ഘഡ് ശബ്ദം. പശുക്കളുടെ അമറൽ. അകലെയെങ്ങോ മരം മുറിക്കുന്ന മെഷീൻ വാളിന്റെ ഇരമ്പൽ. മലയുടെ മുകളിൽനിന്നു മഴപ്പുള്ളുകൾ
താഴേക്ക് ഊളിയിട്ടു പായുമ്പോഴത്തെ വൂഷ് ശബ്ദം... ചെവിയിൽ കാറ്റിന്റെ വേഗം നിറഞ്ഞ ശ്വാസം...


കട്ടപ്പനയ്ക്കുളള റോഡ്

കൊച്ചുതോവാള സിറ്റി!

ഞാൻ ഏകദേശം ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചു. നട്ടുച്ച നേരമായിട്ടും ഞാൻ തെല്ലും വിയർക്കുകയോ മടുക്കുകയോ ചെയ്തില്ല. കാറ്റിനു നന്ദി. വിശക്കാൻ തുടങ്ങിയിരുന്നു; ദാഹിക്കാനും. രാവിലെ റവ പുട്ടാണു കഴിച്ചത്. ദാഹം സ്വാഭാവികം.

ആഗ്രഹിച്ച പടം എടുത്തു കഴിഞ്ഞതിനാൽ ഞാൻ പുറപ്പെടാൻ ഒരുങ്ങി. അപ്പോഴതാ തൊട്ടു പിന്നിലെ കൊങ്ങിണിച്ചെടികൾക്കിടയിൽ ഒരു സുന്ദരി ശലഭം. ഒരു നാലു പടത്തിനവൾ നിന്നു തന്നു. പിന്നെ തുള്ളിപ്പറന്നു പൊന്തക്കാടുകൾക്കുള്ളിലേക്കു പോയി.

ഞൻ മടങ്ങാനൊരുങ്ങിയപ്പോൾ താഴേച്ചെരുവിൽ പാറയിലെമ്പാടും പൂക്കളുടെ ഒരു വെൺവസന്തം കണ്ടു. എനിക്കു പേരറിയാത്ത ഏതോ ചെടി. രണ്ടു ദിവസത്തെ വെയിലിൽ പാറയിലെ ഈർപ്പം വലിഞ്ഞതിനാലാവണം ഇലകൾ വാടി കൂമ്പി നിന്നിരുന്നു. അവയെയും ഫ്രെയിമിലാക്കി ഞാൻ മടങ്ങി. തിരികെ പോകുമ്പോൾ മുൻപത്തെ ഭയമൊക്കെ എവിടെയോ പോയ്മറഞ്ഞിരുന്നു. പാമ്പു വന്നാൽ അപ്പോക്കാണാം എന്നൊരു ലൈൻ. പൂമ്പാറ്റയെ പിടിക്കാൻ പറ്റിയ സന്തോഷം മാത്രം മതിയായിരുന്നു ആ കൊച്ചു യാത്ര സാർഥകമാവാൻ.

വന്ന വഴിയെ മടങ്ങാതെ പൂവെഴ്സ് മൗന്റിലൂടെ ബൈക്ക് വിട്ടു. അവിടുന്നു അല്പം ദുഷ്കരമായ (മൺവഴി) മന്നാക്കുടി റൂട്ടിൽ പോയി. ഇതിനു മുൻപ് ഞാൻ ഇതിലേ വന്നത് കുറഞ്ഞത് 20 വർഷങ്ങൾക്കു മുൻപാവണം. സ്കൂൾ കാലത്തെ വീക്കെൻഡ് സൈക്കിൾ ട്രിപ്പുകളിൽ ഒന്നിൽ. ഇടത്തേക്കു വളവുള്ള എന്നാൽ നിരന്ന ഒരു സ്ഥലത്ത് വഴിയിൽ ഒരല്പം ചെളി ഉണ്ടായിരുന്നു, വെള്ളം ഒഴുകിയ ഒരു നേർത്ത ചാൽ. കൃത്യം അതിൽ കയറിയപ്പോൾ മുൻചക്രം വഴുതി. വേഗം നന്നേ കുറവായിരുന്നെങ്കിലും വണ്ടി കയ്യീന്നു പോയെന്നു തന്നെ ഞാൻ കരുതി. ഭാഗ്യത്തിന്നു വലത്തേക്കുള്ള തിരിച്ചു പിടിത്തത്തിൽ വണ്ടി നേരെയായി. മനസ്സിൽ ദൈവത്തിനു നന്ദി പറഞ്ഞ് ഞാൻ യാത്ര തുടർന്നു. വലിയതോവളയ്ക്കുള്ള വഴിയിൽ നിന്നും ചക്കക്കാനം - ഉപ്പുകണ്ടം കോളനി റോഡിലൂടെ കോളനിയെത്തി. പുതിയ റോഡാണെങ്കിലും കുറച്ചു ഭാഗത്തേ ടാറിങ്ങുള്ളൂ. ആദ്യമായാണ്‌ ആ വഴിക്ക് പോകുന്നത്. ഒരു ഊഹം വെച്ച് പോയതാണ്‌. വഴി ചോദിക്കാമെന്നു വച്ചാൽ വഴിയരികിൽ ഇഷ്ടം പോലെ വീടുകൾ ഉണ്ടെങ്കിലും ആൾക്കാരെ ആരും കണ്ടില്ല. എല്ലാവരും ഊണുകഴിഞ്ഞുള്ള വിശ്രമത്തിലായിരിക്കും. എന്തായാലും അല്പം കഴിഞ്ഞപ്പോൾ ടാറിങ്ങായി. ഉടനെ തന്നെ ഉപ്പുകണ്ടം കോളനിയുമെത്തി. പിന്നെ നേരെ കൊച്ചുതോവാളയ്ക്കു പിടിച്ചു.


ലോകം ഒരു ഗോളത്തിലൊതുങ്ങിയപ്പോൾ


പളളിയും പോളി ഹൌസും പാരിഷ് ഹാളും

ഇതേ സ്ഥലത്തിന്റെ പടം പണ്ട് എടുത്തത്, അന്നു പോളി ഹൌസും പാരിഷ് ഹാളും ഇല്ല



ശലഭപ്പെണ്ണ്


പേരറിയാത്ത വെള്ളപ്പൂക്കൾ

വരുന്ന വഴിക്ക് തെല്ലിട നിർത്തി, കുരിശുമലയെ സാകൂതം നോക്കി. അല്പം മുൻപു വരെ ഞാൻ ആ മലയിൽ ഉണ്ടായിരുന്നെന്നു വിളിച്ചു കൂവാൻ തോന്നി. ഒരു പ്രാന്ത്. എന്നാൽപ്പിന്നെ അതു ബ്ലോഗിലാക്കാമെന്നു കരുതി. അദാണിദ്. നന്ദി. നമസ്കാരം.

Sunday, September 11, 2016

കാറ്റിന്റെ രാജവീഥിയിൽ (തുടർച്ച)

സോമൻ ചേട്ടനെയും കൂട്ടി കാറ്റുപാറയ്ക്കു പോകാൻ ഞങ്ങൾ തയ്യാറെടുത്തു. നടന്നാണു പോവുക. ഫാം ഹൗസിൽ(അങ്ങനെ പറയാമെങ്കിൽ) നിന്നും ഇരുപതു മിനിറ്റോളം നടന്നാൽ മതി. ഗൈഡായി സോമൻ ചേട്ടൻ മുന്നിൽ നടന്നു. ഒരു എമർജൻസി ലാമ്പും ഒരു ഹെഡ്ലൈറ്റുമാണു ഞങ്ങളുടെ വെളിച്ചം. ഒരു വാക്കത്തിയും കയ്യിൽ കരുതി. ‘രാത്രിയല്ലേ.. ഇരുമ്പു കയ്യിലുള്ളതു നല്ലതാ..’ എന്നാണു സോമൻ ചേട്ടൻ അതിനു ന്യായം പറഞ്ഞത്.

ആ സ്ഥലത്തെക്കുറിച്ച് സോമൻ ചേട്ടൻ വാതോരാതെ സംസാരിച്ചു. കാറ്റാടിയന്ത്രത്തെക്കുറിച്ചുപോലും സോമൻ ചേട്ടനു ധാരാളം കാര്യങ്ങൾ പറയാനുണ്ടായിരുന്നു. അതിന്റെ ഒരു ഇതളിന്‌ മൂന്നു ടൺ ഭാരമുണ്ടത്രേ. അതു നാട്ടിയിരിക്കുന്ന തൂൺ പോലത്തെ സ്ട്രക്ചറിന് 20 ടൺ ഭാരവും കാറ്റാടി യന്ത്രത്തിന്റെ ഡൈനാമോ ഉൾക്കൊള്ളുന്ന ഭാഗത്തിന്‌ 12 അടി ഉയരമുണ്ടുപോലും. ഞാൻ ബാംഗ്ളൂരിൽ ഉണ്ടായിരുന്ന നാളുകളിൽ നാട്ടിലേക്കുള്ള യാത്രകൾക്കിടയിൽ ഈ കാറ്റാടികളുടെ ഭാഗങ്ങൾ ഭീമൻ ട്രെയിലറുകളിൽ കേരളം ലക്ഷ്യമാക്കി പോരുന്നതു കണ്ടിട്ടുണ്ട്. കുമളിയിലെയും തൂക്കുപാലത്തെയും ഇടുങ്ങിയ വഴികളിലൂടെ എങ്ങനെ ഇവ സ്ഥലത്തെത്തിക്കും എന്നു ഞാൻ വിസ്മയം പൂണ്ടിട്ടുണ്ട്. കാറ്റാടി വന്നതുകൊണ്ടാണ്‌ ഫാമിനടുത്തുവരെയെങ്കിലും റോഡ് ടാർ ചെയ്തത്. ഈ കഥയെല്ലാം പറഞ്ഞു നടക്കുമ്പോൾ ഞങ്ങൾ കാറ്റുപാറയിലേക്കുള്ള പാതിരാ നടത്തത്തിലായിരുന്നു.

കാറ്റാടിക്കഥ സോമൻ ചേട്ടൻ തുടർന്നു. മൂന്നരക്കോടി രൂപയാണ്‌ കാറ്റാടി യന്ത്രം ഒരെണ്ണം സ്ഥാപിക്കാൻ അന്നു ചെലവു വന്നത്. ഒരെണ്ണത്തിനുള്ള അടിത്തറ ഒരുക്കാൻ തന്നെ 1000 ചാക്ക് സിമന്റും അതിനു പാകത്തിൽ കമ്പിയും മെറ്റലും വേണമത്രേ. ശാന്തമായ രാത്രിയിൽ ഒരു വമ്പൻ കെട്ടിടത്തിന്റെയത്ര ഉയരത്തിൽ നിന്ന്‌ ആ കാറ്റാടി താളാത്മകമായി കറങ്ങുമ്പോൾ ആ രാക്ഷസരൂപം നമ്മിൽ അതു വരെയില്ലാത്ത ഒരു വിഭ്രാന്തി നിറയ്ക്കും. കാറ്റാടിയുടെ വേഗം അറിയണമെങ്കിൽ അതിന്റെ ഇതളിന്റെ തുമ്പിൽ തന്നെ നോക്കിക്കൊണ്ട് നിൽക്കണം. ഒരു ആകാശത്തൊട്ടിലിൽ നോക്കി നില്ക്കുന്നതുപോലെയാണത്. കാറ്റാടികൾക്ക് ഇനിയും അവിടെ നല്ല സാദ്ധ്യതയുള്ളതാണ്‌. എന്നാൽ കമ്പനികൾ പ്രൊജക്റ്റ് ചെയ്യാൻ തയ്യാറാകുന്നില്ല. സ്ഥലവാസികളിൽ നിന്നും ഭൂമി വിലയ്ക്കു വാങ്ങിയിട്ടാണ്‌ കമ്പനികൾ കാറ്റാടി സ്ഥാപിച്ചത്. കോളു തിരിച്ചറിഞ്ഞവർ വല്ലവിധേനയും പട്ടയം ഒക്കെ തരപ്പെടുത്തിയും ഭൂമിവില കുത്തനെ കൂട്ടിയും മാഫിയ കളിച്ചു. നെടുനീളൻ ലീഫുകളും യന്ത്ര ഭാഗങ്ങളും ഭീമൻ ട്രെയിലറുകളിൽ കൊണ്ടുവന്ന്‌ ക്രെയിനുകളുടെ സഹായത്തോടെ ഇറക്കിയപ്പോൾ തൊഴിലാളികൾ സംഘടിച്ചെത്തി നോക്കുകൂലി വാങ്ങി. ചുരുക്കത്തിൽ കേരളത്തിൽ ഇനി കാറ്റാടി സ്ഥാപിക്കണമെങ്കിൽ ഇച്ചിരി പുളിക്കും. അങ്ങനെ കേരളത്തിലെ ബാക്കി കാറ്റു വെറുതേ പാഴായിപ്പോകും. നല്ല കാറ്റുള്ള സീസണിൽ പ്രതിദിനം ഒരു യന്ത്രത്തിൽ നിന്നും 18000-19000 യൂണിറ്റ് കറന്റുണ്ടാക്കി ഗ്രിഡിലേക്കു നൽകും. കാറ്റു കുറവുള്ള സമയത്ത് അത് 7000 വരെയായി ചുരുങ്ങും. ‘കാറ്റു പോയി’ എന്നു പറഞ്ഞാൽ എന്താണെന്നു മനസ്സിലായില്ലേ?

കഥ പറഞ്ഞു പറഞ്ഞ് ഞങ്ങൾ റോഡും കടന്നു നേരേ കിഴക്കോട്ട് വെച്ചു പിടിക്കുകയാണ്‌. ഫാമിന്റെ അതിർത്തിയിൽ ടാറിട്ട റോഡും തീർന്നു. പിന്നെ കുറെ ദൂരം മെറ്റലിട്ട റോഡ്. പിന്നെ കാടോ വഴിയോ വെളിമ്പ്രദേശമോ ഒക്കെ മാറിമാറി വന്നു. റോഡിൽ നിന്നു മാറി നടത്തം തുടങ്ങുമ്പോൾ ഇരുവശവും ഇടതൂർന്ന കുറ്റിക്കാടാണ്‌. വിവിധ വർണ്ണങ്ങളിൽ പൂക്കളുമായി കൊങ്ങിണിയാണ്‌ പടർന്നു നിൽക്കുന്നത്.

“ഇതിലൊക്കെ പാമ്പു കാണുമോ സോമൻ ചേട്ടാ?” എന്ന് സൂര്യൻ ചോദിച്ചപ്പോൾ

“ഏയ് പാമ്പൊന്നും ഇല്ല” എന്നു നിസ്സാരമായി സോമൻ ചേട്ടൻ പറഞ്ഞുവെച്ചു.

മൂന്നുചുവടു മുന്നോട്ടു വെച്ചില്ല, ദേ കെടക്കണു വഴിയരികിൽ ഒരു വളവഴുപ്പൻ(ശംഖുവരയൻ)! അവനെ അവന്റെ വഴിക്കു വിട്ടിട്ട് ഞങ്ങൾ ചെല്ലുമ്പോൾ പാറയുള്ള ഒരു സ്ഥലത്ത് കുറ്റിക്കാടുകളാൽ പാതി ചുറ്റപ്പെട്ട ഒരു കുളം കണ്ടു. മഴക്കാലത്ത് കവിഞ്ഞൊഴുകേണ്ടതാണ്‌. ഇപ്പോൾ നിറഞ്ഞിട്ടുപോലുമില്ല. ശേഷം ചെറിയ ഒരു ഇറക്കം, അത്രേം തന്നെയുള്ള ഒരു കയറ്റം. അവിടെ രണ്ടു കാറ്റാടികളും കൂടി ഉണ്ട്. ആ കാറ്റാടികളുടെ അപ്പുറത്തുകൂടിപ്പോകുന്ന ഒരു ചാൽ ഞങ്ങൾ കണ്ടു. അതാണ്‌ കേരള-തമിഴ്‌നാട് അതിർത്തി. ഈ അതിർത്തി നിർണ്ണയിക്കപ്പെട്ടിരിക്കുന്നത് വളരെ ലളിതമായാണ്‌ - മലയുടെ കിഴക്കോട്ടു ചെരിവുള്ള ഭാഗം തമിഴകം, പടിഞ്ഞാട്ടു ചെരിവുള്ള സ്ഥലം കേരളം. വെള്ളത്തിന്റെ ഒഴുക്ക് എങ്ങോട്ടെന്നതാണ്‌ അതിന്റെ മാനദണ്ഡം.

അതിർത്തി കടന്നതോടെ ഞങ്ങൾ അങ്ങേച്ചെരുവിലായി എന്നു പറയേണ്ടതില്ലല്ലോ. കുറ്റിച്ചെടികൾക്കിടയിലൂടെയുള്ള ഒറ്റയടിപ്പാതയാണ്‌. ഉയർന്നു നിൽക്കുന്ന പൊന്തക്കാടുകൾക്കിടയിലൂടെ തമിഴ്നാടൻ സമതലം ഇടയ്ക്കിടെ കാണാമായിരുന്നു. മുൻപ് രാമക്കൽമേട്ടിൽ നിന്നുകൊണ്ട് ഇങ്ങനെ തമിഴ്നാട്ടിലെ പട്ടണങ്ങളെ രാത്രിയിൽ കണ്ടിട്ടുണ്ട്. അതേ സംഗതി തന്നെ ഇതും.

നിബിഡമായ പൊന്തക്കാടുകൾ ഞങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇപ്പോൾ കുറ്റിച്ചെടികൾക്ക് ആ തഴപ്പില്ല. ഒറ്റയടിപ്പാതകൾ പലതായി പിരിഞ്ഞു പോകുന്നുണ്ട്. പ്രധാനമായും കന്നുകാലികൾ തീറ്റ തേടിപ്പോകുന്ന വഴികളാണവ. ഏകദേശം പതിനഞ്ചു മിനിറ്റേ ആയുള്ളൂ ഞങ്ങൾ നടക്കാൻ തുടങ്ങിയിട്ട്. സാവധാനം ഞങ്ങൾക്കും ചക്രവാളത്തിനും ഇടയിലുള്ള പൊന്തക്കാടുകൾ അപ്രത്യക്ഷമാകാൻ തുടങ്ങി. വഴിയുടെ വലതു വശത്തുകൂടി രണ്ടു മലകൾക്കിടയിലൂടെ തമിഴ്നാട് നീണ്ടു പരന്നു കിടക്കുന്നതു കാണുമാറായി.

അല്പം കൂടി നടന്നപ്പോൾ എന്തോ സംഗതി കാട്ടിത്തരുന്നതിനായി സോമൻ ചേട്ടൻ നിന്നു. ‘ദേ, ഈ കാണുന്നതാണ്‌ കാട്ടു സവാള!’

“ഓഹോ ഇതാണല്ലേ കാട്ടു സവാള!!?” എന്നു ചോദിച്ചുകൊണ്ട് സൂര്യൻ വാക്കത്തി വാങ്ങി ആ ചെടി കുത്തിയിളക്കാൻ ശ്രമിച്ചു. കല്ലും മണ്ണും തറഞ്ഞു കിടന്ന അവിടെ നിന്നും അതു പറിക്കാൻ ശ്രമിക്കവേ സോമൻ ചേട്ടൻ അതിന്റെ ഗുണത്തെ പറ്റി വാചാലനായി. ഇതൊരു മരുന്നാണ്‌ - ആണി രോഗത്തിനുള്ള മരുന്ന്. കാട്ടുസവാളയുടെ കിഴങ്ങു മാന്തിയെടുത്ത് കനലിൽ ചുട്ടെടുക്കണം. വെന്ത സവാള ചൂടോടെ മുറിച്ച് ആണിയുള്ള കാൽപാദം കൊണ്ട് ചൂടുസവാളയിൽ ചവിട്ടി നിന്നാൽ രോഗം മാറുമത്രേ! അല്പം കഷ്ടപ്പെട്ടിട്ടാണെങ്കിലും സൂര്യൻ അതിന്റെ കിഴങ്ങു മാന്തിയെടുത്തു. കടയിൽ നിന്നും വാങ്ങുന്ന സവാളയുടെ അത്ര തന്നെ വലിപ്പം ഉണ്ട്. ഘടനയും അതുപോലൊക്കെ തന്നെ, പക്ഷെ തൂവെള്ള നിറമാണ്‌. അതിന്റെ തൊലി പൊളിച്ചു, ഒരു അല്ലി എടുത്ത് മുറിച്ചു രുചിച്ചു, ഒരു കഷണം എനിക്കും തന്നു. അതു തിന്നാൻ കൊള്ളുകേല എന്നൊക്കെ സോമൻ ചേട്ടൻ ഞങ്ങളോടു പറയുന്നുണ്ടായിരുന്നു. രുചി ചവർപ്പാണെന്നറിഞ്ഞപ്പോൾ ഞങ്ങൾ തന്നെ അതു തുപ്പിക്കളഞ്ഞു - വേണ്ടാരുന്നു എന്ന ഭാവത്തോടെ.

ഇനിയാണു കാഴ്ച. മുന്നിലേക്കു നീണ്ടു പരന്നു കിടക്കുന്ന ഒരു പാറപ്പുറം. കിഴക്കു നിന്നുള്ള കാറ്റ് അപ്പോളേക്കും ഞങ്ങളെ പിടിച്ചുലയ്ക്കുന്ന രീതിയിൽ ശക്തിയാർജ്ജിച്ചിരുന്നു. അല്ല, തോട്ടത്തിൽ ഇത്ര കാറ്റ് അനുഭവപ്പെടാത്തതാണ്‌. പാറയുടെ ഒത്ത മുകളിലെത്തിയപ്പോൾ - സിനിമാ തീയേറ്ററിലെ സ്ക്രീനിൽ ഒരു ചിത്രം തെളിഞ്ഞു വരുന്നതു പോലെ നോക്കെത്താ ദൂരത്തോളം നീണ്ടു പരന്നു കിടക്കുകയാണ്‌ തമിഴ്നാട്‌. പ്രകാശബിന്ദുക്കളുടെ കോളനികൾ പോലെ അങ്ങിങ്ങ് ഓരോ പട്ടണങ്ങൾ. നിർത്താതെ കാറ്റു വീശുന്നു... ഇതാണ്‌ കാറ്റുപാറ!

ഒരു മിനിറ്റു കൊണ്ട് കയ്യും കാതുമൊക്കെ തണുത്തു മരച്ചു. ചെവിയാകെ കാറ്റിന്റെ ഹുങ്കാര ശബ്ദം നിറയുന്നു. പാറയുടെ അങ്ങേച്ചെരുവിൽ കസേരയുടെ ചാരുപോലെ ഉള്ളിലേക്കു കുഴിഞ്ഞ ഒരു ഭാഗമുണ്ട്. ഞങ്ങൾ മൂവരും അവിടെ ചടഞ്ഞിരുന്നു. അവിടം കാറ്റിന്റെ ഒരു നിഴൽ പ്രദേശമാണ്‌. അവിടെയിരുന്നാൽ നമ്മുടെ തലയ്ക്കു മുകളിലൂടെ അത്രയ്ക്കു കാറ്റു വീശുന്നുണ്ടെന്ന് തോന്നുകയേ ഇല്ല. താഴെ കാണുന്ന സ്ഥലങ്ങൾ കമ്പം, തേനി, തേവാരം, പാളയം, കോമ്പൈ തുടങ്ങിയ അതിർത്തി പട്ടണങ്ങളാണ്‌. കാഴ്ചയിൽ എല്ലാം ഒരുപോലെ തോന്നിച്ചു. രാമക്കൽമേടിന്റെ മുകളിൽ കായറിയാൽ മാത്രം കാണാൻ പറ്റുന്നത്ര വിശാലമായ കാഴ്ചയാണ്‌ കാറ്റുപാറയിൽ. രാമക്കൽമേട്ടിലേക്കുള്ള യാത്ര മലകയറ്റവും സാഹസികതയും അപകടവും നിറഞ്ഞതാണെങ്കിൽ ഇവിടെ അത്തരം അപകടം ഒന്നുമില്ല. ഞങ്ങളിരുന്ന പാറയുടെ അങ്ങേയറ്റത്തു നിന്നും വലിയ കൊക്കയാണ്‌, അങ്ങോട്ട് പോകരുതെന്നു മാത്രം. പോകേണ്ട ആവശ്യമില്ല താനും.അധികം പ്രയാസപ്പെടാതെ നടന്നെത്താം എന്നതും ഒരു അനുഗ്രഹമാണ്‌. സഞ്ചാരികൾ അധികം ആരും വരാത്ത ഇടമായതു കൊണ്ട് ഒരു മിഠായിക്കടലാസു പോലും ഇവിടെയില്ല. കന്നുകാലികളുടെ ചാണകം കണ്ടേക്കാം. അതേ സമയം രാമക്കൽമേട്ടിലേക്കു പോകുന്ന വഴിയോരത്തെല്ലാം പ്ലാസ്റ്റിക് കവറുകളും വെള്ളക്കുപ്പികളും കൊണ്ട് നിറഞ്ഞപോലെയായി. ജനം ഇടിച്ചു കയറിയാൽ ഇവിടെയും കുപ്പിയും കവറും ഗ്ലാസുമൊക്കെ നിറയും; അങ്ങനെ ആകാതിരുന്നെങ്കിൽ...

ഞങ്ങൾ ഇരുന്നതിന്റെ വലതു വശത്താണ്‌ രാമക്കൽമേട്. മെട്ടിലെ കുത്തനെ നില്ക്കുന്ന പാറയ്ക്കും കിഴക്കുമാറിയാണ്‌ കാറ്റുപാറ. ഒരു പക്ഷേ ഉയരത്തിലും. ഫാമിന്റെ സമീപത്തു കണ്ട മല ഇപ്പോളും അതേ ഗാംഭീര്യത്തോടെ ഞങ്ങളുടെ ഇടതു വശത്തുണ്ട്. അതിനു മുകളിൽ കയറിയാൽ രാമക്കൽമേട് ഒക്കെ ആകാശത്തു നിന്നു നോക്കിയാൽ എന്ന പോലെ കാണാം. ഫാമിന്റെ സമീപത്തു നിന്നും മൂന്നു മൂന്നര മണിക്കൂർ നടന്നാലേ ആ മലയുടെ മുകളിൽ എത്തിപ്പെടാൻ പറ്റൂ. അത് ശരിക്കും ഒരു ട്രെക്കിങ്ങ് തന്നെയാണ്‌. സോമൻ ചേട്ടന്റെ നേതൃത്വത്തിൽ നമ്മുടെ സഹപ്രവർത്തകർ ഒരിക്കൽ ആ മല കയറി. പിന്നീടാണെങ്കിലും അതിനു മുകളിൽ ഒന്നു കയറണം എന്ന് ഞങ്ങൾ അവിടെ വച്ചു തീരുമാനിച്ചു.

കാറ്റും തണുപ്പും കാരണം വിറയ്ക്കാൻ തുടങ്ങി. എന്നാൽ എത്ര നേരം അവിടെ ഇരുന്നിട്ടും ഒരേ കാഴ്ച തന്നെ കണ്ടിട്ടും മതിവരുന്നുമില്ല. പടിഞ്ഞാറു ലക്ഷ്യമാക്കി അങ്ങു നിന്നും ഒരു വിമാനം വരുന്നുണ്ടായിരുന്നു. ഞങ്ങൾ നന്നേ ഉയരത്തിൽ ആയിരുന്നതു കൊണ്ടോ വിമാനം താഴ്ന്നു പറന്നതു കൊണ്ടോ അതിന്റെ ജനാലകളിലൂടെ വരുന്ന വെളിച്ചം പോലും ഞങ്ങൾക്കു കൃത്യമായി കാണാമായിരുന്നു.

നേരം ഒരു മണിയായി. തണുപ്പിനെ പ്രതിരോധിക്കാൻ ഉടുവസ്ത്രങ്ങളല്ലാതെ ഒന്നും ഞങ്ങൾക്കില്ല. ചെവി മൂടിക്കെട്ടാൻ ഒരു തോർത്തെങ്കിലും കരുതിയിരുന്നെങ്കിൽ അല്പ നേരം കൂടി അവിടെ ഇരിക്കാമായിരുന്നു. ഞങ്ങൾ തിരികെ നടന്നു. ഞങ്ങൾക്കു മുന്നേ കാറ്റു പറന്നു.


വാൽ‌ക്കഷണം : കാറ്റുപാറയിൽ നിന്നും മടങ്ങുമ്പോൾ ഞാൻ മനസ്സിൽ കുറിച്ചു - വൈകാതെ പകൽ സമയത്ത് ഇവിടെയൊന്നു വരണം. ഒക്കെ ഒന്നൂടെ കാണണം. ഫോട്ടോയെടുക്കണം. സർവ്വോപരി ഇങ്ങോട്ടുള്ള വഴി കൂടി പഠിക്കണം. 24/08/2016-ൽ ശ്രീകൃഷ്ണജയന്തിയുടെ അന്ന്‌ ബൈക്കുമെടുത്ത് വീട്ടിൽ നിന്നും ഇറങ്ങി. നെടുംകണ്ടത്തു നിന്നും ജെയ്സൺ സാറിനെയും കൂട്ടി നേരെ കാറ്റുപാറയിൽ വന്നു. അന്നെടുത്ത ഫോട്ടോകളിൽ ചിലതു ചുവടെ :
കാറ്റുപാറയിലേക്കുള്ള വഴിയിൽ കണ്ട ഒരു ക്ടാവ്


മലകൾക്കിടയിലൂടെ കാണുന്ന താഴ്വര


രാമക്കൽ‌മേട്

തമിഴകവും പട്ടണങ്ങളും അവിടുത്തെ കാറ്റാടികളും




തോട്ടങ്ങൾ‌


കാറ്റുപാറയിലെ ഒരു പൂങ്കുല


ചില സ്ഥലവാസികൾ


തലയുയർത്തി നിൽ‌ക്കുന്ന രാമക്കല്ല്‌


അടുത്തുള്ള വലിയ മല

അവിടെ നിന്നുള്ള രാമക്കൽമേടിന്റെ കാഴ്ചയും, വലതു വശത്തെ വലിയ മലയും, തമിഴ്‌നാട്ടിലെ ചുവന്ന മണ്ണുഴുതിട്ട പാടങ്ങളും, മാവും പുളിയും തെങ്ങും നിരന്നു നിൽക്കുന്ന തോട്ടങ്ങളും, കുനുകുനെ കെട്ടിടങ്ങൾ നിറഞ്ഞ പട്ടണങ്ങളും, അവയ്ക്കെല്ലാമപ്പുറം നീല നിഴലുകൾ പോലെ കാണപ്പെട്ട മലനിരകളും, നമ്മളെ തോൽപ്പിക്കാനെന്നവണ്ണം താഴ്വാരത്തു നിറഞ്ഞു നിൽക്കുന്ന ചെറുതും വലുതുമായ നൂറുകണക്കിനു കാറ്റാടികളും ... കാണണമെങ്കിൽ വരൂ, കാറ്റുപാറയ്ക്ക്.. അധികം ആരും അറിയാത്ത കാറ്റിന്റെ രാജവീഥിയിലേക്ക്.

Monday, September 05, 2016

കുറിഞ്ഞിമല - വാഗമൺ (തുടർച്ച)


പാലായ്ക്ക് ഉപ്പുതറ - വളകോട് - വാഗമൺ റൂട്ടിലാണ്‌ ഞങ്ങൾ പോയത്. കൊടും വളവുകളും കുത്തനെയുള്ള കയറ്റങ്ങളും നിറഞ്ഞ വഴിയാണ്‌. എന്നാൽ തിരക്കു തീരെ ഇല്ല. ഉൾപ്രദേശങ്ങളിലൂടെയാണ്‌ റോഡ് പോകുന്നത്. ചില സ്ഥലങ്ങളിൽ നിന്നാൽ വിശാലമായ തേയിലത്തോട്ടങ്ങളുടെ സുന്ദരക്കാഴ്ചകൾ കാണാം(പശുപ്പാറ).



ഇടയ്ക്ക് ഒന്നു രണ്ടിടത്ത് കാഴ്ച കാണാൻ നിർത്തി. കോട്ടയത്തിനുള്ള ലിമിറ്റഡ് സ്റ്റോപ് ആനവണ്ടിയുടെ മാസ് എൻട്രി അവിടെ നിന്നും കിട്ടിയതാണ്‌. അജയ്ന്റെ വീട്ടിൽ പോവുക എന്നേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വാഗമൺ എത്താറായപ്പോൾ ഒരു പൂതി. സൂയിസൈഡ് പോയിന്റിൽ ഇതു വരെ പോയിട്ടില്ല.. ഇന്നൊന്നു കണ്ടാലോ? എന്തായാലും ഓടി വീട്ടിലേക്കു പോയിട്ട് കാര്യമൊന്നും ഇല്ല. അങ്ങനെ വാഗമൺ ടൗണും കടന്ന് ഏലപ്പാറ റൂട്ടിൽ വെച്ചു പിടിച്ചു. വഴി അവിടവിടെ പൊട്ടിപ്പൊളിഞ്ഞു നാശമായി കിടക്കുകയാണ്‌. പുൽമേടുകളിൽ എത്താനും തിരികെ വരാനും സഞ്ചരിച്ച ദൂരം കണക്കാക്കിയാൽ ഏലപ്പാറ വഴിക്ക് വരുന്നതായിരിക്കണം എളുപ്പമെന്നു തോന്നി.

പ്രശസ്തമായ വാഗമൺ മൊട്ടക്കുന്നുകളുടെ അങ്ങേയറ്റത്തുള്ള ചെരിവിലാണു സൂയിസൈഡ് പോയന്റ്. ടൗണിൽ നിന്നു അങ്ങോട്ടു പോകുന്ന വഴിയിലാണ്‌ പൈൻ കാട്ടിലേക്ക് തിരിയുന്നിടവും. മൊട്ടക്കുന്നുകളുടെ കവാടത്തിൽ ചെന്ന് 50 രൂപ കാറിനും രണ്ടുപേർക്കായി 20 രൂപ പാസും എടുത്ത് ഉള്ളിലേക്കു കടന്നു. മെറ്റലിട്ട റോഡാണ്‌. കമ്പനി ഉണ്ടെങ്കിൽ നടപ്പാണ്‌ സുഖം.

പണ്ടാരാണ്ട് ലാസ്റ്റ് വണ്ടി എപ്പോളും ഉണ്ടെന്നു പറഞ്ഞതു പോലെയാണ്‌ സൂയിസൈഡ് പോയിന്റിന്റെ കാര്യം. പല വഴികളുണ്ട്. മുൻപൊക്കെ പോകാമായിരുന്ന ചില ഇടങ്ങളിലേക്ക് ഇപ്പോൾ പ്രവേശനം തടഞ്ഞിരിക്കുന്നു. ഇടയ്ക്കെങ്ങോ എന്തോ അപകടം ഉണ്ടായത്രേ. യാതൊരു സുരക്ഷാ ക്രമീകരണവും ഇല്ലാത്തതു മാറ്റി നിർത്തിയാൽ സന്ദർശകരുടെ കരുതലില്ലായ്മയും അനാവശ്യ സാഹസികതയും തന്നെയാണ്‌ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അപകടങ്ങൾക്ക് കാരണം. പ്രവേശനം തടഞ്ഞുകൊണ്ട് ബോർഡ് വെച്ചിട്ടുണ്ട്. വേലിയും കെട്ടിയിരിക്കുന്നു.



കുറ്റിച്ചെടികൾക്കിടയിലൂടെ ചില നടപ്പാതകളുണ്ട്. ഇവ അംഗീകൃത വഴികൾ തന്നെയാണ്‌. ഞങ്ങളുടെ ലക്ഷ്യം സൂയിസൈഡ് പോയിന്റ് മാത്രമായിരുന്നതിനാൽ മഞ്ഞ് മുഖം മറച്ചു കളിക്കുന്ന മൊട്ടക്കുന്നുകളിലേക്ക് ഞങ്ങൾ നോക്കിയതേയില്ല. സമയം മൂന്നുമണി കഴിഞ്ഞിരുന്നു. റോഡ് അവസാനിക്കുന്നിടത്ത് വാഹനം നിർത്തിയിട്ട് നടപ്പു തുടങ്ങി. ചാറ്റൽ മഴയും കോടമഞ്ഞും പയ്യെ ശല്യക്കാരായി ഒപ്പം കൂടി.

ഇവിടെ സമയം ഞങ്ങൾക്ക് അനുകൂലമല്ലായിരുന്നു. പത്തു മീറ്റർ മുന്നിലെ കാഴ്ചകളെ പോലും മഞ്ഞ് മറച്ചു. ഫലപ്രാപ്തിയില്ലാത്ത ഒരു യാത്രയാണ്‌ ഞങ്ങൾ നടത്തുന്നതെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. എന്നിട്ടും ആ സ്ഥലമെങ്കിലും ഒന്ന്‌ അറിഞ്ഞിരിക്കണം എന്ന എന്റെ വാശിയിൽ ഞങ്ങൾ നടപ്പു തുടർന്നു.

എതിരെ വന്ന പയ്യന്മാരെല്ലാവരും അട്ടയെപ്പറ്റി മുന്നറിയിപ്പു നല്കി. അതിനാൽ ഞങ്ങൾ വളരെ ശ്രദ്ധിച്ചാണു നടന്നത് - പരമാവധി തെളിഞ്ഞ വഴിയിലൂടെയും അരികിലെ പുൽപ്പടർപ്പിൽ ചവിട്ടാതെയും ഒരിടത്തും നില്ക്കാതെയും(അട്ടയ്ക്ക് കാലിൽ കയറാൻ അവസരം നല്കരുതല്ലോ). വഴിയോരത്തും പുല്പ്പടർപ്പിലും നിന്നു കാഴ്ച കണ്ടവരെയും ഫോട്ടോയ്ക്കു പോസു ചെയ്തവരെയുമാണ്‌ അട്ട കടിച്ചത് എന്നു ഞങ്ങൾ കണക്കുകൂട്ടി. ഒരു ജണ്ടയിൽ കയറി നിന്ന് കാലിൽ കയറിക്കൂടിയ അട്ടകളെ തീപ്പെട്ടിക്കൊള്ളി കൊണ്ട് നേരിടുന്നവരെയും കണ്ടു. ഞങ്ങളുടെ കയ്യിലാണെങ്കിൽ അട്ടയെ നേരിടാൻ തക്കതായി ഒന്നുമില്ല. അതുകൊണ്ടു തന്നെ തെളിഞ്ഞ സ്ഥ്ലങ്ങളിൽ ചെല്ലുമ്പോൾ ഭയത്താൽ ഞങ്ങൾ സ്വന്തം കാലുകൾ പരിശോധിച്ചുകൊണ്ടിരുന്നു.

മലയുടെ അറ്റമെന്നു തോന്നിക്കുന്ന മഞ്ഞു നിറഞ്ഞ ഒരു മുനമ്പിൽ ഞങ്ങൾ നടപ്പ് അവസാനിപ്പിച്ചു. ഒരു കാഴ്ചയും കാണാനാവാതെ, ഒരു ഫോട്ടോ പോലും എടുക്കാനാവാതെ സൂയിസൈഡ് പോയിന്റ് സന്ദർശിച്ചു എന്ന പേരുമായി ഞങ്ങൾ തിരികെ നടന്നു. ഇനി ഇവിടെ വരുന്നെങ്കിൽ മഴയില്ലാത്തപ്പോൾ രാവിലെ വരണം എന്നു മനസ്സിലുറപ്പിച്ചു.

തിരികെ വണ്ടിയിലെത്തി. മുന്നിലെ വലതു ചക്രത്തിന്‌ കാറ്റുകുറവാണ്‌. പഞ്ചറാണ്‌, ട്യൂബ്‌ലെസ് ടയറായതുകൊണ്ട് കാറ്റു പോകാഞ്ഞതാണ്‌. വാഗമൺ ടൗണിലേക്കു പോകുന്ന വഴി പൊലീസ് തടഞ്ഞു. കഴിച്ചിട്ടുണ്ടോ എന്ന പൊലീസുകാരന്റെ ചോദ്യത്തിന്‌ ഞാൻ നിസ്സംശയം ഇല്ല എന്നു മറുപടി നല്കി. അജയ് സ്തബ്ധനായി എന്നെ നോക്കി.

“ഏഹ്.. ലൈസൻസില്ലേ?” പൊലീസുകാരന്റെ മുഖത്ത് അന്ധാളിപ്പ്.

“സോറി, കഴിച്ചിട്ടുണ്ടോ എന്നാ എനിക്കു തിരിഞ്ഞത്.. ലൈസൻസുണ്ട് സർ..“ അയാൾ ചിരിച്ചുകൊണ്ട് ഞങ്ങളെ പോകാൻ അനുവദിച്ചു.

ടൗണിൽ പോയി ടയറും നന്നാക്കി കുശാലായി ചായയും സുഖിയനും കഴിച്ച് ഈരാറ്റുപേട്ട വഴി പാലായ്ക്ക്. മാസ് എൻട്രി നടത്തിയ കെ.എസ്.ആർ.ടി.സി. ചെപ്പുകുളത്തിനു സമീപം തകരാറിലായിക്കിടക്കുന്നു. മാസ് എൻട്രി ഫ്ലോപ്പായി! ഒത്തുകല്യാണത്തിനു കഴിച്ച ഫ്രൈഡ് റൈസിന്റെയും ചിക്കന്റെയും പിടി വിടാഞ്ഞത് ഒന്നു കൊണ്ടു മാത്രമാണ്‌ ഈ യാത്ര നിരാശപ്പെടുത്താഞ്ഞത്. അപ്രതീക്ഷിതമായി നടത്തിയ യാത്രകളിൽ ഒരു ഗുണവും കിട്ടാതെ പോയ ഏക സംഭവവും ഇതു തന്നെ.

കുറിഞ്ഞിമല - വാഗമൺ

2016 ആഗസ്റ്റ് മാസം 12-ആം തീയതി. നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങണം എന്നു വിചാരിച്ചതാണ്‌. ഓരോരോ കാരണങ്ങൾ കൊണ്ട് സാധിച്ചില്ല. എന്നാലും 6 മണി കഴിഞ്ഞപ്പോൾ വീട്ടിൽ വന്നു. കസിൻ അജയ്(കഴിഞ്ഞ പോസ്റ്റിലെ അതേ അജയ്) കട്ടപ്പനയ്ക്ക് വരാമെന്നേറ്റിട്ടുണ്ട്. നിർമ്മലാസിറ്റിയിൽ, കല്യാണത്തണ്ട് മലയിൽ നീലക്കുറിഞ്ഞികൾ പൂത്തിരിക്കുന്നു!

വൈകിട്ട് സുഹൃത്ത് ജോസിന്റെ വീട്ടിൽ പോയി. നരിയമ്പാറയിൽ കാത്തു നിന്നു. പാലയിൽ നിന്നു വന്ന ബസ്സിറങ്ങിയ അജയ്‌നെയും കൂട്ടിയാണു പോയത്. കപ്പബിരിയാണിയും അനുബന്ധങ്ങളും ഉണ്ടായിരുന്നു. നാളെ ജോസിന്റെ സഹോദരി മെർലിന്റെ ഒത്തുകല്യാണമാണ്‌.

13 ശനി.

രാവിലെ കുറ്റീം പറിച്ച് കല്യാണത്തണ്ട് മല കയറാൻ പോയി. കപ്പബിരിയാണിയുടെ ക്ഷീണവും വൈകിയുള്ള ഉറക്കവും സ്വതവേയുള്ള മടിയും കാരണം അല്പം വൈകിയാണ്‌ എണീറ്റത്. അതിനാൽ അല്പം താമസിച്ചു. തൊടുപുഴ - പുളിയന്മല സ്റ്റേറ്റ് ഹൈവേ-33-ൽ കട്ടപ്പനയിൽ നിന്നും ഏകദേശം 8 കി.മീ ഈറ്റുക്കി റൂട്ടിൽ പോയാൽ നിർമലാസിറ്റിയിൽ എതാം. ഇടതു വശത്തേക്കുള്ള അമ്പലം റോഡിലൂടെ അല്പം കയറ്റം കയറിച്ചെല്ലുമ്പോൾ വീണ്ടും മലയുടെ മുകളിലേക്ക് ഒരു മൺ റോഡു കാണാം. നീലക്കുറിഞ്ഞി കാണാൻ സിമ്പിളായിട്ട് അതിലേ പോയാൽ മതി. ഇടുക്കി ഭാഗത്തു നിന്നു വരുന്നവർക്ക് നിർമലാസിറ്റിയിൽ എത്തുന്നതിനു മുൻപേ മറ്റൊരു വഴിയുണ്ട്, എന്നാലും ഇതാവും കൂടുതൽ സൗകര്യപ്രദം എന്നു തോന്നുന്നു. മൺപാത തുടങ്ങുന്നിടത്ത് കാർ ഒതുക്കി ഞാനും അജയും നടക്കാൻ തുടങ്ങി. ക്വാറി വേസ്റ്റ് ഒക്കെയിട്ട് വഴിയിലെ വഴുക്കൽ പ്രതിരോധിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവിടെ ഏതാനും ജീപ്പുകാർ തമ്പടിച്ചിരുന്നു. മുകളിലേക്കു നടന്നു കയറാൻ വയ്യത്തവർക്ക് ടാക്സി വിളിക്കാം. റേറ്റ് ഞങ്ങൾ ചോദിച്ചില്ല.




കുറച്ചു കയറിയാൽ അതൊരു വെറും മൺ റോഡായി മാറും. ഏറ്റവും മുകളിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ചകൾ അപാരം! താഴെ നിർമ്മലാസിറ്റിയും വാഴവരയും ഒരു ചിത്രം പോലെ കിടക്കുന്നു. ഇടുക്കിക്കു നീളുന്ന റോഡിലൂടെ വാഹനങ്ങൾ പോകുന്നതു കാണാം. കട്ടപ്പന ഡയ്‌റി(മില്മ)യുടെ കെട്ടിടം താഴെ ഒരു വ്യവസായശാല പോലെ നിലകൊള്ളുന്നു. കാല്വരി മൗണ്ട്(10-ആം മൈൽ)നിപ്പുറമുള്ള ചെറുകിട തേയിൽത്തോട്ടങ്ങൾ ചിതറിയ പച്ചപ്പരപ്പുകൾ. ഹൈറേഞ്ചിന്റെ സസ്യസമൃദ്ധിക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന വീടുക്കളും ക്രിസ്ത്യൻ പള്ളികളും മറ്റു സ്ഥാപനങ്ങളും. അപ്പുറത്തുള്ള മലനിരകളിൽ പ്രകാശും തോപ്രാംകുടിയും എഴുകുംവയലുമെല്ലാം നിറയുന്നു. പക്ഷേ, ഒരിക്കലും ആ വശത്തേക്കു നോക്കാൻ നമുക്കു തോന്നുകില്ല. ഇങ്ങേച്ചെരുവിൽ അതിലും മനോഹരമായ ചിത്രമല്ലേ വരച്ചിട്ടിരിക്കുന്നത്! തൊട്ടുതാഴെ ഇടുക്കി ജലാശയത്തിന്റെ മനോഹര ദൃശ്യം. അങ്ങിങ്ങു ചെറു തുരുത്തുകളും ശ്യാമഹരിതമായ വനവും അങ്ങകലേക്ക് മേഘങ്ങളെ തൊട്ടുരുമ്മി നില്ക്കുന്ന മലനിരകളും പുൽമേടുകളും. അല്പം ഇടത്തേക്കു മാറി നോക്കിയാൽ ഇരുപതേക്കറും കാഞ്ചിയാറും പരിസരപ്രദേശങ്ങളും. ശരിക്കും ഒരു വിഹഗവീക്ഷണം തന്നെയാണ്‌ അവിടെ നിന്നും കാണുമ്പോൾ. നീലക്കുറിഞ്ഞി നില്ക്കുന്നയിടത്തേക്ക് മലയുടെ മുകളിലൂടെത്തന്നെ നീളുന്ന റോഡുണ്ട്. മലയുടെ ഉച്ചിയിൽ കാടിന്റെ അതിരുകൾ കാണിക്കുന്ന ജണ്ടകൾ കാണാമായിരുന്നു. ജണ്ടയ്ക്ക് ഇപ്പുറമുള്ള സ്ഥലങ്ങളിൽ ധാരാളമായി തീറ്റപ്പുല്ല് കൃഷി ചെയ്തിരുന്നു. മലയുടെ മുകളിൽ ആകെയുള്ള കൃഷി ഇതാണെന്നു തോന്നുന്നു.



റോഡില്ക്കൂടി ഞങ്ങൾ നടന്നു നീങ്ങി. കാർ നിർത്തിയിട്ടിടത്തു നിന്നും ജീപ്പുകൾ മലമ്പാത കയറി വരുന്നുണ്ട്. തുടരെത്തുടരെ ജീപ്പോടി വഴി നിറയെ ചെളി കുഴഞ്ഞു കിടന്നിരുന്നു. കറുത്ത നിറമാണ്‌ ആ മണ്ണിൻ, ഒപ്പം പാടത്തെ ചേറിന്റെ ഗന്ധവും.

നടന്നും ജീപ്പിലുമായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങൾ അങ്ങോട്ട് എത്തിക്കൊണ്ടിരുന്നു. ബൈക്കുകളിൽ, ആ തെന്നിത്തെറിച്ച് വഴിയിലൂടെ മലമുകളിൽ എത്തിയ സാഹസികരും ഉണ്ടായിരുന്നു.

ചെളി നിറഞ്ഞ റോഡിന്റെ അങ്ങേയറ്റം ഒരു ചെറിയ പാറക്കൂട്ടമാണ്‌. അവിടെ വരെയേ ജീപ്പു ചെല്ലുകയുള്ളൂ. ഞങ്ങൾ കാർ നിർത്തിയിടത്തു നിന്നും ഉദ്ദേശം രണ്ടു കിലോമീറ്റർ കാണും ഇവിടെ വരെ. അവിടെത്തന്നെ ഒറ്റയ്ക്കും കൂട്ടായും നില്ക്കുന്ന കുറിഞ്ഞിച്ചെടികൾ കാണുമാറായി. ജലാശയത്തിന്റെ ഭാഗത്തേക്കുള്ള ചെരിവിലാണ്‌ കൂടുതൽ പൂക്കൾ ഉള്ളത്. ഞങ്ങൾ അപ്പോഴേ പരമാവധി പൂക്കളെ ക്യാമറയിൽ പകർത്താൻ തുടങ്ങിയിരുന്നു. ഇളം വയലറ്റ് നിറത്തിൽ കുലകുലയായി തലനീട്ടി നില്ക്കുന്ന കുറിഞ്ഞിക്കൂട്ടങ്ങൾ. അവിടെ വന്നവരെല്ലാവരും ഒറ്റയ്ക്കും കൂട്ടായും നിന്നു ഫോട്ടോ എടുക്കുന്നു. മൂന്നാറിലെ രാജമലയിൽ ഉള്ളതു പോലെ മല നിറയെ പരവതാനി പോലെ നിരന്നു കാണുന്നില്ലെങ്കിലും ആ മലയിൽ നിറയെ കൂട്ടം കൂട്ടമായി കുറിഞ്ഞികൾ നില്പ്പുണ്ടായിരുന്നു. മൂന്നാറിൽ കാണുന്നന്തിന്റെ ലക്ഷത്തിലൊന്നു പോലും ഇവിടെയില്ല താനും. നീലക്കുറിഞ്ഞിയുടെ നിറസമൃദ്ധി ഒരു ഫ്രെയിമിലേക്കൊതുങ്ങാൻ തക്കവിധം ഒരു കുന്നിന്റെ മുകളിൽ അവ കൂട്ടമായി വിരിഞ്ഞു നില്ക്കുന്നെന്നു മാത്രം.



പക്ഷേ ഇതിന്റെ മനോഹാരിത എന്നു പറയുന്നത് ആ പ്രദേശത്തിന്റെ ഭംഗിയാണ്‌. വെറും പുല്ലും കുറ്റിച്ചെടികളും മാത്രം വളർന്നു നില്ക്കുന്ന മലമുകളിൽ ഒരു നീലവസന്തം, കാടിന്റെ ഹരിതാഭ, ഇടുക്കി റിസർവ്വോയറിന്റെ നീലപ്പരപ്പ്, കുടവിരിച്ചു നില്ക്കുന്ന അനന്ത വിഹായസ്സ്, ഭൂമിയെ മേഘങ്ങളിൽ മുട്ടിക്കുന്ന നെടുങ്കൻ മലനിരകൾ, നിബിഡ വനത്തിനപ്പുറം മാമലകൾ പേറുന്ന പച്ചപ്പുല്മേടുകൾ, ലോകത്തിലെ ഏറ്റവും ശുദ്ധമായ വായു, ഉള്ളം കുളിർപ്പിക്കുന്ന കുസൃതിക്കാറ്റ്... ഇതെല്ലാം ഒരു കാഴ്ചയിൽ സമ്മേളിക്കുന്ന അപൂർവ്വതയാണ്‌ കല്യാണത്തണ്ടിന്റെ സവിശേഷത.


ഒരു നിമിഷം ഒരു ഓയിൽ പെയ്ന്റിങ്ങു പോലെ തെളിയുന്ന ചിത്രം അടുത്ത കാറ്റെത്തിക്കുന്ന മഞ്ഞിനാൽ മുഖപടമിട്ട് തിരശീലയുള്ള ഒരു ജാലകക്കാഴ്ചയുടെ മായാജാലം കാണിക്കും. വെറുതേ അവിടുത്തെ ഒരു കല്ലിൽ ചടഞ്ഞുകൂടി അകലേക്കു നോക്കിയിരുന്നാൽ മേഘസുന്ദരിമാരുടെ അലസനടനം കാണം. അപ്പോഴെല്ലാം കാറ്റ് കുളിരുള്ള കൈകൾ കൊണ്ട് നിങ്ങളെ ഇക്കിളിയാക്കും.

കാഴ്ചകളിലും അനുഭൂതികളിലും മതിമറന്നിരിക്കവേ അപകടം കാറുമൂടുന്നതു കണ്ടു; ജലാശയത്തിനക്കരെ, കാടിന്റെ മുകളിൽ. കാറ്റിന്‌ അല്പം കൂടി വേഗം കൂടി. പ്രസന്നമായി വെയിൽ തൂകി നിന്ന വാനം മിഴി പൂട്ടി. സന്ധ്യയായ പ്രതീതി. അഞ്ചു മിനിറ്റായില്ല, ആദ്യത്തെ തുള്ളി വീണു. കുട വണ്ടിയിൽ തന്നെ വച്ചിട്ടു പോന്നല്ലോ! ക്യാമറ ധൃതിപ്പെട്ട് ബാഗിലാക്കി. കയറി നില്ക്കാൻ ഒരു മരത്തിന്റെ നിഴലു പോലുമില്ല. മഴയെ വൃഥാ തടുക്കാൻ കർചീഫ് തലയിൽ ഇട്ടുകൊണ്ട് പറ്റാവുന്ന വേഗത്തിൽ ഓടി. ഇടയ്ക്കുവെച്ച് മഴയൊന്നു ശമിച്ചെങ്കിലും ഞങ്ങൾ ഇരുവരും പൂർണ്ണമായി നനഞ്ഞു കുതിർന്നു - ഒത്തുകല്യാണം കൂടേണ്ടതാണ്‌.

വണ്ടിയിൽ വന്നുകയറി. പറ്റുന്നതുപോലെ തലയും ദേഹവും തുടച്ചു. മഴ വീണ്ടും കസറാൻ തുടങ്ങുകയാണ്‌. ഹീറ്റർ ഓണാക്കിയിട്ട് നേരെ നരിയമ്പാറ പള്ളിയിലേക്കു വെച്ചു പിടിച്ചു. വഴിനീളെ മഴ കൊലവിളിച്ചുനിന്നു. ഭാഗ്യം അത്ര നേരമെങ്കിലും മഴയുടെ ശല്യമില്ലാതെ കുറിഞ്ഞിമല ആസ്വദിക്കാനൊത്തല്ലോ!


അവിടെയെത്തിയപ്പോളെക്കും ദേഹവും െസ്സുമെല്ലാം ഒരുവിധം ഉണങ്ങിക്കഴിഞ്ഞിരുന്നു. സമയം ഒരുമണി. ഒന്നാം പന്തി വിരുന്ന് തുടങ്ങിയിരുന്നു. ഓഫീസിലെ പരിചയക്കാരെയെല്ലാം കണ്ട് സംസാരിച്ചു നിന്നു. അടുത്ത ട്രിപ്പിനു കഴിക്കാൻ കയറി. ഭക്ഷണ ശെഷം അവിടെ കാണനുള്ളവരെയൊകെ കണ്ടു തീർത്ത് വാഗമൺ വഴി പാലായ്ക്ക്.. എങ്ങനെ ? വാഗമൺ വഴി..