Showing posts with label Kattappana. Show all posts
Showing posts with label Kattappana. Show all posts

Monday, September 05, 2016

കുറിഞ്ഞിമല - വാഗമൺ

2016 ആഗസ്റ്റ് മാസം 12-ആം തീയതി. നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങണം എന്നു വിചാരിച്ചതാണ്‌. ഓരോരോ കാരണങ്ങൾ കൊണ്ട് സാധിച്ചില്ല. എന്നാലും 6 മണി കഴിഞ്ഞപ്പോൾ വീട്ടിൽ വന്നു. കസിൻ അജയ്(കഴിഞ്ഞ പോസ്റ്റിലെ അതേ അജയ്) കട്ടപ്പനയ്ക്ക് വരാമെന്നേറ്റിട്ടുണ്ട്. നിർമ്മലാസിറ്റിയിൽ, കല്യാണത്തണ്ട് മലയിൽ നീലക്കുറിഞ്ഞികൾ പൂത്തിരിക്കുന്നു!

വൈകിട്ട് സുഹൃത്ത് ജോസിന്റെ വീട്ടിൽ പോയി. നരിയമ്പാറയിൽ കാത്തു നിന്നു. പാലയിൽ നിന്നു വന്ന ബസ്സിറങ്ങിയ അജയ്‌നെയും കൂട്ടിയാണു പോയത്. കപ്പബിരിയാണിയും അനുബന്ധങ്ങളും ഉണ്ടായിരുന്നു. നാളെ ജോസിന്റെ സഹോദരി മെർലിന്റെ ഒത്തുകല്യാണമാണ്‌.

13 ശനി.

രാവിലെ കുറ്റീം പറിച്ച് കല്യാണത്തണ്ട് മല കയറാൻ പോയി. കപ്പബിരിയാണിയുടെ ക്ഷീണവും വൈകിയുള്ള ഉറക്കവും സ്വതവേയുള്ള മടിയും കാരണം അല്പം വൈകിയാണ്‌ എണീറ്റത്. അതിനാൽ അല്പം താമസിച്ചു. തൊടുപുഴ - പുളിയന്മല സ്റ്റേറ്റ് ഹൈവേ-33-ൽ കട്ടപ്പനയിൽ നിന്നും ഏകദേശം 8 കി.മീ ഈറ്റുക്കി റൂട്ടിൽ പോയാൽ നിർമലാസിറ്റിയിൽ എതാം. ഇടതു വശത്തേക്കുള്ള അമ്പലം റോഡിലൂടെ അല്പം കയറ്റം കയറിച്ചെല്ലുമ്പോൾ വീണ്ടും മലയുടെ മുകളിലേക്ക് ഒരു മൺ റോഡു കാണാം. നീലക്കുറിഞ്ഞി കാണാൻ സിമ്പിളായിട്ട് അതിലേ പോയാൽ മതി. ഇടുക്കി ഭാഗത്തു നിന്നു വരുന്നവർക്ക് നിർമലാസിറ്റിയിൽ എത്തുന്നതിനു മുൻപേ മറ്റൊരു വഴിയുണ്ട്, എന്നാലും ഇതാവും കൂടുതൽ സൗകര്യപ്രദം എന്നു തോന്നുന്നു. മൺപാത തുടങ്ങുന്നിടത്ത് കാർ ഒതുക്കി ഞാനും അജയും നടക്കാൻ തുടങ്ങി. ക്വാറി വേസ്റ്റ് ഒക്കെയിട്ട് വഴിയിലെ വഴുക്കൽ പ്രതിരോധിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവിടെ ഏതാനും ജീപ്പുകാർ തമ്പടിച്ചിരുന്നു. മുകളിലേക്കു നടന്നു കയറാൻ വയ്യത്തവർക്ക് ടാക്സി വിളിക്കാം. റേറ്റ് ഞങ്ങൾ ചോദിച്ചില്ല.




കുറച്ചു കയറിയാൽ അതൊരു വെറും മൺ റോഡായി മാറും. ഏറ്റവും മുകളിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ചകൾ അപാരം! താഴെ നിർമ്മലാസിറ്റിയും വാഴവരയും ഒരു ചിത്രം പോലെ കിടക്കുന്നു. ഇടുക്കിക്കു നീളുന്ന റോഡിലൂടെ വാഹനങ്ങൾ പോകുന്നതു കാണാം. കട്ടപ്പന ഡയ്‌റി(മില്മ)യുടെ കെട്ടിടം താഴെ ഒരു വ്യവസായശാല പോലെ നിലകൊള്ളുന്നു. കാല്വരി മൗണ്ട്(10-ആം മൈൽ)നിപ്പുറമുള്ള ചെറുകിട തേയിൽത്തോട്ടങ്ങൾ ചിതറിയ പച്ചപ്പരപ്പുകൾ. ഹൈറേഞ്ചിന്റെ സസ്യസമൃദ്ധിക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന വീടുക്കളും ക്രിസ്ത്യൻ പള്ളികളും മറ്റു സ്ഥാപനങ്ങളും. അപ്പുറത്തുള്ള മലനിരകളിൽ പ്രകാശും തോപ്രാംകുടിയും എഴുകുംവയലുമെല്ലാം നിറയുന്നു. പക്ഷേ, ഒരിക്കലും ആ വശത്തേക്കു നോക്കാൻ നമുക്കു തോന്നുകില്ല. ഇങ്ങേച്ചെരുവിൽ അതിലും മനോഹരമായ ചിത്രമല്ലേ വരച്ചിട്ടിരിക്കുന്നത്! തൊട്ടുതാഴെ ഇടുക്കി ജലാശയത്തിന്റെ മനോഹര ദൃശ്യം. അങ്ങിങ്ങു ചെറു തുരുത്തുകളും ശ്യാമഹരിതമായ വനവും അങ്ങകലേക്ക് മേഘങ്ങളെ തൊട്ടുരുമ്മി നില്ക്കുന്ന മലനിരകളും പുൽമേടുകളും. അല്പം ഇടത്തേക്കു മാറി നോക്കിയാൽ ഇരുപതേക്കറും കാഞ്ചിയാറും പരിസരപ്രദേശങ്ങളും. ശരിക്കും ഒരു വിഹഗവീക്ഷണം തന്നെയാണ്‌ അവിടെ നിന്നും കാണുമ്പോൾ. നീലക്കുറിഞ്ഞി നില്ക്കുന്നയിടത്തേക്ക് മലയുടെ മുകളിലൂടെത്തന്നെ നീളുന്ന റോഡുണ്ട്. മലയുടെ ഉച്ചിയിൽ കാടിന്റെ അതിരുകൾ കാണിക്കുന്ന ജണ്ടകൾ കാണാമായിരുന്നു. ജണ്ടയ്ക്ക് ഇപ്പുറമുള്ള സ്ഥലങ്ങളിൽ ധാരാളമായി തീറ്റപ്പുല്ല് കൃഷി ചെയ്തിരുന്നു. മലയുടെ മുകളിൽ ആകെയുള്ള കൃഷി ഇതാണെന്നു തോന്നുന്നു.



റോഡില്ക്കൂടി ഞങ്ങൾ നടന്നു നീങ്ങി. കാർ നിർത്തിയിട്ടിടത്തു നിന്നും ജീപ്പുകൾ മലമ്പാത കയറി വരുന്നുണ്ട്. തുടരെത്തുടരെ ജീപ്പോടി വഴി നിറയെ ചെളി കുഴഞ്ഞു കിടന്നിരുന്നു. കറുത്ത നിറമാണ്‌ ആ മണ്ണിൻ, ഒപ്പം പാടത്തെ ചേറിന്റെ ഗന്ധവും.

നടന്നും ജീപ്പിലുമായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങൾ അങ്ങോട്ട് എത്തിക്കൊണ്ടിരുന്നു. ബൈക്കുകളിൽ, ആ തെന്നിത്തെറിച്ച് വഴിയിലൂടെ മലമുകളിൽ എത്തിയ സാഹസികരും ഉണ്ടായിരുന്നു.

ചെളി നിറഞ്ഞ റോഡിന്റെ അങ്ങേയറ്റം ഒരു ചെറിയ പാറക്കൂട്ടമാണ്‌. അവിടെ വരെയേ ജീപ്പു ചെല്ലുകയുള്ളൂ. ഞങ്ങൾ കാർ നിർത്തിയിടത്തു നിന്നും ഉദ്ദേശം രണ്ടു കിലോമീറ്റർ കാണും ഇവിടെ വരെ. അവിടെത്തന്നെ ഒറ്റയ്ക്കും കൂട്ടായും നില്ക്കുന്ന കുറിഞ്ഞിച്ചെടികൾ കാണുമാറായി. ജലാശയത്തിന്റെ ഭാഗത്തേക്കുള്ള ചെരിവിലാണ്‌ കൂടുതൽ പൂക്കൾ ഉള്ളത്. ഞങ്ങൾ അപ്പോഴേ പരമാവധി പൂക്കളെ ക്യാമറയിൽ പകർത്താൻ തുടങ്ങിയിരുന്നു. ഇളം വയലറ്റ് നിറത്തിൽ കുലകുലയായി തലനീട്ടി നില്ക്കുന്ന കുറിഞ്ഞിക്കൂട്ടങ്ങൾ. അവിടെ വന്നവരെല്ലാവരും ഒറ്റയ്ക്കും കൂട്ടായും നിന്നു ഫോട്ടോ എടുക്കുന്നു. മൂന്നാറിലെ രാജമലയിൽ ഉള്ളതു പോലെ മല നിറയെ പരവതാനി പോലെ നിരന്നു കാണുന്നില്ലെങ്കിലും ആ മലയിൽ നിറയെ കൂട്ടം കൂട്ടമായി കുറിഞ്ഞികൾ നില്പ്പുണ്ടായിരുന്നു. മൂന്നാറിൽ കാണുന്നന്തിന്റെ ലക്ഷത്തിലൊന്നു പോലും ഇവിടെയില്ല താനും. നീലക്കുറിഞ്ഞിയുടെ നിറസമൃദ്ധി ഒരു ഫ്രെയിമിലേക്കൊതുങ്ങാൻ തക്കവിധം ഒരു കുന്നിന്റെ മുകളിൽ അവ കൂട്ടമായി വിരിഞ്ഞു നില്ക്കുന്നെന്നു മാത്രം.



പക്ഷേ ഇതിന്റെ മനോഹാരിത എന്നു പറയുന്നത് ആ പ്രദേശത്തിന്റെ ഭംഗിയാണ്‌. വെറും പുല്ലും കുറ്റിച്ചെടികളും മാത്രം വളർന്നു നില്ക്കുന്ന മലമുകളിൽ ഒരു നീലവസന്തം, കാടിന്റെ ഹരിതാഭ, ഇടുക്കി റിസർവ്വോയറിന്റെ നീലപ്പരപ്പ്, കുടവിരിച്ചു നില്ക്കുന്ന അനന്ത വിഹായസ്സ്, ഭൂമിയെ മേഘങ്ങളിൽ മുട്ടിക്കുന്ന നെടുങ്കൻ മലനിരകൾ, നിബിഡ വനത്തിനപ്പുറം മാമലകൾ പേറുന്ന പച്ചപ്പുല്മേടുകൾ, ലോകത്തിലെ ഏറ്റവും ശുദ്ധമായ വായു, ഉള്ളം കുളിർപ്പിക്കുന്ന കുസൃതിക്കാറ്റ്... ഇതെല്ലാം ഒരു കാഴ്ചയിൽ സമ്മേളിക്കുന്ന അപൂർവ്വതയാണ്‌ കല്യാണത്തണ്ടിന്റെ സവിശേഷത.


ഒരു നിമിഷം ഒരു ഓയിൽ പെയ്ന്റിങ്ങു പോലെ തെളിയുന്ന ചിത്രം അടുത്ത കാറ്റെത്തിക്കുന്ന മഞ്ഞിനാൽ മുഖപടമിട്ട് തിരശീലയുള്ള ഒരു ജാലകക്കാഴ്ചയുടെ മായാജാലം കാണിക്കും. വെറുതേ അവിടുത്തെ ഒരു കല്ലിൽ ചടഞ്ഞുകൂടി അകലേക്കു നോക്കിയിരുന്നാൽ മേഘസുന്ദരിമാരുടെ അലസനടനം കാണം. അപ്പോഴെല്ലാം കാറ്റ് കുളിരുള്ള കൈകൾ കൊണ്ട് നിങ്ങളെ ഇക്കിളിയാക്കും.

കാഴ്ചകളിലും അനുഭൂതികളിലും മതിമറന്നിരിക്കവേ അപകടം കാറുമൂടുന്നതു കണ്ടു; ജലാശയത്തിനക്കരെ, കാടിന്റെ മുകളിൽ. കാറ്റിന്‌ അല്പം കൂടി വേഗം കൂടി. പ്രസന്നമായി വെയിൽ തൂകി നിന്ന വാനം മിഴി പൂട്ടി. സന്ധ്യയായ പ്രതീതി. അഞ്ചു മിനിറ്റായില്ല, ആദ്യത്തെ തുള്ളി വീണു. കുട വണ്ടിയിൽ തന്നെ വച്ചിട്ടു പോന്നല്ലോ! ക്യാമറ ധൃതിപ്പെട്ട് ബാഗിലാക്കി. കയറി നില്ക്കാൻ ഒരു മരത്തിന്റെ നിഴലു പോലുമില്ല. മഴയെ വൃഥാ തടുക്കാൻ കർചീഫ് തലയിൽ ഇട്ടുകൊണ്ട് പറ്റാവുന്ന വേഗത്തിൽ ഓടി. ഇടയ്ക്കുവെച്ച് മഴയൊന്നു ശമിച്ചെങ്കിലും ഞങ്ങൾ ഇരുവരും പൂർണ്ണമായി നനഞ്ഞു കുതിർന്നു - ഒത്തുകല്യാണം കൂടേണ്ടതാണ്‌.

വണ്ടിയിൽ വന്നുകയറി. പറ്റുന്നതുപോലെ തലയും ദേഹവും തുടച്ചു. മഴ വീണ്ടും കസറാൻ തുടങ്ങുകയാണ്‌. ഹീറ്റർ ഓണാക്കിയിട്ട് നേരെ നരിയമ്പാറ പള്ളിയിലേക്കു വെച്ചു പിടിച്ചു. വഴിനീളെ മഴ കൊലവിളിച്ചുനിന്നു. ഭാഗ്യം അത്ര നേരമെങ്കിലും മഴയുടെ ശല്യമില്ലാതെ കുറിഞ്ഞിമല ആസ്വദിക്കാനൊത്തല്ലോ!


അവിടെയെത്തിയപ്പോളെക്കും ദേഹവും െസ്സുമെല്ലാം ഒരുവിധം ഉണങ്ങിക്കഴിഞ്ഞിരുന്നു. സമയം ഒരുമണി. ഒന്നാം പന്തി വിരുന്ന് തുടങ്ങിയിരുന്നു. ഓഫീസിലെ പരിചയക്കാരെയെല്ലാം കണ്ട് സംസാരിച്ചു നിന്നു. അടുത്ത ട്രിപ്പിനു കഴിക്കാൻ കയറി. ഭക്ഷണ ശെഷം അവിടെ കാണനുള്ളവരെയൊകെ കണ്ടു തീർത്ത് വാഗമൺ വഴി പാലായ്ക്ക്.. എങ്ങനെ ? വാഗമൺ വഴി..

Thursday, September 20, 2012

തൂമ്പ വേണ്ട, സൂചി മതിയാകും.

കേരളം മറ്റൊരു ബസ് ചാർജ്ജ് വർധനയുടെ പടിവാതില്ക്കൽ എത്തി നില്ക്കുകയാണല്ലോ. പറഞ്ഞിട്ടും കാര്യമില്ല എന്ന് അറിഞ്ഞുകൊണ്ടു തന്നെ വീണ്ടും ചില കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ.

കഴിഞ്ഞ വർഷമാണ്‌ കേരളം ഒരു ബസ് ചാർജ്ജ് വർധനയ്ക്കു സാക്ഷ്യം വഹിച്ചത്. എന്നാൽ അന്നുണ്ടായ കൂലികൂട്ടൽ അശാസ്ത്രീയമായിരുന്നു എന്നും ഫെയർ സ്റ്റേജ് സംബന്ധിച്ചും മിനിമം ചാർജ്ജു നല്കി സഞ്ചരിക്കാവുന്ന ദൂരം സംബന്ധിച്ചും നിരവധി ആശങ്കകളും തർക്കങ്ങളും ഉണ്ടായിരുന്നു. അബദ്ധജടിലമായ ബസ് ചാർജ്ജ് നിർണ്ണയമായിരുന്നു അതെന്ന് പല തലങ്ങളിൽ നിന്നും ആരോപണവും ഉയർന്നിരുന്നു. ജീവനു വരെയും ഭീഷണിയാകാവുന്ന പ്രശ്നങ്ങളോടു പോലും ‘കാലക്രമേണ അഡ്ജസ്റ്റു ചെയ്തു പോകുന്ന’ ഇന്ത്യൻ സ്വഭാവം അന്നുണ്ടായ പരാതികളെയും തോല്പ്പിച്ചു. അവയൊക്കെ പരിഹരിക്കപ്പെട്ടോ എന്ന് ഇനി പ്രതിഷേധവുമായി ഇറങ്ങുന്നതിനു മുൻപ് വിദ്യാസമ്പന്നരും പ്രബുദ്ധരുമായ പൊതുജനമേ നീ ചിന്തിക്കണം. എന്തെന്നാൽ, കബളിപ്പിക്കപ്പെടുന്നതും അറിഞ്ഞുകൊണ്ടും അതിനൊക്കെ തലവെച്ചു കൊടുക്കുന്നതും നിനക്കൊരു ശീലമാണ്‌.

ഇത്തവണ ബസ്സുടമകളുടെ ആവശ്യം മിനിമം ചാർജ്ജ് 7 രൂപ ആക്കണമെന്നതാണ്‌. അങ്ങനെ സംഭവിച്ചാൽ ഈയടുത്ത പ്രദേശങ്ങളിൽ ഏറ്റവും ചെലവേറിയ പൊതുയാത്രാ സംവിധാനമുള്ള സംസ്ഥാനമാവും നമ്മുടേത്. കേരളത്തിലെ റോഡുകളുടെ സ്ഥിതി ശോചനീയമാണെന്ന ഒറ്റ ന്യായം കൊണ്ട് ഇപ്പറഞ്ഞതിനെ ബസ്സുടമകളും തള്ളും എന്നതു വ്യക്തമാണ്‌. സമ്മതിച്ചു.

ബസ് വ്യവസായം നഷ്ടത്തിലാണെന്ന ബസ്സുടമകളുടെഭാഷ്യത്തിനു പുറമേ ഈ വിലവർദ്ധനവു കൊണ്ട് ഓരോ ദിവസവും 1000 രൂപയുടെ നഷ്ടമാണ്‌ ഒരു ബസ്സിന്‌ ഉണ്ടാവുന്നതെന്നാണ്‌ മറ്റൊരു നിരീക്ഷണം. മിനിമം ചാർജ്ജ് ഒറ്റയടിക്ക് 2 രൂപ വർധിപ്പിക്കുന്നതിലൂടെ മാത്രം എത്രകണ്ട് വരുമാനവർധനവ് ഉണ്ടാവുമെന്ന് നിങ്ങൾ സ്ഥിരം യാത്ര ചെയ്യുന്ന ഒരു ബസ്സിലെ ഒരു ദിവസം യാത്ര ചെയ്യുന്ന ആകെ യാത്രക്കാരുടെ ഏകദേശം എണ്ണത്തെ രണ്ടു കൊണ്ട് ഗുണിച്ചാൽ അറിയാം. എന്നുവെച്ചാൽ ഒരു ദിവസം 300 പേർ കയറി ഇറങ്ങുന്ന ബസ്സാണെങ്കിൽ പോലും ഇത്തരം ഒരു ചാർജ്ജ് വർദ്ധന 600 രൂപ വരുമാനം കൂട്ടും. അപ്രകാരം നോക്കിയാൽ മിനിമം ചാർജ്ജിനു മേലെ തുക ഈടാക്കാവുന്ന മറ്റു ടിക്കറ്റുകൾ കൂടി കണക്കിലെടുക്കുമ്പോൾ വലിയ ലാഭം ഉണ്ടാകുമെന്ന വസ്തുത വ്യക്തമാകും. ദീർഘദൂരബസ്സുകളിലെ കണക്കും ഇതേയടിസ്ഥാനത്തിൽ തന്നെ ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.

എണ്ണത്തിൽ ഭൂരിഭാഗവും സ്വകാര്യബസ്സുകൾ ഉള്ള നാടാണിത്. ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി.യുടെ സാന്നിദ്ധ്യമാവട്ടെ നന്നേ കുറവും. മറ്റൊരു കാര്യം ഹൈറേഞ്ചിൽ പുത്തൻ ബസ്സുകളുടെ വസന്തകാലമാണ്‌ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉള്ളതെന്നാണ്‌. പുതുതലമുറ ബസ്സുകൾ മാറി മാറി ഇറക്കി ഈ ബിസ്സിനസു തുടർന്നുകൊണ്ടു പോകാൻ ചില കാരണങ്ങൾ ഉണ്ട്. പുതിയ ബസുകൾക്കു ഇന്ധനം,ടയർ,സ്പെയർ പാർട്സ് ഇനങ്ങളിൽ ചെലവ് പഴയവയെ അപേക്ഷിച്ചു കുറവാണ്‌. കൂടുതൽ ശക്തിയും വേഗവുമുള്ളവയാണ്‌ പുത്തൻ വാഹനങ്ങൾ. ശബ്ദം കുറവും യാത്രാസുഖം കൂടുതലും ഉണ്ട്. പവർ സ്റ്റിയറിങ്ങ് മുതലായ സംവിധാനങ്ങൾ ഉള്ളതിനാൽ ഡ്രൈവർമാർക്കും ആയാസം കുറവുണ്ട്. എന്നിരുന്നാലും ഡീസൽ ചെലവ് തന്നെയാണ്‌ പ്രവർത്തനച്ചെലവിം എപ്പോഴും മുന്നിൽ. മേലെ പ്രസ്താവിച്ച മാതിരി ഭീമമായനഷ്ടം സഹിച്ചുകൊണ്ട് ലക്ഷക്കണക്കിനു രൂപ കടമെടുത്തും മുടക്കിയും ബസ് സർവ്വീസ് നടത്തുന്നത് അവരുടെ പ്രസ്താവന ശരിയാണെങ്കിൽ ലോകവ്യാപകമായി പ്രകീർത്തിക്കപ്പെടേണ്ട സാമൂഹ്യസേവനം തന്നെയാണ്‌. ഡീസൽ വില വർദ്ധിപ്പിച്ച ശേഷമുള്ള ഓരോ ദിവസവും ബസ്സുടമകൾ ആയിരമോ അതിനു മേലെയോ നഷ്ടം സഹിച്ചാണ്‌ ഓടുന്നതെങ്കിൽ പ്രിയപ്പെട്ട വായനക്കാരാ, യാത്രക്കാരാ, ഓസുകയാണു നാമൊക്കെ. അതും പാവം ബസ് മുതലാളിയുടെ കഞ്ഞിപ്പാത്രത്തിൽ നിന്നും കയ്യിട്ടു വാരിയിട്ട്. ഇതു ക്രൂരതയല്ലേ? അപ്പോൾ ‘ന്യായമായും’ രണ്ടു രൂപയെങ്കിലും മിനിം ചാർജ്ജിൽ വർദ്ധിപ്പിക്കണം. കാരണം ഈ ബസ്സു മുതലാളിമാരൊക്കെ ഈ ഭീമമായ നഷ്ടം സഹിക്കാനാവാതെ ബസ്സും വിറ്റ് കിട്ടുന്ന കാശ് വട്ടിപ്പലിശയ്ക്കു കൊടുത്ത് വീട്ടിലിരുന്നാൽ നമ്മളു പിന്നെ എങ്ങനെ യാത്ര ചെയ്യും?

ഇനിയുള്ള പുതുക്കിയ കൂലികൾ തൊട്ടടുത്ത ഒരു രൂപയ്ക്ക്(തൊട്ടു മുകളിലേത്) റൗണ്ടു ചെയ്യുമ്പോഴും നിങ്ങൾ പിടുങ്ങുന്നുണ്ടെന്നതു വിസ്മരിച്ചു കൂടാ. അൻപതു പൈസയുടെ കച്ചവടം ഇപ്പോൾ പ്രായോഗികമായി എങ്ങുമില്ലല്ലോ. ഹൈറേഞ്ചിൽ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ബസ്സുകളുടെ ‘പ്രൊമോഷൻ’(ഓർഡിനറിയെ ഫാസ്റ്റും സൂപ്പർ ഫാസ്റ്റും എക്സ്പ്രസ്സും ഒക്കെ ആക്കൽ) മറ്റൊരു വധം ആണ്‌. പത്തും പതിനഞ്ചും രൂപയൊക്കെയാണു മിനിമം. അതു പോട്ടെ, ‘ഇത്തിൾക്കണ്ണികളായ’ വിദ്യാർഥികളെ ഒഴിവാക്കാനുള്ള കുൽസിതമാർഗ്ഗമായും ഈ ഇനം മാറ്റത്തെ ഉപയോഗപ്പെടുത്താമെന്നതു മറ്റൊരു ഗുണം. വരുമാനവും കൂടുതൽ, പിള്ളേർ-ശല്യം ഒഴിവാകുകയും ചെയ്യും. ആകയാൽ, വിദ്യാർഥികൾക്കുള്ള യാത്രാസൗജന്യം നിലവിലുള്ളതുപോലെ തുടർന്നുപോകണം എന്നാണ്‌ എന്റെ അഭിപ്രായം. പ്രത്യേകിച്ച് യാത്രാ സൗകര്യം കുറവുള്ള ഹൈറേഞ്ചിൽ ഇതു വളരെ പ്രസക്തമാണ്‌. അതു കൂടാതെ, കാലഹരണപ്പെട്ട ചില ചട്ടങ്ങളുടെ പേരിൽ, ഹൈറേഞ്ചിൽ ബസുകൾ അധികമായി ഈടാക്കുന്ന കൂലി - ആ കൊള്ളയും പിൻവലിക്കണം. കാരണം ഇവ ഇന്നാട്ടിലെ ജനങ്ങളോടു ചെയ്യുന്ന അനീതിയാണ്‌.

ഇനി പറയാൻ വന്ന കാര്യം. ചാർജ്ജു വർദ്ധിപ്പിക്കണ്ട എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ ഒരുവർഷത്തിനു ശേഷം മറ്റൊരു കൂലി പുതുക്കൽ വരുമ്പോൾ പൊതു ജനത്തിനു പറയാനുള്ളത് ഇതാണ്‌. ഇന്ധനവില ഓരോ തവണയും കൂടുമ്പോൾ അംഗീകൃതവും അല്ലാത്തതുമായ ഇത്തരം വില/കൂലി വർദ്ധനവുകളുടെ ഭാരം താങ്ങേണ്ടിവരുന്നത് ഈ പിരമിഡിലെ അവസാനവർഗ്ഗമായ ഉപഭോക്താക്കൾ അഥവാ എൻഡ് യൂസർമാർ ആണ്‌. ഒരു കോഴി മുട്ടയ്ക്ക് ഇരുപത്തഞ്ചു പൈസ കൂടിയാൽ രണ്ടു മുട്ട കൊണ്ട് ഉണ്ടാക്കുന്ന ഒരു ഓംലറ്റിന്‌ ഒരുരൂപയോ അതിലും കൂടുതലോ അധികമായി കൊടുക്കേണ്ടിവരുന്നവരാണ്‌ ഉപഭോക്താക്കൾ. പൊതുസമൂഹത്തിൽ ചർച്ചയായില്ലെങ്കിലും, പലർക്കും അറിയാം, ഡീസൽ വില വർദ്ധനയെ തുടർന്ന് ഓട്ടോറിക്ഷകൾ തങ്ങളുടെ ചാർജ്ജ് കൂട്ടിക്കഴിഞ്ഞു. ലിറ്ററിനു മുപ്പതും അതിലേറെയും കിലോമീറ്ററുകൾ ഓടാൻ കെല്പ്പുള്ളവയാണ്‌ ഹൈറേഞ്ചിൽ വ്യാപകമായി കാണപ്പെടുന്ന പുതുപുത്തൻ ഡീസൽ ഓട്ടോകൾ. അങ്ങനെ നോക്കിയാൽ വളരെ നേരിയ അധികച്ചെലവാണ്‌ അടിസ്ഥാനപരമായി ഉണ്ടാവുക. മുപ്പതെന്നതു പോകട്ടെ, പത്തു കി.മീ. പോലും ഓട്ടം വിളിച്ചാൽ മുൻപത്തേതിലും അഞ്ചു രൂപയല്ലല്ലോ ഒരോട്ടോക്കാരൻ കൂടുതലായി വാങ്ങുക, ആണോ? അല്ലെന്നു നിസ്സംശയം പറയാം.

അതായത്, ഇന്ധനവിലവർദ്ധനയുടെ മറവിൽ കൊള്ളലാഭം കൊയ്യാനുള്ള ഒരു ഉപാധിയാണ്‌ ഈ കൂലിവർദ്ധനവുകൾ. അത് അങ്ങനെയല്ലെന്നു ജനങ്ങൾക്കു തോന്നണമെങ്കിൽ ‘ആനുപാതികമായ’ നിരക്കു വർദ്ധനവുമാത്രമേ വരുത്താവൂ. നിയമങ്ങളെയും ചട്ടങ്ങളെയും സ്വാർഥലാഭത്തിനു വേണ്ടിയുള്ള ചട്ടുകങ്ങളാക്കുമ്പോൾ എല്ലാ ഭാരവുംതാങ്ങേണ്ടിവരുന്ന പൊതുജനത്തിന്‌ അർഹമായ നീതി നിഷേധിക്കപ്പെടരുത്. അവന്റെ പോക്കറ്റിൽ കയ്യിട്ടുവാരാൻ പണത്തിന്റെയും നിയാമവ്യവസ്ഥയുടെയും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരാജാക്കന്മാരുടെയും പിന്തുണയുള്ള മുതലാളിമാരെ അനുവദിക്കരുത്.


വാല്‌: ഇനി കൂലി കൂട്ടിയാൽത്തന്നെ ജനസേവകർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സഹകരണപ്രസ്ഥാനങ്ങളും ചാരിറ്റബിൾ സൊസൈറ്റികളും സമാന സ്വഭാവമുള്ള കൂട്ടുസംരംഭങ്ങളും നടത്തുന്ന ബസ് സർവ്വീസുകൾ നിലവിലെ നിരക്കിൽ തന്നെ സർവ്വീസ് തുടരാൻ തയ്യാറാവുമോ? കാരണം, ഇതു സർവീസല്ലേ ബിസിനസ്സല്ലല്ലോ!

എവടെ?? കാശുകിട്ടിയാലെന്നാ, കയ്ക്കുമോ ??? :)

Monday, March 19, 2012

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 8

സ്സലു ഹൈറേഞ്ച്‌ റോഡാണ്‌ തൂക്കുപാലം-പുളിയന്മല-കട്ടപ്പന റോഡ്‌. ഞങ്ങളുടെ ഡ്രൈവര്‍ ശ്രീ. റെജി പ്രകടമായ തഴക്കത്തോടെ ആ മുരടന്‍ ജീപ്പിനെ ആ വഴികളിലൂടെ തെളിച്ചു. വണ്ടി പുളിയന്മല എത്താറായപ്പോഴേക്കും ചര്‍ച്ചകള്‍ ഉച്ചസ്ഥായിയിലെത്തിയിരുന്നു - 'യാതു പടം കാണണം?' രണ്ടു സിനിമകളാണ്‌ പ്രധാനമായും കട്ടപ്പനയിലെ തീയേറ്ററുകളില്‍ ഓടുന്നത്‌. സാഗരായില്‍ വെനീസിലെ വ്യാപാരിയും ഐശ്വര്യായില്‍ അറബീം ഒട്ടകോം പി. മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമിക്കഥ(ഏതു ചെറ്റയാണാവോ ഇത്രയും നല്ല പേര്‌ ഇതിനിട്ടത്‌! * ).

റിവ്യൂകള്‍ ഒക്കെ വീട്ടിലിരുന്നപ്പോള്‍ തന്നെ വായിച്ചിരുന്നു. രണ്ടും കുഴപ്പമില്ല എന്ന ഒരു അവലോകനമാണ്‌ റിവ്യൂ വായിച്ച മ..ഹാന്മാര്‍ തന്നത്‌. ആയതിനാല്‍ ഏതു പടം എന്ന കാര്യം ടോസ്സിലൂടെ തീരുമാനിക്കാം എന്നു നിശ്ചയിക്കുകയും ഒരു ഒറ്റരൂപാ നാണയം എടുത്ത്‌ ജീപ്പിന്റെ പിന്‍സീറ്റിലിരുന്ന മള്‍ട്ടി പണിതുടങ്ങുകയും ചെയ്തു. ബെസ്റ്റ്‌ ഒഫ്‌ ത്രീ. ആദ്യം വീണതു വെനീസിലെ വ്യാപാരി. രണ്ടാമതു അറബിയൊട്ടകം. ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍!

മൂന്നാമത്‌ ... മൂന്നാമത്‌ അറബിയൊട്ടകം!!!

അങ്ങനെ രണ്ടാമതൊരാലോചനയില്ലാത്തവിധം അറബിയൊട്ടകം നമ്മള്‍ കാണുന്നു എന്നുറപ്പിച്ചു. ഐശ്വര്യാ തീയേറ്ററിനു മുന്നില്‍ ഞങ്ങളെ ഇറക്കി. വണ്ടിക്കൂലിയും കൊടുത്ത്‌ അയാളെ പറഞ്ഞുവിട്ടു തിരിഞ്ഞു നോക്കുമ്പോള്‍ അടുത്തകാലത്തൊന്നും കാണ്ടിട്ടില്ലാത്തത്ര വാഹനങ്ങളാണ്‌ തീയേറ്ററിന്റെ മുന്നില്‍. പുത്തന്‍ കാറുകള്‍, അസംഖ്യം ബൈക്കുകള്‍, ഓട്ടോകള്‍, പോഷ്‌ കാറുകള്‍. കട്ടപ്പനക്കാരൊക്കെ ഇത്ര പണക്കാരായോ?? ബ്ലോഗര്‍ നെറ്റി ചുളിച്ചു.

***** ***** *****

അറുപതു രൂപയ്‌ക്ക്‌ ബാല്‍ക്കണി ടിക്കറ്റെടുത്തു കയറുമ്പോഴേക്കും ടൈറ്റില്‍ കാട്ടിത്തുടങ്ങിയിരുന്നു. അവിടെ ഞാന്‍ ബാല്‍ക്കണീല്‍ കയറാത്തതാണ്‌. ഒന്ന്‌ അറുപതു രൂപാ കൊടുക്കാനുള്ള സെറ്റപ്പ്‌ ആ തീയേറ്ററിനില്ല. രണ്ട്‌ ആകാശത്തിരുന്നു ഭൂമീലോട്ടു നോക്കുന്നതു പോലെ വേണം സ്ക്രീനിലേക്കു നോക്കാന്‍. എന്തായാലും ഒരു ചങ്ങാതിക്കൂട്ടത്തിലായതു കൊണ്ട്‌ കൂടുതലൊന്നും ആലോചിച്ചില്ല.

പടം തുടങ്ങി. മോഹന്‍ലാല്‍ ഉറക്കം ഉണരുന്നു, പല്ലുതേക്കുന്നു, ഷര്‍ട്ട്‌ തേക്കുന്നു.... മലബാര്‍ ഗോള്‍ഡില്‍ പോയി ഒരു മോതിരം സെലക്റ്റ്‌ ചെയ്യുന്നു. ഇവിടം വരെ, കൃത്യമായി പറഞ്ഞാല്‍ ലക്ഷ്‌മി റായി(അവള്‍ടെ ഗ്ലാമറിന്‌ ഒരഞ്ചു മാര്‍ക്ക്‌!)ക്കുവേണ്ടി ആ മോതിരം ഉപേക്ഷിക്കാന്‍ സുമനസ്സായ നായകന്‍ ലാലേട്ടന്‍ ലോകത്തെങ്ങുമില്ലാത്ത 'ശുഷ്‌കാന്തി' കാണിക്കുന്ന ഭാഗം വരെ ഞങ്ങള്‍ സിനിമ ആസ്വദിച്ചു എന്നതാണു നേര്‌.

പിന്നെയങ്ങോട്ട്‌ മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന യാദൃശ്ചികതകള്‍. സ്വിമ്മിംഗ്‌ പൂളിലെ തുണി അലക്കല്‍. ഒരുപാടു പറയാന്‍ നിന്നാല്‍ ഞാന്‍ ആ സിനിമ മുഴുവന്‍ ഇവിടെ എഴുതേണ്ടി വരും! തമാശകള്‍! ഹ..ഹ..ഹഹഹഹ! ചിരിച്ചതല്ല, അട്ടഹസിച്ചതാ. അതിലെ തമാശകള്‍ കേട്ടും കണ്ടും ഞങ്ങള്‍ ആറുപേരും ചിരിക്കാന്‍ മറന്ന്‌ പലപ്പോഴും മുഖത്തോട്‌ മുഖം നോക്കി.

അതേ സമയം തൊട്ടുപിന്നിലെ നിരയില്‍ ഇരുന്ന ഒരുവന്റെ നിര്‍ത്താതെയുള്ള ചിരി ഞങ്ങളെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ചു. പലപ്പോഴും എന്റെ അടുത്തിരുന്ന മള്‍ട്ടി പല്ലിരുമ്മി. തെന്നിത്തെന്നി എങ്ങാണ്ടോട്ടൊക്കെയോ കഥ(അങ്ങനെയൊന്നുണ്ടെങ്കില്‍) നീങ്ങുമ്പോള്‍ പിന്നിലെ ആ കശ്‌മലന്മാര്‍ ചിരിച്ചു മറിഞ്ഞ്‌ ഞങ്ങളുടെ ഉള്ള സ്വസ്ഥത കൂടി കെടുത്തുകയായിരുന്നു. പ്രിയദര്‍ശന്‍ എന്ന 'സെലിബ്രേറ്റഡ്‌ ഡിറക്‌ടര്‍' ഇത്രയും കാമ്പില്ലാത്ത ഒരു സിനിമയും കൊണ്ട്‌ എന്തിനു വന്നെന്നോര്‍ത്ത്‌ നായകനെയും സംവിധായകനെയും എന്തിന്‌ ഈജിപ്ഷ്യന്‍ ട്യൂണ്‍ മോഷ്‌ടിച്ചു പാട്ടുണ്ടാക്കിയ ചിരിക്കുട്ടനെയും വരെ പറ്റാവുന്നത്ര ചീത്തപറഞ്ഞും ഞങ്ങള്‍ നേരം പോക്കി. അതിനിടെ ദോഷൈകദൃക്ക്‌, ഞാന്‍, രണ്ടു 'ഗൂഫു'കളും കണ്ടെത്തി. ദോഷം പറയരുതല്ലോ ഒരു ഡയലോഗിന്‌, ഒരൊറ്റ ഡയലോഗിനു ഞാന്‍ ചിരിച്ചു. മരുഭൂമിയില്‍ വെകിളി പിടിച്ചു നില്‍ക്കുമ്പോള്‍ എങ്ങോട്ടു നോക്കിയാലും മണല്‍ മാത്രം കണ്ട്‌ കലികയറി മുകേഷിന്റെ കഥാപാത്രം പറയുന്നതു കേട്ടപ്പോള്‍: "ഇവിടെങ്ങും മണല്‍ മാഫിയായും ഇല്ലേ?" പിന്നെ, അടികൊണ്ട സുരാജിന്റെ കഥാപാത്രത്തെ വിവാഹവിരുന്നു നടക്കുന്ന വീട്ടില്‍ നിന്നു നീക്കം ചെയ്യുന്ന കാഴ്‌ചയും ചിരിപ്പിച്ചു.

ചന്ദ്രലേഖയിലെ തുണി പറിക്കലും സകലമാന പ്രിയന്‍ പടത്തിലും ഉള്ള ഒളിച്ചുകളി-ആള്‍മാറാട്ടം-അങ്കലാപ്പ്‌-അലങ്കോലം (വെട്ടത്തിലെ അലമ്പുമായി കൂടുതല്‍ അടുത്തു നിന്നു അവ), കാക്കക്കുയിലില്‍ കണ്ട നായകന്റെ പ്രാരാബ്‌ധങ്ങള്‍, അതിലെപ്പോലെ തന്നെ മുകേഷ്‌ ഒരു തട്ടിപ്പാണെന്ന തോന്നല്‍ ഒക്കെ പ്രിയദര്‍ശന്‍ സിനിമകളുടെ ഒരു റീക്യാപ്‌ പോലെ തോന്നിപ്പിച്ചു. ഊരും പേരും കുടുംബക്കാരെയും പോലും മനസ്സിലാക്കാതെ കല്യാണം കഴിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന നായകന്‍(അയാള്‍ക്ക്‌ മുട്ടി നില്‍ക്കുവാരുന്നെന്നു തോന്നുന്നു, കെട്ടാന്‍!), നായിക പ്രതിശ്രുത വരനു കാത്തുവെയ്‌ക്കുന്ന ഒരു സസ്‌പെന്‍സ്‌(അവള്‍ടെ കളര്‍ ഫോട്ടോസ്റ്റാറ്റ്‌ എടുത്തപോലെ ഉള്ള ഒരു സഹോദരി), അതറിയുമ്പോള്‍ എല്ലാ കണ്‍ഫ്‌യൂഷനും തീരുന്ന നായകന്‍, നിധികുംഭം കൊണ്ടു ചാടിവീണ്‌ ക്ലൈമാക്‌സില്‍ എല്ലാം ശുഭമാക്കുന്ന ഭാവനയുടെ വേഷം, ഒപ്പം വേഷമില്ലായ്‌മ(മാധവേട്ടനെന്നും എന്ന ഗാനരംഗം) എന്നിവയും ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ടുന്നസവിശേഷതകളാണ്‌. (മേലെ പടം പരാമര്‍ശിച്ചിടത്ത്‌ * ഇട്ടതിന്റെ കാരണമെന്ത്‌ എന്ന ചോദ്യത്തിനും ഉത്തരം ഈ 3 ഖണ്ഡികകള്‍ തന്നെ)

ഇടവേളയില്‍ എന്തെങ്കിലും കൊറിക്കാന്‍ വാങ്ങാം എന്നുകരുതി പുറത്തിറങ്ങി. തീയേറ്ററിന്റെ ഗേറ്റ്‌ അടച്ചിട്ടുണ്ട്‌. അതായതു പടം തുടങ്ങിക്കഴിഞ്ഞാല്‍ പുറത്തുള്ളവര്‍ക്ക്‌ അകത്തേക്കും അകത്തുള്ളവര്‍ക്കു പുറത്തേക്കും പ്രവേശനമില്ല. ഒരു പ്രകാരത്തില്‍ നല്ലതാണെങ്കിലും ഇങ്ങനത്തെ ഒരു സിനിമ കാണുന്നവന്‌ മനസ്സുമടുത്താല്‍ ഇവിടെ നിന്നൊന്നു രക്ഷപ്പെടാന്‍ പോലും വഴിയില്ലല്ലോ ദൈവമേ എന്നു ഞാന്‍ ഓര്‍ത്തുപോയി. അതിലുപരി, ഇടവേളയില്‍ പ്രേക്ഷകരില്‍ നിന്നുള്ള സകല കച്ചവടവും തീയേറ്റര്‍ കാന്റീനു തന്നെ ലഭിക്കും എന്ന ക്രൂരമായ വാണിജ്യതാല്‍പര്യവും!

സ്വീറ്റ്‌ പൊറോട്ടയും മിക്‌സ്‌ചറുമൊക്കെ വാങ്ങുന്നതിനു ഞാന്‍ തിരക്കു കൂട്ടുമ്പോഴാണ്‌ ആ തല ഞാന്‍ മുന്നിലെ ആള്‍ക്കൂട്ടത്തില്‍ കാണുന്നത്‌. തൊട്ടു പിന്നില്‍ ചെന്നു നിന്നു 'തക്കായീ, തക്കായീ' എന്നു വിളിച്ചു. ഞെട്ടിത്തിരിഞ്ഞ്‌ അവന്‍ നോക്കി, ഇപ്പോ ഇവിടെ ആരാ തന്നെ അങ്ങനെ വിളിക്കാന്‍! കക്ഷി നേരത്തെ ഞാന്‍ വിളിച്ച അനിലാണ്‌. അപാര വണ്ടറായിപ്പോയി ആ കൂടിക്കാഴ്‌ച. വിശേഷങ്ങളൊക്കെ പങ്കുവെച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു - ഈ പടം കാണാന്‍ വരാനുള്ള ഓട്ടത്തിലായിരുന്നു അല്ലേ വിളിച്ചപ്പോള്‍! അതെയെന്ന വെളിപ്പെടുത്തലിനു പിന്നാലെ മറ്റൊരദ്ഭുതം കൂടി തേടിവന്നു, കുട്ടന്‍ എന്ന അരുണും ഉണ്ട്‌ അവന്റെ ഒപ്പം. തീയേറ്ററില്‍ കയറിയപ്പോള്‍ അവനെയും കണ്ടു. പടം കഴിഞ്ഞ്‌ ഇറങ്ങിയപ്പോള്‍ കുറേനേരം അവിടെ നിന്ന്‌ സംസാരിച്ചിട്ടാണു ഞങ്ങള്‍ പിരിഞ്ഞത്‌.

ബി.എസ്‌സി കാലഘട്ടത്തിലെ അതേ കുസൃതിക്കാരായ സഹപാഠികളായി ആ നേരമത്രയും ഞങ്ങള്‍ മാറുകയായിരുന്നു. കുട്ടന്‍ വിവാഹിതനായത്‌ അടുത്തകാലത്താണ്‌.

അനില്‍ ഇപ്പോഴും കെട്ടാച്ചരക്കായി നില്‍ക്കുന്നതിനെ ഞാന്‍ കളിയാക്കി - "എന്തോന്നടെ വയസ്സു മുപ്പത്തിനാലായില്ലേ? ഇനീം എന്തിനാ വൈകിക്കുന്നെ?" "മുപ്പത്തിനാലു നിന്റെ.... ഞാന്‍ പറയുന്നില്ല..!" (ഇന്‍ ഫാക്റ്റ്‌ അവന്‍ പറഞ്ഞായിരുന്നു, ഞാന്‍ എഴുതുന്നില്ല.) അടുത്ത ഗോളും എനിക്കിട്ടായിരുന്നു.

"ജെ.. എന്തിയേടാ ഇപ്പ? വിളിക്കാറൊക്കെ ഉണ്ടോ?"

"ജെ...യോ? അവളു രണ്ടു പിള്ളാരുമായി സ്വസ്ഥമായി കുടുംബജീവിതം നയിക്കുന്നു."

കണ്ടോടാ കുട്ടാ, ഇവനെ മാത്രമേ അവള്‍ നമ്മടെ കൂട്ടത്തീന്നു കല്യാണത്തിനു വിളിച്ചൊള്ളു.. അതെന്നാടാ അങ്ങനെ?"

"പോടേ... ക്ഷണം വന്നോരെല്ലാം ചെല്ലാതിരുന്നേനു ഞാനെന്നാ പെഴച്ചു? അല്ലാ, മറ്റേ മാളു ഇപ്പ എവടെയാ ഖത്തറില്‍ തന്നെയാണോ? ഇപ്പോ വിളിയൊന്നുമില്ലേ? പണ്ടൊക്കെ പതിവായി വിളിക്കുമാരുന്നല്ലോ? അവക്കു പിള്ളാരൊക്കെയായോ? പിന്നേ വേറൊരെണ്ണം ഒണ്ടാരുന്നല്ലോ തൂക്കുപാലത്തെ ... ഒരു കടയിലെ പെണ്ണ്‌... "

അവനെ മലര്‍ത്തിയടിക്കേണ്ടത്‌ എന്റെ ഗസ്റ്റുകളുടെ മുന്നില്‍ അഭിമാനത്തിന്റെ പ്രശ്നമായതിനാല്‍ ഞാന്‍ ഒരു ബ്രഹ്‌മാസ്‌ത്രം തന്നെ തൊടുത്തു. അനില്‍ സാമാന്യം ശക്തമായി എന്റെ വയറ്റത്തു തോണ്ടി. അപ്പോഴാണ്‌ അനിലിന്റെയും കുട്ടന്റെയും ഒപ്പം നിന്നിരുന്ന ഒരുവനെ ഞാന്‍ കണ്ടത്‌. അതോടെ വിഷയം മാറ്റി. താമസിയാതെ പിരിഞ്ഞു. എന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത അന്നാണ്‌ ഇതിനു മുന്‍പ്‌ ഇരുവരെയും നേരിട്ടു കണ്ടത്‌. അനില്‍ നെടും‌കണ്ടത്തെ ഒരു പ്രമുഖ ജ്വല്ലറിയില്‍ ജോലി ചെയ്യുന്നു. കുട്ടന്‍ ട്രാന്‍സ്പോര്‍ട്ടില്‍ കണ്ടക്ടറാണ്. അനില്‍ രണ്ടു വര്‍ഷം എന്റെ റൂം‌മേറ്റ് ആയിരുന്നു. ഞങ്ങളുടെ അയല്പക്കത്താ‍യിരുന്നു കുട്ടനും താമസം. എന്തും പറയാനും എത്രവേണമെങ്കിലും കളിയാക്കാനും പറ്റുന്ന കൂട്ടുകാര്‍. സ്നേഹിച്ചും സഹായിച്ചും സുഖത്തിലും കഷ്ടപ്പാടിലും കൂ‍ടെ നിന്ന മിത്രങ്ങള്‍. ഇന്നുവരെ പിണങ്ങാത്ത രണ്ടുപേര്‍. ഈ കൂട്ടുകാരെ കണ്ടില്ലായിരുന്നെങ്കില്‍ ആ സായാഹ്നം ഒരു വെറുക്കപ്പെട്ട അദ്ധ്യായമായി മാറിയേനെ.

***** ***** *****

ടൗണിലേക്കു നടക്കുമ്പോള്‍ സിനിമയെപ്പറ്റി ഒരു ചെറിയ ചര്‍ച്ച. ഇടുക്കിക്കവലയിലെത്തി.

"മള്‍ട്ടീ, നീ ടോസ്‌ ചെയ്‌ത ആ ഒരു രൂപാ കയ്യിലില്ലേ?"

"ഒണ്ട്‌."

"തലയ്‌ക്കു മൂന്നു വട്ടം ഉഴിഞ്ഞിട്ട്‌ ദോണ്ടെ ആ അമ്പലത്തിന്റെ കാണിക്കവഞ്ചീലോട്ട്‌ ഇട്ടേക്ക്‌, കയ്യില്‌ വെക്കണ്ടാ!" ബാക്കിയെല്ലാവനും മള്‍ട്ടിയെ നോക്കി അടക്കിച്ചിരിച്ചു.

"ഒരുത്തനും ചിരിക്കല്ലേ..! വീട്ടില്‍ ചെന്നു കഴിയുമ്പോള്‍ റിവ്യൂ വായിച്ച്‌ അഭിപ്രായം പറഞ്ഞവന്മാര്‍ ആരൊക്കെ എന്നതു കൂടി എന്നോടൊന്നു പറയണം." ചിരി നിന്നു.

ഒരോട്ടോ പിടിച്ച്‌ വീട്ടിലും വന്നു. ഇല്ലാത്ത കൂലി ചോദിച്ച ഓട്ടോക്കാരന്‌ നല്ല കനത്തിനൊരു ഡോസ് : "ചേട്ടനു പത്തു രൂപ കൂടുതല്‍ വേണമെങ്കില്‍ തരാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടല്ല. പക്ഷെ കൂലി അതാണെന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കത്തില്ല. കാരണം ഇന്നലെ, ഇന്നലേം കൂടി ഞാന്‍ ആ ചാര്‍ജ്ജിനു ഇവിടെ ഓട്ടോയ്‌ക്കു വന്നിട്ടുള്ളതാ!"

ചോദിച്ച കാശുകൊടുത്തു - കാരണം ഞങ്ങള്‍ ആറു പേരുണ്ട്‌, രാത്രിയില്‍ കൂലി കൂടുതല്‍ വാങ്ങുന്നതുമാണ്‌. പക്ഷേ ഞാന്‍ പറഞ്ഞ വസ്‌തുത അയാള്‍ ഒട്ടും അംഗീകരിക്കാന്‍ തയ്യാറായില്ല എന്നതു നടന്നു തുടങ്ങിയിട്ടും കുറെ നേരം എന്നെ വല്ലാതെ അലോസരപ്പെടുത്തി.

"വിട്ടു കള രാജ്‌മോന്‍ ചേട്ടാ..." റംസ്‌ ആശ്വസിപ്പിച്ചു.

"അല്ല... അയാള്‍ക്കു കാശുകൂടുതല്‍ വേണമെങ്കില്‍ അങ്ങനെ പറഞ്ഞാല്‍ പോരേ? നിങ്ങള്‍ക്കറിയാവുന്നതല്ലേ ഇന്നലെയൊക്കെ നമ്മളെത്രയാ ഓട്ടോയ്‌ക്കു കൊടുത്തതെന്ന്‌? എന്നാലും അത്രയുമാണ്‌ കൂലി എന്നു ആ കോപ്പന്‍ എന്തടിസ്ഥാനത്തിലാ പറയുന്നത്‌?"

ഒടുക്കം അത്രയെങ്കിലും പ്രതികരിച്ചല്ലോ എന്നതില്‍ ആശ്വാസം കണ്ടു. തിണ്ണമിടുക്കും സംഘടനാബലവും തങ്ങളെ നിരത്തുകളുടെ രാജാക്കന്മാരാക്കിയെന്നു വിചാരിച്ചുകൊണ്ട്‌ യാത്രക്കാരുടെ കീശയില്‍ കയ്യിട്ടു വാരുന്ന ഓട്ടോ____മക്കള്‍ ഇങ്ങനെ ഉണ്ടാക്കുന്ന കാശ്‌ കുടുംബത്തില്‍ ഉപകാരപ്പെടാതെ പോകട്ടെ എന്നു ശപിച്ചു കൊണ്ടും മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാന്‍ ഇറങ്ങുന്ന ചപ്പടാച്ചി സിനിമകള്‍ ബോക്‌സോഫീസില്‍ എട്ടുനിലെ പൊട്ടട്ടെ എന്ന്‌ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചുകൊണ്ടും ഈ ഭാഗം ചുരുക്കുന്നു. സാഹസികതയും നിഗൂഢതയും നിറഞ്ഞ മൂന്നാം ദിവസത്തെ യാത്ര, തികച്ചും വേറിട്ട ഒന്ന്‌. ഈ നാടുകാണലിനു മംഗളം ചൊല്ലാന്‍ അതിലും പോന്ന മറ്റൊരുയാത്രയുണ്ടോ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുക.

(NB: മരുഭൂമിക്കഥ എന്ന പടം ഇഷ്ടപ്പെട്ടവര്‍ ദയവു ചെയ്ത് മുകളിലെ അഭിപ്രായം എന്റെ പാഴ്‌ബുദ്ധിയില്‍ തോന്നിയ വേണ്ടാതീനമാണെന്നു കരുതണമെന്ന് അപേക്ഷിക്കുന്നു.)

Sunday, March 18, 2012

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 6

'ക്യാമ്പ്‌ ഫയറോ? ഈ തണുപ്പത്തോ?' എന്നൊരു ചോദ്യം എല്ലാ മുഖങ്ങളിലും വിരിഞ്ഞു നിന്നു. നടപ്പും മലകയറ്റവും ക്ഷീണിപ്പിച്ച ശരീരങ്ങളെ പുതപ്പുകൊണ്ടു മൂടിയുറക്കാനുള്ള നേരത്ത്‌ മഞ്ഞും തണുപ്പും കൊണ്ട്‌ തീ കായാന്‍! പക്ഷേ ഒരു റിസ്ക്‌ എടുക്കുമ്പോള്‍ ഒത്തുചേര്‍ന്നു ചെയ്യാന്‍ ആളുണ്ടെങ്കില്‍ റിസ്ക്‌ വെറും റസ്‌കാണെന്ന്‌ ആര്‍ക്കാണറിയാത്തത്‌?

ഒരു തീപ്പെട്ടിയുമെടുത്ത്‌ മുറ്റത്തിനു താഴത്തെ വഴിയിലേക്കു പോയി. തണുത്തു മരച്ചു കിടന്ന കരിയിലകള്‍ വാരിയിട്ട്‌ ഊതിയൂതി തീ പിടിപ്പിച്ചു വന്നപ്പോളേക്കും ബ്ലോഗറുടെ പാതി ഉത്സാഹം കെട്ടടങ്ങി. പിന്നെ കൊച്ചു കൊച്ചു ചുള്ളിക്കമ്പുകള്‍ക്കു തീ പിടിപ്പിച്ചു. അപ്പോഴേക്കും ക്ഷമകെട്ട്‌ ഓരോരുത്തര്‍ വീട്ടിലേക്കു കയറിപ്പോവുകയും പുതപ്പും പുതച്ചുകൊണ്ട്‌ തിരികെ ഇറങ്ങി വരികയും ചെയ്തു. ബ്ലോഗറുടെ തീവെയ്പ്പ്‌ സ്കില്ലിനു കിട്ടിയ പരസ്യമായ അടിയായി മാറി കൂട്ടുകാരുടെ ഈ പ്രവൃത്തി. സാവധാനം കനലുകള്‍ക്കു ശക്തിവന്നപ്പോള്‍ അല്‍പം കനം കൂടിയ മരക്കഷണങ്ങള്‍ തീക്കുണ്ഡത്തില്‍ വീണെരിഞ്ഞു. ബ്ലോഗറുടെ മാതാപിതാക്കള്‍ അട്ടിയിട്ടു വെച്ചിരുന്ന വിറകുകൂനയില്‍ നിന്നും കമ്പുകള്‍ ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.

***** ***** *****
കനലുകള്‍ ജീവിതത്തിലെ ഓരോ ഘട്ടങ്ങള്‍ പോലെയാണ്‌. എരിയുമ്പോള്‍ എന്തിനെയൊക്കെയോ ഇല്ലാതാക്കി ചൂടുതന്ന്‌ ഒടുവില്‍ ഒരു പിടി അനുഭവച്ചാരം മാത്രം ശേഷിപ്പിക്കുന്ന കനല്‍ ജീവിതത്തിന്റെ തന്നെ ഒരു ചീന്താണ്‌. ജ്വലിക്കുമ്പോള്‍ അതു ചൂടു പകരുന്നു, ചിലപ്പോള്‍ പൊള്ളിക്കുന്നു, ഇന്നിന്റെ വിശപ്പകറ്റുന്ന ആഹാരത്തിനെ പാകമാക്കുന്നു. ഒന്നു സത്യമാണ്‌ - കനലുകള്‍ മരവിപ്പിനുള്ള മരുന്നാണ്‌.

കഥകള്‍ ഒരുപാടു പറയുവാനുണ്ടായിരുന്നു. ആയിരത്തൊന്നു രാത്രികളില്‍ പറഞ്ഞാലും തീരാത്തത്ര കഥകള്‍. കുബേരന്റെ കലവറ പോലെ. സൗഹൃദത്തിന്റെ കാറ്റേറ്റ്‌ അനുഭവങ്ങളുടെ ചാരക്കൂനയ്‌ക്കടിയില്‍ കിടന്നിരുന്ന കനലുകള്‍ തെളിഞ്ഞു വന്നു. ബ്ലോഗര്‍ കഥ പറഞ്ഞു. സ്വപ്‌നങ്ങളെക്കാള്‍ സ്വപ്‌നഭംഗങ്ങളും മോഹങ്ങളെക്കാള്‍ മോഹഭംഗങ്ങളും വഴിനടത്തിയ ഒരു ശരത്‌കാലത്തിന്റെ കഥ. നെരിപ്പോടിലെ തീയണയാതെ തന്നെ കിടന്നു. കഥകള്‍ പിന്നെയും കേട്ടു - മള്‍ട്ടിയുടെ കഥ, റംസിന്റെ കഥ. ആര്‍ക്കാണു ലോകത്തില്‍ പറയാന്‍ കഥകളില്ലാത്തത്‌?

ക്യാമ്പ്‌ ഫയറിലെ കനലുകള്‍ കിതച്ചു ചത്തപ്പോള്‍ നേരം വെളുപ്പിനെ മൂന്നു മണിയോടടുത്തിരുന്നു. നാളെയും യാത്രയുണ്ട്‌. ഇപ്പോള്‍ വിശ്രമിക്കേണ്ടത്‌ ഇന്നത്തെ യത്നത്തിനു പകരമെന്നതിലുപരി വരുന്ന പകലത്തേക്കുള്ള കരുതലായി അപ്പോള്‍ മാറി.

***** ***** *****
ഞായറാഴ്‌ച. ഭൂമിക്ക്‌ അന്നും പതിവു നേരത്തു തന്നെ പ്രഭാതമായി. കിളികളും ഏറെക്കഴിഞ്ഞ്‌ അലാറങ്ങളും ചിലച്ചു. ഞങ്ങള്‍ പിന്നെയും മണിക്കൂറുകള്‍ കഴിഞ്ഞാണുണര്‍ന്നത്‌. മള്‍ട്ടിയെ ഉണര്‍ത്താന്‍ കിടക്കയിലിട്ട്‌ ചപ്പാത്തിക്കോലുരുട്ടുന്നതു പോലെ ഉരുട്ടേണ്ടി വന്നു. സ്റ്റീഫന്‍ ഇതു കണ്ടിരുന്നെങ്കില്‍, മള്‍ട്ടി ഇപ്പോള്‍ ചത്തെങ്ങാനും പോയാല്‍ നമ്മള്‍ 'ഉരുട്ടിക്കൊലയ്ക്ക്‌' അകത്താകും എന്നു തട്ടി വിട്ടേനെ. ഉറക്കം തെളിഞ്ഞിട്ടും അവന്‍ ഫോണിനോടെന്തൊക്കെയോ സ്വകാര്യം പറഞ്ഞുകൊണ്ട്‌ കിടന്നു. കുളിക്കാന്‍ പച്ചവെള്ളം പരീക്ഷിക്കാന്‍ സ്റ്റീവ്‌ തന്നെ മുന്നിട്ടിറങ്ങി. തൊലിക്കട്ടി ഏറ്റവും കൂടുതലുള്ളത്‌ അവനാണല്ലോ! ഇന്നലെ രാത്രി ആശാന്‍ പറഞ്ഞിരുന്നു, രാവിലെ തന്നെ എഴുന്നേറ്റ്‌ പള്ളിയില്‍ പോകണമെന്ന്‌. അവന്‍ എഴുന്നേറ്റു വന്നപ്പോഴേക്കും രണ്ടാമത്തെ കുര്‍ബാനയും കഴിഞ്ഞ്‌ വിശ്വാസികള്‍ വീട്ടില്‍ ചെല്ലേണ്ട നേരമായി.

കൊച്ചുതോവാളയില്‍ പോത്തിനെ വെട്ടുന്ന ദിവസമാണ്‌. മുന്‍നിശ്ചയപ്രകാരം സാധനം നേരത്തെ തന്നെ വീട്ടില്‍ എത്തിയിരുന്നു. എന്റെ കണ്ണുപതിയുന്നതിനും മുന്നേ, കഷണങ്ങളായി രൂപാന്തരം പ്രാപിച്ച്‌ പ്രെഷര്‍ കുക്കറില്‍ വെന്തും തുടങ്ങി. അപ്പമുണ്ടാക്കാന്‍ ഞാനും അടുക്കളയില്‍ കൂടി. അല്‍പം താമസിച്ചെങ്കിലും എല്ലാവരും ഉണര്‍ന്നു തയ്യാറായി വന്നപ്പോഴേക്കും അപ്പവും ഇറച്ചിക്കറിയും റെഡിയായിക്കഴിഞ്ഞു. വീണ്ടും തനതു ഹൈറേഞ്ച്‌ ശൈലിയില്‍ ഒരു പ്രാതല്‍.

***** ***** *****
ഭക്ഷണശേഷം ക്ഷീണവും വിശ്രമവും പത്രവും ടി.വിയും. നേരം പറന്നു പോയി. ഇതിനിടെ ഒറ്റയ്ക്കും പെട്ടയ്ക്കും സന്ദര്‍ശകര്‍ അതിലെയെല്ലാം കറങ്ങി. 'Chikku gets intimate with the goat' എന്നു റംസ്‌ സാക്ഷ്യപ്പെടുത്തിയ 'അജചുംബനം' അരങ്ങേറിയത്‌ ആ സമയത്താണ്‌. സംഭവം, ചിക്കു ആടിനൊരുമ്മ കൊടുത്ത തക്കത്തില്‍ റംസ് ക്ലിക്കു ചെയ്തു എന്നതാണ്. ..."


ആടിനൊരു...മ്മ!

ഉച്ചയൂണു കഴിഞ്ഞപ്പോഴാണ്‌ അന്നത്തെ യാത്രാ പരിപാടികളെക്കുറിച്ച്‌ ആലോചിച്ചതുപോലും. ഉറപ്പിച്ചു - രാമക്കല്‍മേട്‌. ബസ്സിനു പോകാമെന്നായിരുന്നു പദ്ധതി. അധികം താമസിയാതെ എല്ലാവരും പോകാന്‍ തയ്യാറായി ഇറങ്ങി. കവലയിലെത്തും മുന്‍പ്‌ സെന്റ്‌. ജോസഫ്‌സ്‌ സ്‌കൂളിന്റെ മുറ്റത്ത്‌ ഒരല്‍പനേരം. ബ്ലോഗില്‍ വായിച്ചും ചിത്രം കണ്ടും മാത്രം പരിചയമുള്ള ആ വിദ്യാലയമുറ്റത്തെ പൂമരത്തിന്റെ തറയില്‍ ഞങ്ങളിരുന്നു. ഫോട്ടോസ്‌. ഉടന്‍ തന്നെ കൊച്ചു തോവാളയില്‍. ഗ്രാമവാസികള്‍ സംയുക്തമായി പിരിവിട്ടു വാങ്ങിച്ച ബസ്സ്‌ 'കൊച്ചുതോവാള ട്രാന്‍സ്‌പോര്‍ട്ട്‌' പള്ളിമുറ്റത്ത്‌ പാര്‍ക്കു ചെയ്‌തിരിക്കുന്നു. ഞായറാഴ്‌ച സര്‍വ്വീസില്ലേ പോലും? അതിന്റെ പടമെടുക്കാന്‍ ഞാന്‍ അങ്ങോട്ടുപോയി. റംസിന്റെ ക്യാമറയില്‍ എന്റെ ആ പോക്കും പടമായി. താമസിയാതെ ഒരു ഓട്ടോയില്‍ കട്ടപ്പനയിലേക്ക്‌. അഞ്ചുപേര്‍ പിന്നിലും റംസ്‌ ഡ്രൈവര്‍ക്കൊപ്പം മുന്നിലും.


Kochuthovala Transport

സമയം വൈകിക്കൊണ്ടിരുന്നു. കട്ടപ്പനയില്‍ നിന്നു രാമക്കല്‍മേട്ടിലേക്ക്‌ 20 കി.മീ. ദൂരമുണ്ട്‌. ബസ്സില്‍ പോയാല്‍ ഞങ്ങളെത്തുമ്പോള്‍ വെയില്‍ ചായുമെന്നു ഭയന്നു. വണ്ടി വിളിച്ചു പോയേക്കാം എന്നു ക്ഷണത്തില്‍ തീരുമാനിച്ചു. സെന്‍‌ട്രല്‍ ജംഗ്‌ഷനില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന സുഹൃത്ത്‌ അരുണ്‍ മാത്യൂസിന്റെ അടുത്ത്‌ കാര്യം പറഞ്ഞു.(തലേന്ന് വെളുപ്പാന്‍ കാലത്തു വന്നിട്ട്‌ റംസ്‌ പോസ്റ്റായിരുന്നത്‌ ഈ കടയുടെ തിണ്ണയിലാണ്‌) ഞങ്ങള്‍ക്കു പോകാനൊരു വണ്ടി വേണം. "എന്നാ വണ്ടിയാ ഉദ്ദേശിക്കുന്നെ?" "ആഡംബരവണ്ടി ഒന്നും വേണ്ട, ജീപ്പായാലും മതി."

പത്തു മിനിറ്റു കഴിഞ്ഞില്ല ജീപ്പ് വന്നു. ശഠപഠേന്നു കയറി രാമക്കല്‍മേടിനു പുറപ്പെട്ടു. ഏലച്ചെടികളുടെ വിളനിലമായ പുളിയന്മലയിലേക്ക്‌ വളഞ്ഞു പുളഞ്ഞ റോഡു താണ്ടുമ്പോള്‍ തലേന്നു കണ്ട പട്ടണത്തിന്റെ വിദൂര ദൃശ്യം മറുവശത്തു നിന്നും ഞങ്ങള്‍ കണ്ടു. പുളിയന്‍മലയും ബാലഗ്രാമും കടന്നു തൂക്കുപാലം ആയി. എന്റെ സുഹൃത്തും സഹപാഠിയും പ്രദേശവാസിയുമായ അനിലിനെ ഒന്നു വിളിച്ചു. മെട്ടില്‍ നിന്നും തിരിച്ചു വരുമ്പോള്‍ തൂക്കുപാലത്തു വെച്ച്‌ കാണാമെന്ന്‌ തീരുമാനിച്ചു. ഇനി ഏഴു കി.മീ. കൂടി.

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 5

വെള്ളയാംകുടി പള്ളിയുടെ കുരിശുമലയിലേക്കുള്ള വഴി ഞങ്ങള്‍ നടന്നു. ക്രിസ്‌തുവിന്റെ പീഡാനുഭവത്തിന്റെ വിവിധഘട്ടങ്ങള്‍ സൂചിപ്പിക്കുന്ന വഴിയിലെ കുരിശുകള്‍ താണ്ടി മലമുകളിലേക്ക്‌! ഇടയ്‌ക്കെല്ലാം തിരിഞ്ഞു നിന്ന് താഴെ ഉന്മേഷം പകരുന്ന മരതകക്കാഴ്‌ചയും കുളിരുള്ള ശുദ്ധവായുവും പകരുന്ന ഗ്രാമദൃശ്യങ്ങള്‍ നുകര്‍ന്നുകൊണ്ട്‌!


മലമുകളിലെ ജണ്ടയും ക്ഷേത്രവും.

കല്യാണത്തണ്ട്‌ മല. കട്ടപ്പനയുടെ പടിഞ്ഞാറേയറ്റത്ത്‌ പ്രകൃതികെട്ടിയ കോട്ട. മേലെ നിലകൊള്ളുന്ന ശിവക്ഷേത്രം. അങ്ങേച്ചെരിവില്‍ കാഞ്ചിയാറിന്റെ ഉള്‍പ്രദേശങ്ങള്‍. നിരനിരയായി പുല്‍മേടുകളും കാട്ടുചെടികളും ചൂടി അതു വടക്കോട്ടു നീണ്ടു കിടക്കുന്നു. ഒരു വശത്ത്‌ വെള്ളയാംകുടി, നിര്‍മ്മലാസിറ്റി, വാഴവര എന്നിങ്ങനെ താഴ്‌വരകള്‍(കട്ടപ്പന-ഇടുക്കി റൂട്ട്‌). നോക്കെത്താദൂരത്തോളം അടുങ്ങുയടുങ്ങിക്കിടക്കുന്ന മലനിരകള്‍. അരികെ കടുംപച്ച നിറത്തില്‍ തുടങ്ങി പോകെപ്പോകെ നീലയായി പിന്നെ കണ്ണെത്താത്ത ദൂരത്തുവെച്ച്‌ ആകാശവുമായുള്ള അതിരറിയിക്കാതെ അലിയുന്ന ഗിരിനിരകള്‍.

ജോച്ചായനും രാജും നയിക്കുന്ന മലകയറ്റം.


ഒരുപാടു നടന്നാല്‍ ഒന്നിരിക്കുന്നതു നല്ലതാ.

വലതുവശത്ത്‌ താഴ്‌വര - വെള്ളയാംകുടിയും പരിസരവും. ദൂരെ കട്ടപ്പന. തലയെടുപ്പോടെ നിലകൊള്ളുന്ന ഹൗസിംഗ്‌ ബോര്‍ഡ്‌ ഷോപ്പിംഗ്‌ കോംപ്ലക്‌സ്‌, തൊട്ടരികെ ഗുരുദേവ കീര്‍ത്തി സ്‌തംഭം. അല്‍പം മാറി കാണപ്പെടുന്ന സെന്റ്‌. ജോണ്‍സ്‌ ആശുപത്രി കെട്ടിടങ്ങള്‍. അങ്ങുമിങ്ങുമെല്ലാം പൊന്തി നില്‍ക്കുന്ന മൊബൈല്‍ ടവറുകള്‍. പുളിയന്മലയിലെയും വണ്ടന്മേടിലെയും ടവര്‍ കൂട്ടങ്ങള്‍ കിഴക്കേയറ്റത്ത്‌. വെള്ളയാംകുടി പള്ളിയും സ്‌കൂളും തലയെടുപ്പോടെ നില്‍ക്കുന്നു. കവലയില്‍ ആളുകള്‍ നടക്കുന്നതെല്ലാം ആകാശത്തുകൂടി പറന്നു നടന്നു കാണുന്ന പ്രതീതി. കാറ്റിന്റെ ചിറകിലേറി വരുന്ന വാഹനങ്ങളുടെ ഇരമ്പവും ഹോണ്‍ മുഴക്കങ്ങളും. ദൂരെ ഇരട്ടയാറും കാണാം. പള്ളിയുടെ മുഖപ്പും സ്‌കൂള്‍ കെട്ടിടവും. ഞാന്‍ പഠിച്ച സ്‌കൂളാണത്‌. എന്റെ ഗ്രാമത്തിന്റെ കിഴക്കു തലപൊക്കി നില്‍ക്കുന കുരിശുമലയും ഇവയ്‌ക്കിടയില്‍ ഒതുങ്ങിക്കാണപ്പെട്ടു. മേലാകെ കുളിരുകോരിയിട്ട്‌ തണുത്ത കാറ്റ്‌ ആഞ്ഞു വീശി. തെരുവപ്പുല്ലുകള്‍ അതിനു വഴങ്ങി ചാഞ്ഞു നിന്നുകൊടുത്തു.


വെള്ളയാംകുടിയും പരിസരപ്രദേശങ്ങളും. വലത്തേയറ്റത്തു മരങ്ങളില്ലാതെ കാണപ്പെടുന്ന ഭാഗമാണ് കൊച്ചുതോവാള കുരിശുമല.

സൂര്യന്‍ പടിഞ്ഞാറു ചാഞ്ഞു, അതോ മേഘങ്ങള്‍ക്കിടയില്‍ പോയൊളിച്ചോ? കാഞ്ചിയാറിന്റെ അതിരുകള്‍ക്കപ്പുറം വിശാലമായ ഇടുക്കി ജലാശയം. മറുകരയില്‍ വനം. അഞ്ചുരുളി. ഇടുക്കിയുടെ മാര്‍ക്കറ്റ്‌ ചെയ്യപ്പെടാത്ത മറ്റൊരു ടൂറിസ്റ്റ്‌ കേന്ദ്രം. ഇരട്ടയാര്‍ ഡാമില്‍ നിന്നും ഇടുക്കി ഡാമിലേക്കു വെള്ളമെത്തിക്കുന്ന ആറു കിലോമീറ്റര്‍ ദൂരമുള്ള ഒരു ഭീമന്‍ തുരങ്കമുണ്ടിവിടെ. മലയും വനവും തടാകവും തുരങ്കവും കൃഷിഭൂമിയും സംഗമിക്കുന്ന ഒരിടം. നിര്‍ഭാഗ്യവശാല്‍ ആ സ്ഥലം സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ക്കു പദ്ധതിയുണ്ടായിരുന്നില്ല. മേലെ നിന്നു നോക്കുമ്പോള്‍ ശാന്തമായി പരന്നു കിടക്കുന്ന തടാകം. ചാഞ്ഞ വെയിലില്‍ കുഞ്ഞോളങ്ങള്‍ വെട്ടിത്തിളങ്ങി. കാറ്റ്‌.. ശക്തമായ കാറ്റ്‌. എല്ലുമരയ്‌ക്കുന്ന തണുപ്പ്‌. പടപട ശബ്‌ദത്തോടെ ഉലയുന്ന വസ്‌ത്രങ്ങള്‍. ഈ ബഹളത്തിലും നാമറിയുന്ന ഒരു വന്യമായ, ഏകാന്തമായ, ശുദ്ധമായ ശാന്തതയുണ്ടവിടെ. വാക്കുകള്‍ക്കും ചിത്രങ്ങള്‍ക്കും അതീതമായ ഒരനുഭൂതി.


വെള്ളയാംകുടിയും കട്ടപ്പനയും ഒറ്റഫ്രെയിമില്‍.

എത്ര നേരം നിന്നാലും അലോസരം തോന്നാത്ത കാറ്റ്‌. വെയില്‍ പൂര്‍ണ്ണമായും മങ്ങിയതോടെ തണുപ്പിനും ശക്തികൂടി. ഡിസംബര്‍ - ഹൈറേഞ്ച്‌ തണുത്തു വിറയ്‌ക്കുന്ന കാലമാണ്‌. വന്നപ്പോള്‍ മുതല്‍ ഫ്ലാഷുകള്‍ മിന്നിത്തുടങ്ങിയതാണ്‌. ഇടയ്‌ക്ക്‌ എന്റെ ക്യാമറ കണ്ണടച്ചു. പാതി ചാര്‍ജ്ജുണ്ടായിരുന്നു എന്നതു നല്‍കിയ അമിത ആത്മവിശ്വാസം! അതിര്‍ത്തി തിരിക്കുന്ന ജണ്ടയൊന്നിന്റെ മുകളില്‍ കയറി മള്‍ട്ടി കൈകള്‍ വിരിച്ചു പിടിച്ചു. ക്ലിക്‌! പിന്നെയും പലരുടെയും പലപല പോസുകള്‍. ക്യാമറ കയ്യിലുണ്ടെന്ന കാര്യം തന്നെ മറന്നുകൊണ്ട്‌ പ്രകൃതിയിലലിഞ്ഞ ഇടവേളകള്‍. നേരത്തെ ഞാനിവിടെ വന്നപ്പോഴൊന്നും ക്യാമറ ഇല്ലായിരുന്നു. അന്നത്തെ മൊബൈലില്‍ 'പോട്ടം പിടിക്കുന്ന ഇഞ്ചന്‍' ഒന്നും ഇല്ലാരുന്നു താനും. ഒരു പ്രകാരത്തില്‍ ക്യാമറ ഇല്ലാത്ത പ്രകൃതിക്കാഴ്‌ചകളാണ്‌ മനസ്സില്‍ നന്നായി ഒട്ടി നില്‍ക്കുക. ഇന്ദ്രിയങ്ങള്‍ കൊണ്ടൊരു സദ്യ ഉണ്ണുന്ന പോലൊരു പ്രതീതിയാണത്‌.


എത്ര കുരിശുകള്‍? റംസും കുരിശും സ്റ്റീവ് കുരിശും


പ്രകൃതിയെ പുണരാന്‍ വെമ്പുന്ന കാമുകന്‍.


ജോച്ചായന്‍, സ്റ്റീവ്, ചി(ചിക്കുവിന്റെ പകുതി), റംസ് എന്നിവര്‍ സിന്ദൂരകിരണത്തില്‍ ആറാടി...


നിറ്റ്സ് - തൊപ്പിയോടുകൂടിയത്, വാളില്ലാതെ.

ഇരുട്ടു വീഴും മുന്‍പേ മലയിറങ്ങണം. കയറി വന്ന വഴി വിട്ട്‌ മറ്റൊരു വഴിയേ ഞങ്ങള്‍ താഴേക്കിറങ്ങി. കുരിശുമലയുടെ അടിവാരം വരെ ഇപ്പോള്‍ റോഡുണ്ട്‌. പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ സഡക്‌ യോജന.. ആവോ എന്തായാലെന്ത്‌ ഒരു റോഡായല്ലോ. ഇനി പാറപ്പുറത്തു കൂടിയുള്ള വലിഞ്ഞുകേറ്റം വയ്യാത്തവര്‍ക്ക്‌ അവിടെ വരെ കാറില്‍ വേണമെങ്കിലും വരാം. റോഡിലൂടെ പോയാല്‍ അച്ചായന്റെ വീട്ടിലേക്കുള്ള വഴിയെ എത്തില്ല എന്നു കണ്ട്‌ അല്‍പം കഴിഞ്ഞപ്പോള്‍ കയറിപ്പോയ വഴിയിലേക്കു ട്രാക്ക്‌ മാറ്റി.

പോയപോക്കില്‍ കിടന്നു വിശ്രമിച്ച പാറ. പാറപ്പുറത്തുകൂടി തത്തിപ്പിടിച്ചു കയറിയ വഴിയേ ശ്രദ്ധാപൂര്‍വ്വം ഇറങ്ങി. കിതപ്പും ക്ഷീണവും അപ്പോഴുമുണ്ട്‌. ഇറക്കം ഇറങ്ങുമ്പോളാണ്‌ കാലുകള്‍ക്കു പണി കൂടുക. പലപ്പോഴും ന്യൂട്രലില്‍ ഇട്ട വണ്ടി പോലെ ഒരൊഴുക്കന്‍ മട്ടില്‍ മുന്നോട്ടു നീങ്ങി. വീഴ്‌ചാഭയം ചിക്കുവിനെ എപ്പോഴും പിന്നോട്ടു വലിച്ചു. വേഗം കുറച്ചും തമാശകള്‍ പൊട്ടിച്ചും ആ പ്രദേശത്തിനെപറ്റി കൂടുതല്‍ മനസ്സിലാക്കിയുമെല്ലാം മടക്കയാത്ര. വഴിക്കൊക്കെ തലങ്ങും വിലങ്ങും പോകുന്ന ജി.ഐ. പൈപ്പുകള്‍ കാണാം. കട്ടപ്പനയിലെ രൂക്ഷമായ ജലക്ഷാമമുള്ള ഒരു മേഖലയാണിത്‌. കുടിവെള്ളവിതരണത്തിനുള്ള പൈപ്പാണിതെല്ലാം. പാറപ്പുറമായതുകൊണ്ടാണ്‌ വെള്ളം ഇല്ലാത്തത്‌. എന്നല്‍ അവിടെയും മടിച്ചു മടിച്ചു വെള്ളം ഒഴുകുന്ന ഒരു നീര്‍ച്ചാല്‍ കണ്ടു. മഴക്കാലത്ത്‌ അതില്‍ ഒരു കൈത്തോടിന്റത്ര ഒഴുക്കുണ്ടാവും. മലമുകളില്‍ വീഴുന്ന വെള്ളം മണ്ണിലൂടെ അരിച്ചിറങ്ങിയും നേരിട്ട്‌ ഒഴുകിയെത്തുന്നതുമാണ്‌ അതിന്റെ ഉറവകള്‍.

'മുടിഞ്ഞ' ആ കുന്നിന്റെ മുകളിലും റംസിന്റെ അതിശയിപ്പിച്ചത്‌ അവിടെ കണ്ട ഒരു അംഗന്‍വാടി ആയിരുന്നു. ഇവിടൊക്കെ പിള്ളേര്‍ വരുമോ? അവന്റെ സംശയത്തിനുത്തരമായി ചുറ്റും എത്ര വീടുണ്ടെന്നൊന്നു നോക്കാന്‍ ബ്ലോഗര്‍ പറഞ്ഞു. ഈ പ്രദേശത്തു നിന്നും ഒരു പത്തിരുപതു കുട്ടികളെയെങ്കിലും കിട്ടാന്‍ പ്രയാസമുണ്ടാവില്ല എന്നവനു മനസ്സിലായിക്കാണണം.

പാറപ്പുറത്തിന്റെ അടിവാരത്തു ചെന്നു. അല്‍പം നിരപ്പ്‌. പിന്നെയും ഇറക്കം. ചിക്കു ഒന്നു വീണു. എല്ലാവരും ആര്‍ത്തു ചിരിച്ചു. പിന്നെയും വീഴാതിരിക്കാന്‍ കിണഞ്ഞു ശ്രദ്ധവെച്ചെങ്കിലും ചിക്കു വീണുകൊണ്ടേയിരുന്നു! ഒരു കയറ്റവും തുടര്‍ന്നുള്ള ഇറക്കവും. വിയര്‍ത്തു പരിക്ഷീണരായി ജോബിയുടെ വീട്ടില്‍. ജോബി ഒരു പാത്രം കപ്‌കേക്കുമായി വന്നു. ഒപ്പം കടുംകാപ്പി, പഴം. കപ്‌കേക്ക്‌ കഴിക്കുന്നതു ഒരു ഗോമ്പറ്റീഷന്‍ ഐറ്റമല്ലാതിരുന്നിട്ടും രൂക്ഷമായ മല്‍സരമുണ്ടായി. അവസാനം ശേഷിച്ച ഗപ്പുകളും പഴത്തൊലികളും കാലിഗ്ലാസുകളും ജോച്ചായനു സമ്മാനിച്ച്‌ ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി. ടൗണില്‍ കറങ്ങാനുള്ള ശേഷി ശേഷിച്ചിട്ടില്ലാഞ്ഞതു കൊണ്ട്‌ പെട്ടെന്നു തന്നെ വീട്ടിലേക്കു മടങ്ങി. ഒന്‍പതോടെ വീട്ടില്‍. ചൂടുവെള്ളത്തില്‍ കുളിയും ഒക്കെ കഴിഞ്ഞു വന്ന്‌ സാധാരണ രീതിയില്‍ അത്താഴം.

ബ്ലോഗര്‍ ചോദിച്ചു: "ആദ്യത്തെ ദിവസമല്ലേ ക്യാമ്പ്‌ ഫയര്‍ നടത്താമെന്നു പ്ലാനിട്ടിരുന്നെ?"

Saturday, February 04, 2012

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 4

വോള്‍ടേജ്‌ ഇല്ലാതിരുന്ന ഒരു ഗ്രാമത്തില്‍ ട്രാന്‍സ്‌ഫോര്‍മര്‍ വെച്ച ദിവസത്തെ സന്ധ്യപോലെ പ്രകാശപൂരിതം ആയിരുന്നു കപ്പ തിന്ന എല്ലമുഖങ്ങളും. ഹൈറേഞ്ചിലെ തണുപ്പിനോടും കാറ്റിനോടും പൊരുത്തപ്പെടാനാവാതെ അപ്പോഴും സംഘം മുന്‍വാതില്‍ അടച്ചിട്ട്‌ പത്രോം വായിച്ച്‌ ടി.വീം കണ്ടിരുന്നു. ഒരു പതിനൊന്നര ആയിക്കാണും, ആരുടെയോ ഫോണില്‍ അരുണ്‍ സ്റ്റീഫന്‍ എന്ന സ്റ്റീവിന്റെ വിളി. വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തിട്ട്‌ അവനെ കാത്തിരുന്നു.

അഞ്ചു മിനിറ്റു കഴിഞ്ഞില്ല ഇതാ വരുന്നു വീണ്ടും സ്റ്റീവിന്റെ വിളി. "ഇറച്ചിക്കട കാണുന്നില്ലല്ലോ! ഞാന്‍ കുറേ നടന്നു!" സ്റ്റീവ്‌ വഴിപിഴച്ചു പോയെന്നു ഞങ്ങള്‍ ഉറപ്പിച്ചു. ധൃതിയില്‍ താഴെ റോഡിലേക്കു ഞാന്‍ ചെന്നപ്പോള്‍ സ്റ്റീവ്‌ വീട്ടിലേക്കുള്ള വഴിക്കു തിരിയുന്നുണ്ട്‌. അച്ഛന്‍ അവിടെ ഉണ്ടായിരുന്നത്‌ അവനു രക്ഷയായി. തലേദിവസത്തെ അവന്റെ പണിപ്രാരാബ്‌ധവും യാത്രാദുരിതവും ഒക്കെ പറഞ്ഞ്‌ ഞങ്ങള്‍ വീട്ടിലേക്കുള്ള കയറ്റം കയറി. സ്റ്റീവും കയറ്റത്ത്‌ അല്‍പം കിതയ്‌ക്കാതിരുന്നില്ല.

അതെ, ഇതാണ്‌ അരുണ്‍ സ്റ്റീഫന്‍. പി.എസ്‌.സി. പരീക്ഷയിലോ ബാങ്ക്‌ ടെസ്റ്റിലോ 'മലയാളചളിയുടെ പിതാവാര്‌' എന്നൊരു ചോദ്യം കണ്ടാല്‍ കണ്ണുമടച്ച്‌ ഇവന്റെ പേര്‌ എഴുതിക്കോളുക. എല്ലാം കൊടുക്കുന്നോര്‍ക്ക്‌ എന്തെങ്കിലുമൊരു കുറവ്‌ ദൈവം ബാക്കിവെക്കും എന്നതിന്റെ ഉത്തമ ഉദാഹരണം. സംസാരത്തില്‍ ഓഫ്‌ ടോപ്പിക്‌ അടിക്കാനും 'ഒന്നു മിണ്ടാതിരിക്കാമോ' എന്നു കേള്‍വിക്കാരെക്കൊണ്ട്‌ ചോദിപ്പിക്കുന്നയിനം കൂതറ തമാശ ഇറക്കാനും ഇവനുള്ള വ്യഗ്രതയാണ്‌ ആ കുറവ്‌. എന്‍ട്രന്‍സ്‌ എഴുതിയപ്പോള്‍ എന്‍ജിനീയറിങ്ങിനു നല്ല റാങ്കും(വിത്ത്‌ ഫ്ലൈയിങ്ങ്‌ കളേഴ്‌സ്‌) മെഡിക്കലിനു മോശം റാങ്കും കിട്ടിയത്‌ ഏതൊക്കെയോ രോഗികളുടെ ആയുസ്സിന്റെ ബലം. അല്ലെങ്കില്‍ ഡോക്‌ടറുടെ തമാശ കേട്ട്‌ രോഗി മരിച്ചു എന്നൊക്കെ ഇക്കാലത്തു നാം പത്രത്തില്‍ വായിച്ചേനെ. ഇവനെന്തായാലും മനുഷ്യനെ ചികില്‍സിക്കുന്ന ഡോക്‌ടര്‍ ആവില്ലാരുന്നു എന്നു റംസ്‌ അടക്കം പറയുന്നു. കണ്ടാല്‍ തെറ്റൊന്നും പറയില്ല. ഒത്ത പൊക്കം, പാകത്തിനു വണ്ണം. ഹൃദ്യമായ പെരുമാറ്റം. അറിവ്‌, വിവരം, ബുദ്ധി, ശക്തി, നട്ടെല്ല്‌ എല്ലാ സംഗതികളും ഉണ്ട്‌. മള്‍ട്ടിയുടെയത്ര സഹൃദയനല്ല. അതുകൊണ്ടു തന്നെ നിറ്റ്‌സ്‌ വ്യാകുലപ്പെടുന്നതെന്തിനോ അതൊന്നും ഇവനൊരു വിഷയമേയല്ല. റംസിന്റെ 'എന്നാലും അവളെന്നെ പറ്റിച്ചല്ലോ' എന്ന ഭാവം മുഖത്തിന്റെ ഏഴയലത്തുകൂടി പോയിട്ടില്ല. ചിക്കുവിന്റെ സന്തത സഹചാരിയായ മൗനം ഇവന്‍ നില്‍ക്കുന്ന താലൂക്കില്‍ പോലും കാണില്ല. യാതൊരു ദു:ശീലവും ഇല്ല താനും. പറഞ്ഞിട്ടെന്താ, ഈ മള്‍ട്ടിയെയും ചിക്കുവിനെയും നിറ്റ്‌സിനെയും ഒക്കെ സമ്മതിക്കണം. സ്റ്റീവിന്റെ കൂടെ കഴിഞ്ഞ്‌ ഇവരുടെയെല്ലാം ക്ഷമകോഷ്യന്റ്‌ ബുര്‍ജ്‌ ദുബായിയുടെ മേലെയാണിപ്പോള്‍ നില്‍ക്കുന്നത്‌. അല്ലെങ്കില്‍ പിന്നെ ഇവനെ അവര്‍ എമ്പണ്ടേ അടിച്ചു കൊന്നേനെ! ഈ ഒരുദാഹരണം കൂടി പറയാതെ സ്റ്റീഫന്‍ പരിചയം പൂര്‍ത്തിയാവില്ല.

ഈ യാത്രയ്‌ക്കിടയില്‍ സ്റ്റീവ്‌ എന്നോടൊരു കടംകഥ ചോദിച്ചു. ഒരു പെയിന്റര്‍ ആമസോണ്‍ വനത്തില്‍ അകപ്പെട്ടു പോയി. അയാളുടെ കയ്യില്‍ പണമായി ആകെ പത്തു രൂപയാണുള്ളത്‌. അയാള്‍ക്ക്‌ തോപ്പുംപടിക്ക്‌(നമ്മടെ എറണാകുളത്തെ തോപ്പുംപടി, അതുതന്നെ, പീഡനം നടന്ന സ്ഥലം) പോകണം. അയാളെങ്ങനെ ഈ സെറ്റപ്പില്‍ നിന്നു തോപ്പുംപടിക്കു പോകുമെന്നാണു ചോദ്യം. ഞാന്‍ തലയറഞ്ഞാലോചന തുടങ്ങി. കഥയറിയാവുന്ന ബാക്കി നാലുപേരും എന്റെ ചിന്താഭാരം കണ്ടു ചിരിയും തുടങ്ങി. അവസാനം ഞാന്‍ സുല്ലിട്ടു. ചളിക്കുടയ ചാരുമൂര്‍ത്തി ചളിശ്രീ പീ.ജേ.ഭൂഷണം ശ്രീ സ്റ്റീവ്‌ കഥയുടെ കുരുക്കഴിച്ചുതന്നു.

"അയാളിപ്പോ എവിടെയാ?"
"ആമസോണ്‍ വനത്തില്‌"
"ആ ആണല്ലോ. അപ്പോ അവിടെ കാണുന്ന ഒരു ഇല അങ്ങു പറിക്ക്യ. ആളൊരു പെയിന്ററല്ലേ? ആ ഇലയില്‍ വെളുത്ത പെയിന്റ്‌ അടിക്ക്യ. ഇപ്പോ ആ ഇല എന്തായി? വെള്ള ഇല. എന്നു വെച്ചാ വൈറ്റ്‌-ഇല. വൈറ്റിലയില്‍ നിന്നാല്‍ തോപ്പുംപടിക്ക്‌ വണ്ടി കിട്ടാനാണോ പാട്‌? കയ്യിലുള്ള പത്തുരൂപാ ബസ്സുകൂലിക്ക്‌.. സിമ്പിള്‍..!!"

ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ സ്റ്റീവും മറ്റവന്മാര്‍ ഞങ്ങളിതെത്ര കണ്ടിരിക്കുന്നു എന്ന ഭാവേന തകര്‍ത്തു ചിരിയും. ഞാന്‍ ഒന്നും പറഞ്ഞില്ല. ഒരു തെറി പോലും പറഞ്ഞില്ല. സ്റ്റീവിന്റെ കൂട്ടുകാരോട്‌ സഹതാപം പ്രകടിപ്പിച്ചില്ല. ഒരു രണ്ടു മൂന്നു മിനിറ്റത്തേക്ക്‌ തലയില്‍ കൈ വെച്ച്‌ ഒരേയിരിപ്പായിരുന്നു.

***** ***** *****

സ്റ്റീവിനെയും കുളിപ്പിച്ചു കപ്പയും തീറ്റിച്ചെങ്കിലും പുറത്തേക്കിറങ്ങാനുള്ള മൂഡായില്ല. വാളുവെച്ച ക്ഷീണത്തിനു ബദലായിക്കിട്ടിയ കപ്പയുടെ ആലസ്യത്തിനു വഴിപ്പെട്ട്‌ മള്‍ട്ടിയും നിറ്റ്‌സും കിടന്നുറക്കമായി. ആ കിടപ്പൊന്നു കാണണമായിരുന്നു. ഇരുവരും ഒരേ പോസില്‍. കൈത്തലം തുടകള്‍ക്കിടയില്‍ അമര്‍ത്തിവെച്ച്‌ കൊഞ്ച്‌ ചുരുണ്ടിരിക്കുന്നതുപോലെ വളഞ്ഞു കിടന്ന്‌ ഒരുറക്കം. അവരുടെ പ്രത്യേക അഭ്യര്‍ഥനപ്രകാരം ആ ദൃശ്യം ഇതുവരെ പുറത്തു വിട്ടിട്ടില്ല.

സ്റ്റീവ്‌ പാത്രം വടിച്ചു നക്കുന്നു, ചിക്കു പത്രവും.


അവരെ ഉറങ്ങാന്‍ വിട്ടിട്ട്‌ ഞാനും ചിക്കുവും റംസും സ്റ്റീവും കൂടി പറമ്പിലൊക്കെ ഒന്നു കറങ്ങാന്‍ പോയി. ഏലച്ചെടികളെ പരിചയപ്പെട്ടു, പച്ചക്കാ ഇറുത്തു രുചിച്ചു, കുളം കണ്ടു, കുരുമുളകും കാപ്പിയും കണ്ടു. പറമ്പിന്റെ അങ്ങേ അറ്റത്തെത്തി. അടുത്ത പറമ്പില്‍ ഉശിരോടെ ഉയര്‍ന്നുവരുന്ന റബര്‍ മരങ്ങള്‍ക്കിടയില്‍ തോട്ടപ്പയര്‍ തഴച്ചു വളര്‍ന്നു കിടക്കുന്നു. അടുത്തിടെ അവിടെ നിന്നും വമ്പനൊരു മൂര്‍ഖന്‍ പാമ്പിനെ ഒരു അയല്‍പക്കംകാരന്‍ കണ്ടതായി ഞാന്‍ പറഞ്ഞപ്പോള്‍ റംസ്‌ പറഞ്ഞു: "നമുക്കിനി തിരിച്ചു പോയാലോ?"

***** ***** *****

ഇവന്റെ ജനനം പാല്‍പ്പാത്രം നിറച്ചു


വീണ്ടും വിശ്രമവും തുടര്‍ന്ന്‌ ഊണും. ഊണിനു രാവിലത്തെ മീന്‍കറി തന്നെ പ്രധാന വിഭവം. എടുത്തു പറയാനൊന്നും വേറെയില്ല. ഊണു കഴിഞ്ഞ്‌ പിന്നേം വിശ്രമം. ഇങ്ങനെ വിശ്രമിച്ചോണ്ടിരുന്നാല്‍ നമ്മള്‍ വന്ന കാര്യം നടക്കില്ലല്ലോ! ഉച്ച കഴിഞ്ഞിട്ടും നിനക്കൊക്കെ തണുപ്പാണോ? വാ വല്ലയിടത്തും പോകണ്ടേ? ചോദ്യങ്ങളുടെ ശരമാരി സംഘത്തിന്റെ കര്‍ത്തവ്യബോധത്തെ പിടിച്ച്‌ ഇക്കിളിയിട്ടു. രാജ്‌ ഭയങ്കര റിയലിസ്റ്റിക്കാണ്‌, മാത്രവുമല്ല നമ്മള്‍ക്ക്‌ ഈ സ്ഥലമൊന്നും വെല്യ പിടീമില്ല. അത്‌ കൊണ്ട്‌ പുള്ളി പറയുന്നതിനു കാതോര്‍ക്കാം.

നമ്മടെ ഈ സെറ്റപ്പ്‌ വെച്ച്‌ മൂന്നാറൊന്നും കറങ്ങുന്ന കാര്യം ഓര്‍ക്കണ്ട. കുമളിയില്‍ എന്തൊക്കെയോ പ്രശ്‌നമാണെന്നു കേള്‍ക്കുന്നു, അതുകൊണ്ട്‌ തേക്കടി സന്ദര്‍ശനവും വെട്ടാം. അവിടെ ഒന്നു കറങ്ങണമെങ്കില്‍ ഒരു പകുതി പകല്‍ സമയമെങ്കിലും വേണം താനും. ഇടുക്കി ഡാം സന്ദര്‍ശനം. സാധാരണ ക്രിസ്‌മസ്‌-പുതുവല്‍സരം പ്രമാണിച്ച്‌ തുറന്നു കൊടുക്കാറുള്ളതാണ്‌. ഇത്തവണ അങ്ങനെയൊന്നും കേട്ടില്ല. അതിന്റെ കാര്യവും ഗോവിന്ദ. ഇനി പെട്ടെന്നു തീര്‍ക്കാവുന്നതും ലളിതവുമായ രണ്ട്‌ ഐറ്റങ്ങള്‍ ഉള്ളത്‌ ഒന്ന്‌, കട്ടപ്പനയുടെ പ്രാന്തപ്രദേശമായ കല്യാണത്തണ്ട്‌ മലയാണ്‌. വലിയ അപകടമൊന്നുമില്ലാത്ത ഒരു ട്രെക്കിംഗ്‌. രണ്ട്‌, രാമക്കല്‍മേട്‌. കുഞ്ഞു ട്രെക്കിംഗ്‌. കിടിലന്‍ വ്യൂപോയിന്റ്‌. പക്ഷേ പത്തിരുപതു കി.മീ.യാത്രയുണ്ട്‌, ഇന്നിത്ര താമസിച്ചതുകൊണ്ട്‌ അതിനി നടക്കില്ല. സോ, നമ്മുടെ മുന്നിലെ ഏക വഴി കല്യാണത്തണ്ടിലേക്ക്‌! വേറെ ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട്‌ തീരുമാനം ഐകകണ്‌ഠ്യേന അംഗീകരിക്കപ്പെട്ടു.

പിന്നെ ഒരു കൂട്ടപ്പൊരിച്ചില്‍. ക്യാമറയെടുക്കുന്നു, ഡ്രെസ്സു ചെയ്യുന്നു, ഫോണെടുക്കുന്നു, ജാക്കറ്റിടുന്നു, ബാഗില്‍ കുടിക്കാന്‍ വെള്ളം കരുതുന്നു.... ടപ്പേന്നെല്ലാവരും റെഡിയായി. കൊച്ചുതോവാളയിലത്തി. ഒറ്റ വണ്ടിയില്ല. ഓട്ടോ, അത്‌ ആപേ ആയാലും, ഞങ്ങള്‍ ആറുപേര്‍ക്ക്‌ തികയില്ല. കടയിലെ സജി ചേട്ടന്‍ അവിടെയുണ്ട്‌. ജീപ്പ്പും കിടപ്പുണ്ട്‌. പുള്ളിയെ കട്ടപ്പനയ്‌ക്ക്‌ ഓട്ടം വിളിച്ചു. അല്‍പസമയത്തിനകം സജി ചേട്ടന്‍ തയ്യറായി വന്നു. ജീപ്പ്പിലേക്കു കയറുന്ന വഴിക്ക്‌ മടക്കി വെച്ചിരുന്ന ആംറെസ്റ്റ്‌ ചാഞ്ഞു വരികയും തെറ്റില്ലാത്ത വിധം ചിക്കുവിന്റെ നെറ്റി അതിനൊരുമ്മ കൊടുക്കുകയും ചെയ്‌തു. ചിക്കു നേരിട്ട ക്ലേശങ്ങളുടെ തുടക്കം ആ ജീപ്പ്പിന്റെ ചവിട്ടുപടിയില്‍ നിന്നു തുടങ്ങി.

പത്തു മിനിട്ടിനകം ഞങ്ങള്‍ കട്ടപ്പന ഐ.ടി.ഐ. ജംക്‌ഷനു സമീപം ഇന്‍ഫന്റ്‌ ജീസസ്‌ സ്‌കൂളിനടുത്ത്‌ വണ്ടിയിറങ്ങി. അവിടെയാണ്‌ ബ്ലോഗറുടെ ഉറ്റസുഹൃത്ത്‌ ജോബി എന്ന ജോച്ചായന്റെ വീട്‌. കല്യാണത്തണ്ടിലേക്കുള്ള ബ്ലോഗറുടെ മുന്‍യാത്രകള്‍ ഈ ജോബിക്കൊപ്പം ആയിരുന്നു. അതിനാല്‍ ഈ യാത്രയിലും ബ്ലോഗര്‍ക്കു ജോച്ചായന്‍ ഒപ്പം വേണമെന്നൊരു മോഹം. ആയത്‌ മുന്‍കൂട്ടി വിളിച്ച്‌ അറിയിച്ചിട്ടുണ്ട്‌. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ ഒരു മൂന്നു മണി കഴിഞ്ഞിട്ടുണ്ടാവണം. അച്ചായന്റെ വീട്ടില്‍ കയറിയെന്നു വരുത്തി(പഴം തിന്നാന്‍ വേണ്ടി മാത്രം). മള്‍ട്ടിയാണെങ്കില്‍ അന്നു കപ്പയും ചോറുമൊന്നും കഴിച്ചില്ലെന്നു സംശയം ജനിപ്പിച്ചു. റംസ്‌ ഒരു മല്‍സരത്തിനു ശ്രമിച്ചെങ്കിലും ഒന്നാം ലാപ്പില്‍ തന്നെ പിന്‍വാങ്ങി. അധികം താമസിയാതെ(ബോറാക്കാതെ) ഞങ്ങള്‍ പുറപ്പെട്ടു.

വഴിക്ക്‌ സന്ദര്‍ശകര്‍ അച്ചായനുമായി പരിചയപ്പെട്ടു. തമാശകള്‍ പറഞ്ഞും മള്‍ട്ടിയുടെ ജീവിതരഹസ്യങ്ങള്‍ തേടിയും നടക്കുന്നതിനിടയില്‍ ആദ്യത്തെ കയറ്റം അത്ര വിഷമിപ്പിച്ചില്ല. പിന്നീട്‌ കുത്തനെയുള്ള ഒരിറക്കം. തുടക്കത്തില്‍ അങ്ങു ദൂരെ തലയുയര്‍ത്തി നില്‍ക്കുന്ന കല്യാണത്തണ്ടുമലയുടെ ഉച്ചി കാണുമാറായി. മുഖങ്ങളില്‍ 'ഇതിനു വരേണ്ടിയിരുന്നോ' എന്നൊരു ഭാവം 'ഏതു മലയും ഇന്നു കീഴടക്കിയിട്ടേയുള്ളൂ' എന്ന നിശ്ചയദാര്‍ഢ്യവുമായി പോരടിച്ചു നിന്നു. ചിതറിക്കിടക്കുന്ന ഉരുളന്‍ കല്ലുകളില്‍ ചവിട്ടി ചിക്കു ഒന്നുരണ്ടു വട്ടം സ്ലിപ്പായി. ആലപ്പുഴയില്‍ ഇങ്ങനത്തെ വഴികളും ഇറക്കവും കല്ലുകളും ഇല്ലാത്തതു കൊണ്ടാവും. ചമ്മല്‍ മറയ്‌ക്കാനെന്നോണം അവന്‍ ചെരിപ്പിനെ കുറ്റം പറഞ്ഞു. അതിന്റെ കണ്ടീഷന്‍ മോശമാണത്രേ. പിച്ച പിച്ച ചിച്ചു, വീണ്ടും ഒരു സ്‌കേറ്റിംഗ്‌ വിദഗ്‌ധനെപ്പോലെ തെന്നി നീങ്ങി. ഞങ്ങളുടെ ചിരി അതിരുകടന്നപ്പോള്‍ ഇനിയെന്തായാലും വീഴാതെ നോക്കണം എന്ന വാശിയിലായി ആശാന്‍. ഭാഗ്യം, ഇറക്കം തീര്‍ന്നു. ആ വഴി ചെന്നുചേരുന്ന റോഡിനക്കരെ മറ്റൊരു മണ്‍റോഡ്‌. അതൊരു ഒന്നര കയറ്റം. ചങ്കിടിപ്പിനു ശക്തി കൂടി. നടപ്പിനു വേഗം വല്ലാതെ കുറഞ്ഞു. 'ഈ കുന്നും മലയുമൊക്കെ കണ്ടുപിടിച്ചവനെ കൊല്ലണം' സ്റ്റീവ്‌ പറഞ്ഞതു മറ്റെല്ലാവരും കേട്ടില്ലെന്നു നടിച്ചു. ചുറ്റും കാപ്പിയും മുളകും ഏലവുമൊക്കെ വളരുന്ന കൃഷിയിടങ്ങള്‍. അതിനെല്ലാം മധ്യത്തില്‍ ഓരോ വീടുകള്‍. നഗരത്തിന്റെ ശബ്‌ദങ്ങളില്ലാത്ത അന്തരീക്ഷം. പോക്കുവെയിലിനു ചൂടുണ്ടെങ്കിലും തണുത്ത കാറ്റ്‌ അതിനും വിയര്‍പ്പിനും മരുന്നായി.

രണ്ടാമത്തെ കയറ്റത്തിനപ്പുറം അല്‍പം നിരപ്പ്‌. നടപ്പിന്റെ വേഗം തെല്ലു കൂടി. ആ റോഡിന്നവസാനം പാറമാത്രമെന്നു തോന്നിക്കുന്ന ഒരു കുന്നിന്റെ ചുവട്ടിലെത്തി. നില്‍ക്കാതെ നടപ്പു തുടരവേ ബ്ലോഗര്‍ പറഞ്ഞു 'ദേ, ഈ പാറേടെ പുറത്തൂടെ കേറിവേണം പോകാന്‍!'

'ഈ പാറേടെയോ?' ചോദ്യം പലനാവുകളില്‍ നിന്നും ഒന്നിച്ചു പൊങ്ങി. നടന്നും കുന്നുകയറിയും സഹികെട്ട സഹയാത്രികര്‍ ബ്ലോഗറെ അടിച്ചു കൊന്നാല്‍ വീട്ടിലറിയിക്കാനായിരിക്കും അച്ചായനെകൂടെ കൂട്ടിയത്‌.

'നടക്കെടാ ഉവ്വേ.. ഒരു ടൂര്‍ ഓപ്പറേറ്ററും കാണിക്കാത്ത കാഴ്‌ചകളിലേക്കാണു ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്നത്‌!' ബ്ലോഗറുടെ വാക്കുകള്‍ ബൂസ്റ്റിന്റെ ഫലം ചെയ്‌തു.

'വീയാര്‍ റോക്കിങ്ങ്‌..!' സ്റ്റീവ്‌ ആവേശത്തോടെ അലറി.

ശ്വാസമെടുക്കാന്‍ തത്രപ്പെടുന്നതിനിടയില്‍ ചിക്കു ചോദിച്ചു: "എന്തോന്നു റോക്കിങ്ങ്‌?"

"എടാ നമ്മള്‍ പാറപ്പുറത്തുകൂടി കയറുവാന്ന്‌..!"

കാളച്ചാണകം എന്ന് ഇംഗ്ലീഷില്‍ പറഞ്ഞുകൊണ്ട്‌ അല്‍പം ഓക്‍സിജന്‍ കിട്ടുമോന്നറിയാന്‍ റംസ്‌ കിഴക്കോട്ടു തിരിഞ്ഞു നിന്നു.

പക്ഷേ ആ പാറ കയറിയപ്പോള്‍ ആദ്യത്തെ പിറ്റ്‌സ്റ്റോപ്പിനുള്ള വിളി മുഴങ്ങി. അല്‍പനേരം വിശ്രമം. സകലവനും പട്ടിയെപ്പോലെ കിതച്ചു ഫ്ലാറ്റ്‌ ആയി. ബ്ലോഗറുടെ ആവേശമൊക്കെ വാചകത്തിലേ ഉള്ളൂ എന്നു മലബാറുകാരു തിരിച്ചറിഞ്ഞു.

പിന്നെയും ഒരു ഇരുനൂറു മീറ്റര്‍ കൂടി. സകലരും തളര്‍ന്നു. ചെരിഞ്ഞു വിശാലമായിക്കിടക്കുന്ന പാറമേല്‍ ഞങ്ങളിരുന്നു. രണ്ടാമത്തെ പിറ്റ്‌സ്റ്റോപ്‌.

"അങ്ങനെ പാതി വഴിയായി!" ബ്ലോഗര്‍ പ്രഖ്യാപിച്ചതു കേട്ട്‌ അച്ചായന്‍ ഒന്നു ചിരിച്ചു.

"പകുതിയേ ആയൊള്ളോ? അയ്യോ...!" ചിക്കു നിരാശ മറച്ചു വെച്ചില്ല.

"സമയമൊന്നു നോക്കിയേ! നമ്മള്‍ നടക്കാന്‍ തുടങ്ങിയിട്ട്‌ ഒരു മണിക്കൂര്‍ പോലും ആയില്ല." അപ്പോഴാണ്‌ എല്ലാവരും അക്കാര്യം ശ്രദ്ധിച്ചത്‌. വഴി ഉയര്‍ത്തിയ വെല്ലുവിളികള്‍ ഒരുപാടു നടന്നതായി തോന്നിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്‌തു. മള്‍ട്ടിയും നിറ്റ്‌സും പാറപ്പുറത്ത്‌ മാനം നോക്കി മലര്‍ന്നു കിടന്നു. വെയിലിന്റെ ചൂടുണ്ട്‌ പാറയ്‌ക്ക്‌. സൂര്യന്‍ മലയ്‌ക്കപ്പുറത്തു പടിഞ്ഞാറു ചായാന്‍ പോകുന്നു. കൃഷിസ്ഥലങ്ങളെല്ലാം തീര്‍ന്നു. ഞങ്ങളിരുന്നിടത്തു നിന്നും കിഴക്കോട്ടു നോക്കിയാല്‍ കട്ടപ്പന പട്ടണവും അതിനു കിഴക്ക്‌ അതിരുതീര്‍ക്കുന്ന മലനിരകളും പ്രകൃതിയുടെ വിശാലമായ കാന്‍വാസിലെ ഹരിതാഭമായ ഒരു ചിത്രം പോലെ. ഇനി മേലേക്ക്‌ കുറ്റിച്ചെടികളും പുല്ലും മാത്രം വളര്‍ന്നു നില്‍ക്കുന്ന മേട്‌ മാത്രം, പക്ഷേ കയറ്റം തന്നെ.

കല്യാണത്തണ്ടിലേക്കുള്ള വഴിയില്‍ നിന്നും കട്ടപ്പന പട്ടണത്തിന്റെ ദൃശ്യം

നടപ്പിന്റെ ഇടവേളയിലെ കിടപ്പിന്റെ സുഖം - മള്‍ട്ടിയും റംസും


വെള്ളം കുടിച്ചു. ഇരുന്നും കിടന്നും കിതപ്പാറ്റി, വിയര്‍പ്പു തോര്‍ന്നപ്പോള്‍ ഒറ്റകുതിപ്പിനു മുകളിലെത്താമെന്നു തോന്നിപ്പോയി. വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ക്കിടയിലൂടെ, കല്ലിലും മുള്ളിലും ചവിട്ടി മലകയറി. ഏറ്റവും മുകളില്‍ കല്യാണത്തണ്ട്‌ ക്ഷേത്രം കാണാം. പക്ഷേ ആ ദിശയിലല്ല, പിന്നെയും വലത്തോട്ടാണു ഞങ്ങള്‍ക്കു പോകേണ്ടത്‌. പുല്ലുപടര്‍ന്നു വളര്‍ന്ന മലഞ്ചെരിവിലൂടെ പിന്നെയും ഉയരങ്ങള്‍ താണ്ടി നടപ്പ്‌. അവസാനം നിറുകയിലെത്തി, സഹ്യന്റെ ഉച്ചിയിലെന്നു തോന്നിക്കും വിധം മനോഹരമായ പ്രകൃതിയുടെ നിറുകയില്‍!

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 3

ബ്ലോഗര്‍ക്കങ്ങനെ ക്ഷീണമൊന്നും കാണാനില്ല. വന്നപാടെ വേഷോം മാറി പത്രത്തിലും ടി.വി.യിലുമൊക്കെ ഒന്നു കണ്ണുപായിച്ച്‌ ഇതിനിടെ മൂപ്പിലാന്‍ പല്ലും തേച്ചു, ചായേം കുടിച്ചു. ഞങ്ങള്‍ക്കാണെങ്കില്‍ തണുത്തിട്ടു തറയില്‍ കാലുകുത്താന്‍ വയ്യ. കസേരയിലിരുന്നാല്‍ കട്ടിലില്‍ ഇരിക്കാന്‍ തോന്നും. കട്ടിലില്‍ ഇരുന്നാല്‍ കിടക്കാന്‍ തോന്നും. കിടന്നാല്‍ പുതയ്‌ക്കാന്‍ തോന്നും.

അങ്ങനെ നിക്കുമ്പോളാണു ബ്ലോഗര്‍ പറേണത്‌ കുളിക്കാന്‍. ഞങ്ങ എല്ലാരും മുഖത്തോടു മുഖം നോക്കി. ഇനി ഇവിടെ കുളിച്ചിട്ടു വന്നാലേ ഭക്ഷണം വിളമ്പത്തൊള്ളോ? അല്ല, ഓരോയിടത്തും ഓരോ രീതികളായിരിക്കുമല്ലോ! ഒന്നു രണ്ടു തവണ ബ്ലോഗര്‍ പറഞ്ഞു: "എന്നാ ഓരോരുത്തരായി റൊട്ടൈന്‍സ്‌ ഒക്കെ നടത്തിക്കോളൂ. ഒരു ബാത്‌റൂം ദാ ഇവിടെ, വേറൊരെണ്ണം ദാണ്ടവിടെ.."
പൊതുവേ എല്ലാര്‍ക്കും ഒരു നിസ്സംഗത ആയിരുന്നു അതു കേട്ടപ്പോള്‍. പ്രതിഷേധസൂചകമായി ശരീരത്തിലെ ഓരോ രോമവും എഴുന്നേറ്റു നിന്നു സഭ സ്‌തംഭിപ്പിച്ചു. ബ്ലോഗര്‍ക്കു കാര്യം മനസ്സിലായി. "ചൂടുവെള്ളം വേണംന്നുള്ളോര്‍ക്ക്‌ വെള്ളം ചൂടാക്കുന്നുണ്ട്‌..." ഇതു കേട്ടപ്പോള്‍ പകുതി തണുപ്പു മാറി. എന്നാലും ആ പറച്ചിലേ - ചൂടുവെള്ളം വേണംന്നുള്ളോര്‍ക്കു പോലും! കുളിക്കാനേ തോന്നുന്നില്ല, അപ്പോഴല്ലേ പച്ചവെള്ളത്തിലെ കുളി. ഒരുത്തനും പച്ചവെള്ളത്തില്‍ കുളിക്കാനുള്ള സ്റ്റാമിന ഇല്ലെന്നു കണ്ട ബ്ലോഗര്‍ ക്രൂരമായ ഒരു ആനന്ദത്തോടെ എന്നാല്‍ ഞാന്‍ കുളിച്ചേച്ചും വരാം എന്നും പറഞ്ഞ്‌ ഒരു തോര്‍ത്തുമെടുത്ത്‌ അന്റാര്‍ട്ടിക്കേല്‍ പോയാലും ഞാന്‍ പച്ചവെള്ളത്തിലേ കുളിക്കൂ എന്ന ഭാവം വിരിയുന്ന ഒരു നോട്ടം ഞങ്ങളുടെ നേരേ എറിഞ്ഞിട്ടു പോയി.

അടുക്കളയില്‍ നിന്നാണെങ്കില്‍ എന്തെല്ലാമോ ശബ്‌ദങ്ങള്‍ കേള്‍ക്കുന്നുണ്ട്‌. ചീനച്ചട്ടിയില്‍ കടുകു വറക്കുന്നതിന്റെ മണവും എന്തോ ഇളക്കിമറിക്കുമ്പോള്‍ ചട്ടുകം ചീനച്ചട്ടിയില്‍ തട്ടിയുണ്ടാകുന്ന മണിനാദവും പിന്നെയും എന്തെല്ലാമോ രുചിയും മണവും വര്‍ണ്ണവുമാകുന്നതിനിടയില്‍ ആവിയായി പൊങ്ങുന്നതിന്റെ നേര്‍ത്ത വാസനയും... കുളിയൊന്നു കഴിഞ്ഞുകിട്ടുന്നതുവരെ ആമാശയത്തെ ഒന്നടക്കിയിരുത്താന്‍ ഞങ്ങള്‍ പെട്ട പാട്‌!

അന്നും ബ്ലോഗര്‍ തണുത്തവെള്ളത്തിലാണു കുളിച്ചത്‌. കുളിമുറിയില്‍ ആദ്യത്തെ വെള്ളത്തുള്ളികള്‍ ബ്ലോഗറുടെ ദേഹത്തുവീണ സമയത്ത്‌ ഒരാര്‍ത്തനാദം മുഴങ്ങിയെന്നു ഒരു ശ്രുതി പടര്‍ന്നു. ബ്ലോഗറോടു ചോദിച്ചാല്‍ നാടിന്റെ കുളിര്‌ ശരീരത്തിലൂടെ മനസ്സിലേക്ക്‌ സ്വാംശീകരിക്കുന്നതാണ്‌ എന്നെങ്ങാനും അങ്ങേര്‌ സാഹിത്യഭാഷയില്‍ കാച്ചിയാലോ എന്നു പേടിച്ച്‌ ആരും അതെന്താണെന്നു ചോദിച്ചില്ല. പഴം പൊളിക്കുന്ന ലാഘവത്തോടെ നാടന്‍ കോഴിയുടെ തൊലി ഉരിക്കാന്‍ പോന്നത്ര ചൂടുള്ള വെള്ളത്തില്‍ കുളിച്ചിട്ടും വിറയ്‌ക്കാതെ നില്‍ക്കാന്‍ കഷ്‌ടപ്പെടുന്ന ഞങ്ങള്‍ക്ക്‌ അതു ചോദിക്കാന്‍ എന്തവകാശം?

"എന്നാ ബാ.. നമക്കു വല്ലോം കഴിക്കാം!" അടുക്കളയില്‍ കയറി ഒരു റൗണ്ടടിച്ചു വന്ന ബ്ലോഗര്‍ എന്തോ സാധനം ഉപ്പുനോക്കാനെടുത്തു ചവച്ചുകൊണ്ട്‌ അരുളിച്ചെയ്‌തു. ഈ 'കര്‍ണ്ണാമൃതം കര്‍ണ്ണാമൃതം' എന്നു കേട്ടിട്ടില്ലേ? ആയുര്‍വേദ മരുന്നിന്റെ പേരുപോലെ തോന്നുമെങ്കിലും അതൊന്നുമല്ല. ദേ, ഇക്കേട്ടമാതിരി വാക്കുകളെയാണ്‌ അങ്ങനെ പറയുന്നത്‌. എന്താന്നുവെച്ചാ, റെസ്‌പോണ്‍സ്‌ അങ്ങനെ ആയിരുന്നു. വാളുവെച്ച ക്ഷീണത്തിന്റെ പുറത്ത്‌ കുളിച്ചിട്ടു വന്ന്‌ മനോരമപത്രത്തിലെ ചരമകോളത്തില്‍ പരിചയക്കാരുടെ ആരുടെയോ പടം കണ്ടമാതിരി മുഖം പൂഴ്‌ത്തിയിരുന്ന നിറ്റ്‌സ്‌ ഒക്കെ ദാണ്ടെടാ ആ കട്ടിലിന്നടീല്‍ ബോംബുണ്ട്‌ എന്നു കേട്ട മാതിരിയല്ലേ ചാടിയെഴുന്നേറ്റ്‌ സേഫ്‌ അസംബ്ലി പോയിന്റായിട്ട്‌ മാര്‍ക്ക്‌ ചെയ്‌തിരിക്കുന്ന ഊണുമേശയ്‌ക്കരികില്‍ വന്നത്‌!

പിന്നെ കാര്യങ്ങളൊക്കെ ശഠപഠേന്നാണു നടന്നത്‌. കസേരകള്‍ മേശയേ ലക്ഷ്യമാക്കു പാഞ്ഞടുത്തു. അതിഥികള്‍ ഉപവിഷ്‌ടരായി. ബ്ലോഗര്‍ ഒരു സപ്ലയറുടെ ചാതുര്യത്തോടെ കപ്പപ്പുഴുക്കു വിളമ്പിയ പാത്രങ്ങള്‍ ഒന്നൊന്നായി ഞങ്ങളുടെ മുന്നില്‍ നിരത്തി വെച്ചു.

ഹയ്യട ഹയ്യാ! എന്നു വെച്ചാ, അതായത്‌ ഈ കപ്പപ്പുഴുക്കെന്നു പറഞ്ഞാ, നല്ല നാടന്‍ കപ്പ കൊത്തി നുറുക്കിക്കഴുകി, വാവട്ടമുള്ള കലത്തിലിട്ടു വറ്റാനും മാത്രം പാകത്തിനു വെള്ളം ചേര്‍ത്ത്‌ ഉപ്പിട്ടങ്ങനെ വേവിച്ച്‌, നാടന്‍ മഞ്ഞളും ഉള്ളിയും വെളുത്തുള്ളീം ചേര്‍ത്തരച്ച്‌ തേങ്ങയും പച്ചമുളകും കരിയാപ്പിലയും പാതിയരവു പാകത്തില്‍ ഒതുക്കിയെടുത്ത്‌, കപ്പയങ്ങു വെന്തു വരുന്ന വരവിന്‌ ഈ അരപ്പിനെ കലത്തിന്റെ വക്കോളം നിറയുന്ന കപ്പയുടെ മേലെ വെച്ച്‌, കലമെടുത്ത്‌ രണ്ടു കുലുക്കുമ്പോള്‍ അടിഭാഗത്തു കിടന്ന കപ്പ മേലെയും മേലേ കിടന്ന അരപ്പും കപ്പയും കൂടി അങ്ങു താഴെയും ചെല്ലുന്ന മാന്ത്രികവിദ്യ കാട്ടി, ഈ സംവിധാനം അരപ്പു വേകാന്‍ പാകത്തില്‍ ചെറുതീയിലൊന്നാവി കേറ്റി, അറിയാമെങ്കിലും മൂടി തുറന്ന്‌ ഒരു കഷണം കപ്പയെടുത്ത്‌ ഉള്ളം കയ്യിലിട്ട്‌ ഊതിയാറ്റി, കടിച്ചു വേവുനോക്കി, വട്ടം തുണികൂട്ടിപ്പിടിച്ചു വാങ്ങി തറയില്‍ വെച്ച്‌, കൊരണ്ടിപ്പലകയിട്ടിരുന്ന്‌, പൊള്ളാതെ തുണികൂട്ടി ഇരു കാല്‍പാദങ്ങളും കൊണ്ട്‌ കലം അമര്‍ത്തിപ്പിടിച്ച്‌, കാലാകാലങ്ങളായി കപ്പയിളക്കല്‍ നിര്‍വ്വഹിച്ചു പോരുന്ന അലകുകൊണ്ടുള്ള തുടുപ്പെന്നു പേരുള്ള ആ വടികൊണ്ട്‌ അധികം കുഴയാതെയും എന്നാല്‍ എല്ലായിടത്തും ഒരേപോലെ അരപ്പു ചെല്ലാനും പാകത്തില്‍ കപ്പ കുഴച്ചു തീര്‍ത്ത്‌, തുടുപ്പിങ്ങെടുക്കുമ്പോള്‍ അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പുഴുക്ക്‌ ചൂണ്ടുവിരല്‍ കൊണ്ട്‌ വടിച്ചെടുത്ത്‌, പുഴുക്കിന്റെ സത്തായ ഈ സാധനം വായിലാക്കി ഒന്നു നുണഞ്ഞ്‌ "മ്‌..റ്റ!!" എന്നു നാക്കുകൊണ്ട്‌ ഒരു ഞൊടിശബ്ദം കേള്‍പ്പിച്ചിട്ട്‌ "കപ്പ റെഡീ.." എന്നു പറയുമ്പോഴാണ്‌ കപ്പപ്പുഴുക്കു വിളമ്പാറാവുന്നത്‌. ഇച്ചിരെ ഓവറാക്കമെന്നുണ്ടെങ്കില്‍ വെളിച്ചെണ്ണയില്‍ കടുകുപൊട്ടിച്ച്‌ ചെമന്നുള്ളി വട്ടത്തിലരിഞ്ഞ്‌ ഇറുത്തിട്ട നാലഞ്ച്‌ വറ്റല്‍മുളകും ചേര്‍ത്തുമൂപ്പിച്ച്‌ കപ്പപ്പുഴിക്കില്‍ ചേര്‍ത്തിളക്കിയെടുക്കാം. (കണ്ടില്ലേ നിസ്സാര കേസേ ഉള്ളൂ, എന്നിട്ടാണു ചിലര്‍ പറയുന്നതു കപ്പ കഴിക്കുവാണേല്‍ കള്ളുഷാപ്പിലെ കപ്പ കഴിക്കണംന്ന്‌. അവരടെ ഉദ്ദേശം വേറെയാ! )





പിന്നാലെ വന്നതു തേങ്ങായരച്ച നാടന്‍ മീന്‍ കറി! ഈ മീന്‍ കറീന്നു പറഞ്ഞാല്‌, മഞ്ഞളിന്റെയും മുളകിന്റെയും ഒരു ഐക്യവും അനുപാതവും കാരണം ചെന്തെങ്ങിന്റെ നിറമുള്ള നല്ല കൊഴുത്ത ചാറ്‌. അതിലിങ്ങനെ തനിക്കുള്ളതെല്ലാം സ്വയം സമര്‍പ്പിച്ചു ദേഹം മാത്രമായി പൊന്തിക്കിടക്കുന്ന ഒരു തണ്ടു കരിയാപ്പില. ന്യൂനപക്ഷമാണെങ്കിലും കാഴ്‌ചയിലും മണത്തിലും ഗുണത്തിലും തങ്ങളുടെ സജീവസാന്നിദ്ധ്യം അറിയിച്ചുകൊണ്ട്‌ കേരളാകോണ്‍ഗ്രസ്സ്‌ പോലെ പിളര്‍ന്നു കിടക്കുന്ന പച്ചമുളകുകള്‍. ശാലീനസുന്ദരിയുടെ കവിളത്തെ കാക്കപ്പുള്ളിപോലെ ചാറിനുമേലേക്ക്‌ കുറുപ്പു നിറത്തില്‍ പൊന്തി നില്‍ക്കുന്ന കുടമ്പുളിക്കഷണത്തിന്റെ അരിക്‌. കഷണം കഷണമായി നിരന്നു കിടന്നു ചാറില്‍ തിങ്ങുന്ന മീന്‍നുറുക്കുകള്‍. രാവിലെ വെച്ച കറിയായതുകൊണ്ട്‌ പുളി പിടിച്ചു വരുന്നതേയുള്ളൂ. അനക്കാതെ, പുളി ചാറില്‍ മുക്കിയിട്ടിട്ട്‌ ഒരു മൂന്നാലു മണിക്കൂര്‍ കഴിഞ്ഞിട്ട്‌ ഒന്നു രുചിച്ചു നോക്കിയേ! ലോ.. ലതാണ്‌ മീന്‍കറി!

ആനന്ദലബ്‌ധിക്കിനിയെന്തു വേണം. ഒരഞ്ചു മിനിറ്റു നേരത്തേക്ക്‌... വെള്ളമെടുക്കുമ്പോള്‍ ഗ്ലാസ്‌ തട്ടുകയും മുട്ടുകയും ചെയ്യുന്നതും, "കപ്പയിങ്ങെടുത്തേ..", "മീന്‍ പാത്രമിങ്ങു തന്നേ.." എന്നിങ്ങനെ 'പൊതുവായ' ചില ഹ്രസ്വവാചകങ്ങളുമല്ലാതെ വേറൊന്നും അവിടെ കേള്‍ക്കാനില്ലായിരുന്നു. അവിടെ മോസ്റ്റ്‌ ഗ്ലാമറസ്‌ സകലകലാവല്ലഭന്‍ മള്‍ട്ടിയില്ല, ഉള്ളാലെ നടന്‍ സിദ്ധാര്‍ത്ഥിന്റെ ഒരു കട്ടുണ്ടെന്നു ഭാവിക്കുന്ന റംസില്ല, ആലപ്പുഴയിലൊക്കെ കിട്ടുന്നതാണു മോനേ മീന്‍ എന്ന്‌ ആധികാരികമായി പറയാന്‍ ശേഷിയുള്ള ചിച്ചുവില്ല, ഇടപെടുന്ന ഏതു പെണ്ണിനും സഹോദര്യം തോന്നിപ്പോകുന്ന തങ്കപ്പെട്ട സ്വഭാവത്തിനുടമയായ നിറ്റ്‌സ്‌ ഇല്ലേയില്ല. എന്തിന്‌, ബ്ലോഗറുപോലും താന്‍ തന്റെ അതിഥികള്‍ക്കു മുന്നിലാണെന്ന നിയന്ത്രണമൊന്നുമില്ലാതെ തന്റെ പ്രൊഫൈലില്‍ പറഞ്ഞിട്ടുള്ള 'കപ്പയും മീനും പോലത്തെ നാടന്‍ ഐറ്റംസിനോടുള്ള താല്‍പര്യം' സുദൃഢം സ്‌ഥാപിക്കുന്നതില്‍ മുഴുകിയിരിക്കുകയായിരുന്നു. അല്‍പനേരം കഴിഞ്ഞപ്പോഴാണ്‌ എല്ലാവരും ലോകകാര്യങ്ങളൊക്കെ സംസാരിക്കാനും, എന്തിന്‌ മുഖത്തോടു മുഖം നോക്കാനുംകൂടി തയ്യാറായത്‌. തങ്ങളെ പിടിച്ചടിമകളാക്കുന്നതില്‍ വിജയിച്ചതു വിശപ്പാണോ അതോ കപ്പയുടെയും കറിയുടെയും മഹത്വമാണോ എന്നറിയാന്‍ പ്രിയപ്പെട്ട കൂട്ടുകാരോടു തന്നെ ചോദിക്കണം.

സ്വന്തം വീട്ടിലായതു കൊണ്ട്‌ ഞാന്‍ ഒരു കാര്യം സമ്മതിച്ചു തന്നേക്കാം: 'കപ്പയും മീനും കണ്ടപ്പോള്‍ കണ്ട്രോളു പോയി!'

Tuesday, January 31, 2012

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 2

വെയ്റ്റിംഗ്‌ ഷെഡ്ഡില്‍ ഇരുന്നവരുടെ വണ്ടിയിലേക്കുള്ള ചൂഴ്‌ന്ന നോട്ടം കണ്ടാലറിയാം ആരെയോ കാത്തിരിക്കുവാണെന്ന്‌. ആ നോട്ടം മുന്‍പ്‌ വാഹനങ്ങളില്‍ അതുവഴി കടന്നുപോയ ആരെയും അലോസരപ്പെടുത്താഞ്ഞതുകൊണ്ടോ അതോ കൊച്ചുതോവാളക്കാര്‍ ഭയങ്കര ക്ഷമാശീലം ഉള്ളവരായതുകൊണ്ടോ നാലുപേരും കേടുപാടൊന്നും കൂടാതെ അവിടെത്തന്നെ ഉണ്ടായിരുന്നു. ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി കാശും കൊടുത്തു തിരിയുമ്പോള്‍ എല്ലാവരും ബഹുമാനപൂര്‍വ്വം (താങ്ക്‌ യു താങ്ക്‌ യു...) എഴുന്നേറ്റു നിന്നു. കാന്തം കണ്ട ഇരുമ്പാണി പോലെ വട്ടം കൂടി. എല്ലാവരെയും ഒറ്റയടിക്ക്‌ പരിചയപ്പെട്ടു. ഈ നാലു പേരെ ഞാനും എന്നെ ഈ നാലു പേരും (വാരാനുള്ള ഛെ, വരാനുള്ള അരുണ്‍ സ്റ്റീഫന്റെ കാര്യവും വിഭിന്നമല്ല) ആദ്യായിട്ടു കാണുവാണ്‌.

ആല്‍ഫബെറ്റിക്കല്‍ ഓര്‍ഡറില്‍ പരിചയപ്പെടല്‍ അവതരിപ്പിക്കാം. ദേ ഇങ്ങു മാറി നിന്നേടാ ചെക്കാ... ലോ ലിവനാണു ചിക്കു. പേരുകേള്‍ക്കുന്ന മാത്രയില്‍ ആരാടാ കുട്ടാ നിനക്കീ പേരിട്ടതെന്നു ചോദിക്കാന്‍ തോന്നും. ഭൂമിയില്‍ പിറന്നിട്ട്‌ രണ്ടു വ്യാഴവട്ടം കഴിഞ്ഞിട്ടും മടിച്ചു വളരുന്ന മീശയെ ഒരു റേസറിന്റെ വെട്ടം(വെറും വെട്ടം) കൊണ്ടരിഞ്ഞ്‌, ആ വഴിക്ക്‌ കിട്ടുന്ന സ്റ്റില്‍-അയാം-ഇന്‍-ടീനേജ്‌ ലുക്കും ആ പേരും കൂടി ആകുമ്പോള്‍ "ഔ.. ചോ ച്വീറ്റ്‌" എന്നു പറഞ്ഞുപോകും. അധികം സംസാരിക്കില്ല, പക്ഷേ ചിരിയുണര്‍ത്താനും രസിപ്പിക്കാനും വാക്കുകള്‍ അത്യാവശ്യമല്ല എന്നു ചാര്‍ളി ചാപ്ലിന്‍ തെളിയിച്ചിട്ടുള്ളത്‌ വരും ഭാഗങ്ങള്‍ക്കായി ഒന്നോര്‍ത്തു വെച്ചേക്കുക.

നിതീഷ്‌ മറുമായില്‍. തലയില്‍ നിന്നും തൊപ്പിയൊഴിഞ്ഞ നേരമില്ല. കാരണം ഒന്ന്‌ സ്റ്റൈല്‍, രണ്ട്‌ പ്രായത്തെയും പക്വതയെയും ഓവര്‍ടേക്ക്‌ ചെയ്‌തു തലയില്‍ നിന്നും വിടപറഞ്ഞകലുന്ന മുടിയിഴകള്‍ക്കഴിച്ച്‌ ബാക്കിയുള്ളവ വെളിപ്പെടുന്നതു കൊണ്ടുള്ള ആഫ്റ്റര്‍ എഫക്റ്റുകള്‍ ഒഴിവാക്കാന്‍. നമ്മുടെ സിനിമാ നടന്‍ ലാലിനെ തയ്യാറാക്കാന്‍ ദൈവം എടുത്ത ചേരുവകള്‍ അളവും അരപ്പും വേവും എണ്ണയും കുറച്ച്‌ സൃഷ്‌ടിച്ചതാണ്‌ ഇവനെ എന്നു തോന്നി. വാളുവെച്ച്‌ തൊണ്ട കാറിയതുകൊണ്ടാണ്‌ പരിചയപ്പെട്ടപ്പോള്‍ അത്രേം ബാസ്സു വന്നത്‌ എന്നു പിന്നീടാണു മനസ്സിലായത്‌. ടേണ്‍-ഉള്ള-റോഡില്‍-വാള്‍-പുട്ടിങ്ങ്‌ ഡിസോര്‍ഡര്‍ എന്നൊരു അസുഖമുണ്ടേ. പുരുഷന്മാരില്‍ ലക്ഷത്തില്‍ ഒരാള്‍ക്കുമാത്രമുള്ള ഒരു രോഗമാണെന്നു ഡോക്‌ടര്‍ പറഞ്ഞപ്പോള്‍ 'എനിക്കൊരു കുടുംബജീവിതം സാദ്ധ്യമാണോ ഡോക്‌ടര്‍' എന്നു മാത്രമേ ഈ ശുദ്ധാത്മാവ്‌ തിരിച്ചു ചോദിച്ചുള്ളൂ!

ആളു മെലിഞ്ഞിരിക്കുന്നതാണോ അതോ ഇനി പൊക്കം കൂടിപ്പോയിട്ടാണോ എന്നു സംശയം തോന്നിപ്പിക്കുന്ന ഒരു പരുവം. പശു ചാണകമിടുന്നിടത്തു തഴച്ചുവളരുന്ന പുല്ലു പോലെ താടിയുടെ താഴേത്തട്ടില്‍ മീശ കൊണ്ടൊരു മന്ത്രക്കളം. കണ്ണിലും മുഖത്തും തളം കെട്ടിക്കിടക്കുന്ന വിഷാദഭാവം, ഒരു പക്ഷേ നഷ്‌ടമായ കൗമാരദിനങ്ങളെക്കുറിച്ചുള്ള ഗൃഹാതുരത്വം കലര്‍ന്ന ഓര്‍മ്മകളാകാം. പക്ഷേ സംസാരത്തില്‍ നര്‍മ്മത്തിന്റെ മര്‍മ്മമറിഞ്ഞവന്റെ തെളിമ. ഹൃദയത്തിന്റെ സ്ഥാനത്ത്‌ ഉള്ളതാകട്ടെ ഒരു ഫുട്‌ബോള്‍. വിപ്ലവകാരിയെന്നു തെറ്റിദ്ധരിച്ചു പോയേക്കാവുന്ന ഈ വിശ്വാസിയുടെ പേര്‌ റമീസ്‌ റഹ്‌മാന്‍.

വിമല്‍ തൈക്കണ്ടിയില്‍. കൂട്ടത്തില്‍ ഏറ്റവും ഗ്ലാമര്‍ അവനാണെന്നു മൗനമായി ബാക്കിയുള്ളവര്‍ അംഗീകരിക്കുമെങ്കിലും ആരും പുറമേ ഭാവിക്കില്ല. പണ്ട്‌ എന്‍ജിനീയറിംഗ്‌ പഠനകാലത്ത്‌ ക്ലാസ്സില്‍ നടത്തിയ ഒരു അഭിപ്രായസര്‍വ്വേയില്‍ എപ്പോഴും സംസാരിച്ചിരിക്കാന്‍ കൊതിക്കുന്ന ആളായി('സൊള്ളാന്‍ കൊള്ളാവുന്ന പിള്ള'പ്പട്ടം) പെണ്‍കുട്ടികള്‍ തെരഞ്ഞെടുത്തത്‌ ഇവനെയാണ്‌. നിറ്റ്‌സിന്‌(നിതീഷ്‌) അതില്‍ പരാതി ഒന്നുമില്ലെങ്കിലും എല്ലാവര്‍ക്കും ബോധിച്ച സഹോദരനായാണു നിറ്റ്‌സ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌ എന്നത്‌ അവനെ തളര്‍ത്തിക്കളഞ്ഞിട്ടുണ്ടാവണം. (ആ വിഷമം കൊണ്ടാണ്‌ അവന്റെ മുടികൊഴിഞ്ഞുതുടങ്ങിയതെന്ന് റംസും തൈക്കണ്ടിയും ആണയിട്ടു പറയുന്നു.) സംസാരത്തില്‍ ഡയബെറ്റിസ്‌ ഉള്ളതുകൊണ്ടല്ല മറിച്ച്‌ പഴയകാല സിനിമാഗാനങ്ങളെയും സിനിമാക്കഥകളെയും ഒക്കെ സ്‌നേഹിക്കുകയും നെഞ്ചേറ്റുകയും ചെയ്യുന്ന തന്റെ സഹൃദയമനസ്സാണ്‌ ഈ പ്രീതിക്കു കാരണം എന്നാണു ശ്രീമാന്‍ തൈക്കണ്ടിയില്‍ ഇതിനെപ്പറ്റി നല്‍കുന്ന വിശദീകരണം. വിമല്‍ ടി. എന്ന പേര്‌ ഒന്നിച്ചുച്ചരിച്ച്‌ വിമല്‍ടി, വിമള്‍ടി, വി-മള്‍ട്ടി എന്നിങ്ങനെ പുരോഗമിച്ച്‌ അവസാനം 'മള്‍ട്ടി'യിലെത്തി നിന്നു. സ്വന്തം വീട്ടുകാര്‍ പോലും അവന്റെ യഥാര്‍ത്ഥ പേര്‌ ഓര്‍ക്കുന്നതു റേഷന്‍കാര്‍ഡു കാണുമ്പോഴാണെന്ന്‌ ക്ലാസ്‌മേറ്റ്‌സ്‌ കൂടിയായ റംസും നിറ്റ്‌സും സാക്ഷ്യപ്പെടുത്തുന്നു. ബഹുമുഖപ്രതിഭയാണെന്നുള്ള ബോധ്യം കൊണ്ടാവാം അവനിപ്പോ ഇ-മെയിലുകള്‍ വരെ 'നിങ്ങളുടെ സ്വന്തം മള്‍ട്ടി' എന്നു പറഞ്ഞു ചുരുക്കുന്നു.

അരുണ്‍ സ്റ്റീഫന്‍ എന്ന സമാനതകളില്ലാത്ത വ്യക്തിത്വത്തെ അദ്ദേഹം രംഗപ്രവേശം ചെയ്യുമ്പോള്‍ പരിചയപ്പെടുത്താം.

ഞങ്ങള്‍ കൊച്ചുതോവാള ബസ്‌സ്റ്റോപ്പില്‍ നിന്നും നടന്നു തുടങ്ങി. ബ്ലോഗില്‍ വിരിഞ്ഞ കയ്‌പന്‍ പൂക്കള്‍ വാടിക്കരിഞ്ഞു തുടങ്ങിയിരുന്നു. മഞ്ഞണിഞ്ഞു നില്‍ക്കുന്ന ചിത്രമായി മനസ്സില്‍ പതിഞ്ഞ്‌ റോഡിലൂടെ ഞങ്ങള്‍ നീങ്ങി. 'ഇതൊക്കെ ഇവന്റെ സെറ്റായിരുന്നോ' എന്നൊരു സന്ദേഹത്തോടെ കടയ്‌ക്കലുണ്ടായിരുന്നവര്‍ എന്നയും എന്റെ പിന്നില്‍ ജാങ്കോ ആയിട്ടു നടന്നുവരുന്ന നാല്‍വര്‍ സംഘത്തെയും നോക്കുന്നുണ്ടായിരുന്നു. സ്‌കൂളിന്റെ മുന്നിലൂടെ കടന്നു പോയപ്പോള്‍ ഞാന്‍ കാണിച്ചു കൊടുത്തു, ഇതാണ്‌ ബ്ലോഗില്‍ നിറഞ്ഞ എന്റെ മാതൃവിദ്യാലയം. അപ്പോഴേ അനുയായികള്‍ ഒരു കാര്യം തീരുമാനമാക്കി - 'പിന്നീട്‌ ഇവിടെ വന്നു നമുക്കു ഫോടോ എടുക്കണം'. വീണ്ടും മുന്നോട്ടു നടന്നപ്പോള്‍ കഥയിലുയര്‍ന്ന ഇലക്‍ട്രിക്‌ പോസ്റ്റും ഞാന്‍ അവര്‍ക്കു കാട്ടിക്കൊടുത്തു.

പിന്നെ ചെമ്പരത്തി വേലികള്‍ അതിരിട്ട ഇടറോഡുകളും കടന്ന്‌ പറമ്പിലേക്കു കയറി. കഥയിലെ 'കുളം' കാണിച്ചു കൊടുത്തു, വഴിയുടെ ഇടതുവശത്തായിട്ട്‌. അമ്പലക്കുളം പോലത്തെ ഒരു കുളം പ്രതീക്ഷിച്ചു വന്ന അവര്‍ നിരാശരായെന്നു വ്യക്തം. പത്തടി മാത്രം വ്യാസമുള്ള കുളത്തെ അല്‍പം വട്ടം കൂടിയ കിണര്‍ എന്നാണ്‌ അവര്‍ വിശേഷിപ്പിച്ചത്‌. ഏലം നനയ്‌ക്കാന്‍ മാത്രമേ അതിലെ വെള്ളം ഉപയോഗിക്കാറുള്ളൂ. "ആ കുളം കാണിക്കാന്‍ ഞങ്ങളെ എന്നാ അങ്ങോട്ടൊക്കെ കൊണ്ടു പോകുന്നേ?" എന്നായിരുന്നു ഈ സന്ദര്‍ശനത്തിനു വഴിമരുന്നിട്ട ചര്‍ച്ചയിലെ ആദ്യവാചകം തന്നെ.

പിന്നെയാണു കയറ്റം. അതുതന്നെ ഒരു ട്രെക്കിങ്ങാണെന്നു പിന്നീട്‌ വിരുന്നുകാര്‍ വിലയിരുത്തി. എനിക്കതപ്പോഴേ മനസ്സിലായി. കാരണം, വീട്ടിലെത്തുന്നതിനു മുന്‍പേ രണ്ടു തവണ ഞങ്ങള്‍ വിശ്രമിക്കാനായി നിന്നു. ഒരു പക്ഷേ രാവിലെ വെറുംവയറ്റില്‍ കയറ്റം കയറിയതുകൊണ്ടാവാം പെട്ടെന്നു തളര്‍ന്നത്‌. ആലപ്പുഴയിലൂടെ 'ഒഴുകിയും തുഴഞ്ഞും' മാത്രം ശീലമുള്ള ചിക്കു ആയിരുന്നു കയറ്റം കണ്ടപ്പോള്‍ കാറ്റുപോയവരില്‍ മുന്‍പന്‍. 'പിക്കപ്പ്‌' തീരുന്നു എന്ന തോന്നല്‍ മറ്റുള്ളവര്‍ക്കുണ്ടാവരുതല്ലോ; വലിയ വിശ്രമത്തിനൊന്നും നില്‍ക്കാതെ നടപ്പു തുടര്‍ന്നു.

വീട്ടിലെത്തിയ പാടെ എല്ലാവനും കട്ടിലിലേക്കു വീഴുകയായിരുന്നു. കയറ്റം കയറിയതിന്റെ കിതപ്പൊന്നാറിയപ്പോള്‍ തണുപ്പ്‌ മെല്ലെ തൊലിതുളച്ചിറങ്ങാന്‍ തുടങ്ങി. പതുക്കെ പല്ലുതേപ്പും കുളീം ഒക്കെ നടത്താം എന്നു പറഞ്ഞപ്പോള്‍ ഞാനെന്തോ പാതകം ചെയ്‌തപോലെ നാല്‍വരും കൂടി എന്നെ നോക്കി. "കുളിക്കാനോ... ഈ ...(ക്‌ട്‌...ക്‌ട്‌..ക്‌ട്‌..ക്‌ട്‌..ക്‌ട്‌..) ത്‌..ത.. തണുപ്പത്തോ?" എന്നായിരുന്നു മറുപടി. അവസാനം എല്ലാവനെയും ഒന്നു പല്ലുതേപ്പിച്ച്‌ വീട്ടിലെ പശുവിന്‍പാല്‍ കൊണ്ടുണ്ടാക്കിയ തെളപ്പന്‍ ഒരു ചായ കൂടി പിടിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരു ഊര്‍ജ്ജം വന്നു. ഞാനും അപ്പോഴാണ്‌ പശുവിന്റെ ഈ പ്രസവത്തിലെ പാല്‍ ആദ്യമായി കുടിച്ചത്‌.

വെളുപ്പിനെ മുതല്‍ ഉടവാളുകളും കൊടുവാളുകളുമായി ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്സിന്റെ ബോഡിയില്‍ കുരുതിക്കളം തീര്‍ത്ത നിറ്റ്‌സ്‌ വാടിയ ചേമ്പിന്‍ തണ്ടുപോലെ ചുരുണ്ടു കിടന്നു. തണുപ്പിനെ പ്രതിരോധിച്ചു കുളിക്കാന്‍ എല്ലാവര്‍ക്കും വെള്ളം ചൂടാക്കി നല്‍കി. അങ്ങനെ ഓരോരുത്തരായി കുളികഴിഞ്ഞു വരുമ്പോഴേക്കും....

തനതിന്ന താനാ തിന്ന താനാ തിന്ന... തിന്തിന്നോ!

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 1

ക്രിസ്‌തുവര്‍ഷം 2011 ഡിസംബര്‍ മാസത്തിലെ 16-ആം പ്രഭാതം, ഒരു വെറും വെള്ളിയാഴ്‌ച. അതു പൊട്ടിവിടര്‍ന്നത്‌ ആഴ്‌ചകളായി ആറുമനസ്സുകളില്‍ കിളിര്‍ത്തും തളിര്‍ത്തും നില്‍ക്കുന്ന ഒരു സ്വപ്‌നയാത്രയുടെ നാന്ദി കുറിക്കുന്ന നിമിഷത്തിന്‌ ഷേയ്‌ക്കാന്റ്‌ കൊടുക്കാനായിരുന്നു. ആറു Infoscions, മൂന്നു പകലുകള്‍, മൂന്നു രാത്രികള്‍, നിരവധി ലക്ഷ്യസ്ഥാനങ്ങള്‍. ചെന്നു ചേരുന്നതിനും തിരികെ പുറപ്പെടുന്നതിനും ഇടയില്‍ തീരുമാനിച്ചുറച്ച കാര്യങ്ങള്‍ - ആള്‍മോസ്റ്റ്‌ നണ്‍! അത്തരം ഒരു യാത്രയ്‌ക്ക്‌ തയ്യാറെടുത്തത്‌ ഞങ്ങള്‍ ആറുപേര്‍ - അരുണ്‍ സ്റ്റീഫന്‍, ചിക്കു ചെറിയാന്‍, നിതീഷ്‌ മറുമായില്‍, വിമല്‍ തൈക്കണ്ടിയില്‍(എല്ലാവരും ഇന്‍ഫോസിസ്‌, മാംഗളൂര്‍), റമീസ്‌ റഹ്‌മാന്‍(ഇന്‍ഫോസിസ്‌, തിരുവനന്തപുരം) പിന്നെ ബാംഗ്‌ളൂരില്‍ നിന്നു ഞാനും.

മൂന്നു ദിവസത്തേക്കു കഴിയാനുള്ള ആടകളും ആക്സസ്സറീസും പായ്‌ക്കു ചെയ്‌ത്‌ വെള്ളിയാഴ്ച ഓഫീസില്‍. ഇടയ്‌ക്കെല്ലാം യാത്രാക്രമീകരണങ്ങളെക്കുറിച്ചും, ഇറങ്ങിയോ, ഇറങ്ങിയില്ലേ, എപ്പോഴാ ഇറങ്ങുന്നേ എന്നെല്ലാം ചാറ്റിലൂടെ അന്വേഷണങ്ങള്‍. മൂന്നു വഴികള്‍ ഇടുക്കിയില്‍ സംഗമിക്കാന്‍ പോകുന്നു, ബാംഗ്ലൂരു നിന്നും, മംഗലാപുരത്തു നിന്നും, അനന്തപുരിയില്‍ നിന്നും ഓരോന്ന്‌ വീതം.

എന്റെ ചാലിലൂടെ. കേരളാ ട്രാന്‍സ്പോര്‍ട്ടിന്റെ കൊട്ടാരക്കര ബസ്സിനാണു ഞാന്‍ പോകുന്നത്‌. പതിവുപോലെ അന്നു വിളി വന്നു, ഇലക്‌ട്രോണിക്‌ സിറ്റിയിലെ ടോള്‍ ബൂത്തില്‍ ചെന്നു നില്‍ക്കണമെന്ന്‌ അറിയിക്കാന്‍. പക്ഷെ വിളി വന്നത്‌ എനിക്കല്ല. തിരുവവനന്തപുരതു നില്‍ക്കുന്ന റമീസിന്റെ ഫോണില്‍. ഇന്നു ബാംഗ്ലൂര്‍ നിന്നു പെരുമ്പാവൂരിനു ടിക്കറ്റ്‌ എടുത്തിട്ടുണ്ടോ എന്നു ചോദ്യം. ഇല്ലെന്നു റമീസ്‌. വിളിച്ച കണ്ടക്ടര്‍ അങ്കലാപ്പിലായി. അല്‍പ നേരം കഴിഞ്ഞപ്പോള്‍ വീണ്ടും കാള്‍. ഇത്തവണ വിളി ഡ്രൈവര്‍ വക. 'അല്ല, ഇന്നു ബാംഗ്ലൂരീന്നു പെരുമ്പാവൂരിനു പോകാന്‍ ടിക്കറ്റ്‌ എടുത്തേക്കുന്നതു നിങ്ങളല്ലേ?' എന്നായി ഇത്തവണ ചോദ്യം. അപ്പോ റെമീസിനു കത്തി. റമീസിന്റെ ഐ.ഡി.യില്‍ നിന്നും എനിക്കായി ബുക്ക്‌ ചെയ്ത ടിക്കറ്റിനെച്ചൊല്ലിയുള്ള അന്വേഷണമാണ്‌. യാത്രക്കാരന്റെ നമ്പര്‍ തരാമെന്നു പറഞ്ഞ്‌ റമീസ്‌ എന്റെ ഫോണ്‍ നമ്പര്‍ കൊടുക്കുകയും തുടര്‍ന്ന്‌ എന്നെ മേല്‍പ്പടിയാന്‍ വിളിച്ച്‌ ടോള്‍ ഗേറ്റിനു സമീപം നില്‍ക്കണമെന്ന്‌ അഭ്യര്‍ഥിക്കുകയും ചെയ്തതിന്‍പ്രകാരം ഞാന്‍ അവിടെ പോയി നില്‍ക്കുകയും വണ്ടിവന്നപ്പോള്‍ സസന്തോഷം കയറുകയും ചെയ്തു.

തെരഞ്ഞു പിടിച്ചു ബുക്കുചെയ്ത പന്ത്രണ്ടാം നമ്പര്‍ സീറ്റ്‌ കാലിയല്ലെന്നു കണ്ട്‌ രണ്ടു സെക്കന്റ്‌ നേരത്തെ അങ്കലാപ്പില്‍ നിന്ന എന്നോട്‌ ഏറ്റവും മുന്നിലത്തെ സീറ്റു ചൂണ്ടിക്കാട്ടി 'ദാ ഇവിടിരുന്നോളൂ' എന്നു കണ്ടക്ടര്‍ പറഞ്ഞു. ഏതാനും സ്വാമിമാര്‍ കയറിയതുകൊണ്ട്‌ സീറ്റിഗ്‌ ഒക്കെ പുന:ക്രമീകരിച്ചുപോലും. ഏറ്റവും മുന്നിലെ സീറ്റെന്നു പറഞ്ഞാല്‍ മുന്നില്‍ ഇടതുവശത്ത്‌ വാതിലും നേരെ വണ്ടിയുടെ ചില്ലും വലതുവശത്തു മുന്നില്‍ വണ്ടിക്കാരനും. ഒപ്പമിരിക്കുന്നതു കണ്ടക്ടര്‍. എന്‍ജിന്റെ ശബ്ദവും എതിരേ വരുന്ന വാഹനങ്ങളുടെ വെളിച്ചവും പൂര്‍ണ്ണതോതില്‍ 'ആസ്വദിക്കാന്‍' പറ്റുന്ന ഇടം. ഒരൊറ്റ നേട്ടം എന്താന്നു വെച്ചാല്‍ കാലെത്ര തന്നെ മുന്നോട്ടു നീക്കിവെച്ചാലും വിമാനത്തില്‍ പി.ജെ. ജോസഫ്‌ നേരിട്ട അനുഭവം പേടിക്കേണ്ടതില്ല. എന്റെ ഒപ്പം ബസിലെ കണ്ടക്ടറും ഇരുന്നു. മാംഗ്ലൂര്‍ ഗ്രൂപ്പിനെ വിളിച്ചു. വിമല്‍ തൈക്കണ്ടിയില്‍(ഹിയറാഫ്റ്റര്‍ റെഫേഡ്‌ ടു ആസ്‌ തൈക്കണ്ടി ഓര്‍ മള്‍ട്ടി) ആണ്‌ കോണ്ടാക്റ്റ്‌ പോയിന്റ്‌. ആ പോയിന്റ്‌ വര്‍ക്കാകാത്തപ്പോള്‍ നിതീഷിനെയോ ചിക്കുവിനെയോ വിളിക്കും.

യാത്രയുടെ തുടക്കത്തില്‍ തന്നെ എന്നെ തപ്പിയെടുക്കാനായി ഫോണ്‍ വിളിച്ചപ്പോള്‍ മറ്റാരെയോ കിട്ടി എന്ന പ്രയാസം കണ്ടക്ടര്‍ പങ്കു വെച്ചു. ആ ചരിത്രമൊക്കെ അങ്ങേരെ പറഞ്ഞു ബോധ്യപ്പെടുത്തി. രണ്ടാം ഡ്രൈവര്‍ വാതില്‍ക്കല്‍ തന്നെ നില്‍പ്പായിരുന്നു. കണ്ടക്ടറും രണ്ടു ഡ്രൈവര്‍മാരും കൂടിയുള്ള സംഭാഷണത്തില്‍ ഞാനും സാവധാനം പങ്കുചേര്‍ന്നു. അപ്പോള്‍ ഓടിച്ചുകൊണ്ടിരുന്ന ഡ്രൈവര്‍ താരതമ്യേന ചെറുപ്പക്കാരനാണ്‌. വണ്ടി ന്യായം വേഗത്തിലാണു പോക്ക്‌. അയാളുടെ ജോലി ഞാന്‍ സശ്രദ്ധം വീക്ഷിച്ചു കൊണ്ടിരുന്നു. സംസാരത്തില്‍ നിന്നും തമിഴ്‌നാട്‌, കര്‍ണാടക പ്രദേശങ്ങളില്‍ ലോറി ഓടിച്ചു അയാള്‍ക്കു പരിചയമുണ്ടെന്നും മനസ്സിലായി.

ഹൊസൂര്‍ പട്ടണത്തിലേക്കു പ്രവേശിക്കുന്നിടം വന്നപ്പോള്‍ ഞാന്‍ ഗാഢമായ ഉറക്കത്തിലേക്കു വഴുതിവീണു. പോക്കറ്റില്‍ കിടന്ന ഫോണിന്റെ വിറയലും ശബ്ദവുമാണ്‌ എന്നെ ഉണര്‍ത്തിയത്‌. മറുതലയ്ക്കല്‍ റമീസ്‌. പെട്ടെന്നു ഫോണ്‍ എടുത്തെങ്കിലും ഉറക്കം മുറിഞ്ഞതിന്റെ അലോസരം എന്നില്‍ നിറഞ്ഞു നിന്നിരുന്നു. പൊതുവിവരങ്ങള്‍ അറിയാനും മറ്റുമായി വിളിച്ചതാണ്‌. അവന്‍ തലസ്ഥാനത്തു നിന്നും കട്ടപ്പനയ്ക്കുള്ള ബസ്സില്‍ ഒന്‍പതര കഴിയുമ്പോള്‍ കയറും. എനിക്ക്‌ പിന്നീട്‌ ഉറങ്ങാനേ സാധിച്ചില്ല. ബസ്‌ അപ്പോള്‍ കൃഷ്‌ണഗിരി(ബാംഗ്ലൂരില്‍ നിന്നും ഉദ്ദേശം 75 കി.മീ.) താണ്ടുന്നതേയുണ്ടായിരുന്നുള്ളൂ. വെറുതേ റോഡിലേക്കുതന്നെ നോക്കിയിരുന്നു നേരം പോക്കി.

*** *** ***

സേലം ബൈപാസ്സ്‌ കഴിഞ്ഞ്‌ ഡ്രൈവര്‍ മാറി. ചുമതലയേറ്റ ഡ്രൈവര്‍ തോര്‍ത്തുകൊണ്ട്‌ തലയിലൊരു വട്ടക്കെട്ടു കെട്ടി. ഒപ്പം ഒരു ആത്മഗതമെന്നപോലെ അയാള്‍ പറഞ്ഞു: 'എങ്ങാനും ഏറു കിട്ടിയാല്‍ നെറ്റി പൊളിയാതിരിക്കാനാ!'

'എന്നാപ്പിന്നെ ഒരു ഹെല്‍മെറ്റ്‌ വെക്കുവാരിക്കും നല്ലത്‌' ഞാന്‍ കൂട്ടിച്ചേര്‍ത്തു.

അയാളുടെ ആശങ്ക അസ്ഥാനത്തായിരുന്നില്ല. മുല്ലപ്പെരിയാര്‍ വിഷയം ചൂടുപിടിച്ചു വരികയാണ്‌. എന്റെ ഇരിപ്പ്‌ മുന്നിലത്തെ സീറ്റിലാണ്‌ എന്നതിനാല്‍ ഡ്രൈവര്‍ക്കുതുല്യമായ റിസ്ക്‌ എനിക്കും ഉണ്ടേ! കയ്യിലെ ബാഗ്‌ ഞാന്‍ മുകളിലെ തട്ടില്‍ വെച്ചില്ല. മടിയില്‍ വെച്ച്‌ നെഞ്ചോടടുക്കിപ്പിടിച്ചു. അതു നിങ്ങള്‍ കരുതുന്നതുപോലെ ഏറുവന്നാല്‍ തടുക്കാനൊന്നുമല്ല, തണുപ്പടിക്കാതിരിക്കാനാ! ഞങ്ങള്‍ തമ്മില്‍ ഡാം വിഷയത്തില്‍ ഒരു അപഗ്രഥനവും നടത്തി. കണ്ടക്ടര്‍ക്ക്‌ പെരിയാറിന്റെ ഗതി അത്ര നിശ്ചയമില്ലായിരുന്നു. ഞാന്‍ മുല്ലപ്പെരിയാറില്‍ നിന്നും ഇടുക്കിയിലേക്ക്‌ വെള്ളം വരുന്ന വഴിയുടെ ഒരു വാഗ്‌ഭൂപടം അയാളെ കാണിക്കവേ തൊട്ടു പിന്നിലെ സീറ്റിലെ യാത്രക്കാരനും നദീപ്രയാണത്തിന്റെ വിവരണവുമായി ഒപ്പം ചേര്‍ന്നു(മൂപ്പര്‌ അടിമാലി പ്രദേശവാസിയാണ്‌). ആ ചര്‍ച്ചയുടെ അവസാനം ആ കണ്ടക്ടറെ കൂടി ഡാം വിപത്തിന്റെ റിസ്കുകള്‍ ഞങ്ങള്‍ ബോദ്ധ്യപ്പെടുത്തി എന്നതു ചാരിതാര്‍ഥ്യമുളവാക്കിയ കാര്യമായി. കാഴ്ചകള്‍ കണ്ടിരിക്കാന്‍ സൗകര്യമായിരുന്നതുകൊണ്ട്‌ അങ്ങനെ തന്നെ തുടര്‍ന്നു. എന്നാല്‍ എതിരേ വന്ന വാഹനങ്ങളുടെ വെളിച്ചം ക്രമേണ കണ്ണുകളെ തളര്‍ത്തി. കോയമ്പത്തൂര്‍ സിറ്റി എത്തുന്നതിനു മുന്‍പേ ഉറക്കത്തിലേക്കാണ്ടു. കുഴപ്പങ്ങളേതുമില്ലാതെ അതിര്‍ത്തികടന്നതൊന്നും ഞാനറിഞ്ഞില്ല. പാലക്കാടിനെ ഒരു നേരിയ ഉണര്‍വ്വിലൂടെ കണ്ടതുകഴിഞ്ഞാല്‍ പിന്നെ കുതിരാന്‍ ഭാഗത്ത്‌ ഭാരവാഹനങ്ങള്‍ക്കിടയില്‍പ്പെട്ട്‌ വണ്ടി ഇഴയുമ്പോഴാണ്‌ ഉണര്‍ന്നത്‌.

വിരസമായി തൃശൂരും കടന്നു. വെളുപ്പിനെ രണ്ടരയ്ക്ക്‌ സ്റ്റീഫനൊഴികെയുള്ള മാംഗ്ലൂര്‍ സംഘം എറണാകുളത്ത്‌ തീവണ്ടിയിറങ്ങി. അവസാനനിമിഷം കിട്ടിയ ഒരു 'പണി'യില്‍ കുടുങ്ങി സ്റ്റീവിനു മുന്‍തീരുമാനിച്ച പ്രകാരം ഇവര്‍ക്കൊപ്പം പുറപ്പെടാന്‍ കഴിഞ്ഞില്ല എന്നത്‌ യാത്രയുടെ തുടക്കത്തില്‍ത്തന്നെ കല്ലുകടി ആയി. മനസ്സുതകര്‍ന്ന്‌ അസമയത്തു കയറിവന്ന ജോലിയെ മെരുക്കാന്‍ ഹതാശനായി സ്റ്റീഫന്‍ ശ്രമിക്കുന്നതിനിടെ, 'നിങ്ങള്‍ പുറപ്പെട്ടോളൂ, പറ്റുമെന്നുണ്ടെങ്കില്‍ ഞാന്‍ പിന്നാലെ അങ്ങെത്തിയേക്കാം' എന്ന അവന്റെ വാക്കും കേട്ട്‌ മറ്റു മൂവരും അരമനസ്സോടെ പോന്നത്‌. അവന്‍ ചിലപ്പോള്‍ വരാതിരുന്നേക്കും എന്നു തോന്നിയതു കൊണ്ട്‌ 'താമസിച്ചാലും വരാതിരിക്കരുത്‌' എന്നു പറയാന്‍ ഞാന്‍ പുറപ്പെടുന്ന നേരത്ത്‌ അവനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. കൂടുതല്‍ ശല്യപ്പെടുത്തണ്ട എന്നു കരുതി ഞാന്‍ പിന്നീട്‌ വിളിച്ചുമില്ല. ആ സ്റ്റീഫന്‍ രാത്രിയുള്ള ഒരു ട്രെയിനിനു വെച്ചുപിടിച്ചിട്ടുണ്ട്‌. അല്‍പം വൈകിയാലും മൂപ്പരിങ്ങെത്തും എന്നത്‌ സന്തോഷകരമായ വാര്‍ത്തയായി. എറണാകുളത്തു നിന്നും പാര്‍ട്ടികള്‍ കട്ടപ്പനയ്ക്കു പോകാന്‍ കണ്ടുവെച്ചിരിക്കുന്ന ബസ്‌ രാവിലെ നാലരയ്ക്കു സ്റ്റാന്‍ഡില്‍ നിന്നും എടുത്ത്‌ സൗത്തില്‍ കൊണ്ടു നിര്‍ത്തിയിട്ട്‌ അവിടെ നിന്നു 4.55 നു പുറപ്പെടുന്ന ഒരു കെ.എസ്‌.ആര്‍.ടി.സി. ബസ്സാണ്‌. എന്റെ ആത്മാര്‍ഥ സുഹൃത്തും സഹപാഠിയുമായ ഷിജു കണ്ടക്ടര്‍ ഡ്യൂട്ടി ചെയ്യാറുള്ള ഈ ബസ്സില്‍ വിമല്‍-ചിക്കു-നിതീഷ്‌ ത്രയം കയറും. ഇതേ ബസ്‌ പെരുമ്പാവൂരില്‍ ആറുമണിയോടടുപ്പിച്ച്‌ എത്തും. അവരോടൊപ്പം ഞാനും ചേരും എന്നതാണു പ്ലാന്‍. ഈ പ്ലാനൊക്കെ എങ്ങനെ പൊട്ടുന്നെന്ന്‌ വഴിയേ കാണാം.

വീണ്ടുമൊരുറക്കത്തിനവസാനം അങ്കമാലിയും താണ്ടി പെരുമ്പാവൂരെത്താന്‍ കാത്തിരുന്നു. നാലരയ്ക്കു മുന്‍പേ പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി. മാംഗ്ലൂര്‍ പുള്ളികളെ വിളിച്ചു. ഇടിത്തീ പോലെയാണ്‌ ആ വിവരം കേട്ടത്‌. തൊടുപുഴവഴി കട്ടപ്പനയ്ക്കു പോകുന്ന ഒരു വേണാട്‌ ബസ്സില്‍ കേറിയങ്ങു പുറപ്പെട്ടുപോലും. ആ വണ്ടിയാണെങ്കില്‍ പെരുമ്പാവൂര്‍ വഴി വരികയുമില്ല. ചുരുക്കത്തില്‍ ഞാന്‍ ഇനി ആറുമണിയുടെ വണ്ടി വരുന്നതു വരെ അന്ത ഊരില്‍ അതികാലൈ നേരത്തില്‍ പോസ്റ്റ്‌! ചതിയന്മാര്‍!

ഞാന്‍ വന്ന ബസ്സിന്‌ അവിടെ അല്‍പം വെയിറ്റിംഗ്‌ ഉണ്ടായിരുന്നു. കന്നാലിയെ കെട്ടാന്‍ കുറ്റി നാട്ടിയതു പോലത്തെ എന്റെ നില്‍പ്‌ കണ്ടിട്ടാവണം ബസ്സിലെ യങ്ങര്‍ ഡ്രൈവര്‍ എന്റടുക്കെ വന്നിട്ട്‌ എങ്ങാട്ടാ പോണേന്നു ചോദിച്ചു. കട്ടപ്പനയ്ക്കാണെന്നു പറഞ്ഞപ്പോള്‍ 4.50 നു ഒരു ബസ്‌(പ്രൈവറ്റ്‌)ഉണ്ടെന്നും മെയിന്‍ റോഡില്‍ ചെന്നു നിന്നാല്‍ അതു കിട്ടുമെന്നും പറഞ്ഞു. ഒരു ചായ കുടിച്ച ഉഷാറില്‍ ഞാന്‍ അങ്ങോട്ടു വെച്ചു പിടിച്ചു. നാലേമുക്കാല്‍ മുതല്‍ 5.20 വരെ അവിടെ കാത്തു നിന്നതല്ലാതെ കട്ടപ്പനയ്ക്കുള്ള ഒറ്റ ബസു കണ്ടില്ല. പെരുമ്പാവൂരുകാര്‍ക്ക്‌ അവിയല്‍ വെയ്ക്കാനുള്ള പച്ചക്കറികള്‍ അവിടത്തെ ഒരു കടയില്‍ ലോറിയില്‍ കൊണ്ടുവന്നു ഇറക്കുന്നുണ്ടായിരുന്നു. അവിടെ ഒരു ചിപ്സ്‌ കട ഉണ്ട്‌. ട്രെയിനിംഗ്‌ കാലത്ത്‌ മൈസൂരില്‍ നിന്നും തൃശൂരില്‍ ബസ്സിറങ്ങിയിട്ട്‌ കോട്ടയത്തിനുള്ള ഒരു ഫാസ്റ്റില്‍ കയറും. എന്നിട്ട്‌ ഇവിടെ ഇറങ്ങി രാവിലെ ആറേമുകാലിനു കട്ടപ്പനയ്ക്കു പോകുന്ന ബസ്സു കാത്ത്‌ പലതവണ ഞാന്‍ ആ കടയുടെ മുന്നില്‍ ചടഞ്ഞിരുന്നിട്ടുള്ളതാണ്‌. ദീപ്തമായ ഓര്‍മ്മകള്‍! 'അഞ്ചന്‍പതിനു ബസില്ലല്ലോ, അഞ്ചിരുപതിനാ ഒരെണ്ണം ഉണ്ടായിരുന്നത്‌' എന്ന്‌ അഭിപ്രായം കേട്ടു. ഒപ്പം നിന്നിരുന്ന ഒരാളും ഞാനും തിരികെ സ്റ്റാന്‍ഡിലേക്കു തന്നെ നടന്നു. കൃത്യം ആറിനു ബസ്‌ വന്നു. കയറി, സീറ്റും കിട്ടി.

*** *** ***

ബസ്‌ വേഗം നീങ്ങിക്കൊണ്ടിരുന്നു. ഓരോ പോയിന്റും പിന്നിടുമ്പോള്‍ മനസ്സും ശരീരവും കൂടുതല്‍ ഉത്സാഹഭരിതമായിക്കൊണ്ടിരുന്നു. ബസ്‌ ഇടുക്കി കഴിഞ്ഞു, കയറ്റം കയറിക്കൊണ്ടിരിക്കുന്നു. കിഴക്കുനിന്നും മലകള്‍ക്കു മീതെ മഞ്ഞിന്റെ ആവരണത്തെ അലിയിച്ചുകൊണ്ട്‌ വെയില്‍ ചാഞ്ഞു വീണു. ജാക്കറ്റിന്റെ ഇളം ചൂടിലേക്കൊതുങ്ങിയിരുന്നു എന്റെ നാടിനെ ഞാന്‍ കണ്‍ നിറയെ കണ്ടു. റമീസ്‌ തടസ്സങ്ങളേതുമില്ലാതെ ഏഴര കഴിഞ്ഞപ്പോള്‍ കട്ടപ്പനയിലെത്തി. മാംഗ്ലൂര്‍ ത്രയം കട്ടപ്പനയില്‍ നിന്നും പത്തു പന്ത്രണ്ട്‌ കി.മീ. അകലെ മാത്രം. അര മുക്കാല്‍ മണിക്കൂറിനുള്ളില്‍ ഞാന്‍ അവരോടൊപ്പം ചേരും... മനസ്സു തുടി കൊട്ടുകയാണ്‌... സ്റ്റീഫന്‍ ആലുവായില്‍ തീവണ്ടിയിറങ്ങി കട്ടപ്പനയ്ക്കു പുറപ്പെട്ടിട്ടുണ്ട്‌.

ഇതിനിടെ കട്ടപ്പന സെന്‍ട്രല്‍ ജംക്‍ഷനില്‍ നിലാവത്ത്‌ അഴിച്ചു വിട്ട കോഴിയെപ്പോലെ നില്‍ക്കുന്ന റമീസിനെ മള്‍ട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കണ്ടെത്തി ഉണര്‍ത്തുകയും(രാവിലെ ഒന്‍പതു മണിക്ക്‌), ചില്ലറ ഷോപ്പിംഗ്‌ ഒക്കെ നടത്തിയിട്ട്‌ അവര്‍ നാലും കൂടി ഒരു ഓട്ടോയില്‍ കൊച്ചുതോവാളയിലേക്ക്‌ ജസ്റ്റ്‌ അങ്ങു പുറപ്പെടുകയും ചെയ്തു. അപ്പോള്‍ എന്റെ ബസ്‌ കട്ടപ്പന ടൗണിലെ ആദ്യ സ്റ്റോപ്പായ ഇടുക്കിക്കവലയില്‍ എത്തിയിരുന്നു. ഒന്‍പതേമുക്കാലിനു ഞാന്‍ ഒരു ഓട്ടോയില്‍ കൊച്ചുതോവാളയില്‍ ചെന്നിറങ്ങുമ്പോഴുണ്ട്‌ അവിടത്തെ വെയിറ്റിംഗ്‌ ഷെഡ്ഡില്‍ നാല്‌ അപരിചിതര്‍ നാട്ടുകാരുടെ 'എവടന്നു വന്നു ചാടിയെടാ ഇവമ്മാര്‌' എന്ന സംശയത്തിനു പാത്രീഭവിച്ച്‌ ഡിജിറ്റല്‍ ക്യാമറയുടെ ഫ്ലാഷ്‌ ടെസ്റ്റ്‌ ചെയ്യുന്ന തിരക്കില്‍...

Friday, November 25, 2011

ഒരു യാത്ര കൂടി - മൂന്നാം ഭാഗം

ചിലരൊക്കെ പറഞ്ഞുതുടങ്ങി. ഇവനെന്നും ഈ കട്ടപ്പന യാത്രകളുടെ പുരാണം മാത്രമേ പറയാനുള്ളോ എന്ന്‌. എഴുതുന്ന എനിക്കു ബോറടിച്ചില്ലെങ്കിലും വായിക്കുന്നവര്‍ക്കു ബോറടിക്കുമെന്നു ചിന്തിക്കാമായിരുന്നില്ലേ? എന്നും തമിഴ്‌നാടുവഴി കട്ടപ്പനയ്‌ക്കൊരു പോക്ക്‌, വണ്ടിക്കൂലിയുടെ കണക്ക്‌, തണുപ്പ്‌, ചായകുടി, മൂത്രമൊഴിക്കല്‍, കപ്പ, മീന്‍ കറി, തീറ്റ, കുടി ഇതൊക്കെയല്ലാതെ ഒന്നുമില്ലേ രാജേ??

തെളിച്ച വഴിയേ അല്ലേ ഓടാന്‍ പറ്റൂ സുഹൃത്തേ!


ഒരു ഓഫ്‌ടോപിക്കില്‍ നമുക്ക്‌ തുടങ്ങിയിട്ട്‌ കഴിഞ്ഞ ഭാഗത്തു നിര്‍ത്തിയിടത്തേക്കു വരാം. ഒരു പെണ്ണിനോട്‌ ഇഷ്‌ടം തോന്നിയാല്‍ ഒരാണിന്റെ മനസ്സാക്ഷിയുടെ പാതി പണയം വെച്ചെന്നാണ്‌ അര്‍ഥം. അവളുടെ മുഖം മനസ്സിലുടക്കിയപ്പോളും അതു തന്നെയാണ്‌ ഒരു പരിധി വരെയെങ്കിലും എനിക്കു സംഭവിച്ചത്‌. ആ പ്രസന്നമായ മുഖഭാവം, അതു ചൊരിയുന്ന ഒരു പോസിറ്റീവ്‌ എനര്‍ജ്ജി ഒക്കെയാണ്‌ എനിക്കു പിടിച്ചുപോയത്‌. എത്താന്‍ പറ്റാത്ത ഉയരങ്ങളില്‍ നിന്നെന്നെ അവള്‍ കൊതിപ്പിച്ചു. സല്‍മാന്‍ ഖാനും വിവേക്‌ ഓബ്‌റോയിയും ഒക്കെ അവളുമായി കമ്പനി കൂടിയപ്പോഴും പരാതികളൊന്നുമില്ലാതെ ആ സൗന്ദര്യത്തെ മനസ്സാ ആരാധിച്ചു പോന്നതാണ്‌. പറഞ്ഞുവന്നത് ആരെപ്പറ്റിയാണെന്നു മനസ്സിലായല്ലോ? ഒക്കെക്കഴിഞ്ഞ്‌ കൊച്ചു ബച്ചനെ കെട്ടിയപ്പോഴും 'അളിയാ എന്നാലും അവളങ്ങനെ ചെയ്‌തു കളഞ്ഞല്ലോ' എന്നൊന്നു പരിതപിച്ച്‌ 'ഇനി ബസ്സു വരില്ല' എന്നുറപ്പിച്ചു യാത്ര മുടങ്ങിയ ആള്‍ തിരികെപ്പോണമാതിരി നമ്മളു സ്റ്റാന്‍ഡ്‌ വിട്ടു. കുഴിച്ചുമൂടിയാലും ആ ഇഷ്‌ടത്തിന്റെ അല്‍പം പൊട്ടും പൊടിയും എവിടൊക്കെയോ കിടന്നിരിക്കണം. അവള്‍ അമ്മയാവാന്‍ പോകുന്നു എന്നറിഞ്ഞതും എല്ലാത്തിനും ഫുള്‍‌സ്റ്റോപ്പിട്ട്‌ അതൊരു അടഞ്ഞ അധ്യായമായി, എനിക്കും എന്നെപ്പോലെ മറ്റു പലര്‍ക്കും. ഇനി അവളായി, അവള്‍ടെ പുള്ളാരായി, കുടുമ്മമായി! അല്ലാതെ 'ഇതൊരു വെല്യ വാര്‍ത്തയാക്കി ആഘോഷിക്കരുതെ'ന്ന്‌ ബിഗ്‌ ബി പറഞ്ഞതുകൊണ്ടൊന്നുമല്ല എനിക്ക്‌ ആഷിന്റെ പ്രസവം ഒരു വിഷയമേ അല്ലാതെ പോയത്‌ എന്നു മനസ്സിലായില്ലേ?

11/11/11 കടന്നു പോയിടത്താണല്ലോ നാം നിര്‍ത്തിയിരുന്നത്‌. പിറ്റേന്നു വൈകിട്ടാണ്‌ അവള്‍ക്ക്‌ എന്തെല്ലാമോ ഏനക്കേടുകള്‍ തുടങ്ങുന്നപോലെ തോന്നിയത്‌. ഉച്ചയുറക്കവും നേരംതെറ്റിയ ഊണും കഴിഞ്ഞുള്ള അങ്കലാപ്പ്‌ ഒന്നു മാറാന്‍ ഞാന്‍ ഒരു കുളി പാസാക്കാന്‍ പോയി. ആറുമണിയായിക്കാണും. തിരികെ വന്നപ്പോള്‍ എതാണ്ട്‌ ആറേകാല്‍. എല്ലാം അതിനോടകം നടന്നു കഴിഞ്ഞു. അതെ, വീട്ടിലെ പശു പ്രസവിച്ചു. ദിവസങ്ങള്‍ നീണ്ട കണ്‍ഫ്യൂഷനു വിരാമമിട്ടുകൊണ്ട്‌ കൂടുതലും വെളുത്ത്‌ ഇടയ്‌ക്കെല്ലാം കറുത്ത പാണ്ടുകളോടെയുള്ള ഒരു മൂരിക്കുട്ടന്‍ ഇതാ പിറന്നു വീണിരിക്കുന്നു!

പുതുലോകം കണ്ട അന്ധാളിപ്പില്‍ തല്‍ക്കാലം ഒന്നിനുമാകാതെ അവന്‍ ചാക്കുവിരിച്ച തറയില്‍ അങ്ങനെ കിടപ്പാണ്‌. അവന്റെ അമ്മ പ്രസവത്തിന്റെ ക്ഷീണമേതും കാട്ടാതെ അവനെ ആകെ നക്കിത്തുടയ്‌ക്കുന്നു. കന്നാലിക്കൂടിന്റെ വാതിലും ചാണകം തള്ളിവിടുന്ന പൊത്തുകളും പലകകൊണ്ട്‌ അടച്ചു വെച്ചു. അല്‍പനേരം കഴിഞ്ഞപ്പോള്‍ അവന്‍ എഴുന്നേറ്റു നില്‍ക്കാനൊക്കെ ശ്രമം തുടങ്ങി. വഴുക്കലുള്ള തറയും ബലം വെയ്‌ക്കാത്ത കാലുകളിലെ ഉറപ്പില്ലാത്ത കുളമ്പുകളും കാരണം ഓരോ തവണയും അവന്‍ വഴുതി വീണുകൊണ്ടിരുന്നു. അവസാനം മടുത്ത്‌ തണുപ്പുള്ള തറയില്‍ വിരിച്ച ചാക്കില്‍ത്തന്നെ ചുരുണ്ടുകൂടിക്കിടന്നു.

പിറ്റേന്ന്‌ ഒരു ചേട്ടന്‍, രതീഷിന്റെ കല്യാണനിശ്ചയം ആണ്‌. അതിനായിരുന്നു ഈ വരവു തന്നെ. മുടി വെട്ടണമെന്ന്‌ ഓര്‍ത്തത്‌ അപ്പോഴാണ്‌. നാളെ രാവിലത്തേക്കു മാറ്റിവെയ്‌ക്കാന്‍ പറ്റില്ലെന്നതിനാല്‍ ഉടന്‍ തന്നെ കൊച്ചുതോവാളയ്‌ക്കു പുറപ്പെട്ടു. വിനോദിന്റെ ബാര്‍ബര്‍ ഷോപ്പില്‍ നല്ല തിരക്കായിരുന്നു ശനിയാഴ്ചയായിട്ട്‌. ഒന്നു വായിച്ചതാണെങ്കിലും പത്രം ഒരിക്കല്‍കൂടി വിശദമായ വായനയ്‌ക്കെടുത്തു. നാലഞ്ചു പേര്‍ എനിക്കുമുന്നേ ഊഴം കാത്തിരിപ്പുണ്ടായിരുന്നു. ചില ടിപ്പിക്കല്‍ ബാര്‍ബര്‍ ഷോപ്പ്‌ വര്‍ത്തമാനങ്ങളില്‍ ഞാനും പങ്കുകൊണ്ടു. മുപ്പത്തഞ്ച്ചു രൂപയുടെ സര്‍വ്വീസിന് എന്നോ‍ടു മുപ്പതു രൂപ മാത്രം വാങ്ങുന്നതു സ്നേഹം കൊണ്ടാവാം, അല്ലെങ്കില്‍ എന്റെ കേശസമ്പത്തില്‍ ബാര്‍ബര്‍ക്കുള്ള മതിപ്പു കൊണ്ടാവാം! ഉവ്വ! പണി എളുപ്പമാണെങ്കില്‍ കൂലി ഇളവുചെയ്യുന്നതിലെന്താ തെറ്റ്?

തിരികെയെത്തുമ്പോള്‍ മണി എട്ടാകാറായിരുന്നു. മൂരിക്കുട്ടന്‍ അപ്പോഴും എഴുന്നേല്‍ക്കാനുള്ള തത്രപ്പാടിലാണ്‌. പക്ഷേ നോ രക്ഷ! കൊതുകുശല്യം കുറയ്‌ക്കാന്‍ ചകിരിത്തൊണ്ടും ചിന്തേരുപൊടിയുമൊക്കെ ഒരു പഴയ അലുമിനിയം ബക്കറ്റില്‍ ഇട്ടു പുകച്ചു. തൊഴുത്തിലെ ലൈറ്റ്‌ ആ രാത്രി കെടാതെ നിന്നു.

Cardamom - The Queen of Spices

രാത്രി കുറെ ഏലക്ക തരം തിരിക്കാനുണ്ടായിരുന്നു. പൊടിക്കായൊക്കെ വേര്‍തിരിച്ച്‌ കേടുള്ളതും നിറമില്ലാത്തുമൊക്കെ മാറ്റി വലുപ്പമുള്ളതും നല്ല പച്ച നിറത്തോടുകൂടിയതുമായ കായ്‌ക്കാണു മുന്തിയ വില കിട്ടുക. എങ്കിലും പത്രത്തില്‍ കൂടിയ വില എന്നു കാണുന്ന വിലയില്‍ നിന്നും കിലോയ്‌ക്ക്‌ പത്തോ ഇരുപതോ ഒക്കെ കുറവേ കര്‍ഷകനു ലഭിക്കാറുള്ളൂ. നമ്മുടെ അപ്രൈസലിന്റെ കാര്യം പറഞ്ഞതു പോലെ ആണ്‌. വില്‍ക്കാന്‍ കൊണ്ടുചെല്ലുന്നത്‌ അപ്രൈസല്‍ മീറ്റിംഗ്‌ ആണെന്നു സങ്കല്‍പ്പിക്കുക. എത്ര നല്ല കായാണെങ്കിലും എന്തെങ്കിലും ഒക്കെ കുറ്റം കണ്ടുപിടിക്കാന്‍ നോക്കും മിക്കകടക്കാരും. ഒന്നോ രണ്ടോ ചൊറിപിടിച്ച കായെങ്ങാനും കണ്ടാല്‍ വില ഒരു ലെവല്‍ താഴുമെന്ന്‌ ഉറപ്പാണ്‌. അപ്പോള്‍ പിന്നെ അതിനിടവരുത്താതിരിക്കാന്‍ ശ്രമിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. അന്നത്തെ ഉയര്‍ന്ന വിലയായ കിലോയ്‌ക്ക്‌ 600 രൂപയോളം തന്നെ ഈ കായ്‌ക്കും കിട്ടുമെന്നാണു പ്രതീക്ഷ. പേറ്റലും പെറുക്കലും കഴിഞ്ഞ്‌ ആ പ്രതീക്ഷകളെയെല്ലാം ഈര്‍പ്പം തട്ടാത്ത ചാക്കുകളില്‍ ഭദ്രമായി ഞങ്ങള്‍ കെട്ടിവെച്ചു. നാളെ ധരിക്കാനുള്ള ഷര്‍ട്ടും മുണ്ടും തേച്ചിട്ടിട്ട്‌ കാലേകൂട്ടി നിശ്ചയത്തിനു പോകണമെന്നെല്ലാം കണക്കുകൂട്ടി കിടക്കുമ്പോള്‍ നേരം പതിനൊന്നര കഴിഞ്ഞിരുന്നു.

പിറ്റേന്നു രാവിലെ മുതല്‍ തിരക്ക്‌. കല്യാണനിശ്ചയമൊക്കെ ഭംഗിയായി നടന്നു. ചെറുക്കനും പെണ്ണും ഇല്ലാതെ വരന്റെ വീട്ടിലായിരുന്നു ചടങ്ങ്‌. മണവാളന്‍ കുവൈറ്റില്‍ നിന്നും ഇടയ്‌ക്കിടെ ഫോണില്‍ വിവരങ്ങള്‍ തിരക്കിക്കൊണ്ടിരുന്നു. അപ്പോഴെല്ലാം എത്രയും വേഗം ഫോട്ടോയൊക്കെ മെയില്‍ ചെയ്യണമെന്ന് എന്നെ ഓര്‍മ്മിപ്പിക്കാനും മറന്നില്ല. വിളമ്പലും, കലവറയില്‍ നിന്നു സാധനങ്ങള്‍ എടുക്കലും, ആള്‍ക്കാരെ പരിചയപ്പെടലും, ,ഉന്‍പ്‌ കണ്ടിട്ടുള്ളവരുമായി പരിചയം പുതുക്കലും ഒക്കെയായി ആകെ ജകപൊകയായിരുന്നു.

തിരികെ വീട്ടിലേക്കു പോകുമ്പോള്‍ കട്ടപ്പനയില്‍ വെച്ച്‌ പ്രിയ സുഹൃത്ത്‌ ഷിജുമോനെ കണ്ടു.
Raj and Shiju
ഞാനും ഷിജുവും

ഇദ്ദേഹം കഥകളുടെ ഒരു കലവറയാണ്. കഥകള്‍ അവതരിപ്പിക്കാന്‍ ഞാന്‍ മിടുക്കനാണെന്നറിഞ്ഞ് ഒരുപാടു പ്രോത്സാഹനം നല്‍കുന്ന ഇവ്വന്‍ പക്ഷേ ഇന്നുവരെ ഞാനെഴുതിയ ഒരു ബ്ലോഗ്‌പോസ്റ്റ് വായിച്ചിട്ടില്ലെന്നത് കൌതുകമായിരിക്കും. പക്ഷേ ഇവന്‍ നല്‍കുന്ന പിന്തുണ എന്നും എന്റെയൊപ്പമുണ്ട്, ഒരു പാര്‍ക്കര്‍ പേനയുടെ രൂപത്തില്‍. എല്ലാത്തവണയും ഇവനിലേക്ക് എന്റെ പോസ്റ്റുകള്‍ എത്തിക്കണമെന്ന് ആഗ്രഹിക്കുമെങ്കിലും സമയമാകുമ്പോള്‍ നടക്കില്ല. ആശാന്‍ നല്ല ഒരു ഗായകനാണെന്നും അറിയുക. ഷിജുവിന്റെ കഥകള്‍ എന്ന ലേബലില്‍ ചിലതു(ചിലതുമാത്രം!) പിന്നീടു പോസ്റ്റുചെയ്യാം.

നേരം നാലിനോടടുക്കുന്നു. നാലരയ്‌ക്കാണു കല്ലട പുറപ്പെടുന്നത്‌. തിടുക്കത്തില്‍ ഓട്ടോവിളിച്ച്‌ കൊച്ചുതോവാളയിലെത്തി, നടക്കുകയുമല്ല ഓടുകയുമല്ല എന്നെ പരുവത്തില്‍ വീട്ടിലും. അപ്പോഴേക്കും നേരം നാലേകാലയി. കല്ലട ഓഫീസില്‍ നിന്നു അതിനോടകം തന്നെ വിളി വന്നിരുന്നു. തിരികെ വിളിച്ച്‌ നാലരയ്‌ക്കു തന്നെയാണല്ലോ ബസ്സു പോകുന്നതെന്നുറപ്പുവരുത്തി. ആളു വരുന്നുണ്ടെന്നു പറഞ്ഞാല്‍ അവര്‍ അല്‍പമൊക്കെ കാത്തു നിന്നോളും! ഉടുമുണ്ട്‌ ഊരിയെറിഞ്ഞ്‌ പഠേന്നു ജീന്‍സ്‌ ധരിച്ചു. രാത്രിയില്‍ കഴിക്കാനുള്ള ചോറും വെള്ളവും ബാഗിലുണ്ട്‌. പിന്നെ ഒരുപൊതി ഏലക്കായും കുറച്ചു കാപ്പിപ്പൊടിയും. വേണ്ടുന്ന ഡ്രസ്സും അനുസാരികളുമെല്ലാം എടുത്തിട്ടപ്പോഴേക്കും നല്ല ഭാരം. പേഴ്‌സിലുണ്ടായിരുന്ന വലിയ നോട്ടുകള്‍ അമ്മയുടെ കയ്യിലേല്‍പ്പിച്ച്‌ ഇങ്ങനെ പറഞ്ഞു: "ഇതു നാലായിരമുണ്ട്‌. പോരാത്തതും കൂടി ഇട്ട്‌ എല്‍.ഐ.സി. പ്രീമിയം എത്രയും വേഗന്ന്‌ ഒന്നടച്ചേക്കണം. ഒക്‌ടോബറില്‍ അടയ്‌ക്കേണ്ടതാരുന്നു, ഇച്ചിരെ പലിശകൂടി വരും!!" തിരക്കിട്ട്‌ ബാഗെടുത്ത്‌ ഒറ്റവാക്കില്‍ യാത്ര പറഞ്ഞ്‌ സിറ്റിയിലേക്ക്‌ ഓടി.

ബിന്‍ഗോ! ഒരൊറ്റ വണ്ടിയില്ല!! അധികം നില്‍ക്കേണ്ടി വന്നില്ല. പണ്ടും ഈ ബ്ലോഗിലൂടെ ഓട്ടോയോടിച്ചിട്ടുള്ള സുനിലിന്റെ വണ്ടി വന്നു. ഇടശ്ശേരിക്കവലയിലിറങ്ങുമ്പോള്‍ സമയം 4:35. കാശുകൊടുക്കാന്‍ പേഴ്‌സെടുത്തപ്പോഴാണ്‌ അടുത്ത അക്കിടി മനസ്സിലായത്‌. കയ്യിലാകെ ഇരുനൂറ്റി ചില്വാനം രൂപയേ ഉള്ളൂ. ബസ്‌ കാത്തു കിടപ്പുണ്ട്‌. സമീപത്തു തന്നെ സ്റ്റേറ്റ്‌ ബാങ്കിന്റെ എ.ടി.എം. ഉണ്ട്‌. അങ്ങോട്ടു പാഞ്ഞു. കഷ്‌ടകാലം പിടിച്ചവന്‍ തലമൊട്ടയടിച്ചപ്പോ കല്ലുമഴ പെയ്‌തൂന്നു പറഞ്ഞപോലെ... ആ എ.ടി.എം.ഇല്‍ ട്രാന്‍സാക്‌ഷന്‍ 'ടൈം ഔട്ട്‌' ആകുന്നു. വണ്ടിയുടെ ഓഫീസിലെ സോണിച്ചേട്ടന്‍ വിളിക്കുന്നു. റോഡ്‌ കുറുകെ കടന്നു പുള്ളീടെ അടുത്തു ചെന്നു കാര്യം പറഞ്ഞു. കുമളിയില്‍ ചെല്ലുമ്പോള്‍ കാശ്‌ എ.ടി.എം.ഇല്‍ നിന്നെടുത്ത്‌ കണ്ടക്‌ടറെ ഏല്‍പ്പിച്ചേക്കാം എന്നു പറഞ്ഞു. അവിടെയുള്ള എല്ലാ എ.ടി.എം.കളും തകരാറിലായാല്‍ തെണ്ടിപ്പോകുമല്ലോ എന്നു ഭയന്നു. എന്തായാലും ടിക്കറ്റുകാശു കടം പറഞ്ഞ്‌ യാത്ര പുറപ്പെട്ടു. പുറ്റടി ഫെഡറല്‍ ബാങ്കിന്റെ മുന്നില്‍ ബസ്‌ എനിക്കായി നിന്നു. പുറത്തിറങ്ങുന്ന എന്നെ മറ്റു യാത്രക്കാര്‍ ഇവനിതെവിടെപ്പോകുന്നെടാ എന്ന ഭാവത്തില്‍ നോക്കി. രൂപ 540 എണ്ണിക്കൊടുത്ത ശേഷമാണ്‌ ടിക്കറ്റ്‌ കയ്യില്‍ക്കിട്ടിയത്‌!

വെകിളിയെടുത്ത്‌ തുടങ്ങിയ ആ യാത്രയ്‌ക്കൊടുവില്‍ നവം. 14 തിങ്കളാഴ്‌ച രാവിലെ അഞ്ചേകാലിന്‌ ബാംഗ്ലൂര്‍ ഇലക്‌ട്രോണിക്‌ സിറ്റിയില്‍ ബസ്സിറങ്ങി.

വാലുകള്‍:
- അടുത്തതവണ വീട്ടില്‍ ചെല്ലുമ്പോള്‍ മില്‍മ പാലിന്റെ കവര്‍ കാണേണ്ടി വരില്ല. ബക്കറ്റിലേക്കു പാല്‍ ചീറ്റി വീഴുന്ന ഒച്ച കേള്‍ക്കുമ്പോള്‍ വയറിനോടു പറയാം 'ചായ കുടിക്കാറായി വരുന്നു' എന്ന്‌!
- 'സന്തോഷമായെടാ എനിക്ക്‌.' തിങ്കളാഴ്‌ച കുവൈറ്റില്‍ നിന്നും രതീഷിന്റെ ഇ-മെയിലിലെ ഈ ഒരൊറ്റ വാചകം മതിയായിരുന്നു ഈ യാത്രയെ സഫലമാക്കാന്‍.

(അവസാനിച്ചു)

Thursday, November 24, 2011

ഒരു യാത്ര കൂടി - രണ്ടാം ഭാഗം

നേരത്തെ നാട്ടിലെത്തി എന്നത്‌ അതിരറ്റ സന്തോഷമാണു തന്നത്‌. സ്‌കൂളിനു മുന്നിലെ വഴിയിലൂടെ നടക്കുമ്പോള്‍ എന്നെ ശകതമായി ചുമയ്‌ക്കുന്നുണ്ടായിരുന്നു. മഞ്ഞും തണുപ്പും കാരണം പുലിവാലായോ എന്നു പേടിച്ചു. അധികമാരെയും വഴിയില്‍ കണ്ടില്ല. വഴിയരികില്‍ നിര്‍ത്തിയിട്ട്‌ ഓട്ടോ കഴുകുന്ന ഒരാളെയല്ലാതെ. ബാംഗ്ലൂരു നിന്നുള്ള വരവാണോ എന്ന ചോദ്യം ചോദിക്കാന്‍ അയാളെ വിധി അവിടെ കൊണ്ടു നിര്‍ത്തിയതാവാനേ തരമുള്ളൂ!

ഇതെന്താപ്പാ ഇത്ര മഞ്ഞ്‌ എന്നു വിചാരിച്ചു നടക്കവേ അന്നും പിറ്റേന്നും ചെയ്യാനുള്ള കാര്യങ്ങള്‍ ഒന്നുകൂടി ഞാന്‍ മനസ്സിലിട്ടുരുട്ടി. സ്‌കൂളിനു മുന്നിലെ ടാറിട്ട വഴിയും കഴിഞ്ഞും ഞാന്‍ മുന്നോട്ടു നടന്നു. ഏതാനും വര്‍ഷം മുന്‍പു സോളിങ്ങ്‌ നടത്തിയ റോഡില്‍ ഇപ്പോ അല്‍പമൊക്കെയേ ആ ഗുണം ശേഷിക്കുന്നുള്ളൂ. സ്ഥിരമായി ആപേകള്‍ ഓടുന്നതിന്റെ മൂന്നു ചാലുകള്‍ വഴിയില്‍ തെളിഞ്ഞു നിന്നു. അവ്യക്തമായ വരുംകാലം പോലെ മുന്നിലെ വഴിയും അല്‍പം മാത്രം തെളിഞ്ഞു നിന്ന്‌ ദൂരെയുള്ള കാഴ്‌ചകളെ മറച്ചു.



പറമ്പിനോടു ചേര്‍ന്നുള്ള കശാപ്പുശാലയില്‍ വെട്ടലും മുറിക്കലും തകൃതി. ഇന്നു ശനിയാഴ്‌ചയാണല്ലോ, പിന്നെന്താ ഇന്നു വെട്ട്‌? നാളെ വല്ല വിശേഷദിവസവുമാണോ അല്ലല്ലോ? സംശയത്തെ ഉള്ളിലൊതുക്കി ഞാന്‍ ഞാന്‍ വലത്തേക്കുള്ള വഴി തിരിഞ്ഞ്‌ എന്റെ സ്വന്തം മണ്ണിലേക്കു നടന്നു. അപ്പോള്‍ പ്ലാസ്റ്റിക്‌ കവറുകള്‍ തൂക്കിയിട്ട ആ കൊടിയില്‍(കുരുമുളകു ചെടി) പത്രം ഇരിക്കുന്നു. ഒന്നല്ല രണ്ടെണ്ണം. ഒന്നു വീട്ടിലേക്കുള്ളതായിരിക്കുമെന്നു കരുതി എടുത്തു.

വീട്ടിലേക്കുള്ള വഴിയില്‍ ഒരിടത്തു മണ്ണിടിഞ്ഞു വീണു കിടന്നിരുന്നു. അതു കോരി മാറ്റാഞ്ഞതിനാല്‍ ആ കൂനയ്‌ക്കു മീതെ പുല്ലു വളര്‍ന്നു. വഴിയുടെ വിശാലതയിലേക്ക്‌ ഏലത്തലപ്പുകള്‍ തലനീട്ടി ചാഞ്ഞു നിന്നു. മരവിപ്പിക്കുന്ന തണുപ്പുള്ള മഞ്ഞിന്‍കണങ്ങള്‍ അവയെ പൊതിഞ്ഞു നിന്നു. ജീന്‍സിന്റെ പോക്കറ്റില്‍ രക്ഷതേടിയിരുന്ന കൈത്തലം അറിയാതെ വന്ന്‌ അവയെ തൊട്ടു. അസുഖകരമായ തണുപ്പ്‌ വിരലുകളെ തുളച്ചുകയറുമ്പോഴും പിറന്നമണ്ണിന്റെ ചൂടുള്ള വാല്‍സല്യം മനസ്സില്‍ നിറഞ്ഞു.



ഇലകള്‍ കൊഴിഞ്ഞ കുരങ്ങാട്ടി മരം തലയുയര്‍ത്തി കിഴക്കുനിന്നെങ്ങാനും ഇളംചൂടുള്ള ഒരു സൂര്യകിരണം വരുമെന്നു കാത്തു വിറച്ചു നിന്നു.

വീട്ടിലെത്തിയപ്പോള്‍ പത്രം നേരത്തെ തന്നെ എടുത്തു കൊണ്ടു വന്നിട്ടുണ്ട്‌. അച്ഛന്‍ താഴേക്കു പോയപ്പോള്‍ ഞാന്‍ കൊണ്ടുവന്നതു തിരികെ കൊടുത്തു വിട്ടു. നേരത്തെ വീട്ടിലെത്തിയതിന്റെ മറുവശം എന്ന നിലയില്‍ തെറ്റിയ ടൈംടേബിളിന്റെ അസ്വാരസ്യം എന്നെ ചൂഴ്‌ന്നു നിന്നു. ഭാഗ്യവശാല്‍ വന്നിറങ്ങിയപ്പോഴത്തെ ചുമ എങ്ങോട്ടെന്നില്ലാതെ പോയ്‌മറഞ്ഞു. പല്ലുതേച്ചു, ഒരു കട്ടന്‍കാപ്പി കുടിച്ചു. സാധാരണ വന്നാലുടനെ കുളി പതിവുള്ളതാണ്‌. ഇന്നതു തോന്നിയില്ല. പത്രം ഒന്നോടിച്ചു നോക്കി. ടി.വി.യില്‍ ഭക്തിഗാനങ്ങള്‍. അല്‍പനേരം ന്യൂസ്‌ ചാനലുകളിലും ഒരോട്ടപ്രദക്ഷിണം നടത്തി. വാര്‍ത്തകളെക്കാള്‍ ചാനലുകളില്‍ നിറയുന്നതു വര്‍ത്തമാനങ്ങളെന്നു കണ്ട്‌ അതും വിട്ടു. കട്ടിലില്‍ പോയി അല്‍പനേരം വെറുതേ കിടന്നു.

ഉറക്കം പോകുകേം ചെയ്‌തു, ഒപ്പം നല്ല ക്ഷീണവും. അടുക്കളയിലൊന്നു കറങ്ങി. അപ്പം വേകുന്നു. ചൂടു പാറുന്ന അപ്പം ഒന്നൊന്നായി പാത്രത്തിലേക്കു വീഴുന്നു. മൂന്നെണ്ണം പഞ്ചസാര കൂട്ടിത്തിന്നു. അപ്പത്തിന്‌ ഉദ്ദേശിച്ചത്ര മയം ഇല്ല. പിന്നെ വിശക്കുമ്പോള്‍ ഇതിനൊക്കെ എവിടെ സ്ഥാനം? ഒരു സിനിമയും ഇല്ലാത്തപ്പോള്‍ നിലവാരമില്ലാത്ത പടവും സൂപ്പര്‍ഹിറ്റാകുമല്ലോ! മില്‍മയുടെ കവര്‍ പാല്‍ അച്ഛന്‍ കൊണ്ടു വന്നിരുന്നു. ചായയും കുടിച്ചു. തലേന്നത്തെ വിശപ്പു പിന്നെയും ബാക്കി നില്‍ക്കുന്നു. ഇറച്ചി കഷണങ്ങളാകുന്നതേയുള്ളൂ. ഇടക്കാലാശ്വാസം മാത്രം ഇപ്പോള്‍. കുടിശ്ശിഖ തീര്‍ക്കുന്നതു കറി വെന്തിട്ടാവാം എന്നു കരുതി.



മുറ്റത്തിന്റെ ഓരത്ത്‌ ബെന്തി എന്നു വിളിക്കുന്ന പൂക്കള്‍ നിരനിരയായി വിരിഞ്ഞു നില്‍ക്കുന്നു. ഉയരത്തില്‍ കുടചൂടി നില്‍ക്കുന്ന ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ ഓരോ പ്രകാശദണ്ഡുകള്‍ മുറ്റത്തേക്കും ഏലച്ചെടികള്‍ക്കിടയിലേക്കും ചാഞ്ഞു വീണു.

ബ്രേക്‌ക്‍ഫാസ്റ്റു കൂടാതെ പന്ത്രണ്ടു മണിയോടെ രണ്ടാംബ്രേക്ക്‌ ഫാസ്റ്റും ആഘോഷമായിത്തന്നെ നടത്തി. ഉച്ചയ്‌ക്ക്‌ സുഖമായൊന്നു കിടന്നുറങ്ങി. ഒരു പകലുറക്കം തന്ന എല്ലാ കണ്‍ഫ്യൂഷനുകളുമായി നാലര കഴിഞ്ഞപ്പോള്‍ പതുക്കെ ഉണര്‍ന്നു. വിശന്നു, നന്നായിട്ട്‌. നേരം തെറ്റിയ ഒരൂണ്‌. ആകെ ഒരു പ്രസരിപ്പില്ലായ്‌മ. കട്ടപ്പനയ്‌ക്കു പോകണമായിരുന്നെന്നും എല്‍.ഐ.സി. പ്രീമിയം അടയ്‌ക്കണമായിരുന്നെന്നും അപ്പോഴാണ്‌ ഓര്‍ത്തത്‌. നാളെ ഞായറാഴ്‌ച - ഒന്നും നടക്കില്ല. എന്നാലും ഉറക്കത്തെ പഴിചാരാന്‍ തോന്നിയില്ല.

അപ്പോഴേക്കും 11/11/11 എന്ന അപൂര്‍വ്വ ദിനം ചരിത്രമായി മണിക്കൂറുകള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. ലോകം മുഴുവന്‍ ഐശ്വര്യാ റായിയുടെ പ്രസവവാര്‍ത്ത കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു. പക്ഷേ ഞങ്ങളും ഇതുപോലെ ഒരു സദ്‌വാര്‍ത്തയ്‌ക്കായി കാത്തിരിക്കുകയാണ്‌. ഓരോ ദിവസം പോകുന്തോറും ആശങ്കയുയരുന്ന മനസ്സോടെ!!

(തുടരും)