Showing posts with label ആഫീസ്_കഥകൾ. Show all posts
Showing posts with label ആഫീസ്_കഥകൾ. Show all posts

Wednesday, September 17, 2014

ചെസ്സ് നമ്പർ 437

ണവും തുടർന്നു വന്ന അവധികളും ഒക്കെക്കാരണം കുറെ ദിവസം വൈകിയാണ്‌ ആ വർത്ത ഞങ്ങളറിഞ്ഞത് - തോമാച്ചൻ അപ്പനായി! വാട്‌സ്ആപ്പിൽ ഇതു കേട്ടപാടെ അനുമോദിച്ചുകൊണ്ട് വന്ന ഒരു സന്ദേശത്തിന്റെ തുടക്കത്തിൽ ചെസ്സ് നമ്പർ 437 എന്നൊരു ശ്രദ്ധക്ഷണിക്കൽ ഉണ്ടായിരുന്നു. അതെന്താണെന്നു ചോദിക്കവേയാണ്‌ ഈ ആഫീസ് കഥ ഞാൻ കേൾക്കാനിടയായത്.

തോമാച്ചൻ ഞങ്ങളുടെ സഹപ്രവർത്തകനാണ്‌. ഈ കഥയാകട്ടെ കുറെ വർഷം മുൻപ് നടന്നതും.

ഒരിക്കൽ ആഫീസിൽ നിന്നും തോമാച്ചൻ അല്പം നേരത്തേ പോയി. പോകാൻ തയ്യാറാകവേ ആ റൂട്ടിലേക്കുള്ള പതിവു സഹയാത്രികർ പറഞ്ഞു - “തോമാച്ചാ നിക്ക്, നാലരയ്ക്കു തൊടുപുഴയ്ക്ക് (ഓഫീസിലെ) വണ്ടിയുണ്ട്. അതിനു പോകാം..?”

ഡോക്ടറെ കാണണമെന്നും എന്തോ അത്യാവശ്യകാര്യമുണ്ടെന്നും ഒക്കെ പറഞ്ഞ് തോമാച്ചൻ ധൃതികൂട്ടി ഓഫീസ് വിട്ടു.

തൊടുപുഴക്കാരായ സഹപ്രവർത്തകർ മുൻപേ പറഞ്ഞ വണ്ടിക്ക് സ്ഥലത്തെത്തി. അങ്ങനെ നടക്കുമ്പോൾ അതാ, ശരീര സൗന്ദര്യ മൽസരം!! എന്നാൽ വെറുതേ അതൊന്നു കണ്ടുകളയാം എന്നുറച്ച് ഈ ചങ്ങാതിമാർ മൽസരം കാണാൻ കയറി.

പ്രഭാപൂരത്തിൽ മുങ്ങിയ സ്റ്റേജിൽ അപ്പോളതാ വിളിച്ചു പറയുകയാണ്‌ :

ചെസ്സ് നമ്പർ നാനൂറ്റി മുപ്പത്തേഴ്‌!

പിന്നാലെ ദാ വരുന്നു... മസ്സിലും പെരുപ്പിച്ച്, ഉടലാകെ ഉരുട്ടിയുരുട്ടി നീല ഷഡ്ഡിയുമിട്ട് നമ്മടെ തോമാച്ചൻ!!


courtesy - bodybuilding.com

കണ്ടുനിന്ന സഹ അപ്പീസർമാർ അദ്ഭുതത്താൽ വായും പൊളിച്ചു നിന്നു!

തോമാച്ചൻ വേദിയുടെ മുന്നിലേക്കു വന്നു സദസ്സിലേക്കു കണ്ണോടിച്ചതും ദാ നിക്കുന്നു കൂട്ടുകാർ. അപ്പത്തന്നെ “ഡാ തോമാച്ചാ...” ന്ന്‌ അവർ ഒരു വിളി..!!

എന്തു പറയാൻ, ബലൂൺ പോലെ വീർത്തു നിന്നിരുന്ന തോമാച്ചന്റെ മസ്സിലൊക്കെ ഉപ്പിലിട്ട മാങ്ങാ പോലെ ചുളുങ്ങിപ്പോയി.


സോ, ചെസ്സ് നമ്പർ 437, തോമാച്ചനും കുടുംബത്തിനും വാവയ്ക്കും ആശംസകൾ!

Wednesday, August 13, 2014

പതിമൂന്നാന്തീ!

ചില ദിവസങ്ങൾ അങ്ങനെയാണ്‌. വമ്പൻ പ്രതീക്ഷകളോടെയും എളിയ ശ്രമങ്ങളോടെയും തുടങ്ങിയിട്ട് അവസാനം ഒരു കിഴവൻ കഴുതയെപ്പോലെ ഞരങ്ങി ഞരങ്ങിത്തീരും. അങ്ങനത്തെ ഒരു ദിവസത്തെപ്പറ്റിയാണ്‌ ഈ കുറിപ്പ്. ഇന്നത്തെ എന്റെ മൂഡോഫുകളുടെ കഥയിലേക്ക് സ്വാഗതം.

രാവിലെ പതിവിലും നേരത്തെ ഉണർന്നതിനു കാരണം മൂന്നു നാലു ദിവസമായിട്ടും മരുന്നു കഴിച്ചിട്ടും മാറാത്ത ചുമ നല്കിയ അലോസരമാണ്‌. ഹൈറേഞ്ചിലെ മഴക്കാലക്കുളിര്‌ രൂക്ഷമാണ്‌. ഇതിൽ നിന്നു രക്ഷപ്പെടാൻ കമ്പിളി കൊണ്ട് മൂടിപ്പുതച്ചും മങ്കിക്യാപ് ധരിച്ചുമാണ്‌ ഉറക്കം. എന്നിട്ടും രാവിലെ കഫം തൊണ്ടയിൽ കൂട്ടുകൂടി കഷ്ടപ്പെടുത്തിയപ്പോൾ എഴുന്നേറ്റു.

ഒരു വൻ യുദ്ധത്തിനൊടുവിൽ കണ്ഠത്തിലുടക്കിയ കഫത്തെ പറ്റുന്നത്ര ഗെറ്റൗട്ടടിച്ചിട്ട് പല്ലു തേപ്പും ഷേവിങ്ങും കഴിഞ്ഞപ്പോൾ ഇന്നത്തെ ദിനം നേരത്തെ തുടങ്ങിയെന്നോർത്ത് സന്തോഷിച്ചു. ആ അധികനേരത്ത് ബൈക്ക് കഴുകാമെന്നു വെച്ചു. വഴിയിലെ ചെളി മുഴുവൻ ചൂടി ഒരാഴ്ചയായി ഓടുകയാണ്‌ കുടുകുടുവണ്ടി. വാരാന്ത്യത്തിൽ വണ്ടി കഴുകാൻ പറ്റാഞ്ഞതിന്റെ കുറ്റം ഇന്നു തീർത്തു.

അത്യാവശ്യമുള്ള ചില ബാങ്കിടപാടുകൾ തീർക്കുന്നതിന്‌ അച്ഛനെ ഏർപ്പാടാക്കി. ബാങ്കിലടയ്ക്കാനുള്ള തുകയുടെ ചെക്ക് എഴുതി. നാളെ ഞാനും ബാങ്കിൽ നേരിട്ടു ചെല്ലണം. ഇത്രയൊക്കെയായപ്പോഴേക്കും സമയമായി. ഷർട്ട് നേരത്തെ ഇസ്തിരിയിട്ടു വെച്ചിട്ടുണ്ട്, അപ്പോൾ ആ പണി ഒഴിവായി. ഇന്നു പുതിയ പാന്റ്സ് ആണു ധരിക്കുന്നത്. അതിന്റെ ഒരു സന്തോഷവും ഉണ്ട്.

കുളിയൊക്കെ കഴിഞ്ഞ് വന്നപ്പോഴേക്കും മഴയായി. ഭക്ഷണം കഴിച്ച് കൃത്യ സമയത്തുതന്നെ ഇറങ്ങി. മഴയ്ക്ക് കാഠിന്യം കുറവാണ്‌. ടൗണിൽ പതിവു സ്ഥലത്ത് ബൈക്ക് പാർക്ക് ചെയ്തിട്ട് പതിവു ബസ്സിൽ ഓഫീസിലേക്ക് പോയി. പുറപ്പെട്ട ശേഷമാണ്‌ ആ സത്യം ഞാൻ തിരിച്ചറിഞ്ഞത്. മൊബൈൽ ഫോൺ എടുക്കാൻ മറന്നിരിക്കുന്നു!! മനസ്സിൽ ഒരു ചില്ലുകൊട്ടാരം ഉടഞ്ഞുവീണൂ. ഇന്നു ബുധനാഴ്ച. ഓഫീസിൽ വലിയ തിരക്കുള്ള ദിവസമാണ്‌. പലയിടത്തു നിന്നും ഔദ്യോഗിക ആവശ്യങ്ങൾക്ക് വിളി വരും. ബസ്സിൽ നിന്നും ഇറങ്ങി തിരികെ വീട്ടിൽ വന്ന്‌ മൊബൈൽ എടുത്താലോ എന്നു വരെ ചിന്തിച്ചുപോയി.

ബെസ്റ്റ്!! പത്തരയ്ക്ക് ജില്ലാ കളക്ടറുടെ ചേംബറിൽ ഒരു മീറ്റിങ്ങ് ഉണ്ട്. ബന്ധപ്പെട്ട സെക്‌ഷനിലെ ആൾ ലീവായതുകൊണ്ട് പകരം ഞാൻ കയറണം. അതുകൊണ്ട് ഇന്നെന്തായാലും താമസിച്ച് ഓഫീസിലെത്താൻ പറ്റില്ല. ഫോൺ ഇല്ലാതെ തന്നെ യാത്ര തുടരാൻ നിശ്ചയിച്ചു. ഓഫീസിൽ വന്നയുടനെ വീട്ടിൽ വിളിച്ച് ഞാൻ ഫോൺ എടുത്തിട്ടില്ലെന്ന്‌ അറിയിച്ചു. അച്ഛൻ ബാങ്കിൽ പോകുന്ന സമയത്ത് എന്തെങ്കിലും ആവശ്യം വന്നാൽ ഓഫീസ് നമ്പറിൽ വിളിച്ചാൽ മതിയെന്ന്‌ ശട്ടം കെട്ടി.

രണ്ടു മൂന്നു ദിവസമായി ചെയ്യാൻ പറ്റാതിരുന്ന ഒരു ഓർഡർ തയ്യാറാക്കി ഒപ്പിടുവിച്ച് അയക്കണം. അതിന്‌ അവലംബമായ അപേക്ഷ ഇന്നലെ മുതൽ തിരയുന്നതാണ്‌. അവസാനം സ്കാൻ ചെയ്തതിന്റെ പ്രിന്റ് എടുത്ത് ഫയൽ എഴുതി വെക്കാമെന്നു നിനച്ചു. പക്ഷേ പ്രിന്ററിന്റെ ടോണർ നിറയ്ക്കാനായി ഇന്നലെ കൊടുത്തിരിക്കുകയാണ്‌. മറ്റൊരു പ്രിന്ററിലെ കാട്രിഡ്ജ്‌ തല്ക്കാലത്തേക്ക് എടുത്ത് പ്രിന്റെടുത്തു ഫയലാക്കി. അപ്പോഴേക്കും മീറ്റിങ്ങിനു പോകാറായി.

ഇടുക്കി മെഡിക്കൽ കോളേജ് രൂപീകരണം സംബന്ധിച്ച യോഗമാണ്‌. മെഡിക്കൽ കോളേജിന്റെ സ്പെഷ്യൽ ഓഫീസറും പ്രിൻസിപ്പലും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കളക്ടറുടെ അധ്യക്ഷതയിൽ കൂടിയിരിക്കുകയാണ്‌. ആ യോഗത്തിൽവെച്ചു ഞാൻ അനിയന്ത്രിതമായി ചുമയ്ക്കാൻ തുടങ്ങി. ഒരു റൗണ്ട് കഴിയുമ്പോൾ തുടങ്ങും അടുത്തത്. ഇറങ്ങിപ്പോകാനും വയ്യ, ഇരിക്കാനും വയ്യ, അടക്കിവെക്കാനും വയ്യ! ചുമച്ചു തുമച്ച്‌ എന്റെ കണ്ണു നിറഞ്ഞു. ഭാഗ്യത്തിന്‌ അപ്പോൾ ചായ എത്തി. ചൂടു ചായ രണ്ടു കവിൾ മൊത്തിക്കുടിച്ചപ്പോൾ തൊണ്ടയിലെ കിരുകിരുപ്പും ചുമയും ശമിച്ചു. പിന്നീട് യോഗത്തിൽ എന്റെ സാന്നിദ്ധ്യം ശാന്തമായിരുന്നു.

യോഗം കഴിഞ്ഞിറങ്ങിയപ്പോൾ കാല്പാദത്തിന്റെ ഒരു വശത്ത് ചോര ഒലിക്കുന്നു. അട്ട! ഓഫീസിന്റെ പരിസരത്തും റോഡരികിലുമെല്ലാം മഴയായാൽ അട്ടയുടെ എട്ടുകളിയാണ്‌. രാവിലെ ബസ്സിറങ്ങി ഓഫീസിലേക്കു നടന്നു വരുന്ന വഴി എപ്പോഴോ കയറിപ്പറ്റിയതായിരുന്നു ഈ അട്ട. ആശാൻ പണ്ടേ ആവശ്യത്തിനു ചോര മോന്തി സ്ഥലം കാലിയാക്കിയിരുന്നു. പുത്തൻ പാന്റ്സിന്റെ അടിഭാഗത്ത് അല്പം ചോര പറ്റിയിട്ടുണ്ടെങ്കിലും ഇരുണ്ട നിറമുള്ള തുണിയായതിനാൽ ഒന്നും കാണാനില്ല. തുടർന്ന് ഞാൻ കാൽ കഴുകാൻ പോയി.

സീറ്റിൽ ചെന്നപ്പോൾ അവിടെ പൂരത്തിനുള്ള ആൾ. ഓരോ അപേക്ഷയും വാങ്ങി അതിനുള്ള മറുപടിയും പറഞ്ഞു. ഇന്നു തന്നെ തയ്യാറാക്കേണ്ട റിപ്പോർട്ടുകൾക്കുള്ള പേപ്പറുകൾ ശരിയാക്കൻ ഏർപ്പാടുണ്ടാക്കി. രാവിലെ ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ഓർഡർ ഡ്രാഫ്റ്റ് ചെയ്ത് വേഗം തന്നെ സാങ്ക്‌ഷനാക്കി അയയ്ക്കാൻ ഏല്പ്പിച്ചു. സമയം 12.45! അതിനിടയിൽക്കൂടി തുരുതുരെ ഫോൺ കാളുകൾ(ഓഫീസ് ഫോണിൽ). ഊണുകഴിക്കാൻ പോകുമ്പോളും ഇന്നു തയ്യാറാക്കാനുള്ള റിപ്പോർട്ടുകളുടെ മൂന്നു ഫയലുകളിൽ തൊടാൻ പോലും നേരം കിട്ടിയില്ല.

ഊണുകഴിഞ്ഞു വന്നപ്പോൾ ബാങ്കിൽ നിന്നും വിളി വന്നിരുന്നു. തിരിച്ചു വിളിച്ചു. എഴുതിക്കൊടുത്ത ചെക്ക് അവിടെ മാറാൻ പറ്റില്ലെന്ന്‌. തിരിച്ചടവ്‌ ഒരു ദിവസം കൂടി വൈകും. അങ്ങനെ ഇന്നത്തെ കാര്യം അവിടെയും ഗോവിന്ദ!

വരുന്നവഴി വരാന്തയിലെ ബെഞ്ചിൽ ഒരു മുഖം കണ്ടപ്പോൾ ഒന്നു ഞെട്ടി. ഇയാൾ ഇന്നും വന്നോ!!? കക്ഷി ഒരു ശല്യക്കാരൻ വ്യവഹാരിയാണ്‌. സാവധാനം അയാളുടെ കാര്യം തീരുമാനമാക്കാം എന്ന്‌ പറഞ്ഞാൽ കേൾക്കില്ല. കൊടുക്കുന്ന മറുപടികൾ ഒരു ചെവീൽ കൂടി കയറ്റി മറ്റേ ചെവിയിൽ കൂടി പുറത്തു കളയും. സീറ്റിനു സമീപം തോക്കുപോലെ വന്നു നിൽക്കും, എന്നിട്ട് മോണിട്ടറിലേക്കു നോക്കിക്കൊണ്ട് നിൽപാണ്‌. അങ്ങനെ കക്ഷികൾ നിന്നാൽ എനിക്ക് കംഫർട്ടബിളായി ജോലി ചെയ്യാൻ സാധിക്കില്ല. നമ്മൾ നിരീക്ഷിക്കപ്പെടുന്നു എന്നൊരു തോന്നൽ അറിയാതെ അലട്ടിക്കൊണ്ടിരിക്കും. ഇത് ജോലിയുടെ ഒഴുക്കിനെ ബാധിക്കുമെന്നതിനാൽ അങ്ങനെ നിൽക്കുന്നവരെ ഞാൻ മാറ്റി നിർത്താറുണ്ട്. ഇയാളോടും മറുപടി പറഞ്ഞ ശേഷം ഞാൻ ജോലിയിൽ മുഴുകി. അപ്പോഴും ഇങ്ങേർ ഈ നിൽപാണ്‌. അര മണിക്കൂർ കഴിഞ്ഞു കാണും, അയാൾ സ്വയം പിൻവാങ്ങി (സർക്കാരിനെ കബളിപ്പിക്കുന്നതു തൊഴിലാക്കിയ ആളായതുകൊണ്ടാണു കെട്ടോ ഈ സമീപനം). പക്ഷേ, ഒന്നുറപ്പ് - അയാൾ മൂന്നു പ്രവൃത്തി ദിവസങ്ങൾക്കകം വീണ്ടും വരും.

രണ്ടു റിപ്പോർട്ടുകൾ അയച്ചു. ഇനി ഒന്നു കൂടി. അതിന്റെ പണി തുടങ്ങുന്ന നേരത്ത് ‘കാതു കുത്തിയവൻ പോയപ്പോൾ കടൂക്കനിട്ടവൻ വന്നു’ എന്നു പറയുന്ന പോലെ ഒരു കടുംവെട്ട് കക്ഷി വന്നു. ഇതും നമ്മുടെ ഒരു സ്ഥിരം ക്ലയന്റാണ്‌. ഇയാളുടെ അപേക്ഷയിലെ സർക്കാർ ഉത്തരവു സംബന്ധിച്ച് ഒരു തർക്കമുണ്ട്. അതിന്റെ റിപ്പോർട്ടു കിട്ടാതെ ഇങ്ങേരുടെ പ്രശ്നം പരിഹരിക്കാനാവില്ല എന്ന വിവരം എനിക്കറിയാവുന്ന എല്ല ഭാവത്തിലും വികാരത്തിലും അയാളുടെ മുഖത്തു നോക്കിയും ആവർത്തിക്കേണ്ടി വന്നപ്പോൾ സ്ക്രീനിൽ നിന്നു കണ്ണെടുക്കാതെയും അയാളെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. പത്തുപതിനഞ്ചു മിനിറ്റ് വേണ്ടിവന്നു അയാളെയും വല്ലവിധേനയും ഒന്നു സമാധാനിപ്പിച്ചു വിടാൻ. ധൃതി കൂട്ടി റിപ്പോർട്ട് പ്രിന്റെടുത്തു. അപ്പോൾ അതിൽ ഒരു പിശക്‌. ഏറ്റവും അത്യാവശ്യമായി എന്നെല്ലാം ഡ്രാഫ്റ്റ് തയ്യാറാക്കിയോ അന്നെല്ലാം അതിൽ അറ്റകുറ്റപ്പണി വേണ്ടിവന്നിട്ടുണ്ട്. ഇന്നും വിഭിന്നമല്ല. ഡ്രാഫ്റ്റ് റെഡിയായപ്പോൾ ഫയലിൽ ഒപ്പിടേണ്ട ഏമാൻ സീറ്റിലില്ല. കളക്ടറുമായി സംസാരിക്കുന്നു. കാത്തു നിന്നുനിന്ന്‌ ഒരു ഇരുപത്തഞ്ചു മിനിറ്റും പതിവായി പോകുന്ന ബസ്സും കടന്നുപോയി. അവസാനം കക്ഷിയുടെ കൈവശം റിപ്പോർട്ട് കൊടുത്തയച്ചപ്പോൾ നേരം ഏറെ വൈകി. അതിനിടെ, റിപ്പോർട്ടു കൈപ്പറ്റി എന്നെഴുതി ഒപ്പിട്ടു തരാൻ പറഞ്ഞപ്പോൾ ‘കയ്യിൽ പറ്റി’ എന്നയാൾ എഴുതിവെച്ചത് പിന്നീട് ചിരിക്കാനും വകനല്കി. വാലിനു തീപിടിച്ചതുപോലെ തിരക്കിട്ട് കാര്യങ്ങൾ നടത്തേണ്ടി വന്ന മറ്റൊരു ദിനം കൂടി.

തിരികെ പോരുമ്പോൾ ഉടനീളം മഴ. കട്ടപ്പനയ്ക്കുള്ള വഴിയിൽ നിറയെ മഞ്ഞ്. ബസ്സിലിരുന്ന്‌ അതികഠിനമായി ചുമച്ചു. അത് ഏറിയപ്പോൾ എനിക്ക് എന്നോടു തന്നെ ഈർഷ്യ തോന്നി. ഭാഗ്യവശാൽ അല്പം കഴിഞ്ഞപ്പോൾ ശമനമുണ്ടായി. ടൗണിൽ നിന്നും വീട്ടിലേക്കു ബൈക്കിൽ വരുമ്പോഴും മഴ. ചുരുക്കത്തിൽ രാവിലെ വണ്ടി കഴുകിയതിന്റെ ഗുണം തീർന്നുകിട്ടി. ഒരു ദിവസം തികച്ച് വൃത്തിയായിട്ടിരിക്കാൻ വണ്ടിക്ക് യോഗമില്ലെന്നു തോന്നുന്നു.

സകല പ്രസരിപ്പും വറ്റി ചുമച്ചു പൊട്ടിയ തൊണ്ടയും മഴയേറ്റു വിറങ്ങലിക്കുന്ന ശരീരവുമായി നാളെയെങ്കിലും നന്നാവുമെന്ന പ്രതീക്ഷയോടെ!


PS : നാളെ നന്നാവാനേ തരമുള്ളൂ. കാരണം ഞാൻ ഒരു ഓഫ് എടുക്കുകയാണു നാളെ!

Monday, July 14, 2014

റവന്യൂ മീറ്റ്

ലിംകുമാർ എന്ന ഓഫീസ് അറ്റൻഡന്റിനെ സലിയച്ചൻ എന്നാണ്‌ എല്ലാവരും വിളിക്കുന്നത്. ഇന്ത്യാക്കർ നാലു വർഷം കൂടുമ്പോൾ കെട്ടും കെടയുമെടുത്തു ഒളിമ്പിക്സിനു പോകുന്നതു പോലെ പണ്ടൊരിക്കൽ സലിയച്ചനും മറ്റ്‌ കുറേ വിദ്വാന്മാരും കൂടി തിരുവനന്തപുരത്തു പോയി - റവന്യൂ കായികമേളയിൽ പങ്കെടുക്കാൻ. അന്നു വീണ ഒരു ഡയലോഗിനെപ്പറ്റിയാണ്‌ ഈ കഥ.

ഓഫീസിലെ പതിവു ജോലികളും (ജോലിയില്ലായ്മയും) ഇടയ്ക്കൊക്കെ വന്നു വീഴുന്ന ഔദ്യോഗികയാത്രകളും കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാൻ പറ്റിയ അവസരങ്ങൾ സർക്കാർ സർവ്വീസിൽ കുറവാണ്‌. ട്രാക്കും ഫീൽഡും സ്കൂൾ പഠനകാലത്തുപോലും കാണാത്തവരും സർക്കാർ ഉദ്യോഗസ്ഥരുടെ മൽസരങ്ങൾക്കു പോകുന്നതിന്റെ ഒരു കാരണം ഈ അടിച്ചുപൊളിക്കൽ തന്നെയാണ്‌. ഇടുക്കിയിൽ നിന്നും പണ്ടൊരു ടീം വോളിബോൾ കളിക്കാൻ പോയിട്ട് കപ്പടിക്കാൻ പറ്റണേ എന്നല്ല പ്രാർഥിച്ചത്. മറിച്ച്, ആദ്യത്തെ റൗണ്ടിൽ തന്നെ ഔട്ടാകണേ എന്നാണ്‌. എങ്കിൽ പിന്നെ മീറ്റിന്റെ ശേഷിച്ച ദിവസങ്ങൾ പരിസരങ്ങളിലൊക്കെ കറങ്ങി ലാലാ പാടി നടക്കാമല്ലോ!

കഥാനായകൻ സലിയച്ചന്റെ ഐറ്റം ഓട്ടമായിരുന്നു. ദീർഘദൂരൻ. ആളു സ്പോർട്സ്മാൻ ആണോ അതോ ഇനി പട്ടി ഓടിക്കുമ്പോൾ മാത്രമേ ഓടാറുള്ളോ എന്നൊന്നും അറിയാന്മേല. മദ്യപാനശീലത്തിനു കുപ്രശസ്തിയുള്ള ഡിപ്പാർട്ട്മെന്റിന്റെ നല്ല സാമ്പിളായിരുന്നു ഈ സംഘം. പകലുമുഴുവൻ കോർട്ടിലെ മൽസരം.സന്ധ്യ കഴിഞ്ഞാൽ കുപ്പീം ഗ്ലാസ്സും കൊണ്ട് മൽസരം. അങ്ങനെ കലാപരിപാടികൾ മുറയ്ക്കു നടന്നു, മൽസരദിവസം സലിയച്ചൻ ട്രാക്കിലിറങ്ങി. സഹപ്രവർത്തകർ അങ്ങുമിങ്ങുമായി മൽസരം കാണാൻ നില്ക്കുന്നുണ്ട്.

ഓട്ടക്കാർ നിരന്നു. വിസിൽ മുഴങ്ങി. സലിയച്ചനെ അനായാസം പിന്തള്ളി മിടുക്കന്മാർ അതിവേഗം ബഹുദൂരം മുന്നേറി. മൽസരം തീർന്നു.

പിന്നീടു കണ്ടപ്പോൾ സഹപ്രവർത്തകൻ ക്ലർക്ക് ശ്രീ.കഠിനംകുളം കുഞ്ഞുമോൻ സലിയച്ചനോട് ഒരു വിവരം അന്വേഷിച്ചു. സലിയച്ചൻ കുഞ്ഞുമോൻ സാറിനെ ഊടുപാട് തെറി. സലിയച്ചനോട് ഇപ്പോ അക്കാര്യം തിരക്കിയാലും അന്നു കുഞ്ഞുമോൻ സാറിനു കിട്ടിയതിന്റെ വീതം നമുക്കും കിട്ടും. പക്ഷേ ചോദിക്കുമ്പോൾ കുഞ്ഞുമോൻ സാറിന്റെ തിരുവനന്തപുരം ശൈലിയിൽ തന്നെ ചോദിക്കണം - “ടേയ് സലീ... നീയ്യൊരു യേഴു പേരെയും ഓട്ടിച്ചോണ്ടു പോണ കണ്ടല്ലാടേയ്!! അതെന്തരായിര്‌ന്ന്‌ ??”

Sunday, May 04, 2014

ഇടവേളയ്ക്കു ശേഷം

ആഫീസ് കഥകളുടെ ഗണത്തിലേക്ക് ഒന്നു കൂടി...

ടുക്കി ജില്ലയിലെ ഒരു വില്ലേജ് ആഫീസാണു രംഗം. നേരം രാവിലെ ഒൻപതേ മുക്കാലാകുന്നു. എന്റെ സുഹൃത്തായ ഒരു വില്ലേജ് അസിസ്റ്റന്റ് ആണ്‌ സീനിൽ. ചെയ്തു തീർക്കാൻ പണി അധികമുള്ളതുകൊണ്ട് നേരത്തെ വന്ന്‌ ഓഫീസ് തുറന്ന് ഓരോ എഴുത്തുകുത്തുകൾ നടത്തുകയാണ്‌. ഇടപാടുകാരൊക്കെ വരുന്ന നേരമാകുന്നതേയുള്ളൂ. അപ്പോൾ, കാലേകൂട്ടി വന്ന ഒരു സ്ത്രീ ആഫീസ് മുറിയിലേക്കു കടന്നു വന്നു. സ്വസ്ഥമായി പണി ചെയ്യുന്നതിനായി നേരത്തെ വന്നിരിക്കുന്ന നേരത്ത് കയറിവന്നിരിക്കുന്ന ഈ സ്ത്രീയെ ഒരു ശല്യമായാണ്‌ അയാൾക്കു തോന്നിയത്. എന്തയാലും വന്നതല്ലേ, അവരുടെ മുഖത്തു പോലും നോക്കാതെ ഇരിക്കാൻ പറഞ്ഞു. മേശയ്ക്കു മുന്നിലെ കസേരയിൽ അവർ ഇരുന്നു. അയാൾ അപ്പോഴും രജിസ്റ്ററിൽ നിന്നും കണ്ണെടുക്കാതെ എഴുത്തു തുടർന്നു.


കുറെ നേരമായിട്ടും അവർ ഒന്നും മിണ്ടാതിരുന്നപ്പോൾ അയാൾ ചോദിച്ചു. - “എന്താ വന്ന കാര്യം..?”

“സാറെ, കരമടയ്ക്കാനായിരുന്നു..” അവരുടെ മറുപടിയിൽ ഒരു സംശയഭാവം നിഴലിച്ചിരുന്നു.

ഭൂനികുതി സ്വീകരിച്ച് രസീതു കൊടുക്കുന്നത് പത്തുമണിക്കു ശേഷമേ ചെയ്യൂ എന്നതാണു കീഴ്വഴക്കം. എന്തായാലും മറ്റു വിവരങ്ങൾ ചോദിച്ചു.

“പഴയ രസീതു കൊണ്ടുവന്നിട്ടുണ്ടോ?”

“ഇല്ല. പഴയ രസീതൊന്നും കൈയ്യിലില്ല.” പഴയ രസീതുണ്ടെങ്കിൽ വില്ലേജ് റിക്കാർഡിൽ ഭൂവുടമയുടെ തണ്ടപ്പേർ നമ്പർ കണ്ടെത്താൻ എളുപ്പമാണ്‌. അതിനായി കരമടയ്ക്കാൻ ചെല്ലുന്നവരോട് മുൻപു കരമടച്ച രസീത് ആവശ്യപ്പെടുക പതിവുണ്ട്. ഇവരുടെ പക്കൽ അതില്ലെന്നറിഞ്ഞതോടെ എന്റെ കൂട്ടുകാരൻ അല്പം നിരാശനായി.

“ആധാരം... ഉണ്ടോ?” അടുത്ത ചോദ്യം.

“ഇല്ല.”

“ആട്ടെ, തണ്ടപ്പേർ നമ്പർ അറിയാമോ?”

“അറിയില്ല!”

“സർവ്വേ നമ്പരോ..?”

“അറിയില്ല.” തുടർന്ന് സ്ഥലം സ്ഥിതി ചെയ്യുന്നത് ഏതു പ്രദേശത്താണെന്നു വിവരിച്ചുതന്നു. റീസർവ്വേ കഴിഞ്ഞ സ്ഥലമാണ്‌. പഴയ സർവ്വേ നമ്പരല്ല നിലവിൽ ഉപയോഗിക്കുന്നത്.

“സർവ്വേ നമ്പരെങ്കിലും അറിയാതെ കാര്യമില്ലല്ലോ. ഉം... എത്രനാളായി കരമടച്ചിട്ട്..??”

“കുറെ നാളായി...” വർഷങ്ങളായി എന്നു ചുരുക്കം. രാവിലെ തന്നെ ഒരു വള്ളിക്കേസ് വന്നു കേറി എന്നുറപ്പിച്ചെങ്കിലും അപ്പോഴും ഇയാൾ മുഖമുയർത്തി ആ സ്ത്രീയെ നോക്കിയില്ല.

“നിങ്ങളിത്രേം നാൾ എവിടെയായിരുന്നു??” അയാളുടെ സ്വരത്തിൽ നേരിയ പുച്ഛം കലർന്നിരുന്നു. പക്ഷേ അതിന്‌ ആ സ്ത്രീ തന്ന മറുപടി അയാളെ ഞെട്ടിച്ചുകളഞ്ഞു :

“ഞാൻ ജയിലിലാരുന്നു സാറെ!”

അപ്പോൾ മാത്രമാണ്‌ അയാൾ അവരെ ശ്രദ്ധിച്ചത്. ഏകദേശം അൻപതു വയസ്സു പ്രായമുണ്ടാവും അവർക്ക്. അവരുടെ സ്വരത്തിലും മുഖത്തും തികഞ്ഞ നിസ്സംഗതയായിരുന്നു.

“നി..നിങ്ങളെന്തിനാ ജയിലിൽ..??”

“കൊലപാതകമായിരുന്നു സാറെ!!” അതുകൂടി കേട്ടതോടെ അയാൾ പേന താഴെ വെച്ചു. അതു പറയുമ്പോഴും അവരിൽ അതേ നിസ്സംഗത നിറഞ്ഞു നിന്നു. സാധാരണ വണ്ണവും പൊക്കവും മാത്രമുള്ള ഒരു വീട്ടമ്മ. അവരെ കണ്ടാൽ ഒരു കൊലപാതകക്കുറ്റത്തിനു ജയിൽ ശിക്ഷ കഴിഞ്ഞയാളിന്റെ യാതൊരു ലക്ഷണവും പറയാനുമില്ല.

“ആരെയാ കൊന്നത്??”

ഇടനേരത്തെ മൗനത്തിനു ശേഷം അവർ പറഞ്ഞു : “പുള്ളിക്കാരനെക്കൊണ്ട് ഭയങ്കര ശല്യമാരുന്നു സാറെ. എന്നും കുടീം ബഹളോം. അന്ന്‌... അന്നെനിക്ക് അങ്ങനെ ചെയ്യാനേ തോന്നിയുള്ളൂ.. സഹികെട്ടപ്പഴാ, ഞാൻ ആ കൊച്ചിനേം എടുത്തോണ്ട് പോയി പുഴേലോട്ട് ചാടി... ആരാണ്ടൊക്കെക്കൂടി എന്നെ രക്ഷപ്പെടുത്തി. പക്ഷെ കൊച്ച് ഒഴുകിപ്പോയി. കുറെ കഴിഞ്ഞപ്പോ കൊച്ചിന്റെ ശവം കിട്ടി. പൊലീസു വന്നു. ഞാൻ കൊലപാതകി ആയി.”

ബാക്കി കഥ ഇങ്ങനെ ചുരുക്കിപ്പറയാം. ആ സ്ത്രീ അകത്തായി. കേസ് നടത്താൻ പോലും ആരും ഇവരെ സഹായിച്ചില്ല. ഒടുക്കം ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഈ ലോകത്ത് തികച്ചും ഏകയാണെന്ന് അവർക്കു മനസ്സിലായി. ഭർത്താവ് മറ്റൊരു സ്ത്രീയുമായി പണ്ടേക്കുപണ്ടേ ജീവിതം തുടങ്ങിയിരുന്നു. അമ്മയും അച്ഛനും മരിച്ചു. സ്വന്തമെന്നു പറയാൻ ആരുമില്ലാതായി. ശിക്ഷ കഴിഞ്ഞുവന്ന് ഇവർ സമീപത്തുള്ള ഒരു കന്യാസ്ത്രീ മഠത്തിൽ അല്ലറചില്ലറ പണികളൊക്കെ ചെയ്തു കഴിയുന്നു.

മാതാപിതാക്കളിൽ നിന്നും ഇവർക്കു ലഭിച്ചതായിരുന്നു കരമടയ്ക്കാനായി ഇവർ സൂചിപ്പിച്ച സ്ഥലം. നിലവിൽ അതു ഭർത്താവാണ്‌ കൈവശം വച്ചിരിക്കുന്നത്. സത്യത്തിൽ അത് ഈ സ്ത്രീയുടെ പേരിൽത്തന്നെ ഉണ്ടായിരുന്ന സ്ഥലമാണ്‌. അതൊന്നു കരമടച്ചു കിട്ടാൻ വല്ല വഴിയുമുണ്ടോ എന്നറിയാൻ വന്നതായിരുന്നു അവർ.

ഹതാശയായ ആ സ്ത്രീക്ക് ആ സ്ഥലം പിടിച്ചുവാങ്ങിച്ചിട്ട് ഒന്നും നേടാനില്ലായിരുന്നു. അതിന്‌ അവർ പറഞ്ഞത് ഇങ്ങനെയാണ്‌ : “എനിക്ക് എന്റെ അപ്പനമ്മമാരായിട്ട് തന്ന സ്ഥലമായതുകൊണ്ടാ സാറെ.. ഇനി അല്ലേത്തന്നെ അതു കിട്ടിയാലും എനിക്കതുകൊണ്ട് വെല്യ പ്രയോജനമൊന്നും ഇല്ല. എനിക്കു പോകാൻ മറ്റൊരിടവുമില്ല. അതുകൊണ്ടാ...”

അവരെ സഹായിക്കണമെന്നുണ്ടായിരുന്നു അയാൾക്ക്. അവരുടെ സ്ഥലത്തിന്റെ അടുത്തുള്ള പുരയിടത്തിന്റെ സർവ്വേ നമ്പർ കണ്ടുപിടിക്കാൻ പറഞ്ഞേല്പ്പിച്ചിട്ട് അവരെ അന്നു യാത്രയാക്കി. അതിനു ശേഷം പരിസരങ്ങളിൽ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞതെല്ലാം സത്യമായിരുന്നെന്നും മഠത്തിലാണ്‌ അവർ കഴിഞ്ഞുകൂടുന്നതെന്നും അറിയാനും പറ്റി.

പിന്നീട് ഒരു വർഷത്തോളം ഇദ്ദേഹം ആ ആഫീസിൽ ഉണ്ടായിരുന്നു. അക്കാലത്തൊന്നും കൈവിട്ടുപോയ ഭൂസ്വത്ത് തിരികെപ്പിടിക്കാൻ ആ സ്ത്രീ വീണ്ടും വില്ലേജ് ആഫീസിന്റെ പടികയറി വന്നില്ല. എല്ലാം നഷ്ടപ്പെട്ട ജീവിതം ആ കന്യാസ്ത്രീമഠത്തിന്റെ അടുക്കളയിൽ അവർ ഒതുക്കിക്കളഞ്ഞുകാണണം.

Wednesday, March 12, 2014

എൻക്വയറി റിപ്പോർട്ട്


ആമുഖം - ഇത് ഒരു സഹപ്രവർത്തകൻ പറഞ്ഞ കഥയാണ്‌. ആഫീസ് കഥകൾ എന്ന് ഈ യഥാർഥ സംഭവങ്ങളെ വർഗ്ഗീകരിക്കുമ്പോൾ തന്നെ മിക്കതും ഞാൻ ജോലി ചെയ്യുന്ന റവന്യൂ വകുപ്പിൽ ഉണ്ടായിട്ടുള്ള സംഭവങ്ങളാണ്‌. ജനങ്ങളോട് അടുത്തിടപഴകുന്ന ഒരു വകുപ്പ് എന്ന നിലയിൽ ജീവിത ഗന്ധിയായ അനേകം സംഭവങ്ങൾക്ക് റവന്യൂ ഡിപ്പാർട്ട്മെന്റിലെ, പ്രത്യേകിച്ചും വില്ലേജാഫീസിലെ, ജീവനക്കാർ സാക്ഷ്യം വഹിക്കാറുണ്ട്. അങ്ങനെയുള്ളവയിൽ ഞാൻ കേട്ട ഒരു കഥ എന്റെ വാക്കുകളിൽ..

ഇടുക്കി ജില്ലയിലെ ഒരു മലമ്പ്രദേശത്തെ വില്ലേജതിർത്തിയിലാണ്‌ ഈ സംഭവം നടക്കുന്നത്. തിരക്കുകൾ മുൻകൂട്ടി പ്രവചിക്കാൻ സാധ്യമല്ലാത്ത ഒരിടമാണ്‌ വില്ലേജാഫീസ്. അതിനാൽ ഓഫീസിലെ പതിവു പണികൾക്കു മുടക്കം വരാത്തവിധം അഞ്ചു മണിക്കുശേഷമാണ്‌ ഞാൻ അപേക്ഷകളിലും പരാതികളും സംബന്ധിച്ചുള്ള അന്വേഷണങ്ങൾക്കു പോവാറ്‌. അന്ന്‌ വില്ലേജാഫീസർ എന്നെ ഏല്പ്പിച്ചത് ഒരാളുടെ മരണത്തിന്റെ പിന്നാലെ ഉയർന്ന പരാതിയുടെ അന്വേഷണമാണ്‌.

കെ.എസ്.ഇ.ബി.വക സ്ഥലത്ത് പുല്ലുചെത്താൻ പോയ ഒരാൾ പൊട്ടിക്കിടന്നിരുന്ന ലൈനിൽ നിന്നോ മറ്റോ ഷോക്കേറ്റു മരിച്ചു. ഇയാളുടെ കുടുംബത്തിനു സർക്കാരിൽ നിന്നും യാതൊരു വിധത്തിലുള്ള ധനസഹായവും ലഭിച്ചില്ല. വൈദ്യുതി ബോർഡിൽ നിന്നും ഒരു തുക ഇവർക്കു നഷ്ടപരിഹാരമായി കിട്ടാൻ അർഹതയുണ്ടത്രേ. എന്നാൽ, ബോർഡ് വക സ്ഥലത്ത് അതിക്രമിച്ചു കടന്നു എന്നൊരു ന്യായം പറഞ്ഞ് ആ തുക നല്കാൻ അവർ കൂട്ടാക്കുന്നില്ല എന്ന്‌ പരേതന്റെ ഭാര്യ നല്കിയ പരാതിയിലാണ്‌ അന്വേഷണം നടത്തേണ്ടത്.

അങ്ങനെ വൈകിട്ട് ഒരു വില്ലേജ്മാനെയും സഹായത്തിനു കൂട്ടി ഞാൻ പരാതിക്കാരിയുടെ വാസസ്ഥലത്തേക്കു പോവുകയാണ്‌. ഏറെ ദൂരം നടന്നും കുന്നു കയറിയും നേരം മയങ്ങിയപ്പോൾ ആ ഒറ്റമുറി വീട്ടിൽ ഞങ്ങൾ എത്തി. വീട്ടിലുള്ളത് പരാതിക്കാരിയും അമ്മായിയമ്മയും മൂന്നോ നാലോ വയസ്സു പ്രായമുള്ള ഒരു മകളും. കുടുംബത്തിന്റെ അവസ്ഥ ഒറ്റ നോട്ടത്തിൽ മനസ്സിലാകുമായിരുന്നു. കൂലിപ്പണിക്കാരനായിരുന്ന ഗൃഹനാഥന്റെ മരണം ഈ കുടുംബത്തെ തകർത്തിരിക്കുന്നു. അമ്മയ്ക്കു പണിയെടുത്തു ജീവിക്കാനുള്ള പ്രയം കടന്നു. അമ്മയുടെയും മകളുടെയും ചുമതല പൂർണ്ണമായും ഇരുപത്തഞ്ചിൽ താഴെ മാത്രം പ്രായമുള്ള ഈ വിധവയുടെ ചുമലിലായി. അധ്വാനിച്ചു കിട്ടുന്നതു കൊണ്ട് പൊന്നു പോലെ കുടുംബം നോക്കിയിരുന്നു, ഭർത്താവ്. ഇവൾക്കു പണിക്കൊന്നും ഇതുവരെ പോകേണ്ടി വന്നിട്ടില്ല. ഇപ്പോൾ വല്ലപ്പോഴും മാത്രം കിട്ടുന്ന പണിക്കു പോയി ഒപ്പിക്കുന്ന കൂലി കൊണ്ട് അരിഷ്ടിച്ചു ജീവിക്കുന്നു എന്നതാണു സ്ഥിതി.

വിവരങ്ങളെല്ലം ചോദിച്ചറിയുന്നതിനിടെ ആ അമ്മ ഒരു രഹസ്യം പോലെ എന്നോടു പറഞ്ഞ വാചകം കേട്ട് ഞാൻ സ്തബ്ധനായിപ്പോയി.

“അതേ, സാറെ, പൈസാ വല്ലോം കിട്ടുന്ന കാര്യമാണെങ്കി അത്‌ എന്റെ പേരിൽ കിട്ടുന്നതു പോലെ എഴുതിക്കോണേ...”

ഓ... സ്വന്തം മകൻ മരിച്ചതിനു കിട്ടിയേക്കാവുന്ന പണത്തിന്റെ മേൽ ഇവർക്കിങ്ങനെ ഒരു ഗൂഢതാല്പര്യമോ! എന്തെങ്കിലുമാകട്ടെ, അവരുടെ വീടിനകം കൂടി ഒന്നു കണ്ടേക്കാമെന്നു വെച്ച് ഞാൻ കയറിനോക്കി. മുൻപ് പറഞ്ഞതു പോലെ ഒറ്റമുറി. ഇരിക്കാനും കിടക്കാനും ഭക്ഷണം പാകം ചെയ്യാനും അവിടം മാത്രം. അയയിൽ തുണികളൊക്കെ തൂക്കിത്തൂക്കിയിട്ടിരിക്കുന്നു. മുറിയുടെ മൂലയ്ക്ക് ഒരു പായയിൽ ആ പെൺകുഞ്ഞു കിടന്നുറങ്ങുന്നു. ഭക്ഷണം പാകം ചെയ്യുന്നിടത്ത് ഒരു കലത്തിൽ വെള്ളം വെട്ടിത്തിളയ്ക്കുന്നു. വെള്ളം മാത്രം!

പരേതന്റെ ഭാര്യയെ കണ്ട് കാര്യങ്ങൾ പറഞ്ഞു. ഊഹിച്ചതിനെക്കാൾ മോശമായിരുന്നു ആ കുടുംബത്തിന്റെ അവസ്ഥ. ഇന്നു പണിയില്ലായിരുന്നു. വീട്ടിലാണെങ്കിൽ ഒരു സാധനമില്ല. ദൈന്യം വിവരിക്കുന്നതിനിടയിൽ അവർ പറഞ്ഞ ഒരു കാര്യം മുള്ളുപോലെ എന്റെ ഉള്ളിൽ കൊളുത്തിവലിച്ചു.

“എന്റെ സാറെ, ഇവിടെയാണെങ്കിൽ ഒരു മണി അരിയില്ല. വിശന്നിട്ട് ആ കൊച്ചു കിടന്നു കരയുവാരുന്നു ഇത്രേം നേരം. ഞാൻ അതിനെ ഒരു വിധത്തിൽ സമാധാനിപ്പിച്ചു കിടത്തിയേക്കുവാ..”

കാര്യം ശരിയാണ്‌. ഒന്നുമില്ലാത്ത ആ വീട്ടിൽ വെറും വെള്ളം മാത്രം തിളയ്ക്കുന്ന കലം ഞാൻ കണ്ടതുമാണ്‌. ഒരു വശത്ത് സർക്കാർ അനുവദിച്ചേക്കാവുന്ന സഹായം സ്വന്തം പേരിൽ വരണമ്മെന്നാഗ്രഹിക്കുന്ന അമ്മ. ഇപ്പുറം, വിശന്നു തളർന്ന് ഉറങ്ങുന്ന കുഞ്ഞ് ഉണരുന്ന നിമിഷത്തെ ഏതു നിമിഷവും പ്രതീക്ഷിച്ച് വെറുംകയ്യോടെ കാത്തിരിക്കുന്ന വേറൊരമ്മ. ഇന്നു രാത്രിയിൽ ഇവർ മൂന്നു പേർക്കും ഒരേ വിധിയാണ്‌ - മുഴുപ്പട്ടിണി!

ഈ ദാരിദ്ര്യം ആ പെണ്ണിനെ നാളെ ഇതേ സമയം കവലയിൽ ഇരുട്ടു പറ്റി നില്ക്കുന്ന ഒരു ശരീരം മാത്രമാക്കിയേക്കാം. ഇന്നത്തെ പട്ടിണി താഴെ കിടന്നുറങ്ങുന്ന പിഞ്ചു പെൺജീവന്റെ ഭാവി എന്നെന്നേക്കുമായി ഇരുളടഞ്ഞതാക്കാം. വിവരങ്ങൾ ശേഖരിച്ചു പുറത്തിറങ്ങുന്നവഴിക്ക് കണ്ണീരണിഞ്ഞ, നിസ്സഹായയായ ആ അമ്മയുടെ കയ്യിൽ ഞാൻ ഒരു നൂറു രൂപ വെച്ചു കൊടുത്തു. ഒന്നും പറയാനോ കേൾക്കാനോ കാണാനോ ആവാതെ ഞാൻ ആ ഇടവഴിയിറങ്ങി നടന്നു. വഴിയിൽ ഇരുട്ടു വീണുകഴിഞ്ഞിരുന്നു അപ്പോൾ.

വില്ലേജ്മാൻ എന്റെയൊപ്പം നടന്നെത്താൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു. പാതി ഓടിയും കിതച്ചും അയാൾ ഒപ്പം വന്നുകൊണ്ട് എന്നോടു പറഞ്ഞു - “എന്നാലും സാർ എന്നാ പണിയാ ആ കാണിച്ചെ? സാറെന്തിനാ അവർക്കു കാശു കൊടുത്തത്?? സാറിന്റെ ആരാ അവര്‌? സാറെ, അതൊന്നും നമ്മടെ പണിയല്ല. അവർക്ക് സർക്കാരിൽ നിന്നും വല്ല കാശും കിട്ടാനുണ്ടെങ്കിൽ നമ്മളു വാങ്ങിച്ചു കൊടുക്കണം... അല്ലാതെ നമ്മടെ കയ്യിലെ കാശെടുത്ത് അങ്ങോട്ടു കൊടുക്കേണ്ട കാര്യമെന്താ....??? സാറെ, നമ്മളൊണ്ടല്ലോ, വല്ലോം ഇങ്ങോട്ടു കിട്ടിയാൽ മേടിക്കാനുള്ളവരാ! അല്ലാതെ...“

അയാൾ ഈ വർത്തമാനം വഴി നീളെ തുടർന്നുകൊണ്ടിരുന്നു. അതൊന്നും എന്റെ ചെവിക്കപ്പുറത്തേക്കു നീണ്ടില്ല.

പിറ്റേന്നു രാവിലെ ആഫീസിൽ ചെന്ന് വില്ലേജാഫീസറെ സത്യാവസ്ഥകൾ ബോധ്യപ്പെടുത്തി. ഉടൻ തന്നെ പരേതന്റെ ഭാര്യയുടെ പേർക്ക് ഏറ്റവും അനുകൂലമായ ഒരു റിപ്പോർട്ട് സർക്കാരിലേക്ക് അയയ്ക്കുകയും ചെയ്തു. ദൈവം കരുണ ചെയ്തിട്ടുണ്ടെങ്കിൽ ഞാനിതെഴുതുന്ന ഈ രാത്രിയിൽ ആ പെൺകുഞ്ഞ് ഒരു പക്ഷേ എസ്.എസ്.എൽ.സി.പരീക്ഷയ്ക്ക് പഠിക്കുകയായിരിക്കും.

Tuesday, November 05, 2013

ഞങ്ങളുടെ ഡെൽനമോൾക്കുവേണ്ടി...

ടുക്കി ജില്ലയിലെ കീരിത്തോട്, പുന്നയാർ, കാവുങ്കൽ വീട്ടിൽ ശ്രീ.ബിനോയിയുടെ മകൾ ആറുവയസ്സുകാരി ഡെൽനമോളുടെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയും അതിനായുള്ള പണം സ്വരൂപിക്കലും ഒരു നാടിന്റെയും നാട്ടുകാരുടെയും അനേകായിരം സുമനസ്സുകളുടെയും ത്യാഗോജ്വലമായ സഹകരണത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമായി. ഇത്രയും വാർത്ത. ഇനി ഇടുക്കിയുടെ മണ്ണിൽ നിന്നും നേരിട്ടുള്ള അനുഭവസാക്ഷ്യം.

ഒരു കൊച്ചുകുടുംബത്തിന്റെ മേൽ പൊടുന്നനെ പതിച്ച ഒരാഘാതമായിരുന്നു ഡെൽനമോളുടെ പനിയും തുടർന്നു കണ്ടുപിടിക്കപ്പെട്ട കരൾരോഗവും. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രോഗം കണ്ടുപിടിക്കപ്പെടുകയും കുട്ടിയെ വെന്റിലേറ്ററിലാക്കുകയും സ്ഥിതി അത്യന്തം വഷളായതിനെത്തുടർന്ന് കരൾ മാറ്റിവെയ്ക്കുകയുമായിരുന്നു. അതിനായി കരൾ പകുത്തു നല്കിയത് ഡെൽനമോളുടെ അച്ഛൻ തന്നെ. ഡെൽനയുടെ ആറുമാസം പ്രായമുള്ള അനുജനും രോഗിയാണ്‌. വിധിയുടെ ക്രൂരതയിൽ പകച്ചുപോയ ഈ കുടുംബത്തിനു നേർക്ക് നീണ്ടുവന്ന കരുണയുടെ ചില കരങ്ങളെ നമുക്ക് അറിയാൻ ശ്രമിക്കാം.

കഞ്ഞിക്കുഴി പഞ്ചായത്തിൽ കഴിഞ്ഞ രണ്ടുമൂന്നു ദിവസം ജനം ഇളകിമറിയുകയായിരുന്നു. ജാതിമതങ്ങളുടെ വേലിക്കെട്ടുകളില്ലാതെ ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഭേദമില്ലാതെ തന്നാലാവുന്നതു നല്കാൻ നാട്ടുകാർ രംഗത്തിറങ്ങുകയായിരുന്നു. പഞ്ചായത്ത് അധികൃതരും ഡ്രൈവർമാരും തൊഴിലാളികളും ഉദ്യോഗസ്ഥരും സ്വയം സഹായ സംഘങ്ങളും കയ്യയച്ചു സംഭാവൻ ചെയ്യുന്ന കാഴ്ചയാണു പിന്നീടുകണ്ടത്.


സ്ഥലവാസിയായ സഹപ്രവർത്തകൻ രാജേഷ് സാറിന്റെ ഫോൺകോൾ ഞായറാഴ്ച വൈകിട്ടാണ്‌ എനിക്കു കിട്ടുന്നത്. ചികിൽസാധന സഹായം ലഭിക്കാൻ മുഖ്യമന്ത്രിക്കു സമർപ്പിക്കേണ്ടുന്ന റിപ്പോർട്ട് തയ്യാറാക്കി നല്കണം എന്ന ആവശ്യമായിരുന്നു അതിൽ. ഞാൻ തിങ്കളാഴ്ച(ഇന്നലെ) ഓഫീസിലെത്തുമെന്നും താലൂക്ക് ആഫീസിൽ നിന്നുള്ള റിപ്പോർട്ട് കിട്ടിയാലുടനെ തന്നെ റിപ്പോർട്ട് തയ്യാറാക്കി നല്കാമെന്നും ഞാനേറ്റു.

നീണ്ട യാത്രയ്ക്കു ശേഷം തിങ്കളാഴ്ച ഓഫീസിലെത്തിയതു വൈകിയാണ്‌. റിപ്പോർട്ടിന്റെ കാര്യം ഏല്പ്പിച്ച രാജേഷ് സർ വന്നിട്ടില്ല. നേരം വൈകിയും താലൂക്കിൽ നിന്നുള്ള റിപ്പോർട്ട് എത്തിയിട്ടില്ല. മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം വില്ലേജ് ആഫീസിൽ അപേക്ഷ വെച്ച് അവിടെ നിന്നുള്ള റിപ്പോർട്ട് താലൂക്ക് ആഫീസിൽ എത്തിച്ച്, തഹസിൽദാരുടെ ശുപാർശ സഹിതം കളക്ട്രേറ്റിൽ എത്തിപ്പെടാൻ സാധിക്കില്ല എന്നു ഞാനുറച്ചു. എന്നാൽ, അന്നു രാവിലെ ഒൻപതേകാലിന്‌ വില്ലേജ് ആഫീസറെക്കൊണ്ട് റിപ്പോർട്ടെഴുതിച്ച് ശ്രീ.ജോസ് ഊരക്കാട്ടിൽ തൊടുപുഴ താലൂക്ക് ആഫീസിലേക്ക് കുതിച്ചു പാഞ്ഞു. തൊടുപുഴ മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനമായിരുന്നു അന്ന്‌. മൂന്നു മന്ത്രിമാർ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്ന ചടങ്ങിന്റെ തിരക്കിനിടയിലും തഹസിൽദാരുടെ റിപ്പോർട്ടു തരപ്പെടുത്തി ജോസ് ജില്ലാ ആസ്ഥാനത്തേക്ക് വണ്ടി പായിച്ചു, ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന്റെ ബലത്തിൽ.

വഴിക്കണ്ണുമായി നോക്കിയിരുന്ന ഞാൻ ഓഫീസ് വിട്ടേക്കാം എന്ന് കരുതി രാജേഷ് സാറിനെ ഒന്നു കൂടി വിളിച്ചു നോക്കി. അതേസമയത്ത് റിപ്പോർട്ട് കളക്ട്രേറ്റിൽ എത്തിയിരുന്നു. നടപടിക്രമങ്ങളുടെ കെട്ടുപാടുകളൊന്നുമില്ലാതെ മിനിറ്റുകൾക്കുള്ളിൽ റിപ്പോർട്ടു തയ്യാറാക്കി. മേലാഫീസർമാരെല്ലാവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്ന ആ വൈകിയ വേളയിൽ, ഉണ്ടായിരുന്ന ഓഫീസറെക്കൊണ്ട് ഗവ.സെക്രട്ടറിക്കുള്ള കത്ത് ഒപ്പിടുവിച്ച് ദൂതനെ യാത്രയാക്കുമ്പോൾ ബുധനാഴ്ചത്തെ കാബിനറ്റിൽ ധനസഹായത്തിനുള്ള ഉത്തരവു പാസാവുമല്ലോ എന്ന സംതൃപ്തിയായിരുന്നു എന്റെ മനസ്സിൽ.

ജില്ലാ ആസ്ഥാനത്തെ ഒരോഫീസിൽ നിന്നും എല്ലാ ജീവനക്കാരും 500 രൂപ വീതം സംഭാവന നല്കിയപ്പോൾ അതൊരു വലിയ തുകയായി. മുൻപിൻ നോക്കാതെ അപ്പോൾ കയ്യിലുണ്ടായിരുന്നത് അഞ്ഞൂറോ ആയിരമോ എന്നു നോക്കാതെ എടുത്തു നീട്ടിയ സാധാരണക്കാരാണ്‌ സഹായിച്ചവരിൽ അധികം പേരും. കീരിത്തോട് കഞ്ഞിക്കുഴി പ്രദേശങ്ങളിലൂടെ കഴിഞ്ഞ ദിവസം യാത്ര ചെയ്ത സകല വാഹനങ്ങളിൽ നിന്നും ഉദാരമായ സംഭാവനകൾ ലഭിച്ചു എന്നത് നിസ്വാർഥമായ മനുഷ്യസ്നേഹത്തിന്റെ നേർസാക്ഷ്യം തന്നെ. ധനസമാഹരണത്തിനായി ജോലിയും കൂലിയും മാറ്റിവെച്ച് ഇറങ്ങിത്തിരിച്ച നാട്ടുകാർക്കും പറയാൻ കഥകളുണ്ട്. ഒരു ലക്ഷം രൂപ വച്ചു നീട്ടിയ മനുഷ്യസ്നേഹിയായ ആ വ്യവസായിയെ നിങ്ങൾക്കറിയാം. അടിയന്തര ശസ്ത്രക്രിയയ്ക്കായി കെട്ടിവെയ്ക്കാനുള്ള പണത്തിനായി പലവാതിലുകൾ മുട്ടിയലഞ്ഞ പള്ളീലച്ചൻ.

മറുവശത്ത്, ഇങ്ങനെ സഹായം ചോദിച്ച് സ്ഥിരം ആളുകൾ വരുമെന്നതിനാൽ പണമായി ആയിരം രൂപയേ തരാനൊക്കൂ എന്നു പറഞ്ഞു ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്. പക്ഷേ മരുന്നിന്റെ ചെലവ് ഞങ്ങൾ വഹിച്ചോളാം എന്നു പറഞ്ഞപ്പോൾ അതൊരു വലിയ ആശ്വാസമായിത്തോന്നി. മർക്കടമുഷ്ടി അവിടെയും തുടർന്നു- ‘മരുന്ന് ഞങ്ങൾ വാങ്ങിത്തരാം’ എന്നായിരുന്നു വാഗ്ദാനം. ‘മരുന്ന് ആശുപത്രിയിലുണ്ട്, അതിന്റെ പണം അടച്ചാൽ മതി’യെന്ന് അറിയിച്ചപ്പോൾ അവർ തന്നെ വാങ്ങിത്തരുന്ന മരുന്നിനേ അവർ പണം മുടക്കൂ എന്നായി. അതായത് ആശുപത്രിയിൽ മരുന്നു ലഭ്യമാണെന്നിരിക്കേ പുറത്തു നിന്നും മരുന്നു വാങ്ങിത്തരുന്ന നടപ്പില്ലാത്ത ഒരിടപാടാണ്‌ അവരുടേത് എന്നു മനസ്സിലാക്കിയിട്ട് “സർ, അബദ്ധത്തിൽ സഹായം ചോദിച്ചു വന്നതാണ്‌, ബുദ്ധിമുട്ടിച്ചതിൽ സോറി“ എന്നു പറഞ്ഞേച്ച് സ്വർണ്ണം വിറ്റതിന്റെ പകിട്ടുള്ള പണത്തിനു കാക്കാതെ അവർ പോന്നു. മറ്റൊരു ഓഫീസിൽ സഹായധനം സ്വരൂപിക്കാനുള്ള ആശയം ‘അങ്ങനെയൊരു കീഴ്വഴക്കം സൃഷ്ടിക്കേണ്ടതില്ല’ എന്ന നിഷ്ഠൂരമായ അഭിപ്രായത്തോടെ തള്ളപ്പെട്ടു.

ഒരു സാധാരണ അമ്പലക്കമ്മിറ്റി/തിരുരൂപപ്രതിഷ്ഠ/പാർട്ടിപ്പിരിവ് എന്നൊക്കെ തോന്നുന്നവിധം വഴിപ്പിരിവു നടത്തുന്നതു ബോധിക്കാതെ ദേഷ്യത്തോടെ അൻപതു രൂപയെടുത്തു നീട്ടി, ഒരു കാർ യാത്രികൻ. പക്ഷേ, കാര്യമറിഞ്ഞപ്പോൾ ക്ഷമാപണത്തോടെ അയാൾ ആ അൻപതു രൂപ തിരികെ വാങ്ങി. ഉത്തരവാദിത്വപ്പെട്ട ഒരാളുടെ ഫോൺ നമ്പരും വാങ്ങി അയാൾ വണ്ടിയോടിച്ചു പോയി.

വളരെക്കഴിഞ്ഞ് ഒരു ഫോൺകോൾ വരുന്നു."അല്പം പണമയയ്ക്കാൻ വേണ്ടിയാണ്‌; ആ അക്കൗണ്ട് നമ്പരും വിശദാംശങ്ങളും വേണം."

വിവരങ്ങൾ നല്കി. അല്പസമയത്തിനകം അയാൾ വീണ്ടും വിളിച്ചു. "പണം വന്നിട്ടുണ്ടോന്നു നോക്കൂ.."

അക്കൗണ്ടിൽ 25000/- രൂപ വരവുവച്ചിരുന്നു. ഊരും പേരും അറിയാത്ത ആ കാർ യാത്രക്കാരന്റെ നല്ല മനസ്സിന്‌ ഇവിടുത്തെ പ്രാർഥനാനിരതരായ ആയിരങ്ങളുടെ പേരിൽ ഞാൻ നന്ദി പറയുന്നു!

അങ്ങനെ ചെറുതും വലുതുമായി പണം വന്നു, പുത്തൻ മണം മാറാത്ത നോട്ടുകളും വിയർപ്പിൽ കുതിർന്ന് മുഷിഞ്ഞു നാറിയ പണവും. ഇന്ന്, ഉച്ചയോടെ അക്കൗണ്ടിൽ 35 ലക്ഷം രൂപ ആയെന്ന് അറിഞ്ഞു. ഇപ്രകാരം, അനേകരുടെ സന്മനസ്സും പ്രാർഥനയും കൂടെയുള്ളപ്പോൾ ഈശ്വരൻ കനിവു കാട്ടാതിരിക്കുമോ? ഇടുക്കിയുടെ മേൽ മാലാഖമാർക്ക് അനുഗ്രഹം ചൊരിയാതിരിക്കാനാവുമോ? ഈ നാടിന്റെ നന്മ സഫലമാവാതിരിക്കുമോ?

Tuesday, April 23, 2013

സുബ്രഹ്മണ്യനു കിട്ടിയ ശാസനം

നി അച്ചായൻ സ്റ്റൈലിലും നല്ല ഉച്ചത്തിലും സംസാരിക്കുന്ന മഹാരസികനായ ഒരു ജൂനിയർ സൂപ്രണ്ട് ആണ്‌ ഈ കഥ പറഞ്ഞത്. വളരെവളരെ വർഷങ്ങൾക്കു മുൻപ് ഒരു താലൂക്ക് ഓഫീസാണ്‌ രംഗം.

സ്വസ്ഥമനോജ്ഞമായ ആ താലൂക്ക് ഓഫീസിന്റെ അധിപൻ നമ്മുടെ കഥാനായകനായ തഹസിൽദാർ ആകുന്നു. ഒരുനാൾ സുബ്രഹ്മണ്യൻ എന്നു പേരായ ഒരു പാവം നിഷ്കളങ്കൻ സെക്‌ഷൻ ക്ലർക്ക് ഏതോ ഒരു ഫയൽ സംബന്ധിച്ച് സംശയമോ മറ്റോ ചോദിക്കാനായി ബഹു. തഹസിൽദാരുടെ റൂമിലേക്കു ചെല്ലുകയാണ്‌. വാതില്ക്കലെ ഹാഫ് ഡോർ തുറന്ന് മുറിയിലേക്കു കയറാനൊരുമ്പെട്ട സുബ്രഹ്മണ്യൻ അകത്തെ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചു നിന്നു.

മദ്ധ്യവയസ്കനായ തഹസിൽദാരുടെ മാറിൽ തല ചായ്ച്ച് അർദ്ധനിമീലിത മിഴികളുമായി സ്വയം മറന്ന് പരിരംഭണത്തിൽ പൂണ്ടു നില്ക്കുന്നു യുവതിയും സുന്ദരിയുമായ ടൈപ്പിസ്റ്റ്!! അന്ധാളിച്ചു വാ പൊളിച്ചുനിന്ന സുബ്രഹ്മണ്യൻ ഒരു നിമിഷം കൊണ്ട് സമനില വീണ്ടെടുത്തു. പക്ഷേ സുബ്രഹ്മണ്യന്റെ സാമീപ്യം തിരിച്ചറിഞ്ഞ ആലിംഗനബദ്ധർ പെട്ടെന്നുതന്നെ കുതറിയകന്നു. രംഗം പന്തിയല്ലെന്നു തിരിച്ചറിഞ്ഞ സുബ്രഹ്മണ്യൻ ‘ഞനൊന്നുമറിഞ്ഞില്ലേ’ എന്ന മട്ടിൽ മറ്റു ക്ലർക്കുമാരുടെ ഇരിപ്പിടങ്ങൾക്കരികിലൂടെ സ്വന്തം സ്ഥാനത്തേക്കു നടന്നു. ലാവണ്യവതി ടൈപ്പിസ്റ്റ് കുണുങ്ങിക്കുണുങ്ങി പമ്പ കടന്നു. സംഭവത്തിന്റെ വരും വരാഴിക ഞൊടിയിൽ തിരിച്ചറിഞ്ഞ തഹസിൽദാർ പൊടുന്നനെ തന്റെ റൂമിന്റെ വാതില്ക്കലെത്തി. ഒരു കൈ കൊണ്ട് ഹാഫ് ഡോർ തള്ളിപ്പിടിച്ച് പുറത്തേക്കു നോക്കിയപ്പോൾ സുബ്രഹ്മണ്യൻ സീറ്റിലേക്ക് എത്തുന്നതേയുള്ളു. അതേ നില്പിൽ നിന്നുകൊണ്ട് തഹസിൽദാർ മറ്റേ കൈ ചൂണ്ടി വിളിച്ചു: “സുബ്രഹ്മണ്യാ..”

സുബ്രഹ്മണ്യൻ തിരിഞ്ഞു നോക്കി.

“...ദേ, റവന്യൂ വകുപ്പിന്‌ ആവശ്യത്തിനു ദുഷ്‌പേര്‌ ഇപ്പത്തന്നെയുണ്ട്. ഇനി ‘നീയായിട്ട്’ അതു കൂട്ടരുത്!”

ആഫീസ് കഥകൾക്ക് ഒരാമുഖം

ജോലിസ്ഥലങ്ങളിൽ തമാശകളും കഥകളും ഏറെ അരങ്ങേറുന്ന നാടാണു കേരളം. ഓരോ തൊഴിൽ രംഗങ്ങളിലും അതാതു മേഖലയുമായി ബന്ധപ്പെട്ടതും രസകരവുമായ നിരവധി സംഭവങ്ങൾ ഉണ്ടെങ്കിലും അവയ്ക്കെല്ലാം അതാത് ഓഫീസുകളിൽ ജനിച്ചു മരിക്കാനാണു വിധി. സർക്കാർ ഓഫീസുകളിലെ നർമ്മരംഗങ്ങൾ പലതും മിക്കവാറും അതാത് ഓഫീസുകളുടെ ചുവരുകൾ വിട്ടു പോകാറില്ല. സർക്കാർ ഓഫീസ് പശ്ചാത്തലമായ രസകരസംഭവങ്ങളുടെ സാദ്ധ്യത നമ്മെ ബോദ്ധ്യപ്പെടുത്തിയത് ‘അയാൾ കഥയെഴുതുകയാണ്‌’ എന്ന സിനിമയിലെ കഥാപാത്രം ‘സാഗർ കോട്ടപ്പുറം’ ആണ്‌. സർവീസ് സ്റ്റോറി എഴുതാൻ ഒരു സർക്കാർ ഓഫീസിലേക്കു വരുന്ന അയാളുടെ പ്രതീക്ഷകളിൽ അങ്ങനെ ഒരോഫീസിൽ നിന്നു ലഭിക്കാവുന്ന വിഷയങ്ങളുടെ പട്ടിക നിരന്നു കാണാം.

എല്ലാ ഓഫീസുകളിലും ഏറിയും കുറഞ്ഞും ഇത്തരം എക്സ്ട്രാ കരിക്കുലർ മാറ്റേഴ്സ് ഉണ്ടെന്നതും നമുക്കറിയാം. ഓഫീസുകളിൽ മാത്രമല്ല വ്യാപാരസ്ഥാപങ്ങളിൽ, തൊഴിൽ ശാലകളിൽ, ടാക്സി സ്റ്റാൻഡുകളിൽ... അങ്ങനെയങ്ങനെ. വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമായി ഇത്തരം കഥകൾ പലതു പരന്നു, പരക്കുന്നു. അവയിൽ ചിലതാണ്‌ ആഫീസ്_കഥകൾ എന്ന ടാഗിൽ ഇവിടെയും. ഈ കഥകളിൽ നേരമ്പോക്കിനായി പടച്ചുണ്ടാക്കിയ കഥകളും മിത്തുകളും പാരവെയ്ക്കാൻ മെനഞ്ഞ പണികളും ഒക്കെയുണ്ട്. പറഞ്ഞത് ഇത്രയേയുള്ളൂ, ഇവയിലെ യാഥാർഥ്യം തിരയാൻ ദയവായി മെനക്കെടരുത്. അതെ, ആഫീസ്_കഥകൾ എന്ന ലേബലിൽ വരുന്ന കുറിപ്പുകളിലെ കഥയും കഥാപാത്രങ്ങളും പേരുകളും സാഹചര്യങ്ങളും തികച്ചും സാങ്കല്പികം മാത്രം!

യൂ ഗോട്ടിറ്റ്, ഹ്?

ആദ്യത്തെ കഥ ഇവിടെ.

Saturday, July 14, 2012

ഒരു വിലാപത്തിൽ എനിക്കുള്ള പങ്ക്

പ്രിയപ്പെട്ടവരേ,

ഞാൻ വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്കു മടങ്ങി വരികയാണ്‌, ഈ പോസ്റ്റിലൂടെ. ഒരു യാത്രാക്കുറിപ്പും കൊണ്ടു വേണം ഈ മടങ്ങിവരവ് എന്നാഗ്രഹിച്ചിരുന്നു. എഴുതാൻ തക്ക അനവധി യാത്രകളും അവയിലെല്ലാം സാധാരണവും എന്നാൽ കൗതുകം ഒളിഞ്ഞിരിക്കുന്നതുമായ അനവധി കാര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം മാറ്റിവെച്ചുകൊണ്ട് അത്രയൊന്നും സന്തോഷകരമല്ലാത്ത ഒരു ‘കഥ’യുമായാണു ഞാൻ പുനരാരംഭിക്കുന്നത്.

സസ്നേഹം നിങ്ങളുടെ സ്വന്തം,
എം.എസ്. രാജ്
____________________________

തിവുപോലെ അന്നും ഓഫീസിൽ ഞങ്ങൾ എല്ലാവരും ഒന്നിച്ചിരുന്നാണ്‌ ഊണു കഴിച്ചത്. ഊണിനു ശേഷം ഒരു പത്തുപതിനഞ്ചു മിനിറ്റോളം സംസാരിച്ചിരുന്നും മറ്റും നേരം പോക്കി ഒന്നേമുക്കാലോടെ സീറ്റിലെത്താറാണു പതിവ്. എന്നാൽ അന്ന്‌ കഴിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഒരു സഹപ്രവർത്തകൻ വന്നു പറഞ്ഞു: “ചിറകെട്ടാൻ ചോലയിലെ കുടിയിറക്കിന്റെ കേസിന്‌ ഒരാൾ വന്നു നിന്നെ കാത്തിരിപ്പുണ്ട്.”

കേട്ടപ്പോൾ തന്നെ മനസ്സിലൊരു കാർമേഘം മൂടി. സമീപകാലത്ത് ഒരു ചാനലിന്റെ ഓഫീസിൽനിന്നും വിളിച്ചു ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവന്നത് ഓർമ്മ വന്നു. അന്നു വിവരങ്ങളെല്ലാം കയ്യിൽ തയ്യറായുണ്ടായിരുന്നു. പോരാത്തതിനു മേലുദ്യോഗസ്ഥന്റെ പിന്തുണയും. ആ ചോദ്യോത്തരത്തെ തുടർന്നായിരുന്നു ഏറെക്കാലം വാർത്തകളിൽ നിറഞ്ഞു നിന്ന ചില ഓപ്പറേഷനുകളുടെ തുടക്കവും. സാധാരണ ജനസമ്പർക്കം തീരെയില്ലാത്ത സെക്‌ഷനാണ്‌ എന്റേത്. എന്നിട്ടും ഒരാശങ്ക ഊണു കഴിച്ചുതീരുന്നതു വരെ എന്നെ വരിഞ്ഞു മുറുക്കി നിന്നു. വേഗം തീർത്തു വർത്തമാനത്തിനൊന്നും നില്ക്കാതെ സീറ്റിലേക്കു നടന്നു.

പോകുന്ന വഴിക്ക് ജോർജ്ജ് എതിരേ വന്നു. അവന്റെ ആക്കിയുള്ള ചിരിയിൽ നിന്നും എന്തോ ‘പണി’ ഒത്തിട്ടുണ്ട് എന്നുവ്യക്തമായിരുന്നു.

“ആരാട കക്ഷി?”

“എടാ ഒരു എവിക്‌ഷൻ കേസില്ലേ? തങ്കമ്മയെന്നു പേരുള്ള..?”

എനിക്കു പെട്ടെന്നു തന്നെ ഓർമ്മവന്നു.

തങ്കമ്മ. ചിറകെട്ടാൻ ചോലയുമായി ബന്ധപ്പെട്ട ഒരു കോംപ്ലിക്കേറ്റഡ് കേസ്. ഇടയ്ക്ക് ഞാൻ ഒരു ദിവസം ലീവിലായിരുന്നപ്പോൾ ജോർജ്ജ് ആ ഫയൽ കൈകാര്യം ചെയ്യുകയും അവൻ അതു നന്നായി പഠിച്ചിട്ടുള്ളതുമാണ്‌. അവൻ പറഞ്ഞു - ആ തങ്കമ്മ സെക്‌ഷനിലെത്തി എന്തോ ബഹളമാണത്രേ! കുളമാകുമോ എന്നായിരുന്നു എന്റെ ആശങ്ക.

തങ്കമ്മയുടെ പരാതി സംബന്ധിച്ച് ഒരല്പം ചരിത്രം. പതിറ്റാണ്ടുകൾ മുൻപു തന്നെ ആ സ്ഥലത്തു കുടിയേറിപ്പാർത്തതാണ്‌ ആ കുടുംബം. തങ്കമ്മയുടെ മക്കൾ വളർന്നു വലുതായി. വിവാഹംകഴിച്ചു. അവരുടെ ഭർത്താവ് പിന്നീടു മരണപ്പെട്ടു. മണ്ണിനോടും കാലവസ്ഥയോടും പൊരുതി വനത്തോടു ചേർന്നു കിടക്കുന്ന ആ സ്ഥലം അവർ സുഗന്ധം വിളയുന്ന ഏലത്തോട്ടമാക്കി മാറ്റി. വീടു വെച്ചു. ഏലക്കാ ഉണക്കിയെടുക്കാനുള്ള ‘സ്റ്റോർ’ ഉണ്ടാക്കി. മകനു വീതം തിരിച്ചു കൊടുത്തതിൽ പുരവെച്ച് അയാളും അവിടെ സകുടുംബം പാർക്കുന്നു.

ഇനി പരാതിക്കാസ്പദമായ സാഹചര്യം. ചിറകെട്ടാൻ വാർത്തകളിൽ നിറഞ്ഞു നില്ക്കുന്ന കാലം. ഇതെഴുതുമ്പോൾ ഒഞ്ചിയത്തിനുള്ള വാർത്താ പ്രാധാന്യമാണ്‌ അന്നുചിറകെട്ടാൻ മലയ്ക്ക്. ആർക്കാനും വേണ്ടാത്ത കാടെന്നു കരുതിയ ചിറകെട്ടാൻ അവിടെ കിടന്നപ്പോൾ മലകയറി വന്ന പ്രമാണിമാർക്കും ചില നാടൻ പ്രഭുക്കൾക്കും അതുകൂടിയങ്ങു വെട്ടിപ്പിടിച്ചാലോ എന്നു തോന്നുന്നു. കാലക്രമേണ കളി പുറം ലോകമറിയുന്നു. നിയമം ഇടപെടുന്നു. തിരിച്ചു പിടിക്കൽ, വിവാദങ്ങൾ, വാർത്തകൾ.കാര്യം ഏതാണ്ടു കെട്ടടങ്ങി. മുതലാളിമാർക്കിട്ട് ഒന്നു കൊട്ടുകയും എട്ടിന്റെ പണികൊടുക്കുകയും തുടർന്ന് അതിൽ നിന്നുണ്ടാക്കേണ്ട രാഷ്ട്രീയ വിളവെടുപ്പ് നേതാക്കന്മാർ നടത്തുകയും ചെയ്തു. അതോടെ സംഭവത്തിന്റെ വാർത്താപ്രാധാന്യമങ്ങു തീർന്നു. ഇതിനിടയിൽ മാധ്യമങ്ങൾക്കും അധികാരികൾക്കും താല്പര്യവും ‘ഉപകാരവും’ ഇല്ലാത്ത ഈ തങ്കമ്മ വിധിവശാൽ വന്നുപെട്ടു.

ചിറകെട്ടാൻ എന്ന ദുർഘടമായ വനപ്രദേശം. കയ്യേറ്റങ്ങളെല്ലാം കണ്ടെത്തി സ്ഥലം അളന്നു തിരിച്ച് ഒഴിപ്പിച്ച് തിട്ടപ്പെടുത്തി സർക്കാരിലേക്കു കണ്ടുകെട്ടി. ഉത്തരവു നടപ്പായതോടെ തിരിച്ചു പിടിക്കപ്പെട്ട വനഭൂമി ചോലവനം എന്ന വിഭാഗത്തിൽപ്പെടുത്തി വനം വകുപ്പിന്റെ സംരക്ഷണത്തിൻകീഴിലായി. അങ്ങനെ അളന്നുതിരിച്ച നേരത്ത് ഈ പാവപ്പെട്ട തങ്കമ്മയുടെ കൃഷിസ്ഥലവും ചോലവനത്തിന്റെ പരിധിയിൽ ‘ഉൾപ്പെട്ടുപോയി’. ഉദ്യോഗസ്ഥതലത്തിൽ സംഭവിച്ച പിശകാണെന്നു വ്യക്തമാകുന്നതരത്തിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിലെ വാക്കാണത്. ഇപ്പോൾ തങ്കമ്മയോട് ആ മണ്ണിൽ നിന്നും ഇറങ്ങിത്തരണമെന്നാവശ്യപ്പെട്ടുകൊണ്ട് വനംവകുപ്പുകാർ നിരന്തരം ശല്യം ചെയ്യുന്നു. ഇല്ലെങ്കിൽ ബലമായി കുടിയിറക്കുമെന്നാണ്‌ അന്ത്യശാസനം. വനംവകുപ്പിന്റെ പക്കലുള്ള രേഖകളെല്ലാം ആ നീക്കത്തെ ശരിവെയ്ക്കുന്നതുമാണ്‌. എന്തെന്നാൽ ഈ തങ്കമ്മ അധിവസിക്കുന്നത് ആ ചോലവനത്തിന്റെ പരിധിക്കുള്ളിൽ ആണ്‌. ഇതിനിടെ നമ്മുടെ ‘പ്രമാണി’മാരുടെ കയ്യേറ്റം പിടിച്ചതിനെച്ചൊല്ലിയും തർക്കങ്ങളുണ്ടായി. അവർ സുപ്രീം കോടതിയിൽ കേസിനു പോയി. പാവം തങ്കമ്മയാകട്ടെ ആരോ ചെയ്ത തെറ്റിനു പരിഹാരം തേടി ഓരോ ഓഫീസുകൾ കയറിയിറങ്ങുന്നു.

ആദ്യത്തെ പരാതി മുതലുള്ള സംഭവങ്ങളും വിവരങ്ങളും ലഭ്യമാണ്‌. മേല്പ്പറഞ്ഞ കൈവശഭൂമി തങ്കമ്മയ്ക്കു പതിച്ചു നല്കിയിട്ടില്ല. എന്നാൽ അതു കൈവശം വെച്ച് അതിൽ കൃഷി ചെയ്യുന്നതിന്‌ സർക്കാരിലേക്ക് കാലാകാലങ്ങളായി നികുതി അടച്ചു പോരുന്നതാണ്‌. ഇവർ ആ സ്ഥലത്ത് താമസം തുടങ്ങിയ കാലം മുതലുള്ള റേഷൻ കാർഡ്, വർഷങ്ങൾക്കു മുൻപുള്ള വൈദ്യുതി കണക്ഷൻ സംബന്ധിച്ച രേഖകൾ, പഞ്ചായത്തിൽ വീട്ടുകരം അടച്ചു പോന്നതിന്റെ രസീതുകൾ, ഇതേ അഡ്രസിൽ ഇലക്ഷൻ കമ്മീഷൻ നല്കിയ കുടുംബാംഗങ്ങളുടെ തിരിച്ചറിയൽ കാർഡുകൾ എന്നു വേണ്ട പതിറ്റാണ്ടുകളായി ഈ കുടുംബം മേല്പ്പറഞ്ഞസ്ഥലത്തു സ്ഥിരതാമസമാണെന്നു സ്ഥാപിക്കാൻ പോന്ന ഒരുകെട്ട് രേഖകൾ....

ഞാൻ സീറ്റിൽ ചെന്നപ്പോൾ കണ്ണീർ നിറഞ്ഞ മുഖത്തോടെ, കറുത്തു മെലിഞ്ഞുണങ്ങിയ, തമിഴ് വംശജയായ ആ സ്ത്രീ - തങ്കമ്മ - നില്ക്കുന്നു. അവരുടെ ഫയൽ കൈകര്യം ചെയ്യുന്നതു ഞാനാണെന്നു മനസ്സിലായ ഉടൻ പുറത്തെ ചായം ഇളകിത്തുടങ്ങിയ ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ നിന്നും മേല്പ്പറഞ്ഞ രേഖകൾ ഒറിജിനലും ഫോട്ടോസ്റ്റാറ്റും മേശമേൽ നിരത്തിയിട്ടു. പിന്നെ ഉയർന്നത് ഒരു കരച്ചിലായിരുന്നു. “ഞങ്ങളെങ്ങോട്ടു പോകും സാറേ?? ഞങ്ങളെ ഫോറസ്റ്റുകാര്‌ ഇറക്കിവിടുമെന്നു പറയുന്നു സാറേ!!” ഞാൻ സ്തബ്ധനായി നിന്നു പോയി. ബഹളം കേട്ട് എന്റെസഹപ്രവർത്തകർ ചുറ്റും കൂടി. അവാരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ, അവരുടെ ആവലാതികൾക്ക് എങ്ങനെ മറുപടി പറയണമെന്നറിയാതെ, വിയർത്തൊലിച്ചു പൊന്നാക്കിയ മണ്ണ്‌ തന്റേതല്ലാത്ത തെറ്റുകാരണം കൈവിട്ടു പോകുന്നതിന്റെ വേദനയുടെ ആഴം പോലും അളക്കാനറിയാതെ ഞാൻ നിന്നു, അവരോട് കരയാതിരിക്കാൻ മാത്രം ആവശ്യപ്പെട്ടുകൊണ്ട്.

എനിക്കെന്തു ചെയ്യാൻ കഴിയും? കഴിഞ്ഞ ദിവസങ്ങളിൽ കീഴാഫീസിൽ ചെന്ന് അവർ ആപേക്ഷിച്ചതിന്റെ ഫലമായി ലഭിച്ച റിപ്പോർട്ട് ഫയലിൽ ഉണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കളക്ടർക്ക് വിശദമായ ഒരു റിപ്പോർട്ട് അയക്കാം. ആ റിപ്പോർട്ട് സാങ്ക്ഷനാക്കി കളക്ടർക്ക് അയച്ചു കൊടുക്കുകയേ വേണ്ടൂ അദ്ദേഹത്തിനതു ബോധ്യപ്പെടാൻ. ഇവരുടെ പരാതിയിൽ എന്തെങ്കിലും പരിഹാരം കാണണമെങ്കിൽ ഏറ്റവും മുകളിൽ നിന്നു തന്നെ വിജ്ഞാപനമോ ഉത്തരവുകളോ ഒക്കെ ഉണ്ടാവണം. അതത്ര എളുപ്പം അഴിക്കാവുന്ന നിയമക്കുരുക്കും അല്ല. സർവ്വേ നടത്തി സംരക്ഷിത വന പ്രദേശത്തിൽ ഗവ. വിജ്ഞാപനപ്രകാരം ചേർക്കപ്പെട്ട ഭൂമി പിന്നീട് ഒഴിവാക്കിയെടുക്കുക എന്നത് അത്രമേൽ സങ്കീർണ്ണമോ അസാദ്ധ്യമോ ആണ്‌. കളക്ടർക്ക് അയയ്ക്കാനുള്ള റിപ്പോർട്ട് ഞാൻ എഴുതിത്തുടങ്ങിയിരുന്നു. ഇത്രയെങ്കിലും ഞാൻ നേരത്തെ ചെയ്തു വെച്ചിരുന്നത് വലിയ രക്ഷയായി. അല്ലെങ്കിൽ ജീവിതം വഴിമുട്ടിയ ഒരു പാവത്തിന്റെ പ്രശ്നത്തിൽ ഞാൻ അലംഭാവം കാണിച്ചെന്ന കുറ്റബോധം എന്നെ വിഴുങ്ങിക്കളഞ്ഞേനെ.

പക്ഷേ തങ്കമ്മ എന്ന സ്ത്രീയുടെ നിസ്സഹായത, നിയമത്തിന്റെ വലിയ വലിയ വാതിലുകൾ മുട്ടാൻ അവർക്കില്ലാതെ പോയ പ്രാപ്തി, എല്ലാത്തിലും ഉപരി പതിറ്റാണ്ടുകൾ വിയർപ്പൊഴുക്കിയ മണ്ണ്‌ നഷ്ടപ്പെട്ട് പെരുവഴിയിലേക്കു സകുടുംബം ഇറങ്ങേണ്ടി വരുന്ന വൃദ്ധയായ ഒരു വിധവയുടെ ദയനീയത, അപേക്ഷകൾക്കും സ്റ്റാമ്പുകൾക്കും ഓഫീസ് സന്ദർശനങ്ങൾക്കുമായി എത്ര ആയിരങ്ങളാണ്‌ അവർ മുടക്കിയിട്ടുണ്ടാവുകായെന്ന കാര്യം - അങ്ങനെ പല വശങ്ങളുള്ള കേസായിരുന്നു ഇത്. ആ സ്ത്രീക്ക് പറ്റുന്നത്ര സഹായം ചെയ്തില്ലെങ്കിൽ അന്നവിടെ പൊഴിഞ്ഞ കണ്ണീർ എന്നെ ഈ ജന്മം മുഴുവൻ വേട്ടയാടുമെന്ന് എനിക്കുറപ്പായിരുന്നു.

സെക്ഷനിൽ നിന്നു കരഞ്ഞും പിഴിഞ്ഞും ബഹളം കൂട്ടിയ അവരെ ഞാനും സഹപ്രവർത്തകരും ചേർന്നു പണിപ്പെട്ടാണ്‌ ഒന്നു സമാധാനിപ്പിച്ചത്. അവർ നോക്കി നില്ക്കെത്തന്നെ ഞാൻ റിപ്പോർട്ടെഴുതി പൂർത്തിയാക്കി. സജലമായ കണ്ണുകളിൽ കദനവും പ്രതീക്ഷയും നിറച്ച് അവർ കാത്തു നിന്നു. അവരെ സമാധാനിപ്പിക്കാൻ എന്റെ സഹപ്രവർത്തകർ പറയുന്നുണ്ടായിരുന്നു - “പേടിക്കേണ്ട, റിപ്പോർട്ട് എഴുതുന്നുണ്ട്. നിങ്ങളുടെ എല്ലാ വിവരവും അതിൽ പറയുന്നുണ്ട്..”

ഉടൻ തന്നെ റിപ്പോർട്ട് സാങ്ക്ഷൻ ആകുമെന്നും ഇന്നുതന്നെ അതു ടൈപ്പു ചെയ്തു വാങ്ങി കളക്ടർക്ക് അയയ്ക്കുമെന്നും അതിനടുത്ത ദിവസം കളക്ട്രേറ്റിൽ ചെന്ന് ഇത്രാം നമ്പർ ഫയൽ അന്വേഷിച്ചാൽ വിവരങ്ങൾ അറിയാമെന്നും ഞാൻ അവരെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. മനസ്സിലെ കനലുകൾ പാതി കെട്ട്, തെല്ലൊരു സമാധാനത്തോടെ അവർ മടങ്ങുന്നതു ഞാൻ നോക്കി നിന്നു. അടുത്തയാഴ്ചയാണ്‌ അവർക്കു ഫോറസ്റ്റുകാർ നല്കിയിരിക്കുന്ന അവസാന അവധി. അവരുടെ സത്യം തെളിയുന്നതുവരെയെങ്കിലും കുടിയൊഴിപ്പിക്കാനുള്ള നീക്കം കളക്ടർ തടയണേ എന്ന് ഞാൻ പോലും പ്രാർഥിച്ചുപോയി.

പക്ഷെ, കാര്യങ്ങൾ നീങ്ങിയതു മറ്റൊരു രീതിക്കായിരുന്നു. ആ റിപ്പോർട്ട് അന്ന് സാങ്ങ്ഷൻ ആയിക്കിട്ടാനും പിന്നീട് ടൈപ്പു ചെയ്തു കിട്ടാനും വൈകി.ഇതിനിടയിൽ വാരാന്ത്യവും വന്നു. കടമ്പകൾ കടന്ന് ആ കത്ത് ഡെസ്പാച് സെക്‌ഷനിൽ ചെന്നപ്പോൾ അന്നത്തെ തപാലുകൾ യാത്രയായിരുന്നു. പിന്നെയും ആ റിപ്പോർട്ട് പോകാൻ ഒരു ദിവസം കൂടി വൈകി. ചുരുക്കത്തിൽ അന്നുതന്നെ അയക്കാം എന്ന എന്റെ വാഗ്ദാനം നടപ്പായില്ലെന്നു മാത്രമല്ല, ദിവസങ്ങൾ വൈകിയാണ്‌ ആ റിപ്പോർട്ട് അയച്ചതും. എന്റെ നിയന്ത്രണത്തിനപ്പുറത്തുള്ള കാര്യങ്ങളാണെങ്കിലും പുറമേ നിന്നുനോക്കുമ്പോൾ അതെന്റെ വീഴ്ചയാണ്‌.

ഏതാനും നാളുകൾക്കുള്ളിൽ ആ ഓഫീസിൽ നിന്നും ഞാൻ മാറി. പിന്നീടൊരിക്കലും തങ്കമ്മ എന്ന ആ സ്ത്രീയെക്കുറിച്ചോ ആ ഭൂമി സംബന്ധിച്ച തർക്കങ്ങളെക്കുറിച്ചു ഞാൻ കേട്ടില്ല. അവരെ അവിടെ തുടരാൻ അനുവദിച്ചോ? കുടിയിറക്കു ഭീഷണി ഒഴിവായി സ്ഥലം തിരികെക്കിട്ടിയോ? അതോ മനഃസാക്ഷി മരവിച്ച നീതിയും നിയമവും അവരുടെ കണ്ണീർ കാണാതെ പോയോ?

നിസ്സഹായനെങ്കിലും വൈകിയയച്ച ആ റിപ്പോർട്ടിന്റെ രൂപത്തിൽ അതിൽ കുരുങ്ങിക്കിടന്ന ഏതാനും ജന്മങ്ങളുടെ ദീനരോദനത്തിന്റെ ശബ്ദത്തിൽ പിന്നെയും എത്രയോ കാലമായി ഈ സംഭവം എന്നെ പിന്തുടരുന്നു. ഒന്നന്വേഷിക്കാൻ എനിക്കിപ്പോൾ ധൈര്യമില്ല തന്നെ. യാഥാർഥ്യങ്ങൾ ചിലപ്പോൾ കയ്പ്പേറിയതാവാം എന്നതിനാൽ ശുഭകരമായ ചില പ്രതീക്ഷകൾ കൊണ്ട് ഈ സംഭവത്തിനു തിരശീലയിടാം, അല്ലേ?