Friday, March 20, 2009

ഇല വാടി, ഇതള്‍ വാടി

[ ഓലപ്പീപ്പിയിലെ അന്‍പതാം പോസ്റ്റ് ]

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-12
തുടക്കം
കഴിഞ്ഞ കഥ

ഞാന്‍ ആദ്യമായി കാണുകയാണ്‌ അനഘയെ! ആ മുഖത്തേക്ക്‌ ഒരു ഞൊടി നോക്കാനെ കഴിഞ്ഞുള്ളൂ- താരാട്ടുകേട്ട്‌ ഉറങ്ങുന്ന ഒരു കുഞ്ഞിനെപ്പോലെ. ഓക്സിജന്‍ മാസ്കും ബ്ലഡ്‌ബാഗും തലയില്‍ മഞ്ഞുകൊണ്ടുള്ള തൊപ്പി പോലെ ഡ്രെസ്സിങ്ങും! മുഖം നല്ലവണ്ണം കാണാന്‍ പറ്റുന്നില്ല. കാലിന്റെയും കൈയ്യിന്റെയും തോളിന്റെയും പരുക്ക്‌? ഒന്നും വ്യക്തമല്ല. വേണ്ട, എനിക്കെല്ലാം കൂടി കാണണ്ട. ചുറ്റും വെള്ളക്കുപ്പായമിട്ട നേഴ്സുമാരും അറ്റന്‍ഡര്‍മാരുമെല്ലാം എന്തോ, എന്നെ വല്ലാതെ മുഷിപ്പിച്ചു. ഒരു നോക്കു കണ്ടിട്ടു ഞാന്‍ പിന്‍വാങ്ങി. അനഘയെ സാവധാനം ഐ.സി.യുവിലേക്കു കൊണ്ടുപോയി. തളര്‍ന്ന ഹൃദയത്തോടെ നിന്ന എനിക്ക്‌ അവിടെനിന്നു എത്രയും വേഗം കടന്നുകളഞ്ഞാല്‍ മതിയെന്നു തോന്നി.

നെഞ്ചിലെന്തോ കനംതൂങ്ങുന്നതുപോലെ. ഉടനെ അവിടെ കണ്ട ബെഞ്ചിലിരുന്നു. മനസ്സില്‍ വല്ലാത്ത ശൂന്യത. ആരെല്ലാമോ അനഘയുടെ പിന്നാലെ നടന്നു നീങ്ങി. ഞാന്‍ പതുക്കെ കണ്ണുകളടച്ചു, എപ്പോഴും ചൊല്ലുന്ന മന്ത്രം മനസ്സിലുയര്‍ന്നു: "ഈശ്വരാ രക്ഷിക്കണേ..!"

*** *** ***

"ഡാ, ഒറങ്ങുവാന്നോ..?" വിനോദിന്റെ സ്വരം എന്നെ ഞെട്ടിച്ചു. ഞാന്‍ ഗാഢമായ ഏതോ ചിന്തകളില്‍ ആയിരു‍ന്നിരിക്കണം, അല്ലെങ്കില്‍ മയക്കത്തില്‍.

"... ഞങ്ങള്‍ ഡോക്ടറെ കണ്ടു..." ഓ! ഞാന്‍ അതന്വേഷിക്കാന്‍ മറന്നല്ലോ. വിനോദ്‌ തുടര്‍ന്നു: "... തല്‍ക്കാലം ജീവനുണ്ട്‌ എന്നു മാത്രമേ അവര്‍ പറയുന്നുള്ളൂ. തലയുടെ വലതു വശത്തിനും വലത്തെ തോളിനുമാണ്‌ സാരമായ പരുക്ക്‌. പിന്നെ കയ്യുടെയും കാലിന്റെയും ഫ്രാക്ചറും... നാല്‍പത്തെട്ടു മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍പറ്റില്ലെന്നാ...." ബാക്കി കേള്‍ക്കാന്‍ മനസ്സുവന്നില്ല. ഈ അസുഖകരമായ അന്തരീക്ഷത്തില്‍ എങ്ങനെ കഴിയുന്നു ആശുപത്രിജീവനക്കാരും മറ്റും? അങ്ങനെ കുറച്ചുപേര്‍ ഇല്ലായിരുന്നെങ്കിലോ എന്നു തിരിച്ചൊരു ചോദ്യവും അപ്പോള്‍ പൊങ്ങിവന്നു.

"ദേ, അതാ അനഘേടെ അച്ഛന്‍! അവരു വന്നിട്ടു കുറച്ചുനേരമായതേയുള്ളൂ. പുള്ളിക്കാരന്‍ ആകെ തകര്‍ന്നിരിക്കുവാ. പിന്നെ, കൂടെ ആള്‍ക്കാരൊക്കെയുണ്ട്‌. അവര്‍ നാലഞ്ചുപേരു വന്നിട്ടൊണ്ട്‌. കുറെപ്പേര്‍ നാളെ വരുമ്ന്നാ പറഞ്ഞേക്കുന്നെ. പ്രദീപിന്റെ അയല്‍പക്കത്തെ ഒരാളുണ്ട്‌. ആ പിന്നെ, അവനേം ഞാന്‍ വിവരങ്ങളൊക്കെ അറിയിച്ചു. അവനെന്നാ ടെന്‍ഷനാണോ എന്തോ!" വിനോദ്‌ ഇടയ്ക്കു നിര്‍ത്തി. ഒരു ദീര്‍ഘനിശ്വാസം എടുത്തു.

പെട്ടെന്നു ഞങ്ങള്‍ നിന്നിരുന്നിടത്തെ ലൈറ്റെല്ലാം കെട്ടു. ഒരഞ്ചു സെക്കന്റ്‌ നേരത്തേക്ക്‌ ആരും ഒന്നും മിണ്ടിയില്ല. ആ ഇരുട്ടും നിശ്ശബ്ദതയും എന്നെ ഭയപ്പെടുത്തി. ഇടനാഴിയുടെ അങ്ങേയറ്റത്തുനിന്നും അരണ്ടവെളിച്ചം ബദ്ധപ്പെട്ട്‌ അവിടേക്കു കടന്നു വരാന്‍ ശ്രമിച്ചു. സി.എഫ്‌.എല്‍ ലാമ്പ്‌ മിന്നിക്കത്തിയപ്പോഴും അലക്ഷ്യമായി എങ്ങോട്ടോ നോക്കിക്കൊണ്ട്‌ മൂപ്പരെന്റെയടുത്തു തന്നെയുണ്ട്‌. എന്റടുത്ത്‌ ആരുമില്ലായിരുന്നെങ്കില്‍ ഞാന്‍ വെളിച്ചം വരുന്ന ഭാഗത്തേക്ക്‌ ഓടിയേനെ. അറിയാതെ ഒരു ഭയം എന്നെ ഗ്രസിക്കുന്നതായി ഞാനറിഞ്ഞു.

"വിനോദേട്ടാ, ശരത്‌ എവിടെ?"

"ഞാന്‍ അവനെ പറഞ്ഞുവിട്ടു. ഇനിയിപ്പോ നമ്മളെല്ലാമില്ലേ. അവന്‍ വന്നതു എത്ര ഉപകാരമായീന്നു നോക്ക്യേ? അല്ലെങ്കില്‍ നമ്മളിവിടെ വരുന്നവരെ നിത്യേടെ വീട്ടുകാര്‍ തന്നെ എല്ലത്തിനും ഓടണമായിരുന്നു. എല്ലാം അവന്‍ കൈകാര്യം ചെയ്തു, അവന്റെ ആരുമല്ലായിരുന്നിട്ടു പോലും. ഇങ്ങനത്തെ ആള്‍ക്കാരെ അധികമൊന്നും ഇക്കാലത്തുകിട്ടില്ല.... എന്നിട്ടും പൊയ്ക്കോളാന്‍ പറഞ്ഞിട്ടു കൂട്ടാക്കതെ നിന്ന അവനെ നിര്‍ബ്ബന്ധിച്ചാ പറഞ്ഞയച്ചെ..."

"എങ്കില്‍ പിന്നെ നമക്കും പൊയ്ക്കൂടെ?" ആ ചോദ്യം വളരെ സംശയത്തോടെയാണു ഞാന്‍ ചോദിച്ചത്‌. അങ്ങനെയൊരു ചോദ്യം- അതു ശരിയായോ?

"ങാ..! പോകാം. എന്തായാലും വൈകി. അല്‍പം കൂടി കഴിയട്ടെ."

ഒന്നാലോച്ചിട്ട്‌ എന്നോടു ചോദിച്ചു- "അല്ല, ഇനി ചെന്നാലും കല്യാണത്തിനു പോക്കൊന്നും നടക്കില്ല. നീ തിരിച്ചു പൊയ്ക്കോ. പോകുന്നോ? ഉച്ചയാകുന്നേനു മുന്നെ ബാംഗ്ലൂരെത്താം."

എനിക്കൊരു തീരുമാനമെടുക്കാന്‍ പറ്റുന്നില്ല. വിനോദേട്ടന്റെ കൂടെ നാട്ടില്‍ പോയി നാളെ പ്രദീപിനെ കണ്ടിട്ട്‌.. ഏയ്‌.. നാളെത്തന്നെ തിരിച്ചു പോക്കു നടക്കില്ല. മടക്കം മറ്റന്നാളാക്കിയാലോ? “പതുക്കെത്തീരുമാനിക്കാം..!”

"വന്നേ.. ദേ അവിടെന്തോ വിഷയം...!!!" വിനോദേട്ടന്‍ എന്റെ കയ്യില്‍ പിടിച്ചു വലിച്ചപ്പോള്‍ ഞാനും തിടുക്കത്തില്‍ പിന്നാലെ നടന്നു. എല്ലാവരും കൂട്ടം ചേര്‍ന്ന് ഐ.സി.യുവിന്റെ മുന്നില്‍ നില്‍ക്കുന്നു. രണ്ടു നേഴ്സുമാര്‍ കൂടി തിടുക്കത്തില്‍ അകത്തേക്കു പോയി. മറ്റൊരാള്‍ വന്ന് ആരുടെയോ കയ്യിലിരുന്ന മരുന്നുപൊതികള്‍ വാങ്ങി.

മൗനവും ആകുലതയും അവിടെ തിങ്ങിനിന്നിരുന്നു. കൂടെ നില്‍ക്കുന്നവരുടെയെല്ലാം മുഖത്ത്‌ കനത്ത ഉദ്വേഗവും പിരിമുറുക്കവും. എല്ലാവരും ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്നോ? അനഘയുടെ അച്ഛന്‍ അല്‍പം മാറി ഒരു ബെഞ്ചിലിരിക്കുന്നു. അവ്യക്തമായി എന്തൊക്കെയോ പറയുന്നു, കരയുന്നു. 'എന്റെ മോള്‍.. എന്റെ പൊന്നുമോളെ... എന്റെ കുഞ്ഞിനൊന്നും... കൊച്ചുമോന്‌.. മോന്‌.. ആരൂല്ലാണ്ടാക്കല്ലേ..!!' കൂടെ രണ്ടു പേര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. ഒരച്ഛന്റെ പ്രാണവേദനയ്ക്കുമുന്നില്‍ ഏതാനും വാക്കുകള്‍ക്കും തലോടലുകള്‍ക്കും എന്തുവില?? തളര്‍ന്നവശനായി അദ്ദേഹം ബെഞ്ചില്‍ ചാരിയിരുന്നു. ഒരാള്‍ തോര്‍ത്തുകൊണ്ട്‌ വീശിക്കൊടുത്തു. ഭിത്തിയില്‍പതിച്ചിരുന്ന ഒരു സ്റ്റിക്കറില്‍ നിന്നും 'വാഴ്ക വളമുടന്‍' എന്നു വായിച്ചു.

പൊടുന്നനെ ചില്ലുവാതില്‍ തുറന്നുവന്ന് ഒരു നേഴ്സ്‌ പതിഞ്ഞസ്വരത്തില്‍ അറിയിച്ചു: "അനഘാവൊടെ റിലേറ്റിവ്‌സ് യാരാവതു ഇരുന്താ .... വന്തു പാക്കലാം..."

കൂടിനിന്നിരുന്നവര്‍ എല്ലാവരും ഒന്നിളകി. എല്ലാവരും അകത്തു കയറാന്‍ തിടുക്കമിടുന്നതു പോലെ. എങ്കിലും രണ്ടുപേര്‍ ചേര്‍ന്ന് അച്ഛനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ചെരിപ്പൂരിയിടാന്‍ ആരോ ഓര്‍മ്മിപ്പിച്ചു. കൂടെ വിനോദും കയറി. ഒരു മിനിട്ടിനകം എല്ലാവരും പുറത്തുവന്നു. തിടുക്കത്തില്‍ വരുന്നതുപോലെ! വിനോദേട്ടന്‍ എന്റെ ചെവിയില്‍ പറഞ്ഞു-"സംഗതി പ്രശ്നമാണെന്നാ തോന്നുന്നേ, പെട്ടെന്നെന്തോ ഒരു പിടച്ചില്‍ പോലൊക്കെ ഉണ്ടായി. എല്ലാരെം ഇറക്കി, അപ്പോത്തന്നെ!!!"

ഘനീഭവിച്ച ഏതാനും മിനിട്ടുകള്‍ കൂടി. മൂന്നര കഴിഞ്ഞു, സമയം. വെളുക്കാന്‍ ഇനിയും ഒരുപാടു സമയം ബാക്കി കിടക്കുന്നതുപോലെ ഒരു തോന്നല്‍.

ഒരിക്കല്‍ക്കൂടി ചില്ലുവാതില്‍ തുറന്നു. സ്തെത്‌ കൈയ്യില്‍ ചുരുട്ടിപ്പിടിച്ച്‌ ആദ്യം പുറത്തേക്കിറങ്ങിയ ഡോക്ടര്‍ പറഞ്ഞു-"എങ്കളാലെ... കാപ്പാത്ത മുടിയലെ...!!!"

അനന്തരം?

9 comments:

എം.എസ്. രാജ്‌ said...

പ്രിയപ്പെട്ടവരേ,

ഈ പോസ്റ്റോടെ ഓലപ്പീപ്പി അന്‍പതു കുറിപ്പുകള്‍ തികയ്ക്കുകയാണ്. ഒരു നാഴികക്കല്ലു പിന്നിടുന്ന ഈ വേളയില്‍ വായിച്ച് പ്രോത്സാഹനവും വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും പിന്തുണയും നല്‍കുന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

സസ്നേഹം,
എം.എസ്. രാജ്

ദീപക് രാജ്|Deepak Raj said...

congrats for 50th post

അനില്‍@ബ്ലോഗ് said...

ഹോ വെണ്ടും ടെന്‍ഷന്‍.
50 -)0 പോസ്റ്റ് ആഘോഷിക്കാനുള്ള മൂഡിലല്ല.

ശ്രീ said...

അനില്‍ മാഷ് പറഞ്ഞതു പോലെ അമ്പതാം പോസ്റ്റിന്റെ സന്തോഷം കഥയിലെ പിരിമുറുക്കം കാരണം ആസ്വദിയ്ക്കാനാകുന്നില്ല, എങ്കിലും ആശംസകള്‍!

pattepadamramji said...

ആകെ ടെന്‍ഷന്‍ തന്നെ അല്ലെ?

Ashly A K said...

ആകെ ടെന്‍ഷന്‍. പാവം അനഘ

Senu Eapen Thomas, Poovathoor said...

ആദ്യം അന്‍പതാം പോസ്റ്റിന്റെ ആശംസകള്‍.

$$%$%^&$%$%&$%$%& ഇത്‌ അന്‍പതാം പോസ്റ്റിട്ട്‌ ഞങ്ങലുടെ മൂഡ്‌ വെറുതെ കളഞ്ഞതിനു...[ഹാവു.. തെറി പറഞ്ഞപ്പോള്‍ എന്താ ആശ്വാസം] പക്ഷെ പാവം അനഘ.

മച്ചു അടിച്ച്‌ പൊളിക്ക്‌.. 50, 100, 1000, 10000 പോസ്റ്റുകളുമായി ഓലപീപ്പി നിറയട്ടെ.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌

smitha adharsh said...

അനഘയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ മിഠായി എടുക്കാനും ആഘോഷിക്കാനും പറ്റില്ലല്ലോ...
എന്നാലും,അമ്പതാം പോസ്ടാശംസകള്‍ വിഷ് ചെയ്യുന്നു..50 പിന്നെ,100 ആയി..100 പിന്നെ 1000 ആയി മുന്നോട്ടു വണ്ടി പോട്ടെ!

പി എ അനിഷ്, എളനാട് said...

AASHAMSAKAL