Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Friday, March 03, 2017

"മതത്തേൽ കേറി ചൊറിയരുത്!"

ഒരു വൈദികൻ അത്യന്തം മ്ലേച്ഛമായ ഒരു പീഡനക്കേസിൽ പിടിക്കപ്പെട്ടു. സോളാറും ലോ അക്കാഡമിയും നടിയെ ആക്രമിക്കലും കഴിഞ്ഞ് ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന സെ‌ൻസേഷണൽ വിഭവം ഇതാണല്ലോ. വൈദികസമൂഹം മുഴുക്കനെ പീഡകരാണെന്നോ മറ്റോ ഒരു തെറ്റിദ്ധാരണ പടരാൻ അതിടയാക്കിയോ? സോഷ്യൽമീഡിയയിലും മറ്റ് മതാധിഷ്ഠിത കൂട്ടംചേരലുകളിലും അങ്ങനെയുള്ള പ്രചാരണത്തിനെതിരേയുള്ള വികാരപ്രകടനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും വന്നുകാണുന്നു.

ഒരാൾ പിഴ ചെയ്യുമ്പോൾ അവരുടെ വർഗ്ഗത്തെ അപ്പാടെ കുറ്റക്കാരാക്കുന്നത് നമ്മുടെ ഒരു തെറ്റായ രീതിയായിപ്പോയി. ഈ സാമാന്യവൽക്കരണം നമ്മുടെ മാധ്യമങ്ങളും സമൂഹവുമൊക്കെ അന്നും ഇന്നും ചെയ്തു പോരുന്നതാണ്. നാം ആദരവോടെ കാണുന്ന പുരോഹിത സമൂഹം ഒന്നാകെ അടച്ചാക്ഷേപിക്കപ്പെട്ടപ്പോൾ വിശ്വാസികൾക്ക് വേദന തോന്നിയെങ്കിൽ അത്ഭുതമില്ല. പക്ഷേ അതോടൊപ്പം ഇനിപ്പറയുന്ന കാര്യങ്ങളുംകൂടി ഒന്ന് ആലോചിച്ചു നോക്കണം.

ഒരു രാഷ്ട്രീയ പ്രവർത്തകൻ അഴിമതി കാട്ടുമ്പോഴും ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുമ്പോഴും ഒരു സിനിമാ നടി അനാശാസ്യത്തിനു പിടിക്കപ്പെടുമ്പോഴും ഒരു‌ സെലിബ്രിറ്റി ഡിവോഴ്സാകുമ്പോഴും ഒരു യൂണിയൻ തൊഴിലാളി തല്ലുകൂടുമ്പോഴും അതാത് വർഗ്ഗം അടച്ചാണ് പഴികേൾക്കുന്നതും നാണം കെടുന്നതും. അല്ലേ?

രാഷ്ട്രീയക്കാരെല്ലാം ഒരു വക അഴിമതിക്കാര്‍,
സർക്കാർ ഉദ്യോഗസ്ഥർ ആരാ കൈക്കൂലി വാങ്ങാത്തത്,
സിനിമയിൽ കേറിയാൽ പെണ്ണുങ്ങൾ പെഴച്ചൂന്നു കൂട്ടിയാൽ മതി,
വെല്യവെല്യ ആൾക്കാർക്ക് കുടുംബ ജീവിതത്തിനു വല്ല വിലയുമുണ്ടോ,
ലോഡിങ്‌കാരുടെയത്ര ചന്തകൾ വേറേയുണ്ടോ‌
എന്നിങ്ങനെയുള്ള കമന്റുകളെല്ലാം നമ്മൾ അന്നും ഇന്നും പറയുന്നതാണ്.

നമ്മുടെ വീട്ടിൽ ഒരാൾ തലതെറിച്ചുപോയാൽ കുടുംബത്തിന്റെ മാനം പോയെന്ന് നമ്മൾ വിലപിക്കാറുണ്ട്. അതായത് ഒരാൾ ചെയ്യുന്ന കൊള്ളരുതായ്മ അയാൾ ഉൾപ്പെടുന്ന പ്രതിനിധീകരിക്കുന്ന സമൂഹത്തെകൂടി‌ ബാധിക്കുന്നുണ്ട് എന്നത് അംഗീകരിച്ചേ മതിയാകൂ.
സത്യസന്ധമായി ജോലി ചെയ്യുന്നവരെ അഴിമതിക്കാരായും മാർക്കറ്റിൽ അധ്വാനിച്ച് മാന്യമായി കുടുംബം പോറ്റുന്നവരെ തനി ചന്തയായും നാം വെറുതെയങ്ങ് മുദ്രകുത്തിയിട്ടില്ലേ?
ബൈക്കിൽ ചീറിപ്പായുന്ന ഫ്രീക്കന്മാരെല്ലാം കഞ്ചാവും മയക്കുമരുന്നും ആണെന്ന് ഒരു ധാരണ നമുക്കില്ലേ?
നാട്ടിലെ ഓട്ടോക്കാർ എല്ലാം വായ്നോക്കികളാണെന്ന് നമ്മളും കരുതിയിരുന്നതല്ലേ?
ഒറ്റപ്രാവശ്യം മോശം ഭക്ഷണം ലഭിച്ചതിന്റെ പേരിൽ ആ ഹോട്ടലിൽ ഒരിക്കലും നല്ല ഭക്ഷണം കിട്ടുകയില്ല എന്നു നാം വിധിയെഴുതാറില്ലേ?
ഒരു യാത്രയിൽ ഡ്രൈവർ കാട്ടിയ ഒന്നുരണ്ട് പിഴയുടെ പേരിൽ അവനു വണ്ടിയോടിക്കാനേ അറിയില്ല എന്നു നാം അടച്ചു പറഞ്ഞിട്ടില്ലേ?
ദുഷ്പേരു കേൾപ്പിച്ച ആൾക്കാരെ അവൻ/അവൾ ലോക'ഡാഷാ'ണെന്ന് ഒരു മയവും ഇല്ലാതെ നമ്മൾ വെച്ചുകാച്ചിയിട്ടില്ലേ?
ഒത്തിരി മിടുക്കരുള്ള ഒരു ക്ലാസ്സിലെ വിരലിലെണ്ണാവുന്ന തെമ്മാടികളുടെ പേരിൽ അതൊരു‌ കുഴപ്പം പിടിച്ച ക്ലാസാണെന്ന് നമ്മുടെ എത്രയോ അധ്യാപകർ വിധിയെഴുതിയിട്ടുണ്ടാവും?

ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങൾ... ഈ‌ സാമാന്യവൽക്കരണം പുരോഹിതരുടെ കാര്യത്തിലും സംഭവിച്ചു. എല്ലാവരുടെയും പേരു‌കളയാൻ എല്ലാവരും ചീത്തയാവണമെന്നില്ല.

ഒരു വിഭാഗത്തെ അടച്ചു കുറ്റപ്പെടുത്തുമ്പോൾ അവരിൽ ഉൾപ്പെട്ട നല്ലവരായ ആൾക്കാർക്കും എത്ര വേദനിച്ചിട്ടുണ്ടാവും എന്നോർക്കാൻ ഈ സംഭവം കാരണമാവട്ടെ.

മതത്തിലും പുരോഹിതന്മാരിലും മാത്രമല്ല എല്ലാ വിഭാഗം ആളുകളിലും നല്ലവരും അല്ലാത്തവരും ഉണ്ട്. അടച്ചാക്ഷേപിക്കപ്പെടുമ്പോൾ നീറുന്ന ഹൃദയം എല്ലാ മനുഷ്യർക്കുമുണ്ട്. അതു മനസ്സിലാക്കാതെ, സ്വന്തം മതമോ മതത്തിന്റെ ആളുകളോ മാത്രം പ്രതിസ്ഥാനത്ത് വരുമ്പോൾ പൊട്ടുന്ന കുരുവിന് ചികിൽസ പ്രത്യേകം ചെയ്തേ മതിയാകൂ.

Monday, February 06, 2017

ഓൺലൈൻ വിശ്വാസികളേ, ഇതിലേ ഇതിലേ..

വിശ്വാസത്തിന്റെ പേരിൽ മതനേതാക്കന്മാരും ആത്മീയഗുരുക്കളും പൊതു ജനങ്ങളെ ചൂഷണം ചെയ്യുന്ന പ്രവണത പണ്ടേയുള്ളതാണ്. സോഷ്യൽ മീഡിയാ ശക്തമായ ഇക്കാലത്ത് ഓരോ മതങ്ങളുടെയും ലേബലിലുള്ള ആരാധനാപാത്രങ്ങളുടെയും ആൾദൈവങ്ങളുടെയും സാക്ഷാൽ പ്രപഞ്ചനാഥനായ ദൈവത്തിന്റെ തന്നെയും അത്ഭുതങ്ങളും അനുഭവസാക്ഷ്യങ്ങളും ഒന്നൊഴിയാതെ നമ്മെ സോഷ്യൽ മീഡിയായിലൂടെ തേടി വരുന്നു.

മന്ത്രങ്ങൾ, പ്രാർഥനകൾ, സ്തുതികൾ, അനുഭവസാക്ഷ്യങ്ങൾ, മിന്നുന്ന ദേവചിത്രങ്ങൾ മുതലായവ ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പ്രചരിച്ച് അരങ്ങു തകർക്കുന്നു. അവയോടൊപ്പം അവ പ്രചരിപ്പിക്കണമെന്നുള്ള അഭ്യർഥനയും ഉണ്ടാവും. ഈ ദിവ്യസന്ദേശം എത്ര പേർക്കു ഷെയർ ചെയ്യണം എന്നു സൂചിപ്പിച്ചിരിക്കും. അപ്രകാരം ചെയ്തില്ലെങ്കിൽ വലിയ ആപത്തുകൾ തേടിവരുമെന്ന ഭീഷണികളൊപ്പം കാണും. അവയുടെ സാക്ഷ്യങ്ങളും ഉണ്ടാവും. ഈ മെസേജ് ഫോർവാഡ് ചെയ്യാതെ അവഗണിച്ച ബാങ്ക് മനേജരുടെ ജോലി പോയി. മറ്റൊരാൾക്ക് വാഹനാപകടം പറ്റി, കയ്യിലെ വള ഊരിപ്പോയി, തലയിലെ പൂട കൊഴിഞ്ഞു,വഴിയിൽക്കൂടി നടന്നവനെ കട്ടുറുമ്പു കടിച്ചു... അങ്ങനെയങ്ങനെ.‌ അതു പങ്കുവെച്ചവർക്കോ, വെച്ചടി വെച്ചടി കേറ്റമാണ് - കൂലിപ്പണിക്കാരനു ലോട്ടറിയടിച്ചു, അരയ്ക്കാൻ തേങ്ങാ ഇല്ലാതെ തേങ്ങിയ വീട്ടമ്മയുടെ മുന്നിൽ‌ തേങ്ങാ പൊഴിഞ്ഞു വീണു, തീർന്ന പേനയിൽ മഷി നിറഞ്ഞു, പത്തു പാസാകാഞ്ഞവനു‌ ഡിഗ്രി കിട്ടി എന്നിങ്ങനെ.

ദൈവത്തെ കണ്ടു എന്നു പറഞ്ഞു കൊണ്ട് സാക്ഷ്യം പറയുന്നവർ തികഞ്ഞ മൗലികവാദികളാണ്. കാരണം അവർ വിശ്വസിക്കുന്ന മതത്തിന്റെ ചട്ടക്കൂടിലെ സങ്കല്പങ്ങളോട് തികച്ചും ചേർന്നു നിൽക്കുന്ന ചുറ്റുപാടുകളിലുള്ള ദൈവത്തെ മാത്രമേ അവർ കാണൂ. ഹൈന്ദവൻ ഒരിക്കലും അവന്റെ തപസ്സിലും ധ്യാനത്തിലും അതീന്ദ്രിയ അനുഭവങ്ങളിലും ക്രൈസ്തവമോ ഇസ്ലാമികമോ ആയ വിശ്വാസപ്രമാണങ്ങളിലെ ദൈവികഭാവം അനുഭവിച്ചതായി‌ കണ്ടിട്ടില്ല. അഹിന്ദുക്കൾ ആരും ഇന്ദ്രലോകത്തിലെയോ കൈലാസത്തിലെയോ പാലാഴിയിലെയോ വ്യവസ്ഥാപിത ബിംബങ്ങളായി ദൈവങ്ങളെ ദർശിച്ചിട്ടില്ല. മാലാഖമാരും പുണ്യവാന്മാരും ക്രിസ്ത്യാനിക്കും രാജാപ്പാർട്ട് വേഷമിട്ട് ആയുധധാരികളായി മൃഗ-പക്ഷി വാഹനാരൂഢരായ ദേവീദേവന്മാർ അഥവാ മറ്റ് സ്വയംപ്രഖ്യാപിത ആൾദൈവങ്ങൾ ഹിന്ദുക്കൾക്കും പ്രത്യേകം ദർശനമരുളുന്നു.

ദൈവമുണ്ടെന്നും ദൈവത്തെ കണ്ടെന്നും പറയുന്ന ഓരോരുത്തരും‌ അവരവരുടെ വിശ്വാസത്തെ പിന്തുടരാനാണ് നമ്മെ പ്രേരിപ്പിക്കുന്നത് -അത് ഏതു മതമായാലും. മതത്തിന്റെ പരസ്യങ്ങൾ - ഇതാണു സത്യം, ഇതാണു ധർമ്മം, ഇതാണു പാരമ്പര്യം, ഇതാണ് ഏകൻ, ഇതാണ് ശരി, മറ്റേതെല്ലാം തെറ്റ്, ഇതിലൂടെയേ സ്വർഗ്ഗം പൂകാൻ/ മോക്ഷം കിട്ടാൻ /പരമപദം പ്രാപിക്കാൻ പറ്റൂ, ഇങ്ങോട്ടു വരൂ, ഈ വിശ്വാസത്തിൽ അണിചേരൂ... മൊബൈൽ നമ്പർ 'പോർട്ട്' ചെയ്യാൻ കമ്പനിക്കാർ പ്രലോഭിപ്പിക്കും പോലെ വാഗ്ദാനങ്ങളുടെ പട്ടിക നീളുന്നു. ഇവർ, ദൈവത്തിങ്കലേക്ക് മനുഷ്യനെ ഓൺലൈനായി എത്തിക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടുന്നവർ എല്ലാം, ചെയ്യുന്നത് അതാത് മതത്തിങ്കലേക്ക് ആൾക്കാരെ അടുപ്പിക്കലാണ്. മനുഷ്യരെ നല്ലവരാക്കുക, ആത്മീയമായും ഭൗതികമായും അവർക്കു മെച്ചപ്പെടൽ നൽകുക, സഹജീവികളെ കൂടുതൽ സ്നേഹിക്കുന്നവരാക്കുക, കുടുംബത്തെ കൂടുതൽ ദൃഢമാക്കുക ഇതൊന്നും ഓൺലൈൻ ഭക്തിക്കാരുടെ അജൻഡയിൽ ഉള്ളതല്ല. അവർക്കാവശ്യം അതാതു മതങ്ങളുടെ പ്രചാരണം മാത്രമാണ്. അതുകൊണ്ടാണ് അവർ ഓം നമഃശിവായ മന്ത്രവും പുണ്യാളന്റെ ചിത്രവും മറ്റും മറ്റും ഇത്രയിത്ര പേർക്ക് അയച്ചു നൽകാൻ നമ്മെ നിർബന്ധിക്കുന്നത്. അല്ലെങ്കിൽ എന്തുകൊണ്ട് ആ പ്രാർഥന അത് അനുവർത്തിക്കേണ്ടുന്ന രീതിയിൽ ജപിക്കാൻ അവർ നിങ്ങളോട് ആവശ്യപ്പെടുന്നില്ല? ദേവന്മാരും മധ്യസ്ഥന്മാരും പുണ്യാളന്മാരും സർവ്വശക്തനായ ദൈവവും ആരെല്ലാം ഏതെല്ലാം മെസേജുകൾ ഫോർവാഡ് ചെയ്യുന്നു എന്നു നോക്കിയിരിപ്പാണോ? ചിത്രഗുപ്തൻ നമ്മുടെ ഫേസ്ബുക്കിലും വാട്സാപ്പിലും നൂണ്ടുകയറി മെസേജുകൾക്ക് എണ്ണം വെയ്ക്കുന്നോ? ഇല്ല സുഹൃത്തേ ഇല്ല.

'ഈ മെസേജ് നിങ്ങൾ പത്തു പേർക്കയച്ചാൽ ഒരു ഡോളർ/രൂപ വീതം രോഗാതുരയായ കുട്ടിക്ക് നൽകുമെന്ന് വാട്സാപ്/മൊബൈൽ നെറ്റ്‌വർക്ക് സമ്മതിച്ചിട്ടുണ്ട്.. അതുകൊണ്ട് ഇത് മാക്സിമം ഫോർവാഡ്ചെയ്യൂ.. ഈ പിഞ്ചുകുഞ്ഞിനു ചികിൽസയ്ക്ക് പണം കണ്ടെത്താ‌ൻ സഹായിക്കൂ...' തലയിൽ ആൾത്താമസമുള്ളവർ ആരും ഈ മണ്ടത്തരം അംഗീകരിക്കില്ല. ഫോണിൽ സംസാരവും smsഉം മാത്രം ഉണ്ടായിരുന്ന കാലത്തേ ഇത്തരം കബളിപ്പിക്കലുകൾ ഉണ്ട്.(ഇന്നും ഇത്തരം കാര്യങ്ങൾ വിശ്വസിച്ചു ഫോർവേഡ് ചെയ്യുന്നവർ ഉണ്ടെന്നത് വിസ്മരിക്കുന്നില്ല). അതായത്, നമുക്കു മുന്നിൽ കാണുന്ന വാട്സാപ്പും മൊബൈൽ
കമ്പനിയും നമ്മുടെ മെസേജുകളുടെ പേരിൽ ആർക്കും ധനസഹായം ചെയ്യുമെന്ന് നാം കരുതുന്നില്ല. എങ്കിൽ പിന്നെ അരൂപിയും സോഷ്യൽ മീഡിയാ അക്കൗണ്ട് ഇല്ലാത്തവനുമായ ദൈവം എങ്ങനെ നാമയച്ച മെസേജുകളുടെ കണക്കിന്റെ അടിസ്ഥാനത്തിൽ നമ്മെ രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യും?

ഒരു പ്രാർഥനയോ മതാനുഷ്ഠാനമോ നിങ്ങൾക്കയച്ചു തന്നുകൊണ്ട് ഫോർവാഡ് ചെയ്യാൻ ഒരാൾ ആവശ്യപ്പെട്ടാൽ അത് ചെയ്യരുത്. അതിലൂടെ നിങ്ങൾ ഒന്നും നേടുന്നില്ല. അങ്ങനെ ചെയ്യാതിരുന്നതുകൊണ്ട് നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടുവാനും ഇല്ല. ഒരു മതപുരോഹിതന്റെ ഭാവനയിൽ വിരിഞ്ഞ സങ്കല്പ കഥയോ അതീന്ദ്രിയാനുഭവമോ നിങ്ങൾ പങ്കിടരുത്. മനസ്സും ശരീരവും ഓരോരുത്തർക്കും വിഭിന്നമെന്നതു പോലെ ജീവിതവും സാഹചര്യങ്ങളും വിഭിന്നമെന്നതുപോലെ,അനുഭവങ്ങളും വ്യത്യസ്തമാവും. രോഗവും വേദനകളും മരണവും മരണത്തിലേക്കുള്ള യാത്രകളും ഒന്നൊന്ന് വ്യത്യസ്തമാകും;അവ സ്വയം അനുഭവിച്ചേ മതിയാകൂ. സ്വർഗ്ഗവും നരകവും പരലോക യാത്രകളും വർണ്ണിക്കപ്പെട്ടു കേൾക്കുമ്പോൾ തിരിച്ചറിയുക, അത് ആ പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടുകളിലൂടെ മാത്രം മെനഞ്ഞെടുക്കപ്പെട്ടതാണ്. കാരണം, ഇതര മതങ്ങളെയും അവയുടെ സങ്കല്പങ്ങളെയുമെല്ലാം അവ പാടേ അവഗണിക്കുന്നു. സ്വന്തം തത്വങ്ങളാണ് ശരിയെന്ന് മൗനമായി‌ സ്ഥാപിക്കാൻ ശ്രമിക്കുന്നു. മരണം സത്യമാണ്. മരിച്ചാൽ ശ്വാസവും ഹൃദയവും എന്നേക്കുമായി നിലയ്ക്കുന്നു, ശരീരം അഴുകുന്നു. ഭൂഗുരുത്വം എല്ലാരെയും ഒരുപോലെ താഴേക്ക് വലിക്കുന്നു എന്നതുപോലെ പരലോകം എന്നൊന്നുണ്ടെങ്കിൽ, ഞാൻ പറയുന്നു, അത് വിശ്വാസിക്കും അവിശ്വാസിക്കും എ മതക്കാരനും ബി മതാനുയായിക്കും ഒരുപോലെ ആയിരിക്കും. അത് എന്റെ മതം അനുശാസിക്കുന്നതുപോലെ ആണ് എന്ന് മരിക്കാത്ത ഒരാൾ - ഹൃദയവും ശ്വാസവും നിലച്ചു്, ശരീരം തണുത്ത്, മരണമെന്ന സത്യം പൂർണ്ണമായും ബാധിക്കാത്ത ഒരാൾ - പറഞ്ഞാൽ, നിങ്ങൾ ഒരു മതവിശ്വാസിയോ അതിനുമപ്പുറം ഈശ്വര വിശ്വാസിയോ ആണെങ്കിൽ മതങ്ങൾ വളരേണ്ടത് ഇങ്ങനെ ഇമോഷണൽ ബ്ലാക്ക് മെയിലിങ് നടത്തിയിട്ടല്ല എന്നുമാത്രം തിരിച്ചറിയുക. അത് വിശ്വാസത്തിനും വിശ്വാസരീതികൾക്കും ആരാധനാബിംബങ്ങൾക്കും അപ്പുറം വെറും മനുഷ്യനെ നന്മയിലേക്കും സ്നേഹത്തിലേക്കും നയിച്ചുകൊണ്ടാണ്; അതിലൂടെ അവനിലും അവന്റെ കുടുംബത്തിലും അങ്ങനെ സമൂഹത്തിലും നന്മ വളർത്തുന്നതിലൂടെയാണ്. മതപ്രബോധനങ്ങൾ മനുഷ്യന്റെ നന്മയ്ക്കായി ഉണ്ടാക്കിയവയാണ്. അവ കൊണ്ട് മനുഷ്യനെ ഭയപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ ഓരോരുത്തരും സ്വന്തം മതം വളർത്തുമ്പോൾ മാനവികത എന്ന സാർവ്വലൗകിക മതം ഇല്ലാതാകുന്നു.

മതങ്ങൾ നല്ലതാവണമെങ്കിൽ അവയിൽ ഉൾപ്പെട്ടു നിൽക്കുന്ന മനുഷ്യർ നന്നാവണം, അവരുടെ ഉദ്ദേശലക്ഷ്യങ്ങൾ നന്നാവണം. മനുഷ്യനെ നന്നാക്കാതെ മതത്തെ ഉദ്ധരിക്കാൻ ശ്രമിക്കുന്ന പുരോഹിതരും ഗുരുക്കന്മാരും സന്യാസിമാരും പ്രഭാഷകരും നിർമ്മിക്കുന്നത് പാലങ്ങളല്ല, വന്മതിലുകളാണ്.

വിശ്വസിക്കുന്നെങ്കിൽ നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുക. അനുഗ്രഹവും ശിക്ഷയും സോഷ്യൽ മീഡിയയിലൂടെ വരില്ല. ഇനി ദൈവത്തിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും മനുഷ്യനിൽ വിശ്വസിക്കുക; സ്നേഹത്തിൽ വർത്തിക്കുക. വാട്സാപ്പിലെ ദൈവം തരുന്നതിനെക്കാൾ കൂടുതൽ ഭൂമിയിലെ മനുഷ്യർ തരും. അതല്ലേ യഥാർഥ അനുഗ്രഹം?

Monday, January 30, 2017

എന്റെ വാട്സാപ് രഹസ്യങ്ങൾ ഫേസ്ബുക്കിലൂടെ പരസ്യമാകുമോ?

സൈബർ ലോകത്ത്‌ ഈയിടെയായി പടരുന്ന ഈ ആശങ്ക ഫേസ്ബുക്കും വാട്സാപ്പും ഒരു കുടക്കീഴിൽ ആയതിന്റെ അനന്തര ഫലമാണ്‌‌. നമ്മളയക്കുന്ന മെസേജുകൾ പച്ചയ്ക്ക് ഇന്റർനെറ്റിൽ വരുമെന്നോ അവയെല്ലാം മറ്റുള്ളവർക്ക് കാണാൻ പറ്റുമെന്നോ അതിനർഥമില്ല. നമ്മുടെ വ്യക്തിവിവരങ്ങൾ വാട്സാപ് , ഫേസ്ബുക്കുമായി പങ്കിടും എന്ന് ലളിതമായി പറയാം.

ഉദാഹരണത്തിന്, എന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ എന്റെ മൊബൈൽ നമ്പർ ചേർത്തിട്ടില്ല, ഇമെയിൽ ഉണ്ട് താനും. വാട്സാപ്പിലാകട്ടെ മൊബൈൽ നമ്പരിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തനം, എന്നാൽ അതിനു ഇമെയിലുമായി യാതൊരു ബന്ധവും ഇല്ല. ഇവ രണ്ടും ഒന്നാകുമ്പോൾ മൊബൈൽ നമ്പർ, ഇ മെയിൽ, ഫേസ്ബുക്ക്, വാട്സാപ് എന്നിങ്ങനെ സോഷ്യൽ മീഡിയായിലെ വിവിധ പ്ലാറ്റ്ഫോമുകളിലെ വിവരങ്ങൾ ഒരേ സ്രോതസ്സിൽ നിന്നും ശേഖരിക്കുന്നതിനും അനലൈസ് ചെയ്യുന്നതിനും ഫേസ്ബുക്ക്-വാട്സാപ് അധികൃതർക്ക് സാധിക്കുന്നു. നിലവിൽ വാട്സാപ്പും ഫേസ്ബുക്കും ഫ്രീയാണെങ്കിലും പരസ്യങ്ങളിലൂടെയുള്ള വരുമാനം ഫേസ്ബുക്കിനു ചില്ലറയല്ല. ആ സ്ഥിതിക്ക് വാട്സാപ്പിൽ നിന്നു കൂടിയുള്ള വിവരങ്ങൾ ഫേസ്ബുക്കിനു ലഭിക്കുമ്പോൾ ഇടപാടുകാരെ വ്യക്തിപരമായി അടുത്തറിയാനും അങ്ങനെ കൂടുതൽ ഫലപ്രദമായ വാണിജ്യ പ്രവർത്തനങ്ങൾക്ക് അവ ഉപയോഗിക്കാനും അവർക്ക് സാധിക്കും.

ഇവ ചോർന്നാൽ, നാം ഭയക്കുന്നതുപോലെ നമ്മുടെ ഓൺലൈൻ ഇടപാടുകളും സമ്പർക്കങ്ങളും പരസ്യമാകാനും അതുമുഖേന നാം വഞ്ചിതരാകാനും മതി.

പ്രൈവസി സെറ്റിങ്സ് ഒന്നുകൂടി പരിശോധിക്കുക.
ഫേസ്ബുക്കിൽ പബ്ലിക് ആയി നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ഏതു വിവരവും(ചിത്രവും വീഡിയോയും കുടുംബാംഗങ്ങളുടെ വിവരങ്ങളും ഫോൺ നമ്പരും ജീവിത ദുഃഖങ്ങളും നിങ്ങൾ ഇപ്പോൾ ആയിരിക്കുന്ന സ്ഥലവും യാത്രകൾ സംബന്ധിച്ച വിവരവും അങ്ങനെ എന്തും...) അതിൽ അക്കൗണ്ട് ഉള്ള(എന്നും നിര്‍ബ്ബന്ധമില്ല) ലോകത്തെവിടെയുമുള്ള ആൾക്കാർക്കു കാണാമെന്നോർക്കുക.

നമ്മുടെ ഒരു ഫോട്ടോ എടുക്കാൻ അപരിചിതരെ നാം അനുവദിക്കാറില്ല. അതേ സമയം‌ നമ്മുടെ ഒന്നാന്തരം ഫോട്ടോകൾ പബ്ലിക് ആക്കി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാ‌ൻ നാം മടിക്കാറില്ല. രണ്ടും തമ്മിൽ എന്താണു വ്യത്യാസം.. രണ്ടാമത്തേത് ആണു കൂടുതൽ അപകടകരം. അതറിയാൻ ചില സൈറ്റുകളിൽ വരുന്ന നമ്മുടെ നടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ നോക്കിയാൽ മതി!


സോഷ്യൽ മീഡിയായിൽ അച്ചടക്കം പാലിക്കുക. അത്രമാത്രമേ ചെയ്യാനുള്ളൂ.

Friday, December 12, 2014

സ്വർഗ്ഗത്തിലെ ജനാലയ്ക്കൽ നിന്ന്‌...

ഞാൻ സ്വർഗ്ഗത്തിലിരുന്നാണ്‌ ഇതെഴുതുന്നത്. സ്വർഗ്ഗമെന്നു കരുതിയിരുന്ന മറ്റൊരിടത്തായിരുന്നു ഇന്നലെ വരെ ഞാൻ. കഥ പറയുന്നതിനു മുൻപേ ഞാൻ ആരെന്നു പറയാം. എന്റെ പേര്‌ ലക്ഷ്മി. ഒന്നര വർഷം മുൻപാണ്‌ ഊരും പേരുമറിയാത്ത ആ നാട്ടിലേക്കു ഞാൻ വന്നത്. എനിക്കു ഒത്തിരി സ്നേഹവും കരുതലും ഞാൻ കൊതിച്ച സ്വാതന്ത്ര്യവും എല്ലാം എനിക്കാവോളം കിട്ടിയ ആ വീട്ടിൽ ഞാൻ വന്നത്...

എന്നെ കല്യാണം കഴിച്ചു കൊണ്ടുവന്നതൊന്നുമല്ല കേട്ടോ..!! വിലയ്ക്കു വാങ്ങിക്കൊണ്ടു വന്നതാണ്‌.. എന്താ ഞെട്ടിയോ ?? ഞാൻ നിങ്ങൾ വിചാരിക്കുന്നതു പോലെ മനുഷ്യസ്ത്രീയല്ല. ലക്ഷ്മി എന്നു സുന്ദരമായ പേരൊക്കെ ഉണ്ടെങ്കിലും(ഉണ്ടായിരുന്നെങ്കിലും) ഞാൻ ഒരു കുതിരയാണ്‌ - ആ! കുതിര!!

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കാണ്‌ എന്നെ ഓമനിച്ചു കൊണ്ടുവന്നത്. കുളനട പുതുവാതുക്കൽ തടത്തിൽ വീട്ടിലേക്ക്. പൂനെയിലെ, അനേകം കുതിരകളെ പൂട്ടിയ, യാന്ത്രികതയും വിരസതയും നിറഞ്ഞ ഒരു ജയിലിൽ നിന്നുമുള്ള നിത്യമായ മോചനമായിരുന്നു എനിക്കു ദൈവത്തിന്റെ നട്ടിലേക്കുള്ള വരവ്. പലതിലൊന്നായി എവിടെയോ ഒതുങ്ങിപ്പോകുമായിരുന്ന ഞാൻ ഒരു കൂട്ടം സുമനസ്സുകളുടെ നടുവിലേക്ക് ഒരു താരത്തെപ്പോലെ, ഒരു രാജകുമാരിയെപ്പോലെ, ഒരു ഭൂലോകസുന്ദരിയെപ്പോലെ വന്നെത്തുകയായിരുന്നു. എല്ലാം ഒരു സ്വപ്നം പോലെയായിരുന്നു എനിക്ക്. പൂനെയുടെ ഊഷരതയിൽ നിന്നും പൊടിനിറമുള്ള പ്രകൃതിയിൽ നിന്നും ഉഷ്ണത്തിൽ നിന്നുമെല്ലാം മഴയും തണുപ്പും തണലും പച്ചപ്പും സ്നേഹിക്കാൻ ആളുമുള്ള നാട്ടിൽ 2014 ഡിസംബർ രണ്ടാം തീയതി വരെ ഞാൻ സ്വർഗ്ഗം എന്തെന്നറിയുകയായിരുന്നു.

അന്നാണ്‌ എന്റെ വിധി മാറിമറിഞ്ഞത്. ഒരു പക്ഷേ എനിക്കത്രയൊന്നും ആശിക്കാനോ അഹങ്കരിക്കാനോ എനിക്ക് അർഹതയില്ലാഞ്ഞിട്ടാവാം. അതങ്ങനെയവാൻ എന്തു തെറ്റ് ഞാൻ ചെയ്തെന്നും എനിക്കറിഞ്ഞുകൂടാ. ഞാൻ ഇവിടെയിരുന്നു കൊണ്ട്, വെണ്മേഘങ്ങൾ അതിരിടുന്ന ഈ ജാലകത്തിലൂടെ എനിക്ക് ഞാൻ കഴിഞ്ഞിരുന്നയിടം കാണാം. എന്നെ സ്നേഹിച്ചവരൊഴികെ ബാക്കിയെല്ലാം അവിടെ പതിവുപോലെ നീങ്ങുന്നു. എന്റെ അസാന്നിദ്ധ്യം ഏറ്റം നിർവ്വികാരമായി ഞാൻ കാണുന്നു. എന്റെ അഭാവം പൊഴിക്കുന്ന ശോകം നിസ്സഹായയായി ഞാനറിയുന്നു.

അന്നു രാത്രിയിൽ, ഇരുളിന്റെ മറപറ്റി എന്റെ വീട്ടിൽ ആരെല്ലാമോ കടന്നു വന്നു. നേർത്ത മഞ്ഞിന്റെ സുഖദമായ തണുപ്പിൽ ഞാൻ മയങ്ങി നില്ക്കുകയായിരുന്നു. പെട്ടെന്ന്, തലയിൽ ഒരു മിന്നല്പ്പിണർ വീണതുപോലെ, ശക്തമായ ഒരു താഡനത്തിൽ, അസഹ്യമായ അതിന്റെ വേദനയിൽ ഒരു നിമിഷം എന്റെ പ്രജ്ഞ മരവിച്ചു. ഒന്നു കരയാൻ പോലും ഞാൻ മറന്നു. ഉടലാകെ വേദനയുടെ പൂത്തിരികൾ പൊട്ടിച്ചിതറുന്നതു ഞാനറിഞ്ഞു. എന്റെ പിൻകാലിന്റെ അസ്ഥികൾ നുറുങ്ങിയമരുകയും അടിതെറ്റി നിന്നിടത്തു ഞാൻ വീഴുകയും ചെയ്തു. മഴത്തുള്ളികൾ പെയ്തുപതിക്കുന്നതു പോലെ മർദ്ദനങ്ങളും മുറിവുകളും എന്റെമേൽ വീണുകൊണ്ടിരുന്നു. വേദനയറിയാത്ത ഒരണുപോലും എന്റെ ദേഹത്തില്ലായിരുന്നു. എന്റെ ശരീരം എനിക്കു താങ്ങാനാവാത്ത ഭാരമാണെന്നും ഞരമ്പുകളിലൂടെ അഗ്നിയാണു പ്രസരിക്കുന്നതെന്നും വീണുള്ള കിടപ്പില്പ്പോലും എനിക്കു തോന്നി. എന്റെ കണ്മുന്നിൽ മനുഷ്യരൂപം പൂണ്ട നിഴലുകൾ സംഹാരനൃത്തം ചെയ്തു. അവരുടെ പാദപതനം പോലും എനിക്കു മുറിവുകളും നോവുകളും മാത്രം സമ്മാനിച്ചു. ഒന്നു കരയാൻ പോലുമാവാതെ ഞാൻ അവിടെ വീണുകിടന്നതും അബോധത്തിന്റെ ഏതോ ആഴങ്ങളിലേക്ക് പറന്നിറങ്ങിയതും ഇപ്പോൾ ഓർമ്മയുണ്ട്.

പിറ്റേന്നു മുതൽ വിവിധ ആശുപത്രികളിലായി ഞാൻ ചികിൽസിക്കപ്പെട്ടു. ബോധാബോധങ്ങളുടെ ഏതോ അതിർവരമ്പുകളിൽ വെച്ച് ഒരു യന്ത്രം കൊണ്ട് എന്നെയെടുത്തുയർത്തുന്നതും നഗരങ്ങളുടെ തിരക്കുകളിലൂടെയും രാജവീഥികളിലൂടെയും സൗഖ്യം തേടിച്ചെയ്ത യാത്രകളും ഞാനറിഞ്ഞു. പിന്നെയെപ്പോഴെല്ലാമോ, എന്നെ സ്നേഹിക്കാൻ മാത്രമറിയാവുന്ന കരങ്ങളുടെ സാന്ത്വനമേകുന്ന, ഇടർച്ചകലർന്ന തലോടലുകളും. അപ്പോഴെല്ലാം എനിക്കു പറയണമെന്നുണ്ടായിരുന്നു, എനിക്കിനി തിരികെ വരാനാവില്ല എന്ന്, എന്നോടിത്ര നാൾ കാട്ടിയ സ്നേഹത്തിനു ഇനിയൊരുപാടു ജന്മം കൂടെ നിന്നാലും കടം തീരില്ലയെന്ന്, എനിക്കു തിരികെ വരാനാവില്ലയെന്ന്‌. ഞാൻ വെറുമൊരു ‘മിണ്ടാപ്രാണി’യാണല്ലോ! അപ്പോഴും കനമില്ലാത്ത ഏതോ പ്രതീക്ഷകളിൽ മനസ്സർപ്പിച്ച് എന്റെ ജീവനെ തകർന്ന ശരീരത്തിൽ പിടിച്ചു നിർത്താൻ അവർ ശ്രമിച്ചുകൊണ്ടേയിരുന്നു.

ഒടുക്കം, അറിയാത്ത ഏതോ കാരണങ്ങളാൽ ആക്രമണത്തിനിരയായ ഞാൻ മരണത്തിനു കീഴടങ്ങി. ഞാൻ ഒരു കുതിരയായിരുന്നു. പേപ്പട്ടിക്കുപോലും വിധിക്കപ്പെടാത്ത ദാരുണമായ അന്ത്യമാണ്‌ എന്റെ വീട്ടിന്റെ വേലിക്കെട്ടിനുള്ളിലേക്ക് എന്നെ തേടിവന്നത്. ഞാൻ ഒരു ദ്രോഹവും ആർക്കും ചെയ്തിട്ടില്ല. എനിക്കൊരേയൊരു സങ്കടമേയുള്ളൂ, എന്റെ യജമാനനോട് എന്റെയുള്ളിൽത്തോന്നിയ സ്നേഹത്തെ ഒരിക്കല്ക്കൂടി അറിയിച്ചുവിടവാങ്ങാൻ എനിക്കു വിധിയുണ്ടായില്ല.

സ്വർഗ്ഗത്തിന്റെ ജനാലയ്ക്കൽ ഇരുന്നു നോക്കുമ്പോൾ എനിക്കെല്ലാം കാണാം, കേൾക്കാം, അറിയാം. എന്നെ പരിക്കേല്പ്പിച്ചവർക്ക് അതിലൂടെ എന്തെങ്കിലും സന്തോഷമോ, നേട്ടമോ ലഭിച്ചതായി കാണാനേ പറ്റുന്നില്ല. പകരം, മനസ്സിന്റെ അടിത്തട്ടിൽ ഉയർന്നു വരുന്ന ഏതോ കുറ്റബോധം മറയ്ക്കാനും ഒന്നുമില്ല ഒന്നുമില്ല എന്നു നടിക്കാനും അവർ ശ്രമിക്കുന്നതു നന്നായി കാണാം. ദൈവം അല്പം കഴിയുമ്പോൾ ഈ വഴി വരുന്നുണ്ട്. എനിക്കുള്ള ഉത്തരങ്ങൾ അപ്പോൾ ലഭിക്കുമായിരിക്കും. താഴെ ഭൂമിയിൽ എന്നെ ഉപദ്രവിച്ചവർക്ക് സമാധാനവും എന്നെ സ്നേഹിച്ചവർക്ക് സന്തോഷവും നല്കണമെന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നുണ്ട്. പിന്നെ ഇതു വായിക്കുന്ന നിങ്ങൾ അവരോടെല്ലാം പറയണം, ഒരു മിണ്ടാപ്രാണി അവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന്‌. നിർത്തട്ടെ.

Sunday, September 30, 2012

ശതമാനക്കൂലി

വാഹനത്തിന്റെ വില അനുസരിച്ചാണോ യാത്രക്കൂലി? തരം അനുസരിച്ചല്ലേ?
അതുപോലെ സ്വർണ്ണവിലയുടെ ശതമാനക്കണക്കിൽ ആഭരണത്തിന്റെ പണിക്കൂലി നിശ്ചയിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാവും?
പ്രത്യേകിച്ചും ഓരോ ദിവസവും സ്വർണ്ണവിലയിൽ മാറ്റമുണ്ടാവുമ്പോൾ?
അടിക്കടി സ്വർണ്ണവില ഉയരുമ്പോൾ?
ആഭരണം പണിതയാൾക്ക് ഒരു നിശ്ചിത തുകയല്ലേ കൊടുത്തിട്ടുണ്ടാവുക?

Thursday, September 20, 2012

തൂമ്പ വേണ്ട, സൂചി മതിയാകും.

കേരളം മറ്റൊരു ബസ് ചാർജ്ജ് വർധനയുടെ പടിവാതില്ക്കൽ എത്തി നില്ക്കുകയാണല്ലോ. പറഞ്ഞിട്ടും കാര്യമില്ല എന്ന് അറിഞ്ഞുകൊണ്ടു തന്നെ വീണ്ടും ചില കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ.

കഴിഞ്ഞ വർഷമാണ്‌ കേരളം ഒരു ബസ് ചാർജ്ജ് വർധനയ്ക്കു സാക്ഷ്യം വഹിച്ചത്. എന്നാൽ അന്നുണ്ടായ കൂലികൂട്ടൽ അശാസ്ത്രീയമായിരുന്നു എന്നും ഫെയർ സ്റ്റേജ് സംബന്ധിച്ചും മിനിമം ചാർജ്ജു നല്കി സഞ്ചരിക്കാവുന്ന ദൂരം സംബന്ധിച്ചും നിരവധി ആശങ്കകളും തർക്കങ്ങളും ഉണ്ടായിരുന്നു. അബദ്ധജടിലമായ ബസ് ചാർജ്ജ് നിർണ്ണയമായിരുന്നു അതെന്ന് പല തലങ്ങളിൽ നിന്നും ആരോപണവും ഉയർന്നിരുന്നു. ജീവനു വരെയും ഭീഷണിയാകാവുന്ന പ്രശ്നങ്ങളോടു പോലും ‘കാലക്രമേണ അഡ്ജസ്റ്റു ചെയ്തു പോകുന്ന’ ഇന്ത്യൻ സ്വഭാവം അന്നുണ്ടായ പരാതികളെയും തോല്പ്പിച്ചു. അവയൊക്കെ പരിഹരിക്കപ്പെട്ടോ എന്ന് ഇനി പ്രതിഷേധവുമായി ഇറങ്ങുന്നതിനു മുൻപ് വിദ്യാസമ്പന്നരും പ്രബുദ്ധരുമായ പൊതുജനമേ നീ ചിന്തിക്കണം. എന്തെന്നാൽ, കബളിപ്പിക്കപ്പെടുന്നതും അറിഞ്ഞുകൊണ്ടും അതിനൊക്കെ തലവെച്ചു കൊടുക്കുന്നതും നിനക്കൊരു ശീലമാണ്‌.

ഇത്തവണ ബസ്സുടമകളുടെ ആവശ്യം മിനിമം ചാർജ്ജ് 7 രൂപ ആക്കണമെന്നതാണ്‌. അങ്ങനെ സംഭവിച്ചാൽ ഈയടുത്ത പ്രദേശങ്ങളിൽ ഏറ്റവും ചെലവേറിയ പൊതുയാത്രാ സംവിധാനമുള്ള സംസ്ഥാനമാവും നമ്മുടേത്. കേരളത്തിലെ റോഡുകളുടെ സ്ഥിതി ശോചനീയമാണെന്ന ഒറ്റ ന്യായം കൊണ്ട് ഇപ്പറഞ്ഞതിനെ ബസ്സുടമകളും തള്ളും എന്നതു വ്യക്തമാണ്‌. സമ്മതിച്ചു.

ബസ് വ്യവസായം നഷ്ടത്തിലാണെന്ന ബസ്സുടമകളുടെഭാഷ്യത്തിനു പുറമേ ഈ വിലവർദ്ധനവു കൊണ്ട് ഓരോ ദിവസവും 1000 രൂപയുടെ നഷ്ടമാണ്‌ ഒരു ബസ്സിന്‌ ഉണ്ടാവുന്നതെന്നാണ്‌ മറ്റൊരു നിരീക്ഷണം. മിനിമം ചാർജ്ജ് ഒറ്റയടിക്ക് 2 രൂപ വർധിപ്പിക്കുന്നതിലൂടെ മാത്രം എത്രകണ്ട് വരുമാനവർധനവ് ഉണ്ടാവുമെന്ന് നിങ്ങൾ സ്ഥിരം യാത്ര ചെയ്യുന്ന ഒരു ബസ്സിലെ ഒരു ദിവസം യാത്ര ചെയ്യുന്ന ആകെ യാത്രക്കാരുടെ ഏകദേശം എണ്ണത്തെ രണ്ടു കൊണ്ട് ഗുണിച്ചാൽ അറിയാം. എന്നുവെച്ചാൽ ഒരു ദിവസം 300 പേർ കയറി ഇറങ്ങുന്ന ബസ്സാണെങ്കിൽ പോലും ഇത്തരം ഒരു ചാർജ്ജ് വർദ്ധന 600 രൂപ വരുമാനം കൂട്ടും. അപ്രകാരം നോക്കിയാൽ മിനിമം ചാർജ്ജിനു മേലെ തുക ഈടാക്കാവുന്ന മറ്റു ടിക്കറ്റുകൾ കൂടി കണക്കിലെടുക്കുമ്പോൾ വലിയ ലാഭം ഉണ്ടാകുമെന്ന വസ്തുത വ്യക്തമാകും. ദീർഘദൂരബസ്സുകളിലെ കണക്കും ഇതേയടിസ്ഥാനത്തിൽ തന്നെ ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.

എണ്ണത്തിൽ ഭൂരിഭാഗവും സ്വകാര്യബസ്സുകൾ ഉള്ള നാടാണിത്. ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി.യുടെ സാന്നിദ്ധ്യമാവട്ടെ നന്നേ കുറവും. മറ്റൊരു കാര്യം ഹൈറേഞ്ചിൽ പുത്തൻ ബസ്സുകളുടെ വസന്തകാലമാണ്‌ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉള്ളതെന്നാണ്‌. പുതുതലമുറ ബസ്സുകൾ മാറി മാറി ഇറക്കി ഈ ബിസ്സിനസു തുടർന്നുകൊണ്ടു പോകാൻ ചില കാരണങ്ങൾ ഉണ്ട്. പുതിയ ബസുകൾക്കു ഇന്ധനം,ടയർ,സ്പെയർ പാർട്സ് ഇനങ്ങളിൽ ചെലവ് പഴയവയെ അപേക്ഷിച്ചു കുറവാണ്‌. കൂടുതൽ ശക്തിയും വേഗവുമുള്ളവയാണ്‌ പുത്തൻ വാഹനങ്ങൾ. ശബ്ദം കുറവും യാത്രാസുഖം കൂടുതലും ഉണ്ട്. പവർ സ്റ്റിയറിങ്ങ് മുതലായ സംവിധാനങ്ങൾ ഉള്ളതിനാൽ ഡ്രൈവർമാർക്കും ആയാസം കുറവുണ്ട്. എന്നിരുന്നാലും ഡീസൽ ചെലവ് തന്നെയാണ്‌ പ്രവർത്തനച്ചെലവിം എപ്പോഴും മുന്നിൽ. മേലെ പ്രസ്താവിച്ച മാതിരി ഭീമമായനഷ്ടം സഹിച്ചുകൊണ്ട് ലക്ഷക്കണക്കിനു രൂപ കടമെടുത്തും മുടക്കിയും ബസ് സർവ്വീസ് നടത്തുന്നത് അവരുടെ പ്രസ്താവന ശരിയാണെങ്കിൽ ലോകവ്യാപകമായി പ്രകീർത്തിക്കപ്പെടേണ്ട സാമൂഹ്യസേവനം തന്നെയാണ്‌. ഡീസൽ വില വർദ്ധിപ്പിച്ച ശേഷമുള്ള ഓരോ ദിവസവും ബസ്സുടമകൾ ആയിരമോ അതിനു മേലെയോ നഷ്ടം സഹിച്ചാണ്‌ ഓടുന്നതെങ്കിൽ പ്രിയപ്പെട്ട വായനക്കാരാ, യാത്രക്കാരാ, ഓസുകയാണു നാമൊക്കെ. അതും പാവം ബസ് മുതലാളിയുടെ കഞ്ഞിപ്പാത്രത്തിൽ നിന്നും കയ്യിട്ടു വാരിയിട്ട്. ഇതു ക്രൂരതയല്ലേ? അപ്പോൾ ‘ന്യായമായും’ രണ്ടു രൂപയെങ്കിലും മിനിം ചാർജ്ജിൽ വർദ്ധിപ്പിക്കണം. കാരണം ഈ ബസ്സു മുതലാളിമാരൊക്കെ ഈ ഭീമമായ നഷ്ടം സഹിക്കാനാവാതെ ബസ്സും വിറ്റ് കിട്ടുന്ന കാശ് വട്ടിപ്പലിശയ്ക്കു കൊടുത്ത് വീട്ടിലിരുന്നാൽ നമ്മളു പിന്നെ എങ്ങനെ യാത്ര ചെയ്യും?

ഇനിയുള്ള പുതുക്കിയ കൂലികൾ തൊട്ടടുത്ത ഒരു രൂപയ്ക്ക്(തൊട്ടു മുകളിലേത്) റൗണ്ടു ചെയ്യുമ്പോഴും നിങ്ങൾ പിടുങ്ങുന്നുണ്ടെന്നതു വിസ്മരിച്ചു കൂടാ. അൻപതു പൈസയുടെ കച്ചവടം ഇപ്പോൾ പ്രായോഗികമായി എങ്ങുമില്ലല്ലോ. ഹൈറേഞ്ചിൽ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ബസ്സുകളുടെ ‘പ്രൊമോഷൻ’(ഓർഡിനറിയെ ഫാസ്റ്റും സൂപ്പർ ഫാസ്റ്റും എക്സ്പ്രസ്സും ഒക്കെ ആക്കൽ) മറ്റൊരു വധം ആണ്‌. പത്തും പതിനഞ്ചും രൂപയൊക്കെയാണു മിനിമം. അതു പോട്ടെ, ‘ഇത്തിൾക്കണ്ണികളായ’ വിദ്യാർഥികളെ ഒഴിവാക്കാനുള്ള കുൽസിതമാർഗ്ഗമായും ഈ ഇനം മാറ്റത്തെ ഉപയോഗപ്പെടുത്താമെന്നതു മറ്റൊരു ഗുണം. വരുമാനവും കൂടുതൽ, പിള്ളേർ-ശല്യം ഒഴിവാകുകയും ചെയ്യും. ആകയാൽ, വിദ്യാർഥികൾക്കുള്ള യാത്രാസൗജന്യം നിലവിലുള്ളതുപോലെ തുടർന്നുപോകണം എന്നാണ്‌ എന്റെ അഭിപ്രായം. പ്രത്യേകിച്ച് യാത്രാ സൗകര്യം കുറവുള്ള ഹൈറേഞ്ചിൽ ഇതു വളരെ പ്രസക്തമാണ്‌. അതു കൂടാതെ, കാലഹരണപ്പെട്ട ചില ചട്ടങ്ങളുടെ പേരിൽ, ഹൈറേഞ്ചിൽ ബസുകൾ അധികമായി ഈടാക്കുന്ന കൂലി - ആ കൊള്ളയും പിൻവലിക്കണം. കാരണം ഇവ ഇന്നാട്ടിലെ ജനങ്ങളോടു ചെയ്യുന്ന അനീതിയാണ്‌.

ഇനി പറയാൻ വന്ന കാര്യം. ചാർജ്ജു വർദ്ധിപ്പിക്കണ്ട എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ ഒരുവർഷത്തിനു ശേഷം മറ്റൊരു കൂലി പുതുക്കൽ വരുമ്പോൾ പൊതു ജനത്തിനു പറയാനുള്ളത് ഇതാണ്‌. ഇന്ധനവില ഓരോ തവണയും കൂടുമ്പോൾ അംഗീകൃതവും അല്ലാത്തതുമായ ഇത്തരം വില/കൂലി വർദ്ധനവുകളുടെ ഭാരം താങ്ങേണ്ടിവരുന്നത് ഈ പിരമിഡിലെ അവസാനവർഗ്ഗമായ ഉപഭോക്താക്കൾ അഥവാ എൻഡ് യൂസർമാർ ആണ്‌. ഒരു കോഴി മുട്ടയ്ക്ക് ഇരുപത്തഞ്ചു പൈസ കൂടിയാൽ രണ്ടു മുട്ട കൊണ്ട് ഉണ്ടാക്കുന്ന ഒരു ഓംലറ്റിന്‌ ഒരുരൂപയോ അതിലും കൂടുതലോ അധികമായി കൊടുക്കേണ്ടിവരുന്നവരാണ്‌ ഉപഭോക്താക്കൾ. പൊതുസമൂഹത്തിൽ ചർച്ചയായില്ലെങ്കിലും, പലർക്കും അറിയാം, ഡീസൽ വില വർദ്ധനയെ തുടർന്ന് ഓട്ടോറിക്ഷകൾ തങ്ങളുടെ ചാർജ്ജ് കൂട്ടിക്കഴിഞ്ഞു. ലിറ്ററിനു മുപ്പതും അതിലേറെയും കിലോമീറ്ററുകൾ ഓടാൻ കെല്പ്പുള്ളവയാണ്‌ ഹൈറേഞ്ചിൽ വ്യാപകമായി കാണപ്പെടുന്ന പുതുപുത്തൻ ഡീസൽ ഓട്ടോകൾ. അങ്ങനെ നോക്കിയാൽ വളരെ നേരിയ അധികച്ചെലവാണ്‌ അടിസ്ഥാനപരമായി ഉണ്ടാവുക. മുപ്പതെന്നതു പോകട്ടെ, പത്തു കി.മീ. പോലും ഓട്ടം വിളിച്ചാൽ മുൻപത്തേതിലും അഞ്ചു രൂപയല്ലല്ലോ ഒരോട്ടോക്കാരൻ കൂടുതലായി വാങ്ങുക, ആണോ? അല്ലെന്നു നിസ്സംശയം പറയാം.

അതായത്, ഇന്ധനവിലവർദ്ധനയുടെ മറവിൽ കൊള്ളലാഭം കൊയ്യാനുള്ള ഒരു ഉപാധിയാണ്‌ ഈ കൂലിവർദ്ധനവുകൾ. അത് അങ്ങനെയല്ലെന്നു ജനങ്ങൾക്കു തോന്നണമെങ്കിൽ ‘ആനുപാതികമായ’ നിരക്കു വർദ്ധനവുമാത്രമേ വരുത്താവൂ. നിയമങ്ങളെയും ചട്ടങ്ങളെയും സ്വാർഥലാഭത്തിനു വേണ്ടിയുള്ള ചട്ടുകങ്ങളാക്കുമ്പോൾ എല്ലാ ഭാരവുംതാങ്ങേണ്ടിവരുന്ന പൊതുജനത്തിന്‌ അർഹമായ നീതി നിഷേധിക്കപ്പെടരുത്. അവന്റെ പോക്കറ്റിൽ കയ്യിട്ടുവാരാൻ പണത്തിന്റെയും നിയാമവ്യവസ്ഥയുടെയും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരാജാക്കന്മാരുടെയും പിന്തുണയുള്ള മുതലാളിമാരെ അനുവദിക്കരുത്.


വാല്‌: ഇനി കൂലി കൂട്ടിയാൽത്തന്നെ ജനസേവകർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സഹകരണപ്രസ്ഥാനങ്ങളും ചാരിറ്റബിൾ സൊസൈറ്റികളും സമാന സ്വഭാവമുള്ള കൂട്ടുസംരംഭങ്ങളും നടത്തുന്ന ബസ് സർവ്വീസുകൾ നിലവിലെ നിരക്കിൽ തന്നെ സർവ്വീസ് തുടരാൻ തയ്യാറാവുമോ? കാരണം, ഇതു സർവീസല്ലേ ബിസിനസ്സല്ലല്ലോ!

എവടെ?? കാശുകിട്ടിയാലെന്നാ, കയ്ക്കുമോ ??? :)