വെയ്റ്റിംഗ് ഷെഡ്ഡില്‍ ഇരുന്നവരുടെ വണ്ടിയിലേക്കുള്ള ചൂഴ്‌ന്ന നോട്ടം കണ്ടാലറിയാം ആരെയോ കാത്തിരിക്കുവാണെന്ന്. ആ നോട്ടം മുന്‍പ് വാഹനങ്ങളില്‍ അതുവഴി കടന്നുപോയ ആരെയും അലോസരപ്പെടുത്താഞ്ഞതുകൊണ്ടോ അതോ കൊച്ചുതോവാളക്കാര്‍ ഭയങ്കര ക്ഷമാശീലം ഉള്ളവരായതുകൊണ്ടോ നാലുപേരും കേടുപാടൊന്നും കൂടാതെ അവിടെത്തന്നെ ഉണ്ടായിരുന്നു. ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി കാശും കൊടുത്തു തിരിയുമ്പോള്‍ എല്ലാവരും ബഹുമാനപൂര്‍വ്വം (താങ്ക് യു താങ്ക് യു...) എഴുന്നേറ്റു നിന്നു. കാന്തം കണ്ട ഇരുമ്പാണി പോലെ വട്ടം കൂടി. എല്ലാവരെയും ഒറ്റയടിക്ക് പരിചയപ്പെട്ടു. ഈ നാലു പേരെ ഞാനും എന്നെ ഈ നാലു പേരും (വാരാനുള്ള ഛെ, വരാനുള്ള അരുണ്‍ സ്റ്റീഫന്റെ കാര്യവും വിഭിന്നമല്ല) ആദ്യായിട്ടു കാണുവാണ്.
ആല്‍ഫബെറ്റിക്കല്‍ ഓര്‍ഡറില്‍ പരിചയപ്പെടല്‍ അവതരിപ്പിക്കാം. ദേ ഇങ്ങു മാറി നിന്നേടാ ചെക്കാ... ലോ ലിവനാണു ചിക്കു. പേരുകേള്‍ക്കുന്ന മാത്രയില്‍ ആരാടാ കുട്ടാ നിനക്കീ പേരിട്ടതെന്നു ചോദിക്കാന്‍ തോന്നും. ഭൂമിയില്‍ പിറന്നിട്ട് രണ്ടു വ്യാഴവട്ടം കഴിഞ്ഞിട്ടും മടിച്ചു വളരുന്ന മീശയെ ഒരു റേസറിന്റെ വെട്ടം(വെറും വെട്ടം) കൊണ്ടരിഞ്ഞ്, ആ വഴിക്ക് കിട്ടുന്ന സ്റ്റില്‍-അയാം-ഇന്‍-ടീനേജ് ലുക്കും ആ പേരും കൂടി ആകുമ്പോള്‍ "ഔ.. ചോ ച്വീറ്റ്" എന്നു പറഞ്ഞുപോകും. അധികം സംസാരിക്കില്ല, പക്ഷേ ചിരിയുണര്‍ത്താനും രസിപ്പിക്കാനും വാക്കുകള്‍ അത്യാവശ്യമല്ല എന്നു ചാര്‍ളി ചാപ്ലിന്‍ തെളിയിച്ചിട്ടുള്ളത് വരും ഭാഗങ്ങള്‍ക്കായി ഒന്നോര്‍ത്തു വെച്ചേക്കുക.
നിതീഷ് മറുമായില്‍. തലയില്‍ നിന്നും തൊപ്പിയൊഴിഞ്ഞ നേരമില്ല. കാരണം ഒന്ന് സ്റ്റൈല്‍, രണ്ട് പ്രായത്തെയും പക്വതയെയും ഓവര്‍ടേക്ക് ചെയ്‌തു തലയില്‍ നിന്നും വിടപറഞ്ഞകലുന്ന മുടിയിഴകള്‍ക്കഴിച്ച് ബാക്കിയുള്ളവ വെളിപ്പെടുന്നതു കൊണ്ടുള്ള ആഫ്റ്റര്‍ എഫക്റ്റുകള്‍ ഒഴിവാക്കാന്‍. നമ്മുടെ സിനിമാ നടന്‍ ലാലിനെ തയ്യാറാക്കാന്‍ ദൈവം എടുത്ത ചേരുവകള്‍ അളവും അരപ്പും വേവും എണ്ണയും കുറച്ച് സൃഷ്‌ടിച്ചതാണ് ഇവനെ എന്നു തോന്നി. വാളുവെച്ച് തൊണ്ട കാറിയതുകൊണ്ടാണ് പരിചയപ്പെട്ടപ്പോള്‍ അത്രേം ബാസ്സു വന്നത് എന്നു പിന്നീടാണു മനസ്സിലായത്. ടേണ്‍-ഉള്ള-റോഡില്‍-വാള്‍-പുട്ടിങ്ങ് ഡിസോര്‍ഡര്‍ എന്നൊരു അസുഖമുണ്ടേ. പുരുഷന്മാരില്‍ ലക്ഷത്തില്‍ ഒരാള്‍ക്കുമാത്രമുള്ള ഒരു രോഗമാണെന്നു ഡോക്‌ടര്‍ പറഞ്ഞപ്പോള്‍ 'എനിക്കൊരു കുടുംബജീവിതം സാദ്ധ്യമാണോ ഡോക്‌ടര്‍' എന്നു മാത്രമേ ഈ ശുദ്ധാത്മാവ് തിരിച്ചു ചോദിച്ചുള്ളൂ!
ആളു മെലിഞ്ഞിരിക്കുന്നതാണോ അതോ ഇനി പൊക്കം കൂടിപ്പോയിട്ടാണോ എന്നു സംശയം തോന്നിപ്പിക്കുന്ന ഒരു പരുവം. പശു ചാണകമിടുന്നിടത്തു തഴച്ചുവളരുന്ന പുല്ലു പോലെ താടിയുടെ താഴേത്തട്ടില്‍ മീശ കൊണ്ടൊരു മന്ത്രക്കളം. കണ്ണിലും മുഖത്തും തളം കെട്ടിക്കിടക്കുന്ന വിഷാദഭാവം, ഒരു പക്ഷേ നഷ്‌ടമായ കൗമാരദിനങ്ങളെക്കുറിച്ചുള്ള ഗൃഹാതുരത്വം കലര്‍ന്ന ഓര്‍മ്മകളാകാം. പക്ഷേ സംസാരത്തില്‍ നര്‍മ്മത്തിന്റെ മര്‍മ്മമറിഞ്ഞവന്റെ തെളിമ. ഹൃദയത്തിന്റെ സ്ഥാനത്ത് ഉള്ളതാകട്ടെ ഒരു ഫുട്‌ബോള്‍. വിപ്ലവകാരിയെന്നു തെറ്റിദ്ധരിച്ചു പോയേക്കാവുന്ന ഈ വിശ്വാസിയുടെ പേര് റമീസ് റഹ്‌മാന്‍.
വിമല്‍ തൈക്കണ്ടിയില്‍. കൂട്ടത്തില്‍ ഏറ്റവും ഗ്ലാമര്‍ അവനാണെന്നു മൗനമായി ബാക്കിയുള്ളവര്‍ അംഗീകരിക്കുമെങ്കിലും ആരും പുറമേ ഭാവിക്കില്ല. പണ്ട് എന്‍ജിനീയറിംഗ് പഠനകാലത്ത് ക്ലാസ്സില്‍ നടത്തിയ ഒരു അഭിപ്രായസര്‍വ്വേയില്‍ എപ്പോഴും സംസാരിച്ചിരിക്കാന്‍ കൊതിക്കുന്ന ആളായി('സൊള്ളാന്‍ കൊള്ളാവുന്ന പിള്ള'പ്പട്ടം) പെണ്‍കുട്ടികള്‍ തെരഞ്ഞെടുത്തത് ഇവനെയാണ്. നിറ്റ്‌സിന്(നിതീഷ്) അതില്‍ പരാതി ഒന്നുമില്ലെങ്കിലും എല്ലാവര്‍ക്കും ബോധിച്ച സഹോദരനായാണു നിറ്റ്‌സ് തെരഞ്ഞെടുക്കപ്പെട്ടത് എന്നത് അവനെ തളര്‍ത്തിക്കളഞ്ഞിട്ടുണ്ടാവണം. (ആ വിഷമം കൊണ്ടാണ് അവന്റെ മുടികൊഴിഞ്ഞുതുടങ്ങിയതെന്ന് റംസും തൈക്കണ്ടിയും ആണയിട്ടു പറയുന്നു.) സംസാരത്തില്‍ ഡയബെറ്റിസ് ഉള്ളതുകൊണ്ടല്ല മറിച്ച് പഴയകാല സിനിമാഗാനങ്ങളെയും സിനിമാക്കഥകളെയും ഒക്കെ സ്‌നേഹിക്കുകയും നെഞ്ചേറ്റുകയും ചെയ്യുന്ന തന്റെ സഹൃദയമനസ്സാണ് ഈ പ്രീതിക്കു കാരണം എന്നാണു ശ്രീമാന്‍ തൈക്കണ്ടിയില്‍ ഇതിനെപ്പറ്റി നല്‍കുന്ന വിശദീകരണം. വിമല്‍ ടി. എന്ന പേര് ഒന്നിച്ചുച്ചരിച്ച് വിമല്‍ടി, വിമള്‍ടി, വി-മള്‍ട്ടി എന്നിങ്ങനെ പുരോഗമിച്ച് അവസാനം 'മള്‍ട്ടി'യിലെത്തി നിന്നു. സ്വന്തം വീട്ടുകാര്‍ പോലും അവന്റെ യഥാര്‍ത്ഥ പേര് ഓര്‍ക്കുന്നതു റേഷന്‍കാര്‍ഡു കാണുമ്പോഴാണെന്ന് ക്ലാസ്‌മേറ്റ്‌സ് കൂടിയായ റംസും നിറ്റ്‌സും സാക്ഷ്യപ്പെടുത്തുന്നു. ബഹുമുഖപ്രതിഭയാണെന്നുള്ള ബോധ്യം കൊണ്ടാവാം അവനിപ്പോ ഇ-മെയിലുകള്‍ വരെ 'നിങ്ങളുടെ സ്വന്തം മള്‍ട്ടി' എന്നു പറഞ്ഞു ചുരുക്കുന്നു.
അരുണ്‍ സ്റ്റീഫന്‍ എന്ന സമാനതകളില്ലാത്ത വ്യക്തിത്വത്തെ അദ്ദേഹം രംഗപ്രവേശം ചെയ്യുമ്പോള്‍ പരിചയപ്പെടുത്താം.
ഞങ്ങള്‍ കൊച്ചുതോവാള ബസ്‌സ്റ്റോപ്പില്‍ നിന്നും നടന്നു തുടങ്ങി. ബ്ലോഗില്‍ വിരിഞ്ഞ കയ്‌പന്‍ പൂക്കള്‍ വാടിക്കരിഞ്ഞു തുടങ്ങിയിരുന്നു. മഞ്ഞണിഞ്ഞു നില്‍ക്കുന്ന ചിത്രമായി മനസ്സില്‍ പതിഞ്ഞ് റോഡിലൂടെ ഞങ്ങള്‍ നീങ്ങി. 'ഇതൊക്കെ ഇവന്റെ സെറ്റായിരുന്നോ' എന്നൊരു സന്ദേഹത്തോടെ കടയ്‌ക്കലുണ്ടായിരുന്നവര്‍ എന്നയും എന്റെ പിന്നില്‍ ജാങ്കോ ആയിട്ടു നടന്നുവരുന്ന നാല്‍വര്‍ സംഘത്തെയും നോക്കുന്നുണ്ടായിരുന്നു. സ്‌കൂളിന്റെ മുന്നിലൂടെ കടന്നു പോയപ്പോള്‍ ഞാന്‍ കാണിച്ചു കൊടുത്തു, ഇതാണ് ബ്ലോഗില്‍ നിറഞ്ഞ എന്റെ മാതൃവിദ്യാലയം. അപ്പോഴേ അനുയായികള്‍ ഒരു കാര്യം തീരുമാനമാക്കി - 'പിന്നീട് ഇവിടെ വന്നു നമുക്കു ഫോടോ എടുക്കണം'. വീണ്ടും മുന്നോട്ടു നടന്നപ്പോള്‍ കഥയിലുയര്‍ന്ന ഇലക്‍ട്രിക് പോസ്റ്റും ഞാന്‍ അവര്‍ക്കു കാട്ടിക്കൊടുത്തു.
പിന്നെ ചെമ്പരത്തി വേലികള്‍ അതിരിട്ട ഇടറോഡുകളും കടന്ന് പറമ്പിലേക്കു കയറി. കഥയിലെ 'കുളം' കാണിച്ചു കൊടുത്തു, വഴിയുടെ ഇടതുവശത്തായിട്ട്. അമ്പലക്കുളം പോലത്തെ ഒരു കുളം പ്രതീക്ഷിച്ചു വന്ന അവര്‍ നിരാശരായെന്നു വ്യക്തം. പത്തടി മാത്രം വ്യാസമുള്ള കുളത്തെ അല്‍പം വട്ടം കൂടിയ കിണര്‍ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ഏലം നനയ്‌ക്കാന്‍ മാത്രമേ അതിലെ വെള്ളം ഉപയോഗിക്കാറുള്ളൂ. "ആ കുളം കാണിക്കാന്‍ ഞങ്ങളെ എന്നാ അങ്ങോട്ടൊക്കെ കൊണ്ടു പോകുന്നേ?" എന്നായിരുന്നു ഈ സന്ദര്‍ശനത്തിനു വഴിമരുന്നിട്ട ചര്‍ച്ചയിലെ ആദ്യവാചകം തന്നെ.
പിന്നെയാണു കയറ്റം. അതുതന്നെ ഒരു ട്രെക്കിങ്ങാണെന്നു പിന്നീട് വിരുന്നുകാര്‍ വിലയിരുത്തി. എനിക്കതപ്പോഴേ മനസ്സിലായി. കാരണം, വീട്ടിലെത്തുന്നതിനു മുന്‍പേ രണ്ടു തവണ ഞങ്ങള്‍ വിശ്രമിക്കാനായി നിന്നു. ഒരു പക്ഷേ രാവിലെ വെറുംവയറ്റില്‍ കയറ്റം കയറിയതുകൊണ്ടാവാം പെട്ടെന്നു തളര്‍ന്നത്. ആലപ്പുഴയിലൂടെ 'ഒഴുകിയും തുഴഞ്ഞും' മാത്രം ശീലമുള്ള ചിക്കു ആയിരുന്നു കയറ്റം കണ്ടപ്പോള്‍ കാറ്റുപോയവരില്‍ മുന്‍പന്‍. 'പിക്കപ്പ്' തീരുന്നു എന്ന തോന്നല്‍ മറ്റുള്ളവര്‍ക്കുണ്ടാവരുതല്ലോ; വലിയ വിശ്രമത്തിനൊന്നും നില്‍ക്കാതെ നടപ്പു തുടര്‍ന്നു.
വീട്ടിലെത്തിയ പാടെ എല്ലാവനും കട്ടിലിലേക്കു വീഴുകയായിരുന്നു. കയറ്റം കയറിയതിന്റെ കിതപ്പൊന്നാറിയപ്പോള്‍ തണുപ്പ് മെല്ലെ തൊലിതുളച്ചിറങ്ങാന്‍ തുടങ്ങി. പതുക്കെ പല്ലുതേപ്പും കുളീം ഒക്കെ നടത്താം എന്നു പറഞ്ഞപ്പോള്‍ ഞാനെന്തോ പാതകം ചെയ്‌തപോലെ നാല്‍വരും കൂടി എന്നെ നോക്കി. "കുളിക്കാനോ... ഈ ...(ക്‌ട്...ക്‌ട്..ക്‌ട്..ക്‌ട്..ക്‌ട്..) ത്..ത.. തണുപ്പത്തോ?" എന്നായിരുന്നു മറുപടി. അവസാനം എല്ലാവനെയും ഒന്നു പല്ലുതേപ്പിച്ച് വീട്ടിലെ പശുവിന്‍പാല്‍ കൊണ്ടുണ്ടാക്കിയ തെളപ്പന്‍ ഒരു ചായ കൂടി പിടിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരു ഊര്‍ജ്ജം വന്നു. ഞാനും അപ്പോഴാണ് പശുവിന്റെ ഈ പ്രസവത്തിലെ പാല്‍ ആദ്യമായി കുടിച്ചത്.
വെളുപ്പിനെ മുതല്‍ ഉടവാളുകളും കൊടുവാളുകളുമായി ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന്റെ ബോഡിയില്‍ കുരുതിക്കളം തീര്‍ത്ത നിറ്റ്‌സ് വാടിയ ചേമ്പിന്‍ തണ്ടുപോലെ ചുരുണ്ടു കിടന്നു. തണുപ്പിനെ പ്രതിരോധിച്ചു കുളിക്കാന്‍ എല്ലാവര്‍ക്കും വെള്ളം ചൂടാക്കി നല്‍കി. അങ്ങനെ ഓരോരുത്തരായി കുളികഴിഞ്ഞു വരുമ്പോഴേക്കും....
തനതിന്ന താനാ തിന്ന താനാ തിന്ന... തിന്തിന്നോ!
No comments:
Post a Comment
'അതേയ്... ഒരു വാക്കു പറഞ്ഞേച്ച്...'