കല്യാണത്തണ്ട് മല. കട്ടപ്പനയുടെ പടിഞ്ഞാറേയറ്റത്ത് പ്രകൃതികെട്ടിയ കോട്ട. മേലെ നിലകൊള്ളുന്ന ശിവക്ഷേത്രം. അങ്ങേച്ചെരിവില്‍ കാഞ്ചിയാറിന്റെ ഉള്‍പ്രദേശങ്ങള്‍. നിരനിരയായി പുല്‍മേടുകളും കാട്ടുചെടികളും ചൂടി അതു വടക്കോട്ടു നീണ്ടു കിടക്കുന്നു. ഒരു വശത്ത് വെള്ളയാംകുടി, നിര്‍മ്മലാസിറ്റി, വാഴവര എന്നിങ്ങനെ താഴ്‌വരകള്‍(കട്ടപ്പന-ഇടുക്കി റൂട്ട്). നോക്കെത്താദൂരത്തോളം അടുങ്ങുയടുങ്ങിക്കിടക്കുന്ന മലനിരകള്‍. അരികെ കടുംപച്ച നിറത്തില്‍ തുടങ്ങി പോകെപ്പോകെ നീലയായി പിന്നെ കണ്ണെത്താത്ത ദൂരത്തുവെച്ച് ആകാശവുമായുള്ള അതിരറിയിക്കാതെ അലിയുന്ന ഗിരിനിരകള്‍.
വലതുവശത്ത് താഴ്‌വര - വെള്ളയാംകുടിയും പരിസരവും. ദൂരെ കട്ടപ്പന. തലയെടുപ്പോടെ നിലകൊള്ളുന്ന ഹൗസിംഗ് ബോര്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ്, തൊട്ടരികെ ഗുരുദേവ കീര്‍ത്തി സ്‌തംഭം. അല്‍പം മാറി കാണപ്പെടുന്ന സെന്റ്. ജോണ്‍സ് ആശുപത്രി കെട്ടിടങ്ങള്‍. അങ്ങുമിങ്ങുമെല്ലാം പൊന്തി നില്‍ക്കുന്ന മൊബൈല്‍ ടവറുകള്‍. പുളിയന്മലയിലെയും വണ്ടന്മേടിലെയും ടവര്‍ കൂട്ടങ്ങള്‍ കിഴക്കേയറ്റത്ത്. വെള്ളയാംകുടി പള്ളിയും സ്‌കൂളും തലയെടുപ്പോടെ നില്‍ക്കുന്നു. കവലയില്‍ ആളുകള്‍ നടക്കുന്നതെല്ലാം ആകാശത്തുകൂടി പറന്നു നടന്നു കാണുന്ന പ്രതീതി. കാറ്റിന്റെ ചിറകിലേറി വരുന്ന വാഹനങ്ങളുടെ ഇരമ്പവും ഹോണ്‍ മുഴക്കങ്ങളും. ദൂരെ ഇരട്ടയാറും കാണാം. പള്ളിയുടെ മുഖപ്പും സ്‌കൂള്‍ കെട്ടിടവും. ഞാന്‍ പഠിച്ച സ്‌കൂളാണത്. എന്റെ ഗ്രാമത്തിന്റെ കിഴക്കു തലപൊക്കി നില്‍ക്കുന കുരിശുമലയും ഇവയ്‌ക്കിടയില്‍ ഒതുങ്ങിക്കാണപ്പെട്ടു. മേലാകെ കുളിരുകോരിയിട്ട് തണുത്ത കാറ്റ് ആഞ്ഞു വീശി. തെരുവപ്പുല്ലുകള്‍ അതിനു വഴങ്ങി ചാഞ്ഞു നിന്നുകൊടുത്തു.
വെള്ളയാംകുടിയും പരിസരപ്രദേശങ്ങളും. വലത്തേയറ്റത്തു മരങ്ങളില്ലാതെ കാണപ്പെടുന്ന ഭാഗമാണ് കൊച്ചുതോവാള കുരിശുമല.
സൂര്യന്‍ പടിഞ്ഞാറു ചാഞ്ഞു, അതോ മേഘങ്ങള്‍ക്കിടയില്‍ പോയൊളിച്ചോ? കാഞ്ചിയാറിന്റെ അതിരുകള്‍ക്കപ്പുറം വിശാലമായ ഇടുക്കി ജലാശയം. മറുകരയില്‍ വനം. അഞ്ചുരുളി. ഇടുക്കിയുടെ മാര്‍ക്കറ്റ് ചെയ്യപ്പെടാത്ത മറ്റൊരു ടൂറിസ്റ്റ് കേന്ദ്രം. ഇരട്ടയാര്‍ ഡാമില്‍ നിന്നും ഇടുക്കി ഡാമിലേക്കു വെള്ളമെത്തിക്കുന്ന ആറു കിലോമീറ്റര്‍ ദൂരമുള്ള ഒരു ഭീമന്‍ തുരങ്കമുണ്ടിവിടെ. മലയും വനവും തടാകവും തുരങ്കവും കൃഷിഭൂമിയും സംഗമിക്കുന്ന ഒരിടം. നിര്‍ഭാഗ്യവശാല്‍ ആ സ്ഥലം സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ക്കു പദ്ധതിയുണ്ടായിരുന്നില്ല. മേലെ നിന്നു നോക്കുമ്പോള്‍ ശാന്തമായി പരന്നു കിടക്കുന്ന തടാകം. ചാഞ്ഞ വെയിലില്‍ കുഞ്ഞോളങ്ങള്‍ വെട്ടിത്തിളങ്ങി. കാറ്റ്.. ശക്തമായ കാറ്റ്. എല്ലുമരയ്‌ക്കുന്ന തണുപ്പ്. പടപട ശബ്‌ദത്തോടെ ഉലയുന്ന വസ്‌ത്രങ്ങള്‍. ഈ ബഹളത്തിലും നാമറിയുന്ന ഒരു വന്യമായ, ഏകാന്തമായ, ശുദ്ധമായ ശാന്തതയുണ്ടവിടെ. വാക്കുകള്‍ക്കും ചിത്രങ്ങള്‍ക്കും അതീതമായ ഒരനുഭൂതി.
എത്ര നേരം നിന്നാലും അലോസരം തോന്നാത്ത കാറ്റ്. വെയില്‍ പൂര്‍ണ്ണമായും മങ്ങിയതോടെ തണുപ്പിനും ശക്തികൂടി. ഡിസംബര്‍ - ഹൈറേഞ്ച് തണുത്തു വിറയ്‌ക്കുന്ന കാലമാണ്. വന്നപ്പോള്‍ മുതല്‍ ഫ്ലാഷുകള്‍ മിന്നിത്തുടങ്ങിയതാണ്. ഇടയ്‌ക്ക് എന്റെ ക്യാമറ കണ്ണടച്ചു. പാതി ചാര്‍ജ്ജുണ്ടായിരുന്നു എന്നതു നല്‍കിയ അമിത ആത്മവിശ്വാസം! അതിര്‍ത്തി തിരിക്കുന്ന ജണ്ടയൊന്നിന്റെ മുകളില്‍ കയറി മള്‍ട്ടി കൈകള്‍ വിരിച്ചു പിടിച്ചു. ക്ലിക്! പിന്നെയും പലരുടെയും പലപല പോസുകള്‍. ക്യാമറ കയ്യിലുണ്ടെന്ന കാര്യം തന്നെ മറന്നുകൊണ്ട് പ്രകൃതിയിലലിഞ്ഞ ഇടവേളകള്‍. നേരത്തെ ഞാനിവിടെ വന്നപ്പോഴൊന്നും ക്യാമറ ഇല്ലായിരുന്നു. അന്നത്തെ മൊബൈലില്‍ 'പോട്ടം പിടിക്കുന്ന ഇഞ്ചന്‍' ഒന്നും ഇല്ലാരുന്നു താനും. ഒരു പ്രകാരത്തില്‍ ക്യാമറ ഇല്ലാത്ത പ്രകൃതിക്കാഴ്‌ചകളാണ് മനസ്സില്‍ നന്നായി ഒട്ടി നില്‍ക്കുക. ഇന്ദ്രിയങ്ങള്‍ കൊണ്ടൊരു സദ്യ ഉണ്ണുന്ന പോലൊരു പ്രതീതിയാണത്.
ഇരുട്ടു വീഴും മുന്‍പേ മലയിറങ്ങണം. കയറി വന്ന വഴി വിട്ട് മറ്റൊരു വഴിയേ ഞങ്ങള്‍ താഴേക്കിറങ്ങി. കുരിശുമലയുടെ അടിവാരം വരെ ഇപ്പോള്‍ റോഡുണ്ട്. പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ സഡക് യോജന.. ആവോ എന്തായാലെന്ത് ഒരു റോഡായല്ലോ. ഇനി പാറപ്പുറത്തു കൂടിയുള്ള വലിഞ്ഞുകേറ്റം വയ്യാത്തവര്‍ക്ക് അവിടെ വരെ കാറില്‍ വേണമെങ്കിലും വരാം. റോഡിലൂടെ പോയാല്‍ അച്ചായന്റെ വീട്ടിലേക്കുള്ള വഴിയെ എത്തില്ല എന്നു കണ്ട് അല്‍പം കഴിഞ്ഞപ്പോള്‍ കയറിപ്പോയ വഴിയിലേക്കു ട്രാക്ക് മാറ്റി.
പോയപോക്കില്‍ കിടന്നു വിശ്രമിച്ച പാറ. പാറപ്പുറത്തുകൂടി തത്തിപ്പിടിച്ചു കയറിയ വഴിയേ ശ്രദ്ധാപൂര്‍വ്വം ഇറങ്ങി. കിതപ്പും ക്ഷീണവും അപ്പോഴുമുണ്ട്. ഇറക്കം ഇറങ്ങുമ്പോളാണ് കാലുകള്‍ക്കു പണി കൂടുക. പലപ്പോഴും ന്യൂട്രലില്‍ ഇട്ട വണ്ടി പോലെ ഒരൊഴുക്കന്‍ മട്ടില്‍ മുന്നോട്ടു നീങ്ങി. വീഴ്‌ചാഭയം ചിക്കുവിനെ എപ്പോഴും പിന്നോട്ടു വലിച്ചു. വേഗം കുറച്ചും തമാശകള്‍ പൊട്ടിച്ചും ആ പ്രദേശത്തിനെപറ്റി കൂടുതല്‍ മനസ്സിലാക്കിയുമെല്ലാം മടക്കയാത്ര. വഴിക്കൊക്കെ തലങ്ങും വിലങ്ങും പോകുന്ന ജി.ഐ. പൈപ്പുകള്‍ കാണാം. കട്ടപ്പനയിലെ രൂക്ഷമായ ജലക്ഷാമമുള്ള ഒരു മേഖലയാണിത്. കുടിവെള്ളവിതരണത്തിനുള്ള പൈപ്പാണിതെല്ലാം. പാറപ്പുറമായതുകൊണ്ടാണ് വെള്ളം ഇല്ലാത്തത്. എന്നല്‍ അവിടെയും മടിച്ചു മടിച്ചു വെള്ളം ഒഴുകുന്ന ഒരു നീര്‍ച്ചാല്‍ കണ്ടു. മഴക്കാലത്ത് അതില്‍ ഒരു കൈത്തോടിന്റത്ര ഒഴുക്കുണ്ടാവും. മലമുകളില്‍ വീഴുന്ന വെള്ളം മണ്ണിലൂടെ അരിച്ചിറങ്ങിയും നേരിട്ട് ഒഴുകിയെത്തുന്നതുമാണ് അതിന്റെ ഉറവകള്‍.
'മുടിഞ്ഞ' ആ കുന്നിന്റെ മുകളിലും റംസിന്റെ അതിശയിപ്പിച്ചത് അവിടെ കണ്ട ഒരു അംഗന്‍വാടി ആയിരുന്നു. ഇവിടൊക്കെ പിള്ളേര്‍ വരുമോ? അവന്റെ സംശയത്തിനുത്തരമായി ചുറ്റും എത്ര വീടുണ്ടെന്നൊന്നു നോക്കാന്‍ ബ്ലോഗര്‍ പറഞ്ഞു. ഈ പ്രദേശത്തു നിന്നും ഒരു പത്തിരുപതു കുട്ടികളെയെങ്കിലും കിട്ടാന്‍ പ്രയാസമുണ്ടാവില്ല എന്നവനു മനസ്സിലായിക്കാണണം.
പാറപ്പുറത്തിന്റെ അടിവാരത്തു ചെന്നു. അല്‍പം നിരപ്പ്. പിന്നെയും ഇറക്കം. ചിക്കു ഒന്നു വീണു. എല്ലാവരും ആര്‍ത്തു ചിരിച്ചു. പിന്നെയും വീഴാതിരിക്കാന്‍ കിണഞ്ഞു ശ്രദ്ധവെച്ചെങ്കിലും ചിക്കു വീണുകൊണ്ടേയിരുന്നു! ഒരു കയറ്റവും തുടര്‍ന്നുള്ള ഇറക്കവും. വിയര്‍ത്തു പരിക്ഷീണരായി ജോബിയുടെ വീട്ടില്‍. ജോബി ഒരു പാത്രം കപ്‌കേക്കുമായി വന്നു. ഒപ്പം കടുംകാപ്പി, പഴം. കപ്‌കേക്ക് കഴിക്കുന്നതു ഒരു ഗോമ്പറ്റീഷന്‍ ഐറ്റമല്ലാതിരുന്നിട്ടും രൂക്ഷമായ മല്‍സരമുണ്ടായി. അവസാനം ശേഷിച്ച ഗപ്പുകളും പഴത്തൊലികളും കാലിഗ്ലാസുകളും ജോച്ചായനു സമ്മാനിച്ച് ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി. ടൗണില്‍ കറങ്ങാനുള്ള ശേഷി ശേഷിച്ചിട്ടില്ലാഞ്ഞതു കൊണ്ട് പെട്ടെന്നു തന്നെ വീട്ടിലേക്കു മടങ്ങി. ഒന്‍പതോടെ വീട്ടില്‍. ചൂടുവെള്ളത്തില്‍ കുളിയും ഒക്കെ കഴിഞ്ഞു വന്ന് സാധാരണ രീതിയില്‍ അത്താഴം.
ബ്ലോഗര്‍ ചോദിച്ചു: "ആദ്യത്തെ ദിവസമല്ലേ ക്യാമ്പ് ഫയര്‍ നടത്താമെന്നു പ്ലാനിട്ടിരുന്നെ?"
No comments:
Post a Comment
'അതേയ്... ഒരു വാക്കു പറഞ്ഞേച്ച്...'