Showing posts with label ഞാനെന്തായിങ്ങനെ. Show all posts
Showing posts with label ഞാനെന്തായിങ്ങനെ. Show all posts

Friday, March 27, 2020

ബ്ലോഗ്സാപ്പ് അഭിമുഖം

മലയാളം ബ്ലോഗര്‍മാരുടെ വാട്സാപ്പ് കൂട്ടായ്മയായ ബ്ലോഗ്സാപ്പിലെ അംഗങ്ങള്‍ 25.03.2020 തീയതിയില്‍ ഞാനുമായി നടത്തിയ ചോദ്യോത്തര പരിപാടിയില്‍ നിന്ന്-

Sari:ആദ്യ ചോദ്യം.. എന്ത് കൊണ്ടാണ് രാജിന്റെ ബ്ലോഗിന് ഓലപ്പീപ്പി എന്ന പേരിട്ടത്?
===ബ്ലോഗിൽ വരുന്ന കാലം നൊസ്റ്റാൾജിയ മലയാളി സമൂഹത്തെ ആകെ ഗ്രസിച്ച സമയം ആയിരുന്നു. ഞാനും വീട്ടിൽ നിന്നു അകന്നു നിൽക്കുന്ന സമയം. എനിക്ക് ഓലപ്പീപ്പി ഉണ്ടാക്കി തന്നിരുന്നത് അമ്മൂമ്മ ആണ്. അതുണ്ടാക്കാൻ എനിക്കറിയുകയും ഇല്ല. നാടൻ ചുവയുള്ള പഴയ ഓർമ്മകളുടെ അടയാളമായി ഓലപ്പീപ്പി എന്ന പേരിട്ടു.

Sari: രാജ് ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണല്ലോ..പൊതുവെ സാധാരണ ജനങ്ങളോട് ഉദ്യോഗസ്ഥർ അധികാരത്തിന്റെ ഹുങ്ക് കാണിക്കുന്നത് കണ്ടിട്ടുണ്ട്.. എന്നെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോ.. ചെയ്യുന്നവരെ കണ്ടിട്ടുണ്ടോ, ചെയ്യുന്നത് തടയാൻ ശ്രമിക്കാറുണ്ടോ?
===അധികാരത്തിന്റെ ഹുങ്ക് ആരോടും പ്രയോഗിച്ചിട്ടില്ല. അത്തരം സാഹചര്യമുള്ള ഓഫീസിൽ ജോലി ചെയ്തിട്ടില്ല. ജനസമ്പർക്കം താരതമ്യേന കൂടുതലുള്ള ചില ഓഫീസുകളില്‍ ദിനംപ്രതി അത്തരം സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്. പക്ഷേ ഇടപാടുകാരിൽ ചിലരോട് ഇടഞ്ഞിട്ടുണ്ട്, കനപ്പിച്ച് സംസാരിച്ചിട്ടുണ്ട്. ഉദ്ദേശിച്ച കാര്യം നടക്കാത്തതിൽ കലിപ്പിച്ചു വരുന്നവരോട് സമാധാനത്തിൽ കാര്യം പറഞ്ഞാൽ മനസ്സിലാകും എന്നാണ് അനുഭവം. നടക്കുന്ന കാര്യമല്ല എന്നാണെങ്കിൽ കൂടിയും ലളിതമായും സൗമ്യമായും പറഞ്ഞാൽ മിക്കവരും മനസ്സിലാക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ എന്റെ ഓഫീസിൽ നന്നേ കുറവാണ്. കലിപ്പ് സീനുകളിൽ ഇടപെടേണ്ടി വന്നിട്ടില്ല.

Sari: രാജ് ന്റെ ജോലിയിൽ 1 മുതൽ 5 വരെ റേറ്റിങ്ങ് തന്നാൽ എത്രയിൽ സ്വന്തം സ്ഥാനം റേറ്റ് ചെയ്യും (***** is 5ത് പൊസിഷൻ)?
===3.75/5

Anu: Techie ആയിരുന്നപ്പോൾ ആണോ govt. ഉദ്യോഗസ്ഥൻ ആയപ്പോൾ ആണോ ജീവിതം കൂടുതൽ ആസ്വദിക്കുന്നത്? ജോലി ഭാരമായി തോന്നുന്നത്/തോന്നിയിരുന്നത്?
===ചെയ്യുന്ന ജോലിക്ക് ജീവിതങ്ങളെ മാറ്റാൻ സാധിക്കുന്നു എന്നും കാണപ്പെടുന്ന റിസൾട്ട് ഉണ്ടാകുന്നു എന്നുള്ളതും സർക്കാർ ജോലിയിലാണ്. ടെക്കി ലൈഫ് മറ്റൊരു ജീവിതരീതി ആണ്. രണ്ടിനും ഗുണവും ദോഷവും ഉണ്ട്. ആത്മസംതൃപ്തി ഇവിടെത്തന്നെയാണ്. ജോലിഭാരത്തെപ്പറ്റി ഇപ്പോളും ആശയക്കുഴപ്പം തന്നെ. സർക്കാരിൽ ഭാരത്തിനു ഒട്ടും കുറവില്ല. കൊടിവച്ച വക്കീലന്മാർ തയ്യാറാക്കുന്ന ഹർജികൾക്കാണ് പത്താം ക്ലാസ് ക്വാളിഫിക്കേഷൻ വച്ച് എതിർസത്യവാങ്മൂലം തയ്യാറാക്കുന്നത്. അത് ഭാരം തന്നെ ആണ്. പൊതുവായി പറഞ്ഞാൽ ഭാരം കുറവാണ്. ഒരു മാസം 300 ഫയൽ ചെയ്യുന്നവനും 30 ഫയൽ ചെയ്യുന്നവനും ഒരേ ശമ്പളം. കഠിനമായ 10 ഫയൽ ചെയ്യുന്നതും ഈസി ആയ 100 ഫയൽ ചെയ്യുന്നതിനും ഒരേ സമയം വേണ്ടി വന്നേക്കാം. ഇതൊന്നും സർക്കാർ തലത്തിൽ അനലൈസ് ചെയ്യപ്പെടുന്നില്ല. ടെക് മേഖലയിൽ നമ്മളുടെ ഓരോ ഡെലിവറിക്കും കണക്കുണ്ട്. എടുക്കുന്ന ഭാരത്തിനു റിട്ടേൺ ഉണ്ട്.

Sari: ഗവണ്മെന്റ് ജോലി തന്നെ ആയിരുന്നോ ജീവിത ലക്ഷ്യം? ആ ലക്ഷ്യത്തിലേക്ക് എന്ന് മുതൽ പരിശ്രമം തുടങ്ങി? എപ്പോൾ വിജയിച്ചു?
===അല്ല. ഒരു ഭാഗ്യം പോലെ ലഭിച്ചതാണ് ഈ ജോലി. ആദ്യമായി എഴുതിയ ടെസ്റ്റിൽ. ഒരു വൺടൈം വണ്ടർ ആയി എന്നത് പിൽക്കാല യാഥാർത്ഥ്യം. നോട്ടിഫിക്കേഷൻ വന്ന ശേഷം തനിയെ പഠിച്ച് എഴുതിയതാണ്. പഠനം പൂർത്തിയായി ഒരു മാസത്തിനകം ജോലിക്ക് കയറി. അന്ന് കുടുംബത്തിലെ സാഹചര്യം മോശമായതിനാൽ സ്വർഗ്ഗം കിട്ടിയ പ്രതീതി ആയിരുന്നു. അഞ്ചോ ആറോ മാസത്തെ പരിശീലനം എന്നേ പറയാനുള്ളൂ.

Sari: ഗവണ്മെന്റ് ജോലി ആയത് കൊണ്ട് മാറി മാറി വരുന്ന പൊളിറ്റിക്കൽ പാർട്ടിക്കാർ പ്രശ്‌നം ആയിട്ടുണ്ടോ? ഒരനുഭവം വിശദീകരിക്കാമോ?
===തീർച്ചയായും. വളരെ രാഷ്ട്രീയ ഇടപെടൽ ഉള്ള മേഖലയാണ്. സർവ്വീസ് സംഘടനകൾ അതാത് മാതൃരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കണ്ട്രോളില്‍ ആണ്.

Sari: മോളെ കുറിച്ചുള്ള സ്വപ്നങ്ങൾ, അവൾ താങ്കളുടെ സങ്കല്പത്തിൽ എങ്ങനെ, എന്തായി തീരണാമെന്നാണ്?
===ധാരാളം ചോദ്യങ്ങൾ ചോദിക്കുന്ന, ഇന്ററാക്റ്റീവ് ആയ, പ്രസന്നവതിയായ കുട്ടിയാണ് അവൾ. ഞാനും അവളും കൂടുമ്പോൾ ആനന്ദദായകമായ ഒരു ഹാർമണി രൂപപ്പെടുന്നത് ആസ്വദിക്കാറുണ്ട്. വലുതാവുമ്പോൾ നീ പഞ്ചായത്ത് മെമ്പറാകുമെന്നാണ് ഞാൻ തമാശ പറയാറുള്ളതെങ്കിലും ഒരു അധ്യാപികയോ മറ്റോ ആകുമെന്നാണ് എനിക്ക് തോന്നാറുള്ളത്. സേവനമേഖലയിലോ ആൾക്കാരുടെ ജീവിതത്തിനു ക്ഷേമം നൽകാനാവുന്ന ഒരു പൊസിഷനിലോ അവളെ കാണാൻ ആഗ്രഹിക്കുന്നു.

Sari: അടുത്തിടെ ഇട്ട മൂന്ന് ബ്ലോഗ് പോസ്റ്റുകളിലും അന്ധകാരം എന്നത് വല്ലാതെ ഉപയോഗിച്ചതായി എനിക്ക് തോന്നി. പൊതുവെ ഇരുട്ട് ആശയറ്റതിന്റെ പ്രതീകമായി കരുതുമ്പോൾ എന്താണ് ഇരുട്ടിനോട് ഇത്ര പ്രിയം?
===അത് ഒരു റിഫ്ലക്ഷൻ ആണ്. ഞാൻ വളരെ ഇമോഷണൽ ആയ ഒരാളാണ്. മനസിനു സന്തോഷം തോന്നുമ്പോൾ ഞാൻ അത് അളവറ്റ് ആസ്വദിക്കും. സംഘർഷങ്ങളിൽ, സങ്കടങ്ങളിൽ ആയിരിക്കുമ്പോൾ അത് ലഘൂകരിക്കാൻ എഴുത്ത് ഉപകാരപ്പെടാറുണ്ട്. എന്റെ മികച്ച വാക്കുകൾ വന്നിട്ടുള്ളത് കനത്ത മനഃസംഘർഷങ്ങൾക്കിടയിലാണ്. ഉള്ളിലെ നെഗറ്റിവിറ്റി എഴുത്തിലൂടെ ഒഴുക്കിവിടുന്നു എന്നും പറയാം.

Devadas Samantharan: മേലുദ്യോഗസ്ഥർ പറയുന്നതിനനുസരിച്ച് ധാർമ്മികതയ്ക്ക് എതിരായി പ്രവർത്തിക്കേണ്ടിവരുമ്പോഴത്തെ മാനസികാവസ്ഥയെ എങ്ങനെ നേരിടും?
===നമ്മുടെ ലെവലിനു അനുസരിച്ച് അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കാറുണ്ട്. അതിനായി സഹപ്രവർത്തകരെയും സീനിയേഴ്സിനെയും ആശ്രയിക്കാറുണ്ട്. എന്റേത് ഒരു ഡിസിഷൻ മേക്കിങ് പോസ്റ്റ് അല്ലാത്തതിനാൽ അധികം ബേജാറാകേണ്ടതില്ല. അങ്ങനെയുള്ള ഓർഡറുകൾ നടപ്പാക്കേണ്ടി വരുമ്പോൾ സ്വന്തം എല്ലിൽ പിടിക്കാതിരിക്കാനുള്ള പോംവഴികൾ ഫയലിലും കത്തുകളിലും ഉത്തരവുകളിലും ഉൾപ്പെടുത്തും. ഉദ്യോഗസ്ഥർ സർക്കാരിന്റെ ടൂൾസ് ആണെന്ന് കരുതിയാൽ ആ മനഃപ്രയാസങ്ങൾ പെട്ടെന്ന് തീരും.

Sari: ഇടുക്കി ജില്ലക്കാരുടെ 2 പ്രത്യേകതയും രണ്ട് നെഗറ്റീവ്സും പറയാമോ?
===ഇടുക്കിക്കാർ പൊതുവേ അധ്വാനശീലരും മനോവീര്യം ഉള്ളവരുമാണ്; ബസ്സിറങ്ങി ഒരു കി.മീ. കൂടി പോകാനുണ്ടെങ്കിൽ ആ ദൂരം നടക്കാൻ തയ്യാറാവും ഇടുക്കിക്കാരൻ. ‘ലൗഡ് സ്പീക്കറി’ലെ ‘മൈക്കി’നെപ്പോലെ സംസാരത്തിലും ഭാവപ്രകടനങ്ങളിലും ലൗഡ് ആണ് പൊതുവേ ഇവിടത്തുകാർ.

ഇടുക്കിക്കാർ പിന്നോക്കക്കാർ ആണെന്നും അപരിഷ്കൃതർ ആണെന്നും വള്ളിയേൽ തൂങ്ങികൾ ആണെന്നും പതിറ്റാണ്ടുകളായി പരിഹസിക്കപ്പെടുന്നവർ ആണ്. അത് അസഹനീയമാണ്. അതിനെതിരേ തെറി വരെ വിളിച്ചു കളയും. മറ്റൊന്ന് നഗരജീവിതത്തോട് ചേർന്ന് പോകാനുള്ള മടി. ഇന്നത്തെ തലമുറയ്ക്ക് മാറ്റം വരുന്നുണ്ട്. ഇടുക്കി വിട്ടാലുള്ള കാലാവസ്ഥ പോലും അവർക്ക് അസഹനീയമാണ്; എനിക്കും.

Sari: Transgender എന്നവരെ താങ്കൾ എങ്ങനെ നോക്കി കാണുന്നു?
===ഞാൻ അത്തരം ആൾക്കാരുമായി ഇന്നു വരെ ഇടപെട്ടിട്ടില്ല. എന്തായാലും കഴിഞ്ഞ മൂന്നാലു വർഷം കൊണ്ട് എനിക്ക് അവരോടുള്ള മനോഭാവം പാടെ മാറി എന്ന് അഭിമാനപൂർവ്വം പറയാം.

Sari: താഴെ പറയുന്നവരെ പറയുമ്പോൾ ആദ്യം മനസിൽ വരുന്ന കാര്യങ്ങൾ പറയാമോ
1. സമാന്തരൻ
2 ദിവ്യ കല്ലോലിനി
3 ഏരിയൽ ഫിലിപ്
4. മുരളി മുകുന്ദൻ
5. ഗൗരീനാഥൻ(Sari)
===1. സമാന്തരനുമായി രണ്ടു വട്ടമേ ഞാൻ സംസാരിച്ചിട്ടുള്ളൂ എന്ന് തോന്നുന്നു. ഒരു അസാധ്യ മനുഷ്യൻ ആണ്. ബ്ലോഗ്സാപ്പിലെ ഒരു മെമ്പറോടൊപ്പം ഒരു ദിവസം ചെലവിടാൻ അവസരം വന്നാൽ ഞാൻ തെരഞ്ഞെടുക്കുന്നത് സമനെ ആവും. ആ പേരു കേട്ടാൽ ആദ്യം മനസ്സിൽ വരുന്നത് മൂപ്പര്‍ ട്രെയിൻ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ആ സീനാണ്. വെയിലിൽ തിളങ്ങുന്ന നീളൻ പാളങ്ങളിലേക്ക് നോക്കി സിഗ്നലുകൾക്കനുസരിച്ച് ഒരു ലോഹപ്പാമ്പിനെ തെളിക്കുന്ന തേരാളി!
2. ദിവ്യ-സുധിമാരുടെ വീട്, പരിസരം, അവിടെ പോയതിന്റെ ഓർമ്മകൾ. പിന്നെ ഇപ്പോ ചില പാലക്കാടൻ ചിത്രങ്ങളും.
3. പരസ്യഭരിതമായ അദ്ദേഹത്തിന്റെ ബ്ലോഗ് പേജ് തന്നെ!
4. അദ്ദേഹത്തിന്റെ ഏതാനും പോസ്റ്റുകൾ വായിച്ചിട്ടുണ്ടെന്നല്ലാതെ പ്രത്യേകിച്ച് ഒന്നുമില്ല. അമ്മയെക്കുറിച്ചുള്ള പോസ്റ്റ്.
5. ലെയ്ത്തിൽ ഇരുമ്പ് ഗ്രൈൻഡ് ചെയ്യുമ്പോളൊക്കെ തീപ്പൊരി തെറിക്കില്ലേ? അതുപോലെ ജീവിതത്തിൽ അനുഭവങ്ങൾ മൂർച്ച വരുത്തിയപ്പോൾ പഴുത്ത് തീ തുപ്പിയ ഒരു അസാമാന്യ സ്ത്രീ.

Sari: ഓൺലൈൻ ലോകത്ത് താങ്കൾ വെളിപ്പെടുത്താത്ത താങ്കളുടെ മൂന്ന് സ്വഭാവസവിശേഷതകൾ പറയാമോ?
===ഒന്ന്. എന്റെ പിന്തുണയോടെ എന്റെ ഒരു സുഹൃത്ത് കള്ളപ്പേരിൽ ട്രോൾസ് ഇടാറുണ്ട്. റെസ്പോൺസ് ആയിരം കടക്കുമ്പോൾ(k അടിക്കുക എന്ന് പറയും) അവൻ പറയും ഒറിജിനൽ ഐഡിയിൽ ഇട്ടാൽ മതിയാരുന്നെന്ന്!

രണ്ട്. വാട്സാപ്പിൽ വരുന്ന നല്ലൊരു പങ്ക് വീഡിയോ/യുട്യൂബ് ലിങ്കുകൾ ഞാൻ ഓപ്പൺ ചെയ്യാറുപോലുമില്ല.

മൂന്ന്. ഫാൻഫൈറ്റ്ക്ലബ് മുതലായ ചില ഗ്രൂപ്പുകളിലെ അശ്ലീലവും അല്ലാത്തതുമായ തമാശകൾ ആസ്വദിക്കാറുണ്ട്. എന്നാൽ അവയ്ക്ക് ലൈക്ക് / കമന്റ് ഒന്നും ചെയ്യില്ല.

Rajeswari: ജീവിതത്തിൽ സ്വസ്ഥമായി ഇരിക്കാൻ അത്യാവശ്യം എന്ന് തോന്നുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
===പണത്തെ കുറിച്ച് ടെൻഷൻ ഇല്ലാതിരിക്കുക. സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടാൻ‌ ആൾക്കാർ ഒപ്പമുണ്ടാവുക. ആരുടെയെങ്കിലുമൊക്കെ വിലപ്പെട്ടവരായിരിക്കുക.

Rajeswari: വ്യക്തി ബന്ധങ്ങളിൽ ആത്മ സമർപ്പണം ആണോ, dominance ആണോ അതോ പരസ്പരമുള്ള പങ്ക് വയ്ക്കൽ ആണോ മുന്നിട്ട് നിൽക്കുന്നത്?

===മേൽക്കോയ്മ നമുക്ക് ഇന്നല്ലെങ്കിൽ നാളെ മടുക്കും. ആത്മസമർപ്പണത്തെക്കാളും പങ്കുവെയ്ക്കൽ ആണ് ബന്ധങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നത്. ചിലപ്പോൾ ആത്മസമർപ്പണങ്ങൾ സ്വയം പ്രഖ്യാപിത തടവറകൾ ആയി മാറുന്നുണ്ടല്ലോ.

Rajeswari: ലഹരി ജീവിതത്തിൽ എത്ര മാത്രം സ്വാധീനം ചെലുത്തുന്നുണ്ട്? അവ വ്യക്തി എന്ന നിലയിൽ ഉള്ള productivity കൂട്ടുകയാണോ കുറയ്ക്കുകയാണോ ചെയ്യുന്നത്?
===ലഹരി എന്റെ ഒരു പേർസണൽ എൻജോയ്മെന്റ് ആണ്. അതുമൂലം മറ്റൊരാൾക്ക് പ്രത്യക്ഷമായ പ്രയാസമോ നഷ്ടമോ ഉണ്ടാക്കാതിരിക്കാൻ നോക്കുന്നുണ്ട്. മദ്യപിച്ചാൽ കുറെകൂടി ഡിസിപ്ലിൻഡ് ആണ് ഇപ്പോള്‍. ലഹരി ഔദ്യോഗിക ജീവിതത്തിൽ പ്രൊഡക്റ്റിവിറ്റി കൂട്ടാറില്ല.

Rajeswari: ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള വ്യക്തികളുടെ സവിശേഷതകൾ പറയാമോ?
===മഹാന്മാരല്ലാത്തവരുടെ : കഠിനാധ്വാനം, അർപ്പണബോധം, proactiveness. എനിക്ക് അത്ര നേടാൻ പറ്റിയിട്ടില്ലാത്ത ഗുണങ്ങൾ.

Sari: ഈ ഗ്രൂപ്പിന് ഡെഡിക്കേറ്റ് ചെയ്യാൻ ഒരു പാട്ട് ആവശ്യപ്പെട്ടാൽ താങ്കൾ ഏത് പാട്ട് ഡെഡിക്കേറ്റ് ചെയ്യും?
===റാൻഡം പിക്ക് - പലവട്ടം പൂക്കാലം വഴിതെറ്റി...

Sari: നിർഭയ കൊലക്കേസിലെ പ്രതികളെ തൂക്കി കൊല്ലുന്നതിന് എതിരെയും അനുകൂലിച്ചും ഉള്ള വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്. താങ്കളുടെ നിലപാട് എന്താണ്?
===ഉറപ്പായും അവർക്ക് പരമാവധി ശിക്ഷ നൽകണം എന്നു തന്നെയാണ് അഭിപ്രായം. അത് വൈകിപ്പോയെന്നേ പരാതി ഉള്ളൂ. ഗോവിന്ദച്ചാമിക്കും അത് കിട്ടണം.

Sari: ക്രൂരമായ ശിക്ഷകൾ കുറ്റവാളികളെ കുറക്കുമെന്നാണോ താങ്കൾ കരുതുന്നത്?
=== മനുഷ്യൻ സ്വയം തിരുത്തുന്നില്ലെങ്കിൽ സിസ്റ്റം ആ ജോലി ഏറ്റെടുക്കും. കറക്റ്റീവ് മെഷേർസ് ക്രിമിനൽ മനസ്സുകളെ പരിവർത്തനപ്പെടുത്തി മാലാഖ ആക്കിക്കളയും എന്ന് അന്ധമായ വിശ്വാസമൊന്നും എനിക്കില്ല. ശിക്ഷയോടുള്ള ഭയം കൊണ്ടുകൂടിയേ കുറ്റങ്ങൾ കുറയ്ക്കാനാകൂ. തീരദേശ നിയമം ലംഘിച്ചാൽ കെട്ടിടം പൊടിയാക്കുമെന്ന് വന്നതോടെ ഇനി അത്തരം ശ്രമങ്ങൾ കുറയും. പിഴ കൂടിയപ്പോൾ ട്രാഫിക് ലംഘനങ്ങൾ കുറഞ്ഞു എന്നാണ് എന്റെ അനുഭവം. കോഡ്രൈവർ യാത്രികനും സീറ്റ് ബെൽറ്റ് ഇട്ടു. പിൻയാത്രക്കാരനും ഹെൽമെറ്റ് വെച്ചു. കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങിയാൽ അടികിട്ടും/അകത്താകും എന്ന് വന്നതോടെ ഇന്ന് നല്ല മാറ്റം വന്നില്ലേ?

Sari: കെട്ടിട നിർമ്മാണം പോലത്തെ നിയമങ്ങളിൽ ബാധകമായത് പോലെ, ക്രിമിനൽ, അതായത്‌ റേപ്പ് പോലുള്ളവ കുറയും എന്ന് വിശ്വസിക്കുന്നുണ്ടോ?
===റേപ്പ് കുറയണമെങ്കിൽ ചികിൽസ വിത്തിൽ നിന്നേ തുടങ്ങണം. ശിക്ഷ കടുപ്പിച്ചത് കൊണ്ട് മാത്രം മാറ്റം വരില്ല. എന്നിരുന്നാലും നിയമസംവിധാനത്തോടുള്ള പേടിക്ക് സിവിൽ/ക്രിമിനൽ/നോൺ ബെയ്ലബിൾ/പെറ്റി എന്ന ഭേദമൊന്നും ഇല്ലെന്നാണ് തോന്നുന്നത്. സ്ത്രീസുരക്ഷ ഒരു വലിയ വിഷയമാണ്.

Sari: ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച അമ്മയും ഭാര്യയുമല്ലാത്ത ഒരു വനിതയെ കുറിച്ച് പറയാമോ? എന്ത് കൊണ്ട് എന്നും വിശദീകരിക്കുക?
===ആദ്യം മനസിൽ വരുന്ന പേര് രജനി ബാലകൃഷ്ണൻ ആണ്. കേരള പൊലീസിൽ സീനിയർ വനിതാ കോൺസ്റ്റബിൾ ആണ്. എന്റെ ഇരുപതുകളുടെ തുടക്കത്തിൽ അങ്ങനൊരു സൗഹൃദം ലഭിച്ചത് വിലപ്പെട്ട ഭാഗ്യം തന്നെ ആണ്. എനിക്ക് ഈ ജോലി കിട്ടാനുള്ള ശ്രമങ്ങൾക്ക് മോട്ടിവേഷൻ ഇവരാണ്. 17 കൊല്ലമായി തുടരുന്ന സൗഹൃദം.

Anu: ബിവറേജസ് അടയ്ക്കാൻ ഉള്ള തീരുമാനത്തെ എങ്ങനെ കാണുന്നു? കയ്യിൽ സ്റ്റോക്ക് ഇല്ലാത്ത മദ്യപൻമാരെ ഇത് മാനസികമായി ബാധിക്കാൻ സാധ്യതയുണ്ടോ?
===അടയ്ക്കാതെ തരമില്ലല്ലോ. മുൻപേ അടയ്ക്കേണ്ടതായിരുന്നു. ഒരു സ്ഥിരം കുടിയൻ അല്ലാഞ്ഞിട്ടും അടയ്ക്കാൻ പോകുന്നു എന്ന് കേട്ടപ്പോൾ എനിക്കുപോലും ഒരു വല്ലാഴിക തോന്നുന്നുണ്ട്. അപ്പോൾ മുഴുക്കുടിയന്മാരുടെ കാര്യം പറയണോ. ഇവിടെ ഫീലിങ്സിനു സ്ഥാനമില്ല.

Sudhi Arackal: നമ്മുടെ ഇന്നത്തെ സാമൂഹ്യജീവിതത്തിൽ ഉടനടി മാറ്റം വരുത്തണം എന്ന് രാജ് ആഗ്രഹിക്കുന്ന മൂന്നു കാര്യങ്ങൾ?
===മതങ്ങളുടെ അമിതമായ സ്വാധീനവും മുതലെടുപ്പും, TRP ബേസ്ഡ് മീഡിയ, വിദ്യാഭ്യാസമില്ലാത്ത ഭരണകർത്താക്കൾ / മക്കൾ രാഷ്ട്രീയം.

Sudhi Arackal: അവിസ്മരണീയമായ 3 കാര്യങ്ങൾ?
===ആദ്യ പ്രണയം, വിവാഹം, IT രംഗത്ത് ജോലിചെയ്ത കാലഘട്ടം.

Sudhi Arackal: മറക്കാൻ ആഗ്രഹിക്കുന്ന 1 കാര്യം??
===2018 ഒക്ടോബർ 21 നു സംഭവിച്ച ആക്സിഡന്റും ബന്ധപ്പെട്ട മാനസിക സംഘർഷങ്ങളും.

Sudhi Arackal: ഭാവിയിൽ IAS കിട്ടിയാൽ ആദ്യം ചെയ്യുന്ന കാര്യം എന്തായിരിക്കും?
===അങ്ങനെ ഒരു സ്വപ്ന പദ്ധതി ഇല്ല. തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകാനുള്ള പദ്ധതികളോട് ഇഷ്ടമാണ്. യഥാർത്ഥത്തിൽ അത് നിലവിൽ വന്നു കഴിഞ്ഞു.

Vinod Kuttath: പഴയ രാജഭരണ കാലത്തെ രാജാവ്, മന്ത്രി, ഭടൻ, ജനം ഇങ്ങനെയാണ് നിർവഹിച്ചിരുന്നത്. എന്നാൽ ഇന്നീ ജനാധിപത്യ കാലത്ത് ഈ നിർവചനം എങ്ങിനെയാണ്? ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ എന്ന രീതിയിൽ രാജിന്റെ നിർവചനത്തെ എങ്ങനെ നോക്കി കാണുന്നു? ചെറിയൊരു മാറ്റം വരുത്തി ഒരു സാധാരണ മനുഷ്യൻ ആയിരുന്നെങ്കിൽ ഈ വ്യവസ്ഥിതിയെ എങ്ങനെ നിർവ്വചിക്കുമായിരുന്നു?
===രാഷ്ട്രീയ നയം. മന്ത്രിസഭ/ലജിസ്ലേച്ചർ. ഉദ്യോഗസ്ഥർ. ജനം.
ഇടയ്ക്ക് തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും എന്തിനേറെ തുക്കടാ രാഷ്ട്രീയക്കാരും വരെ ഏറിയും കുറഞ്ഞും വരും. ഒരു complex multilayered decentralized system എന്നാണ് വെയ്പ്പ് എങ്കിലും രാഷ്ട്രീയത്തിനു മേലെ ഒന്നും പറക്കില്ല. എന്റെ ഉദ്യോഗവും പൊതുജനത്തിന്റെ അവസ്ഥയും തമ്മിൽ വലിയ അന്തരമില്ല. ഉദ്യോഗമുള്ളതു കൊണ്ട് ചില പ്രിവിലെജുകൾ ഉണ്ട്. നടന്നു നേടേണ്ട കാര്യങ്ങൾ വിളിച്ചു നേടാനൊക്കെ പറ്റും. പൊതുജനത്തിനു സ്വാതന്ത്ര്യം കൂടുതലുണ്ട്. ഉദ്യോഗസ്ഥരുടെ കയ്യും കാലും നാക്കും കെട്ടിയിട്ടിരിക്കുകയാണ്.

Utopian: അതുപിന്നെ ലെജിസ്ലേച്ചറിന്റെ താഴെയല്ലേ ബ്യൂറോക്രസി വരൂ ജനാധിപത്യത്തിൽ. You mean it should be versa?
===താഴെയാണ്. എങ്കിലും അന്യായമായ രാഷ്ട്രീയ ഇടപെടലുകൾ ഈ സംവിധാനത്തിന്റെ ബാലൻസ് തെറ്റിക്കും.

Sari: എന്താണ് ഒരു വ്യക്തിയുടെ സൗന്ദര്യം താങ്കളുടെ അഭിപ്രായത്തിൽ?
===പെരുമാറ്റം + പ്രസന്നത.

Sari: എഴുത്തുകാരിൽ പ്രിയപ്പെട്ട ഒരാൾ, അയാളുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതി?
===ബഷീറിന്റെ ശൈലി ഇഷ്ടമാണ്. ഈ അടുത്തകാലത്ത് വായിച്ചതിൽ ജയമോഹന്റെ 'നൂറു സിംഹാസനങ്ങൾ' കറക്കിയെറിഞ്ഞുകളഞ്ഞു.

Utopian: ഇരട്ടപ്പേര് (കൾ) ഉണ്ടോ?
===ഉണ്ടായിരുന്നു.

Utopian: കോളേജ് കാലത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു? ഏറ്റവും നല്ല ഓർമ്മ? (പ്രണയമല്ലാതെ )
===എടുത്തു പറയത്തക്ക ഗുണമുള്ള ഒരു സ്റ്റുഡന്റ് ആയിരുന്നില്ല ഞാൻ. സർവ്വവ്യാപിയായി നിന്നിരുന്നു എന്ന് സ്വയം തോന്നുന്നു. ഡിഗ്രി കാലത്തെ ഇലക്ഷൻ ക്യാമ്പെയ്നുകൾ രസകരമായ അനുഭവങ്ങളാണ്.

Utopian: വകുപ്പിൽ അഴിമതി നടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? ജോലിയുമായി ബന്ധപ്പെട്ട് 1.നിസ്സഹായത, 2.ധാർമികരോഷം, 3.അഭിമാനം തോന്നിയ സന്ദർഭങ്ങൾ വിവരിക്കാമോ?
=== അഴിമതി എല്ലായിടത്തും ഉണ്ട്. ചില സർക്കാർ പരിപാടികൾക്ക് ഗവ. ഫണ്ടിങ് വളരെ കുറവായിരിക്കും. അങ്ങനെ വരുമ്പോൾ കീഴാഫീസുകൾ വഴി പിരിവ് നടക്കും. എത്ര സ്ട്രെയ്റ്റ് ആയ ഓഫീസറും ആ സമയത്ത് ചില ഒത്താശകൾ ചെയ്യാൻ ബാധ്യസ്ഥരാകും. അതാണ് നിസ്സഹായത. അധികാരകേന്ദ്രങ്ങളിൽ ചിലരുടെ ഇടിച്ചു കയറുന്ന സ്വഭാവം കൊണ്ട് ഒരേ വിഷയത്തിൽ രണ്ടുതരം നീതിയൊക്കെ നടപ്പാകുമ്പോൾ അമർഷം തോന്നാറുണ്ട്. ഒരു പാവപ്പെട്ടവന്, സിസ്റ്റത്തെ കുറിച്ചു വലിയ ധാരണയില്ലാത്ത ഗതികെട്ടവന് ഒരു കാര്യം നടത്തിക്കൊടുക്കുമ്പോൾ കിട്ടുന്ന തൃപ്തിയും അഭിമാനവും സർക്കാർ സേവനത്തിന്റെ മാത്രം ഗുണമാണ്. അപ്പൻ വെട്ടിപ്പിടിച്ച ഭൂമിക്ക് മകൻ പട്ടയം വാങ്ങുന്നതും ഒക്കെ.

Utopian: ഈ പട്ടയം വിഷയം ശരിക്കും എന്താണ്? ഇടുക്കിയിൽ ആണ് കൂടുതലും കേൾക്കാറ്. പട്ടയം വിതരണം ചെയ്തു എന്നൊക്കെ. ഭൂരഹിതർ ആയ ആളുകൾക്ക് ഭൂമി കൊടുക്കുന്ന ഏർപ്പാട് ആണോ? എന്താണ് അതിന്റെ criteria? ഉള്ളുകള്ളികൾ?
===ലളിതമായി പറഞ്ഞാൽ സർക്കാർ ഭൂമി പണ്ടുമുതൽ കൈവശം വച്ച് കൃഷി നടത്തി വരുന്നവർക്ക് സർക്കാർ സ്ഥലവിസ്തീർണ്ണത്തിനു ആനുപാതികമായ ചില തുകയൊക്കെ വാങ്ങിയ ശേഷം കൈവശക്കാരനു അവകാശം രേഖയാക്കി നൽകുന്നു. സർക്കാർ ഭൂമി സ്വകാര്യ ഭൂമി ആകുന്നു. അയാൾ ഭൂവുടമ ആകുന്നു. സർക്കാരിനു കരം(ഭൂനികുതി) ലഭിക്കുന്നു. അയാൾക്ക് ആ ഭൂമി ഈടുവെയ്ക്കാനോ അനന്തരാവകാശികൾക്ക് നിയമാനുസൃതം ഭാഗം വെയ്ക്കാനോ വിറ്റുതുലയ്ക്കാനോ ഒക്കെ പറ്റുന്നു. ചുരുക്കത്തിൽ അയാൾടെ ജീവിതം വേറേ ലെവലാകുന്നു.
“ഓഹോ.. തനിക്ക് പട്ടയം കിട്ടുവാ അല്ലെ.. ഇത്ര സെന്റ്... അതിന്റെ ഇപ്പോളത്തെ വിലയെന്നതാ.‌. എത്ര ലക്ഷങ്ങളാ.. ഞാനല്ലേ സ്ഥലമളന്ന് മഹസർ എഴുതുന്നത്.. തന്നേരെ എനിക്ക് ഒരു പതിനായിരം..” - ഇതാണ് ഉള്ളുകള്ളി.

Utopian: എല്ലാവർക്കും ഗുണം അല്ലേ..
===അല്ല.

Utopian: അപ്പൊ എന്ത് മാനദണ്ഡം ആണ് ഇങ്ങനെ പട്ടയം കൊടുക്കുന്നതിന്നു ഉള്ളത്? For eg. ഞാൻ പോയി അനധികൃതമായി കുറച്ച് സ്ഥലത്ത് കൃഷി ചെയ്താൽ ഭാവിയിൽ എനിക്ക് പട്ടയം കിട്ടുമോ? പരമാവധി എത്ര ഏക്കർ ഭൂമി ഇങ്ങനെ പട്ടയം വഴി ഒരാൾക്ക് കിട്ടാൻ വകുപ്പുണ്ട്?
===ഇല്ല. ഇടുക്കിയിൽ മുഖ്യമായും പ്രാബല്യത്തിൽ ഉള്ള രണ്ടു നിയമങ്ങളിൽ ഒന്നിൽ 1971 നും മറ്റതിൽ 1977 നും മുൻപ് കൈവശം ഉണ്ടായിരിക്കണം. അല്ലെങ്കിൽ അന്നു കൈവശമുള്ള ആളിൽ നിന്നു കൈമാറി വന്നതെന്ന് തെളിയിക്കുന്ന രേഖകൾ വേണം. അവകാശപ്പെടുന്ന കൈവശ കാലയളവ് ബോധ്യപ്പെടുന്ന തരത്തിൽ കൃഷി വേണം. പരമാവധി ഒരു കുടുംബത്തിന് നാലേക്കർ വരെ കിട്ടാൻ വകുപ്പുണ്ട്.
Divya Sudhi: ചോറുണ്ടോ ?
===ഉണ്ടു. :)

Devadas Samantharan: ഏറ്റവും അടുത്ത സുഹൃത്ത് എന്നൊരാൾ ഉണ്ടോ ? അയാൾ നിങ്ങളെ സ്വാധീനിക്കുന്നതെങ്ങനെ?
===തീർച്ചയായും ഉണ്ട്. In everyday, in every way making me better. മനോഹരമായ കൊടുക്കൽ വാങ്ങലുകളിലൂടെ.

Divya Sudhi: സ്വയം നിർവചിക്കുന്നത് എങ്ങനെ?
===A man who is still in search of his mission on earth.

Divya Sudhi: സെർച്ച്‌ ഓഫ് മിഷൻ എന്ന് പറയുമ്പോൾ മിഷൻ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്ന് തന്നെ അല്ലേ? അതോ പൂർത്തീകരിച്ചിട്ടില്ല എന്നാണോ ഉദ്ദേശിച്ചത്?
===കണ്ടെത്തിയിട്ടില്ല എന്നു തന്നെ ആണ്.

Samantharan: വീട്ടുവൈദ്യങ്ങളിൾ ഇടുക്കിക്കാർ കഴിവുള്ളവരാണ്. രാജും വീട്ടാരും എങ്ങനെ?
===യഥാസമയം അത്തരം ഒറ്റമൂലികളും വീട്ടുമരുന്നുകളും കിട്ടാറുണ്ട്.

Divya Sudhi: മറ്റുള്ളവരെ അളക്കുന്നത് എങ്ങനെ?
===ത്രാസ് വെച്ച് കിലോഗ്രാം കണക്കിനും ടേപ്പ് വെച്ച് അടി, ഇഞ്ച് / മീറ്റർ, സെ.മീറ്റർ എന്നീ വിധത്തിലും അളക്കുകയും അളവുകളെ വിലയിരുത്തുകയും ചെയ്തുവരുന്നു. കൂടാതെ mm Hg, bpm മുതലായ അളവുകളും ഉണ്ട്. മാനസികമായി ഒരു ഇന്റേണൽ സ്പ്ക്ട്രോമീറ്റർ കൊണ്ടും അളക്കുന്നു. അതിന്റെ കാലിബ്രേഷൻ സെറ്റിങ്സ് വെളിപ്പെടുത്താനാവില്ല.

Divya Sudhi: ഈ സെറ്റിംഗ്സ് ശരിയാണെന്നു അതായത് ഓരോരുത്തരെയും അളന്നത് / മനസ്സിലാക്കിയത് ശരിയാണെന്നു വിശ്വസിക്കുന്നുണ്ടോ?
===mm Hg (പ്രെഷർ) വല്ലാതെ താണും അളവിലധികം പൊങ്ങിയും നിൽക്കുന്നവരോട് അടുക്കാൻ സൂക്ഷിക്കണം. Beats per minute ചിലർക്ക് ഇടയ്ക്കിടെ മിസ്സ് ആകും. അങ്ങനെയുള്ളവരുമായി ഇടപെടുന്നത് ഒരു സുഖമാണ്. ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കേ 'സജീവമായ അന്തർധാര' സൂക്ഷിക്കുന്നവരെ തിരിച്ചറിയാനും നിലനിർത്താനും എളുപ്പമാണ്, സന്തോഷകരമാണ്. ഭൂരിഭാഗം അളവുകളും ശരിയാണ്. ചിലരിൽ പൂർണമായും അളക്കാനാകാത്തതിന്റെ തിരിച്ചടി ലഭിച്ചിട്ടുമുണ്ട്.

Devadas Samantharan: ഒരു വ്യക്തി എന്ന നിലയിൽ ജീവിതത്തിൽ ജീവിതപങ്കാളിയെ എത്ര ശതമാനം ഉൾപ്പെടുത്താനാവുന്നുണ്ട്?
===എല്ലാ തലങ്ങളിലും പൂർണ്ണമായി ഉൾപ്പെടുത്താൻ പറ്റാറില്ല.

Sudhi Arackal: അത് ഞാനായിരുന്നെങ്കിൽ എന്ന് ഏതെങ്കിലും വ്യക്തിയെക്കുറിച്ചു തോന്നിയിട്ടുണ്ടോ?
===ഇല്ല. അത് എനിക്കായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ട്.

Sudhi Arackal: ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ?
===തീർത്ത് പറയാൻ പറ്റില്ല. എങ്കിലും മണിച്ചിത്രത്താഴ് ഒരു ഭേദപ്പെട്ട ഉത്തരം ആകും.

Sudhi Arackal: ഇന്ത്യ ലോകത്തിനു നൽകിയ വരദാനം എന്ന് തോന്നിയിട്ടുള്ള ഭാരതീയൻ?
===പഴയ മഹാന്മാരൊക്കെ അണ്ടർ ചാലഞ്ച് ആണ്. ഡോ. എ പി ജെ അബ്ദുൽ കലാം എന്നാണ് എന്റെ ലേറ്റസ്റ്റ് ഉത്തരം.

Sudhi Arackal: അസൂയ തോന്നിയിട്ടുള്ള കൂട്ടുകാർ? ഉണ്ടെങ്കിൽ എങ്ങനെ?
===ഒരുപാടുപേരോട് പോസിറ്റീവായ അസൂയ തോന്നിയിട്ടുണ്ട്. പലപ്പോഴും അവർ സൂക്ഷിക്കുന്ന മൂല്യങ്ങൾ കാരണമാണ്. വളരെ സൗമ്യമായും ആർദ്രമായും ഇടപെടുന്ന ഒരു കൂട്ടുകാരി എനിക്കുണ്ട്. അസൂയയോടെ ഞാൻ അനുകരിക്കാൻ ശ്രമിക്കുന്ന ഒരു ഗുണമാണ് അത്.

Sudhi Arackal: ബ്ലോഗർ എന്ന നിലയിൽ മറ്റു ബ്ലോഗർമാരോട് ഇടപെടുന്നതിൽ തെറ്റ് സംഭവിച്ചതായി തോന്നിയിട്ടുണ്ടോ?
===ഇല്ല.

Sudhi Arackal: നല്ല രീതിയിൽ ഇടപെട്ടിട്ടും തെറ്റിദ്ധരിക്കപ്പെട്ടാൽ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്?
===Sort out ചെയ്യാൻ ശ്രമിക്കാറുണ്ട്. അല്ലെങ്കിൽ വിട്ടു കളയും. അങ്ങനെ ചെയ്യേണ്ടി വരുന്നതിൽ വിഷമം തോന്നാറുണ്ട്.

Sudhi Arackal: രാജ് ഒരു സ്ത്രീവിരുദ്ധൻ ആണെന്ന ആരോപണം ഉയർന്നാൽ അതിനെ എങ്ങനെ പ്രതിരോധിക്കും?
===അല്ലെന്ന് സ്ഥാപിക്കാൻ എന്റെ പക്കൽ കാരണങ്ങൾ ഉറപ്പായും ഉണ്ടാവും. അതിനു മുൻപ് എന്തിന്റെ അടിസ്ഥാനത്തിൽ അങ്ങനെ തീർച്ചപ്പെടുത്തി എന്ന് അന്വേഷിക്കും.

Sudhi Arackal: ഏതെങ്കിലും ഒരു രാജ്യത്തെ നശിപ്പിക്കാൻ അവസരം കിട്ടിയാൽ തെരഞ്ഞെടുക്കുന്ന രാജ്യം?
===വല്ലാത്ത ചോദ്യം. എനിക്കറിയാവുന്ന ഒരു രാജ്യത്തെയും നശിപ്പിക്കണമെന്നില്ല.

Sudhi Arackal: അച്ഛനമ്മമാരെക്കുറിച്ച്?
===അച്ഛൻ - സോമൻ - ജോലി : കൃഷി, അമ്മ - ഓമന - ജോലി : ഞങ്ങളെ നോക്കൽ. അച്ഛനമ്മമാർക്ക് സ്വന്തം മക്കൾ ബെസ്റ്റ് ആവും. എന്റെ അച്ഛനമ്മമാർ എനിക്കും ബെസ്റ്റ്. വളരെ അണ്ടർസ്റ്റാൻഡിങ് ആയ ആൾക്കാരാണ് അവർ. എനിക്ക് ആദ്യമായി ഒരാളെ ഇഷ്ടപ്പെട്ടെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഞാൻ അച്ഛനോട് നേരെവിളിച്ച് പറയുകയായിരുന്നു.

Sudhi Arackal: ഒരു പെൺകുഞ്ഞിന്റെ അച്ഛനും ഒരു ആൺകു ൽഞ്ഞിന്റെ അച്ഛനും തമ്മിൽ ഭൗതീകതലത്തിൽ എന്തെങ്കിലും വ്യത്യാസം ഉള്ളതായി തോന്നിയിട്ടുണ്ടോ?
===ഞാ‌ൻ പെൺകുഞ്ഞിന്റെ അച്ഛൻ മാത്രമേ ആയിട്ടുള്ളൂ. താരതമ്യം അനുഭവത്തിൽ ഇല്ല.

Udayaprabhan: ജീവിതത്തിൽ ആരെയെങ്കിലും അനുകരിക്കണം എന്ന് തോന്നിയിട്ടുണ്ടോ ?
===യേശുദാസ് നെ പോലെ പാടാൻ പറ്റിയിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. ജി വേണുഗോപാലിനെ അനുകരിച്ചിട്ടുണ്ട്.

Udayaprabhan: തെറ്റായ ചില മുൻകാല തീരുമാനങ്ങൾ തിരുത്തുവാൻ അവസരം ലഭിച്ചാൽ ആദ്യം?
===നെടുമ്പാശ്ശേരി എയർപോർട്ടിലെ ജൂനിയർ എക്സിക്യൂട്ടീവിന്റെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തേനെ.

Udayaprabhan: മറ്റുള്ളവരെ വെറുപ്പിക്കുന്ന സ്വന്തം സ്വഭാവം ഏത്? അത് തിരുത്തണമെന്ന് തോന്നിയിട്ടുണ്ടോ.?
===പല കാര്യങ്ങളിലും ഒരു മറുവശം കാണുന്നവനാണ് ഞാൻ. അത് പ്രകടിപ്പിക്കുമ്പോൾ മറ്റുള്ളവർ അതെന്റെ നിലപാടാണെന്ന് കരുതുന്നു. ഇവനെന്തിനും ഉടക്കാണല്ലോ എന്ന്. ശരിക്കും ഞാൻ അതല്ല; എന്റെ ഉടക്ക് അങ്ങനല്ലാാാ. അതുകൊണ്ട് തിരുത്താനുമില്ല.

Udayaprabhan: യാത്രയിൽ പരിചയപ്പെടുന്ന അപരിചിതരോട് സുഹൃദ്ബന്ധം നിലനിർത്താൻ ശ്രമിച്ചിട്ടുണ്ടോ.?
===അങ്ങനെ പരിചയപ്പെട്ട അപൂർവ്വം ചിലർ ഇപ്പോളും ഉണ്ട്. ഇപ്പോൾ അത്തരം സന്ദർഭങ്ങൾ കുറവാണ്.

Udayaprabhan: ഒരു ചടങ്ങിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്തിട്ട് അർഹതപ്പെട്ട അംഗീകാരവും ബഹുമാനവും നന്ദിയും കിട്ടാതെ വരുമ്പോൾ തുടർ പ്രവർത്തനങ്ങൾ എങ്ങനെ?
===കടുത്ത നിരാശ ഉണ്ടാവാറുണ്ട്. പിന്നോട്ട് വലിക്കാറുണ്ട്. പിന്നെ ശീലമായി.

Udayaprabhan: ഒരു വ്യക്തിയെ പൂർണ്ണമായി മനസ്സിലാക്കുന്നതിന് മുമ്പ് ആ വ്യക്തിത്വത്തെ വിലയിരുത്താറുണ്ടോ.?
===ഇല്ല. നല്ല കൂട്ടായിക്കഴിഞ്ഞാവും നമുക്ക് ഒരിക്കലും ചേർന്നു പോകാനാകാത്ത പ്രശ്നങ്ങൾ ചിലർക്ക് ഉണ്ടെന്ന് മനസ്സിലാകുക. ഇന്റവ്യൂ ചെയ്തിട്ട് കൂട്ടുകൂടാൻ പറ്റില്ലല്ലോ.

Divya Sudhi: ജീവിതം =100% ആണെങ്കിൽ പേർസണൽ ലൈഫ് + ഒഫീഷ്യൽ ലൈഫിന്റെ അനുപാതം ?
===33% ഒഫീഷ്യൽ.

Devadas Samantharan: അണക്കെട്ടു നിർമ്മാണത്തിന് വന്നവരും പിന്നീട് ഇവിടെ കുറേ കാലം താമസിച്ചവരുമായി സൗഹൃദം ഉണ്ടായിരുന്നോ ?
===അവരുടെ പിൻതലമുറക്കാർ സഹപ്രവർത്തകരായി ഉണ്ട്.

Sudhi Arackal: കേരളത്തിൽ ഏറ്റവും കൂടുതൽ പൊതുമുതൽ കയ്യേറ്റം നടന്നിട്ടുള്ള ജില്ലയിൽ താമസിക്കുന്ന ആളെന്ന നിലയിലും റവന്യൂ ഉദോഗസ്ഥൻ എന്ന നിലയിലും കയ്യേറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു?
===ഒരുകാലത്ത് കയ്യേറ്റം സർക്കാർ സ്പോൺസേഡ് ആയിരുന്നു. രണ്ടാം ലോകയുദ്ധം കഴിഞ്ഞുണ്ടായ വറുതിയുടെ ബാക്കിയുമായിട്ടാണ് എന്റെ അപ്പൂപ്പൻ ഇടുക്കിക്ക് വരുന്നത്. 1955 ൽ. അന്ന് അത് നിലനില്പിന്റെ സമരവും ഒപ്പം കേരളത്തിന്റെ രാഷ്ട്രീയ അതിരുകൾ കാക്കാനുള്ള അജണ്ട കൂടി ആയിരുന്നു. ഇന്നത്തെ ഫീച്ചേർഡ് കയ്യേറ്റങ്ങൾ എല്ലാം സ്വാർഥത മൂലമുള്ളതാണ്. കയ്യേറ്റങ്ങളെ പ്രായോഗികമായി ചെറുക്കാനുള്ള കയ്യൂക്കും ആൾബലവും റവന്യൂ വകുപ്പിനു ഇല്ല. അതേ സമയം വകുപ്പിന്റെ മുഖ്യ ചുമതല സർക്കാർ ഭൂമിയുടെ സംരക്ഷണം ആണു താനും. ഇതിനിടയിലുള്ള കളിയാണ് റവന്യൂക്കാരന്റെ ഔദ്യോഗിക ജീവിതം.

Sudhi Arackal: ഇഷ്ടപ്പെട്ട മലയാളം സാഹിത്യകാരൻ?
===പിന്നെയും ബഷീർ

Utopian: സ്വയം നിന്ദ തോന്നിയ ഒരു നിമിഷം?
===2008 ൽ ആണെന്ന് തോന്നുന്നു; ഒരു മദ്യപാനസദസ്സിൽ വെച്ച് ഇന്റിമേറ്റ് ഫ്രണ്ടിനെ വാക്കുകൾ കൊണ്ട് അപമാനിച്ചു. അവനതിനു ചുട്ടമറുപടി തന്നു. അതിനു ശേഷം ചെറുതല്ലാത്ത ആത്മനിന്ദ ഉണ്ടായി. പിന്നെ അങ്ങനെ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുന്നതിന് ആ സംഭവം കാരണമായി.

Utopian: തന്നെത്തന്നെ പുറത്ത് നിന്ന് വിലയിരുത്തിയാൽ കാണുന്ന മോശം സ്വഭാവം?
===വിട്ടുകളയേണ്ടതായ ചില കാര്യങ്ങളെ കൊണ്ടു നടക്കുക.

Utopian: ഏറ്റവും ഇഷ്ടപെട്ട കഥ, കവിത, നോവൽ (പേര് ഓർമ്മയുള്ളത്)
===പെട്ടെന്ന് ഓർത്തു പറയാൻ ഒരു കഥയോ കവിതയോ ഇല്ല. നോവൽ നിച്ചാത്തം by പി കണ്ണൻകുട്ടി.

Utopian: ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തി(നോൺ ഫാമിലി) & പുസ്തകം?
===ഒരു വ്യക്തിയെ മാത്രമായി ചൂണ്ടിക്കാണിക്കാനാവില്ല. കഠിനാധ്വാനം, അർപ്പണ ബോധം എന്നിവ കൊണ്ട് അതാത് ഫീൽഡിൽ അതികായന്മാരായ പലരെയും ഇഷ്ടമാണ്. കഴിഞ്ഞ കൊല്ലം എന്നെ അതുപോലെ പ്രചോദിപ്പിച്ച ഒരു വ്യക്തി തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആണ്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലെ വിവരണങ്ങളിൽ നിന്നും. പുസ്തകം 2012 ൽ എനിക്കു ലഭിച്ച ആൽക്കെമിസ്റ്റ് തന്നെ.

Aarsha Abhilash: ഒരു സ്ത്രീ ആകാൻ കഴിഞ്ഞാൽ രാജിന് ആരാകാൻ ആണ് ഇഷ്ടം?
===ജയലളിതയെ പോലെ പവർഫുൾ ആയ എന്റെ അമ്മൂമ്മയെ പോലെ സ്നേഹമയിയായ ഒരു സ്ത്രീ.

Aarsha Abhilash: രാജിന് ചേരുന്ന ജോലി എന്ന് തോന്നിയിട്ടുള്ളത്?
===എഡിറ്റർ, അധ്യാപകൻ

Sudhi Arackal: ഏറ്റവും ഇഷ്ടപ്പെട്ട പുരുഷബ്ലോഗറും വനിതാ ബ്ലോഗറും?
===ഗുരു വിശാലമനസ്കനും കൊച്ചുത്രേസ്യയും. ലെജൻഡ്സ്.

Sudhi Arackal: അസൂയ തോന്നിയിട്ടുള്ള മലയാളം സാഹിത്യകാരൻ?
===പദ്മരാജൻ

Sudhi Arackal: പദ്മരാജന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ?
===ഇഷ്ടപ്പെടാത്തത് ഒന്നുമില്ല. പ്രത്യേക ഇഷ്ടം നമുക്കു പാർക്കാൻ മുതിരിത്തോപ്പുകൾ-നോട്. ഏറ്റവും ഇഷ്ടമെന്ന് അർഥമില്ല.

Sudhi Arackal: ഒരു മലയാളം സിനിമ സംവിധായകനെ അസിസ്റ്റ് ചെയ്യാൻ അവസരം കിട്ടിയാൽ ആരെ തെരഞ്ഞെടുക്കും?
===ജോഷി/ദിലീഷ് പോത്തൻ.

Sudhi Arackal: താങ്കളെ ഏറ്റവും വെറുപ്പിച്ച സുപ്രീം കോടതി വിധി ഏതാണ്?
===സുപ്രീം കോടതി വിധികളെ പുറമേ നിന്നു കണ്ടിട്ടുള്ള അറിവു വെച്ച് ബാബറി മസ്ജിദ് കേസിലെ വിധി നീതിപൂർവ്വമല്ലെന്ന് തോന്നിയിട്ടുണ്ട്.

Aarsha Abhilash: രാജിന്റെ പേര് രാജ് എന്നല്ലായിരുന്നു എങ്കിൽ എന്താകണം ആയിരുന്നു?
===അനുരാജ്.

Divya Sudhi: ഇന്നത്തെ ചോദ്യോത്തര പംക്തി അനുഭവം എങ്ങനെ ഉണ്ടായിരുന്നു ?
===I enjoyed a lot.

Divya Sudhi: മോളുടെ പേര് എന്താണ്?
===അൻവിത.

Utopian: ബ്ലോഗ് എഴുത്തിൽ എങ്ങനെ എത്തിപ്പെട്ടു?
===ബ്ലോഗ് വായിച്ച് വായിച്ച് എനിക്കും എഴുതാൻ മുട്ടി!

Utopian: 2.ബ്ലോഗ് എഴുതുന്നതിനെ എങ്ങനെ കാണുന്നു?
A. ടൈം പാസ്സ് /
B. സമയം കിട്ടുമ്പോൾ എഴുതുന്നു. എഴുതിയില്ല എങ്കിലും വല്യ വിഷമം ഒന്നുമില്ല
C. സീരിയസ് ആയി എഴുതുന്നു. ബ്ലോഗിനെ പ്രിയപ്പെട്ട എഴുത്ത് മാധ്യമം ആയി കാണുന്നു.
D. സ്വയം അടയാളപ്പെടുത്തലിന്റെ ഒരു വഴി - ആത്മാവിഷ്ക്കാരം.
===D പ്രധാനമായും. ഫേസ്ബുക്കിനെക്കാൾ തനിമയോടെ പെരുമാറാൻ പറ്റുന്ന മാധ്യമം എന്ന നിലയിൽ C യും സ്വീകാര്യം.

Divya Sudhi: താങ്കളുടെ കാഴ്ചപ്പാടുകൾ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നു?
===ഡിബേറ്റല്ല എന്റെ സ്വഭാവം. ഇത്തരം ഇന്റേണൽ ഡിബേറ്റുകൾ എന്നെ നന്നായി പരുവപ്പെടുത്തിയിട്ടുണ്ട് എന്നുറപ്പാണ്. കാഴ്ചപ്പാടുകൾ എന്ന് നിങ്ങൾ നിരീക്ഷിക്കുന്നത് ഞാൻ ഉത്തരം തേടുന്ന ചോദ്യങ്ങളാവാം. എന്തായാലും ഞാൻ തീർത്തും ഒരു പെസ്സിമിസ്റ്റ് അല്ല.

Thursday, March 05, 2020

കനവിന്റെ അവസാനത്തെ എപ്പിസോഡ്

എന്റെ മഞ്ചം.
അതെന്റെ ഒരു സ്വപ്നമാണ്.
എന്റെ അവസാനത്തെ സ്വപ്നം.

ഓറഞ്ച് നിറമുള്ള പൂക്കൾ
ആ പരിസരത്ത് ഉണ്ടാവരുത്.
കണ്ണുകളെ കുത്തിനോവിക്കാൻ കെൽപ്പുള്ള
കനത്ത നിറമാണത്.

വെള്ളയിൽ നീലപൂക്കളുള്ള
ചേല വേണമെനിക്ക്.
അതിലൊതുങ്ങി വെൺകച്ചയ്ക്കു കീഴെ
ഒരു രഹസ്യം പോലെ ഞാൻ കിടക്കണം.

നിനക്കു മാത്രമറിയാവുന്ന ഒരു
പുഞ്ചിരിയുമണിയണം അന്ന്.
വരണ്ട ചുണ്ടുകൾക്കുമീതെ
നിനക്കു മാത്രം വായിക്കാവുന്നൊരു
പ്രണയമുദ്രയായ് അതു നിൽക്കണം.

അടയാൻ മടിച്ച, തലോടിയണച്ച കൺകളിൽ
നിന്നോടുള്ള കുസൃതിയുടെ നിഴലുണ്ടാവണം.

പെരുവിരൽ കെട്ടിയ
മരച്ചു വിളർത്ത കാൽത്തുമ്പിൽ
നിന്നെയാദ്യം‌ കണ്ടയന്നത്തെ
നാണത്തിന്റെ ഒരു സ്നേഹത്തന്മാത്ര
ബാക്കി വെയ്ക്കണം.

എങ്കിലുമന്ന്..
അന്നു നീ എന്നോടു മിണ്ടുകയേ അരുത്.
കാരണം,
നിന്റെ വാക്കിന് എന്നെ ഉയിർപ്പിക്കാനുള്ള ശക്തിയുണ്ട്.



Wednesday, January 08, 2020

ഡെസ്റ്റിനി

രാത്രി വൈകിയപ്പോഴേക്കും തീരം തീർത്തും വിജനമായി. ബീച്ചിന്റെ ഇങ്ങേയറ്റത്തെ നേർത്ത മണൽത്തിട്ടയ്ക്കിപ്പുറം നാട്ടിയ അനേകം കനത്ത തൂണുകൾ പോലെ തെങ്ങുകൾ വരിയായി നിന്നു. അവയുടെ തലപ്പുകൾക്കിടയിലൂടെ തെളിഞ്ഞ ആകാശം ചോർന്നുവീണു. ഒപ്പം കുറെ നക്ഷത്രങ്ങളും. തണുപ്പുള്ള കാറ്റ് ഓലകളെ തൊടാതെ നിലംപറ്റിയൊഴുകി. അവൻ ആകാശത്തേക്കു തന്നെ നോക്കിക്കൊണ്ട് പറഞ്ഞു. "ഈ.. ആശയറ്റവര്.. ചിലപ്പോ ഒരു നക്ഷത്രത്തെ നോക്കി പറയില്ലേ, സ്റ്റാർ ഓഫ് ഹോപ് എന്നൊക്കെ.. പ്രത്യാശയുടെ താരകം? നമ്മൾ ദുഃഖത്തിലാകുമ്പോൾ നമ്മെ നോക്കി സാന്ത്വനിപ്പിക്കുന്നുവെന്നും കണ്ണു ചിമ്മുന്നെന്നുമൊക്കെ..?"

"ഉം.. അതിനു്?"

"അതൊക്കെ ചുമ്മാ.. കളിപ്പിക്കാൻ വെറുതെ പറയുന്നതാ!"

"സില്ലി. ഓർക്കാൻ തന്നെ രസമുള്ള കല്പനയല്ലേ അതൊക്കെ? ദൂരെ.. അങ്ങ് ദൂരെ നിന്നും പ്രത്യാശയുടെ ഒരു കിരണം വരുന്നു!"

"നമ്മെ നോക്കി ചിരിക്കുന്നതൊന്നുമല്ല മാഷേ. മറ്റാരെയോ നോക്കി ചിരിച്ചു. പ്രകാശവർഷങ്ങൾ താണ്ടി ഈ ദുനിയാവിലെത്തിയപ്പോ ആകാശോം നോക്കി, ഡെസ്പായി വായും പൊളിച്ചു നിന്നതു സാഹചര്യവശാൽ നമ്മളായിപ്പോയി എന്നല്ലേയുള്ളൂ? ന്നിട്ടാ നമ്മള് പറയുന്നെ റേ ഓഫ് കോപ്പെന്ന്!"


image courtesy : motaen.com

"ഹെയ് പെസ്സിമിസ്റ്റ് പുലീ.. എല്ലാം പാസ്റ്റിൽ നിന്നും വരുന്നതാണ്. ആ നക്ഷത്രം നിനക്കായി മിന്നിയതാണെന്ന് ഉറപ്പുണ്ടെങ്കിൽ, നീയറിയുന്നതിനു മുൻപ് ഈ റേ ഓഫ് ഹോപ് പണ്ടേ യാത്ര പുറപ്പെട്ടുകഴിഞ്ഞിരുന്നു എന്നാണു വിചാരിക്കേണ്ടത്. നീയിപ്പോൾ കേട്ട എന്റെ ശബ്ദം പോലും ഞാൻ പറഞ്ഞു കഴിഞ്ഞ് നിന്റെ ചെവിയിലെത്താൻ കുറെ മില്ലിസെക്കന്റ് എങ്കിലും എടുത്തിട്ടുണ്ടാവില്ലേ? നിന്റെ കാലിനെ തൊട്ട തിരയും, നിന്റെ വിയർപ്പാറ്റിയ കാറ്റും നിനക്കു പോകാൻ സ്റ്റോപ്പിലെത്തുന്ന ബസ്സും ഒക്കെ അങ്ങനെയാണ്. എവ്‌രിതിങ് ഇസ് അൻ എക്സ്റ്റെൻഷൻ ഓഫ്... ഓർ കണ്ടിന്യുവേഷൻ ഓഫ് ദി പാസ്റ്റ്. വി ആൾ ജസ്റ്റ് ഹാപ്പൻ ടു ബീ അ പാർട്ട് ഒഫ് ദെം. ഇന്നു നിന്നെ കാണുക, അറിയുക എന്നതൊക്കെ എന്റെ നിയോഗമായിരിക്കാം. ദാറ്റ്സ് വാട്ട് വീ കാൾ ഡെസ്റ്റിനി."

അവനെ വിശ്വസിപ്പിക്കാൻ പ്രയാസമാണ് എന്നെനിക്കറിയാമെങ്കിലും അതാണ് സത്യം. ഇന്നവനെ കണ്ടുമുട്ടാൻ എത്രയോ വർഷങ്ങൾക്കു മുൻപേ പുറപ്പെട്ടുപോന്ന ഒരു കിരണമല്ലേ ഞാനും?

Tuesday, July 26, 2016

മഴയത്തു കുരുത്ത പഴയൊരു വിത്ത്


ന്യൂജെൻ കഥയുടെ തലക്കെട്ടൊന്നുമല്ല. ഇവിടം പതിവായി വായിക്കുന്നവർക്ക്, ക്ഷമിക്കണം, വായിച്ചിരുന്നവർക്ക് മുൻപാകെ ഞാൻ എഴുതുന്ന ഒരു ക്ഷമാപണക്കുറിപ്പാണിത്.

2012 ജൂണിൽ ബാംഗ്ലൂരിലെ എന്റെ ഔദ്യോഗികജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു സ്വയം പറിച്ചു നടുമ്പോൾ ഒപ്പം കൊണ്ടുപോരാൻ കന്നടനാട്ടിൽ വെച്ചു പാകി കിളിർപ്പിച്ച ഈ എഴുത്തുപുരയിലെ അക്ഷരങ്ങളാണ്‌ പ്രധാനമായും ഉണ്ടായിരുന്നത്. സ്വാഭാവികമായും നാടിന്റെ സ്വസ്ഥതയിലും പച്ചപ്പിലും തണുപ്പിലും ഓലപ്പീപ്പി വാടില്ല, മറിച്ച്, തഴച്ചുവളരും എന്നുള്ള ഒരു പ്രതീക്ഷയോടെയാണ്‌ വന്നത്. സ്വതവേയുള്ള അലസതയും മറ്റു സമൂഹമാധ്യമങ്ങളോടുള്ള ചായ്വും എല്ലാം കൂടിയായപ്പോൾ മറന്നതും മറച്ചതും ഇവിടുത്തെ എഴുത്തായിരുന്നു. ഡയറിയെഴുത്തു പോലും അന്യം നിന്നു; പേനയെടുക്കുന്നത് ഫയലെഴുതാൻ മാത്രമായപ്പോൾ ഇവിടം ആളൊഴിഞ്ഞ ഒരാൽത്തറയായിപ്പോയി.


കഴിഞ്ഞ നാലു വർഷങ്ങൾക്കിടെ യാത്രകൾ ഒരുപാടു നടന്നു. ഇടുക്കിയുടെ അറിയാതിരുന്ന പല മുക്കും മൂലയും കണ്ടു. ആയിരക്കണക്കിനു കിലോമീറ്ററുകൾ സ്വയവും കൂട്ടുകാർക്കൊപ്പവും യാത്ര ചെയ്തു. പല പല സ്ഥലങ്ങളിൽ താമസിച്ചു. യാത്ര പോകുമ്പോഴാണ്‌ മനസ്സിൽ നല്ല നല്ല ചിന്തകളും ആശയങ്ങളും ഒക്കെ ഉണ്ടാവുക. അതിനൊന്നും ഒരു പഞ്ഞവും ഇല്ലായിരുന്നെങ്കിലും അപൂർവ്വം സന്ദർഭങ്ങളിലൊഴികെ എഴുത്തു മാത്രം എന്നെ വിട്ടു നിന്നു. ഞാൻ എഴുതാറുണ്ടെന്നും എഴുതേണ്ടവനാണെന്നും സ്വയം ബോധ്യപ്പെടുത്താൻ, വാഹനത്തിന്റെ പിന്നിൽ ബ്ലോഗരിന്റെ ലോഗോ വരെ പതിച്ചു വച്ചു. അപ്പോഴും ഞാൻ എഴുതാതിരുന്നു. ഇപ്പോൾ ഞാൻ എഴുതാനിരിക്കുന്നു.. മറന്നു തുടങ്ങിയ അക്ഷരങ്ങളെ ഇനിയൊന്നു തിരിച്ചു പിടിക്കാൻ നോക്കട്ടെ...

വീണ്ടും പേനയെടുക്കാൻ പ്രചോദനവും ആത്മവിശ്വാസവും നല്കിയ വിജയ് ശങ്കർ വാസുദേവന്‌(പോറ്റി) നന്ദി രേഖപ്പെടുത്തിക്കൊണ്ട്, ഞാൻ എഴുത്തു പിന്നേം നിർത്തിയാൽ എന്നെ ശിക്ഷിക്കാൻ താങ്കൾക്ക് അധികാരമുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്.

Wednesday, September 26, 2012

ഹൃദയം കൊണ്ടെഴുതുന്ന സമ്മതപത്രം

കഴിഞ്ഞ മൂന്നു വർഷങ്ങളായി എന്റെ ജന്മദിനത്തിന്റെ അന്നു ചെയ്യണം എന്നോർത്തിരുന്നതും എന്നാൽ ഓരോരോ കാരണങ്ങളാൽ മുടങ്ങിപ്പോയതും ഇന്നല്ലെങ്കിൽ നാളെയെങ്കിലും നടത്തണം എന്നു ഞാൻ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നതുമായ ഒരുകാര്യമുണ്ട് - നേത്രദാനസമ്മതപത്രം ഒപ്പിടൽ.

ഒരൊറ്റ നിബന്ധന മാത്രം - ആ കരാറിൽ പുണ്യത്തിന്റെ പൂച്ചുപറയാൻ തങ്ങളിലൂടെ വെളിച്ചം കിട്ടിയവരുടെ കണക്കിനെ കൂട്ടുപിടിക്കുന്ന സ്ഥാപനങ്ങളുടെ മദ്ധ്യസ്ഥത ഉണ്ടാവരുത്.

Sunday, November 06, 2011

അര്‍ത്ഥം തേടുന്ന പ്രയാണം - 3

തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ കട്ടപ്പന ടൗണിലെ ഇടശ്ശേരി ജങ്ങ്‌ഷനില്‍ നിന്ന്‌ ഇടത്തേക്കു തിരിയുന്ന വഴി. ഇടശ്ശേരി കോവിലകം എന്നു കുറേ വര്‍ഷം മുന്‍പു വരെ ഞങ്ങളുടെ സൗഹൃദക്കൂട്ടം പരാമര്‍ശിച്ചിരുന്ന ഇടശ്ശേരി റിസോര്‍ട്‌സ്‌ എന്ന ബാര്‍ ഹോട്ടലാണ്‌ ഈ കവലയുടെ പേരിനു നിദാനം. അവിടെ നിന്നും ഇരുനൂറു മീറ്റര്‍ മാറിയാല്‍ കയറ്റം തുടങ്ങുന്നിടത്ത്‌ സാഗരാ തീയേറ്റര്‍. ഈ കയറ്റത്തിന്റെ ഉച്ചിയില്‍ കയറിയെത്തുപോള്‍ നീ കണ്ടതൊന്നും കയറ്റമല്ല കുഞ്ഞേ എന്നു നമ്മളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌ കരിമ്പാറ നിറത്തില്‍ വലതുവശത്ത്‌ കട്ടപ്പന കുരിശുമല.

പിന്നെ ഒരു കുഞ്ഞിറക്കം. വലതു ഭാഗത്ത്‌ കൃപാലയ എന്നറിയപ്പെടുന്ന പള്ളി. വടക്കു പടിഞ്ഞാറു ദിശയിലേക്കു തുറക്കുന്ന വിശാലമായ ആകാശം. കുരിശുമലയുടെ മറവില്‍ നിന്നും ആനകുത്തി മേട്‌ ആരംഭിക്കുന്നു, അതു ദൈവം കെട്ടിയകോട്ട പോലെ കിഴക്കോട്ടു വളഞ്ഞ്‌, 'പൂവേഴ്‌സ്‌ മൗണ്ട്‌'(Poor's Mount) എന്നറിയപ്പെടുന്ന പ്രദേശമായി പടിഞ്ഞാറേക്കൊടിഞ്ഞ്‌ വലിയതോവാള-മന്നാക്കുടി ഭാഗത്തേക്കിറങ്ങി നില്‍ക്കുന്നു. അവിടെ നിന്നു നോക്കിയാല്‍ മലമുകളിലെ അമ്പലത്തിന്റെ ഒരു ഭാഗം കാണാം. വൃശ്ചികരാവുകളില്‍ താഴ്‌വരയിലേക്കും ഇക്കരെ മലകളിലേക്കും ഭജനഗീതങ്ങളും ശരണംവിളികളും കുളിരുള്ള കാറ്റിനൊപ്പം ഇങ്ങു പറന്നുവരും. ഇപ്പുറം നമ്മള്‍ നില്‍ക്കുന്നിടത്തു തുടങ്ങുന്ന ശൃംഗം എതാണ്ടു പടിഞ്ഞാറുദിശയിലേക്ക്‌ അതേ ഉയരത്തില്‍ നീണ്ട്‌ വലിയപാറ, പുഞ്ചിരിക്കവല എന്നൊക്കെ അറിയപ്പെട്ട്‌ കൊച്ചുതോവാള ഗ്രാമത്തിന്റെ വടക്കേപ്പുറത്ത്‌ അലിഞ്ഞു തീരുന്നു. തെക്കുനിന്നു പുറപ്പെട്ട്‌ കിഴക്കു ചുറ്റി വടക്കുപടിഞ്ഞാറു തീരുന്ന ആദ്യത്തെ മലനിരയും പിന്നെ ഇതും ചേരുമ്പോള്‍ താഴ്‌വര, കൊച്ചുതോവാള ഗ്രാമം പ്ലാവില കോട്ടിവെച്ചതു പോലെ ഒരു പ്രദേശമാകുന്നു. റോഡ്‌ എസ്‌.എന്‍. കവലയിലെത്തുന്നു. ഗുരുദേവക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. വലത്തേക്കു തുടരുന്ന പ്രധാനറോഡിലൂടെ ഇറക്കവും നീളുന്നു. പിന്നീടുള്ള കാല്‍ കി.മീ. ദൂരം നിരപ്പ്‌. അടുത്തു കാണുന്ന കവലയ്‌ക്ക്‌ അതിനാല്‍ നിരപ്പേല്‍കട എന്നു പേര്‌.

ഇവിടം കഴിഞ്ഞാല്‍ കുപ്രസിദ്ധമായ കൊച്ചുതോവാള ഇറക്കം(കയറ്റം) ആരംഭിക്കുന്നു. ഒരു കിലോമീറ്ററിലധികം നീളുന്ന ഈ ഭാഗത്ത്‌ മുക്കാലും കുത്തനെയുള്ള ചെരിവാണ്‌. നാട്ടുകാര്‍ ഒരുപാട്‌ മുറവിളി കൂട്ടിയിട്ടും പണ്ടുകാലങ്ങളില്‍ കരുത്തിന്റെ ഗര്‍ജ്ജനം മുഴക്കിയ ലെയ്‌ലാന്‍ഡ്‌ ബസ്സുകള്‍ ഈ കയറ്റത്തെ വല്ലാതെ ഭയപ്പെട്ടിരുന്നതിനാല്‍ ഈ റൂട്ടില്‍ ബസ്‌ സര്‍വ്വീസുകള്‍ അല്‍പായുസ്സുകളായി. 99-2000 കാലയളവില്‍ റോഡ്‌ വീതികൂട്ടി വികസിപ്പിച്ചതിന്റെ ഭാഗമായി കയറ്റം തുടങ്ങുന്ന ഭാഗം മണ്ണിട്ടുയര്‍ത്തി കുത്തനെയുള്ള തുടക്കം പരമാവധി ചെരിച്ചെടുത്തു. ഇപ്പോള്‍ കയറ്റം തുടങ്ങുമ്പോഴത്തെ പഴയ ആ ചക്രശ്വാസം വലി ഇല്ല. അതുകൊണ്ടു തന്നെ അത്യാവശ്യം ബസ്സുകളും ഉണ്ട്‌.

പിന്നെയും അത്ര വലുതല്ലെങ്കിലും ഇറക്കം തന്നെ. അങ്ങനെ വരുമ്പോഴുള്ള അടുത്ത സ്റ്റോപ്പാണ്‌ അത്തിക്കയം. റോഡ്‌ വീതികൂട്ടിപ്പണിയുന്നതിനു മുന്‍പ്‌ ഭയങ്കരന്‍ ഒരു അത്തിമരം അവിടെ ഉണ്ടായിരുന്നു. പലപ്പോഴും നിറയെ കുലകുലയായി കായ്ച്ചു കിടക്കുന്ന ആ പഴങ്ങള്‍ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്‌. വികസനത്തിന്റെ മഴു വീണ്‌ ആ മരം ഓര്‍മ്മയായി. ഒരു കട പോലും ഇല്ലാത്ത ആ സ്റ്റോപ്പിന്‌ അത്തിക്കയം എന്നു പേരു വീണെങ്കിലും ഇപ്പോളാരെങ്കിലും ആ പേര്‌ ഉപയോഗിക്കുന്നുണ്ടോ എന്നറിഞ്ഞുകൂടാ.

പിന്നെ ഒരു പത്തു മിനിറ്റു നടക്കാനുള്ള ദൂരം കൂടി. കൊച്ചുതോവാള 'സിറ്റി' ആയി. സ്ഥലനാമങ്ങളെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ തോവാള എന്നാല്‍ മലകള്‍ക്കിടയിലുള്ള പ്രദേശം എന്നര്‍ഥം കണ്ടു. അക്ഷരംപ്രതി ശരിയാണ്‌ കൊച്ചുതോവാളയും പിന്നെ വലിയതോവാളയും. പൂക്കള്‍ക്കു പ്രസിദ്ധമായ കന്യാകുമാരിയിലെ തോവാള കഴിഞ്ഞാല്‍ പിന്നെ ഇതാണ്‌ കേട്ടിട്ടുള്ള തോവാളകള്‍. അവിടെവന്ന് തോവാള എന്നു മാത്രം പറഞ്ഞാല്‍ വലിയതോവാള എന്നര്‍ഥം. കൊച്ചുതോവാളയാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ മുഴുവനും പറയണം. ആദ്യം കാണുന്നതു പള്ളിയാണ്‌, വലതു വശത്ത്‌ പടിഞ്ഞാറു ദര്‍ശനമായി യൗസേപ്പിതാവിന്റെ പേരിലുള്ള പള്ളി. പിന്നെ ചായക്കടകളും പലചരക്കുകടയും റേഷന്‍ കടയും തപാലാപ്പീസും വായനശാലയുമൊക്കെയുള്ള സിറ്റി. പ്രമാണങ്ങളില്‍ ഉടുമ്പന്‍ചോല താലൂക്കില്‍ കട്ടപ്പന വില്ലേജില്‍(പഞ്ചായത്തും അതു തന്നെ) കൊച്ചുതോവാള കര എന്നും എഴുത്തുകുത്തുകളില്‍ 685510 എന്ന ബ്രാഞ്ച്‌ ഓഫീസ്‌ പിന്‍ നമ്പരാലും എഴുതപ്പെടുന്നയിടം. വലത്തേക്കു റോഡിന്റെ ഒരു കൈവഴി തിരിഞ്ഞ്‌ സ്‌കൂളിന്റെ ഓരത്തുകൂടി പലവഴി പിരിയുന്നു. ഞാന്‍ ആ വഴിക്കു തിരിയുന്നു. ടൗണില്‍ നിന്നും കറങ്ങിത്തുടങ്ങിയ ഓഡോമീറ്റര്‍ നാലു കി.മീ. കുറിക്കുന്നതിനു മുന്‍പേ.

പ്രധാനവഴി ഉപ്പുകണ്ടം വഴി ഇരട്ടയാറിനും വലിയതോവാള, എഴുകുംവയല്‍, കവുന്തി, ചേമ്പളം, കല്ലാര്‍ വഴി നെടുംകണ്ടത്തിനും നീളുന്നു.

*****

തിരികെ വിളിക്കുന്നുണ്ടവള്‍. എന്നും എപ്പോഴും പരിഭവമാണ്‌. എനിക്കതറിയാം. ഞാന്‍ അവളുടെ അരികിലേക്കു ചെല്ലണം പോലും. എപ്പോളെന്നു ചോദിച്ചാല്‍ കുപ്പിവളകളണിഞ്ഞ കൈകള്‍ നീട്ടി ഇപ്പോ എന്നു പറഞ്ഞുകളയും കുസൃതിക്കാരി. പരാതി ഒന്നും പറയാറില്ലെങ്കിലും എനിക്കറിയാം ആ മനസ്സ്‌. എന്നെ എത്ര മാത്രം കൊതിക്കുന്നുണ്ടെന്ന്‌. അവള്‍ക്കുമറിയാം, എനിക്കവളെ പിരിയാനാവില്ലെന്ന്‌. എന്റെ മനസ്സെപ്പോഴും അവളോട്‌ ചേര്‍ന്നാണിരിക്കുന്നതെന്ന്‌. ഒരു പക്ഷേ, അവള്‍ പരാതി പറയാത്തതിന്റെ കാരണവും അതാവാം. എവിടെപ്പോകാന്‍, എന്നായാലും ഇങ്ങോട്ടു തന്നെ വരാനുള്ളതല്ലേ എന്നൊരു കുഞ്ഞഹങ്കാരം. പിരിഞ്ഞു കഴിഞ്ഞപ്പോള്‍, കാലം കുറെ കടന്നപ്പോഴാണ്‌ ആ ഇഴയടുപ്പം തെളിഞ്ഞത്‌. എന്റെ സന്തോഷത്തിലും സങ്കടത്തിലും അഭിമാനത്തിലും ജാള്യതകളിലുമെല്ലാം മൂകസാക്ഷിയായവള്‍. ആടിയും പാടിയും കൂട്ടുചേര്‍ന്നു കളിച്ചും അമ്മയും തോഴിയുമായവള്‍, ചിലപ്പോഴെല്ലാം എന്നെ വേദനിപ്പിച്ചവള്‍. എന്റെ ഗ്രാമമേ, നിന്നെ ഞാന്‍ എങ്ങനെ സ്നേഹിക്കാതിരിക്കും?

വിടുവായന്‍ തവളകള്‍ കരയാന്‍ നടവരമ്പില്ലാത്ത, പാടവും പുഴയുമില്ലാത്ത, അമ്പലവും അരയാല്‍ത്തറയുമില്ലാത്ത ഒരു ഗ്രാമം. അവിടെ ഞങ്ങള്‍ ഉള്ളവയെ ഇല്ലാത്തതിനു പകരം വെച്ചു. ഏതു വേണമെന്നു പറഞ്ഞാല്‍ അതു വിളയിച്ചു തരുന്ന സുഗന്ധവിളത്തോട്ടങ്ങളുണ്ടാക്കി. സ്വന്തം പുരയിടത്തിലെ കാപ്പിക്കുരു കൊണ്ട്‌ കട്ടനുണ്ടാക്കി കുടിക്കുന്നു. കാഡ്ബറി കമ്പനിക്ക്‌ ക്വിന്റലുകണക്കിനു കൊക്കോ വാരാന്ത്യങ്ങളില്‍ നല്‍കി. മാലോകര്‍ക്കു മുറുക്കാന്‍ അടയ്‌ക്കാ(പാക്ക്‌) ചാക്കുകണക്കിന്‌. കൊല - നല്ലൊന്നാന്തരം വാഴക്കുല, നാനാവിധം. പനകളില്‍ നിന്നു നുരയുന്ന കള്ള്‌. ഇവിടെ തീരെ കൃഷി ചെയ്യാത്തത്‌ നെല്ല്‌. കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ നെല്ലു വിളഞ്ഞിരുന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ വിളയുന്നതു വാഴയും കപ്പയും ഏലവും. പച്ചക്കറി കൃഷിയാകട്ടെ ചില അടുക്കളത്തോട്ടങ്ങളില്‍ ഒതുങ്ങുന്നു.

മഴയിലും മഞ്ഞിലും കുളിരുമ്പോള്‍ ഒരു നെരിപ്പോടു തട്ടിക്കൂട്ടി ഈ ഗ്രാമം ചൂടു കൊണ്ടു. വേനല്‍ കനത്താലും പച്ചവിരിപ്പിട്ട ഈ സഹ്യാദ്രിത്തുണ്ട്‌ ചൂടാറ്റുന്ന കാറ്റു തന്നു. മേയ്യവസാനവാരം വേനലിനെ ശകാരിച്ചു. പിറ്റേയാഴ്‌ച അടമഴയെ വെറുത്തു. ചറുപിറെ ചറുപിറെ നിലയ്‌ക്കാതെ മയത്തില്‍ പെയ്യുന്ന മഴകള്‍ക്ക്‌ ഇനം തിരിച്ചു നമ്പരിട്ടു - നാല്‍പതാം നമ്പര്‍ മഴയെന്നും മറ്റും വിളിച്ചു. വിരുന്നുകാര്‍ക്ക്‌ ഞങ്ങള്‍ വീട്ടിലെ പശുവിന്റെ പാല്‍ കൊണ്ടുണ്ടാക്കിയ ചായ നല്‍കി. പാലില്ലാത്ത അസമയങ്ങളില്‍ ചൂടന്‍ കടുംകാപ്പി നല്‍കി. ഏലക്കായും ഗ്രാമ്പൂവും കുരുമുളകും കാപ്പിക്കുരുവുമൊക്കെ പൊതിഞ്ഞേല്‍പ്പിച്ച്‌ വിരുന്നുവന്നവരോട്‌ യാത്ര ചൊല്ലി. വഴിയില്‍ കണ്ടവരോടെല്ലാം കുശലം ചൊല്ലി. പണ്ടെല്ലാം മാര്‍ച്ചുമാസത്തിലും അടുത്തിടെയായി അല്‍പം നേരത്തെയും വരുന്ന പള്ളിപ്പെരുനാള്‍ നാടിന്റെ മുഴുവന്‍ ഉത്സവമായി. കട്ടപ്പന കമ്പോളത്തിലെ മലഞ്ചരക്കു വിലയുടെ പ്രതിഫലനം നാട്ടുകാരുടെ മുഖങ്ങളില്‍ തെളിയും(ഇവിടെ ബാംഗ്ലൂര്‍ എഡിഷന്‍ പത്രത്തിലും അതുവരുന്നതുകൊണ്ട്‌ ഞാനും അപ്ഡേറ്റഡ്‌ ആണ്‌). കടത്തിണ്ണകളില്‍ സ്ട്രോങ്ങ്‌ ചായയുടെ ഉന്മേഷമുള്ള ചര്‍ച്ചകളില്‍ കമ്യൂണിസവും മാര്‍ക്‌സിസവും വലതും അതിന്റെ കഷണങ്ങളും കീറിമുറിക്കപ്പെട്ടു. ആ നാടു വിളിക്കുന്നു.

*****

ഇനി നാട്ടില്‍ പോകുമ്പോള്‍ കട്ടപ്പനയില്‍ നിന്നൊന്നു നടക്കണം വീട്ടിലേക്ക്‌. ഒരുപക്ഷേ സാഗരയിലെ ഫസ്റ്റ്‌ ഷോ കഴിഞ്ഞ്‌. ഈ വഴിയെ, കയ്‌പ്പന്‍ പടര്‍പ്പു നിറഞ്ഞ ഓരമുള്ള, പകലിന്റെ ചൂടു തിരികെ വമിപ്പിച്ചു രാത്രിയെ പുണരുന്ന, വാഹനത്തിരക്കു ശ്വാസം മുട്ടിക്കാത്ത എന്റെ വഴിയേ... നടക്കാത്ത മോഹമൊന്നുമല്ലെങ്കിലും, ആഗ്രഹിക്കാനും കൊതിച്ചതു നേടാനുമുള്ള ഒരു ഇഷ്‌ടം കൊണ്ട്‌. പിന്നെ, എനിക്ക്‌ എന്റെ ഗ്രാമത്തെയും അവിടത്തെ രാത്രികളെയും ഇഷ്‌ടമായതുകൊണ്ട്‌.

പക്ഷേ അപ്പോഴും, ഇരുട്ടില്‍ നിന്നുയരുന്ന നെടുവീര്‍പ്പ്‌ ഒരിളം കാറ്റിന്റെ സീല്‍ക്കാരത്തില്‍ മറച്ച്‌, കയ്യിലെ കുപ്പിവളകള്‍ കലപില കൂട്ടാതെ എന്നെ അവളുടെ മാറില്‍ നിന്നുയരുന്ന ചൂടു പകര്‍ത്തി, നിഷേധിക്കാനാവാത്ത ഒരാലിംഗനത്തില്‍ എന്നെക്കുരുക്കി അവള്‍ ചോദിക്കും: "ഈ ഓട്ടമൊക്കെ തീര്‍ത്ത്‌, എന്നാണ്‌ എന്നും എന്റേതാകാനുള്ള വരവ്‌?"

ശരീരം ഈ ചോദ്യം കേട്ടില്ലെന്നു നടിച്ചുകൊണ്ട്‌ ഗ്രാമപ്പെണ്ണിന്റെ പ്രണയച്ചൂടിലും കുളിരണിയും. മനസ്സിന്റെ കര്‍ണ്ണനാളത്തില്‍ മാത്രം ഈ ചോദ്യം നിര്‍ത്താതെ അലയടിക്കും. എന്നും ജീവിതം തന്നിട്ടുള്ള ഓപ്ഷന്‍സ്‌. എന്റെ കാഴ്ചപ്പാടില്‍ ധര്‍മ്മസങ്കടം. എന്തു ജയിക്കും? എന്നും ഉള്ളിലൊരു വിങ്ങലായി, ഇതു വായിക്കുന്ന ഓരോരുത്തരിലും എന്റെ ഗ്രാമത്തിന്റെ ചിത്രമായി വിരിയുന്ന എന്റെ ഗൃഹാതുരത്വമോ അതോ ഒരിടത്തരക്കാരന്റെ കിതപ്പുയരുന്ന ഈ ഓട്ടമോ? ഉത്തരം പറയാന്‍ കാലത്തിന്‌ ഈ ചോദ്യമെറിഞ്ഞ്‌, ഈ കുറിപ്പിവിടെ തീര്‍ത്ത്‌ ഞാന്‍ പ്രയാണം തുടരുന്നു.

അര്‍ത്ഥം തേടുന്ന പ്രയാണം - 2

"അങ്ങൂന്നു വരുന്ന വഴിയാണോ?"

"അതെ"

"കുറെ നാള്‍ ലീവൊണ്ടോ?"

"ഏയ്‌.. ഇല്ല, മറ്റന്നാളു പോകും."

ഇത്രേം പറഞ്ഞു കഴിയുമ്പോള്‍ ഞങ്ങള്‍ പരസ്‌പരം കടന്നുപോയ്‌ക്കഴിയും. ഇനി പിന്നെയും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അറിയാതെ സംഭവിക്കുന്ന ഒരണ്ടര്‍സ്റ്റാന്റിംഗ്‌ നിമിത്തം ഒപ്പത്തിനൊപ്പം എത്തുമ്പോള്‍ ഇരുവരും അഭിമുഖമായി നില്‍ക്കും. അല്ലെങ്കില്‍,

"എങ്ങോട്ടാ കടയ്‌ക്കലേക്കാ?" (സിറ്റിക്കാണോ എന്നര്‍ഥം)

"ആ... വെറുതേ.."

പ്രത്യേകിച്ച്‌ ഒരര്‍ഥവുമില്ലാത്ത ഇത്തരം സംഭാഷണങ്ങള്‍ക്ക്‌ ഗ്രാമ്യജീവിതത്തിന്റെ ഇടവഴികളിലെ പരിചയങ്ങളും സ്‌നേഹബന്ധങ്ങളും ടോപ്‌-അപ്‌ ചെയ്യുന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ട്‌. ഞാന്‍ നടപ്പു തുടര്‍ന്നു. എട്ടുമണിയുടെ ഇളവെയില്‍ കൊച്ചുതോവാളയുടെ മേല്‍ വെള്ളിനിറം വീശി.

സ്‌കൂളിന്റെ ഓരത്തു കൂടിയുള്ള വഴി ടാറിട്ടിരിക്കുന്നു. ബാക്കിയെല്ലാം പണ്ടത്തേതു പോലെ. അടപ്പുള്ള തൂക്കുപാത്രങ്ങളില്‍ പാലുമായി മില്‍മ(സൊസൈറ്റി)യിലേക്കു പോകുന്നവര്‍. ടൗണില്‍ ജോലിക്കു പോകുന്നവര്‍. സ്‌കൂള്‍ ബസിനു വൈകുമെന്ന ഭയത്താല്‍ വലിയ ബാഗേന്തി തിരക്കിട്ടോടുന്ന കുട്ടികള്‍. ഘഡ്‌ ഘഡ്‌ ശബ്ദം മുഴക്കി ഓടുന്ന ആപേ ഡീസല്‍ ഓട്ടോകള്‍.

വളത്തിന്റെ, ചാണകത്തിന്റെ, മണ്ണിന്റെ, പരശതം മരങ്ങളുടെ, കീടനാശിനിയുടെ, പുകയുടെ, ഭക്ഷണം വേകുന്നതിന്റെ എല്ലാം മണം കലര്‍ന്ന കാറ്റ്‌. ഒരിക്കലും മുഷിപ്പിക്കാത്ത അലോസരപ്പെടുത്താത്ത കാറ്റ്‌. പൊങ്ങിവളര്‍ന്ന കവുങ്ങിന്‍ തലപ്പുകള്‍ ആ കാറ്റില്‍ ആസ്വദിച്ചു തലയാട്ടുന്നു. ഏതോ പറമ്പില്‍ നിന്നും ആരോ ഉച്ചത്തില്‍ സംസാരിക്കുന്നു. മണ്ണിലൂര്‍ന്നുവീഴുന്ന വിയര്‍പ്പുതുള്ളികളെ കണ്ടില്ലെന്നു നടിക്കാന്‍ നാട്യമറിയാത്ത പണിയാളന്റെ വര്‍ത്തമാനം.

*****

"ണിം...ണിം...ണിം...ണിം...ണിം...ണിം...ണിം...... ണിം!"

ഫസ്റ്റ്‌ ബെല്‍. നേരമെത്രയായെന്നറിയാന്‍ സ്‌കൂളിലെ ഈ മണിമുഴക്കം മതിയായിരുന്നു ഒരു കാലത്ത്‌. ഒന്‍പതേ മുക്കാല്‍. ഇപ്പോള്‍ സ്‌കൂള്‍ സമയം മാറി. എന്റെ മാതൃവിദ്യാലയത്തിലെ മണിയൊച്ച കേട്ടാല്‍ സമയമെത്രയെന്നു പറയാനുള്ള അറിവുപോലും എനിക്കില്ലാതെയായി. നാലുമണിക്ക്‌ മുഴങ്ങുന്ന നാലു മണികള്‍. ഒരു ദിവസത്തെ പഠനവും കളിയും ശകാരവും ശിക്ഷയും കഴിഞ്ഞു മുഴങ്ങുന്ന സ്വാതന്ത്ര്യത്തിന്റെ ചിലമ്പൊലി.

ആ നാലുമണികള്‍ ഒരു ദിവസം അല്‍പം നേരത്തെ കേട്ടാല്‍ 'ഇന്നു നേരത്തെ നാലുമണി വിട്ടോ?' എന്നു സംശയിച്ചിരുന്നവര്‍. എന്തിനെന്നില്ലാതെ തിരക്കിട്ടു പോകുന്ന കുട്ടികളെ നോക്കി ആരോടെന്നില്ലാതെ ഒരു ചോദ്യമെറിയുന്ന തല നരച്ച ഒരാള്‍.

"എന്നാ പിള്ളാരേ ഇന്നു നേരത്തെ പള്ളിക്കൂടം വിട്ടത്‌?"

"ഇന്നു മീറ്റിങ്ങാരുന്നു.." എന്നു മാത്രം വിളിച്ചു പറങ്ങു സ്വന്തം കൂട്ടത്തിന്റെ ബഹളങ്ങളിലേക്കു മടങ്ങുന്ന കുട്ടി. ഇന്ന്‌ അവന്റെ നെഞ്ചില്‍ നിന്ന്‌ പേരുവിവരങ്ങളടങ്ങിയ ഐ.ഡി. കാര്‍ഡ്‌ തൂങ്ങുന്നു. ഞാന്‍ പഠിച്ചപ്പോള്‍ എന്തായിരുന്നു ഞങ്ങളുടെയൊക്കെ ഐഡന്റിറ്റി? ഉണ്ടായിരുന്നോ ഞങ്ങള്‍ക്ക്‌ അങ്ങനെയൊന്ന്‌?

എന്തോന്നു മീറ്റിങ്ങെന്ന്‌ ആലോചിച്ചു തല പുണ്ണാക്കാതെ നടപ്പു തുടരുന്നു മുടി നരച്ചയാള്‍. അയാളുടെ പേരക്കുട്ടി ഒരു പക്ഷേ പട്ടണത്തില്‍ നിന്നു നാലര കഴിഞ്ഞു വരുന്ന സ്‌കൂള്‍ ബസ്സിലാവും വന്നിറങ്ങുക.

*****

ഇന്നലെകളുടെ പിന്നാലെയോടാന്‍ നാളെകള്‍ കാത്തു നില്‍ക്കുന്നു. വിടരാന്‍ നില്‍ക്കുന്ന പൂവു പോലെ, അമ്മയുടെ ഹൃദയതാളം ഏറ്റുപിടിക്കുന്ന ഗര്‍ഭസ്ഥശിശുവിനെപ്പോലെ. ഇന്നുകള്‍ മാത്രമാണു നമുക്കു ജീവിക്കാനുള്ളത്‌. ഇന്നലെകള്‍ പോയ്‌മറഞ്ഞുകഴിഞ്ഞു. നിനക്കോടിയെത്താന്‍ പറ്റാത്തത്ര ദൂരം. കവലയില്‍ നിന്നും കിഴക്കോട്ട്‌ പള്ളിക്കും പള്ളിക്കൂടത്തിനുമിടയിലൂടെ നീണ്ടുകിടക്കുന്ന വഴിയേ ഉച്ചവെയിലില്‍ ആരോ ഓടുന്നു.

ചങ്ങനാശ്ശേരിക്കു പോകുന്ന കൊണ്ടോടി ബസ്സിലെ പിന്നിലെ സീറ്റിലിരുന്ന്‌ ഒരാള്‍ വിളിച്ചു പറയുന്നു: "ആളോട്ടത്തില്‍.."

മുരണ്ടുതുടങ്ങിയ ബസ്‌ ഒരു മണിയൊച്ച കേട്ടു കാത്തു നില്‍ക്കുന്നു. ഒരു നന്ദിവാക്കു പോലും കേള്‍ക്കാനാശിക്കാതെ പിന്‍സീറ്റിലെ ആ യാത്രക്കാരനും. മര്യാദയ്‌ക്ക്‌ ഔപചാരികതയുടെ മുഖംമൂടിയില്ലാത്ത ലോകം. ഇവിടെ മണിയൊച്ചകളില്ല. ആരും ആരെയും കാത്തിരിക്കുന്നുമില്ല. നാം കൊതിക്കാതെതന്നെ റിങ്ങ്‌ടോണുകളും അലര്‍ട്ടുകളും റിമൈന്‍ഡറുകളും നമ്മേ വഴി നടത്തുന്നു. പള്ളിയുടെ പടിക്കെട്ടുകള്‍ക്കു നടുവിലെ ചില്ലുകൂട്ടില്‍ കരുണാമയിയായ ദൈവമാതാവ്‌ വലതുകയ്യുയര്‍ത്തി അനുഗ്രഹിക്കുന്നു. ഒരു പിടി എനിക്കും, അതില്‍ പാതി നിനക്കും.

"ഏറെ ദൂരം പോക, സുരക്ഷിതനായിരിക്ക, നാളെ തിരിച്ചു വരിക!"

ഇന്നത്തെ ഓട്ടമവസാനിപ്പിക്കാന്‍ കൊണ്ടോടിക്ക്‌ 120-ല്‍പ്പരം കിലോമീറ്ററുകള്‍ താണ്ടണം. എന്റെയും ഓഡോമീറ്ററില്‍ അക്കങ്ങള്‍ മാറി വരുന്നു.

(തുടരും)

അര്‍ത്ഥം തേടുന്ന പ്രയാണം - 1

ഞാന്‍ ഡിഗ്രിക്കു പഠിക്കുമ്പോളത്തെ ഒരു അവധിക്കാലത്താണ്‌ റോഡിന്നരികിലെ സ്ഥലത്ത്‌ ആ കുളം കുത്തിയത്‌. നാലഞ്ചു പണിക്കാരുണ്ട്‌ അതിന്‌. ഒപ്പം അച്ഛനും ഞാനും.

കുഴിച്ചുകൊണ്ടിരുന്നപ്പോളാണ്‌ എറ്റവും മികച്ച റോള്‍ എനിക്കുണ്ടായിരുന്നത്‌. റബ്ബര്‍കുട്ട കയറില്‍ കെട്ടി താഴേക്കിറക്കി കൊടുക്കും. കുഴിക്കുന്നവര്‍ അതില്‍ മണ്ണു നിറയ്‌ക്കും. കുട്ട നിറഞ്ഞുകഴിയുമ്പോള്‍ കപ്പിവഴി വലിച്ചു കയറ്റും. മണ്ണും കല്ലും ചെളിയും കലര്‍ന്ന മിശ്രിതം നിറച്ച കുട്ടയ്‌ക്ക്‌ നല്ല ഭാരമാണ്‌. കുട്ട താഴേക്കിറക്കിക്കഴിഞ്ഞാല്‍ നിറയ്‌ക്കുന്നതു വരെയുള്ള സമയം വിശ്രമിക്കാം. അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു വേണം പിന്നത്തെ വലി. കുടിക്കാന്‍ കരിങ്ങാലി വെള്ളവും ഉപ്പിട്ട കഞ്ഞിവെള്ളവും. രാവിലെ മുതല്‍ വൈകിട്ടുവരെ ഇതു തന്നെ പണി, വലിയെടാ വലി.

നാലരയാകുമ്പോള്‍ പണി തീരും. കയര്‍ വലിച്ചു വലിച്ച്‌ ആദ്യ ദിവസങ്ങളില്‍ ഉള്ളംകൈ കുമിളച്ചു പൊന്തി. രണ്ടുമൂന്നു ദിവസങ്ങള്‍ കൊണ്ട്‌ അതു മാറി. അവിടത്തെ തൊലിക്കു കട്ടി കൂടി തഴമ്പിച്ചു.ദേഹം മുഴുവന്‍ മണ്ണും ചെളിയും പുരണ്ടിരിക്കും. കൈകളില്‍, കാലില്‍, പുരത്തെ പേശികള്‍ക്ക്‌ അസഹ്യമായ വേദന. രണ്ടുമൂന്നു ദിവസം കൊണ്ട്‌ അതും മാഞ്ഞു. ദിവസേന കുളത്തിന്റെ ആഴം കൂടി. പണിക്കാര്‍ പറയുന്ന നാട്ടുവര്‍ത്തമാനങ്ങള്‍ക്കു ഞാനും കാതോര്‍ത്തു. അവരുടെ തമാശകളില്‍ മുങ്ങി.

കുഴിച്ചു ചെല്ലവേ മണ്ണില്‍ നിന്നും കുറെ തെള്ളി കിട്ടി. അതു കഴുകിയെടുത്ത്‌ ഉണക്കി. സന്ധ്യകളില്‍ പുകച്ചു.

പതിയെ ഭൂമിയുടെ മാറു ചുരന്നു. ചെളിമണം ഉയര്‍ത്തി തണുപ്പുള്ള വെള്ളം മണ്ണിന്റെ സിരകളില്‍ നിന്നും അല്‍പാല്‍പം ഊറി വന്നു. ഒരു ദിവസം രാവിലെ നോക്കുമ്പോള്‍ കുളത്തിന്റെ വശം കുറെ ഇടിഞ്ഞുവീണിരിക്കുന്നു. അതു കോരി മാറ്റലായി അന്നത്തെ ജോലി. പിന്നെ അടിയില്‍ പാറ കണ്ടു. പാറ തുരന്നു വെടി വെച്ചു കല്ലു പൊട്ടിച്ചു മാറ്റി. ഉറവ ശക്തിപൂണ്ടു. പ്രകൃതിയുടെ കനിവു തുള്ളിക്കുതിച്ചൊഴുകിയെത്തി. മണ്ണുകലര്‍ന്ന ആ വെള്ളം കൊണ്ട്‌ കയ്യും മുഖവും കഴുകി. ദേഹത്തും മനസ്സിലും ആ ജലത്തിന്റെ തണുപ്പു പടര്‍ന്നു.

പിന്നെ കല്ലുപയോഗിച്ച്‌ കുളത്തിന്റെ ഭിത്തി കെട്ടി. അപ്പോഴെല്ലാം പമ്പുപയോഗിച്ച്‌ വെള്ളം തേകിക്കളഞ്ഞു. വശം ഇടിഞ്ഞതിനാല്‍ ചില ഭാഗത്ത്‌ നാലടി വരെ കെട്ടിനു വീതി വന്നു. അത്രേം കൂടി വെള്ളം നിന്നോളും എന്നൊരു ഗുണം കണ്ടു. ഒടുക്കം തറനിരപ്പില്‍ കല്‍ക്കെട്ടു നിര്‍ത്തി ഏതാണ്ടു തീര്‍പ്പാക്കി. പിന്നെ ആഘോഷമായി കുളം തേകിവൃത്തിയാക്കി.

*****

ആ ഓരോ നാളുകളിലും എന്തൊരു സുഖമായിരുന്നു ഉറങ്ങാന്‍? നാളെയെക്കുറിച്ചുള്ള അല്ലലില്ലാതെ, ഇന്നു ചെയ്‌ത ജോലിയുടെ തൃപ്‌തിയില്‍ മുഴുകി, അതിന്റെ ക്ഷീണം തരുന്ന ആലസ്യത്തില്‍ ഒരുറക്കം. പേക്കിനാവുകളും നിദ്രാഭംഗവുമില്ലാതെ ഓരോ രാത്രികളും. ഒരു പക്ഷേ, ഉറങ്ങാന്‍ കിടക്കുമ്പോള്‍ നീലവിരിയുള്ള ജനാലയ്‌ക്കപ്പുറത്തുനിന്ന് കുളിരുള്ള നിലാവൊന്നെത്തി നോക്കിയേക്കാം, മോഹിപ്പിക്കുന്ന ഒരു പ്രണയിനിയെപ്പോലെ. 'ഇനി ഞാനുറങ്ങട്ടെ' എന്ന് അവളെ നിരാശപ്പെടുത്തി ഇമപൂട്ടുമ്പോള്‍ ശാന്തിയുടെ താഴ്‌വരയിലേക്ക്‌ പറന്നിറങ്ങുന്ന ഒരപ്പൂപ്പന്‍ താടിയായി, ബഷീര്‍ വാഴ്‌ത്തിയ ആ ചെറുമരണത്തിനു വേഗം കീഴ്‌പ്പെട്ടു ഞാനും. ആ വേഗത്തിനാക്കം കൂട്ടാന്‍ ചിലപ്പോള്‍ യേശുദാസിന്റെയും ചിത്രയുടെയും സുജാതയുടെയും മായികമന്ത്രങ്ങളും.

*****

വൈകുന്നേരങ്ങളില്‍, നല്ല ഫ്രഷ്‌ ചാണകം ബക്കറ്റില്‍ കോരി ബയോഗ്യാസ്‌ പ്ലാന്റിന്റെ മിക്‌സറില്‍ ഇട്ടിട്ട്‌, തൊഴുത്തിന്റെ പിന്നിലെ ടാങ്കില്‍ നിറഞ്ഞു കിടക്കുന്ന ഗോമൂത്രം രണ്ടു ബക്കറ്റ്‌ കോരി അതിലൊഴിക്കും. പരമാവധി ദേഹത്തു വീഴാതെ നോക്കണം, മൂത്രം കോരുമ്പോള്‍. എളുപ്പമൊന്നും ദേഹത്തു നിന്നും ദുര്‍ഗ്ഗന്ധം മാറില്ല, പ്രത്യേകിച്ചും അത്‌ ദേഹത്തുവീണു വലിഞ്ഞു തീര്‍ന്നാല്‍(ഉണങ്ങിപ്പോയാല്‍). തുടക്കത്തില്‍ മിക്‌സറിലെ റോട്ടര്‍ കറക്കാന്‍ വലിയ പ്രയാസമാണ്‌. ബലം പിടിച്ചൊന്നു തിരിച്ച്‌ ഒരു വട്ടം കറങ്ങുമ്പോളേക്കും കട്ടപിടിച്ചുകിടന്ന ചാണകത്തിന്റെ വാശി ഒന്നയയും. പിന്നെ അവതമ്മില്‍ കലര്‍ന്ന്‌ കറങ്ങും. മിക്‌സറിന്റെ ഒരു വശത്തുകൂടി ടാങ്കിലേക്കുള്ള കുഴല്‍, അവിടെ ഒരു പലക കൊണ്ട്‌ ഷട്ടര്‍. ഷട്ടറിന്റെ കവാടത്തില്‍ ഒരു വല. നന്നായി കലങ്ങിക്കഴിയുമ്പോള്‍ പലക ഷട്ടര്‍ പൊക്കും. തുള്ളിക്കുതിച്ച്‌ മിശ്രിതം ടാങ്കിലേക്ക്‌. ഇടയ്‌ക്കൊക്കെ ഉടയാതെ ചില ചാണകക്കട്ടകള്‍ വലയില്‍ തങ്ങി അവിടെക്കിടക്കും. കമ്പു കൊണ്ടോമറ്റോ ഇടിച്ചു പൊടിച്ച്‌ അല്‍പം വെള്ളവും കലര്‍ത്തി അവരെയും ടാങ്കിലേക്ക്‌ അയയ്‌ക്കും. പിറ്റേന്ന് നീലനിറത്തില്‍ ആളുന്ന ജ്വാലയായി അവര്‍ അടുക്കളയിലെത്തും.

*****

വിശപ്പറിഞ്ഞിട്ട്‌ ചോറുണ്ട നാളുകള്‍. ക്ഷീണമറിഞ്ഞിട്ടു വിശ്രമിച്ച വേളകള്‍. വിയര്‍ത്തു തോര്‍ന്നിട്ടു കുളിച്ചുതോര്‍ത്തിയ സന്ധ്യകള്‍.

(ജീവിതം - തുടരും)

Monday, September 26, 2011

എന്റെ മകളോട്‌...

ചിരിക്കാതിടംകൈയ്യാല്‍ വിടനല്‍കി നീയെന്നെ
ഇന്നലെപ്പിന്നെയും യാത്രയാക്കി.
ചുമരിലെച്ചിരിയോലും ചിത്രവും സമ്മാന-
പ്പൊതികളും ചൊല്ലി നിന്‍ പ്രായമൊന്ന്‌.
കനമുള്ള മാറാപ്പു തോളേറ്റി വഴിവക്കില്‍
ഒരു മാത്ര നിന്നു തിരിഞ്ഞു നോക്കി.
ചിരിയില്ലയപ്പൊഴും, നനവില്ല കണ്‍കളില്‍
സുഖശാന്തമായ നിസ്സംഗഭാവം.
കരയില്ല നീ! യാത്ര വേര്‍പാടെന്നറിയാത്ത
തളിരാണു കുഞ്ഞേ, കുറച്ചു നാള്‍ നീ.
പിരിയുന്ന വേളതന്‍ നോവറിയാത്തയീ
വയസ്സാണു ജീവനില്‍ നല്ല കാലം.

പലനാള്‍ കഴിഞ്ഞൊരു പുലര്‍കാലനേരത്തു
കൊതിയോടെയോടിയണഞ്ഞീടവേ
പിറവിയില്‍ത്തൊട്ടേ കരയാന്‍ പഠിച്ചതി-
ങ്ങുറവയായ്‌ വന്നെന്‍ മുഖം കാണവേ!
'അച്ഛനാ,ണാങ്ങൂന്നു വരികയാണെ'ന്നുള്ള
വാക്കിനും നല്‍കി നീ പുല്ലുവില!
എന്‍.എച്ചിലെപ്പൊടിയേറ്റയെന്‍ ദേഹവും
മുള്ളുപോല്‍ നോവിക്കുമെന്‍ മീശയും
ഏറുമാവേശത്തിലറിയാതുയര്‍ന്നൊരെന്‍
'മോളൂ' വിളി കേട്ടു നീ ഭയന്നോ?
നീറ്റല്‍ പരത്തി മുഖം മാറ്റി നീ, തുടര്‍-
ന്നമ്മ തന്‍ മാര്‍ച്ചൂടിലാഴ്‌ന്നമര്‍ന്നൂ.

പിന്നെയും തെല്ലിട നേരം കഴിയെ നീ
പുഞ്ചിരിതൂകിയെന്‍ ചാരെവന്നു!
കൈകള്‍ നിന്‍ നേര്‍ക്കൊന്നു നീട്ടേണ്ട താമസം
പൂവുടല്‍ എന്‍ നേര്‍ക്കു ചാഞ്ഞുവന്നു.
'വേഗത്തിലച്ഛനോടൊത്തു ചേര്‍ന്നോ'യെന്ന
ചോദ്യത്തെ നോക്കി നീ കണ്ണിറുക്കി!

പിന്നെപ്പതുക്കെയീ താമസം മാറി നീ
കാണുന്ന മാത്ര തിരിച്ചറിഞ്ഞു.
അച്ഛന്‍ വരുന്ന നിമിഷം മനസ്സിലി-
ട്ടെത്രയോ മുത്തങ്ങള്‍ നീ കൊതിപ്പൂ.

എങ്കിലുമിപ്പോഴും പോരുന്ന നേരമ-
തെന്തെന്നറിയാതെ കൈ വീശവേ,
ചിന്തിച്ചു പോകുന്നു നീയിറ്റു സങ്കടം
കണ്ടാലറിയാത്ത ഭാഗ്യവതി!

അച്ഛന്‍ വരുന്നുവെന്നിന്നറിയുന്നപോല്‍
പോവതും പോകെത്തിരിച്ചറിയും.
കാണുന്ന നേരത്തെപ്പുഞ്ചിരിമുത്തിനെ
അശ്രുരത്നങ്ങള്‍ കടത്തിവെട്ടും.
അന്നും വഴിക്കല്‍ നിന്നൊന്നൂടി നോക്കുമ്പോള്‍
നിന്റെയും കരളില്‍ ഞാന്‍ നോവു കാണും.
അതുവരെ സങ്കടമറിയാതെ വാഴുന്ന
തളിരാണു കുഞ്ഞേ, കുറച്ചു നാള്‍ നീ.

Wednesday, February 02, 2011

ഓര്‍മ്മകള്‍ കൊണ്ടൊരു പ്രണാമം

വല്ലാത്ത കട്ടി ആയിരുന്നു ചാച്ചന്റെ കൈവെള്ളയ്ക്ക്‌. ചെറുപ്പത്തില്‍ ഒരുപാടു തവണ ഞാന്‍ ചോദിച്ചിട്ടുണ്ട്‌, എങ്ങനാണിതു വരുന്നതെന്ന്‌. ചാച്ചന്‍ പറയും- തഴമ്പാണു മോനെ! പക്ഷേ ഈ തഴമ്പ്‌ എന്റെ കയ്യിലെന്താ വരാത്തത്‌ എന്നു പലപ്പോഴും ഞാന്‍ അദ്ഭുതം കൂറിയിട്ടുണ്ട്‌. ഇരുണ്ടു കനത്ത്‌ ആ തഴമ്പു കയ്യിലിങ്ങനെ കിടക്കുന്നത്‌ മോശം 'അപ്പിയറന്‍സാ'ണെന്നാണ്‌ ചിലരുടെയെങ്കിലും ധാരണ. എന്നാല്‍ ഹൈറേഞ്ചുകാര്‍ പലരും ഇന്നും അഭിമാനത്തോടെ ഓര്‍മ്മിക്കുന്ന ഒരു കഥയുണ്ട്‌: പണ്ട്‌ നെടുംകണ്ടത്തിനു സമീപം കല്ലാറില്‍ പട്ടം താണുപിള്ളയുടെ പിന്തുണയോടെ കുടിയേറ്റം നടന്ന കാലത്ത്‌ ആള്‍ക്കാര്‍ക്ക്‌ പട്ടയം(ഭൂമി ഒരാളുടെ പേരില്‍ പതിച്ചു കൊടുക്കുന്നതായുള്ള ആധികാരിക രേഖ) കൊടുത്തിരുന്ന സമയത്ത്‌ അദ്ധ്വാനിക്കുന്നവനാണോ എന്നറിയാന്‍ കൈവെള്ളയില്‍ മുറ്റിയ തഴമ്പുണ്ടോ എന്നു നോക്കുമായിരുന്നത്രേ.

ചാച്ചന്‍ എന്നു ഞാന്‍ വിളിച്ചത്‌ എന്റെ അപ്പൂപ്പനെയാണ്‌, ചാച്ചനും വെല്യമ്മച്ചിയും. അവരായിരുന്നു എന്റെ ബാല്യത്തിലെ നിറസാന്നിധ്യം. അന്നൊക്കെ എന്റെ മൗലികാവകാശങ്ങള്‍(മിഠായി, കളിപ്പാട്ടങ്ങള്‍, ചെരിപ്പ്‌, മുടിവെട്ട്‌, വായനയ്ക്കുള്ള വകകള്‍ എന്നിങ്ങനെ) പലതിനും ഫൈനാന്‍സിയര്‍ ആയിരുന്നതു ചാച്ചനാണ്‌.

അസുഖത്തെത്തുടര്‍ന്ന്‌ വെല്യമ്മച്ചിയുടെ നിര്യാണം ചാച്ചനെ ഏകനാക്കിക്കളഞ്ഞെങ്കിലും അപ്പോഴും ഒപ്പമുണ്ടായിരിക്കാന്‍ ഭാഗ്യം ചെയ്ത നാലു പേരക്കിടാങ്ങളിലെ മൂത്തയാളായിരുന്നു ഞാന്‍. തോരാപ്പെരുമഴപെയ്ത ആ കറുത്ത ദിവസം എന്റെ നേരെ ആ കൈകള്‍ നീട്ടി പൊട്ടിക്കരഞ്ഞുകൊണ്ടാണ്‌ ചാച്ചന്‍ വീട്ടിലേക്കു കയറിവന്നത്‌. പിന്നാലെ, ഞാന്‍ ജീവിതത്തില്‍ അന്നുവരെ അനുഭവിക്കാത്ത ഒരു ശൂന്യതയും.

അന്‍പതുകളുടെ തുടക്കത്തിലാവണം, ശാസ്താവിന്റെ മണ്ണായ എരുമേലിയില്‍ നിന്നും ചട്ടി, കലം, കുഞ്ഞുകുട്ടിപരാധീനങ്ങള്‍ സഹിതം കാട്ടാനയും പോത്തുമുള്ള കൊടുംകാടായ കട്ടപ്പനയിലേക്ക്‌ ചാച്ചന്‍ കുടിയേറിയത്‌. ഈ യാത്രയുടെ ഭീകരത അറിയണമെന്നുണ്ടെങ്കില്‍ സമാനഗതി വിവരിക്കുന്ന പൊറ്റെക്കാടിന്റെ 'വിഷകന്യക' വായിക്കണം. ഇന്ന്‌ ഇടുക്കിഡാമിലെ വെള്ളത്തിനടിയിലാണ്ടുകിടക്കുന്ന ഒരു സ്ഥലമുണ്ട്‌. പണ്ടത്തെ അയ്യപ്പന്‍കോവില്‍. കേരളത്തിനു മുസിരിസ്‌ എങ്ങനെയായിരുന്നോ അതുപോലായിരുന്നിരിക്കണം ഹൈറേഞ്ചിനു അയ്യപ്പന്‍കോവില്‍ അന്ന്‌. കോട്ടയത്തു നിന്നും അക്കാലത്ത്‌ ബസ്സുകള്‍ അവിടെ വരെയേ വരൂ. പിന്നെ നടപ്പുവഴി മാത്രമേയുള്ളൂ കട്ടപ്പനയ്ക്കും നെടുംകണ്ടത്തിനുമൊക്കെ. ഒരു താരതമ്യത്തിന്‌ പറയാം, അന്ന്‌ അയ്യപ്പന്‍കോവിലായിരുന്ന സ്ഥലത്തു നിന്നും കട്ടപ്പനയിലേക്ക്‌ ഒരു ബസ്‌ ഇന്നെത്താന്‍ ഏതാണ്ട്‌ ഇരുപതു മിനിറ്റ്‌ വേണം. കട്ടപ്പനയില്‍ നിന്നു എന്റെ ഗ്രാമത്തിലെത്താന്‍ വീണ്ടും ഒരു മുക്കാല്‍ മണിക്കൂര്‍ നടത്തം.

അങ്ങനെയുള്ള ഒരു കാലത്ത്‌ ജീവിതം നിലനില്‍പു യാചിച്ചപ്പോള്‍ ആരൊക്കെയോ കൂടി പുറപ്പെട്ടിങ്ങെത്തി. കൂട്ടമായിറങ്ങി അടിക്കാടുവെട്ടിത്തെളിച്ച്‌ മുന്നേറുമ്പോള്‍ കാടിന്റെ സത്തുകുടിച്ചു വീര്‍ത്ത തോട്ടപ്പുഴുക്കള്‍ അവരുടെ ദേഹത്തു കടിച്ചു തൂങ്ങി ഒരുപാടു ചോര കുടിച്ചിരിക്കണം. അപ്പോഴും അവരുടെ കണ്ണില്‍ തിളങ്ങിയിരുന്നത്‌ ക്ഷാമം മാറി ക്ഷേമം വിളയുന്ന നല്ല നാളെകള്‍ ആയിരിക്കണം. അവരവിടെ മണ്ണിനോടും കൊടുംക്രൂരമായ കാലവസ്ഥയോടും മരണം വിതച്ചു പലപ്പോഴും വന്ന മലമ്പനിയോടും മറ്റുവ്യാധികളോടുമെല്ലാം മല്ലിട്ടു. അന്നൊരളെ നല്ല ചില്‍കില്‍സ കിട്ടണമെങ്കില്‍ മലയിറങ്ങി കാഞ്ഞിരപ്പള്ളീലോ കോട്ടയത്തോ ഒക്കെ കൊണ്ടുവരണം. എത്രയോപേര്‍ നാലഞ്ചുപേര്‍ ചുമക്കുന്ന വരിച്ചില്‍ കട്ടിലില്‍ ചണച്ചാക്കുപുതച്ച്‌ അയ്യപ്പന്‍കോവില്‍ വരെയും തുടര്‍ന്ന് വാഹനത്തിലും യാത്ര ചെയ്തിട്ടുണ്ട്‌. ഒന്നിനും തളര്‍ത്താനാവാത്ത നിശ്ചയദാര്‍ഢ്യവും മെയ്ക്കരുത്തും മുതലാക്കി അവര്‍ മണ്ണില്‍ വിത്തിട്ടു. വളമില്ലാതെ തന്നെ തൈകള്‍ വളര്‍ന്നു, സ്നേഹം മാത്രം നുകര്‍ന്നു മക്കള്‍ വളര്‍ന്നു. ആര്‍ത്തിപൂണ്ട കുരുമുളകു തൈകള്‍ താങ്ങുമരങ്ങളില്‍ ഓടിക്കയറി. ഐ.ആര്‍.8 കണ്ടങ്ങളില്‍ വിളഞ്ഞുമറിഞ്ഞു. ഏലവും ഗ്രാമ്പൂവും കരിമ്പും കുരുമുളകും നാണയങ്ങള്‍ തന്നു. കപ്പയും ചേനയും വാഴയും നെല്ലും ചേനയും കാച്ചിലും അന്നമൂട്ടി. അങ്ങനെ കാടു തെളിഞ്ഞു, കൃഷിയിടങ്ങളായി, റോഡുവന്നു. കരിപ്പുകതുപ്പി മലകേറി കിതച്ചുവന്ന വണ്ടികള്‍ മാറി. ഡീസലിന്റെ ഉശിരില്‍ ഗോമതിയെന്നും ബീനയെന്നും പേരുള്ള ബസുകള്‍ കട്ടപ്പനയില്‍ വന്നു കിതപ്പാറ്റി (ഇന്നും കോട്ടയത്ത്‌ ബീന ട്രാവല്‍സ്‌ ഉണ്ടെന്നാണെന്റെ വിശ്വാസം. എന്റെ അമ്മയുടെ അച്ഛന്‍ കട്ടപ്പനയില്‍ ബീനാ ബസ്‌ ഓടിച്ചെത്തിയ ആദ്യകാല ഡ്രൈവര്‍മാരില്‍ ഒരാളാണ്‌). ഇന്നു ലോറി വാങ്ങാന്‍ പോലും കട്ടപ്പന വിട്ടുപോകേണ്ടതില്ല എന്ന നിലയായി.

ചാച്ചന്റെ മക്കളും പുസ്തകമണത്തെക്കാള്‍ വിയര്‍പ്പിന്റെ മണത്തെ കാമിച്ചു. ഈ യാത്രയ്ക്കിടെ മൂന്ന്‌ ഉണ്ണികളെ ദൈവം തിരികെ വിളിച്ചു. എന്നിട്ടും അവര്‍ ആറുപേര്‍, മൂന്നാണും മൂന്നു പെണ്ണും ശേഷിച്ചു. അവര്‍ വറുതിയിലും സ്നേഹം പങ്കുവെച്ചു ജീവിച്ചു. മണ്ണിന്റെ മണവും മനസ്സുമറിഞ്ഞു ജീവിച്ചു. ആണ്മക്കളുടെ ആണ്മക്കളില്‍ മൂത്തവനായി ഞാന്‍ ആ വീട്ടില്‍ പിറന്നുവീണതെന്റെ ജന്മഭാഗ്യം. ചാച്ചനും വെല്യമ്മച്ചിയും എന്റെ സ്വന്തം, ഞാന്‍ അവരുടെ വാല്‍സല്യപാത്രം. ഒരു ദശമിനാളില്‍ എന്നെ കൈവിരല്‍ പിടിച്ചു ഹരിശ്രീയെഴുതിച്ചതും എന്റെ ചാച്ചന്‍ തന്നെ. വികൃതികള്‍ക്കുള്ള ശിക്ഷയില്‍ നിന്നുള്ള ഏകരക്ഷയും എന്റെ ചാച്ചന്റെ നിഴല്‍ തന്നെ. വെറുതെയാണോ പ്രൈമറിസ്കൂളുകാരനായ ഞാന്‍ പറഞ്ഞത്‌ "അച്ചായി(അച്ഛന്‍) അല്ല എന്റെ രക്ഷകര്‍ത്താവ്‌, ചാച്ചനാണ്‌. അച്ചായി ശിക്ഷകര്‍ത്താവാണെന്ന്‌" (പ്രോഗ്രസ്‌ കാര്‍ഡിലെ രക്ഷകര്‍ത്താവിന്റെ ഒപ്പ്‌ എന്ന കോളം ഓര്‍ക്കുമല്ലോ!). അതു പിന്നെ പലരും ഞാനും ചാച്ചനും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കാന്‍ ഏറ്റുപറഞ്ഞു. പിന്നീടൊരിക്കല്‍ ആ സ്നേഹച്ചൂടില്‍ കിടന്ന്‌ ചാച്ചന്റെ പനിയും ഞാന്‍ ഏറ്റുപിടിച്ചു. പിറ്റേന്നുരാവിലെ അച്ഛന്‍ ഞങ്ങളെ രണ്ടുപേരെയും ഒരു ജീപ്പ്പില്‍ത്തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി!

ഞാന്‍ ഗുണനപ്പട്ടികകള്‍ ചൊല്ലുന്നതു ചാച്ചന്‍ കേട്ടിരിക്കുമായിരുന്നു. ചാച്ചന്‍ വിരുതന്‍, ചാച്ചനറിയുന്ന ഗുണനപ്പട്ടിക എനിക്കറിയില്ല. കാലും അരയും മുക്കാലും പെരുക്കുന്ന പട്ടികകള്‍. ആശുപത്രിയില്‍ കിടന്നകാലത്ത്‌ തന്റെ പൊതുവിജ്ഞാനം വിളമ്പി ശുശ്രൂഷിക്കുന്ന നേഴ്സുമാരെ വരെ അതിശയിപ്പിച്ചിട്ടുണ്ട്‌. പണ്ടുകാലത്ത്‌ ലൈസന്‍സെടുത്ത്‌ റേഡിയോ കേട്ടു ശീലിച്ചയാളുടെ അവസാനകാലത്തും റേഡിയോ തന്നെ ആയിരുന്നു ഫേവറിറ്റ്‌ വാര്‍ത്താമാധ്യമം.

നാലുവര്‍ഷങ്ങള്‍ക്കുമുന്‍പ്‌, ഒരു ജനുവരിമാസം, രാവിലെ ആറരയോടടുത്ത്‌, ഞാന്‍ ചാച്ചന്റെ മുറിയില്‍ ചെന്നു കയറി. നേരത്തെയുണര്‍ന്ന്‌ എന്നെ കാത്ത്‌ ബീഡിപ്പുകയൂതി ഉള്ളുചൂടാക്കി, കരിമ്പടംകൊണ്ട്‌ ദേഹം മൂടി ചാച്ചനിരിക്കുന്നുണ്ടായിരുന്നു. സ്നേഹവാല്‍സല്യങ്ങള്‍ നിറഞ്ഞ ഒരുപിടി ഉപദേശങ്ങള്‍. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ രാത്രിയിലെ ട്യൂഷന്‍ കഴിഞ്ഞ്‌ ഒന്‍പതരയോടെ വീട്ടിലെത്തുന്ന സമയം തറവട്ടിലെ കിടപ്പുമുറിയുടെ ജനല്‍ തുറന്നിട്ട്‌ കാത്തിരിക്കും, എന്റെ ഒരു വിളിക്കായി. അവരുടെ കണ്ണില്‍ ഉറക്കം വരാന്‍ ആ ഒരു വിളികൊണ്ട്‌ ഞാന്‍ ആ കരുതലിനു വിധേയനാവണമായിരുന്നു. അന്ന്‌ ആ മകരക്കുളിരിലും അതേ കരുതല്‍ ഞാനറിഞ്ഞു.

"ചാച്ചന്‍ ഒന്നെഴുന്നേല്‍ക്കണം..."

എന്റെ ഇംഗിതം മനസ്സിലായെങ്കിലും "എന്തിനാടാ" എന്നു നിസ്സാരമട്ടില്‍ ചോദിച്ചിട്ട്‌ എഴുന്നേറ്റു.

ആ കാലുകള്‍ ഞാന്‍ തൊട്ടു കണ്ണില്‍ വെച്ചു. എന്നെ അക്ഷരമൂട്ടിയ കൈകള്‍ എന്റെ തലയില്‍ തൊട്ടു. ആ കണ്ണു നിറഞ്ഞതു ഞാന്‍ കണ്ടു. മനസ്സുനിറഞ്ഞതറിഞ്ഞു. ഏതെല്ലാമോ അറിയാവികാരങ്ങളില്‍ തട്ടി "നന്നായി വാ, മോനെ!" എന്നുപറഞ്ഞ്‌ യാത്രയാക്കി. പിറ്റേന്നു ഞാന്‍ മൈസൂരിലെത്തി.

രണ്ടായിരത്തിഎട്ട്‌ ഫെബ്രുവരി രണ്ട്‌. ഒരു ശനിയാഴ്ചയുടെ ആലസ്യം പുതച്ച ഉറക്കത്തില്‍ നിന്നും പതിവില്ലാതെ വീട്ടില്‍ നിന്നും വന്ന ഒരു കാള്‍ എന്നെയുണര്‍ത്തി.

"ചാച്ചന്‍ പോയി ചേട്ടായീ...!" ഒരനിയത്തിയുടെ വിറയാര്‍ന്ന ശബ്ദം.

ഞങ്ങളെയെല്ലാം ഇത്രയുമെത്തിച്ച, വിദ്യാഭ്യാസത്തെ ലോകപരിചയം കൊണ്ടും ആര്‍ജ്ജിച്ചെടുത്ത അറിവുകൊണ്ടും മറികടന്ന, മഹാനായ ആ മനുഷ്യന്‍ ഇനിയില്ലെന്ന്‌ ഹൃദയത്തില്‍ ഒരു സൂചിക്കുത്തേറ്റുവാങ്ങിക്കൊണ്ട്‌ ഞാന്‍ അറിഞ്ഞു.

അന്നുമുതലിന്നുവരെ ഞാന്‍ എനിക്കന്യമായി എന്ന്‌ അത്യധികം വേദനയോടെ, ഇതു കുറിക്കുമ്പോള്‍ ഒരിറ്റു കണ്ണീരോടെ തിരിച്ചറിയുന്നത്‌, ഒരു വന്മരമായി വളര്‍ന്ന്‌ ഇന്നും ഞങ്ങള്‍ക്കു തണലായി നില്‍ക്കുന്ന ആ സ്നേഹമാണ്‌. കുടുംബമാണ്‌, അതിന്റെ ഭദ്രതയാണ്‌ ജീവിതത്തിന്റെ ആണിക്കല്ലെന്നു പഠിപ്പിച്ച എന്റെ രക്ഷകര്‍ത്താവിന്റെ ഓര്‍മ്മകള്‍ക്ക്‌ ഇന്ന്‌ ഒരു വര്‍ഷം കൂടി തികയുന്നു.


"ചാച്ചാ, അങ്ങേയ്ക്കുതുല്യം അങ്ങുമാത്രം. ഇന്നും ഞാനറിയുന്നു ആ സ്നേഹം. ഇന്നും ഞാന്‍ കേള്‍ക്കുന്നു ആ വിളിയും ആ ദേഹത്തിന്റെ ചൂടും പിന്നെ ആ കയ്യിലെ തഴമ്പിന്റെ കടുപ്പവും."

Thursday, January 27, 2011

ജനുവരിക്കാറ്റ്‌

രാത്രി മുഴുവന്‍ നീണ്ട യാത്രയ്ക്കൊടുവിലാണ്‌ ഞാന്‍ വീട്ടില്‍ കയറിച്ചെന്നത്‌. പതിനാലു മണിക്കൂര്‍. ദൂരം ഇന്നു സമയം കൊണ്ട്‌ അളക്കുകയണ്‌ എളുപ്പം. വീട്ടിലേക്ക്‌ കയറ്റം നടന്നു കയറുമ്പോള്‍ ആര്‍ത്തിയോടെ ശ്വാസനാളം കൂര്‍ത്ത മകരത്തണുപ്പുള്ള കാറ്റ്‌ ഉള്ളിലേക്കു വലിച്ചെടുത്തു. ഏലച്ചെടികള്‍ ഇലകളാട്ടി പരിചയമറിയിച്ചു. കുരുമുളകു വള്ളികളില്‍ അങ്ങിങ്ങ്‌ പരിഭവച്ചെമപ്പു കലര്‍ന്ന മണികള്‍. 'ഈ വഴിയൊക്കെ മറന്നോ'യെന്ന് ഒരു മരംകൊത്തിക്കിളി കുശലം ചോദിച്ചു.

നന്നേ ക്ഷീണിതനായിരുന്നെങ്കിലും എന്റെ സ്വന്തം മണ്ണിന്റെ മണം എന്റെ മനസ്സുണര്‍ത്തി. ഞാന്‍ വന്നൂ എന്നുറക്കെ വിളിച്ചു കൂവാന്‍ തോന്നി. വീട്‌. അച്ഛന്‍, അമ്മ, പത്നി, മകള്‍. കുറെ വളര്‍ത്തുമൃഗങ്ങള്‍. എന്റെ മുറിയില്‍ കയറാനൊരുമ്പെടും മുന്‍പ്‌ രണ്ടുവട്ടം ആലോചിക്കുന്ന ചക്കിപ്പൂച്ച ഗൗരവത്തില്‍ വന്ന്‌ മുഖത്തുനോക്കാതെ കടന്നു പോയി. തെറിച്ച മൂന്നു കുഞ്ഞുങ്ങളുണ്ടവള്‍ക്ക്‌. തൊഴുത്തിലെ പുല്‍ക്കൂടാണ്‌ അവരുടെ ഈറ്റില്ലവും താവളവും. ഒന്നിനെ പെറ്റിട്ട്‌ അതിന്റെ രണ്ട്‌ ഫോട്ടോസ്റ്റാറ്റ്‌ കോപ്പി കൂടി എടുത്തു വെച്ചപോലുണ്ട്‌ മൂന്നിനെയും കണ്ടാല്‍. ഒന്നുണ്ടെങ്കില്‍ ഉപകാരവും അധികമായാല്‍ ശല്യവുമാണ്‌ ഈ ജന്തു.

പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞപ്പോള്‍ തെല്ലൊരുന്മേഷം തോന്നി. പതിനൊന്നു മണി. മോള്‍ നല്ല മൂഡിലല്ലെന്നു തോന്നുന്നു. കുളിക്കാനുള്ള ഒരുക്കത്തിലാണ്‌. എണ്ണയൊക്കെ തേച്ചു കിടക്കുന്നു. ഒരു വ്യായാമമെന്നപോലെ കയ്യും കാലുമൊക്കെ എടുത്തു കുടയുന്നുണ്ട്‌. എന്നിട്ട്‌ ഇടത്തോട്ടും വലത്തോട്ടും നോക്കുന്നു. അസ്പഷ്ടമായി എന്തൊക്കെയോ പറയുന്നു.

കപ്പ പുഴുങ്ങിയതും മുളകു ചമ്മന്തിയും. മേലെ ചൂടന്‍ ചായ കൂടി ആയപ്പോള്‍ ഓപ്പണിങ്ങ്‌ ഷോട്ട്‌ മനസ്സിനു നന്നേ പിടിച്ചു. ഈയിടെയായി പശുവിനെ രാവിലെ മാത്രമേ കറക്കാറുള്ളൂ. സ്വന്തം വീട്ടിലെ പശുവിന്‍ പാല്‍ മോള്‍ക്കും ക്ഷ പിടിച്ച മട്ടാണ്‌.

നല്ല കാറ്റുണ്ട്‌. ഹൈറേഞ്ചുകാര്‍ ജനുവരിക്കാറ്റെന്നാണു പറയുക. പൊങ്ങി നില്‍ക്കുന്ന കവുങ്ങിന്‍ തലപ്പുകള്‍ ആഞ്ഞ്‌ ആടുന്നതുകാണാം. ദേഹം മുഴുവന്‍ കുളിര്‍കോരിയിടും. യാത്ര ചെയ്ത വഴിക്കും തണുപ്പ്‌ നന്നായുണ്ടായിരുന്നു. കോട്ട്‌ നല്ല രക്ഷ തന്നു.

നിശ്ശബ്ദം കുളി കഴിഞ്ഞ്‌ പിയേഴ്‌ സോപ്പിന്റെ വാസന ചൂടി മോളെത്തി. ഒന്നു കൊഞ്ചിച്ചു വിളിച്ചാല്‍ ആ മുഖം വിടരും. ശബ്ദമില്ലാതെ, പാല്‍ച്ചുണ്ടുകള്‍ വിരിയിച്ചു ചിരിക്കും. ഇമവെട്ടാതെ മുഖത്തുനോക്കും. 'ശീലിച്ചോണം നീയീ കാറ്റും തണുപ്പുമെല്ലാം!' എന്തു മനസ്സിലായിട്ടോ എന്തോ അവള്‍ വീണ്ടും ചിരിച്ചു. നല്ലയുടുപ്പിട്ട്‌ കണ്ണെഴുതി പൗഡറിട്ടു മിടുക്കിയായി. അവള്‍ അമ്മയോടെന്തോ രഹസ്യം പറഞ്ഞു. വിശക്കുന്നെന്നാവണം. അവര്‍ സ്വകാര്യമായി അകത്തു പോയി.

ഞാന്‍ മുറ്റത്തിറങ്ങി നടന്നു. കരിംപച്ചനിറമുള്ള പ്ലാവിലകള്‍ക്കിടയിലൂടെ സംക്രമസൂര്യന്‍ ഏലച്ചെടികളെ നോക്കുന്നു. ശാന്തമായ പ്രകൃതി. മകരവിളക്കു തൊഴുതുമടങ്ങിയ അയ്യപ്പഭക്തരുടെ നിര്യാണത്തില്‍ പ്രകൃതിയും അനുശോചിക്കുന്നതുപോലെ. സംസ്ഥാനം കണ്ടതില്‍ വെച്ച്‌ ഏറ്റവും വലിയ ഒരു കൂട്ടക്കുരുതിയില്‍ നടുങ്ങിനിന്നുപോയ നാട്‌.

ലുങ്കിയുടെ തലപ്പ്‌ കാറ്റില്‍ പറന്നുലഞ്ഞു. ടി-ഷര്‍ട്ടിനെ മറികടന്ന് നേര്‍ത്ത തണുപ്പ്‌ നെഞ്ചിലെ ചൂടുതേടി വന്നു. പാല്‍മണമൂറുന്ന ചുണ്ടില്‍ കള്ളച്ചിരിയുമായി അന്‍വി വീണ്ടും മുന്നിലെ മുറിയിലേക്കു വന്നു. ചെവി മൂടുന്ന കമ്പിളിത്തൊപ്പി അണിയിച്ചു. കണ്ണുകളില്‍ എന്തോ ഒരസ്വസ്ഥത പിടഞ്ഞുണര്‍ന്നു. ഇടത്തെ ചെവിക്കുട തിങ്ങി മടങ്ങിയിരിക്കുന്നു. ശരിപ്പെടുത്തിയപ്പോള്‍ ആള്‍ സമാധാനിച്ചു.

'വല്ലാത്ത കാറ്റ്‌. ആ കതക്‌ അടച്ചേരെ.'
'ഇല്ല, ഞങ്ങള്‍ പുറത്തിറങ്ങുന്നു.'

അവളെ കയ്യിലെടുത്തു ഞാന്‍ മുറ്റത്തിറങ്ങി. ഒരു തുളസിക്കതിരെടുത്ത്‌ ഞെരടി മണപ്പിച്ചു; കുറെ നേരം. മനസ്സില്‍ തോന്നിയ കുറെ കുഞ്ഞുപാഠങ്ങള്‍ കാഴ്ചകളായി പഠിപ്പിച്ചു. വലംകൈ എന്റെ തോളില്‍ ചേര്‍ന്നിരുന്നു. കുഞ്ഞിവിരലുകള്‍കൊണ്ട്‌ എന്റെ കുപ്പായം അല്‍പം വലിച്ച്‌ കയ്യിലിറുക്കിപ്പിടിച്ചു.

വെറുതെ മുറ്റത്തിന്റെ താഴേക്കു വളഞ്ഞുനീങ്ങുന്ന വഴിയിലേക്കിറങ്ങി. ഗ്രാമത്തിന്റെ താഴ്‌വരയില്‍ നിന്നും ഞങ്ങളെക്കാണാന്‍ വീണ്ടും ഒരു കാറ്റ്‌ ഓടിവന്നു. പച്ചപ്പ്‌ കണ്ണിലും കുളിരേകി നിറഞ്ഞു.

അവളുടെ ഇഷ്‌ടപ്പെട്ട വായ്‌ത്താരികള്‍ ഞാന്‍ പാടിനോക്കി. അവള്‍ ഗൗനിച്ചില്ല. എനിക്കറിയാത്ത ഏതോ സുഖാലസ്യം അവളില്‍ പ്രകടമാവുന്നു. ഞാന്‍ തിരികെ നടന്നു.

ചെമന്ന ഷാള്‍ പുതച്ച്‌, തന്റെ കുഞ്ഞിത്തലയിണയില്‍ ചാഞ്ഞ്‌ അവള്‍ തൊട്ടിലില്‍ കിടന്നു. ലോലമായ അന്ദോളനങ്ങളില്‍ അലിഞ്ഞ്‌ ആ നീലമിഴിയിണകള്‍ ക്രമമായി കൂമ്പിയടഞ്ഞു. കട്ടിലിലെ വിരിപ്പൊന്നു പയ്യെ കുടഞ്ഞശേഷം ഞാന്‍ അവളെ നോക്കി. കണ്ണുപൂട്ടി മയങ്ങുന്നു. നേര്‍ത്ത മന്ദഹാസം മഞ്ഞുപോലെ മറയിട്ട ഭാവം. കിഞ്ഞേ, നീയെത്ര ഭാഗ്യവതി! നീയാണീലോകത്തില്‍ ഏറ്റവും സന്തോഷവതി. നിനക്കുറങ്ങാന്‍ സൗമ്യമായ താരാട്ടുപോലും ഒരാര്‍ഭാടമാണല്ലോ! നിനക്കുണ്ണാന്‍ സ്നേഹത്തിന്റെ മധുരം ചാലിച്ച അമൃതുണ്ടല്ലോ. നിനക്കീ ലോകത്തിന്റെ വേഗവും ഭാവവും ഭാഷയും അന്യമാണല്ലോ. ഉറങ്ങിക്കോളൂ. നന്നായുറങ്ങിക്കോളൂ. നാളെകള്‍ ഒരിക്കലും ഈ ശാന്തി നിനക്കു തരില്ല. തൊട്ടില്‍ ആട്ടം നിര്‍ത്തിയതറിയാതെ മോളുറങ്ങി. മൂഢം, ആ ശാന്തിയെ സ്നേഹിച്ചു ഞാനും.

കണ്ണുതുറക്കുമ്പോള്‍ അന്‍വി എനിക്കരികില്‍ കിടക്കുന്നുണ്ട്‌. 'അന്‍വിവാവേ..!' ഞാന്‍ വിളിച്ചു. സശ്രദ്ധം എന്നെനോക്കി അവളാ പതിവുചിരി തന്നു. വലതുവശം ചെരിഞ്ഞുകിടന്നു; കൈകാലിട്ടടിച്ചു. അവളുടെ നേരെ കൈ നീട്ടി. ആ കുഞ്ഞുവിരലുകള്‍ കൊണ്ട്‌ എന്റെ ചൂണ്ടുവിരലില്‍ മുറുകെപ്പിടിച്ച്‌ അവള്‍ സ്വന്തം മുഖത്തേക്കടുപ്പിച്ചു. എന്റെ പുതപ്പിന്റെ ഒരരികുകൊണ്ട്‌ അവളെ ഞാന്‍ മൂടി, ആ മൃദുമേനിയോടു ചേര്‍ന്നു കിടന്നു. ഏതോ അസുലഭഗന്ധമുള്ള ആ നെറ്റിയില്‍ ഒരുമ്മ. എന്റെ ചൂടുതേടി, എന്നെ മാത്രം നോക്കി, അനങ്ങാതെ അവള്‍ കിടന്നു. നിര്‍മ്മലമായ ആ ശാന്തിയുടെ നിഴല്‍ പറ്റി ഞാനും.

Thursday, November 20, 2008

പാട്ടോര്‍മ്മകള്‍ - വീണ്ടും

പാട്ടുകള്‍ ഏതൊരാളിനെയും പോലെ എനിക്കും ഇഷ്ടമാണ്‌. ദൈനംദിന ജീവിതത്തോട്‌ ഇത്രയേറെ ഇഴചേര്‍ന്നു കിടക്കുന്ന മറ്റൊരു കലാരൂപം എനിക്കില്ല. എന്നും രാവിലെ സെല്‍ഫോണില്‍ മുഴങ്ങുന്ന അലാം സംഗീതം മുതല്‍ പാതിരാ കഴിയുന്ന നേരത്ത്‌ എന്നെ നിദ്രയുടെ ശാന്തതയിലേക്കു നയിക്കുന്ന ശ്രുതിമധുരമായ ഏതെങ്കിലുമൊരു ഗാനം വരെ പാട്ടുകള്‍ നിറഞ്ഞ ദിവസങ്ങളിലൂടെയാണ്‌ എന്റെ ജീവിതം. ചുണ്ടിലൂറുന്ന മൂളിപ്പാട്ടുകളും, എപ്പോഴും നിര്‍ത്താതെ പാടുന്ന മനസ്സിന്റെ പാട്ടുപെട്ടിയുടെ ഈണങ്ങളും സെല്‍ഫോണിലെ ഏതാണ്ട്‌ ഒന്നേകാല്‍ ജി.ബി. യും ഓഫീസ്‌ കമ്പ്യൂട്ടറിലെ ആറര ജി.ബി യും സ്വന്തം കമ്പ്യൂട്ടറിലെ പത്തിലേറെ ജി.ബി. എം.പി.ത്രീ ഫയലുകളും അനേകം സിഡികളും വീട്ടില്‍ പൊടി പിടിച്ചു കിടക്കുന്ന മുപ്പതോളം കസെറ്റുകളും പതിമൂന്നു വയസ്സാകാറായ ഒരു ടു-ഇന്‍-വണ്ണും ചേര്‍ന്നതാണ്‌ എന്റെ സംഗീതസാമ്രാജ്യം. ഞാന്‍ അതിലെ സന്തുഷ്ടനായ ചക്രവര്‍ത്തിയും.

ഗാനശേഖരത്തിന്റെ വലിപ്പം വെച്ചു നോക്കിയാല്‍ എന്റെ കയ്യിലുള്ളതു വളരെ ചെറിയ ഒരളവായിരിക്കാം. എന്നിരുന്നാലും പാട്ടുകള്‍ ശ്രദ്ധിച്ചു തുടങ്ങിയ കാലം തൊട്ടേ മനസ്സില്‍ പതിഞ്ഞവയെല്ലാം അവസരം കിട്ടുന്ന മുറയ്ക്ക്‌ സ്വരൂപിച്ചുണ്ടാക്കിയതാണിതെല്ലാം. മാത്രമല്ല, ഞാന്‍ കേള്‍ക്കുന്ന ഓരോ പാട്ടിനും ഓരോ കഥയും പറയാനുണ്ടാവും. ഓരോ പാട്ടും ഓര്‍മ്മകളുമായി അത്രയേറെ കെട്ടുപിണഞ്ഞു കിടക്കുന്നു. പാട്ടുവര്‍ത്തമാനം പറയുന്ന കൂട്ടത്തില്‍ അങ്ങനത്തെ ചില കഥകളും ഞാന്‍ പങ്കുവെയ്ക്കാം.

ഞാന്‍ ഒരു സംഗീതപ്രേമി ആണ്‌. പാട്ടുപഠിച്ചിട്ടില്ലെങ്കിലും പാട്ടു മൂളാറുണ്ട്‌. പഠിച്ചിട്ടില്ലെന്നു പറയാനും പറ്റില്ല, പഠിക്കാന്‍ ശ്രമിച്ചിരുന്നു, ഒരാറേഴു വര്‍ഷം മുന്‍പ്‌. പക്ഷേ തുടരാനായില്ല. അപ്പോ പാടാറില്ലേ എന്നു ചോദിച്ചാല്‍ പാടാറുണ്ട്‌ എന്നു തന്നെ പറയേണ്ടിവരും. ഓര്‍മ്മയുടെ അങ്ങേയറ്റത്തു നിന്നു തുടങ്ങാം.

ആദ്യം മനസ്സില്‍ പതിഞ്ഞ പാട്ടേതാണ്‌? കാക്കോത്തിക്കവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലെ 'കണ്ണാംതുമ്പീ പോരാമോ എന്നോടിഷ്ടം കൂടാമോ' എന്ന പാട്ട്‌. ബാല്യത്തിന്റെ നൈര്‍മ്മല്യവും വിശുദ്ധിയും അറിയുന്നതിനും മുന്‍പേ തന്നെ അറിയാതെ പിഞ്ചുനാവില്‍ ഉറച്ചുപോയ ലളിതമായ ഒരു ഗാനം. ഇന്നും ആ ഗാനം ഇടയ്ക്കിടെ എന്റെ വാക്‍മാന്‍ ഫോണ്‍ കേള്‍പ്പിച്ചു തരുമ്പോള്‍ കാറ്റിന്റെ ചിറകില്‍ അലസമായിപ്പറക്കുന്ന അപ്പൂപ്പന്‍താടി പോലെ മനസ്സ്‌ ബാല്യത്തിലേക്ക്‌ യാത്രചെയ്യും.

ഒരു പാട്ടുമായി ഞാന്‍ നാലു പേരുടെ മുന്നില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌, എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, മൂന്നാം ക്ലാസില്‍ വെച്ചായിരുന്നു. കൊച്ചുതോവാള സെന്റ്‌. ജോസഫ്സ്‌ എല്‍ പി സ്കൂളിന്റെ വരാന്തയില്‍ ഏതോ ഒരു വെള്ളിയാഴ്ച ദിവസം ചേര്‍ന്ന മീറ്റിങ്ങില്‍ (വെല്യ ആള്‍ക്കാര്‍ സാഹിത്യസമാജം എന്നൊക്കെപ്പറയും, ഞങ്ങള്‍ക്ക്‌ അതു മീറ്റിങ്ങായിരുന്നു.) ഞാന്‍ പാടിയ ഗാനം 'ഉണ്ണികളേ ഒരു കഥ പറയാം, ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം' ആയിരുന്നു. ഉറപ്പായും ഞാന്‍ അതു മുഴുവന്‍ പാടിയിട്ടുണ്ടാവില്ല, കാരണം ഇന്നും ആ പാട്ടുമുഴുവനായി എനിക്കറിയില്ല എന്നതു തന്നെ! രണ്ടാമതായി ഓര്‍മ്മയിലുള്ളതു ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ലളിതഗാനമല്‍സരത്തിനു പങ്കെടുത്തതാണ്‌. എന്നെക്കാള്‍ നന്നായി പാടുന്ന ഒരാള്‍ ഉള്ളതുകൊണ്ട്‌ രണ്ടാം സ്ഥാനം ഉറപ്പിച്ചാണു ഞാന്‍ സ്റ്റേജില്‍ കയറിയത്‌. പക്ഷേ, എന്തുകൊണ്ടോ പാടാനുള്ള വരിമറന്ന ഞാന്‍ പാതിപാടി നിര്‍ത്തി. അന്നു പാടിയ പാട്ടേതായിരുന്നു? ഓര്‍മ്മയില്ല.

പിന്നെ ഞാന്‍ വെറുമൊരു കേള്‍വിക്കാരന്‍ മാത്രമായി ഒതുങ്ങി. എങ്കിലും മനസ്സിലെ പാട്ടിനോടുള്ള പ്രണയം ഒടുങ്ങിയിരുന്നില്ല. റേഡിയോയില്‍ കേള്‍ക്കുന്ന പാട്ടുകള്‍ക്ക്‌ ഒപ്പം പാടിയും മൂളിയും ഞാന്‍ യേശുദാസിനെയും എം.ജി. ശ്രീകുമാറിനെയുമൊക്കെ വെല്ലുവിളിച്ചു നടന്നു.


അങ്ങനെയിരിക്കെ സൗദിയില്‍ നിന്നു വന്ന വിശ്വനമ്മാവന്‍ എനിക്കൊരു വാക്‍മാന്‍ കൊണ്ടുതന്നു. കസെറ്റിടുന്ന തരം- അന്നുപിന്നെ കസെറ്റല്ലാതെ സിഡിയും ഡിജിറ്റല്‍ സംഗീതവും ഐപോഡും ഒന്നുമില്ലല്ലോ. ഒരു ചെമന്ന വാക്‍മാന്‍! കുടുംബസുഹൃത്തും ഇലക്ട്രോണിക്‌ മെക്കാനിക്കുമായിരുന്ന ബാബു ചേട്ടനെക്കൊണ്ട്‌ അതിനൊരു എലിമിനേറ്ററും ഒപ്പം ഒരു ചെറിയ സ്പീക്കറും സംഘടിപ്പിച്ചു. നീലഗിരി എന്ന ചിത്രത്തിലെയും മറ്റും പാട്ടുകളാണ്‌ അന്നു ഞാന്‍ കേട്ടത്‌. ഈ സംഭവം ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലത്തു നടന്നതാവണം. പിന്നെ ഒരിക്കല്‍ എന്തോ ചെക്കു ചെയ്യാനാണെന്നു പറഞ്ഞ്‌ ബാബുചേട്ടന്‍ ആ സെറ്റ്‌ എടുത്തുകൊണ്ടു പോയതിനുശേഷം ഇന്നുവരെ ഞാന്‍ അതു കണ്ടിട്ടില്ല.

പിന്നീട്‌ പാട്ടുകേള്‍ക്കുന്ന ഒരു യന്ത്രം വേണമെന്നു തോന്നിത്തുടങ്ങുന്നത്‌ ഹൈസ്കൂള്‍ ക്ലാസ്സിലെത്തിയപ്പോഴാണ്‌. പിനെ ഊണിലും ഉറക്കത്തിലും അതിനെപ്പറ്റി മാത്രമായി ചിന്ത. പത്രത്തില്‍ വരുന്ന ടേപ്പ്‌ റെക്കോര്‍ഡറിന്റെ പരസ്യങ്ങള്‍ വെട്ടിയെടുത്തു രഹസ്യമായി സൂക്ഷിച്ചു. പോക്കറ്റ്‌ മണി എന്ന പേരില്‍ കിട്ടുന്ന അഞ്ചും പത്തുമെല്ലാം ചെലവാക്കാതെ കരുതി വെച്ചു. ആ നോട്ടുകള്‍ വൃത്തിയായി അടുക്കി മേശവലിപ്പിനുള്ളില്‍ വിരിച്ചിരുന്ന പേപ്പറിന്റെ അടിയില്‍ ഒളിപ്പിച്ചു വെച്ചു. ഇക്കണക്കിനു പോയാല്‍ എന്ന് ഞാന്‍ ടേപ്പു വാങ്ങാന്‍ പാകത്തില്‍ ധനികനാവും എന്നു കിനാവുകണ്ടു. തരം കിട്ടുമ്പോഴെല്ലാം ആ പണം എടുത്തെണ്ണി പാട്ടുപെട്ടിസ്വപ്നത്തിന്റെ കസെറ്റ്‌ തിരിച്ചും മറിച്ചും ഞാന്‍ പ്ലേ ചെയ്തു.

കാര്യങ്ങള്‍ തകിടം മറിഞ്ഞതു പെട്ടെന്നായിരുന്നു. ഒരു ദിവസം ഞാന്‍ സ്കൂള്‍ വിട്ടു വീട്ടില്‍ വന്നപ്പോള്‍ മുഖത്തൊരു കൗശലം നിറഞ്ഞ ചിരിയുമായി പിതാജി മുന്നില്‍. "എന്തിനാടാ നീ കാശു സൂക്ഷിക്കുന്നെ?" എന്നൊരു ചോദ്യം. ഞാന്‍ കുടുങ്ങിയില്ലേ. സ്കൂളില്‍ പഠിക്കുന്ന ചെറുക്കന്റെ കയ്യില്‍ അപ്രതീക്ഷിതമായി നാനൂറ്റിചില്വാനം രൂപ കണ്ടാല്‍ ഏതൊരപ്പനും ചോദിക്കും ഇതിന്റപ്പുറത്തെ ചോദ്യം. ഇന്നയാവശ്യത്തിനാണെന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ അച്ചായിയുടെ ചിരി ഒന്നു കൂടി വികസിച്ചു. ഞാന്‍ എന്തോ ഒരപകടം വരാന്‍ പോകുന്നതു മുന്‍കൂട്ടിക്കണ്ടു. ദേ, വന്നുകഴിഞ്ഞു- "ടേപ്പല്ലേ, അതു നമുക്കു മേടിക്കാം. മുളകു പറിക്കുമ്പോഴാട്ടെ. അപ്പ്പ്പൊ നമുക്കൊരെണ്ണമങ്ങു മേടിച്ചു കളയാം." ബാക്കിയൊന്നും വ്യക്തമായി ഓര്‍ക്കുന്നില്ലെങ്കിലും ഞാന്‍ സ്വരുക്കൂട്ടിയ പണം മേല്‍പ്പറഞ്ഞ വാക്കിന്റെ ഉറപ്പില്‍ അച്ചായിക്കു നല്‍കേണ്ടതായിവന്നു. പദ്ധതിക്കു അംഗീകാരമായി, ഇനി കാര്യങ്ങള്‍ നടത്തുകയേ വേണ്ടൂ എന്നതിനാല്‍ മുളകു പറിക്കേണ്ട സമയമായപ്പോഴേക്കും ഞാന്‍ ഉഷാറായി വിളവെടുപ്പിനിറങ്ങി. കൊടിയുടെ ചുവട്ടില്‍ ഉതിര്‍ന്നു വീഴുന്ന മണികള്‍ പെറുക്കിയെടുത്തുകൊള്ളാനാണ്‌ അനുവാദമെങ്കിലും അതും നോക്കിയിരുന്നാല്‍ കാര്യം നടക്കില്ല എന്നു മനസ്സിലാക്കാനുള്ള എസ്റ്റിമേറ്റിംഗ്‌ സ്കില്ലൊക്കെ എനിക്കുണ്ടായിരുന്നു. ആകയാല്‍ വര്‍ദ്ധിതോല്‍സാഹത്തോടെ നല്ല മുളകുള്ള കൊടിയില്‍ ഏണി വച്ചു കയറിയും കുറെയൊക്കെ ചുവട്ടില്‍ നിന്നും പറിച്ചും ടേപ്പുവാങ്ങുന്നതിനുള്ള കുരുമുളകു സംഭരണം ഞാന്‍ ഉജ്ജ്വലമാക്കി. ലക്ഷ്യപ്രാപ്തിക്കു പ്രധാനം മാര്‍ഗ്ഗമാകയാല്‍ ഇടയ്ക്കിടെ പ്രൊഫഷണല്‍ പണിക്കാര്‍ പറിക്കുന്ന മുളകിന്റെ ചാക്കില്‍ നിന്നും ഒന്നും രണ്ടും പിടി മുളക്‌ സ്വന്തം അക്കൗണ്ടിലേക്കു രഹസ്യമായി ട്രാന്‍സ്ഫര്‍ ചെയ്തു. ഇപ്രകാരം ഒപ്പിച്ച മുളകെല്ലാം പ്രത്യേകം മെതിച്ചുണങ്ങി സൂക്ഷിച്ചു.

ഇടയ്ക്കൊക്കെ തൂക്കിയും നോക്കി. കമ്പോളവില വെച്ചു മതിപ്പു കണക്കാക്കി തികഞ്ഞോ തികഞ്ഞോ എന്ന് ഉദ്വേഗപൂവ്വം അന്വേഷിച്ചു. ഏതാണ്ടു തികഞ്ഞു എന്നായപ്പോള്‍ എരികേറ്റി പര്‍ച്ചേസിനു പുറപ്പെടുകയായി. കട്ടപ്പന ടൗണില്‍ കൊണ്ടുപോയി മുളകുവിറ്റു കാശാക്കി. ഏതാണ്ട്‌ ആയിരത്തിയിരുനൂറുരൂപയ്ക്കുള്ള മുളകുണ്ടായിരുന്നു. അങ്ങനെ 1996 ഫെബ്രുവരി മാസം ഒന്നാം തീയതി ഒരു ഒനിഡ മോണോ വാങ്ങി. അന്നു തന്നെ ഒരു കസെറ്റും വാങ്ങി. ടിപ്സ്‌ മ്യൂസികിന്റെ ബര്‍സാത്‌ എന്ന ഹിന്ദി ചിത്രത്തിലെ ഗാനങ്ങളായിരുന്നു അതില്‍. ഞാന്‍ വാങ്ങിയ ആദ്യ കസെറ്റ്‌- വില 28 രൂപ. അന്നു രാത്രി അച്ചായിയുടെ ഒപ്പം യുദ്ധം ജയിച്ചു വരുന്ന ചക്രവര്‍ത്തിയെപ്പോലെ വീട്ടിലെത്തി.

ബര്‍സാത്തിന്റെ കസെറ്റിലൂടെ വീട്ടില്‍ അന്നു സംഗീതമഴ മണിക്കൂറുകളോളം പെയ്തു. പിറ്റേന്നൊരു തോന്നല്‍- മോണോ പോരാ, സ്റ്റീരിയോ തന്നെ വേണം. വൈകുന്നേരം പൊതിഞ്ഞെടുത്തോണ്ടു പോയി വീണ്ടും കട്ടപ്പനയ്ക്ക്‌. തലേന്നു വാങ്ങിയ സാധനം പിറ്റേന്നു ചെന്നു മാറ്റിയെടുത്തു, നഷ്ടമൊന്നുമില്ല, സ്റ്റീരിയോയ്ക്കു കൂടുതല്‍ പണം വേണ്ടിവന്നതല്ലാതെ. അങ്ങനെ, 1996 ഫെബ്രുവരി മാസം രണ്ടാം തീയതി വിഡിയൊകോണ്‍ എസ്‌എഫ്‌15 എന്ന മോഡല്‍ ടു-ഇന്‍-വണ്‍ എന്റെ കുടുംബാംഗമായി. അന്നും വാങ്ങി ഒരു കസെറ്റ്‌. കെ.എസ്‌. ചിത്രയുടെ തിരഞ്ഞെടുത്ത പാട്ടുകള്‍. 'എന്റെ ഇഷ്ടഗാനങ്ങള്‍' എന്ന പേരില്‍ ഓഡിയൊട്രാക്‍സ്‌ പുറത്തിറക്കിയ ആ കസെറ്റ്‌ കാലത്തിന്റെ അവശതകളോടെ ഇന്നും വര്‍ക്കിംഗ്‌ കണ്ടീഷനില്‍ വീട്ടിലുണ്ട്‌. 'വരുവാനില്ലാരുമീ വിജനമാമീ വഴിക്കറിയാം അതെന്നാലുമെന്നും' എന്നായിരുന്നു ചിത്ര പാടിത്തുടങ്ങിയിരുന്നത്‌.

പിന്നെയിങ്ങോട്ട്‌ കൂട്ടുകാരുടെ കസെറ്റുകള്‍ പങ്കിട്ടും ഇടയ്ക്കിടെ റെക്കോര്‍ഡ്‌ ചെയ്യിച്ചും എന്റെ പ്രിയപ്പെട്ട ഗാനലോകം ഞാന്‍ വിപുലപ്പെടുത്തി. അവധിദിനങ്ങളില്‍ ആകാശവാണിയില്‍ ഉച്ചയ്ക്കു 2.10നുള്ള ചലച്ചിത്രഗാനങ്ങള്‍ക്കായി റെക്കോര്‍ഡ്‌ ബട്ടണില്‍ വിരല്‍ വെച്ചു കാതോര്‍ത്തിരുന്നു. അങ്ങനെയാണു വിദ്യാസാഗറിന്റെ ഈണമായി പ്രണയമണിത്തൂവല്‍ പൊഴിയിച്ച പവിഴമഴയും പുന്നമടക്കായലില്‍ വീണ വെണ്ണിലാച്ചന്ദനക്കിണ്ണവും എന്റെ കൂട്ടുകാരായത്‌. യാദൃശ്ചികമാവണം, എല്ലാ വരിയിലും മഴയുള്ള പ്രണയമണിത്തൂവല്‍ പൊഴിയിച്ച പാട്ടു ഞാന്‍ ഒരു വിലകുറഞ്ഞ പ്ലെയിന്‍ കസെറ്റില്‍ റെക്കൊര്‍ഡ്‌ ചെയ്യുമ്പോള്‍ പുറത്ത്‌ ഇടിവെട്ടി മഴ തകര്‍ക്കുകയായിരുന്നു. ഇടിമിന്നല്‍ കര്‍കറ്‌ര്‍ ശബ്ദമായി റേഡിയോയിലൂടെ വന്നെന്റെ പാട്ടിന്റെ റെക്കോര്‍ഡിംഗ്‌ നിലവാരത്തെ സാരമായി അന്നു ബാധിച്ചു. ഷോര്‍ട്ട്‌വേവ്‌ ബാന്‍ഡില്‍ പേരറിയാത്ത ഏതോ വിദൂരസ്റ്റേഷനുകളില്‍ നിന്നും വരുന്ന ലതാ മങ്കേഷ്ക്കറുടെയും, എസ്‌പിബിയുടെയും, കുമാര്‍ സാനുവിന്റെയും സ്വരങ്ങളെ ഞാന്‍ നെഞ്ചേറ്റി. കാറ്റില്‍ ഉലയുന്ന ഒരു ദീപനാളം പോലെയാണു പാട്ടു കേള്‍ക്കുക. തെല്ലിട വ്യക്തമായും പിന്നെ പതുക്കെ മങ്ങിമങ്ങി വീണ്ടും തെളിഞ്ഞും... അന്നത്തെ ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങള്‍.

മലയണ്ണാര്‍ക്കണ്ണന്‍ മാര്‍ഗഴിത്തുമ്പിയെ മണവാട്ടിയാക്കിയതും മഞ്ഞക്കിളിയുടെ മൂളിപ്പാട്ടിന്റെ മാധുര്യമറിഞ്ഞതും പൊന്നാമ്പല്‍ പുഴയിറമ്പത്തു കണ്ട ഓര്‍മ്മ പങ്കിട്ടതും ആ ടു ഇന്‍ വണ്ണിലൂടെയായിരുന്നു. ആറ്റിറമ്പിലെ കൊമ്പിലിരുന്ന തത്തമ്മമാര്‍ കൊഞ്ചിയതും മിഴികൊണ്ടു മിഴികളില്‍ പ്രണയമുഴിയാന്‍ കെല്‍പുള്ള ഇളയരാജായിശൈ മനസ്സില്‍ വേരുപിടിച്ചതും അക്കാലത്തായിരുന്നു. നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞ ആരോ പിന്നെയും പിന്നെയും കിനാവിന്റെ പടികടന്നു വന്ന് എന്നെ പാടിയുറക്കി. ചിലപ്പോഴെല്ലാം പ്രാണനിലുണരുന്ന ഗാനം ആത്മാവില്‍ ചിറകുകുടഞ്ഞ പ്രിയയ്കായി ഗന്ധര്‍വ്വന്‍ പാടുമ്പോള്‍ എന്റെ ഉള്ളും അറിയാതെ നൊന്തു. അരയാല്‍ക്കൊമ്പിലിരുന്ന അലയുംകാറ്റിന്റെ ഹൃദയവേദന ഞാനും പങ്കിട്ടു. നെഞ്ചിലെ തീര്‍ത്ഥം വാര്‍ന്നുപോയിരുന്നില്ലെങ്കിലും സൂര്യകിരീടം വീണുടയുന്ന നൊമ്പരഗാനം എന്റെയുള്ളിലും ഏതെല്ലാമോ നൊമ്പരങ്ങള്‍ നിറച്ചു. ശോകഗാനങ്ങളെയും മെലഡികളെയും അറിയാതെ ഇഷ്ടപ്പെട്ടുപോയ ഒരു കാലം..!

വിലപ്പെട്ട സമ്മാനങ്ങളായി രണ്ടു കസെറ്റുകള്‍ എന്റെ പക്കലുണ്ട്‌. ഡിഗ്രി അവസാനവര്‍ഷം പഠിക്കുമ്പോള്‍ ക്രിസ്‌മസ്‌ ഫ്രണ്ടായിരുന്ന എനിക്കു സഹപാഠി തന്ന കസെറ്റാണ്‌ ഒന്ന്. ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച ഏതാനും ഗാനങ്ങള്‍ എന്നെത്തേടിവന്നതുപോലെ. ജിം മാത്യുവിനു വേണ്ടി ആ കസെറ്റ്‌ തെരഞ്ഞെടുത്തുനല്‍കിയത്‌ അജീഷ്‌ ഗോപാല്‍ ആയിരുന്നു. വൈശാഖസന്ധ്യയും ഇലപൊഴിയും ശിശിരവും നീള്‍മിഴിപ്പീലിയിലെ നീര്‍മണിയുമെല്ലാം ആ കസെറ്റ്‌ എനിക്കുനല്‍കി. പിന്നത്തെ ഗാനോപഹാരം, എണ്‍പതുകളിലെ കുറെ പാട്ടുകള്‍ തിരഞ്ഞെടുത്തു പിടിപ്പിച്ച ഒരു കസെറ്റ്‌. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്തിരുന്ന കാലത്തു രൂപപ്പെട്ട സൗഹൃദത്തിന്‌ ആ കസെറ്റ്‌ പകരമാവുമായിരുന്നില്ലെങ്കിലും കാലം പോകെപ്പോകെ രജനി മാഡത്തിന്റെ സൗഹൃദത്തിന്റെ വിലയെന്ന പോലെ ആ പാട്ടുകളുടെയും മാധുര്യം ഞാനറിഞ്ഞു. ആലുവാപ്പുഴയെ അഴകുള്ള ഒരു പെണ്ണായി മനസ്സില്‍ തെളിയിച്ച്‌, തേനും വയമ്പും നാവിലുള്ള വാനമ്പാടിയുടെ ശ്രീരാഗവുമായി ആ കസെറ്റിലൂടെ വീണ്ടും എന്നില്‍ നിറഞ്ഞ രവീന്ദ്രസംഗീതം ഞാന്‍ നിധി പോലെ സൂക്ഷിക്കുന്നു, ആരാധിക്കുന്നു. ആ കസെറ്റിലെ ഗാനങ്ങള്‍ മനസ്സിലൊട്ടിയതിനു ശേഷമാണ്‌ എന്റെ ഇഷ്ടഗാനങ്ങളില്‍ പലതും രവീന്ദ്രന്‍ മാഷിന്റെ ഈണങ്ങളായിരുന്നെന്നു ഞാനറിഞ്ഞതു തന്നെ. ഗോപികാവസന്തവും പ്രമദവനവും കളിപ്പാട്ടവും നീലക്കടമ്പുകളും ഒറ്റക്കമ്പിനാദവും അഹവും സൂര്യഗായത്രിയും ആത്മാവിന്‍ പുസ്തകത്താളും രാമായണക്കാറ്റും രാക്കിളിപ്പൊന്മകളുമെല്ലാം പ്രിയങ്കരമായത്‌ അതു രവീന്ദ്രന്‍ മാഷ്‌ എന്ന അതുല്യപ്രതിഭയുടെ ഗാനങ്ങളാണെന്നറിയാതെയായിരുന്നു. ഹരിമുരളീരവം ഒരു വന്‍സംഭവമായിരുന്നതു കൊണ്ട്‌ അതു മാഷിന്റേതാണെന്നു അന്നെ അറിയാമായിരുന്നു. സോഫ്റ്റ്‌വെയര്‍ ട്രെയിനിങ്ങിലായിരുന്ന കാലത്ത്‌ എന്നും ഓഫീസില്‍ വന്നാല്‍ പ്രമദവനം ആദ്യം കേള്‍പ്പിക്കുന്നതരത്തില്‍ ഒരു പ്ലേലിസ്റ്റ്‌ എനിക്കുണ്ടായിരുന്നു. പിന്നീടാണ്‌ രവീന്ദ്രസംഗീതത്തെ പ്രത്യേകം ശേഖരിക്കുകയും തരംതിരിച്ചു സൂക്ഷിക്കുകയുമൊക്കെ ചെയ്യാന്‍ തുടങ്ങിയത്‌. ഇപ്പോഴും എന്റെ ശേഖരം പൂര്‍ണ്ണമല്ല കേട്ടോ.

ചില പാട്ടുകള്‍ തരുന്നത്‌ യാത്രയുടെ ഓര്‍മ്മയാണ്‌. അടുത്തകാലത്തുള്ള ദീപ്തമായ ഒരോര്‍മ്മ ഓണത്തിനു നാട്ടില്‍ പോയതാണ്‌. പന്ത്രണ്ടുദിവസത്തെ അവധിക്കായി ഓണത്തിനു പോകുമ്പോള്‍ അടുത്തിടെ ശ്രീ(ശ്രീശോഭിന്‍)യില്‍നിന്നു കിട്ടിയ ദൂരെയാണു കേരളവും ഡൗണ്‍ലോഡ്‌ ചെയ്തെടുത്ത പൊന്നോണ തരംഗിണിയും ആവണിപ്പൂക്കളും നിറച്ച്‌ ഫുള്‍ചാര്‍ജ്ജുമായി മൊബൈല്‍ കൂട്ടിനുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ഹൈവേയിലൂടെ ബസ്‌ ചീറിപ്പായുമ്പോള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ആ പാട്ടുകള്‍ എന്നെ വല്ലാതെ നീറ്റുന്നുണ്ടായിരുന്നു. 'ദൂരെയാണു കേരളം' കേട്ടപ്പോള്‍ പ്രത്യേകിച്ചും. ചന്ദ്രലേഖയിലെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍ക്കുന്നത്‌ ഹൈസ്കൂള്‍ പഠനകാലത്ത്‌ കട്ടപ്പന-ഇരട്ടയാര്‍ റൂട്ടില്‍ സര്‍വ്വീസ്‌ നടത്തിയിരുന്ന 'ഗ്രാന്‍ഡ്‌' ബസ്സില്‍ നടത്തിയ ഒരു യാത്രയും. ബസ്സില്‍ നന്നേ തിരക്കുണ്ടായിരുന്നതിനാല്‍ ഹൈറേഞ്ചുവഴിയിലെ ദുര്‍ഘടമായ യാത്രയില്‍ ആലംബം ആ പാട്ടുമാത്രമായിരുന്നതിനാലാണ്‌ ഇന്നും അതോര്‍ത്തിരിക്കുന്നത്‌. കൊച്ചുകൊച്ചു സന്തോഷങ്ങളിലെ കോടമഞ്ഞില്‍ താഴ്‌വരയില്‍ എന്ന ഗാനം കേള്‍ക്കുമ്പോളെല്ലാം രാജകുമാരി എന്‍.എസ്‌.എസ്‌ കോളേജില്‍ പഠിക്കുന്ന കാലത്ത്‌, ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ്‌ വീട്ടില്‍വന്നുമടങ്ങിയ പോക്കാണ്‌. മേല്‍പ്പറഞ്ഞ പാട്ടുകേള്‍ക്കുമ്പോള്‍ മഞ്ഞുമൂടിയ ഏലത്തോട്ടങ്ങളിലൂടെ 'ശക്തി' ബസ്‌ ശാന്തന്‍പാറയിലേക്കു നീങ്ങുകയായിരുന്നു. പാലായിലെ ഒരു സ്ഥാപനത്തില്‍ അവസാനസെമസ്റ്ററിലെ പ്രോജക്ട്‌ ചെയ്യാന്‍ അവിടെ താമസിക്കുന്ന കാലത്തിന്റെ ഓര്‍മ്മകളാണ്‌ 'രസതന്ത്ര'ത്തിലെ ഗാനങ്ങള്‍ ഉണര്‍ത്തുക. അക്കാലത്തെ പതിവാണ്‌ മുനിസിപ്പല്‍ സ്റ്റേഡിയത്തിനടുത്തുള്ള ഗോപുരം ഹോട്ടലിലെ ശാപ്പാട്‌. 'ഉണക്കമീനും വാഴയ്ക്കയും ചാറ്‌' അവരുടെ പ്രത്യേകതയാണ്‌, അതു മാത്രം മതി ഒരില ചോറുണ്ണാന്‍. പിന്നെ കപ്പ-വറ്റക്കറി, പൊറോട്ട-ചിക്കന്‍, പിടി-പോത്ത്‌... ഞനൊന്നും പറയുന്നില്ല.

പാട്ടുകഥ പറഞ്ഞു പറഞ്ഞ്‌ ശാപ്പാടിലെത്തിയപ്പോഴാണ്‌ എനിക്കു വിശക്കുന്നെന്ന ഭീകരമായ സത്യം ഞാനറിയുന്നത്‌. തല്‍ക്കാലം നിര്‍ത്താം. പിന്നെയുമുണ്ട്‌ പാട്ടോര്‍മ്മകളേറെ. ഇനിയും വരാം അവയുമായി.

Tuesday, April 15, 2008

പാട്ടോര്‍മ്മകള്‍

ഓരോ സാഹചര്യങ്ങളില്‍ക്കൂടി കടന്നു പോകുമ്പോള്‍ അതിനോട് ബന്ധപ്പെട്ട ഒരു പാട്ടു മനസ്സില്‍ ഓടിവരിക എന്നത് എന്‍റെ ഒരു ദൌര്‍ബല്യമാണ്. ഇന്നു രാവിലെ ഓഫീസിലേക്ക് നടക്കവേ, പത്തുമണിസൂര്യന്‍ ഉച്ചിയില്‍ ഉയര്‍ന്നു നില്ക്കുന്ന ശേഷിച്ച നാരുകള്‍ക്കിടയിലൂടെ ശിരസ്സിനെ പൊള്ളിച്ചപ്പോള് വിദൂര ബാല്യത്തില്‍ കേട്ട ഒരു പാട്ടോര്‍മ്മവന്നു.

"കൊടിയ വേനല്‍ക്കാലം, കുളങ്ങള്‍ വറ്റിയ കാലം
കുതിച്ചും ചാടിയും രണ്ടു തവളകള്‍
കുണ്ട് കിണറ്റിന്നരികില്‍ എത്തി....."

എന്നും പറഞ്ഞൊരു പാട്ട്. എന്‍റെ ചെറുപ്പത്തില്‍ ഈ പാട്ടു അടങ്ങിയ കാസറ്റ് വീട്ടിലുണ്ടായിരുന്നു. അതിന്റെ പേരു കഥാഗീതങ്ങള്‍ എന്നോ മറ്റോ ആയിരുന്നു. യേശുദാസ് പാടി തരംഗിണി പുറത്തിറക്കിയ ഒരു കാസറ്റ് ആണെന്നാണ് എന്‍റെ ഓര്മ്മ.

ഹാ, വെറുതെ രാവിലെ നോസ്ടാല്ജിയ അടിപ്പിക്കാന്‍...