ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-11
തുടക്കം
കഴിഞ്ഞ കഥ
എന്‍. എച്ച്. 7 - സേലം ബാംഗ്ലൂര്‍ റൂട്ട്. വെയില്‍ മാഞ്ഞു; റോഡില്‍ ട്രാഫിക് തീരെ കുറവാണ്. ബസ്സുകളും ട്രക്കുകളും ഹുങ്കാരശബ്ദം മുഴക്കി പോകുന്നു. കാറില്‍ മുഴങ്ങുന്ന പതിഞ്ഞപാട്ട് ആസ്വദിച്ച്, റോഡിലേക്കു തന്നെ കണ്ണും നട്ട് അയത്നലളിതമായി വിനോദ് വണ്ടിയോടിക്കുന്നു.
"ഒരുപാടു സ്വപ്നം കാണല്ലേ! തല്‍ക്കാലം ഡ്രൈവിങ്ങില്‍ ശ്രദ്ധിക്ക്!" ഞാന്‍ പറഞ്ഞു.
"ഇപ്പോഴല്ലേടോ സ്വപ്നം കാണാന്‍ പറ്റൂ. അച്ഛനാകാന്‍ പോകുന്നതിന്റെ ത്രില്‍ നിനക്ക് അറിയാന്‍ മേലാഞ്ഞിട്ടാ. എത്രയും വേഗം നാട്ടിലൊന്നെത്തിയാല്‍ മതി എന്നാ എന്റെ ചിന്ത!"
എനിക്ക് വിനോദേട്ടന്റെ മനസ്സിലെ തിരത്തള്ളല്‍ മനസ്സിലാക്കാമായിരുന്നു. സീറ്റില്‍ അമര്‍ന്നിരുന്ന് ഞാന്‍ മൂപ്പരുടെ ഡ്രൈവിങ്ങ് ആസ്വദിച്ചു. ഈ രാത്രി ഇങ്ങേരെ ഉറക്കാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം എനിക്കാണല്ലോ എന്നോര്‍ത്ത് മുന്‍പത്തെ ബിയറിന്റെ ആലസ്യത്തെ ഞാന്‍ മന:പൂര്‍വ്വം അവഗണിച്ചു.
പുതിയ ഒരു രാവിനെ വരവേല്‍ക്കാന്‍ പ്രകൃതി ചായം ചാലിച്ചു. നല്ല ചെമന്ന ആകാശം. എനിക്കൊരു ഫോട്ടോയെടുക്കാന്‍ തോന്നി. ബാംഗ്ലൂരിലെ കോണ്‍ക്രീറ്റ് കാടുകള്‍ക്കിടയില്‍ ഇത്തരമൊരു ദൃശ്യം കിട്ടില്ല. പിന്നെ ഫോട്ടം പിടിക്കാന്‍ വണ്ടി നിര്‍ത്തിച്ചു- വേണ്ട. നേര്‍ത്ത ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് സ്വിഫ്റ്റ് പറന്നു.
പെട്ടെന്നു വിനോദിന്റെ ഫോണ്‍ ചിലച്ചു. ഇന്‍ഡിക്കേറ്ററിട്ട് വേഗം കുറച്ച് വണ്ടി ഇടത്തോട്ടൊതുക്കി.
"ആ പ്രദീപാ..!" എന്നും പറഞ്ഞ് ഫോണെടുത്തു സാവധാനം പുറത്തിറങ്ങി. അല്‍പം കഴിഞ്ഞ് പിന്നാലെ ഞാനും.
എന്തെല്ലാമോ അന്തംവിട്ട രീതിയില്‍ സംസാരിച്ചിട്ട് പുള്ളി വേഗം കാറില്‍ വന്നു കയറി. പാട്ടു നിര്‍ത്തി.
എന്താഎന്തു പറ്റിയെന്നു ഞാന്‍ ചോദിക്കുന്നതിനു മുന്‍പു തന്നെ ധൃതിയില്‍ ഇത്രയും എന്നോടു പറഞ്ഞു: " പ്രദീപിന്റെ ഫ്രണ്ടൊണ്ടല്ലോ? അനഘ, കോയമ്പത്തൂരിലുള്ള...? പുള്ളിക്കാരിക്ക് ഒരു ആക്സിഡന്റ്..!! ഇവളും ഇവള്‍ടെ ഒരു കൂട്ടുകാരിയും കൂടി സ്കൂട്ടറില്‍ പോയപ്പോ സ്കിഡ് ചെയ്തതോ മറ്റോ ആണത്രേ.. ബസ്സിനടിയില്‍ പോയെന്നാ അറിയാന്‍ കഴിഞ്ഞത്. കൂട്ടുകാരിക്കും പരിക്കുണ്ട്. അല്‍പം സീരിയസാണത്രെ. ഹോസ്പിറ്റലില്‍ നിന്നു പ്രദീപിനെയാ വിളിച്ചു പാഞ്ഞത്. അനഘേടെ വീട്ടില്‍ അറിയിച്ചിട്ടുണ്ട്. അവര്‍ അവിടുന്നു പുറപ്പെട്ടു. എന്നാലും അവരു വരുമ്പോ സമയമെടുക്കില്ലേ. അതുകൊണ്ട് നമ്മളവിടെ എത്രേം വേഗം എത്തിയേ പറ്റൂ."
ഞാന്‍ അല്‍പനേരം സ്തബ്ധനായി ഇരുന്നുപോയി. അപ്രതീക്ഷിതമായ ഒരു ദുരന്തവാര്‍ത്ത കേട്ടതുപോലെ. വണ്ടി സ്റ്റാര്‍ട്ടാക്കി, എഞ്ചിന്‍ നന്നായി റെവ്-അപ് ചെയ്തു. ഇപ്പോ പറക്കാന്‍ പോവ്വാണെന്ന് എനിക്കു തോന്നി. വണ്ടി എടുക്കാന്‍ ഒരുങ്ങിയതാണ്. അപ്പോള്‍ പെട്ടെന്ന് ഓര്‍ത്തപോലെ ഫോണെടുത്ത് വിനോദേട്ടന്‍ ഡയല്‍ ചെയ്തു:
"ശരത്തേ, നീയെവിടാ? വീട്ടിലുണ്ടോ? ....... എടാ, ഒരു അത്യാവശ്യക്കേസ്!! എന്റെയൊരു ഫ്രണ്ട് ഒരു അക്സിഡന്റായി, ഇന്നു വൈകിട്ട്, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലാണെന്നാ കേട്ടത്. .... പേരോ?... അനഘ, അവിടെ എസ്.ബി.ഐയിലാ ജോലി. .... ഒന്നന്വേഷിച്ചു വിവരം പറയാമോ?.. ഞങ്ങള്‍ സേലം അടുക്കാറായി.. എത്രയും വേഗം എത്താം.. എന്തെങ്കിലും അത്യാവശ്യ... ഓകെഡാ... ആ വിളി... ബൈ."
പറഞ്ഞുനിര്‍ത്തി, അല്പനേരം ആശാന്‍ നിശ്ശബ്ദനായിരുന്നു. "രാജേ ആ വെള്ളമിങ്ങെടുത്തേ.."
ഞാന്‍ കുപ്പിയിലെ വെള്ളം നല്‍കി. മടുമടാന്നു മൂന്നാലിറക്കു കുടിച്ച് കുപ്പി സീറ്റിനരികില്‍ വെച്ചു. "സീറ്റ് ബെല്‍റ്റിട്ടോ.." എന്നും പറഞ്ഞ് സ്വയം ബെല്‍റ്റുധരിച്ചു.
"ഭാഗ്യം, അവന്‍-ശരത് - വീട്ടില്‍ തന്നെയുണ്ടായിരുന്നു. ഇവന്റെ വീട് ആശുപത്രീടെ അടുത്തെങ്ങുമാണേല്‍ മതിയാരുന്നു... ദൈവമേ ഒന്നും വരുത്തല്ലേ!"
ഇതെല്ലാം കേട്ട് ഞാനും വെള്ളം കുടിച്ചു പോയി. സ്വിഫ്റ്റ് ഒന്നുകൂടി കരുത്താര്‍ജ്ജിച്ചു, സാവധാനം മുന്നോട്ടുനീങ്ങി. വിനോദേട്ടന്‍ വലതു വശത്തുകൂടി പിന്നിലേക്കൊന്നു പാളിനോക്കി സാവധാനം വണ്ടി ട്രാക്കിലാക്കി. വ്യക്തമായ ഒരു മൂളലോടെ വേഗമെടുത്തു. 'പ്ഡക്' എന്ന ശബ്ദത്തോടെ ഗിയര്‍ മുന്നേറി. അതീവശ്രദ്ധയോടെ വിനോദേട്ടന്‍ വണ്ടി പറപ്പിച്ചു.
*** *** ***
മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് ശരത്തിന്റെ വിളി വന്നു. ആളെ കണ്ടെത്തി എന്നും സംഗതി അല്‍പം സീരിയസ്സാണ് എന്നും അവന്‍ ആദ്യമേ പറഞ്ഞു. "റോഡിന്റെ ഡിവൈഡറില്‍ സ്കൂട്ടര്‍ തട്ടി മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്നത് ഒപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ് - നിത്യ- അവളാണു വണ്ടി ഓടിച്ചിരുന്നത്. അതിന്റെ കൈയ്ക്കും കാലിനും ഫ്രാക്ചറുണ്ട്. ഈ അനഘയ്ക്ക് ഹെല്‍മെറ്റ് ഇല്ലായിരുന്നുവത്രെ. റോഡില്‍ തലയടിച്ചാണു വീണത്, കൂടാതെ തോളിനും കാലിനും പരുക്കുണ്ട്. നിത്യേടെ വീട്ടുകാര്‍ സംഭവം അറിഞ്ഞയുടന്‍ എത്തി. ഇവിടെ അവര്‍ക്കു നല്ല ഹോള്‍ഡാ. പിന്നെയുള്ള കാര്യങ്ങളെല്ലാം അവരാണ് നടത്തിയത്. അനഘയ്ക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ വേണ്ടിവരും, രക്ഷപ്പെടാനുള്ള സാധ്യതയെപറ്റി ഇപ്പോള്‍ പറയാനാവില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എത്രയും വേഗം ഒപ്പറേഷന്‍ നടത്താനുള്ള അറേന്‍ജ്‌മെന്റ്‌സ് ചെയ്യുന്നുണ്ട്. ബ്ലഡ് ഒക്കെ ഞങ്ങള്‍ രണ്ടു കൂട്ടരും ചേര്‍ന്ന് ഏര്‍പ്പാടു ചെയ്തു. " ഇതായിരുന്നു വിളിയുടെ സാരം. വിവരങ്ങളെല്ലാം പ്രദീപിനെ അറിയിച്ചു. ഒപ്പം അനഘയുടെ വീട്ടുകാരെ വിളിച്ചു. കൂടുതല്‍ വിശദീകരിച്ചില്ലെങ്കിലും അത്യാവശ്യവിവരങ്ങള്‍ മാത്രം പറഞ്ഞു.
വീട്ടില്‍ വിളിച്ചിട്ട് ഒരു സുഹൃത്തിനൊരു അത്യാവശ്യമുണ്ടായി. അതുകൊണ്ട് കോയമ്പത്തൂരില്‍ അല്‍പം താമസമുണ്ട്. മിക്കവാറും നാളെ പകലേ എത്തുവൊള്ളൂ എന്നു മാത്രം പറഞ്ഞു. ബിന്‍സിയോട് അംസാരിച്ചു, ടെന്‍ഷനൊന്നുമില്ലല്ലോ, അല്ലെ മോളേ എന്നു എന്നു വിനോദേട്ടന്‍ ചോദിക്കുമ്പോള്‍ പലവിധ ടെന്‍ഷനുകള്‍ക്കു നടുവിലാണല്ലോ ഈ മനുഷ്യന്‍ നില്‍ക്കുന്നതെന്നു ഞാനോര്‍ത്തു.
ആകെപ്പാടെ പിരിഞ്ഞുമുറുകിയ അന്തരീക്ഷമായിരുന്നു ഞങ്ങള്‍ക്കു ചുറ്റും അപ്പോള്‍. പിന്നെ എന്തിനും ഒരു സഹായത്തിനു ശരത് അവിടെ ഉണ്ടല്ലോ എന്നൊരു ചിന്തയായിരുന്നു ഏക ആശ്വാസം.
*** *** ***
ഇരുനൂറിലേറെ കി.മീ. ദൂരം നിര്‍ത്താതെയുള്ള ഡ്രൈവിങ്ങ്. കഷ്ടിച്ചു മൂന്നു മണിക്കൂറെടുത്തില്ല!അത്രയും സ്പീഡില്‍ അത്രയും തഴക്കത്തോടെ ആരും വണ്ടിയോടിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല, അങ്ങനെയൊരു യാത്ര നടത്തിയിട്ടുമില്ല.
ഹോസ്പിറ്റലിലെത്തി. ട്രോമ കെയര്‍ വിഭാഗത്തില്‍ അന്വേഷിച്ചു, എമര്‍ജന്‍സി ഓപ്പറേഷനു കൊണ്ടുപോയി എന്നറിഞ്ഞു. ഉടനെ തന്നെ ശരത് പ്രത്യക്ഷപ്പെട്ടു. കണ്ടപാടെ "കാര്യങ്ങളെല്ലാം വേഗം അറെന്‍ജ് ചെയ്യാന്‍ പറ്റി. പിന്നെ കാത്തുനിക്കാതെ ഉടനെതന്നെ തീയേറ്ററില്‍ കയറ്റി. ഇപ്പോ രണ്ടുമണിക്കൂറാകുന്നു." എന്നാണു പറഞ്ഞത്. എത്ര കാര്യമായിട്ടാണ് അവന്‍ ഇവിടെ എത്തിയത്. അവന്റെ നല്ല മനസ്സിന് ആയിരം നന്ദി പറഞ്ഞു.
നിത്യയുടെ വീട്ടുകാരെ കണ്ടു. അവള്‍ ഐ.സി.യു. വില്‍ ആണ്. ജീവന് അപകടമൊന്നുമില്ല. വീഴ്ച പറ്റിയതു കൊണ്ട് 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ ഇട്ടിരിക്കുകയാണ്. വേദന അറിയാണ്ടിരിക്കാന്‍ മയക്കിക്കിടത്തിയിരിക്കുന്നു. അവളുടെ മാതാപിതാക്കള്‍ കയറി കണ്ടുവത്രെ.
പ്രദീപിനെയും അനഘയുടെ അച്ഛനെയും വിനോദേട്ടന്‍ വിളിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഓപ്പറേഷനു കയറ്റി എന്നു അനഘയുടെ അച്ഛനോടു പറഞ്ഞു. അദ്ദേഹം ആകെ തളര്‍ന്നതു പോലെ തോന്നി. അച്ഛനല്ലേ! പ്രദീപും വളരെ പിരിമുറുക്കത്തിലാണെന്നു തോന്നി. കല്യാണത്തലേന്ന് അവനു ദേ ഈ സമ്മര്‍ദ്ദം. ഏതു നേരത്താ ഭഗവാനേ ഓരോന്നൊക്കെ വരുത്തി വെയ്ക്കുന്നത്? എന്നെയാണെങ്കില്‍ ആ അശുപത്രിയുടെ അന്തരീക്ഷം വല്ലാതെ തളര്‍ത്തി. കരച്ചിലുകളും കഷ്ടതകളും വേദനകളും മാത്രമുള്ള ഒരു ലോകം. എന്തോ ഒരു തടവറയിലകപ്പെട്ടതു പോലെ. ഓപ്പറേഷന്‍ തീയേറ്ററിന്റെയും സര്‍ജിക്കല്‍ വാര്‍ഡിന്റെയുമെല്ലാം അരികില്‍ നിന്ന് ഇറങ്ങിയോടാന്‍ തോന്നി.
"രാജേ.." ശരത്തിന്റെ വിളി എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. "വാ, സമയമിത്രയും ആയില്ലേ? നമക്കു വല്ലതും കഴിക്കാം. നമ്മള്‍ ഇപ്പോ ഇവിടെ നിന്നിട്ട് ഒരു കാര്യവുമില്ല."
പുറത്തു പോയി ദോശ കഴിച്ചു. വിനോദേട്ടനു നല്ല ക്ഷീണമുണ്ടായിരുന്നെന്നു തോന്നുന്നു. മൂപ്പര്‍ രണ്ടു ദോശ കഴിച്ചു. സ്ട്രെസ്സിന്റെയും ഡ്രൈവിങ്ങിന്റെയുമായിരിക്കണം ആ മുഖം ആകെ ഇരുണ്ടിരുന്നു. ഇടയ്ക്ക് ഒന്നു രണ്ടു തവണ ബിന്‍സിയെ വിളിച്ചു. നാളെ രാവിലെ വരാമെന്നു പലതവണ വാഗ്ദാനം ചെയ്തു.
പ്രദീപ് വീണ്ടും വിനോദേട്ടനെ വിളിച്ചു. "ഡാ, നിന്നേ നിര്‍ബ്ബന്ധിക്കുവാണെന്നു കരുതരുത്. നീ ഇന്നൊന്നു അവിടെ നിക്കണം. അറ്റ് ലീസ്റ്റ്. ... എനിക്കു വേണ്ടി.. എനിക്കറിയാം.. അവള്‍.. അവള്‍ എന്റെ കല്യാണത്തിനു പുറപ്പെടുവാരുന്നെടാ.. റെയില്‍വേ സ്റ്റേഷനിലേക്കു വരുന്ന വഴിയാ... കല്യാണക്കുറീലെ നമ്പരുകണ്ടാ ആരോ എന്നെ...." അങ്ങേത്തലയ്ക്കല്‍ പ്രദീപിന്റെ സ്വരം മുറിഞ്ഞു. വിനോദ് എന്തെല്ലാമോ പറഞ്ഞാശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
കുറെനേരം കഴിഞ്ഞപ്പോള്‍ എനിക്കും വന്നു പ്രദീപിന്റെ വിളി- "രാജെ, നിന്നോടെന്താ പറയെണ്ടതെന്നറിയില്ല. അവിടെ ഉണ്ടാവണം, ഏതുകാര്യത്തിനും... കല്യാണത്തിനു വരുന്നതിലും എനിക്കു സന്തോഷം അവിടെ നിങ്ങളു രണ്ടാളും.... പിന്നെ എനിക്ക് വിനോദിനെ നിര്‍ബ്ബന്ധിക്കാന്‍ പറ്റില്ലല്ലോ..."
"ഹെയ്.. പ്രദീപ് മാഷേ, ടെന്‍ഷനാകാതെ, ഞങ്ങളൊക്കെയില്ലെ ഇവിടെ.. മാഷ് സന്തോഷമായിട്ടിരി, നാളത്തെ ദിവസത്തിന്റെ മൂഡു കളയാതെ.." ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ച് കുഴഞ്ഞു.
തെരുവുവിളക്കുകളുടെ മഞ്ഞവെളിച്ചത്തില്‍ മുറ്റത്ത് പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങള്‍ക്കരികെ ഞാന്‍ വെറുതെ നിന്നു. ശരത് അരികെ വന്നു.
"എന്നാലേ, നിങ്ങളു വിശ്രമിച്ചോളുട്ടോ. ന്തെങ്കിലും ആവശ്യണ്ടായാ ഞാന്‍ വിളിക്കാം. ഇത്രടം വരെ വണ്ടിയാത്ര ചെയ്തു വന്നതല്ലേ?"
വിനോദേട്ടനും വണ്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. മുന്‍സീറ്റ് ചെരിച്ചു വെച്ച് ഞാനും പതുക്കെ ഒന്നു ചാഞ്ഞു. വെളുപ്പിനെ ഒരു രണ്ടു മണിയായിക്കാണും, ശരത് ഹോസ്പിറ്റലിനുള്ളില്‍ നിന്നും വിളിച്ചു.
"ഓപ്പറേഷന്‍ കഴിഞ്ഞു, ഇപ്പോ പുറത്തേക്കു കൊണ്ട്വരും..!!"
കാറില്‍ നിന്നും ഇറങ്ങി ഞങ്ങളിരുവരും അകത്തേക്കോടി. ചീഫ് സര്‍ജന്‍ പുറത്തു വന്നു .ഉദ്വേഗത്തോടെ നിന്ന ഞങ്ങളെ നോക്കി "ഉത്തരവാദിത്വപ്പെട്ട രണ്ടു പേര്‍ എന്റെ മുറീലോട്ടു വരണം, പത്തുമിനിട്ടു കഴിഞ്ഞ്..."
മറ്റു ഡോക്ടര്‍മാരുമായി എന്തോ സംസാരിച്ച് വെളുത്ത ഇടനാഴിയിലൂടെ വെള്ളക്കോട്ടിട്ട ആ സംഘം നടന്നുനീങ്ങി. തീയേറ്ററിന്റെ വാതില്‍ തുറക്കപ്പെട്ടു. ഒരു സ്ട്രെച്ചര്‍ സാവധാനം പുറത്തേക്കു വന്നു.
എന്നിട്ടെന്തായി?
ജീവിതം അപ്രതീക്ഷിതമായി നമ്മെ വഴിമാറ്റി നടത്തുമ്പോള്‍...
ReplyDelete{{{{{{ ട്ടോ }}}}}}}
ReplyDeleteട്ടമാര്‍ പടാര്‍ ഡും.. തേങ്ങ തേങ്ങ ..
(ദീപക് രാജ്)
ടെന്‍ഷനായല്ലോ.
ReplyDeleteആദ്യഭാഗത്തുനിന്നും ഡീവിയേഷന്‍ പെട്ടന്നായിരുന്നു.
:)
രാജ്
ReplyDeleteഇത് എന്ന് തീര്‍ക്കാനാ പരിപാടി? എന്തായാലും കൊള്ളാം. ഒരു പാര്‍ട്ട് വായിച്ചാല്‍ അടുത്ത പോസ്റ്റ് ഇട്ടോ എന്ന് നോക്കിയിരുന്നു കൊള്ളും
രാജ്
ReplyDeleteഇത് എന്ന് തീര്‍ക്കാനാ പരിപാടി? എന്തായാലും കൊള്ളാം. ഒരു പാര്‍ട്ട് വായിച്ചാല്‍ അടുത്ത പോസ്റ്റ് ഇട്ടോ എന്ന് നോക്കിയിരുന്നു കൊള്ളും
Tension!!
ReplyDeleteവായിക്കുന്നുണ്ട്..നടക്കട്ടെ കേട്ടോ..
ReplyDeleteപറഞ്ഞപോലെ,ഇത് ഒരു 'തുടരന്‍' ആക്കാന്‍ തന്നെയാണ് പരിപാടി അല്ലെ?
ടെന്‍ഷനടിപ്പിയ്ക്കാതെ ബാക്കി എഴുതൂ രാജേ...
ReplyDeleteoh...eagerly waiting for the next part....
ReplyDelete