Showing posts with label serial2. Show all posts
Showing posts with label serial2. Show all posts

Wednesday, March 25, 2009

കൊഴിയുന്നതും തളിര്‍ക്കുന്നതും

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-13
തുടക്കം
കഴിഞ്ഞ കഥ

ഒരു നിമിഷത്തെ നിശ്ശബ്ദത!

എല്ലാവരും ആ വാര്‍ത്ത കേള്‍ക്കെ പ്രതിമ കണക്കെ നിന്നു. അനഘയുടെ അച്ഛന്‍ സകല നിയന്ത്രണങ്ങളും വിട്ടുപൊട്ടിക്കരഞ്ഞു; നിലകിട്ടാതെ തളര്‍ന്നു വീണു. ആരൊക്കെയോ താങ്ങിപ്പിടിച്ചു ബെഞ്ചില്‍ കിടത്തി. തുടര്‍ന്ന് വൈദ്യസഹായത്തിനായി ഡോക്ടറുടെ മുറിയിലേക്കു കൊണ്ടുപോയി. ഒന്നിനുമാവാതെ ഞാന്‍ നിന്നു.

അനഘ എന്നൊരാളില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ ആരും തയ്യാറായില്ല. 'ബോധം തെളിയുമ്പോ ഞാന്‍ നിത്യമോളോട്‌ എന്തു പറയും' എന്നു ആകുലപ്പെട്ടു തളര്‍ന്നിരിക്കുന്ന നിത്യയുടെ അച്ഛന്റെ ചിത്രം മറ്റൊരു വേദനയായി.

നിത്യയുടെ വീട്ടുകാര്‍ അനന്തരനടപടികള്‍ക്കു മുന്നിട്ടിറങ്ങി. ഒപ്പം ഞങ്ങളും കൂടി. എത്രയും വേഗം തന്നെ ബോഡി നാട്ടിലേക്കെത്തിക്കാനുള്ള ശ്രമമായി പിന്നീട്‌. കോയമ്പത്തൂര്‍ സിറ്റി പൊലീസില്‍ നിത്യയുടെ അമ്മാവന്റെ ഒരു പരിചയക്കാരന്‍ ഇന്‍സ്പെക്ടര്‍ ഉണ്ടായിരുന്നതിനാല്‍ പൊലീസ്‌ നടപടികള്‍ അത്യന്തം സുഗമമായി നടന്നു. രാവിലെ തന്നെ പുറപ്പെടാനുള്ള കണക്കിനു കാര്യങ്ങള്‍ നീക്കി. അനഘയുടെ അച്ഛന്റെ നില ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മെച്ചപ്പെട്ടു. ജീവിത്തില്‍ ഒരുപാടു പ്രതിസന്ധികള്‍ കണ്ട ആ മനുഷ്യന്‍ ഈ ആഘാതത്തില്‍ പക്ഷേ, ആകെ തകര്‍ന്നിരുന്നു. അപകടം നടന്നപാടെ, ദുബൈയില്‍ അനഘയുടെ സഹോദരന്‍ അജിതിനെയും ഭര്‍ത്താവ്‌ രാഗേഷിനെയും വിവരം അറിയിച്ചിരുന്നു. രാഗേഷ്‌ ഉടന്‍ തന്നെ തിരിക്കുമെന്ന് അറിയിച്ചിരുന്നു; അജിത്‌ വരുന്നകാര്യം ഉറപ്പു പറഞ്ഞിട്ടില്ലായിരുന്നു. മരണം നടന്നതായി ഇരുവരെയും അറിയിച്ചുകഴിഞ്ഞു. ഉടനെ തന്നെ, അവര്‍ ഒന്നിച്ചു വരാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

നാട്ടില്‍ നിന്നു പിന്നീടു പുറപ്പെട്ടവരും ഇതിനിടെ ആശുപത്രിയില്‍ എത്തി. അനഘയുടെ കുഞ്ഞിനെ അടുത്തുള്ള വീട്ടിലാക്കിയത്രെ. അമ്മയ്ക്കു പനിയാണെന്നും അച്ഛന്‍ അമ്മയെക്കൂട്ടി വരാന്‍ പോയതാണെന്നുമാണ്‌ ആ നാലുവയസ്സുകാരനോട്‌ പറഞ്ഞിരിക്കുന്നത്‌. ആ കുഞ്ഞുമനസ്സിനു അമ്മയില്ലാതാകുന്നത്‌ എത്രത്തോളം ഉള്‍ക്കൊള്ളാനാകും? ഭര്‍ത്താവ്‌ രാഗേഷിനും സഹോദരന്‍ അജിതിനും അനഘയുടെ വിയോഗം എത്ര വേദനാജനകമായിരിക്കും? പ്രദീപ്‌ ഇതറിയുമ്പോള്‍ എങ്ങനെ പ്രതികരിക്കും? നിത്യയുടെ ഉള്ളില്‍ താന്‍ അനഘയെ കുരുതികൊടുത്തെന്ന തോന്നല്‍ ഉണ്ടാകുമോ? പലവിധ അനാവശ്യചോദ്യങ്ങള്‍ സ്വസ്ഥത കെടുത്താന്‍ വേണ്ടിമാത്രമായി ഉള്ളിലുയര്‍ന്നു.

*** *** ***

"അനഘേടെ കുഞ്ഞിന്റെ പേരെന്താ വിനോദേട്ടാ..?" ഇടയ്ക്കെപ്പോഴോ ഞാന്‍ ചോദിച്ചു.

അറിയില്ല എന്നര്‍ത്ഥമാക്കുന്ന മൗനത്തിന്റെ പരിസരത്തുനിന്ന് നാട്ടില്‍നിന്നു വന്ന ഒരാള്‍ പറഞ്ഞു-'അഖില്‍'.

"ഡാ, എന്തു പറയും, പ്രദീപിനോട്‌?"

എനിക്കുത്തരമില്ലായിരുന്നു. "എന്തായാലും കല്യാണത്തിന്റെ അന്നു വെളുപ്പാങ്കാലത്തു തന്നെ അവനെ വിളിച്ച്‌ ഈ വാര്‍ത്ത അറിയിക്കണ്ട. ഒന്നുവല്ലേലും അവന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമല്ലേ?"

"ഉം..." ഞാനും അതു ശരിവച്ചു.

"...എന്നാലും അവന്‍ അറിയും. നാട്ടുകാരും അയലോക്കംകാരുമൊക്കെ പറഞ്ഞ്‌?.. ആഹ്‌.. അറിയട്ടെ. എന്തായാലും ഇപ്പോ നമ്മളായിട്ടു വിളിച്ചറിയിക്കണ്ട." എനിക്കൊന്നും പറയാനില്ലായിരുന്നു.

".. രാജേ, ബോഡി ഇപ്പോത്തന്നെ കിട്ടും. നീ എങ്ങനെയാ തിരിച്ചു പോവ്വാന്നോ അതോ? പോണെങ്കി റെയില്‍വേ സ്റ്റേഷന്‍ ഇവിടടുത്താ! നാട്ടിലേക്കു പോകാനാണെങ്കി ചെല്ലുമ്പോ എന്തായാലും ഉച്ചയെങ്കിലും ആകും, പിന്നെ ഇന്നു തന്നെ തിരിച്ചു പോക്കുനടക്കില്ല. തിരിച്ചു വിടുവാണേല്‍ ഞാന്‍ നിന്നെ സ്റ്റേഷനില്‍ കൊണ്ടാക്കാം, അല്ലേല്‍ ബസ്സു കിട്ടുവോന്നു..."

ഒന്നും ആലോചിക്കാനില്ലായിരുന്നു- "ഞാനും നിങ്ങടെകൂടെ വരുവാ വിനോദേട്ടാ."

എന്നെ അങ്ങനെ പറയിപ്പിച്ചതെന്താണെന്ന് അറിയില്ല.

*** *** ***

ആംബുലന്‍സില്‍ അനഘയുടെ ഒപ്പമിരിക്കണമെന്നു അച്ഛന്‍ വാശിപിടിച്ചു. തളര്‍ന്നു പരവശനായ ആ മനുഷ്യനെ വീണ്ടും രോദനങ്ങളിലേക്കു തള്ളിവിടാന്‍ ആര്‍ക്കും മനസ്സു വന്നില്ല. കൂടെ വന്ന ബന്ധുക്കള്‍ ആംബുലന്‍സിലും രണ്ടു സമീപവാസികളോടൊപ്പം അച്ഛന്‍ കാറില്‍ ഞങ്ങളുടെയൊപ്പവും കയറി. എന്റെയും വിനോദിന്റെയും ലഗേജ്‌ ബൂട്ടില്‍ ഒതുക്കി വെച്ചു. അപ്രതീക്ഷിതമായി ഇടയ്ക്കു നിന്ന യാത്ര പുനരാരംഭിക്കാന്‍ വിനോദ്‌ ഡ്രൈവര്‍ സീറ്റിലമര്‍ന്നു. ആ ടി-ഷര്‍ട്ടിലും ഹാഫ്‌ പാന്റ്സിലും തന്നെയായിരുന്നു അപ്പോഴും വിനോദ്‌ എന്നതു ഞാന്‍ കണ്ടില്ലെന്നു നടിച്ചു. സകലമൂഡും പോയിരുന്നെങ്കിലും അനിവാര്യമായ ഒരു യാത്ര. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിന്റെ കവാടം കടന്ന് മൗനമായി ഞങ്ങളുടെ വാഹനവ്യൂഹം റോഡിലേക്കു നീങ്ങി. ഈ പ്രഭാതത്തിന്‌ പതിവിലേറെ ശാന്തത.

കേരളം ലക്ഷ്യമാക്കി ആ നാലു വാഹനങ്ങള്‍ വരിയായി നീങ്ങി. ആരും ഒന്നും മിണ്ടിയില്ല, പോകേണ്ട വഴിയെക്കുറിച്ച്‌ പിന്നിലിരുന്ന ഒരാള്‍ ഇടയ്ക്കിടെ നിര്‍ദ്ദേശം തന്നതല്ലാതെ. അനഘയുടെ അച്ഛന്‍ സീറ്റില്‍ ചാരിക്കിടന്ന് തളര്‍ന്നു മയങ്ങുകയാണ്‌. വിന്‍ഡോ ഗ്ലാസ്‌ ഉയര്‍ത്തിവെച്ച്‌ അതില്‍ നിന്നു തൂക്കിയിട്ടിരിക്കുന്ന ഡ്രിപ്‌ ബോട്ടിലില്‍ നിന്നും അദ്ദേഹത്തിന്റെ വലതു കൈയ്യിലേക്ക്‌ തുള്ളികള്‍ ഒഴുകുന്നു...

കാറിനുള്ളില്‍ ഏസിയുടെ നേര്‍ത്ത തണുപ്പ്‌. ഞാന്‍ അലക്ഷ്യമായി പുറത്തേക്കു നോക്കിയിരുന്നു. റോഡരികത്തെ കുറ്റിച്ചെടികളും നിര്‍ത്തിയിട്ടിരുന്ന ട്രക്കുകളും കടകളും പോസ്റ്റുകളും എല്ലാം ഞങ്ങളുടെ ഗതിവേഗമനുസരിച്ച്‌ പിന്നോട്ട്‌ പാഞ്ഞു പോയി. സൈഡിലെ കണ്ണാടിയില്‍ക്കൂടി ആംബുലന്‍സ്‌ പിന്തുടരുന്നതു കാണാം. എല്ലാ കാഴ്ചകളും ശബ്ദങ്ങളും എന്തിന്‌, കാറിനുള്ളിലെ ശീതളിമയും എന്നെ മരണത്തെക്കുറിച്ചു മാത്രം ഓര്‍മ്മിപ്പിച്ചു.

പ്രദീപിന്റെ വീട്ടില്‍ കല്യാണ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ്‌ ഇപ്പോള്‍ ആള്‍ക്കാര്‍ പുറപ്പെടാന്‍ തയ്യാറാവുന്നുണ്ടാവും. മുതിര്‍ന്നവര്‍ തങ്ങള്‍ക്കു കിട്ടുന്ന ബഹുമാനവും സ്നേഹവും ആസ്വദിച്ചും ലോകകാര്യങ്ങള്‍ പറഞ്ഞും നിര്‍ദ്ദേശങ്ങള്‍ കൊടുത്തും ചുറ്റിപ്പറ്റി നില്‍ക്കും. കുട്ടികള്‍ ഓടിക്കളിച്ചും പലനാള്‍ കൂടി കണ്ടുമുട്ടുന്ന ബന്ധുക്കള്‍ വിശേഷങ്ങള്‍ പങ്കുവെച്ചും സൊറപറഞ്ഞും ആഘോഷത്തിമിര്‍പ്പിലായിരിക്കതേസമയം അനഘയുടെ വീട്ടില്‍, കുടുംബത്തിന്റെ അത്താണിയായി ഉയര്‍ന്നു വന്ന മകള്‍ നഷ്ടമാവുന്നത്‌ നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വരുന്ന അച്ഛന്‍. ജീവിതത്തിലെ നാലുവര്‍ഷങ്ങള്‍ ഒപ്പം സ്നേഹം പങ്കുവെച്ച്‌ അവസാനം ഒരു കുഞ്ഞിനെ രാഗേഷിനു തന്നിട്ടു പോകുന്ന ഭാര്യ. ഉഴറിനടന്ന ജീവിതപാതയില്‍ കൈ പിടിച്ചു നടത്തിയ അജിതിന്റെ സഹോദരി. ആശയുടെ വഴിമുട്ടിയപ്പോള്‍ കൈപിടിച്ചു നടത്തിയ സ്നേഹമയിയായ ചേച്ചി. അപ്രതീക്ഷിതമായി അമ്മയെ മരണം തട്ടിക്കൊണ്ടു പോകുമ്പോള്‍ പകച്ചുനില്‍ക്കുന്ന അഖിലിന്റെ പിഞ്ചുബാല്യം.... നഷ്ടമാകുന്നത്‌ ഒരു ജീവന്‍ മാത്രമല്ലല്ലോ! മരണമേ നീയെത്ര ക്രൂരനാണ്‌? കള്ളനെപ്പോലെ വന്നു നീ എന്തൊക്കെയാണ്‌ ഇല്ലാതാക്കുന്നത്‌?

*** *** ***

ഒരു വേനല്‍മഴയ്ക്കു തയ്യാറായി അകാശം മൂടിക്കെട്ടി നിന്നു. വിഷാദത്തിന്റെ കരിനിഴല്‍ വീണ ആ വീടിനു മുന്നില്‍ വാഹനങ്ങള്‍ വന്നു നിന്നു. ആംബുലന്‍സിനു ചുറ്റും ആള്‍ക്കാര്‍ കൂടി. വെള്ളത്തുണിയില്‍ പൊതിഞ്ഞ അനഘ്യുടെ മൃതദേഹം പുറത്തേക്കെടുത്തപ്പോള്‍ എവിടെനിന്നൊക്കെയോ തേങ്ങലുകള്‍ അണപൊട്ടുന്നതു ഞാന്‍ കേട്ടു. കൂടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് അച്ഛനെ കാറില്‍ നിന്നിറക്കി. ഒരുനാള്‍ ഈ വീട്ടിലേക്ക്‌ രാഗേഷിന്റെ കൈപിടിച്ച്‌ മംഗല്യവതിയായി കയറിവന്നവള്‍ ഇന്നു മൗനത്തിന്റെ വെള്ളപുതച്ച്‌ മരവിച്ച ശരീരമായി കടന്നു വരുന്നു. അതുകണ്ട്‌ എന്തെന്നറിയാതെ അനഘയുടെ കുരുന്ന് ആരുടെയോ ഒക്കത്തിരുന്ന് ഏങ്ങിക്കരയുന്നു. വിറങ്ങലിച്ച തറയില്‍ കിടത്തിയ അവളുടെ ദേഹത്തിനരികെ നിശ്ചേതനായി ഇരിക്കുന്ന അച്ഛന്റെ മടിയില്‍ അമ്മയുടെ വിളറിയ മുഖത്തേക്കുനോക്കിക്കൊണ്ട്‌ അഖില്‍.

അധികനേരം അവിടെ നില്‍ക്കാന്‍ മനസ്സുവന്നില്ല. ഞാന്‍ പുറത്തേക്കിറങ്ങി.

വിനോദേട്ടന്‍ എവിടെ നിന്നോ മുന്നില്‍ പ്രത്യക്ഷപ്പെട്ടു- "രാജേ, ഇനി നമ്മളിവിടെ നിക്കേണ്ട കാര്യമില്ലല്ലോ! ഇന്നലെ വൈകിട്ടു പുറപ്പെട്ടതല്ലേ. പതുക്കെ നീങ്ങിയാലോ?"

"ങാ..." എനിക്കങ്ങനെ അലസമായി മൂളാനേ കഴിഞ്ഞുള്ളൂ.

"എങ്കില്‍ വാ, പോയേക്കാം. അടക്കം പുറത്തൂന്നു വരാനുള്ളോരു വന്നിട്ടേ ഒണ്ടാവൂ."

'... മഴ പെയ്യില്ലാന്നു പ്രതീക്ഷിക്കാം. അപ്പോ, സൂമാരന്‍ ചേട്ടാ, ഇറങ്ങുവാ. പിന്നെ കാണാം.' എന്ന് അടുത്തു നിന്ന ആളോട്‌ പറഞ്ഞ്‌ വിനോദേട്ടന്‍ കാറില്‍ കയറി.

"ഇവിടുന്ന് പ്രദീപിന്റെ വീട്ടിലേക്ക്‌ എന്തോരം ദൂരമൊണ്ട്‌?"

"ങ്‌... വണ്ടിക്കാണേല്‍ ഒരു പത്ത്‌-പതിനഞ്ച്‌ മിനിറ്റ്‌. ആ പിന്നെ, കല്യാണപ്പാര്‍ട്ടി വീട്ടില്‍ എത്തി. വീടുകേറല്‍ കഴിഞ്ഞുവത്രേ. ഇപ്പോ വിളിച്ചാരുന്നു. വിവരങ്ങളൊക്കെ പ്രദീപ്‌ രാവിലെ തന്നെ അറിഞ്ഞിരുന്നു. ഉടനെ ഇങ്ങോട്ടുവരുന്നെന്ന് പറഞ്ഞു..."

പറഞ്ഞു തീര്‍ന്നില്ല, പ്രദീപിന്റെ കാര്‍ റോഡിന്റെ ഓരം ചേര്‍ന്നു വന്നുനിന്നു. പുതുമണവാളന്റെ വേഷത്തില്‍ ഡ്രൈവിംഗ്‌ സീറ്റില്‍ നിന്ന് പ്രദീപ്‌ ഇറങ്ങി. ഉടന്‍ ഞങ്ങള്‍ ഇരുവരും പ്രദീപിനെ സമീപിച്ചു. അവന്‍ ആകെ അസ്വസ്ഥനായി കാണപ്പെട്ടു. ഞങ്ങളെ കണ്ടപാടേ ഓടിവന്ന് വിനോദേട്ടനെ വട്ടം കെട്ടിപ്പിടിച്ചു.

"എടാ... നീയില്ലായിരുന്നെങ്കില്‍... ഇത്രേമൊക്കെ...! അതും ബിന്‍സി ആശൂത്രീ കിടക്കുമ്പോ.. എങ്ങനെ നന്ദി പറയുമെടാ നിന്നോട്‌..? രാജേ... നീ കല്യാണം പോലും കൂടാന്‍ നിക്കാതെ...! താങ്ക്സ്‌ ഡാ!" പ്രദീപ്‌ കരയുമെന്ന് തോന്നി.

വിനോദേട്ടന്‍ പ്രദീപിന്റെ തോളത്തുകൈയിട്ട്‌ ആളൊഴിഞ്ഞ ഒരിടത്തേക്കു കൊണ്ടുപോയി. "ഡാ, നീ വിഷമിക്കാതെ. കഴിഞ്ഞതു കഴിഞ്ഞു. ഇനിയിപ്പോ എന്തു ചെയ്യാമ്പറ്റും?" തോളില്‍ ഒരു തട്ടലായി, സൗഹൃദം പ്രദീപിനാശ്വാസമേകി. എനിക്കും ഒരു ശ്വാസംമുട്ടല്‍. എന്റെ കൈത്തലം പ്രദീപ്‌ കൂട്ടിപ്പിടിച്ചു-"രാജേ, അവള്‍ എന്റെ കല്യാണത്തിനു വരുമ്പഴാടാ..." ഒരു തുള്ളി കണ്ണീര്‍ പ്രദീപിന്റെ കണ്‍കോണില്‍ നിന്നും എന്റെ കൈയ്യില്‍ വീണു.

"സാരമില്ല മാഷേ..!"

പ്രദീപ്‌ അനഘയെ കാണാന്‍ പോകുന്നതു ഞങ്ങള്‍ നോക്കിനിന്നു.

"രാജേ, അവനിപ്പോഴും അവളോട്‌ എത്ര സ്നേഹമാണെന്ന് കണ്ടോ? പരിചയമെന്നോ സ്നേഹമെന്നോ പ്രേമമെന്നോ സൗഹൃദമെന്നോ എന്തു പേരിട്ടു വിളിക്കും? ഷി വാസ്‌ ക്വയറ്റ്‌ അണ്‍ലക്കി റ്റു ഗെറ്റ്‌ ഹിം ഇന്‍ ഹര്‍ ലൈഫ്‌..."

റബ്ബര്‍ത്തോട്ടങ്ങളിലൂടെ കാര്‍ നീങ്ങുമ്പോള്‍ ഞാനോര്‍ത്തു- പ്രണയം - ആദ്യപ്രണയം - ഇത്രമധുരതരമാണോ?

*** *** ***

അന്ന് പ്രദീപിന്റെ വീടു സന്ദര്‍ശിച്ചു. വിനോദേട്ടന്റെ കൂടെ ആശുപത്രിയില്‍ പോയി. പിറ്റേന്ന് കോട്ടയത്തു നിന്നും ഞാന്‍ ബാംഗ്ലൂരിനു ബസ്സുകയറി.

തമിഴ്‌നാട്ടിലെ ഹൈവേയിലൂടെ ബസ് പായുകയാണ്. പുറത്തെയിരുട്ടിലേക്ക് കണ്ണുനട്ടിരുന്ന് മുഷിഞ്ഞ ഞാന്‍ സാവധാനം വീണ്ടും ഉറക്കത്തിലേക്കു വഴുതി. നേരം വെളുത്തുവരുന്നു. ഹൊസൂര്‍ എത്താറായപ്പോഴേക്കും ഒരു പെണ്‍കുഞ്ഞിന്റെ ജനനവാര്‍ത്ത എന്നെത്തേടിവന്നു.

"ഈശ്വരാ രക്ഷിക്കണേ! കണ്‍ഗ്രാറ്റ്‌സ്‌ വിനോദേട്ടാ..! അപ്പോ ഇതിന്റെ ചെലവു പിന്നെ!!"

അടുത്ത സന്ദര്‍ശകയ്ക്ക്‌ ഭൂമിയും ആകാശവും കാഴ്ചയൊരുക്കവേ ഞാന്‍ യാത്ര തുടര്‍ന്നു.

Friday, March 20, 2009

ഇല വാടി, ഇതള്‍ വാടി

[ ഓലപ്പീപ്പിയിലെ അന്‍പതാം പോസ്റ്റ് ]

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-12
തുടക്കം
കഴിഞ്ഞ കഥ

ഞാന്‍ ആദ്യമായി കാണുകയാണ്‌ അനഘയെ! ആ മുഖത്തേക്ക്‌ ഒരു ഞൊടി നോക്കാനെ കഴിഞ്ഞുള്ളൂ- താരാട്ടുകേട്ട്‌ ഉറങ്ങുന്ന ഒരു കുഞ്ഞിനെപ്പോലെ. ഓക്സിജന്‍ മാസ്കും ബ്ലഡ്‌ബാഗും തലയില്‍ മഞ്ഞുകൊണ്ടുള്ള തൊപ്പി പോലെ ഡ്രെസ്സിങ്ങും! മുഖം നല്ലവണ്ണം കാണാന്‍ പറ്റുന്നില്ല. കാലിന്റെയും കൈയ്യിന്റെയും തോളിന്റെയും പരുക്ക്‌? ഒന്നും വ്യക്തമല്ല. വേണ്ട, എനിക്കെല്ലാം കൂടി കാണണ്ട. ചുറ്റും വെള്ളക്കുപ്പായമിട്ട നേഴ്സുമാരും അറ്റന്‍ഡര്‍മാരുമെല്ലാം എന്തോ, എന്നെ വല്ലാതെ മുഷിപ്പിച്ചു. ഒരു നോക്കു കണ്ടിട്ടു ഞാന്‍ പിന്‍വാങ്ങി. അനഘയെ സാവധാനം ഐ.സി.യുവിലേക്കു കൊണ്ടുപോയി. തളര്‍ന്ന ഹൃദയത്തോടെ നിന്ന എനിക്ക്‌ അവിടെനിന്നു എത്രയും വേഗം കടന്നുകളഞ്ഞാല്‍ മതിയെന്നു തോന്നി.

നെഞ്ചിലെന്തോ കനംതൂങ്ങുന്നതുപോലെ. ഉടനെ അവിടെ കണ്ട ബെഞ്ചിലിരുന്നു. മനസ്സില്‍ വല്ലാത്ത ശൂന്യത. ആരെല്ലാമോ അനഘയുടെ പിന്നാലെ നടന്നു നീങ്ങി. ഞാന്‍ പതുക്കെ കണ്ണുകളടച്ചു, എപ്പോഴും ചൊല്ലുന്ന മന്ത്രം മനസ്സിലുയര്‍ന്നു: "ഈശ്വരാ രക്ഷിക്കണേ..!"

*** *** ***

"ഡാ, ഒറങ്ങുവാന്നോ..?" വിനോദിന്റെ സ്വരം എന്നെ ഞെട്ടിച്ചു. ഞാന്‍ ഗാഢമായ ഏതോ ചിന്തകളില്‍ ആയിരു‍ന്നിരിക്കണം, അല്ലെങ്കില്‍ മയക്കത്തില്‍.

"... ഞങ്ങള്‍ ഡോക്ടറെ കണ്ടു..." ഓ! ഞാന്‍ അതന്വേഷിക്കാന്‍ മറന്നല്ലോ. വിനോദ്‌ തുടര്‍ന്നു: "... തല്‍ക്കാലം ജീവനുണ്ട്‌ എന്നു മാത്രമേ അവര്‍ പറയുന്നുള്ളൂ. തലയുടെ വലതു വശത്തിനും വലത്തെ തോളിനുമാണ്‌ സാരമായ പരുക്ക്‌. പിന്നെ കയ്യുടെയും കാലിന്റെയും ഫ്രാക്ചറും... നാല്‍പത്തെട്ടു മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍പറ്റില്ലെന്നാ...." ബാക്കി കേള്‍ക്കാന്‍ മനസ്സുവന്നില്ല. ഈ അസുഖകരമായ അന്തരീക്ഷത്തില്‍ എങ്ങനെ കഴിയുന്നു ആശുപത്രിജീവനക്കാരും മറ്റും? അങ്ങനെ കുറച്ചുപേര്‍ ഇല്ലായിരുന്നെങ്കിലോ എന്നു തിരിച്ചൊരു ചോദ്യവും അപ്പോള്‍ പൊങ്ങിവന്നു.

"ദേ, അതാ അനഘേടെ അച്ഛന്‍! അവരു വന്നിട്ടു കുറച്ചുനേരമായതേയുള്ളൂ. പുള്ളിക്കാരന്‍ ആകെ തകര്‍ന്നിരിക്കുവാ. പിന്നെ, കൂടെ ആള്‍ക്കാരൊക്കെയുണ്ട്‌. അവര്‍ നാലഞ്ചുപേരു വന്നിട്ടൊണ്ട്‌. കുറെപ്പേര്‍ നാളെ വരുമ്ന്നാ പറഞ്ഞേക്കുന്നെ. പ്രദീപിന്റെ അയല്‍പക്കത്തെ ഒരാളുണ്ട്‌. ആ പിന്നെ, അവനേം ഞാന്‍ വിവരങ്ങളൊക്കെ അറിയിച്ചു. അവനെന്നാ ടെന്‍ഷനാണോ എന്തോ!" വിനോദ്‌ ഇടയ്ക്കു നിര്‍ത്തി. ഒരു ദീര്‍ഘനിശ്വാസം എടുത്തു.

പെട്ടെന്നു ഞങ്ങള്‍ നിന്നിരുന്നിടത്തെ ലൈറ്റെല്ലാം കെട്ടു. ഒരഞ്ചു സെക്കന്റ്‌ നേരത്തേക്ക്‌ ആരും ഒന്നും മിണ്ടിയില്ല. ആ ഇരുട്ടും നിശ്ശബ്ദതയും എന്നെ ഭയപ്പെടുത്തി. ഇടനാഴിയുടെ അങ്ങേയറ്റത്തുനിന്നും അരണ്ടവെളിച്ചം ബദ്ധപ്പെട്ട്‌ അവിടേക്കു കടന്നു വരാന്‍ ശ്രമിച്ചു. സി.എഫ്‌.എല്‍ ലാമ്പ്‌ മിന്നിക്കത്തിയപ്പോഴും അലക്ഷ്യമായി എങ്ങോട്ടോ നോക്കിക്കൊണ്ട്‌ മൂപ്പരെന്റെയടുത്തു തന്നെയുണ്ട്‌. എന്റടുത്ത്‌ ആരുമില്ലായിരുന്നെങ്കില്‍ ഞാന്‍ വെളിച്ചം വരുന്ന ഭാഗത്തേക്ക്‌ ഓടിയേനെ. അറിയാതെ ഒരു ഭയം എന്നെ ഗ്രസിക്കുന്നതായി ഞാനറിഞ്ഞു.

"വിനോദേട്ടാ, ശരത്‌ എവിടെ?"

"ഞാന്‍ അവനെ പറഞ്ഞുവിട്ടു. ഇനിയിപ്പോ നമ്മളെല്ലാമില്ലേ. അവന്‍ വന്നതു എത്ര ഉപകാരമായീന്നു നോക്ക്യേ? അല്ലെങ്കില്‍ നമ്മളിവിടെ വരുന്നവരെ നിത്യേടെ വീട്ടുകാര്‍ തന്നെ എല്ലത്തിനും ഓടണമായിരുന്നു. എല്ലാം അവന്‍ കൈകാര്യം ചെയ്തു, അവന്റെ ആരുമല്ലായിരുന്നിട്ടു പോലും. ഇങ്ങനത്തെ ആള്‍ക്കാരെ അധികമൊന്നും ഇക്കാലത്തുകിട്ടില്ല.... എന്നിട്ടും പൊയ്ക്കോളാന്‍ പറഞ്ഞിട്ടു കൂട്ടാക്കതെ നിന്ന അവനെ നിര്‍ബ്ബന്ധിച്ചാ പറഞ്ഞയച്ചെ..."

"എങ്കില്‍ പിന്നെ നമക്കും പൊയ്ക്കൂടെ?" ആ ചോദ്യം വളരെ സംശയത്തോടെയാണു ഞാന്‍ ചോദിച്ചത്‌. അങ്ങനെയൊരു ചോദ്യം- അതു ശരിയായോ?

"ങാ..! പോകാം. എന്തായാലും വൈകി. അല്‍പം കൂടി കഴിയട്ടെ."

ഒന്നാലോച്ചിട്ട്‌ എന്നോടു ചോദിച്ചു- "അല്ല, ഇനി ചെന്നാലും കല്യാണത്തിനു പോക്കൊന്നും നടക്കില്ല. നീ തിരിച്ചു പൊയ്ക്കോ. പോകുന്നോ? ഉച്ചയാകുന്നേനു മുന്നെ ബാംഗ്ലൂരെത്താം."

എനിക്കൊരു തീരുമാനമെടുക്കാന്‍ പറ്റുന്നില്ല. വിനോദേട്ടന്റെ കൂടെ നാട്ടില്‍ പോയി നാളെ പ്രദീപിനെ കണ്ടിട്ട്‌.. ഏയ്‌.. നാളെത്തന്നെ തിരിച്ചു പോക്കു നടക്കില്ല. മടക്കം മറ്റന്നാളാക്കിയാലോ? “പതുക്കെത്തീരുമാനിക്കാം..!”

"വന്നേ.. ദേ അവിടെന്തോ വിഷയം...!!!" വിനോദേട്ടന്‍ എന്റെ കയ്യില്‍ പിടിച്ചു വലിച്ചപ്പോള്‍ ഞാനും തിടുക്കത്തില്‍ പിന്നാലെ നടന്നു. എല്ലാവരും കൂട്ടം ചേര്‍ന്ന് ഐ.സി.യുവിന്റെ മുന്നില്‍ നില്‍ക്കുന്നു. രണ്ടു നേഴ്സുമാര്‍ കൂടി തിടുക്കത്തില്‍ അകത്തേക്കു പോയി. മറ്റൊരാള്‍ വന്ന് ആരുടെയോ കയ്യിലിരുന്ന മരുന്നുപൊതികള്‍ വാങ്ങി.

മൗനവും ആകുലതയും അവിടെ തിങ്ങിനിന്നിരുന്നു. കൂടെ നില്‍ക്കുന്നവരുടെയെല്ലാം മുഖത്ത്‌ കനത്ത ഉദ്വേഗവും പിരിമുറുക്കവും. എല്ലാവരും ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്നോ? അനഘയുടെ അച്ഛന്‍ അല്‍പം മാറി ഒരു ബെഞ്ചിലിരിക്കുന്നു. അവ്യക്തമായി എന്തൊക്കെയോ പറയുന്നു, കരയുന്നു. 'എന്റെ മോള്‍.. എന്റെ പൊന്നുമോളെ... എന്റെ കുഞ്ഞിനൊന്നും... കൊച്ചുമോന്‌.. മോന്‌.. ആരൂല്ലാണ്ടാക്കല്ലേ..!!' കൂടെ രണ്ടു പേര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. ഒരച്ഛന്റെ പ്രാണവേദനയ്ക്കുമുന്നില്‍ ഏതാനും വാക്കുകള്‍ക്കും തലോടലുകള്‍ക്കും എന്തുവില?? തളര്‍ന്നവശനായി അദ്ദേഹം ബെഞ്ചില്‍ ചാരിയിരുന്നു. ഒരാള്‍ തോര്‍ത്തുകൊണ്ട്‌ വീശിക്കൊടുത്തു. ഭിത്തിയില്‍പതിച്ചിരുന്ന ഒരു സ്റ്റിക്കറില്‍ നിന്നും 'വാഴ്ക വളമുടന്‍' എന്നു വായിച്ചു.

പൊടുന്നനെ ചില്ലുവാതില്‍ തുറന്നുവന്ന് ഒരു നേഴ്സ്‌ പതിഞ്ഞസ്വരത്തില്‍ അറിയിച്ചു: "അനഘാവൊടെ റിലേറ്റിവ്‌സ് യാരാവതു ഇരുന്താ .... വന്തു പാക്കലാം..."

കൂടിനിന്നിരുന്നവര്‍ എല്ലാവരും ഒന്നിളകി. എല്ലാവരും അകത്തു കയറാന്‍ തിടുക്കമിടുന്നതു പോലെ. എങ്കിലും രണ്ടുപേര്‍ ചേര്‍ന്ന് അച്ഛനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ചെരിപ്പൂരിയിടാന്‍ ആരോ ഓര്‍മ്മിപ്പിച്ചു. കൂടെ വിനോദും കയറി. ഒരു മിനിട്ടിനകം എല്ലാവരും പുറത്തുവന്നു. തിടുക്കത്തില്‍ വരുന്നതുപോലെ! വിനോദേട്ടന്‍ എന്റെ ചെവിയില്‍ പറഞ്ഞു-"സംഗതി പ്രശ്നമാണെന്നാ തോന്നുന്നേ, പെട്ടെന്നെന്തോ ഒരു പിടച്ചില്‍ പോലൊക്കെ ഉണ്ടായി. എല്ലാരെം ഇറക്കി, അപ്പോത്തന്നെ!!!"

ഘനീഭവിച്ച ഏതാനും മിനിട്ടുകള്‍ കൂടി. മൂന്നര കഴിഞ്ഞു, സമയം. വെളുക്കാന്‍ ഇനിയും ഒരുപാടു സമയം ബാക്കി കിടക്കുന്നതുപോലെ ഒരു തോന്നല്‍.

ഒരിക്കല്‍ക്കൂടി ചില്ലുവാതില്‍ തുറന്നു. സ്തെത്‌ കൈയ്യില്‍ ചുരുട്ടിപ്പിടിച്ച്‌ ആദ്യം പുറത്തേക്കിറങ്ങിയ ഡോക്ടര്‍ പറഞ്ഞു-"എങ്കളാലെ... കാപ്പാത്ത മുടിയലെ...!!!"

അനന്തരം?

Monday, March 16, 2009

ടേക്ക്‌ ഡൈവേര്‍ഷന്‍

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-11

തുടക്കം
കഴിഞ്ഞ കഥ

എന്‍. എച്ച്. 7 - സേലം ബാംഗ്ലൂര്‍ റൂട്ട്‌. വെയില്‍ മാഞ്ഞു; റോഡില്‍ ട്രാഫിക്‌ തീരെ കുറവാണ്‌. ബസ്സുകളും ട്രക്കുകളും ഹുങ്കാരശബ്ദം മുഴക്കി പോകുന്നു. കാറില്‍ മുഴങ്ങുന്ന പതിഞ്ഞപാട്ട്‌ ആസ്വദിച്ച്‌, റോഡിലേക്കു തന്നെ കണ്ണും നട്ട്‌ അയത്നലളിതമായി വിനോദ്‌ വണ്ടിയോടിക്കുന്നു.

"ഒരുപാടു സ്വപ്നം കാണല്ലേ! തല്‍ക്കാലം ഡ്രൈവിങ്ങില്‍ ശ്രദ്ധിക്ക്‌!" ഞാന്‍ പറഞ്ഞു.

"ഇപ്പോഴല്ലേടോ സ്വപ്നം കാണാന്‍ പറ്റൂ. അച്ഛനാകാന്‍ പോകുന്നതിന്റെ ത്രില്‍ നിനക്ക്‌ അറിയാന്‍ മേലാഞ്ഞിട്ടാ. എത്രയും വേഗം നാട്ടിലൊന്നെത്തിയാല്‍ മതി എന്നാ എന്റെ ചിന്ത!"

എനിക്ക്‌ വിനോദേട്ടന്റെ മനസ്സിലെ തിരത്തള്ളല്‍ മനസ്സിലാക്കാമായിരുന്നു. സീറ്റില്‍ അമര്‍ന്നിരുന്ന് ഞാന്‍ മൂപ്പരുടെ ഡ്രൈവിങ്ങ്‌ ആസ്വദിച്ചു. ഈ രാത്രി ഇങ്ങേരെ ഉറക്കാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം എനിക്കാണല്ലോ എന്നോര്‍ത്ത്‌ മുന്‍പത്തെ ബിയറിന്റെ ആലസ്യത്തെ ഞാന്‍ മന:പൂര്‍വ്വം അവഗണിച്ചു.

പുതിയ ഒരു രാവിനെ വരവേല്‍ക്കാന്‍ പ്രകൃതി ചായം ചാലിച്ചു. നല്ല ചെമന്ന ആകാശം. എനിക്കൊരു ഫോട്ടോയെടുക്കാന്‍ തോന്നി. ബാംഗ്ലൂരിലെ കോണ്‍ക്രീറ്റ്‌ കാടുകള്‍ക്കിടയില്‍ ഇത്തരമൊരു ദൃശ്യം കിട്ടില്ല. പിന്നെ ഫോട്ടം പിടിക്കാന്‍ വണ്ടി നിര്‍ത്തിച്ചു- വേണ്ട. നേര്‍ത്ത ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട്‌ സ്വിഫ്റ്റ്‌ പറന്നു.

പെട്ടെന്നു വിനോദിന്റെ ഫോണ്‍ ചിലച്ചു. ഇന്‍ഡിക്കേറ്ററിട്ട്‌ വേഗം കുറച്ച്‌ വണ്ടി ഇടത്തോട്ടൊതുക്കി.

"ആ പ്രദീപാ..!" എന്നും പറഞ്ഞ്‌ ഫോണെടുത്തു സാവധാനം പുറത്തിറങ്ങി. അല്‍പം കഴിഞ്ഞ്‌ പിന്നാലെ ഞാനും.

എന്തെല്ലാമോ അന്തംവിട്ട രീതിയില്‍ സംസാരിച്ചിട്ട് പുള്ളി വേഗം കാറില്‍ വന്നു കയറി. പാട്ടു നിര്‍ത്തി.

എന്താഎന്തു പറ്റിയെന്നു ഞാന്‍ ചോദിക്കുന്നതിനു മുന്‍പു തന്നെ ധൃതിയില്‍ ഇത്രയും എന്നോടു പറഞ്ഞു: " പ്രദീപിന്റെ ഫ്രണ്ടൊണ്ടല്ലോ? അനഘ, കോയമ്പത്തൂരിലുള്ള...? പുള്ളിക്കാരിക്ക്‌ ഒരു ആക്സിഡന്റ്‌..!! ഇവളും ഇവള്‍ടെ ഒരു കൂട്ടുകാരിയും കൂടി സ്കൂട്ടറില്‍ പോയപ്പോ സ്കിഡ്‌ ചെയ്തതോ മറ്റോ ആണത്രേ.. ബസ്സിനടിയില്‍ പോയെന്നാ അറിയാന്‍ കഴിഞ്ഞത്‌. കൂട്ടുകാരിക്കും പരിക്കുണ്ട്‌. അല്‍പം സീരിയസാണത്രെ. ഹോസ്പിറ്റലില്‍ നിന്നു പ്രദീപിനെയാ വിളിച്ചു പാഞ്ഞത്‌. അനഘേടെ വീട്ടില്‍ അറിയിച്ചിട്ടുണ്ട്‌. അവര്‍ അവിടുന്നു പുറപ്പെട്ടു. എന്നാലും അവരു വരുമ്പോ സമയമെടുക്കില്ലേ. അതുകൊണ്ട്‌ നമ്മളവിടെ എത്രേം വേഗം എത്തിയേ പറ്റൂ."

ഞാന്‍ അല്‍പനേരം സ്തബ്ധനായി ഇരുന്നുപോയി. അപ്രതീക്ഷിതമായ ഒരു ദുരന്തവാര്‍ത്ത കേട്ടതുപോലെ. വണ്ടി സ്റ്റാര്‍ട്ടാക്കി, എഞ്ചിന്‍ നന്നായി റെവ്‌-അപ്‌ ചെയ്തു. ഇപ്പോ പറക്കാന്‍ പോവ്വാണെന്ന് എനിക്കു തോന്നി. വണ്ടി എടുക്കാന്‍ ഒരുങ്ങിയതാണ്‌. അപ്പോള്‍ പെട്ടെന്ന് ഓര്‍ത്തപോലെ ഫോണെടുത്ത്‌ വിനോദേട്ടന്‍ ഡയല്‍ ചെയ്തു:

"ശരത്തേ, നീയെവിടാ? വീട്ടിലുണ്ടോ? ....... എടാ, ഒരു അത്യാവശ്യക്കേസ്‌!! എന്റെയൊരു ഫ്രണ്ട്‌ ഒരു അക്സിഡന്റായി, ഇന്നു വൈകിട്ട്‌, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ്‌ ഹോസ്പിറ്റലിലാണെന്നാ കേട്ടത്‌. .... പേരോ?... അനഘ, അവിടെ എസ്‌.ബി.ഐയിലാ ജോലി. .... ഒന്നന്വേഷിച്ചു വിവരം പറയാമോ?.. ഞങ്ങള്‍ സേലം അടുക്കാറായി.. എത്രയും വേഗം എത്താം.. എന്തെങ്കിലും അത്യാവശ്യ... ഓകെഡാ... ആ വിളി... ബൈ."

പറഞ്ഞുനിര്‍ത്തി, അല്പനേരം ആശാന്‍ നിശ്ശബ്ദനായിരുന്നു. "രാജേ ആ വെള്ളമിങ്ങെടുത്തേ.."

ഞാന്‍ കുപ്പിയിലെ വെള്ളം നല്‍കി. മടുമടാന്നു മൂന്നാലിറക്കു കുടിച്ച്‌ കുപ്പി സീറ്റിനരികില്‍ വെച്ചു. "സീറ്റ്‌ ബെല്‍റ്റിട്ടോ.." എന്നും പറഞ്ഞ്‌ സ്വയം ബെല്‍റ്റുധരിച്ചു.

"ഭാഗ്യം, അവന്‍-ശരത് - വീട്ടില്‍ തന്നെയുണ്ടായിരുന്നു. ഇവന്റെ വീട്‌ ആശുപത്രീടെ അടുത്തെങ്ങുമാണേല്‍ മതിയാരുന്നു... ദൈവമേ ഒന്നും വരുത്തല്ലേ!"

ഇതെല്ലാം കേട്ട്‌ ഞാനും വെള്ളം കുടിച്ചു പോയി. സ്വിഫ്റ്റ്‌ ഒന്നുകൂടി കരുത്താര്‍ജ്ജിച്ചു, സാവധാനം മുന്നോട്ടുനീങ്ങി. വിനോദേട്ടന്‍ വലതു വശത്തുകൂടി പിന്നിലേക്കൊന്നു പാളിനോക്കി സാവധാനം വണ്ടി ട്രാക്കിലാക്കി. വ്യക്തമായ ഒരു മൂളലോടെ വേഗമെടുത്തു. 'പ്ഡക്‌' എന്ന ശബ്ദത്തോടെ ഗിയര്‍ മുന്നേറി. അതീവശ്രദ്ധയോടെ വിനോദേട്ടന്‍ വണ്ടി പറപ്പിച്ചു.

*** *** ***

മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ്‌ ശരത്തിന്റെ വിളി വന്നു. ആളെ കണ്ടെത്തി എന്നും സംഗതി അല്‍പം സീരിയസ്സാണ്‌ എന്നും അവന്‍ ആദ്യമേ പറഞ്ഞു. "റോഡിന്റെ ഡിവൈഡറില്‍ സ്കൂട്ടര്‍ തട്ടി മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്നത്‌ ഒപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ്‌ - നിത്യ- അവളാണു വണ്ടി ഓടിച്ചിരുന്നത്‌. അതിന്റെ കൈയ്ക്കും കാലിനും ഫ്രാക്ചറുണ്ട്‌. ഈ അനഘയ്ക്ക്‌ ഹെല്‍മെറ്റ്‌ ഇല്ലായിരുന്നുവത്രെ. റോഡില്‍ തലയടിച്ചാണു വീണത്‌, കൂടാതെ തോളിനും കാലിനും പരുക്കുണ്ട്‌. നിത്യേടെ വീട്ടുകാര്‍ സംഭവം അറിഞ്ഞയുടന്‍ എത്തി. ഇവിടെ അവര്‍ക്കു നല്ല ഹോള്‍ഡാ. പിന്നെയുള്ള കാര്യങ്ങളെല്ലാം അവരാണ്‌ നടത്തിയത്‌. അനഘയ്ക്ക്‌ എമര്‍ജന്‍സി ഓപ്പറേഷന്‍ വേണ്ടിവരും, രക്ഷപ്പെടാനുള്ള സാധ്യതയെപറ്റി ഇപ്പോള്‍ പറയാനാവില്ല എന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌. എത്രയും വേഗം ഒപ്പറേഷന്‍ നടത്താനുള്ള അറേന്‍ജ്‌മെന്റ്‌സ്‌ ചെയ്യുന്നുണ്ട്‌. ബ്ലഡ്‌ ഒക്കെ ഞങ്ങള്‍ രണ്ടു കൂട്ടരും ചേര്‍ന്ന് ഏര്‍പ്പാടു ചെയ്തു. " ഇതായിരുന്നു വിളിയുടെ സാരം. വിവരങ്ങളെല്ലാം പ്രദീപിനെ അറിയിച്ചു. ഒപ്പം അനഘയുടെ വീട്ടുകാരെ വിളിച്ചു. കൂടുതല്‍ വിശദീകരിച്ചില്ലെങ്കിലും അത്യാവശ്യവിവരങ്ങള്‍ മാത്രം പറഞ്ഞു.

വീട്ടില്‍ വിളിച്ചിട്ട്‌ ഒരു സുഹൃത്തിനൊരു അത്യാവശ്യമുണ്ടായി. അതുകൊണ്ട്‌ കോയമ്പത്തൂരില്‍ അല്‍പം താമസമുണ്ട്‌. മിക്കവാറും നാളെ പകലേ എത്തുവൊള്ളൂ എന്നു മാത്രം പറഞ്ഞു. ബിന്‍സിയോട്‌ അംസാരിച്ചു, ടെന്‍ഷനൊന്നുമില്ലല്ലോ, അല്ലെ മോളേ എന്നു എന്നു വിനോദേട്ടന്‍ ചോദിക്കുമ്പോള്‍ പലവിധ ടെന്‍ഷനുകള്‍ക്കു നടുവിലാണല്ലോ ഈ മനുഷ്യന്‍ നില്‍ക്കുന്നതെന്നു ഞാനോര്‍ത്തു.

ആകെപ്പാടെ പിരിഞ്ഞുമുറുകിയ അന്തരീക്ഷമായിരുന്നു ഞങ്ങള്‍ക്കു ചുറ്റും അപ്പോള്‍. പിന്നെ എന്തിനും ഒരു സഹായത്തിനു ശരത്‌ അവിടെ ഉണ്ടല്ലോ എന്നൊരു ചിന്തയായിരുന്നു ഏക ആശ്വാസം.

*** *** ***

ഇരുനൂറിലേറെ കി.മീ. ദൂരം നിര്‍ത്താതെയുള്ള ഡ്രൈവിങ്ങ്‌. കഷ്ടിച്ചു മൂന്നു മണിക്കൂറെടുത്തില്ല!അത്രയും സ്പീഡില്‍ അത്രയും തഴക്കത്തോടെ ആരും വണ്ടിയോടിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല, അങ്ങനെയൊരു യാത്ര നടത്തിയിട്ടുമില്ല.

ഹോസ്പിറ്റലിലെത്തി. ട്രോമ കെയര്‍ വിഭാഗത്തില്‍ അന്വേഷിച്ചു, എമര്‍ജന്‍സി ഓപ്പറേഷനു കൊണ്ടുപോയി എന്നറിഞ്ഞു. ഉടനെ തന്നെ ശരത്‌ പ്രത്യക്ഷപ്പെട്ടു. കണ്ടപാടെ "കാര്യങ്ങളെല്ലാം വേഗം അറെന്‍ജ്‌ ചെയ്യാന്‍ പറ്റി. പിന്നെ കാത്തുനിക്കാതെ ഉടനെതന്നെ തീയേറ്ററില്‍ കയറ്റി. ഇപ്പോ രണ്ടുമണിക്കൂറാകുന്നു." എന്നാണു പറഞ്ഞത്. എത്ര കാര്യമായിട്ടാണ് അവന്‍ ഇവിടെ എത്തിയത്. അവന്റെ നല്ല മനസ്സിന് ആയിരം നന്ദി പറഞ്ഞു.

നിത്യയുടെ വീട്ടുകാരെ കണ്ടു. അവള്‍ ഐ.സി.യു. വില്‍ ആണ്‌. ജീവന്‌ അപകടമൊന്നുമില്ല. വീഴ്ച പറ്റിയതു കൊണ്ട്‌ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ ഇട്ടിരിക്കുകയാണ്‌. വേദന അറിയാണ്ടിരിക്കാന്‍ മയക്കിക്കിടത്തിയിരിക്കുന്നു. അവളുടെ മാതാപിതാക്കള്‍ കയറി കണ്ടുവത്രെ.

പ്രദീപിനെയും അനഘയുടെ അച്ഛനെയും വിനോദേട്ടന്‍ വിളിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഓപ്പറേഷനു കയറ്റി എന്നു അനഘയുടെ അച്ഛനോടു പറഞ്ഞു. അദ്ദേഹം ആകെ തളര്‍ന്നതു പോലെ തോന്നി. അച്ഛനല്ലേ! പ്രദീപും വളരെ പിരിമുറുക്കത്തിലാണെന്നു തോന്നി. കല്യാണത്തലേന്ന് അവനു ദേ ഈ സമ്മര്‍ദ്ദം. ഏതു നേരത്താ ഭഗവാനേ ഓരോന്നൊക്കെ വരുത്തി വെയ്ക്കുന്നത്‌? എന്നെയാണെങ്കില്‍ ആ അശുപത്രിയുടെ അന്തരീക്ഷം വല്ലാതെ തളര്‍ത്തി. കരച്ചിലുകളും കഷ്ടതകളും വേദനകളും മാത്രമുള്ള ഒരു ലോകം. എന്തോ ഒരു തടവറയിലകപ്പെട്ടതു പോലെ. ഓപ്പറേഷന്‍ തീയേറ്ററിന്റെയും സര്‍ജിക്കല്‍ വാര്‍ഡിന്റെയുമെല്ലാം അരികില്‍ നിന്ന് ഇറങ്ങിയോടാന്‍ തോന്നി.

"രാജേ.." ശരത്തിന്റെ വിളി എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. "വാ, സമയമിത്രയും ആയില്ലേ? നമക്കു വല്ലതും കഴിക്കാം. നമ്മള്‍ ഇപ്പോ ഇവിടെ നിന്നിട്ട്‌ ഒരു കാര്യവുമില്ല."

പുറത്തു പോയി ദോശ കഴിച്ചു. വിനോദേട്ടനു നല്ല ക്ഷീണമുണ്ടായിരുന്നെന്നു തോന്നുന്നു. മൂപ്പര്‍ രണ്ടു ദോശ കഴിച്ചു. സ്ട്രെസ്സിന്റെയും ഡ്രൈവിങ്ങിന്റെയുമായിരിക്കണം ആ മുഖം ആകെ ഇരുണ്ടിരുന്നു. ഇടയ്ക്ക്‌ ഒന്നു രണ്ടു തവണ ബിന്‍സിയെ വിളിച്ചു. നാളെ രാവിലെ വരാമെന്നു പലതവണ വാഗ്ദാനം ചെയ്തു.

പ്രദീപ്‌ വീണ്ടും വിനോദേട്ടനെ വിളിച്ചു. "ഡാ, നിന്നേ നിര്‍ബ്ബന്ധിക്കുവാണെന്നു കരുതരുത്‌. നീ ഇന്നൊന്നു അവിടെ നിക്കണം. അറ്റ്‌ ലീസ്റ്റ്‌. ... എനിക്കു വേണ്ടി.. എനിക്കറിയാം.. അവള്‍.. അവള്‍ എന്റെ കല്യാണത്തിനു പുറപ്പെടുവാരുന്നെടാ.. റെയില്‍വേ സ്റ്റേഷനിലേക്കു വരുന്ന വഴിയാ... കല്യാണക്കുറീലെ നമ്പരുകണ്ടാ ആരോ എന്നെ...." അങ്ങേത്തലയ്ക്കല്‍ പ്രദീപിന്റെ സ്വരം മുറിഞ്ഞു. വിനോദ്‌ എന്തെല്ലാമോ പറഞ്ഞാശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

കുറെനേരം കഴിഞ്ഞപ്പോള്‍ എനിക്കും വന്നു പ്രദീപിന്റെ വിളി- "രാജെ, നിന്നോടെന്താ പറയെണ്ടതെന്നറിയില്ല. അവിടെ ഉണ്ടാവണം, ഏതുകാര്യത്തിനും... കല്യാണത്തിനു വരുന്നതിലും എനിക്കു സന്തോഷം അവിടെ നിങ്ങളു രണ്ടാളും.... പിന്നെ എനിക്ക്‌ വിനോദിനെ നിര്‍ബ്ബന്ധിക്കാന്‍ പറ്റില്ലല്ലോ..."

"ഹെയ്‌.. പ്രദീപ്‌ മാഷേ, ടെന്‍ഷനാകാതെ, ഞങ്ങളൊക്കെയില്ലെ ഇവിടെ.. മാഷ്‌ സന്തോഷമായിട്ടിരി, നാളത്തെ ദിവസത്തിന്റെ മൂഡു കളയാതെ.." ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ച് കുഴഞ്ഞു.

തെരുവുവിളക്കുകളുടെ മഞ്ഞവെളിച്ചത്തില്‍ മുറ്റത്ത്‌ പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങള്‍ക്കരികെ ഞാന്‍ വെറുതെ നിന്നു. ശരത്‌ അരികെ വന്നു.

"എന്നാലേ, നിങ്ങളു വിശ്രമിച്ചോളുട്ടോ. ന്തെങ്കിലും ആവശ്യണ്ടായാ ഞാന്‍ വിളിക്കാം. ഇത്രടം വരെ വണ്ടിയാത്ര ചെയ്തു വന്നതല്ലേ?"

വിനോദേട്ടനും വണ്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. മുന്‍സീറ്റ്‌ ചെരിച്ചു വെച്ച്‌ ഞാനും പതുക്കെ ഒന്നു ചാഞ്ഞു. വെളുപ്പിനെ ഒരു രണ്ടു മണിയായിക്കാണും, ശരത്‌ ഹോസ്പിറ്റലിനുള്ളില്‍ നിന്നും വിളിച്ചു.

"ഓപ്പറേഷന്‍ കഴിഞ്ഞു, ഇപ്പോ പുറത്തേക്കു കൊണ്ട്വരും..!!"

കാറില്‍ നിന്നും ഇറങ്ങി ഞങ്ങളിരുവരും അകത്തേക്കോടി. ചീഫ്‌ സര്‍ജന്‍ പുറത്തു വന്നു .ഉദ്വേഗത്തോടെ നിന്ന ഞങ്ങളെ നോക്കി "ഉത്തരവാദിത്വപ്പെട്ട രണ്ടു പേര്‍ എന്റെ മുറീലോട്ടു വരണം, പത്തുമിനിട്ടു കഴിഞ്ഞ്‌..."

മറ്റു ഡോക്ടര്‍മാരുമായി എന്തോ സംസാരിച്ച്‌ വെളുത്ത ഇടനാഴിയിലൂടെ വെള്ളക്കോട്ടിട്ട ആ സംഘം നടന്നുനീങ്ങി. തീയേറ്ററിന്റെ വാതില്‍ തുറക്കപ്പെട്ടു. ഒരു സ്ട്രെച്ചര്‍ സാവധാനം പുറത്തേക്കു വന്നു.

എന്നിട്ടെന്തായി?

Friday, March 13, 2009

കല്യാണം കൂടാനായി...

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-10

തുടക്കം
കഴിഞ്ഞ കഥ

"തേയ്‌, ഞാനേ.. ഒരു മൂന്നരയൊക്കെ ആകുമ്പോളെ ഇറങ്ങത്തൊള്ളൂ... പോരെ?" വിനോദിനോട്‌ ഞാന്‍ ഫോണില്‍.

"ആ... മതി മതി! നമക്കേ, ഒരു നാലാകുമ്പോളേക്കും അവിടുന്ന് സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ പറ്റില്ലേ?"

"ഓ. അതിനെന്താ. ഞാന്‍ ഏതാണ്ട്‌ റെഡിയായിക്കഴിഞ്ഞു. നേരെ എന്റെ ജംങ്ങ്‌ഷനില്‍ വന്നാ മതി. ഹൊസൂര്‍ റോഡില്‍ തന്നെ വെയിറ്റ്‌ ചെയ്തോ, ഞാന്‍ അങ്ങോട്ടു വന്നോളാം..."

"ഓകെ. ഒരു മൂന്നേമുക്കാലുകഴിയുമ്പോളേക്കും ഞാന്‍ അങ്ങെത്താം."

"അപ്പൊ ശരി, പറഞ്ഞപോലെ. ഞാനിപ്പോത്തന്നെ ഇറങ്ങി."

പ്രദീപിന്റെ കല്യാണമാണ്‌ നാളെ. ബാംഗ്ലൂരില്‍ നിന്ന് പ്രത്യേക ക്ഷണിതാക്കള്‍ വിനോദേട്ടനും ഞാനും. ഞായറാഴ്ചയാണ്‌ കല്യാണം എന്നതിനാല്‍ ശനിയാഴ്ച രാവിലെ വീട്ടിലെത്തി വൈകിട്ടു പ്രദീപിന്റെ വീട്ടിലേക്കു ചെല്ലാം. വരന്റെ പാര്‍ട്ടിയോടൊപ്പം പുറപ്പെട്ട്‌ കല്യാണത്തില്‍ സംബന്ധിക്കാം, എറണാകുളത്തു വന്ന് അവിടെനിന്നു ബസ്സിനു ബാംഗ്ലൂരിലേക്കും എന്നതാണു പ്ലാന്‍.

അങ്ങനെയിരിക്കേയാണു വിനോദേട്ടന്‍ വിളിക്കുന്നത്‌. മൂപ്പരു നേരത്തെ, അതായതു വെള്ളിയാഴ്ചയ്ക്കു മുന്നേതന്നെ നാട്ടില്‍ പോകാനിരുന്നതായിരുന്നു. ഭാര്യയുടെ പ്രസവത്തീയതി അടുത്തതിനാല്‍ ഒരാഴ്ച്ച ലീവെടുത്താണു പോക്ക്‌. പക്ഷേ ജോലി സംബന്ധമായ അത്യാവശ്യം കാരണം ശനിയാഴ്ചയും കൂടി ഓഫീസില്‍ പോകേണ്ടിവരുമെന്നു മനസ്സിലായതോടെ എന്നോടും കൂടി ഒപ്പം കൂടാന്‍, അതായത്‌ ശനിയാഴ്ച പോകാമെന്നു നിര്‍ദ്ദേശിച്ചു. വീട്ടില്‍ പോകാതെ നേരെ വിനോദേട്ടന്റെ വീട്ടില്‍ പാതിരാ കഴിയുന്ന നേരത്ത്‌ ചെന്ന് ഉറങ്ങി രാവിലെ ഫ്രഷായി നേരെ കല്യാണവീട്ടിലേക്ക്‌. ഭാഗ്യത്തിനു പുള്ളിക്കാരന്റെ ഔദ്യോഗിക പരിപാടികള്‍ ഉച്ചകഴിഞ്ഞപ്പോഴേക്കും തീര്‍ന്നതിനാല്‍ സന്ധ്യയ്ക്കുമുന്‍പുതന്നെ യാത്ര തിരിക്കാമെന്നായി.

മൂന്നേമുക്കാല്‍ കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ മെയിന്‍ റോഡില്‍ ചെന്നു നിന്നു. അല്‍പം കഴിഞ്ഞപ്പോള്‍ കാള്‍ വന്നു:

"അതേയ്‌, വിനോദേട്ടാ, ഞാന്‍ ആ നീല ഗ്ലാസിട്ട ആ ബില്‍ഡിങ്ങില്ലേ? അതിന്റെ മുന്നിലുണ്ട്‌."

"ഓകെ.!"

കറുത്ത സ്വിഫ്റ്റ്‌ എന്റെ അരികില്‍ വന്നു നിന്നു.

"ബാഗ്‌ പൊറകിലത്തെ സീറ്റില്‍ വെച്ചോ രാജേ..!"

"ശെരി ശെരി." പിന്‍ഡോര്‍ തുറന്ന് ബാഗ്‌ സീറ്റില്‍ വെച്ചു. വിനോദേട്ടന്റെ രണ്ടു ബാഗുകള്‍ അവിടെ നേരത്തെ തന്നെയുണ്ട്‌. ഞാന്‍ കയറിയ ഉടനെ പുള്ളി ചോദിച്ചു-

"അപ്പോ വിട്ടേക്കാം?"

"ഓകെ."

"വന്നിട്ട്‌ ഒത്തിരി നേരമായാരുന്നോ?"

"ഏയ്‌, ഇല്ല. ഒരഞ്ചു മിനിറ്റ്‌. പിന്നെ, എന്താരുന്നു ഓഫീസില്‍ ഇന്ന്‌?"

"അയ്യോ, ഒന്നും പറയണ്ട. ഞാന്‍ അടുത്താഴ്ച ലീവല്ലേ. അപ്പോ സെര്‍വര്‍ അഡ്മിനിസ്റ്റ്രേഷന്റെ കാര്യങ്ങളൊക്കെ പറഞ്ഞേല്‍പ്പിക്കാന്‍ നിന്നതാ. അതൊരു പുലിവാലായാരുന്നു. ഞാന്‍ ഈ സംഗതിയെല്ലാം കാലേകൂട്ടി ഞങ്ങടെ ടീമിലുള്ള ഒരു പെണ്ണിനെ പഠിപ്പിച്ചു വെച്ചിരുന്നതാ. നമ്മടെ സമയം! ഇന്നലെ ആ പെണ്ണു ബാത്രൂമില്‍ തെന്നി വീണു കാലിനു പൊട്ടല്‍. വേറെ ഒരുത്തനുണ്ടായിരുനതു ലീവ്‌. പിന്നെ ഇന്നവനെ വിളിച്ചു വരുത്തി അത്യാവശ്യം കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. ഈ നേരമായപ്പോഴേക്കും ഇങ്ങെത്താന്‍ കഴിഞ്ഞതു ഭാഗ്യം!"

"അതു ശരി.."

"മാത്രോമല്ല, ഞാന്‍ അവിടെ ചെന്നിട്ട്‌ ബിന്‍സീനെ ആശുപത്രീല്‍ അഡ്മിറ്റ്‌ ചെയ്യാനാ ഇരുന്നത്‌. ചൊവ്വാഴ്ചയാ ഡേറ്റ്‌ പറഞ്ഞിരിക്കുന്നത്‌, എന്നാ ശനിയാഴ്ച തന്നെ അഡ്മിറ്റ്‌ ചെയ്യാംന്നുങ്കരുതി ഇരിക്കുവാരുന്നു. കുഴപ്പമില്ല, വീട്ടുകാര്‍ നോക്കിക്കോളും. പിന്നെ കല്യാണത്തിനു പോകുന്നതിനു മുന്നേ നമുക്കൊന്നു കേറി കണ്ടേച്ചും പോകാം."

"തീര്‍ച്ചയായും."

"ഈ വേഷം കൊള്ളാമല്ലോ? ടീ ഷര്‍ട്ടും ബെര്‍മുഡയും. സായിപ്പാന്നോ?"

"പൊന്നുമോനെ, ഞാന്‍ ലോങ്ങ്ട്രിപ്പിലെല്ലാം ഇതാണിടാറ്‌. ചുമ്മാ പാന്റ്സിലും ജീന്‍സിലും കേറിയിരുന്നു പുഴുങ്ങി ഉറക്കമിളച്ചിരുന്നു ഡ്രൈവു ചെയ്യുന്നതെന്തിനാ? ഇതാവുമ്പോ കംഫര്‍ട്ടബിളല്ലേ?"

"ഉം.. രണ്ടെണ്ണം അടിക്കുന്നില്ലേ, അതോ ഇപ്പോത്തന്നെ അടിച്ചിട്ടുണ്ടോ?"

"ഹേയ്‌.. ഇല്ലേയില്ല. ഡ്രൈവുചെയ്യുമ്പോള്‍ മദ്യം അടുപ്പിക്കത്തില്ല. അതൊക്കെ അതിന്റേതായ സമയത്ത്‌."

"അതു നല്ല കാര്യം തന്നെ."

ഞങ്ങളങ്ങനെ മിണ്ടീം പറഞ്ഞും യാത്ര തുടര്‍ന്നു. ബാംഗ്ലൂരു മുതല്‍ പൊന്‍കുന്നം വരെ മൂപ്പരു തന്നെ വണ്ടി ഓടിക്കണമല്ലോ എന്നു ചിന്തിച്ചപ്പോള്‍ ഡ്രൈവിങ്ങ്‌ അറിയാത്തതില്‍ എനിക്കു ലജ്ജ തോന്നി.

"എങ്ങനെ ഇത്രേം ദൂരം ഒറ്റയ്ക്കു വണ്ടിയോടിക്കും?"

"ഒറ്റയ്ക്കല്ല്ലല്ലോ. നീയില്ലേ."

"അതല്ല മാഷെ, ഒന്നു കൈമാറി ഓടിക്കണമെന്നു വെച്ചാല്‍ ആരുമില്ലല്ലോന്ന്!"

"ഓ.. അതൊരു വിഷയമല്ല മോനെ. ഉറക്കം വരാത്തിടത്തോളം ഞാന്‍ എത്ര കിലോമീറ്റര്‍ വേണേലും വണ്ടിയോടിക്കാം. നല്ല റോഡും നിര്‍ത്താതെ പാട്ടും ഉണ്ടായാ മതി. ഞാന്‍ പോകുന്ന സമയത്ത്‌ മിക്കവാറും ഇടയ്ക്കു നിര്‍ത്തിയിട്ട്‌ ഒന്നു രണ്ടു മണിക്കൂറൊക്കെ ഉറങ്ങിയിട്ടാ പോകാറ്‌. ഹം... ഇപ്പോ നാലു മണിയായില്ലേ. നമുക്ക്‌ ഒരു പത്തു പതിനൊന്നു മണിക്കൂര്‍ എസ്റ്റിമേറ്റ്‌ ചെയ്യാം. മൂന്നു മണിക്കു നമ്മള്‍ വീട്ടില്‍ ചെല്ലും! ഒരു നാലു മണിക്കൂര്‍ ഉറങ്ങി എട്ടു മണിയാകുമ്പോളേക്കും നമുക്ക്‌ വീട്ടീന്നെറങ്ങാം. പിന്നെ പെട്ടെന്നൊന്നു ആശൂത്രീലും പോയി ഒന്‍പതാകുമ്പോ പ്രദീപിന്റെ വീട്ടിലും ചെല്ലാം. പോരേ?"

"പിന്നെന്താ? വെല്‍ പ്ലാന്‍ഡ്‌ ആണല്ലോ?" ഞാന്‍ വിനോദേട്ടനെ ഒന്നു പൊക്കി.

"ആകാതെ പറ്റുമോ, രായപ്പാ..!"

ചന്ദാപുര എത്തിയപ്പോള്‍ ഒന്നു നിര്‍ത്തി.

"ഡാ, നിനക്കു ബിയര്‍ വേണോ?" വിനോദേട്ടന്റെ ചോദ്യം.

"ഏയ്‌ വേണ്ട." ഞാന്‍ നിഷേധിച്ചു.

"എടാ, വാങ്ങിച്ചു കഴിക്കുന്നേ കഴിച്ചോ. എന്നെ നോക്കണ്ട, കേട്ടോ? നീ ചുമ്മാ ബോറടിച്ചിരിക്കുവല്ലേ. പിന്നെ ബിയറടിച്ചിട്ട്‌ കാറിന്റെ ഗ്ലാസ്‌ താഴ്ത്തിയിട്ടിട്ട്‌ കാറ്റുകൊണ്ടിരുന്നു യാത്ര ചെയ്യുന്നതിന്റെ സുഖം എന്താണെന്നു ചെക്ക്‌ ചെയ്യുകേം ചെയ്യാം."

ഞാന്‍ ശങ്കിച്ചു നിന്നു.

"ചെന്നു മേടീരെടാ. ദേ, അവിടെ, ഉം.. ദേ ഞാനും വരാം!"

രണ്ടുകുപ്പി മരച്ച പൊന്മാന്‍ ശക്തന്‍(കിങ്ങ്‌ഫിഷര്‍ സ്ട്രോങ്ങ്‌) വാങ്ങി.

ഇതിനിടെ വിനോദേട്ടന്റെ വീട്ടില്‍ നിന്നു വിളിച്ചു. ബിന്‍സിയെ അഡ്മിറ്റ്‌ ചെയ്തെന്ന് അറിയിക്കാനായിരുന്നു. വിനോദേട്ടന്‍ ഒരു ചായകുടി ഒക്കെ കഴിഞ്ഞ്‌ ഉഷാറായി വീണ്ടും വണ്ടിയെടുത്തു. സ്വിഫ്റ്റ്‌ പതുക്കെ വേഗമാര്‍ജ്ജിച്ചു തുടങ്ങി. ഞാനും റോഡിലേക്കും ഇടയ്ക്കെല്ലാം വിനോദേട്ടന്റെ ആസ്വദിച്ചുള്ള ഡ്രൈവിങ്ങിലേക്കും ശ്രദ്ധിച്ചുകൊണ്ടിരുന്നു. അച്ഛനാകാന്‍ പോകുന്നതിലുള്ള ഉത്സാഹം വിനോദേട്ടന്റെ മുഖത്തു തെളിഞ്ഞു നിന്നിരുന്നു. ഇടയ്ക്ക്‌ ഒരു താരാട്ടു പാട്ട്‌ കേട്ടപ്പോള്‍ ആ പാട്ട്‌ പഠിച്ചുവെച്ചോളാന്‍ ഞാന്‍ മൂപ്പരോട്‌ പറഞ്ഞു.

"പഠിക്കേണ്ടകാര്യമില്ല. ഇതെനിക്കറിയാമെടാ, ഇതു ഞാന്‍ ബിന്‍സിയെ പാടിക്കേള്‍പ്പിക്കാറുള്ളതാ!"

ബിയറിന്റെ തണുപ്പ്‌ പയ്യെപ്പയ്യെ ഉള്ളു കുളിര്‍പ്പിച്ചു.

*** *** ***

"പ്രദീപേ, കാര്‍ ഡെക്കറേഷനു വണ്ടി എപ്പഴത്തേക്കാ എത്തിക്കണ്ടെ?"

"എന്നതാ ആന്റീ, കേട്ടില്ല.." സിറ്റൗട്ടില്‍ സംസാരിച്ചിരുന്നവരുടെ ഇടയില്‍ നിന്നും പ്രദീപ്‌ വാതില്‍ക്കലേക്കു നോക്കി.

"വണ്ടി ഡെക്കറേഷന്‍ എപ്പളാന്ന്?"

"ഏഴുമണിക്ക്‌ മുന്നേ ചെല്ലാനാ പറഞ്ഞേക്കുന്നെ. സജിയെയോ അനിലിനെയോ വിടാം." പ്രദീപ്‌ ഉറക്കെ പറഞ്ഞു. കസിന്മാരാണ്‌ അനിലും സജിയും. ഇരുവരും പന്തലില്‍ കല്യാണഒരുക്കങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നു.

ഹാളിലൂടെ ഓടിക്കളിച്ചു ബഹളം വെയ്ക്കുന്ന കുട്ടികളോട്‌ "ആ മിറ്റത്തെങ്ങാനും പോയി കളിക്ക്‌ പിള്ളാരെ" എന്ന് ശാസിച്ചും "അനിലോ സജിയോ ആരേലും പൊക്കോളും ചേച്ചീ.." എന്ന് ആരോടോ വിളിച്ചു പറഞ്ഞും ആന്റി അകത്തേക്കുപോയി.

"ആരാടാ നാളത്തെ നിന്റെ ഡ്രൈവര്‍?" കൂടിയിരുന്ന അമ്മാവന്മാരിലൊരാള്‍ ചോദിച്ചു.

"അനിലും സജീം കൂടിയാ മല്‍സരം. രണ്ടുപേരില്‍ ഇന്നു രാത്രീലത്തെ ഗുലാന്‍പെരിശില്‍ ജയിക്കുന്നയാള്‍ക്ക്‌ നാളെ സ്റ്റിയറിങ്ങ്‌..!" -പ്രദീപ്‌.

"അതു ന്യായമായ മല്‍സരം. ഗുലാന്‍പെരിശെങ്ങനെയാന്നോ ആവോ, എന്നാലും ഡ്രൈവിങ്ങില്‍ അനില്‍ മിടുക്കനാ!" ഇളയമ്മാവന്റെ വക അനിലിനു ബൊക്കെ.

രാജേന്ദ്രന്‍ ചേട്ടന്‍ ഏറ്റുപിടിച്ചു - "അതു പിന്നെ ഇന്നാള്‌ കൊച്ചുമോളടെ കുഞ്ഞിനേം കൊണ്ട്‌ ആശൂത്രീപോയപ്പോ കണ്ടതല്ലായോ? ആ രാത്രീല്‌ എത്ര തഴക്കത്തോടെയാ അവനാ ജീപ്പ്‌..."

ഫോണ്‍ പോക്കറ്റില്‍ കിടന്ന്‌ ചിലച്ചു. പരിചയമില്ലാത്ത നമ്പര്‍. വെടിവട്ടത്തില്‍ നിന്ന് മാറിനിന്ന് സംസാരിക്കാനായി പയ്യെ എഴുന്നേറ്റപ്പോള്‍ 'ഒരുക്കങ്ങളെത്രയായി എന്നെറിയാനുള്ള വിളിയാണോടാ?' എന്നു കുസൃതി നിറഞ്ഞ ഒരന്വേഷണം പിന്നാലെ വന്നു. അല്ലെന്ന് ആംഗ്യം കാണിച്ച്‌ പ്രദീപ്‌ ഫോണെടുത്തു.

"ഹലോ.."

"....."

"അതെ പ്രദീപാണ്‌, ആരാ വിളിക്കുന്നത്‌?"

"................."

"ഉവ്വ്‌. യാ....ഐ നോ.. മൈ ഫ്രണ്ട്‌..!!"

"................"

"ഓ.. വാട്‌..? വ്‌..വെന്‍ .....? വിച്‌ ഹോസ്പിറ്റല്‍ ഇസ്‌ ദിസ്‌..?"

"......................................."

"ഓഹ്‌.. ഗോഡ്‌..! ഹൗ ഇസ്‌ ദ്‌ കണ്ടിഷന്‍ നൗ? "

"....................."

"ഓഹ്‌..അന്‍ഡ്‌ വാട്‌ എബൗട്‌ ദ്‌ അദര്‍ പെഴ്സണ്‍?"

"...."

"ഓ..ഓകെ."

"........................."

"യാഹ്‌, ഐ നോ. ഐവില്‍ മേക്‌ ദ്‌ അറേഞ്ജ്മെന്റ്‌സ്‌... ഓകെ. എനിതിങ്ങ്‌ അര്‍ജന്റ്‌ പ്ലീസ്‌ കാള്‍ മീ ഓകെ?"

"...."

"ഓകെ.. താങ്ക്സ്‌ ഫോര്‍ ഇന്‍ഫോമിങ്ങ്‌..."


നിന്ന നില്‍പില്‍ പ്രദീപ്‌ വെട്ടിവിയര്‍ത്തു. പന്തലില്‍ കൂടിയിരുന്നവര്‍ ആരും വാചകമടിയുടെ ബഹളത്തില്‍ അങ്ങോട്ടു ശ്രദ്ധിച്ചില്ല. ഒരു ഞൊടി ശങ്കിച്ചു നിന്ന ശേഷം പ്രദീപ്‌ ഫോണെടുത്ത്‌ തിടുക്കത്തില്‍ ഡയല്‍ ചെയ്തു.

Tuesday, March 10, 2009

വിനോദകാണ്ഡം

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-9

തുടക്കം
കഴിഞ്ഞ കഥ

നേരം മൂന്നേകാല്‍.

“എന്തൊരു ചൂട്” ബെഡ്ഡിലേക്കു മറിയുമ്പോള്‍ മനസ്സിലോര്‍ത്തു. ഇന്നലെ വൈകിട്ട് ഓഫീസില്‍ നിന്നും വന്നപ്പോള്‍ മുതല്‍ നിര്‍ത്താതെ കറങ്ങുന്ന ഫാന്‍ ആണ്. ഈ വര്‍ഷം ഉഷ്ണം നേരത്തെയാണെന്നു തോന്നുന്നു.

ടെറസ്സില്‍ അലക്കി വിരിച്ച തുണി ഇതിനകം ഉണങ്ങിക്കാണും. പിന്നെ എടുക്കാം. നാട്ടില്‍ പോയിട്ടു വരുന്നതിന്റെ പിറ്റേ വാരാന്ത്യങ്ങളെല്ലാം ഇങ്ങനെയാണ്. മുറി വൃത്തിയാക്കലും തുണിയലക്കും ശനി-ഞായര്‍ ദിവസങ്ങളിലെ പകലുറക്കവും ഒക്കെ കഴിഞ്ഞയാഴ്ചത്തെ കുടിശിഖ കാണുമല്ലോ.

ഊണിനു സാമ്പാറും പയറുതോരനും ആയിരുന്നു. ശാപ്പാടു കഴിഞ്ഞ് ഒന്നുറങ്ങണമെന്ന് ഓര്‍ത്തതാണ്. കമ്പ്യൂട്ടറിന്റെ പാതിയടഞ്ഞ ലിഡ് ഉയര്‍ത്തി, അതിനെ ഉണര്‍ത്തി. രവീന്ദ്രന്‍ മാഷിന്റെ പാട്ടുകള്‍ ഒരു റൌണ്ട് കറങ്ങി പ്ലേലിസ്റ്റിന്റെ താഴെവന്നു നില്‍ക്കുന്നു. ഡൌണ്‍ലോഡ് ചെയ്യാനിട്ടിരുന്ന ഫയലുകള്‍ തീര്‍ന്നിരുന്നു. പുതിയ മെയിലൊന്നും ഇല്ല. ആരൊക്കെയോ ചാറ്റില്‍ ചെമപ്പും പച്ചയും കാട്ടി നില്‍ക്കുന്നു. പെട്ടെന്നു തന്നെ ചാറ്റില്‍ നിന്നും ലോഗൌട് ചെയ്തു. ചാറ്റാന്‍ ഒരു മൂഡില്ല. പെട്ടെന്നോര്‍ത്തപ്പോള്‍ കഴിഞ്ഞദിവസം കണ്ട രണ്ട് ജോലിപ്പരസ്യത്തിന്റെ ലിങ്കുകള്‍ സുഹൃത്തിനയച്ചു. അതിന്റെ സ്റ്റഡിമെറ്റീരിയല്‍ കയ്യിലുണ്ടായിരുന്നതും അയച്ചു കൊടുത്തു. വൈകിട്ടെങ്ങാനും വിളിച്ചും കൂടി പറഞ്ഞേക്കാം. അല്ലെങ്കില്‍ ചിലപ്പോ ശ്രദ്ധിച്ചെന്നു വരില്ല. പതുക്കെ ഒന്നു മയങ്ങാം എന്നു കരുതി കമ്പ്യൂട്ടര്‍ മടക്കി വെച്ചപ്പോള്‍ ഫോണ്‍ അടിക്കുന്നു.

ദാരപ്പാ എന്നൊരു ആകാംക്ഷയോടെ എടുത്തു നോക്കി.

"Vinod Bglr"

"ഹലോ!”

“ഹലോ രാജല്ലേ?”

“അതെ.. എന്തുണ്ട് വിനോദേട്ടാ വാര്‍ത്തകള്‍?”

“ആ.. അപ്പോ, മനസ്സിലായി അല്ലെ? എന്തു വാര്‍ത്ത? സുഖം തന്നെ. എവിടാ ഇപ്പോ?”

“ഞാന്‍ റൂമില്‍ തന്നെയുണ്ട്, ഊണൊക്കെ കഴിഞ്ഞ് ചുമ്മായിരിക്കുന്നു. മാഷെവിടാ?”

“ഞാന്‍ വീട്ടില്‍ തന്നെ. ഇപ്പോ പ്രദീപ് വിളിച്ചാരുന്നു. രാജിന്റെ കാര്യം പറഞ്ഞു. അപ്പോ വെറുതെ വിളിച്ചതാ. എന്താ പരിപാടികളൊന്നുമില്ലേ ശനിയാഴ്ചയായിക്കൊണ്ട്?”

“ഓ.. യെന്നാ പരിപാടി? വെറുതെയിങ്ങനെ. വൈകിട്ട് ചിലപ്പോ സിറ്റിക്കൊന്നിറങ്ങും. അത്യാവശ്യമൊന്നുമില്ല. ചിലപ്പോ..”

“എന്നാപ്പിന്നെ ഇങ്ങോട്ടു പോരുന്നോ? ഞാന്‍ ഇവിടെ തന്നേയേ ഉള്ളൂ. നമ്മക്കൊന്നു കാണുവേം ചെയ്യാം. രാജെന്നെ കാണാനിരിക്കുവാന്നു പ്രദീപ് പറഞ്ഞാരുന്നു..”

ഞാനല്പം കണ്‍ഫ്യൂഷനിലായി. പോകണോ വേണ്ടയോ? പോണം. പക്ഷേ, ഇന്നു തന്നെ, ഇപ്പൊ തന്നെ പോകണോ?

“എന്താ ആലോചിക്കുന്നെ? വേറേ എന്തേലും പ്രോഗ്രാം ഉണ്ടേ വരണമെന്നില്ല. ..”

“ഞാന്‍ വരാം. എനിക്കു പ്രോഗ്രാമൊന്നുമില്ല.”

“വണ്ടിയുണ്ടോ? അതോ ബസ്സിനാണോ വരുന്നത്?”

“ബസ്സിലാ വരുന്നത്.”

“എന്നാ ഞാന്‍ സില്‍ക് ബോര്‍ഡില്‍ വന്നു നിക്കാം. എനിക്കു ഉടനെ ബൊമ്മനഹള്ളി വരെ വരേണ്ട ഒരു കാര്യമുണ്ട്.”

“...ആ.. ഹ്മ്... ഓകെ. എങ്കില്‍ ഞാന്‍ അവിടെ കാണാം. ഞാന്‍ പെട്ടെന്നിറങ്ങാം. അവിടെ വന്നിട്ടു വിളിക്കാം. പരമാവധി അര മണിക്കൂര്‍.”

*** *** ***

പറഞ്ഞസ്ഥലത്തു തന്നെ വിനോദെത്തി. എന്റെ കുറ്റിനാട്ടിയ നില്പു കണ്ടാല്ത്തന്നെ അറിയാം ഞാനാരെയോ കാത്തു നില്‍ക്കുവാണെന്ന്. എന്റെയടുത്ത് വണ്ടി നിര്‍ത്തിയിട്ട് ചോദിച്ചു:

“രാജ്...?”

“അതെ.”

“കേറ്.”

“പിന്നെ എന്നാ ഒണ്ട്?” അതായിരുന്നു വിനോദിന്റെ ആദ്യചോദ്യം. പിന്നെപ്പിന്നെ വീട്, വീട്ടുകാര്‍, ജോലി, ബാംഗ്ലൂര്‍ ജീവിതം, സാമ്പത്തിക മാന്ദ്യം, പ്രദീപ് അങ്ങനെ കുറെ കാര്യങ്ങള്‍.

വളരെ അനായാസം ഇടപെടുന്ന ഒരു മനുഷ്യന്‍. എന്നെ ആദ്യം കാണുകയായിരുന്നെങ്കിലും അങ്ങനെ ഒരു തോന്നലേ ഇല്ല മൂപ്പരുടെ ഇടപെടാലിറ്റിയില്‍. ഞാനാണെങ്കില്‍ ഒന്നു കംഫര്‍ട്ടബിളാവാന്‍ തന്നെ നല്ല നേരമെടുക്കും. ഞാന്‍ ഇമ്പ്രെസ്സ്ഡ്!

ജയനഗറിലെ വിനോദിന്റെ വാടകവീട്. ഒരു ബെഡ്‌റൂം, ഒരു ഹാള്‍, അടുക്കള. രണ്ടായി തിരിച്ചിരിക്കുന്നതുകൊണ്ട് ഒരു ബെഡ്‌റൂം കൂടിയുള്ളതു പോലെ തോന്നി. അത്യാവശ്യം ഫര്‍ണിച്ചറെല്ലാം ഉണ്ട്. അകത്തേക്കു കടന്നതും വിനോദെന്നോട് ഇരിക്കാന്‍ പറഞ്ഞു. അതെനിക്കു വളരെ ഫോര്‍മല്‍ ആയിത്തോന്നി. അപ്പോഴാണ് മൂപ്പര്‍ പറയുന്നത് പുള്ളീടെ ഭാര്യ അവിടെയില്ലെന്ന്.

“പുള്ളിക്കാരി എന്തിയേ? ജോലിക്ക് പോയതാണോ?”

“അതെ. ഞാന്‍ കൊടുത്ത ഒരു ജോലിക്കു പോയതാ! പ്രസവത്തിനേ! നാട്ടില്‍ കൊണ്ടാക്കിയിട്ട് ഞാന്‍ ഇന്നു രാവിലെ ഇങ്ങു വന്നതേയുള്ളൂ. ശാപ്പാടു കഴിച്ച് കിടന്നുറങ്ങി. ഉച്ചകഴിഞ്ഞ് എഴുന്നേറ്റു. ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോള്‍ രാജിനെ വിളിക്കാംന്നു കരുതി.”

ഒന്നുനിര്‍ത്തി വിനോദ് തുടര്‍ന്നു.

"പെട്ടെന്ന് ഒറ്റയ്ക്കായപോലെ ഒരു തോന്നല്‍! രണ്ടെണ്ണം അടിച്ചിട്ട്‌ ഒന്നു കിടന്നുറങ്ങാമെന്നു വെച്ചാലും ഒരു മൂഡില്ല. പെണ്ണുമ്പിള്ള പറഞ്ഞിട്ടാ പോയത്‌, ഞാനിവിടില്ലെന്നോര്‍ത്ത്‌ വെള്ളമടി ആഘോഷമാക്കിയേക്കരുതെന്ന്... അവള്‍ക്കു ശരിക്കും എന്നെ പേടിയുണ്ട്‌ അക്കാര്യത്തില്‍... ഹ.. ഹ്ഹ..!!"

"എന്നിട്ടെന്തു തീരുമാനിച്ചു? നാലെണ്ണമടിച്ച്‌ പോത്തുപോലെ കിടന്നു ഒന്നുറങ്ങിക്കൂടായിരുന്നോ? ക്ഷീണമൊക്കെ പമ്പ കടന്നേനേമല്ലോ? ഏഹ്‌?"

"കലിപ്പന്‍ അടിക്കാന്‍ ഒരു മൂഡില്ല രാജെ. മാത്രോമല്ല, സാധനം പോയി വാങ്ങിക്കൊണ്ടുവരുവേം വേണം. അത്ര ആവശ്യമില്ല. എന്നാ രണ്ടു ബിയര്‍ മരപ്പിച്ചത്‌ ഇരിപ്പുണ്ട്‌. ഞാന്‍ എടുത്തോണ്ടു വരാം."

നല്ലതുടക്കം തന്നെ. ഞാന്‍ മനസ്സിലോര്‍ത്തു. ആദ്യമായിട്ട്‌ ഒരു വീട്ടില്‍ വരുമ്പോള്‍ കുടിക്കുന്ന സംഗതി ബിയര്‍. ഇയാളൊരു മുഴുക്കുടിയന്‍ വല്ലോമാണോ? ആളെ കണ്ടാലങ്ങനെ ഒന്നും പറയില്ല. ചിലപ്പോള്‍ കള്ളനെ കണ്ടാല്‍ കള്ളനാണെന്നു തോന്നുകേയില്ലല്ലോ? തിരിച്ചും. അങ്ങനെ വല്ലോമായിരിക്കും...

"ദേ, ഇതേയുള്ളൂ." വിനോദേട്ടന്റെ സ്വരം എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. വലതു കയ്യില്‍ രണ്ടു കുപ്പിയും ഇടതു കയ്യിലെ പ്ലേറ്റില്‍ കുറെ മിക്സ്ചറുമായി നായകന്‍ വന്നു. കുടിക്കബിള്‍സും തിന്നബിള്‍സും ടീപോയിന്മേല്‍ വച്ചു. കീചെയിന്‍ കൊണ്ട്‌ വെടിപ്പായി ബിയര്‍ തുറന്നു.

"എഡ്‌!"

ടിക്‌! "ചിയേഴ്സ്‌!" കുപ്പിക്ക്‌ മുടിഞ്ഞ തണുപ്പ്‌. ബിയര്‍ അകത്ത്‌ ഉറഞ്ഞാണോ കിടക്കുന്നത്‌?

"പ്രദീപിന്റെ ആകസ്മികസുഹൃത്തുമായുള്ള ആദ്യകൂടിക്കാഴ്ചയ്ക്ക്‌ ഈ ബിയര്‍ ഡെഡിക്കേറ്റ്‌ ചെയ്യുന്നു!"

റിമോട്ടെടുത്ത്‌ ടിവി ഓണ്‍ചെയ്തു. ഹോം തിയെറ്ററിലൂടെ ആംഖോം മെ തെരീ ഒഴുകിവന്നു. ഉഷ്ണം അത്ര കനത്തിട്ടില്ലെങ്കിലും ഈ അള്‍ട്രാചില്‍ഡ്‌ ബിയര്‍ ഒരു സുഖമാണ്‌. തൊണ്ട ചീത്തയാവാതിരുന്നാല്‍ മതിയായിരുന്നു.

"എന്തെങ്കിലും സംസാരിക്ക്‌ രാജെ... എന്താഡോ ആലോചിക്കുന്നത്‌? വൈകിട്ടു ഗേള്‍ഫ്രന്‍ഡിനെ കാണാന്‍ പോകുന്ന കാര്യമാണോ?"

ഇങ്ങേരു ചൂണ്ടയിടുവാണല്ലോ. "ഹേ..യ്‌". ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

"എന്നോട്‌ പ്രദീപ്‌ പറയുവാ താന്‍ നല്ല ഒരു കമ്പനിയാണെന്ന്. എന്നാ കമ്പനി എന്നു ഞാന്‍ അവനോട്‌. കള്ളിനും കപ്പയ്ക്കും കത്തിക്കും കൂട്ടാവുന്ന കമ്പനിയാണെന്ന് അവന്‍! എന്നാലതൊന്നു കണ്ടേക്കാമല്ലോ എന്നു ഞാനും. പിന്നെ എന്റെ വീട്ടില്‍ വരുന്ന ആദ്യദിവസം തന്നെ എങ്ങനെ പാമ്പാക്കി വിടും എന്നോര്‍ത്താ ഇന്നു വേണ്ടെന്നു വെച്ചത്‌. അപ്പോ ഈ ബിയര്‍ വരാന്‍ പോകുന്ന പാര്‍ട്ടികളുടെ ഒരു ട്രെയിലര്‍ ഷോയാണെന്നു കൂട്ടിയാ മതി.!! കെട്ടോ!"

സംഗതി കുളമാകുമെന്ന് എനിക്കു തോന്നി. "അയ്യൊ..! ഞാന്‍ അത്ര വല്യ അടികാരനൊന്നുമല്ല. കഴിക്കും, അത്രേയുള്ളൂ. അല്ലാതെ വിനോദേട്ടനെപ്പോലെ എസ്റ്റാബ്ലിഷ്ഡ്‌ കുടിയനൊന്നുമല്ല." ഞാന്‍ നയം വ്യക്തമാക്കി. അല്ല, ഒരു ഫാള്‍സ്‌ ഇമേജ്‌ പതിയരുതല്ലോ.

"അത്‌ എന്തെങ്കിലുമാകട്ടേ. അതു എനിക്കു തന്നത്താന്‍ നിശ്ചയിക്കാന്‍ ഒരവസരം തരണേന്നേ ഞാന്‍ പറഞ്ഞൊള്ളൂ. അതിനു കുഴപ്പമില്ലല്ലോ? ഹ്‌.. ച്‌!!" ബിയറിന്റെ ഗ്യാസ്‌ ഒരേമ്പക്കമായി പുറത്തേക്ക്‌.

"ഓകെ. നമക്കു കാണാം."

"നിങ്ങള്‍ എത്ര തവണ കണ്ടു, നാട്ടില്‍ വെച്ച്‌? രണ്ടോ അതോ മൂന്നോ?" വിനോദേട്ടന്റെ കണ്ണുകള്‍ ചുരുങ്ങി എന്റെ മുഖത്തിനു നേരെ നിന്നു.

"മൂന്ന്." ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയെപ്പോലെ ഞാന്‍ മറുപടി നല്‍കി.

"ഹ്‌...മം..." നീട്ടിയൊന്നു മൂളി മൂപ്പര്‍ സോഫയിലേക്കൊന്നു ചാഞ്ഞു. അരമിനിറ്റ്‌ എന്തോ ആലോചിക്കുന്നതു പോലെ കിടന്നു. പിന്നെ നിവര്‍ന്നിരുന്ന് ബിയര്‍ ഒരു കവിള്‍ കൂടി അകത്താക്കി ഇങ്ങനെ ചോദിച്ചു-

"പ്രദീപുമായി ഇടപെട്ടു കഴിഞ്ഞപ്പോള്‍ രാജിനെന്തു തോന്നി?"
എന്നിട്ട്‌ ഉത്തരത്തിനായി കാതുകൂര്‍പ്പിച്ച്‌ കണ്ണുനട്ടിരുന്നു. ഇതെന്താ ഇങ്ങനൊരു ചോദ്യം എന്നു ഞാന്‍ അന്തം വിട്ടു.

"കൊള്ളാം. സിമ്പിള്‍ ഒരു മനുഷ്യന്‍." വിനോദേട്ടന്‍ പിന്മാറുന്നില്ല. ഞാന്‍ തുടര്‍ന്നു.

"എന്നോടു കുറെ കഥകളൊക്കെ പറഞ്ഞു. പണ്ടത്തെ ഒരു ലൈനും പുള്ളിക്കാരിയെ കല്യാണം വിളിക്കാന്‍ പോയതുമൊക്കെ. കുറെ കഷ്ടപ്പെട്ടിട്ടുണ്ട്‌ എന്നു തോന്നുന്നു. എന്തായാലും ഉറപ്പാണ്‌ - പുള്ളി ഇപ്പോ ജീവിതത്തില്‍ വളരെ സന്തോഷവാനാണ്‌."

“മുന്‍പ് അങ്ങനെയല്ലാത്ത ഒരു കാലമുണ്ടായിരുന്നു രാജേ. കഷ്ടപ്പാടിന്റെയും മന:സംഘര്‍ഷങ്ങളുടെയും ജീവിതസമരങ്ങളുടെയും ഒക്കെ ഒരു കാലം. പക്ഷേ, അവനുണ്ടല്ലോ, അവന്‍ ഒരു അപാര മനുഷ്യനാടാ. തീയില്‍ കുരുത്തതാ അവന്‍. അവനൊക്കെ ജീവിതത്തില്‍ പരാജയപ്പെട്ടാല്‍ പിന്നെ ആരു ജയിക്കാനാ?”
ബാക്കി..?

Sunday, March 08, 2009

ഒരു സുഹൃത്ത് ജനിച്ചു

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-8

തുടക്കം
കഴിഞ്ഞ കഥ

“ഇനി ബാംഗ്ലൂരേയ്ക്ക് എന്നാ?”

“ഞായറാഴ്ച തിരിക്കും. തിങ്കളാഴ്ച രാവിലെ പണിക്കു കേറണം.”

"എവിടുന്നാ ട്രെയിന്‍?”

“ട്രെയിനിനല്ല, കട്ടപ്പനേന്നു നേരിട്ട് ബസുണ്ട്. അതിനു പോകുന്നതാ എളുപ്പം.”

“ഓ, ശരി. ഞാനോര്‍ത്തു, ഇനി കോട്ടയത്തൂന്നോ എറണാകുളത്തൂന്നോ എങ്ങാനും ട്രെയിനിനാണു യാത്രയെങ്കില്‍ കാണാമല്ലോന്ന്‌.”

“കാണുന്നതിനെന്താ, ഞാന്‍ ഇനീം ഇതിലെയൊക്കെ വരാം. എന്തായാലും പ്രദീപ് പോണേനു മുന്‍പ് നമുക്ക് ഒന്നുകൂടി കൂടണം. പിന്നെ, ബാംഗ്ലൂരെ ആ കക്ഷിയെ എനിക്കുകൂടി ഒന്നു പരിചയപ്പെടുത്തി തരണം”

“വിനോദിനെയല്ലേ, അത് ഞാന്‍ അങ്ങോട്ടു പറയാനിരിക്കുകയായിരുന്നു. ഒരു കാര്യം ചെയ്യാം, ഞാന്‍ വിനോദിന്റെ നമ്പര്‍ തരാം. എന്നിട്ട് ഇടയ്ക്കു വിളിക്കുമ്പോല്‍ പറയാം. ഓക്കെ.?”

“മതി മതി, ധാരാളം മതി.”

പ്രദീപ് മൊബൈല്‍ എടുത്ത് വിനോദിന്റെ നമ്പരിനായി പരതി. “പണ്ടുകാലത്തായിരുന്നെങ്കില്‍ എനിക്കിങ്ങനെ നമ്പര്‍ കോണ്ടാക്റ്റ്സില്‍ പോയി നോക്കെണ്ടി വരത്തില്ലാരുന്നു. എന്റെ ആവശയ്ത്തിനുള്ള ഒരുമാതിരിപ്പെട്ട നമ്പരൊക്കെ എനിക്കു മന:പാഠമായിരുന്നു. ഈ സെല്ഫോണ്‍ ഉപയോഗം തുടങ്ങിയതില്‍ പിന്നെ നമ്പരൊന്നും ഓര്‍ത്തു വെയ്ക്കേണ്ട.... ആ ഇന്നാ, വിനോദിന്റെ നമ്പര്‍ നയന്‍-ഡബിള്‍-എയിറ്റ്-സിക്സ്.... ”

അപ്പോഴാണ്, മുന്‍പ് തോന്നിയ ഒരു കൌതുകം തുറന്നു ചോദിച്ചാലോ എന്നെനിക്കു തോന്നിയത്. തെല്ലു സങ്കോചത്തോടെയാണെങ്കിലും “അതേയ്, ഗള്‍ഫുകാരനൊക്കെയാണെങ്കിലും, ഇതെന്നാ ഈ നോകിയ 1108 കൊണ്ടുനടക്കുന്നത്? ഞാന്‍‌ നിങ്ങളുടെ കയ്യില്‍ ഒരു വമ്പന്‍ ഫോണാണു പ്രതീക്ഷിച്ചത്. അതോ ഇതു നാട്ടില്‍ വന്നപ്പോ തല്‍ക്കാലത്തേക്കു വാങ്ങിയതാണോ?”

പ്രദീപ് സുന്ദരമായൊന്നു ചിരിച്ചു. “എന്റെ പൊന്നു സുഹൃത്തേ, നമുക്കവിടെയും ഇവിടെയും ഒരൊറ്റ ഹാന്‍ഡ്സെറ്റേ ഉള്ളൂ. അക്കരെ കടന്ന് ആദ്യം വാങ്ങിയത് ഇതുപോലെ തന്നെ താണയിനം ഒരു സെറ്റായിരുന്നു. ഒരു 3315. ഏതാണ്ട് ഒന്നരക്കൊല്ലം മുന്പ് വരെ അതു തന്നെയായിരുന്നു കയ്യില്‍. ഒരു ദിവസം അതു സ്വിമ്മിങ് പൂളില്‍ വീണു. അതോടെ അതിന്റെ പണി പൂട്ടി. അന്നെല്ലാവരും പറഞ്ഞു- പോയി നല്ല ഒരു സെറ്റ് വാങ്ങാന്‍. എവടെ? ഞാന്‍ പോയി ഇതു വാ‍ങ്ങി. നമ്മടെ ഉദ്ദേശംന്നു വെച്ചാ ഇവടന്നു പറഞ്ഞാ അവടെ കേക്കണം, അവടന്നു പറഞ്ഞാ ഇവടെ കേക്കണം, പിന്നെ അത്യാവശ്യം എസ്സെമ്മെസ്സും. അല്ലതെ നമക്കു വാപ്പും ബ്ലൂടൂത്തും ജിപിആറെസ്സും ക്യാമറയുമൊന്നും മൊബൈലില്‍ വേണ്ടാ. ചുമ്മാ മൊബൈല്‍ അത്ര തന്നെ.”

മതിയായോ എന്നയര്‍ത്ഥത്തില്‍ എന്നെ ഒന്നിരുത്തി നോക്കിയിട്ട് തുടര്‍ന്നു: “പിന്നെ ഇവടെ വന്നപ്പോ ഒരു ലൈഫ്ടൈം കണക്ഷന്‍ ഞാനങ്ങെടുത്തു, പോകുമ്പോ വീട്ടിലേപ്പിച്ചിട്ടു പോകും..!”

“ഓകെ..” ബോദ്ധ്യപ്പെട്ടിരിക്കുന്നു. അതേസമയം ഞാനോര്‍ത്തു- അപ്പോപ്പിന്നെ ഈ സ്കൂളിലൊക്കെ പഠിക്കുന്ന പിള്ളേര്‍ എന്തിനാ പതിനഞ്ചും ഇരുപതും ഇരുപത്തയ്യായിരോം ഒക്കെ വിലയുള്ള സ്മാര്‍ട്ഫോണും കൊണ്ടു നടക്കുന്നത്?

“എന്നാ ശെരി നമ്മക്കെഴുന്നേക്കാം?” ബില്ലുകൊടുത്തു കഴിഞ്ഞപ്പോള്‍ ഉണ്ടായ ‘ഗ്യാപ്’ നിറയ്ക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. കുറെ നേരമിരുന്നു കഥ പറഞ്ഞതിന്റെയും സൂപ്പര്‍ ശാപ്പാട് അടിച്ചതിന്റെയും ആലസ്യം കാരണം പെട്ടെന്നു എഴുന്നേക്കാന്‍ ശരീരത്തിനും മനസ്സിനും മടി. പോക്കുവെയിലില്‍ തിളങ്ങിനിന്ന കായലിന്റെ കാറ്റേറ്റ് അല്പനേരം ഷാപ്പിനു പുറത്തു നിന്നപ്പോള്‍ എന്തെന്നില്ലാത്ത ഉന്മേഷം. ചുമ്മാതല്ല, ദൈവത്തിന്റെ സ്വന്തം നാട് എന്നു പറയുന്നത് അല്ലേന്ന് ചോദിച്ചപ്പോള്‍ പ്രദീപ് പറഞ്ഞു - “എത്ര നാളുണ്ടെന്നു കണ്ടറിയാം.”

“അപ്പോ വിട്ടേക്കാം?” പോക്കറ്റില്‍ നിന്നും കാറിന്റെ കീയെടുത്തുകൊണ്ട് പ്രദീപ്.

“വണ്ടി ഓടിക്കാന്‍ പ്രശനമൊന്നുമില്ലല്ലോ അല്ലേ?” തെല്ലൊരാശങ്കയോടെ ഞാന്‍ .

“ഓടിക്കാന്‍ പറ്റത്തില്ലെങ്കി ഓടിക്കാന്‍ വയ്യഡേ, നമക്കു ഇച്ചിരെ കഴിഞ്ഞു പോകാം, അല്ലെങ്കി നീ ഡ്രൈവ് ചെയ്യ് എന്നു ഞാന്‍ ഓപ്പണായിട്ടു പറയും.”

“ഞാന്‍ ഡ്രൈവ് ചെയ്തതു തന്നെ! അതെന്തായാലും നടക്കില്ല. കാരണം ചന്തുവിന് ഡ്രൈവിങ് അറിയില്ല.!”

“അയ്യേ, അതൊക്കെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാട്ടോ! ചെറുപ്രായത്തില്‍ തന്നെ പഠിച്ചിരിക്കണം ഡ്രൈവിങ് ഒക്കെ.”

ഗ്ഗ്‌ളു .. ഗ്ഗ്‌ളു എന്നൊരു ശബ്ദത്തോടെ നീലനിറമുള്ള ഐ-ടെന്‍ പൂട്ടുതുറന്നു.ബീജ് നിറമുള്ള അകത്തളത്തില്‍ കാര്‍ പെര്‍ഫ്യൂമിന്റെ വാസന തങ്ങിനിന്നിരുന്നു. സ്റ്റാര്‍ട്ട് ചെയ്യാനൊരുങ്ങിയതും പ്രദീപിനൊരു കാള്‍.

“ഹലൊ..”

“...”

“അല്ല, ഇവിടെ കുമരകത്ത്. ഒരു കമ്പനിക്കാരന്‍ ഒരു ട്രീറ്റ് കൊടുക്കാന്‍ വന്നതാ....”

“...”

“ഞാന്‍ അന്നു പറഞ്ഞില്ലേ, രാജ്, ബാംഗ്ല്ലൂരില്‍ ഉള്ള..?... ഏ?.. അതു തന്നെ- കട്ടപ്പന.”

“....”

“എന്നതാ? .. ഏയ്.. ഇല്ലില്ല.. പോവ്വാ.. പുറപ്പെടാന്‍ തുടങ്ങുവാരുന്നു. ....... ഇല്ല, വിളിച്ചില്ല. വൈകിട്ടാട്ടെ, ഇപ്പോ ഓഫീസിലാരിക്കും... അപ്പോ ഞാന്‍ ചെന്നിട്ടു വിളിക്കാം. കെട്ടോ.... ആം...”

ആ സംസാരം ശ്രദ്ധിക്കാതിരിക്കാനാവുമായിരുന്നില്ല. കാള്‍ തീര്‍ക്കുമ്പോള്‍ പ്രദീപിന്റെ മുഖത്തു അതുവരെ ഞാന്‍ കാണാത്ത ഒരു പ്രകാശം പടരുന്നതു കണ്ടു.

“അര്‍ച്ചന.. അല്ലല്ല, ‘ആര്‍ച്ച‘ ആയിരുന്നിരിക്കണം അല്ലേ?”

“ഹൂ എത്സ്?” പ്രദീപിന്റെ മുന്‍പത്തെ സന്തോഷത്തിന്‍ മാറ്റുകൂടിയതും ഞാന്‍ കണ്ടു.

“എന്തിനാ ആര്‍ച്ച എന്ന് ഫോണില്‍ പേരു സേവ് ചെയ്തിരിക്കുന്നത്? അതു പുള്ളിക്കാരീടെ പെറ്റ് നെയിം ആണോ? അല്ല ഒരു ആകാംക്ഷ കൊണ്ടു ചോദിക്കുന്നതാ!”

“എടാ ഭയങ്കരാ, അതു പെറ്റ് നെയിമും മണ്ണാങ്കട്ടീം ഒന്നുമല്ല. എ-എ-ആര്‍-സി-എച്-എ എന്നെഴുതുമ്പോ അതു കോണ്ടാക്റ്റ് ലിസ്റ്റില്‍ ആദ്യം വരും. അതിനു വേണ്ടി അങ്ങിട്ടെന്നേയുള്ളൂ.”

“എന്റെ പൊന്നേ, എന്തൊരു ലോജിക്! അതിന്റെ കാര്യമില്ലല്ലോ, റീസന്റ് കാള്‍ ലിസ്റ്റില്‍ എപ്പോളും കാണില്ലേ?”

സ്റ്റീരിയോയില്‍ പാട്ടു പരതിക്കൊണ്ടിരുന്ന പ്രദീപ് ‘മതിയെടാ ആക്കിയത് ‘ എന്നര്‍ഥമാക്കുന്ന ഒരു നോട്ടം നോക്കി വണ്ടി മുന്നോട്ടെടുത്തു.

പാട്ടുപോലെ പിന്നെയും പിന്നെയും പ്രദീപിനെ കിനാവിന്റെ പടികടന്ന് ആ പദനിസ്വനങ്ങള്‍ വരുന്നുണ്ടായിരുന്നിരിക്കണം. പൊന്‍‌കുന്നത്തു നിന്നും എത്രയും വേഗം കട്ടപ്പനയ്ക്കുള്ള ബസു പിടിക്കണം എന്ന ചിന്തയില്‍ ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു. കാറ് കോട്ടയത്തിനുള്ള വഴിയേ ഞങ്ങളെയും കൊണ്ട് പാഞ്ഞു.

എന്നിട്ട് ?

Saturday, February 14, 2009

കഥയില്ലാതെ

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-7

കഴിഞ്ഞ കഥ

“പ്രേമിച്ചിട്ടില്ലേന്നോ? എന്തര് ച്വാദ്യങ്ങളണ്ണാ..!” ഞാന്‍ നീട്ടിയൊന്നു ചിരിച്ചു. എന്റെ ആക്കലില്‍ പ്രദീപ് ഒന്നുലഞ്ഞെന്നു തോന്നി. ഞാന്‍ സീരിയസ്സായി. “പ്രേമിക്കാത്ത ആമ്പിള്ളാരുണ്ടോ മാഷെ? സ്കൂളില്‍ പഠിക്കുന്ന കാലത്ത് വെളുത്തു കൊലുന്നനെയുള്ള ആ പെണ്‍കുട്ടിയുടെ കമ്മലിലെ ചുവന്ന കല്ലില്‍ കണ്ണുടക്കിയ കാലം മുതല്‍ ഞാനും താനുമൊക്കെ നിശ്ശബ്ദമായും ഉറക്കെയുമൊക്കെ ഓരോരുത്തരെ പ്രണയിക്കുകയല്ലേ...”

“അപ്പം കഴി!” പ്രദീപിനെ ഞാന്‍ ഓര്‍മ്മിപ്പിച്ചു. “..ആ പിന്നെ, സ്നേഹിക്കാന്‍ ഏതു മരങ്ങോടനും പറ്റും. അതു തിരിച്ചു കിട്ടുന്നവനാണ് ശെരിക്കും ആപ്പീസര്‍. ഇപ്പൊ എന്തോന്ന് അങ്ങനെയൊക്കെ പ്രതീക്ഷിക്കാന്‍? എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ്. മൊബൈല്‍ ഫോണിലെ റിങ്ടോണിന്റെ അവസ്ഥയാ മനുഷ്യനും ബന്ധങ്ങള്‍ക്കും. ഔട്ട്ഡേറ്റഡ് ആണെന്നു തോന്നുക പോലും വേണ്ട, ചുമ്മാ ഡിലീറ്റ് ചെയ്തു കളയും. എനിക്കു പേടിയാ മാഷേ, സത്യത്തില്‍, പ്രേമിക്കാന്‍!”

“ഓ.. എന്നുവെച്ചാല്‍ രാജ് ഇന്നുവരെ ആരേം ഇഷ്ടപ്പെട്ടിട്ടില്ല എന്നാണോ?”

“ആരു പറഞ്ഞങ്ങനെ? ഞാന്‍ പറഞ്ഞില്ലെ, ഒരാളെ ഇഷ്ടപ്പെടാനും അല്ലെങ്കില്‍ രഹസ്യമായിട്ടെങ്കിലും പ്രണയിക്കാനോ ആരുടെയും അനുവാദം വേണ്ടല്ലോ? എഹ്.? ”

“പോഡേ, പോഡേ, വെളവെറക്കാതെ പോഡേ. എടോ, തന്റെ മൊഖത്തെ ഓഞ്ഞ ഇളി കണ്ടാലറിയാം താനെന്തോ ഒളിപ്പിക്കുന്നുണ്ടെന്ന്. ഇത്രെം നാളത്തെ പരിചയം കൊണ്ട് പറയുന്നതാ, താന്‍ നൊണ പറഞ്ഞാല്‍ ‘ദേ ഇപ്പറഞ്ഞതു നൊണയാണേ’ന്ന് നിന്റെ മുഖത്തു തെളിഞ്ഞുവരും!”

“ഓ.. തോറ്റു. പക്ഷേ ഞാന്‍ അങ്ങനെ ഒരു ഫുള്‍ സെറ്റപ്പ് പ്രേമത്തിലൊന്നും പെട്ടിട്ടില്ല മാഷേ....” പ്രദീപ് ഇടയ്ക്കു കയറി-“ഏ? അതെന്നാ ഈ ഫുള്‍ സെറ്റപ്പ് പ്രണയം? അപ്പോ ബാംഗ്‌ളൂര് എന്തെങ്കിലും ഡിങ്കോള്‍സിഫിക്കേഷന്‍..?”

“പ്‌ഭാ...! ഇതെന്നാ ഇങ്ങേര്‍ക്കു കള്ളു തലയ്ക്കു പിടിച്ചോ? എന്റെ അര്‍ച്ചനച്ചേച്ചീ..! നിങ്ങടെ ജീവിതം കട്ടപ്പൊക! എന്റെ പൊന്നുക്ണാപ്പേ... നമ്മടെ ഒരു സെറ്റപ്പിനൊത്ത ഒരു ആളെ കാണാഞ്ഞിട്ടു തന്നെയാ.” അടുത്ത കൊട്ട് എവിടെയാ എന്നയര്‍ത്ഥത്തില്‍ ഞാന്‍ പ്രദീപിന്റെ മുഖത്തേക്കു നോക്കി.

“പ്ലീസ്, എലാബറേറ്റ് ഓണ്‍..”

“നമ്മടെ സെറ്റപ്പെന്നു പറഞ്ഞാ നമ്മടെ പേഴ്സനല്‍ പ്രിഫറന്‍സുകള്‍. എന്നു പറഞ്ഞാല്‍ ഈ ചുമ്മാ ഒരു നേരമ്പോക്കിനു വേണ്ടി പെണ്ണുങ്ങളുടെ പിന്നാലെ പോകുന്നത്..ഏയ്.. അതൊന്നും അത്ര സുമാറുള്ള കാര്യവല്ല എന്നാ എന്റെയൊരഭിപ്രായം. പിന്നെ അങ്ങനെ വെറുതെ കമ്പനിയടിച്ചു നടക്കാനായിരുന്നെങ്കില്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്തു തന്നെ ആകാമായിരുന്നല്ലോ. അന്നു കരുതിയിരുന്നത് സ്വന്തം കാലില്‍ നിക്കാനും ഒരു കുടുംബം നോക്കാനുമുള്ള ആമ്പിയറായാലേ ഒരു പെണ്ണിനെ ഇഷ്ടപ്പെടാനുള്ള ധാര്‍മ്മികാവകാശം ഉണ്ടാകൂ എന്നായിരുന്നു. പിന്നെ ജോലിയും വരുമാനവുമെല്ലാമായിക്കഴിഞ്ഞ്ഞപ്പോളേക്കും അങ്ങനെ സ്വന്തം ഇഷ്ടപ്രകാരമല്ല ഇമ്മാതിരി കാര്യങ്ങള്‍ ഒക്കെ നടത്തുന്നത് എന്നു തോന്നി.”

“കോളേജില്‍ പഠിച്ചിരുന്ന കാലത്തേ നീയിങ്ങനെയൊക്കെ ചിന്തിച്ചോ? ഭയങ്കരനാണല്ലോ നീ? ആദര്‍ശവാദിയാ?”

“ആക്കാതെ മാഷേ, ഒരു വശത്ത് ആദര്‍ശമോ മണ്ണാങ്കട്ടയോ എന്തു കുന്തമോ അത്. പിന്നെ ആത്മാര്‍ഥമായി പറഞ്ഞാ ഇച്ചിരെ പേടിയും ഉണ്ടായിരുന്നു എന്നു കൂട്ടിക്കോ. കോളേജില്‍ എല്ലാവരും സുഹൃത്തുക്കള്‍. അതിനെടേക്കൂടെ ഞാന്‍ ഏതേലും ഒരുത്തിയെ തപ്പിപ്പിടിച്ചു ലൈനാക്കി ഏതെങ്കിലും ഒരു തൂണിന്റെയോ മരത്തിന്റെയോ ചോട്ടില്‍ പോയി നിന്നു നേരം കളഞ്ഞാരുന്നെങ്കി ഇന്നോര്‍ക്കാന്‍ ഒരു പക്ഷേ മാനസമൈനേ വരൂ എന്ന പാട്ടു മാത്രമേ കാണത്തൊള്ളാരുന്നൊള്ളൂ. ഞാന്‍ കണ്ടിട്ടുള്ള കോളേജ് ലൈനുകള്‍ മിക്കതും ഫ്രന്‍ഡ്‌ഷിപ് കില്ലേഴ്സ് ആയിരുന്നു. നമ്മളെന്തിന് പെണ്ണുകമ്പനിക്കായി ബാക്കിയുള്ളവരുമായ ഇന്ററാക്‌ഷന്‍ കളയണം? പിന്നെ, ഒരു ജീവിതമാര്‍ഗ്ഗവും സെറ്റപ്പുമൊന്നുമില്ലാതെ എങ്ങനാ ഒരു പ്രേമബന്ധമൊക്കെ...?”

“അതു ചോദ്യം. അല്ല, തമാശയ്ക്കു പോലും ഒരു സെറ്റപ്പ് കോളേജില്‍ ഇലാരുന്നു അല്ലെ? നിന്നെപ്പോലെ ഒരു ഗിടുതാപ്പന്‍ വ്യക്തിത്വത്തിന് ഉറപ്പായും കാണേണ്ട ഒരൈറ്റമാണല്ലോ അത്..? എന്നതേലുമാട്ടെ, അപ്പോ കോളേജങ്ങനെ തീര്‍ന്നു എന്നു ഞാന്‍ കരുതിക്കൊള്ളാം. പിന്നെയും കടന്നുപോയല്ലോ വര്‍ഷം പലത്? ഇക്കാലമൊന്നും ആരോടും ഒര് ‘ഇതു’തോന്നിയില്ലേടാ ഉവ്വേ?”

കുടത്തില്‍ വീണ്ടും കള്ളു നിരന്നു. ഒപ്പം പ്ലേറ്റില്‍ കരിമീന്‍ ഫ്രൈയും കപ്പയും. “പതുക്കെ പിടിച്ചാ മതി കെട്ടോ.” എന്നെ ഒന്നോര്‍മ്മപ്പെടുത്തി പ്രദീപ് വീണ്ടും കഥയ്ക്കു കാതോര്‍ത്തു.

അതു കേക്കാത്ത പോലെ പുതിയ സെര്‍വ് ഞാന്‍ എടുത്തൊന്നു പിടിച്ചു. ചൂണ്ടുവിരല്‍ കൊണ്ട് മാങ്ങാ അച്ചാറില്‍ ഒന്നു മുക്കി നക്കി. “സൊയമ്പന്‍ അച്ചാര്‍!.” എരിവാസ്വദിച്ചു-“ശ്..ശ്ശ്.. ” എന്നിട്ടൊന്നു കൂടി മോന്തി ഞാന്‍ തുടര്‍ന്നു:

“ഹ്ഹേയ്.. പിന്നെ ആരോടെങ്കിലുമൊക്കെ ഒരു ‘ഇതു’ തോന്നിയില്ലേല്‍ ശരിയാവില്ലല്ലോ. തോന്നിയിട്ടുണ്ട്. ചിലരെ കാണുമ്പോ കക്ഷി കൊള്ളാമല്ലോ എന്നൊക്കെ തോന്നാറില്ലെ? അമ്മാതിരി. പിന്നെ ചിലപ്പോ അതും കഴിഞ്ഞ് ചില ആള്‍ക്കാരോട് ഒരു ‘വല്ലാത്ത അട്രാക്‍ഷന്‍’ തോന്നില്ലേ? അതും ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും ഒരു ലൈഫ് ആകുമെന്നു തോന്നിയില്ല. നമുക്ക് ഒക്കില്ല എന്നു തോന്നുന്ന ഒരു കേസ് നമ്മളു പിടിക്കുന്നതെന്തിനാ? അതുകൊണ്ട് ഇതുവരെ അങ്ങനെ ഒന്നും നടന്നില്ല. ഒരു ഫ്രീ ബേഡിനെപ്പോലെ അസ്സലായി വായിനോക്കി ജീവിക്കുന്നു. നല്ല കേസുവല്ലോം കണ്ടാ പിടിച്ചേക്കാം. ഒരു ‘നോ റിസ്ക്’ പ്രണയമൊക്കെയേ ന്നമ്മളു താങ്ങുവൊള്ളൂ മാഷെ. വിപ്ലവം തീരെ വയ്യ.”

“തിങ്കിങ് ഇന്‍ ബ്രോഡ് സ്പെക്ട്രം! ന്ന്വച്ചാല്‍ പ്രേമിച്ചു കഴിഞ്ഞാ പിന്നെ കെട്ടാതെ പറ്റില്ല എന്ന്.. അതായതു ‘ആത്മാര്‍ഥത’ എന്നു പറയുന്ന സാധനം. ഓക്കെ. നല്ലതു തന്നെ. പിന്നെ ഒരു വശത്തു ധൈര്യക്കൊറവ്. ഒരു മുട്ടിടി. പൊന്നുമോനെ ‘മെലിഞ്ഞു നിക്കുന്നവന്‍ വലിഞ്ഞടിക്കു’മെന്നാ പറയാറ്. നീയൊക്കെ കച്ചമുറുക്കിയിറങ്ങിയാലൊണ്ടല്ലോ ഈപ്പറഞ്ഞ ആദര്‍ശോം പേടീമൊക്കെ വെള്ളത്തീ വരച്ച വര പോലെയാകും. അതൊക്കെ ഇപ്പ തോന്നുന്നതാ. പിന്നെ ഇമ്മാതിരി കാര്യങ്ങളില്‍ അധികമാരുടേം സെന്റിമെന്റ്സും ഹൃദയസ്പന്ദനവും അവതാളത്തിലാക്കണ്ട എന്നൊരു വിചാരമുള്ളതു നല്ലതൊക്കെത്തന്നെ. പക്ഷേ അങ്ങനെ വിചാരിച്ചുകഴിഞ്ഞാ ചെലപ്പോ തത്ത്വോം കെട്ടിപ്പിടിച്ച് ഇരുന്നുപോകാനും മതി. നിനക്കു പ്രേമത്തിന്റെ രുചി അറിയണോ, കളത്തിലോട്ടെറങ്ങ്. ദാറ്റ്സാള്‍, ബാക്കി പിന്നാലെ വന്നോളും!”

“ഉവ്വ! കളത്തിലിറങ്ങി! മാങ്ങാത്തൊലി! മത്തങ്ങാക്കുരു! ആദ്യമേ പണിയൊക്കെയൊന്നു സെറ്റിലാകട്ടെ. ഇപ്പോ അങ്ങു കേറിയതല്ലേയുള്ളൂ. ഒന്നു പയറ്റിത്തെളിഞ്ഞ് കാലുറയ്ക്കട്ടെ...”

പ്രദീപ് ഇടയ്ക്കു കയറി-“ഏ? ഏ...? എന്തുവാ..? ആദ്യം കോളേജു പറ്റത്തില്ല. ജീവിതമാര്‍ഗ്ഗം വേണം. പിന്നെ നോ-റിസ്ക് ബന്ധം വേണം. പിന്നെ ഇപ്പോ ദേ, അവനു ജോലി കൊറച്ചൂടെ സെറ്റില്‍ ആക്കണം പോലും. നിനക്കൊന്നും പ്രേമിക്കാന്‍ വിധിയില്ലെടാ. ചുമ്മാ സ്വപ്നം കാണാനേ പറ്റൂ. അവസാനം ഒരു അറേഞ്ജ്ഡ് കല്യാണത്തിന്റെ ഒടുക്കം നിന്റെ തിളങ്ങുന്ന ഈ ബാച്ചിലര്‍ കുപ്പായം ഊരിവെച്ചിട്ട് നീ മണിയറയിലേക്കു തലകുനിച്ചു നടന്നുപോകും. മണ്ടങുണാപ്പന്‍! എന്‍‌ജൊയ് മാന്‍, ഈച് ആന്‍ഡ് എവ്‌രി മൊമെന്റ് ഒഫ് ബാച്ലര്‍ ലൈഫ് ഇസ് പ്രെഷ്യസ്. എ‌ന്‍‌ജോയ് ഇറ്റ് റ്റു ദ് ഫുള്ളസ്റ്റ്. എത്സ് യു വില്‍ റിഗ്രറ്റ് ഇറ്റ് ലേറ്റര്‍. ഇറ്റ്സ് ദ് ഓണ്‍ലി ടൈം വെന്‍ യു കന്‍ ഡൂ വാ...ട്ടെവര്‍ യു ലൈക്..!!”

“ആന്നോ..? ആന്നെങ്കിലും ഏതു തരികിടയും കേറിയങ്ങു പിടിക്കാന്‍ പറ്റുമോ മാഷേ?”

“അതില്ല. ഞാന്‍ പറഞ്ഞത് ഈ യൂത്തിങ്ങനെ വേസ്റ്റാക്കരുതെന്നാ. അസ് എ ഗുഡ് ഫ്രണ്ട്ട് , ഹൌ കന്‍ ഐ ലീഡ് യു റ്റു സംതിങ് റോങ്ങ്?”
പിന്നെ എന്തു പറഞ്ഞു?

Wednesday, January 28, 2009

പിരിയുന്നേരം - ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-6


കഴിഞ്ഞ കഥ

"സന്തോഷമായി എനിക്ക്‌. എന്നെ ഈ നേരത്ത്‌ ഓര്‍ക്കാനും വിളിക്കാനും തോന്നിയല്ലോ? പിന്നെ, ഞാന്‍ ..കുറെ കാര്യങ്ങള്‍ സംസാരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അന്ന്‌, ഞാന്‍ വെല്യ ചതിയാണ്‌ ചെയ്തതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്‌. ഇത്രയധികം എന്നെ സ്നേഹിക്കുന്ന ഒരാളെ വേണ്ടെന്നു വെയ്ക്കുന്നതും ആത്ര ഈസി കാര്യമല്ലായിരുന്നു. പക്ഷേ..."

“ശപിക്കപ്പെട്ട ദിവസങ്ങള്‍ എന്നാണു ഇന്നും ഞാന്‍ ആ സമയത്തെക്കുറിച്ച്‌ വിചാരിക്കുന്നത്‌. ആഹ്‌... എന്തു പറയാന്‍..? വീട്ടില്‍ കാര്യങ്ങള്‍ മോശമായിരുന്നു എന്ന്‌ അറിയാമല്ലോ? ആങ്ങള ജോലിയൊന്നുമില്ലാതെ തെണ്ടിത്തിരിഞ്ഞു നടന്ന് അവസാനം സ്വന്തം ജീവിതം കൈവിട്ടു കളഞ്ഞു. എന്നെയും അനിയത്തിയെയും അവന്‍ രക്ഷപെടുത്തും എന്നൊരു വിശ്വാസമുണ്ടായിരുന്നു അച്ഛന്‌. കുറെ നാള്‍ ജോലി തപ്പി നടന്നും പിന്നെ അവിടെയും ഇവിടെയുമെല്ലാമായി പല പല പണികള്‍ ചെയ്തും അവന്‍ സര്‍വൈവ്‌ ചെയ്തു നിന്നു. വീട്ടിലെ കഷ്ടപ്പാടുകള്‍ കൂടി വന്നു. ആയിടെ അമ്മയ്ക്കു അസുഖവും കാര്യങ്ങളും. അച്ഛന്‍ തന്നെ എല്ലാം കൂട്ടിയാല്‍ കൂടില്ല എന്നായി. കാന്‍സര്‍ സെന്ററിലേക്കുള്ള പതിവു യാത്രകള്‍. അവസാനം റോഡിനോട്‌ ചേര്‍ന്നുള്ള അഞ്ചു സെന്റ്‌ സ്ഥലം വില്‍ക്കേണ്ടി വന്നു, അമ്മയെ ചികില്‍സിച്ച വകയിലെ കടബാധ്യതകള്‍ തീര്‍ക്കാന്‍. എന്നിട്ടമ്മയെ രക്ഷപെടുത്താനും പറ്റിയില്ല. അറിയാമല്ലോ, അന്നത്തേ കാര്യങ്ങളൊക്കെ?”

പ്രദീപിന്റെ മുഖത്തു മൗനം കനത്തു കിടന്നു. അലക്ഷ്യമായി റോഡിലേക്കു നോക്കി അവന്‍ കേട്ടു നിന്നു.

"വറുതി പോലെ തന്നെ! കുറച്ചു റബ്ബര്‍ ഉണ്ടായിരുന്നതു കൊണ്ട്‌ ഒരുകാലത്തും കഞ്ഞിക്കു മുട്ടു വന്നില്ല. എന്നാലും ജീവിതം എങ്ങുമെത്തില്ല എന്നു തോന്നിയിരുന്നു. വല്ലവിധേനയും ഞാന്‍ എം.കോം കമ്പ്ലീറ്റ്‌ ചെയ്തൂന്നു പറഞ്ഞാല്‍ മതി. പക്ഷേ, അനിയത്തിയുടെ പഠനം മുടങ്ങി. അജിത്താണെങ്കില്‍ കുടുംബത്തിന്‌ ഒരു ഉപകാരവുമില്ലാതെ നടക്കുന്നു. രാവിലെ ടൗണില്‍ പോകും. ഒരു കൂട്ടുകാരന്റെ കടയുണ്ട്‌. അവിടെയും ഗോഡൗണിലും അല്ലറചില്ലറ പണികള്‍ ഒക്കെ ചെയ്യും. വൈകുന്നേരം അവന്റെ ചെലവിനുള്ളതു കിട്ടുമെന്നല്ലാതെ അതുകൊണ്ട്‌ നയാ പൈസയുടെ ഉപകാരം ഉണ്ടായിട്ടില്ല. എന്നും കുറെ കമ്പനിയും ചുറ്റിക്കറങ്ങലും മാത്രമായി അവന്റെ ലൈഫ്‌. എന്തിനേറെ, ഇടയ്ക്ക്‌ ഒന്നു രണ്ടു ടെസ്റ്റ്‌ എഴുതാന്‍ പോയപ്പോ ഒന്നു കൂടെ വരാമോ എന്നു ചോദിച്ചപ്പോ അതിനുപോലും വയ്യ. എന്തിനാ ദൈവമേ ഇങ്ങനെയൊരു കൂടപ്പിറപ്പിനെ തന്നതെന്നു പലപ്പോഴും കരഞ്ഞുചോദിച്ചിട്ടുണ്ട്‌. അവനിലും പ്രതീക്ഷ നഷ്ടപ്പെട്ടതോടെ അച്ഛനും തളര്‍ന്നു."

കയ്പ്പു നിറഞ്ഞ ഭൂതകാലം ഒരു ഗദ്‌ഗദമായി ഉയര്‍ന്നു വന്നു. മുറിഞ്ഞകന്ന വാക്കുകള്‍ക്കിടയിലൂടെ രണ്ടു കണ്ണീര്‍ത്തുള്ളികള്‍ കൂടി ഉതിര്‍ന്നു വീണു.

"അന്നെല്ലാം എന്റെയൊപ്പം ഉണ്ടായിരുന്നതു പ്രദീപ്‌ മാത്രമാ. എന്തും തുറന്നു പറയാനും, വിഷമങ്ങള്‍ പങ്കു വെയ്ക്കാനും എല്ലാം ഒരു നല്ല ഫ്രണ്ടായിട്ട്‌... പ്രദീപിനും നല്ല ടഫ്‌ ടൈം ആയിരുന്നല്ലോ. പരസ്പരം വേദനകള്‍ പങ്കു വെയ്ക്കുന്നതും ഒരു സുഖമാണെന്ന് അറിഞ്ഞത്‌ അന്നാണ്‌. എഴുപത്തഞ്ചു പൈസയുടെ ഒരില്ലന്റിന്‌ ഇത്രേം വിലയുണ്ടെന്ന് അറിഞ്ഞ നാളുകള്‍!! ഇഷ്ടപ്പെടാനും മോഹിക്കാനും അര്‍ഹതയില്ലാത്തവരായിരുന്നു നമ്മള്‍ രണ്ടും. എന്നാലും എന്തൊക്കെയോ നമ്മളെ തമ്മില്‍ അടുപ്പിച്ചു. ഒരു നാള്‍ നല്ല നിലയിലെത്തുമ്പോള്‍ എന്നെ ഒപ്പം കൂട്ടുമെന്നു നല്ല ഉറപ്പുമുണ്ടായിരുന്നു.പക്ഷേ വീട്ടിലെ സ്ഥിതി മറിച്ചായിരുന്നല്ലോ- ഞങ്ങള്‍ പ്രായം തികഞ്ഞ രണ്ടു പെണ്ണുങ്ങള്‍. അച്ഛനാണെങ്കില്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെയായി. എന്നും അജിത്തിനെ ഓര്‍ത്തു വിഷമിക്കുമായിരുന്നു. എന്തെല്ലാം പ്രതീക്ഷകളായിരുന്നു പഠിച്ചു വരുന്ന പ്രായത്തില്‍, അവനെപ്പറ്റി..! അവനിനി ഒരു തിരിച്ചുവരവുണ്ടാവില്ല എന്നറിഞ്ഞതോടെ പിന്നെ അച്ഛനു ഞങ്ങളെപ്പറ്റി മാത്രമായി ചിന്ത. ദൈവത്തിന്റെ കൃപ കൊണ്ട്‌ ഈയൊരു ബാങ്ക്‌ ടെസ്റ്റ്‌ എഴുതിക്കിട്ടി. അന്ന്‌, ഈ ടെസ്റ്റ്‌ എഴുതാന്‍ പോകുമ്പോ ആശേടെ കാതീക്കിടന്ന ഒരു തരി പൊന്നു പണയം വെച്ചിട്ടാ വണ്ടിക്കൂലിക്കു കാശുണ്ടാക്കീത്‌! ഒരു ജോലി കിട്ടുമെന്നറിഞ്ഞതോടെ ജീവിതത്തില്‍ ഒരു പ്രതീക്ഷയൊക്കെയായി. ഒന്നുമല്ലേലും ആശയ്ക്കെങ്കിലും നല്ല ഒരു ജീവിതം കിട്ടുമല്ലോ എന്നായിരുന്നു എന്റെ ചിന്ത."

വെയില്‍ പതിയെ ചാഞ്ഞു തുടങ്ങിയിരുന്നു. 'പറയ്‌, അനഘേ' എന്നാരോ ഉള്ളിലിരുന്നു പറയുന്നതുപോലെ തോന്നി. പ്രദീപ്‌ എല്ല്ലാം കേട്ടുകൊണ്ട്‌ ക്ഷമാപൂര്‍വ്വം നില്‍ക്കുന്നു.

".. പിന്നെ ജോലിക്കായുള്ള കാത്തിരിപ്പ്‌. അതിനിടയിലാണ്‌ അച്ഛന്റെ പഴയ ഒരു സുഹൃത്തു വഴി ഈ ആലോചന വന്നത്‌. നീയായിരുന്നു മനസ്സില്‍ നിറയെ. മാത്രമല്ല, കുറച്ചു നാള്‍ കുടുംബത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നൊരു ആഗ്രഹമുണ്ടായിരുന്നതു കൊണ്ട്‌ കല്യാണത്തെപ്പറ്റിയൊന്നും ചിന്തിച്ചതുപോലുമില്ല. പക്ഷേ, അവര്‍ക്കു സ്ത്രീധനമൊന്നും വേണ്ട, വിദ്യാഭ്യാസമുള്ള പെണ്ണിനെ മതി എന്ന ആനുകൂല്യം അച്ഛനെ വല്ലാതെ ആകര്‍ഷിച്ചു. അവരുടെ കണ്ണില്‍ എന്താ കുഴപ്പം? വീട്ടില്‍ ജീവിക്കാന്‍ ആവശ്യത്തിലേറെ മുതലുള്ള ഒരാലോചന വന്നപ്പോ എന്നെ എങ്ങനെയും ആ പ്രാരാബ്‌ധക്കൂട്ടില്‍ നിന്നും പറഞ്ഞു വിടാനായിരുന്നു എല്ലാവര്‍ക്കും തിരക്ക്‌. എല്ലാം അറിയാമായിരുന്നിട്ടും ആശയും പറഞ്ഞു, ചേച്ചീ ഇതു തന്നെ മതിയെന്ന്. കുറഞ്ഞപക്ഷം ഞാനെങ്കിലും രക്ഷപെടട്ടെ എന്ന്. ഞാനിതു നിഷേധിക്കുമെന്നു തോന്നിയപ്പോള്‍ അത്രേംകാലം ഒരു വാക്കും മിണ്ടാതെ നടന്ന അജിത്തിനും നാക്കുമുളച്ചു. ഒടുവില്‍ അച്ഛനും കൂടിയായപ്പോ ഉള്ളിലെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം വിട്ടുകളയേണ്ടിവന്നു. അല്ലേലും ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ ഒരു പെണ്ണിന്റെ അഭിപ്രായത്തിനും താല്‍പര്യങ്ങള്‍ക്കും എന്തു വില?"

"ഒന്നാലോചിച്ചാല്‍ ജീവിതം സുരക്ഷിതമായി. കല്യാണം കഴിഞ്ഞെങ്കിലും ഏട്ടന്റെ വീട്ടുകാര്‍ നന്നായി സപ്പോര്‍ട്ടു ചെയ്തു. അതുകൊണ്ട്‌ മുടങ്ങിനിന്ന ആശയുടെ പഠിത്തം തീര്‍ക്കാനായി. ഡിഗ്രിയെങ്കിലും പഠിച്ചില്ലേല്‍ പെണ്ണുങ്ങള്‍ക്കെന്നാ വില എന്നു ചോദിച്ച്‌ ഏട്ടന്‍ തന്നെയാണ്‌ അവളെ പഠിപ്പിക്കാനയച്ചത്‌. ലോണൊക്കെ സംഘടിപ്പിച്ച്‌ അജിത്തിന്‌ ഒരു വണ്ടി വാങ്ങിക്കൊടുത്തു. എന്താണെന്നറിയില്ല, അതു കിട്ടിക്കഴിഞ്ഞപ്പോള്‍ അവനൊരു ഉത്തരവാദിത്വം ഒക്കെ വന്നു. അളിയന്റെ കാശുകൊണ്ട്‌ അടിച്ചുപൊളിക്കേണ്ട എന്നു കരുതിയിട്ടാണോ ആവോ! എന്തായാലും അവിടെയടുത്ത്‌ ഒരു കമ്പനിയിലെ സപ്ലൈ ഓട്ടം കിട്ടി. സ്ഥിരം ഓട്ടം ഉള്ളതോണ്ട്‌ അലമ്പൊന്നുമില്ലാതെ അധ്വാനിച്ചു. ലോണൊക്കെ നന്നായി അടഞ്ഞു തീര്‍ന്നപ്പോള്‍ വണ്ടി അവനോടുതന്നെ എടുത്തോളാന്‍ ഏട്ടന്‍ പറഞ്ഞു. അവന്‍ അത്രേം കരുതിക്കാണില്ല. ആളും ആകെ മാറിപ്പോയി. പിന്നെ ഒരു ചാന്‍സു വന്നപ്പോള്‍ ഗള്‍ഫിനു പോയി. വണ്ടി വിറ്റ പൈസയായിരുന്നു മുതല്‍. മിച്ചം വന്നത്‌ ആശേടെ പേരില്‍ ബാങ്കിലിട്ടു. ഗള്‍ഫിലും പണി ഡ്രൈവിങ്ങ്‌ തന്നെ. അങ്ങനെ അവനും അവിടെ നന്നായി കഷ്ടപ്പെട്ടു. ഒന്നര വര്‍ഷം കഴിഞ്ഞു ആദ്യത്തെ ലീവിനു വന്നു, ആശേടെ കല്യാണം നടത്തി. അച്ഛനും സന്തോഷമായി. അങ്ങനെയങ്ങനെ.... പിന്നെ, ശെരിയാണ്‌. നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ ആദ്യമൊക്കെ എന്നും ഓര്‍ക്കുമായിരുന്നു. ആഴ്ചയിലൊരിക്കല്‍ അയക്കുന്ന കത്തുകളിലൂടെ നാം ഒരുപാടു സ്വപ്നങ്ങളും സങ്കടങ്ങളും ആശകളും ഒക്കെ പങ്കുവെച്ചിരുന്നു. ഒക്കെ ഇങ്ങനെയാകുമെന്നോ, ഒരിക്കല്‍ കൈവിട്ടു പോയ ജീവിത ഇങ്ങനെ തിരികെക്കിട്ടുമെന്നോ വിചാരിച്ചതല്ല. എന്നും നിന്നെ മിസ്‌ ചെയ്തിരുന്നു..."

വാക്കുകള്‍ ഇപ്പോള്‍ കിട്ടുന്നില്ലയോ? ഇന്നു കൂടി. ഇന്നൊരു ദിവസം, ഈയൊരു സമയം കൂടി മാത്രമേയുള്ളൂ അനഘേ നിനക്ക്‌. പറയ്‌, മനസ്സില്‍ കെട്ടിയൊതുക്കി വെച്ചിരുന്നതെല്ലാം പറയ്‌...!

"പിന്നെ... പ്രദീപ്‌... എനിക്ക്‌ നിന്നെ.. നിന്നെ നഷ്ടപ്പെട്ടുകഴിഞ്ഞാണ്‌ എന്താണ്‌ ഇല്ലാതായത്‌ എന്നു ഞാന്‍ തിരിച്ചറിഞ്ഞത്‌. ആ കാരക്റ്റര്‍. പ്രദീപിന്റെ നേച്ചര്‍ ... എന്നും പ്രദീപിനെ ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ ട്രീറ്റ്‌ ചെയ്യണമെന്നാഗ്രഹിച്ചിരുന്നു. പ്രദീപിനെന്നും ആ ഒരു കെയറും അഫെക്ഷനും ഒക്കെ വേണ്ടിയിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ക്ലിയര്‍ കട്ട്‌ ആന്‍സര്‍ വേണമായിരുന്നു. ഒരിക്കലും സ്വന്തം ഫീലിങ്ങ്‌സ്‌ പ്രകടിപ്പിക്കാന്‍ ചമ്മലൊന്നുമില്ലായിരുന്നു. നിന്റെ സങ്കടങ്ങളൊക്കെ എറ്റവും അടുത്തവര്‍ക്കേ അറിയാന്‍ സാധിക്കുമായിരുന്നുള്ളൂ. അത്‌.. എനിക്കു വല്ലാതെ ഇഷ്ടമായിരുന്നെന്ന് ചങ്കു പറിയുന്ന ഒരു നൊമ്പരത്തോടെ... മാത്രമാ.. ഞാന്‍... "

അടക്കാനായില്ല. തേങ്ങലായി, കണ്ണീര്‍പ്പുഴയായി, സങ്കടമൊഴുകി. അതു സങ്കടം തന്നെയാണോ....?

അനഘയുടെ കവിള്‍ത്തടത്തിലെ ഇളംചൂടിനെ കവര്‍ന്ന കണ്ണീര്‍ പ്രദീപിന്റെ നെഞ്ചില്‍ അലിഞ്ഞില്ലാതായി. സിറ്റൗട്ടിലെ ശതാവരിയുടെ ഇലകളും, പ്രദീപിന്റെ ആര്‍ച്ചയും, അനഘയുടെ പ്രിയപ്പെട്ടവരുമെല്ലാം അവിടെ ഒരു നിമിഷം അപ്രസക്തരായി.

"അനീ..."

അവിശ്വസനീയതയോടെ അവന്റെ മുഖത്തേക്കു നോക്കിയതല്ലാതെ ആ വിളിക്കു മറുവാക്കോതാന്‍ ഒരു തേങ്ങല്‍ കാരണം‌ അനഘയ്ക്കായില്ല.

ഒരു ചുടുചുംബനം അനഘയുടെ നെറ്റിയില്‍ സാന്ത്വനമായി ഒട്ടിച്ചേര്‍ന്നു. ഒരു ജന്മത്തിന്റെ പ്രണയസാഫല്യം ആരും കാണാതെ ഒളിപ്പിച്ച ഒരു സ്നേഹചുംബനം.

'പ്രദീപ്‌ വെഡ്‌സ്‌ അര്‍ച്ചന' എന്നെഴുതിയ കവര്‍ അനഘയുടെ കൈയ്യിലേല്‍പ്പിച്ച്‌ ഇനിയും പറയാത്ത ഒരുപാടു വാക്കുകള്‍ ഒരു നോക്കിലൊതുക്കി അവന്‍ പടിയിറങ്ങി.

*** *** ***

പ്രദീപ്‌ പറഞ്ഞു നിര്‍ത്തുമ്പോള്‍ ഞാനും ഒരു ദീര്‍ഘനിശ്വാസം വിട്ടു. അപ്പവും താറാവു കറിയും അപ്പോഴും ശേഷിച്ചിരുന്നു. കുടത്തില്‍ ബാക്കിയുണ്ടായിരുന്ന കള്ളുകൂടി ഒറ്റവലിക്കു മോന്തിയിട്ട്‌ ഞാന്‍ പ്രദീപിനോട്‌ ചോദിച്ചു-

"എന്നിട്ട്‌..?"

"എന്നിട്ടെന്നാ, കൈയും വീശി ഇങ്ങു പോന്നു. ഹല്ല പിന്നെ." പ്രദീപും പാനപാത്രം കാലിയാക്കി. ചിറി തുടച്ച്‌ ഷാപ്പിന്റെ മുളയഴികള്‍ക്കിടയിലൂടെ വെറുതെ പുറത്തേക്കു നോക്കിയിരുന്നു. അല്‍പം കഴിഞ്ഞ്‌ ഒരു ചോദ്യം-

"അല്ല രാജേ, ഇയാളിന്നു വരെ പ്രേമിച്ചിട്ടില്ലേ?"

Saturday, January 17, 2009

അനഘയോടൊപ്പം - ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-5

കഴിഞ്ഞ കഥ

"പിന്നെ, എന്റെ കല്യാണമായി..."

"ഓഹ്‌... കണ്‍ഗ്രാജുലേഷന്‍സ്‌..!! ബട്ട്‌ ഐ കുഡ്‌ റീഡ്‌ ഇറ്റ്‌ ഫ്രം യുവര്‍ ഫേസ്‌!"

പ്രദീപിന്റെ മുഖത്തു നിലാവ്‌. "... പക്കാ ഒരു അറേഞ്ച്ഡ്‌ മാര്യേജ്‌. പെണ്‍കുട്ടിയുടെ പേര്‌ അര്‍ച്ചന. തിരുവനന്തപുരത്താണ്‌- ലാബ്‌ ടെക്നീഷ്യന്‍. കല്യാണം പതിനഞ്ചാം തീയതി, ശ്രീകൃഷ്ണക്ഷേത്രത്തില്‍ വെച്ച്‌...."

പക്ഷേ അവന്റെ വാക്കുകള്‍ മുഴുവന്‍ കേട്ടില്ല. ചെവി അടഞ്ഞു പോയതുപോലെ. ഒരു ബ്ലാക്കൗട്ട്‌.

"പിന്നെ... നിന്നെ ഒന്നുകൂടി കാണണമെന്നുണ്ടായിരുന്നു. ഒരിക്കല്‍കൂടി. വീട്ടില്‍ ഞാന്‍ അന്വേഷിച്ചിരുന്നു. അപ്പോഴാണ്‌ അടുത്തിടെ ഇങ്ങോട്ടു മാറ്റമായതറിഞ്ഞത്‌. എന്തായാലും കണ്ടിട്ടേയുള്ളൂ എന്നുറപ്പിച്ചിരുന്നതിനാല്‍ നേരെയിങ്ങു പോന്നു.... കഴിക്കുന്നില്ലേ?"

"ഉം.. കഴിച്ചോളാം."

"പിന്നെ... നിന്നെ കാണാന്‍ വന്നത്‌- ഒന്നാമത്തെ കാരണം- ഇതു തന്നെ. വിവാഹം ക്ഷണിക്കാന്‍. നിര്‍ബ്ബന്ധമായും വരണം. വന്നേ തീരൂ.” പ്രദീപിന്റെ പുഞ്ചിരിയില്‍ ഒരു വാശി കാണാനുണ്ടോ എന്നു ഞാന്‍ സംശയിച്ചു.

“വരാം, ഓക്കെ." സ്വന്തം വാക്കുകള്‍ക്ക്‌ വിറയലുണ്ടെന്ന് തോന്നി. മുഖത്ത്‌ ഒരു നിഴല്‍ വീണതുപോലെ. ഇത്തരം ഒരവസ്ഥ താന്‍ പ്രതീക്ഷിച്ചിരുന്നോ ? ഹേയ്‌, ഒരിക്കലുമില്ല. പ്രദീപിനും തെല്ലിട നേരെ നോക്കാനായില്ല.

“... വെല്‍, ഐ ഹാവ്‌ നെവര്‍ എക്സ്‌പെക്റ്റഡ്‌ സച്‌ എ സിറ്റുവേഷന്‍, മീറ്റിങ്ങ്‌ യു ഇന്‍ എ ഡിസ്റ്റന്റ്‌ പ്ലേസ്‌ ആന്‍ഡ്‌ ഇന്‍വൈറ്റിങ്ങ്‌ യു ഫോര്‍ മൈ മാര്യേജ്‌.. അ്.. ഞാന്‍ ആദ്യം ഓര്‍ത്തതു വെഡിങ്ങ്‌ കാര്‍ഡയച്ചാ മതീന്നാ. കാരണം നിന്റെ വിവാഹം ഞാന്‍ അറിഞ്ഞുപോലുമില്ലല്ലോ! പിന്നെന്തായാലും നിന്നെയൊന്നു കാണാമെന്നും കരുതി. നോട്‌ ആസ്‌ മൈ എക്സ്‌-ലവര്‍, നോട്‌ അസ്‌ മൈ ഫ്രന്‍ഡ്‌, ബട്‌ അസ്‌ എ വുമന്‍ ഹു നോസ്‌ മി മോര്‍ ദാന്‍ മൈ മദര്‍!"

ഹൃദയത്തില്‍ ഒരു സൂചി ആഴ്‌ന്നിറങ്ങിയതുപോലെ. അതെ, ഞാന്‍ അറിയിച്ചിരുന്നില്ല, ഒന്നും. ഉണങ്ങിത്തുടങ്ങിയ മുറിവുകളില്‍ വീണ്ടും നോവുപടര്‍ത്തണ്ട എന്നു കരുതി... പക്ഷേ! ചോറുണ്ണുന്നതില്‍ മുഴുകിയിരുന്ന വിരലുകള്‍ തളര്‍ന്നു. വാക്കുകളില്ലാതെ പ്രദീപിന്റെ മുന്നില്‍ ഞാന്‍ ഇരുന്നു.

“കുടിക്കാനെന്തെങ്കിലും പറയട്ടേ?"

"ഒന്നും വേണമെന്നില്ല."

"ഹേയ്‌, അതെന്നാ? എന്തായാലും ഞാന്‍ രണ്ടു ലൈം ജ്യൂസ്‌ പറയാന്‍ പോകുന്നു, പറയട്ടേ?"

വിരോധമില്ല എന്നൊരു തലയാട്ടല്‍.

"എന്താ മാഷേ, ആദ്യത്തെ ആ വണ്ടറടി കഴിഞ്ഞ്‌ പിന്നെ ഒരു തെളിച്ചമില്ലല്ലോ? ഏയ്‌, ഹൊന്നു ചിരി
മാഡം!" എന്റെ ഭാവമാറ്റം അവനറിഞ്ഞു. മന:പൂര്‍വ്വം ചിരിക്കാന്‍ ശ്രമിച്ചെങ്കിലും മുഖത്ത്‌ അതു വന്നോ എന്നൊരു സംശയം. 'പ്രദീപ്‌, യു ആര്‍ എ ഗ്രേറ്റ്‌ മാന്‍! യു ആള്‍വെയ്സ്‌ സ്‌മൈല്‍!' ഞാനറിയാതെ ഒരു നീണ്ട നിശ്വാസം.

"പിന്നെ, ഞാനോ നീയോ പഴയ ആളല്ല. എനിക്കറിയാം. കാലം മാറി, ബന്ധങ്ങള്‍ മാറി, മോഹങ്ങളും സ്വപ്നങ്ങളും മാറി. ഇന്നും മാറാതെ കുറെ ഓര്‍മ്മകള്‍ മാത്രമൊണ്ട്‌. ഒരിക്കലും മറക്കാമ്പറ്റാത്ത കുറെ സ്നേഹബന്ധങ്ങളും."

ബില്‍ വന്നു. പ്രദീപ്‌ പൈസ കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ തടഞ്ഞു. പക്ഷേ അവിടെയും ഞാന്‍ തോറ്റു.

"വേണ്ട വേണ്ട! ഇതൊരു അഡ്വാന്‍സ്‌ ട്രീറ്റ്‌ ആയി കൂട്ടിയാ മതി."
ശ്ശെ! അതുകൂടി കേട്ടപ്പോള്‍ എന്തോ, എനിക്കെന്നോടു തന്നെ ഒരു ഈര്‍ഷ്യ തോന്നി.

"നാരങ്ങാവെള്ളം മൊത്തം കുടിച്ചില്ല!" അവന്‍ ഓര്‍മ്മിപ്പിച്ചു.

വല്ലവിധേനയും അതു തീര്‍ത്ത്‌ 'ശരി, നമുക്കിറങ്ങാം' എന്നും പറഞ്ഞ്‌ വാഷ്ബേസിനടുത്തേക്കു നടന്നു. കൈ കഴുകുന്നനേരം കണ്ണാടിയില്‍ തെളിഞ്ഞ മുഖം എനിക്കന്യമായിട്ടു തോന്നി. എന്തിനാണു നിനക്കു പെട്ടെന്നു ഫീല്‍ ചെയ്യുന്നത്‌? എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ നീ വിവാഹിതയായി? ഒത്തിരി സ്നേഹം കിട്ടുന്ന ഒരു ഭാര്യയായി. ഒരു കുട്ടിയുടെ അമ്മയായി. ഇന്നിപ്പോള്‍ പ്രദീപിനെ കണ്ടപ്പോ എന്തുപറ്റി നിനക്ക്‌? സ്വന്തം മന:സാക്ഷിയോടും തല്‍ക്കാലം അറിയില്ല എന്നു പറഞ്ഞൊഴിഞ്ഞു.

റെസ്റ്റോറന്റില്‍ നിന്നും ഇറങ്ങവേ പ്രദീപ് അന്വേഷിച്ചു-“നമുക്കെവിടെയാ സ്വസ്ഥമായി ഒന്നിരിക്കാന്‍ പറ്റുക?”

അല്പമൊന്നു ശങ്കിച്ചെങ്കിലും ഞാന്‍ ചോദിച്ചു--“നമുക്ക് എന്റെ വീട്ടിലേക്കു പോയാലോ? വിരോധമുണ്ടോ?”

അങ്ങനെ വീണ്ടും ഒരു കുഞ്ഞുയാത്ര. വരണ്ട നഗരക്കാറ്റില്‍ പാറിപ്പറന്ന് അവളുടെ മുടിയിഴകള്‍ പ്രദീപിന്റെ മുഖത്ത് ഇടയ്ക്കിടെ വീണുകൊണ്ടിരുന്നു. യാത്രയ്ക്കിടയില്‍ താമസിക്കുന്ന വീട്ടിലെ ആന്റിയെപ്പറ്റി പറഞ്ഞു. ആന്റിക്ക് അന്‍പത്തെട്ടു വയസായി. കമല എന്നാണു പേര്. രണ്ടാണ്മക്കള്‍. ഇരുവരും കുടുംബസമേതം സ്റ്റേറ്റ്സില്‍. ഭര്‍ത്താവ് കഴിഞ്ഞവര്‍ഷം അറ്റാക്ക് വന്നു മരിച്ചുപോയി. ആ ഓര്‍മ്മകളുള്ള വീട്ടില്‍ നിന്നും എങ്ങും പോകാതെ അവര്‍ അവിടെ തനിച്ചുകഴിയവേ അമ്മയുടെ സുരക്ഷയ്ക്കു വേണ്ടി മക്കള്‍ കാട്ടികൊടുത്ത ഉപായമാണ് രണ്ടുപേരെ പേയിങ് ഗസ്റ്റ് ആയി താമസിപ്പിക്കുക എന്നത്. അമ്മയ്ക്കു ബോറടിയും മാറും, തനിയെ ആയെന്ന അരക്ഷിതാബോധവും മാറും. പിന്നെ ഒപ്പം താമസിക്കുന്നത് ഒരു സോഫ്ട്‌വെയര്‍ എന്‌ജിനീയറാണ്. ഒരു നെന്മാറക്കാരി.

പ്രദീപിനെ കണ്ടപ്പോള്‍ ആദ്യം ആന്റി ഒന്നു സംശയിച്ചെങ്കിലും നാട്ടില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ ഒരു ബന്ധു വന്നപോലുള്ള സന്തോഷമായി അവര്‍ക്ക്. ഇവിടെ അങ്ങനെ ബന്ധുക്കളാരും വരവില്ലല്ലോ. അതീവതാല്പര്യത്തോടെ ആന്റി കാര്യങ്ങള്‍ അന്വേഷിച്ചു. പ്രദീപ് സാമാന്യം നല്ല തമിഴിലാണു മറുപടി പറഞ്ഞതെങ്കിലും ഞാന്‍ ഇടയ്ക്കുകയറി.

“പ്രദീപ്, ആന്റിക്കിപ്പോ മലയാളം കേട്ടാല്‍ നന്നായി മനസ്സിലാകും. ബുദ്ധിമുട്ടി തമിഴ് പേശണ്ട!”

ആന്റിക്കു പെട്ടെന്നു തന്നെ പ്രദീപിനെ ബോധിച്ചെന്നു തോന്നി. ഞാന്‍ പോയി കാപ്പി കൊണ്ടുവന്നു. അവന്‍ ഫില്‍ട്ടര്‍ കോഫിയുടെ സ്വാദ് നന്നായി ആസ്വദിച്ച് പുരികമുയര്‍ത്തി തല വലത്തേക്കൊന്നു തിരിച്ചു. കാപ്പി നന്നേ പിടിച്ചെന്നു തോന്നുന്നു. പണ്ട് അവന്‍ പറയുമായിരുന്നു, ശാപ്പാട് നന്നായി വെക്കാനറിയാവുന്നെ ഏതു പെണ്ണിനും തന്നെ വളയ്കാനാവുമെന്ന്.
“ആന്റീ, ഞങ്ങള്‍ സിറ്റൌട്ടില്‍ ഉണ്ടാവുമേ..” ഞങ്ങള്‍ മുറിവിട്ടിറങ്ങി. “നാലു മാസത്തെ എന്റെ സഹവാസം കൊണ്ട് ആന്റിക്ക് മലയാളം കേട്ടാല്‍ മനസ്സിലാകുമെന്നായി. ഇപ്പോ ആന്റി മലയാളം സിനിമകളുടെയൊക്കെ ഫാനാ. ടിവിയില്‍ വരുന്ന പണ്ടുകാലത്തെയൊക്കെ പടങ്ങള്‍ .? അതൊകെ വിടാതെ കാണും ഇപ്പോ.”

പിന്നെ അല്‍പനേരത്തേക്ക് ഞങ്ങള്‍ ഒന്നും പറഞ്ഞില്ല.

“പ്രദീപ്, ബോംബെയില്‍ നിന്നും പോയി എന്നും ഗള്‍ഫില്‍ എവിടെയോ ആണെന്നും ഞാന്‍ അറിഞ്ഞിരുന്നു. കല്യാണമായി സ്വന്തം വീട്ടില്‍ നിന്നും മാറി നിന്നതിനുശേഷം അറിഞ്ഞ കാര്യങ്ങളാണ് ഇതൊക്കെ. ഇടയ്ക്കൊക്കെ വീട്ടില്‍ ചെല്ലുമ്പോള്‍ വിവരങ്ങള്‍ അറിയണമെന്നാഗ്രഹിക്കുമായിരുന്നു. അതൊക്കെ എത്ര മാത്രമാണ് സാധ്യമാകുക എന്നറിയാമല്ലോ. ഗള്‍ഫിലെത്തി എന്നറിഞ്ഞപ്പോള്‍ എനിക്കു തോന്നിയതു സന്തോഷമാണോ സങ്കടമാണോ എന്നറിഞ്ഞുകൂടാ. പിന്നെ ഒരല്പം നഷ്ടബോധം - അതെന്നുമുണ്ടായിരുന്നു, ഇന്നും തീരെ കുറയാതെയുണ്ടുതാനും.”

ചെടിച്ചട്ടിയില്‍ നിന്നിരുന്ന ശതാവരിയുടെ ഇലകള്‍ ഞാന്‍ വെറുതെ ഇറുത്തു കളഞ്ഞുകൊണ്ടു നിന്നു.

“... എന്തായാലും കഷ്ടപ്പാടൊന്നുമില്ലാതെ സുഖമായി കഴിയുന്നുണ്ടാവണേ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. എന്നെങ്കിലുമൊരിക്കല്‍, ഒരു പക്ഷേ പതിറ്റാണ്ടുകള്‍ക്കു ശേഷമെങ്കിലും അതൊന്നു നേരിട്ടറിയണമെന്നും... ഇപ്പോള്‍ അതും സാദ്ധ്യമായി.” എന്റെ ആത്മഹര്‍ഷം എല്ലാം കേട്ടുനില്‍ക്കുന്ന പ്രദീപിന്റെ മുഖത്തും പ്രതിഫലിച്ചു കണ്ടു. കണ്‍കോണുകളില്‍ അറിയാതെ ഊറുന്ന തുള്ളികളെ ആരും കാണാതെ ഞാന്‍ തുടച്ചകറ്റി. ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ.

Wednesday, January 14, 2009

സഹയാത്രികന്‍ - ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-4

കഴിഞ്ഞ കഥ

തൃശൂരു നിന്നും കോട്ടയത്തിനുള്ള ഫാസ്റ്റ്‌ പാസഞ്ചര്‍ ബസ്‌. സമയം വെളുപ്പിനെ രണ്ടര.

അടുത്ത സീറ്റില്‍ അല്‍പം മുന്‍പു വന്നിരുന്ന കട്ടിപ്പുരികമുള്ള ചെറുപ്പക്കാരന്‍ പോക്കറ്റില്‍ നിന്നും ഒരു ടിഷ്യുപേപ്പറെടുത്ത്‌ മുഖം അമര്‍ത്തിത്തുടച്ചു. അയാള്‍ പ്രദീപിന്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചു, പ്രദീപ്‌ തിരികെയും.

ഒരു ചിരിയാണല്ലോ പല ബന്ധങ്ങളുടെയും തുടക്കം. "സര്‍ എങ്ങോട്ടാണ്‌?"

"കോട്ടയം" തെല്ലുദാസീനമായിരുന്നു പ്രദീപിന്റെ മറുപടി.

"ഞാന്‍ പെരുമ്പാവൂര്‍ വരെയേ ഉള്ളൂ. അഹ്‌.. എന്റെ പേര്‌ രാജ്‌" അയാള്‍ കൈ നീട്ടി.

പ്രദീപ് അയാളുടെ കൈ കുലുക്കി. "ഹലോ, ഞാന്‍.."

"പ്രദീപ്‌, അല്ലേ?" അയാള്‍ ഇടയ്ക്കുകയറി. പ്രദീപ്‌ അത്ഭുതം കൊണ്ട്‌ കണ്ണു മിഴിച്ചു.

രാജിന്റെ മുഖത്തു വീണ്ടും ചിരി. അയാള്‍ എന്തോ നേടിയ പോലെ ഒരു ഭാവമായിരുന്നു അപ്പോള്‍ മുഖത്ത്‌. "പക്ഷേ, എങ്ങനെ..? എങ്ങനെയറിയും എന്നെ? നമ്മള്‍ ആദ്യമായല്ലേ കാണുന്നത്‌?"

"അതേ...നമ്മളു കാണുന്നത്‌ ആദ്യവാ. പക്ഷേ താങ്കള്‍ പ്രദീപാണെന്ന്‌ എനിക്കു മനസ്സിലായി." രാജ്‌ തുടര്‍ന്നു. "..എങ്ങനാന്നോ? മുന്‍പേ ആ മഫ്ലര്‍ എടുക്കാന്‍ താങ്കള്‍ ഈ ബാഗ്‌ തുറന്നപ്പോ അതിന്റകത്ത്‌ ഒരു കവര്‍ കണ്ടു. അതില്‍ പ്രദീപ്‌ വെഡ്‌സ്‌ അര്‍ച്ചന എന്നെഴുതിയിരുന്നു. അല്‍പം മുന്‍പ്‌, ദേ ഈ കമ്പിയില്‍ പിടിച്ചപ്പോ താങ്കളുടെ വെരലേലെ മോതിരത്തില്‍ അര്‍ച്ചന എന്ന പേരു കണ്ടു. അങ്ങനെ താങ്കള്‍ അര്‍ച്ചനയുടെ വരന്‍ ആയ പ്രദീപ്‌ ആണെന്നു മനസ്സിലായി. എപ്പടി?"

"സമ്മതിച്ചു തന്നേക്കുന്നു, രാജെ." പ്രദീപ്‌ തലകുലുക്കി. എന്നിട്ടു രാജിനോട്‌ തിരിച്ചൊരു ചോദ്യം- "രാജ്‌ ജനിച്ചതൊരു സെപ്റ്റംബര്‍ മാസത്തിലാണല്ലേ?"

"അതേ, അതെങ്ങനെ പിടികിട്ടി?" വിസ്മയം കലര്‍ന്ന്, ഏതോ ഉത്തരം പ്രതീക്ഷിച്ച്‌ രാജ്‌.

"കാരണം, എ വിര്‍ഗോ ഇന്‍സ്പെക്റ്റ്‌സ്‌ ഇന്‍ ഡീറ്റെയില്‍!"

"പെര്‍ഫെക്റ്റ്‌...!!" രാജിന്റെ തംസ്‌ അപ്‌ കൂടിയായപ്പോ പെരുമ്പാവൂര്‍ വരെയുള്ളതിനെക്കാള്‍ ദൂരം ആ സൗഹൃദം സഞ്ചരിക്കുമെന്ന് ഇരുവരും ഉറപ്പിച്ചു. "ഇപ്പോ എവിടെപ്പോയിട്ടു വരുന്നു?" എന്ന അന്വേഷണത്തിന്‌ അന്ന് രാജിനു കിട്ടിയ ചെറിയ മറുപടി കഴിഞ്ഞ്‌ ദിവസങ്ങള്‍ക്കു ശേഷം കേട്ട വിശദമായ കഥ ഇനി വായിക്കുക.


*** *** ***

നേരിയ ഒരു മയക്കത്തില്‍ നിന്നു പ്രദീപ്‌ തല ഉയര്‍ത്തിനോക്കുമ്പോള്‍ നീലക്കണ്ണുകളുള്ള ആ പെണ്‍കുട്ടി മുന്നിലെ സീറ്റില്‍ ഇല്ലായിരുന്നു. പകരം അങ്ങിങ്ങു നരകയറിയ മുടിയുമായി ക്ഷീണിതനായി ഒരു അണ്ണാച്ചി. താളമിട്ടുപായുന്ന ട്രെയിനില്‍ ഇരുന്നു നോക്കുമ്പോള്‍ ഒറ്റയ്ക്കും കൂട്ടമായും നില്‍ക്കുന്ന പനകള്‍ പിന്നോട്ടു പാഞ്ഞകന്നുകൊണ്ടിരുന്നു. ഇളവെയില്‍ വെള്ളിനിറം വീശി പാലക്കാടിന്റെ മാറില്‍ ചാഞ്ഞുവീഴുന്നു.

"Aarcha Calling..."

ഒരു പിടച്ചിലോടെ മൊബൈല്‍ അറിയിച്ചു.

"ഹലോ.."
"..."
"അതെ... ട്രെയിനിലാണ്‌.. പാലക്കാടു കഴിഞ്ഞു.."
".."
"നീ ഓഫീസിലാണോ?"
"..."
"... ആഹ്‌.. അതെന്തായി?"
"..."
"ഓകെ. ഞാന്‍ അവിടെ ചെന്നിട്ടു വിളിക്കാം. ബൈ.."

എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ ഈ റൂട്ടില്‍ ട്രെയിനില്‍..! തീരുമാനിച്ചു പുറപ്പെട്ടതാണെങ്കിലും ഒന്നുകൂടി ആലോചിക്കാതിരിക്കാനായില്ല- ഈ യാത്ര എത്രമാത്രം പ്രസക്തമാണ്‌? അന്വേഷിച്ചു ചെല്ലുന്ന ആളെ കണ്ടെത്താനായില്ലെങ്കില്‍? ആ വ്യക്തി തന്നെ കാണാന്‍ കൂട്ടാക്കിയില്ലെങ്കില്‍? എന്തിനാണ്‌ ഇപ്പോള്‍ എന്നെ കാണാന്‍ വന്നതെന്നു ചോദിച്ച്‌ ആട്ടിയിറക്കിയെങ്കില്‍? മനസ്സിലുയര്‍ന്നു വന്ന കുറെ ചോദ്യങ്ങളെ ചവിട്ടിയൊതുക്കി.

കോയമ്പത്തൂര്‍.

ഊഷരമായ നഗരം. ട്രെയിനില്‍ നിന്നിറങ്ങുമ്പോള്‍ ചുട്ടുപൊള്ളുന്ന വെയില്‍. സ്റ്റേഷനില്‍ വന്‍ തിരക്ക്‌. തോളില്‍ തൂക്കിയ എയര്‍ബാഗിലും ജീന്‍സിന്റെ പോക്കറ്റിലെ പേഴ്‌സിലും ഫോണിലും ശ്രദ്ധവെച്ച്‌ പതുക്കെ ആള്‍ക്കൂട്ടത്തിലേക്കു നൂണ്ടിറങ്ങി. നഗരത്തിനെന്നും ഒരേ മുഖമാണ്‌. വാഹനങ്ങള്‍, തിരക്ക്‌, പൊടി, പുക..!

തൊട്ടടുത്തുകണ്ട ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ കയറി. ഒരു മസാലദോശയും കാപ്പിയും കഴിച്ചു. ഹോട്ടലിനു പുറത്തുനിന്ന സെക്യൂരിറ്റിയോട്‌ പോകേണ്ട സ്ഥലത്തേക്കുള്ള വഴി ചോദിച്ചു.

ഭാഗ്യം, അടുത്തു തന്നെ. അപരിചിതമായ മുഖങ്ങളെ ഗൗനിക്കാതെ പ്രദീപ്‌ നടപ്പാതയിലൂടെ നീങ്ങി. സ്റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യ കണ്ടുപിടിക്കാന്‍ തീരെ പ്രയാസമുണ്ടായില്ല. ഗ്രില്ലിട്ട പൂമുഖവാതിലില്‍ നില്‍ക്കുന്ന ഗാര്‍ഡിന്റെ മുഖഭാവം പ്രദീപിന്റെയുള്ളില്‍ അല്‍പമൊരാശങ്ക വീഴ്‌ത്തി. എന്തായാലും അകത്തുകടന്ന് ചില്ലിട്ട കൗണ്ടറുകളിലൂടെ ഒന്നു പരതിനോക്കി.

ദാ, അവിടെ, ഇടത്തു നിന്നു മൂന്നാമത്തെ സീറ്റ്.
അവള്‍! അനഘ. ഒരുനിമിഷത്തേക്കു ഹൃദയതാളം നിലച്ചപോലെ തോന്നി. അങ്ങനെ ഒരിക്കലും തോന്നില്ല എന്നുറപ്പിച്ചിരുന്നു- അതു സംഭവിക്കും വരെ. ഉള്ളില്‍ ഓര്‍മ്മകളിരമ്പുന്നു.

"എക്സ്‌ക്യൂസ്‌ മീ, അ.. അനഘ?"

"യാഹ്‌...?" കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നിന്നും ഉയര്‍ന്ന മിഴികള്‍ പ്രദീപിന്റെ മുഖത്ത്‌ തെല്ലിട ഉടക്കി നിന്നു.

"പ്രദീപ്‌..??" ഇരിപ്പിടത്തില്‍ നിന്നും അറിയാതെ എഴുന്നേറ്റ അവളുടെ വാക്കില്‍ നിന്നും ഒരായിരം ചോദ്യങ്ങള്‍ അവന്‍ വായിച്ചെടുത്തു.

"അതെ. ഞാന്‍ അ..അനഘയെ കാണാന്‍ വേണ്ടി വന്നതാണ്‌. ഓഫീസ്‌ സമയത്തുവന്നതില്‍ ക്ഷമിക്കണം. ബുദ്ധിമുട്ടാവില്ലെങ്കില്‍ അല്‍പസമയം..."

"ഒരുകാര്യം ചെയ്യൂ, അവിടെ വെയിറ്റ്‌ ചെയ്യൂ. ഞാന്‍ അര മണിക്കൂര്‍ കഴിഞ്ഞാല്‍ ഇറങ്ങുവാ. പോകാന്‍ തിരക്കൊന്നുമില്ലല്ലോ?"

"ഇല്ല" എന്നു പ്രദീപ്‌ പറയുമ്പോള്‍ അയാളുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു. "പിന്നെ, ഭക്ഷണം കഴിച്ചോ? ഇല്ലെങ്കില്‍ പോയി കഴിച്ചിട്ടു വന്നോളൂ. ഇനി തിരക്കില്ലെങ്കില്‍ നമുക്ക്‌ ഒരുമിച്ചാകാം."

"ഞാന്‍ വെയിറ്റ്‌ ചെയ്യാം." എന്നായിരുന്നു പ്രദീപിന്റെ മറുപടി. പിന്നെ ടീപ്പോയില്‍ കിടന്ന ഹിന്ദു പത്രത്തിന്റെ ശനിയാഴ്ച സപ്ലിമെന്റിലേക്കു മിഴി നട്ടു. നാല്‍പതു മിനിറ്റെങ്കിലും കഴിഞ്ഞിട്ടുണ്ടാവണം, കയ്യില്‍ ഹാന്റ്ബാഗുമായി അനഘ മുന്നില്‍ വന്നു.

"പോകാം..?"

"ഓക്കെ..!" അനഘയുടെ പിന്നാലെ ബാങ്കില്‍ നിന്നിറങ്ങുമ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ മുഖത്തു മുന്‍പത്തെ നീരസം കണ്ടില്ല.

"ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല, എന്താ ഈ വഴിക്കൊക്കെ?"പ്രദീപ്‌ ചിരിച്ചു.

"വെറുതേ.. അല്ല നിന്നെ കാണാന്‍!" ആ മറുപടി അവള്‍ക്കു ദഹിച്ചില്ലെന്നു തോന്നി.

"എന്നെ കാണാനോ?"

"അതെ. ഞാന്‍ വെള്ളിയാഴ്ച ലാന്‍ഡ്‌ ചെയ്തു. രണ്ടുദിവസം ബാംഗ്ലൂരിലായിരുന്നു. പിന്നെ... നിന്നെ ഒന്നു കാണണം എന്നു തീരുമാനിച്ചിരുന്നു. അതാ വന്നത്‌."

"ഉം.. അതു കൊള്ളാം. പിന്നെ എന്തുണ്ടു വാര്‍ത്തകള്‍? എന്തോ നല്ല വിശേഷമുള്ള പോലെ തോന്നുന്നു?" പണ്ടെന്നോ കണ്ടുമറഞ്ഞ ഒരു കുസൃതിച്ചിരിയുടെ ലാഞ്ഛന അവളുടെ കവിളില്‍."അതെ. പറയാം. ആദ്യം ശാപ്പാട്‌"

"ഓക്കെ." അവള്‍ ആക്റ്റിവ സ്റ്റാര്‍ട്ടാക്കി.

ഒരു റെസ്റ്റോറന്റിന്റെ മുന്നില്‍ വണ്ടി പാര്‍ക്കുചെയ്ത്‌ അവള്‍ എനിക്കു മുന്നേ നടന്നു. പുറത്തെ ചുടുവെയിലില്‍ നിന്നും ഏസിയുടെ ശീതളസുഖത്തിലേക്ക്‌. മേശയുടെ മറുവശത്തിരുന്ന് അനഘ അവന്റെ മുഖത്തേക്കു നോക്കുമ്പോള്‍, ഓര്‍മ്മകള്‍ ഉള്ളില്‍ തുളുമ്പി വീണു.

"സംസാരിക്കാനുണ്ടെന്നു പറഞ്ഞിട്ട്‌?" ഒരു തുടക്കം കിട്ടാന്‍ പ്രദീപ്‌ ബുദ്ധിമുട്ടി.

"നമ്മള്‍ തമ്മില്‍ എത്രകാലം കൂടിയാ കാണുന്നത്‌?"

"അഞ്ച്‌-ആറു വര്‍ഷം?"

"ഉം.. കൊള്ളാം- ആറുവര്‍ഷം." അനഘ മൗനം.

“ഇക്കാലംകൊണ്ട് ജീവിതം എത്ര മാറി..!" ഇരുവരും ഊണിനു പറഞ്ഞു.

"പ്രദീപിന്‌... സുഖമല്ലേ..?" ആറു വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ക്കൂടി പ്രദീപിന്റെ മുഖത്ത്‌ രക്തമയമില്ലാത്ത ആ ചിരിപരന്നു.

"അതെ. സുഖം തന്നെ. നിനക്ക്‌..?"

"ഉം.. പരമസുഖം! ഞാന്‍ ഇവിടെ ഈ പട്ടണത്തില്‍ തനിയെ. പുള്ളിക്കാരന്‍ അങ്ങ്‌. കുഞ്ഞാണെങ്കി അച്ഛന്റേം അമ്മേടേം കൂടെ നാട്ടില്‍. കുടുംബജീവിതം ഒഴികെ ബാക്കിയെല്ലാം ഓകെ."

തൂവെള്ളനിറമുള്ള ചോറില്‍ സാമ്പാര്‍ ഒഴിച്ച്‌ ഇളക്കിക്കൊണ്ട്‌ പ്രദീപ്‌ പറഞ്ഞു-"എനിക്കീ ചോറിന്റെ കൂടെ പരിപ്പുകറി തീരെ ഇഷ്ടമല്ല.”

ഇവനിന്നും പഴയതുപോലെ തന്നെ- ഔട്ട്‌സ്പോക്കണ്‍ ചാപ്‌-പഴയ വിശേഷണം ഭൂതകാലത്തിന്റെ ഗന്ധം പരത്തി അനഘയ്ക്കു തികട്ടിവന്നു.

Saturday, October 04, 2008

എ ക്വസ്റ്റിന്‍ ടു ദ്‌ ഗോഡ്‌ - ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-3

കഴിഞ്ഞ കഥ
"ഹ്ം.. അതേടാ, ആക്കാലത്ത്‌ അങ്ങനെയൊക്കെ തോന്നും. ഇന്നു നിനക്കു തോന്നുന്നുണ്ടോ? ഇല്ലല്ലോ? ഇസ്‌ യുവര്‍ ലൈഫ്‌ എ ബിഗ്ഗ്ഗ്ഗ്‌ ക്വസ്റ്റിന്‍ മാര്‍ക്‌ നൗ?"

അവന്‍ ഉത്തരമൊന്നും പറഞ്ഞില്ല. ഓര്‍മ്മകളില്‍ കലണ്ടര്‍ താളുകള്‍ മറിഞ്ഞു. മേലെ മേഘം മറയ്ക്കാനൊരുങ്ങുന്ന നിലാവേറ്റ്‌ അവന്‍ ടെറസ്സില്‍ മലര്‍ന്നു കിടന്നു.

"അല്ലെടാ. അല്ല. എല്ലാം തീരുമെന്നും അഴുക്കുചാലിലെ പെരുച്ചാഴിയെപ്പോലെ നരകിച്ചു ജീവിക്കേണ്ടി വരുമെന്നും കരുതിയിരുന്നിടത്തു നിന്നു നീ പിടിച്ചു കേറിയില്ലേ? അന്നു നീയില്ലെന്നു പറഞ്ഞതെല്ലാം പടവെട്ടി നേടിയില്ലേ?"

"നേടി. അന്നില്ലാതിരുന്നതൊക്കെ നേടി. ജീവിതസൗകര്യങ്ങള്‍, നല്ല വീട്‌, സുഹൃത്തുക്കള്‍, നല്ല ജോലി, സാമ്പത്തികം, വണ്ടി -എല്ലാം. പക്ഷേ ഇതിനെല്ലാമിടയില്‍ വെച്ചു നഷ്ടപ്പെട്ടുപോയ ഒന്നുണ്ട്‌ - ഇന്നു നേടിയതെന്ന് പറഞ്ഞതെല്ലാം കൊടുത്താലും തിരിച്ചു കിട്ടാത്ത ഒന്ന്. അവള്‍..! അതൊരു തീരാത്ത നഷ്ടമാടാ!" ഒന്നു നിര്‍ത്തി അവന്‍ പാടി:

"അമ്മാടിയോ നീതാന്‍..
ഇന്നും സിറുപിള്ളൈ...
താങ്കാതമ്മാ നെഞ്ചം...
നീയും സൊന്ന സൊല്ലൈ..
പൂന്തേനേ നീ താനേ
സൊല്ലില്‍ വെയ്ത്തായ്‌ മുള്ളൈയ്‌..."


എന്റെ കണ്ണു മിഴിഞ്ഞു. "വൗ.. എത്ര നാളു കൂടിയാടാ നീ പാടുന്നതു കേള്‍ക്കുന്നെ? ഹും... പക്ഷേ, കിട്ടാന്‍ പോകുന്നത്‌ അതിലും നല്ല ബന്ധമല്ലേ?"

പ്രദീപ്‌ കുറച്ചു കൂടി വെള്ളം കുടിച്ചു. മുഖത്തിന്റെ ഇടതുവശം കൊണ്ടൊന്നു ചിരിച്ചു. "നീ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുണ്ടെന്നു ഞാന്‍ വിശ്വസിക്കണോ? കൗമാരം മുതല്‍ കാത്തുവെച്ച സ്വപ്നം. മുതിര്‍ന്നപ്പോള്‍, ജീവിതത്തോടു പടവെട്ടാന്‍ തുടങ്ങിയപ്പോള്‍ പരസ്പരം കൈമാറിയ സ്വപ്നം. കുടുംബം നല്‍കിയ ഉത്തരവാദിത്വത്തിനു മേല്‍ പ്രചോദനമായി നിന്ന സ്വപ്നം. ഐ ലോസ്റ്റ്‌ ദാറ്റ്‌ ഡ്രീം ഫോര്‍ എവര്‍! അതു ഞാന്‍ തിരിച്ചറിഞ്ഞ നിമിഷം നിനക്കൊന്നു സങ്കല്‍പ്പിക്കാമോ? ഒണ്‍ലി ഇഫ്‌ യു ഹവ്‌ എവര്‍ - ഐ മീന്‍ എവര്‍- ബീന്‍ ഇന്‍ ദ ഫീലിങ്ങ്‌ കാള്‍ഡ്‌ ലവ്‌!"

"ഞാന്‍ തകര്‍ന്നോ? നീ പറഞ്ഞപോലെ നിരാശാകാമുകനായി നടന്നോ? ഇല്ല. എന്നാലും എന്റെ ജീവിതം എന്താണെന്നും എന്തിനാണെന്നും ഈ ലോകത്ത്‌ ഏറ്റവും നന്നായി അറിയുന്നവളായിരുന്നു അവള്‍. ആ അവള്‍ എന്നോട്‌ ഉറപ്പു ചോദിച്ചു - എന്നവള്‍ക്കൊരു ജീവിതം കൊടുക്കാനൊക്കുമെന്ന്. ബോംബെയില്‍ ഒരു നിഷ്ഠൂരമാര്‍വാഡീടെ എക്സ്‌പോര്‍ട്ടിങ്ങിന്റെ കണക്കെഴുത്താ അന്ന്. രാത്രി പത്തും പന്ത്രണ്ടും വരെ ജോലി ചെയ്യുന്ന കാലം. ഇരുപത്തഞ്ചു പൈസാ പോലും അനാവശ്യമായി ചെലവാക്കാതെ കടിച്ചു പിടിച്ചു ജീവിക്കുകാ. വീട്ടിലൊരാള്‍ക്കു പനി വന്നാല്‍ മതി, എല്ലാം കൊഴയാന്‍. ഇതീന്നൊക്കെ കരകേറുന്ന കാലത്ത്‌ അവളും എന്റെ കൂടെക്കാണുമെന്ന് ഞാന്‍ സ്വപ്നം കണ്ടു. അവള്‍ക്കറിയാമായിരുന്നു ഇതെല്ലാം. എന്നിട്ടും അവളെന്നോടു ചോദിച്ചു- എന്നു ജീവിതം കൊടുക്കാന്‍ പറ്റുമെന്ന്... എന്തു ജീവിതം? സ്വന്തമായി പ്രതീക്ഷ പോലുമില്ലാത്തവന്‍ എങ്ങനെയാടോ ഒരു പെണ്ണിനു ജീവിതം കൊടുക്കുക? സ്നേഹം കഴുകി അടുപ്പത്തിട്ടാ ചോറാകുവോ? അന്നാടാ ഞാന്‍ തിരിച്ചറിഞ്ഞത്‌, പ്രണയിക്കാന്‍ നടക്കുന്നവന്‍ ഒന്നുകില്‍ ഫുള്‍ സെറ്റപ്പിലായിരിക്കണം അല്ലെങ്കില്‍ ഗട്‌സ്സ്‌ വേണം, എന്നാത്തിനാ? വിശ്വസിച്ച പെണ്ണിനേം കൊണ്ട്‌ പൊട്ടക്കുളത്തിലേക്കു ചാടാന്‍. ഇതൊന്നുമില്ലാത്തവന്‍ പഴത്തൊലിയെറിയുന്ന പോലെ എറിഞ്ഞോണം - അവന്റെ ഉള്ളിന്റെയുള്ളില്‍ കാത്തുവെച്ച മോഹമെല്ലാം..."

പ്രദീപ്‌ ഒരു ഞൊടി നിര്‍ത്തി. "... പെണ്ണുങ്ങള്‍ എപ്പളും സേഫര്‍ സൈഡേ നോക്കത്തൊള്ളടാ. അതവളും ചെയ്തു- ഞാന്‍ പ്രതീക്ഷിച്ചതല്ലേലും. നമ്മളോ അതെല്ലാം മറന്ന് സ്വന്തം വിധിയോടു പടവെട്ടണം. എന്നിട്ട്‌ എന്നെങ്കിലും രക്ഷപ്പെടുന്ന നാള്‍ ഇങ്ങനെ സ്വന്തം കൂട്ടുകാരന്റെ ടെറസ്സില്‍ വന്നിരുന്ന് അന്നിതെല്ലാം ഉണ്ടായിരുന്നെങ്കില്‍ എന്നു വെറുതെ ആശിക്കണം. ഹാ..ഹ്ഹാ...!! ഒരു തരത്തില്‍ പറഞ്ഞാല്‍ ജീവിതം നമ്മളെ എന്നതെല്ലാം കോലം കെട്ടിക്കുന്നു. ഒരു വേള എല്ലാം പിടിച്ചു വെയ്ക്കുന്നു, പിന്നെ ഇന്നാടാ ഉവ്വേന്നും പറഞ്ഞ്‌ എല്ലാം വെച്ചുനീട്ടുന്നു. എന്തിനോ എന്തോ!"

എനിക്കു പറയാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല. ശാന്തമായി അവന്‍ എന്റെ നേരെ നോക്കിയിരുന്നു.

"ഇനിയെന്ത്‌? വരുന്നതിന്റെ ബാക്കി നോക്കുക. നല്ല കുടുംബ ജീവിതം നയിക്കുക. അല്ലാതെ പിന്നെ? വാ, നേരം ഒരുപാടായി, പതുക്കെ താഴേക്കു നീങ്ങാം?"

"അല്ലാതെന്ത്‌? നാലു നാളികേരം പോയാ നാരായണനു തേങ്ങയാ എന്ന്" പ്രദീപ്‌ വീണ്ടും ഉഷാറായി. "എന്നാലും ഈ സ്നേഹവും ബന്ധവുമൊക്കെ പിരിഞ്ഞുപോകുക എന്നു പറയുന്നത്‌ അല്‍പം ദെണ്ണമൊള്ള കാര്യമാടാ. പ്രത്യേകിച്ചും, നമുക്ക്‌ ഒത്തിരിയിഷ്ടപ്പെട്ട ചിലതൊക്കെ ചങ്കീന്നു പറിഞ്ഞു പോകുമ്പോ... " അവന്റെ വാക്കുകള്‍ മുറിഞ്ഞു.

"... എടാ, ഈ ലോകത്ത്‌ ആത്മാര്‍ഥമായി പ്രണയിക്കാന്‍ പറ്റുന്നവന്‍ ഭാഗ്യവാനാടാ. അത്‌ ലൈഫുമൊത്തം കാക്കാന്‍ പറ്റുന്നവനോ അതിലും ഭാഗ്യവാന്‍." അവന്റെ സ്വരത്തില്‍ ഒരു യാത്രാമൊഴിയുടെ ഈര്‍പ്പം.

എന്റെ കൈ അവന്റെ തോളില്‍ അമര്‍ന്നു. "യേയ്‌... ഫീലാകാതെടാ.. ഞാനില്ലേ? ഏഹ്‌? എനിക്കറിയില്ലേ എല്ലാം? ഒരു തരത്തില്‍ പറഞ്ഞാല്‍ അവള്‍ പോയതിന്റെ ദു:ഖത്തില്‍ കയറിനിന്നല്ലേ നീയിത്ര വളര്‍ന്നത്‌? ഒന്നു ചീഞ്ഞു, വേറൊന്നിനു വളമായി എന്നു കരുതിയാ മതി. ആഹ്‌.. തിരിഞ്ഞു നോക്കുമ്പോ ജീവിതത്തില്‍ കല്ലും മുള്ളുമൊന്നുമില്ലെങ്കില്‍ ഒരു പക്ഷേ ദൈവത്തിനു പോലും ഈ പ്രദീപിനോടസൂയ തോന്നിയാലോ..! അല്ലേടാ ഉവ്വേ?" ഞാന്‍ ഒരു മറുപടിക്കു വേണ്ടി അവനെ ഒന്നുലച്ചു.

അവനൊന്നു ചിരിച്ചെന്നു തോന്നി.

"പിന്നെ, ഭാഗ്യവാന്മാരും ഭാഗ്യവതികളും പ്രണയിക്കട്ടെ. നമുക്കത്താഴം മുടക്കാന്‍ പറ്റുവോ?"

ഞാന്‍ അനുസാരികളുടെ അവശിഷ്ടങ്ങളൊക്കെ പെറുക്കിക്കൂട്ടവേ പ്രദീപ്‌ പതുക്കെ എഴുന്നേറ്റ്‌ ചെറുതായൊന്നു വേച്ച്‌, രണ്ടു കൈകളും ആകാശത്തേക്കുയര്‍ത്തി, ഉറക്കെ വിളിച്ചു ചോദിച്ചു: "വെല്‍, ആര്‍ യു ജെലസ്‌ ഒഫ്‌ ദിസ്‌ പുവര്‍ ചാപ്‌, ഡിയര്‍ ഗോഡ്‌ ആള്‍മൈറ്റി??"

കഥ തീരുന്നില്ല!

Sunday, September 28, 2008

കളം മൂത്തു - ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും - 2

കഴിഞ്ഞ കഥ
"അയ്യേ, നീയിതെന്നതാ ഈപ്പറയുന്നെ?" ഞാന്‍ കളിയാക്കി.

"ഹതേടാ, എനിക്കെന്നാലും അവളെ അങ്ങു മറക്കാനൊക്കുന്നില്ല". ദാണ്ടെ പെഗ്ഗടിച്ചിരിക്കുന്ന പുറത്ത്‌ ഫീലടിച്ചുകഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ കൈമറിയും. കെട്ടാന്‍ പോകുന്ന ഒരു ബാച്ചിലറെ കുറച്ചൂടെ അനുഭാവപൂര്‍വ്വം കൈകാര്യം ചെയ്യണം.

"കാലമെത്രയായെടാ നീയവളേം പേറി നടക്കുന്നു? വട്ടാണോ നിനക്ക്‌? പശൂം ചത്തു, മോരിലെ പുളീം കെട്ടു. ഇപ്പോ ദേ, പുതിയൊരു ജീവിതത്തിലേക്കു കാലെടുത്തു വെയ്ക്കാന്‍പോവ്വാ നീ.. "

"പശു ചത്തെങ്കിലും മോരിലെ പുളി ഇപ്പോഴും നാവിന്‍ തുമ്പിലുണ്ട്‌ മാഷെ"

ഇതൊരു നടയ്ക്കു തീരില്ല! ഞാന്‍ അക്ഷമനായി.

"എന്നതായാലും എനിക്കീ പറച്ചിലത്ര പിടിക്കുന്നില്ല, കെട്ടോ! എടോ ഇതു പഴയ കാലമൊന്നുമല്ല. ഒരു പെണ്ണിനേം ഓര്‍ത്തോണ്ടു നടക്കുന്ന നിരാശാകാമുകന്മാരൊക്കെ മണ്ണടിഞ്ഞു. ഇത്തരം സോഫ്റ്റ്‌ ഫീലിങ്ങൊന്നും ഇപ്പോള്‍ ഓടില്ല."

"എടാ, കോപ്പെ, ഇതതല്ലെടാ. നിനക്ക്‌ തോന്നുന്നുണ്ടോ ഞാന്‍ ഒരു സോ കോള്‍ഡ്‌ നിരാശാകാമുകനായി നടന്നെന്ന്? എന്നെങ്കിലും ഞാനങ്ങനെ ഒരുവനായി നടന്നു ജീവിതം തുലയ്ക്കുമെന്നു നീ കരുതിയിട്ടുണ്ടോ? ഹാവ്‌ യു എവര്‍ തോട്ട്‌ ലൈക്‌ ദാറ്റ്‌?"

"ഓക്കെ, നീ നിരാശാകാമുകനായി നടന്നിട്ടുമില്ല, നിനക്കവളെ മറക്കാനൊട്ടു പറ്റത്തുമില്ല. കുഞ്ഞേ, നീ ഒത്തിരി കഴിച്ചോടാ?"

"നോട്‌ ബികോസ്‌ ഒഫ്‌ ദിസ്‌ ഹോളിഷിറ്റ്‌, ബട്‌ ഐ കാന്റ്‌ ഹെല്‍പിറ്റ്‌!!"

ഹീശ്വരാ.. ഇംഗ്ലീഷ്‌ വന്നു തുടങ്ങി. വീലായാലും ഫീലായാലും ഇംഗ്ലീഷ്‌ വരും എന്നൊരു മാരകരോഗമുണ്ടിവന്‌. വീലു പഞ്ചറാകുന്നതു വരെ അല്ലെങ്കില്‍ ഫീലു ഫേഡാവുന്നതു വരെ അതിനി ഒഴുകിക്കൊണ്ടേയിരിക്കും. (ഈ സ്വഭാവം അറിയുന്നവരെല്ലാം അവനോട്‌ പറയുമായിരുന്നു- ഇന്റര്‍വ്യൂവിനും പ്രസന്റേഷനുമൊക്കെ കേറുമ്പോള്‍ ചെറുതു രണ്ടെണ്ണം അടിച്ചിട്ടു കേറിയാ മതീന്ന്. )

"നീ കാര്യം പറയ്‌, എന്നതാ നിന്റെ പ്രശ്നം?"

"എഡാ, നിനക്കറിയാമല്ലോ കാര്യങ്ങളൊക്കെ? ഒരുഗതീം പരഗതീമില്ലാതെ ഡപ്പാംകുത്തു ബീക്കോമുമായി ഞാന്‍ നടന്ന കാലം തൊട്ടു നീയെന്നെ കാണുന്നതാ. ബസ്സിലെ ക്ലീനറായി ഞാന്‍ ജോലി ചെയ്തിട്ടുണ്ട്‌. ബാനറുകെട്ടാന്‍ ഇലക്ട്രിക്‌ പോസ്റ്റുമ്മെ വലിഞ്ഞുകേറീട്ടൊണ്ട്‌. കേറ്ററിങ്ങുകാരുടെ കൂടെ വിളമ്പാന്‍ പോയിട്ടൊണ്ട്‌. ഡയറക്റ്റ്‌ മാര്‍ക്കറ്റിങ്ങിനു ബാഗും തൂക്കി വീടു വീടാന്തരം കേറിയെറങ്ങീട്ടൊണ്ട്‌. ഇതിനൊക്കെ അവസാനം ഞാന്‍ എന്റെ ഈ ജീവിതതിന്റെ തുടക്കമിട്ടത്‌ എവിടാന്നറിയാവോ?"

"ഉം.."

"എടാ, അറിയാവോന്ന്? അറിയാവെങ്കി അറിയാവെന്നു പറ, ഇല്ലെങ്കി ഇല്ലെന്നു പറ!"

"അറിയാം"

"അപ്പോ, നീയറിയുന്നതുപോലെ ഞാനാദ്യം അക്കൗണ്ടന്റാവുന്നത്‌- മാസം എണ്ണൂറുരൂപയ്ക്ക്‌ ഞാന്‍ കണക്കെഴുതി. ഓഫീസു കെട്ടിടത്തിന്റെ മണ്ടേലുള്ള കുടുസ്സുമുറീല്‍ ഞങ്ങള്‌ കൊറെ സ്റ്റാഫ്‌ ഉണ്ടും ഉറങ്ങീം ജീവിച്ചു. നിനക്കറിയാവോ, അന്നു കിട്ടുന്ന എണ്ണൂറു രൂപായീന്ന് നൂറ്റന്‍പതുരൂപ കൊടുത്ത്‌ വാങ്ങി ധരിക്കുന്ന ആ ഷര്‍ട്ടിടുമ്പൊഴത്തെ ഒരു സുഖമൊണ്ടല്ലോ- അല്ലെങ്കി, സാലറി കിട്ടുന്ന ദിവസം അടുത്തുള്ള ചായക്കടേന്നു വരുത്തിക്കഴിക്കുന്ന ഏത്തക്കാബോളീടെ രസമൊണ്ടല്ലോ - ആ സുഖമൊന്നും ദൂരെയൊരു ദേശത്തു കിടന്ന് പതിനായിരങ്ങളു വാങ്ങിക്കൂട്ടീട്ട്‌ ഒരു വാന്‍ ഹ്യൂസന്‍ ഷര്‍ട്ട്‌ വാങ്ങിച്ചിട്ടാലോ കെന്റക്കി ചിക്കന്‍ വാങ്ങി വിഴുങ്ങിയാലോ കിട്ടില്ലടോ!" പ്രദീപ്‌ ഒരു കഷണം മീന്‍ നുള്ളിയെടുത്തു വായിലിട്ടു.

"കുരുമുളകു വീട്ടീന്നു കൊണ്ടുവന്നതായിരിക്കും, അല്ലേ?"

എനിക്കു പിന്നേം ചിരി വന്നു. "അല്ലാതെ പിന്നെ കാശു കൊടുത്തു മേടിക്കാനോ?"

"കൊള്ളാം, ഈ പണി പോയാലും നീ ഇവിടെ ഒരു മല്ലൂ റെസ്റ്റോറന്റിട്ടാ മതി. നല്ല ബിസിനസ്സായിരിക്കും. ഒരു മധ്യതിരുവിതാംകൂര്‍ സ്പെഷ്യല്‍ ചായക്കട! ആ, അപ്പോ, പറഞ്ഞു വന്നതു കാശിന്റെ കാര്യം. ചെല അവന്മാരു പറയും കാശിലൊന്നും ഒരു കാര്യവുമില്ലെന്ന്. എനിക്കിന്നുവരെ അത്രയ്ക്കങ്ങു തോന്നീട്ടില്ല കെട്ടോ. ന്ന്വച്ചാ, മണി ഇസ്‌ നോട്‌ എവ്‌രിതിങ്ങ്‌, പക്ഷേ മണിക്കു മണി തന്നെ വേണം. പണ്ടേതോ പയ്യന്‍ പറഞ്ഞപോലെ, ഇത്തരം കൂതറ തത്ത്വഞ്ജാനം വെളമ്പുന്നേനു മുന്‍പു സ്വന്തം കൈവശം ആവശ്യത്തിനു പണം ഉണ്ടെന്നുറപ്പു വരുത്തണം. "

"പെണ്ണുകേസല്ലേ പറഞ്ഞു വന്നത്‌? അതിപ്പോ എക്കണൊമിക്സിലെത്തിയല്ലോ" കത്തീടെ ചാലുമാറിയെന്നു ശങ്കിച്ചു ഞാന്‍ തട്ടിവിട്ടു.

"അതു തന്നെയാ പറഞ്ഞു വരുന്നെ. ദേ, കാശുകൊടുത്തു സന്തോഷം വാങ്ങാമ്പറ്റില്ല, മനസ്സമാധാനം വാങ്ങാമ്പറ്റില്ല എന്നൊക്കെ ചിലവമ്മാരു ആളെ വടിയാക്കാന്‍ പറയും. ലെമ്മീ അസ്ക്‌ വണ്‍ തിങ്ങ്‌. എടോ, കാശു കൊടുക്കാനുണ്ടേല്‍ നമ്മടെ നാട്ടില്‍ പലരുടേയും സങ്കടം തീരും. കൊടുക്കാനുള്ളതു ചെലപ്പോ ബാങ്കിലാരിക്കും, ആശൂത്രീലാരിക്കും, മോള്‍ടെ ആമ്പ്രന്നോനാരിക്കും. അവരടെ ആവശ്യത്തിനു കാശു കിട്ടിയാ അവരടെ മനസ്സമാധാനക്കേടു തീരും, സങ്കടം തീരും. ആം ഐ റൈറ്റ്‌?"

"ആന്നേ..!"

"അപ്പോ ഈപ്പറഞ്ഞ സോ കോള്‍ഡ്‌ തത്ത്വഞ്ജാനത്തിനു പാവപ്പെട്ടവന്റെ മുന്നില്‍ ഒരു വിലയുമില്ലെടോ! പതിറ്റാണ്ടായി പാടത്തു കൃഷി ചെയ്യുന്നവനു ഇന്നതു ചെയ്യാന്‍ നമ്മുടെ നാട്ടില്‍ സ്വാതന്ത്ര്യമുണ്ടോ? അവനു കഴിവുണ്ടോ? കൂലി കൊടുക്കാന്‍ ത്രാണിയുണ്ടോ? കൂലി കൊടുക്കാമെങ്കി തന്നെ പണിയാനാളുണ്ടോ? അതു വിട്‌, അത്തരക്കാരനു മനസ്സമാധാനം കാശുകൊടുത്താല്‍ കിട്ടില്ല. അതു ഞാന്‍ സമ്മതിക്കും. നീ കൊറച്ച്‌ വെള്ളമിങ്ങൊഴിച്ചേ .." അവന്‍ ഗ്ലാസ്‌ നീട്ടി.

ഞാന്‍ പതുക്കെ ഒഴിച്ചു കൊടുത്തു.

"ആങ്ങ്‌.. മതി. പക്ഷേ, ലെമ്മീ സേ ദിസ്‌ ആള്‍സൊ. എന്റെ വീട്ടില്‍ കടബാദ്ധ്യത ഉണ്ടെങ്കില്‍, എന്റെ അപ്പന്റേം അമ്മേടേം ചെലവിനും മരുന്നിനും ഞാനാണു കൊടുക്കേണ്ടതെങ്കില്‍, എനിക്കൊരു പ്രാരബ്ദ്ധക്കാരനായിരിക്കാന്‍ പറ്റുവോ? ഇല്ലല്ലോ? അന്നാരം ഞാന്‍ പണമൊക്കെ വെറും മ**ണെന്നൊക്കെ പറഞ്ഞോണ്ടിരുന്നാല്‍ നുമ്പേ പറഞ്ഞ സോ കോള്‍ഡ്‌ തത്ത്വഞ്ജാനികള്‍ വന്ന് ഒലത്തുവോ? ഇല്ല. അതുകൊണ്ടാടാ നല്ല പ്രായം മുഴുവന്‍ നാട്ടിലും ബോംബേലും കെടന്നു നരകിച്ച്‌ ഇത്രേമൊണ്ടാക്കീത്‌. എന്നിട്ടോ? എനിക്കറിയാം, നാട്ടില്‍ ചെല ഗുണാപ്പന്മാരു പറയുന്നത്‌ - ഹൊ! അവനങ്ങ്‌ കള്‍ഫീപ്പോയി നല്ലേ നെലേലൊക്കെ ആയി, കാശൊണ്ടാക്കി, വീടു വെച്ചു, ഇപ്പോ ദേ അങ്ങു തെക്കൂന്നെങ്ങാണ്ടു വെല്യ മുഴുത്തേടത്തൂന്നു കെട്ടാന്‍ പോണൂന്ന്- എനിക്കു പുച്ഛമാടാ ഇമ്മാതിരി നാറികളെ. ഇന്നീ സൗകര്യമെല്ലാമുണ്ടാകുന്നേനു മുന്‍പ്‌ നീറി നീറി കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു എനിക്ക്‌. എനിക്കെന്നു പറയുന്നതെന്നാത്തിനാ, നമക്ക്‌! എന്നിട്ടൊരുത്തന്‍ കഷ്ടപ്പെട്ട്‌ രക്ഷപ്പെട്ടു വരുന്നതു കാണുമ്പോ തീങ്കുത്തെടുക്കുന്ന വര്‍ഗ്ഗം ഈ പരട്ടമലയാളികള്‍ മാത്രമാടാ."

ഒന്നു നിര്‍ത്തി, വെറുതെ ചുറ്റുമൊന്നു കണ്ണോടിച്ച്‌, ഇടയ്ക്കു വാച്ചിലുമൊന്നു നോക്കി അവന്‍ പറഞ്ഞു- "ഒന്നൂടെയൊഴി!"

"ഏയ്‌, വേണ്ടടാ, ഇപ്പോത്തന്നെ ആവശ്യത്തിനായി. മതി, ശാപ്പാടു കഴിക്കാന്‍ കെടക്കുന്നു."

"ഒരു ചെറുതൊഴിയെടാ മ**, നിന്റെ പെണ്ണുമ്പിള്ളേ വേണേ ഞാന്‍ പറഞ്ഞുനിര്‍ത്തിക്കോളാം." എന്നിട്ടവനൊരു ചിരി.

"എന്റെ പൊന്നു പാര്‍ട്ടീ, അതൊന്നുമല്ല. ഇതൊത്തിരിയായി. ദേ, ഒരു തെര്‍ട്ടി. ലാസ്റ്റ്‌!"

"ഓക്കെ. എന്നിട്ട്‌ അങ്ങനെ കഷ്ടപ്പെടുന്നവനൊണ്ടല്ലോ, ആ കഷ്ടപ്പാടില്‍ നിന്നു മോചിതനാവുന്ന വരെ അവന്‍ വെറും കഴുതയാടോ! ഹീ ഇസ്‌ ജസ്റ്റ്‌ എ ജാക്‌ ആസ്സ്‌. ഐ ഹഡ്‌ തോട്ട്‌ ലൈക്‌ ദിസ്‌... ദറ്റ്‌ തിസ്‌ ഫ** ലൈഫ്‌ ഇസ്‌ സച്‌ എ ബിഗ്ഗ്ഗ്ഗ്‌.."- രണ്ടു കൈയ്യും കൊണ്ട്‌ പ്രദീപ്‌ വായുവില്‍ ഒരു വലിയ വട്ടം വരച്ചു-"...ക്വസ്റ്റിന്‍ മാര്‍ക്‌ ഇന്‍ ഫ്രണ്ട്‌ ഒഫ്‌ മീീ.."

( ബാക്കി അടുപ്പത്താ, വേകട്ടെ..!)

Friday, September 26, 2008

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും - 1

നിലാവേ വാ.. സെല്ലാതേ വാ..
എന്നാളും ഉന്‍ പൊന്‍വാനം നാന്‍
എനൈ നീ താന്‍ പിരിന്താലും
നിനൈവാലേ അണൈത്തേന്‍..


ഒരു പാട്ട്‌ എവടെയെങ്കിലുംവെച്ച്‌ ഒന്നു ചെവിയില്‍ കയറിക്കഴിഞ്ഞാല്‍ അത്‌ പിന്നെ ചുണ്ടത്തൂടെ ഇങ്ങനെ ഒലിച്ചോണ്ടിരിക്കും. ഇതു പ്രദീപ്‌ തന്നേച്ചു പോയതാണ്‌.

ഈ ശനിയാഴ്ച വൈകുന്നേരത്തെ ബാംഗ്ലൂര്‍ നിരത്തുകളിലെ ഒരു ട്രാഫിക്ക്‌! ഒരുത്തന്‍ ആപ്പിള്‍ പോലത്തെ ഒരു പെണ്ണിനേം പിന്നില്‍ വെച്ചോണ്ട്‌ എന്‍റെ കാറിന്‍റെ ഇടത്തെ റിയര്‍വ്യൂ മിററില്‍ മുട്ടി-മുട്ടിയില്ല എന്നും പറഞ്ഞു പാഞ്ഞു പോയി. അവന്‍റെയൊരു ആക്രാന്തം! ഞാന്‍ ഉള്ളില്‍ ചിരിച്ചു.

അപ്പോഴും ഞാന്‍ പ്രദീപിന്‍റെ പാട്ട്‌ മൂളി.

***

ഇന്നലെ ഉച്ചതിരിഞ്ഞ്‌ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രദീപിനെ പിക്കുചെയ്യാന്‍ ഇറങ്ങുമ്പോള്‍ മുതല്‍ മനസ്സു നൊസ്റ്റാള്‍ജിയയില്‍ വീര്‍പ്പുമുട്ടുകയാണ്‌. വര്‍ഷങ്ങള്‍ കൂടി പഴയ കൂട്ടുകാരനെ കണ്ടപ്പോഴുണ്ടായ സന്തോഷം എയര്‍പോര്‍ട്ടില്‍ വച്ച്‌ അല്‍പ്പം അതിരുകടന്നോ എന്നൊന്നും ഞാന്‍ ചിന്തിച്ചില്ല. ഓഹ്‌.. പിന്നേ, അവര്‍ക്കറിയാമോ ഞങ്ങള്‍ തമ്മിലുള്ള ബന്ധം?

ഫോറിന്‍ പെര്‍ഫ്‌യൂമിന്റെ മണവുമായി അവന്‍ ഉദ്യാനനഗരത്തിന്റെ കാഴ്ചകളാസ്വദിക്കുമ്പോള്‍ ഞാന്‍ വീണ്ടും പഴയൊരു നല്ല കാലം ഓര്‍ത്തു. നടുവില്‍ ഇലക്ടിക്‌ പോസ്റ്റുള്ള നടപ്പാതകളിലൂടെ തോളോടു തോള്‍ ചേര്‍ന്നു നടന്ന, ഒരു ചിക്കന്‍ ഷവര്‍മ്മ വാങ്ങി പങ്കിട്ടു തിന്ന, കുറുകിയ ഒരു ഷാര്‍ജ്ജാ ഷേയ്ക്കിന്റെ മരവിപ്പ്‌ നിറുക മരവിപ്പിച്ച കാലം.

"കോപ്പേ, വണ്ടിയെടടാ" ആക്രോശം കേട്ടാണു ഞാന്‍ ഞെട്ടിയുണര്‍ന്നത്‌.

"തെണ്ടീ, അതിനു ഗ്രീന്‍ സിഗ്നല്‍ ആയില്ലല്ലോ?" ചുമ്മാ ഞെട്ടല്‍ മൂടാന്‍വേണ്ടി ചോദിച്ചു.

"അല്ല, നീയെന്താ ഇത്ര സ്വപ്നം കാണാന്‍?" ഞാന്‍ അവനെ നോക്കി ഒന്നു കണ്ണിറുക്കി, തോളുകൂട്ടി കനത്തില്‍ ഒരിടി കൊടുത്തു. അവന്‍ എന്നെ ഇടിക്കാന്‍ ഓങ്ങിയപ്പോളേക്കും ഗ്രീന്‍ വന്നു, ഞാന്‍ രക്ഷപ്പെട്ടു.

"ഇവനൊന്നും പെണ്ണുകെട്ടിയാലും കൈത്തരിപ്പു മാറില്ലേ, പാറേപ്പള്ളി മാതാവേ!"

'പട്ടി'യില്‍ തുടങ്ങി 'മോനേ'യില്‍ അവസാനിക്കുന്ന ഉദ്ദേശം 40 അക്ഷരങ്ങളുള്ള മലയാളം കണ്ടതില്‍ വച്ചേറ്റവും വലിയ ഒറ്റവാക്കുകളിലൊന്നുച്ചരിച്ച്‌ ഞാന്‍ വീണ്ടും ഡ്രൈവിങ്ങില്‍ത്തന്നെ ശ്രദ്ധിച്ചു.

***

ചായയും കുളിയും ഇറ്റുറക്കവും കഴിഞ്ഞ്‌ നായകന്‍ വരുമ്പോള്‍ ഞാനും നല്ലപാതിയും അത്താഴത്തിന്റെ പണിയിലായിരുന്നു. മണം പരത്തി മൊരിയുന്ന അയലയെ ചുമ്മാ ഞാന്‍ ചട്ടുകം കൊണ്ടു കുത്തിക്കൊണ്ടു നിന്നു. പത്നി സവാള അരിയലാണ്‌. അവളുടെ കണ്ണു നനയുന്നതു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, "കരയണ്ടടീ, നാളെ മുതല്‍ വീണ്ടും കഞ്ഞീം പയറും തന്നാ. ഇവന്‍ നാളെ ഉച്ചയ്ക്കു പോകും!. കേട്ടോടാ, പ്രദീപേ, വെറും കഞ്ഞി വെയ്ക്കാന്‍ പോലും അറിയില്ലാത്ത ഒരു ഭാര്യയെയാടാ എനിക്കു കിട്ടിയെ. ഒന്നു വീടു നോക്കാവുന്ന പരുവത്തിലാക്കിയെടുക്കാന്‍ എത്ര കഷ്ടപ്പെട്ടെന്നറിയാവോ? ദൈവകൃപയാല്‍ വയറിളക്കം പിടിക്കാതെ ജീവിക്കുന്നു!"

"ഡയലോഗു സൂക്ഷിച്ചു വിട്‌, ഇതേയ്‌, കോളേജില്‍ നിന്റെ മുന്നില്‍ ചൂളി നിന്ന മറ്റേ ബീസിയേക്കാരി പെണ്‍കിടാവല്ല. നാളേം കൂടെ വേണ്ട ഭാര്യയെന്ന ഭാരമാ!"

"ഡാ മോനേ, ഒരു നിറയ്ക്കു രണ്ടു വെടിയാണോടാ പൊട്ടിക്കുന്നെ?"

"അല്ലെടാ, ഇതേയ്‌ ഇരട്ടക്കുഴല്‍ തോക്കാ!" ഞാന്‍ പിന്നെയും ചമ്മിയോ?

"അതേയ്‌, ഞാന്‍ ദേ ഈ ചോറുകൂടി വാര്‍ത്തിട്ടേച്ചും വരാം, ഒരഞ്ചു മിനിറ്റ്‌" ടെറസിലേക്കു കണ്ണുകാണിച്ചു ഞാന്‍ പറഞ്ഞു.

"അയ്യോ, ദേ, ആ മീനെല്ലാം എടുത്തോണ്ടു പോവ്വാന്നോ?" -പോകാന്‍ നേരം നല്ലപാതിയുടെ ടെന്‍ഷന്‍ നിറഞ്ഞ വാക്യം.

"ആ, നീയതീക്കൊറച്ചു വെളമ്പിയാ മതി".

"താഴെ ഞാനുണ്ടെന്നോര്‍ക്കണേ!"

"നിന്റകത്തുള്ളയാള്‍ ഇതൊന്നും കണ്ടു പഠിക്കാതിരിക്കാനല്ലിയോ ഞാന്‍ ടെറസിലേക്കു പോണെ" മാക്സിമം ഉത്തരവാദിത്വബോധവും ശൃംഗാരവും ചാലിച്ചൊരു സുഖിപ്പിക്കല്‍. അതേലവള്‍ വീണു!

'എന്റെ മണര്‍കാട്ടു പാപ്പാ, നീയിതൊന്നും കാണുന്നില്ലേ?'

***

"മാഷേ, കൊള്ളാമല്ലോ, കുടുമ്മമായിട്ടു താമസിച്ചാല്‍, ഐസ്ക്യൂബും, മീന്‍വറുത്തതും മാങ്ങാ അച്ചാറുമൊക്കെയായി വെള്ളമടി കൊഴുപ്പിക്കാം എന്നൊരു മെച്ചമുണ്ടല്ലേ?"

"പോടേയ്‌.. പെണ്ണുമ്പിള്ളേടെ പരിഭവവും പരാതിയും കേക്കുമ്പോത്തന്നെ പാതി കെട്ടെറങ്ങും. ഒരാഴ്ച്ചത്തെ പണീം കഴിഞ്ഞു വന്നു രണ്ടേ രണ്ടു ചെറുതു വിട്ടാല്‍പ്പറയും' അതേയ്‌, ഈയിടെ നല്ല പോളിങ്ങാണല്ലോന്ന്‌'. അക്കണക്കിനു നോക്കിയാല്‍ പച്ചവെള്ളമൊഴിച്ചു നിപ്പനടിച്ച്‌ റൂമില്‍ വന്നു ബോധംകെട്ടുറങ്ങുന്ന ബാച്ചിലറിന്റെ സുഖം വേറൊരുത്തനുമില്ല. ആഹ്‌, നിനക്കിതൊക്കെ മനസ്സിലായിക്കോളും. 'മീനത്തില്‍ താലികെട്ട്‌' ഒന്നു കഴിഞ്ഞോട്ടെ."

"ഉം..."

വിമാനം കയറിവന്ന ഒരു ജോണിവാക്കറിന്റെ കഴുത്തില്‍ വൈകുന്നേരത്തെ വേനല്‍മഴയുടെ ഈറന്‍ മാറാത്ത ആകാശം സാക്ഷിയാക്കി പ്രദീപ്‌ പിടിമുറുക്കി. 'എത്ര വര്‍ഷം കൂടിയുള്ള ഒരു കമ്പനിയാണെടാ കള്ളക്കഴു...തേ'യെന്നുപറഞ്ഞായിരുന്നു അവന്‍റെ ചിയേഴ്സടി.

ജോണിച്ചായനും ഐസ്ക്യൂബും ചേര്‍ന്നു അകം ആദ്യമൊന്നു മരവിപ്പിച്ചെങ്കിലും ഓര്‍മ്മകള്‍ക്കു പതുക്കെ ചൂടുവരാന്‍ തുടങ്ങി. പഠനം കഴിഞ്ഞ കാലത്ത്‌ ഒന്നു ചുവടുറപ്പിക്കാന്‍ പ്രദീപ്‌ കാണിച്ചു കൂട്ടിയ പരാക്രമങ്ങളും അവസാനം ഇന്ന്‌ അബുദാബിയിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗവും. പ്രദീപ്‌ തീയില്‍ക്കുരുക്കുമ്പോഴാണ്‌ ഞങ്ങള്‍ പരസ്പരം കണ്ടതും അറിഞ്ഞതും.

"എടാ കോപ്പേ, നിനക്കൊരു കാര്യമറിയാമോ? ഞാനീ ലിക്വറുകഴിക്കുന്നതിപ്പോ എത്ര നാളുകൂടിയാണെന്നു എനിക്കു തന്നെ നല്ല പിടിയില്ല."

അവന്‍റെ കണ്ണുകള്‍ അദ്ഭുതംകൊണ്ട്‌ വിടര്‍ന്നു. "അതെന്നാടാ നീ കല്യാണമൊക്കെക്കഴിച്ചപ്പോഴേക്കും അങ്ങു മാന്യനായിപ്പോയോ?"

"യേയ്‌, അങ്ങനെയൊന്നുമില്ല." എന്നു ഞാന്‍ പറഞ്ഞൊഴിഞ്ഞെങ്കിലും അതിലും അല്‍പം കാര്യമില്ലാതിരുന്നില്ല. അതവനും മനസ്സിലായി.

"ഡാ, പിന്നേ, നിന്റെ പണ്ടത്തെ വിഷമമൊക്കെ മാറിയോ?"

'എന്നാ വെഷമം' എന്നൊരു മറുചോദ്യം പ്രതീക്ഷിച്ചുകൊണ്ടാണ്‌ അങ്ങനെയൊരു ചോദ്യം ഞാന്‍ എറിഞ്ഞത്‌. അവന്‍ പെട്ടെന്നൊന്നു മുഖമുയര്‍ത്തി നോക്കിയിട്ടു വിരല്‍ വീണ്ടും കടുകുമാങ്ങാ അച്ചാറിന്റെ ചാറില്‍ ഒന്നുകൂടി മുക്കിയെടുത്തു. അവന്‍ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നെന്നും അതിനെപ്പറ്റി അവനിനിയും എന്തോ പറയാനുണ്ടെന്നും വ്യക്തമായി.

അത്യാവശ്യം മൂഡായിരുന്നതിനാലും കാര്യമായ വര്‍ത്താനം ഇനിയാണു നടക്കാന്‍ പോകുന്നത്‌ എന്നറിഞ്ഞും ഞാന്‍ പതുക്കെ കുപ്പി ഒരരികിലേക്കുമാറ്റി വച്ചു. പ്രദീപ്‌ ഗ്ലാസില്‍ മിച്ചമുണ്ടായിരുന്നതു കൂടി മൊത്തിക്കുടിച്ചിട്ട്‌ ഇടംകൈ കൊണ്ടു ചിറിതുടച്ചു. എന്റെ മുഖത്തു വീണ്ടും ഒരു നിശ്ശബ്ദചിരി പടര്‍ന്നു. അഭുദാഫീലെ അക്കൗണ്ട്സ്‌ ആപ്പീസറാണേലെന്നാ, ഇവന്‍റെ രീതിക്കന്നുമിന്നും ഒരു മാറ്റവുമില്ലല്ലോ എന്നു ഞാനതിശയിച്ചു. പണ്ടു ഞാനിങ്ങനെ ചിരിക്കുന്നതു കാണുമ്പോള്‍ ഈ പഹയന്‍ ചോദിക്കുന്നതെന്നതായിരുന്നെന്നോ- "എന്നാ കോപ്പു കണ്ടിട്ടാടാ മൈഗുണേശാ കിണിക്കുന്നെ?" എന്ന്‌. മനപ്പൂര്‍വ്വം ചിരിയടക്കി, ഞാന്‍ വിഷയത്തിലേക്കു കടന്നു:

"ആ, പറ മാഷേ, ചുമ്മാ ഷോ കാണിക്കാതെ!"

"എടാ എനിക്കവളെ മറക്കാന്‍ കഴിയുന്നില്ലടാ..!"

എടുപിടീന്നായിരുന്നു മറുപടി!

( ബാക്കി പിന്നെ...)