Sunday, June 30, 2019

ലൂക്ക - കലർന്നു പടർന്ന നിറങ്ങൾ

[സ്പോയിലർ ഉണ്ട്‌.]

സിനിമ സംവിധായകന്റെ കലാരൂപമാണെന്ന്‌ പൊതുവേ പറഞ്ഞു കേൾക്കാറുണ്ട്‌. എനിക്കു തോന്നിയിട്ടുള്ളത്‌ എഴുത്തുകാരൻ ഡിസൈൻ ചെയ്തു വെയ്ക്കുന്നതിനെ സംവിധായകൻ പ്രേക്ഷകനു കാണിച്ചു കൊടുക്കുന്നു എന്നാണ്‌. അതിനാൽതന്നെ ഗൗരവമായി സമീപിക്കുന്ന സിനിമകളിൽ ഈ രണ്ട്‌ ഘടകങ്ങളെയും, തീയേറ്ററിലെ ഇരുട്ടിൽ ദൃശ്യമായും സംഭാഷണമായും സംഗീതമായും അനുഭവപ്പെടുന്ന ചലച്ചിത്രത്തെയും അതിനു നിദാനമായ എഴുത്തിനെയും, ഞാൻ ആസ്വദിക്കാറുണ്ട്‌. അരുൺ ബോസും മൃദുൽ ജോർജ്ജും ചേർന്നെഴുതി അരുൺ ബോസ് സംവിധാനം ചെയ്ത ‘ലൂക്ക’ എന്ന സിനിമയെ ഞാൻ സമീപിക്കുന്നത്‌ അങ്ങനെകൂടിയാണെന്ന്‌ ആമുഖമായി പറയാം.

ലൂക്ക എന്ന കലാകാരന്റെ മരണത്തിൽ നിന്നു തുടങ്ങുന്ന സിനിമ അയാൾ എന്തു സ്വഭാവക്കാരനാണ്‌, അയാളുടെ ജീവിതരീതി എന്താണ്‌, ഭൂതകാലം എന്താണ്‌ എന്നല്ലാം ഒരു നോവലിൽ വായിച്ചറിയുന്ന തരത്തിലാണ്‌ നാം അറിയുന്നത്‌. ലൂക്കയുടെ മരണം, അയാളുടെ ജീവിത പരിസരങ്ങളിലേക്ക്‌, വ്യവസ്ഥാപിത സിനിമാക്കാഴ്ചകൾക്കു പുറത്തുള്ള കൊച്ചിയിലേക്ക്‌ നമ്മളെ കൈപിടിച്ചു നടത്തുന്നുണ്ട്‌. ആ യാത്രകളിലെല്ലാം പ്രേക്ഷകന്റെ മുന്നിൽ വരുന്ന കഥാപാത്രങ്ങൾ ലൂക്കയെക്കുറിച്ചും താന്താങ്ങളെക്കുറിച്ചും വളരെയേറെ കാര്യങ്ങൾ നമ്മളോട്‌ പറഞ്ഞ്‌ പറഞ്ഞ്‌ അവസാനം നമ്മളും കുറെ കാര്യങ്ങൾ അറിഞ്ഞയിടത്ത്‌ തീയേറ്റർ വിടും. അതിനിടെ സംഗീതം, ചിത്രരചന, ഗാർഡനിങ്ങ്‌, ഇൻസ്റ്റലേഷൻസ്‌ എന്നീ കലാരൂപങ്ങൾക്കും പ്രണയം, വെറുപ്പ്‌, അനാഥത്വം, പലജാതി മാനസിക അസ്വാസ്ഥ്യങ്ങൾ, രതി(പാകത്തിന്‌) എന്നിവയ്ക്കും ഒരു കേസന്വേഷണത്തിനും സാക്ഷിയാവുകയാണ്‌ പ്രേക്ഷകർ.

ടൊവിനോ തോമസ്‌ അവതരിപ്പിക്കുന്ന ലൂക്കയും അഹാന കൃഷ്ണകുമാറിന്റെ നിഹാരികയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ജനനമരണങ്ങളിലേക്ക്‌ ലൂക്കയുടെ അസ്വാഭാവിക മരണമറഞ്ഞ്‌ നമ്മളും സഞ്ചരിക്കുന്നു. അതിനൊപ്പം അന്വേഷണോദ്യോഗസ്ഥനായ അക്ബർ എന്ന പൊലീസ്‌ ഇൻസ്പെകടറുടെ മാസങ്ങൾ മാത്രം പ്രായമുള്ളതും എന്നാൽ ശിഥിലവുമായ ദാമ്പത്യ ജീവിതവും സമാന്തരമായി നീങ്ങുന്നു.
വർണ്ണാഭമായ വിഷ്വലുകളും കലാസംവിധാനത്തിന്റെ ധാരാളിത്തവും കിനിയുന്ന ഫ്രെയിമുകളാണ്‌ ലൂക്കയും ലൂക്കയുടെ വീടും വർക്‌ഷോപ്പും കലാജീവിതവുമുള്ള രംഗങ്ങളിൽ. ദുരിതം പേറിയ മുൻകാല ജീവിതം തന്നിൽ ഏല്പ്പിച്ച ആഘാതങ്ങളെ കലാസപര്യ കൊണ്ടും തന്നെ സ്നേഹിക്കുന്നവർക്കു വേണ്ടി പ്രവർത്തിച്ചും ദുഃഖിച്ചും തന്നെ ബാധിക്കുന്ന മറ്റെല്ലാ വിഷമതകൾക്കും വഴിപ്പെട്ടും കഴിയുന്ന ലൂക്ക. റൊമാന്റിക് ആയും വിപ്ലവകാരി ആയും വ്യതിഥനായും അസാധ്യ കലാകാരനായും മാറിമറിയുന്ന ലൂക്ക. മറുപക്കത്ത് ശാസ്ത്രകുതുകിയും താൻ ആയിരിക്കുന്ന സാഹചര്യങ്ങളെയും കാണുന്ന സംഭവങ്ങളെയും എന്തിന്‌ ജീവിതം പോലും ഒരു രാസസമവാക്യം പോലെ ചിട്ടയുള്ളതാവണമെന്ന് കരുതുന്ന നിഹാരിക. നന്നായിട്ട് എന്നു പറഞ്ഞാൽ പോരാ, ആവശ്യത്തിലധികം ഇവർ സ്വയവും അല്ലാതെയും പരിചയപ്പെടുത്തുന്നുണ്ട്; അറിയിക്കുന്നുണ്ട്. അത്ര ആഴമുള്ള പാത്രസൃഷ്ടികളാണ്‌ അവർ രണ്ടും. സിനിമ പുരോഗമിക്കുമ്പോൾ തുടർന്നുള്ള കാര്യങ്ങൾ ക്രമമായി അനാവൃതമാകുന്നുമുണ്ട്. ലൂക്കയുടെ മരണം സംബന്ധിച്ച കേസിന്റെ അന്വേഷണത്തിന്റെ പ്രാരംഭത്തിൽ, ലൂക്കയുടെ മരണവും ജീവിതവുമാണ്‌ അറിയാൻ പ്രേക്ഷകനു താല്പര്യമെന്നിരിക്കേ, സി.ഐ അക്ബറിന്റെ ദാമ്പത്യത്തകർച്ചയും അവരുടെ ആസന്നമായ വിവാഹമോചനവും മോരുമായി കലരാത്ത മുതിര പോലെ ആദ്യ ഒരു മണിക്കൂറിലെ സിനിമയിൽ നിറയുന്നു. വക്കീലുമായും മേലുദ്യോഗസ്ഥനുമായും നടക്കുന്ന സംഭാഷണങ്ങൾ സി.ഐ അക്ബറിന്റെ ദാമ്പത്യതകർച്ചയെപറ്റി വാചാലമാകുന്നുണ്ട്. സിനിമയിൽ ഉള്ള ഏക കല്ലുകടി കേസ് അന്വേഷണം, പൊലീസുകാർ തമ്മിലുള്ള സംഭാഷണങ്ങൾ എന്നിവ മൂലം ആവർത്തിക്കുന്ന ചില വിവരണങ്ങളും അനാവശ്യ വലിച്ചു നീട്ടലുകളുമാണ്‌. ചില ഡയലോഗുകൾ പ്ലേസ് ചെയ്യുന്നതിനായി മാത്രം പടച്ചുണ്ടാക്കിയ സീനുകൾ കാണാം - പൊലീസ് രംഗങ്ങളിൽ.

ലൂക്ക എത്രകണ്ട്‌ ദുർബ്ബലമായ മനസ്സിന്റെ ഉടമയാണെന്നും കർമ്മമണ്ഡലം കൊണ്ട്‌ വ്യത്യസ്ഥയാണെങ്കിലും നിഹാരിക എങ്ങനെ ലൂക്കയിലേക്ക്‌ അടുക്കുന്നു എന്നുമെല്ലാം മനോഹരമായും വ്യക്തമായും അവതരിപ്പിച്ചിട്ടുണ്ട്‌. പ്രകൃതം കൊണ്ട്‌ തന്നെപ്പോലെ അല്ലാത്ത ഒരാളോട്‌ ഒത്തുപോകാം എന്നും മറ്റും തോന്നുന്ന ഒരിത്‌ നിഹ പറയുന്നതിനു മുൻപു തന്നെ പ്രേക്ഷകനു മനസ്സിലാകുന്നുണ്ട്‌. കൂട്ടുകാരിയുടെ ജന്മദിനം ലൂക്കയെ സന്ദർശിക്കുന്നതിനുള്ള ഒരു സുന്ദരമായ കള്ളമാണെന്നും ഒരു സാധാരണ പ്രേക്ഷകനു മനസ്സിലായേക്കാം. ബാല്യകൗമാരങ്ങളിൽ ലൂക്കയ്ക്കും നിഹാരികയ്ക്കും നേരിട്ട തിക്താനുഭവങ്ങൾ അവരുടെ വ്യക്തിത്വത്തെയും മനസ്സിനെയും എത്രകണ്ട്‌ മാറ്റിമറിക്കാൻ പര്യാപ്തമായിരുന്നെന്ന്‌ ചുരുക്കം കാഴ്ചകളിലൂടെ നമ്മെ കാണിച്ചു തരുന്നുണ്ട്‌. തൂങ്ങിമരിച്ചു നില്ക്കുന്ന അച്ഛന്റെ കാൽവിരലുകൾ സ്വന്തം കാലിൽ ഉരയുന്ന കാഴ്ചയ്ക്ക്‌ അവന്റെ ജന്മം തുലച്ചുകളയാനുള്ള ശക്തിയുണ്ട്‌. അമ്മാവന്റെ കൈ പിടിച്ചു വിജനവഴിയിലൂടെ നടക്കുന്ന കൊച്ചുനിഹാരികയുടെ കണ്ണുകളിലെ വികാരങ്ങൾ മതിയാകും അവളുടെ ഇൻസെക്യൂരിറ്റികളെ മുഴുവൻ അളന്നിടാൻ. പിന്നീടങ്ങോട്ട്‌ ഏതൊരു പ്രേക്ഷകനും ജെ.പി.എന്ന കഥാപാത്രത്തെ നിഹായുടെ കാഴ്ചപ്പാടിലേ സമീപിക്കാൻ പറ്റൂ. ഒരു രംഗത്തിൽ ജെ.പിയ്ക്ക്‌ കിട്ടുന്ന അടിക്ക്‌ കനം അത്ര പോരാ എന്ന്‌ തോന്നുന്നുണ്ട്‌. അടുത്തകാലത്ത്‌ സിനിമകളിൽ നാം കണ്ട ബാലപീഡകർക്ക്‌ കിട്ടിയ അത്രയല്ലെങ്കിലും അല്പം കൂടി നല്ല ശിക്ഷ അയാൾ അർഹിച്ചിരുന്നു; അയാളെത്ര കണ്ട്‌ പശ്ചാത്താപം ഉള്ളവനാണെങ്കിലും. കാരണം അയാൾ സ്വയം ധൈര്യപ്പെട്ടിരുന്നത്‌ നിഹാ അക്കാര്യങ്ങൾ ആരോടും പറയില്ല എന്നായിരുന്നു. ശിക്ഷിക്കലും പകവീട്ടലും അല്ല ‘ലൂക്ക’യുടെ വഴി എന്നതുകൊണ്ട്‌ നമുക്കത്‌ തല്ക്കാലം മറക്കാം.

ഇൻസ്പെക്ടറുടെ ദാമ്പത്യം കുളമാക്കിയ അയാളുടെ പൂർവ്വപ്രണയത്തിന്റെ ഓർമ്മകൾ ചിത്രത്തിന്റെ അവസാനത്തിലേക്ക്‌ എത്തുമ്പോൾ മണ്ണടിയുന്നതു കാണാം. തുടർന്ന്‌ അകന്നു കഴിയുന്ന ഭാര്യയുമായി രൂപപ്പെടുന്ന രസതന്ത്രത്തിന്റെ സൂചനയും തരുന്നുണ്ട്‌, അവരുടെ ഇടപെടലുകളിൽ വെളിച്ചം കടന്നുവരുന്നുണ്ട്‌. ഇതേ ഇരുത്തം അവരെ വിവരിക്കുന്ന മുൻരംഗങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ എന്ന്‌ പ്രേക്ഷകൻ ആഗ്രഹിച്ചു പോകുന്നതിന്റെ ഒരു പ്രധാന കാരണം വിനീത കോശിയുടെ മാസ്റ്റർപീസ്‌ ഭാവമായ ദുഃഖപുത്രി ലുക്കാണ്‌. ഈ ട്രാക്കിന്റെ വിരസതയെ മറികടക്കുന്നത് ലൂക്ക - നിഹാ ജോഡികളുടെ ഊർജ്ജമുള്ള സാന്നിദ്ധ്യവും അവരുടെ അനുപമമായ സ്ക്രീൻ പ്രെസൻസും കൊണ്ടാണെന്ന്‌ ഉറപ്പ്‌. ടൊവിനോ സ്ക്രീനിൽ വന്നാൽത്തന്നെ അതൊരു നിറവാണ്‌. അതേ പ്രസന്നത അഹാനയ്ക്കും ലഭിച്ചിട്ടുണ്ട്‌.ഒരേകണ്ണാൽ എന്ന ഗാനം ശരിക്കും ലൂക്കയുടെയും നിഹാരികയുടെയും ആഘോഷമാണ്‌. ലൂക്കയായി മറ്റാരെയും സങ്കല്പിക്കാൻ പറ്റാത്തതുപോലെ തന്നെ, അത്‌ ചാർളിയുടെ ഒരു എക്സ്റ്റൻഷൻ ആയും കോളനി കമ്മട്ടിപ്പാടമോ വിയറ്റ്നാം കോളനിയോ ഒക്കെ ആയും പിന്നെ മറ്റു ചിലത്‌ മറ്റുചിലതായുമൊക്കെ തോന്നുന്നിയത്‌ ഒരുപക്ഷേ എന്റെ മാത്രം തോന്നലായേക്കാം. നിഹാരിക സ്വാതന്ത്ര്യം കൊതിക്കുന്ന, സാഹചര്യങ്ങളോട്‌ പടവെട്ടുന്ന, ലക്ഷ്യബോധമുള്ള പല ഹിറ്റ്‌ നായികാ കഥപാത്രങ്ങളുടെയും മിശ്രണം ആയിത്തോന്നി. ആ നിഴലുകളുണ്ടെങ്കിലും അവ ആഴമുള്ള കഥാപാത്രങ്ങളാണെന്ന്‌ തീർച്ച. അവയാണു സിനിമയുടെ ഏറ്റവും വലിയ മേന്മയും.

ശിവനും ലൂക്കയും തമ്മിലുള്ള അടുപ്പം എത്രയുണ്ടെന്ന് ലൂക്കയുടെ വീട്ടിലെ ശിവന്റെ പെരുമാറ്റം കൊണ്ട് വിശദമാകുന്നുണ്ട്. ഈ ബ്രില്ല്യൻസ് മറ്റു പലരംഗങ്ങളിലും നഷ്ടപ്പെടുന്നതിനാലാണ്‌ ലൂക്ക അനാവശ്യ വിവരണങ്ങളിലേക്കും ചർവ്വിത ചർവ്വണങ്ങളിലേക്കും വഴിതെറ്റുന്നത്. കഥയിലെ മരണങ്ങൾക്കു പിന്നിലെ രഹസ്യം വെളിപ്പെടുന്നത് മനോഹരമായ ആവിഷ്കാരമെന്ന് പറയാം. അത് സ്പൂൺ ഫീഡിങ്ങല്ല എന്നത് ചെറിയ ആശ്വാസമല്ല തരുന്നത്.

ലൂക്ക രക്ഷപ്പെടുത്തലുകളുടെ കൂടി കഥയാകുന്നു. മനസ്സിന്റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് ഒന്നായവരുടെ പ്രണയത്തിന്റെ കഥയാണ്‌. അവയിൽ നിറയുന്ന വർണ്ണങ്ങളുടെയും അവയ്ക്കു പിന്നിലെ ക്രിയേറ്റിവിറ്റിയുടെയും കൂടി കഥയാണ്‌.

മൊത്തത്തിൽ ലൂക്ക ഒരു നല്ല സിനിമാനുഭവമാണ്‌. ടൊവിനോയ്ക്ക് നാളിതുവരെ ലഭിച്ച നല്ലൊരു വേഷവും. പൊളിറ്റിക്കൽ കറക്റ്റ്നെസ്സും രാഷ്ട്രീയവും സമീപനങ്ങളും ഒക്കെ ഇത്രയധികം വിശകലനം ചെയ്യപ്പെടുന്ന കാലത്ത് ഇത്ര ബാലൻസ്ഡ് ആയി അൺകൺവെൻഷണൽ ആയ മനുഷ്യബന്ധങ്ങളെയും അവയിലെ അസ്വസ്ഥതകളെയും വരച്ചിടുന്നുണ്ട്. സംഗീതവിഭാഗം സിനിമയുടെ ആകെ സുഖത്തെ സുന്ദരമാക്കുന്നു. മഴ മനോഹരമെങ്കിലും സിനിമയിൽ മഴയുടെ അതിപ്രസരം കാണാം; അക്ബറിന്റെ മഴകൾ എന്നമറ്റൊരു കുറിപ്പു തന്നെ എഴുതാൻ പാകത്തിൽ. സുന്ദരമായ ദൃശ്യങ്ങളാലും മെറ്റഫറുകളുടെ സമ്പന്നതയാലും അനുഗ്രഹീതമാണ്‌ ഈ ചിത്രം. പിന്നണിക്കാർ നാമെന്ത് കാണണമെന്ന് വിചാരിച്ചുവോ അതെല്ലാം ഈ സിനിമയിലുണ്ട്. ഒരൊറ്റ പരാതി മാത്രം - ലൂക്ക ഇപ്പോളും ഒരു എഡിറ്ററുടെ സിനിമ ആയിട്ടില്ല.


കുറിപ്പ്‌ - സിനിമയ്ക്കു മുൻപേ ഇതൊരു നോവലായി വായിക്കാൻ സാധിച്ചിരുന്നെങ്കിൽ. അതിന്റെ പേര്‌ ‘ലൂക്കയും അക്ബറും’ എന്നായിരുന്നെങ്കിൽ. ഒന്നുകൂടി നീട്ടിയാൽ ‘ലൂക്ക, അക്ബർ, ശിവൻ’ എന്നായിരുന്നെങ്കിൽ. ശിവൻ അത്ര കഥയില്ലാത്ത ഒരാളൊന്നുമല്ലല്ലോ!

(2) ഈ കുറിപ്പിൽ ചില പരാമർശങ്ങളും പ്രയോഗങ്ങളും പലതവണ വന്നിട്ടുള്ളതു ശ്രദ്ധിച്ചിട്ടുണ്ടാവും. സിനിമയിലെ പോലെ! ലേഖനം അല്പം നീണ്ടുകാണും - സിനിമ പോലെ!

© m.s. raj

Sunday, February 10, 2019

കുമ്പളങ്ങിയിലെ നനുത്ത രാത്രികൾ

കലാസൃഷ്ടികൾ കഥാപരിസരത്തെയും കാലത്തെയും അനശ്വരമായി അടയാളപ്പെടുത്തി വെയ്ക്കാനുള്ള ധർമ്മം കൂടി പേറുന്ന ആവിഷ്കാരങ്ങളാണ്. ഇടുക്കിയുടെ മണ്ണിൽ നിന്നും മഹേഷിന്റെ പ്രതികാരം വന്നതു പോലെ കാസർകോടും വൈക്കവും തൊണ്ടിമുതലും ദൃക്സാക്ഷിയും-ൽ അടയാളപ്പെടുത്തപ്പെട്ടതു പോലെ കൊച്ചിയുടെ സ്വന്തം കുമ്പളങ്ങിയിൽ നിന്നും സ്നേഹത്തിന്റെയും അതിരുകളില്ലാത്ത മാനവികതയുടെയും ഒരു‌ കഥയിതാ വന്നിരിക്കുന്നു - ശ്യാം പുഷ്കരൻ എഴുതി മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ്.

യുവത്വം നിറയുന്ന കഥയും താരനിരയും ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്ന വിപ്ലവകരമായ വിളിച്ചോതലുകളും കൊണ്ട് കുമ്പളങ്ങി നൈറ്റ്സ് മികച്ച ഒരു ദൃശ്യാനുഭവമാണ്. സഹോദരന്മാരായ സജി, ബോണി, ബോബി, ഫ്രാങ്കി എന്നിവരെയും ഷമ്മി-സിമി ദമ്പതികളുടെ കുടുംബത്തെയും ആസ്പദമാക്കിയാണ് കുമ്പളങ്ങിയുടെ കഥ വികസിക്കുന്നത്. സജിയുടെ ഇഴപൊട്ടിയ കുടുംബം അലസതയുടെയും കെടുകാര്യസ്ഥതയുടെയും കൂടാണ്. ഒരു ഇസ്തിരിക്കടയ്ക്കുള്ള പാർട്ണർഷിപ്പാണ് സജിയുടെ പിടിച്ചു നിൽപ്പ്. പഞ്ചായത്തിലെ ഏറ്റവും മോശമെന്ന് കരുതപ്പെടുന്ന ചുവരുകൾ മിനുക്കാത്ത, ജനലുകളും വാതിലുകളും ഇല്ലാത്ത ആ വീട്ടിൽ അവർ നാൽവരും വെച്ചുണ്ടും കുടിച്ചും കഴിയുന്നു. സമൂഹം അന്തസുള്ളതെന്ന് നിശ്ചയിച്ചിട്ടുള്ള ഒരു ടാഗ്‌ലൈനും ഇല്ലാതെ. അതേ സമയം‌ സിനിമയുടെ മറുവശത്ത് ആണത്തത്തിന്റെ എല്ലാ ഗരിമയോടും പകിട്ടോടും കൂടി ഷമ്മിയും വാഴുന്നു.

ഈ സാഹചര്യത്തിലാണ് ബോബി(ഷെയ്ൻ നിഗം)യുമായി ഷമ്മി(ഫഹദ് ഫാസിൽ)യുടെ ഭാര്യാസഹോദരിയായ ബേബിമോൾ(അന്ന ബെൻ) പ്രണയത്തിലാകുന്നത്. മലയാള സിനിമയും നമ്മുടെ സമൂഹവും എക്കാലവും പേറിയിട്ടുള്ള പല പൊതുബോധങ്ങളെയും ഉച്ചത്തിലും അല്ലാതെയും ഉടയ്ക്കുന്ന സംഗതികളാണ് പിന്നെ അരങ്ങേറുന്നത്. അത് ആണിന് ആണിനോടുള്ള കാഴ്ചപ്പാടുകളുടെ രൂപത്തിലും തുറന്നു പറച്ചിലുകളും തർക്കങ്ങളുമായെല്ലാം സിനിമയിലുടനീളം കാണാം. കറുമ്പനായ തന്റെ കൂട്ടുകാരനെ എങ്ങനെ സ്നേഹിക്കുമെന്ന് ബോബി ചങ്ങാതിയുടെ പ്രണയിനിയോട് ചോദിക്കുന്നതു തന്നെ 'ബാഹ്യസൗന്ദര്യ'ത്തിലുള്ള അവളുടെ വിശ്വാസം അളന്നുകൊണ്ടാണ്. ഇതേ പുരുഷൻ ഒരുമ്മയുടെ പേരിൽ കാമുകിയോട് ഞാനൊരാണാണ് എന്ന് ക്ഷോഭിച്ചു കളം വിടുന്നുമുണ്ട്. പിന്നീട് ട്രൂലവ്വിനെ പറ്റി അവനോട് അവൾ ആശങ്കപ്പെടുന്നുമുണ്ട്. തൊലിനിറങ്ങൾക്കും രൂപസൗകുമാര്യങ്ങളുടെ വാർപ്പു മാതൃകകൾക്കും അന്തസ്സിന്റെ അടയാളങ്ങൾക്കും സിനിമയിലുടനീളം നല്ല കിഴുക്കും കിട്ടുന്നുണ്ട്.


അച്ഛനമ്മമാരുടെ പുനർവിവാഹംകൊണ്ട് സങ്കീർണ്ണമായ കുടുംബത്തിൽ പിൽക്കാലത്ത് വന്നു കൂടുവെയ്ക്കുന്ന അനാഥത്വം യൗവ്വനത്തിന്റെ വിവിധ തലങ്ങളിലുള്ള ഈ നാലു സഹോദരങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ടെന്ന് ഒന്നാം പകുതി ന‌ന്നായി വിശദീകരിക്കുന്നു. കുടുംബത്തിനു നേതൃസ്ഥാനത്ത് ഒരാളില്ലാത്ത ആ വീട്ടിൽ മൂത്ത സഹോദരനായ സജി ആ സ്ഥാനത്തേക്ക് വരുന്നു- ബോബിക്ക് ബേബിയെ വിവാഹമാലോചിക്കാൻ പോകുന്ന വേളയിൽ. തങ്ങളെ ചൂഴ്ന്നു നിൽക്കുന്ന അസ്ഥിരതയുടെ അടയാളങ്ങളെ മായ്ച്ചു കളയാൻ അവസാന നിമിഷത്തിൽ വരെ സജിയും അനുജനും ശ്രമിക്കുന്നു. അപ്പോളും ഇല്ലായ്മയുടെ അടയാളമായ ആ തുരുത്തിൽ അവഹേളനത്തിന്റെ ദുർഗന്ധം വാരിപ്പൂശി അപമാനിതരാകാനായിരുന്നു നെപ്പോളിയന്റെ മക്കളുടെ വിധി. സൗബിൻ ഷാഹിറിന്റെ സജി എന്ന കഥാപാത്രം ഉജ്വലമായ അഭിനയം കാഴ്ചവെച്ച നിരവധി സന്ദർഭങ്ങൾ ഉണ്ടീ സിനിമയിൽ. പ്രഹസന തർക്കവും നീണ്ടുനിൽക്കുന്ന ചിരിയുടെ സീനും തമിഴനുമൊത്തുള്ള മദ്യപാനവും തുടർന്നുള്ള വൈകാരിക സന്ധിയും, ഇൻസ്പെക്ടറുടെ കയ്യിൽ നിന്നു അടികിട്ടുന്നതും , തമിഴന്റെ കൂരയിലേക്കുള്ള പ്രവേശത്തിലും സൗബിനിലെ ഇരുത്തം വന്ന നടനെ കാണാം. സാധാരണക്കാരനായ ഒരുവന്റെ മാനസികതകർച്ചയെ അളന്നു കാണിക്കുന്ന ഡിപ്രഷൻ മുഹൂർത്തങ്ങളിലെല്ലാം സജി എന്ന കഥാപാത്രത്തിന്റെ ആഴമറിയാം. ക്ലീഷെ മെലോഡ്രാമ ആയി‌മാത്രം ഒതുങ്ങേണ്ടിയിരുന്ന രംഗങ്ങൾ ഒരു തീയേറ്ററിലെ തന്നെ പ്രേക്ഷകരിൽ പലതരം പ്രതികരണങ്ങൾ സൃഷ്ടിക്കുന്നതു ശ്രദ്ധേയമാണ്. പാത്രസൃഷ്ടിയും സാഹചര്യങ്ങളും ആസ്വാദകരുടെ വിഭിന്നമായ തലങ്ങളിൽ തന്മയീഭവിക്കുന്നതിന്റെ പ്രതിഫലനം തന്നെയാണിത്.

സൗബിനൊപ്പം സഹോദരങ്ങളായി വേഷമിട്ട ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം, മാത്യു തോമസ് എന്നിവരും തിളക്കമാർന്ന പ്രകടനമാണു കാഴ്ചവെച്ചത്. സൂക്ഷ്മമായ നോട്ടങ്ങൾ കൊണ്ടും ശക്തമായ ശരീരഭാഷ കൊണ്ടും ഡയലോഗില്ലാത്ത ബോണിയെ ശ്രീനാഥ് ശ്രദ്ധേയമാക്കി. ഷെയ്ൻ ആകട്ടെ തന്റെ മുൻ ചിത്രങ്ങളിലൂടെ നേരിട്ട വിമർശനങ്ങളെയെല്ലാം ഭാവസമ്പുഷ്ടമായ പ്രകടനങ്ങൾ കൊണ്ട് തകർത്തെറിയുന്നുമുണ്ട്. നാണക്കാരനും നിഷ്ക്കളങ്കനുമായ ഇളയ അനുജനായ ഫ്രാങ്കിയുടെ അത്ര ചെറുതല്ലാത്ത വേഷം മാത്യു തോമസിന്റെ കയ്യിൽ ഭദ്രമാണ്.

ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾ സവിശേഷശ്രദ്ധയാകർഷിക്കുന്നു. ആണിന്റെ 'ബാഹ്യസൗന്ദര്യത്തിനു' 'വിനായകന്റെ ലുക്ക്' എന്നൊരു പര്യായം കാട്ടിക്കൊണ്ടാണ് സ്ത്രീനിലപാടുകൾ വിരിയുന്നത്. ബേബി-ബോബി പ്രണയവും അതുസംബന്ധിച്ച തുറന്നുപറച്ചിലുകളും അടുക്കളവർത്തമാനങ്ങളും അത്രയൊന്നും അന്യമല്ലാത്ത നേർക്കാഴ്ചകൾ ആകുമ്പോൾ തനിമയുള്ള റിയലിസ്റ്റിക് ആഖ്യാനമായി കുമ്പളങ്ങി നമുക്ക് അനുഭവപ്പെടുന്നു. നെപ്പോളിയന്റെ വീട്ടിൽ ഒരു ചിത്രമായി മാത്രം ഒതുങ്ങിപ്പോയ മാതൃത്വം ദൈവമാതാവിന്റെ തന്നെ ഛായയിൽ അവിടേക്കെഴുന്നള്ളുന്നത് ഹൃദ്യമായി. സുസ്ഥിരമായ കുടുംബ ചട്ടക്കൂടിൽ നിന്ന് കാമുകന് യഥാർഥ പൗരുഷം തിരിച്ചറിയിച്ചു കൊടുത്ത് സുവ്യക്തമായ നിലപാടുകളിലൂടെ നീങ്ങുന്ന ബേബിമോളും ആർജ്ജിച്ചെടുത്ത ആൺമേൽക്കോയ്മയെ അനിവാര്യമായ ഘട്ടത്തിൽ തച്ചുടയ്ക്കുന്ന 'ഉത്തമഭാര്യ'യായ സിമി(ഗ്രേസ് ആന്റണി)യും ഗംഭീരം. ഭാഷയ്ക്കും വാക്കുകൾക്കും അതീതമായ സ്നേഹം ബോണിക്കു സമ്മാനിക്കുന്ന വിദേശവനിത നൈല(ജാസ്മിൻ മെറ്റിവിയർ)യും തമിഴ് കുടുംബത്തിന്റെ സാന്നിദ്ധ്യവും പറയാതെ പറയുന്ന വിശ്വമാനവികതയുടെ പാവനത കൂടി ഈ കഥയ്ക്ക് അവകാശപ്പെട്ടതാക്കുന്നു. യേശുക്രിസ്തു നമുക്കറിയാത്ത ആളൊന്നും അല്ലല്ലോ - ഇത്രത്തോളം ബഹുസ്വരതയെ ഉൾക്കൊള്ളുന്നതും ലളിതവുമായ ഒരുവാചകം മലയാളസിനിമയിൽത്തന്നെ ഉണ്ടായിക്കാണില്ല.

പരത്തിപ്പറയാവുന്ന ഒരു കഥയെ അരിച്ചരിച്ചു കയറുന്ന അനുഭവമായാണ് സംവിധായകൻ മധു സി നാരായണൻ സ്ക്രീനിലെത്തിച്ചിരിക്കുന്നത്. ഓരോ‌ കഥാപാത്രങ്ങളെയും സമയമെടുത്ത് ക്രമമായാണ് പ്രേക്ഷകരുടെ മുന്നിൽ അനാവരണം ചെയ്തിരിക്കുന്നത്. സൈജു ശ്രീധരന്റെ എഡിറ്റിങ് സിനിമയുടെ വേഗത്തെയും ഒഴുക്കിനെയും ആവശ്യാനുസരണം നിയന്ത്രിക്കുകയും ചെയ്യുന്നു. സംഘർഷ രംഗങ്ങളിൽ സ്വീകരിച്ചിട്ടുള്ള ചടുലത തന്നെ അതിന്റെ മികച്ച ഉദാഹരണം.

ഇന്നിന്റെ ശബ്ദവും സംസാരവും രൂപവുമാണ് കുമ്പളങ്ങിയുടെ രാത്രികൾക്ക്. രാവിന്റെ സംഗീതം അവരുടെ ജീവിതവുമായി അത്രയും ചേർന്നു നിൽക്കുന്നു. എപ്പോഴും കൂടെയുള്ള വർണ്ണം വിരിയുന്ന സ്പീക്കർ അതിനു തെളിവാണ്. സുഷിൻ ശ്യാമിന്റെ സംഗീതം കഥയിലെ ജീവിതങ്ങളുമായി ഇഴയടുത്തിരിക്കുന്നു. ചെരാതുകൾ എന്ന ഗാനം ലാളിത്യവും അർഥവും ഭാവവുംകൊണ്ട് മനസ്സിൽ കയറിക്കൂടുന്നു. അതേസമയം കുമ്പളങ്ങിയുടെ ശൈലി കൊണ്ടോ ഫ്രീക്കൻ ഭാഷയുടെ ചടുലത കൊണ്ടോ ആവാം ചില സംഭാഷണങ്ങൾ തിരിയാതെ പോകുന്നുമുണ്ട്.

ഫഹദ് ഫാസിലും നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് നിർമ്മിച്ച കുമ്പളങ്ങിയിലെ രാത്രികൾ തീയേറ്ററിൽ അനുഭവിക്കേണ്ട വിസ്മയമാണ്. ജനപ്രിയ സിനിമയുടെ പിന്നണിയിൽ നിൽക്കുന്ന ഒരുകൂട്ടം ആളുകൾ കലയും കാര്യവും ഒത്തിണക്കുന്ന ഈ ശ്രമം തന്നെ ശുഭകരമാണ്. കഥയിലെ സോളമന്റെ മക്കളെയും ഷമ്മി-സിമി-ബേബിമാരെയും നാം എവിടെയെങ്കിലുമൊക്കെ വെച്ചു കണ്ടിട്ടുണ്ടാവും. നമ്മുടെ അയല്പക്കങ്ങളിൽ, കുടുംബങ്ങളിൽ, ചിലപ്പോൾ മുന്നിലെ കണ്ണാടിയിൽപ്പോലും. മിന്നുന്ന നക്ഷത്രങ്ങൾക്കു താഴെ, തോളോട് തോൾ ചേർന്നു നിൽക്കുന്ന കുറെ ജീവിതങ്ങൾക്കു ചാരെ കുമ്പളങ്ങിയിൽ കവര് പൂത്തിട്ടുണ്ട്; ചെന്ന് കണ്ടുവന്നാലും.

റേറ്റിങ് 4/5

Friday, February 08, 2019

പേരൻപ് : അർപുതമാനത് !

അദ്ഭുതം തോന്നിച്ച ഒരു സിനിമ. മനസ്സു നിറച്ച സിനിമ. പിന്തുടരുന്ന സിനിമ എന്നെല്ലാം ആമുഖമായി പറയാതെ റാമിന്റെ 'പേരൻപ്' എന്ന ചലച്ചിത്രത്തെക്കുറിച്ച് എഴുതിത്തുടങ്ങാനാവില്ല. തീയേറ്ററിൽ തന്നെ പേരൻപ് കാണണമെന്ന ആഗ്രഹത്തോടെ ചെല്ലുമ്പോൾ മുക്കാലും ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ. കൂടിയാൽ ഇരുപത്തഞ്ചു പേരുള്ളിടത്ത് അപൂർവ്വമായി മാത്രമേ സ്ത്രീകളുള്ളൂ. കൂടുതലും യുവാക്കൾ.
 
കുട്ടവഞ്ചി ഒഴുകിവരുന്നതുപോലെ സാവധാനമാണ് സിനിമ സ്ക്രീനിൽ വിടർന്നത്. തുടക്കം മുതൽ മമ്മൂട്ടി എന്ന താരത്തിനു പകരം അമുദവൻ മാത്രം തെളിഞ്ഞു വന്നു, ത്രസിപ്പിക്കുന്ന സംഗീതവും ജ്വലിക്കുന്ന വർണ്ണപ്പൊലിമയുമില്ലാതെ. കൊടൈക്കനാലിലെ മഞ്ഞിൽ പ്രേക്ഷകന്റെ മേനി കുളിരുന്നുണ്ട്. തടാകക്കരയിലെ ആ സ്വപ്നവീട്ടിനു ചുറ്റുമുള്ള പുല്ലിൽ സ്വർണ്ണവർണ്ണം ചാഞ്ഞു വീഴുന്നുണ്ട്. അമുദവനും പാപ്പായും നമ്മെ കാത്ത് അവിടെയുണ്ട്. പാപ്പാ എന്ന ആദ്യവിളിയിൽ ആ പേരു മനസ്സിൽ പതിയുന്നുണ്ട്. നേർത്ത മഞ്ഞിന്റെ ജാലകവിരി മാറി അമുദവനും പാപ്പായും മുന്നിൽ നിറഞ്ഞാടുന്നുണ്ട്, ഇന്നു വരെ കേൾക്കാത്ത പല കഥകളും പറയുന്നുണ്ട്.
 
വെറുക്കപ്പെട്ട അച്ഛനാണ് അയാൾ. സ്പാസ്റ്റിക് സെറിബ്രൽ പാൾസിയുടെ എല്ലാ പരിമിതികളിലും നിന്നുകൊണ്ട് പാപ്പാ അയാളെ അകറ്റാൻ ആവതു ശ്രമിക്കുന്നു. അയാൾക്കതു നന്നായി മനസ്സിലാകുന്നുണ്ട്. ഭാര്യ പിരിഞ്ഞു പോകുന്നതും മകൾ അടുക്കാതിരിക്കുന്നതും നെഞ്ചിനു മുകളിൽ അമർന്നിരിക്കുന്ന കല്ലുകൾ പോലെ അയാളെ ഭരിച്ച് അശക്തനാക്കുന്നു. വരാനുള്ള കഥകളറിയാതെ നമ്മളും.

 
സിനിമയുടെ തുടക്കത്തിൽ തീയേറ്ററിൽ മിന്നി നിന്നിരുന്ന മൊബൈൽ വെട്ടങ്ങൾ എപ്പോഴോ അണഞ്ഞു പോയിരുന്നു. വേഗം കുറഞ്ഞ, ബഹളങ്ങളില്ലാത്ത ഒരു‌ സിനിമയ്ക്കിടെ സാധാരണ ഉറച്ചും താഴ്ന്നും കേൾക്കാറുള്ള കുശുകുശുക്കലും കമന്റുകളുമില്ലാതെ മെല്ലെപ്പോകുന്ന ആ സിനിമ മാത്രം ഹാളിൽ സംസാരിച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടെയുള്ള മൗനങ്ങളിൽപ്പോലും ഏറ്റവും വാചാലമായിത്തന്നെ.
 
മകളുടെ തിരസ്കാരത്തിൽപ്പെട്ടു കുഴങ്ങി മേൽക്കൂരയിൽ നിന്നും അവളെ എത്തി നോക്കുന്ന അച്ഛനിൽ, ഉപ്പൂറ്റിയും കഴിഞ്ഞു നിലം പറ്റി ഇഴയുന്ന അയാളുടെ പൈജാമയിൽ, അസ്പഷ്ടമായ ചുവടുവയ്പ്പുകളിൽ നിന്നെല്ലാം അമുദവനെ, അയാളിൽ നിന്നും പാപ്പയിലേക്കുള്ള ദൂരത്തെയും അതു നൽകുന്ന അനിശ്ചിതത്വങ്ങളെയും വായിച്ചെടുക്കാനാവും. ഒരാൾ വീടിനകത്തെങ്കിൽ മറ്റേയാൾ പുറത്ത് എന്ന മട്ടിൽ തികച്ചും വിഭിന്ന ധ്രുവങ്ങളിൽ നിന്ന് അവർ പരസ്പരം ചോദ്യചിഹ്നങ്ങൾ എറിഞ്ഞു. കലഹിച്ചു. ഒതുങ്ങിക്കൂടി. അമുദവന്റെ ഒപ്പം 'നെയിൽ പോളിഷ്' എന്നു പേരുള്ള കുതിര വന്നു കഴിഞ്ഞപ്പോളേക്കും ഞാനുമായും പാപ്പാ കൂട്ടുകൂടിയിരുന്നു.
 
പാപ്പാ! തിളക്കമുള്ള നിറങ്ങൾ വാരി അവൾ കൃത്യതയില്ലാതെ നഖങ്ങളിൽ വിതറി. ചിന്തകളിൽ ആ കൊഴുത്ത വർണ്ണങ്ങൾ ഇളം തണുപ്പോടെ പയ്യെ ഉണങ്ങിയിണങ്ങി. എനിക്കുറപ്പായിരുന്നു കുതിരയും അവളോട് അതുപോലെ ഇണങ്ങുമെന്ന്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിയുള്ള പ്രകൃതി വിസ്മയകരമായി ഇഴുകിച്ചേരുന്നുണ്ട് സ്ക്രീനിൽ; മായികവും ശാന്തവുമായ അതിന്റെ പരിസരവും നിർമലമായ ഒരു തടാകവും കൊണ്ട്. കാക്കയും കൊക്കും കുരുവിയും അർപ്പിക്കുന്ന സാന്നിധ്യം കൊണ്ട്. വെളിച്ചമില്ലായ്മയിൽ, പിശുക്കിയ വെട്ടത്തിൽ മാത്രം ദൃശ്യമാകുന്ന ഭാവഗാഥകളിൽ, ഇരുണ്ടതോ വിരസമോ ആയ നിറമുള്ള വസ്ത്രങ്ങളിൽ അമുദവനും പാപ്പായും പറയാതെ പലതും പറഞ്ഞു. അഞ്ജലി അവതരിപ്പിച്ച വിജയലക്ഷ്മി വരും വരെ.
 
ചിത്രത്തിന്റെ ദൃശ്യഭാഷയിലും മിതമായും ഏകാന്തമായും കേട്ടിരുന്ന പശ്ചാത്തല സംഗീതത്തിലും സംഭാഷണങ്ങളിലും വരെ പിന്നെ ഉണർവ്വു കാണാം. അമുദവൻ വിജിയെ വിവാഹം ചെയ്യുന്നതിലൂടെ, ആമോദം വമിക്കുന്ന വിവാഹഫോട്ടോയിലൂടെ, മൗനം മാറാലകെട്ടിയിരുന്ന ആ വീട്ടിൽ നിറയുന്ന പേരുവിളികളിലൂടെ, പാപ്പായും മറ്റുള്ളവരുമണിയുന്ന തിളക്കവും തെളിച്ചവുമുള്ള വേഷങ്ങളിലൂടെയെല്ലാം അൻപു നിറയുന്നു. വിജിയുടെ ഒപ്പം കാണപ്പെട്ട ബാബുവിന്റെ ആശങ്കകളുടെ പൊരുളറിയാതെ അല്പനേരം നമ്മൾ വിഹ്വലരായാൽ പോലും. വിജിയുമായി പിരിയേണ്ടി വരുന്ന സാഹചര്യത്തിൽ ആ തിരിച്ചടിയിൽ പോലും അവരെയും വെറുക്കാൻ നമ്മെ അനുവദിക്കാതെയാണ് അമുദവനോടൊപ്പം നാം ആ വീട്ടിൽ നിന്നും ഇറങ്ങുന്നത്. അത് പാപ്പായ്ക്ക് അങ്ങേയറ്റം വേദനാജനകമായ ഒരു വേർപിരിയലായിരുന്നിട്ടുകൂടി. നിങ്ങളുടെ കഷ്ടം എന്റേതിനെക്കാൾ എത്രകണ്ട് മോശമായിരിക്കും എന്ന വാചകത്തിൽ അമുദന്റെ തന്മയീഭാവശക്തിയും ബാബു-വിജിമാരുടെ മുഖങ്ങളിൽ നിറയുന്ന കുറ്റബോധവും യാചനയും കലർന്ന ഭാവങ്ങളും ചേർന്ന് അവസ്ഥാവിശേഷങ്ങളുടെ കടുംചായങ്ങൾ പകരുന്നുണ്ട്. ഉന്നതമായ മാനവികതയുടെ രത്നത്തിളക്കം കാണാം ആ രംഗത്തിൽ. പ്രകൃതിയുടെ ഭാവം മാറുന്നു. അവൾ ക്രൂരയാകുന്നു. എന്നാൽ നമ്മെ അതിശയിപ്പിച്ച് അമുദവൻ അതിനെയെല്ലാം ഹൃദയം കൊണ്ട് സ്വീകരിക്കുന്നു. ആർദ്രമായും കരുണയോടെയും സമീപിക്കുന്നു. അമുദവന് അങ്ങനെയല്ലാതാകാൻ ആവുമോ?
 
സമരങ്ങളുടെ കാലമാണു പിന്നെ. നഗരം. വിയർത്തോടി വന്ന്, തലചായ്ക്കാനിടം കാട്ടിത്തന്നു് വേഗം ഓടിമറയുന്ന പയ്യനിലൂടെ നഗരം അവരെ സ്വീകരിക്കുന്നു. മെർക്കുറി ദീപങ്ങളുടെ നിറമുള്ള രാത്രികൾ. ഏകാന്തയുടെ തടവറയിൽ നിന്നും ഏന്തിവലിഞ്ഞ് പാപ്പാ നേടുന്ന വെയിൽക്കാഴ്ചകൾ. ഏറെക്കുറെ അപ്രാപ്യമായ ഒരു ജാലകത്തിലൂടെയും ഒരു വിഡ്ഢിപ്പെട്ടിയിലൂടെയും അവൾ തുറന്നു കാണുന്ന പുതിയൊരു ലോകം. തടാകക്കരയിലെ ശാന്തതയെക്കാൾ സദാ ചിലയ്ക്കുന്ന നഗരത്തിൽ അവൾ പുതിയ നിറങ്ങൾ തേടി. ലോലിപോപ് അവളുടെ ചുണ്ടുകളിൽ ചായമായി. നെയിൽപോളിഷിന്റെ നിറങ്ങളെക്കാൾ ശോഭയാർന്നത്. ഒന്നുമറിയാതെ അമുദവൻ.
 
ഇതിനിടെ അവളുടെ വളർച്ചയിൽപ്പെട്ട് അമുദവൻ എടുത്തണിഞ്ഞ ശുശ്രൂഷകന്റെ വേഷം പ്രതിസന്ധിയിലാകുന്നു. അവൾ വലിയ പെണ്ണായി. അച്ഛനെ അച്ഛനുള്ള അകലമിട്ടു മാത്രം കാണണമെന്ന തിരിച്ചറിവുള്ളവളായി. സാനിറ്ററി പാഡ് വച്ചു നൽകിയിരുന്ന അച്ഛൻ മകളുടെ വളരുന്ന വ്യക്തിത്വത്തിന്റെയും ലൈംഗികതയുടെയും മുന്നിൽ സ്തബ്ധനാകുന്നു. ടി.വി സ്ക്രീനിൽ മുത്തം നൽകിക്കൊണ്ട് പരവശയാകുന്ന പാപ്പായെ കണ്ട് അയാൾ സംഭ്രമിക്കുകയോ നിസ്സഹായനാകുകയോ ഒക്കെ ചെയ്യുന്നുണ്ട്. അവളിൽ അവളുടേതു മാത്രമായ വിചാരങ്ങളുണ്ടായി. അച്ഛൻ എന്ന നിലയിൽ നിറവേറ്റാനാകാത്ത അവളുടെ ചോദനകൾക്ക് ഉത്തരം തേടാൻ അയാൾ ശ്രമിച്ച് സ്വയം അപമാനിതനാകുകയും ഒടുക്കം നിരാശനാകുകയും ചെയ്യുന്നു. പാപ്പായുടെ സ്വത്വം വെളിപ്പെടുകയായി. വിജി മുൻപേ പറഞ്ഞു വെച്ചിരുന്നുവെങ്കിൽകൂടിയും. അമുദവൻ ആ ലോകമറിഞ്ഞു. സ്വയം പരിചയിക്കാനും പാപ്പായെ പരിചയപ്പെടുത്താനും തുനിഞ്ഞു. ജീവിതം എല്ലാ രുചിഭേദങ്ങളോടും കൂടി അയാളും ഒപ്പം അവളും നുണഞ്ഞു.
 
സഹോദരീയെന്ന വിളിയോടെ ഭക്ഷണം കഴിക്കാൻ ശാസിക്കുന്ന കെയർ ഹോമിലെ ചെറുക്കനും അവനെക്കുറിച്ച് അവന്റെ അച്ഛൻ പറയുന്ന മറുപടിയും നാമറിഞ്ഞിട്ടുള്ള കഥകളുടെ മറുപക്കത്തുനിന്ന് ചില ചോദ്യങ്ങളെറിയുന്നുണ്ട്. തുടക്കത്തിൽ സ്വന്തം(?) വീട്ടിൽ നിന്നും പിന്നെ വാടക വീട്ടിൽ നിന്നുമെല്ലാം മകളെക്കൂട്ടി ഓടിയൊളിക്കേണ്ട ഗതികേടു വന്ന അമുദവന് ആ അച്ഛനെ മനസ്സിലാക്കാനെന്തു പ്രയാസം! അടിക്കാതെ അടക്കി നിർത്താനാവില്ലെന്ന് പറയുന്ന വാർഡനോട് എന്നും പൊരുതിനിൽക്കാനും അമുദവന് ആവില്ല തന്നെ.
 
യാദൃച്ഛികമായിട്ടാണു അഞ്ജലി അമീറിന്റെ മീര കഥയിൽ വരുന്നതെങ്കിലും നീണ്ടുപോകുന്ന ഒരു കഥാപാത്രമാകും അവളെന്ന് കരുതിയില്ല. വിലകുറഞ്ഞ നർമങ്ങൾക്കല്ലാതെ ഭിന്നലിംഗക്കാരെ സ്ക്രീനിൽ കാണുക വിരളമാണ്. ലൈംഗികതൊഴിലാളിയായ മീരയെ, അവളുടെ കുടുംബത്തെ അവഹേളനങ്ങൾകൂടാതെ അവതരിപ്പിച്ച് നിസ്സംശയം റാം കേമനാകുന്നു. അമുദവനൊപ്പം സെറ്റുസാരിയുടുത്ത് ആഹ്ലാദവതിയായി പോകുന്ന സീനിൽ, കൈകഴുകാനെന്ന അടവിൽ തീൻ‌മേശയിൽ നിന്നു വിരമിക്കുന്ന വേളയിൽ മീരയുടെ മനസ് നമ്മെ യഥാതഥമായി കാട്ടിത്തരുന്നുണ്ട്. അയാളെ എത്തേണ്ടിടത്തെത്തിച്ച് നീണ്ടുകിടക്കുന്ന ഒരു വഴിയിലേക്ക് ഏകാകിയായി മറഞ്ഞകലുന്നുണ്ട് കരളിൽ കനലൊളിപ്പിച്ച മീര. അവസാന രംഗത്തിൽ അമുദവനും പാപ്പായ്ക്കും മീര എന്താണെന്നും, അവരുടെ ജീവിതം എപ്രകാരമെല്ലാം മാറിയെന്നും വലിയ കാൻ‌വാസിൽ വരച്ചിടുന്നുണ്ട്, കണ്ടെത്താനുളള എല്ലാ ഉത്തരങ്ങൾക്കുമുള്ള സൂചനകളും സഹിതം.
 
പിന്നാമ്പുറക്കഥ വിശ്വസിക്കാമെങ്കിൽ ഈ സിനിമയിൽ മമ്മൂട്ടിയുടെ അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത ഒരു സംഭാവനയാവും അഞ്ജലിയെ ഈ റോളിലേക്ക് നിർദ്ദേശിച്ചത്. തന്റെ വേഷം എത്ര ഭംഗിയായും കൃത്യമായുമാണ് അവർ ചെയ്തുവെച്ചത്. ഇതിനിടെ ഡോക്ടറായി സമുദ്രക്കനിയും വീട്ടുടമയായി ലിവിങ്സ്റ്റണും കൃത്യമായ പ്രകടനം കാഴ്ചവച്ചിട്ടു പോകുന്നുണ്ട്. പാപ്പാ ആയി കളം നിറഞ്ഞാടിയ സാധനയെ ഒരിടത്തും ഒരു അനുകമ്പ യാചനാപാത്രം ആക്കാതെയും ദുഃഖപുത്രിയുടെ പതിവുചമയക്കൂട്ട് അണിയിക്കാതെയും ശ്രദ്ധിച്ചിരിക്കുന്നത് സിനിമയെ വ്യത്യസ്തമാക്കുകയും കലാസൃഷ്ടി എന്ന നിലയിൽ യഥാർഥ വിഷയത്തിലേക്ക് ഫോക്കസ് ചെയ്യാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. സാധനയുടെ ശ്രമങ്ങൾ ഈ ചിത്രത്തിന്റെ നട്ടെല്ലാവുന്നതായും അതിനെ ആസ്പദമാക്കിയാണ് മമ്മൂട്ടിയുടെ അമുദവൻ വികസിക്കുന്നതെന്നും കാണാം. മുൻ‌ഭാര്യയുടെ ശിഷ്ടജീവിതത്തിനു അമുദവൻ സാക്ഷിയാകുന്ന രംഗമൊക്കെ സിനിമയുടെ വൈകാരിക തലത്തെ വാചാലമാക്കുന്നു. പച്ചയും കഠിനവുമായ ജീവിതസമരങ്ങളെ പ്രകൃതങ്ങളും പ്രകൃതീഭാവങ്ങളും ചേർത്ത് അടുക്കടുക്കായി വിവരിക്കാൻ കെട്ടുറപ്പുള്ള തിരക്കഥയ്ക്ക് അനായാസം സാധിക്കുന്നു.
 
യുവാൻ ശങ്കർ രാജയുടെ മിതത്വമാർന്ന സംഗീതം, തേനി ഈശ്വറിന്റെ മാജിക്കൽ ഫ്രെയിംസ് എന്നിവ ചിത്രത്തിന്റെ ആഖ്യാനത്തെ അസ്സലായി പിന്താങ്ങുന്നുണ്ട്. ഭാവതീവ്രമായ ക്യാമറയിൽ ഇരുളും വെളിച്ചവും പാകത്തിനു യോജിപ്പിച്ചാണ് പല ഷോട്ടുകളും(പ്രധാനമായും രാത്രികളിൽ തടാകതീരത്തെ വീട്ടിൽ, നഗരത്തിലെ വീഥികളിൽ) ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിനു ലഭിക്കാവുന്ന പുരസ്കാരങ്ങളെക്കാൾ നാം ചർച്ച ചെയ്യേണ്ടതാണ് അതു മുന്നോട്ട് വെയ്ക്കുന്ന ശക്തമായ രാഷ്ട്രീയം. അതിൽ നിലപാടുകളും ചിന്തകളും പൊതുസമൂഹം നെറ്റിചുളിച്ചു മാത്രം കാണുന്ന ചില മറുവശങ്ങളുമുണ്ട്. ഭിന്നശേഷിയുടെ, രക്ഷാകർതൃത്ത്വത്തിന്റെ, ഒളിച്ചോട്ടങ്ങളുടെ, ഭൂമാഫിയയുടെ, ഊരുവിലക്കിന്റെ, പെൺസ്വകാര്യതയുടെ, ആർത്തവത്തിന്റെ, വ്യഭിചാരത്തിന്റെ, ലൈംഗികതൊഴിലിന്റെ, പല തലങ്ങളിലെ ലൈംഗികതയുടെ, സ്വയംഭോഗത്തിന്റെ.. അങ്ങനെ സിനിമ എന്ന മാധ്യമം ഇന്ത്യയിൽ അധികം ചർച്ചയ്ക്കു വെയ്ക്കാത്ത പലതിന്റെയും സത്യമായ രാഷ്ട്രീയം.
 
അവയെ തർക്ക രഹിതമായി അവതരിപ്പിക്കാനും തീയേറ്റർ വിടുന്ന പ്രേക്ഷകരിൽ എരിയുന്ന ചിന്തകളായി, ചർച്ചകളായി പടരുവാനും പര്യാപ്തമായ സൃഷ്ടിയൊരുക്കുക എന്ന കർത്തവ്യം പൂർണ്ണതയോടെ നിറവേറ്റിയ റാമിനാണ് എന്റെ കൂപ്പുകൈ. മമ്മൂട്ടീ, അങ്ങൊരു നടനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. സാധന, ഇനിയും ദൂരങ്ങൾ താണ്ടുക! അഞ്ജലിയുടെ വേഷം കഥയെ എത്ര ദീപ്തമാക്കിയോ അതുതന്നെയാണ് ആ അഭിനേത്രിക്കുള്ള പ്രശംസ. രണ്ടാം പാതിയിൽ നിറഞ്ഞാടിയ അഞ്ജലി അമീർ തികവാർന്ന പ്രകടനമാണു കാഴ്ചവെച്ചത്. മീര എന്ന കഥാപാത്രത്തിന്റെ എല്ലാ സംഘർഷങ്ങളും കടുത്ത ചായങ്ങൾക്കും പകിട്ടാർന്ന വേഷങ്ങളുടെ തിളക്കത്തിനുമിടയിലും സ്പഷ്ടവും ഭദ്രവുമായിരുന്നു.
 
പേരൻപ്പിന്റെ പ്രമേയം അത്രമേൽ‌ ആഴമുള്ളതും ഇതു സ്വീകരിച്ചിരിക്കുന്ന കഥനരീതി പരമശ്രേഷ്ഠവുമാകുന്നു. കണ്ണീരിറ്റാതെ കാണാം. ഹൃദയംകൊണ്ട് ആസ്വദിക്കാം. അവ നിങ്ങളെ പിന്തുടരുമെന്നുറപ്പ്. ഏനെൻട്രാൽ ഇയർകൈ പേരൻപാനത്.

റേറ്റിങ് : 5/5

Thursday, January 31, 2019

ഇര

ഞാനിവിടെ ഇരിപ്പു തുടങ്ങിയിട്ട് കാലംകുറെ ആയി. ഇവിടെയാകുമ്പോൾ സമാധാനപൂർണ്ണമായ ഒരിരുട്ടും തണുപ്പുമൊക്കെയുണ്ട്. ഈ വളപ്പിലെ എടുപ്പുകളൊക്കെ ആരു പണിയിപ്പിച്ചതാണെന്ന് അറിഞ്ഞുകൂട. മതിൽക്കെട്ടിനുള്ളിൽ നിറയെ വായു സഞ്ചാരവും ആവോളം ഇടവുമുണ്ട്. കിടക്കാൻ, ഇരിക്കാൻ, ഉറങ്ങാൻ, പെരുമാറാൻ, നടക്കാനിറങ്ങാൻ ഞാനൊരാൾക്ക് വേണ്ടതിലും കൂടുതൽ ഇടം.

നേരവും കാലവും തെറ്റിയ നേരങ്ങളിൽ ആരൊക്കെയോ എന്റെ സ്വൈര്യജീവിതം കെടുത്താൻ ഈ മതിൽ ചാടിക്കടന്ന് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നുണ്ട്. ചിലർ മതിലിൽ കയറിയിരുന്ന് നേരം പോക്കുകയും മതിൽപറ്റി നിൽക്കുകയും മറയാക്കിനിന്ന് മൂത്രമൊഴിക്കുകയുമൊക്കെ ചെയ്യാറുണ്ട്. മതിൽ ചാടുന്നവരുടെയും മതിലിലിരുപ്പുകാരുടെയും ശല്യം കാരണം വീട്ടിൽ കിടന്നുറങ്ങാനും മേല. അത്രയൊന്നും ബലവും ഈടും ഇല്ലാത്ത ഈ പഴഞ്ചൻ സെറ്റപ്പിനെ ഈ അപഥസഞ്ചാരികളും ഇരുന്നുവാഴികളും ചേർന്ന് വല്ലാതെ അലോസരപ്പെടുത്തുന്നു. വിശപ്പുകൊണ്ടും കൂടിയാണ് ഞാൻ പുറത്തിറങ്ങിയേക്കാമെന്നു വെച്ചത്.

ഒറ്റയ്ക്കുള്ള ഇരിപ്പിനൊരു മാറ്റം വേണമെന്നു തോന്നുമ്പോളെല്ലാം പുറത്തിറങ്ങാറുമുണ്ട്. അല്പം പ്രയാസമുള്ളതും ശ്രദ്ധ വേണ്ടതുമായ ശ്രമമാണത്. എന്നും ഒറ്റയ്ക്കായതിന്റെ പ്രശ്നം.

ജീവിതം പരമ ബോറാണ്. തീറ്റയും‌ വിശ്രമവും മാത്രം. സാഹസികമായി എന്തെങ്കിലും ചെയ്യണം. കുറെ ഭ്രാന്തന്മാരുടെ തല്ലുകൊണ്ടു മരിച്ച അപ്പൂപ്പനെ പോലെ. ചുരുങ്ങിയ പക്ഷം എന്റെ നിലനിൽപ്പിനെ അപകടത്തിലാക്കുന്ന ഒരുത്തനെയെങ്കിലും നല്ലൊരു പാഠം പഠിപ്പിക്കണം എന്ന് പലപ്പോഴും വിചാരിക്കാറുണ്ട്. എന്നാലേ ജീവിതത്തിനൊരു അർഥമൊക്കെ ഉണ്ടാവുകയുള്ളൂ എന്നും. ആ അതു പോട്ടെ.

വിശപ്പിന്റെ കാര്യത്തിനു ചിലപ്പോഴെങ്കിലും പുറത്തിറങ്ങാതെ വയ്യല്ലോ. പശിയടക്കാനുള്ളത് ഈ പരിസരത്തൊക്കെ അധികം അധ്വാനമില്ലാതെതന്നെ കിട്ടുമെന്നതാണ് ഏക ആശ്വാസം. തണുപ്പുണ്ട്. പകലത്തെ കത്തിക്കാളുന്ന വെയിൽ കരിച്ചു പൊഴിച്ച ഇലകൾ വല്ലാതെ വഴിയിൽ കൂടിക്കിടപ്പുണ്ട്. പോക്കുവെയിലിനു‌ സുഖമുള്ള ചൂടുണ്ട്. വിശപ്പിനുള്ള വക ലാക്കാക്കി കരിയിലമെത്തയുള്ള വഴിയിലേക്ക് ഇറങ്ങാൻ തുനിയവേയാണ് കണ്ടം വഴി ഓടി വന്ന്, ഭൂമി തകർക്കാൻ പാകത്തിൽ ചവിട്ടിക്കുലുക്കി ഒരുത്തൻ പാഞ്ഞു കയറിയത്.

മതിൽ ചാടി ഓടാനാണോ അതോ അവിടെ വന്ന് ഒളിക്കാനാണോ എന്നറിയാൻ ഞാൻ തിരികെ നോക്കും മുൻപേ പിന്നെയും കുറെ ആളുകൾ ഓടിവന്നു. ഇവന്മാരുടെ വരവ് കണ്ട് ഞാൻ ഭയന്നുപോയെന്ന് സമ്മതിച്ചേ തീരൂ.

പോണപോക്കിൽ എന്നെ ചവിട്ടിക്കൊല്ലുമല്ലോ. ഞാൻ തല‌പൊക്കി നോക്കിയതും കണ്ടത് വെളുത്തു കൊഴുത്ത ഒരു കാലാണ്. എന്റെ അരികിൽ നിന്നും അതു മാറും മുൻപേ ഞൊടിയിടയിൽ അതിൽക്കയറി വട്ടം പിടിച്ചു. ആ നിമിഷം ഭ്രാന്തന്മാരുടെ തല്ലുകൊണ്ട് ചത്തുപോയ കാർന്നോരെ ഓർമ്മ വന്നു. പിടുത്തം കിട്ടിയ കാലിന്റെ പത്തിയിൽ ഒറ്റ കടിയങ്ങ് കൊടുത്തു.

എന്റെ ഉച്ചിയിൽ നിന്നൊരു ഭാരം ഇറങ്ങിപ്പോകുന്നതു പോലെ തോന്നി. ജന്മം സഫലമാകുന്നെന്നു തോന്നിപ്പിച്ച ഒരു മൂർച്ഛയിൽ ഞാൻ സ്വയം മറന്നു. ‌കാലുകുടഞ്ഞ് എന്നെ എറിഞ്ഞ തക്കത്തിന് പോക്കുവെയിൽ വീഴാത്ത കരിയിലക്കൂട്ടങ്ങളിലേക്ക് ഞാൻ ഊളിയിട്ട് ഒളിച്ചു. ക്ഷീണം മാറിയിട്ട്, വല്ലതും തേടിത്തിന്നിട്ട് പയ്യെ താവളം തേടാം; മതിൽ അവന്മാർ പൊളിച്ചില്ലെങ്കിൽ.

©MS Raj/ inspired by jishnu through
#RandomWord2StoryChallenge with the word "മതിൽ"