Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts

Sunday, April 19, 2020

പെണ്ണുകാണൽ


രാവിലെ അരമനസ്സോടെയാണു ഒരുങ്ങിയത്; അതിന്റെ എല്ലാ നീരസവും എനിക്കുണ്ടായിരുന്നു താനും. ഞായറാഴ്ചയായിട്ടു സുഖമായിട്ട് ഒരു കറക്കം കിട്ടുന്നതിന്റെ രസം ഒരു വശത്ത്. പെണ്ണുകാണൽ പോലെ ഒരു ബോറു പരിപാടിക്ക് കൂട്ടു പോകുന്നതിന്റെ ചളിപ്പ് മറ്റൊരു വശത്ത്. അതും ഒരനിയന്റെ തുണക്കാരനായിട്ട്. എന്തു ചെയ്യാനാ, വിളിച്ചാൽ ഒഴിവാക്കാൻ വയ്യാത്ത കേസായിപ്പോയി.

“ഒൻപതു മണിയായിട്ടും ആടി തൂങ്ങി നിന്നോ കേട്ടോ... സമയത്തു ചെല്ലണം എന്നൊരു വിചാരമില്ല..” ശ്രീമതി പരാതിപ്രവാഹം തുടരുകയാണ്‌.

“പിന്നെ... പെണ്ണുകാണാനല്ലേ പോകുന്നത്, കല്യാണം കഴിക്കാനൊന്നും അല്ലല്ലോ. കൃത്യം മുഹൂർത്തം പാലിക്കാൻ?” എന്റെ കൗണ്ടർ.

“ദേ.. നമ്മുടെ കുടുംബത്തിൽ തന്നെ വെയ്റ്റിങ്ങിൽ ഒരു പാർട്ടിയെ വഴിയിൽ നിർത്തിയിട്ട് ആദ്യം വന്ന കൂട്ടരെ പെണ്ണു കാണിച്ചിട്ടുണ്ട് കേട്ടോ.. അതു കൊണ്ട് പറഞ്ഞ സമയത്ത് തന്നെ ചെല്ലാൻ നോക്ക്. എങ്ങാനും പത്തു പതിനഞ്ച് മിനിറ്റിൽ കൂടുതൽ താമസിച്ചാൽ നേരത്തെ തന്നെ ഒന്നു വിളിച്ചു പറഞ്ഞേക്കണം.”

എന്തിനും ഏതിനുമുള്ള അവളുടെ ഉപദേശം എനിക്ക് ഈർഷ്യ ഉണ്ടാക്കുമെങ്കിലും ഇതിലും ഒരു പോയിന്റുണ്ടെന്ന് എനിക്കു തോന്നി. സ്വന്തം പെണ്ണുകാണൽ കഥകൾ പോലും ശോകം സീനുകളാണ്‌. അതുകൊണ്ട് ഇത് ഒരു ബോറു പരിപാടിയാണെന്ന ചിന്ത എന്നിൽ പിന്നെയും പിന്നെയും പൊന്തി വന്നു.

രസം അതല്ല, കൂടെ വരുന്ന വിദ്വാനു പെണ്ണുകാണലേ ഇഷ്ടമല്ല. പെണ്ണുകാണൽ പോട്ടെ, സാമ്പ്രദായികമായ കല്യാണമേ ഇഷ്ടമല്ല. 'ഒരു രക്തഹാരമങ്ങോട്ടിടും, ഒരെണ്ണം ഇങ്ങോട്ടിടും, പാർട്ടി സൂക്തങ്ങൾ ഉറക്കെ ചൊല്ലും' ഈ ലൈനാകും അവന്റെ കല്യാണം എന്ന് കുടുംബവൃത്തങ്ങളിൽ ഒരു ശ്രുതി പണ്ടേയുണ്ട്. അതു പക്ഷേ അവന്റെ പാർട്ടിപ്രേമം കൊണ്ടായിരുന്നു. ഇപ്പോ പാർട്ടിയോട് വലിയ പ്രേമമില്ലെങ്കിലും ആദർശവാനായി ജീവിച്ചവൻ അതിൽ നിന്നും ഒട്ടും പിന്നോട്ട് പോയിട്ടില്ല എന്നാണ്‌ എന്റെ ധാരണ. പറ്റുമെങ്കിൽ ഇഷ്ടൻ തന്നെക്കാൾ പ്രായമുള്ള ഒരാളെ തന്നെ കെട്ടിക്കൂടെന്നില്ല. സാമ്പ്രദായികരീതിയെ വെല്ലുവിളിക്കാൻ ഇവൻ എന്ത് കടുംകയ്യും ചെയ്യും എന്നുറപ്പുള്ള അപ്പനും അമ്മയും ഇരുകൂട്ടർക്കും ഒത്തു പോകാവുന്ന മാർഗ്ഗങ്ങൾ തേടുന്നതിന്റെ ഭാഗമാണ്‌ ഈ ആദ്യ പെണ്ണുകാണൽ.

ഒരു ലോഡ് വ്യവസ്ഥകൾ വെച്ചിട്ടാണ്‌ ഇവൻ ഈ ചടങ്ങിനു ഇറങ്ങി പുറപ്പെട്ടതു തന്നെ. തുണ പോകേണ്ടത് ഞാനാണെന്ന് അറിഞ്ഞപ്പോൾ ഒഴിവാകുന്നെങ്കിൽ ഒഴിവാകട്ടെ എന്ന മട്ടിൽ ഞാനും അവന്റെ മുന്നിൽ കുറെ ഉപാധികൾ വെച്ചു. അതിൽ ഒന്നാമത്തേത് അലസമായ താടിയും മുടിയും പാടില്ല എന്നതാണ്‌. രണ്ട്, അലക്കിയ ഡ്രസ്സ് ധരിക്കണം; വൃത്തി വേണം എന്നതാണ്‌. മൂന്ന് തലേദിവസം കള്ളു കുടിക്കരുത്.... അങ്ങനെയങ്ങനെ. മുടിയാനായി അവൻ എല്ലാം സമ്മതിച്ചു. കാരണം മറ്റുള്ള ആരുടെയെങ്കിലും കൂടെ പെണ്ണു കാണാൻ പോകുന്നത് മൃതിയേക്കാൾ ഭയാനകം ആകാമെന്നത് തന്നെ. എന്തായാലും കാണാൻ പോകുന്നവനും കൂട്ടു പോകുന്നവനും ഒരുപോലെ താല്പര്യമില്ലാതെ ഈ പ്രഹസനത്തിനു ഇറങ്ങിത്തിരിച്ചു.

പെണ്ണിനെ ഇവന് ഇഷ്ടപ്പെട്ടാൽ തിരിച്ചു വീട്ടിൽ വരുന്നതിനു മുൻപു ചെലവു ചെയ്തേക്കാമെന്നാണ് എന്റെ ഓഫർ. ‘ഇന്നതു മിക്കവാറും കിട്ടീതു തന്നെ’ (മുതലാളിയുടെ മുഖത്തു പുച്ഛം)എന്നുറപ്പിച്ചാണ്‌ അവനും.

“എടാ, നീയൊക്കെ ഇതേതു കാലത്താ ജീവിക്കുന്നത്? ഇത്ര വയ്യാഴിക ആരുന്നേൽ നിനക്ക് കോഫീ ഷോപ്പിലോ പാർക്കിലോ വല്ലോം വെച്ചു പെണ്ണുകണ്ടാൽ പോരാരുന്നോ? അല്ലെങ്കിൽ ഒരു ദിവസം വല്ല റെസ്റ്റോറന്റിലേക്കും വിളിച്ച് ഒന്നിച്ച് ആഹാരം കഴിച്ചാൽ പോരാരുന്നോ?”

“എന്റെ പൊന്നുചേട്ടായീ.. ഞാൻ വീട്ടിൽ ആവതു പറഞ്ഞതാ അങ്ങനെ വല്ലോം ആണെങ്കിൽ ഞാൻ നല്ല കംഫർട്ടബിൾ ആയേനേന്ന്.. അപ്പോ പറയുവാ, അതവർ ഇങ്ങോട്ട് പറയാതെ നമ്മളെങ്ങനാ അങ്ങോട്ട് ആവശ്യപ്പെടുന്നേന്ന്?”

“ഇതൊക്കെ ഒരു പ്രശ്നമാണോഡേ?”

“ഒന്നെടപെടാൻ പറഞ്ഞാൽ ചേട്ടായിക്ക് വയ്യല്ലോ?”

“പൊന്നനിയാ... പോരുമ്പോൾ ഇഷ്ടപ്പെട്ടാലും ഇല്ലേലും നിനക്കു ചെലവു ചെയ്യാം. മാപ്പ്. മേലിൽ ഇങ്ങനെ ഒരു കോനാകൃതി ഉണ്ടാവാതെ നിന്നെ ഞാൻ കാത്തുകൊള്ളുകയും ആവാം. വാക്ക്.” വണ്ടി പാഞ്ഞു.

ഡിങ്കഭഗവാന്റെ അനുഗ്രഹത്താൽ നേരം വൈകാതെയും കഷ്ടപ്പാടുകൾ കൂടാതെയും ഞങ്ങൾ സ്ഥലത്തെത്തി.ഒരു തുടക്കക്കാരന്റെ എല്ലാ പതർച്ചയോടും കൂടി ആ ചടങ്ങ് നടന്നു. മനുഷ്യരുടെ എല്ലാ സെൻസറുകളും പ്രവർത്തിക്കുന്ന സമയമാണ്‌ ഇത്തരം സമയങ്ങൾ. ഞായറാഴ്ച ആയിക്കൊണ്ട് അയല്പക്കങ്ങളിൽ എവിടെയോ ബീഫ് വേകുന്നുണ്ടെന്ന് അവിടെ ചെന്നിറങ്ങിയതേ മനസ്സിലായി. പോർച്ചിൽ കിടന്ന കാറിന്റെയും സ്കൂട്ടറിന്റെയും നമ്പർ ഹൃദിസ്ഥമാക്കിയത് ഞാനും അവനും ഒരുപോലെ കഴിഞ്ഞു എന്ന് പിന്നീടുള്ള ഞങ്ങളുടെ ചർച്ചയിൽ വെളിവായി. കാർഷികപരമായി ഒന്നും ഇല്ല എന്നു തൊടിയിലെ ശുഷ്കിച്ച വാഴകളും വാടിയ ചേനകളും കാട്ടിത്തന്നു. വീടിന്റെ ഇടതുവശത്തായി കിണർ ഉണ്ട്. വച്ചിരിക്കുന്നത് ശേഷികുറഞ്ഞ പമ്പ്സെറ്റ് ആണെന്നതിനാൽ കിണറിനു വലിയ ആഴമില്ലെന്നും വേനലിലും വെള്ളത്തിനു വലിയ പ്രയാസമില്ലെന്നും കണക്കു കൂട്ടി. ഇടത്തരം വലിപ്പമുള്ള ഒരു കറിവേപ്പ് മുറ്റത്തോട് ചേർന്നു പറമ്പിൽ ഉള്ളതായും അതിൽ നിന്നും പതിവായി ഇല നുള്ളാറുണ്ടെന്നും ലക്ഷണങ്ങൾ കൊണ്ട് വ്യക്തം. വീടിന്റെ ഏകദേശ പഴക്കം, വീട്ടുവളപ്പിന്റെ ഏകദേശ വിസ്തീർണ്ണം (സെന്റിൽ), അവിടെ നില്ക്കുന്ന മൂപ്പെത്താത്ത അഞ്ചോളം തേക്കുമരങ്ങൾ, മൂന്നു ജാതി, ഒരു ആഞ്ഞിലി എന്നിവ എന്റെ ഫസ്റ്റ് ലുക്കിൽ പെട്ടെപ്പോളേക്കും ഞങ്ങൾക്ക് അകത്തു കയറാനുള്ള ക്ഷണം വന്നു.

വീടിന്റെ പരിസരത്തും ഉള്ളിലുമായി പതിവുള്ള ഇറെഗുലാരിറ്റീസ് കാണൻ സാധിച്ചതിൽ ഇവരുടെ ലൈഫ് സ്റ്റൈലിൽ കൃത്രിമമായ ഒരു അഡ്ജസ്റ്റുമെന്റും ഞങ്ങളുടെ വരവ് പ്രമാണിച്ച് നടത്തിയിട്ടില്ല എന്നു വ്യക്തമായി. ഗൃഹനാഥനുമായി പത്തു വീതം ചോദ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നടത്തി. ഇങ്ങോട്ടുള്ള ചോദ്യങ്ങൾ പരമാവധി ഒഴിവാക്കാൻ അവന്റെ കുടുംബത്തെ പറ്റി വിക്കിപ്പീഡിയ പേജ് പോലെ ഞാൻ വിവരണം നല്കി. അതിനിടെ അവൻ ആ മുറി മുഴുവൻ ഒരു ഡിറ്റക്ടീവിനെ പോലെ നോക്കി വിലയിരുത്തുന്നുണ്ടായിരുന്നു. പ്രസന്റേഷൻ ബോധ്യപ്പെട്ടതിനാലാവണം അങ്ങേർ അവരുടെ കുടുംബത്തെപ്പറ്റി ഇങ്ങോട്ടും ഒരു ക്ലാസ് തന്നു. കേട്ടതു പോലെ ആൾ അധ്യാപകൻ തന്നെ. കുറെക്കാലമായി ചൊല്ലുന്ന പാഠം പോലെ ഉണ്ട് ആ വിവരണവും. ഭാര്യയെയും പരിചയപ്പെടുത്തിയ ശേഷം “തണുത്തത് എന്തെങ്കിലും കുടിക്കാൻ ആവാമല്ലേ” എന്ന മുഖവുരയോടെ നായികയെ വിളിച്ചു. ചമ്മലും മടിയുമൊക്കെ പതിറ്റാണ്ടു മുൻപേ പടിയിറങ്ങിപ്പോയവരുടെ കൂട്ടത്തിൽ നിന്നും ഒരു സ്മാർട്ട് പെണ്ണു വന്ന്‌ ട്രേയിൽ നിരത്തിയ ഗ്ലാസുകളിൽ ഓറഞ്ച് നിറമുള്ള ഏതോ ദ്രാവകം ഞങ്ങൾ ഇരുവർക്കും അച്ഛനുമായി നല്കി.

താങ്ക്സ് പറയാഞ്ഞതിനു ഞാൻ അവന്റെ നേരെ ഒന്നു നോക്കി. ടെൻഷനോ ചൂടോ കാരണം അവന്റെ മൂക്കിന്റെ തുമ്പത്ത് ഉരുണ്ടു കൂടിയ നേർത്ത വിയർപ്പു തുള്ളികളെ ഞാൻ മാത്രമേ കണ്ടുള്ളൂ. അവ യഥാസമയം നീക്കം ചെയ്യാൻ ഫാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു. ദ്രാവകം ഒരു സിപ് എടുത്തിട്ട് ഗ്ലാസ് ഞാൻ താഴ്ത്തി പിടിച്ചു. ഒള്ളത് പറയണമല്ലോ നല്ല സൊയമ്പൻ ഓറഞ്ച് ജ്യൂസ് ആ സമയത്ത് എന്തുകൊണ്ടും ഒരു അനിവാര്യത ആയിരുന്നു. പറഞ്ഞു കൊടുത്തത് പോലെ കുട്ടിയുടെ മുഖത്തു നോക്കി ഉടനെ തന്നെ ഗ്ലാസ് എടുത്തു, അടുത്ത സെക്കന്റിൽ ഒന്നുകൂടി നോക്കി, കുട്ടി പോയി അമ്മയുടെ അടുക്കൽ നിന്നു, ഞങ്ങൾ ഇരുവരും ഒരു തവണ ഗ്ലാസ് മൊത്തി.

ക്രിട്ടിക്കൽ മൊമന്റ് ഇതാണ്‌ എന്നു തിരിച്ചറിഞ്ഞ് ഞാൻ അനിയനെ എല്ലാവർക്കുമായി പരിചയപ്പെടുത്തി. അതേ സമയം അച്ഛൻ അമ്മയെ വിളിച്ച് മൂപ്പരുടെ ഒപ്പം ഇരുത്തി. സുഖശീതളമായ ജ്യൂസ് നുകർന്നുകൊണ്ട് ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കുടുംബ വൃത്താന്തങ്ങളും വ്യക്തി വിവരങ്ങളും ചോദിച്ചറിഞ്ഞു. കാര്യം, പേരും പഠിപ്പും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും അറിയാമായിരുന്നതു കൊണ്ട് അതിന്റെ വിശദാംശങ്ങളാണ്‌ കൂടുതലും ചോദിച്ചത്. അവൻ വല്ലാതെ വീർപ്പുമുട്ടുന്നുണ്ടെന്ന് എനിക്ക് സാഹചര്യത്തിന്റെ പിരിമുറുക്കം കാരണം തോന്നി. പെട്ടെന്നുതന്നെ ചെറുക്കനും പെണ്ണിനും സ്വകാര്യമായി സംസാരിക്കാനുള്ള സമയം അനുവദിച്ചു. അതൊരു പത്തിരുപതു മിനിറ്റ് നീണ്ടതിനാൽ എനിക്ക് അവനോട് എന്തെന്നില്ലാത്ത അമർഷം തോന്നി. “എന്താ ചൂട്, അല്ലെ” എന്ന ക്ലീഷെ സംഭാഷണോദ്ഘാടന ഡയലോഗ് മുതൽ തുടങ്ങിയിട്ട് എന്റെ റേഞ്ച് പോകുന്ന ഒരു ഘട്ടമെത്തിയപ്പോളാണ്‌ പന്തികേടില്ലാത്ത ഒരു പുഞ്ചിരിയുമായി നായിക മെയിൻ സ്റ്റേജിലേക്കു തിരികെ വന്നതും പിന്നാലെ അവൻ പ്രവേശിച്ചതും. ഉള്ളിടത്തോളം കാര്യങ്ങൾ ഓകെ ആണെന്നു കണ്ട്, ‘വീട്ടുകാരുമൊക്കെയായി സംസാരിച്ച് ബാക്കി നടപടികൾ ആലോചിക്കാം’ എന്ന് എങ്ങും തൊടാതെ, എന്നാൽ പോസിറ്റീവ് ആയ ഒരു മറുപടിയും കൊടുത്ത് ഞങ്ങൾ ഇറങ്ങി.

തിരിച്ചുള്ള യാത്രയിൽ അവനിൽ സമ്മിശ്ര വികാരങ്ങൾ ആയിരുന്നു. എന്തായാലും ചെലവ് എന്റെ ആയതു കൊണ്ട്, നിനക്കു ആളെ ഇഷ്ടപ്പെട്ടു അല്ലെ എന്ന് ചോദിച്ചു.

“ഇഷ്ടപ്പെട്ടൂ...” എന്നാലും എന്തോ ബാക്കി നില്ക്കുന്നു എന്ന മട്ടിൽ ആയിരുന്നു മറുപടി.

“സംഭവം ഒക്കെ കണ്ടിടത്തോളം കൊള്ളാം. താല്പര്യം ഉള്ള രീതിയിലാ എല്ലാവരും സംസാരിച്ചെ. എന്നാലും എനിക്കൊരു...” അവനു പിന്നെയുമെന്തെല്ലാമോ അങ്കലാപ്പ്.

“അതിപ്പോ നീ തിരക്കിട്ടു ഒന്നും തീരുമാനിക്കണ്ട. വീട്ടുകാരും കൂടി വന്നു കാണണമല്ലോ. അന്നും നിങ്ങൾ തമ്മിൽ സംസാരിക്കൂ. വേണമെങ്കിൽ പിന്നെ എപ്പോളെങ്കിലും പുറത്തെവിടേലും വെച്ചു കാണൂ. നിങ്ങൾ തമ്മിൽ ഒരു സിങ്ക് ആകും എന്നു തോന്നുന്നെങ്കിൽ മാത്രം നമുക്ക് മുന്നോട്ട് പോയാൽ മതി. എന്തു പറയുന്നു.?”

“ഉമ്മ്..” മൂളലിൽ അവന്റെമറുപടി ഒതുങ്ങി.

മുൻ ധാരണ പ്രകാരം ഞാൻ ബാറിന്റെ പാർക്കിങ്ങിലേക്ക് വണ്ടി കയറ്റി.

ഓരോ തണുപ്പൻ ബിയർ ഉള്ളിലേക്കിറങ്ങാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു.

“ചേട്ടായീ, ഈ യാതൊരു പരിചയവും ഇല്ലാത്ത ഒരാളെ പരിചയപ്പെട്ട്, ‘ഇഷ്ഠപ്പെട്ട്’ ഒക്കെയും കെട്ടുക എന്നു പറഞ്ഞാൽ ഒരു സീനാണ്‌ അല്ലെ?”

എന്താണ്‌ അവന്റെ നീക്കമെന്നറിയാതെ ഞാൻ ഉഴറി.

“ആ, ആണ്‌.. എന്നാലും , അങ്ങനെ ഒക്കെ അല്ലെ പൊതുവിൽ കാര്യങ്ങൾ?”

“അപ്പോൾ എന്റെ ചോദ്യം ഇതാണ്‌.. ആ സ്ഥിതിക്ക് നമ്മൾ എന്തിനു ലൈഫിൽ കോമ്പ്രമൈസ് ചെയ്യണം?”

“കവി ഉദ്ദേശിച്ചത്?”

“നമുക്കീ ആലോചന ഡ്രോപ്പ് ചെയ്യാം?”

ഞാൻ ഞെട്ടി. “എന്നിട്ട്.. അല്ലല്ല.. എന്തിന്‌...?”

“ഇവളു വേറെ ആരെയേലും കല്യാണം കഴിക്കട്ടെ..!”

“നീ..??”

“ഞാൻ ഇന്നാളു ഒരു ആൾടെ കാര്യം പറഞ്ഞില്ലേ? ഓർക്കുന്നുണ്ടോ?”

ഉദ്വേഗം കാരണം ഞാൻ ബീയർ മഗ് വേഗം കാലിയാക്കി.

“ആ.. ഒണ്ട്! പണ്ട്. അതിനു്? ആ കേസ് മാര്യേജിലൊന്നും എത്തില്ല; തീർന്നു; തകർന്നു എന്നൊക്കെ നീ തന്നെയല്ലേ പറഞ്ഞത്? എന്നിട്ടിപ്പോ?”

“ഞാൻ അവളെ ഒന്നുകൂടി വിളിച്ചു സംസാരിക്കട്ടെ. അവളാകുമ്പോ, എനിക്ക് അവളെയും അവൾക്ക് എന്നെയും അറിയാം.. അതു തന്നെയല്ലെ അതിന്റെ ഒരു ഇത്..?”

ഞാൻ അല്പ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. സംഭവം അവൻ പറഞ്ഞത് പോയിന്റാണ്‌.

“ഗുഡ് യാ. ആ സ്ഥിതിക്ക്... പിന്നെ.. ഒഴിച്ചുവെച്ച ബീയർ തണുപ്പു മാറും മുൻപേ അടിക്കുന്നതാണ്‌ ഇതിന്റെ ഒരത്!”

“ചേട്ടാ.. രണ്ടു ചിൽഡൂടെ പോന്നോട്ടെ. നാലു പൊറോട്ടയും ഒരു ബീഫ് റോസ്റ്റും ഒരു എഗ് ബുർജിയും കൂടെ!!”

(THE END)

Thursday, January 31, 2019

ഇര

ഞാനിവിടെ ഇരിപ്പു തുടങ്ങിയിട്ട് കാലംകുറെ ആയി. ഇവിടെയാകുമ്പോൾ സമാധാനപൂർണ്ണമായ ഒരിരുട്ടും തണുപ്പുമൊക്കെയുണ്ട്. ഈ വളപ്പിലെ എടുപ്പുകളൊക്കെ ആരു പണിയിപ്പിച്ചതാണെന്ന് അറിഞ്ഞുകൂട. മതിൽക്കെട്ടിനുള്ളിൽ നിറയെ വായു സഞ്ചാരവും ആവോളം ഇടവുമുണ്ട്. കിടക്കാൻ, ഇരിക്കാൻ, ഉറങ്ങാൻ, പെരുമാറാൻ, നടക്കാനിറങ്ങാൻ ഞാനൊരാൾക്ക് വേണ്ടതിലും കൂടുതൽ ഇടം.

നേരവും കാലവും തെറ്റിയ നേരങ്ങളിൽ ആരൊക്കെയോ എന്റെ സ്വൈര്യജീവിതം കെടുത്താൻ ഈ മതിൽ ചാടിക്കടന്ന് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നുണ്ട്. ചിലർ മതിലിൽ കയറിയിരുന്ന് നേരം പോക്കുകയും മതിൽപറ്റി നിൽക്കുകയും മറയാക്കിനിന്ന് മൂത്രമൊഴിക്കുകയുമൊക്കെ ചെയ്യാറുണ്ട്. മതിൽ ചാടുന്നവരുടെയും മതിലിലിരുപ്പുകാരുടെയും ശല്യം കാരണം വീട്ടിൽ കിടന്നുറങ്ങാനും മേല. അത്രയൊന്നും ബലവും ഈടും ഇല്ലാത്ത ഈ പഴഞ്ചൻ സെറ്റപ്പിനെ ഈ അപഥസഞ്ചാരികളും ഇരുന്നുവാഴികളും ചേർന്ന് വല്ലാതെ അലോസരപ്പെടുത്തുന്നു. വിശപ്പുകൊണ്ടും കൂടിയാണ് ഞാൻ പുറത്തിറങ്ങിയേക്കാമെന്നു വെച്ചത്.

ഒറ്റയ്ക്കുള്ള ഇരിപ്പിനൊരു മാറ്റം വേണമെന്നു തോന്നുമ്പോളെല്ലാം പുറത്തിറങ്ങാറുമുണ്ട്. അല്പം പ്രയാസമുള്ളതും ശ്രദ്ധ വേണ്ടതുമായ ശ്രമമാണത്. എന്നും ഒറ്റയ്ക്കായതിന്റെ പ്രശ്നം.

ജീവിതം പരമ ബോറാണ്. തീറ്റയും‌ വിശ്രമവും മാത്രം. സാഹസികമായി എന്തെങ്കിലും ചെയ്യണം. കുറെ ഭ്രാന്തന്മാരുടെ തല്ലുകൊണ്ടു മരിച്ച അപ്പൂപ്പനെ പോലെ. ചുരുങ്ങിയ പക്ഷം എന്റെ നിലനിൽപ്പിനെ അപകടത്തിലാക്കുന്ന ഒരുത്തനെയെങ്കിലും നല്ലൊരു പാഠം പഠിപ്പിക്കണം എന്ന് പലപ്പോഴും വിചാരിക്കാറുണ്ട്. എന്നാലേ ജീവിതത്തിനൊരു അർഥമൊക്കെ ഉണ്ടാവുകയുള്ളൂ എന്നും. ആ അതു പോട്ടെ.

വിശപ്പിന്റെ കാര്യത്തിനു ചിലപ്പോഴെങ്കിലും പുറത്തിറങ്ങാതെ വയ്യല്ലോ. പശിയടക്കാനുള്ളത് ഈ പരിസരത്തൊക്കെ അധികം അധ്വാനമില്ലാതെതന്നെ കിട്ടുമെന്നതാണ് ഏക ആശ്വാസം. തണുപ്പുണ്ട്. പകലത്തെ കത്തിക്കാളുന്ന വെയിൽ കരിച്ചു പൊഴിച്ച ഇലകൾ വല്ലാതെ വഴിയിൽ കൂടിക്കിടപ്പുണ്ട്. പോക്കുവെയിലിനു‌ സുഖമുള്ള ചൂടുണ്ട്. വിശപ്പിനുള്ള വക ലാക്കാക്കി കരിയിലമെത്തയുള്ള വഴിയിലേക്ക് ഇറങ്ങാൻ തുനിയവേയാണ് കണ്ടം വഴി ഓടി വന്ന്, ഭൂമി തകർക്കാൻ പാകത്തിൽ ചവിട്ടിക്കുലുക്കി ഒരുത്തൻ പാഞ്ഞു കയറിയത്.

മതിൽ ചാടി ഓടാനാണോ അതോ അവിടെ വന്ന് ഒളിക്കാനാണോ എന്നറിയാൻ ഞാൻ തിരികെ നോക്കും മുൻപേ പിന്നെയും കുറെ ആളുകൾ ഓടിവന്നു. ഇവന്മാരുടെ വരവ് കണ്ട് ഞാൻ ഭയന്നുപോയെന്ന് സമ്മതിച്ചേ തീരൂ.

പോണപോക്കിൽ എന്നെ ചവിട്ടിക്കൊല്ലുമല്ലോ. ഞാൻ തല‌പൊക്കി നോക്കിയതും കണ്ടത് വെളുത്തു കൊഴുത്ത ഒരു കാലാണ്. എന്റെ അരികിൽ നിന്നും അതു മാറും മുൻപേ ഞൊടിയിടയിൽ അതിൽക്കയറി വട്ടം പിടിച്ചു. ആ നിമിഷം ഭ്രാന്തന്മാരുടെ തല്ലുകൊണ്ട് ചത്തുപോയ കാർന്നോരെ ഓർമ്മ വന്നു. പിടുത്തം കിട്ടിയ കാലിന്റെ പത്തിയിൽ ഒറ്റ കടിയങ്ങ് കൊടുത്തു.

എന്റെ ഉച്ചിയിൽ നിന്നൊരു ഭാരം ഇറങ്ങിപ്പോകുന്നതു പോലെ തോന്നി. ജന്മം സഫലമാകുന്നെന്നു തോന്നിപ്പിച്ച ഒരു മൂർച്ഛയിൽ ഞാൻ സ്വയം മറന്നു. ‌കാലുകുടഞ്ഞ് എന്നെ എറിഞ്ഞ തക്കത്തിന് പോക്കുവെയിൽ വീഴാത്ത കരിയിലക്കൂട്ടങ്ങളിലേക്ക് ഞാൻ ഊളിയിട്ട് ഒളിച്ചു. ക്ഷീണം മാറിയിട്ട്, വല്ലതും തേടിത്തിന്നിട്ട് പയ്യെ താവളം തേടാം; മതിൽ അവന്മാർ പൊളിച്ചില്ലെങ്കിൽ.

©MS Raj/ inspired by jishnu through
#RandomWord2StoryChallenge with the word "മതിൽ"

Sunday, September 09, 2018

നെടുംതൂണുകൾ

ചെറുപ്പത്തിൽ വായിച്ച ഒരു‌ കഥയോർക്കുന്നു. മണ്ടനായ ഒരുവന് ഒരിക്കൽ ഒരു ആധി - ആകാശത്തിനു തൂണില്ലല്ലോ, ഇപ്പോൾ അത് ഇടിഞ്ഞുവീഴുമല്ലോയെന്ന്. പരിഭ്രാന്തനായ അവൻ നെട്ടോട്ടം ആരംഭിച്ചു. ഒടുവിൽ ഒരു സന്യാസിയുടെ മുന്നിൽ എത്തി. മൂപ്പരോട് തന്റെ ആശങ്ക അറിയിച്ചു. ഉത്തരം പറയുന്നതിനു പകരം സന്യാസി ഒരു കാര്യം ചെയ്യാനേൽപ്പിച്ചു. "ചെന്ന് മുന്നിൽ കാണുന്നവരെ എല്ലാം ചീത്ത വിളിക്കുക. എന്നിട്ട് തിരിച്ചു വന്ന് നിന്റെ അനുഭവങ്ങൾ പറയുക."

അവൻ അപ്രകാരം ചെയ്തു. ചിലർ അവനെ തിരിച്ചു ശകാരിച്ചു. ചിലർ ഭ്രാന്തനെന്നു കരുതി അവഗണിക്കുകയോ ഓടിച്ചു വിടുകയോ ചെയ്തു. ചിലർ മർദ്ദിച്ചു. ഒടുക്കം അവനൊരു വീടിന്റെ മുന്നിൽ ചെന്നു. ചീത്തവിളിക്കാൻ വീട്ടുകാരെ അന്വേഷിച്ചു. ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. അവരെയും പതിവുപോലെ അവൻ ചീത്തവിളിച്ചു.

അവന്റെ വിളയാട്ടം കഴിഞ്ഞിട്ടും ശാന്തയായി നിന്ന ആ സ്ത്രീ അവനെ ഉണ്ണാൻ ക്ഷണിച്ചു. ഇലയിട്ട് അവന് തൃപ്തി വരുവോളം ഊണു വിളമ്പി. അല്പം മുൻപു വരെ മുഴുവൻ ലോകരെയും ചീത്ത വിളിച്ചു നടന്ന അവന്റെ ഉള്ളിൽ ഈ സ്ത്രീയുടെ അലിവോടെയുള്ള പെരുമാറ്റം പ്രശാന്തി നിറച്ചു. അകാരണമായി അസഭ്യം പറഞ്ഞതിനു ആ അമ്മയോട് മാപ്പിരന്ന് അവൻ സന്യാസിയുടെ അടുക്കലേക്ക് തിരികെ പോയി നടന്ന കാര്യങ്ങൾ ഉണർത്തിച്ചു. അപ്പോൾ സന്യാസി അവനോട് പറഞ്ഞു : "ആ സ്ത്രീയെ പോലെയുള്ളവർ ഇന്നും ഈ ലോകത്ത് ഉള്ളതുകൊണ്ടാണ് ആകാശം തൂണില്ലാഞ്ഞിട്ടും ഇടിഞ്ഞു വീഴാത്തത്."

ഈ മഴക്കെടുതിക്കാലം കഴിയുന്ന വേളയിൽ ഞാൻ മനസ്സിലാക്കുന്നു അന്നത്തെ കഥയിലെ ആകാശം പേറുന്ന അമ്മയുടെ മക്കൾ അനേകമനേകം പേർ ഇന്നും നമുക്കിടയിലുണ്ട് എന്ന്. മേഘം തോരാപ്പെരുമഴയായി പെയ്തിറങ്ങിയാലും മഹാപ്രളയമായി മുക്കിക്കളഞ്ഞാലും സ്നേഹത്തിന്റെ, കരുണയുടെ, ആർദ്രതയുടെ, സമർപ്പണത്തിന്റെ നെടുംതൂണുകളായി നിലകൊള്ളാൻ ആ അമ്മയുടെ മക്കളുണ്ടാവും എന്ന്.

പ്രിയപ്പെട്ട #ജെയ്സൽ, നിങ്ങൾ ആ അമ്മയുടെ ഒരു മകനാണ്. ആ മക്കളുടെ പ്രതിനിധിയാണ്. നിങ്ങൾക്കും നന്മ നിറഞ്ഞ നിങ്ങളുടെ നൂറായിരം സഹോദരങ്ങൾക്കും എല്ലാ ഐശ്വര്യവും നേരുന്നു. നന്ദി, മലയാളനാടിനു മേൽ ആകാശം ഇടിഞ്ഞു വീഴാതെ കാത്തതിന്.

#CelebrateHumanity #KeralaFloods #togetherWeCan

Sunday, October 15, 2017

ആബ്സിന്തെ കനവുകൾ

ആബ്സിന്തെ ബൊട്ടാണിക്കൽ നേഴ്സറി, ഇടുക്കി ജില്ല.

അതെ, നിങ്ങൾ കേട്ടത് ശരി തന്നെ. ആബ്സിന്തെ. വിദേശരാജ്യങ്ങളിൽ കിട്ടുന്ന വീര്യം കൂടിയ മദ്യം. ‘പ്രേമം’ സിനിമയിൽ ജോർജ്ജും കൂട്ടുകാരും ഒരന്തിക്ക് അടിച്ച് കിളി പാറിച്ച അതേ തീത്തൈലം..

നുമ്മടെ ഒരു ചങ്ക് ബ്രോ ആസ്ത്രേലിയായീന്ന് കെട്ടുംകെട്ടി വരുമ്പ ഒരെണ്ണം കൊണ്ടു തരാമെന്ന് പറഞ്ഞിരുന്നു. അക്കാര്യം മറ്റൊരു കനേഡിയൻ ചങ്കിനോട് പറഞ്ഞപ്പോൾ അതിന്റെ പ്രധാന ചേരുവയെപറ്റി ഒരു വാട്സാപ്പ് സംഭാഷണം ഉണ്ടായി. കാര്യമായ ഭേദഗതികളില്ലാതെ ആ സംഭാഷണം ഇതാ. ( സുരക്ഷയെ കരുതിയുളള മുന്നറിയിപ്പ് - ഇത് ആരും അനുകരിക്കാൻ പാടില്ല. അതു മൂലമുണ്ടാകുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും ഈ ബ്ലോഗോ ഞാനോ ഇതിലെ കഥാപാത്രങ്ങളോ സാക്ഷാൽ ഒടേതമ്പുരാനോ പോലും ഉത്തരവാദി ആയിരിക്കുന്നതല്ല.)

അവൻ(കനേഡിയൻ ചങ്ക്): The Truth behind Absinthe. The Chemical that’s taken all the blame for absinthe’s hallucinogenic reputation is called thujone, which is a component of wormwood.
ഞാൻ: what is wormwood?

അവൻ: It is a herb. (അതിന്റെ പടം അയച്ചു തന്നു, എന്നിട്ട് ..) Some people believe this can cure cancer and some other illness... Wormwood is actually used to eliminate intestinal worms, especially roundworms and pinworms

ഞാൻ: ഇതു നമ്മുടെ നാട്ടിൽ പിടിക്കുവോ..??
ഞാൻ: ഉണ്ടേൽ ഒരു തൈ കൊണ്ടുവാ
ഞാൻ: ലക്ഷ്മി തരുവിനു ശേഷം കേരളത്തിന്റെ ഭാവി ഇതിലാണ്.

അവൻ: ശരിയാ. വാറ്റി അടിക്കാം.... രോഗവും മാറും

ഞാൻ: I meant marketing.. ഇതു നെഴ്സറി ഉണ്ടാക്കി ഒരു ഒറ്റ വർഷം കൊണ്ട് വിൽക്കുക. രണ്ടാം വർഷം മുതൽ ആദായമെടുക്കാമെന്ന് വാങ്ങിക്കുന്നവരെ വിശ്വസിപ്പിക്കുക. ഫാർമ കമ്പനികൾ വാങ്ങിക്കോളുമെന്ന് അടിച്ചിറക്കുക. ഏലം പറിച്ചു കളഞ്ഞിട്ട് ആണെങ്കിലും ആൾക്കാർ ഇതു നടും. ഒരു കാലത്തു ഹൈറേഞ്ചുകാർ വാനില വാങ്ങിയതു പോലെ വന്നു വങ്ങിക്കോളും. കച്ചവടം മൂപ്പിച്ചു നടത്തി തയ്യെല്ലാം വിറ്റശേഷം കമ്പനി പൂട്ടി മുങ്ങുക. നമ്മൾ സ്കൂട്ട്. ചോദിച്ചാൽ നമ്മുടെ പാർട്ണർഷിപ്പ് പിരിഞ്ഞെന്നും അതിനാൽ നെഴ്സറി നിർത്തിയെന്നും പറയുക

അവൻ: ആട് - മാഞ്ചിയം ലൈൻ, സംഭവം കഴിയുമ്പോൾ രാജ്യം വിടണം, അല്ലേൽ നാട്ടുകാർ വീട്ടിൽ വന്നു പഞ്ഞിക്കിടും.

ഞാൻ: യു goat ഇറ്റ്

അവൻ: നമ്മൾ മുങ്ങിയാലും നമ്മുടെ ബന്ധുക്കളുടെ കാര്യം സ്വാഹ....

ഞാൻ: ഇതു വലിയ സംഭവമാണെന്ന് നമ്മൾ പരസ്യപ്പെടുത്താൻ പാടില്ല.. കരക്കമ്പി ആയിരിക്കണം നമ്മുടെ പ്രധാന മാർക്കറ്റിങ് സ്റ്റ്രാറ്റജി. നമ്മുടെ ഫ്ലക്സിലും ബോർഡിലും ഒന്നും ഈ സാധനത്തിനു പ്രാധാന്യം കാണരുത്. ഇതൊരു വിശേഷപ്പെട്ട ചെടി ആണെന്ന് മാത്രം പറഞ്ഞാൽ മതി

അവൻ: ഈ ചെടിക്ക് എന്തൊക്കയോ ഔഷധ ഗുണമുള്ളതാ. അപ്പോ ചെറുതായിട്ട് നമ്മൾ ബാക്ക്ഗ്രൗണ്ട് കളി വച്ചാൽ കരക്കമ്പി പറന്നു കളിച്ചോളും

ഞാൻ: വിരയ്ക്കു കൊള്ളാമെന്നു മാത്രമേ നമ്മൾ പറയാവൂ. ഇതുപയോഗിച്ചു ആരുടെ എങ്കിലും വിര മാറിയാൽ തന്നെ കാൻസർ കേസ് ജനം ഏറ്റെടുത്തോളും. അവർ എയ്ഡ്സിനു വരെ കൊള്ളാമെന്ന് വെച്ചു കാച്ചിക്കോളും

അവൻ: ലോകവ്യാപകമായി അംഗീകരിച്ച ഔഷധ ഗുണങ്ങൾ പരസ്യപ്പെടുത്താൻ

ഞാൻ: കാരണം നാളെ കേസ് വന്നാലും പ്രൂഫൊള്ള ഫലമേ നമ്മൾ വാഗ്ദാനം ചെയ്യാവൂ. കാൻസറിന്റെ കാര്യം വാക്കാൽ മാത്രമേ പറയാവൂ. അതും ഉണ്ടത്രേ ചേർത്ത് പറഞ്ഞാൽ മതി

ഞാൻ: നാല് വാട്സാപ്പ് മെസെജ് നാസയുടെ ചെലവിൽ ഇറക്കിയാൽ മതി.. ഒപ്പം ഇത് ** ഫാർമസി ച്യവനപ്രാശത്തിൽ ചേർക്കുന്ന രഹസ്യ ചേരുവ ആണെന്നും കീച്ചിയേക്കണം

അവൻ: അതേ....നിയമപരമായി നമ്മളെ ഒരു ***ഉം ചെയ്യാൻ പറ്റരുത്
അവൻ: ക്യാൻസർ കാര്യം നമ്മുടെ വിശ്വസ്ത സുഹൃത്തുക്കൾ വഴി ഇറക്കാം. പിന്നെ ഇല്ലാത്ത ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ വക കുറച്ച് മെസ്സേജുകളും

ഞാൻ: എന്നാപ്പിന്നെ വെള്ളം സൗകര്യമുള്ള റോഡ് സൈഡിലെ പരന്ന സ്ഥലം രണ്ടു വർഷത്തേക്ക് പാട്ടത്തിനു കിട്ടുമോന്നു നോക്കട്ടേ? ഈ കുന്ത്രാണ്ടത്തിന്റെ നേഴ്സറി തുടങ്ങാൻ??

അവൻ: ഹഹാ... അതേയ്, വെള്ളം വേണമെന്നില്ല. സാധാരണ കര നിലം മതി. ഞാൻ നോക്കി. ഡ്രൈ ലാൻഡ് എന്നാ പറഞ്ഞിരിക്കുന്നത്

ഞാൻ: വെള്ളം വേണമെന്നെ. മൂന്നു നേരം സ്പ്രിംഗ്ലർ വെച്ച് എമ്പാടും വെള്ളം ചീറ്റിച്ചാലേ നെഴ്സറിക്ക് ഒരു ഗുമ്മുണ്ടാകൂ

അവൻ: സ്പ്രിംഗ്ലർ വെക്കുന്നുണ്ടെങ്കിൽ പിന്നെ പച്ച നെറ്റ് കൂടി വിരിക്കാം.

ഞാൻ: ഗ്രാന്റ്. പച്ച നെറ്റും നാല് ബംഗാളികളും. മഹാരാഷ്ട്രയിൽ ഇതു കൃഷി ചെയ്യുന്ന തോട്ടത്തിൽ നിന്നുമാണ് അവന്മാരെ വരുത്തിയതെന്ന് പറയാം. കേരളീയർക്ക് മഹാരാഷ്ട്രാന്നു പറഞ്ഞാൽ ബോംബെ, കൂടിയാൽ പൂനെ. അത്രേയുള്ളൂ.

ഞാൻ: ഹോ എടാ നമ്മളെ ഇനി പിടിച്ചാൽ കിട്ടത്തില്ല

അവൻ: മുന്തിയ ഇനം കാർ, കൂളിംഗ് ഗ്ലാസ്സ് എല്ലാം വേണം. ജാഡ ഒട്ടും കുറയാൻ പാടില്ല. നല്ല കിളി പോലത്തെ ഒരു പെങ്കൊച്ചിനെ മാസം 2000 രൂപ കൊടുത്ത് ഓഫീസിൽ ഇരുത്താം

അവൻ: ഓ.... നമ്മൾക്ക് അങ്ങ് സുഖിക്കണം.

ഞാൻ: ഏഹ്..?? നീ പ്രമുഖ നടനു പറ്റിയതൊക്കെ ഇത്രവേഗം മറന്നോ!

അവൻ: ശേ.. അതിനല്ല.. മുതലാളിമാരായിട്ട് ഇരുന്നു സുഖിക്കണമെന്ന്.

ഞാൻ: ഹോ എന്റെ അകവാളു മിന്നി.. അങ്ങനെ നോക്കിയാൽ രണ്ട് കൊടുക്കണോ.. പിരിച്ചു വിടുമ്പോൾ സ്റ്റേറ്റ് ലെവൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ മാനേജരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തരാമെന്ന് പറഞ്ഞാൽ മതി. പിന്നെ ഡ്യൂട്ടി‌സമയത്ത് പ്ലസ്ടുവിനു യൂണിഫോം ആയി ഉപയോഗിച്ച പാൻറ്റ്സും ഓവർകോട്ടും ഇടാൻ പറയണം. കയ്യിലെപ്പോളും അസുസിന്റെ ഒരു ടാബും ഒരു റൈറ്റിങ് പാഡും കരുതാനും പറയണം. ഐപാഡ് ഇല്ലേലും സാരമില്ല. ചെലവാ.

അവൻ: അത് മതി.....

ഞാൻ: പാഡ് വെച്ച് അവൾ വേണമെങ്കിൽ ബംഗാളികൾക്ക് വാട്സാപ്പ് അയച്ചു കളിച്ചോട്ടെ. അംബേട്ടന്റെ ഒരു സിമ്മും എടുത്ത് കൊടുത്തേക്കാം, വിത്ത് അൺലിമിറ്റഡ് നെറ്റ്.

അവൻ: അതേ. പിന്നെ വരുന്ന നാട്ടുകാരെ മുഴുവൻ അവൾ കൊഞ്ചി കൊഞ്ചി സാറേ എന്നു വിളിക്കണം. സകല ഞോഞ്ഞന്മാരെയും ഇളിച്ച് കാണിക്കുകേം ചെയ്യണം. ടാക്റ്റിക്കാണ്, പ്രമുഖ വ്യാപാരികൾ തൊട്ട് മുറുക്കാൻ കടക്കാർ വരെ ചെയ്യുന്നതാ.

ഞാൻ: നമ്മടെ ഡാഡി ഗിരിജയുടെ ഫാർമ കമ്പനിയിലേക്ക് എല്ലാ ദിവസവും ഈ ചെടി ലോഡ് പോകുന്നത് നമ്മൾ കസ്റ്റമേഴ്സിന്റെ മുന്നിൽ ഫേക്ക് ചെയ്യണം. "അടുത്തയാഴ്ച രണ്ടു ടൺ വേണമെന്നൊക്കെ ഇപ്പോൾ പറഞ്ഞാലെങ്ങനെയാ" എന്നൊക്കെ ഫാർമ കമ്പനിയുടെ പർചേസ് മാനേജരോട് കറങ്ങുന്ന കസേരയിൽ ഇരുന്ന് നമ്മുടെ കസ്റ്റമേഴ്സ് കാൺകെ ഫോണിലൂടെ തട്ടിക്കേറണം.

അവൻ: ഇതിലെ തേരാ പാരാ നടക്കുന്ന രണ്ടു ഊള സായിപ്പുമാരെ കള്ളും കഞ്ചാവും കൊടുത്ത് ആറു മാസം അവിടെ നിർത്താം. നാസയിലെ വിദഗ്ധര് ആണെന്ന് കാച്ചാം..

ഞാൻ : കലക്കും. ഇനി കാൻസർ ക്ലെയിം എന്ന വകുപ്പിൽ ക്ലച്ച് പിടിച്ചില്ലേലും പേടിക്കാനില്ല. അബ്സിന്തെയിൽ ഉപയോഗിക്കുന്നതാണെന്ന് കേട്ടാൽ വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ നല്ല സെയിൽ‌സ് കിട്ടും. ലോക്കൽ ഈപ്പച്ചന്മാർ ഇരുട്ടുവാക്കിനു വന്നു വാങ്ങിച്ചോണ്ട് പൊക്കോളും.

അവൻ: ലോകത്തിലെ ഏറ്റവും നല്ല ആബ്‌സിന്ത് കിട്ടുന്ന സ്ഥലമായി രണ്ടു വർഷം കൊണ്ട് കേരളത്തിനെ നമുക്ക് മാറ്റണം

ഞാൻ: യേസ്.. വേൾഡ് ആബ്സിന്ത് ഹബ്. പറ്റിയാൽ സോമവേദത്തിൽ ആബ്സിന്ത് ഉണ്ടാക്കുന്നതിനെക്കുറിച്ച് പരാമർശം ഉണ്ടെന്നും സിന്ധു നദീതട സംസ്കാരത്തിന്റെ ശേഷിപ്പുകളിൽ ആബ്സിന്ത് അരിക്കുന്ന അരിപ്പ കിട്ടിയെന്നും ഒക്കെ കീച്ചാം.

അവൻ: വേറെ ലെവലായി!! പിന്നെ ആളുകേറാൻ, നമ്മുടെ നേഴ്സറിയിൽ ഒരു ഫ്രീ ടോയ്‌ലറ്റ് വെച്ചാൽ വഴീക്കൂടി പോകുന്ന ടൂറിസ്റ്റ് വണ്ടിയൊക്കെ ഓസിനു ശങ്ക തീർക്കാൻ നിര്ത്തിക്കോളും. പ്രസ്ഥാനത്തിൽ തിരക്കും തോന്നും!

ഞാൻ: അത് പൊളിച്ചു. ഓരോ വിസിറ്ററിനും വേനപ്പച്ച, തൊട്ടാവാടി എന്നി ഔഷധചെടികളുടെ മേൽത്തരം ടിഷൂ കൾചർ തൈ കോപ്ലിമെന്റായി കൊടുക്കാം.

അവൻ: ഒരു നോട്ടീസും.

ഞാൻ: ഷുവർ. ടോയ്‌ലറ്റ് ഡെയ്‌ലി കഴുകാൻ നിലവിലുള്ള ബംഗാളികളിൽ നിന്ന് ഒരാളെ തന്നെ വെക്കാം. അവനു ഡെയ്‌ലി അൻപതു രൂപ കൂടുതൽ കൊടുത്തേക്കാം.

ഞാൻ: പിന്നെ, പ്രസ്ഥാനത്തിൽ ഒരു സെൽഫീ പോയിന്റ് വേണം. ഏത് ആംഗിളിൽ ഫോട്ടോ എടുത്താലും നമ്മുടെ ബോർഡ് ഫ്രെയിമിൽ വരണം.

ഞാൻ: മറ്റൊരു കിടിലൻ ഐഡിയാ ഉണ്ട്. വീട്ടിൽ തിളപ്പിക്കുന്ന കുടിവെള്ളത്തിൽ രണ്ടു ദിവസത്തിലധികം പ്രായമില്ലാത്ത ഒരു തളിരു ഇട്ട് തിളപ്പിച്ചാൽ ആദ്യം പറഞ്ഞ മാതിരി ഉദരരോഗ പ്രതിവിധിക്കു ഉത്തമമാണെന്ന് പറയണം. മെയിൻ പോയിന്റായിട്ട് ശുക്ലവർദ്ധനവിനും കേമമാണെന്ന് കീച്ചിയേക്കണം.

അവൻ: ശുക്ല വർദ്ധനവ് - അത് ഉറപ്പായും വേണം.

ഞാൻ: അങ്ങനെയായാൽ സെയിത്സ് പിടിച്ചാൽ കിട്ടാതാകും.

അവൻ: സ്തനങ്ങളുടെ വലിപ്പം കൂട്ടാൻ കൂടി നല്ലതാണെന്ന് കാച്ചിയേക്കാം. പെണ്ണുങ്ങളും മേടിക്കട്ടെ.

ഞാൻ: അയ്യോ ആശാനേ! പർട്ടിക്കുലർ സെറ്റ് ഒഫ് കസ്റ്റമേഴ്സിനു യൂണിവേഴ്സലി അക്സപ്റ്റബിളായിട്ടുള്ള ആർത്തവ വേദന കുറയ്ക്കും എന്നായാലോ. ഒരു പ്രായം കഴിഞ്ഞ എല്ലാം വീഴും.

അവൻ: സമയം ദീർഘിപ്പിക്കും തുടങ്ങി സകലമാന തള്ളലും കരക്കമ്പി ആയി ഇറക്കാം.

ഞാൻ: സിവനേ!! ആ പിന്നെ, നമ്മുടെ ജൈവകൃഷിയിലേക്കിറങ്ങിയ നടനെ ഒക്കെ കാശു കൊടുത്തിട്ടായാലും ഇടയ്ക്കിടെ സ്പോട്ടിൽ വരുത്തണം. എന്നിട്ട് കുളമാവ് വനത്തിൽ പാഴ്തൈ കളയാൻ പോകുന്ന കൂട്ടത്തിൽ ആ വണ്ടിയേൽ കേറ്റി വിടണം. കണ്ടാൽ മൂപ്പിൽസ് തൈകളെല്ലാം ഹോൾസെയിലായിട്ട് വാങ്ങിക്കൊണ്ട് പോവാണെന്ന് നാട്ടുകാർക്ക് തോന്നണം.

അവൻ: ഹവാഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ എന്ന് പറഞ്ഞ് രണ്ടു പേരെ ഇടയ്ക്ക് കൊണ്ടുവരാം.

ഞാൻ: “ബോട്ടണി - ക്യൂറേറ്റിവ് ഹെർബ്സ്” വിഭാഗം മേധാവിയും പിന്നെ ഡീനും ആയിക്കോട്ടെ.

അവൻ: ഡീനോ..??

ഞാൻ: അയ്യോ യൂത്തനല്ല!

അവൻ: ഓ... മറ്റേ ഡീൻ!!

ഞാൻ: വ്വാ തന്നെ.

അവൻ: (കാനഡായിലെ കുറെ സായിപ്പുമാരുടെയും ഒരു ചുന്ദരിപ്പെണ്ണിന്റെയും ഗ്രൂപ്പ് പോട്ടം കാണിച്ചിട്ട്) ഇവന്മാര് പോരെ?? വട്ടച്ചിലവും കുപ്പിയും കൊടുത്താൽ മതി.

ഞാൻ: ആ പെണ്ണിന്റെ ടിക്കറ്റ് ഞാൻ വഹിക്കാം‌. ആ രണ്ടു താടിക്കാരെയും കൂട്ടിക്കോ. പിന്നെ ആ എബി മാത്യുവും പോന്നോട്ടെ. (ആറാംതമ്പുരാൻ.jpg)

ഞാൻ: അതേയ്, ഇടുക്കി ഡാം ഓപ്പണാകുകയും പൂജാ, ഓണം, ക്രിസ്മസ് തുടങ്ങിയ അവധി ഒക്കെ വരുമ്പോൾ ***, ***, *** തുടങ്ങിയ നമ്മുടെ സിനിമയിലെ കെട്ടു കോലങ്ങളെ ഒക്കെ കാശു കൊടുത്ത് എഴുന്നള്ളിച്ചു നിർത്തണം. പുതിയ ഒരുത്തി ഉണ്ടല്ലോ, ചുമ്മാ ചിരിക്കാൻ മാത്രം അറിയാവുന്ന.. ആ അവളൊക്കെ വന്നാലേ യൂത്ത് ഇടിച്ചു നിൽക്കൂ. അതിന്റെ ഒക്കെ പിക് എടുത്ത് ഫ്രെയിം ചെയ്ത് ഓഫീസിലെ ഭിത്തിയിൽ തൂക്കണം.

അവൻ: സീരിയൽ റാണിമാരെ ഇറക്കാം. മന്ത്രിമാരുടെ കൂടെ നിൽക്കുന്ന ഫോട്ടോയും വേണം.

ഞാൻ: അങ്ങനാണെങ്കിൽ കരിക്ക് മസ്റ്റ്. മറ്റേ ബോംബെ, ചെന്നൈ ഒക്കെ വിദേശത്താണെന്നു പറഞ്ഞ ടീംസിനെ ഒന്നും വേണ്ട.

അവൻ: അയ്യോ കുഴപ്പമില്ലന്നേ. ഇവരൊക്കെ വന്നിട്ടു ഫുൾ മേക്കപ്പിൽ കമാന്നു മിണ്ടാതെ തൈയും തലോടി നിന്നാൽ മതി. ഒരു ഗ്രിപ്പിന് കാനഡയിലെ രണ്ടു യൂണിവേഴ്സിറ്റിയിൽ നിന്ന് നമുക്ക് കോണസാണ്ടർ അവാർഡ് കിട്ടുന്നതിന്റെ ഫോട്ടോയും ഉണ്ടാക്കാം.

ഞാൻ: നമുക്ക് പ്രസ്ഥാനം സണ്ണിചേച്ചിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചാലോ??

അവൻ: ഡേയ് നമ്മൾ തുടങ്ങുന്നതു കോഴിഫാം അല്ല.

ഞാൻ: എന്നാൽ നമ്മുടെ ആശാനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാം. പ്രസംഗിക്കുന്ന മൈക്കിനു മുന്നിൽ മൈക്കു കാരന്റെ പേരിനു പകരം നമ്മുടെ സ്ഥാപനത്തിന്റെ പേരു വെക്കും. സ്ത്രീ തൊഴിലാളികളെയും ഖദറുകാരെയും മൂപ്പരു നാല് തെറി പറഞ്ഞാൽ പബ്ലിസിറ്റിക്ക് പിന്നെ നമ്മുടെ കയ്യീന്ന് അഞ്ചിന്റെ പൈസാ മുടക്ക് വരില്ല.

അവൻ: മഞ്ഞ ചാനലുകാരെ വിളിക്കണം. അവന്മാർ വാർത്ത ആക്കിക്കോളും.

ഞാൻ: ലോക്കലു മതി . രണ്ടേ രണ്ടേണ്ണം.

ഞാൻ: വിവാദം ആയിക്കഴിയുമ്പോൾ അന്തിവെളിച്ചപ്പാടന്മാരൊക്കെ ചർച്ചിക്കാനുളള വിഡിയോ ഫുട്ടേജ് കിട്ടാൻ പിന്നാലെ നടക്കും . അന്നേരം ലോക്കൽ ചാനലുകാരനും ഒരു പത്രാസൊക്കെ കിട്ടിക്കോട്ടെ.

അവൻ: എന്നാപ്പിന്നെ ലോക്കല് ഊളകൾ മതി. രണ്ടു ഫുള്ളു കൊടുത്താൽ ഓകെ.

അവൻ: പിന്നെ സകല ചോട്ടാ നേതാക്കൾക്കും കവട്ട ജവാൻ മേടിച്ചു കൊടുത്ത് നമ്മുടെ ആളാക്കണം.

ഞാൻ: പോരുംപ്പോ ആബ്സിന്തെയുടെ പത്ത് കാലിക്കുപ്പി കൊണ്ടുപോരെ. അതിൽ ഒഴിച്ചു കൊടുക്കാം.

ഓരോന്നിലും നേരിയ ഡോസ് ഉറക്കഗുളികയും കലക്കണം. എന്നാലെ യെവന്മാർ വീഴൂ. ഓസിനു അടിച്ചടിച്ചു മുടിഞ്ഞ കപ്പാസിറ്റി ആയിരിക്കും.

അവൻ: ആനമയക്കി കലക്കാം.

അവൻ: വിദ്യാർഥികളെ ആകർഷിക്കാൻ സ്കൂളുകൾക്ക് ഫ്രീ പിക്നിക് സംവിധാനം, ക്ലാസ്സ് വിത്ത് പ്രൊജക്ടർ.

ഞാൻ: അതിൽ നാം നാടിന്റെ ജൈവ സമ്പത്ത് തിരിച്ചു പിടിക്കുന്നതിനെ പറ്റി മാത്രം പറയണം. വീണ്ടും തൊട്ടാവാടി, വേനപ്പച്ച, ഫ്രീ നോട്ടീസ്..

ഞാൻ: ജപ്തി നോട്ടീസിന്റെ കോപ്പി തരുന്ന ചെറുകിട കർഷകർക്ക് കേന്ദ്രത്തിന്റെ എന്ന പേരിൽ 25% ഇളവ് കൊടുക്കാം. പിന്നെ ആ കൊടിക്കാരുടെ ശല്യം പേടിക്കേണ്ട.

ഞാൻ: ഇതെല്ലാം ആ പെങ്കൊച്ച് സിങ്കിൾ ഹാൻഡഡ് ആയിട്ട് ചെയ്യേണ്ടി വരുമല്ലോ.

അവൻ: അതിനു അവൾക്ക് ഡെയ്‌ലി ചായയും കടിയും നാലുമണിക്ക്. കമ്പനി വക.

ഞാൻ: കൊള്ളാം അളിയാ. നമ്മടെ അച്ഛാദിൻ ആയെന്നാ തോന്നുന്നത്!

ശുഭം.

Friday, March 03, 2017

"മതത്തേൽ കേറി ചൊറിയരുത്!"

ഒരു വൈദികൻ അത്യന്തം മ്ലേച്ഛമായ ഒരു പീഡനക്കേസിൽ പിടിക്കപ്പെട്ടു. സോളാറും ലോ അക്കാഡമിയും നടിയെ ആക്രമിക്കലും കഴിഞ്ഞ് ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന സെ‌ൻസേഷണൽ വിഭവം ഇതാണല്ലോ. വൈദികസമൂഹം മുഴുക്കനെ പീഡകരാണെന്നോ മറ്റോ ഒരു തെറ്റിദ്ധാരണ പടരാൻ അതിടയാക്കിയോ? സോഷ്യൽമീഡിയയിലും മറ്റ് മതാധിഷ്ഠിത കൂട്ടംചേരലുകളിലും അങ്ങനെയുള്ള പ്രചാരണത്തിനെതിരേയുള്ള വികാരപ്രകടനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും വന്നുകാണുന്നു.

ഒരാൾ പിഴ ചെയ്യുമ്പോൾ അവരുടെ വർഗ്ഗത്തെ അപ്പാടെ കുറ്റക്കാരാക്കുന്നത് നമ്മുടെ ഒരു തെറ്റായ രീതിയായിപ്പോയി. ഈ സാമാന്യവൽക്കരണം നമ്മുടെ മാധ്യമങ്ങളും സമൂഹവുമൊക്കെ അന്നും ഇന്നും ചെയ്തു പോരുന്നതാണ്. നാം ആദരവോടെ കാണുന്ന പുരോഹിത സമൂഹം ഒന്നാകെ അടച്ചാക്ഷേപിക്കപ്പെട്ടപ്പോൾ വിശ്വാസികൾക്ക് വേദന തോന്നിയെങ്കിൽ അത്ഭുതമില്ല. പക്ഷേ അതോടൊപ്പം ഇനിപ്പറയുന്ന കാര്യങ്ങളുംകൂടി ഒന്ന് ആലോചിച്ചു നോക്കണം.

ഒരു രാഷ്ട്രീയ പ്രവർത്തകൻ അഴിമതി കാട്ടുമ്പോഴും ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുമ്പോഴും ഒരു സിനിമാ നടി അനാശാസ്യത്തിനു പിടിക്കപ്പെടുമ്പോഴും ഒരു‌ സെലിബ്രിറ്റി ഡിവോഴ്സാകുമ്പോഴും ഒരു യൂണിയൻ തൊഴിലാളി തല്ലുകൂടുമ്പോഴും അതാത് വർഗ്ഗം അടച്ചാണ് പഴികേൾക്കുന്നതും നാണം കെടുന്നതും. അല്ലേ?

രാഷ്ട്രീയക്കാരെല്ലാം ഒരു വക അഴിമതിക്കാര്‍,
സർക്കാർ ഉദ്യോഗസ്ഥർ ആരാ കൈക്കൂലി വാങ്ങാത്തത്,
സിനിമയിൽ കേറിയാൽ പെണ്ണുങ്ങൾ പെഴച്ചൂന്നു കൂട്ടിയാൽ മതി,
വെല്യവെല്യ ആൾക്കാർക്ക് കുടുംബ ജീവിതത്തിനു വല്ല വിലയുമുണ്ടോ,
ലോഡിങ്‌കാരുടെയത്ര ചന്തകൾ വേറേയുണ്ടോ‌
എന്നിങ്ങനെയുള്ള കമന്റുകളെല്ലാം നമ്മൾ അന്നും ഇന്നും പറയുന്നതാണ്.

നമ്മുടെ വീട്ടിൽ ഒരാൾ തലതെറിച്ചുപോയാൽ കുടുംബത്തിന്റെ മാനം പോയെന്ന് നമ്മൾ വിലപിക്കാറുണ്ട്. അതായത് ഒരാൾ ചെയ്യുന്ന കൊള്ളരുതായ്മ അയാൾ ഉൾപ്പെടുന്ന പ്രതിനിധീകരിക്കുന്ന സമൂഹത്തെകൂടി‌ ബാധിക്കുന്നുണ്ട് എന്നത് അംഗീകരിച്ചേ മതിയാകൂ.
സത്യസന്ധമായി ജോലി ചെയ്യുന്നവരെ അഴിമതിക്കാരായും മാർക്കറ്റിൽ അധ്വാനിച്ച് മാന്യമായി കുടുംബം പോറ്റുന്നവരെ തനി ചന്തയായും നാം വെറുതെയങ്ങ് മുദ്രകുത്തിയിട്ടില്ലേ?
ബൈക്കിൽ ചീറിപ്പായുന്ന ഫ്രീക്കന്മാരെല്ലാം കഞ്ചാവും മയക്കുമരുന്നും ആണെന്ന് ഒരു ധാരണ നമുക്കില്ലേ?
നാട്ടിലെ ഓട്ടോക്കാർ എല്ലാം വായ്നോക്കികളാണെന്ന് നമ്മളും കരുതിയിരുന്നതല്ലേ?
ഒറ്റപ്രാവശ്യം മോശം ഭക്ഷണം ലഭിച്ചതിന്റെ പേരിൽ ആ ഹോട്ടലിൽ ഒരിക്കലും നല്ല ഭക്ഷണം കിട്ടുകയില്ല എന്നു നാം വിധിയെഴുതാറില്ലേ?
ഒരു യാത്രയിൽ ഡ്രൈവർ കാട്ടിയ ഒന്നുരണ്ട് പിഴയുടെ പേരിൽ അവനു വണ്ടിയോടിക്കാനേ അറിയില്ല എന്നു നാം അടച്ചു പറഞ്ഞിട്ടില്ലേ?
ദുഷ്പേരു കേൾപ്പിച്ച ആൾക്കാരെ അവൻ/അവൾ ലോക'ഡാഷാ'ണെന്ന് ഒരു മയവും ഇല്ലാതെ നമ്മൾ വെച്ചുകാച്ചിയിട്ടില്ലേ?
ഒത്തിരി മിടുക്കരുള്ള ഒരു ക്ലാസ്സിലെ വിരലിലെണ്ണാവുന്ന തെമ്മാടികളുടെ പേരിൽ അതൊരു‌ കുഴപ്പം പിടിച്ച ക്ലാസാണെന്ന് നമ്മുടെ എത്രയോ അധ്യാപകർ വിധിയെഴുതിയിട്ടുണ്ടാവും?

ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങൾ... ഈ‌ സാമാന്യവൽക്കരണം പുരോഹിതരുടെ കാര്യത്തിലും സംഭവിച്ചു. എല്ലാവരുടെയും പേരു‌കളയാൻ എല്ലാവരും ചീത്തയാവണമെന്നില്ല.

ഒരു വിഭാഗത്തെ അടച്ചു കുറ്റപ്പെടുത്തുമ്പോൾ അവരിൽ ഉൾപ്പെട്ട നല്ലവരായ ആൾക്കാർക്കും എത്ര വേദനിച്ചിട്ടുണ്ടാവും എന്നോർക്കാൻ ഈ സംഭവം കാരണമാവട്ടെ.

മതത്തിലും പുരോഹിതന്മാരിലും മാത്രമല്ല എല്ലാ വിഭാഗം ആളുകളിലും നല്ലവരും അല്ലാത്തവരും ഉണ്ട്. അടച്ചാക്ഷേപിക്കപ്പെടുമ്പോൾ നീറുന്ന ഹൃദയം എല്ലാ മനുഷ്യർക്കുമുണ്ട്. അതു മനസ്സിലാക്കാതെ, സ്വന്തം മതമോ മതത്തിന്റെ ആളുകളോ മാത്രം പ്രതിസ്ഥാനത്ത് വരുമ്പോൾ പൊട്ടുന്ന കുരുവിന് ചികിൽസ പ്രത്യേകം ചെയ്തേ മതിയാകൂ.

Monday, February 06, 2017

ഓൺലൈൻ വിശ്വാസികളേ, ഇതിലേ ഇതിലേ..

വിശ്വാസത്തിന്റെ പേരിൽ മതനേതാക്കന്മാരും ആത്മീയഗുരുക്കളും പൊതു ജനങ്ങളെ ചൂഷണം ചെയ്യുന്ന പ്രവണത പണ്ടേയുള്ളതാണ്. സോഷ്യൽ മീഡിയാ ശക്തമായ ഇക്കാലത്ത് ഓരോ മതങ്ങളുടെയും ലേബലിലുള്ള ആരാധനാപാത്രങ്ങളുടെയും ആൾദൈവങ്ങളുടെയും സാക്ഷാൽ പ്രപഞ്ചനാഥനായ ദൈവത്തിന്റെ തന്നെയും അത്ഭുതങ്ങളും അനുഭവസാക്ഷ്യങ്ങളും ഒന്നൊഴിയാതെ നമ്മെ സോഷ്യൽ മീഡിയായിലൂടെ തേടി വരുന്നു.

മന്ത്രങ്ങൾ, പ്രാർഥനകൾ, സ്തുതികൾ, അനുഭവസാക്ഷ്യങ്ങൾ, മിന്നുന്ന ദേവചിത്രങ്ങൾ മുതലായവ ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പ്രചരിച്ച് അരങ്ങു തകർക്കുന്നു. അവയോടൊപ്പം അവ പ്രചരിപ്പിക്കണമെന്നുള്ള അഭ്യർഥനയും ഉണ്ടാവും. ഈ ദിവ്യസന്ദേശം എത്ര പേർക്കു ഷെയർ ചെയ്യണം എന്നു സൂചിപ്പിച്ചിരിക്കും. അപ്രകാരം ചെയ്തില്ലെങ്കിൽ വലിയ ആപത്തുകൾ തേടിവരുമെന്ന ഭീഷണികളൊപ്പം കാണും. അവയുടെ സാക്ഷ്യങ്ങളും ഉണ്ടാവും. ഈ മെസേജ് ഫോർവാഡ് ചെയ്യാതെ അവഗണിച്ച ബാങ്ക് മനേജരുടെ ജോലി പോയി. മറ്റൊരാൾക്ക് വാഹനാപകടം പറ്റി, കയ്യിലെ വള ഊരിപ്പോയി, തലയിലെ പൂട കൊഴിഞ്ഞു,വഴിയിൽക്കൂടി നടന്നവനെ കട്ടുറുമ്പു കടിച്ചു... അങ്ങനെയങ്ങനെ.‌ അതു പങ്കുവെച്ചവർക്കോ, വെച്ചടി വെച്ചടി കേറ്റമാണ് - കൂലിപ്പണിക്കാരനു ലോട്ടറിയടിച്ചു, അരയ്ക്കാൻ തേങ്ങാ ഇല്ലാതെ തേങ്ങിയ വീട്ടമ്മയുടെ മുന്നിൽ‌ തേങ്ങാ പൊഴിഞ്ഞു വീണു, തീർന്ന പേനയിൽ മഷി നിറഞ്ഞു, പത്തു പാസാകാഞ്ഞവനു‌ ഡിഗ്രി കിട്ടി എന്നിങ്ങനെ.

ദൈവത്തെ കണ്ടു എന്നു പറഞ്ഞു കൊണ്ട് സാക്ഷ്യം പറയുന്നവർ തികഞ്ഞ മൗലികവാദികളാണ്. കാരണം അവർ വിശ്വസിക്കുന്ന മതത്തിന്റെ ചട്ടക്കൂടിലെ സങ്കല്പങ്ങളോട് തികച്ചും ചേർന്നു നിൽക്കുന്ന ചുറ്റുപാടുകളിലുള്ള ദൈവത്തെ മാത്രമേ അവർ കാണൂ. ഹൈന്ദവൻ ഒരിക്കലും അവന്റെ തപസ്സിലും ധ്യാനത്തിലും അതീന്ദ്രിയ അനുഭവങ്ങളിലും ക്രൈസ്തവമോ ഇസ്ലാമികമോ ആയ വിശ്വാസപ്രമാണങ്ങളിലെ ദൈവികഭാവം അനുഭവിച്ചതായി‌ കണ്ടിട്ടില്ല. അഹിന്ദുക്കൾ ആരും ഇന്ദ്രലോകത്തിലെയോ കൈലാസത്തിലെയോ പാലാഴിയിലെയോ വ്യവസ്ഥാപിത ബിംബങ്ങളായി ദൈവങ്ങളെ ദർശിച്ചിട്ടില്ല. മാലാഖമാരും പുണ്യവാന്മാരും ക്രിസ്ത്യാനിക്കും രാജാപ്പാർട്ട് വേഷമിട്ട് ആയുധധാരികളായി മൃഗ-പക്ഷി വാഹനാരൂഢരായ ദേവീദേവന്മാർ അഥവാ മറ്റ് സ്വയംപ്രഖ്യാപിത ആൾദൈവങ്ങൾ ഹിന്ദുക്കൾക്കും പ്രത്യേകം ദർശനമരുളുന്നു.

ദൈവമുണ്ടെന്നും ദൈവത്തെ കണ്ടെന്നും പറയുന്ന ഓരോരുത്തരും‌ അവരവരുടെ വിശ്വാസത്തെ പിന്തുടരാനാണ് നമ്മെ പ്രേരിപ്പിക്കുന്നത് -അത് ഏതു മതമായാലും. മതത്തിന്റെ പരസ്യങ്ങൾ - ഇതാണു സത്യം, ഇതാണു ധർമ്മം, ഇതാണു പാരമ്പര്യം, ഇതാണ് ഏകൻ, ഇതാണ് ശരി, മറ്റേതെല്ലാം തെറ്റ്, ഇതിലൂടെയേ സ്വർഗ്ഗം പൂകാൻ/ മോക്ഷം കിട്ടാൻ /പരമപദം പ്രാപിക്കാൻ പറ്റൂ, ഇങ്ങോട്ടു വരൂ, ഈ വിശ്വാസത്തിൽ അണിചേരൂ... മൊബൈൽ നമ്പർ 'പോർട്ട്' ചെയ്യാൻ കമ്പനിക്കാർ പ്രലോഭിപ്പിക്കും പോലെ വാഗ്ദാനങ്ങളുടെ പട്ടിക നീളുന്നു. ഇവർ, ദൈവത്തിങ്കലേക്ക് മനുഷ്യനെ ഓൺലൈനായി എത്തിക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടുന്നവർ എല്ലാം, ചെയ്യുന്നത് അതാത് മതത്തിങ്കലേക്ക് ആൾക്കാരെ അടുപ്പിക്കലാണ്. മനുഷ്യരെ നല്ലവരാക്കുക, ആത്മീയമായും ഭൗതികമായും അവർക്കു മെച്ചപ്പെടൽ നൽകുക, സഹജീവികളെ കൂടുതൽ സ്നേഹിക്കുന്നവരാക്കുക, കുടുംബത്തെ കൂടുതൽ ദൃഢമാക്കുക ഇതൊന്നും ഓൺലൈൻ ഭക്തിക്കാരുടെ അജൻഡയിൽ ഉള്ളതല്ല. അവർക്കാവശ്യം അതാതു മതങ്ങളുടെ പ്രചാരണം മാത്രമാണ്. അതുകൊണ്ടാണ് അവർ ഓം നമഃശിവായ മന്ത്രവും പുണ്യാളന്റെ ചിത്രവും മറ്റും മറ്റും ഇത്രയിത്ര പേർക്ക് അയച്ചു നൽകാൻ നമ്മെ നിർബന്ധിക്കുന്നത്. അല്ലെങ്കിൽ എന്തുകൊണ്ട് ആ പ്രാർഥന അത് അനുവർത്തിക്കേണ്ടുന്ന രീതിയിൽ ജപിക്കാൻ അവർ നിങ്ങളോട് ആവശ്യപ്പെടുന്നില്ല? ദേവന്മാരും മധ്യസ്ഥന്മാരും പുണ്യാളന്മാരും സർവ്വശക്തനായ ദൈവവും ആരെല്ലാം ഏതെല്ലാം മെസേജുകൾ ഫോർവാഡ് ചെയ്യുന്നു എന്നു നോക്കിയിരിപ്പാണോ? ചിത്രഗുപ്തൻ നമ്മുടെ ഫേസ്ബുക്കിലും വാട്സാപ്പിലും നൂണ്ടുകയറി മെസേജുകൾക്ക് എണ്ണം വെയ്ക്കുന്നോ? ഇല്ല സുഹൃത്തേ ഇല്ല.

'ഈ മെസേജ് നിങ്ങൾ പത്തു പേർക്കയച്ചാൽ ഒരു ഡോളർ/രൂപ വീതം രോഗാതുരയായ കുട്ടിക്ക് നൽകുമെന്ന് വാട്സാപ്/മൊബൈൽ നെറ്റ്‌വർക്ക് സമ്മതിച്ചിട്ടുണ്ട്.. അതുകൊണ്ട് ഇത് മാക്സിമം ഫോർവാഡ്ചെയ്യൂ.. ഈ പിഞ്ചുകുഞ്ഞിനു ചികിൽസയ്ക്ക് പണം കണ്ടെത്താ‌ൻ സഹായിക്കൂ...' തലയിൽ ആൾത്താമസമുള്ളവർ ആരും ഈ മണ്ടത്തരം അംഗീകരിക്കില്ല. ഫോണിൽ സംസാരവും smsഉം മാത്രം ഉണ്ടായിരുന്ന കാലത്തേ ഇത്തരം കബളിപ്പിക്കലുകൾ ഉണ്ട്.(ഇന്നും ഇത്തരം കാര്യങ്ങൾ വിശ്വസിച്ചു ഫോർവേഡ് ചെയ്യുന്നവർ ഉണ്ടെന്നത് വിസ്മരിക്കുന്നില്ല). അതായത്, നമുക്കു മുന്നിൽ കാണുന്ന വാട്സാപ്പും മൊബൈൽ
കമ്പനിയും നമ്മുടെ മെസേജുകളുടെ പേരിൽ ആർക്കും ധനസഹായം ചെയ്യുമെന്ന് നാം കരുതുന്നില്ല. എങ്കിൽ പിന്നെ അരൂപിയും സോഷ്യൽ മീഡിയാ അക്കൗണ്ട് ഇല്ലാത്തവനുമായ ദൈവം എങ്ങനെ നാമയച്ച മെസേജുകളുടെ കണക്കിന്റെ അടിസ്ഥാനത്തിൽ നമ്മെ രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യും?

ഒരു പ്രാർഥനയോ മതാനുഷ്ഠാനമോ നിങ്ങൾക്കയച്ചു തന്നുകൊണ്ട് ഫോർവാഡ് ചെയ്യാൻ ഒരാൾ ആവശ്യപ്പെട്ടാൽ അത് ചെയ്യരുത്. അതിലൂടെ നിങ്ങൾ ഒന്നും നേടുന്നില്ല. അങ്ങനെ ചെയ്യാതിരുന്നതുകൊണ്ട് നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടുവാനും ഇല്ല. ഒരു മതപുരോഹിതന്റെ ഭാവനയിൽ വിരിഞ്ഞ സങ്കല്പ കഥയോ അതീന്ദ്രിയാനുഭവമോ നിങ്ങൾ പങ്കിടരുത്. മനസ്സും ശരീരവും ഓരോരുത്തർക്കും വിഭിന്നമെന്നതു പോലെ ജീവിതവും സാഹചര്യങ്ങളും വിഭിന്നമെന്നതുപോലെ,അനുഭവങ്ങളും വ്യത്യസ്തമാവും. രോഗവും വേദനകളും മരണവും മരണത്തിലേക്കുള്ള യാത്രകളും ഒന്നൊന്ന് വ്യത്യസ്തമാകും;അവ സ്വയം അനുഭവിച്ചേ മതിയാകൂ. സ്വർഗ്ഗവും നരകവും പരലോക യാത്രകളും വർണ്ണിക്കപ്പെട്ടു കേൾക്കുമ്പോൾ തിരിച്ചറിയുക, അത് ആ പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടുകളിലൂടെ മാത്രം മെനഞ്ഞെടുക്കപ്പെട്ടതാണ്. കാരണം, ഇതര മതങ്ങളെയും അവയുടെ സങ്കല്പങ്ങളെയുമെല്ലാം അവ പാടേ അവഗണിക്കുന്നു. സ്വന്തം തത്വങ്ങളാണ് ശരിയെന്ന് മൗനമായി‌ സ്ഥാപിക്കാൻ ശ്രമിക്കുന്നു. മരണം സത്യമാണ്. മരിച്ചാൽ ശ്വാസവും ഹൃദയവും എന്നേക്കുമായി നിലയ്ക്കുന്നു, ശരീരം അഴുകുന്നു. ഭൂഗുരുത്വം എല്ലാരെയും ഒരുപോലെ താഴേക്ക് വലിക്കുന്നു എന്നതുപോലെ പരലോകം എന്നൊന്നുണ്ടെങ്കിൽ, ഞാൻ പറയുന്നു, അത് വിശ്വാസിക്കും അവിശ്വാസിക്കും എ മതക്കാരനും ബി മതാനുയായിക്കും ഒരുപോലെ ആയിരിക്കും. അത് എന്റെ മതം അനുശാസിക്കുന്നതുപോലെ ആണ് എന്ന് മരിക്കാത്ത ഒരാൾ - ഹൃദയവും ശ്വാസവും നിലച്ചു്, ശരീരം തണുത്ത്, മരണമെന്ന സത്യം പൂർണ്ണമായും ബാധിക്കാത്ത ഒരാൾ - പറഞ്ഞാൽ, നിങ്ങൾ ഒരു മതവിശ്വാസിയോ അതിനുമപ്പുറം ഈശ്വര വിശ്വാസിയോ ആണെങ്കിൽ മതങ്ങൾ വളരേണ്ടത് ഇങ്ങനെ ഇമോഷണൽ ബ്ലാക്ക് മെയിലിങ് നടത്തിയിട്ടല്ല എന്നുമാത്രം തിരിച്ചറിയുക. അത് വിശ്വാസത്തിനും വിശ്വാസരീതികൾക്കും ആരാധനാബിംബങ്ങൾക്കും അപ്പുറം വെറും മനുഷ്യനെ നന്മയിലേക്കും സ്നേഹത്തിലേക്കും നയിച്ചുകൊണ്ടാണ്; അതിലൂടെ അവനിലും അവന്റെ കുടുംബത്തിലും അങ്ങനെ സമൂഹത്തിലും നന്മ വളർത്തുന്നതിലൂടെയാണ്. മതപ്രബോധനങ്ങൾ മനുഷ്യന്റെ നന്മയ്ക്കായി ഉണ്ടാക്കിയവയാണ്. അവ കൊണ്ട് മനുഷ്യനെ ഭയപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ ഓരോരുത്തരും സ്വന്തം മതം വളർത്തുമ്പോൾ മാനവികത എന്ന സാർവ്വലൗകിക മതം ഇല്ലാതാകുന്നു.

മതങ്ങൾ നല്ലതാവണമെങ്കിൽ അവയിൽ ഉൾപ്പെട്ടു നിൽക്കുന്ന മനുഷ്യർ നന്നാവണം, അവരുടെ ഉദ്ദേശലക്ഷ്യങ്ങൾ നന്നാവണം. മനുഷ്യനെ നന്നാക്കാതെ മതത്തെ ഉദ്ധരിക്കാൻ ശ്രമിക്കുന്ന പുരോഹിതരും ഗുരുക്കന്മാരും സന്യാസിമാരും പ്രഭാഷകരും നിർമ്മിക്കുന്നത് പാലങ്ങളല്ല, വന്മതിലുകളാണ്.

വിശ്വസിക്കുന്നെങ്കിൽ നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുക. അനുഗ്രഹവും ശിക്ഷയും സോഷ്യൽ മീഡിയയിലൂടെ വരില്ല. ഇനി ദൈവത്തിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും മനുഷ്യനിൽ വിശ്വസിക്കുക; സ്നേഹത്തിൽ വർത്തിക്കുക. വാട്സാപ്പിലെ ദൈവം തരുന്നതിനെക്കാൾ കൂടുതൽ ഭൂമിയിലെ മനുഷ്യർ തരും. അതല്ലേ യഥാർഥ അനുഗ്രഹം?

Sunday, December 13, 2015

സത്യവാൻ കള്ളൻ

പണ്ടുപണ്ടൊരിടത്ത് നല്ലവനായ ഒരു രാജാവുണ്ടായിരുന്നു. പാവങ്ങൾക്ക് രാജാവ് ഒരുപാടു നന്മകൾ ചെയ്തു പോന്നിരുന്നു. പണക്കാർക്കും രാജാവ് ഒത്തിരി സഹായങ്ങൾ ചെയ്തുപോന്നു. എന്നാൽ രാജാവിന്‌ നിരവധി ശത്രുക്കൾ ഉണ്ടായിരുന്നു. ഇവരെല്ലാം തരം കിട്ടുമ്പോൾ രാജാവിനെ സിംഹാസനത്തിൽ നിന്നും ചാടിക്കാൻ ആവതെല്ലാം പയറ്റിക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കേ അന്നാട്ടിൽ ഒരു പെരുങ്കള്ളൻ പിടിയിലായി. പണ്ടൊക്കെ ഒരുപാടുപേരെ പറ്റിച്ചും വെട്ടിച്ചും അവരുടെ പണമെല്ലാം കട്ടെടുത്ത ഒരുത്തനായിരുന്നു അവൻ. അതു മാത്രമോ, സ്വന്തം ഭാര്യയെവരെ കുരുതി കൊടുത്ത മഹാദുഷ്ടനായിരുന്നു കള്ളൻ.

പിടിക്കപ്പെട്ടു കഴിഞ്ഞപ്പോൾ ശിക്ഷയിൽ നിന്നും രക്ഷപ്പെടാനായി കള്ളൻ ഒരു സൂത്രം പ്രയോഗിച്ചു. തന്റെ മോഷണത്തിനെല്ലാം രാജാവിന്റെ ഒത്താശയുണ്ടെന്നും രാജാവിന്റെ അറിവോടെയാണ്‌ ഈ മോഷണമെല്ലാം നടത്തുന്നതെന്നും എന്തിനേറെ കളവുമുതലിന്റെ നല്ലൊരു പങ്കും രാജാവിനു കൊടുത്തിട്ടുണ്ടെന്നുമൊക്കെ പറഞ്ഞതാണ്‌ കള്ളന്റെ തന്ത്രം.

അതു കൂടാതെ, കള്ളന്റെ കൂട്ടാളിയായി ഒരു പെരുങ്കള്ളി കൂടി ഉണ്ടായിരുന്നു. നുണ പറച്ചിലാണ്‌ അവളുടെ പ്രധാന വിനോദം. കണ്ണിൽ കാണുന്നവരെപ്പറ്റിയെല്ലാം നുണക്കഥകളുണ്ടാക്കി പറഞ്ഞിട്ട് അവരെ നാണം കെടുത്തുമെന്നു പറഞ്ഞിട്ട് അങ്ങനെ ചെയ്യാതിരിക്കാൻ അവൾ അവരുടെയടുത്തു നിന്നും കാശു തട്ടിച്ചെടുക്കുകയും ചെയ്തു പോന്നു. എന്നാൽ കള്ളനും കള്ളിയും പിടിയിലായതോടെ ഇവരുടെ വേലത്തരങ്ങൾക്കെല്ലാം അറുതിവന്നു.

അങ്ങനെ ശിക്ഷിക്കപ്പെടുമെന്നു വന്നപ്പോഴാണ്‌ കള്ളൻ മുന്നേ പറഞ്ഞ ആരോപണങ്ങളുമായി രംഗത്തു വന്നത്. അപ്പോൾ രാജാവിനെ ഇഷ്ടമല്ലാതിരുന്ന സഭാംഗങ്ങൾ എല്ലാവരും കൂടി രാജാവിനെ കുറ്റപ്പെടുത്താൻ തുടങ്ങി. ഇതുകേട്ട രാജാവ് പ്രശ്നത്തിൽ വിധി കല്പ്പിക്കാൻ ഒരു ന്യായാധിപനെ ചുമതലപ്പെടുത്തി.

ന്യാധിപൻ ചോദിച്ചപ്പോഴും കള്ളൻ മുൻപു പറഞ്ഞതെല്ലാം ആവർത്തിച്ചു. കൂടാതെ, കള്ളിയുമായി രാജാവ് സംസാരിച്ചിട്ടുണ്ടെന്നും കള്ളിയും രാജാവും തമ്മിൽ വല്യ കൂട്ടാണെന്നും രാജാവിനൊപ്പം കള്ളി നാടകം കളിച്ചിട്ടുണ്ടെന്നും കള്ളൻ പറഞ്ഞു. അങ്ങനെ ഒരു നാടകമുണ്ടെങ്കിൽ സിംഹാസനം ഉപേക്ഷിച്ച് കാട്ടിലേക്കു പൊയ്ക്കൊള്ളാം എന്ന് രാജാവ് കള്ളനെ വെല്ല്ലുവിളിച്ചു. അപ്പോൾ ആ നാടകം എവിടെയെന്ന്‌ ന്യായാധിപൻ കള്ളനോട് അന്വേഷിച്ചു. നാടകമെഴുതിയ താളിയോലക്കെട്ട് ഭദ്രമായി ഒരിടത്തു വെച്ചിട്ടുണ്ടെന്നു കള്ളൻ പറഞ്ഞു.

എങ്കിൽ അതെടുത്തോണ്ട് വരീന്നായി ന്യായാധിപൻ. ഈ നേരമെല്ലാം രാജാവ് “ഞാൻ കള്ളമൊന്നും ചെയ്തില്ല, എന്തു വന്നാലും കാണാം” എന്നൊക്കെ പറഞ്ഞ് ഒരേയിരിപ്പ്. ന്യായാധിപൻ കള്ളനെ കുറേ ഭടന്മാരെയും കൂട്ടി താളിയോല കണ്ടെടുക്കാൻ അയച്ചു. ഇതറിഞ്ഞ പ്രജകളും ദൂതന്മാരും കവികളുമെല്ലാം കള്ളന്റെയും ഭടന്മാരുടെയും പിന്നാലെ വച്ചലക്കി. നദികളും മലകളും ദേശങ്ങളും താണ്ടി അവർ യാത്ര തുടർന്നു. ഒടുക്കം കള്ളൻ പറഞ്ഞ സ്ഥലത്ത് അവരെത്തി. കള്ളൻ താളിയോല എടുക്കാൻ വരുന്നതറിഞ്ഞ് നൂറുകണക്കിന്‌ ആൾക്കാർ കള്ളൻ ചെന്നിടത്തു തടിച്ചുകൂടി. കള്ളനും ഭടന്മാരും കൂടിച്ചേർന്ന്‌ താളിയോല വച്ചിരുന്നിടം അരിച്ചു പെറുക്കി. തേടിത്തേടി എല്ലാവരും മടുത്തപ്പോൾ കള്ളന്റെ ഒരു കൂട്ടാളി ഒരു ഭാണ്ഡവുമായി രംഗത്തു വന്നു. അതിലാകട്ടെ താളിയോല പോയിട്ട് ഒരു താളു പോലും ഇല്ലായിരുന്നു.

കള്ളന്റെ കഴുത്തിനു പിടിച്ച് ഭടന്മാർ താളിയോലയെവിടെ എന്നു തിരക്കി. അപ്പോൾ കള്ളൻ പറഞ്ഞു താളിയോല മറ്റേതെങ്കിലും കള്ളൻ കൊണ്ടുപോയിക്കാണുമെന്ന്‌. അതു കേട്ട് രാജാവു പൊട്ടിച്ചിരിച്ചു. പ്രജകളും ദൂതന്മാരും രാജാവിന്റെ ശത്രുക്കളും ഇളിഭ്യരായി. ഒടുക്കം ഭടന്മാർ കള്ളനെ ന്യായാധിപന്റെ അടുക്കലേക്ക് തിരികെച്ചെന്നു. നാട്ടുകാർ അവരുടെ ‘ചുവരു’കളിലെല്ലാം “താളിയോല കള്ളൻ, കള്ളൻ താളിയോല” എന്നെല്ലാം എന്തൊക്കെയോ അക്ഷരത്തെറ്റോടെ എഴുതി വെച്ചു.

കഥ ഇത്രയും പറഞ്ഞപ്പോൾ അന്തോണിയുടെ മടിയിലിരുന്ന കൊച്ചുറാണിക്കൊച്ച് ചാടിയെഴുന്നേറ്റു.

“ഞാനീ സിലുമാ ഈയിടെ ടീവിയിൽ കണ്ടതാണല്ലോ” എന്നും പറഞ്ഞ് അപ്പനെ കൊഞ്ഞനം കാണിച്ചിട്ട് അവൾ അടുക്കളയിലേക്കോടിക്കളഞ്ഞു.

Monday, August 24, 2015

ആഘോഷങ്ങളുടെ അതിരുകൾ


തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഓണാഘോഷപരിപാടിക്കിടെ ജീപ്പ് അപകടത്തിൽ ഒരു വിദ്യാർഥിനി പരിക്കേറ്റ് മരിച്ചത് അറിയാനിടയായി. അടൂർ മണക്കാല എൻജിനീയറിങ്ങ് കോളേജിൽ വിദ്യാർഥികൾ ഫയർ എഞ്ചിനും ക്രെയിനും ട്രാക്ടറും ഉപയോഗിച്ചും അവയിൽ അപകടകരമാം വിധം യാത്ര ചെയ്തും നടത്തിയ ഓണാഘോഷവും വാർത്തയിൽ നിറഞ്ഞു. ഈ രണ്ടു സംഭവങ്ങൾ എന്നിലുയർത്തിയ ചിന്തകളാണ്‌ ഏറെക്കാലത്തിനു ശേഷം ഇവിടെ ഒരു കുറിപ്പെഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരത്തുകളും പൊതു സ്ഥലങ്ങളാണ്‌. നിങ്ങൾ ഒരു ഉൽസവത്തിന്‌ എത്ര പണം ചെലവാക്കണമെന്ന്‌, എങ്ങനെ ആഘോഷിക്കണമെന്ന്‌, അത് എത്രകണ്ട് നിയന്ത്രിക്കണമെന്ന് ഒരു സർക്കാരും നിബന്ധന വയ്ക്കുന്നില്ല. പക്ഷെ പൊതുസ്ഥലങ്ങളിൽ നമ്മുടെ ആഘോഷങ്ങൾക്ക് നാം അതിർവരമ്പുകൾ വയ്ക്കേണ്ടിയിരിക്കുന്നു എന്നതിൽ സംശയമില്ല. അവിടെല്ലാം നാം അറിയുകയും പാലിക്കുകയും ചെയ്യേണ്ടുന്ന ഒന്നുണ്ട് - അച്ചടക്കം. ആവേശലഹരിയിൽ ഈ വിദ്യാർഥികളും ആഘോഷങ്ങൾക്ക് അനുമതി നല്കിയ അദ്ധ്യാപകരും പൊതുജീവിതത്തിന്റെ അച്ചടക്കം ഉറപ്പാക്കേണ്ടിയിരുന്ന പൊലീസുകാർ അടക്കമുള്ള ഉദ്യോഗസ്ഥരും ആഘോഷങ്ങൾ അതിരു കടക്കുന്നതു നിയന്ത്രിച്ചില്ല; സാമൂഹ്യമായ അച്ചടക്കം പാലിച്ചില്ല.

പണമാണ്‌ ആഘോഷത്തിന്റെ അടിസ്ഥാന ശില, സോഷ്യൽ മീഡിയയാണ്‌ അതിന്റെ പാത, പ്രശസ്തിയാണ്‌ അതിന്റെ ഫലം. അല്ലെങ്കിൽ, എന്നാണ്‌ അപകടകരമായി വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത് ഓണാഘോഷത്തിന്റെ ഭാഗമായത്? അഗ്നിശമനവാഹനം പൊതു സുരക്ഷയ്ക്കായുള്ളതാണ്‌. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാനായി ഉപയോഗിക്കേണ്ടത്. ആ വാഹനം ഓണാഘോഷ പ്രദർശനത്തിന്‌ ഉപയോഗിച്ചതിന്റെ യുക്തി എന്തുകൊണ്ടും പിടി കിട്ടുന്നില്ല. അതിലുമപ്പുറം ആ വാഹനത്തിന്റെ മുകളിലും പിന്നിലും അനേകം വിദ്യാർഥികൾ കയറി നിന്ന്‌ പൊതുനിരത്തിലൂടെ യാത്ര ചെയ്യുന്നതും അങ്ങേയറ്റം അപലപനീയമാണ്‌. എല്ലാറ്റിലും ഉപരി ഫയർ എഞ്ചിനിൽ നിന്നും വെള്ളം ചീറ്റിച്ച് മഴ പെയ്യിച്ച് തുള്ളിത്തിമിർത്തതിന്‌ നാടൻ ഭാഷയിൽ മെണപ്പ് എന്നേ പറയാനൊക്കൂ. അതിനായി ഫയർ എഞ്ചിന്‌ 10000/- രൂപയും വെള്ളം ചീറ്റിച്ച വകയിൽ 2000/- രൂപയും ട്രഷറിയിൽ അടച്ചു പോലും. ചെലവാക്കാൻ പണം ഉണ്ടെന്നു കരുതി ഇത്രയൊന്നും പോകരുത്. അതല്ലെങ്കിൽ നാളെ ഈ വിദ്യാർഥികളെക്കാൾ ക്രയശേഷിയുള്ളവർ പൂന്തോട്ടം നനയ്ക്കാനും പട്ടിയെ കുളിപ്പിക്കാനും വാട്ടർ തീം പാർക്ക് നടത്താനും നിത്യേനയെന്നോണം ഫയർ എഞ്ചിൻ വാടകയ്ക്കെടുത്താൽ നെറ്റി ചുളിക്കരുത്. ബീക്കൺ ലൈറ്റും കത്തിച്ച് മണിയും സൈറണും മുഴക്കി അഗ്നിശമന വാഹനങ്ങൾ പായുമ്പോൾ എന്തോ അപായം പിണഞ്ഞെന്ന്‌ ആധി കൊള്ളുന്നവർക്ക് ഏതോ ഈച്ചപ്പൻ മുതലാളിയുടെ പുൽത്തകിടി നനയ്ക്കാനാണ്‌ ഈ നെട്ടോട്ടം എന്ന ചിന്ത കാലക്രമേണ വന്നോളും.

പിന്നെ ട്രാക്ടറും ക്രെയിനും. അതിന്റെ മുതുകത്തും നെഞ്ചത്തും കയറി നിന്ന്‌ ആർത്തുല്ലസിച്ച് ആൺ-പെൺ ഭേദമെന്യേ പിള്ളേർ ഓണം ആഘോഷിച്ചതു കണ്ടപ്പോൾ മെതിയടിയിട്ടു വന്ന മാവേലിത്തമ്പുരാൻ പേടിച്ചിട്ടാണോ ആവോ, അടുത്തുള്ള വെയിറ്റിങ്ങ് ഷെഡ്ഡിൽ അഭയം തേടി. ഇനി കെ.എസ്.ആർ.ടി.സി.യുടെ കാര്യം. എന്തു ചെയ്തിട്ടും കര പറ്റാൻ ഗതിയില്ല്ലാതെ ആ സ്ഥാപനം പണ്ടേ തന്നെ സ്വകാര്യ യത്രകൾക്ക് ബസ് വാടകയ്ക്കു നല്കുന്നതാണ്‌. ആ സ്ഥിതിക്ക് ഓണം മാത്രമാക്കണ്ട, കോളേജ് ബസ് ആയിട്ട് പതിവായിത്തന്നെ ഒരെണ്ണം വാടകയ്ക്കെടുത്ത് ഓടിച്ചു കൂടേ? ഒന്നുമില്ലെങ്കിലും സ്ഥിരമായി നിശ്ചിത തുക കിട്ടുന്ന ഒരു സർവ്വീസ് എങ്കിലും മരണാസന്നമായ കോർപറേഷനു കിട്ടട്ടെ.

ഓണം ആഘോഷിക്കുന്നത് പൂക്കളമിട്ടും ഊഞ്ഞാലാടിയും നാടൻ കളികളിൽ ഏർപ്പെട്ടും സദ്യ ഉണ്ടുമൊക്കെ ആയിരുന്നെങ്കിൽ ഇപ്പോൾ അതങ്ങനെ അല്ലാതായെന്നു വേണം കരുതാൻ. ഭ്രാന്തമായി ക്യാമ്പസ്സിലൂടെ വാഹനമോടിച്ചും പൊതുമുതൽ വില നല്കി ദുരുപയോഗം ചെയ്തും റോഡു നിയമങ്ങൾ നഗ്നമായി ലംഘിച്ചും അപകടങ്ങൾ ഉണ്ടായേക്കുമെന്നറിഞ്ഞുകൊണ്ട് വാഹനങ്ങളും യന്ത്രങ്ങളും കൈകാര്യം ചെയ്തും... അതിന്‌ നമ്മൾ പകരം നല്കിയത് തെസ്നിയുടെ ചോരയാണ്‌, ജീവനാണ്‌.

ഇതെല്ലാം എന്തിനു വേണ്ടിയായിരുന്നു? ആരുടെ മുന്നിൽ ഹീറോയാകാൻ വേണ്ടിയായിരുന്നു? കൈ നിറയെ പണം , കരുത്തും ചേലുമുള്ള അല്ലെങ്കിൽ ശ്രദ്ധ കവരുന്ന വാഹനങ്ങൾ, സിരകളിൽ ലഹരി, ശരീരമാകെ കരുത്ത്, മനസ്സു നിറയെ തോന്ന്യാസവും. - ഇത്രയുമാണ്‌ അതു ചെയ്തതും ചെയ്യിപ്പിച്ചതും.

ഒരുകാലത്ത് കല്യാണസൊറ എന്ന വിവാഹ റാഗിങ്ങ് ആയിരുന്നു കേരളത്തെ പിടിച്ചു കുലുക്കിയ സാംസ്കാരിക അധഃപതനം. അതേ നാണയത്തിലും എന്നാൽ അതിലേറെ വ്യാപ്തിയിലുമാണ്‌ ഈ ആഘോഷാഭാസങ്ങൾ ഇവിടെ നടമാടുന്നത്. വിദ്യാർഥികളെയും യുവാക്കളെയും തെറ്റായ ആഘോഷങ്ങളിലേക്കും ശീലങ്ങളിലേക്കും നയിക്കുന്ന അവസ്ഥ ഇല്ലാതാവാൻ മാർഗ്ഗം ഒന്നേയുള്ളൂ. അതുപോലും ഞാൻ കടമെടുക്കുന്നത് അഗ്നിശമന സേനയുടെ തന്നെ ഒരു തീയണയ്ക്കൽ വിദ്യയിൽ നിന്നുമാണ്‌ - Cut the source. മേല്പ്പറഞ്ഞ വിധം വിദ്യാർഥികൾക്ക് ആവശ്യത്തിലധികം പണവും മറ്റു സൗകര്യങ്ങളും വന്നു ചേരുന്ന മാർഗ്ഗങ്ങൾ അടയ്ക്കുക. ആദ്യം കുടുംബത്തിൽ നിന്ന്‌, പിന്നെ കുടുംബത്തിനു പുറത്തു നിന്നും.

പിന്നെ ‘പ്രേമം’ സിനിമയെക്കുറിച്ച്. നിങ്ങൾ പ്രേമം സിനിമയിലെപ്പോലെ വേഷം ധരിച്ചതു കൊണ്ടോ ട്രെൻഡി ആയ പാട്ടുകളെ ഇഷ്ടപ്പെട്ടതുകൊണ്ടൊ ഇവിടെ ആരും കലിതുള്ളുന്നില്ല. പക്ഷേ ഹിറ്റാകുന്നതെല്ലാം അനുകരണീയമാണ്‌ എന്നൊരു അവസ്ഥ വരുന്നുണ്ട്, അതിലാണ്‌ അപകടം ഒളിഞ്ഞിരിക്കുന്നത്; അങ്ങനെ ഒരിടത്തും പഠിപ്പിക്കുന്നില്ലെങ്കിലും. Nothing is illegal if one hundred businessmen decide to do it എന്നു പറയാറുണ്ട്. കൂട്ടായ ഒരു പ്രവൃത്തി അത് എന്തു തന്നെയായാലും സ്വയം സധൂകരിക്കപ്പെടുന്ന ദുരവസ്ഥ. അത്യന്തം സാധാരണമായ ഒരു മുഖവും എന്നാൽ ശ്രദ്ധ കവരാൻ ഏറെ സവിശേഷതകളുമുള്ള ഒരു അദ്ധ്യാപികയെ പ്രണയിക്കാൻ ഇന്നാട്ടിലെ യുവാക്കൾക്ക് വച്ചു നീട്ടിയതിലൂടെ ‘പ്രേമം’ സിനിമ ചെയ്തത് അരുതാത്തതു ചെയ്യുവാനുള്ള കൗമാരത്തിന്റെ സഹജ വാസനയെ ഇളക്കിവിടുക തന്നെ. പിന്നെ മറ്റൊന്ന്‌ യുക്തി രഹിതവും പ്രഹസനവുമായ ഹിംസ. വിദ്യാർഥി ഗുരുവിനെ പ്രണയിക്കുന്നതും എന്നാൽ അതേ ടീച്ചറെപ്പറ്റി അശ്ലീലം പറഞ്ഞ പ്യൂണിനിട്ട് ഒന്നു പൊട്ടിച്ചിട്ട് അതേ വിദ്യാർഥി ‘മാത പിതാ ഗുരു ദൈവം’ എന്ന ആപ്തവാക്യം ഓതുകയും ചെയ്യുന്നിടത്ത് ആ യുക്തി രാഹിത്യവും പ്രഹസനസ്വഭാവവും തെളിയുന്നു(നിരീക്ഷണത്തിനും വാക്കുകൾക്കും കടപ്പാട്‌ ടി.പി. രാജീവൻ 24/08/2015-ൽ മലയാള മനോരമ ദിനപത്രത്തിൽ എഴുതിയ ലേഖനം). വില്ലനെ ആളറിയിക്കാതെയും അതുകൊണ്ടു തന്നെ താൻ ചെയ്ത കുറ്റമെന്തെന്നു ബോധ്യപ്പെടുത്താതെയും നായകനും കൂട്ടാളികളും മർദ്ദിക്കുന്നതും പുതിയ കാലത്തിന്റെ നായകവീര്യമാവാം. കുറഞ്ഞ പക്ഷം കലോൽസവ സ്റ്റേജിനടിയിൽ ബോംബു വെയ്ക്കുന്ന സാഹസമെങ്കിലും ‘പ്രേമം’ സിനിമ മൂലം പഠിതാക്കൾ ചെയ്യാതിരിക്കട്ടെ എന്നാശിക്കാം.

‘ഇവിടെ തുപ്പരുത്’ എന്നെഴുതിയ ഇടത്തു തന്നെ കാർക്കിച്ചു തുപ്പുന്നതു പോലെ നിയമങ്ങളെ, സാമാന്യ ശീലങ്ങളെ നിഷേധിക്കാനുള്ള ത്വരയ്ക്ക് അനല്പമായ പ്രേമത്തിന്റെ മാധുര്യം നല്കിയപ്പോൾ അതു തിരി കൊളുത്തിയത് ഒരുപാട് അരുതാഴികകളെ അധികം ആലോചനകൾക്കു പോലും വിധേയമാക്കാതെ പൊളിച്ചെഴുതാനുള്ള നീക്കങ്ങൾക്കായിരുന്നു. പെൺകുട്ടികൾ മുണ്ടുടുത്ത്‌ കോളേജിൽ വരുന്നതും ഇതിനാൽ അല്ലെന്നു പറയാനാവുമോ? കാരണം കലയല്ല ഭരിക്കുന്നത്, ട്രെൻഡാണ്‌!

നഷ്ടം എന്നും നഷ്ടപ്പെട്ടവർക്കു മാത്രമാണ്‌, അത് ആഘോഷമായാലും, ഹർത്താലായാലും. അതിനാൽ തെസ്നിയോട്‌ കേരളത്തിന്റെ മനഃസാക്ഷി മാപ്പു ചോദിക്കട്ടെ.

അരുതാഴികകൾ ആഘോഷമാകുമ്പോൾ പണവും സംഘബലവും ചേരുന്ന ഒരു കരിങ്കുപ്പായവും നന്മയെ മറയ്ക്കുന്ന ഒരു കറുത്ത കണ്ണടയും ഉണ്ടെന്ന്‌ നമുക്ക്‌ ഉറപ്പുവരുത്താം. ഖേദപൂർവ്വം ഓണാശംസകൾ!

Friday, December 12, 2014

സ്വർഗ്ഗത്തിലെ ജനാലയ്ക്കൽ നിന്ന്‌...

ഞാൻ സ്വർഗ്ഗത്തിലിരുന്നാണ്‌ ഇതെഴുതുന്നത്. സ്വർഗ്ഗമെന്നു കരുതിയിരുന്ന മറ്റൊരിടത്തായിരുന്നു ഇന്നലെ വരെ ഞാൻ. കഥ പറയുന്നതിനു മുൻപേ ഞാൻ ആരെന്നു പറയാം. എന്റെ പേര്‌ ലക്ഷ്മി. ഒന്നര വർഷം മുൻപാണ്‌ ഊരും പേരുമറിയാത്ത ആ നാട്ടിലേക്കു ഞാൻ വന്നത്. എനിക്കു ഒത്തിരി സ്നേഹവും കരുതലും ഞാൻ കൊതിച്ച സ്വാതന്ത്ര്യവും എല്ലാം എനിക്കാവോളം കിട്ടിയ ആ വീട്ടിൽ ഞാൻ വന്നത്...

എന്നെ കല്യാണം കഴിച്ചു കൊണ്ടുവന്നതൊന്നുമല്ല കേട്ടോ..!! വിലയ്ക്കു വാങ്ങിക്കൊണ്ടു വന്നതാണ്‌.. എന്താ ഞെട്ടിയോ ?? ഞാൻ നിങ്ങൾ വിചാരിക്കുന്നതു പോലെ മനുഷ്യസ്ത്രീയല്ല. ലക്ഷ്മി എന്നു സുന്ദരമായ പേരൊക്കെ ഉണ്ടെങ്കിലും(ഉണ്ടായിരുന്നെങ്കിലും) ഞാൻ ഒരു കുതിരയാണ്‌ - ആ! കുതിര!!

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കാണ്‌ എന്നെ ഓമനിച്ചു കൊണ്ടുവന്നത്. കുളനട പുതുവാതുക്കൽ തടത്തിൽ വീട്ടിലേക്ക്. പൂനെയിലെ, അനേകം കുതിരകളെ പൂട്ടിയ, യാന്ത്രികതയും വിരസതയും നിറഞ്ഞ ഒരു ജയിലിൽ നിന്നുമുള്ള നിത്യമായ മോചനമായിരുന്നു എനിക്കു ദൈവത്തിന്റെ നട്ടിലേക്കുള്ള വരവ്. പലതിലൊന്നായി എവിടെയോ ഒതുങ്ങിപ്പോകുമായിരുന്ന ഞാൻ ഒരു കൂട്ടം സുമനസ്സുകളുടെ നടുവിലേക്ക് ഒരു താരത്തെപ്പോലെ, ഒരു രാജകുമാരിയെപ്പോലെ, ഒരു ഭൂലോകസുന്ദരിയെപ്പോലെ വന്നെത്തുകയായിരുന്നു. എല്ലാം ഒരു സ്വപ്നം പോലെയായിരുന്നു എനിക്ക്. പൂനെയുടെ ഊഷരതയിൽ നിന്നും പൊടിനിറമുള്ള പ്രകൃതിയിൽ നിന്നും ഉഷ്ണത്തിൽ നിന്നുമെല്ലാം മഴയും തണുപ്പും തണലും പച്ചപ്പും സ്നേഹിക്കാൻ ആളുമുള്ള നാട്ടിൽ 2014 ഡിസംബർ രണ്ടാം തീയതി വരെ ഞാൻ സ്വർഗ്ഗം എന്തെന്നറിയുകയായിരുന്നു.

അന്നാണ്‌ എന്റെ വിധി മാറിമറിഞ്ഞത്. ഒരു പക്ഷേ എനിക്കത്രയൊന്നും ആശിക്കാനോ അഹങ്കരിക്കാനോ എനിക്ക് അർഹതയില്ലാഞ്ഞിട്ടാവാം. അതങ്ങനെയവാൻ എന്തു തെറ്റ് ഞാൻ ചെയ്തെന്നും എനിക്കറിഞ്ഞുകൂടാ. ഞാൻ ഇവിടെയിരുന്നു കൊണ്ട്, വെണ്മേഘങ്ങൾ അതിരിടുന്ന ഈ ജാലകത്തിലൂടെ എനിക്ക് ഞാൻ കഴിഞ്ഞിരുന്നയിടം കാണാം. എന്നെ സ്നേഹിച്ചവരൊഴികെ ബാക്കിയെല്ലാം അവിടെ പതിവുപോലെ നീങ്ങുന്നു. എന്റെ അസാന്നിദ്ധ്യം ഏറ്റം നിർവ്വികാരമായി ഞാൻ കാണുന്നു. എന്റെ അഭാവം പൊഴിക്കുന്ന ശോകം നിസ്സഹായയായി ഞാനറിയുന്നു.

അന്നു രാത്രിയിൽ, ഇരുളിന്റെ മറപറ്റി എന്റെ വീട്ടിൽ ആരെല്ലാമോ കടന്നു വന്നു. നേർത്ത മഞ്ഞിന്റെ സുഖദമായ തണുപ്പിൽ ഞാൻ മയങ്ങി നില്ക്കുകയായിരുന്നു. പെട്ടെന്ന്, തലയിൽ ഒരു മിന്നല്പ്പിണർ വീണതുപോലെ, ശക്തമായ ഒരു താഡനത്തിൽ, അസഹ്യമായ അതിന്റെ വേദനയിൽ ഒരു നിമിഷം എന്റെ പ്രജ്ഞ മരവിച്ചു. ഒന്നു കരയാൻ പോലും ഞാൻ മറന്നു. ഉടലാകെ വേദനയുടെ പൂത്തിരികൾ പൊട്ടിച്ചിതറുന്നതു ഞാനറിഞ്ഞു. എന്റെ പിൻകാലിന്റെ അസ്ഥികൾ നുറുങ്ങിയമരുകയും അടിതെറ്റി നിന്നിടത്തു ഞാൻ വീഴുകയും ചെയ്തു. മഴത്തുള്ളികൾ പെയ്തുപതിക്കുന്നതു പോലെ മർദ്ദനങ്ങളും മുറിവുകളും എന്റെമേൽ വീണുകൊണ്ടിരുന്നു. വേദനയറിയാത്ത ഒരണുപോലും എന്റെ ദേഹത്തില്ലായിരുന്നു. എന്റെ ശരീരം എനിക്കു താങ്ങാനാവാത്ത ഭാരമാണെന്നും ഞരമ്പുകളിലൂടെ അഗ്നിയാണു പ്രസരിക്കുന്നതെന്നും വീണുള്ള കിടപ്പില്പ്പോലും എനിക്കു തോന്നി. എന്റെ കണ്മുന്നിൽ മനുഷ്യരൂപം പൂണ്ട നിഴലുകൾ സംഹാരനൃത്തം ചെയ്തു. അവരുടെ പാദപതനം പോലും എനിക്കു മുറിവുകളും നോവുകളും മാത്രം സമ്മാനിച്ചു. ഒന്നു കരയാൻ പോലുമാവാതെ ഞാൻ അവിടെ വീണുകിടന്നതും അബോധത്തിന്റെ ഏതോ ആഴങ്ങളിലേക്ക് പറന്നിറങ്ങിയതും ഇപ്പോൾ ഓർമ്മയുണ്ട്.

പിറ്റേന്നു മുതൽ വിവിധ ആശുപത്രികളിലായി ഞാൻ ചികിൽസിക്കപ്പെട്ടു. ബോധാബോധങ്ങളുടെ ഏതോ അതിർവരമ്പുകളിൽ വെച്ച് ഒരു യന്ത്രം കൊണ്ട് എന്നെയെടുത്തുയർത്തുന്നതും നഗരങ്ങളുടെ തിരക്കുകളിലൂടെയും രാജവീഥികളിലൂടെയും സൗഖ്യം തേടിച്ചെയ്ത യാത്രകളും ഞാനറിഞ്ഞു. പിന്നെയെപ്പോഴെല്ലാമോ, എന്നെ സ്നേഹിക്കാൻ മാത്രമറിയാവുന്ന കരങ്ങളുടെ സാന്ത്വനമേകുന്ന, ഇടർച്ചകലർന്ന തലോടലുകളും. അപ്പോഴെല്ലാം എനിക്കു പറയണമെന്നുണ്ടായിരുന്നു, എനിക്കിനി തിരികെ വരാനാവില്ല എന്ന്, എന്നോടിത്ര നാൾ കാട്ടിയ സ്നേഹത്തിനു ഇനിയൊരുപാടു ജന്മം കൂടെ നിന്നാലും കടം തീരില്ലയെന്ന്, എനിക്കു തിരികെ വരാനാവില്ലയെന്ന്‌. ഞാൻ വെറുമൊരു ‘മിണ്ടാപ്രാണി’യാണല്ലോ! അപ്പോഴും കനമില്ലാത്ത ഏതോ പ്രതീക്ഷകളിൽ മനസ്സർപ്പിച്ച് എന്റെ ജീവനെ തകർന്ന ശരീരത്തിൽ പിടിച്ചു നിർത്താൻ അവർ ശ്രമിച്ചുകൊണ്ടേയിരുന്നു.

ഒടുക്കം, അറിയാത്ത ഏതോ കാരണങ്ങളാൽ ആക്രമണത്തിനിരയായ ഞാൻ മരണത്തിനു കീഴടങ്ങി. ഞാൻ ഒരു കുതിരയായിരുന്നു. പേപ്പട്ടിക്കുപോലും വിധിക്കപ്പെടാത്ത ദാരുണമായ അന്ത്യമാണ്‌ എന്റെ വീട്ടിന്റെ വേലിക്കെട്ടിനുള്ളിലേക്ക് എന്നെ തേടിവന്നത്. ഞാൻ ഒരു ദ്രോഹവും ആർക്കും ചെയ്തിട്ടില്ല. എനിക്കൊരേയൊരു സങ്കടമേയുള്ളൂ, എന്റെ യജമാനനോട് എന്റെയുള്ളിൽത്തോന്നിയ സ്നേഹത്തെ ഒരിക്കല്ക്കൂടി അറിയിച്ചുവിടവാങ്ങാൻ എനിക്കു വിധിയുണ്ടായില്ല.

സ്വർഗ്ഗത്തിന്റെ ജനാലയ്ക്കൽ ഇരുന്നു നോക്കുമ്പോൾ എനിക്കെല്ലാം കാണാം, കേൾക്കാം, അറിയാം. എന്നെ പരിക്കേല്പ്പിച്ചവർക്ക് അതിലൂടെ എന്തെങ്കിലും സന്തോഷമോ, നേട്ടമോ ലഭിച്ചതായി കാണാനേ പറ്റുന്നില്ല. പകരം, മനസ്സിന്റെ അടിത്തട്ടിൽ ഉയർന്നു വരുന്ന ഏതോ കുറ്റബോധം മറയ്ക്കാനും ഒന്നുമില്ല ഒന്നുമില്ല എന്നു നടിക്കാനും അവർ ശ്രമിക്കുന്നതു നന്നായി കാണാം. ദൈവം അല്പം കഴിയുമ്പോൾ ഈ വഴി വരുന്നുണ്ട്. എനിക്കുള്ള ഉത്തരങ്ങൾ അപ്പോൾ ലഭിക്കുമായിരിക്കും. താഴെ ഭൂമിയിൽ എന്നെ ഉപദ്രവിച്ചവർക്ക് സമാധാനവും എന്നെ സ്നേഹിച്ചവർക്ക് സന്തോഷവും നല്കണമെന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നുണ്ട്. പിന്നെ ഇതു വായിക്കുന്ന നിങ്ങൾ അവരോടെല്ലാം പറയണം, ഒരു മിണ്ടാപ്രാണി അവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന്‌. നിർത്തട്ടെ.

Sunday, November 16, 2014

ചൂടുള്ള വാർത്ത!


ജോലി കഴിഞ്ഞ് വീട്ടിലേക്കു വണ്ടി കയറാൻ ഓടുമ്പോഴാണ്‌ ബസ് സ്റ്റാൻഡിൽ മൂന്നുപേർ അടിപിടി കൂടുന്നതു കണ്ടത്. അടിയെന്നു പറഞ്ഞാൽ ചുമ്മാ ഉന്തും തള്ളുമോ കുത്തിനു പിടിക്കലോ ഒന്നുമല്ല. അങ്ങോട്ടുമിങ്ങോട്ടും നല്ല പുഴുത്ത തെറി, ചെകിട്ടത്തടി, കൂമ്പിനിടി, ഒന്നാമൻ രണ്ടാമന്റെ അടിനാഭിക്ക് മുട്ടു കയറ്റുന്നു, രണ്ടാമൻ മൂന്നാമനെ നിലത്തിട്ടു ചവിട്ടുന്നു, മൂന്നാമൻ ഒന്നാമന്റെ ചെവി കടിച്ചു പറിക്കുന്നു, മൂവരുടെയും പൂർവ്വപിതാക്കന്മാർ കല്ലറയിൽ നിന്നും എണീറ്റു വരത്തക്കവിധം തന്തയ്ക്കുവിളി നടക്കുന്നു.... കപടസദാചാരം, വയ്ക്തിസ്വാതന്ത്ര്യം, സംസ്കാരം എന്നിവരായിരുന്നു ആ മൂന്നു പേർ.

അടച്ചിട്ട മുറിക്കു പുറത്തു വന്നപ്പോൾ പൊതു ജനം കാത്തു നില്ക്കുന്നുണ്ടായിരുന്നു. ചിലർക്ക് ഉമ്മ വേണം. ചിലർക്ക് ഒരാശ്ലേഷം മതി. ചിലർക്ക് ഇതൊന്നും വേണ്ടെങ്കിലും ‘കാര്യങ്ങളൊക്കെ’ ഒന്നു കണ്ടാൽ മതി. പ്രത്യേകിച്ച് അഭിപ്രായം ഇല്ലാത്ത കുറെപ്പേർ ഏറ്റവും കൂടുതൽ മെഗാപിക്സൽ ഉള്ള ഫോൺ ക്യാമറകൾ ഓൺ ചെയ്ത് കയ്യില്പ്പിടിച്ചു. ഉമ്മവെക്കാൻ വന്ന പോരാളികൾ പെഴച്ചുണ്ടായതാണോ പെഴച്ചു ജീവിക്കുന്നതാണോ എന്നൊക്കെ അറിയാൻ ചിലർ സ്കൂളിൽ പോലും ചെയ്യാത്ത വിധം ചരിത്രം ചികയാനിറങ്ങി. ഒട്ടൊക്കെ വിജയിച്ചപ്പോൾ മുന്നേ എടുത്ത മെഗാ പിക്സലിന്റെ ചുവട്ടിൽ അക്ഷരം കൊണ്ട് കാർക്കിച്ചു തുപ്പി. എന്നിട്ട് നാട്ടുകാരെല്ലാം നാണമില്ലാതെ മുണ്ടുംപൊക്കി നിന്നു മൂത്രമൊഴിക്കുന്ന ഫേസ്ബൂക്കിന്റെ ഭിത്തിയിൽ കൊണ്ടെ മൈദാപ്പശയും സ്വന്തം ആത്മരതിയുടെ രേതസ്സും സമാസമം ചേർത്തങ്ങ് ഒട്ടിച്ചു! പിന്നാലെ വന്ന സംസ്കാരസമ്പന്നരും സ്വാതന്ത്ര്യവാദികളും സദാചാരരംഗത്തെ പ്രമുഖരും പ്രതിലോമവാദികളും പ്രതിക്രിയാവാദികളും അതിനു കീഴെ താംബൂലചർവ്വണം നടത്തിയിട്ട് ചെഞ്ചോര നിറത്തിൽ തുപ്പി വെച്ചു.

ദൂരെ ദൂരെയെങ്ങോ അരണ്ട വെളിച്ചമുള്ള ഒരു എ.സി. മുറിയുടെ മൂലയ്ക്കിരുന്ന് സരിത മാഡം ഒരു ഏമ്പക്കം വിട്ടു, പിന്നാലെ ആശ്വാസത്തിന്റെ ഒരു നിശ്വാസവും. മനസ്സൊന്നു തണുത്തപ്പോൾ ചാനലിൽ പോയി ഒരു ഷോ നടത്തി. പണ്ടു പണ്ട് ഒരു സാറ്റലൈറ്റ് ചാനലിൽ ഷക്കീലാന്റിയുടെ കിന്നാരത്തുമ്പികൾ പ്രീമിയറായി പാറിനടന്ന ദിവസത്തെ ഓർമ്മിപ്പിച്ച് അന്നും നഗരങ്ങളിൽ വൈകിട്ട് ട്രാഫിക് കുറഞ്ഞു. അന്നു കേബിൾ തകരാറുണ്ടായപ്പോൾ ജീവിതത്തിലാദ്യമായി രാജാക്കാട്ട് കേബിൾ നെറ്റ്വർക്ക് നടത്തുന്ന ജോർജ്ജുകുട്ടി സ്വന്തം തന്ത ആരാണെന്നു പലവുരു കേട്ടറിഞ്ഞു. കിട്ടിയ റേറ്റിങ്ങ് കണ്ടപ്പോൾ ചാനലു മൊതലാളി ഇരുന്ന കസേരേന്നു പൊങ്ങിപ്പോയി. താഴെ വന്നത് ഇവളെ സ്ഥിരം വാർത്ത വായിക്കാൻ ഇരുത്തിയാലോ എന്ന മഹനീയ ചിന്തയുമായാണ്‌. ആ ഷോയുടെ അടങ്കൽ പിടിക്കാൻ വയ്യായിരുന്നോടാവ്വേ എന്നും ചോദിച്ച് കോണ്ടം കമ്പനിയുടെ മുതലാളി മാർക്കറ്റിങ്ങ് വിഭാഗത്തിന്റെ പപ്പും പൂടേം പറിച്ചു കാറ്റിൽ പറത്തി.

ഇനി എന്റെ അമ്മപെങ്ങന്മാരും മക്കളും വായിച്ചറിയുന്നതിന്‌ - ഇങ്ങനത്തെ അബദ്ധം ഇനിയാർക്കെങ്കിലും പറ്റിയാൽ, ആരെങ്കിലും ഭീഷണി മുഴക്കിയാൽ മൈൻഡ് ചെയ്യരുതെന്നും, സ്വന്തം സ്വകാര്യ അവയവങ്ങളുടെ പടമോ സിലുമയോ യേതെങ്കിലും തരത്തിൽ സോഷ്യൽ മീഡിയയിൽ വന്നാൽ കൂടിയാൽ ഒരു മാസമങ്ങു ക്ഷമിച്ചാൽ മതിയെന്നും നവമാധ്യമ ലോകത്തിലെ പുതിയ വിശുദ്ധ ചാനൽ പ്രസംഗത്തിന്റെ ഒന്നാമദ്ധ്യായത്തിൽ അഞ്ചാം വാക്യമായി അരുളിചെയ്തു. മാനം പോയിട്ടും (മനഃപൂർവ്വമോ അല്ലാതെയോ) ആത്മഹത്യ ചെയ്യാതെ പിടിച്ചു നില്ക്കുന്നതോടെ ദൈവം തമ്പ്രാനു പോലും പിന്നെ നമ്മളെ ഒന്നും ചെയ്യാനാവില്ല എന്നു പാഠം. ആകെ മുങ്ങിയാൽ കുളിരില്ല എന്നൊരു മട്ട്. ഓന്തോടിയാൽ വേലിക്കൽ വരെ. ചെമ്മീൻ ചാടിയാൽ മുട്ടോളം. കണ്ടോ കണ്ടോ ഒരു ന്യായീകരണം കണ്ടെത്താൻ മലയാളിക്ക് പഴഞ്ചൊല്ലുകൾ കാക്കത്തൊള്ളായിരം.

ഇതും പറഞ്ഞു ചിരിച്ചോണ്ട് വണ്ടിയോടിച്ചു പോയ ഒരുതതൻ വഴിയരികിൽ നിന്ന ഏതോ ഒരു ഇരുകാലിയെ തട്ടിയിട്ടേച്ച് നീട്ടി ഒരു ഹോണുമടിച്ച് ഒരൊറ്റ പോക്ക്. അവനെ എങ്ങനെയും ഓവർടേക്ക് ചെയ്യണം എന്നുകരുതി പിന്നാലെ പാഞ്ഞു വന്നവരെല്ലാം റോഡിലെ കുണ്ടിനെയും കുഴികളെയും പ്രാകി. വീണുകിടന്നയാളുടെ ദേഹം ചമ്മന്തിയായതാണെന്ന് എഫ്.എം.ലെ പെണ്ണിന്റെ ഒലിപ്പീരും കേട്ടിരുന്നതുകൊണ്ട് തിരിഞ്ഞില്ല. ആയിടയ്ക്ക്, ഒരു പാവം പെണ്ണ്‌, പേര്‌ എന്നതാണോ എന്തോ, ഏതോ ആശുപത്രീടെ മുകളിൽ നിന്നു ചാടിയെന്നോ, വീണെന്നോ, മരിച്ചെന്നോ ആ എന്നതാണോ..! പിന്നെ കിഴക്കെങ്ങാണ്ട് അണക്കെട്ടു നിറഞ്ഞെന്നോ, ഷട്ടർ തുറക്കുമെന്നോ... ഓ! പിന്നേ... തലയ്ക്കു മീതെ വെള്ളം വന്നാൽ അതിനെ മീതെ തോണി! ദെ, വാട്സ്ആപ്പിൽ എന്തോ പുതിയ ആപ്പു വന്നിട്ടുണ്ട്, സീ യു ഡാ!

Sunday, May 04, 2014

ഇടവേളയ്ക്കു ശേഷം

ആഫീസ് കഥകളുടെ ഗണത്തിലേക്ക് ഒന്നു കൂടി...

ടുക്കി ജില്ലയിലെ ഒരു വില്ലേജ് ആഫീസാണു രംഗം. നേരം രാവിലെ ഒൻപതേ മുക്കാലാകുന്നു. എന്റെ സുഹൃത്തായ ഒരു വില്ലേജ് അസിസ്റ്റന്റ് ആണ്‌ സീനിൽ. ചെയ്തു തീർക്കാൻ പണി അധികമുള്ളതുകൊണ്ട് നേരത്തെ വന്ന്‌ ഓഫീസ് തുറന്ന് ഓരോ എഴുത്തുകുത്തുകൾ നടത്തുകയാണ്‌. ഇടപാടുകാരൊക്കെ വരുന്ന നേരമാകുന്നതേയുള്ളൂ. അപ്പോൾ, കാലേകൂട്ടി വന്ന ഒരു സ്ത്രീ ആഫീസ് മുറിയിലേക്കു കടന്നു വന്നു. സ്വസ്ഥമായി പണി ചെയ്യുന്നതിനായി നേരത്തെ വന്നിരിക്കുന്ന നേരത്ത് കയറിവന്നിരിക്കുന്ന ഈ സ്ത്രീയെ ഒരു ശല്യമായാണ്‌ അയാൾക്കു തോന്നിയത്. എന്തയാലും വന്നതല്ലേ, അവരുടെ മുഖത്തു പോലും നോക്കാതെ ഇരിക്കാൻ പറഞ്ഞു. മേശയ്ക്കു മുന്നിലെ കസേരയിൽ അവർ ഇരുന്നു. അയാൾ അപ്പോഴും രജിസ്റ്ററിൽ നിന്നും കണ്ണെടുക്കാതെ എഴുത്തു തുടർന്നു.


കുറെ നേരമായിട്ടും അവർ ഒന്നും മിണ്ടാതിരുന്നപ്പോൾ അയാൾ ചോദിച്ചു. - “എന്താ വന്ന കാര്യം..?”

“സാറെ, കരമടയ്ക്കാനായിരുന്നു..” അവരുടെ മറുപടിയിൽ ഒരു സംശയഭാവം നിഴലിച്ചിരുന്നു.

ഭൂനികുതി സ്വീകരിച്ച് രസീതു കൊടുക്കുന്നത് പത്തുമണിക്കു ശേഷമേ ചെയ്യൂ എന്നതാണു കീഴ്വഴക്കം. എന്തായാലും മറ്റു വിവരങ്ങൾ ചോദിച്ചു.

“പഴയ രസീതു കൊണ്ടുവന്നിട്ടുണ്ടോ?”

“ഇല്ല. പഴയ രസീതൊന്നും കൈയ്യിലില്ല.” പഴയ രസീതുണ്ടെങ്കിൽ വില്ലേജ് റിക്കാർഡിൽ ഭൂവുടമയുടെ തണ്ടപ്പേർ നമ്പർ കണ്ടെത്താൻ എളുപ്പമാണ്‌. അതിനായി കരമടയ്ക്കാൻ ചെല്ലുന്നവരോട് മുൻപു കരമടച്ച രസീത് ആവശ്യപ്പെടുക പതിവുണ്ട്. ഇവരുടെ പക്കൽ അതില്ലെന്നറിഞ്ഞതോടെ എന്റെ കൂട്ടുകാരൻ അല്പം നിരാശനായി.

“ആധാരം... ഉണ്ടോ?” അടുത്ത ചോദ്യം.

“ഇല്ല.”

“ആട്ടെ, തണ്ടപ്പേർ നമ്പർ അറിയാമോ?”

“അറിയില്ല!”

“സർവ്വേ നമ്പരോ..?”

“അറിയില്ല.” തുടർന്ന് സ്ഥലം സ്ഥിതി ചെയ്യുന്നത് ഏതു പ്രദേശത്താണെന്നു വിവരിച്ചുതന്നു. റീസർവ്വേ കഴിഞ്ഞ സ്ഥലമാണ്‌. പഴയ സർവ്വേ നമ്പരല്ല നിലവിൽ ഉപയോഗിക്കുന്നത്.

“സർവ്വേ നമ്പരെങ്കിലും അറിയാതെ കാര്യമില്ലല്ലോ. ഉം... എത്രനാളായി കരമടച്ചിട്ട്..??”

“കുറെ നാളായി...” വർഷങ്ങളായി എന്നു ചുരുക്കം. രാവിലെ തന്നെ ഒരു വള്ളിക്കേസ് വന്നു കേറി എന്നുറപ്പിച്ചെങ്കിലും അപ്പോഴും ഇയാൾ മുഖമുയർത്തി ആ സ്ത്രീയെ നോക്കിയില്ല.

“നിങ്ങളിത്രേം നാൾ എവിടെയായിരുന്നു??” അയാളുടെ സ്വരത്തിൽ നേരിയ പുച്ഛം കലർന്നിരുന്നു. പക്ഷേ അതിന്‌ ആ സ്ത്രീ തന്ന മറുപടി അയാളെ ഞെട്ടിച്ചുകളഞ്ഞു :

“ഞാൻ ജയിലിലാരുന്നു സാറെ!”

അപ്പോൾ മാത്രമാണ്‌ അയാൾ അവരെ ശ്രദ്ധിച്ചത്. ഏകദേശം അൻപതു വയസ്സു പ്രായമുണ്ടാവും അവർക്ക്. അവരുടെ സ്വരത്തിലും മുഖത്തും തികഞ്ഞ നിസ്സംഗതയായിരുന്നു.

“നി..നിങ്ങളെന്തിനാ ജയിലിൽ..??”

“കൊലപാതകമായിരുന്നു സാറെ!!” അതുകൂടി കേട്ടതോടെ അയാൾ പേന താഴെ വെച്ചു. അതു പറയുമ്പോഴും അവരിൽ അതേ നിസ്സംഗത നിറഞ്ഞു നിന്നു. സാധാരണ വണ്ണവും പൊക്കവും മാത്രമുള്ള ഒരു വീട്ടമ്മ. അവരെ കണ്ടാൽ ഒരു കൊലപാതകക്കുറ്റത്തിനു ജയിൽ ശിക്ഷ കഴിഞ്ഞയാളിന്റെ യാതൊരു ലക്ഷണവും പറയാനുമില്ല.

“ആരെയാ കൊന്നത്??”

ഇടനേരത്തെ മൗനത്തിനു ശേഷം അവർ പറഞ്ഞു : “പുള്ളിക്കാരനെക്കൊണ്ട് ഭയങ്കര ശല്യമാരുന്നു സാറെ. എന്നും കുടീം ബഹളോം. അന്ന്‌... അന്നെനിക്ക് അങ്ങനെ ചെയ്യാനേ തോന്നിയുള്ളൂ.. സഹികെട്ടപ്പഴാ, ഞാൻ ആ കൊച്ചിനേം എടുത്തോണ്ട് പോയി പുഴേലോട്ട് ചാടി... ആരാണ്ടൊക്കെക്കൂടി എന്നെ രക്ഷപ്പെടുത്തി. പക്ഷെ കൊച്ച് ഒഴുകിപ്പോയി. കുറെ കഴിഞ്ഞപ്പോ കൊച്ചിന്റെ ശവം കിട്ടി. പൊലീസു വന്നു. ഞാൻ കൊലപാതകി ആയി.”

ബാക്കി കഥ ഇങ്ങനെ ചുരുക്കിപ്പറയാം. ആ സ്ത്രീ അകത്തായി. കേസ് നടത്താൻ പോലും ആരും ഇവരെ സഹായിച്ചില്ല. ഒടുക്കം ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഈ ലോകത്ത് തികച്ചും ഏകയാണെന്ന് അവർക്കു മനസ്സിലായി. ഭർത്താവ് മറ്റൊരു സ്ത്രീയുമായി പണ്ടേക്കുപണ്ടേ ജീവിതം തുടങ്ങിയിരുന്നു. അമ്മയും അച്ഛനും മരിച്ചു. സ്വന്തമെന്നു പറയാൻ ആരുമില്ലാതായി. ശിക്ഷ കഴിഞ്ഞുവന്ന് ഇവർ സമീപത്തുള്ള ഒരു കന്യാസ്ത്രീ മഠത്തിൽ അല്ലറചില്ലറ പണികളൊക്കെ ചെയ്തു കഴിയുന്നു.

മാതാപിതാക്കളിൽ നിന്നും ഇവർക്കു ലഭിച്ചതായിരുന്നു കരമടയ്ക്കാനായി ഇവർ സൂചിപ്പിച്ച സ്ഥലം. നിലവിൽ അതു ഭർത്താവാണ്‌ കൈവശം വച്ചിരിക്കുന്നത്. സത്യത്തിൽ അത് ഈ സ്ത്രീയുടെ പേരിൽത്തന്നെ ഉണ്ടായിരുന്ന സ്ഥലമാണ്‌. അതൊന്നു കരമടച്ചു കിട്ടാൻ വല്ല വഴിയുമുണ്ടോ എന്നറിയാൻ വന്നതായിരുന്നു അവർ.

ഹതാശയായ ആ സ്ത്രീക്ക് ആ സ്ഥലം പിടിച്ചുവാങ്ങിച്ചിട്ട് ഒന്നും നേടാനില്ലായിരുന്നു. അതിന്‌ അവർ പറഞ്ഞത് ഇങ്ങനെയാണ്‌ : “എനിക്ക് എന്റെ അപ്പനമ്മമാരായിട്ട് തന്ന സ്ഥലമായതുകൊണ്ടാ സാറെ.. ഇനി അല്ലേത്തന്നെ അതു കിട്ടിയാലും എനിക്കതുകൊണ്ട് വെല്യ പ്രയോജനമൊന്നും ഇല്ല. എനിക്കു പോകാൻ മറ്റൊരിടവുമില്ല. അതുകൊണ്ടാ...”

അവരെ സഹായിക്കണമെന്നുണ്ടായിരുന്നു അയാൾക്ക്. അവരുടെ സ്ഥലത്തിന്റെ അടുത്തുള്ള പുരയിടത്തിന്റെ സർവ്വേ നമ്പർ കണ്ടുപിടിക്കാൻ പറഞ്ഞേല്പ്പിച്ചിട്ട് അവരെ അന്നു യാത്രയാക്കി. അതിനു ശേഷം പരിസരങ്ങളിൽ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞതെല്ലാം സത്യമായിരുന്നെന്നും മഠത്തിലാണ്‌ അവർ കഴിഞ്ഞുകൂടുന്നതെന്നും അറിയാനും പറ്റി.

പിന്നീട് ഒരു വർഷത്തോളം ഇദ്ദേഹം ആ ആഫീസിൽ ഉണ്ടായിരുന്നു. അക്കാലത്തൊന്നും കൈവിട്ടുപോയ ഭൂസ്വത്ത് തിരികെപ്പിടിക്കാൻ ആ സ്ത്രീ വീണ്ടും വില്ലേജ് ആഫീസിന്റെ പടികയറി വന്നില്ല. എല്ലാം നഷ്ടപ്പെട്ട ജീവിതം ആ കന്യാസ്ത്രീമഠത്തിന്റെ അടുക്കളയിൽ അവർ ഒതുക്കിക്കളഞ്ഞുകാണണം.

Wednesday, March 12, 2014

എൻക്വയറി റിപ്പോർട്ട്


ആമുഖം - ഇത് ഒരു സഹപ്രവർത്തകൻ പറഞ്ഞ കഥയാണ്‌. ആഫീസ് കഥകൾ എന്ന് ഈ യഥാർഥ സംഭവങ്ങളെ വർഗ്ഗീകരിക്കുമ്പോൾ തന്നെ മിക്കതും ഞാൻ ജോലി ചെയ്യുന്ന റവന്യൂ വകുപ്പിൽ ഉണ്ടായിട്ടുള്ള സംഭവങ്ങളാണ്‌. ജനങ്ങളോട് അടുത്തിടപഴകുന്ന ഒരു വകുപ്പ് എന്ന നിലയിൽ ജീവിത ഗന്ധിയായ അനേകം സംഭവങ്ങൾക്ക് റവന്യൂ ഡിപ്പാർട്ട്മെന്റിലെ, പ്രത്യേകിച്ചും വില്ലേജാഫീസിലെ, ജീവനക്കാർ സാക്ഷ്യം വഹിക്കാറുണ്ട്. അങ്ങനെയുള്ളവയിൽ ഞാൻ കേട്ട ഒരു കഥ എന്റെ വാക്കുകളിൽ..

ഇടുക്കി ജില്ലയിലെ ഒരു മലമ്പ്രദേശത്തെ വില്ലേജതിർത്തിയിലാണ്‌ ഈ സംഭവം നടക്കുന്നത്. തിരക്കുകൾ മുൻകൂട്ടി പ്രവചിക്കാൻ സാധ്യമല്ലാത്ത ഒരിടമാണ്‌ വില്ലേജാഫീസ്. അതിനാൽ ഓഫീസിലെ പതിവു പണികൾക്കു മുടക്കം വരാത്തവിധം അഞ്ചു മണിക്കുശേഷമാണ്‌ ഞാൻ അപേക്ഷകളിലും പരാതികളും സംബന്ധിച്ചുള്ള അന്വേഷണങ്ങൾക്കു പോവാറ്‌. അന്ന്‌ വില്ലേജാഫീസർ എന്നെ ഏല്പ്പിച്ചത് ഒരാളുടെ മരണത്തിന്റെ പിന്നാലെ ഉയർന്ന പരാതിയുടെ അന്വേഷണമാണ്‌.

കെ.എസ്.ഇ.ബി.വക സ്ഥലത്ത് പുല്ലുചെത്താൻ പോയ ഒരാൾ പൊട്ടിക്കിടന്നിരുന്ന ലൈനിൽ നിന്നോ മറ്റോ ഷോക്കേറ്റു മരിച്ചു. ഇയാളുടെ കുടുംബത്തിനു സർക്കാരിൽ നിന്നും യാതൊരു വിധത്തിലുള്ള ധനസഹായവും ലഭിച്ചില്ല. വൈദ്യുതി ബോർഡിൽ നിന്നും ഒരു തുക ഇവർക്കു നഷ്ടപരിഹാരമായി കിട്ടാൻ അർഹതയുണ്ടത്രേ. എന്നാൽ, ബോർഡ് വക സ്ഥലത്ത് അതിക്രമിച്ചു കടന്നു എന്നൊരു ന്യായം പറഞ്ഞ് ആ തുക നല്കാൻ അവർ കൂട്ടാക്കുന്നില്ല എന്ന്‌ പരേതന്റെ ഭാര്യ നല്കിയ പരാതിയിലാണ്‌ അന്വേഷണം നടത്തേണ്ടത്.

അങ്ങനെ വൈകിട്ട് ഒരു വില്ലേജ്മാനെയും സഹായത്തിനു കൂട്ടി ഞാൻ പരാതിക്കാരിയുടെ വാസസ്ഥലത്തേക്കു പോവുകയാണ്‌. ഏറെ ദൂരം നടന്നും കുന്നു കയറിയും നേരം മയങ്ങിയപ്പോൾ ആ ഒറ്റമുറി വീട്ടിൽ ഞങ്ങൾ എത്തി. വീട്ടിലുള്ളത് പരാതിക്കാരിയും അമ്മായിയമ്മയും മൂന്നോ നാലോ വയസ്സു പ്രായമുള്ള ഒരു മകളും. കുടുംബത്തിന്റെ അവസ്ഥ ഒറ്റ നോട്ടത്തിൽ മനസ്സിലാകുമായിരുന്നു. കൂലിപ്പണിക്കാരനായിരുന്ന ഗൃഹനാഥന്റെ മരണം ഈ കുടുംബത്തെ തകർത്തിരിക്കുന്നു. അമ്മയ്ക്കു പണിയെടുത്തു ജീവിക്കാനുള്ള പ്രയം കടന്നു. അമ്മയുടെയും മകളുടെയും ചുമതല പൂർണ്ണമായും ഇരുപത്തഞ്ചിൽ താഴെ മാത്രം പ്രായമുള്ള ഈ വിധവയുടെ ചുമലിലായി. അധ്വാനിച്ചു കിട്ടുന്നതു കൊണ്ട് പൊന്നു പോലെ കുടുംബം നോക്കിയിരുന്നു, ഭർത്താവ്. ഇവൾക്കു പണിക്കൊന്നും ഇതുവരെ പോകേണ്ടി വന്നിട്ടില്ല. ഇപ്പോൾ വല്ലപ്പോഴും മാത്രം കിട്ടുന്ന പണിക്കു പോയി ഒപ്പിക്കുന്ന കൂലി കൊണ്ട് അരിഷ്ടിച്ചു ജീവിക്കുന്നു എന്നതാണു സ്ഥിതി.

വിവരങ്ങളെല്ലം ചോദിച്ചറിയുന്നതിനിടെ ആ അമ്മ ഒരു രഹസ്യം പോലെ എന്നോടു പറഞ്ഞ വാചകം കേട്ട് ഞാൻ സ്തബ്ധനായിപ്പോയി.

“അതേ, സാറെ, പൈസാ വല്ലോം കിട്ടുന്ന കാര്യമാണെങ്കി അത്‌ എന്റെ പേരിൽ കിട്ടുന്നതു പോലെ എഴുതിക്കോണേ...”

ഓ... സ്വന്തം മകൻ മരിച്ചതിനു കിട്ടിയേക്കാവുന്ന പണത്തിന്റെ മേൽ ഇവർക്കിങ്ങനെ ഒരു ഗൂഢതാല്പര്യമോ! എന്തെങ്കിലുമാകട്ടെ, അവരുടെ വീടിനകം കൂടി ഒന്നു കണ്ടേക്കാമെന്നു വെച്ച് ഞാൻ കയറിനോക്കി. മുൻപ് പറഞ്ഞതു പോലെ ഒറ്റമുറി. ഇരിക്കാനും കിടക്കാനും ഭക്ഷണം പാകം ചെയ്യാനും അവിടം മാത്രം. അയയിൽ തുണികളൊക്കെ തൂക്കിത്തൂക്കിയിട്ടിരിക്കുന്നു. മുറിയുടെ മൂലയ്ക്ക് ഒരു പായയിൽ ആ പെൺകുഞ്ഞു കിടന്നുറങ്ങുന്നു. ഭക്ഷണം പാകം ചെയ്യുന്നിടത്ത് ഒരു കലത്തിൽ വെള്ളം വെട്ടിത്തിളയ്ക്കുന്നു. വെള്ളം മാത്രം!

പരേതന്റെ ഭാര്യയെ കണ്ട് കാര്യങ്ങൾ പറഞ്ഞു. ഊഹിച്ചതിനെക്കാൾ മോശമായിരുന്നു ആ കുടുംബത്തിന്റെ അവസ്ഥ. ഇന്നു പണിയില്ലായിരുന്നു. വീട്ടിലാണെങ്കിൽ ഒരു സാധനമില്ല. ദൈന്യം വിവരിക്കുന്നതിനിടയിൽ അവർ പറഞ്ഞ ഒരു കാര്യം മുള്ളുപോലെ എന്റെ ഉള്ളിൽ കൊളുത്തിവലിച്ചു.

“എന്റെ സാറെ, ഇവിടെയാണെങ്കിൽ ഒരു മണി അരിയില്ല. വിശന്നിട്ട് ആ കൊച്ചു കിടന്നു കരയുവാരുന്നു ഇത്രേം നേരം. ഞാൻ അതിനെ ഒരു വിധത്തിൽ സമാധാനിപ്പിച്ചു കിടത്തിയേക്കുവാ..”

കാര്യം ശരിയാണ്‌. ഒന്നുമില്ലാത്ത ആ വീട്ടിൽ വെറും വെള്ളം മാത്രം തിളയ്ക്കുന്ന കലം ഞാൻ കണ്ടതുമാണ്‌. ഒരു വശത്ത് സർക്കാർ അനുവദിച്ചേക്കാവുന്ന സഹായം സ്വന്തം പേരിൽ വരണമ്മെന്നാഗ്രഹിക്കുന്ന അമ്മ. ഇപ്പുറം, വിശന്നു തളർന്ന് ഉറങ്ങുന്ന കുഞ്ഞ് ഉണരുന്ന നിമിഷത്തെ ഏതു നിമിഷവും പ്രതീക്ഷിച്ച് വെറുംകയ്യോടെ കാത്തിരിക്കുന്ന വേറൊരമ്മ. ഇന്നു രാത്രിയിൽ ഇവർ മൂന്നു പേർക്കും ഒരേ വിധിയാണ്‌ - മുഴുപ്പട്ടിണി!

ഈ ദാരിദ്ര്യം ആ പെണ്ണിനെ നാളെ ഇതേ സമയം കവലയിൽ ഇരുട്ടു പറ്റി നില്ക്കുന്ന ഒരു ശരീരം മാത്രമാക്കിയേക്കാം. ഇന്നത്തെ പട്ടിണി താഴെ കിടന്നുറങ്ങുന്ന പിഞ്ചു പെൺജീവന്റെ ഭാവി എന്നെന്നേക്കുമായി ഇരുളടഞ്ഞതാക്കാം. വിവരങ്ങൾ ശേഖരിച്ചു പുറത്തിറങ്ങുന്നവഴിക്ക് കണ്ണീരണിഞ്ഞ, നിസ്സഹായയായ ആ അമ്മയുടെ കയ്യിൽ ഞാൻ ഒരു നൂറു രൂപ വെച്ചു കൊടുത്തു. ഒന്നും പറയാനോ കേൾക്കാനോ കാണാനോ ആവാതെ ഞാൻ ആ ഇടവഴിയിറങ്ങി നടന്നു. വഴിയിൽ ഇരുട്ടു വീണുകഴിഞ്ഞിരുന്നു അപ്പോൾ.

വില്ലേജ്മാൻ എന്റെയൊപ്പം നടന്നെത്താൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു. പാതി ഓടിയും കിതച്ചും അയാൾ ഒപ്പം വന്നുകൊണ്ട് എന്നോടു പറഞ്ഞു - “എന്നാലും സാർ എന്നാ പണിയാ ആ കാണിച്ചെ? സാറെന്തിനാ അവർക്കു കാശു കൊടുത്തത്?? സാറിന്റെ ആരാ അവര്‌? സാറെ, അതൊന്നും നമ്മടെ പണിയല്ല. അവർക്ക് സർക്കാരിൽ നിന്നും വല്ല കാശും കിട്ടാനുണ്ടെങ്കിൽ നമ്മളു വാങ്ങിച്ചു കൊടുക്കണം... അല്ലാതെ നമ്മടെ കയ്യിലെ കാശെടുത്ത് അങ്ങോട്ടു കൊടുക്കേണ്ട കാര്യമെന്താ....??? സാറെ, നമ്മളൊണ്ടല്ലോ, വല്ലോം ഇങ്ങോട്ടു കിട്ടിയാൽ മേടിക്കാനുള്ളവരാ! അല്ലാതെ...“

അയാൾ ഈ വർത്തമാനം വഴി നീളെ തുടർന്നുകൊണ്ടിരുന്നു. അതൊന്നും എന്റെ ചെവിക്കപ്പുറത്തേക്കു നീണ്ടില്ല.

പിറ്റേന്നു രാവിലെ ആഫീസിൽ ചെന്ന് വില്ലേജാഫീസറെ സത്യാവസ്ഥകൾ ബോധ്യപ്പെടുത്തി. ഉടൻ തന്നെ പരേതന്റെ ഭാര്യയുടെ പേർക്ക് ഏറ്റവും അനുകൂലമായ ഒരു റിപ്പോർട്ട് സർക്കാരിലേക്ക് അയയ്ക്കുകയും ചെയ്തു. ദൈവം കരുണ ചെയ്തിട്ടുണ്ടെങ്കിൽ ഞാനിതെഴുതുന്ന ഈ രാത്രിയിൽ ആ പെൺകുഞ്ഞ് ഒരു പക്ഷേ എസ്.എസ്.എൽ.സി.പരീക്ഷയ്ക്ക് പഠിക്കുകയായിരിക്കും.

Tuesday, November 05, 2013

ഞങ്ങളുടെ ഡെൽനമോൾക്കുവേണ്ടി...

ടുക്കി ജില്ലയിലെ കീരിത്തോട്, പുന്നയാർ, കാവുങ്കൽ വീട്ടിൽ ശ്രീ.ബിനോയിയുടെ മകൾ ആറുവയസ്സുകാരി ഡെൽനമോളുടെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയും അതിനായുള്ള പണം സ്വരൂപിക്കലും ഒരു നാടിന്റെയും നാട്ടുകാരുടെയും അനേകായിരം സുമനസ്സുകളുടെയും ത്യാഗോജ്വലമായ സഹകരണത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമായി. ഇത്രയും വാർത്ത. ഇനി ഇടുക്കിയുടെ മണ്ണിൽ നിന്നും നേരിട്ടുള്ള അനുഭവസാക്ഷ്യം.

ഒരു കൊച്ചുകുടുംബത്തിന്റെ മേൽ പൊടുന്നനെ പതിച്ച ഒരാഘാതമായിരുന്നു ഡെൽനമോളുടെ പനിയും തുടർന്നു കണ്ടുപിടിക്കപ്പെട്ട കരൾരോഗവും. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രോഗം കണ്ടുപിടിക്കപ്പെടുകയും കുട്ടിയെ വെന്റിലേറ്ററിലാക്കുകയും സ്ഥിതി അത്യന്തം വഷളായതിനെത്തുടർന്ന് കരൾ മാറ്റിവെയ്ക്കുകയുമായിരുന്നു. അതിനായി കരൾ പകുത്തു നല്കിയത് ഡെൽനമോളുടെ അച്ഛൻ തന്നെ. ഡെൽനയുടെ ആറുമാസം പ്രായമുള്ള അനുജനും രോഗിയാണ്‌. വിധിയുടെ ക്രൂരതയിൽ പകച്ചുപോയ ഈ കുടുംബത്തിനു നേർക്ക് നീണ്ടുവന്ന കരുണയുടെ ചില കരങ്ങളെ നമുക്ക് അറിയാൻ ശ്രമിക്കാം.

കഞ്ഞിക്കുഴി പഞ്ചായത്തിൽ കഴിഞ്ഞ രണ്ടുമൂന്നു ദിവസം ജനം ഇളകിമറിയുകയായിരുന്നു. ജാതിമതങ്ങളുടെ വേലിക്കെട്ടുകളില്ലാതെ ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഭേദമില്ലാതെ തന്നാലാവുന്നതു നല്കാൻ നാട്ടുകാർ രംഗത്തിറങ്ങുകയായിരുന്നു. പഞ്ചായത്ത് അധികൃതരും ഡ്രൈവർമാരും തൊഴിലാളികളും ഉദ്യോഗസ്ഥരും സ്വയം സഹായ സംഘങ്ങളും കയ്യയച്ചു സംഭാവൻ ചെയ്യുന്ന കാഴ്ചയാണു പിന്നീടുകണ്ടത്.


സ്ഥലവാസിയായ സഹപ്രവർത്തകൻ രാജേഷ് സാറിന്റെ ഫോൺകോൾ ഞായറാഴ്ച വൈകിട്ടാണ്‌ എനിക്കു കിട്ടുന്നത്. ചികിൽസാധന സഹായം ലഭിക്കാൻ മുഖ്യമന്ത്രിക്കു സമർപ്പിക്കേണ്ടുന്ന റിപ്പോർട്ട് തയ്യാറാക്കി നല്കണം എന്ന ആവശ്യമായിരുന്നു അതിൽ. ഞാൻ തിങ്കളാഴ്ച(ഇന്നലെ) ഓഫീസിലെത്തുമെന്നും താലൂക്ക് ആഫീസിൽ നിന്നുള്ള റിപ്പോർട്ട് കിട്ടിയാലുടനെ തന്നെ റിപ്പോർട്ട് തയ്യാറാക്കി നല്കാമെന്നും ഞാനേറ്റു.

നീണ്ട യാത്രയ്ക്കു ശേഷം തിങ്കളാഴ്ച ഓഫീസിലെത്തിയതു വൈകിയാണ്‌. റിപ്പോർട്ടിന്റെ കാര്യം ഏല്പ്പിച്ച രാജേഷ് സർ വന്നിട്ടില്ല. നേരം വൈകിയും താലൂക്കിൽ നിന്നുള്ള റിപ്പോർട്ട് എത്തിയിട്ടില്ല. മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം വില്ലേജ് ആഫീസിൽ അപേക്ഷ വെച്ച് അവിടെ നിന്നുള്ള റിപ്പോർട്ട് താലൂക്ക് ആഫീസിൽ എത്തിച്ച്, തഹസിൽദാരുടെ ശുപാർശ സഹിതം കളക്ട്രേറ്റിൽ എത്തിപ്പെടാൻ സാധിക്കില്ല എന്നു ഞാനുറച്ചു. എന്നാൽ, അന്നു രാവിലെ ഒൻപതേകാലിന്‌ വില്ലേജ് ആഫീസറെക്കൊണ്ട് റിപ്പോർട്ടെഴുതിച്ച് ശ്രീ.ജോസ് ഊരക്കാട്ടിൽ തൊടുപുഴ താലൂക്ക് ആഫീസിലേക്ക് കുതിച്ചു പാഞ്ഞു. തൊടുപുഴ മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനമായിരുന്നു അന്ന്‌. മൂന്നു മന്ത്രിമാർ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്ന ചടങ്ങിന്റെ തിരക്കിനിടയിലും തഹസിൽദാരുടെ റിപ്പോർട്ടു തരപ്പെടുത്തി ജോസ് ജില്ലാ ആസ്ഥാനത്തേക്ക് വണ്ടി പായിച്ചു, ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന്റെ ബലത്തിൽ.

വഴിക്കണ്ണുമായി നോക്കിയിരുന്ന ഞാൻ ഓഫീസ് വിട്ടേക്കാം എന്ന് കരുതി രാജേഷ് സാറിനെ ഒന്നു കൂടി വിളിച്ചു നോക്കി. അതേസമയത്ത് റിപ്പോർട്ട് കളക്ട്രേറ്റിൽ എത്തിയിരുന്നു. നടപടിക്രമങ്ങളുടെ കെട്ടുപാടുകളൊന്നുമില്ലാതെ മിനിറ്റുകൾക്കുള്ളിൽ റിപ്പോർട്ടു തയ്യാറാക്കി. മേലാഫീസർമാരെല്ലാവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്ന ആ വൈകിയ വേളയിൽ, ഉണ്ടായിരുന്ന ഓഫീസറെക്കൊണ്ട് ഗവ.സെക്രട്ടറിക്കുള്ള കത്ത് ഒപ്പിടുവിച്ച് ദൂതനെ യാത്രയാക്കുമ്പോൾ ബുധനാഴ്ചത്തെ കാബിനറ്റിൽ ധനസഹായത്തിനുള്ള ഉത്തരവു പാസാവുമല്ലോ എന്ന സംതൃപ്തിയായിരുന്നു എന്റെ മനസ്സിൽ.

ജില്ലാ ആസ്ഥാനത്തെ ഒരോഫീസിൽ നിന്നും എല്ലാ ജീവനക്കാരും 500 രൂപ വീതം സംഭാവന നല്കിയപ്പോൾ അതൊരു വലിയ തുകയായി. മുൻപിൻ നോക്കാതെ അപ്പോൾ കയ്യിലുണ്ടായിരുന്നത് അഞ്ഞൂറോ ആയിരമോ എന്നു നോക്കാതെ എടുത്തു നീട്ടിയ സാധാരണക്കാരാണ്‌ സഹായിച്ചവരിൽ അധികം പേരും. കീരിത്തോട് കഞ്ഞിക്കുഴി പ്രദേശങ്ങളിലൂടെ കഴിഞ്ഞ ദിവസം യാത്ര ചെയ്ത സകല വാഹനങ്ങളിൽ നിന്നും ഉദാരമായ സംഭാവനകൾ ലഭിച്ചു എന്നത് നിസ്വാർഥമായ മനുഷ്യസ്നേഹത്തിന്റെ നേർസാക്ഷ്യം തന്നെ. ധനസമാഹരണത്തിനായി ജോലിയും കൂലിയും മാറ്റിവെച്ച് ഇറങ്ങിത്തിരിച്ച നാട്ടുകാർക്കും പറയാൻ കഥകളുണ്ട്. ഒരു ലക്ഷം രൂപ വച്ചു നീട്ടിയ മനുഷ്യസ്നേഹിയായ ആ വ്യവസായിയെ നിങ്ങൾക്കറിയാം. അടിയന്തര ശസ്ത്രക്രിയയ്ക്കായി കെട്ടിവെയ്ക്കാനുള്ള പണത്തിനായി പലവാതിലുകൾ മുട്ടിയലഞ്ഞ പള്ളീലച്ചൻ.

മറുവശത്ത്, ഇങ്ങനെ സഹായം ചോദിച്ച് സ്ഥിരം ആളുകൾ വരുമെന്നതിനാൽ പണമായി ആയിരം രൂപയേ തരാനൊക്കൂ എന്നു പറഞ്ഞു ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്. പക്ഷേ മരുന്നിന്റെ ചെലവ് ഞങ്ങൾ വഹിച്ചോളാം എന്നു പറഞ്ഞപ്പോൾ അതൊരു വലിയ ആശ്വാസമായിത്തോന്നി. മർക്കടമുഷ്ടി അവിടെയും തുടർന്നു- ‘മരുന്ന് ഞങ്ങൾ വാങ്ങിത്തരാം’ എന്നായിരുന്നു വാഗ്ദാനം. ‘മരുന്ന് ആശുപത്രിയിലുണ്ട്, അതിന്റെ പണം അടച്ചാൽ മതി’യെന്ന് അറിയിച്ചപ്പോൾ അവർ തന്നെ വാങ്ങിത്തരുന്ന മരുന്നിനേ അവർ പണം മുടക്കൂ എന്നായി. അതായത് ആശുപത്രിയിൽ മരുന്നു ലഭ്യമാണെന്നിരിക്കേ പുറത്തു നിന്നും മരുന്നു വാങ്ങിത്തരുന്ന നടപ്പില്ലാത്ത ഒരിടപാടാണ്‌ അവരുടേത് എന്നു മനസ്സിലാക്കിയിട്ട് “സർ, അബദ്ധത്തിൽ സഹായം ചോദിച്ചു വന്നതാണ്‌, ബുദ്ധിമുട്ടിച്ചതിൽ സോറി“ എന്നു പറഞ്ഞേച്ച് സ്വർണ്ണം വിറ്റതിന്റെ പകിട്ടുള്ള പണത്തിനു കാക്കാതെ അവർ പോന്നു. മറ്റൊരു ഓഫീസിൽ സഹായധനം സ്വരൂപിക്കാനുള്ള ആശയം ‘അങ്ങനെയൊരു കീഴ്വഴക്കം സൃഷ്ടിക്കേണ്ടതില്ല’ എന്ന നിഷ്ഠൂരമായ അഭിപ്രായത്തോടെ തള്ളപ്പെട്ടു.

ഒരു സാധാരണ അമ്പലക്കമ്മിറ്റി/തിരുരൂപപ്രതിഷ്ഠ/പാർട്ടിപ്പിരിവ് എന്നൊക്കെ തോന്നുന്നവിധം വഴിപ്പിരിവു നടത്തുന്നതു ബോധിക്കാതെ ദേഷ്യത്തോടെ അൻപതു രൂപയെടുത്തു നീട്ടി, ഒരു കാർ യാത്രികൻ. പക്ഷേ, കാര്യമറിഞ്ഞപ്പോൾ ക്ഷമാപണത്തോടെ അയാൾ ആ അൻപതു രൂപ തിരികെ വാങ്ങി. ഉത്തരവാദിത്വപ്പെട്ട ഒരാളുടെ ഫോൺ നമ്പരും വാങ്ങി അയാൾ വണ്ടിയോടിച്ചു പോയി.

വളരെക്കഴിഞ്ഞ് ഒരു ഫോൺകോൾ വരുന്നു."അല്പം പണമയയ്ക്കാൻ വേണ്ടിയാണ്‌; ആ അക്കൗണ്ട് നമ്പരും വിശദാംശങ്ങളും വേണം."

വിവരങ്ങൾ നല്കി. അല്പസമയത്തിനകം അയാൾ വീണ്ടും വിളിച്ചു. "പണം വന്നിട്ടുണ്ടോന്നു നോക്കൂ.."

അക്കൗണ്ടിൽ 25000/- രൂപ വരവുവച്ചിരുന്നു. ഊരും പേരും അറിയാത്ത ആ കാർ യാത്രക്കാരന്റെ നല്ല മനസ്സിന്‌ ഇവിടുത്തെ പ്രാർഥനാനിരതരായ ആയിരങ്ങളുടെ പേരിൽ ഞാൻ നന്ദി പറയുന്നു!

അങ്ങനെ ചെറുതും വലുതുമായി പണം വന്നു, പുത്തൻ മണം മാറാത്ത നോട്ടുകളും വിയർപ്പിൽ കുതിർന്ന് മുഷിഞ്ഞു നാറിയ പണവും. ഇന്ന്, ഉച്ചയോടെ അക്കൗണ്ടിൽ 35 ലക്ഷം രൂപ ആയെന്ന് അറിഞ്ഞു. ഇപ്രകാരം, അനേകരുടെ സന്മനസ്സും പ്രാർഥനയും കൂടെയുള്ളപ്പോൾ ഈശ്വരൻ കനിവു കാട്ടാതിരിക്കുമോ? ഇടുക്കിയുടെ മേൽ മാലാഖമാർക്ക് അനുഗ്രഹം ചൊരിയാതിരിക്കാനാവുമോ? ഈ നാടിന്റെ നന്മ സഫലമാവാതിരിക്കുമോ?

Sunday, September 15, 2013

ഓണം - 2013

വണ്ടർലായിക്കു പോകണം, കുള-
ത്തിരയിൽ നീന്തിത്തിമിർക്കണം, ചെറു-
ടൂറുമൊന്നു നടത്തണം, ഫിലിം
ഫാമിലിയൊത്തു കാണണം.

ലുലുവിലും ഒന്നു കേറണം, പല
നിലയിലൂടെയും നീങ്ങണം, വൃഥാ
വില തിരക്കിയും നോക്കണം, കരം
തലയിൽ വെച്ചിങ്ങു പോരണം.

ടി.വി‘പ്പെട്ടി’ ‘പലക’യാക്കണം, പഴേ
ഫ്രിഡ്ജു മാറ്റിയെടുക്കണം, രഥം
പുതിയതൊന്നിനെ നോക്കണം, പണം
അലകളായിട്ടൊഴുക്കണം.

ജൗളിയാണെന്റെ സോദരാ, ധനം
തിന്നിടും കൊടും രാക്ഷസൻ, തുണി
വാങ്ങുകില്ലെന്നു വെയ്ക്കിലോ, പറ
ഓണമെന്തോന്നൊരോണമാ?

ബീവറേജു കടയിലെ പെരും
നീളമുള്ളോരു ക്യൂവിലും, ക്ഷമാ-
ശീലമോടങ്ങു നില്ക്കണം, മധു
ഗാന്ധിയെ വിറ്റുവാങ്ങണം.

“കനവുകണ്ടങ്ങിരിക്കയോ? ദ്രുതം
സഞ്ചി പേറുകെൻ കശ്മലാ! അരി-
സ്സാധനങ്ങളും കനികളും കട
പൂട്ടിടും മുൻപു വാങ്ങി വാ!”

കയ്യിലെണ്ണിത്തരികിലും, പണം
ഏറ്റിയെമ്മിൽ വരുകിലും, വില-
യേറ്റമേറുന്ന നാളിതിൽ, പെരു-
ത്തോണമുണ്ണുവാൻ വയ്യ സാർ!

Sunday, January 20, 2013

സാമ്പാറിന്റെ ബാക്കി...

സാമ്പാർ എന്താ‍ണ്? ഇവിടെ ക്ലിക്ക് ചെയ്യുക.

മനസ്സിൽ തോന്നിയ അടുക്കില്ലാത്ത ചില അമർഷങ്ങൾ ഇവിടെ കുറിക്കുന്നു. ഒരു സുഹൃത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വന്ന ചർച്ചയുടെ ഫലമായി തോന്നിയത്...

നായ്ക്കുരണപ്പൊടി വിതറിയും കരി ഓയിൽ ഒഴിച്ചും സ്ത്രീകളുടെ ഉടുതുണി വലിച്ചു കീറിയും സ്ത്രീ ജീവനക്കാരെ കേട്ടാലറയ്ക്കുന്ന തെറി പറഞ്ഞും(എന്റെ പ്രദേശത്തുള്ള ഒരോഫീസിൽ ആണിത്, ഡൽഹിയിലെ പെൺകുട്ടിക്ക് സംഭവിച്ച ദുരന്തത്തിൽ ലജ്ജിക്കാൻ ഉദ്ബോധനം ചെയ്യുന്ന ഇടതന്മാരുടെ ഫ്ലക്സ് ബോർഡിൽ നിന്നും ഏതാനും മീറ്റർ അകലെയാണീ തെറിവിളി നടന്നത്) മറ്റും കേവലം രാഷ്ട്രീയലാഭങ്ങൾക്കായി പണിമുടക്കിലേക്കു ജീവനക്കാരെ തള്ളിവിടുകയും പണിമുടക്കിയവരെ കൊഞ്ഞനം കുത്തുന്ന മാതിരി ഒരു ഒത്തുതീർപ്പു ചർച്ചയും നടത്തി പണിമുടക്കും പിൻ‌വലിച്ച് ഇങ്ങു പോന്നു. പങ്കാളിത്ത പെൻഷൻ കൂടാതെ മറ്റു ചില അജൻഡകളും ഉണ്ടാ‍ായിരുന്നു പണിമുടക്കിന്. ഒന്നും മിണ്ടിക്കേട്ടില്ല!! വിജയകരമെന്ന് അവകാശപ്പെട്ട(എല്ലാ സംഘടനകളും യോജിച്ച പ്രക്ഷോഭത്തിൽ ഉറച്ചു നിന്നിരുന്നെങ്കിൽ പണിമുടക്കിന്റെ ലക്ഷ്യം നേടാൻ സാധിക്കുമായിരുന്നു എന്ന് ഏറ്റു പറയുകയും ചെയ്ത) നോട്ടീസിലും അവയെപ്പറ്റി ഒരക്ഷരമില്ല. ചുമ്മാ അങ്ങ് എതിർക്കുക. ഗുണം വരുത്താൻ വേണ്ടി എതിർക്കുന്നത് കണ്ടാൽ അറിഞ്ഞൂടേ.ഇപ്പോ സമരം ചെയ്തവർക്ക് ആ ദിവസത്തെ ശമ്പളം കൂടി ഇല്ലാണ്ടായി. നിക്ഷേപത്തെക്കുറിച്ചൊന്നും ക്രിയാത്മകമായ ഒരു നിർദ്ദേശവും കൊടുത്തില്ല ഇന്നു വരെ(ട്രഷറിയിൽ പൂട്ടി വെച്ചേക്കാൻ പറഞ്ഞത് ആ ഗണത്തിൽ ഞാൻ പെടുത്തുന്നുമില്ല). സംയുക്ത സമര സമിതി ഒത്തു തീർപ്പു ചർച്ചയുടെ വെളിച്ചത്തിൽ ഒരു പത്തു നിർദ്ദേശങ്ങൾ എങ്കിലുമുള്ള ഒരു മെമ്മോറാണ്ടമെങ്കിലും ഗവ.ന് സമർപ്പിച്ചിരുന്നുവെങ്കിൽ ഞാൻ ഈ കമന്റ് ഇവിടെ ഇടില്ലായിരുന്നു. സമരം പൊളിഞ്ഞതോടെ സമരത്തിൽ പങ്കെടുത്ത ജീവനക്കാരോടുള്ള ധാർമ്മിക ഉത്തരവാദിത്വം വരെ സമരസമിതി മറന്നു. പിന്നെ പണിമുടക്കാത്തവരെ കുറ്റപ്പെടുത്താനാണു വ്യഗ്രത. ആര് ഊമ്പിയെന്നു സ്വയം ആലോചിച്ചോളുക.

************

പങ്കാളിത്ത പെൻഷൻ എന്നത് കേരളത്തിൽ മാത്രം സംഭവിക്കുന്ന ഒരു ‘ദുരന്തം’ ഒന്നുമല്ല. രാജ്യവ്യാപകമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റമാണു കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നത്. ഈ പദ്ധതിയിൽനിന്നും പിന്നോട്ടില്ല എന്ന് സംസ്ഥാന ഗവ. ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞിരിക്കുന്നു. കേന്ദ്ര ഗവ. പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങൾക്കു വിധേയമായിട്ടാണ്‌ കേരളത്തിലും പങ്കാളിത്തപെൻഷൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ്‌ പിരിച്ചെടുക്കുന്ന തുക ട്രഷറിയിൽ നിക്ഷേപിക്കണം എന്ന ശുപാർശ കേന്ദ്രത്തിനു മുന്നിൽ സംസ്ഥാന ഗവ. അവതരിപ്പിക്കേണ്ടതായിട്ടു വരുന്നത്. 2004 മുതൽ കേന്ദ്ര ഗവ. ജീവനക്കാർക്ക് നിലവിലുള്ള പെൻഷൻ സമ്പ്രദായം എങ്ങനെയാണെന്ന് ഇപ്പോൾ അവകാശപ്രഖ്യാപനങ്ങളുമായി രംഗത്തെത്തുന്നവർ പരിശോധിക്കുന്നതു നന്നായിരിക്കും. എന്റെ അറിവില്ലായ്മ മൂലമാണോ എന്തോ അന്ന് അവിടെ പരിഷ്കരണം വന്നപ്പോൾ ഈ സമരമോ മുറവിളിയോ ഉണ്ടായതായി കേട്ടിട്ടില്ല. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരായതു കൊണ്ടാണോ ഗവ.ന്റെ(പ്രത്യേകിച്ച് കേന്ദ്രം) സാമ്പത്തിക നയങ്ങൾ എതിർക്കപ്പെടേണ്ടതാണ്‌ എന്നതിനാലാണോ കേരളത്തിൽ മാത്രം ഇതൊരു വലിയ ചർച്ചയാവുകയും സഹ്യനപ്പുറത്തേക്ക് ഇതിനെപ്പറ്റി ആരെങ്കിലും മിണ്ടുന്നത് വാർത്തയാകാതിരിക്കുക്കയും ചെയ്യുന്നു. എത്ര തന്നെ മുറവിളി കൂട്ടിയാലും ഇന്ത്യാമഹാരാജ്യത്ത് കേരളത്തിനു മാത്രമായി വേറിട്ട ഒരു പെൻഷൻ സമ്പ്രദായം നിലനിർത്തിക്കൊണ്ടുപോകാൻ സാധിക്കുകയില്ല എന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം.

സംഘടിതരും വിദ്യ നേടിയവരുമായ രാഷ്ട്രീയ ബോധമുള്ള ഒരു വിഭാഗമാണ്‌ ഗവ. ജീവനക്കാർ; മാത്രവുമല്ല മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വലിയൊരളവിൽ താങ്ങി നിർത്താൻ സർവീസ് സംഘടനാ പ്രസ്ഥാനങ്ങൾക്കു കഴിയുന്നുമുണ്ട്. ആകയാൽ രാഷ്ട്രീയമായ വിരുദ്ധാഭിപ്രായങ്ങളും വാശികളും പാർലമെന്റിൽ നിന്നും നിയമസഭയിൽ നിന്നും ഇങ്ങ് വില്ലേജാഫീസിലെ ക്ലാർക്കിന്റെ മേശപ്പുറം വരെ എത്തുന്നുണ്ട്. സ്റ്റാറ്റ്യൂട്ടറി പെൻഷനെ സംരക്ഷിക്കണമെന്നു ശഠിക്കുന്നവർ ആരും തന്നെ ‘ഞങ്ങൾക്കിനി ഭരണം കിട്ടുന്ന നേരത്ത് ഈ പങ്കാളിത്ത പെൻഷൻ സമ്പ്രദായത്തെ റദ്ദ് ചെയ്ത് പരമ്പരാഗതപെൻഷനെ പുനഃസ്ഥാപിക്കും’ എന്ന ഒരു ആശ കൊടുക്കാൻ പോലും ശ്രമിച്ചിട്ടില്ല. എന്റെ ലേഖനത്തിലെ ഒരു കാര്യം ഞാൻ വീണ്ടുമവതരിപ്പിക്കുന്നു, ഇതിന്റെ പത്തിലൊന്നു നിയമക്കുരുക്കില്ലാഞ്ഞ 2002-ലെ സമരത്തിന്റെ തിക്തഫലം - ഡയസ്നോൺ മൂലം നഷ്ടമായ ഒരു മാസത്തെയധികം ശമ്പളം ജീവനക്കാർക്കു തിരിച്ചു കൊടുക്കാൻ - അധികാരം കിട്ടിയ നേരത്ത് ഈ 'മുള്ള്' എടുക്കാതിരുന്നവർ പങ്കാളിത്ത പെൻഷൻ എന്ന 'വെടിയുണ്ട' നീക്കം ചെയ്യാൻ ശ്രമിക്കില്ല. ശ്രമിക്കുമെന്നു പറഞ്ഞാലും അതൊരു തമാശയായിട്ടേ ജനം/ജീവനക്കാർ കരുതൂ. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ബില്ലുകൾ വോട്ടിനിട്ടു പാസാക്കുന്ന നാട്ടിൽ പങ്കാളിത്ത പെൻഷനെ റദ്ദു ചെയ്യാൻ അപ്രകാരം വല്ല വഴികളുമുണ്ടോ എന്ന് ഇന്നത്തെ പ്രതിപക്ഷം ഒന്നാലോചിച്ചു വെയ്ക്കുന്നതു നന്ന്.

************

ഇന്നത്തെ നിലയിൽ പങ്കാളിത്ത പെൻഷൻ ബാധകമല്ലാത്ത ജീവനക്കാരനാണു ഞാൻ. ഇനിയൊരു നാൾ എനിക്കും പങ്കാളിത്ത പെൻഷൻ ബാധകമായേക്കാം എന്ന ഉത്തമബോധ്യത്തോടെയാണ്‌ ഇതു കുറിക്കുന്നതും. പങ്കാളിത്ത പെൻഷൻ രണ്ടുതരം ജീവനക്കാരെ സൃഷ്ടിക്കും എന്നതൊക്കെ മാനസികമായ ആധിപത്യം നേടാനുള്ള, ജീവനക്കാരുടെ കോമ്പ്ലക്സിനെ ചൂഷണം ചെയ്യാനുള്ള വാചകക്കസർത്താണ്‌. ഒരേ ജോലിക്ക രണ്ടുതരം ശമ്പളവിന്യാസം ഉണ്ടാകും എന്നതാണു ശരിയായ കാര്യം. സിവിൽ സർവീസ് തകരും എന്നത് മറ്റൊരു പ്രചാരണം. സിവിൽ സർവ്വീസിലേക്ക് ആളുകൾ സ്വയം കടന്നു വരുന്നതാണ്‌, പങ്കാളിത്ത പെൻഷൻ പദ്ധതി വന്നു എന്നതുകൊണ്ട് ‘എന്നാലെനിക്കിനി സർക്കർ ജോലി വേണ്ട’ എന്ന് കേരളത്തിലെ ലക്ഷക്കണക്കിന്‌ ഗവ.ഉദ്യോഗാർത്ഥികൾ ചിന്തിച്ച് പിന്മാറിക്കളയും എന്ന് കരുതാൻ വയ്യ. ഒരു നീരസം വരും, പക്ഷേ ആത്യന്തികമായി സർവ്വീസ് മേഖലയെ ഇല്ലായ്മ ചെയ്യും എന്നതൊക്കെ ഊതിപ്പെരുപ്പിച്ച വാചകങ്ങളാണ്‌. പങ്കാളിത്ത പെൻഷൻ പോയിട്ട് യാതൊരു സെക്യൂരിറ്റിയുമില്ലാത്ത ഗ്ലാമറസ് തൊഴിലുകളിൽ ലക്ഷക്കണക്കിനാളുകൾ പണിയെടുക്കുന്ന അസംഘടിത മേഖലകളുണ്ട്. അത്തരം രംഗങ്ങളിലേക്ക് ആളുകൾ താല്പര്യപൂർവ്വം ചെല്ലുന്നുണ്ട്, ഇനിയും ചെല്ലുക തന്നെ ചെയ്യും. സർക്കാർ ജോലിയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമാകില്ല. എന്നിരുന്നാലും, ഇനിയൊരു കാലത്ത് പെൻഷൻ തന്നെ ഇല്ലാതായേക്കാം. ഇന്നു ഗവ. ജീവനക്കാർ അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളും ആനുകൂല്യങ്ങളും പലതും അഞ്ചോ പത്തോ വർഷങ്ങൾ കഴിഞ്ഞാൽ കേട്ടുകേൾവി മാത്രമായേക്കാം. കാരണം നാടിന്റെ റവന്യൂ വരുമാനത്തിന്റെ നല്ലൊരുപങ്കും ശമ്പളം-ആനുകൂല്യങ്ങൾ-പെൻഷൻ-ഫാമിലി പെൻഷൻ ഇനങ്ങളിലേക്ക് വഴിതിരിഞ്ഞു പോകുന്നത് ഒരു പക്ഷേ നാളെയുടെ സാമ്പത്തിക ശാസ്ത്രത്തിൽ ഹിതകരമല്ലാത്ത ചെലവായി ഗണിക്കപ്പെടാം. പഴയ കാലത്തെ സൌജന്യങ്ങൾ ഒന്നൊന്നായി ഇല്ലാതാകുന്ന കാലത്ത് ആനുപാതികമായ മാറ്റങ്ങൾ എല്ലാ മേഖലകളിലും ഉണ്ടാകും, ഉണ്ടാകണം. കണ്ണുമടച്ചുള്ള ഓഫറുകൾ ഗവണ്മെന്റിന് കല്പാന്തകാലത്തോളം തുടർന്നുകൊണ്ടു പോകാൻ സാധിക്കില്ല. ഇതു തുടങ്ങി വെയ്ക്കാൻ ഇപ്പോഴുള്ളവർ കാണിച്ച ധൈര്യം ഇതു വേണ്ടാ എന്നു പറയുന്നവർക്കുണ്ടെങ്കിൽ, ഇനി അധികാരം കിട്ടുന്ന നേരത്ത് ഡീസൽ, പാചകാവതകം, റേഷൻ തുടങ്ങിയ സമസ്തമേഖലകളിലെയും സബ്‌സിഡി സോദാരം പുനഃസ്ഥാപിക്കണം. ഇന്ധനനിയന്ത്രണത്തിലുള്ള പെട്രോളിയം കമ്പനികളുടെ അധികാരം ഗവണ്മെന്റ് തിരിച്ചെടുക്കണം. വാ കൊണ്ട് പറയുന്ന പരുവത്തിൽ ‘വിലക്കയറ്റം പിടിച്ചു നിർത്തണം’. ചെയ്യുമോ? ഏഹേ! ഇവയെ ജനദ്രോഹനയങ്ങളെന്നു മുദ്രകുത്തി എതിർക്കുന്നവർ കാലാകാലം പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങൾ റദ്ദു ചെയ്യാതെ ഭരണം മാറുമ്പോൾ അവയോരോന്നിന്റെയും ഗുണഫലം സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണ് ചെയ്തിട്ടുള്ളത്. പ്രതിപക്ഷത്തിരുന്ന് എതിർക്കുക, ഭരിക്കുമ്പോൾ അങ്ങെടുക്കുക!

************

എതിർക്കാനുള്ള വിഭാഗമാണു പ്രതിപക്ഷം എന്നത് അന്വർഥമാക്കിക്കൊണ്ട് പങ്കാളിത്ത പെൻഷനെ സോദാഹരണം കീറിമുറിച്ച് ദൂഷ്യങ്ങൾ മനസ്സിലാക്കിത്തരാൻ മൽസരിച്ചു പലരും. എന്നാൽ, ഇനി പിന്നോട്ടില്ല എന്ന ധാരണ വന്നതോടെ നേതൃത്വം പത്തി മടക്കി. ഞങ്ങൾ സാധാരണക്കാരായ ജീവനക്കാർ ഇതിന്റെ കണക്കുകളും വരും വരായ്കകളും ഇപ്പോഴും പറഞ്ഞോണ്ട് നടപ്പുണ്ടെന്ന് രാവിലെ സഭയിൽ ചെന്നിരുന്ന് ഉറങ്ങുകയും മൈക്കിനു മുന്നിൽ ഞങ്ങൾ ജീവനക്കാരുടെ അവകാശങ്ങൾ പിടിച്ചു വാങ്ങാൻ വന്ന മാലാഖമാരാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നവർ അറിയുന്നില്ല. കാരണം, സമരവും പ്രക്ഷോഭവും പ്രസംഗവും കഴിഞ്ഞാൽ അവരെയിതൊന്നും ഏശുന്നതേയില്ല എന്നതു തന്നെ.

************

എനിക്കിതു കൂടി കാണണം, ജീവനക്കാരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടും എന്നു പറഞ്ഞ് പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നു പറഞ്ഞ് സമരകാഹളം മുഴക്കിയവർ ഒത്തുതീർപ്പു ചർച്ചയിൽ നിന്നു മുദ്രാവാക്യവും മുഴക്കി പുറത്തു പോന്ന ശേഷം എന്തു ചെയ്തു എന്ന്. മൗനമായി പങ്കാളിത്ത പെൻഷനെ അംഗീകരിച്ചിട്ട്, ഇനി ആ മൗനം തുടരുമോ എന്ന്. സമരത്തിനു ശേഷം പുറത്തിറക്കിയ നോട്ടീസിൽ, സമരാഹ്വാനം ചെയ്ത് നാടൊട്ടുക്കു പ്രദർശിപ്പിച്ച ഫ്ലക്സ് ബോർഡുകളിലെ രണ്ടാമത്തെയും മൂന്നാമത്തെയും ഇനങ്ങളെപ്പറ്റി ഒരു വാക്കുപോലും ഇല്ലാതിരുന്നതെന്തേ? (അതൊന്നും ചർച്ചയ്ക്കു വന്നില്ലായിരിക്കാം! സമരം ചെയ്യാൻ ഒന്നു രണ്ടു ചില്ലറ കാരണങ്ങൾ കൂടി വേണ്ടിയിരുന്നു എന്നു കണ്ടാൽ മതി!!) പ്രക്ഷോഭത്തിനും പണിമുടക്കിനും മനഃപൂർവ്വം കാരണങ്ങൾ കണ്ടെത്തി, ബലമായി ജീവനക്കാരെ സമരത്തിലേക്കും സാമ്പ്ത്തിക-സർവ്വീസ് നഷ്ടങ്ങളിലേക്കും ഉന്തിവിട്ട് അവസാനം കാമ്പില്ലാത്ത ചില ഒത്തു തീർപ്പുകൾക്കും വഴങ്ങി ഇറങ്ങിത്തിരിക്കുമ്പോൾ ഇതിനു പിന്നിലെ പൊള്ളത്തരങ്ങൾ ആരും തിരിച്ചറിയില്ല എന്നാണോ കരുതുന്നത്? സമരം പൊളിഞ്ഞതിനു പണിമുടക്കാത്ത ജീവനക്കാരെ കുറ്റപ്പെടുത്തുകയും ചെയ്തപ്പോൾ ‘സർവീസ് മേഖലയുടെ കാവല്പ്പട’യുടെ ഉത്തരവാദിത്വം പൂർത്തിയാകുകയും ചെയ്തു. നാളെയിലെ ഉദ്യോഗസ്ഥരോടുള്ള കരുതലാണത്രേ!

ആ പണിമുടക്കു തീർന്നിട്ട് ഒരാഴ്ചയാകുന്നു. കേവലം തെരുവു പ്രസംഗങ്ങളിലല്ലാതെ സാമ്പത്തികവിശാരദന്മാർക്കു പഞ്ഞമില്ലാത്ത ബുദ്ധിജീവി പ്രസ്ഥാനത്തിനോ സമര സമിതിക്കോ ഇന്നു വരെ, അവർ തല കുനിച്ചു കൊടുത്ത പങ്കാളിത്ത പെൻഷൻ പദ്ധതിയിലൂടെ തന്നെ അവർ സംരക്ഷിക്കുന്നു എന്നവകാശപ്പെടുന്ന സർവ്വീസ് മേഖലയ്ക്ക് പരമാവധി ഗുണം ചെയ്യുന്ന ക്രിയാത്മകമായ ഒരു നിർദ്ദേശമെങ്കിലും മുന്നോട്ടുവെയ്ക്കാൻ കഴിഞ്ഞോ? ഇല്ല. ഓഹരിമേഖലയ്ക്കുണ്ടാകാവുന്ന അപചയത്തിന്റെ പേരിൽ ആ നിക്ഷേപരീതിയെ എതിർക്കുന്നവരേ, പൊതു മേഖലയ്ക്കായി ശക്തിയുക്തം വാദിക്കുന്ന സോഷ്യലിസ്റ്റുകളേ, നിക്ഷേപം പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരികളിൽ നിക്ഷേപിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ അംഗീകരിക്കുമോ? ഇല്ല. പൊതുമേഖലയാണെങ്കിലും അതു രക്ഷപ്പെടുന്ന മേഖലയല്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് രാഷ്ട്രീയക്കാർക്കുതന്നെയാണ്‌. ആ തുക പൊതു വിനിയോഗത്തിനെടുത്താലോ? തന്റെ കാശെടുത്ത് റോഡു പണിയാനും തൊഴിലുറപ്പു നടത്താനും പാലം കെട്ടാനും അഴിമതി നടത്താനും ചെലവാക്കാൻ പാടില്ല എന്ന് എല്ലാവരും ചിന്തിക്കും. ഒരിടത്തും നിക്ഷേപിക്കാതെ കൂട്ടി വെച്ചാലോ ഒരു പ്രയോജനവുമില്ലതാനും. കുറ്റം പറയാനും ദോഷം കാട്ടിക്കൊടുക്കാനുമാണല്ലോ ഏറ്റവുമെളുപ്പം.

************

ജനാധിപത്യത്തിന്റെ തണലിൽ നിന്നുകൊണ്ട് വകയുള്ളവൻ പോലും എടുത്ത ലോണിന്റെ പലിശ ഇളവിന്‌ ഗവ.ന്റെ ഔദാര്യത്തിനു ഓച്ഛാനിച്ചു നില്ക്കുമ്പോൾ, എല്ലാം സർക്കാർ എനിക്കിങ്ങോട്ട് ഒലത്തിത്തരണം(ഉറങ്ങാൻ കൂരയും റേഷൻ വാങ്ങാൻ പോലും വരുമാനവും ഇല്ലാത്തവരുടെ കാര്യമല്ല പറയുന്നത്) എന്ന് വാശി പിടിക്കുന്നവർ പെരുകുന്നിടത്ത് അവകാശങ്ങളും ഔദാര്യങ്ങളും തമ്മിൽ വെല്യ ഭേദമൊന്നും ഇല്ല. ആ മനഃശാസ്ത്രത്തിനപ്പുറം, മേല്പ്പറഞ്ഞ രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കുന്നവർക്ക് ഡീസൽ സബ്സിഡി പിൻവലിക്കലും പങ്കാളിത്ത പെൻഷൻ ആരംഭവും ഒക്കെ ഒരേ ചരടിലെ മുത്തുകൾ മാത്രമാണ്‌. ബന്ദുകൾ നിർത്തിച്ചപ്പോൾ ഹർത്താലാക്കി, പിന്നേം മുടക്കി മുടക്കി മുടിപ്പിച്ച് ഇവിടെ എന്തെല്ലാം നേടിയെടുത്തു? ബ്രിട്ടീഷുകാർ ഭരിച്ചപ്പോൾ മുടക്കിയാൽ നഷ്ടം ബ്രിട്ടീഷ് സാമ്രാജ്യത്തിനായിരുന്നു. ജനാധിപത്യ ഇന്ത്യയിൽ മുടക്കങ്ങൾ മുടക്കുന്നത് സ്വന്തം പ്രയാണത്തെയാണെന്നു പറഞ്ഞുകൊടുക്കാൻ ഒരു സൈദ്ധാന്തികനും ഇല്ലതാനും.

Tuesday, January 15, 2013

എന്തിനോ വേണ്ടി തിളച്ച സാമ്പാർ

മരങ്ങളും പണിമുടക്കുകളും അന്യമായ നാടല്ല കേരളം. ഇക്കഴിഞ്ഞ ആഴ്ചയിൽ സംസ്ഥാന ഗവണ്മെന്റ് ജീവനക്കാരും അദ്ധ്യാപകരും ആരംഭിച്ച സംസ്ഥാന വ്യാപകമായ ഒരു അനിശ്ചിതകാല പണിമുടക്കിന്‌ കഴിഞ്ഞ ദിവസം അറുതിയായി. ഈ അവസരത്തിൽ ജനുവരി എട്ടുമുതൽ കേരളം സാക്ഷ്യം വഹിച്ച ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്കിന്റെ വെളിച്ചത്തിൽ ചില കാര്യങ്ങളെ ഞാൻ കണ്ടുകൊള്ളട്ടെ.

അനിശ്ചിതകാല പണിമുടക്കിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പരമപ്രധാനമായത് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക; സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിലനിർത്തുക എന്നതായിരുന്നു. പെട്ടെന്നു മനസ്സിലാക്കാനായി, പങ്കാളിത്ത പെൻഷൻ എന്നാൽ ഓരോ ജീവനക്കാരന്റെയും പ്രതിമാസ ശമ്പളത്തിൽ നിന്നും ഒരു വിഹിതം സർക്കാർ തിരിച്ചുപിടിച്ച് അതിന്റെ കൂടി വിനിയോഗ ഫലമായി റിട്ടയർമെന്റിനു ശേഷം ആ ജീവനക്കാരനു പെൻഷൻ നല്കുക എന്നതാണ്‌. സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംവിധാനത്തിൽ റിട്ടയറായ ജീവനക്കാരനു പെൻഷൻ നല്കുക എന്നത് സർക്കാരിന്റെ മാത്രം ബാധ്യതയാവുന്നു; അതായത് ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നും വിഹിതം പറ്റിക്കൊണ്ടല്ല പെൻഷനുള്ള വക സർക്കാർ കണ്ടെത്തുന്നത്. ചുരുക്കത്തിൽ പങ്കാളിത്ത പെൻഷൻ ബാധകമാവുന്ന ജീവനക്കാരന്‌ പ്രതിമാസശമ്പളത്തിൽ പത്തിലൊന്നു ഭാഗം കുറവു വരും.

എൻ.ജി.ഓ. അസോസിയേഷൻ തുടങ്ങിയ വലതുപക്ഷ സർവീസ് സംഘടനകൾ മുന്നേ തന്നെ തങ്ങൾ സമരത്തിനില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഡയസ്‌നോൺ തുടങ്ങിയ പ്രതിരോധനടപടികൾസർക്കാർ പ്രഖ്യാപിക്കുകയും അവധി അനുവദിക്കുന്നതിന്‌ കർശനമായ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. സമരത്തിന്റെ ആദ്യ ദിനം മുതൽ വിവിധ പത്ര മാധ്യമങ്ങൾ ആഫീസ് തലത്തിലുള്ള ഹാജർ നില പ്രാധാന്യത്തോടെ തന്നെ റിപ്പോർട്ട് ചെയ്തുകൊണ്ട് സമരത്തിന്റെ യഥാർഥ ചിത്രം ജങ്ങളിലേക്കെത്തിക്കുകയും ചെയ്തു.

അതേസമയം, ഇടതുപക്ഷ അനുകൂല സംഘടനകൾ പൊതുവായി ശക്തമായ നിലപാടുകളും മുദ്രാവാക്യങ്ങളുമായി സമരമുഖത്തു പ്രത്യക്ഷപ്പെട്ടു. പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഒറ്റപ്പെടുത്താനും അത്തരക്കാർ ജോലിക്കെത്തുന്നതു തടയാനും ചിലയിടങ്ങളിൽ കായികമായി ആക്രമിക്കാനും വരെ ശ്രമങ്ങളുണ്ടായി. ഇത്തരം സംഘർഷങ്ങൾ തെരുവിലേക്കു വ്യാപിക്കുകയും ഡി.വൈ.എഫ്.ഐ.യും എസ്.എഫ്.ഐ.യും പരസ്യമായിത്തന്നെ ജീവനക്കാരുടെ സമരത്തിനു പിന്തുണ നല്കുകയും ചെയ്തു.

എന്നാൽ, ദിനംപ്രതി ആഫീസുകളിലെ ഹാജർ നില കൂടി വരികയും പണിമുടക്കു നടത്തുന്ന സംഘടനകളിലെ തന്നെ ജീവനക്കാർ ഒളിഞ്ഞും തെളിഞ്ഞും ജോലിക്കു ഹാജരാകുകയും ചെയ്തുകൊണ്ടിരുന്നു. സമരം ചെയ്യുന്നവർക്കെതിരേ സ്വീകരിക്കുന്ന നടപടികളിൽ യാതൊരിളവും ഉണ്ടാവില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചുനില്ക്കുകയും ചെയ്തതോടെ 2012 ആഗസ്റ്റ് 8-ആം തീയതിയിലെ സർക്കാർ ഉത്തരവിലൂടെ നടപ്പാകുമെന്ന്‌ ഉറപ്പായിക്കഴിഞ്ഞ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്നും പിന്നോട്ടില്ല എന്നത് അരക്കിട്ടുറപ്പിക്കപ്പെട്ടു.

പിന്നെക്കണ്ടത് സമരത്തിന്‌ ഒരു തീർപ്പു കണ്ടെത്താനുള്ള വ്യഗ്രതയോടെയുള്ള ശ്രമങ്ങളായിരുന്നു. ജനുവരി 13-ആം തീയതി ഞായറാഴ്ച എങ്ങനെയും ഒരു ഒത്തുതീർപ്പ് ഉണ്ടാകേണ്ടത് അനിവാര്യമായി എന്നു വേണം കരുതാൻ. അതിനുള്ള ശ്രമങ്ങൾ പുരോഗമിക്കേതന്നെ ജനു. 11ന്‌ വെള്ളിയാഴ്ച ആഫീസുകളിലെ ഹാജർ നില മികച്ച രീതിയിൽ ഉയർന്നു. അതിനൊരു പ്രധാന കാരണം, അന്നേ ദിവസം പണിമുടക്കിയാൽ തുടർന്നു വരുന്ന രണ്ടാം ശനി, ഞായർ, തിങ്കളാഴ്ച പൊങ്കൽ പ്രമാണിച്ചുള്ള പ്രദേശിക അവധി എന്നിങ്ങനെ മൂന്നു ദിവസത്തെ കൂടി ശമ്പളം നഷ്ടപ്പെടുമെന്ന ലളിതമായ സാമ്പത്തിക വശം മാത്രമാണ്‌. ഫലിതം അതല്ല, ഇടതു മാധ്യമങ്ങൾ ‘ഭൂരിഭാഗം ജീവനക്കാരും പങ്കെടുത്ത് പരിപൂർണ്ണ വിജയമാക്കിയ പണിമുടക്ക്’ എന്നൊക്കെ സമരത്തെ വിശേഷിപ്പിക്കുന്നുണ്ടായിരുന്നു. ഹാജർ നിലയുടെ കണക്ക് കെട്ടിച്ചമച്ചതാണെന്ന്‌ ഒരുളുപ്പുമില്ലാതെ തട്ടി വിടുന്നുമുണ്ടായിരുന്നു. ഹാജർ നിലയിൽ സർക്കാർ കള്ളത്തരം കാണിച്ചിട്ടുണ്ടോ എന്ന് പണിമുടക്കിയവർക്ക് ഇനിയാണെങ്കിലും വിവരാവകാശ നിയമപ്രകാരം പരിശോധിക്കാമല്ലോ. അതേ സമയം, യാഥാർഥ്യ ബോധമുള്ള മാധ്യമങ്ങളിലെല്ലാം പണിമുടക്കിനെക്കുറിച്ചുള്ള പരാമർശം തന്നെ 'ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്ക്' എന്നായിരുന്നു.

പങ്കാളിത്ത പെൻഷൻ പദ്ധതി ഉറപ്പായിക്കഴിഞ്ഞ സാഹചര്യത്തിൽ അതിൽ ഒതുങ്ങി നിന്നുകൊണ്ടു തന്നെ ജീവനക്കാർക്ക് പറ്റുന്നത്ര ആനുകൂല്യങ്ങൾ നിലനിർത്താൻ കൂട്ടായ ശ്രമങ്ങൾ ഉണ്ടായിരുന്നതാണ്‌. മിനിമം പെൻഷൻ ഉറപ്പാക്കും എന്ന് സമരം ആരംഭിക്കുന്നതിനു മുൻപേ വ്യക്തമാക്കിയിരുന്നു. എന്നിട്ടും പങ്കാളിത്ത പെൻഷൻ പിൻവലിപ്പിക്കും എന്ന ‘നടക്കാത്ത ഒരു സ്വപ്ന’ത്തിനായിട്ടാണ്‌ ജീവനക്കാരെ സമരമുഖത്തേക്ക് ഇടതു സംഘടനകൾ തള്ളിവിട്ടത്. കാര്യങ്ങൾ ഇങ്ങനെ പോകെ, ദിനം പ്രതി ഹാജർ നില കൂടി വന്നതും സർക്കാരിന്റെ കർശനമായ അച്ചടക്ക നടപടികളും സമരത്തെ ദുർബ്ബലമാക്കി. അതോടൊപ്പം സോഷ്യൽ മീഡിയയിൽ തൊഴിൽ രഹിതരുടെയും യുവാക്കളുടെയും സർക്കാരിതര മേഖലകളിലെ ജീവനക്കാരുടെയും വികാരം സമരത്തിനെതിരേ തിരിഞ്ഞതും വിസ്മരിക്കാനാവില്ല. ‘തിന്ന് എല്ലിനിടയിൽ കയറിയതിന്റെ അഹങ്കാരത്തിൽ കാട്ടിക്കൂട്ടുന്നത്’ എന്നാണ്‌ ഫേസ്‌ബുക്കിൽ സമരത്തെക്കുറിച്ച് വന്ന ഒരുകമന്റ്. ‘ഇപ്പോഴുള്ളതിന്റെ പാതി ശമ്പളവും ആനുകൂല്യങ്ങളും മതി, ഇവർക്കു പകരം ഞങ്ങൾ ജോലി ചെയ്യാം’ എന്നു വരെ പ്രഖ്യാപിച്ചുകൊണ്ട് ഓൺലൈൻ ജനത മുന്നോട്ടുവന്നു. സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ തയ്യാറെടുപ്പുകളും നടത്തിപ്പും സമരാനുകൂലികളായ അദ്ധ്യാപകരുടെ നിലപാടുമൂലം താളം തെറ്റുമെന്നായപ്പോൾ സമരം തികച്ചും ജനവിരുദ്ധമായി. എസ്.എസ്.എൽ.സി. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിലെ വികസനപദ്ധതികളുടെ പ്രവൃത്തികളും പുരോഗമിക്കവേ സമരം വന്നത് ബന്ധപ്പെട്ട മേഖലകളിൽ നിന്ന് എതിർപ്പ് ഉയരുന്നതിനു കാരണമായി. ചുരുക്കത്തിൽ അനുകൂലവികാരം ഉണ്ടാവുന്നതിനു പകരം പൊതുജനങ്ങളുടെ എതിർപ്പ് വാങ്ങിയെന്നതാണ്‌ സമരം ഉണ്ടാക്കിയ നേട്ടം.

ഒത്തുതീർപ്പുചർച്ചയ്ക്കുള്ള സാദ്ധ്യതകൾ സൂര്യനെപ്പോലെ ജ്വലിക്കുകയായി പിന്നീട്. സമരാനുകൂലികളെ ചർച്ചയ്ക്കു വിളിച്ച് ഇനിയും അപഹാസ്യനാകാൻ വയ്യ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. സമരക്കാർ ഒടുക്കം പണിമുടക്ക് ഏകപക്ഷീയമായി പിൻ‌വലിക്കുമോ എന്ന സംശയമേകി. ചർച്ചയ്ക്ക് അവസരമുണ്ട് എന്ന് സമയം പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി വാതിൽ തുറന്നിട്ടു. മുൻപേ പ്രതിരോധത്തിലായിരുന്ന സമരസമിതി നേതാക്കൾക്ക് ആ അവസരം വിനിയോഗിക്കാതെ തരമുണ്ടായിരുന്നില്ല.

ഒടുക്കം ഏറെക്കുറെ അപ്രായോഗികമോ യാതൊരു പുതുമയും ഇല്ലാത്തതോ ആയ ചില വ്യവസ്ഥകൾക്കു സമ്മതിച്ച് അനിശ്ചിതകാല പണിമുടക്ക് നിർത്തിവെച്ചതായി പ്രഖ്യാപിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കപ്പെട്ടില്ല. ഒത്തുതീർപ്പു ചർച്ചയിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയെ സമരസമിതി നേതാക്കൾക്ക് അംഗീകരിക്കേണ്ടതായിത്തന്നെ വന്നു. നിലവിലുള്ള ജീവനക്കാരെ പങ്കാളിത്ത പെൻഷൻ പദ്ധതി ഒരുതരത്തിലും ബാധിക്കില്ലെന്ന ഉത്തരവു വേണമെന്ന ആവശ്യം മുഖ്യമാന്ത്രി അംഗീകരിച്ചു. അതിൽ പുതുതായൊന്നും അംഗീകരിക്കാനില്ല തന്നെ. 2013 മാർച്ച് 31 നു ശേഷം സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാർക്കു മാത്രമേ ഇതു ബാധകമാവൂ എന്നത് വ്യക്തമാണല്ലോ.

മിനിമം പെൻഷൻ ഉറപ്പാക്കും എന്ന്‌ കൊട്ടിഘോഷിക്കുന്നത് പണ്ടും പറഞ്ഞിട്ടുള്ളതാണെന്നതിനു പുറമേ നിലവിലെ ഇ.പി.എഫ്. പെൻഷൻ തുക എന്നത് വളരെ കുറഞ്ഞ ഒരു തുക ആണെന്നതിനാൽ അത്ര കാര്യമായ നേട്ടമായി അവതരിപ്പിക്കാവുന്നതല്ല. പെൻഷൻ ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കുമെന്ന ആവശ്യം കേന്ദ്രത്തിൽ ഉന്നയിക്കുമെന്ന ഉറപ്പാണു സർക്കാർ നല്കിയിട്ടുള്ളത്. നിക്ഷേപിക്കും എന്നു തീർത്തു പറഞ്ഞിട്ടില്ല എന്നതു കൂടാതെ, ഈ നിർദ്ദേശം അംഗീകരിക്കാൻ സാധ്യത തുലോം കുറവാണെന്നു പെട്ടെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ സ്വീകരിച്ച ശിക്ഷാനടപടികൾ പിൻവലിക്കുമെന്ന് സമരസമിതി അവകാശപ്പെടുമ്പോൾ സമരദിവസങ്ങളോട് ചേർന്നു വന്ന അവധി ദിനങ്ങളിലും ഡയസ്‌നോൺ ബാധകമായിരിക്കും, അതു പിൻവലിക്കില്ല എന്നു ധനമന്ത്രി പറഞ്ഞുകഴിഞ്ഞു. ഐതിഹാസികമെന്നും തങ്കലിപികളിൽ എഴുതപ്പെട്ടതെന്നും വിശേഷിപ്പിക്കപ്പെട്ട 2002-ലെ പണിമുടക്കിൽ 32 ദിവസത്തെ ശമ്പളം ഭൂരിഭാഗം ജീവനക്കാർക്കും ഡയസ്‌നോണിലൂടെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് അധികാരം തിരികെ കിട്ടിയപ്പോൾ ആ ഡയസ്നോൺ റദ്ദാക്കാൻ കഴിയാതിരുന്ന ഇടതന്മാർക്ക് ഇപ്പറഞ്ഞിടത്തു നാവു പൊന്തില്ല എന്നുറപ്പ്. അഞ്ചു വർഷത്തിൽ ഒരിക്കൽ ശമ്പള പരിഷ്കരണം ഉറപ്പാക്കാനായതും എൽ.ടി.സി. അനുവദിച്ചതും ഈ അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി നടന്ന ചർച്ചയിലൂടെയാണ്‌ എന്നിപ്പോൾ പറയുന്നതു മുൻതീരുമാനങ്ങളെ പണിമുടക്കിന്റെ അനന്തരഫലമായി ചിത്രീകരിക്കാനുള്ള നാണംകെട്ട രാഷ്ട്രീയനീക്കം മാത്രമാണ്‌.

അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി 14/01/2013-ൽ പുറത്തിറക്കിയ നോട്ടീസിൽ പറയുന്ന ഒരേയൊരു വാചകം മതി- ‘2002-ലെതുപോലെ എല്ലാ സംഘടനകളും യോജിച്ച പ്രക്ഷോഭത്തിൽ ഉറച്ചു നിന്നിരുന്നെങ്കിൽ സിവിൽസർവ്വീസിന്റെ ഹൃദയമായ പെൻഷൻ സംരക്ഷിക്കുവാൻ സാധിക്കുമായിരുന്നു’ - സമര പങ്കാളിത്തം കുറവായിരുന്നു എന്ന ഏറ്റുപറച്ചിലും സമരലക്ഷ്യം നേടാനാവാത്തതിന്റെ ഭാരം പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരുടെ മേൽ കെട്ടിവെയ്ക്കാനുള്ള ശ്രമവും ഇതിൽ വ്യക്തമായി കാണാം. ഒപ്പം, ഭാവിയിൽ പങ്കാളിത്ത പെൻഷൻ പ്രാവർത്തികമാവുമ്പോൾ 2013-ൽ പണിമുടക്കിൽ പങ്കെടുക്കാതെ സമരം പരാജയപ്പെടുത്തിയവരെയും ഇതു കൊണ്ടുവന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും പഴിപറഞ്ഞ് തലയൂരുകയും ചെയ്യാം(ഈ പണിമുടക്കിന്റെ ഏറ്റവും വലിയ രാഷ്ട്രീയനേട്ടം ഭാവിയിലേക്ക് കാത്തുവെച്ചിരിക്കുന്ന ഈ പഴുതു തന്നെ!). കൂടുതൽ വിപുലമായ പോരാട്ടങ്ങൾക്കായി അനിശ്ചിതകാല പണിമുടക്ക് നിർത്തി വെച്ചിരിക്കുന്നു എന്ന് പറയുമ്പോൾ കേരളത്തിലെ സർവ്വീസ് സംഘടനകളും രാഷ്ട്രീയ പാർട്ടികളും മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്, ഈ പേരിൽ ഇനി മറ്റൊരു പണിമുടക്കിന്‌ ആഹ്വാനം ഉണ്ടായാൽ അതൊരു വനരോദനമായി അവസാനിക്കും എന്ന യാഥാർഥ്യം. പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് കേവലം സാമ്പത്തിക-സർവീസ് നഷ്ടങ്ങൾക്കുപരിയായി യാതൊന്നും സമ്മാനിക്കാൻ കഴിയാതെയാണ്‌ ഈ സമരകാലം അവസാനിച്ചത്. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാനും കേവലം രാഷ്ട്രീയക്കളികളിലെ കരുക്കളായി തുടരാതിരിക്കാനും നാം കരുതലോടെ നീങ്ങുക തന്നെ വേണം.


വാല്ക്കഷണം (1) : മുടക്കുന്ന സമരങ്ങൾ കൊണ്ട് കേരള ജനതയ്ക്ക് ഇനിയെന്തൊക്കെ നേടാമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. നമുക്ക് മുടക്കുന്ന സമരങ്ങൾ കളഞ്ഞിട്ട് വല്ലതും ‘നടത്തുന്ന’ സമരങ്ങളിലേക്ക് നീങ്ങരുതോ? ഒന്നുമല്ലെങ്കിലും ഈ ‘കടിച്ചതുമില്ല, പിടിച്ചതുമില്ല’ എന്ന അവസ്ഥയിലും ഭേദമല്ലേ അങ്ങനെയൊന്ന്‌?


(2) ഭൂമി പിടിച്ചെടുക്കൽ സമരം - ആയിരക്കണക്കിനാളുകൾക്ക് പട്ടയം നല്കുകയും ആദിവാസികൾക്ക് വനാവകാശരേഖകൾ നല്കുകയും പ്രഖ്യാപിത ലക്ഷ്യവും കടന്ന് നടപടികൾ മുന്നേറുകയും ഭൂരഹിതർക്കു സ്ഥലം നല്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന നേരത്തുവന്ന ഈ നവതരംഗസമരത്തെ സർക്കാർ തണുപ്പൻ മട്ടിൽ വീക്ഷിക്കുന്നു. ഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടിയ ചിലയിടങ്ങളിൽ മരുന്നിനു പോലും പൊലീസില്ല. ഒരു ജലപീരങ്കി പ്രയോഗമോ ലാത്തിച്ചാർജ്ജോ അറ്റ് ലീസ്റ്റ് ഒരു ബലപ്രയോഗമോ പോലും ഇല്ലാതെ സമരം ചെയ്യാൻ ഒരു ത്രില്ലില്ല എന്ന് ചില സഖാക്കൾ അടക്കം പറയുന്നു! "എന്നെ അറസ്റ്റ് ചെയ്യൂ" എന്ന് സരോജ്കുമാർ പറയുന്നത് ഓർമ്മവന്നു.

Sunday, September 30, 2012

ശതമാനക്കൂലി

വാഹനത്തിന്റെ വില അനുസരിച്ചാണോ യാത്രക്കൂലി? തരം അനുസരിച്ചല്ലേ?
അതുപോലെ സ്വർണ്ണവിലയുടെ ശതമാനക്കണക്കിൽ ആഭരണത്തിന്റെ പണിക്കൂലി നിശ്ചയിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാവും?
പ്രത്യേകിച്ചും ഓരോ ദിവസവും സ്വർണ്ണവിലയിൽ മാറ്റമുണ്ടാവുമ്പോൾ?
അടിക്കടി സ്വർണ്ണവില ഉയരുമ്പോൾ?
ആഭരണം പണിതയാൾക്ക് ഒരു നിശ്ചിത തുകയല്ലേ കൊടുത്തിട്ടുണ്ടാവുക?