Wednesday, October 12, 2011

അന്തോണിയുടെ തോല്‌വിയും അച്ചാമ്മയുടെ അനിശ്ചിതത്വവും

ഏതാണ്ട്‌ മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ അച്ചാമ്മയ്‌ക്ക്‌ അന്തോണിയെ കല്യാണം ആലോചിക്കുന്ന കാലം. സോഷ്യലൈസിങ്ങും നെറ്റ്‌വര്‍ക്കിലൂടെയുള്ള സോഷ്യലൈസിങ്ങും ഒന്നും മാമുനിമാര്‍ പോലും പ്രവചിച്ചിട്ടില്ലാത്ത കാലമായിരുന്നല്ലോ അത്‌. ഇന്നു ചാവറ മാട്രിമോണി ഡോട്ട്‌ കോം ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യം അന്നു അന്തോണി-അച്ചാമ്മമാര്‍ക്കായി പ്രാവര്‍ത്തികമാക്കിയത്‌ ബ്രോക്കര്‍ ശ്രീമാന്‍ ഉണ്ണിവറീതുചേട്ടനായിരുന്നു. ആ, അതുതന്നെ, രണ്ടുകൂട്ടരുടെയും ഇടയ്ക്കു നിന്ന്‌ ഇടപാടാക്കി(ഡീല്‍ ഓര്‍ നോ ഡീല്‍) കൊടുക്കുന്നതുകൊണ്ടുതന്നെയാണ്‌ ആ പേര്‌. നമ്മള്‍ സിനിമായില്‍ കാണുന്നമാതിരി നീളന്‍ ജുബ്ബയും വര്‍ഷത്തില്‍ 365 ദിവസവും കക്ഷത്തില്‍ ഊറുന്ന വിയര്‍പ്പു കുടിക്കുന്ന ഡയറിയും കാലന്‍ കുടയും ഉള്ള ദല്ലാള്‍ അല്ല കെട്ടോ ഈ ഉണ്ണിവറീത്‌. സാധാരണ വേഷം, കണക്കും ഡേറ്റാബേസുമെല്ലാം തലയ്ക്കുള്ളില്‍. മരുന്നിനു പോലും ഫോട്ടോ കാണിക്കല്‍ ഇല്ല. ബ്രോക്കര്‍ എന്ന സ്ഥാനപ്പേരുപോലും ഇല്ലാതിരുന്ന അക്കാലത്ത്‌ 'എടക്കാരന്‍' എന്നാണു വിവാഹദല്ലാളുമാര്‍ അറിയപ്പെട്ടിരുന്നത്‌. ഇപ്പോ കല്യാണബ്രോക്കര്‍മാരെ തീരെ കാണാനില്ല. സ്ഥലമിടപാടു ബ്രോക്കര്‍മാരെ ബ്രോക്കര്‍ എന്നു വിളിച്ചാല്‍ നമ്മള്‍ അവരുടെ തന്തയ്‌ക്കു വിളിച്ചമാതിരി ഒരു നോട്ടമാണ്‌, എന്താ കാര്യം? 'റിയല്‍ എസ്റ്റേറ്റ്‌ ഏജന്റ്‌' എന്നേ അവരെ വിളിക്കാവൂ.

പറഞ്ഞു വന്നത്‌, നമ്മടെ അന്തോണീടെ ആലോചന വന്നതിനെക്കുറിച്ചാണല്ലോ. പെണ്ണിന്റെ വീട്ടുകാരും ചെറുക്കന്റെ വീട്ടുകാരും പരസ്‌പരം ചില അന്വേഷണങ്ങളൊക്കെ നടത്തണം, അതാണല്ലോ ഒരു നാട്ടുനടപ്പ്‌. ഇരുപത്തഞ്ചായതിനെ 'അടുത്ത കുംഭത്തില്‍ പതിനേഴ്‌ തെകയും' എന്നു പറഞ്ഞു കെട്ടിക്കുന്ന കാലമാ. ആണുങ്ങളുടെ കാര്യമാണെങ്കില്‍, 'തങ്കപ്പെട്ട സ്വഭാവമാ' എന്നു പറയും ദല്ലാള്‍. ആളെ നേരിട്ടറിയാവുന്നവര്‍ക്കറിയാം ഈ പറഞ്ഞ തങ്കപ്പെട്ട സ്വഭാവം എന്നതു ശരിക്കും തള്ളയെ തല്ലുന്ന തങ്കപ്പേട്ടന്റെ പോലത്തെ സ്വഭാവമായിരിക്കും എന്ന്. അല്ല, എന്തിനേറേ പറയുന്നു ആയിരം കള്ളം പറഞ്ഞാണ്‌ ഒരു കല്യാണം നടത്തുന്നതെന്നാണല്ലോ പഴമൊഴി. നമ്മടെ നായകനെക്കുറിച്ച്‌ എടക്കാരന്‍ പറഞ്ഞതും ഏതാണ്ടിതുപോലൊക്കെത്തന്നെ ആയിരുന്നു.

"യ്യോ! അന്തോണീന്നു പറഞ്ഞാ അവിടങ്ങളിലൊക്കെ നല്ല മതിപ്പാ." ഉവ്വ, ഏതു കാര്യത്തിലാന്നും കൂടെ പറയണം. ഇനി വരുന്ന ഡയലോഗ്‌ ശ്രദ്ധിച്ചാല്‍ മതി. എന്തുമാത്രം മധുരം ചാലിച്ച കസര്‍ത്താണെന്നു നോക്കിക്കോണം.

"ഈ അന്തോണീടപ്പന്‍, വര്‍ക്കിച്ചന്‍, അവിടങ്ങളിലൊക്കെ നല്ല പേരൊള്ള മനുഷ്യനാ. കാശും പത്രാസും ഒന്നും അധികം പറയാനില്ലെങ്കിലും... ഇന്നു വരെ ഒരു മുട്ടും വന്നിട്ടില്ല. നന്നായി പറമ്പീ പണിയും. കൃഷീം കന്നുകാലീം എല്ലാ വകേം ഉണ്ട്‌. വെളുക്കുമ്പോ എറങ്ങിയാ പിന്നെ ഇരുട്ടീട്ടേ പണി നിര്‍ത്തിക്കേറൂ. അല്ല, അതിന്റെ ഗുണവും ഉണ്ട്‌ കേട്ടോ. എന്നതാ? ഇന്നു വരെ, മൂപ്പിലാനൊരു കാര്യത്തിനും മുടക്കം വന്നിട്ടില്ല. പിന്നെയെന്നാ, പള്ളിക്കും കൂട്ടര്‍ക്കും തന്നാലാവുന്നതൊക്കെ ചെയ്യുന്നുമുണ്ട്‌. അല്ല, അങ്ങനെയുള്ളോര്‍ക്കു പണോം പത്രാസും എന്തിനാന്നേ? മൂപ്പരാണെങ്കില്‍ ഒന്നാംതരം വിശ്വാസി. പെണ്ണുമ്പിള്ളയാണെങ്കി അതുപോലെ തന്നെ. ആ വീട്ടിലെ സകല കാര്യങ്ങളും വേണേല്‍ ഒറ്റയ്‌ക്കവരു നോക്കിക്കോളും...."

അന്തോണിയില്‍ നിന്നു ടപ്പേന്നു വര്‍ത്താനം അന്തോണീടപ്പനിലെത്തീതു കണ്ടില്ലേ? ഇത്രേം കേക്കുമ്പോ പെണ്ണിന്‌, 'എന്നാപ്പിന്നെ ഞാന്‍ ചെറുക്കന്റെ അപ്പന്‍ വര്‍ക്കിച്ചനെ കെട്ടിക്കോളാം' എന്നു വരെ തോന്നിപ്പോകും. ഭാവി-അമ്മായിയമ്മേടേ മിടുക്കിനെ കുറിച്ചുള്ള വര്‍ണ്ണനയില്‍ വേണമെങ്കില്‍ ആ വീട്ടിലെ സകല കാര്യങ്ങളും - കെട്ട്യോനെ ഉള്‍പ്പടെ - തന്റെ വരുതിക്കു നിര്‍ത്താന്‍ പാങ്ങുള്ള ഒരു രാക്ഷസിയാണ്‌ അവര്‍ എന്നും അര്‍ഥം കാണാം. സൂക്ഷിച്ചു നോക്കണം, ഇതു വരെ അന്തോണീടെ പുരാണം ഒന്നും പറഞ്ഞിട്ടില്ല!

ഇത്രേം പറഞ്ഞു, കേട്ടതെല്ലാം തൊണ്ടതൊടാതെ ഇറക്കിയാല്‍ പയ്യന്റെ കുടുംബത്തെപ്പറ്റി ഇപ്പോ പെണ്ണിന്റെ വീട്ടുകാര്‍ക്ക്‌ നല്ല മതിപ്പായി. വേറൊരു കാര്യം മാതാപിതാക്കള്‍ എപ്പോളും മാതാപിതാക്കളുടെ ലെവലിലേ ചിന്തിക്കൂ. മത്ത കുത്തിയാല്‍ കുമ്പളം മുളയ്‌ക്കില്ല എന്ന വിശ്വാസം. (പേട്ടുമത്തനായിക്കൂടേ എന്നു ചോദിക്കരുത്‌, അല്ല, ആരും ചോദിക്കാറില്ല!) മാതാപിതാക്കളുടെ ഭാഗം ക്ലീന്‍ ആയാല്‍ ബാക്കി താനെ ശരിപ്പെട്ടോളും എന്നൊരു വെപ്പ്‌. വിശ്വാസം, അതാണല്ലോ എല്ലാം! ഇത്രേം പറഞ്ഞാലുള്ള മെച്ചം എന്തെന്നാല്‍... മന:ശാസ്ത്രപരമായി, ഇത്രേം കാഴ്ചപ്പൊലിമയുള്ള വിഭവങ്ങള്‍ വിളമ്പി വെച്ചിട്ട്‌ 'അവിയലിന്‌ ഇച്ചിരെ ഉപ്പു കുറവാട്ടോ, സാമ്പാറിന്‌ സൊല്‍പം എരിവു കൂടുതലും' എന്നു പറഞ്ഞാല്‍, ഈ വായിക്കുന്ന നിങ്ങളാണെങ്കിലും പെണ്ണിന്റെ അപ്പന്റെ സ്ഥാനത്താണെങ്കില്‍ "ഓ.. അതു സാരമില്ലന്നേ" എന്നേ പറയൂ. ഇനി മറിച്ചൊരഭിപ്രായമുണ്ടെങ്കിലും "ഇതൊക്കെ അത്ര കാര്യമാക്കാനുണ്ടോ ചങ്ങാതീ?" എന്നു ദല്ലാളും "നിങ്ങളങ്ങു സമ്മതിക്കു മനുഷ്യാ!" എന്നു പെണ്ണുമ്പിള്ളയും പറയുമ്പോള്‍ അയാളങ്ങു താഴ്‌ന്നു കൊടുക്കും. അമ്മയുടെ മനസ്സില്‍ 'എന്നതായാലും എന്നെ കെട്ടിയെഴുന്നള്ളിച്ചോണ്ടുവന്ന നരകത്തേക്കാള്‍ നൂറുമടങ്ങു ഭേദമാണല്ലോ' എന്നാവും.

"ചെറുക്കന്‍ മിടുക്കനാ. കാണാന്‍ യോഗ്യന്‍. ഏഴാം ക്ലാസ്സുവരെയേ പോയിട്ടുള്ളൂ. എന്നാലെന്നാ, അപ്പനെപ്പോലെ തന്നെയാ, അദ്ധ്വാനി. നന്നായി പറമ്പില്‍ പണിയും. അപ്പനെ പറിച്ചു വെച്ചപോലെയാ! ആ! ദു:സ്വഭാവം എന്നു പറയാന്‍ അങ്ങനെ ഒന്നും തന്നെയില്ല. എന്നാലും, ഇന്നത്തെ പിള്ളാരല്ലേ, അതിപ്പോ കമ്പനി കൂടുമ്പോ ഒരമ്പതോ നൂറോ അടിക്കുമെന്നോ ഒരു ബീഡിയെങ്ങാനും പൊകയ്‌ക്കുമെന്നോ കൂട്ടിക്കോ. വേറേ അലമ്പു കമ്പനിയോ കൂട്ടുകെട്ടോ ഏ...ഹേ! വീടും വീട്ടുകാര്യങ്ങളും ആയിട്ട്‌ ഒതുങ്ങിക്കഴിയുന്നവന്‍. ഇവിടത്തെ ഒരു രീതീം കാര്യങ്ങളും ഒക്കെ വെച്ചു നോക്കിയപ്പോ എനിക്കു തോന്നി അച്ചായന്റെ കുടുംബത്തീ കേറ്റാന്‍ കൊള്ളാവുന്ന ഒരുത്തനാണെന്ന്‌. അല്ലങ്കില്‍ പിന്നെ ഞാന്‍ ഇതിവിടെ അവതരിപ്പിക്കില്ലല്ലോ, യേത്‌?"

മേല്‍പ്പറഞ്ഞതിന്റെ ഏതാണ്ടു നടുക്കു ഭാഗത്ത്‌ പ്രതിശ്രുതവധു അച്ചാമ്മയുടെ ജീവിതത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കാവുന്ന ചില സംഗതികള്‍ നിരന്നു കിടക്കുന്നുണ്ടെങ്കിലും അവസാനം അച്ചാമ്മയുടെ കുടുംബമഹിമ കൊണ്ട്‌ ഒരു ചൂണ്ടക്കൊളുത്തുണ്ടാക്കി എറിഞ്ഞപ്പോ അച്ചാമ്മേടപ്പന്‍ ഇടം വലം നോക്കാതെ കൊത്തി.

ഭക്ഷണപ്രിയനായ അന്തോണിയെ പാട്ടിലാക്കാന്‍ എടക്കാരന്‍ കണ്ട വഴി അച്ചാമ്മ ഒരു പാചകറാണിയാണെന്നു പറഞ്ഞു പിടിപ്പിക്കുകയായിരുന്നു. അവസാനം പുകിലാകാണ്ടിരിക്കാന്‍ ചെറുക്കന്‍ നന്നായി ശാപ്പാടടിക്കുന്ന കൂട്ടത്തിലാ എന്നു പെണ്ണിന്റെ അമ്മയോട്‌ ഡാവിലൊന്നു സൂചിപ്പിക്കാനും മറന്നില്ല. എന്നിട്ടോ, കല്യാണമുറച്ച അന്നു മുതല്‍ കെട്ടിന്റെ തലേന്നു വരെ അച്ചാമ്മയ്‌ക്കു പാചകത്തിന്റെ ക്രാഷ്‌ കോഴ്‌സായിരുന്നു. ഇന്നും ഇതൊക്കെ നടപ്പുള്ളതാണേ! കെട്ടു കഴിഞ്ഞ്‌ "താനല്ലേടോ അവളൊരു പാചകറാണിയാണെന്നു പറഞ്ഞത്‌? പാചകം എന്നാണോ വാചകം എന്നാണോ താന്‍ അന്നു ശെരിക്കും പറഞ്ഞെ?" എന്നു ഉണ്ണിവറീതിനോട്‌ അന്തോണി ചോദിക്കാഞ്ഞതു നമ്മടെ അച്ചാമ്മേടെ മിടുക്ക്‌.

പക്ഷേ അച്ചാമ്മയുടെ സ്ഥിതി മറിച്ചായിരുന്നു. ബീഡിപ്പുക എന്നതു അന്തോണിക്ക്‌ ജീവശ്വാസമാണെന്ന തിരിച്ചറിവ്‌. അതിന്‌ ഒരുപാടുനാളൊന്നും കാത്തിരിക്കേണ്ടിയും വന്നില്ല. പിന്നെ ആദ്യമൊക്കെ അത്ര ഇല്ലായിരുന്നെങ്കിലും അന്തിയാവുമ്പോ പണി കഴിഞ്ഞിട്ട്‌ അന്തോണി ഒന്നു മുങ്ങുന്നതു പതിവായി. ഇരുട്ടിക്കഴിയുമ്പോള്‍ പൊങ്ങും. മുങ്ങലും പൊങ്ങലും ഒക്കെ വെള്ളത്തിലേ നടക്കൂ എന്നു കൂട്ടിവായിക്കാനുള്ള ജി.കെ. ഒക്കെ വായനക്കാര്‍ക്കുണ്ടല്ലോ. പോരാഞ്ഞ്‌ സമാധാനപൂര്‍ണ്ണമായ അക്ഷമയോടെ ക്യൂ നില്‍ക്കാന്‍ അന്നു ബീവറേജൊന്നുമില്ല. സൊയമ്പന്‍ ചാരായം ഉള്ള കാലമാണ്‌. പുഴുങ്ങിയ മുട്ട കൂട്ടി ഒരു നൂറടിച്ചാല്‍ കല്ലു ചുമക്കുന്നവന്റെ വരെ മേലുവേദനയും കരളും അലിഞ്ഞു പോകും. നാട്ടിലാണെങ്കില്‍ ഇഷ്‌ടം പോലെ തെങ്ങും പനയും - 'എന്നെ ചെത്തി കള്ളെടുക്കാവോ?' എന്നും ചോദിച്ച്‌ നില്‍ക്കുന്നു. (ഇപ്പോ നമ്മുടെ നാട്ടില്‍ തേങ്ങായിടാന്‍ ആളെ കിട്ടില്ല, പക്ഷേ ചെത്തുകാര്‍ ഇഷ്‌ടം പോലെ ഉണ്ട്‌. 'ഡിമാന്‍ഡ്‌ മേക്‌സ്‌ പ്രൊഡക്റ്റ്‌സ്‌ ആന്‍ഡ്‌ പ്രൊഫഷണല്‍സ്‌' എന്നാണല്ലോ!) അപ്പോ മേനി പറഞ്ഞ ദു:ശ്ശീലരാഹിത്യം എന്ന ഗുണം പള്ളീച്ചെന്നു പറഞ്ഞാമതി എന്ന ഗതിയായി. ഇതൊരിക്കല്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ 'ഇതു ഞാന്‍ എപ്പളേ പ്രതീക്ഷിച്ചു' എന്ന മട്ടില്‍ അന്തോണി തിരിച്ചടിച്ചു:

"ഞാന്‍ കള്ളുകണ്ടാല്‍ കാര്‍ക്കിച്ചു തുപ്പുന്നവനാണെന്നും ബീഡിപ്പുക കൊണ്ടാല്‍ ആസ്‌മാ വരുന്നോനാണെന്നും ഒന്നും പറഞ്ഞിട്ടില്ല. നിന്റേം നിന്റെ വീട്ടുകാരടേം വെളിവുകേടിന്‌ അങ്ങനെ കരുതിപ്പോയതിന്‌ ഞാനെന്നാ പെഴച്ചു? പകരം ഇങ്ങോട്ടു പറഞ്ഞതെന്നാ? നിന്റത്രേം വെച്ചു വെളമ്പാന്‍ കഴിവുള്ളവള്‍ ആ കരേല്‍ വേറേയില്ലന്നല്ലേ? ശരി, ഞാന്‍ വലിക്കുമെന്നും അല്‍പസൊല്‍പം കുടിക്കുമെന്നും അറിഞ്ഞപ്പോ നിന്റെ തെറ്റിദ്ധാരണയങ്ങു മാറി. ഇനി നിന്റെ വീട്ടുകാര്‍ എന്നെ എന്തെല്ലാം കള്ളം പറഞ്ഞാ തെറ്റിദ്ധരിപ്പിച്ചേക്കുന്നേന്നാര്‍ക്കറിയാം?"

അച്ചാമ്മയുടെ ഉള്ളു നൊന്തു. പേടിക്കേണ്ട, പാചകറാണിപ്പട്ടം പോയാല്‍ തന്റെ കുടുംബക്കാര്‍ ആകമാനം നുണയന്മാരാണെന്ന്‌ അതിയാന്‍ പറഞ്ഞു കളയുമെന്ന പേടിയായിരുന്നു പുള്ളിക്കാരിക്ക്‌. കെട്ടിക്കേറിച്ചെല്ലുന്ന പെണ്ണിന്റെ കുടുംബം തരംതാണുപോയാല്‍ പിന്നെ അവള്‍ക്കവിടെ എന്താ വില? ഒരു കാര്യം നല്ലതാണെന്നു സ്ഥാപിക്കാനാണല്ലോ പ്രയാസം, നല്ലതല്ലെന്നു വരുത്താനാണെകില്‍ ഒരൊറ്റ മോശം കാര്യം ഉണ്ടായാല്‍ മതിയല്ലോ. ഒറ്റ ബഗ്ഗുണ്ടെങ്കില്‍ ആപ്‌ളിക്കേഷന്‍ ബഗ്‌-ഫ്രീ ആണെന്നു നമുക്കും പറയാന്‍ പറ്റില്ലല്ലോ.

ആ ഒരൊറ്റ കാരണം കൊണ്ട്‌ അതീവ ശ്രദ്ധയോടെ അച്ചാമ്മ വെച്ചു വെളമ്പുന്നു, അന്തോണി ഇന്നും വായ്‌ക്കു രുചിയുള്ള ആഹാരം കഴിക്കുന്നു. (ഉപ്പല്‍പം കൂടിപ്പോയ കറി അച്ചാമ്മ തന്നെ തിന്നുന്നു.)

ഗുണപാഠം: ഒരുപാടുണ്ട്‌, വാട്ടെവര്‍ യു ഫീല്‍, ടേക്കിറ്റ്‌ മാന്‍!

Tuesday, October 11, 2011

നേരിന്റെ നിറം - ഒരന്വേഷണം

നേരിന്റെ നിറമന്വേഷിച്ച്‌ ദൂരേയ്ക്ക്‌
ഞാനും ഒരു യാത്ര പോയി.
വളരെയാളുകള്‍ പറഞ്ഞു
ചോരച്ചെമപ്പുതന്നെ നേരിന്റെ നിറം.
ജനകന്‍ ചാരിത്ര്യം കവര്‍ന്ന
ഒരു പെണ്‍കുരുന്ന് അതു തെറ്റെന്നു സ്ഥാപിച്ചു.
കെട്ടുതാലിയുടെ സ്വര്‍ണ്ണവര്‍ണ്ണമെന്നു ഒരുവള്‍.
ഇണ വഞ്ചിച്ചവര്‍ അതു മായ്ച്ചുകളഞ്ഞു.
സൗഹൃദമാണെന്നു മറ്റു ചിലര്‍.
സൗഹൃദത്തിനു പലനിറമാണെന്നും
ഒരു പാസ്‌വേഡിനപ്പുറം അതിനേറെ
രഹസ്യങ്ങളുണ്ടെന്നും വാദിച്ചവര്‍
നീലയാണ്‌ അതിന്റെ കാണാനിറമെന്ന് പറഞ്ഞു.
അനന്തമായ ആകാശത്തിന്റെ നിറം നീല.
ജീവന്‍ കുരുക്കുന്ന ഭൂമിയുടെ നിറവും
ആഴക്കടലിന്റെയും സ്നേഹക്കണ്ണിന്റെയും
നിറവും നീലയല്ലേ? ചിലര്‍ തിരിച്ചടിച്ചു.
അവര്‍ തമ്മില്‍ യുദ്ധമായി.
സംസ്‌കാരങ്ങള്‍ കലരുന്നതാണ്‌, പോരല്ല
എന്നു ബുദ്ധിജീവികള്‍ അടക്കം പറഞ്ഞു.
മരിച്ചവരെ കോടി പുതപ്പിച്ചു കിടത്തി.
കവലകളില്‍ കരിങ്കൊടി നാട്ടി.
അപ്പോള്‍ തിരിഞ്ഞു- സമാധാനത്തിന്റെ വെള്ളയും
മരണത്തിന്റെ കറുപ്പുമാണ്‌ നേരിന്റെ നിറങ്ങള്‍.
സമാധാനം കിട്ടാക്കനിയാകയാല്‍
മരണക്കറുപ്പുമാത്രമാണ്‌ സത്യമുള്ള നിറം.
തെളിവ്‌ - സത്യങ്ങള്‍ ഇരപിടിക്കാനിറങ്ങുന്ന
കറുത്ത രാത്രികള്‍ കള്ളം പറയാറില്ല.

Wednesday, October 05, 2011

സഫലയാത്രകള്‍

'ഈ യാത്ര സഫലമാവട്ടെ'

ബസ്സില്‍ ഡ്രൈവറുടെ സീറ്റിനു പിന്നില്‍ മറയിടുന്ന ചില്ലില്‍ കണ്ട ഒരു സ്‌റ്റിക്കറിലെ വാചകം. അനിശ്ചിതത്വം നിറഞ്ഞ ഒരു ചിരികൊണ്ട്‌ ഞാന്‍ ആ ഭാവുകം സ്വീകരിച്ചു. മഴ മാറിയ മാനം തെളിയാന്‍ കൂട്ടാക്കാതെ മങ്ങി നിന്നു. ഇടയ്‌ക്കെല്ലാം ഓരോ ഗട്ടറിന്റെ കുലുക്കത്തില്‍ ഉലഞ്ഞ്‌ എറണാകുളത്തേക്ക്‌ ആ ബസ്സും ബസ്സിനെക്കാള്‍ വേഗത്തില്‍ ഞാനും പൊയ്‌ക്കൊണ്ടിരുന്നു.

രണ്ടുമൂന്നു ദിവസമായി ഒരു ഓട്ടത്തിലായിരുന്നു. എല്ലാം ഒരുവിധം ശരിപ്പെടുത്തിയിട്ടാണ്‌ ഇപ്പോള്‍ ഈ യാത്ര. രാവിലെ ആശുപത്രിയില്‍ നിന്നും ഫോണ്‍ വന്നിരുന്നു. രാമിന്റെ സ്ഥിതി വീണ്ടും വഷളാവുന്നു. എന്തോ പ്രധാനപ്പെട്ട ഇന്‌ജക്ഷന്‍ ഇന്നലെ മൂന്നു തവണ എടുത്തത്രേ. ഒരാഴ്ച കൂടി അതു തുടരേണ്ടിവരുമെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്‌.

പതിയെപ്പതിയെ നഗരത്തിന്റെ ലക്ഷണങ്ങള്‍ നിറഞ്ഞ കാഴ്‌ചകള്‍ കണ്ണുകളിലേക്കിരച്ചുകയറി. അര മണിക്കൂര്‍ കൂടിയുണ്ട്‌, ഒന്നു കൂടി മയങ്ങാം. മടിയിലെ ബാഗില്‍ രണ്ടുകൈകളും ചേര്‍ത്തുപിടിച്ചു. കയ്യില്‍ പണമാണ്‌. ഈ പണത്തിനു ചിലപ്പോള്‍ രാമിന്റെ ജീവന്റെ വിലയായിരിക്കും. ബാഗില്‍ ഞാന്‍ മുറുകെപ്പിടിച്ചു.

**********

"ഇനിയിപ്പോ എന്നാ ഇങ്ങോട്ടു വരിക? വിഷൂനോ?"

കഴിഞ്ഞവര്‍ഷം രാമിനെ ഒരു അവധിക്കാലം കഴിഞ്ഞു യാത്രയാക്കാന്‍ നിന്നപ്പോഴാണ്‌ ഒരു നാട്ടുകാരന്‍ ആ ചോദ്യം ചോദിച്ചത്‌.

"ഇടയ്‌ക്ക്‌ സമയം കിട്ടിയാല്‍ വരും. ഇനീപ്പൊ പരീക്ഷയൊക്കെ ഒരുപാടുണ്ടേ..!"

"ഒക്കെ കഴിഞ്ഞിങ്ങോട്ട്‌ വന്നാ മതി. എന്നിട്ടിവിടെ ഒരു ആശൂത്രി തുടങ്ങണം. എന്നിട്ടു ഞങ്ങളെയെല്ലാം ചികില്‍സിക്കണം. ഈ നാടിന്റെ സ്വന്തം ഡോക്‌ടര്‍ ആയിട്ട്‌. ഞാനൊരു സ്ഥിരം രോഗി ആയിരിക്കും കെട്ടോ... വയസായില്ലേ, അസുഖത്തിനുണ്ടോ വല്ല പഞ്ഞോം?"

"ഓ അതിനെന്താ, നമ്മുടെ നാട്ടുകാരെ ചികില്‍സിച്ചില്ലേല്‍ പിന്നെ ഞാനെന്തിനാ മെഡിസിന്‍ പഠിക്കുന്നേ?"

"ആ, അതു നല്ല കാര്യം. ഇനി ഈ പഠിത്തം കഴിഞ്ഞ്‌ നല്ല ശമ്പളം കിട്ടുമെന്നു പറഞ്ഞ്‌ വേറെ എവിടെങ്കിലും പോവ്വോ അതോ പിന്നേം പഠിക്കാന്‍ പോവ്വോ വല്ലോം ചെയ്‌തുകളഞ്ഞേക്കല്ലേ! ഹ ഹ..!"

"ഞാനിങ്ങോട്ടു തന്നെ വരും, വരാതെ ഞാന്‍ എങ്ങോട്ടു പോകാനാ ചേട്ടാ?"

"ആ, ആയിക്കോട്ടെ, ബസ്സു വരുന്നുണ്ടെന്നാ തോന്നണെ. ഒച്ച കേക്കുന്നില്ലേ?"

ഞങ്ങള്‍ തലകുലുക്കി.

*************

ഏറെ വൈകിയാണ്‌ അവന്റെ രക്തത്തിലെ അണുക്കള്‍ അവനോടു കുസൃതികാട്ടുകയാണെന്നു ഞങ്ങളെല്ലാവരും അറിഞ്ഞത്‌. അവന്‍ അതിനല്‍പം മുന്‍പും. ആദ്യമെല്ലാം ആരെയും അറിയിക്കാതെ, ഡോക്ടറുടെ വെള്ളക്കുപ്പായമിട്ടുവരുന്ന രാമിനെ സ്വീകരിക്കാന്‍ കാത്തുനിന്ന നാടിനെയും നാട്ടുകാരെയും വന്‍ പ്രതീക്ഷയില്‍ അവനെ മെഡിസിനു പഠിക്കാനയച്ച സാധാരണക്കാരായ അവന്റെ വീട്ടുകാരെയും ഒന്നും അറിയിക്കാതെ അവന്‍ സ്വയം ചികില്‍സ തേടി. നാട്ടിലേക്കുള്ള വരവു തീരെ ഇല്ലാതായി. എത്ര നാള്‍ ഒളിച്ചു കളിക്കാം എന്നു അറിയാമല്ലോ. ഒടുവില്‍ എല്ലാവരും അറിഞ്ഞു. വൈകിയാണു ചികില്‍സ തുടങ്ങിയതെങ്കിലും ആദ്യമൊക്കെ രോഗത്തെ വരുതിക്കു നിര്‍ത്താന്‍ അതുമതിയായിരുന്നു. പഠനം തുടരാന്‍ വിഷമമുണ്ടായില്ല. ഹൗസ്‌ സര്‍ജന്‍സി ചെയ്‌തുകൊണ്ടിരിക്കവേയാണ്‌ പെട്ടെന്നു നില തീരെ വഷളായത്‌. പഠനമൊക്കെ എങ്ങനെയെങ്കിലും മുന്നോട്ടു കൊണ്ടുപോകാമെന്ന കണക്കുകൂട്ടലിലായിരുന്നു അവന്റെ അച്ഛന്‍. പുറമേ ഇപ്പോള്‍ ചികില്‍സയും. കഷ്‌ടപ്പെട്ടു, ഉള്ളതെല്ലാം വിറ്റുപെറുക്കി. ഒക്കെ അവന്റെ നന്മയ്‌ക്ക്‌. കുറെ നാട്ടുകാരും സഹായിച്ചു, പിന്നെ സുഹൃത്തുക്കള്‍ ഞങ്ങളും അവന്റെ സഹപാഠികളും. പണത്തിന്റെ ഇല്ലായ്‌മ കൊണ്ട്‌ ഒന്നിനും ഒരു കുറവുണ്ടാകരുതെന്ന്‌ ഞങ്ങള്‍ക്കെല്ലാവര്‍ക്കും നിര്‍ബന്ധമായിരുന്നു. അല്ലെങ്കില്‍ അവനില്‍ പ്രതീക്ഷവെച്ച ഒരു നാടിന്റെ സ്വപ്‌നമാണ്‌ വായനശാലയില്‍ ചില്ലിട്ടു വെച്ചിരിക്കുന്ന ആ പത്രവാര്‍ത്തയില്‍ ഇന്നും പുതുമയോടിരിക്കുന്നത്‌: "ചെത്തിമറ്റം ഗ്രാമത്തില്‍ നിന്നൊരു എന്‍ട്രന്‍സ്‌ വിജയഗാഥ".

*************

മുന്‍പ്‌ കണ്ടപ്പോള്‍ കറുപ്പു കോട്ടകെട്ടിയ അവന്റെ കണ്‍തടങ്ങള്‍ക്കു നടുവില്‍ അന്നുവരെ കാണാത്ത ഏതോ വേലിയേറ്റങ്ങള്‍ ഞാന്‍ കണ്ടു.

"നിനക്കു ഭയമുണ്ടോ?" അവന്റെ കരം കവര്‍ന്നുകൊണ്ട്‌ ഞാന്‍ ചോദിച്ചു.

"എന്തിന്‌..? മരിക്കാനോ?" അവന്റെ മറുചോദ്യത്തിന്‌ ഞാന്‍ മൗനം കൊണ്ട്‌ ഉത്തരം നല്‍കി.

".... മരണത്തെ എന്തിനാടാ ഭയപ്പെടുന്നത്‌? ജീവിതത്തെയല്ലേ നാം എപ്പോഴും പേടിക്കേണ്ടത്‌? മരണത്തിന്‌ ഒരു ഗ്യാരന്റി ഉണ്ടെടാ, മോചനം! എല്ലാറ്റില്‍ നിന്നും, വേദനകളില്‍ നിന്നും സന്തോഷങ്ങള്‍ തീര്‍ക്കുന്ന വേലിക്കെട്ടുകളില്‍ നിന്നും സ്‌നേഹച്ചങ്ങലകളില്‍ നിന്നുമെല്ലാം... പക്ഷേ ജീവിച്ചുപോകാനല്ലേ പ്രയാസം? ചുള്ളിക്കാട്‌ പറഞ്ഞതുപോലെ, ജീവിതം എപ്പോഴും നമുക്കായി അപ്രതീക്ഷിതമായ എന്തോ ഒന്ന്‌ കാത്തുവെയ്‌ക്കുന്നു.."

ഞങ്ങള്‍ ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി.

***************

"കലൂര്‌.. കലൂര്‌... കലൂരെറങ്ങാനുള്ളവര്‌ വന്നേ!"
അനേകം ബഹളങ്ങള്‍ ഈ വാചകത്തിനു പിന്നാലെ എന്റെ കാതുകളിലേക്കിരച്ചുകയറി. തിടുക്കത്തില്‍ സീറ്റില്‍ നിന്നെഴുന്നേറ്റ്‌ ബസ്സിറങ്ങി. വെയില്‍ ചാഞ്ഞു തുടങ്ങി. ആശുപത്രിയിലേക്ക്‌ അടുത്ത ബസ്സുകയറി, ഒരു ചായ പോലും കുടിക്കാന്‍ നില്‍ക്കാതെ.

ഓങ്കോളജി വിഭാഗം എന്ന ബോര്‍ഡിനു താഴെ പരിക്ഷീണരായ ഏതാനും മുഖങ്ങള്‍. എന്റെ വരവു കണ്ടിട്ട്‌ അവര്‍ എഴുന്നേറ്റു.

"രാമിന്‌ എങ്ങനെയുണ്ടിപ്പോ? എന്താ നിങ്ങളെല്ലാരും ഇവിടെ നിക്കുന്നേ?" എന്റെ ചോദ്യത്തില്‍ അസാധാരണമായ ഒരു തിടുക്കമുണ്ടായിരുന്നെന്ന്‌ എനിക്കുപോലും തോന്നി.

"അസുഖം രാവിലെ വല്ലാതെ കൂടി. പെട്ടെന്നു തന്നെ ഐ.സി.യു.വിലാക്കി. ഇതുവരെ ഡോക്‌ടര്‍മാര്‍ ഒന്നും വിട്ടുപറയുന്നില്ല." അയല്‍ക്കാരന്‍ മാധവന്‍കുട്ടിച്ചേട്ടന്‍ ആണിത്രയും പറഞ്ഞത്‌.

ദേഹം തളരുന്നതുപോലെയും കയ്യിലെ ബാഗിനു ഭാരം വല്ലാതെ കൂടിയിരിക്കുന്നതായും എനിക്കു തോന്നി. ഹതാശനായി ഞാനും അവിടെക്കണ്ട ഒരു കസേരയിലിരുന്നു.

************

"ഇതാണു ശരി. ഇതാണു നേരായ വഴി. ഇനി നമ്മളൊക്കെ സന്തോഷിക്കുകയാണു വേണ്ടത്‌..!" ഇതു പറഞ്ഞതും മാധവന്‍കുട്ടിച്ചേട്ടനായിരുന്നു. യോഗം പിരിഞ്ഞു. ലൈബ്രറി ഹാളില്‍ നിന്നും ഓരോരുത്തരായി പുറത്തേക്കിറങ്ങി. ഞാനും.

"എടാ, പോകല്ലേ, നീയൊന്നു വന്നേ.. ഇതൊന്നു നോക്കിയേച്ച്‌....."

സെക്രട്ടറിയുടെ മേശയ്‌ക്കരികിലെത്തി. ലെറ്റര്‍ പാഡില്‍ ഒരു പാരഗ്രാഫ്‌ എഴുതി വെച്ചിരിക്കുന്നു.

"ചുമട്ടുതൊഴിലാളിയുടെ മകള്‍ക്ക്‌ പഠനസഹായമൊരുക്കി വായനശാല. ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ ഉന്നതവിജയം കൊയ്‌ത്‌ നാടിന്റെ അഭിമാനമായ ചെത്തിമറ്റം സ്വദേശിനി ആര്യയ്‌ക്ക്‌ ദേശസേവിനി വായനശാല പഠനസഹായം നല്‍കി. വായനശാലയില്‍ ചേര്‍ന്ന അനുമോദനയോഗത്തില്‍ വെച്ച്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഹായധനത്തിന്റെ ആദ്യഗഡു ആര്യയ്‌ക്കു കൈമാറി. ആര്യയുടെ അച്ഛന്‍ ശ്രീ. ഗോപാലന്‍ ചെത്തിമറ്റത്തെ ചുമട്ടുതൊഴിലാളിയാണ്‌. കഴിഞ്ഞ വര്‍ഷം അന്തരിച്ച വായനശാല മുന്‍ സെക്രട്ടറിയും മെഡിക്കല്‍ വിദ്യാര്‍ഥിയും ആയിരുന്ന രാംകുമാറിന്റെ ചികില്‍സാസഹായത്തിനായി രൂപീകരിച്ച ഫണ്ടാണ്‌ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം നിര്‍ദ്ധനവിദ്യാര്‍ഥികളെ സഹായിക്കാനുള്ള പദ്ധതിയായി മാറ്റിയത്‌. അടുത്ത വര്‍ഷം മുതല്‍ അഞ്ചു വിദ്യാര്‍ഥികളുടെ ഉന്നതപഠനം ഏറ്റെടുക്കാന്‍ തക്കവിധം സഹായനിധി വിപുലീകരിക്കുമെന്ന്‌ വായനശാലാ ഭാരവാഹികള്‍ അറിയിച്ചു....

Tuesday, October 04, 2011

കട്ടപ്പനയില്‍ ഭക്ഷണത്തിന് തീവില (From Mathrubhumi)

Source: link

കട്ടപ്പന: കട്ടപ്പന ടൗണിലെ ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ച് കഴിഞ്ഞദിവസം എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിപ്പിച്ചു.

6 രൂപയായിരുന്ന ചായയ്ക്ക് 9 രൂപയായും 7 രൂപയായിരുന്ന കാപ്പിക്ക് 10 രൂപയായും വര്‍ധിപ്പിച്ചു. ബീഫ്‌ഫ്രൈ 50 രൂപയില്‍ നിന്ന് 75 രൂപയായും, ഊണിന് 35 രൂപയില്‍നിന്ന് 50 രൂപയായും വര്‍ധിപ്പിച്ചു. 6 രൂപയായിരുന്ന പൊറോട്ടയ്ക്ക് ഇപ്പോള്‍ വില 10 രൂപയാണ്. നാരങ്ങാവെള്ളത്തിന് 10 രൂപയായി വര്‍ധിപ്പിച്ചു. വില വര്‍ധിപ്പിച്ചെങ്കിലും വിലവിവരപ്പട്ടികയില്‍ പുതുക്കിയ നിരക്ക് രേഖപ്പെടുത്തിയിട്ടില്ല.

അരി, പയര്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില കുറയുകയാണ് ചെയ്തത്. പാലിനുമാത്രമാണ് വില വര്‍ധിച്ചത്. ഹോട്ടലുകളില്‍ തോന്നിയപോലെയാണ് വില ഈടാക്കുന്നത്.

എന്നാല്‍ വില നിയന്ത്രിക്കുന്നതിനുള്ള താലൂക്ക്-ജില്ലാ ഭക്ഷ്യ ഉപദേശകസമിതി ഇതുസംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല........
--------------

പണ്ട് , ഒരു പരിചയക്കാരന്‍ പത്രപ്രവര്‍ത്തകന്‍ (2003 ലാണ്) പറഞ്ഞിട്ടുണ്ട് , ഈ കേരളത്തില്‍ ഭക്ഷണസാധനങ്ങള്‍ക്ക് ഏറ്റവും വിലയുള്ളത് ഹൈറേഞ്ചിലാണെന്ന്. കുറെ യാത്ര ചെയ്തപ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട് ഇതേകാര്യം. മറ്റുള്ളിടത്ത് എല്ലാ സ്ഥാപനങ്ങളിലും വില കുറവുണ്ടെന്നല്ല, മറിച്ച് തിരുവനന്തപുരത്തോ എറണാകുളത്തോ ആലപ്പുഴയിലോ ചെന്നാല്‍ വളരെക്കുറഞ്ഞ നിരക്കില്‍ നല്ല ഭക്ഷണം കിട്ടുന്ന ചെറുകിട സ്ഥാപനങ്ങള്‍ കാണാം. ഹൈറേഞ്ചില്‍ റെസ്റ്റോറന്റിലും നാടന്‍ ചായക്കടയിലും തട്ടുകടയിലും ഒരേ നിരക്കുതന്നെ.

ഒരു ചേട്ടന്‍ നടത്തുന്ന ഒരു ചായക്കട ഉണ്ട്‌. പുള്ളി തന്നെയാണു ചായ അടിക്കുന്നതും കാശ്‌ വാങ്ങുന്നതും... ചെറിയ കടയാണ്‌. പുള്ളീടെ വീട്ടില്‍ നിന്നാണു പലഹാരം ഉണ്ടാക്കി കൊണ്ടുവരുന്നത്‌. ഈ വിലവര്‍ധനവു പുള്ളിയും പ്രാവര്‍ത്തികമാക്കും. 1000 രൂപയുടെ കച്ചവടം പുള്ളിക്കുണ്ടാരുന്നു ഇതു വരെ എന്നു കരുതുക, ഇനിമേല്‍ അതു വലിയ മുതല്‍ മുടക്കില്ലാതെ തന്നെ 1300 ആകുന്നു. അതാണു വ്യത്യാസം

ബീഫിനു വില ഒരു കിലോയ്ക്ക്‌ രൂപ 20 കൂടിയിരിക്കാം, എന്നും കൊണ്ട്‌ ഒരു പ്ലേറ്റ്‌ ബീഫിനു ഒരു കിലോയ്ക്കുള്ളതിനെക്കാള്‍ വര്‍ധന ന്യായമാണോ?

അസോസിയേഷന്‍കാര്‍ പറയുന്നു , ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയില്‍ ആണെന്ന്‌ - കസ്റ്റമറെ (രുചി കൊണ്ടും, വൃത്തി , ഗുണം, വില എന്നിവ കൊണ്ടും) ആകര്‍ഷിക്കാന്‍ കഴിവില്ലാത്ത എതു ബിസിനെസ്സും കൂപ്പുകുത്തും... ഇല്ലെങ്കില്‍ കുത്തിക്കണം. അതിനു ജനം വിചാരിക്കണം.

ഒരു ചെറിയ കണക്കു പറയാം.
350 രൂപ ശമ്പളമുള്ള ഹോട്ടല്‍ തൊഴിലാളിയുടെ കൂലി 50 രൂപ കൂടി എന്നു കരുതുക. അങ്ങനെ പത്തു തൊഴിലാളികള്‍ ഉള്ള ഒരു സ്ഥാപനം. മുതലാളിക്കു ശമ്പളയിനത്തില്‍ വരുന്ന അധികച്ചെലവ്‌ ദിവസം 500 രൂപ.

40 പേര്‍ 3 പൊറൊട്ട വീതം തിന്നുന്നു ഒരു ദിവസം രാവിലെ. 120 പൊറൊട്ടയ്ക്ക്‌ നാലു രൂപ വര്‍ദ്ധിത നിരക്കില്‍ അധികവരുമാനം 480 രൂപ.
ഇതേ നാല്‍പതു പേര്‍ ചായയും കുടിക്കുന്നു. 40 * 3(അധിക നിരക്ക്‌) = 120.
ഇപ്പൊത്തന്നെ മുതലാളിയുടെ അധികച്ചെലവു മറികടന്നു.

ഈ നാല്‍പതു പേരില്‍ പത്തു പേര്‍ ബീഫു കഴിച്ചെന്നു കരുതുക. ഒരുകിലോ ബീഫു പോലും ചെല്വാകുന്നില്ല, എങ്കിലും അസംസ്കൃത വസ്തുക്കളിന്മേല്‍ അന്‍പതു രൂപ അധികച്ചെലവു മുതലാളിക്കുണ്ടെന്നു കരുതിയാലും, 25 രൂപ വീതം അധികം 10 പെരില്‍ നിന്നു- അതായതു 50 രൂ. മുടക്കില്‍ മുതലാളി നേടുന്ന വരുമാനം 250 രൂപ. ഇതു നാല്‍പതു പേരുടെ സാമ്പിള്‍ കണക്കുമാത്രം. മറുവശത്ത്‌ വാടക, ഇന്ധനം, വൈദ്യുതി, പലചരക്കു-പച്ചക്കറി സാധനങ്ങള്‍, പണിക്കൂലി എന്നിവയുടെയെല്ലാം വര്‍ദ്ധന കണക്കിലെടുത്താലും ഒരു ദിവസത്തെ മുഴുവന്‍ കച്ചവടത്തില്‍ നിന്നുള്ള അധികലാഭം എത്രത്തോളം വരും?

ഏതാനും നാളുകള്‍ക്കു മുന്‍പ് മില്‍മ പാല്‍‌വില ലിറ്ററൊന്നിനു മൂന്നു രൂപ കൂട്ടിയപ്പോള്‍, നമ്മുടെ ഹോട്ടലുകാര്‍ ചായയൊന്നിനു ഒരു രൂപ കൂട്ടി. ഈ വാര്‍ത്ത വരുന്നതിനു മുന്‍പുതന്നെ(ഓണക്കാലത്ത്) കട്ടപ്പനയില്‍ ചായവില 6 രൂപ ആയിട്ടുണ്ടായിരുന്നു. എന്തോരു യുക്തി ആണെന്നു നോക്കണേ. മൂന്നു ചാ‍യ വില്‍ക്കുമ്പോഴേക്കും മുതലിങ്ങുപോരും. ബാക്കിയോ?

ഈ മൈയ്‌യ്‌ദാന്നു പറയുന്ന സാമാനത്തിനു എത്രമാത്രം വിലകൂടിയിട്ടാ പൊറൊട്ടയൊന്നിന് നാലു രൂപ വെച്ചു കൂട്ടിയത്? ഒരു കിലോ മൈദയില്‍ നിന്നും 15 പൊറോട്ട ഉണ്ടാക്കാമെങ്കില്‍ ഈ കിട്ടുന്ന 60 രൂപയുടെ അധികലാഭം കൊണ്ട് ഹോട്ടലുടമ തിന്നു കൊഴുക്കത്തേയുള്ളൂ. അസംസ്കൃതവസ്തുക്കളുടെ വിലവര്‍ദ്ധനവിനു ആനുപാതികമായി ഉല്പന്നങ്ങളുടെ വിലകൂട്ടിയാല്‍ നാമമാത്രമായ വര്‍ദ്ധനവേ ഉണ്ടാകൂ എന്നു നിസ്സംശയം പറയാം. പൊറോട്ടമേക്കറുടെ കൂലി, ഇന്ധനം, എണ്ണ എല്ലാത്തിന്റെയും കൂടി ഉയര്‍ച്ച പരിഗണിച്ചാലും ആറ്-ഏഴ് രൂപയുടെ സാധനത്തിനു പൊടുന്നനെ 10 രൂപ വിലയിട്ടതിനെ എങ്ങനെ ന്യായീകരിക്കാനാവും? അതുപോലെതന്നെയാണു ബസ് ചാര്‍ജ്ജ് വര്‍ദ്ധനയും. ഇന്നത്തെ(30 സെപ്റ്റം.) മാധ്യമം പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് - ഗതാഗതമന്ത്രിക്ക് അബദ്ധം പറ്റിയതുകൊണ്ട് പുതുക്കിയ ബസ് കൂലിനിരക്കുകളില്‍ പരക്കെ അപാകതകള്‍! ഇനി അതു പരിഹരിച്ചെന്നു തന്നെ ഇരിക്കട്ടെ, ഇത്രയും നാള്‍ പൊതുജനത്തിന്റെ കയ്യില്‍ നിന്നും KSRTCയും സ്വകാര്യബസ്സുകളും പിടുങ്ങിയ കോടിക്കണക്കിനു രൂപയ്ക്കു ആരു സമാധാനം പറയും? പ്രതിപക്ഷം പോലും ഇതു കണ്ടില്ലെന്നുണ്ടോ? സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളനിര്‍ണ്ണയത്തിലായിരുന്നു ഇത്തരം ഒരു പിഴവുവന്നതെങ്കില്‍(അനോമലി എന്നാണതിനെ പറയുക) ഇവിടെ എത്ര ദിവസം ഓഫീസുകള്‍ പ്രവര്‍ത്തിക്കാതിരുന്നേനെ? എത്ര രാഷ്ട്രീയക്കാര്‍ യുദ്ധകാഹളം മുഴക്കിയേനെ? ആനുപാതികമല്ലാത്തതും അശാസ്ത്രീയവും ഭീമവുമായ ഒരു വിലവര്‍ദ്ധനവ് അടിച്ചേല്‍പ്പിക്കുന്ന ഈ പകല്‍ക്കൊള്ള തടയാന്‍ ഇവിടെ ആരുണ്ട്?

വന്നുവന്ന് ഒരു കൂട്ടുകാരനെ വഴിയില്‍ വെച്ചുകണ്ടാല്‍ “വാടാവ്വേ, ഒരു ചായ കുടിക്കാം..” എന്നു പോലും പറയാന്‍ പറ്റില്ലല്ലോ!

പൊതുജനം കഴുത! ആദ്യത്തെ രണ്ടുമൂന്നു ദിവസം പഴിയും പരാതിയുമായി ഇങ്ങനെ നടക്കും. പിന്നെ ഇതൊക്കെ ജീവിതത്തിന്റെ ഭാഗമായി കണ്ട് അങ്ങു സ്വീകരിക്കും. അതിപ്പോ പാലിനു വിലകൂടിയാലും ഇന്ധനത്തിനു വിലകൂടിയാലും ഭീകരാക്രമണം/ബോംബ് സ്ഫോടനം എന്നിവ ഉണ്ടായാലും.